▪️മുഖലിഖിതം

               അവസാനത്തെ പത്തും ലൈലത്തുല്‍ ഖദ്റും

▪️ജുമുഅ സന്ദേശം 
സകാത്ത്  നിർബന്ധമായും കൊടുത്തു വീടുക 
✍️ മൗലാനാ ഉംറൈൻ മഹ്ഫൂസ് റഹ്മാനി
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുല്‍ വാഖിഅ അവസാന ഭാഗം
ഖുര്‍ആനിന്‍റെ സത്യത, മഹാദിനത്തിന്‍റെ സംഭവ്യത
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
ഇസ്തിഗ്ഫാറും തൗബയും 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


******


 മുഖലിഖിതം 

അവസാനത്തെ പത്തും ലൈലത്തുല്‍ ഖദ്റും

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



പരിശുദ്ധ റമള്വാന് ഇതര മാസങ്ങളേക്കാളുള്ള ശ്രേഷ്ഠത പോലെ അതിലെ അവസാനത്തെ പത്തിന് ഇതര ദിവസങ്ങളേക്കാള്‍ ശ്രേഷ്ഠതയുണ്ട്. ലൈലത്തുല്‍ ഖദ്ര്‍ വരുവാന്‍ കൂടുതല്‍ സാധ്യതയുള്ളത് അവസാനത്തെ പത്തിലാണ്. അതിനാല്‍ റസൂലുല്ലാഹി (സ) അവസാനത്തെ പത്തുകളില്‍ ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രദ്ധിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
4/72. ആഇശ (റ)യില്‍ നിന്നും നിവേദനം, റസൂലുല്ലാഹി (സ) റമള്വാനിലെ അവസാന പത്ത് ദിവസങ്ങളില്‍ മറ്റു ദിവസങ്ങളേക്കാളധികം ഇബാദത്തുകളില്‍ പരിശ്രമിച്ചിരുന്നു. (മുസ്ലിം)
4/73. ആഇശ(റ) പറയുന്നു. റമള്വാനിലെ അവസാനത്തെ പത്ത് കടന്നുവന്നാല്‍ റസൂലുല്ലാഹി (സ) മുണ്ട്മുറുക്കി ഉടുക്കുകയും രാത്രി (ഇബാദത്തുകളില്‍ മുഴുകി) ഉറക്കമിളക്കുകയും തന്‍റെ വീട്ടുകാരെ (പരിശുദ്ധ പത്നിമാര്‍, മറ്റ് സ്നേഹിതര്‍) ഉണര്‍ത്തുകയും ചെയ്തിരുന്നു. (പ്രസ്തുത രാത്രികളിലെ ഐശ്വര്യം കരസ്ഥമാക്കുന്നതിന് വേണ്ടി). (ബുഖാരി, മുസ്ലിം).
4/74. ആഇശ(റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: റമള്വാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്റിനെ തേടിക്കൊള്ളുക. (ബുഖാരി)
വിവരണം: റമള്വാനിലെ അവസാനപത്തില്‍ 21, 23, 25, 27, 29 എന്നീ ഒറ്റ രാവുകളില്‍ ലൈലത്തുല്‍ ഖദ്ര്‍ സംഭവിക്കുവാനാണ് കൂടുതല്‍ സാധ്യത. ലൈലത്തുല്‍ ഖദ്റിന്‍റെ രാത്രി കൃത്യമായി അറിയിക്കപ്പെട്ടിരുന്നുവെങ്കില്‍ അധികമാളുകളും പ്രസ്തുത രാത്രി മാത്രം ഇബാദത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നവരായി മാറുമായിരുന്നു. എന്നാല്‍ അല്ലാഹു അതിനെ അവ്യക്തമാക്കിക്കൊണ്ട് പരിശുദ്ധ ഖുര്‍ആനില്‍ ചില സൂചനകള്‍ മാത്രം നല്‍കി. അല്ലാഹു പറഞ്ഞു: പരിശുദ്ധ ഖുര്‍ആന്‍ ഖദ്റിന്‍റെ രാത്രിയില്‍ അവതരിപ്പിക്കപ്പെട്ടു. മറ്റൊരു സ്ഥലത്ത് അവന്‍ പറഞ്ഞു: പരിശുദ്ധ ഖുര്‍ആന്‍റെ അവതരണം റമള്വാനിലാണ്. ഇതില്‍ നിന്നും ലൈലത്തുല്‍ ഖദ്ര്‍ റമള്വാനിലെ ഏതോ രാത്രിയാണെന് സൂചന ലഭിക്കുന്നു. പിന്നീടത് കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് റസൂലുല്ലാഹി (സ) പറഞ്ഞു: റമള്വാനില്‍ അവസാനത്തെ പത്തിലെ ഒറ്റ രാവുകളില്‍ നിങ്ങള്‍  ലൈലത്തുല്‍ ഖദ്റിനെ അന്വേഷിക്കുക. ആഇശ(റ) യെ കൂടാതെ മറ്റു ചിലസ്വഹാബികളില്‍ നിന്നും ഇതേ ആശയമുള്ള ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ചില സ്വഹാബികള്‍ സാധാരണഗതിയില്‍ റമള്വാനിലെ ഇരുപത്തിയേഴാം രാവാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന് വിശ്വസിച്ചിരുന്നു.
4/75. താബിഇയ്യായ സിര്‍റുബ്നു ഹുബൈഷ് വിവരിക്കുന്നു. ഞാന്‍ ഉബയ്യിബ്നു കഅ്ബ് (റ) നോട് ചോദിച്ചു. ഒരു വര്‍ഷം മുഴുവനും രാത്രി ഇബാദത്തുകളില്‍ കഴിച്ചുകൂട്ടുന്നവന്‍ ലൈലത്തുല്‍ ഖദ്ര്‍ കരസ്ഥമാക്കുമെന്ന് താങ്കളുടെ ദീനീ സഹോദരനായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നുണ്ടല്ലോ? (ലൈലത്തുല്‍ ഖദ്ര്‍ വര്‍ഷത്തിലെ ഏത് രാത്രിയിലുമാകാം. അതിനാല്‍ അത് കരസ്ഥമാക്കുവാനാഗ്രഹിക്കുന്നവര്‍ വര്‍ഷം മുഴുവന്‍ രാത്രി ഇബാദത്തുകളാല്‍ സജീവമാക്കണം. ഇതില്‍ താങ്കളുടെ നിലപാട് എന്താണ്?) ഉബയ്യുബ്നു കഅ്ബ് (റ) പറഞ്ഞു: "അല്ലാഹു ഇബ്നു മസ്ഊദി (റ)ന്‍റെ മേല്‍ കരുണ ചെയ്യട്ടെ! ഈ കാര്യത്തില്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം ജനങ്ങള്‍ (ഏതെങ്കിലും ഒരു രാത്രിയിലെ ഇബാദത്തില്‍ മാത്രം) തൃപ്തിയടയുന്നവരാകരുത് എന്നാണ്. തീര്‍ച്ചയായും അദ്ദേഹത്തിന് ലൈലത്തുല്‍ ഖദ്ര്‍ റമള്വാന്‍ മാസത്തിലാണെന്നും അതിന്‍റെ അവസാനത്തെ പത്തിലാണെന്നും അത് ഇരുപത്തിയേഴാം രാവാണെന്നും അറിയാമായിരുന്നു. തുടര്‍ന്ന് ഉബയ്യ് (റ) സത്യം ചെയ്ത് ഉറപ്പിച്ചുകൊണ്ട് പറഞ്ഞു: തീര്‍ച്ചയായും അത് ഇരുപത്തിയേഴാം രാവില്‍ തന്നെയാണ്. ഞാന്‍ ചോദിച്ചു: അബുല്‍ മുന്‍ദിറേ, എന്ത് അടിസ്ഥാനത്തിലാണ് താങ്കള്‍ ഇപ്രകാരം പറയുന്നത്? അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി (സ) ഞങ്ങള്‍ക്ക് അറിയിച്ചു തന്ന അടയാളത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്. ഖദ്റിന്‍റെ പ്രഭാതത്തില്‍ സൂര്യന്‍ കിരണങ്ങളില്ലാതെ ഉദിക്കും എന്നതാണത്. (മുസ്ലിം)
വിവരണം: റസൂലുല്ലാഹി (സ) അറിയിച്ച അടയാളം ദര്‍ശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉബയ്യ് (റ) ലൈലത്തുല്‍ ഖദ്ര്‍ ഇരുപത്തിയേഴാം രാവിലാണെന്ന് ഉറപ്പിച്ച് പറഞ്ഞത്. അല്ലാതെ റസൂലുല്ലാഹി (സ)യില്‍ നിന്നും ലൈലത്തുല്‍ ഖദ്ര്‍ ഇരുപത്തിയേഴിലാണെന്ന് ഉബയ്യ് (റ) നേരിട്ട് കേട്ടിട്ടില്ല. കാരണം റസൂലുല്ലാഹി (സ) ഒരിക്കലും പ്രസ്തുത രാത്രിയെ ക്ലിപ്തപ്പെടുത്തി പറഞ്ഞിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ അവസാന പത്തില്‍ അന്വേഷിക്കുക എന്നും മറ്റു ചിലപ്പോള്‍ അവസാന പത്തിലെ ഒറ്റ രാവുകളിലെന്നും, അവസാനത്തെ അഞ്ച് രാവുകളിലെന്നുമാണ് റസൂലുല്ലാഹി (സ) പറഞ്ഞിരിക്കുന്നത്. എങ്കിലും അത് ഇരുപത്തിയേഴാം രാവില്‍ സംഭവിച്ചിട്ടുണ്ടെന്ന് ധാരാളം മഹാന്മാര്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്.
ഖദ്റിന്‍റെ രാത്രി വ്യക്തമായി അറിയിക്കപ്പെടാത്തത് ജനങ്ങള്‍ രാത്രികളില്‍ അതിനെ തേടിക്കൊണ്ട് ഇബാദത്തുകളനുഷ്ഠിക്കുന്നതിന് വേണ്ടിയാണ്. അപ്രകാരം ചെയ്യുന്നവര്‍ തീര്‍ച്ചയായും അത് കരസ്ഥമാക്കുന്നതാണ്. 
4/76. അനസ് (റ) ല്‍ നിന്നും നിവേദനം. റസൂലുല്ലാഹി (സ) അരുളി: ലൈലത്തുല്‍ ഖദ്ര്‍ സമാഗതമായാല്‍ ജിബ്രീല്‍ (അ) മലക്കുകളുടെ ഒരു സംഘത്തോടൊപ്പം ഇറങ്ങിവരുന്നതും നിന്നും ഇരുന്നുമെല്ലാം അല്ലാഹുവിനെ സ്മരിക്കുന്ന ദാസന്മാര്‍ക്ക് റഹ്മത്തിന് വേണ്ടി ദുആ ചെയ്യുന്നതുമാണ്. (ബൈഹഖി)
ലൈലത്തുല്‍ ഖദ്റിലെ പ്രത്യേക ദുആ
4/77. ആഇശ(റ) പറയുന്നു. ഞാന്‍ റസൂലുല്ലാഹി (സ) യോട് ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, ലൈലത്തുല്‍ ഖദ്ര്‍ തിരിച്ചറിയുവാന്‍ കഴിഞ്ഞാല്‍ അതില്‍ ഞാന്‍ ഏത് ദുആ പറയണം? റസൂലുല്ലാഹി (സ) പറഞ്ഞു: നീ ഇപ്രകാരം പറയുക: അല്ലാഹുവേ, നീ വളരെയധികം മാപ്പു ചെയ്യുന്നവനും മാന്യനുമാണ്. നീ മാപ്പ് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നു. അതിനാല്‍ എന്‍റെ പാപങ്ങള്‍ നീ മാപ്പാക്കിത്തരേണമേ! (മുസ്നദ് അഹ്മദ്, തിര്‍മിദി, ഇബ്നുമാജ)
വിവരണം: ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്‍റെ ധാരാളം അടിമകള്‍ എല്ലാ രാത്രികളിലും പ്രാധാന്യത്തോടെ ഈ ദുആ പറഞ്ഞുവരുന്നു. വിശിഷ്യാ റമള്വാനിലും അതിലെ അവസാനത്തെ ഒറ്റ രാവുകളിലും അവര്‍ ഈ ദുആയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നു.
റമള്വാനിലെ അവസാന രാത്രി
4/78. അബൂഹുറയ്റ (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി (സ) അരുളി: "റമദാനിന്‍റെ അവസാന രാവില്‍ എന്‍റെ ഉമ്മത്തികള്‍ക്കു മുഴുവന്‍ മാപ്പു നല്‍കുന്നതാണ്. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അത് ലൈലത്തുല്‍ ഖദ്റാണോ? അപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: ലൈലത്തുല്‍ ഖദ്റല്ല. പക്ഷെ, ജോലിക്കാരന് ജോലി പൂര്‍ത്തീകരിക്കുമ്പോള്‍ കൂലി പൂര്‍ണ്ണമായും നല്‍കപ്പെടുന്നതാണ്". (അഹ്മദ്)
വിവരണം:  റമളാനുല്‍ മുബാറകിന്‍റെ അവസാന രാവും പ്രത്യേക പാപമോചനത്തിന്‍റെ രാവാണെന്നും ഈ ഹദീസ് ഉണര്‍ത്തുന്നു. എന്നാല്‍, റമളാനിന്‍റെ മര്യാദകളും താല്‍പര്യങ്ങളും മനസ്സാ വാചാ കര്‍മ്മണാ പൂര്‍ത്തീകരിച്ച് അര്‍ഹത നേടിയ നല്ല ദാസന്‍മാര്‍ക്കു മാത്രമാണ് ഈ പാപമോചനം എന്ന കാര്യവും ഇവിടെ പ്രത്യേകം സ്മരണീയമാണ്. അല്ലാഹു നാമെല്ലാവരെയും ഈ കൂട്ടത്തില്‍ പെടുത്തുമാറാകട്ടെ. ആമീന്‍.

 ഇഅ്തികാഫ്
പരിശുദ്ധ റമള്വാനിലും പ്രത്യേകിച്ച് അതിന്‍റെ അവസാനത്തെ പത്തിലും അനുഷ്ഠിക്കേണ്ട അമലുകളില്‍ ഒന്നാണ് ഇഅ്തികാഫ്. ഭൗതിക ബന്ധങ്ങളില്‍ നിന്നും മുക്തനായി അല്ലാഹുവിനോടുള്ള അനുരാഗത്തില്‍ അലിഞ്ഞ് അവന്‍റെ ഭവനത്തിന്‍റെ (മസ്ജിദിന്‍റെ) ഒരു മൂലയില്‍ അവനെ സ്മരിച്ചും ഇബാദത്ത് ചെയ്തും കഴിഞ്ഞുകൂടുകൂടുക എന്നതാണ് ഇഅ്തികാഫിന്‍റെ യാഥാര്‍ത്ഥ്യം. ഇത് അല്ലാഹുവിനോട് വളരെയേറെ അടുത്ത ആളുകളുടെ ഇബാദത്താണ്. ഇതിന് ഏറ്റവും അനുയോജ്യമായി റമള്വാനും വിശിഷ്യാ അതിലെ അവസാനത്തെ പത്തുമല്ലാതെ മറ്റൊരു സമയവുമില്ല. അതിനാലാണ് റമള്വാനിനെ അതിന്‍റെ സമയമായി തെരഞ്ഞെടുത്തത്.
പരിശുദ്ധ ഖുര്‍ആനിന്‍റെ അവതരണത്തിന് മുന്‍പുതന്നെ റസൂലുല്ലാഹി സ) യുടെ പ്രകൃതത്തില്‍ ഏകാന്തതയില്‍ അല്ലാഹുവിനെ സ്മരിച്ച് കഴിയുവാനുള്ള ആവേശം നിറഞ്ഞുനിന്നിരുന്നു. അതിന്‍റെ ഫലമായി തുടര്‍ച്ചയായ മാസങ്ങള്‍ ഹിറാഗുഹയില്‍ റസൂലുല്ലാഹി (സ) ഏകാന്തമായി കഴിഞ്ഞുകൂടിയിരുന്നു. ഇത് റസൂലുല്ലാഹി (സ) യുടെ പ്രഥമ ഇഅ്തികാഫ് പോലെയാണ്. ഇതിന്‍റെ ഫലമായി ഖുര്‍ആനിന്‍റെ അവതരണം ആരംഭിക്കുന്നിടത്തോളം റസൂലുല്ലാഹി (സ)യുടെ  ആത്മീയമായ അവസ്ഥ വളര്‍ന്നു. ഹിറാഗുഹയിലെ ഇഅ്തികാഫിന്‍റെ അവസാന ദിവസങ്ങളിലാണ് ജിബ്രീല്‍ (അ) സൂറഃ അലഖിന്‍റെ ആദ്യ ആയത്തുകളുമായി ഇറങ്ങിയത്. ഇത് റമള്വാനിലെ അവസാനത്തെ പത്ത് ആയിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. (ഫത്ഹുല്‍ബാരി). ഇഅ്തികാഫിന് വേണ്ടി റമള്വാനിലെ അവസാനത്തെ പത്ത് തെരഞ്ഞെടുത്തതിന് ഇതും  ഒരു കാരണമാണ്.
ആത്മസംസ്കരണത്തിനും ശാരീരികേച്ഛകളുടെ മേല്‍ ആത്മാവിന് ആധിപത്യം ഉണ്ടാക്കിയെടുക്കുന്നതിനുമാണ് എല്ലാ മുസ്ലിംകള്‍ക്കും റമള്വാന്‍ മുഴുവനും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. തന്‍റെ മനസ്സിലെ മൃഗീയതയെ കീഴടക്കുന്നതിന് വേണ്ടി അല്ലാഹുവിന്‍റെ കല്പനപ്രകാരം ആഹാരപാനീയങ്ങളും ഇണയുമായുള്ള സംസര്‍ഗവും മറ്റെല്ലാ അനാവശ്യ കാര്യങ്ങളും ഒഴിവാക്കി ത്യാഗം സഹിക്കേണ്ടത് ഓരോരുത്തര്‍ക്കും അനിവാര്യമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമായ ഒരു കോഴ്സാണിത്. എന്നാല്‍ ഇതിനുമപ്പുറം അല്ലാഹുവുമായുള്ള ബന്ധം പുരോഗമിപ്പിക്കുന്നതിനും അവനോട് പ്രത്യേക ബന്ധം സ്ഥാപിക്കുന്നതിനുമുള്ള മാര്‍ഗമാണ് ഇഅ്തികാഫ്. ഇതിലൂടെ അടിമ മറ്റെല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് തന്‍റെ ഉടമസ്ഥന്‍റെ കാല്‍പാദങ്ങളില്‍ വീഴുകയും അവനെ സ്മരിച്ചും പ്രകീര്‍ത്തിച്ചും തന്‍റെ പാപങ്ങളോര്‍ത്ത് കരഞ്ഞും പശ്ചാത്തപിച്ചും കാരുണ്യവാനായ ഉടമസ്ഥനോട് മാപ്പിനപേക്ഷിച്ചും അവന്‍റെ തൃപ്തി കാംക്ഷിച്ചും പകലും രാത്രിയും കഴിച്ചുകൂട്ടുന്നു. ഒരു അടിമയ്ക്ക് ഇതിനേക്കാള്‍ വലിയ മറ്റൊരു സൗഭാഗ്യവുമില്ലെന്ന് വളരെ വ്യക്തമാണ്.
റസൂലുല്ലാഹി (സ) ഓരോ റമള്വാനിലെയും അവസാനത്തെ പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു വര്‍ഷം എന്തെങ്കിലും കാരണത്താല്‍ അത് നഷ്ടപ്പെട്ടാല്‍ തൊട്ടടുത്ത വര്‍ഷം രണ്ടു പത്തുകളില്‍ ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു.
ഈ ആമുഖത്തിന് ശേഷം ഇഅ്തികാഫുമായി ബന്ധപ്പെട്ട ഹദീസുകള്‍ പാരായണം ചെയ്യുക. 
4/79. ആഇശ(റ) പറയുന്നു: റസൂലുല്ലാഹി (സ) വഫാത്താകുന്നത് വരെ റമള്വാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു. റസൂലുല്ലാഹി (സ) ക്ക് ശേഷം പരിശുദ്ധ പത്നിമാരും ഇഅ്തികാഫ് പ്രാധാന്യത്തോടെ അനുഷ്ഠിച്ചിരുന്നു. (ബുഖാരി, മുസ്ലിം)
വിവരണം: നബവീ പത്നിമാര്‍ സ്വന്തം മുറികളിലാണ് ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നത്. സ്ത്രീകള്‍ വീടുകളില്‍ തങ്ങളുടെ നമസ്കാരത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് തന്നെയാണ് ഇഅ്തികാഫ് അനുഷ്ഠിക്കേണ്ടത്. നമസ്കാരത്തിന് പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടില്ലെങ്കില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുമ്പോള്‍ അപ്രകാരം നിശ്ചയിക്കേണ്ടതാണ്.  
4/80. അനസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ) റമള്വാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു. റസൂലുല്ലാഹി (സ) ക്ക് ഒരു വര്‍ഷം അത് സാധിക്കാതെ വന്നപ്പോള്‍ അടുത്ത വര്‍ഷം ഇരുപത് ദിവസങ്ങള്‍ ഇഅ്തികാഫ് അനുഷ്ഠിക്കുകയുണ്ടായി. (തിര്‍മിദി)
വിവരണം: റസൂലുല്ലാഹി (സ) ക്ക് ഒരു വര്‍ഷം ഇഅ്തികാഫിന് സാധിക്കാതെ വന്നതിന്‍റെ കാരണം അനസ് (റ) ന്‍റെ രിവായത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഉബയ്യുബ്നു കഅ്ബ് (റ) ല്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഒരു ഹദീസില്‍ റസൂലുല്ലാഹി (സ) ക്ക് എവിടേക്കോ യാത്ര ചെയ്യേണ്ടി വന്നതിനാലാണ് അപ്രകാരം സംഭവിച്ചതെന്ന് വന്നിരിക്കുന്നു. (നസാഈ, അബൂദാവൂദ്)
അബൂഹുറയ്റ(റ) പറയുന്നു: റസൂലുല്ലാഹി (സ) യുടെ വിയോഗം നടന്ന വര്‍ഷം റമള്വാനില്‍ അവിടുന്ന് ഇരുപത് ദിവസം ഇഅ്തികാഫ് അനുഷ്ഠിച്ചു. (ബുഖാരി). 
ഇത് ദുന്‍യാവില്‍ നിന്നും യാത്ര പറയേണ്ട സമയം അടുത്തിരിക്കുന്നു എന്ന് റസൂലുല്ലാഹി (സ) ക്ക് സൂചന നല്‍കപ്പെട്ടതിനാലാകാം. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇഅ്തികാഫ് പോലെയുള്ള അമലുകളോട് താല്പര്യം വര്‍ദ്ധിക്കുക സ്വാഭാവികമാണ്.
4/81 . ആഇശ(റ) പറയുന്നു: രോഗിയെ സന്ദര്‍ശിക്കാതിരിക്കുക, ജനാസ നമസ്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി പുറത്തുപോകാതിരിക്കുകക, സ്ത്രീയെ സ്പര്‍ശിക്കുകയോ  അവളുമായി സഹവസിക്കുകയോ ചെയ്യാതിരിക്കുക, ഒഴിവാക്കാനാവാത്ത (മലമൂത്ര വിസര്‍ജനം) പോലെയുള്ള കാര്യങ്ങള്‍ക്കൊഴികെ മസ്ജിദില്‍ നിന്നും പുറത്തുപോകാതിരിക്കുക എന്നിവ ഇഅ്തികാഫ് അനുഷ്ഠിക്കുന്നവനുള്ള ശര്‍ഈ നിയമങ്ങളാണ്. നോമ്പോടു കൂടിയല്ലാതെ ഇഅ്തികാഫില്ല. ജാമിഅ് മസ്ജിദിലല്ലാതെ ഇഅ്തികാഫില്ല. (അബൂദാവൂദ്) 
വിവരണം: ഒരു സ്വഹാബി 'സുന്നത്ത്' എന്ന പദം പ്രയോഗിച്ചാല്‍ അതിന്‍റെ അര്‍ത്ഥം ശര്‍ഈ നിയമം എന്നാണെന്നും അത് റസൂലുല്ലാഹി (സ) യുടെ വാക്കോ പ്രവര്‍ത്തിയോ മുഖേന മനസ്സിലാക്കപ്പെട്ടതായിരിക്കുമെന്നും മആരിഫുല്‍ ഹദീസില്‍ മുന്‍പ് വിവരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ ഹദീസ് മര്‍ഫൂഇന്‍റെ ഗണത്തില്‍ ഉള്‍പ്പെട്ടതാണ്. അപ്പോള്‍ ആഇശ(റ) വിവരിച്ചത് ഇഅ്തികാഫുമായി ബന്ധപ്പെട്ട നബവീ നിര്‍ദേശങ്ങള്‍ തന്നെയാണ്. 
4/82. ഇബ്നു അബ്ബാസ് (റ) ല്‍ നിന്നും നിവേദനം. ഇഅ്തികാഫ് അനുഷ്ഠിക്കുന്നവനെ സംബന്ധിച്ച് റസൂലുല്ലാഹി (സ) പറഞ്ഞു: അവന്‍ (ഇഅ്തികാഫിന് വേണ്ടി മസ്ജിദില്‍ തന്നെ കഴിഞ്ഞുകൂടുന്നതിനാല്‍) പാപങ്ങളില്‍ നിന്നും സുരക്ഷിതനാകുന്നു. മറ്റു നന്മകള്‍ പ്രവര്‍ത്തിക്കുന്നവരെപ്പോലെ ഇവനും നന്മകള്‍ കണക്കാക്കപ്പെടുന്നതാണ്. (ഇബ്നുമാജ)
വിവരണം: ഒരു വ്യക്തി ഇഅ്തികാഫിന്‍റെ നിയ്യത്തില്‍ തന്നെ മസ്ജിദില്‍ ബന്ധിക്കുമ്പോള്‍ ദിക്ര്‍, തിലാവത്ത് പോലെയുള്ള ഇബാദത്തുകള്‍ മുഖേന തന്‍റെ നന്മകള്‍ വര്‍ദ്ധിപ്പിക്കുമെങ്കിലും മറ്റു ചില നന്മകള്‍ ഒഴിവാക്കുവാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. ഉദാഹരണത്തിന് രോഗസന്ദര്‍ശനം, പാവപ്പെട്ടവര്‍, അനാഥര്‍, വിധവകള്‍ തുടങ്ങിയവരെ സഹായിക്കുന്നതിന് വേണ്ടി ഓടിനടക്കല്‍, മയ്യിത്ത് പരിപാലനം തുടങങ്ങിയവ. വളരെയേറെ പുണ്യം ലഭിക്കുന്ന ഇത്തരം നന്മകള്‍ പ്രവര്‍ത്തിക്കുവാന്‍ ഇഅ്തികാഫില്‍ സാധ്യമല്ല. എന്നാല്‍ അവന്‍ പതിവായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇത്തരം കര്‍മ്മങ്ങളില്‍ നിന്നും ഇഅ്തികാഫ് കാരണം നഷ്ടപ്പെട്ടവയുടെ പ്രതിഫലം പൂര്‍ണമായി അവന് നല്‍കപ്പെടുമെന്ന് ഈ ഹദീസില്‍ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടിരിക്കുന്നു.

**********************



***********************************

 ജുമുഅ സന്ദേശം 


All India Muslim Personal Law Board

 സകാത്ത് 
 നിർബന്ധമായും കൊടുത്തു വീടുക

മൗലാനാ ഉംറൈൻ മഹ്ഫൂസ് റഹ്മാനി
(സെക്രട്ടറി, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്)
വിവ: മൗലവി ഷാകിർ ഹുസ്നി, പത്തനാപുരം



 

الحمد لله رب العالمين والصلوة والسلام على رسوله الكريم اما بعد 

والذين يكنزون الذهب والفضة ولا ينفقونها في سبيل الله فبشرهم بعذاب اليم ه يوم يحمی عليها في نارجهنم فتوى بھا جباههم وجنوبهم وظهورهم هذا ما كنزتم لانفسكم فذوقو ما كنتم تكنزون
സ്വർണവും വെള്ളിയും ശേഖരിച്ച് വെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അവയെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് വേദനാജനകമായ ശിക്ഷ കൊണ്ട് സുവാർത്ത അറിയിക്കുക. ഒരു മഹാ ദിനത്തിൽ അവയെ നരകാഗ്നിയിലിട്ട് ചൂടാക്കപ്പെടും. തുടർന്ന് അവരുടെ നെറ്റികളും പാർശ്വങ്ങളും മുതുകുകളും പൊള്ളിക്കപ്പെടും. വേദനിച്ച് പുളയുമ്പോൾ അവരോട് പറയപ്പെടും : നിങ്ങൾക്ക് വേണ്ടി നിങ്ങൾ ശേഖരിച്ച് വെച്ചതാണിത്, നിങ്ങൾ ശേഖരിച്ചതിനെ നിങ്ങൾ തന്നെ രുചിക്കുക.

സമ്പത്തിന്റെ യഥാർത്ഥ ഉടമ അല്ലാഹു
മനുഷ്യൻ തന്റെ ജീവനെയും മക്കളെയും സ്നേഹിക്കുന്നത് പോലെ തന്നെ സമ്പത്തിനെയും സ്നേഹിക്കുന്നു. ജീവനോടും സമ്പത്തിന്നോടുമുള്ള സ്നേഹം പ്രകൃതിപരവും സ്വഭാവികവുമാണെങ്കിലും ഒരു സൂക്ഷിപ്പുകാരനെന്നതിലുപരി ഇവ രണ്ടിന്റെയും ഉടമസ്ഥാവകാശം അവനില്ല. ഇവകളുടെയെല്ലാം യഥാർത്ഥ ഉടമസ്ഥൻ അജയ്യനായ അല്ലാഹു മാത്രമാണ്. അതുകൊണ്ട് തന്നെ ഉടമസ്ഥനായ പടച്ചവന്റെ കൽപനയനുസരിച്ച് ഇവയെ വിനിയോഗിക്കൽ സൂക്ഷിപ്പ്കാരനായ മനുഷ്യന് അനിവാര്യമാണ്. "ഈ സമ്പത്ത് എന്റെ മുൻഗാമികളിൽ നിന്നും എനിക്ക് അനന്തരം കിട്ടിയതാണ്, ഞാൻ രക്തം വിയർപ്പാക്കി അധ്വാനിച്ചതാണ് ഇതൊക്കെ,അതുകൊണ്ട് ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയത് എങ്ങനെ ചിലവഴിക്കണമെന്ന് എനിക്കറിയാം...." എന്നിങ്ങനെ സത്യനിഷേധികളെ പോലെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നത് അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിക്ക് യോജിച്ചതല്ല. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് എന്ന് പറയാൻ ഒന്നുമില്ല, എല്ലാം പടച്ചവൻ അവന് കൊടുത്തതാണ്, ആയതിനാൽ അല്ലാഹു കൊടുത്ത സമ്പത്ത് അവൻ എങ്ങനെ ചിലവഴിക്കണമെന്ന് പറഞ്ഞോ അങ്ങനെ തന്നെ ചിലവഴിക്കേണ്ടതാണ്.
അല്ലാഹു അറിയിക്കുന്നു:
آمِنُوا بِاللَّهِ وَرَسُولِهِ وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَالَّذِينَ آمَنُوا مِنكُمْ وَأَنفَقُوا لَهُمْ أَجْرٌ كَبِيرٌ
അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങൾ വിശ്വസിക്കുക. പകരക്കാരായി അല്ലാഹു നിങ്ങളെ ഏൽപിച്ച വസ്തുക്കളിൽ നിന്നും നിങ്ങൾ ചിലവഴിക്കുക. നിങ്ങളിൽ നിന്നും വിശ്വസിക്കുകയും ചിലവഴിക്കുകയും ചെയ്യുന്നവർക്ക് വലിയ പ്രതിഫലമുണ്ട്.

സകാത്ത് നിർവ്വഹിക്കാത്തതിന്റെ ശിക്ഷ
പണവും പണ്ഡവും ഒരുമിച്ച് കൂട്ടി അതിന്റെ കീഴിൽ പാമ്പിനെപോലെ ചുരുണ്ട് കൂടുകയും സാധുക്കളായ ആളുകൾക്ക് ഒന്നും കൊടുക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഖിയാമത്ത് നാളിലും ഇതേ ശിക്ഷ തന്നെയായിരിക്കും. അവർ കെട്ടിപ്പൂട്ടി വെച്ചിരുന്ന സമ്പത്ത് പാമ്പിന്റെ കോലത്തിൽ അവനെ ചുറ്റുന്നതാണ്. മാത്രമല്ല ഈ സമ്പത്ത് അവൻ നരകത്തിൽ പോകുന്നതിന് കാരണവുമായിരിക്കും. എന്നാൽ സമ്പത്ത് പടച്ചവൻ തന്നതാണെന്നും ആ സമ്പത്തിലെ ഒരു വിഹിതം സാധുക്കളുടെ അവകാശമാണെന്നും മനസിലാക്കി സകാത്ത്- സ്വദഖകൾ നൽകി സമ്പത്തിനോടുള്ള കടമകൾ പാലിക്കുന്നവന് ഈ ലോകത്ത് സന്തോഷവും പരലോകത്ത് കണക്കില്ലാത്ത അനുഗ്രഹങ്ങളും ആദരവുകളും ലഭിക്കുന്നതാണ്.

സ്വദഖ; പാപ ശുദ്ധീകരണം
മനുഷ്യർ ചെയ്തു കൂട്ടുന്ന പാപങ്ങൾ കഴുകി ശുദ്ധീകരിക്കുന്നതിന് അല്ലാഹു നിശ്ചയിച്ച വഴിയാണ് സ്വദഖ . പാപങ്ങളുടെ ആധിക്യം കാരണം ഭൂമുഖത്തേക്ക് പെയ്തിറങ്ങുന്ന അല്ലാഹുവിന്റെ കോപത്തിന്റെ തീനാളങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ മാർഗമാണ് സ്വദഖ.
റസൂലുല്ലാഹി(സ) അരുളി:
മലക്കുകൾ അല്ലാഹുവിനോട് ചോദിച്ചു, രക്ഷിതാവേ! പർവതത്തേക്കാൾ ശക്തിയുള്ള എന്തെങ്കിലും വസ്തു നീ സൃഷ്ടിച്ചിട്ടുണ്ടോ? അല്ലാഹു പറഞ്ഞു: ഇരുമ്പിനെ സൃഷ്ടിച്ചിട്ടുണ്ട്, അത് പർവ്വതത്തെ തകർക്കാൻ കഴിവുള്ളതാണ്.
മലക്കുകൾ ചോദിച്ചു: ഇരുമ്പിനേക്കാൾ ശക്തിയുള്ള എന്തിനെയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ?
അല്ലാഹു പറഞ്ഞു: തീയെ സൃഷ്ടിച്ചിട്ടുണ്ട്, അത് ഇരുമ്പിനെ ഉരുക്കുന്നതാണ്.
മലക്കുകൾ ചോദിച്ചു: തീയേക്കാൾ ശക്തിയുള്ള എന്തെങ്കിലും വസ്തുവിനെ സൃഷ്ടിച്ചിട്ടുണ്ടോ? അല്ലാഹു പറഞ്ഞു: വെള്ളത്തെ സൃഷ്ടിച്ചിരിക്കുന്നു, അത് തീയെ അണക്കുന്നതാണ്.
മലക്കുകൾ ചോദിച്ചു: വെള്ളത്തിനേക്കാൾ ശക്തിയുള്ള എന്തെങ്കിലും വസ്തുക്കളെ സൃഷ്ടിച്ചിട്ടുണ്ടോ?
അല്ലാഹു പറഞ്ഞു. കാറ്റിനെ സൃഷ്ടിച്ചിട്ടുണ്ട്. കാറ്റ് വെള്ളത്തെ ഇളക്കിമറിക്കും. മലക്കുകൾ ചോദിച്ചു: കാറ്റിനേക്കാളും ശക്തിയുള്ള എന്തെങ്കിലും വസ്തുവിനെ പടച്ചിട്ടുണ്ടോ?
അല്ലാഹു പറഞ്ഞു: തീർച്ചയായും, വലത് കൈ ചെയ്തത് ഇടത് കൈ അറിയാത്ത നിലയിൽ നൽകപ്പെടുന്ന സദഖകൾ.
കല്ല്, ഇരുമ്പ്,തീ, വെള്ളം, കാറ്റ്, ഇവകളെല്ലാം ഭൗതിക ശക്തികളാണ്. എന്നാൽ സകാത്ത് -സ്വദഖക്കകൾ ആക്മീയ ശക്തിയാണ്. ആത്മീയ ശക്തി ഭൗതിക ശക്തിയേക്കാൾ കൂടുതൽ പ്രതിഫലനാത്മകമാണ്.
മനുഷ്യൻ സകാത്ത്- സ്വദഖകളിലൂടെ ആത്മീയ ശക്തി കൈവരിക്കണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു.

സ്വദഖ സമ്പത്തിനെ കുറക്കുകയില്ല
സ്വദഖ ഒരിക്കലും സമ്പത്തിനെ കുറക്കുകയില്ല, മറിച്ച് സ്വദഖ ചെയ്യുന്നതിലൂടെ മനുഷ്യന്റെ സമ്പത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യുകയും അവൻ ഏറ്റവും കൂടുതൽ
ആവിശ്യക്കാരനാകുന്ന സമയത്ത് പടച്ചവൻ ഇതിന് പ്രത്യുപകാരം നൽകുന്നതുമാണ്.
ഒരിക്കൽ തിരുനബി(സ)
" നിങ്ങളിൽ നിന്നും ആരാണ് സ്വന്തം സമ്പത്തിനേക്കാൾ കൂടുതൽ തന്റെ അനന്തരാവകാശിയുടെ സമ്പത്തിനെ സ്നേഹിക്കുന്നത് " എന്ന് സ്വഹാബത്തിനോട് ചോദിച്ചു. സ്വഹാബത്ത് പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ!
സ്വന്തം സമ്പത്തിനെക്കാൾ കൂടുതൽ അനന്തരാവകാശിയുടെ സമ്പത്തിനെ ഞങ്ങളാരും തന്നെ ആഗ്രഹിക്കുന്നില്ല, നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്ന സമ്പത്ത് നിങ്ങളുടെ സമ്പത്താണ്, ചിലവഴിക്കാതെ നിങ്ങൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന സമ്പത്ത് നിങ്ങളുടെ അനന്തരാവകാശികളുടെ സമ്പത്താണ് .

പടച്ചവന്റെ പാെരുത്തത്തെ പ്രതീക്ഷിച്ച് ചിലവഴിക്കുന്ന സ്വദഖകൾക്ക് നിർണിത അളവ് നിശ്ചയിക്കപ്പെട്ടിട്ടില്ല. ആവശ്യ സമയത്ത് ആവശ്യാനുസരണം പടച്ചവന്റെ മാർഗത്തിൽ ചിലവഴിക്കുക, സകാത്തിലെ പോലെ ഇത്ര സമ്പത്ത് കൈയിൽ വേണം,അതിൽ നിന്നും ഇത്ര കൊടുക്കണം,
ഒരു വർഷം കഴിഞ്ഞ് കടക്കണം എന്നീ നിബന്ധനകൾ സ്വദഖ നൽകുന്നതിനില്ല.

സകാത്ത്
ഒരു വ്യക്തിക്ക് തന്റെ ആവശ്യങ്ങൾ കഴിഞ്ഞ് അധികം വരുന്ന സമ്പത്ത് നിസാബിന്റെ അളവ് എത്തുകയും അതിൽ ഒരു വർഷം കഴിഞ്ഞ് കടക്കുകയും ചെയ്താൽ ആ സമ്പത്തിന്റെ രണ്ടര ശതമാനം സകാത്തായി നൽകേണ്ടതാണ്.
കൃഷിഉൽപനങ്ങളിലും കച്ചവടച്ചരക്കുകളിലും മൃഗങ്ങളിലും ആഭരണങ്ങളിലുമെല്ലാം ഓരോന്നിന്റെയും കണക്കനുസരിച്ച് സകാത്ത് നൽകണം. സകാത്ത് കൊടുക്കുന്നതിലൂടെ മനുഷ്യരുടെ ഹൃദയം ശുദ്ധീകരിക്കപ്പെടുന്നു. അവന്റെ നെഞ്ചകത്ത് നിന്നും സമ്പത്തിനോടുള്ള സ്നേഹവും ആർത്തിയും ഇല്ലാതാവുകയും അവിടെ സാധുക്കളോടും ആലംബഹീനരോടുമുള്ള സ്നേഹവും ദയയും രൂഢമൂലമാവുകയും ചെയ്യുന്നു. മാത്രമല്ല സകാത്തിലൂടെ സമ്പത്തിനെയും ശുദ്ധീകരിക്കപ്പെടുന്നു. സകാത്ത് നൽകാത്തവന്റെ സമ്പത്തിൽ നിന്നും ബർക്കത്ത് നഷ്ടപെട്ടു പോകും. ആരോഗ്യകമായ ഇസ്‌ലാമിക സമൂഹത്തിന്റെ അടിസ്ഥാനമാണ് സകാത്ത്. സമ്പത്ത് വ്യക്തി കേന്ദ്രീകൃതമായി കുന്നുകൂടുന്നതിനെ ഇസ്‌ലാം ഒരു നിലക്കും അനുവദിക്കുന്നില്ല. സമൂഹത്തിന്റെ സന്തുലിത നിലനിൽപിന് സകാത്ത് നിർവഹിക്കൽ അനിവാര്യ ഘടകമാണ്.

സകാത്ത് മഹത്തായ ഇബാദത്ത്
മന:സംതൃപ്തിയോടെയും ഹൃദയ വിശാലതയോടും കൂടി നൽ കേണ്ട ഒരു ഇബാദത്തായിട്ടാണ് (ആരാധന) സകാത്തിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അതിലൂടെ അല്ലാഹുവിന്റെ ഭാഗത്ത് നിന്നും റഹ്‌മത്തിനും മഗ്ഫിറത്തിനും അടിമ അർഹനായിത്തീരും.
അല്ലാഹു പറയുന്നു:
وَمَا تُنفِقُوا مِنْ خَيْرٍ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ابْتِغَاءَ وَجْهِ اللَّهِ ۚ وَمَا تُنفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ
"നിങ്ങൾ എത്ര സമ്പത്ത് ചിലവഴിച്ചാലും അത് നിങ്ങളുടെ പ്രയോജനത്തിന് വേണ്ടിയാണ്. നിങ്ങൾ അല്ലാഹുവിന്റെ തൃപ്തിയെ തേടിക്കൊണ്ടല്ലാതെ മറ്റൊരു ലക്ഷ്യത്തിനും ചെലവഴിക്കുന്നില്ല. നിങ്ങൾ എന്ത് ചിലവഴിച്ചാലും അതിന്റെ ഫലം പൂർണമായും നിങ്ങൾക്ക് നൽകപ്പെടും. നിങ്ങളുടെ മേൽ അൽപവും അക്രമം ഉണ്ടാകുന്നതല്ല"
സമ്പന്നന്റെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന, അവന്റെ വീട്ടിലെ അത്യാവശ്യ കാര്യങ്ങൾ പോലും നടക്കാത്ത സാധുക്കൾക്ക് നമ്മൾ നൽകുന്ന സകാത്ത് - സ്വദഖകളിലൂടെ വലിയ ആശ്വാസമാണ് ലഭിക്കുന്നത്. അതുകൊണ്ടാണ്ട് നാം മനസിലാക്കേണ്ടത് ഇത്രമാത്രമാണ് 'സക്കാത്ത്- സ്വദഖകൾ സമ്പന്നത്തെ ഔദാര്യമല്ല, അത് പാവപ്പെട്ടവന്റെ അവകാശമാണ്'. ഖുർആനിൽ അല്ലാഹു പറയുന്നു:
(وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَعْلُومٌ * لِلسَّائِلِ وَالْمَحْرُومِ )
'യാചകർക്കും യാചിക്കാത്ത ആവശ്യക്കാർക്കും അവരുടെ സമ്പത്തിൽ നിശ്ചിത അവകാശമുണ്ട്'

ഉള്ളവന്റെ മുന്നിൽ പോയി കൈ നീട്ടാൻ ഇല്ലാത്തവനോട് അല്ലാഹു പറഞ്ഞിട്ടില്ല. മറിച്ച് ഇല്ലാത്തവനെയും സാധുക്കളെയും കണ്ടെത്തി അവർക്ക് ആവശ്യമായത് എത്തിച്ച് കൊടുക്കൽ ഉള്ളവന്റെ ബാധ്യതയാണ്.
ചുരുക്കത്തിൽ സകാത്തിന് അർഹതപ്പെട്ടവർ ആരൊക്കെയാണെന്ന് ഖുർആനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
തീർച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്റെ ഉദ്യോഗസ്ഥർക്കും (ഇസ്‌ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവർക്കും അടിമത്ത മോചനത്തിനും കടബാധ്യതയുള്ളവർക്കും അല്ലാഹുവിന്റെ മാർഗത്തിലുള്ള മുജാഹിദുകൾക്കും വഴിയാത്രക്കാർക്കും നൽകപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കൽ നിന്നുമുള്ള നിർബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്

ആയത്തിൽ പരാമർശിക്കപ്പെട്ട ഈ എട്ട് കൂട്ടം ആളുകൾ മാത്രമാണ് സകാത്ത് വാങ്ങുന്നതിന് അർഹതപ്പെട്ടവർ. ഇവരല്ലാത്ത സാമ്പത്തികമായി കഴിവും ആരോഗ്യവുമുള്ള അനേകമാളുകൾ യാചനയുമായി നടക്കുന്നുണ്ട്. അവർ ഒരിക്കലും സകാത്തിന് അർഹരേയല്ല. നബി(സ) അരുൾ ചെയ്തു:

لا تحل الصدقة لغني، ولا لذي مرة سوي)].
സമ്പന്നനും ആരോഗ്യവും ശേശിയുമുള്ള വ്യക്തിക്കും സ്വദഖ അനുവദനീയമല്ല.

തങ്ങളുടെ അഭിമാനത്തെ കാത്ത് സൂക്ഷിച്ച് കൊണ്ട് ആരുടെ മുമ്പിലും കൈ നീട്ടാതെ ജീവിതത്തെ തള്ളി നീക്കുന്ന ധാരാളം സാധുക്കൾ നമ്മുടെ കൂട്ടത്തിലുണ്ട്. അത്തരം ആളുകളെ കണ്ടെത്തി സകാത്തിന്റെ ഓഹരി അവർക്കെത്തിക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്.

സകാത്ത് വേണ്ടതുപോലെ നിർവ്വഹിക്കുക
സകാത്തിന്റെ സമ്പത്ത് അല്‌പാല്‌പമായി പലർക്കും വീതിക്കുന്നതിനേക്കാളുപരി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ ബുദ്ധിമുട്ടും പ്രയാസവും മാറുന്നതിനും പരസഹായമില്ലാതെ ജീവിക്കുന്നതിനും ആവശ്യമായ സമ്പത്ത് സകാത്തിന്റെ വിഹിതത്തിൽ നിന്നും നൽകുന്നത് ഉചിതമായിരിക്കും. അതിനായി നമ്മുടെ നാടുകളിൽ സകാത്തുമായി ബന്ധപ്പെട്ട സംഘടിത പ്രവർത്തനങ്ങൾ നടക്കണം. എല്ലാവരും ഒരുമിച്ച് ചെയ്യുന്ന സംഘടിത നന്മകൾക്ക് അല്ലാഹു പ്രത്യേകമായൊരു പ്രതിഫലന ശക്തി നൽകിയിട്ടുണ്ട്. അത് കൊണ്ടാണല്ലോ ജമാഅത്ത് നമസ്ക്കാരത്തിന് ഒറ്റയ്ക്ക് നമസ്ക്കരിക്കുന്നതിനേക്കാൾ മഹത്വം ഉള്ളതും.
മൗലാനാ അബുൽകലാം ആസാദ് (റഹ്) കുറിക്കുന്നു: സകാത്ത് സംഘടിതമായി സ്വരൂപിച്ച് ഏറ്റവും ആവശ്യക്കാരിലേക്ക് എത്തിക്കുന്ന വിഷയത്തിൽ പിൽക്കാലത്ത് മുസ് ലിംകളുടെ ഭാഗത്ത് നിന്ന് വലിയ അശ്രദ്ധ സംഭവിച്ചുവെന്നത് ദു:ഖകരമായ ഒരു സത്യമാണ്. പതുക്കെപ്പതുക്കെ, സകാത്തെന്നാൽ സ്വന്തമായി കണക്ക് കൂട്ടി കുറച്ച് കാശെടുത്ത് തോന്നുന്നിടത്ത് ചിലവഴിക്കലാണെന്ന ഒരു ചിന്താഗതിയിലേക്ക് സമുദായം എത്തി. എന്നാൽ, ബൈത്തുൽമാലിന്റെ കീഴിലോ മറ്റെന്തെങ്കിലും വിശ്വസ്തമായ കൂട്ടായ്മയുടെ നേതൃത്വത്തിലോ പൂർണ്ണമായ നിയമങ്ങൾ പാലിച്ച് സകാത്ത് സംഘടിതമായി നിർവ്വഹിക്കണമെന്നാണ് ഖുർആനിക അദ്ധ്യാപനം.

മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് ബുദ്ധിമുട്ടും പ്രയാസവുമനുഭവിക്കുന്ന ആളുകൾ മുസ്‌ലിം സമുദായത്തിൽ ധാരാളമുണ്ട്. നമ്മുടെ കൂട്ടത്തിൽ സമ്പന്നരും മധ്യമ അവസ്ഥയിൽ ജീവിക്കുന്നവരും കുറവല്ല. അതുകൊണ്ട് മുസ്‌ലിം സമുദായത്തിലെ സകാത്തിനർഹരായ എല്ലാവരും സകാത്ത് നൽകാൻ മുന്നോട്ട് വരികയും സകാത്ത് നൽകുന്നതിന് ഒരു സാമൂഹിക സംവിധാനം എല്ലാ നാടുകളിലും നിലവിൽ വരികയും ചെയ്താൽ ആ നാട്ടിലുള്ള സാധുക്കളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുമെന്ന് മാത്രമല്ല ദീനിന്റെ കാവൽ കോട്ടകളായ അവിടുത്തെ മദ്‌റസകളും, അനാഥരായ കുഞ്ഞ് മക്കളുടെ ആശ്രയകേന്ദ്രങ്ങളായ യതീം ഖാനകളും ബുദ്ധിമുട്ടിലും മറ്റും കഴിയുന്ന സാധുക്കളുടെ ചികിത്സാ സഹായങ്ങളും ശരീഅത്ത് പറഞ്ഞ നിലയിൽ നിർവഹിക്കാൻ കഴിയും. അങ്ങനെ സമൂഹത്തിൽ യാചകരുടെ എണ്ണം കുറക്കാൻ കഴിയും,
അല്ലാഹു നമുക്ക് സകാത്ത് നൽകാനുള്ള തൗഫീഖ് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു.
ആമീൻ.

********************************

മആരിഫുല്‍ ഖുര്‍ആന്‍ 

 

സൂറത്തുല്‍ വാഖിഅ-4
(96 ആയത്തുകള്‍, പദങ്ങള്‍ 378, അക്ഷരങ്ങള്‍ 1703, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 81, 82 ആയത്തുകള്‍ മദീനമുനവ്വറയില്‍ അവതരിച്ചു. 3 റുകൂഅ്. അവതരണ ക്രമം 46. പാരായണ ക്രമം 56. സൂറത്തുത്വാഹാക്ക് ശേഷം അവതരണം) 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

ഖുര്‍ആനിന്‍റെ സത്യത, 
മഹാദിനത്തിന്‍റെ സംഭവ്യത


മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 75-96

۞ فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ (75) وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ (76إِنَّهُ لَقُرْآنٌ كَرِيمٌ (77) فِي كِتَابٍ مَّكْنُونٍ (78لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ (79تَنزِيلٌ مِّن رَّبِّ الْعَالَمِينَ (80أَفَبِهَٰذَا الْحَدِيثِ أَنتُم مُّدْهِنُونَ (81وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ (82فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ (83وَأَنتُمْ حِينَئِذٍ تَنظُرُونَ (84وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ (85فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ (86تَرْجِعُونَهَا إِن كُنتُمْ صَادِقِينَ (87فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ (88فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ (89وَأَمَّا إِن كَانَ مِنْ أَصْحَابِ الْيَمِينِ (90فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ (91وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ (92فَنُزُلٌ مِّنْ حَمِيمٍ (93وَتَصْلِيَةُ جَحِيمٍ (94إِنَّ هَٰذَا لَهُوَ حَقُّ الْيَقِينِ (95فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (96)


നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെക്കൊണ്ടു ഞാന്‍ സത്യം ചെയ്ത് പറയുന്നു.(75) നിങ്ങള്‍ വിവരം ഉള്ളവരാണെങ്കില്‍ ഈ സത്യം വലിയ ഗൗരവം തന്നെ.(76) തീര്‍ച്ചയായിട്ടും ഇത് ആദരണീയ ഖുര്‍ആന്‍ ആണ്(77) സുരക്ഷിതമായ ഒരു ഗ്രന്ഥത്തില്‍ ഇത് ഭദ്രമായിരുന്നു.(78) പരിശുദ്ധര്‍ മാത്രമേ ഇതിനെ സ്പര്‍ശിക്കുകയുള്ളു.(79) സര്‍വ്വ ലോക പരിപാലകനില്‍ നിന്നും ഇറക്കപ്പെട്ട ഗ്രന്ഥമാണിത്(80) ഈ ഭാഷണത്തോട് നിങ്ങള്‍ അവഗണന പുലര്‍ത്തുകയാണോ?(81) ഇതിനെ നിഷേധിക്കല്‍ നിങ്ങളുടെ ജോലിയാക്കിരിക്കുകയാണോ?(82) ആത്മാവ് തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍(83) അപ്പോള്‍ നിങ്ങള്‍ നിസ്സഹായതയോടെ നോക്കിക്കൊണ്ടിരിക്കുന്നതാണ്(84) അപ്പോള്‍ നിങ്ങളേക്കാളും നാം നിങ്ങളുടെ ആത്മാവിലേക്ക് അടുത്തിരിക്കുന്നു. പക്ഷേ നിങ്ങള്‍ കാണുന്നതല്ല.(85) നിങ്ങള്‍ വിചാരണ ചെയ്യപ്പെടാത്തവരാണെങ്കില്‍ (86) പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ മടക്കിയെടുക്കാത്തത്, നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ചിന്തിക്കുക.(87) (മരിക്കുന്നവന്‍) സമീപസ്ഥരായ മഹത്തുക്കളില്‍പ്പെട്ടവനാണെങ്കില്‍.(88) (അവന് മരണം) വലിയ സൗഖ്യവും, ഉന്നത ആഹാരവും, സുഖസന്തോഷങ്ങള്‍ നിറഞ്ഞ സ്വര്‍ഗ്ഗവും ആയിരിക്കും.(89) ഇനി അവന്‍ വലതുപക്ഷക്കാരില്‍പ്പെട്ടവനാണെങ്കില്‍.(90) നീ വലത് പക്ഷക്കാരനില്‍ പെട്ടതിനാല്‍ നിനക്ക് സമാധാനം മാത്രം എന്ന് അവനോട് പറയപ്പെടും(91) അവന്‍ വഴികെട്ട നിഷേധികളില്‍പ്പെട്ടവനാണെങ്കില്‍(92) തിളച്ചുമറിയുന്ന വെള്ളം കൊണ്ട് അവന് സല്‍ക്കാരം നല്‍കപ്പെടും(93) തീക്കുണ്ഡമായ നരകത്തില്‍ പ്രവേശിക്കേണ്ടിവരും(94)  ഇത് തീര്‍ത്തും ഉറപ്പുള്ള സത്യ സന്ദേശമാണ്.(95) മഹോന്നതനായ രക്ഷിതാവിനെ താങ്കള്‍ പ്രകീര്‍ത്തിക്കുക.(96)

ആശയ സംഗ്രഹം
ബുദ്ധിപരമായ തെളിവുകളിലൂടെ മരണാനന്തര ജീവിതത്തിന്‍റെ സാധ്യത സ്ഥിരപ്പെട്ടതിനോടൊപ്പം ഖുര്‍ആനിലൂടെയും അത് സ്ഥിരപ്പെട്ടിരിക്കുന്നു. എന്നാല്‍ നിഷേധികള്‍ ഈ ഖുര്‍ആനിനെ അംഗീകരിക്കുന്നില്ല. ആകയാല്‍ നക്ഷത്രങ്ങള്‍ മറയുന്ന സ്ഥാനങ്ങളെക്കൊണ്ടു ഞാന്‍ സത്യം ചെയ്ത് പറയുന്നു. നിങ്ങള്‍ വിവരം ഉള്ളവരാണെങ്കില്‍ ഈ സത്യം വലിയ ഗൗരവം തന്നെയെന്ന് മനസ്സിലാകുന്നതാണ്. തീര്‍ച്ചയായിട്ടും മുഹമ്മദ് നബിയുടെ മേല്‍ അവതരിച്ച ഈ ഗ്രന്ഥം ഭാഗത്ത് നിന്നും അവതീര്‍ണ്ണമായതിനാല്‍ ആദരണീയ ഖുര്‍ആന്‍ ആണ്. സുരക്ഷിതമായ ഒരു ഗ്രന്ഥത്തില്‍ ഇത് ഭദ്രമായിരുന്നു. അത് ലൗഹുല്‍ മഹ്ഫൂളാണ്. പാപങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി പരിശുദ്ധരായവര്‍ മാത്രമേ ഇതിനെ സ്പര്‍ശിക്കുകയുള്ളു. പിശാചിനെപ്പോലുള്ളവരാരും ഇതിനെ സ്പര്‍ശിക്കുകയോ ഇതിന്‍റെ ആശയങ്ങള്‍ കട്ടെടുക്കുകയോ ചെയ്യുന്നതല്ല. ഇത് അവിടെ നിന്നും വന്നെത്തിയത് ഒരു മലക്ക് വഴിയാണ്. സര്‍വ്വ ലോക പരിപാലകനില്‍ നിന്നും ഇറക്കപ്പെട്ട ഗ്രന്ഥമാണിതെന്ന് ഇതിലൂടെ മനസ്സിലായി. ഇവിടെ നക്ഷത്രങ്ങള്‍ മറയുന്ന സ്ഥലത്തെക്കൊണ്ട് സത്യം ചെയ്തത് സൂറത്തുന്നജ്മില്‍ നക്ഷത്രത്തെ കൊണ്ട് സത്യം ചെയ്തത് പോലെയാണ്. പരിശുദ്ധ ഖുര്‍ആനിലെ സത്യങ്ങളെല്ലാം മഹത്തരമാണെങ്കിലും ഇവിടെ അതിനെ പ്രത്യേകം പറഞ്ഞിരിക്കുന്നത് അതിന് മഹത്വം കൂടുതല്‍ വ്യക്തമാക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഈ ഭാഷണം പടച്ചവന്‍റെ ഭാഗത്ത് നിന്നുമുള്ളതാണെന്ന് വ്യക്തമായിട്ടും നിങ്ങള്‍ ഇതിന്‍റെ വിഷയത്തില്‍ അവഗണന പുലര്‍ത്തുകയാണോ? അതായത് ഇതില്‍ വിശ്വസിക്കാതിരിക്കുകയാണോ? വിശ്വസിക്കാതിരിക്കുക മാത്രമല്ല, ഇതിനെ നിഷേധിക്കല്‍ നിങ്ങളുടെ ജോലിയാക്കിരിക്കുകയാണോ? ഇത് സത്യത്തോടുള്ള കടുത്ത നിഷേധമാണ്. മരണ നേരത്ത് ആത്മാവ് തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍, അപ്പോള്‍ നിങ്ങള്‍ നിസ്സഹായതയോടെ സങ്കടപ്പെട്ട് നോക്കിക്കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ നിങ്ങളേക്കാളും നാം മരണപ്പെടുന്നവരിലേക്ക് അടുത്തിരിക്കുന്നു. അതായത് നിങ്ങളേക്കാള്‍ അതിന്‍റെ അവസ്ഥ നാം അറിയുന്നതാണ്. കാരണം നിങ്ങള്‍ ബാഹ്യമായ കാര്യങ്ങള്‍ മാത്രമേ അറിയുന്നുള്ളൂ. നാം ആന്തരിക വിഷയങ്ങളും അറിയുന്നവനാണ്. പക്ഷേ നിങ്ങള്‍ അറിവില്ലായ്മയും നിഷേധവും കാരണമായി ഈ വിഷയം മനസ്സിലാക്കുന്നില്ല. ഇനി നിങ്ങള്‍ വിചാരിക്കുന്നതുപോലെ നിങ്ങള്‍ വിചാരണ ചെയ്യപ്പെടാത്തവരാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ ശരീരത്തിലേക്ക് മടക്കിയെടുക്കാത്തത്? നിങ്ങള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ പരലോക നിഷേധത്തിന്‍റെ വിഷയത്തില്‍ സത്യസന്ധരാണെങ്കില്‍ ചിന്തിക്കുക. ആശയം ഇതാണ്: പരിശുദ്ധ ഖുര്‍ആന്‍ സത്യവും മരണാനന്തര ജീവിതത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഗ്രന്ഥവുമാണ്. അതുകൊണ്ട് മരണാനന്തര ജീവിതമുണ്ടെന്ന് വ്യക്തമായി. ഇത്തരുണത്തില്‍ നിങ്ങള്‍ അതിനെ നിഷേധിക്കുന്നത് നിങ്ങള്‍ ആത്മാവിനെ പിടിക്കാന്‍ മലക്കുകളെ അനുവദിക്കുന്നതല്ലെന്ന് അറിയിക്കുന്നു. ഇനി പടച്ചവന്‍ ആരുടെയെങ്കിലും ആത്മാവിനെ പിടിച്ചതിന് ശേഷം പരലോകത്തില്‍ വീണ്ടും ജീവന്‍ നല്‍കുമ്പോള്‍ നിങ്ങള്‍ അതിന് സമ്മതിക്കുന്നതല്ലെന്നും അത് വ്യക്തമാക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അടുത്തവരുടെ മരണത്തിന്‍റെ സമയത്ത് ഈ കാര്യം പ്രവര്‍ത്തിക്കാത്തത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് അതിന് കഴിവുണ്ടെങ്കില്‍ മരണനേരത്ത് അവര്‍ ജീവിതത്തെ കൊതിക്കുകയും നിങ്ങള്‍ അവരോട് കാരുണ്യം പുലര്‍ത്തുകയും  ചെയ്യുമ്പോള്‍ നിങ്ങള്‍ ആത്മാവിനെ വിടാന്‍ സമ്മതിക്കാതിരിക്കുകയും ശരീരത്തിലേക്ക് മടക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ചുരുക്കത്തില്‍ നിങ്ങള്‍ പടച്ചവനെയും പരലോകത്തെയും നിഷേധിക്കുന്നതിന് ന്യായമായ യാതൊരു അടിസ്ഥാനവുമില്ല. അടുത്തതായി മരണത്തിന്‍റെ അവസ്ഥകള്‍ വര്‍ണ്ണിക്കുന്നു: മരിക്കുന്നവന്‍ സമീപസ്ഥരായ മഹത്തുക്കളില്‍പ്പെട്ടവനാണെങ്കില്‍, അവന് മരണം വലിയ സൗഖ്യവും, ഉന്നത ആഹാരവും, സുഖസന്തോഷങ്ങള്‍ നിറഞ്ഞ സ്വര്‍ഗ്ഗവും ആയിരിക്കും. ഇനി അവന്‍ വലതുപക്ഷക്കാരില്‍പ്പെട്ടവനാണെങ്കില്‍, നിനക്ക് സര്‍വ്വ അപകടങ്ങളില്‍ നിന്നും സമാധാനം മാത്രം എന്ന് അവനോട് പറയപ്പെടും. ഈ പറയപ്പെടുന്നത് പടച്ചവന്‍റെ ഔദാര്യം കൊണ്ടോ അല്ലെങ്കില്‍ തൗബ കാരണമായിട്ടോ തുടക്കത്തില്‍ തന്നെ പാപങ്ങള്‍ പൊറുത്ത് കൊടുക്കപ്പെടുന്നത് കൊണ്ടായിരിക്കും. അല്ലെങ്കില്‍ ശിക്ഷ നല്‍കപ്പെട്ടതിന് ശേഷം അവസാനത്തിലായിരിക്കും. അവന്‍ വഴികെട്ട നിഷേധികളില്‍പ്പെട്ടവനാണെങ്കില്‍, തിളച്ചുമറിയുന്ന വെള്ളം കൊണ്ട് അവന് സല്‍ക്കാരം നല്‍കപ്പെടും. തീക്കുണ്ഡമായ നരകത്തില്‍ പ്രവേശിക്കേണ്ടിവരികയും ചെയ്യും. ഈ പറയപ്പെട്ടത് തീര്‍ത്തും ഉറപ്പുള്ള സത്യ സന്ദേശമാണ്. ഈ കാര്യങ്ങളെല്ലാം ചെയ്യുന്ന മഹോന്നതനായ രക്ഷിതാവിനെ താങ്കള്‍ പ്രകീര്‍ത്തിക്കുക. 

വിവരണവും വ്യാഖ്യാനവും
കഴിഞ്ഞ ആയത്തുകളില്‍ ബുദ്ധിപരമായ തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് അല്ലാഹുവിന്‍റെ കഴിവും പരലോകത്തിന്‍റെ സംഭവ്യതയും സമര്‍ത്ഥിക്കുകയുണ്ടായി. ഈ ആയത്തുകളില്‍ അതിന്‍റെ തുടക്കത്തെക്കുറിച്ചുള്ള രേഖാപരമായ തെളിവുകള്‍ വിവരിക്കുകയാണ്: നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെക്കൊണ്ടു ഞാന്‍ സത്യം ചെയ്ത് പറയുന്നു.(75) * ഈ ആയത്തിന്‍റെ തുടക്കത്തിലെ ലാ എന്ന പ്രയോഗം ഒരു അറബി ശൈലിയാണ്. ചിലര്‍ ഇത് അധികരിച്ച അക്ഷരമാണെന്ന് പറഞ്ഞിരിക്കുന്നു. ചിലര്‍ പറയുന്നു: ഇത് സംബോധിതന്‍റെ ധാരണയെ തിരുത്താന്‍ വേണ്ടിയുള്ള പ്രയോഗമാണ്. ഇതിന്‍റെ ആശയം ഇപ്രകാരമാണ്: കാര്യം നിങ്ങള്‍ മനസ്സിലാക്കിയതുപോലെയല്ല. മറിച്ച് ഈ സത്യത്തിന് ശേഷം പറയപ്പെടുന്നത് പോലെയാണ്. * മവാഖിഅ് എന്നത് മൗഖിഇന്‍റെ ബഹുവചനമാണ്. നക്ഷത്രങ്ങള്‍ അസ്തമിക്കുന്ന സ്ഥലം അല്ലെങ്കില്‍ സമയമെന്നാണ് അര്‍ത്ഥം. ഈ ആയത്തില്‍ നക്ഷത്രങ്ങള്‍ അസ്തമിക്കുന്ന സമയത്തെക്കൊണ്ട് സത്യം ചെയ്തിരിക്കുന്നു. സൂറത്തുന്നജ്മ് ഒന്നാം ആയത്തിലും ഇതുപോലുള്ള സത്യം വന്നിട്ടുണ്ട്. ഈ സത്യത്തിന്‍റെ തത്വമിതാണ്: നക്ഷത്രങ്ങള്‍ അസ്തമിക്കുന്ന സമയത്ത് അവ ചക്രവാളത്തില്‍ നിന്നും മാറിയതായി അനുഭവപ്പെടുന്നതാണ്. അവ വീണ്ടും പഴയെ അവസ്ഥയിലേക്ക് കൊണ്ടുവരുന്നത് അല്ലാഹു തന്നെയാണ്. 
  തീര്‍ച്ചയായിട്ടും ഇത് ആദരണീയ ഖുര്‍ആന്‍ ആണ്(77) സുരക്ഷിതമായ ഒരു ഗ്രന്ഥത്തില്‍ ഇത് ഭദ്രമായിരുന്നു.(78) പരിശുദ്ധര്‍ മാത്രമേ ഇതിനെ സ്പര്‍ശിക്കുകയുള്ളു.(79) നക്ഷത്രങ്ങളുടെ സ്ഥാനത്തെക്കൊണ്ട്  സത്യം ചെയ്ത ശേഷം നടത്തിയ പ്രസ്താവനകളാണ് ഈ മൂന്ന് ആയത്തുകള്‍. ഇതിന്‍റെ ആശയം ഇപ്രകാരമാണ്: പരിശുദ്ധ ഖുര്‍ആന്‍ ആദരണീയവും സുരക്ഷിതവുമാണ്. ഇത് മനുഷ്യ നിര്‍മ്മിതമോ പിശാചിന്‍റെ ദുര്‍ബോധനമോ അല്ല. * മക്നൂന്‍ എന്നതിന്‍റെ അര്‍ത്ഥം മറയ്ക്കപ്പെട്ടതെന്നാണ്. മറയ്ക്കപ്പെട്ട ഗ്രന്ഥം എന്നതിന്‍റെ വിവക്ഷ ലൗഹുല്‍ മഹ്ഫൂളാണ്. * പരിശുദ്ധര്‍ മാത്രമേ ഖുര്‍ആനിനെ സ്പര്‍ശിക്കുകയുള്ളൂ എന്ന ആയത്തിന്‍റെ കീഴില്‍ രണ്ട് കാര്യങ്ങള്‍ പണ്ഡിതര്‍ വിവരിക്കുന്നു: ഒന്ന്, ഈ ആയത്തിന്‍റെ ആശയം ഒന്നുങ്കില്‍ ലൗഹുല്‍ മഹ്ഫൂളിനെ മലക്കുകള്‍ അല്ലാതെ സ്പര്‍ശിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുകയില്ലെന്നാണ്. ആയത്തിന് പറയപ്പെട്ടിരിക്കുന്ന മറ്റൊരു ആശയം ഖുര്‍ആന്‍ എഴുതപ്പെട്ട കടലാസും മറ്റും ശുദ്ധിയില്ലാത്തവരാരും സ്പര്‍ശിക്കുകയില്ലെന്നാണ്. രണ്ട്, ശുദ്ധിയുള്ളവര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം പാപങ്ങളില്‍ നിന്നും മുഴുവന്‍ മോശങ്ങളില്‍ നിന്നും പരിശുദ്ധരായ മലക്കുകളാണെന്ന് ഒരു കൂട്ടം പണ്ഡിതര്‍ പറയുന്നു. വലിയ അശുദ്ധിയില്‍ നിന്നും ചെറിയ അശുദ്ധിയില്‍ നിന്നും യഥാക്രമം കുളിയിലൂടെയും വുളുവിലൂടെയും പരിശുദ്ധരായ മനുഷ്യര്‍ എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. ഇത്തരുണത്തില്‍ തൊടുകയില്ല എന്നതിന്‍റെ ആശയം തൊടാന്‍ പാടില്ല എന്നതാണ്. ഉമറുല്‍ ഫാറൂഖ് (റ) ഇസ്ലാം സ്വീകരിച്ച സമയത്ത് സഹോദരിയോട് ഖുര്‍ആനിന്‍റെ കടലാസുകള്‍ ചോദിച്ചതും അത് കൊടുക്കാന്‍ അവര്‍ വിസമ്മതിച്ചതും ഈ അഭിപ്രായത്തെ കൂടുതല്‍ ബലപ്പെടുത്തുന്നു. * ശുദ്ധിയില്ലാത്തവര്‍ ഖുര്‍ആന്‍ സ്പര്‍ശിക്കരുതെന്ന് അറിയിക്കുന്ന ഹദീസുകളും ധാരാളമുണ്ട്. റസൂലുല്ലാഹി (സ) ഇബ്നു ഹസം (റ)ന് ഇപ്രകാരം ഒരു കത്തെഴുതി: പരിശുദ്ധ ഖുര്‍ആന്‍ ശുദ്ധിയുള്ളവര്‍ മാത്രമേ സ്പര്‍ശിക്കാവൂ. (മുവത്വ) ഇബ്നു ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ശുദ്ധിയുള്ളവര്‍ മാത്രമേ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടുള്ളൂ. (റൂഹുല്‍ മആനി) * ഈ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം പണ്ഡിതരും ഖുര്‍ആന്‍ സ്പര്‍ശനത്തിന് ശുദ്ധി നിര്‍ബന്ധമാണെന്നും അതിന് എതിര് പ്രവര്‍ത്തിക്കുന്നത് പാപമാണെന്നും പ്രസ്താവിച്ചിരിക്കുന്നു. ശുദ്ധി എന്നതില്‍ കൈയുടെ ശുദ്ധിയും വുളുവിന്‍റെ ശുദ്ധിയും ജനാബത്ത് ഇല്ലാതിരിക്കലും പെടുന്നതാണ്. അലിയ്യ് (റ), ഇബ്നു മസ്ഊദ് (റ), സഅദ് (റ), സഈദ് (റ), അതാഅ് (റ), സുഹ്രി (റ), ഹമ്മാദ് (റ), ഇമാം മാലിക് (റ), ശാഫിഈ (റ), അബൂഹനീഫ (റ), അഹ്മദ് (റ) എന്നീ മഹാന്മാര്‍ ഈ കാര്യം പറഞ്ഞിരിക്കുന്നു. * ഈ കാര്യം ഈ ആയത്തില്‍ നിന്നും ഇതര ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നുണ്ടെന്ന് അവര്‍ പറയുന്നു. * ഖുര്‍ആനിനോട് ചേര്‍ന്ന പൊതിയ്ക്കും ഖുര്‍ആനിന്‍റെ നിയമം തന്നെയാണ്. വുളുവും ശുദ്ധിയുമില്ലാതെ അതും സ്പര്‍ശിക്കരുതെന്നതില്‍ മേല്‍ പറയപ്പെട്ട മഹാന്മാര്‍ ഏകോപിച്ചിരിക്കുന്നു. എന്നാല്‍ ഖുര്‍ആന്‍ വെക്കാന്‍ ഉപയോഗിക്കുന്ന പെട്ടി വുളുവില്ലാതെ സ്പര്‍ശിക്കാവുന്നതാണെന്ന് ഇമാം അബൂഹനീഫ (റ)യും സ്പര്‍ശിക്കാന്‍ പാടില്ലെന്ന് ഇമാം ശാഫിഈ (റ)യും പ്രസ്താവിക്കുന്നു. * ധരിച്ചിരിക്കുന്ന വസ്ത്രത്തിന്‍റെ അറ്റം കൊണ്ടും ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. കര്‍ച്ചീഫ് പോലുള്ളതുകൊണ്ട് സ്പര്‍ശിക്കാവുന്നതാണ്. (മസ്ഹരി) * ജനബാത്ത്, ഹൈള്, നിഫാസ് എന്നിവയുടെ അവസ്ഥകളില്‍ കുളിക്കുന്നതുവരെയും ഖുര്‍ആന്‍ പാരായണം നടത്താന്‍ പാടില്ല. എന്നാല്‍ വുളു ഇല്ലാത്തവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യാവുന്നതാണ്. അലിയ്യ് (റ) നിവേദനം. റസൂലുല്ലാഹി (സ) വുളു എടുക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു. (മസ്ഹരി) 
ഈ ഭാഷണത്തോട് നിങ്ങള്‍ അവഗണന പുലര്‍ത്തുകയാണോ?(81) * മുദ്ഹിനൂന്‍ എന്നത് ഇദ്ഹാനില്‍ നിന്നും എടുക്കപ്പെട്ടതാണ്. എണ്ണയിട്ട് തടവുക എന്നാണ് ആശയം. ഇപ്രകാരം തടകുന്നതിലൂടെ അവയവം മയപ്പെടുന്നതാണ്. മയപ്പെടുത്തുക, അന്യായമായി മയം കാട്ടുക, കാപട്യം പുലര്‍ത്തുക എന്നീ അര്‍ത്ഥങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ഈ ആയത്തിന്‍റെ ആശയം പടച്ചവന്‍റെ വചനങ്ങളെ അംഗീകരിക്കുന്ന വിഷയത്തില്‍ കാപട്യമോ നിഷേധമോ പുലര്‍ത്തുകയാണോ എന്നാണ്. 
ആത്മാവ് തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍(83) അപ്പോള്‍ നിങ്ങള്‍ നിസ്സഹായതയോടെ നോക്കിക്കൊണ്ടിരിക്കുന്നതാണ്(84) അപ്പോള്‍ നിങ്ങളേക്കാളും നാം നിങ്ങളുടെ ആത്മാവിലേക്ക് അടുത്തിരിക്കുന്നു. പക്ഷേ നിങ്ങള്‍ കാണുന്നതല്ല.(85) നിങ്ങള്‍ വിചാരണ ചെയ്യപ്പെടാത്തവരാണെങ്കില്‍ (86) പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ മടക്കിയെടുക്കാത്തത്, നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ചിന്തിക്കുക.(87) കഴിഞ്ഞ ആയത്തുകളില്‍ നക്ഷത്രങ്ങളുടെ അസ്തമനാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് രണ്ട് കാര്യങ്ങള്‍ സമര്‍ത്ഥിക്കുകയുണ്ടായി. 1. പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ ഭാഷണാണ്. അതില്‍ പിശാചിന്‍റെയും ഭൂതത്തിന്‍റെയും യാതൊരുവിധ കൈകടത്തലുകളുമില്ല. അതിലുള്ളതെല്ലാം സത്യമാണ്. 2. ഖുര്‍ആനില്‍ പറയപ്പെട്ടിരിക്കുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യം ലോകാവസാനവും പരലോകത്ത് പടച്ചവന്‍റെ മുന്നില്‍ വിചാരണയ്ക്ക് വേണ്ടി ഹാജരാകലുമാണ്. അവസാനമായി നിഷേധികള്‍ ഖുര്‍ആനിനെയും പരലോകത്തെയും നിഷേധിക്കുന്നതിനെ അനുസ്മരിക്കുകയുണ്ടായി. പരലോകത്തെ നിഷേധിക്കുന്നതില്‍ ആത്മാവിന്‍റെ ഉടമകള്‍ ഞങ്ങളാണെന്നും വാദവും അടങ്ങിയിട്ടുണ്ട്. ഈ തെറ്റായ വാദത്തെ ഖണ്ഡിക്കുന്നതിന് അല്ലാഹു ഈ ആയത്തില്‍ മരണത്തിന്‍റെ സമയത്തുള്ള മനുഷ്യന്‍റെ അവസ്ഥ വിവരിച്ചുകൊണ്ട് പറയുന്നു: ആത്മാവ് തൊണ്ടക്കുഴിയില്‍ എത്തുകയും മരണപ്പെടുന്നവരുടെ ബന്ധുമിത്രങ്ങള്‍ ഈ ദു:ഖകരമായ അവസ്ഥ നോക്കിക്കൊണ്ടിരിക്കുകയും ആത്മാവ് പുറപ്പെടാതിരിക്കണമെന്നും ജീവന്‍ തുടരണമെന്നും മോഹിക്കുകയും ചെയ്യുന്ന സമയത്ത് മനുഷ്യന്‍റെ ബലഹീനത ശരിയ്ക്കും പ്രകടമാകുന്നതാണ്. അതെ, ആര്‍ക്കും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതല്ല. അല്ലാഹു പറയുന്നു: തദവസരം നിങ്ങളേക്കാള്‍ നാം അദ്ദേഹത്തിലേക്ക് അറിവ് കൊണ്ടും കഴിവ് കൊണ്ടും കൂടുതല്‍ അടുത്തിരിക്കുന്നതാണ്. അടുത്തിരിക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശം അദ്ദേഹത്തിന്‍റെ ബാഹ്യവും ആന്തരികവുമായ അവസ്ഥകള്‍ കൂടുതല്‍ മനസ്സിലാക്കുകയും അവയില്‍ പരിപൂര്‍ണ്ണ കഴിവ് പുലര്‍ത്തുകയും ചെയ്യുക എന്നാണ്. പക്ഷേ, നമ്മുടെ ഈ അടുപ്പവും അറിവും ശേഷിയും നിങ്ങള്‍ക്ക് കാണാന്‍ കഴിയുകയില്ല. അതായത് നിങ്ങള്‍ എല്ലാവരും ഒത്തുകൂടി അദ്ദേഹത്തിന്‍റെ ജീവനും ആത്മാവും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചാലും നിങ്ങള്‍ക്ക് അതിന് സാധിക്കുന്നതല്ല. നമ്മുടെ അറിവും കഴിവും അദ്ദേഹത്തിലേക്ക് കൂടുതല്‍ അടുത്തതായിരിക്കും. അദ്ദേഹം നമ്മുടെ തീരുമാനത്തിനും വിധിയ്ക്കും അനുസരിച്ച് മാത്രം നീങ്ങുന്നതാണ്. അദ്ദേഹത്തിന്‍റെ ആത്മാവ് എടുക്കാന്‍ നാം തീരുമാനിച്ച നിമിഷം ആര്‍ക്കും അതിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിയുന്നതല്ല. ഈ ഉദാഹരണം വിവരിച്ചുകൊണ്ട് അല്ലാഹു അറിയിക്കുന്നു: മരണാനന്തരം നിങ്ങള്‍ വീണ്ടും ജീവിപ്പിക്കപ്പെടുകയില്ലെന്നും നിങ്ങള്‍ വലിയ കഴിവും ശേഷിയും ഉള്ളവരാണെന്നും നിങ്ങള്‍ വാദിക്കുന്നെങ്കില്‍ നിങ്ങളുടെ ശേഷി പ്രകടിപ്പിച്ച് മരണപ്പെടുന്നവരുടെ ആത്മാവിനെ രക്ഷിക്കുകയോ മരണപ്പെട്ട ശേഷം മടക്കിക്കൊണ്ട് വരുകയോ ചെയ്യുക. നിങ്ങള്‍ക്ക് അതിന് കഴിവില്ലെങ്കില്‍ നിങ്ങള്‍ പടച്ചവന്‍റെ പിടുത്തത്തില്‍ നിന്നും സംരക്ഷണം ലഭിച്ചവരായി കരുതുന്നതും മരണാനന്തരം ജീവിപ്പിക്കപ്പെടുമെന്നതിനെ നിഷേധിക്കുന്നത് എത്ര വലിയ ബുദ്ധിയില്ലായ്മയാണ്. 
(മരിക്കുന്നവന്‍) സമീപസ്ഥരായ മഹത്തുക്കളില്‍പ്പെട്ടവനാണെങ്കില്‍.(88) ഭൗതിക ലോകത്തെ ജീവിതം ഒരിക്കല്‍ അവസാനിക്കുന്നതാണെന്നും മരണപ്പെടുന്നവരുടെ ബന്ധുമിത്രങ്ങളില്‍ വൈദ്യന്മാരും അതിന് മുന്നില്‍ നിസ്സഹായരാകുമെന്നും നിങ്ങള്‍ മനസ്സിലാക്കിയതുപോലെ മരണാനന്തരം ജീവിതമുണ്ടെന്നും അതില്‍ വിചാരണ നടക്കുന്നതാണെന്നും തുടര്‍ന്ന് രക്ഷാശിക്ഷകള്‍ സംഭവിക്കുന്നതാണെന്നും നിങ്ങള്‍ മനസ്സിലാക്കുക. രക്ഷാശിക്ഷകളില്‍ ജനങ്ങള്‍ മൂന്ന് വിഭാഗമായി തിരിയുന്നതാണ്. ഈ മൂന്ന് വിഭാഗങ്ങളുടെ രക്ഷാശിക്ഷകള്‍ സൂറത്തിന്‍റെ ആരംഭത്തില്‍ വിവരിച്ച് കഴിഞ്ഞു. ഇവിടെ ഹൃസ്വമായ നിലയില്‍ വീണ്ടും പറയുന്നു: ഒരു വ്യക്തി പടച്ചവന്‍റെ സമീപസ്ഥരിലും നന്മകളില്‍ മുന്നേറിയവരിലും പെട്ടവരാണെങ്കില്‍ അവര്‍ക്ക് സുഖത്തോട് സുഖവും സന്തോഷത്തോട് സന്തോഷവും ലഭിക്കുന്നതാണ്. ഇനി സമീപസ്ഥരില്‍ പെടാതെ വലതുപക്ഷക്കാരായ സുകൃത ജനങ്ങളിള്‍ പെട്ടവരും സ്വര്‍ഗ്ഗത്തിന്‍റെ അനുഗ്രഹങ്ങളില്‍ ആറാടുന്നതാണ്. ഇനി ഇടതുപക്ഷക്കാരായ നിഷേധികളാണെങ്കില്‍ നരകത്തിന്‍റെ തീയില്‍ ചൂട് വെള്ളം അനുഭവിക്കേണ്ടി വരുന്നതാണ്. അവസാനമായി അല്ലാഹു പറയുന്നു: ഇത് തീര്‍ത്തും ഉറപ്പുള്ള സത്യ സന്ദേശമാണ്.(95) അതായത് മേല്‍ പറയപ്പെട്ട രക്ഷാശിക്ഷകള്‍ സത്യവും തീര്‍ത്തും ഉറപ്പായതുമാണ്. അതില്‍ യാതൊരുവിധ സംശങ്ങള്‍ക്കും സാധ്യതയില്ല. 
മഹോന്നതനായ രക്ഷിതാവിനെ താങ്കള്‍ പ്രകീര്‍ത്തിക്കുക.(96) സൂറത്തിന്‍റെ അന്ത്യത്തില്‍ റസൂലുല്ലാഹി (സ)യെ സംബോധന ചെയ്തുകൊണ്ട് പറയുന്നു: താങ്കളുടെ രക്ഷിതാവിന് അനുയോജ്യമല്ലാത്ത സകല കാര്യങ്ങളില്‍ നിന്നും പടച്ചവന്‍ പരമപരിശുദ്ധനാണെന്ന കാര്യം വിവരിച്ചുകൊണ്ടേ ഇരിക്കുക. ഇതില്‍ നമസ്കാരത്തിലെ തസ്ബീഹുകളും നമസ്കാരത്തിന് വെളിയിലുള്ള തസ്ബീഹുകളും പെടുന്നതാണ്. ചിലവേള നമസ്കാരത്തിന് തന്നെ തസ്ബീഹെന്ന് പറയപ്പെടാറുണ്ട്. അത്തരുണത്തില്‍ ഇതിന്‍റെ ആശയം നമസ്കാരത്തില്‍ ശ്രദ്ധ പുലര്‍ത്തുക എന്നാണ്. 
പടച്ചവന്‍റെ സഹായത്താല്‍ സൂറത്തുല്‍ വാഖിഅ 1391 റബീല്‍ ആഖര്‍ 20 ബുധനാഴ്ച രാത്രി അവസാനിച്ചു. ഇന്‍ ഷാ അല്ലാഹ് അടുത്തതായി സൂറത്തുല്‍ ഹദീദ് വ്യാഖ്യാനം വരുന്നതാണ്. 

********************************* 



 മആരിഫുല്‍ ഹദീസ് 

 
ഇസ്തിഗ്ഫാറും തൗബയും 

 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


ഇസ്തിഗ്ഫാര്‍ അഥവാ പാപങ്ങള്‍ പൊറുത്തു തരുന്നതിന് അല്ലാഹുവിനോടുള്ള അപേക്ഷ ദുആയുടെ തന്നെ ഒരു പ്രത്യേക ഭാഗമാണ്. തൗബ അതിന്‍റെ നിര്‍ബന്ധ ഘടകവുമാണ്. എന്നല്ല ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. പാപങ്ങള്‍ സംഭവിച്ചാല്‍ അതിന്‍റെ ദുഷിച്ച പരിണിത ഫലത്തെ ഭയപ്പെട്ട് ഹൃദയംഗമായി ഖേദിക്കുക, ഭാവിയില്‍ പാപങ്ങളില്‍ നിന്നും അകന്നും അല്ലാഹുവിന്‍റെ പൊരുത്തം ഉണ്ടാകുന്ന നന്മകള്‍ പ്രവര്‍ത്തിച്ചും ജീവിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുക. ഇതാണ് തൗബയുടെ പൊരുള്‍. മനുഷ്യന് പാപങ്ങളില്‍ പശ്ചാത്താപം ഉണ്ടായാല്‍ അല്ലാഹുവിനോടവന്‍ മാപ്പിനപേക്ഷിക്കുന്നതാണ്. മാപ്പ് സ്വീകരിക്കപ്പെടണമെങ്കില്‍ പശ്ചാത്താപമുണ്ടാകണമെന്നതും നിര്‍ബന്ധമാണ്. ഇതിനാലാണ് ഇവരണ്ടും പരസ്പര പൂരകങ്ങളാണെന്ന് പറഞ്ഞത്.
ഇസ്തിഗ്ഫാറിന്‍റെയും തൗബയുടെയും യാഥാര്‍ത്ഥ്യം ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. ഒരാള്‍ ആത്മഹത്യ ചെയ്യുന്നതിന് വിഷം കഴിച്ചു അത് അവന്‍റെ ശരീരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയും തല്‍ഫലമായി അസഹ്യമായ വേദനയും പ്രയാസവും അനുഭവപ്പെടുക്കയും മരണം മുന്നിലെത്തുകയും ചെയ്യുമ്പോള്‍ തന്‍റെ ബുദ്ധിശൂന്യമായ പ്രവര്‍ത്ത നത്തില്‍ അയാള്‍ക്ക് ഖേദമുണ്ടായി തുടര്‍ന്ന് എന്ത് വിലകൊടുത്തും സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ അയാള്‍ ശ്രമിക്കുകയും അതിനായി വൈദ്യന്മാരുടെ നിര്‍ദേശങ്ങള്‍ പരിപൂര്‍ണ്ണമായി അനുസരിക്കുകയും ചെയ്തു ഇത്തരം ഘട്ടത്തില്‍ തീര്‍ച്ചയായും അയാള്‍ തന്‍റെ വിഢിത്തം ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പായും തീരുമാനമെടുക്കുന്നതാണ്.
ഇപ്രകാരം ഒരു മുഅ്മിനായ അടിമ അശ്രദ്ധയുടെ സാഹചര്യത്തില്‍ ശൈത്വാന്‍റെയോ ശാരീരിക ഇച്ഛകളുടെയോ പ്രേരണയ്ക്ക് വശംവദനായി പാപം പ്രവര്‍ത്തിച്ചുപോയാല്‍ പിന്നീട് അല്ലാഹുവിന്‍റെ കരുണയാല്‍ അവന്‍റെ ഈമാനിക ബോധം ഉണരുന്നതാണ് തല്‍ഫലമായി തന്‍റെ ഉടമസ്ഥനെ ധിക്കരിച്ച് നാശത്തിലകപ്പെട്ടുവെന്നും അവന്‍റെ തൃപ്തിക്കുപകരം കോപത്തിന് താന്‍ അര്‍ഹനാ യെന്നും ഇതേ അവസ്ഥയില്‍ മരണപ്പെടുക യാണെങ്കില്‍ പരലോകത്ത് കഠിന ശിക്ഷയ്ക്ക് വിധേയനാകേണ്ടിവരുമെന്നും അല്ലാഹുവിന് മുഖം കാണിക്കുവാന്‍ സാധ്യമാകുകയില്ലെന്നും അവന് മനസ്സിലാകുന്നതാണ്. അതോടൊപ്പം അല്ലാഹുവിന്‍റെ കാരുണ്യത്തിലുള്ള പ്രതീക്ഷ അവന്‍റെ ഹൃദയത്തില്‍ അലതല്ലുകയും അല്ലാഹുവിനോട് മാപ്പിനെ തേടിയാല്‍ തന്‍റെ പാപങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അവന് പ്രതീക്ഷയുണ്ടാവുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് അവന്‍ പാപങ്ങളില്‍ നിന്ന് പൊറുക്കലിനെ തേടുകയും ഇനി അവ ആവര്‍ത്തിക്കുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കുകയും ചെയ്യും ഇതിനാണ് ഇസ്തിഗ്ഫാര്‍, തൗബ എന്ന് പറയുന്നത്. 

തൗബയുടെയും ഇസ്തിഗ്ഫാറിന്‍റെയും മാഹാത്മ്യം
അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകാര്യയോഗ്യരായ അടിമകള്‍ക്ക് ലഭിക്കുന്ന പദവികളില്‍ ഏറ്റവും ഉയര്‍ന്നത് അടിമത്വത്തിന്‍റെ സ്ഥാനമാണെന്നും ദുആ അടിമത്വത്തിന്‍റെ ഏറ്റവും ഉയര്‍ന്ന പ്രകടനമാണെന്നും മുന്‍പ് പ്രസ്താവിച്ചിട്ടുണ്ട്. ദുആ ആരാധനയുടെ മജ്ജയാണെന്നും അല്ലാഹുവിന്‍റെ അടുക്കല്‍ ദുആയെക്കാള്‍ സ്ഥാനമുള്ളതായി മറ്റൊന്നുമില്ലെന്നും റസൂലുല്ലാഹി (സ) അരുളുകയുണ്ടായി.
പാപങ്ങളില്‍ നിന്നും പശ്ചാത്തപിക്കുന്ന സമയത്ത് ഒരു വ്യക്തിയുടെ ഹൃദയത്തില്‍ അനുഭവപ്പെടുന്ന ഖേദവും കുറ്റബോധവും ലജ്ജയും വിനയവും മറ്റൊരു ദുആയുടെ സന്ദര്‍ഭത്തിലും ഉണ്ടാകുന്നതല്ല. അപ്രകാരമുണ്ടാകുവാന്‍ സാധ്യതയുമില്ല. ഈ അടിസ്ഥാനത്തില്‍ ഇസ്തിഗ്ഫാറും തൗബയും ഏറ്റവും ഉയര്‍ന്ന ഇബാദത്തും അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ സാമീപ്യം ഉണ്ടാക്കുന്ന സംഗതികളുമാണ്. കൂടുതലായി ഇവ അനുഷ്ടിക്കുവാന്‍ സൗഭാഗ്യം ലഭിച്ചവര്‍ക്ക് പാപമോചനത്തോടൊപ്പം അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹങ്ങളും സ്നേഹവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.
റസൂലുല്ലാഹി (സ) ധാരാളമായി ഇസ്തിഗ്ഫാറും തൗബയും അനുഷ്ടിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ പുറകെ വിവരിക്കുന്നതാണ്. നബി (സ) ഇവ വര്‍ധിപ്പിച്ചതിന്‍റെ കാരണമെന്തെന്ന് മുകളിലെ വരികളിലൂടെ എളുപ്പത്തില്‍ മനസിലാകും.
ഇസ്തിഗ്ഫാറും തൗബയും പാപികളുടെ ജോലിയാണെന്നും അവരാണ് അതിന്‍റെ ആവശ്യക്കാരെന്നുമുള്ള ചിന്ത തെറ്റാണ്. പാപസുരക്ഷിതരായ നബിമാര്‍ പോലും അടിമത്വത്തിന്‍റെ ബാധ്യത പൂര്‍ണ്ണമായും നിര്‍വ്വഹിക്കാന്‍ സാധിച്ചില്ല എന്ന ചിന്തയില്‍ ഇസ്തിഗ്ഫാര്‍ അധികരിപ്പിച്ചിരുന്നു എന്ന് ചിന്തിക്കുക! എത്രതോളമെന്നാല്‍ അവര്‍ നിവ്വഹിച്ച നമസ്ക്കാരങ്ങള്‍ പോലും അപൂര്‍ണ്ണമാണെന്ന് കരുതികൊണ്ട് അവര്‍ ഇസ്തിഗ്ഫാര്‍ ചെയ്തിരുന്നു.
ചുരുക്കത്തില്‍ ഇസ്തിഗ്ഫാറും തൗബയും പാപികള്‍ക്ക് പാപമോചനത്തിനും ഇലാഹി കാരുണ്യത്തിനുമുള്ള മാര്‍ഗ്ഗവും അല്ലാഹുവിനോട് അടുത്തവരായ ദാസന്മാര്‍ക്ക് പദവികള്‍ ഉയര്‍ത്തുന്ന ഉയര്‍ന്ന സല്‍ക്കര്‍മ്മങ്ങളുമാണ്. അല്ലാഹു നമുക്ക് ഈ യാഥാര്‍ത്ഥ്യങ്ങള്‍ പരിപൂര്‍ണ്ണമായി മനസ്സിലാക്കിതരട്ടെ.
റസൂലുല്ലായി (സ)യുടെ ഇസ്തിഗ്ഫാറും തൗബയും
267. അബൂഹുറയ്റ (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവില്‍ സത്യം ഞാന്‍ ദിനേന എഴുപതിലധികം പ്രാവശ്യം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നു. (ബുഖാരി)
268. അഗര്‍റുല്‍ മുസ്നി (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി : ജനങ്ങളെ, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. ഞാന്‍ ദിവസേന നൂറിലധികം പ്രാവിശ്യം അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നു (മുസ്ലിം)
വിവരണം: അല്ലാഹുവിന്‍റെ മഹത്വവും സ്ഥാനവും ഗാഭീര്യവും മനസ്സിലാക്കുന്ന അടിമയുടെ ഹൃദയത്തില്‍ അവനോടുള്ള അടിമത്വത്തിന്‍റെ ബാധ്യതകള്‍ താന്‍ യഥാവിധി നിര്‍വ്വഹിച്ചിട്ടില്ല എന്ന ചിന്ത ശക്തമായി നിലനില്‍ക്കുന്നതാണ്. അല്ലഹുവിനെ കുറിച്ചുള്ള മഅ്രിഫത്തില്‍ പരിപൂര്‍ണ്ണതയില്‍ എത്തിയവരായി രുന്നതിനാല്‍ നബി(സ) യുടെ ഹൃദയത്തില്‍ പ്രസ്തുത ചിന്തയും സദാ നിലനിന്നിരുന്നു. അതിനാല്‍ ഒരോ ദിവസവും നബി(സ) വളരെയേറെ തൗബ ചെയ്തിരുന്നു.
ആദ്യത്തെ ഹദീസില്‍ എഴുപത് പ്രാവിശ്യമെന്നും രണ്ടാമത്തെ ഹദീസില്‍ നൂറു പ്രാവിശ്യമെന്നും പറയപ്പെട്ടതില്‍ വൈരുദ്ധ്യമില്ല. കാരണം, ഇവ അറബി ഭാഷയില്‍ ആധിത്യത്തെ സൂചിപ്പിക്കുന്ന പ്രയോഗങ്ങള്‍ മാത്രമാണ്. നബി(സ) ഇതിലും അനേകമിരട്ടി തൗബ ചെയ്തിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
269. ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു: ഞങ്ങള്‍ റസൂലുല്ലാഹി (സ)യുടെ ഒരു സദസ്സില്‍ മാത്രം റസൂലുല്ലാഹി (സ) നൂറ് പ്രാവശ്യം അല്ലാഹുവിനോട് ഇപ്രകാരം പാപമോചനം തേടുന്നത് കേട്ടിട്ടുണ്ട്. ..............................(രക്ഷിതാവേ, എനിയ്ക്ക് പൊറുത്ത് തരണേ. എന്‍റെ തൗബ സ്വീകരിക്കണേ. തീര്‍ച്ചയായും നീ തൗബ വളരെയധികം സ്വീകരിക്കുന്നവനും പാപം പൊറുക്കുന്നവനുമാണ്. (അഹ്മദ്) 
വിവരണം: റസൂലുല്ലാഹി (സ) ഓരോ സദസ്സിലും ദിക്ര്‍ പോലെ ഇപ്രകാരം നൂറ് പ്രാവശ്യം ചൊല്ലിയിരുന്നു എന്ന് ഈ ഹദീസിന് അര്‍ത്ഥമില്ല. മറിച്ച് റസൂലുല്ലാഹി (സ) ഓരോ സദസ്സിലും സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍ പല പ്രാവശ്യം അല്ലാഹുവിലേക്ക് തിരിയുകയും ഇപ്രകാരം പശ്ചാത്താപ വാക്കുകള്‍ പറയുകയും ചെയ്തിരുന്നു. ഞങ്ങള്‍ ചിലപ്പോള്‍ അത് എണ്ണുമ്പോള്‍ ഒരു സദസ്സില്‍ തന്നെ നൂറ് പ്രാവശ്യം റസൂലുല്ലാഹി (സ) ഇപ്രകാരം പറഞ്ഞതായി മനസ്സിലാകുമായിരുന്നു. 
270. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഇപ്രകാരം പറയുമായിരുന്നു: ............................. (.....................) (ഇബ്നുമാജ) 
വിവരണം: ഒരു ദാസന് സ്വര്‍ഗ്ഗവും പടച്ചവന്‍റെ പ്രീതിയും വാഗ്ദാനം ചെയ്യപ്പെട്ട ഏതെങ്കിലും കര്‍മ്മം ചെയ്യുന്നതിന് സൗഭാഗ്യം ലഭിക്കുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹം ഉണ്ടായി എന്നതിന് അടയാളമാണ്. ഇത്തരുണത്തില്‍ അതിന്‍റെ പേരില്‍ സന്തോഷം പ്രകടിപ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ഇപ്രകാരം ചെറുതോ, വലുതോ ആയ പാപം വല്ലതും സംഭവിച്ചാല്‍ അതില്‍ ദു:ഖിക്കുകയും ഉടനടി പടച്ചവനോട് പാപമോചനം തേടുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും ദാസനില്‍ ഈ രണ്ട് ഗുണങ്ങളുണ്ടായാല്‍ അവന്‍ വലിയ ഭാഗ്യവാനാണ്. റസൂലുല്ലാഹി (സ) ഈ ഗുണങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് ദുആ ഇരക്കുന്നത് എത്രമാത്രം ചിന്തനീയമാണ്. 

പാപങ്ങളുടെ കറ തൗബയിലൂടെ നീങ്ങുന്നതാണ്.
271. അബൂഹുറയ്റ (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: ഒരു മുഅ്മിന്‍ പാപം ചെയ്യുമ്പോള്‍ ഒരു കറുത്ത പാട് അവന്‍റെ ഹൃദയത്തില്‍ പതിയുന്നതാണ്. ഇനി അവന്‍ അതില്‍ നിന്നും പശ്ചാത്തപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്താല്‍ പ്രസ്തുത കറ നീങ്ങി ഹൃദയം ശുദ്ധിയാകുന്നതാണ്. നേരെ മറിച്ച് പാപത്തെ അധികരിപ്പിച്ചാല്‍ ഹൃദയത്തിലെ കറുത്ത പാടുകളും അധികരിച്ച് അവസാനം അത് ഹൃദയത്തെ മൂടുന്നതാണ്. അല്ലാഹു ഇതിനെ കുറിച്ച് ഖുര്‍ആനില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'നിശ്ചയമായും അവന്‍ സമ്പാദിച്ച ദുഷ്കൃത്യങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു'.  (മുസ്നദ് അഹ്മദ്, തിര്‍മിദി, ഇബ്നുമാജ) 
വിവരണം: പാപങ്ങള്‍ കാരണമായി കാഫിറുകളുടെ മാത്രമല്ല മുസ്ലിംകളുടെ ഹൃദയങ്ങളും കറുത്തുപോകുമെന്ന് ഉപരിസൂചിത ഹദീസ് പഠിപ്പിക്കുന്നു. എന്നാല്‍, മുസ്ലിം നിഷ്കളങ്ക ഹൃദയത്തോടെ പശ്ചാത്തപിച്ചാല്‍ ഹൃദയത്തിലെ അന്ധകാരം നീങ്ങി അവിടെ പ്രകാശം നിറയുന്നതാണ്. എന്നാല്‍, പാപങ്ങളില്‍ നിന്നും പശ്ചാത്തപിക്കാ തിരിക്കുകയോ പാപകര്‍മ്മങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്താല്‍ ഹൃദയത്തിലെ കറുത്ത കറ വര്‍ദ്ധിച്ചു വന്ന് അവസാനം ഹൃദയം ഇരുള്‍ മൂടി ഈമാനിന്‍റെ പ്രകാശം അണഞ്ഞുപോകുന്നതാണ്. ഇത് അങ്ങേയറ്റത്തെ ദൗര്‍ഭാഗ്യമാണ്. അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ! ആമീന്‍
272. അനസ് (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: ആദം സന്തതികളെല്ലാം വളരെ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണ്. (ചെറിയ വീഴ്ച പോലും സംഭവിക്കാത്തവരായി ആരും തന്നെയില്ല) പാപം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും ഉത്തമര്‍ അതില്‍ നിന്നും പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങുന്നവരാണ്.  (തിര്‍മിദി, ഇബ്നുമാജ, ദാറമി)
വിവരണം: പാപങ്ങള്‍ മനുഷ്യ സഹജമാണ്. എന്നാല്‍ ഉത്തമരായ ആളുകള്‍ അവിചാരിതമായി പാപങ്ങള്‍ പ്രവര്‍ത്തിച്ചുപോയാല്‍ ഉടന്‍ തന്നെ നിഷ്കളങ്കമായി പശ്ചാത്തപിക്കുകയും തൗബ, ഇസ്തിഗ്ഫാര്‍ മുഖേന അല്ലാഹുവിന്‍റെ പൊരുത്തം നേടിയെടുക്കുകയും ചെയ്യും.
273 അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പാപത്തില്‍ നിന്നും പശ്ചാത്തപിക്കുന്നവന്‍ പാപം പ്രവര്‍ത്തിക്കാത്തവനെ പ്പോലെയാണ്. (ഇബ്നുമാജ, ബൈഹഖി).
വിവരണം: സത്യസന്ധമായ തൗബ ചെയ്താല്‍ ഹൃദയത്തില്‍ നിന്നും പാപക്കറ പരിപൂര്‍ണ്ണമായി നീങ്ങുന്നതാണ്. ഹദീസില്‍ വരുന്നു. പാപങ്ങളില്‍ നിന്നും പശ്ചാത്തപിച്ചവന്‍ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലേതെന്ന പോലെ പരിശുദ്ധനാകുന്നതാണ്. മറ്റു ചില രിവായത്തുകളില്‍ തൗബയിലൂടെ പാപമോചനത്തോടൊപ്പം അല്ലാഹുവിന്‍റെ സ്നേഹവും ലഭിക്കുമെന്ന് വന്നിട്ടുണ്ട്. അല്ലാഹുവേ ഇത്തരം നിഷ്കളങ്കമായ തൗബ ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തേണമേ!
274. അബൂഅയ്യൂബ് (റ) നിവേദനം: തനിക്ക് വഫാത്തിന്‍റെ സമയം ആഗതമായപ്പോള്‍ മഹാന്‍ പറഞ്ഞു: റസൂലുലാഹി (സ)യില്‍ നിന്നും കേട്ടിട്ടുള്ള ഒരു കാര്യം ഞാന്‍ നിങ്ങളില്‍ നിന്നും മറച്ച് വെച്ചിരുന്നു; (എന്‍റെ അവസാന സമയത്ത് ഉത്തരവാദിത്വപൂര്‍ത്തീ കരണത്തിനായി ഞാന്‍ നിങ്ങളോടത് വെളിവാക്കു കയാണ്) റസൂലുലാഹി (സ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ (മലക്കുകളെ പോലെ) പാപം പ്രവര്‍ത്തിക്കാത്തവരായി മാറിയാല്‍ അല്ലാഹു പാപം പ്രവര്‍ത്തിക്കുന്ന മറ്റൊരു കൂട്ടരെ സൃഷ്ടിക്കുകയും അവരുടെ പാപങ്ങള്‍ മാപ്പാക്കുകയും ചെയ്യുന്നതാണ്. (മുസ്ലിം)
വിവരണം: അല്ലാഹു പാപങ്ങളെ ആഗ്രഹിക്കുന്നുവെന്നും അവന്‍ പാപികളെ ഇഷ്ടപ്പെടുന്നുവെന്നും റസൂലുല്ലാഹി (സ) പാപികള്‍ക്ക് ധൈര്യം പകര്‍ന്നുവെന്നും ഈ ഹദീസിലൂടെ മനസ്സിലാക്കുന്നത് ഹദീസിന്‍റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ സംബന്ധിച്ച അജ്ഞതയാണ്. കാരണം നബിമാരുടെ നിയോഗ ലക്ഷ്യം തന്നെ ജനങ്ങളെ പാപങ്ങളില്‍ നിന്നും രക്ഷിക്കലും സല്‍ക്കര്‍മ്മങ്ങള്‍ക്ക് പ്രേരണ നല്‍കലുമാണ്.
യഥാര്‍ത്ഥത്തില്‍ ഈ ഹദീസിന്‍റെ പ്രമേയം അല്ലാഹുവിന്‍റെ മഹോന്നത ഗുണങ്ങ ളില്‍പ്പെട്ടڔ"ഗഫാരിയ്യത്ത്" (പാപങ്ങള്‍ മാപ്പ്ചെയ്യല്‍) എന്ന ഗുണമാണ്. അല്ലാഹുവിന്‍റെ 'സൃഷ്ടികര്‍ത്താവ്' എന്ന ഗുണം പ്രകടമാകുന്നത് സൃഷ്ടികളും. 'അന്നദാതാവ്' എന്ന ഗുണം പ്രകടമാക്കുന്നത് അതിന് ആവശ്യക്കാരായ സൃഷ്ടികളും ഉണ്ടാകുമ്പോഴാണ്. ഇതുപോലെ അല്ലാഹുവിന്‍റെ മഗ്ഫിറത്ത് പ്രകടമാകുന്നതിന് പാപങ്ങള്‍ പ്രവര്‍ത്തിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്ന ജനങ്ങളുണ്ടാവുകയും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയും വേണം. അതിനാല്‍ ദുനിയാവില്‍ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നവരുണ്ടാകുമെന്നും അവരിലെ സൗഭാഗ്യവാന്മാരായ ആളുകള്‍ പശ്ചാത്തപിച്ചു മടങ്ങുമെന്നും അല്ലാഹു നേരത്തേ തീരുമാനിച്ചിട്ടുണ്ട്
കാര്യങ്ങളെ യഥാവിധി ഗ്രഹിക്കുവാന്‍ ശേഷിയില്ലാത്തവര്‍ ഹദീസിനെ തെറ്റിദ്ധരിക്കുമെന്ന ഭയത്തിന്‍റെ പേരിലാണ് അബൂഅയ്യൂബ് (റ) തന്‍റെ ജീവിതകാലത്ത് ഇത് വെളിപ്പെടുത്താതിരുന്നത്. എന്നാല്‍ വഫാത്തിന്‍റെ സന്ദര്‍ഭത്തില്‍ ഇല്‍മിനെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയെന്ന ഉത്തരവാദിത്വം പൂര്‍ത്തീകരിക്കുന്നതിന് മഹാനവര്‍കള്‍ ഇതിനെ വിവരിച്ചു.

പാപവും ഇസ്തിഗ്ഫാറും ആവര്‍ത്തിക്കുന്നവര്‍ 
275. അബൂ ഹുറയ്റ (റ) നിവേദനം, റസൂലുല്ലാഹി (സ) അരുളി. അല്ലാഹുവിന്‍റെ ഒരു ദാസന്‍ പാപം പ്രവര്‍ത്തിച്ചതിന് ശേഷം പറഞ്ഞു. എന്‍റെ രക്ഷിതാവേ എന്നില്‍ നിന്നും പാപകരമായ പ്രവര്‍ത്തനമുണ്ടായി നീ അത് മാപ്പാക്കേണമേ! അപ്പോള്‍ അവന്‍റെ രക്ഷിതാവ് പറഞ്ഞു: പാപത്തെ മാപ്പാക്കുവാനും അതിന് ശിക്ഷ നല്‍കുവാനും കഴിയുന്ന ഒരു അധികാരി തനിക്കുണ്ടെന്ന് എന്‍റെ അടിമ അറിഞ്ഞില്ലേ?  എന്‍റെ അടിമക്ക് ഞാന്‍ മാപ്പ് നല്‍കിയിരിക്കുന്നു. എന്നിട്ട് അല്ലാഹു ഉദ്ദേശിച്ചത്ര സമയം അവന്‍ പാപങ്ങളില്‍ നിന്ന് അകന്ന് നിന്നുവെങ്കിലും വീണ്ടും അവനില്‍ നിന്നും പാപമുണ്ടായി. തുടര്‍ന്നു അല്ലാഹുവിനെ വിളിച്ച് കൊണ്ട് പറഞ്ഞു. രക്ഷിതാവേ എന്നില്‍ നിന്ന് പാപം സംഭവിച്ചിരിക്കുന്നു. നീ അത് മാപ്പാക്കിയാലും. അല്ലാഹു വീണ്ടും പറഞ്ഞു. അടിമകളുടെ പാപങ്ങള്‍ മാപ്പാക്കുവാനും അതിന് ശിക്ഷ നല്‍കുവാനും കഴിയുന്ന ഒരു രക്ഷിതാവ് തനിക്കുണ്ടെന്ന് എന്‍റെ അടിമയ്ക്ക് അറിയില്ലേ? ഞാന്‍ എന്‍റെ അടിമയുടെ പാപം മാപ്പ് ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചത്ര സമയം അവന്‍ പാപങ്ങളില്‍ നിന്നും അകന്ന് നിന്നുവെങ്കിലും വീണ്ടും അവനില്‍ നിന്നും പാപമുണ്ടാകുകയും തന്‍റെ പാപം മാപ്പാക്കണമെന്ന് രക്ഷിതാവിനോട് തേടുകയും ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു. സ്വന്തം അടിമകളുടെ പാപം മാപ്പാക്കുവാനും അതിന് ശിക്ഷ നല്‍കുവാനും കഴിയും. ഒരു രക്ഷാധികാരി തനിക്കുണ്ടെന്ന് എന്‍റെ അടിമ അറിഞ്ഞില്ലേ?  ഞാനവന് മാപ്പ് നല്‍കിയിരിക്കുന്നു. ഇനി അവന്‍ ആഗ്രഹിക്കുന്നത് പ്രവര്‍ത്തിച്ച് കൊള്ളട്ടെ! (ബുഖാരി മുസ്ലിം)
വിവരണം: ആദരവായ നബി (സ) ഈ ഹദീസില്‍ പരമാര്‍ശിച്ച നിരന്തരം പാപം ചെയ്യുകയും മാപ്പപേക്ഷിക്കുകയും ചെയ്ത വ്യക്തി നബി (സ) യുടെ ഉമ്മത്തിലെയോ പൂര്‍വ്വ ഉമ്മത്തിലെയോ ഏതെങ്കിലും വ്യക്തിയാകുവാന്‍ സാധ്യതയുണ്ടെന്ന് ഹദീസ് വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിനീതന്‍റെ വീക്ഷണത്തില്‍ ഉമ്മത്തിലെ ഈമാനുള്ളവരും എന്നാല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാപം ചെയ്ത് അല്ലാഹുവിനോട് മാപ്പപേക്ഷിച്ചവരുമായ ആയിരക്കണക്കിനാളുകളോടുള്ള അല്ലാഹുവിന്‍റെ പൊതുവായ കാരുണ്യമാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. 
ഹദീസിന്‍റെ അവസാന ഭാഗത്ത് ഇനി ആഗ്രഹാനുസരണം പ്രവര്‍ത്തിച്ചു കൊള്ളട്ടെ എന്നുള്ളത് പാപകര്‍മ്മങ്ങള്‍ക്കുള്ള അനുവാദമല്ല. മറിച്ച് സത്യസന്ധമായി പശ്ചാത്തപിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുവാനും പാപത്തിന്‍റെ കെടുതിയില്‍ നിന്നും അവരെ സംരക്ഷിക്കുവാനും അല്ലാഹു എപ്പോഴും തയ്യാറാണെന്നറിയിക്കുന്ന പദപ്രയോഗമാണത്. അല്ലാഹുവിനോട് യഥാര്‍ത്ഥ ബന്ധമുള്ള അടിമകള്‍ ഇതു കേള്‍ക്കുമ്പോള്‍ അവരുടെ ഹൃദയത്തിലുണ്ടാകുന്ന ചേതോവികാരം നന്ദിയും ആത്മാര്‍ത്ഥതയുമായിരിക്കും. സ്വഹീഹു മുസ്ലിമിന്‍റെ രിവായത്തനുസരിച്ച് ഈ ഹദീസ് ഖുദ്സിയ്യായ ഹദീസുകളുടെ ഗണത്തിലുള്‍പ്പെടുന്നു.
276. അബൂബക്ര്‍ സിദ്ദീഖ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പാപത്തിന് ശേഷം സത്യസന്ധമായ മനസ്സോടെ പശ്ചാത്തപിക്കുന്നവന്‍ ദിവസത്തില്‍ എഴുപത് പ്രാവശ്യം പാപം ചെയ്താലും അവന്‍ അല്ലാഹുവിങ്കല്‍ പാപത്തില്‍ ഉറച്ച് നില്‍ക്കുന്നവനല്ല. (തിര്‍മിദി)
വിവരണം: യാതൊരു ചിന്തയും ഭയവുമില്ലാതെ പാപം ചെയ്തുകൊണ്ടിരിക്കലും പാപത്തില്‍ തന്നെ നിലയുറപ്പിക്കുന്നതും വലിയ ഭാഗ്യക്കേടും മോശം അന്ത്യത്തിന്‍റെ അടയാളവുമാണ്. ഇപ്രകാരം പാപം പതിവാക്കിയ വ്യക്തി അല്ലാഹുവിന്‍റെ കാരുണ്യത്തിന് അര്‍ഹനല്ല. എന്നാല്‍ ഈ ഹദീസ് പറയുന്നു: ആരെങ്കിലും പാപം ചെയ്ത ശേഷം അല്ലാഹുവിനോട് പാപമോചനം തേടിയാല്‍ പല പ്രാവശ്യം പ്രസ്തുത പാപം ആവര്‍ത്തിച്ചാലും അവന്‍ പാപത്തില്‍ ഉറച്ച് നില്‍ക്കുന്നവനായി ഗണിക്കപ്പെടുന്നതല്ല. പക്ഷേ, ഇവിടെ ഒരു കാര്യം ഓര്‍ക്കുക: ഈ പാപമോചനം തേടലു കൊണ്ടുള്ള ഉദ്ദേശം വെറും നാവിലൂടെ ഉരുവിടുന്ന ഇസ്തിഗ്ഫാറല്ല. മറിച് ഈ ഇസ്തിഗ്ഫാര്‍ മനസ്സുകൊണ്ടുള്ളതായിരിക്കണം. എന്നാല്‍ പിന്നെ പാപം ആവര്‍ത്തിക്കപ്പെട്ടാലും ദാസന്‍ ഇലാഹീ കാരുണ്യത്തിന് അര്‍ഹനാണ്. പാപത്തില്‍ ഉറച്ച് നില്‍ക്കുന്ന മഹാപാപികളില്‍ പെട്ടവനല്ല.  


രചനാ പരിചയം 

റമദാന്‍ ഓഫര്‍






Ph: 7736723639


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌