▪️ജുമുഅ സന്ദേശം
വഖ്ഫ് സംരക്ഷിക്കാൻ പരിശ്രമിക്കുക
✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹദീദ്-4
വഖ്ഫ് സംരക്ഷിക്കാൻ പരിശ്രമിക്കുക
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
ഒരു അത്യാവശ്യ വിവരണം
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
* ഇലാ റഹ്‍മത്തില്ലാഹ്
ഖാദിമുൽ ഖുർആൻ മൗലാനാ ഗുലാം മുഹമ്മദ് വസ്താൻവി വിട പറഞ്ഞു
***********************
ജുമുഅ സന്ദേശം
ALL INDIA MUSLIM PERSONAL LAW BOARD
വഖ്ഫ് സംരക്ഷിക്കാൻ പരിശ്രമിക്കുക
മൗലാനാ ഫസ്‌ലുർ റഹീം മുജദ്ദിദി
(ജനറൽ സെക്രട്ടറി, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്, റെക്ടർ, ജാമിഅ ഹിദായ, ജയ്പൂർ)
ബഹുമാന്യ സഹോദരങ്ങളെ രാജ്യത്തിൻ്റെ നിലവിലുള്ള അവസ്ഥകൾ നിങ്ങളെല്ലാവർക്കും അറിവുള്ളതാണ് രാജ്യത്ത് ഇപ്പോൾ മുസ്ലിം സമുദായത്തോടുള്ള വെറുപ്പ് വ്യാപകമായിരിക്കുന്നു ഇതിന് മുമ്പ് ജീവനും സമ്പത്തിനും നേരെയായിരുന്നു ആക്രമമെങ്കിൽ ഇപ്പോൾ മുസ്ലിംകളുടെ അടിസ്ഥാനമായ ദീനും ഈമാനും കൊള്ളയടിക്കാനുളള പദ്ധതികൾ നടപ്പിലാക്കപ്പെട്ട് കൊണ്ടിരിക്കുകയാണ് രാജ്യത്ത് എന്ത് കുഴപ്പം നടന്നാലും അതിനെ മുസ്ലിംകളിലേക്ക് ചേർത്ത് പറയപ്പെടുന്നു പുതിയ വഖ്ഫ് നിയമം വഴിയായി മുസ്ലിംകളുടെ സാമൂഹിക മേഖല തകർക്കാനുള്ള പരിശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.ഏത് ജനവിഭാഗത്തെ എടുത്താലും അവരുടെ മതസ്ഥാപനം മതത്തിൻ്റെ സംരക്ഷകനായിരിക്കും. അതെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മസ്ജിദുകളും മദ്റസകളും ദീനിൻ്റെ കാവൽ കോട്ടകളാണ് എന്നാൽ പുതിയ വഖ്ഫ് നിയമം വഴി ഇവകളെ ഇല്ലാതാക്കാനും അടുത്ത തലമുറയുടെ ബന്ധം ഇസ്ലാമിൽ നിന്നും മുറിച്ച് മാറ്റാനുമാണ് തൽപ്പര കക്ഷികൾ ആഗ്രഹിക്കുന്നത്
ഈ നിയമം കൊണ്ട് വരുന്നതിന് മുമ്പ് തന്നെ ഭരണകൂടം വളരെ തന്ത്ര പരമായി വഖ്ഫിനെതിരിൽ പ്രചണ്ടമായ പ്രചാരണം ആരംഭിക്കുകയുണ്ടായി ഇന്നും അത് നടന്ന് കൊണ്ടിരിക്കുന്നു അതുകൊണ്ട് തന്നെ ഇന്ന് നാം ചെയ്യേണ്ട പ്രധമവും പ്രധാനവുമായ കാര്യം അവർ പ്രചരിപ്പിക്കുന്ന പ്രചണ്ട പ്രചാരണങ്ങളെ തുറന്ന് കാട്ടലാണ് മസ്ജിദുകളുടെ മിമ്പറുകളും പ്രഭാഷണ സദസ്സുകളും സ്വകാര്യ കൂടിക്കാഴ്ചകളും വഴി വഖ്ഫിൻ്റെ യാഥാർത്ഥം ഓരോരുത്തർക്കും മനസിലാക്കി കൊടുക്കാൻ പരിശ്രമിക്കുക ഈ വിഷയത്തിൽ നമ്മുടെ വായനയും പഠനവും വിശലമാക്കേണ്ടതാണ് കൂടാതെ വഖ്ഫിൻ്റെ നിയമപരവും സാമൂഹികവുമായ മേഖലകളും നാം മനസിലാക്കിയിരിക്കേണ്ടതാണ് നേതാക്കളും പണ്ഡിതരും പ്രബോധകരും ഈ മേഖലയിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് അഭ്യർഥിക്കുകയാണ്
ഇതൊരു നീണ്ട പരിശ്രമം ആവശ്യമായ വിഷയമാണ് അത് കൊണ്ട്
ഈ വിഷയത്തിലുള്ള പരിശ്രമം ശാന്തമായ നിലയിലും നിയമത്തിൻ്റെ ഉള്ളിൽ നിന്നു കൊണ്ടും ആയിരിക്കണമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് പ്രത്യേകം ഉണർത്തുന്നു
അവസ്ഥകൾ വളരെ ദുഖകരമാണെങ്കിലും ഇതിനിടയിൽ പ്രതീക്ഷയുടെ പ്രകാശം പരത്തുന്ന ചില കാര്യങ്ങളുണ്ടായത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഒന്നാമതായി മുസ്ലിംകളും അമുസ്ലിംകളും എല്ലാവരും വഖ്ഫ് എന്നാൽ എന്താണ് എന്നതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്നു രാജ്യത്ത് പലപ്പോഴും പ്രബോദനം പ്രയാസകരമാകുന്ന സാഹചര്യത്തിനിടയിൽ ഇതൊരു സുവർണ്ണാവസരമായി കണ്ട് വഖ്ഫിനെ പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനു നാം സന്നദ്ധമാവുക
രണ്ടാമതായി ഈ ഒരു വിഷയത്തിൻ്റെ പേരിൽ മുസ്ലിം സമുദായം ഐക്യപ്പെട്ടിരിക്കുന്നു ഈ ഐക്യം നിലനിർത്താനും അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങൾ അവയുടെ മേഖലയിൽ മാത്രം ചുരുക്കാനും ഓരോരുത്തരും പ്രത്യേകം ഗൗനിക്കേണ്ടതാണ്
മൂന്നാമതായി അമുസ്ലിം സഹോദരങ്ങളിൽ വലിയൊരു വിഭാഗം വഖ്ഫ് വിഷയത്തിൽ മുസ്ലിം സമുദായത്തോടൊപ്പമാണ് 24 മുസ്ലിം അംഗങ്ങൾ മാത്രമുള്ള പാർലമെൻ്റിൽ 522 അംഗങ്ങളാണ് വഖ്ഫ് ബില്ലിനെതിരിൽ വോട്ട് ചെയ്തത് പ്രതിപക്ഷ കക്ഷികളിലെ ഓരോരുത്തരുടെയും പ്രഭാഷണങ്ങൾ വളരെ ശക്തവും ഉജ്ജലവുമായിരുന്നു കൂടാതെ വഖ്ഫ് നിയമത്തിനെതിൽ പല അമുസ്ലിം സംഘടനകളും വ്യക്തികളും സുപ്രീം കോടതിയിൽ കേസിനും സന്നന്ധമായിരിക്കുന്നു ഇത് വലിയോരും ശുഭ ലക്ഷണമാണ് ആകെയാൽ അമുസ്ലിം സഹോദരങ്ങളെ കൂടുതൽ അടുപ്പിക്കാനും വഖ്ഫിൻ്റെ ഗുണഫലങ്ങൾ അവർക്കും കൂടി ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
അവസാമായി പറയട്ടെ നാമും നമ്മുടെ പരിശ്രമങ്ങും എല്ലാം ബലഹീനമാണ് സർവ്വശക്തനായ അല്ലാഹുവിൻ്റെ സഹായം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ പ്രവർത്തങ്ങൾ വിജയിക്കുകയുള്ളൂ ആകയാൽ വഖ്‌ഫ് സംരക്ഷണങ്ങളുടെ പ്രവർത്തനങ്ങളോടൊപ്പം മസ്ജിദുകളും മദ്റസകളും സജീവമാക്കാനും ദിക്ർ ദുആകൾ വർദ്ധിപ്പിക്കാനും നാസിലത്തിൻ്റെ ഖുനൂത്ത് നിർവ്വഹിക്കാനും എല്ലാവരോടും അഭ്യർഥിക്കുന്നു. ഇവിടെ അനസ് -റ- അവർകളിൽ നിന്നും സ്ഥിരപ്പെട്ട ദുആകളും മൻസിൽ എന്ന പേരിൽ സമാഹരിക്കപ്പെട്ടിട്ടുളള പ്രധാന ആയത്തുകളും കൊടുക്കുന്നു ദിവസവും കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ഇത് പതിവാക്കണമെന്ന് എല്ലാവരോടും താത്പര്യപ്പെടുന്നു
*************************************
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹദീദ്-4
(29 ആയത്തുകൾ, പദങ്ങൾ 544, അക്ഷരങ്ങൾ 3476, മദീനമുനവ്വറയിൽ അവതരണം. 4 റുകൂഅ്. അവതരണ ക്രമം 94. പാരായണ ക്രമം 57. സൂറത്തുസിൽസാലിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
എല്ലാം പടച്ചവന്‍റെ തീരുമാന പ്രകാരം
(29 ആയത്തുകൾ, പദങ്ങൾ 544, അക്ഷരങ്ങൾ 3476, മദീനമുനവ്വറയിൽ അവതരണം. 4 റുകൂഅ്. അവതരണ ക്രമം 94. പാരായണ ക്രമം 57. സൂറത്തുസിൽസാലിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
എല്ലാം പടച്ചവന്‍റെ തീരുമാന പ്രകാരം
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 22-24
مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ (22) لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ ۗ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ (23) الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ ۗ وَمَن يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ (24)
ഭൂമിയിലും നിങ്ങളിലും സംഭവിക്കുന്ന എല്ലാ നാശനഷ്ടവും അത് നാം ഉണ്ടാക്കുന്നതിന് മുമ്പ് ഒരു ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. അത് അല്ലാഹുവിന് വളരെ എളുപ്പമാണ്.(22) നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതില്‍ നിരാശപ്പെടാതിരിക്കാനും നിങ്ങള്‍ക്ക് ലഭിച്ചതില്‍ അഹങ്കരിച്ച് സന്തോഷിക്കാതിരിക്കാനുമാണ് അല്ലാഹു ഇങ്ങനെ ചെയ്യുന്നത്. അഹങ്കരിക്കുകയും പെരുമപറയുകയും ചെയ്യുന്നവരെ അല്ലാഹുവിന് ഇഷ്ടമല്ല.(23) അവര്‍ പിശുക്കുകയും ജനങ്ങളോട് പിശുക്ക് കല്‍പിക്കുകയും ചെയ്യുന്നു. ആരെങ്കിലും പിന്തിരിഞ്ഞാല്‍, അല്ലാഹു ആരെയും ആവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ് എന്ന് മനസ്സിലാക്കുക.(24)
ആശയ സംഗ്രഹം
ഭൂമിയിലും നിങ്ങളിലും സംഭവിക്കുന്ന എല്ലാ നാശനഷ്ടവും അത് നാം ഉണ്ടാക്കുന്നതിന് മുമ്പ് ഒരു ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. അതായത് ബാഹ്യവും ആന്തരികവുമായ സകല നാശനഷ്ടങ്ങളും മുന്‍കൂട്ടി തീരുമാനിക്കപ്പെടുകയും ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു. സംഭവിക്കുന്നതിന് മുമ്പ് രേഖപ്പെടുത്തുക എന്നത് അല്ലാഹുവിന് വളരെ എളുപ്പമാണ്. കാരണം പടച്ചവന്‍ അദൃശ്യജ്ഞാനിയാണ്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ആരോഗ്യം, സന്താനം, സമ്പത്ത് പോലുള്ളവയില്‍ നിങ്ങള്‍ അമിതായി ദു:ഖിക്കാതിരിക്കാനും പടച്ചവന്‍റെ പൊരുത്തം തേടുന്നതിനും പരലോക വിജയത്തിന് പരിശ്രമിക്കുന്നതിനും തടസ്സമാകുന്ന നിലയില്‍ സങ്കടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ഈ കാര്യം നിങ്ങളെ അറിയിക്കുന്നത്. എന്നാല്‍ സ്വഭാവികമായ ദു:ഖ-വ്യസനങ്ങള്‍ കൊണ്ട് കുഴപ്പമില്ല. നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ലഭിച്ചതാണെന്ന് മനസ്സിലാക്കുകയും അവയില്‍ അഹങ്കരിച്ച് സന്തോഷിക്കാതിരിക്കുകയും ചെയ്യുന്നതിനും കൂടിയാണ് അല്ലാഹു ഈ കാര്യം അറിയിക്കുന്നത്. കാരണം സ്വന്തം മേന്മയാണെങ്കില്‍ മാത്രമേ അഹങ്കരിക്കാന്‍ അവകാശമുള്ളൂ. പടച്ചവന്‍ നല്‍കിയതില്‍ അടിമയ്ക്ക് അഹങ്കരിക്കാന്‍ അവകാശമില്ല. മാത്രമല്ല, അഹങ്കരിക്കുകയും പെരുമപറയുകയും ചെയ്യുന്നവരെ അല്ലാഹുവിന് ഇഷ്ടമല്ല. അഹങ്കരിക്കുക എന്നതിന്‍റെ ഉദ്ദേശം ആന്തരിക മഹത്വങ്ങളുടെ മേല്‍ അഹന്ത പുലര്‍ത്തലാണ്. പെരുമ പറയുക എന്നതുകൊണ്ടുള്ള വിവക്ഷ സമ്പത്ത്, സ്ഥാനങ്ങള്‍ പോലെ ബാഹ്യ വസ്തുക്കളില്‍ അഹങ്കരിക്കലാണ്. അടുത്തതായി പിശുക്കിനെ നിന്ദിച്ചുകൊണ്ട് പറയുന്നു: അവര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് ധാരാളം ധൂര്‍ത്തടിക്കുന്നതിനോടൊപ്പം പടച്ചവന് പ്രിയപ്പെട്ട കാര്യങ്ങളിലും ഇതര കടമകളിലും ചിലവഴിക്കാന്‍ പിശുക്ക് കാട്ടുകയും ഈ മഹാപാപം ചെയ്യുന്നതിനോടൊപ്പം ജനങ്ങളോട് പിശുക്ക് കല്‍പിക്കുകയും ചെയ്യുന്നു. അഹന്ത, അഹങ്കാരം, പിശുക്ക് മുതലായ പാപങ്ങളെല്ലാം ഭൗതിക സ്നേഹത്തിന്‍റെ പരിണിത ഫലങ്ങളാണ്. ഭൗതിക സ്നേഹം ഇത്തരം പാപങ്ങള്‍ ചെയ്യിക്കുന്നതിനോടൊപ്പം പ്രധാന നന്മകളില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ആരെങ്കിലും ധര്‍മ്മ പാതയില്‍ നിന്നും പിന്തിരിഞ്ഞാല്‍, അതുകൊണ്ട് അല്ലാഹുവിന് യാതൊരു നഷ്ടവുമില്ല. കാരണം അല്ലാഹു ആരുടെയും ആരാധനകളും സമ്പത്തുകളും ആവശ്യമില്ലാത്തവനും തിരുഗുണങ്ങള്‍ സമ്പൂര്‍ണ്ണമായതിനാല്‍ സ്തുത്യര്‍ഹനുമാണ് എന്ന് മനസ്സിലാക്കുക.
വിവരണവും വ്യാഖ്യാനവും
ഭൗതിക വസ്തുക്കളില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ പടച്ചവന്‍റെ ധ്യാനത്തില്‍ നിന്നും പരലോക ചിന്തയില്‍ നിന്നും മനുഷ്യനെ വിസ്മൃതിയാലാക്കുന്നതാണ്. ഒന്നാമത്തെ കാര്യം സുഖ ജീവിതമാണ്. ഇത് കാരണമായി മനുഷ്യന്‍ പടച്ചവനെ മറക്കുന്നു. അതില്‍ നിന്നും സൂക്ഷിക്കാന്‍ കഴിഞ്ഞ ആയത്തുകളില്‍ ഉണര്‍ത്തപ്പെട്ടു. രണ്ടാമത്തെ കാര്യം ദു:ഖ ദുരിതങ്ങളാണ്. ഇതില്‍ കുടുങ്ങുന്ന മനുഷ്യന്‍ ചിലവേള നിരാശപ്പെടുകയും പടച്ചവനെ മറക്കുകയും ചെയ്യുന്നതാണ്. ഈ ആയത്തുകളില്‍ അതിനെക്കുറിച്ചാണ് ഉണര്‍ത്തപ്പെട്ടിരിക്കുന്നത്. അല്ലാഹു പറയുന്നു: ഭൂമിയിലും നിങ്ങളിലും സംഭവിക്കുന്ന എല്ലാ നാശനഷ്ടവും അത് നാം ഉണ്ടാക്കുന്നതിന് മുമ്പ് ഒരു ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. അത് അല്ലാഹുവിന് വളരെ എളുപ്പമാണ്.(22) അതായത് ഭൂമിയിലോ നിങ്ങളുടെ ശരീരങ്ങളിലോ സംഭവിക്കുന്ന സകല നാശനഷ്ടങ്ങളും അതുണ്ടാകുന്നതിന് മുമ്പുതന്നെ ലൗഹുല്‍ മഹ്ഫൂളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഭൂമിയിലെ നാശം കൊണ്ടുള്ള ഉദ്ദേശം ക്ഷാമം, ഭൂകമ്പം, ഉല്‍പ്പന്നങ്ങളുടെ കുറവ്, കച്ചവട നഷ്ടം, സമ്പത്ത് പാഴാകുക, പ്രിയപ്പെട്ടവര്‍ മരണപ്പെടുക എന്നിവയാണ്. ശാരീരിക നഷ്ടങ്ങളില്‍ സര്‍വ്വവിധ രോഗങ്ങളും മുറിവുകളും വേദനകളും പെടുന്നതാണ്. അടുത്തതായി അല്ലാഹു അറിയിക്കുന്നു: നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതില്‍ നിരാശപ്പെടാതിരിക്കാനും നിങ്ങള്‍ക്ക് ലഭിച്ചതില്‍ അഹങ്കരിച്ച് സന്തോഷിക്കാതിരിക്കാനുമാണ് അല്ലാഹു ഇങ്ങനെ ചെയ്യുന്നത്! അതായത് ഇഹലോകത്ത് സംഭവിക്കുന്ന സര്‍വ്വവിധ സുഖ-ദു:ഖങ്ങളും വിജയ പരാജയങ്ങളും അല്ലാഹു മുന്‍കൂട്ടി തീരുമാനിക്കുകയും അങ്ങനെ തീരുമാനിച്ചു എന്ന് നിങ്ങളെ അറിയിക്കുകയും ചെയ്തത് നിങ്ങള്‍ ഭൗതികമായ അവസ്ഥകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താതിരിക്കുന്നതിന് വേണ്ടിയാണ്. ഇവിടുത്തെ ദുഖ-ദുരിതങ്ങും നാശനഷ്ടങ്ങളും കൂടുതല്‍ ദു:ഖിക്കേണ്ടതായ കാര്യങ്ങളല്ല. അതുപോലെ ഇവിടുത്തെ സുഖ സമൃദ്ധികളൊന്നും അമിതമായി സന്തോഷിക്കേണ്ട വിഷയങ്ങളുമല്ല. അധികരിച്ച ദു:ഖങ്ങളും സന്തോഷങ്ങളും പടച്ചവനെ മറപ്പിക്കാനും പരലോകത്തെ വിസ്മൃതിയിലാക്കാനും കാരണമായേക്കാം. ഇബ്നു അബ്ബാസ് (റ) പറയുന്നു: മനുഷ്യന്‍ പ്രകൃതിപരമായി ചില കാര്യങ്ങളില്‍ സന്തോഷിക്കുകയും ചിലതില്‍ ദു:ഖിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അതിന് പകരം ദു:ഖവേളകളില്‍ ക്ഷമിച്ചുകൊണ്ടും സന്തോഷ സന്ദര്‍ഭങ്ങളില്‍ നന്ദി രേഖപ്പെടുത്തിയും പരലോക പ്രതിഫലത്തെ നേടാനാണ് മനുഷ്യന്‍ പരിശ്രമിക്കേണ്ടത്. (റൂഹുല്‍ മആനി) അവസാനമായി സുഖസന്തോഷങ്ങളിലും മറ്റും അഹന്തയും പെരുമയും പുലര്‍ത്തുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു: അഹങ്കരിക്കുകയും പെരുമപറയുകയും ചെയ്യുന്നവരെ അല്ലാഹുവിന് ഇഷ്ടമല്ല.(23) അല്ലാഹു ഇഷ്ടപ്പെടാത്തവരോട് വെറുപ്പും കോപവും പുലര്‍ത്തുമെന്ന കാര്യം വ്യക്തമാണ്. അതെ, ഭൗതിക അനുഗ്രഹങ്ങളില്‍ അഹന്തയും അഹങ്കാരവും കാട്ടുന്നവന്‍ പടച്ചവന്‍റെ അരികില്‍ വളരെയധികം വെറുക്കപ്പെട്ടവനാണ്. ബുദ്ധിയും ബോധവുമുള്ള മനുഷ്യന്‍ ഓരോ കാര്യങ്ങളും ചെയ്യുമ്പോള്‍ പടച്ചവന് ഇഷ്ടമാണോ എന്ന് നോക്കേണ്ടതാണെന്ന് സൂചിപ്പാക്കാനും കൂടിയാണ് ഇവിടെ ഇഷ്ടമില്ല എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.
*********************************
മആരിഫുല്‍ ഹദീസ്
ഒരു അത്യാവശ്യ വിവരണം
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ ഈ കാലഘട്ടത്തില്‍ ദീനീ മദ്റസകളുടെ രൂപത്തില്‍ ദീനീ വിജ്ഞാനങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി ഒരു മഹത്തായ പദ്ധതി നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. ഈ കാരണത്താല്‍ നമ്മുടെ ദീനീ മേഖലകളില്‍ വിജ്ഞാനം കരസ്ഥമാക്കുക എന്ന പദം പറയപ്പെട്ടാല്‍ നമ്മുടെ ചിന്ത ദീനീ മദ്റസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളിലേക്ക് തിരിയുന്നതാണ്. ഇപ്രകാരം പണ്ഡിതന്മാര്‍, അദ്ധ്യാപകന്മാര്‍ എന്ന പദം കേള്‍ക്കുമ്പോള്‍ സാങ്കേതിക ഭാഷയിലുള്ള പണ്ഡിതന്മാരിലേക്കും മദ്റസകളില്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളിലേക്കും പഠിപ്പിക്കുന്ന അദ്ധ്യാപകരിലേക്കും നമ്മുടെ ചിന്ത തിരിയുന്നതാണ്. ഇതിന്‍റെ അനിവാര്യ ഫലമെന്നോണം വിജ്ഞാനത്തിന്‍റെ മഹത്വവുമായി ബന്ധപ്പെട്ട മുഴുവന്‍ ജനങ്ങളെയും മദ്റസകളിലേക്കും അവിടെയുള്ള അദ്ധ്യാപക വിദ്യാര്‍ത്ഥികളിലേക്കും മാത്രം തിരിച്ച് വിടുന്നതാണ്. എന്നാല്‍ പ്രവാചക യുഗത്തിലും അതിന് ശേഷമുള്ള സഹാബത്തിന്‍റെയും താബിഉകളുടെയും യുഗങ്ങളിലും ഇപ്രകാരമുള്ള മദ്റസളോ, ഗ്രന്ഥങ്ങളോ, വിദ്യാര്‍ത്ഥികളുടെയും ഉസ്താദുമാരുടെയും വിഭാഗങ്ങളോ ഇല്ലായിരുന്നു. പണ്ഡിതന്മാരുമായിട്ടുള്ള സഹവാസവും അവരില്‍ നിന്നും വിജ്ഞാനങ്ങള്‍ കേള്‍ക്കലും മാത്രമായിരുന്നു അന്നത്തെ ഏക അവലംബം. സച്ചരിത ഖലീഫമാര്‍ ഉന്നത സഹാബി പണ്ഡിതന്മാരായ മുആദുബ്നു ജബല്‍ (റ), ഇബ്നു മസ്ഊദ് (റ), ഉബയ്യുബ്നു കഅ്ബ് (റ), സൈദുബ്നു സാബിത്ത് (റ) മുതലായവരുടെയും പാണ്ഡിത്യത്തിന്‍റെ അടിസ്ഥാനം സഹവാസവും കേള്‍വിയും മാത്രമായിരുന്നു. തീര്‍ച്ചയായും ഈ മഹാന്മാര്‍ ഈ ഹദീസുകളില്‍ പറയപ്പെട്ട മഹത്വങ്ങളെല്ലാം കരസ്ഥമാക്കിയ പ്രഥമ വിഭാഗമാണ്. ആകയാല്‍ ഇന്നും ഔപചാരിക രീതികളൊന്നുമില്ലാതെ പണ്ഡിതന്മാരുടെ സഹവാസത്തില്‍ കഴിഞ്ഞ് വിജ്ഞാന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും ആത്മാര്‍ത്ഥമായ നിലയില്‍ ദീനീ വിജ്ഞാനങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവരും ഈ ഹദീസുകളില്‍ പറയപ്പെട്ട മഹത്വങ്ങള്‍ക്ക് അര്‍ഹനാകുന്നതാണ്. മാത്രമല്ല, അവര്‍ക്ക് ഔപചാരികതയുള്ള പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും മേല്‍ പ്രത്യേക മഹത്വവും ഉണ്ടാകാറുണ്ട്. കാരണം നിലവിലുള്ള ദീനീ വിജ്ഞാന കേന്ദ്രങ്ങളില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ എന്തെങ്കിലും ഭൗതികമായ പ്രയോജനങ്ങളും കാണപ്പെടുന്നതാണ്. അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ, ഇത് കാരണമായി നമ്മുടെ വിജ്ഞാന മേഖല പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് ഇരയാകാറുമുണ്ട്. എന്നാല്‍ അവസ്ഥകള്‍ നന്നാക്കാന്‍ വേണ്ടിയും ദീനീ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാന്‍ ആഗ്രഹിച്ചുകൊണ്ടും വിജ്ഞാനത്തിന്‍റെ സദസ്സുകളില്‍ പങ്കെടുക്കുകയോ, ദീനീ കാര്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങളില്‍ അല്‍പ്പനേരം കഴിച്ച് കൂട്ടുകയോ ചെയ്യുന്ന സാധുക്കളുടെ മുന്നില്‍ ഭൗതികമായ പ്രയോജനങ്ങളൊന്നും ഉണ്ടാകാറുമില്ല. ഈ കാരണത്താല്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മനസ്സുകള്‍ കുഴപ്പങ്ങളില്‍ നിന്നും പരിശുദ്ധവും പടച്ചവന്‍റെ പൊരുത്തത്തെയും പരലോക നന്മയെയും ആഗ്രഹിക്കുന്നതും മാത്രമായിരിക്കും. ഇത്തരം നല്ല മനസ്സുകള്‍ക്ക് പടച്ചവന്‍റെ അരികില്‍ വലിയ നിലയും വിലയുമുണ്ട്. വിനീതനെപ്പോലെ ജനങ്ങള്‍ പണ്ഡിതനെന്ന് മനസ്സിലാക്കുന്ന ആളുകള്‍ക്ക് ഗുണപാഠം പഠിക്കാന്‍ സാധിക്കുന്ന ഇത്തരം സാധുക്കളായ ധാരാളം ദാസന്മാരെ വിനീതന് കാണാന്‍ കഴിഞ്ഞിട്ടുമുണ്ട്.
ഇലാ റഹ്‍മത്തില്ലാഹ്
ഖാദിമുൽ ഖുർആൻ മൗലാനാ ഗുലാം മുഹമ്മദ് വസ്താൻവി വിട പറഞ്ഞു.
സമകാലിക ഇന്ത്യൻ പണ്ഡിതന്മാരിൽ മതവിജ്ഞാനവും ആധുനിക വിജ്ഞാനങ്ങളും പ്രചരിപ്പിക്കുന്നതിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മൗലാനാ മുഹമ്മദ് വിസ്താൻവി 75 മത്തെ വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു.ഇന്നാലില്ലാഹി.....
1950ല്‍ ൽ ഗുജറാത്തിലെ സൂറത് ജില്ലയിലെ വസ്താനയിൽ ജനിച്ച് ഗുജറാത്തിലെ തദ്കേശ്വർ ദാറുൽ ഉലൂം ഫലാഹേ ദാറൈൻ മദ്രസയിൽ മതപഠനം നടത്തി. ഉപരി പഠനം നടത്തിയത് ഇന്ത്യയിലെ പ്രമുഖ കലാലയമായ സഹാറൻപൂർ മളാഹിറുൽ ഉലും മദ്റസയിലായിരുന്നു. പഠനാനന്തരം വൈജ്ഞാനിക സേവനത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി സമർപ്പിതമായിരുന്നു.
മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ അക്കൽകുവാ എന്ന ഗ്രാമത്തിൽ ജാമിഅ ഇസ്ലാമിയ ഇശാഅത്തുൽ ഉലൂം എന്ന ഉന്നത ഇസ്ലാമിക കലാലയവും യൂനാനി മെഡിക്കൽ കോളേജ്, എൻജിനീയറിങ് കോളേജ്, പോളിടെക്നിക് കോളേജ്, ബിഎഡ് കോളേജ് അടക്കമുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ക്യാമ്പസ് മൗലാനാ അവർകളുടെ വിദ്യാഭ്യാസ വീക്ഷണത്തിന്റെ നേർരേഖയായിരുന്നു. ആധുനിക കാലത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന തലമുറയ്ക്ക് മാത്രമേ പിടിച്ചുനിൽക്കാനാവൂ എന്ന് ചിന്തിച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു മൗലാനാ വസ്താൻവി.
പന്തീരായിരത്തിലേറെ മത വിദ്യാർഥികളും ആയിരക്കണക്കിന് പ്രൊഫഷണൽ വിദ്യാർഥികളും ഉൾക്കൊള്ളുന്ന ക്യാമ്പസ് ഒരുപക്ഷേ ഇന്ത്യയിൽ തന്നെ അത്യപൂർവ്വമായിരിക്കും.
വിശുദ്ധ ഖുർആനിലുള്ള പരന്ന ജ്ഞാനവും ഇന്ത്യയിലെ ഇസ്ലാമിക വിജ്ഞാനത്തിന്റെ അടിത്തറ പാകിയ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (റ) , മൗലാനാ ശൈഖുല്‍ ഹിന്ദ് മഹ്മൂദ് ഹസൻ ദേവ്ബന്ദി (റ) എന്നിവരുടെ ചിന്തകളും മൗലാനാ അവർകളെ അത്യധികം സ്വാധീനിച്ചു. തൽഫലമായി ഖുർആനിക വൈജ്ഞാനീയങ്ങളിൽ പുതുതലമുറ വിദ്യാർഥികൾ തൽപരരാകുന്നതിനായി അഖിലേന്ത്യാ തലത്തിൽ ഖുർആൻ മത്സരങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യയിലെ 25 ലേറെ സംസ്ഥാനങ്ങളിൽ വിവിധ ഇസ്ലാമിക കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ മത്സരിപ്പിക്കുകയും വിജയം നേടുന്ന വരെ തൻറെ സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി മത്സരിപ്പിച്ച് ഉന്നത സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിശുദ്ധ ഖുർആനിന്റെ ഹിഫ്ള് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി മത്സരം സംഘടിപ്പിക്കുകയും അഖിലേന്ത്യ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ക്യാഷ് അവാർഡിനൊപ്പം ഉംറ ചെയ്യാനുള്ള അവസരവും മൗലാനാ അവർകൾ ഒരുക്കി കൊടുത്തു. കേരളത്തിൽ മൂന്നുപ്രാവശ്യം മൗലാനാ അവർകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഖുർആൻ മത്സരം സംഘടിപ്പിച്ചു. 2006ൽ കായംകുളം ജാമിഅ ഹസനിയായിലും 2009ൽ ഈരാറ്റുപേട്ട ഫൗസിയ അറബി കോളേജിലും 2012ൽ കരുനാഗപ്പള്ളിയിലും കേരളത്തിലെ പ്രമുഖ ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ അരങ്ങേറി. തുടർന്ന് അഖിലേന്ത്യാ മത്സരത്തിനു വേണ്ടി അക്കൽകുവാ ജാമിഅ ഇശാഅത്തുൽ ഉലൂം മദ്രസയിലേക്ക് എത്തിച്ചേരുന്ന മത്സരാർത്ഥികൾക്കും അനുഗമിക്കുന്ന അധ്യാപകർക്കും ഉന്നതമായ സൗകര്യങ്ങളാണ് അദ്ദേഹം ഏർപ്പെടുത്തിയത്. താമസത്തിനും ഭക്ഷണത്തിനും സൗകര്യം ഒരുക്കുക മാത്രമല്ല, എല്ലാവർക്കും വിശിഷ്ട സമ്മാനങ്ങൾ കൊടുത്തയക്കുന്നതിന്നതിലും അദ്ദേഹം ശ്രദ്ധ കാണിച്ചു.
2007ൽ കായംകുളം ഹസനിയാ മദ്രസയിൽ വച്ച് നടന്ന മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണം വിശുദ്ധ ഖുർആനോട് അദ്ദേഹത്തിൻറെ ആഭിമുഖ്യം എടുത്ത് കാണിക്കുന്നതായിരുന്നു. " ശൈഖുൽ ഹിന്ദ് മൗലാനാ മൗലാനാ മഹ്മൂദ് ഹസൻ ദേവ്ബന്ദി, മാൾട്ട ജയിലിൽ നിന്നും മോചിതനായി പുറത്തേക്കു വരുമ്പോൾ മുസ്ലിം സമൂഹത്തോട് അദ്ദേഹത്തിന് നൽകാൻ ഉണ്ടായിരുന്ന ഏറ്റവും വലിയ സന്ദേശം നിങ്ങൾ ഖുർആൻ പഠിച്ചു മുന്നേറുക എന്നതായിരുന്നു. അതിനുവേണ്ടി അദ്ദേഹം ജയിൽ വാസകാലത്ത് ഒരു ഖുർആൻ വ്യാഖ്യാന ഗ്രന്ഥം രചിക്കുകയും ചെയ്തു. മഹാനായ ശാഹ് വലിയുല്ലാഹിദ്ദഹ് ലവി പതിനേഴാം നൂറ്റാണ്ടിൽ, മുസ്ലിം സമൂഹത്തിൻറെ വിമോചനം ഖുർആൻ പഠനവും സുന്നത്ത് അനുസരിച്ചുള്ള ജീവിതവുമാണെന്ന് ഇന്ത്യൻ മുസ്ലിംകളെ ഓർമ്മപ്പെടുത്തി ". അതിനാൽ വിശുദ്ധ ഖുർആൻ ആഴത്തിൽ പഠിക്കുന്ന തലമുറകൾ ഇന്ത്യ രാജ്യത്ത് രൂപപ്പെടലാണ് ഈ സമൂഹത്തിൻറെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഒന്നാമത്തെ വഴിയെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.മൗലാനാ അവർകളുടെ ഈ പ്രയത്നത്തിലൂടെ ഇന്ത്യയിലുടനീളം ഖുർആൻ ഹിഫ്ള് മത്സരങ്ങൾ വ്യാപകമാകാനും മദ്രസകൾക്കിടയിൽ വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിക്കുവാനും പ്രചോദനമേകി. കേരളത്തിൽ റാബിത്തത്തു മദാരിസെ ഇസ്ലാമിയയുടെ നേതൃത്വത്തിൽ തുടർന്ന് നടന്നുവന്ന വൈജ്ഞാനിക മത്സരങ്ങൾക്ക് ശരിക്കും മാതൃകയായി തീർന്നത് മഹാനവർകളുടെ പ്രയത്നങ്ങൾ ആയിരുന്നു എന്ന് നിസംശയം പറയാൻ സാധിക്കും.
അതോടൊപ്പം , പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് അതുല്യമായ സേവനങ്ങളാണ് മൗലാനാ അവർകൾ സമർപ്പിച്ചത്. മതനിഷ്ഠയുള്ള പ്രൊഫഷണലുകൾ ഈ സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് മികച്ച സ്ഥാപനങ്ങൾ അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ചു. അതിൽ എടുത്തു പറയേണ്ട ഒന്നാണ് മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ 2013 അദ്ദേഹം സ്ഥാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച്. ഒരു മതപണ്ഡിതന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു മെഡിക്കൽ റിസർച്ച് സെൻറർ സ്ഥാപിതമായത്.ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് പ്രൊഫഷണലുകൾ ഉയർന്നുവരണമെന്ന് മൗലാനാ ചിന്തിച്ചതിന്റെ ഫലമായിട്ടായിരുന്നു ഈ സ്ഥാപനത്തിൻറെ പിറവി.
2011ൽ ഹസ്രത്ത് മൗലാനാ മർഗൂബ് റഹ്മാൻ (റ) അവർകൾ മരണപ്പെട്ടതിന് പിന്നാലെ ആറുമാസത്തിലേറെ ഇന്ത്യയിലെ വിശ്വപ്രസിദ്ധ ഇസ്ലാമിക കലാലയമായ ദാറുൽ ഉലൂം ദേവ്ബന്ദിന്റെ റെക്ടറായും അദ്ദേഹം സേവനം ചെയ്തു. മരണം വരെയും പ്രസ്തുത കലാലയത്തിന്റെ നിർവാഹക സമിതി അംഗമായിരുന്നു.
ആത്മീയ രംഗത്തും അദ്ദേഹം അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. ആത്മസംസ്കരണ രംഗത്ത് വിശിഷ്ട സേവനം അനുഷ്ഠിച്ച മൗലാനാ സിദ്ദീഖ് അഹ്മദ് ബാന്തവീ , വിശ്രുത ഹദീസ് പണ്ഡിതൻ മൗലാനാ യൂനുസ് ജോൺപൂരി തുടങ്ങിയവരുടെ ആത്മീയ ശിക്ഷണം സ്വീകരിച്ച മൗലാനാ അവർകൾ ഉയർന്ന ഇലാഹീ സ്നേഹത്തിൻറെയും പ്രവാചക പ്രേമത്തിന്റെയും ജീവിക്കുന്ന മാതൃകയായിരുന്നു. എത്ര ഉയർന്ന സേവനം ചെയ്യുന്ന സമയത്തും വളരെ വിനയത്തോടെ മറ്റുള്ളവരോട് പെരുമാറുകയും അല്ലാഹുവിൻറെ ഒരു നിസ്സാരനായ അടിമയായി തന്നെ പരിചയപ്പെടുത്തുകയും ചെയ്തു. ആതിഥേയത്വത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും നിസ്തുല മാതൃകയായിരുന്നു മൗലാനാ. സാമുദായിക ഐക്യം മുഖ്യലക്ഷ്യമായി കണ്ട അദ്ദേഹം വിശുദ്ധ ഖുർആനിലൂടെ വിവിധ സരണിയിലൂടെ സഞ്ചരിക്കുന്നവരെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടുവച്ചു.
മഹത്തുക്കളായ പണ്ഡിതൻമാർ തുടർച്ചയായി വിട പറഞ്ഞു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ ഇക്കാലത്ത് മൗലാനാ അവർകളുടെ വിയോഗവും ഇന്ത്യൻ മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. ഒപ്പം മതത്തിനപ്പുറം മാനവികതയെ സ്നേഹിച്ച അത്യുന്നതനായ ഒരു വ്യക്തിയുടെ നഷ്ടം കൂടിയാണത്. നാഥൻ അദ്ദേഹത്തിന് ഉയർന്ന പദവി നൽകുകയും സമുദായത്തിന് നല്ല പകരം നൽകുകയും ചെയ്യുമാറാകട്ടെ.
⭕ വാർത്തകൾ
മൗലാന മുജദ്ദിദിയുടെ കേരള പര്യടനം
ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ ഫസ്‌ലുർറഹീം മുജാദ്ദിദി കേരള പര്യടനം നടത്തി. തഹഫ്ഫുസെ ഔഖാഫ് കാറവാൻ -വഖ്ഫ് സംരക്ഷണ വാഹക സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു പര്യടനം. മെയ് 5, 6 തീയതികളിലായി മൂവാറ്റുപുഴ ജാമിഅ ബദ്‌രിയ്യ, കോട്ടയം താജ് ജുമുഅ മസ്ജിദ്, ഓച്ചിറ ദാറുൽ ഉലൂം, കായംകുളം ജാമിഅ ഹസനിയ്യ, കാരാളികോണം മദ്റസ അബൂബക്കർ സിദ്ദീഖ്, തിരുവനന്തപുരം മുസ്‌ലിം അസോസിയേഷൻ ഹാൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട സ്വീകരണങ്ങൾ ഏറ്റുവാങ്ങി പണ്ഡിതരെയും നേതാക്കന്മാരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്തു. വഖ്ഫ് ഭേദഗതി ബില്ലിന്റെ അപകടങ്ങൾ തുറന്നുകാട്ടുന്നതും, ഭേദഗതിക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകത വിവരിക്കുന്നതുമായിരുന്നു ഓരോ പ്രഭാഷണങ്ങളും. വികാരാധീനമായ വാക്കുകൾ ഓരോന്നും സദസ്സുകൾ ഏറ്റെടുത്തു. സ്വീകരണ സദസ്സിനെ തുടർന്ന് പ്രതിജ്ഞയും പ്രതിഷേധ റാലിയും നടന്നു.
Ph: 7736723639


.png)



