റബീഉല്‍ ആഖര്‍ 02/1447
സെപ്തംബര്‍ 25/2025

No: 230
▪️▪️▪️▪️


▪️മുഖലിഖിതം
വഖ്ഫ് എന്നാല്‍ എന്താണ്? ✍️ മൗലാനാ സജ്ജാദ് നുഅ്മാനി   (വര്‍ക്കിംഗ് കമ്മിറ്റി അംഗം AIMPLB)

▪️ജുമുഅ സന്ദേശം

വഖ്ഫ് ഭേദഗതി ബില്ല് എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട് ?

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‍മാനി

   
▪️മആരിഫുല്‍ ഖുര്‍ആന്‍

സൂറത്തുസ്വഫ്ഫ്-2

ഇരുലോക വിജയത്തിലേക്ക് എത്തിക്കുന്ന ലാഭകരമായ കച്ചവടത്തിന് മുന്നിട്ടിറങ്ങുക
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
അബൂബക്ര്‍ (റ) ന്‍റെ മഹത്വം
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

🔹🔹🔹🔹🔹🔹🔹




🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 

വഖ്ഫ് എന്നാല്‍ എന്താണ്? മൗലാനാ സജ്ജാദ് നുഅ്മാനി (വര്‍ക്കിംഗ് കമ്മിറ്റി അംഗം AIMPLB)
പരിശുദ്ധ ഖുര്‍ആനും ഹദീസും പ്രേരിപ്പിച്ചിട്ടുള്ള മുസ്‌ലിംകളുടെ വ്യക്തി നിയമത്തിലെ പ്രധാന ഭാഗമാണ് വഖ്ഫുകള്‍. സമ്പന്നരും സാധുക്കളുമായ മുന്‍ഗാമികള്‍ വഖ്ഫുകള്‍ ചെയ്യാന്‍ വലിയ ആവേശം പുലര്‍ത്തിയിരുന്നു. വഖ്ഫ് സ്വത്ത് സംരക്ഷിക്കുന്നത് കൊണ്ട് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും ഗുണമുണ്ടാകും എന്നത് ചരിത്രത്തില്‍ സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യമാണ്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ ഇസ്‌ലാമില്‍ തന്നെ വ്യക്തവും ശക്തവുമായ വ്യവസ്ഥകളുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള അമുസ്‌ലിം ഭരണകൂടങ്ങളും വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യാ രാജ്യത്ത് വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ അമുസ്‌ലിം ഭരണാധികാരികള്‍ പോലും വലിയ താല്പര്യം കാട്ടിയിരുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുസ്‌ലിം നേതാക്കളെല്ലാവരും മുസ്‌ലിം വ്യക്തി നിയമവും, പ്രത്യേകിച്ചും വഖ്ഫ് സ്വത്തുക്കളും സംരക്ഷിക്കണമെന്ന് സമരനായകരെ അറിയിക്കുകയും അവര്‍ അത് പല സന്ദര്‍ഭങ്ങളിലും സമ്മതിച്ച് പറയുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നിലവില്‍ വന്ന ഭരണഘടനയില്‍ എല്ലാ മതസ്ഥരുടെയും സ്വത്തുക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പറയപ്പെട്ടു.
സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ലില്‍ മുസ്‌ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്റെ സംരക്ഷണത്തിന്റെയും കൈകാര്യത്തിന്റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്‌ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.
എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്‌ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്‌ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലാ ബോര്‍ഡും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു.
ഇതിനിടയില്‍ വഖ്ഫിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉളവാക്കുന്ന ചില പ്രചാരണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വഖ്ഫിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ ഒരു സുവര്‍ണ്ണാവസരമായി കണ്ട് പണ്ഡിതരും വിദ്യാര്‍ത്ഥികളും പ്രഭാഷകരും എഴുത്തുകാരും വഖ്ഫിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ശരിയായ വഖ്ഫുകളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട പ്രധാനമായ ചില കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു.
അളവറ്റ ദയാലുവായ പടച്ചവന്‍ മനുഷ്യനെ സാമൂഹിക ജീവിയായിട്ടാണ് സംവിധാനിച്ചിട്ടുള്ളത്. ഇവിടെ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് ഗുണപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ പരസ്പരം സേവന സഹായങ്ങള്‍ ചെയ്യുന്ന സ്വഭാവം പണ്ട് മുതല്‍ക്കേ മനുഷ്യര്‍ക്കിടയിലുണ്ട്. എന്നാല്‍ മനുഷ്യനെ ഈ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിക്കാന്‍ പിശാചും മനസ്സും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിന് തുടക്കം മുതല്‍ക്ക് തന്നെ പ്രവാചകന്മാര്‍ വരുകയും ദാനധര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ഈ വിഷയത്തില്‍ അങ്ങേയറ്റം സരളവും സമ്പൂര്‍ണ്ണവും സുന്ദരവുമായ പ്രബോധന ഉദ്ബോധനങ്ങളാണ് നടത്തിയത്.
റസൂലുല്ലാഹി (സ) പഠിപ്പിച്ചു: ദാനധര്‍മ്മങ്ങള്‍ പല വിഭാഗമാണ്. ആരെയും അന്യായമായി ഉപദ്രവിക്കാതിരിക്കുന്നതും മനസ്സാ, വാചാ, കര്‍മ്മണാ സഹായിക്കുന്നതും ദാനമാണ്. പ്രത്യേകിച്ചും പടച്ചവന്‍ കനിഞ്ഞരുളിയ സമ്പത്ത് ആവശ്യക്കാരായ ആളുകള്‍ക്ക് നല്‍കിക്കൊണ്ടുള്ള ദാനധര്‍മ്മങ്ങള്‍ വളരെ മഹത്തരമാണ്. സാമ്പത്തിക ദാനധര്‍മ്മം രണ്ട് ഭാഗമാണ്. 1. പടച്ചവന്‍ നമുക്ക് നല്‍കിയ പണം, ഭൂമി, സാധന സാമഗ്രികള്‍ ഇവയില്‍ ഒരു ഭാഗം സാധുക്കളായ ആളുകള്‍ക്ക് നല്‍കുകയും അവരെ അതിന്റെ ഉടമകളാക്കുകയും ചെയ്യുക. ഇത് വളരെ മഹത്തരമായ ദാനമാണ്. ഇതിന് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്. ആവശ്യക്കാരായ ആളുകളെ കണ്ടാല്‍ കഴിവിന്റെ പരമാവധി സഹായിക്കുക തന്നെ വേണം. തീര്‍ച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്റെ ഉദ്യോഗസ്ഥര്‍ക്കും (ഇസ്‌ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവര്‍ക്കും അടിമത്തമോചനത്തിനും കടബാധ്യതയുള്ളവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ളവര്‍ക്കും വഴിയാത്രികര്‍ക്കും നല്‍കപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കല്‍ നിന്നുമുള്ള നിര്‍ബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 60) ഈ ദാനധര്‍മ്മം വളരെ ശ്രേഷ്ടകരമാണെങ്കിലും ഇതിന്റെ പരിധി പരിമിതമായിരിക്കും. 2. എന്നാല്‍ ഇതോടൊപ്പം രണ്ടാമത്തെ മറ്റൊരു ദാനധര്‍മ്മമുണ്ട്. അതായത്, നമ്മുടെ സകല വസ്തുവകകളുടെയും ഉടമാധികാരം സര്‍വ്വലോക പരിപാലകനായ പടച്ചവനാണെങ്കിലും പടച്ചവന്‍ താല്‍ക്കാലികമായ നിലയില്‍ നമ്മെ അതിന്റെ ഉടമകളാക്കിയിരിക്കുന്നു. ഇവിടെ നമ്മള്‍ ഒരു സമ്പത്തിനെക്കുറിച്ച് ഇപ്രകാരം മനസ്സുകൊണ്ട് തീരുമാനം എടുത്ത് പറയുക: എന്റെ ഈ ഭൂമി അല്ലെങ്കില്‍ ഭവനം അല്ലെങ്കില്‍ തോട്ടം അല്ലെങ്കില്‍ ഇന്ന വസ്തു എന്റെ താല്‍ക്കാലിക ഉടമാധികാരത്തില്‍ നിന്നും മാറ്റി മഹോന്നതനായ പടച്ചവന്റെ ഉടമാധികാരത്തിലേക്ക് മാറ്റുന്നു. ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. പടച്ചവന് അടിമകളുടെ സമ്പത്തുകളൊന്നും ആവശ്യമില്ല. ഇവിടെ പടച്ചവന്‍ വഖ്ഫ് ചെയ്ത വ്യക്തിയോട് പറയുന്നു: ഇത് ഏതെല്ലാം ഭാഗത്താണ് ചിലവഴിക്കേണ്ടതെന്ന് താങ്കള്‍ പറയുക. ഇവിടെ അദ്ദേഹം ആ സ്ഥാനങ്ങള്‍ പറയുന്നു. ഇത് എന്റെ കുടുബത്തിന്, ഇന്ന കുടുംബത്തിന്, ഈ നാട്ടുകാര്‍ക്ക്, മുഴുവന്‍ ജനങ്ങള്‍ക്ക്, വിധവകള്‍ക്ക്, അനാഥര്‍ക്ക്, മൃഗങ്ങള്‍ക്ക്, പറവകള്‍ക്ക് എന്നിങ്ങനെ അദ്ദേഹത്തിന് ചിലവഴിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ച് പറയാവുന്നതാണ്. ഇതില്‍ ഏതെങ്കിലുമൊരു കാര്യം അദ്ദേഹം പറഞ്ഞാല്‍ പ്രസ്തുത സമ്പത്ത് പറയപ്പെട്ട സ്ഥാനത്ത് മാത്രം ചിലവഴിക്കേണ്ടതാണ്. അതിന്റെ ഉടമാധികാരം ആര്‍ക്കും ഉണ്ടാകുന്നതല്ല. എന്നാല്‍ ലോകാവസാനം വരെ അല്ലെങ്കില്‍ അത് നിലനില്‍ക്കുന്ന കാലഘട്ടം വരെ അത് പറയപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും അതിന്റെ പ്രതിഫലം വഖ്ഫ് ചെയ്തവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമാണ്.
കാരുണ്യത്തിന്റെ തിരുദൂതന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) വഖ്ഫിനെ പ്രേരിപ്പിക്കുക മാത്രമല്ല, ധാരാളം സമ്പത്ത് വഖ്ഫ് ചെയ്യുകയുമുണ്ടായി. മഹാന്മാരായ സഹാബിവര്യന്മാര്‍ ഇതില്‍ മത്സരിച്ച് മുന്നേറി. മുന്‍ഗാമികളായ മഹത്തുക്കളും ഇത് ആവേശത്തോടെ നിര്‍വ്വഹിക്കുകയുണ്ടായി. മുസ്‌ലിം സമുദായത്തില്‍ ധാരാളം വീഴ്ചകളും തിന്മകളും ഉണ്ടായെങ്കിലും വഖ്ഫ് ചെയ്യുന്ന പരമ്പര എല്ലാ കാലഘട്ടത്തിലും സര്‍വ്വ സ്ഥലങ്ങളിലും സജീവമായിരുന്നു. വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളും വലിയ സമ്പന്നരും മാത്രമാണെന്ന ഒരു പ്രചാരണം ഇന്ന് നടക്കുന്നുണ്ട്. അത് ശരിയല്ല. സാധുക്കളായ ജനങ്ങളും അന്നും ഇന്നും വഖ്ഫില്‍ പങ്കെടുക്കുന്നുണ്ട്. അതുപോലെ ഭരണാധികാരികള്‍ പൊതുജനങ്ങളുടെ ധാരാളം ഭൂസ്വത്തുക്കള്‍ വഖ്ഫ് ചെയ്തുവെന്നും മുസ്‌ലിംകള്‍ മറ്റുള്ളവരുടെ ഭൂമികള്‍ വഖ്ഫിന്റെ പേരില്‍ കയ്യേറിയെന്നും ചിലര്‍ വാദിക്കുന്നു. ഇതും അവാസ്തവമാണ്. കാരണം മറ്റുള്ളവരുടെ ഭൂമി കയ്യേറി വഖ്ഫ് ചെയ്യുക സാധ്യമേയല്ല. മറ്റുള്ളവരുടെ ഭൂമി കയ്യേറുന്നതിന് വഖ്ഫ് എന്നല്ല പറയുന്നത്, ഗസ്ബ് (അപഹരണം) എന്നാണ് പറയുന്നത്. ഇസ്‌ലാമിക ശരീഅത്തില്‍ വഖ്ഫിന്റെ മഹത്വം പറഞ്ഞതുപോലെ അപഹരണത്തിന്റെ ദൂശ്യങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. അപഹരിച്ച ഭൂമിയും ഓരോ വസ്തുക്കളും അവകാശികള്‍ക്ക് തിരിച്ച് കൊടുക്കണമെന്നതാണ് ഇസ്‌ലാമിക നിയമം.
അതുപോലെ വഖ്ഫ് സ്വത്തുക്കള്‍ മസ്ജിദിനും മദ്റസയ്ക്കും മാത്രമാണ് വഖ്ഫ് ചെയ്യേണ്ടതെന്ന് അമുസ്‌ലിംകള്‍ മാത്രമല്ല, മുസ്‌ലിംകളിലും വലിയൊരു വിഭാഗം തെറ്റിദ്ധരിച്ചിട്ടുണ്ട്. തല്‍ഫലമായി അസ്ഥാനത്ത് മസ്ജിദുകളും മദ്റസകളും സ്ഥാപിക്കുന്ന പ്രവണതകളും കാണാന്‍ കഴിയും. തീര്‍ച്ചയായും ആവശ്യമുള്ള സ്ഥലങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതും അതിനുവേണ്ടി ഭൂമി വിട്ടുകൊടുക്കുന്നതും വളരെ ഉന്നതമായ വഖ്ഫാണ്. പക്ഷേ, വഖ്ഫ് ചെയ്യേണ്ടത് അതിന് മാത്രമല്ല, ജനങ്ങള്‍ക്ക് എന്നല്ല സൃഷ്ടികള്‍ക്ക് പ്രയോജനപ്പെടുന്ന സര്‍വ്വ മേഖലകളിലും വഖ്ഫ് ചെയ്യാവുന്നതാണ്. മുന്‍ഗാമികള്‍ ചെയ്തിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ധാരാളം ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും ഹോസ്റ്റലുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഖബ്ർസ്ഥാനങ്ങളും നിലവില്‍ വന്നു. അതെ, സമൂഹത്തിന്റെ ആവശ്യ നിര്‍വ്വഹണവും പുരോഗതിയും ഭരണകൂടത്തിന്റെ മാത്രം ബാധ്യതയല്ല. അത് സമ്പത്തും ശേഷിയുമുള്ള എല്ലാവരുടേതുമാണെന്നും സമ്പന്നരായ ആളുകള്‍ ഇതിന് മുന്നിട്ടിറങ്ങണമെന്നും മറ്റുള്ളവര്‍ അതിനെ പ്രയോജനപ്പെടുത്താനും സംരക്ഷിക്കാനും പരിശ്രമിക്കണമെന്നും വഖ്ഫ് പഠിപ്പിക്കുന്നു.
ഈ പരിപ്രേക്ഷ്യത്തില്‍ മുന്‍ഗാമികളുടെ വഖ്ഫുകളിലേക്ക് നോക്കുമ്പോള്‍ അത്ഭുതകരമായ ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും. * ഇന്ത്യയില്‍ നിന്നും ഹജ്ജിന് പോയ ഒരു സഹോദരി പടച്ചവന്‍ നല്‍കിയ സമ്പത്ത് കൂടുതല്‍ പ്രയോജനപ്പെടണമെന്ന ആഗ്രഹത്തില്‍ കുറച്ച് പണവുമായി മക്കയിലെത്തുന്നു. ഇത് നിലനില്‍ക്കുന്ന ദാനമായി ആരെങ്കിലും സ്വീകരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് അവര്‍ ആളുകളെ അന്വേഷിക്കുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്നുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും അവസാനം പലായനം ചെയ്ത് മക്കയിലെത്തുകയും ചെയ്ത ഏതാനും പണ്ഡിതരെ അവര്‍ കണ്ടെത്തി പ്രസ്തുത തുക അവിടെ ഏല്‍പ്പിക്കുന്നു. അവര്‍ അതുകൊണ്ട് മസ്ജിദുല്‍ ഹറാമിന്റെ അടുത്ത് തന്നെ ഒരു പാഠശാല ആരംഭിക്കുന്നു. ഈ പാഠശാലയ്ക്ക് അവരുടെ പേര് വെക്കാന്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അവര്‍ ഇതിന് അല്‍ മദ്റസത്തുസ്സൗലത്തിയ്യ എന്ന് പേര് വെച്ച് സൗലത്ത് ബീഗം എന്ന മഹിളയുടെ നാമം അനുശ്വരമാക്കുന്നു. ഇന്നും മക്കയില്‍ മക്കളില്ലാത്ത ആ സ്ത്രീയ്ക്ക് ആയിരക്കണക്കിന് സല്‍സന്താനങ്ങളെ സമ്മാനിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ വിളക്കായി സൗലത്തിയ്യ പ്രകാശിക്കുന്നു. * ശാമില്‍ ജനങ്ങള്‍ അധികമായി വഖ്ഫ് ചെയ്തതിനാല്‍ വഖ്ഫ് മന്ത്രാലയം എന്ന ഒരു സമിതി രൂപീകരിക്കുകയും ആരെങ്കിലും വഖ്ഫ് ചെയ്യുന്നെങ്കില്‍ ഈ മന്ത്രാലയവുമായി ബന്ധപ്പെട്ട് മാത്രം ചെയ്യണമെന്നും അല്ലെങ്കില്‍ അസ്ഥാനത്ത് വഖ്ഫുകള്‍ അധികരിക്കുമെന്നും ഭരണകൂടം പ്രഖ്യാപിക്കുന്നു. ഈ മന്ത്രാലയത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നു. അവര്‍ ഭാരവാഹികളോട് പറയുന്നു: എന്റെ ഈ തോട്ടങ്ങള്‍ പടച്ചവന്റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്ത് ചെയ്യണം? അന്നത്തെ വഖ്ഫ് മന്ത്രിയും ഹദീസ് പണ്ഡിതനുമായ അല്ലാമാ മിസ്സി പറയുന്നു: സഹോദരീ, മനുഷ്യരുടെ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വഖ്ഫ് ചെയ്യാന്‍ ഇപ്പോള്‍ ഒരു സാധ്യതയുമില്ല. വിദ്യാഭ്യാസത്തിനും വിധവാ അനാഥകളുടെ സംരക്ഷണത്തിനും ചികിത്സകള്‍ക്കും ഇതര മാനുഷിക ആവശ്യങ്ങള്‍ക്കും ധാരാളം വഖ്ഫുകള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ സൈബീരിയയില്‍ നിന്നും ശൈത്യകാലത്ത് ധാരാളം പറവകള്‍ ശാമില്‍ വരാറുണ്ട്. ഇവിടെ നാല് മാസം താമസിച്ച് അവ സൈബീരിയയിലേക്ക് മടങ്ങുന്നതാണ്. ഈ പറവകള്‍ക്ക് കൂടിനും ആഹാരത്തിനും വെള്ളത്തിനും മരുന്നിനും ഈ സമ്പത്ത് ചിലവഴിക്കുന്നത് നന്നായിരിക്കും! അവര്‍ സന്തോഷത്തോടെ അദ്ദേഹത്തെ സമ്പത്തേല്‍പ്പിച്ച് മടങ്ങുന്നു. * മറ്റൊരിക്കല്‍ ഇതേ മന്ത്രാലയത്തിലേക്ക് ഒരാള്‍ വന്നപ്പോള്‍ അവര്‍ക്ക് നല്‍കപ്പെട്ട മറുപടി ഇപ്രകാരമാണ്: രാജ്യത്ത് മഴവെള്ളവും മറ്റും ഒഴുകിപ്പോകുന്നതിനുള്ള കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. എന്നാല്‍ അടുത്ത മറ്റൊരു നാട്ടില്‍ ഇത് ചിലവഴിക്കുന്നത് നന്നായിരിക്കും! അദ്ദേഹം അതിന് സന്നദ്ധമാകുന്നു. * സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ വഖ്ഫ് ഇന്നും ഈജിപ്തില്‍ പുരാവസ്തുവായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതില്‍ സുല്‍ത്താന്‍ അയ്യൂബിയുടെ കാലത്ത് രണ്ട് പാത്തികളിലൂടെ പാലും ധാന്യങ്ങളും ഒഴുക്കപ്പെട്ടിരുന്നു. അവിടെ സുല്‍ത്താന്‍ നടത്തിയിരുന്ന പ്രസ്താവന ഇപ്രകാരമാണ്: ഈ പാലും ധാന്യങ്ങളും സാധുക്കളും ആവശ്യക്കാരുമായ ആളുകള്‍ക്കുള്ളതാണ്. അവരില്‍ ക്രൈസ്തവ സഹോദരിമാര്‍ക്കും അവരില്‍ തന്നെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്!
ഇതാണ് ഇസ്‌ലാമിലെ വഖ്ഫിന്റെ സുന്ദര രൂപങ്ങള്‍. അതെ, അന്ന് അവര്‍ വഖ്ഫ് സ്വത്തുക്കള്‍ കൊണ്ട് മസ്ജിദുകളും മദ്റസകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ ആരാധനകളും വൈജ്ഞാനിക സംസ്കരണ പ്രബോധന പ്രവര്‍ത്തനങ്ങളും നടത്തുന്നതിനോടൊപ്പം ജാതിമത വ്യത്യാസമില്ലാതെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ജനസേവനങ്ങളും നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇസ്‌ലാമിന്റെയും മുന്‍ഗാമികളായ മുസ്‌ലിംകളുടെയും ഈ ഉന്നത അവസ്ഥകളിലൂടെയാണ് ഇസ്‌ലാം ലോകത്ത് പ്രചരിച്ചത്. എന്നാല്‍ ഒരു ഭാഗത്ത് നാം ഇസ്‌ലാമിനെ ഏതാനും ആരാധനകളിലും വസ്ത്രങ്ങളിലും പരിമിതപ്പെടുത്തി. ആരാധനകളുടെയും വസ്ത്രങ്ങളുടെയും പ്രധാന്യം അല്‍പ്പവും കുറച്ച് കാട്ടുന്നില്ല. പക്ഷേ, ആരാധനകളുടെ എല്ലാം ഒരു ലക്ഷ്യം കൂടിയായ മാനവ സാഹോദര്യത്തെയും സേവന സഹായങ്ങളെയും മറന്നുകൊണ്ടുള്ള ആരാധനാലയങ്ങളും വേഷവിധാനങ്ങളും അര്‍ത്ഥമില്ലാത്തതാണ്. ഇസ്‌ലാമിനെ ഫത്വകളുടെയും വിരട്ടലുകളുടെയും ആകത്തുകയായിട്ടാണ് നമ്മളില്‍ പലരും മനസ്സിലാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ കാര്യം ഇരിക്കട്ടെ, പണ്ഡിതര്‍ പോലും ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നത് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്ന രീതിയിലാണെന്ന് ദു:ഖത്തോടെ അനുസ്മരിക്കുകയാണ്. മറുഭാഗത്ത് കഠിനമായ ഇസ്‌ലാം ശത്രുതയുടെ പേരില്‍ ഒരു കൂട്ടം ആളുകള്‍ ഇസ്‌ലാമിനെയും മുന്‍ഗാമികളായ മഹത്തുക്കളെയും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. വഖ്ഫ് മുസ്‌ലിംകളുടെ ഒരുചില ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും മാത്രമുള്ളതാണെന്നും മറ്റുള്ളവരുടെ ധാരാളം സമ്പത്തുകള്‍ വഖ്ഫ് എന്ന പേരില്‍ മുസ്‌ലിംകള്‍ കൈക്കലാക്കിയെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഇത് തീര്‍ത്തും തെറ്റാണ്. ഇസ്‌ലാം എന്നത് സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വീക്ഷണമാണ്. അത് ശരിയായ നിലയില്‍ പ്രകടമാകുന്ന ഒരു അദ്ധ്യായമാണ് വഖ്ഫുകള്‍. അന്യരുടെ സമ്പത്ത് അപഹരിച്ചുകൊണ്ടും അക്രമങ്ങള്‍ കാട്ടിക്കൊണ്ടും വഖ്ഫുകള്‍ നടത്താന്‍ കഴിയുന്നതല്ല.
ചുരുക്കത്തില്‍, ഈ രണ്ട് പ്രവണതകള്‍ക്കുമുള്ള ശരിയായ പരിഹാരം നാം ഓരോരുത്തരും ഇസ്‌ലാമിനെ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യലാണ്. അല്ലാമാ സയ്യിദ് ഖുതുബിന്റെ ഒരു ഗ്രന്ഥമുണ്ട്: ഇസ്‌ലാം തെറ്റിദ്ധാരണകള്‍ക്കിടയില്‍. (മര്‍ഹൂം സിദ്ദീഖ് ഹസന്‍ സാഹിബ് വിവര്‍ത്തനം ചെയ്ത ഈ ഗ്രന്ഥം കോഴിക്കോട് ഇസ്‌ലാമിക പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) ഇതില്‍ അദ്ദേഹം മേല്‍ പറയപ്പെട്ട രണ്ട് കുഴപ്പങ്ങളെ ശക്തമായി ഉണര്‍ത്തുകയും തിരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. അതെ, ഇസ്‌ലാം എന്നാല്‍ അളവറ്റ ദയാലുവായ പടച്ചവന്റെ ഭാഗത്ത് നിന്നും അവതീര്‍ണ്ണമായ കാരുണ്യത്തിന്റെ മഹത്തായ സന്ദേശങ്ങളാണ്. അത് വിളിച്ചറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ് വഖ്ഫും മുന്‍ഗാമികളുടെ വഖ്ഫിന്റെ രീതികളും. ഇത് നല്ലനിലയില്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും പ്രചരിപ്പിക്കാനും പറ്റിയ ഒരു സമയം സമാഗതമായിരിക്കുകയാണ്. പടച്ചവന്‍ ഇതിനെ ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തുന്നതിന് ഉതവി നല്‍കട്ടെ.





🔹🔹🔹🔹🔹🔹🔹


 ജുമുഅ സന്ദേശം 


വഖ്ഫ് ഭേദഗതി ബില്ല് എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട് ?

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി (പ്രസിഡന്റ്‌ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)


(ഇത് ലഘുലേഖയാക്കി പ്രിൻ്റ് ചെയ്ത് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു)

അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) പ്രേരിപ്പിച്ച ഒരു പ്രധാന സല്‍ക്കര്‍മ്മമാണ് വഖ്ഫ്. റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്റെ കര്‍മ്മങ്ങളുമായിട്ടുള്ള ബന്ധം അവസാനിക്കുന്നതാണ്. എന്നാല്‍ മൂന്ന് കര്‍മ്മങ്ങളുമായിട്ടുള്ള ബന്ധം തുടരുന്നതാണ്. 1. നിലനില്‍ക്കുന്ന ദാനങ്ങള്‍. 2. പ്രയോജനപ്പെടുന്ന അറിവ്. 3. അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങള്‍. (മുസ്‌ലിം) കിണര്‍ കുഴിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുക, ബില്‍ഡിംഗ് നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാന്‍ അനുമതി കൊടുക്കുകയോ, അതിന്റെ വരുമാനം സാധുക്കള്‍ക്ക് ചിലവഴിക്കുകയോ ചെയ്യുക, മസ്ജിദ്-മദ്റസകള്‍ നിര്‍മ്മിക്കുക മുതലായ കാര്യങ്ങള്‍ നിലനില്‍ക്കുന്ന ദാനമാണ്. ശിഷ്യന്മാരും രചനകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തയ്യാറാക്കുന്നത് പ്രയോജനപ്പെടുന്ന അറിവുകളാണ്. സന്താനങ്ങളെ നന്നാക്കാന്‍ പരിശ്രമിക്കുന്നതും അങ്ങനെ അവര്‍ മാതാപിതാക്കള്‍ക്ക് നിരന്തരം ദുആ ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുന്നതും മൂന്നാമത്തെ കാര്യത്തില്‍ പെടുന്നു. ഈ മൂന്ന് കാര്യങ്ങള്‍ക്കും വഖ്ഫ് എന്ന് പറയാമെങ്കിലും ഒന്നാമത്തെ കാര്യത്തിനാണ് പ്രധാനമായും വഖ്ഫ് എന്ന് പറയുന്നത്. റസൂലുല്ലാഹി (സ) ആണ് സമുദായത്തില്‍ ആദ്യമായി മസ്ജിദിനുവേണ്ടി സ്ഥലം വാങ്ങി വഖ്ഫ് ചെയ്തത്. (ഫത്ഹുല്‍ ബാരി) സഹാബാക്കളില്‍ ഭൂരിഭാഗവും അവരവരുടെ കഴിവിനനുസരിച്ച് വഖ്ഫുകള്‍ ചെയ്തിരുന്നു. ഉസ്മാന്‍ (റ) ശുദ്ധ ജലത്തിന് സൗകര്യം ഒരുക്കി. (ബുഖാരി) ജാബിര്‍ (റ) ഒരു തോട്ടം വഖ്ഫ് ചെയ്തു. എന്നാല്‍ റസൂലുല്ലാഹി (സ) വഖ്ഫിന്റെ നിയമ മര്യാദകള്‍ വിവരിച്ച് കൊടുക്കുന്ന നിലയില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറുല്‍ ഫാറൂഖ് (റ) ആണ്. ഖൈബറിലെ ഒരു ഭൂമി വഖ്ഫ് ചെയ്തുകൊണ്ട് റസൂലുല്ലാഹി (സ)യുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം പറഞ്ഞു: ഇതിന്റെ വരുമാനം സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും യാത്രികര്‍ക്കും അടിമകള്‍ക്കും അതിഥികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ കാര്യങ്ങള്‍ നോക്കുന്ന വ്യക്തി (മുതവല്ലി)യ്ക്കും ഇതില്‍ നിന്നും ഭക്ഷിക്കാനും സുഹൃത്തുക്കള്‍ക്ക് ഭക്ഷിപ്പിക്കാനും അനുവാദമുണ്ട്. (ബുഖാരി) ഇതിന് ശേഷം സഹാബികളും പിന്‍ഗാമികളും ധാരാളമായി വഖ്ഫ് ചെയ്യുകയും ഫുഖഹാ മഹത്തുക്കള്‍ ഇതിന്റെ വിവിധ നിയമങ്ങള്‍ വിശദമായി വിവരിക്കുകയും ചെയ്തു. അങ്ങനെ ലോകത്ത് ധാരാളം മസ്ജിദുകളും മദ്റസകളും അനാഥാലയങ്ങളും സാധുസംരക്ഷണ പദ്ധതികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നിലവില്‍ വന്നു. ഇന്ത്യയിലും മുന്‍ഗാമികളായ മഹത്തുക്കള്‍ ധാരാളം വഖ്ഫുകള്‍ ചെയ്യുകയും മുസ്‌ലിംകളും അമുസ്‌ലിംകളുമായ ഭരണാധികാരികള്‍ അവയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാര്‍ ആദ്യം വഖ്ഫില്‍ കൈകടത്തിയെങ്കിലും പിന്നീട് അവര്‍ പിന്‍വാങ്ങുകയുണ്ടായി. സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ ഒരു പ്രധാന ആവശ്യം വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കണം എന്നതായിരുന്നു. സ്വാതന്ത്ര്യ സമര നായകര്‍ ഈ കാര്യം പലഘട്ടങ്ങളിലും സമ്മതിച്ച് പറയുകയും ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷം തയ്യാറാക്കപ്പെട്ട ഭരണഘടനയില്‍ ഇതിന് സംരക്ഷണം വാഗ്ദാനം ചെയ്യപ്പെട്ടു. പാര്‍ലമെന്‍റ് വിവിധ ഘട്ടങ്ങളില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും 1995-ല്‍ താരതമ്യേനെ ഭേദപ്പെട്ട ഒരു വഖ്ഫ് ബില്‍ അവതരിപ്പിക്കുകയും അതില്‍ വിവിധ ഭേദഗതികള്‍ വരുത്തി പാസാക്കപ്പെടുകയും ചെയ്തു. എന്നാല്‍ പുതിയ ഗര്‍വമെന്‍റ് ഈ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടുള്ള ഒരു ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കുന്നതിന് പകരം അവയുടെ സുരക്ഷിതത്വം അപകടപ്പെടുത്താനുള്ള നിഗൂഢമായ ഒരു ഗൂഢാലോചനയാണ് ഈ ഭേദഗതി ബില്ലെന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു. ഒന്നാമതായി, 1995ലെ വഖ്ഫ് നിയമമനുസരിച്ച് നീണ്ട കാലഘട്ടം ഒരു ഭൂസ്വത്ത് മസ്ജിദോ ഖബര്‍സ്ഥാനോ ആയിട്ടോ മതപരമോ മാനുഷികമോ ആയ നന്മക്കായി ഉപയോഗിക്കപ്പെട്ട് വരുന്നതാണെങ്കില്‍ ആ സ്വത്തിനെ വഖ്ഫ് ആയി അംഗീകരിക്കപ്പെടുന്നതാണ്. എന്നാല്‍ പുതിയ നിയമത്തില്‍ ഈ നിയമം എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. അതായത് ഏതങ്കിലും ഭൂസ്വത്ത് മസ്ജിദായോ മദ്രസയായോ മഖ്ബറയായോ കബര്‍സ്ഥാനായോ നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെടുന്നെങ്കിലും അതിന് നിയമപരമായ രേഖ ഇല്ലാത്ത പക്ഷം സംസ്ഥാന ഭരണകൂടത്തിന് അതിനെ കണ്ടെടുത്ത് ആധിപത്യം ചെലുത്താന്‍ സാധിക്കുന്നതാണ്. ഇത് കാരണമായി മസ്ജിദുകളിലും ഇതര വഖ്ഫ് സ്വത്തുകളിലും വര്‍ഗീയവാദികളുടെ അവകാശവാദങ്ങളും പരസ്പര ഭിന്നതകളും അധികരിക്കുന്നതാണ്. എന്നാല്‍ നിയമപരമായി ഇതര മതവിഭാഗങ്ങളുടെ സ്ഥലങ്ങള്‍ക്ക് ഈ തത്വം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അതായത് ഏതെങ്കിലും സ്ഥലമോ കെട്ടിടമോ നാളുകളായി മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നെങ്കില്‍ അതിനെ അപ്രകാരമായി അംഗീകരിക്കപ്പെടുന്നതാണ്. രണ്ടാമതായി, കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ അമുസ്‌ലിം പ്രതിനിധികളെയും അംഗങ്ങളാക്കണമെന്ന് പുതിയ ബില്ലില്‍ പറയുന്നു. കൂടാതെ മുസ്‌ലിം പ്രതിനിധികളുടെ എണ്ണം വളരെയധികം വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. പഴയ നിയമമനുസരിച്ച് ഒരു അമുസ്‌ലിം സഹോദരന്‍ മാത്രമാണ് വഖ്ഫ് കൗണ്‍സിലില്‍ അംഗമായി ഉണ്ടായിരുന്നത്. ഇപ്പോള്‍ അമുസ്‌ലിം അംഗങ്ങളുടെ എണ്ണത്തെയും സ്ഥാനത്തെയും പരിഗണിച്ചുകൊണ്ട് 13 വരെ ആകാമെന്നും 2 പേര്‍ നിര്‍ബന്ധമാണ് എന്നും പുതിയ ബില്ലില്‍ പറയുന്നു. പഴയ നിയമത്തില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഒരു അമുസ്‌ലിം ചെയര്‍പേഴ്സണ്‍ ആകാമായിരുന്നു. എന്നാല്‍ മറ്റ് അംഗങ്ങളെല്ലാം മുസ്‌ലിംകള്‍ ആയിരുന്നു. ഈ അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെയാണ് ബോര്‍ഡില്‍ അംഗങ്ങളാക്കിയിരുന്നത്. ഇപ്പോള്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ 7 പേര്‍ അമുസ്‌ലിം അംഗങ്ങള്‍ ആകാവുന്നതാണ്. 2 അമുസ്‌ലിംകള്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ടതുമാണ്. കൂടാതെ വഖ്ഫ് ബോര്‍ഡ് തിരഞ്ഞെടുപ്പിലൂടെയല്ല നിലവില്‍ വരുന്നത്. സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗങ്ങളെ ഗവര്‍മെ‌ന്റ് നിര്‍ദ്ദേശിക്കുന്നതാണ്. മൂന്നാമതായി, വഖ്ഫ് ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുസ്‌ലിം ആയിരിക്കണമെന്ന് മുമ്പ് നിബന്ധന ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനെയും മാറ്റപ്പെട്ടിരിക്കുന്നു. അതിന് പകരം സംസ്ഥാന ഭരണകൂടത്തിന് ഏതെങ്കിലും അമുസ്‌ലിംകളെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആക്കാവുന്നതാണ്. ഇതിലേക്ക് വഖ്ഫ് ബോര്‍ഡിന്റെ ശുപാര്‍ശ പോലും ആവശ്യമില്ല. ചുരുക്കത്തില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യത്തെ ആസൂത്രണമായി വെട്ടിക്കുറച്ചിരിക്കുന്നു. നിര്‍ബന്ധമായും അമുസ്‌ലിം എണ്ണം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനക്ക് തീര്‍ത്തും എതിരാണ്. കാരണം സാമൂഹിക സമാധാനവും പൊതുവായ സല്‍സ്വഭാവവും ആരോഗ്യവും കുഴപ്പത്തിലാകാത്തപക്ഷം ഓരോ മതവിഭാഗങ്ങള്‍ക്കും അതിലെ ഉപവിഭാഗങ്ങള്‍ക്കും മതകാര്യങ്ങള്‍ സ്വയമായി നിര്‍വഹിക്കാനും സ്വത്തുക്കള്‍ ഉടമയിലാക്കാനും അവര്‍ക്ക് അനുവാദം ഉണ്ടായിരിക്കും എന്ന് ഭരണഘടന വ്യക്തമായി പറയുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച് കര്‍മ്മപരമായി വഖ്ഫ് ബോര്‍ഡ് ഹൈന്ദവ നേതൃത്വത്തിന്റെ കീഴിലാകുന്നതാണ്. അവരില്‍ പലര്‍ക്കും ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് അറിവോ അവയോട് താല്‍പര്യമോ അനുകൂല മനസ്ഥിതിയോ ഉണ്ടായിരിക്കുന്നതല്ല. തീര്‍ച്ചയായും ഇത് വളരെ തന്ത്രപരമായ നിലയില്‍ മുസ്‌ലിംകളില്‍ നിന്നും വഖ്ഫ് സ്വത്തുക്കള്‍ അപഹരിക്കാന്‍ ഉള്ള ഒരു പരിശ്രമമാണ്. മറുഭാഗത്ത് ഉത്തര്‍പ്രദേശ്, കേരള, കര്‍ണാടക, തമിഴ്നാട്, മുതലായ സംസ്ഥാനങ്ങളില്‍ ഇതര മതവിഭാഗങ്ങളുടെ സ്വത്തുക്കളുടെ നിയന്ത്രണം അവരവര്‍ക്ക് തന്നെയാണ്. ബീഹാറില്‍ ആകട്ടെ ഹൈന്ദവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡുകള്‍ തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ അംഗങ്ങളും നിര്‍ബന്ധമായ സിഖ് വിഭാഗക്കാര്‍ മാത്രമായിരിക്കും. ഈയൊരു സാഹചര്യത്തില്‍ മുസ്‌ലിംകളുടെ മതപരമായ സമ്പത്തില്‍ മാത്രം അമുസ്‌ലിം പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുകയും അതിന്റെ നേതൃത്വം തന്നെ അവരെ ഏല്‍പ്പിക്കുകയും ചെയ്താല്‍ വഖ്ഫിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ബാധ്യത പരിപൂര്‍ണ്ണമായി നിര്‍വഹിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ? വഖ്ഫ് ഒരു ഇസ്‌ലാമികമായ ആരാധനയാണ്. വഖ്ഫിന്റെ സ്വത്തുക്കള്‍ ഏതെങ്കിലും ഭരണകൂടത്തിന്റെ ദാനമല്ല. മുസ്‌ലിംകളുടെ ദാനമാണ്. അതുകൊണ്ട് അതിന്റെ മേല്‍നോട്ടവും നടത്തിപ്പും നിര്‍വഹിക്കുന്നവരും മുസ്‌ലിംകള്‍ തന്നെയായിരിക്കണം. ഇതിലൂടെ മാത്രമേ അതിന്റെ പ്രേരണകള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളു. പ്രത്യേകിച്ചും ഇന്നത്തെ ഭരണകൂടത്തിന്റെ അവസ്ഥകള്‍ വെച്ച് നോക്കുമ്പോള്‍ അമുസ്‌ലിംകള്‍ വഖ്ഫിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് വരുന്നത് വലിയ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണമാകുന്നതാണ്. നാലാമതായി, പുതിയ ബില്‍ അനുസരിച്ച് വഖ്ഫ് സ്വത്തുക്കള്‍ വലിയ ഒരളവോളം ഗവണ്‍മെന്റ് നിയന്ത്രണത്തിലാകുന്നതാണ്. വഖ്ഫ് ബോര്‍ഡിന്റെ അവകാശങ്ങള്‍ വളരെ പരിമിതമാക്കുന്നതുമാണ്. വഖ്ഫ് ബോര്‍ഡിന് വഖ്ഫിന്റെ രജിസ്‌ട്രേഷന്റെ അനുമതി പോലും ഉണ്ടാകുന്നതല്ല. രജിസ്‌ട്രേഷന് ആരെങ്കിലും അപേക്ഷ സമര്‍പ്പിച്ചാല്‍ അതിനെ അവര്‍ കലക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുകയും കലക്ടര്‍ അത് ശെരിയാണോ തെറ്റാണോ എന്ന തീരുമാനം എടുക്കുന്നതുമാണ്. കളക്ടറിന്റെ വീക്ഷണത്തില്‍ ആ സമ്പത്ത് പൂര്‍ണ്ണമായോ ഭാഗികമായോ ഭിന്നതയുള്ളതോ സര്‍ക്കാറിന്റെതോ ആണെങ്കില്‍ കലക്ടര്‍ അതിനെ വഖ്ഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യുന്നതല്ല. അതു പോലെ ഏതെങ്കിലും വഖ്ഫ് സ്വത്തുക്കള്‍ ഗവര്‍ണ്‍മെന്‍റിന്റെ നിയന്ത്രണത്തിലാണെങ്കില്‍ അതിനെയും വഖ്ഫ് സ്വത്തായി അംഗീകരിക്കപ്പെടുന്നതല്ല. ചുരുക്കത്തില്‍ ഇത്തരം വിഷയങ്ങളില്‍ കലക്ടറുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കപ്പെടുന്നത്. ഇനി കലക്ടര്‍ തീരുമാനം ഒന്നും പറഞ്ഞില്ലെങ്കിലും അതിനെ വഖ്ഫ് സ്വത്തായി അംഗീകരിക്കപ്പെടുന്നതല്ല. ഏതെങ്കിലും സ്വത്ത് വഖ്ഫ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണോ എന്ന് തീരുമാനിക്കാന്‍ വഖ്ഫ് ട്രിബൂണലിലുണ്ടായിരുന്ന അവകാശവും ഇല്ലാതാക്കിയിരിക്കുന്നു. ഓഡിറ്ററെ തിരഞ്ഞെടുക്കാനുള്ള അധികാരവും ഭരണകൂടത്തിനായിരിക്കും. ചുരുക്കത്തില്‍ വഖ്ഫിന്റെ നിയന്ത്രണവും അതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളും ഭരണകൂടത്തിന്റെ കരങ്ങളിലാകുന്നതാണ്. കലക്ടര്‍ ഭരണകൂടത്തിന്റെ പ്രതിനിധി തന്നെയാണ്. ഇത്തരുണത്തില്‍ വഖ്ഫ് ബോര്‍ഡിനും ഭരണകൂടത്തിനും ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് വഖ്ഫാണെന്ന് ഏതെങ്കിലും കലക്ടര്‍ തീരുമാനിക്കുമോ? അഞ്ചാമതായി, വഖ്ഫ് ട്രൈബൂണലിനെയും ബലഹീനമാക്കാനും അശക്തമാക്കാനും പുതിയ ബില്ലില്‍ പരിശ്രമമുണ്ടായിട്ടുണ്ട്. അതായത് ഏത് ട്രൈബൂണലിനെ വേണമെങ്കിലും വഖ്ഫ് ട്രൈബൂണലായി നിശ്ചയിക്കാവുന്നതാണ്. അതില്‍ മൂന്നിന് പകരം രണ്ട് അംഗങ്ങളെ കാണുകയുള്ളൂ. ഇസ്‌ലാമിക നിയമങ്ങളെ കുറിച്ച് അറിവുള്ള ആളായിരിക്കണം എന്ന നിബന്ധനെയും എടുത്ത് മാറ്റിയിരിക്കുന്നു. മറിച്ച് റിട്ടേര്‍ട് ജില്ലാ ജഡ്ജിയെയും ഓഫീസറെയും വഖ്ഫ് ട്രൈബൂണലിനെയും ചെയര്‍മാനാക്കാമെന്ന് പുതിയ ബില്ലില്‍ പറയുന്നു. ചുരുക്കത്തില്‍ ആദ്യമായി വഖ്ഫ് ട്രൈബൂണലിന്റെ അവകാശങ്ങള്‍ വെട്ടിക്കുറച്ച് കലക്ടറിന് സര്‍വ്വ സ്വാത്രന്ത്ര്യം നല്‍കിയിരിക്കുന്നു. രണ്ടാമതായി ട്രൈബൂണലിന്റെ ഘടനാരൂപവും മാറ്റിയിരിക്കുന്നു. വഖ്ഫ് ഒരു ഇസ്‌ലാമിക നിയമവുമായി ബന്ധപ്പെട്ട ഒരു കര്‍മമാണ്. അതിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് ഇസ്‌ലാമിക നിയമങ്ങള്‍ അറിയുന്ന ഒരു അംഗമുണ്ടായിരിക്കണം എന്ന നിബന്ധനയും എടുത്ത് മാറ്റിയിരിക്കുന്നു. ആറാമതായി, പുതിയ ബില്‍ പറയുന്നു: 5 വര്‍ഷമായി ഇസ്ലാമികമായി ജീവിക്കുന്ന വൃക്തിക്ക് മാത്രമേ വഖ്ഫ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതനുസരിച്ച് ഇതല്ലാത്ത ആരെങ്കിലും വല്ലതും വഖ്ഫ് ചെയ്താല്‍ അത് വഖ്ഫായി പരിഗണിക്കപ്പെടുന്നതല്ല. ഒന്നാമതായി അഞ്ച് വര്‍ഷത്തെ നിബന്ധന തന്നെ അര്‍ത്ഥമില്ലാത്തതാണ്. ഇസ്ലാമിക വീക്ഷണത്തില്‍ ഇന്ന് ഇസ്ലാം സ്വീകരിച്ച വ്യക്തിയും, 50 വര്‍ഷമായി ഇസ്‌ലമില്‍ കഴിയുന്ന വ്യക്തിയും ഒരു പോലെയാണ്. ഇരുവര്‍ക്കും ഒരുപോലെ ആരാധനാ കാര്യങ്ങള്‍ നിര്‍വഹിക്കാവുന്നതാണ്. ഒരു വ്യക്തി മുസ്‌ലിം ആയാലുടന്‍ നമസ്കാരവും നോമ്പും നിര്‍ബന്ധമാകുന്നത് പോലെ അദ്ദേഹത്തിന് വഖ്ഫ് നിര്‍വഹിക്കാനും അവകാശമുണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് ഈ നിബന്ധന അര്‍ത്ഥമില്ലാത്തതാണ്. രണ്ടാമതായി ഇന്ത്യയിലെ ധാരാളം ഹൈന്ദവ ഭരണാധികാരികളും അമുസ്‌ലിം സഹോദരങ്ങളും മുസ്‌ലിംകള്‍ക്കും മസ്ജിദുകള്‍ക്കും ഖബര്‍ സ്ഥാനങ്ങള്‍ക്കും മറ്റും ഭൂമി ദാനം ചെയ്തിട്ടുണ്ട്. ഈ വകുപ്പനുസരിച്ച് ഇവരുടെയെല്ലാം ദാനങ്ങള്‍ വഖ്ഫിന്റെ അവസ്ഥയില്‍ നിന്നും മാറുന്നതും പല വഖ്ഫ് സ്വത്തുക്കളും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാക്കുന്നതുമാണ്. ആകെ ചുരുക്കത്തില്‍ പുതിയ ബില്ലിലെ എല്ലാ വകുപ്പുകളും അല്‍പ്പം മാത്രമുള്ള മുസ്‌ലിം വഖ്ഫ് സ്വത്തുക്കളെ അന്യാധീനപ്പെടുത്താനും മുസ്‌ലിംകളില്‍ നിന്നും അതിന്റെ അധികാരം എടുത്ത് മാറ്റി ഭരണകൂടത്തിന്റെ പിടിമുറുക്കാനുമുള്ള ശ്രമമാണ്. ആകയാല്‍ ഈ പുതിയ ബില്ലിനെ നിക്ഷപക്ഷരായ എല്ലാവരും ശക്തിയുക്തം എതിര്‍ക്കുന്നു. ചില പ്രചാരണങ്ങളും തെറ്റിദ്ധാരണകളും കേന്ദ്രഗവര്‍മെന്‍റ് വഖ്ഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികളും മുസ്‌ലിംകളും മാത്രമല്ല, ജാതിമത ഭേദമന്യേ ധാരാളം സഹോദരങ്ങളും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. എന്നാല്‍ ഇതിനെതിരില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും തെറ്റായ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും ശക്തമായത് വളരെ വേദനാജനകമാണ്. പ്രത്യേകിച്ചും വര്‍ഗ്ഗീയ വാദികളുടെ വാദങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ട് നിക്ഷപക്ഷമതികളെന്ന് ധരിക്കപ്പെടുന്ന ചിലരും രംഗത്തിറങ്ങിയത് അത്ഭുതപ്പെടുത്തുന്നു. അവരുടെ വാദങ്ങളില്‍ ചിലത് ദുഷ്പ്രചാരണങ്ങള്‍ മാത്രമാണ്. ചിലത് തെറ്റിദ്ധാരണകള്‍ മാത്രമാണ്. അവയില്‍ പ്രധാനപ്പെട്ട ചില പ്രചാരണങ്ങളും അതിന്റെ നിജസ്ഥിതിയും ചെറിയ നിലയില്‍ താഴെ കൊടുക്കുന്നു. 1. ചിലര്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന് ഏത് സ്വത്തിനെക്കുറിച്ചും വഖ്ഫാണെന്ന വാദം ഉന്നയിക്കാന്‍ ഇഷ്ടം നല്‍കപ്പെട്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വഖ്ഫ് ബോര്‍ഡ് ധാരാളം സ്ഥലങ്ങള്‍ വഖ്ഫായി പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെ മുസ്‌ലിംകള്‍ ഇന്ന് രാജ്യത്തിന്റെ ഭൂസ്വത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി കൈയ്യടക്കിയിരിക്കുകയാണ്. വഖ്ഫായിട്ട് ആറ് ലക്ഷം ഏക്കര്‍ സ്ഥലമാണ് മുസ്‌ലിംകള്‍ നേടിയെടുത്തിട്ടുള്ളത്! ഇതിന്റെ യാഥാര്‍ത്ഥ്യം ഇപ്രകാരമാണ്: ഒന്നാമതായി, മുന്‍ കേന്ദ്രഗവര്‍മെന്‍റ് തന്നെ നിയമിച്ച സച്ചാര്‍കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വഖ്ഫ് സ്വത്തുക്കള്‍ ആറ് ലക്ഷം ഏക്കര്‍ ഭൂമിയാണ്. പക്ഷേ, ഇത് മൂന്നാം സ്ഥാനത്താണെന്ന വാദം തീര്‍ത്തും തെറ്റാണ്. തമിഴ് നാട്ടില്‍ മാത്രം ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭൂമി 478000 ഏക്കറാണ്. ആന്ധ്രപ്രദേശില്‍ 468000 ഏക്കറുകളാണ്. ഇത് രണ്ടും കൂടി ചേര്‍ത്താല്‍ തന്നെ 940000 ഏക്കറുകള്‍ വരുന്നതാണ്. രണ്ടാമതായി, വഖ്ഫ് ബോര്‍ഡിന് തോന്നുന്ന സ്ഥലങ്ങളെല്ലാം വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കുന്നു എന്ന വാദം ശുദ്ധ അസംബന്ധമാണ്. വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം രഹസ്യമായ നിലയിലല്ല. വഖ്ഫ് ആക്ടില്‍ അതിന്റെ പ്രോസീജര്‍ പരിപൂര്‍ണ്ണമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അതെ, ഒരു ഭൂമിയുടെ ഉടമയ്ക്ക് മാത്രമേ, വഖ്ഫ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം ഉടമാവകാശത്തിന്റെ രേഖകള്‍ വഖ്ഫ് ബോര്‍ഡില്‍ സമാഹരിക്കുകയും വേണം. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ രേഖപ്പെടുത്താനുള്ള നോട്ടീസ് പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. കൂടാതെ, ഗവര്‍മെന്‍റ് ഒരു സര്‍വ്വേ കമ്മീഷണറെ നിയമിക്കുന്നതുമാണ്. അദ്ദേഹം ഭൂമിയെ അളന്ന് നോക്കുകയും വഖ്ഫിനെ ശരി വെക്കുകയും ചെയ്താല്‍ ഈ കാര്യം സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഈ നോട്ടിഫിക്കേഷന്‍ നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍ക്ക് വേണമെങ്കിലും ട്രിബൂണലില്‍ ഇതിനെ ചോദ്യം ചെയ്യാവുന്നതാണ്. 2. മറ്റു ചിലര്‍ പറയുന്നു: ഗവര്‍മെന്‍റ് ഓരോ പത്ത് വര്‍ഷം കൂടുംതോറും മുഴുവന്‍ വഖ്ഫ് സ്വത്തുക്കളും സര്‍വ്വേ ചെയ്യാറുണ്ട്. ഈ സര്‍വ്വേയുടെ ചിലവുകള്‍ ഗവര്‍മെന്‍റ് പൊതുസ്വത്തില്‍ നിന്നാണ് ചിലവഴിക്കുന്നത്. വഖ്ഫ് പോലുള്ള സ്വത്തിന്റെ സര്‍വ്വേചിലവുകള്‍ അതുമായി ബന്ധമില്ലാത്ത പൊതുജനങ്ങളുടെ സമ്പത്തില്‍ നിന്നും മുടക്കുന്നത് തെറ്റാണ്! രാജ്യത്തെ ഏതെങ്കിലും വിഭാഗങ്ങളുടെ ആവശ്യത്തിന് ആ വിഭാഗത്തിന്റെ പണം മാത്രമേ ചിലവഴിക്കാവൂ എന്ന് രാജ്യത്ത് ഒരു നിയമവുമില്ല. മാത്രമല്ല, സഹോദര സമുദായങ്ങളുടെ മതപരമായ പരിപാടികള്‍ക്കും യാത്രകള്‍ക്കും മേളകള്‍ക്കും വിശിഷ്യാ കുംഭമേളയില്‍ എത്ര സമ്പത്താണ് പൊതുഖജനാവില്‍ നിന്നും ചിലവഴിക്കപ്പെടുന്നത്. പൊതുഖജനാവ് രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ടാക്സില്‍ നിന്നും രൂപപ്പെടുന്നതാണ്. രാജ്യത്ത് ടാക്സ് നല്‍കുന്നതില്‍ വലിയൊരു വിഭാഗം മുസ്‌ലിം വ്യാപാരികളാണെന്ന് ആര്‍ക്കാണ് അറിയാത്തത്. യൂസുഫ് അലി, അസീം പ്രേംജി, ശാഹിദ് ബലൂച് തുടങ്ങിയ വ്യാപാരികളും സിനിമാ ലോകവും കായിക മേഖലയുമായി ബന്ധപ്പെട്ടവരും വലിയ നികുതിയാണ് രാജ്യത്ത് അടച്ചുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ മതപരമായ കാര്യമാണെങ്കിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വഖ്ഫ് സ്വത്തുക്കളുടെ സര്‍വ്വേയ്ക്ക് പൊതുഖജനാവില്‍ നിന്നും ന്യായമായ ചിലവുകള്‍ എടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. 3. വേറെ ചിലര്‍ പറയുന്നു: വഖ്ഫ് സ്വത്തില്‍ ഭിന്നത വല്ലതും ഉണ്ടായാല്‍ വഖ്ഫ് ട്രിബൂണല്‍ ഏകപക്ഷീയമായി വിധി നടത്തുകയാണ്. ഇപ്രകാരം ഏകപക്ഷീയമായി വിധി നടത്തി ധാരാളം സ്വത്തുക്കള്‍ വഖ്ഫായി അന്യാധീനപ്പെടുത്തപ്പെട്ടിട്ടുണ്ട്! യഥാര്‍ത്ഥത്തില്‍ വഖ്ഫ് ട്രിബൂണലിന്റെ സ്ഥാനം സിവില്‍ കോടതിയുടെ സ്ഥാനം മാത്രമാണ്. അതിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ ജില്ലാ ജഡ്ജിയായിരിക്കും. വഖ്ഫ് സ്വത്തെന്ന് പറയപ്പെടുന്ന ഏതെങ്കിലും ഭൂമി ഒരു വ്യക്തിയോ, സ്ഥാപനമോ, ഗവര്‍മെന്‍റോ കൈയ്യടക്കിയാല്‍ ഇതില്‍ കേസ് നടക്കുന്നതാണ്. കേസില്‍ ഇരുകൂട്ടരും അവരുടെ തെളിവുകള്‍ സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ട്രിബൂണല്‍ വിധി പറയും. ഈ വിധിയില്‍ ഏതെങ്കിലും വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ഹൈക്കോടതിയുടെ തീരുമാനത്തിലും തൃപ്തി വരാത്തവര്‍ക്ക് സുപ്രീം കോടതി വഴി വിധിയെ ചലഞ്ച് ചെയ്യാവുന്നതാണ്. ആകയാല്‍ വഖ്ഫ് ട്രിബൂണല്‍ വഴി വഖ്ഫ് ബോര്‍ഡ് മറ്റുള്ളവരുടെ സ്വത്തുക്കള്‍ കൈയ്യടക്കുന്നു എന്ന വാദം കളവും അടിസ്ഥാനരഹിതവുമാണ്. കൂടാതെ, വഖ്ഫ് ട്രിബൂണലിന്റെ ഘടനയും നാം മനസ്സിലാക്കുക. അതില്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്ന രണ്ട് വിദഗ്ദരും ഇസ്‌ലാമിക നിയമങ്ങള്‍ പഠിച്ച ഒരു വിദഗ്ദനും ഉണ്ടായിരിക്കും. വഖ്ഫ് സ്വത്തുക്കളുടെ വിഷയത്തിലുള്ള ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഈ പണ്ഡിതന്‍ കൈകാര്യം ചെയ്യുക. ഉദാഹരണത്തിന് ഒരു ഭൂമിയെക്കുറിച്ച് മസ്ജിദിന് വഖ്ഫ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായാല്‍ അതിന്റെ അധികരിച്ച വരുമാനം ഖബ്ര്‍സ്ഥാനിനോ, വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കോ ഉപയോഗിക്കാമോ എന്ന കാര്യം അദ്ദേഹം പറയുന്നതാണ്. മറ്റുവിഷയങ്ങള്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്നവരാണ് തീരുമാനിക്കുക. ഉദാഹരണത്തിന് വഖ്ഫ് ബോര്‍ഡിനും മുസ്‌ലിംമോ അമുസ്‌ലിംമോ ആയ വ്യക്തികള്‍ക്കിടയില്‍ വല്ല ഭിന്നതയും വന്നാല്‍ അത് തീരുമാനിക്കുന്നത് രാജ്യനിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. 4. തമിഴ് നാട്ടിലെ തിരിച്ചന്തൂര്‍ ജില്ലയിലെ ഒരു സംഭവം വളരെ പര്‍വ്വതീകരിച്ചുകൊണ്ട് ചിലര്‍ ഇപ്രകാരം പറയുന്നു: ഇവിടെ ഒരു ഗ്രാമത്തില്‍ 1500 വര്‍ഷമായി താമസിക്കുന്നത് മുഴുവനും ഹൈന്ദവരാണ്. ഇവിടെ ഒരു ഹൈന്ദവ ക്ഷേത്രവുമുണ്ട്. എന്നാല്‍ ഇത് വഖ്ഫ് സ്വത്താണെന്നാണ് തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നത്! വേറെയും പല സ്ഥലങ്ങളെക്കുറിച്ചും ഇതേ രീതിയില്‍ പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഒന്നാമതായി, ഇതിനെക്കുറിച്ചുള്ള ചിത്രീകരണം തന്നെ തെറ്റാണ്. തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നു: ഈ സ്ഥലം 600 വര്‍ഷം മുമ്പ് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലമാണ്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ക്ഷേത്രം സ്ഥാപിക്കപ്പെട്ടിട്ട് 100 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. വഖ്ഫ്ബോര്‍ഡ് ഇത് വഖ്ഫ് ഭൂമിയാണെന്ന് വാദിക്കുന്നത് അവരുടെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ്. രണ്ടാമതായി, അവിടെയുള്ളവര്‍ ഇറങ്ങിപ്പോകണമെന്നോ മറ്റോ വഖ്ഫ് ബോര്‍ഡോ, മുസ്‌ലിംകളോ ആവശ്യപ്പെടുന്നില്ല. ഈ കാര്യം ഭരണകൂടത്തെ ഏല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുന്നതാണെന്ന് മുസ്‌ലിംകള്‍ പറയുന്നു. 5. മറ്റൊരു പ്രധാന പ്രചാരണം, രാജ്യത്ത് ഭരണം നടത്തിയിരുന്ന മുസ്‌ലിം ഭരണാധികാരികള്‍ ധാരാളം ഭൂമി വഖ്ഫായി പ്രഖ്യാപിച്ചു എന്നാണ്. ഒന്നാമതായി, ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രം മുന്‍ഗാമികളായ ഭരണാധികളാരും പരിഗണന നല്‍കിയിട്ടില്ല. വര്‍ഗ്ഗീയ വാദികളായ ഭരണാധികാരികള്‍ മാത്രമാണ് ഇപ്രകാരം ചെയ്യുന്നത്. രണ്ടാമതായി, ഇപ്രകാരം അവര്‍ ഭൂമികള്‍ വഖ്ഫായി പ്രഖ്യാപിച്ചുവെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പക്കല്‍ ധാരാളം വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ, സ്വത്തിന്റെ വിഷയത്തില്‍ മുസ്‌ലിം സമുദായം വളരെ പിന്നിലാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ സച്ചര്‍ കമ്മിറ്റി കണ്ടെത്തുകയുണ്ടായി. മൂന്നാമതായി, ഭൂമി വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളോ, സമ്പന്നരോ മാത്രമല്ല, സാധാരണക്കാരും സാധുക്കളുമായ ആളുകള്‍ പോലും വഖ്ഫ് ചെയ്യാറുണ്ട്. ഉദാഹരണത്തിന് നാം ഓരോരുത്തരുടെയും നാടുകളിലേക്ക് തന്നെ നോക്കുക. ഓരോ നാടുകളിലും മസ്ജിദും മദ്റസയും ഖബ്ർസ്ഥാനുമുണ്ട്. അതില്‍ സാധാരണ നിലയ്ക്ക് എല്ലാവരും പങ്കെടുക്കാറുമുണ്ട്. അതുകൊണ്ട് വഖ്ഫ് ഭൂമികള്‍ ഭരണാധികാരികളും സമ്പന്നരും മാത്രം ദാനം ചെയ്തതല്ല, അവരോടൊപ്പം സാധാരണക്കാരും സ്ത്രീകളും ഈ മേഖലയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവസാനമായി എല്ലാ സഹോദരങ്ങളോടുമുള്ള അഭ്യര്‍ത്ഥന വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നടത്തുന്ന പരിശ്രമങ്ങളെ പിന്തുണയ്ക്കുകയും ഓരോരുത്തരും സാധിക്കുന്ന പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ്. കൂടാതെ, വഖ്ഫ് സ്വത്തുക്കളുമായിട്ടുള്ള ബന്ധം നാം നന്നാക്കുകയും വിശിഷ്യാ മസ്ജിദുകള്‍ സജീവമാക്കുകയും ചെയ്യുക. സര്‍വ്വോപരി എല്ലാവിധ നന്മകള്‍ക്കും പടച്ചവനോട് താണുകേണ് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.


🔹🔹🔹🔹🔹🔹🔹




മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുസ്വഫ്ഫ്-2 (14 ആയത്തുകള്‍, പദങ്ങള്‍ 221, അക്ഷരങ്ങള്‍ 900, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 109. പാരായണ ക്രമം 61. സൂറത്തുത്തഗാബുനിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം




ഇരുലോക വിജയത്തിലേക്ക് എത്തിക്കുന്ന ലാഭകരമായ കച്ചവടത്തിന് മുന്നിട്ടിറങ്ങുക

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



ആയത്ത്  10-14


(9يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ (10تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (11يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ (12وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ اللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ الْمُؤْمِنِينَ (13يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنصَارَ اللَّهِ كَمَا قَالَ عِيسَى ابْنُ مَرْيَمَ لِلْحَوَارِيِّينَ مَنْ أَنصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللَّهِ ۖ فَآمَنَت طَّائِفَةٌ مِّن بَنِي إِسْرَائِيلَ وَكَفَرَت طَّائِفَةٌ ۖ فَأَيَّدْنَا الَّذِينَ آمَنُوا عَلَىٰ عَدُوِّهِمْ فَأَصْبَحُوا ظَاهِرِينَ (14)

സത്യവിശ്വാസികളെ, വേദനാജനകമായ ശിക്ഷയില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരട്ടെയോ?(10) നിങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും നിങ്ങളുടെ സമ്പത്തും ശരീരവും ഉപയോഗിച്ച് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുക. നിങ്ങള്‍ അറിയുന്നവരെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം.(11) അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുന്നതും അടിവാരത്തിലൂടെ അരുവികള്‍ ഒഴുകുന്ന ആരാമങ്ങളിലും ശാശ്വതമായ സ്വര്‍ഗ്ഗത്തിലെ സമുന്നത ഭവനങ്ങളിലും നിങ്ങളെ പ്രവേശിപ്പിക്കുന്നതുമാണ്. അതാണ് മഹത്തായ വിജയം.(12) നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു വിജയംകൂടിയുണ്ട്. അല്ലാഹുവിന്‍റെ ഭാഗത്തു നിന്നുമുള്ള സഹായവും അടുത്തു തന്നെയുള്ള വിജയവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സത്യവിശ്വാസികള്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.(13) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ദീനിന്‍റെ സഹായികളാകുക. ഇതുപോലെ ഈസബ്നു മര്‍യമും അടുത്ത ശിഷ്യരോട് ചോദിച്ചു: അല്ലാഹുവിനു വേണ്ടി എന്നെ ആരാണ് സഹായിക്കുക? ഹവാരിയ്യുകള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ ദീനിന്‍റെ സഹായികളാണ്. അങ്ങനെ ബനൂഇസ്റാഈലിലെ ഒരുകൂട്ടര്‍ വിശ്വസിക്കുകയും മറ്റൊരു കൂട്ടര്‍ നിഷേധിക്കുകയും ചെയ്തു. വിശ്വസിച്ചവരെ അവരുടെ ശത്രുക്കള്‍ക്കെതിരില്‍ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായി.(14) ആശയ സംഗ്രഹം അടുത്ത ആയത്തുകളില്‍ ആദ്യം ജിഹാദിന്‍റെ പേരില്‍ പരലോകത്ത് ലഭിക്കുന്ന ഫലങ്ങളും ശേഷം ഇഹലോകത്ത് ലഭിക്കുന്ന നന്മകളും വാഗ്ദാനം ചെയ്തുകൊണ്ട് പ്രേരിപ്പിക്കുന്നു. സത്യവിശ്വാസികളെ, വേദനാജനകമായ ശിക്ഷയില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരട്ടെയോ? പ്രസ്തുത കച്ചവടം ഇതാണ്: നിങ്ങള്‍ അല്ലാഹുവിലും അല്ലാഹുവിന്‍റെ റസൂലിലും വിശ്വസിക്കുകയും നിങ്ങളുടെ സമ്പത്തും ശരീരവും ഉപയോഗിച്ച് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുക. നിങ്ങള്‍ അറിയുന്നവരെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അപ്രകാരം ചെയ്താല്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുന്നതും അടിവാരത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗീയ ആരാമങ്ങളിലും ശാശ്വതമായ സ്വര്‍ഗ്ഗത്തിലെ സമുന്നത ഭവനങ്ങളിലും നിങ്ങളെ പ്രവേശിപ്പിക്കുന്നതുമാണ്. അതാണ് മഹത്തായ വിജയം. പരലോകത്ത് ലഭിക്കാനിരിക്കുന്ന അടിസ്ഥാനപരമായ ഈ പ്രതിഫലം കൂടാതെ, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഭൗതികമായ മറ്റൊരു വിജയം കൂടിയുണ്ട്. അതായത്, അല്ലാഹുവിന്‍റെ ഭാഗത്തു നിന്നുമുള്ള സഹായവും അടുത്തു തന്നെയുള്ള വിജയവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഇത് പ്രിയങ്കരമാകാനുള്ള കാരണം മനുഷ്യന്‍ പ്രകൃതിപരമായി പെട്ടെന്നുള്ള ഫലം ആഗ്രഹിക്കുന്നതിനാലാണ്. സത്യവിശ്വാസികള്‍ക്ക് താങ്കള്‍ ഈ കാര്യങ്ങളെക്കൊണ്ടെല്ലാം സന്തോഷവാര്‍ത്ത അറിയിക്കുക. അതെ, ഈ വിജയ മുന്നേറ്റങ്ങളുടെ പ്രവചനം ആദ്യ നൂറ്റാണ്ടിലെ ഇസ്ലാമികവിജയങ്ങളിലൂടെ പ്രകടമായി. അടുത്തതായി, ഈസാ നബി (അ)യുടെ ശിഷ്യന്മാരുടെ അവസ്ഥ വിവരിച്ചുകൊണ്ട് ദീനിനെ സഹായിക്കാന്‍ സത്യവിശ്വാസികളെ പ്രേരിപ്പിച്ചുകൊണ്ട് പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ദീനിന്‍റെ സഹായികളാകുകയും ഈസാ നബി (അ)യുടെ ശിഷ്യന്മാര്‍ അവരുടെ രീതിയില്‍ ദീനിനെ സഹായിച്ചതുപോലെ നിങ്ങളുടെ മാര്‍ഗ്ഗമായ ജിഹാദിന്‍റെ വഴിയിലൂടെ നിങ്ങളും ദീനിനെ സഹായിക്കുകയും ചെയ്യുക. ജനങ്ങള്‍ അധികമായി ഈസാ നബി (അ)യോട് ശത്രുത പുലര്‍ത്തിയപ്പോള്‍ ഈസബ്നു മര്‍യം അടുത്ത ശിഷ്യരോട് ചോദിച്ചു: അല്ലാഹുവിനു വേണ്ടി എന്നെ ആരാണ് സഹായിക്കുക? ഹവാരിയ്യുകള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ ദീനിന്‍റെ സഹായികളാണ്! അങ്ങനെ അവര്‍ ദീനിനെ സഹായിക്കുകയും പ്രചാരണത്തില്‍ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു. ഈ പരിശ്രമത്തിന് ശേഷം ബനൂഇസ്റാഈലിലെ ഒരുകൂട്ടര്‍ വിശ്വസിക്കുകയും മറ്റൊരു കൂട്ടര്‍ നിഷേധിക്കുകയും ചെയ്തു. പിന്നീട് അവര്‍ക്കിടയില്‍ മതപരമായ ഭിന്നതകളുണ്ടാവുകയും ശത്രുതയും ആഭ്യന്തര കലഹവും മതസംവാദങ്ങളും അരങ്ങേറുകയും ചെയ്തു. അപ്പോള്‍ വിശ്വസിച്ചവരെ അവരുടെ ശത്രുക്കള്‍ക്കെതിരില്‍ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായി. ഇപ്രകാരം മുഹമ്മദീ മാര്‍ഗ്ഗത്തിലും നിങ്ങള്‍ ത്യാഗ പരിശ്രമങ്ങള്‍ ചെയ്യുക. വിവരണവും വ്യാഖ്യാനവും നിങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും നിങ്ങളുടെ സമ്പത്തും ശരീരവും ഉപയോഗിച്ച് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുക. നിങ്ങള്‍ അറിയുന്നവരെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം.(11) ഈ ആയത്തില്‍ സത്യവിശ്വാസത്തെയും സമ്പത്തും ശരീരവും കൊണ്ടുള്ള മുജാഹദയെയും കുറിച്ച് കച്ചവടമെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. കാരണം കച്ചവടത്തില്‍ സമ്പത്ത് ചിലവഴിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നതിലൂടെ പ്രയോജനം ലഭിക്കുന്നതാണ്. ഇപ്രകാരം സത്യവിശ്വാസത്തോടൊപ്പം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജീവനും സമ്പത്തും ചിലവഴിക്കുന്നതിന് പകരമായി അല്ലാഹുവിന്‍റെ പൊരുത്തവും പരലോകത്തെ നിത്യ അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്. ഇതിനെക്കുറിച്ച് അടുത്ത ആയത്തുകളില്‍ വിവരിക്കുന്നുമുണ്ട്. അതായത് ഈ മഹത്തായ കച്ചവടം തെരഞ്ഞെടുത്തവരുടെ പാപങ്ങള്‍ പടച്ചവന്‍ പൊറുത്ത് കൊടുക്കുന്നതും സ്വര്‍ഗ്ഗത്തിലെ പരിശുദ്ധവും സമുന്നതവുമായ ഭവനങ്ങള്‍ അവര്‍ക്ക് കനിഞ്ഞരുളുന്നതുമാണ്. അവിടെ എല്ലാ നിലയിലുമുള്ള സുഖ വിശ്രമ സൗകര്യങ്ങളുണ്ടായിരിക്കും. ശേഷം പരലോക അനുഗ്രഹങ്ങളോടൊപ്പം ഇഹലോകത്തും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണെന്ന് വിവരിച്ചിരിക്കുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു വിജയംകൂടിയുണ്ട്. അല്ലാഹുവിന്‍റെ ഭാഗത്തു നിന്നുമുള്ള സഹായവും അടുത്തു തന്നെയുള്ള വിജയവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സത്യവിശ്വാസികള്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.(13) അതായത് പരലോകത്തിലെ അനുഗ്രഹങ്ങളും സ്വര്‍ഗ്ഗീയ ഭവനങ്ങളും തീര്‍ച്ചയായും ലഭിക്കുക തന്നെ ചെയ്യും. എന്നാല്‍ അതോടൊപ്പം രൊക്കമായി ഇഹലോകത്തും അനുഗ്രഹം ലഭിക്കാനിരിക്കുന്നു. അത് പടച്ചവന്‍റെ സഹായവും അതിലൂടെയുണ്ടാകുന്ന അടുത്ത വിജയവുമാണ്. അതായത് ശത്രുക്കളെ ജയിച്ചടക്കാന്‍ സാധിക്കുന്നതാണ്. ഇവിടെ അടുത്ത് തന്നെ എന്ന് പറഞ്ഞിരിക്കുന്നത് പരലോകവുമായി ബന്ധിപ്പിച്ച് കൊണ്ടാണ്. ഇത്തരുണത്തില്‍ അതിന് ശേഷം അറബി-അനറബി പ്രദേശങ്ങളിലെല്ലാം ഉണ്ടായ വിജയങ്ങളെല്ലാം ഇവിടെ ഇതില്‍ പെടുന്നതാണ്. കാലഘട്ടവുമായി ബന്ധിപ്പിച്ച അടുത്തതാണ് ഉദ്ദേശമെങ്കില്‍ ഇതുകൊണ്ടുള്ള ഉദ്ദേശം ഖൈബര്‍ വിജയവും ശേഷം നടന്ന മക്കാ വിജയവുമാണ്. ഈ വിജയത്തെക്കുറിച്ച് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞിരിക്കുന്നത് മനുഷ്യന്‍ പ്രകൃതിപരമായി ധൃതിയെ സ്നേഹിക്കുന്നത് കൊണ്ടാണ്. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: മനുഷ്യന്‍ വലിയ ധൃതിക്കാരനാണ്. (ഇസ്റാഅ്) പരലോകത്തെ അനുഗ്രഹങ്ങള്‍ മനുഷ്യന് ആഗ്രഹമില്ലായെന്ന് ഇതിന് ആശയമില്ല. മറിച്ച് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പരലോകത്തെ അനുഗ്രഹങ്ങളോടുള്ള താല്‍പ്പര്യവും സ്നേഹവും വ്യക്തം തന്നെയാണ്. എന്നാല്‍ ഇഹലോകത്തെ രൊക്കമായ ചില വിജയങ്ങളും അവന് പ്രിയങ്കരമാണ്. അത് നല്‍കപ്പെടുന്നതാണ്. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ദീനിന്‍റെ സഹായികളാകുക. ഇതുപോലെ ഈസബ്നു മര്‍യമും അടുത്ത ശിഷ്യരോട് ചോദിച്ചു: അല്ലാഹുവിനു വേണ്ടി എന്നെ ആരാണ് സഹായിക്കുക? ഹവാരിയ്യുകള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ ദീനിന്‍റെ സഹായികളാണ്! ഈ ആയത്തിലെ ഹവാരിയ്യൂന്‍ എന്നത് ഹവാരിയ്യിന്‍റെ ബഹുവചനമാണ്. നിഷ്കളങ്ക സുഹൃത്തുക്കള്‍ എന്നാണ് അര്‍ത്ഥം. എല്ലാ മാലിന്യങ്ങളില്‍ നിന്നും പരിശുദ്ധരായ സുഹൃത്തുക്കള്‍ എന്നാണ് ആശയം. (റൂഹുല്‍ മആനി) ഈസാ നബി (അ)യില്‍ വിശ്വസിച്ച് വിശിഷ്ട ശിഷ്യന്മാര്‍ക്ക് ഹവാരിയ്യൂന്‍ എന്ന് പറയപ്പെടുന്നു. അവര്‍ പന്ത്രണ്ട് പേരായിരുന്നു എന്ന് ആലുഇംറാനില്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഈ ആയത്തില്‍ ഈസാ നബി (അ)ന്‍റെ കാലഘട്ടത്തിലെ ഒരു സംഭവത്തെ അനുസ്മരിച്ചുകൊണ്ട് പടച്ചവന്‍ മുസ്ലിംകളെ പ്രേരിപ്പിക്കുന്നു: അല്ലാഹുവിന്‍റെ ദീനിനെ സഹായിക്കാന്‍ നിങ്ങള്‍ സര്‍വ്വാത്മനാ സന്നദ്ധനാവുക. ഈസാ നബി (അ) ശത്രുക്കളില്‍ നിന്നും വല്ലാതെ പ്രയാസപ്പെട്ടപ്പോള്‍ പടച്ചവന്‍റെ ദീനിന്‍റെ പ്രചാരണത്തിന് എന്നെ ആര് സഹായിക്കുമെന്ന് ചോദിച്ചു. അപ്പോള്‍ നിഷ്കളങ്കരായ പന്ത്രണ്ട് ശിഷ്യന്മാര്‍ അതിന് സന്നദ്ധരായി. അവര്‍ ഈസാ നബി (അ)ന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇപ്രകാരം മുസ്ലിംകളും അല്ലാഹുവിന്‍റെ ദീനിന്‍റെ സഹായികളാകേണ്ടതാണ്. മഹാന്മാരായ സഹാബാക്കള്‍ ഈ കല്‍പ്പനയെ പരിപൂര്‍ണ്ണമായി പാലിച്ചു. ഗതകാല നബിമാരുടെ സമുദായങ്ങളില്‍ പോലും കാണപ്പെടാത്ത നിലയില്‍ അവര്‍ ഉജ്ജ്വലമായ സേവനങ്ങള്‍ കാഴ്ചവെച്ചു. റസൂലുല്ലാഹി (സ)യെ അങ്ങേയറ്റം അവര്‍ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു. ഈ വഴിയില്‍ അവര്‍ ധാരാളം ശത്രുക്കളുടെ ശത്രുത ഏറ്റുവാങ്ങുകയും ഉപദ്രവങ്ങള്‍ സഹിക്കുകയും അവരുടെ സമ്പത്തും ശരീരവുമെല്ലാം അര്‍പ്പണം നടത്തുകയും ചെയ്തു. അവസാനം അല്ലാഹു അവര്‍ക്ക് പടച്ചവന്‍റെ സഹായവും വിജയവും നല്‍കി, എല്ലാ ശത്രുക്കളെക്കാളും ഉന്നതരാക്കി. ധാരാളം പ്രദേശങ്ങള്‍ ജയിച്ചടക്കി. ലോകം മുഴുവനും അവരുടെ ഭരണം സ്ഥാപിതമായി. ക്രൈസ്തവരിലെ മൂന്ന് വിഭാഗങ്ങള്‍: അങ്ങനെ ബനൂഇസ്റാഈലിലെ ഒരുകൂട്ടര്‍ വിശ്വസിക്കുകയും മറ്റൊരു കൂട്ടര്‍ നിഷേധിക്കുകയും ചെയ്തു. വിശ്വസിച്ചവരെ അവരുടെ ശത്രുക്കള്‍ക്കെതിരില്‍ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായി.(14) ഇബ്നു അബ്ബാസ് (റ) പറയുന്നു: ഈസാ നബി (അ)യെ ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ ക്രൈസ്തവര്‍ മൂന്ന് വിഭാഗമായി. ഒരു വിഭാഗം പറഞ്ഞു: ഈസാ നബി (അ) ദൈവമായിരുന്നു. ആകാശത്തേക്ക് പോയതാണ്. വേറൊരു വിഭാഗം പറഞ്ഞു: ദൈവമല്ല, മറിച്ച് ദൈവപുത്രനാണ്. പടച്ചവന്‍ ആകാശത്തേക്ക് ഉയര്‍ത്തിയിരിക്കുന്നു. മൂന്നാമതൊരു വിഭാഗം പറഞ്ഞു: ഈസാ നബി (അ) ദൈവം അല്ലായിരുന്നു, ദൈവ പുത്രനുമല്ലായിരുന്നു. പടച്ചവന്‍റെ ദാസനും ദൂതനുമാണ്. പടച്ചവന്‍ അദ്ദേഹത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുകയും ഉന്നത സ്ഥാനം കനിഞ്ഞരുളുകയും ചെയ്തിരിക്കുന്നു. ഇവര്‍ പറഞ്ഞതായിരുന്നു ശരി. ഇവരായിരുന്നു സത്യവിശ്വാസികള്‍. ഈ മൂന്ന് വിഭാഗങ്ങളോടും കുറേ ജനങ്ങള്‍ ചേര്‍ന്ന് നിന്നു. അവര്‍ക്കിടയില്‍ പരസ്പരം പ്രശ്നങ്ങളുണ്ടായി പോരാട്ടങ്ങളും നടന്നു. പലപ്പോഴും നിഷേധികളായ ആളുകള്‍ അവരിലെ സത്യവിശ്വാസികളെ ജയിച്ചടക്കി. അവസാനം അല്ലാഹു അന്ത്യപ്രവാചന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യെ നിയോഗിച്ചു. റസൂലുല്ലാഹി (സ) സത്യവിശ്വാസികളുടെ വിഭാഗത്തെ പിന്തുണച്ചു. അങ്ങനെ അത്യന്തികമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ വിജയിക്കുകയുണ്ടായി. (മസ്ഹരി) ഈ വിവരണം അനുസരിച്ച് ഈ ആയത്തിലെ സത്യവിശ്വാസികള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെയും സഹാബത്തിന്‍റെയും പിന്തുണയോടെ വിജയിച്ച ഈസാ നബി (അ)ന്‍റെ സമുദായ അംഗങ്ങളാണ്. (മസ്ഹരി) ചിലര്‍ പറയുന്നു: ഈസാ നബി (അ)യെ ഉയര്‍ത്തപ്പെട്ടതിന് ശേഷം ക്രൈസ്തവര്‍ രണ്ട് വിഭാഗമായി. ഒരു വിഭാഗം ഈസാ നബി (അ)യെ ദൈവമോ ദൈവപുത്രനോ ആയി പ്രഖ്യാപിച്ച് ബഹുദൈവരാധകരായി. മറ്റൊരു വിഭാഗം ശരിയായ മാര്‍ഗ്ഗത്തില്‍ ഉറച്ച് നിന്നു. അവര്‍ ഈസാ നബി (അ)യെ അല്ലാഹുവിന്‍റെ ദാസനും ദൂതനുമായി വിശ്വസിച്ചു. ശേഷം ഇവര്‍ക്കിടയില്‍ പരസ്പരം പോരാട്ടങ്ങള്‍ ഉണ്ടായപ്പോള്‍ പടച്ചവന്‍ അവരില്‍ പെട്ട സത്യവിശ്വാസികളെ നിഷേധികളേക്കാളും ഉയര്‍ത്തുകയുണ്ടായി. എന്നാല്‍ ഈസാ നബി (അ)യുടെ മാര്‍ഗ്ഗത്തില്‍ പോരാട്ടത്തിന്‍റെ കല്‍പ്പന വന്നിട്ടില്ലാത്തതിനാല്‍ അവര്‍ക്കിടയില്‍ പോരാട്ടം നടന്നു എന്ന അഭിപ്രായം ബലഹീനമാണ്. (റൂഹുല്‍ മആനി) പക്ഷേ, ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റ) ഇതിന് മറുപടി നല്‍കിക്കൊണ്ട് പറയുന്നു: പോരാട്ടം തുടങ്ങിയത് നിഷേധികളായിരുന്നു. അങ്ങനെ സത്യവിശ്വാസികള്‍ അതിനെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാവുകയുണ്ടായത്. പ്രതിരോധം യഥാര്‍ത്ഥത്തില്‍ പോരാട്ടമല്ല. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഹിജ്രി 1391 ജമാദുല്‍ അവ്വല്‍ 21 വ്യാഴാഴ്ച സൂറത്ത് സ്വഫ്ഫ് അവസാനിച്ചു.

🔹🔹🔹🔹🔹🔹🔹



മആരിഫുല്‍ ഹദീസ്




അബൂബക്ര്‍ (റ) ന്‍റെ മഹത്വം

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


136. ജുബൈർ ഇബ്നു മുത്ഇം (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ അടുക്കൽ ഒരു സ്ത്രീ വരികയും എന്തോ ആവശ്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പിന്നീട് വരികയെന്ന് റസൂലുല്ലാഹി (സ) പറഞ്ഞപ്പോൾ അവർ ചോദിച്ചു. ഞാൻ വരികയും താങ്കളെ കാണാതിരിക്കുകയും ചെയ്താൽ എന്ത് ചെയ്യണമെന്നവർ ചോദിച്ചു. നിവേദകൻ പറയുന്നു: ഞാൻ ഇനി വരുമ്പോൾ അങ്ങയുടെ വിയോഗം സംഭവിച്ചാൽ എന്ത് ചെയ്യണം എന്നതായിരുന്നു അവരുടെ ഉദ്ദേശം. അപ്പോൾ റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ എന്നെ കണ്ടില്ലെങ്കിൽ അബൂബക്റിനെ സമീപിക്കുക. (ബുഖാരി, മുസ്‌ലിം) 


വിവരണം: ഈ മഹതി മദീനാ മുനവ്വറയിൽ നിന്നും ദൂരത്തുള്ള ഏതോ സ്ഥലത്ത് താമസിച്ചിരുന്നവർ ആയിരുന്നുവെന്നാണ് ബാഹ്യമായി മനസ്സിലാകുന്നത്. അവർ റസൂലുല്ലാഹി (സ)ക്ക് മുമ്പാകെ അവരുടെ എന്തോ ആവശ്യം സമർപ്പിച്ചു. റസൂലുല്ലാഹി (സ)ക്ക് അത് ഉടനെ നിർവഹിച്ച് കൊടുക്കാൻ സാധിച്ചില്ല. അതുകൊണ്ട് മറ്റൊരിക്കൽ വരാൻ നിർദ്ദേശിച്ചു. അപ്പോൾ അവർ ചോദിച്ചു: പിന്നീട് ഞാൻ വരുമ്പോൾ അങ്ങ് ഈ ലോകത്ത് നിന്നും യാത്ര പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ എന്തു ചെയ്യും? റസൂലുല്ലാഹി (സ) അരുളി: അപ്പോൾ നിങ്ങൾ അബൂബക്റിനെ സമീപിക്കുക! അബൂബക്ർ (റ) റസൂലുല്ലാഹി (സ)ക്ക് ശേഷമുള്ള പ്രഥമ ഖലീഫയായിരിക്കും എന്നതിലേക്ക് ഈ ഹദീസ് വ്യക്തമായ സൂചന നൽകുന്നു. 


137. ആഇശ (റ) നിവേദനം: അബൂബക്ർ ഒരു സംഘത്തിലുണ്ടായിരുന്നാൽ അദ്ദേഹമല്ലാത്ത ആരെങ്കിലും ഇമാമാകുന്നത് ശരിയല്ല. (തിർമിദി)


വിവരണം: സമുദായത്തിൽ അബൂബക്ർ (റ) ഉണ്ടായിരിക്കുമ്പോഴെല്ലാം സത്യവിശ്വാസികൾ അദ്ദേഹത്തെ തന്നെ ഇമാമാക്കാൻ ശ്രദ്ധിക്കണമെന്നാണ് ഹദീസിൻ്റെ ആശയം. അതെ, റസൂലുല്ലാഹി (സ)ക്ക് ശേഷം ഖലീഫ അബൂബക്ർ സിദ്ദീഖ് (റ) ആയിരിക്കുമെന്ന് ഈ ഹദീസും വ്യക്തമായി സൂചിപ്പിക്കുന്നു.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌