വഖ്ഫ് നിയമം 2025; ചെയ്യേണ്ട ചില കാര്യങ്ങൾ
മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
സൂറത്തുല്‍ ജുമുഅ -1
പരിശുദ്ധ ഖുർആനും ഹദീസും വ്യക്തമായി പഠിപ്പിച്ചിട്ടുള്ളതും മുൻഗാമികളായ മഹത്തുക്കൾ വളരെ ആദരവോടെ നിർവ്വഹിച്ചിട്ടുള്ളതും ഗതകാല അമുസ്‌ലിം ഭരണാധികാരികളും പൊതുജനങ്ങളും ആദരിച്ചിട്ടുള്ളതും ഓരോ മതസ്ഥരും നിർവ്വഹിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു കർമ്മമാണ് നിലനിൽക്കുന്ന ദാന ധർമ്മങ്ങൾ. ഇതിന് ഇസ്‌ലാമിൽ വഖ്ഫ് എന്ന് പറയപ്പെടുന്നു. എന്നാൽ ഇസ്‌ലാമിക നിയമങ്ങളോടും മുസ്‌ലിംകളോടും ശത്രുത പുലർത്തുന്ന കേന്ദ്ര ഗവൺമെൻ്റ് വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവന്ന് വലിയ അക്രമം കാണിച്ചിരിക്കുകയാണ്.
ഇത്തരുണത്തിൽ നിയമത്തിനുള്ളിൽ നിന്നു കൊണ്ട് ഈ കരിനിയമത്തെ മാറ്റുന്നതിന് പരിശ്രമിക്കേണ്ടത് നാമെല്ലാവരുടെയും ആവശ്യമാണ്. ഈ വിഷയത്തിൽ ഇന്ത്യൻ മുസ്‌ലിംകളുടെ പൊതുവേദിയായ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. വഖ്ഫിൻ്റെ വിഷയത്തിൽ തുടക്കം മുതൽക്കേ ശബ്ദിക്കുകയും വലിയ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുകയും ചെയ്ത മുസ്‌ലിം പേഴ്സണൽ ലോ ബോർഡിൻ്റെ പ്രവർത്തനങ്ങളെ പിന്തുണക്കുകയും അതിൽ എല്ലാവരും കഴിവിന്റെ പരമാവധി സഹകരിക്കുകയും ചെയ്യണം. അതിന്റെ ഭാഗമായി ബോർഡ്, ഒക്ടോബർ 3 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ചില കാരണങ്ങളുടെ പേരിൽ ഇത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കപ്പെട്ടു. എന്നാൽ ബോർഡിന്റെ മറ്റ് പ്രതിഷേധ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നു. അത് എല്ലാവരും ഏറ്റെടുക്കേണ്ടതുണ്ട്.
പ്രധാനമായും ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വഖ്ഫ് സ്വത്തുക്കളുടെ നിയമപരമായ രേഖകൾ ശരിയാക്കുന്ന പരിശ്രമത്തിനും എല്ലാവരും മുന്നിട്ടിറങ്ങേണ്ടതാണ്. ഈ വിഷയത്തിൽ നിയമപരമായ സഹായങ്ങൾ ചെയ്യാൻ സാധിക്കുന്ന സഹോദരങ്ങൾ ഇതിന് നേതൃത്വം നൽകണമെന്ന് പ്രത്യേകം താൽപര്യപ്പെടുന്നു. അതുപോലെ മഹത്വത്തെയും മാനവികതയും കുറിച്ച് പണ്ഡിതന്മാരും പ്രഭാഷകന്മാരും എഴുത്തുകാരും പ്രഭാഷണങ്ങളും ലേഖനങ്ങളും പ്രചരിപ്പിക്കുകയും പത്രങ്ങളുടെ എഡിറ്റർമാർക്ക് കത്തുകൾ അയക്കുകയും സോഷ്യൽ മീഡിയ വഴിയായി ഇതിൻ്റെ പ്രവർത്തനങ്ങളെ വ്യാപകമാക്കുകയും ചെയ്യേണ്ടതാണ്. പടച്ചവൻ നമ്മുടെ പ്രവർത്തനങ്ങൾ എളുപ്പമാക്കുകയും വിജയിപ്പിക്കുകയും ചെയ്യട്ടെ!
ജുമുഅ സന്ദേശം
വഖ്ഫ് നിയമം 2025;
ചെയ്യേണ്ട ചില കാര്യങ്ങൾ
മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്റ്: ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
"നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ അക്രമിക്ക് മുന്നിൽ വാദങ്ങളും തെളിവുകളും ഫലിക്കില്ല" ഒരു ഉറുദു കവിയുടെ വരികളാണിത്. നിലവിൽ നമ്മുടെ രാജ്യത്തെ വർഗീയ ഭരണകൂടത്തിൻ്റെ അവസ്ഥയും ഇതുതന്നെയാണ്. മുസ്‌ലിംകളെ ഉപദ്രവിക്കുക, അവരുടെ വ്യക്തിത്വത്തെ ആക്രമിക്കുക, അവരെ ഒതുക്കി നിർത്തുക എന്നിവ ഈ സർക്കാരിന്റെ പ്രത്യേക നയമാണ്. 2014-ന് മുൻപ് ഇത് ഒരു പരിധി വരെ ഉണ്ടായിരുന്നെങ്കിലും, 2014 മുതൽ അതിന്റെ വേഗത വളരെ വർധിച്ചു. ഈ വിദ്വേഷ മനോഭാവത്തിന്റെ ഭാഗമായാണ് മുത്തലാഖ് നിയമം, സി.എ.എ എന്നിവ കൊണ്ടുവന്നത്. ചില സംസ്ഥാനങ്ങളിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കി. കേന്ദ്രത്തിലും അതിന് ശ്രമിച്ചു. അതിന്റെ ഭീഷണി ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല. മസ്ജിദുകൾക്കും മദ്റസകൾക്കും നേരെയുള്ള ആക്രമണങ്ങളും ഇതിന്റെ ഭാഗമാണ്. ഈ വിദ്വേഷത്തിന്റെ ഏറ്റവും മോശമായ രൂപമാണ് വഖഫ് (ഭേദഗതി) നിയമം 2025.
എല്ലാ പ്രവർത്തനങ്ങൾക്കും ഒരു കേന്ദ്രം ആവശ്യമാണ്. അത് സാമൂഹികമോ, സംഘടനാപരമോ, രാഷ്ട്രീയപരമോ, ജനക്ഷേമപരമോ, മതപരമോ, വിദ്യാഭ്യാസപരമോ ഏതു തരം പ്രവർത്തനവുമാകട്ടെ. ആ കേന്ദ്രത്തിന് ഭൂമിയും കെട്ടിടങ്ങളും വേണം. ഇപ്രകാരം നമസ്കരിക്കാൻ മസ്ജിദുകൾ, വിദ്യാഭ്യാസം നൽകാൻ മദ്റസകളും സ്‌കൂളുകളും, അനാഥക്കുട്ടികളെ വളർത്താൻ യത്തീംഖാനകൾ, യാത്രക്കാർക്ക് താമസിക്കാൻ സത്രങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾക്കായി വാടകയോ കാർഷിക വരുമാനമോ ലഭിക്കുന്ന ഭൂമി, അതുപോലെ മരണശേഷം ഇസ്‌ലാമിക രീതിയിൽ മറവുചെയ്യാൻ ഖബർസ്ഥാനുകൾ എന്നിവയെല്ലാം മുസ്‌ലിം സമുദായത്തിൻ്റെ ജീവനാഡിയാണ്. നമ്മുടെ മതപരമായ വ്യക്തിത്വം, വിശ്വാസ സംരക്ഷണം, പ്രബോധന-സംസ്കരണ പ്രവർത്തനങ്ങൾ, ശരീഅത്തനുസരിച്ചുള്ള ജീവിതം എന്നിവയെല്ലാം അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർ.എസ്.എസ്സിൽ തീവ്ര ഹിന്ദുത്വവാദികളായ ബുദ്ധിജീവികൾ ധാരാളമുള്ളതുകൊണ്ട് വളരെ ആസൂത്രിതമായിട്ടാണ് അവർ ഈ നിയമം ഉണ്ടാക്കിയത്. വിദ്വേഷത്തിൻ്റെ മൊത്തവ്യാപാരികൾ അത് പാർലമെന്റിൽ പാസാക്കിയെടുത്തു.
ഈ നിയമം പാസായ സാഹചര്യത്തിൽ മുസ്‌ലിംകൾ എന്തുചെയ്യണം എന്നതാണ് ചോദ്യം. അതുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു:
1. നിയമത്തിനെതിരെയുള്ള പ്രക്ഷോഭം
ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് (AIMPLB) എല്ലാ മുസ്‌ലിം സംഘടനകളുമായും വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായും ചേർന്ന് ഈ നിയമം റദ്ദാക്കാൻ പോരാടുകയാണ്.
* നിയമം തടയാൻ ലക്ഷക്കണക്കിന് ഇമെയിലുകൾ JPC-ക്ക് അയച്ചു.
* JPC യോഗങ്ങളിൽ എല്ലാ ഭാഗത്തുനിന്നുമുള്ള മുസ്‌ലിംകളെ പ്രതിനിധീകരിച്ചു.
* പ്രതിപക്ഷ നേതാക്കളും പാർട്ടികളും പൊതുവേദികളിലും പാർലമെന്റിലും ഇതിനെതിരെ പരസ്യമായി ശബ്ദമുയർത്തി.
* മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളെ കൂടെ നിർത്തി.
* മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുമായി സംസാരിക്കുകയും, സർക്കാരിന്റെ അപകടകരമായ ലക്ഷ്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും, അവരുടെ പിന്തുണ നേടുകയും ചെയ്തു.
* മുസ്‌ലിം ഇതര പ്രമുഖ രാഷ്ട്രീയ സാമൂഹിക വ്യക്തികളുമായി കൂടിക്കാഴ്ചകൾ നടത്തുകയും പത്രസമ്മേളനങ്ങൾ വിളിക്കുകയും ചെയ്തു.
* ബോർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും, ബോർഡിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുടെ മേൽനോട്ടത്തിലും ഡൽഹി, മുംബൈ, ബാംഗ്ലൂർ, പട്ന, വിജയവാഡ, കൊൽക്കത്ത, റാഞ്ചി തുടങ്ങി വിവിധ നഗരങ്ങളിൽ വലിയ പൊതുയോഗങ്ങൾ നടത്തി. ഈ യോഗങ്ങളിൽ എല്ലാ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും ക്ഷണിച്ചു.
* മുസ്‌ലിം വിഷയങ്ങളെ അവഗണിച്ചിരുന്ന മാധ്യമങ്ങൾ പോലും അനുകൂലമായോ പ്രതികൂലമായോ ഈ വിഷയം പൊതുജനമധ്യത്തിൽ കൊണ്ടുവരാൻ നിർബന്ധിതരായി.
* ജുമുഅ പ്രഭാഷണങ്ങളിലൂടെ ഈ സന്ദേശം മുസ്‌ലിം വീടുകളിൽ എത്തിച്ചു.
* മുസ്‌ലിം സ്ത്രീകൾക്ക് വേണ്ടിയാണ് ഈ ബിൽ കൊണ്ടുവരുന്നതെന്ന് സർക്കാർ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ, സ്ത്രീകളും പ്രതിഷേധങ്ങളിൽ പൂർണ്ണ ശക്തിയോടെ പങ്കെടുത്തു.
* ഡൽഹി, പട്ന, വിജയവാഡ എന്നിവിടങ്ങളിൽ ശക്തമായ ധർണകൾ നടന്നു. ഈ ശ്രമങ്ങൾ കാരണം ഈ വിഷയം രാജ്യത്തുടനീളമുള്ള മുസ്‌ലിങ്ങൾക്കും നീതിബോധമുള്ള പൗരന്മാർക്കും പ്രധാന ചർച്ചാവിഷയമായി മാറി.
ബോർഡ് ഇപ്പോൾ ചെയ്യുന്നത്:
* ഈ നിയമം എന്തുവിലകൊടുത്തും പിൻവലിക്കണമെന്ന് ബോർഡ് സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.
* ഇതിനായി സുപ്രീം കോടതിയെ സമീപിച്ചു.
* ഒരു വിശദമായ പ്രതിഷേധ പരിപാടി തയ്യാറാക്കിയിട്ടുണ്ട്, എല്ലാ മുസ്‌ലിംകളോടും അതിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
* രാജ്യത്തുടനീളം വലിയ പ്രതിഷേധ യോഗങ്ങളും, പ്രാദേശിക സാഹചര്യങ്ങൾക്കനുരിച്ച് ധർണകളും ഉണ്ടാകും.
* പ്രിന്റ്, ഇലക്ട്രോണിക്, സോഷ്യൽ മീഡിയ വഴി വിഷയത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടും.
* വലിയ വനിതാ പ്രതിഷേധ പരിപാടികൾ ഉണ്ടാകും.
* മുസ്‌ലിം ഇതര ബുദ്ധിജീവികളുമായും നേതാക്കളുമായും കൂടിക്കാഴ്ചകൾ നടത്തും, പ്രധാന നഗരങ്ങളിൽ പത്രസമ്മേളനങ്ങൾ വിളിക്കും.
* ചുരുക്കത്തിൽ, ജനാധിപത്യപരമായ രീതിയിൽ ഈ നിയമം നിരാകരിക്കാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കും.
മുസ്‌ലിംകളുടെ കർത്തവ്യം:
* മുസ്‌ലിംകൾ ബോർഡിന്റെ ശബ്ദത്തെ ഒറ്റക്കെട്ടായ ശബ്ദമാക്കണം, അതിന്റെ നിർദ്ദേശങ്ങൾ പാലിക്കണം.
* മുന്നോട്ട് പോകാൻ പറയുമ്പോൾ മുന്നോട്ട് പോകുകയും, നിർത്താൻ പറയുമ്പോൾ നിർത്തുകയും ചെയ്യണം. എങ്കിൽ മാത്രമേ ഈ സമാധാനപരമായ പ്രതിഷേധം പൂർണ്ണ ശക്തിയോടെ തുടരുകയുള്ളൂ.
* ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ഇതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക സാഹചര്യങ്ങൾക്കനുരിച്ച്, അവിടുത്തെ സ്വാധീനമുള്ളവരുമായും ബുദ്ധിശാലികളുമായും ആലോചിച്ച ശേഷം പ്രതിഷേധ ശ്രമങ്ങൾ നടത്തണം. നമ്മുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനും അതിനുവേണ്ടി ത്യാഗം സഹിക്കാനും മുന്നോട്ട് വരുന്നത് നമ്മുടെ മതപരവും വിശ്വാസപരവുമായ ഉത്തരവാദിത്തമാണ്.
* ഈ ഘട്ടത്തിൽ പലരും മുസ്‌ലിംകളെ വഴിതെറ്റിക്കാൻ ശ്രമിക്കും. സർക്കാരിന്റെ ഏജന്റുമാരായി പ്രവർത്തിച്ച് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കും, മതസംഘടനകളെയും നേതൃത്വങ്ങളെയും വിലയില്ലാതാക്കാൻ ശ്രമിക്കും, അവരെക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കും. ഇതെല്ലാം രാജ്യത്തിനും സമുദായത്തിനും വേണ്ടിയാണെന്ന് പറഞ്ഞായിരിക്കും ചെയ്യുക. അത്തരം കുഴപ്പക്കാർക്കെതിരെ ജാഗ്രത പാലിക്കണം.
2. നിലവിലുള്ള വഖഫ് സ്വത്തുക്കളുടെ സംരക്ഷണം
സംരക്ഷണത്തിനുള്ള വഴികൾ:
* അതിർത്തി തിരിക്കൽ (ചുറ്റുമതിൽ നിർമ്മിക്കൽ): ബാക്കിയുള്ള വഖഫ് സ്വത്തുക്കൾ പൂർണ്ണമായി സംരക്ഷിക്കാൻ ശ്രമിക്കണം. തുറന്നുകിടക്കുന്ന വഖഫ് ഭൂമിക്ക് എത്രയും വേഗം ചുറ്റുമതിൽ കെട്ടുക എന്നതാണ് ഈ ശ്രമത്തിന്റെ ഒരു ഭാഗം. അത്യാഗ്രഹികളായ കണ്ണുകൾ ആ ഭൂമിയിൽ പതിക്കാതിരിക്കാൻ വേണ്ടിയാണിത്.
* പ്രത്യേകിച്ച്, മുസ്‌ലിം സമൂഹത്തിലെ തുറന്നുകിടക്കുന്ന ഖബർസ്ഥാനുകൾ (ഖബറിടങ്ങൾ), ഈദ്ഗാഹുകൾ.
* പലയിടത്തും മതിലില്ലാത്ത മസ്ജിദുകൾക്ക് പുറത്തുള്ള തുറന്ന മുറ്റങ്ങൾ.
* ചിലയിടങ്ങളിൽ മദ്റസകൾക്കും മസ്ജിദുകൾക്കും വേണ്ടി തോട്ടങ്ങളും കൃഷിഭൂമികളും വഖഫ് ചെയ്തിട്ടുണ്ട്, അവയ്ക്കും പൊതുവായി അതിർത്തി കെട്ടിയിട്ടില്ല.
* ചില മസ്ജിദുകൾ, പ്രത്യേകിച്ചും പഴയ കാലത്ത് രാജാക്കന്മാരും നവാബുമാരും നിർമ്മിച്ചവ, ഇപ്പോൾ പരിസരത്ത് മുസ്‌ലിം ജനസംഖ്യ ഇല്ലാത്തതിനാൽ വിജനമായി കിടക്കുകയാണ്.
* ഉപയോഗപ്പെടുത്തൽ:
ഈ സ്ഥലങ്ങൾക്കെല്ലാം അതിർത്തി കെട്ടേണ്ടത് അത്യാവശ്യമാണ്. വിജനമായി കിടക്കുന്ന സ്ഥലങ്ങൾ, പണ്ഡിതന്മാരുടേയും കർമ്മശാസ്ത്രജ്ഞരുടേയും (മുഫ്തിമാർ) ഉപദേശത്തോടെ, മതപരവും സമുദായപരവുമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുകയും നടപ്പിലാക്കുകയും വേണം. കാരണം, ഉപയോഗത്തിലുള്ള സ്ഥലം സംരക്ഷിക്കാൻ എളുപ്പമാണ്, എന്നാൽ വിജനമായി കിടക്കുന്ന സ്ഥലം സംരക്ഷിക്കാൻ പ്രയാസമാണ്.
* പുണ്യകർമ്മം:
ഈ സംരക്ഷണ പ്രവർത്തനം വലിയ പ്രതിഫലമുള്ള ഒരു കാര്യമാണ്. കാരണം ഇത് സമുദായത്തിന്റെ താൽപ്പര്യങ്ങളുടെയും മതപരമായ ചിഹ്നങ്ങളുടെയും സംരക്ഷണമാണ്. അതിനാൽ ഇതിന് മുൻഗണന നൽകണം.
3. വഖഫ് രജിസ്ട്രേഷൻ
ട്രസ്റ്റ് രൂപീകരണം:
* ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഉടമസ്ഥതയായി രേഖപ്പെടുത്തിയിട്ടില്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കുകയും ഇഷ്ടാനുസരണം ഉപയോഗിക്കുകയും ചെയ്യും.
* അതുകൊണ്ട്, പഴയ വഖഫുകളും പുതുതായി സ്ഥാപിക്കുന്ന വഖഫുകളും എത്രയും വേഗം രജിസ്റ്റർ ചെയ്യണം.
* ഇത് ഉടമസ്ഥാവകാശത്തിന്റെ ഡോക്യുമെന്ററി തെളിവ് നൽകും.
* ഇതിനായി നിയമവിദഗ്ധരുമായി ആലോചിക്കണം. പണം ചെലവഴിക്കേണ്ടിവന്നാൽ, കൂട്ടായ ശ്രമങ്ങളിലൂടെ അത് കണ്ടെത്തണം. എന്തുവിലകൊടുത്തും ഈ ജോലി ചെയ്യാൻ ശ്രമിക്കണം. അല്ലെങ്കിൽ ഭാവിയിൽ നമുക്ക് ധാരാളം വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടും.
വഖഫ് ബോർഡിലെ പ്രശ്നങ്ങളും ട്രസ്റ്റ് രൂപീകരണവും:
* വഖഫ് ബോർഡിൽ ചില ദൈവഭയമില്ലാത്ത ആളുകൾ ഉണ്ട്. അവരുടെ അന്യായമായ ചെയ്തികളും അഴിമതികളും നിത്യേന വെളിച്ചത്തുവരുന്നുണ്ട്.
* അവർ കൈക്കൂലി വാങ്ങിയും സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയും മനഃപൂർവ്വം വഖഫ് കേസുകൾ തോറ്റുകൊടുക്കുകയും, ഏതാനും രൂപയ്ക്ക് വേണ്ടി സമുദായത്തിന്റെ വിലപ്പെട്ട സ്വത്തുക്കൾ കൈയേറ്റക്കാർക്ക് കൈമാറുകയും ചെയ്യുന്നു.
* എതിർകക്ഷിയുടെ നിർദ്ദേശപ്രകാരം അവർ പേപ്പറുകൾ പോലും അപ്രത്യക്ഷമാക്കുന്നു. അതുവഴി തെളിവുകൾ ഹാജരാക്കാതിരിക്കാനും എതിരാളികൾക്ക് അന്യായമായി കൈവശപ്പെടുത്താനും സാധിക്കുന്നു.
* ഇപ്പോൾ വന്നിട്ടുള്ള ഈ പുതിയ വഖഫ് നിയമം, അത്തരം അഴിമതികൾക്ക് നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ വഴിയൊരുക്കുന്നു.
* അതുകൊണ്ട്, മദ്രസകൾ, മസ്ജിദുകൾ, ക്ഷേമ-സഹായ സ്ഥാപനങ്ങൾ, യത്തീംഖാനകൾ, ഖബർസ്ഥാൻ കമ്മിറ്റികൾ എന്നിവയുടെ ട്രസ്റ്റ് രൂപീകരിക്കേണ്ടത് അത്യാവശ്യമായി തോന്നുന്നു.
* ട്രസ്റ്റിന്റെ രൂപത്തിൽ കൂടുതൽ സംരക്ഷണം ലഭിക്കാൻ സാധ്യതയുണ്ട്. ട്രസ്റ്റ് നിയമത്തിൽ, താൽപ്പര്യത്തിനനുസരിച്ച് അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വിഭജിക്കാനും ചെലവുകൾ നിർണ്ണയിക്കാനും ധാരാളം സാധ്യതകളുണ്ട്.
* കൂടാതെ, ട്രസ്റ്റിൽ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റിയും വാർഷിക ഓഡിറ്റും ഉണ്ടാകുന്നതിനാൽ, അഴിമതിക്കുള്ള സാധ്യത കുറവായിരിക്കും.
* എന്തായാലും, ഈ വിഷയത്തിൽ നിയമവിദഗ്ധരുമായി ആലോചിക്കണം, കൂടുതൽ പ്രയോജനകരമായ രൂപം സ്വീകരിക്കണം.
* സൊസൈറ്റി ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനിൽ സർക്കാരിന്റെ ഇടപെടലുകൾക്ക് കൂടുതൽ സാധ്യതയുണ്ട്. നിലവിലെ വഖഫ് നിയമം വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് ഭീഷണിയുയർത്തിയിരിക്കുന്നു.
* ഇതൊരു നിയമപരമായ വിഷയമാണ്, അതിനാൽ നിയമവിദഗ്ധരുടെ ഉപദേശമനുസരിച്ചും പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ചും ഒരു വഴി തിരഞ്ഞെടുക്കണം.
4. ആത്മപരിശോധനയും തൗബയും (പശ്ചാത്താപം)
അല്ലാഹുവിന്റെ വ്യവസ്ഥ ഇതാണ്: ഒരു കൂട്ടർ അല്ലാഹുവിന്റെ കൽപ്പന ലംഘിക്കുകയും അവന്റെ അനുഗ്രഹങ്ങളെ വിലമതിക്കാതിരിക്കുകയും ചെയ്യുമ്പോൾ, അല്ലാഹുവിന്റെ ശിക്ഷ വരികയും ആ അനുഗ്രഹം എടുത്തുമാറ്റപ്പെടുകയും ചെയ്യും. വഖഫ് വിഷയവും ഇതുപോലെയാണ്.
* സർക്കാർ കൈവശപ്പെടുത്തിയ വഖഫ് സ്വത്തുക്കളെക്കാൾ കുറവായിരിക്കില്ല മുസ്‌ലിംകൾ അന്യായമായി കൈവശം വെച്ചിട്ടുള്ള വഖഫ് സ്വത്തുക്കൾ.
* ചില ആളുകൾ വഖഫ് സ്വത്തുക്കൾ പൂർണ്ണമായി കൈവശപ്പെടുത്തി സ്വന്തം സ്വത്തുക്കൾ പോലെ ഉപയോഗിക്കുന്നു.
* ചിലയിടങ്ങളിൽ, അമ്പതിനായിരം രൂപ വാടക വരേണ്ട വഖഫ് ഭൂമിക്ക് നൂറോ നൂറ്റമ്പതോ രൂപ മാത്രമാണ് വാടക കൊടുക്കുന്നത്. അതിലും കഷ്ടമെന്തെന്നാൽ, കുറഞ്ഞ വാടകയ്ക്ക് എടുത്ത് അത് ഉയർന്ന വാടകയ്ക്ക് മറിച്ചുകൊടുക്കുന്നു. അവർ ഇരുപതിനായിരമോ ഇരുപത്തിയയ്യായിരമോ വാടക വാങ്ങുകയും വഖഫ് ബോർഡിന് നൂറോ ഇരുനൂറോ രൂപ നൽകുകയും ചെയ്യുന്നു.
* ഈ അന്യായമായ കൈയേറ്റം, നിയമവിരുദ്ധമായ കൈവശപ്പെടുത്തൽ, അഴിമതി എന്നിവ കാരണമായിരിക്കാം അല്ലാഹു ഈ അനുഗ്രഹത്തിൽ നിന്ന് നമ്മെ അകറ്റുന്നത്.
* മാത്രമല്ല, ചില ദർഗ്ഗകളുടെ (ഖബറിടങ്ങളുടെ) ഭൂമികൾ, ജനങ്ങൾ ഭക്തിയുടെ പേരിൽ കൈകാലുകൾ ചുംബിക്കുന്ന സജ്ജാദന്മാർ (ഖബറിടത്തിന്റെ ചുമതലക്കാർ) പോലും മറിച്ച് വിൽക്കുന്നു.
* വഖഫ് സ്വത്തുക്കളോട് കാണിക്കുന്ന ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷയായിരിക്കാം നിലവിലെ നിയമത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ഈ ശിക്ഷയുടെ മറവിൽ സർക്കാർ വഖഫ് നിയമം കൊണ്ടുവന്നിരിക്കുന്നു.
* വഖഫ് മോഷണത്തിന്റെ പാപത്തിൽ ഏർപ്പെട്ടിരിക്കുന്ന മുസ്‌ലിംകൾ സ്വയം അതിൽ നിന്ന് തൗബ ചെയ്യണം.
* അന്യായമായി സമ്പാദിച്ച പണത്തിൽ നിന്ന് സ്വയം രക്ഷപ്പെടുകയും തങ്ങളുടെ മക്കളെയും രക്ഷിക്കുകയും വേണം.
* പ്രവാചകൻ (സ) പറഞ്ഞു: "ആരെങ്കിലും ഒരാൾ ഒരൽപം ഭൂമി അന്യായമായി കൈവശപ്പെടുത്തിയാൽ, ഖിയാമത്ത് നാളിൽ ആ ഭൂമിയിലെ മുകൾത്തട്ട് മുതൽ ഏഴാം തലം വരെ അവനെ കഴുത്തിൽ മാലയായി അണിയിക്കപ്പെടും".
* നൂറുകണക്കിനും ആയിരക്കണക്കിനും ആളുകളുടെ അവകാശങ്ങൾ ബന്ധപ്പെട്ടുകിടക്കുന്ന സാമൂഹിക സ്വത്താണെങ്കിൽ, അതിന്റെ പാപത്തിന്റെ വലുപ്പം ഊഹിക്കാമോ?
എന്തായാലും, ഇത് വളരെ സങ്കീർണ്ണമായ സമയമാണ്. നല്ല തന്ത്രവും ആഴമായ ചിന്തയും അത്യാവശ്യമാണ്. ധൈര്യവും നിശ്ചയദാർഢ്യവും കാണിക്കുകയും എന്നാൽ മിതത്വവും സന്തുലിതാവസ്ഥയും കൈവിടാതെ സൂക്ഷിക്കുകയും വേണം.
ഈ പ്രയാസകരമായ സാഹചര്യങ്ങളിൽ അല്ലാഹു മുസ്‌ലിംകളെ സഹായിക്കുകയും വിവേകത്തോടെ മുന്നോട്ട് പോകാൻ തൗഫീഖ് നൽകുകയും ചെയ്യട്ടെ.
സോഷ്യൽ മീഡിയ ഡെസ്ക്,
ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
🔹🔹🔹🔹🔹🔹🔹
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുല്‍ ജുമുഅ:-1 (11 ആയത്തുകള്‍, പദങ്ങള്‍ 180, അക്ഷരങ്ങള്‍ 720, മദീനമുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 110. പാരായണ ക്രമം 62. സൂറത്തുസ്സ്വഫ്ഫിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
പ്രവാചക പ്രവര്‍ത്തനങ്ങള്‍ വിജയം വരിക്കുന്നതാണ്. ഭാഗ്യം കെട്ടവര്‍ നിഷേധ മാര്‍ഗ്ഗം സ്വീകരിക്കുന്നതാണ്
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-08
يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ (1) هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ (2) وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ۚ وَهُوَ الْعَزِيزُ الْحَكِيمُ (3) ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ (4) مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (5) قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ (6) وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَاللَّهُ عَلِيمٌ بِالظَّالِمِينَ (7) قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ (8)
മആരിഫുല്‍ ഹദീസ്
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
138. ഇബ്നു ഉമർ (റ) നിവേദനം: അബൂബക്ർ (റ)നോട് റസൂലുല്ലാഹി (സ) അരുളി: താങ്കൾ ഗുഹയിൽ എൻ്റെ കൂട്ടുകാരനായിരുന്നു. പരലോകത്ത് ഹൗളിനരികിലും എൻ്റെ കൂട്ടുകാരനായിരിക്കും. (തിർമിദി)
വിവരണം: റസൂലുല്ലാഹി (സ) മദീനയിലേക്ക് പലായനം ചെയ്തപ്പോൾ മക്കാ മുകർറമക്ക് അരികിലുള്ള സൗർ പർവ്വതത്തിൽ മൂന്ന് ദിവസം മറഞ്ഞിരിക്കുകയുണ്ടായി. തദവസരം റസൂലുല്ലാഹി (സ)യുടെ കൂട്ടാളി സിദ്ദീഖ് (റ) ആയിരുന്നു. അങ്ങേയറ്റത്തെ അപകടങ്ങൾക്ക് സാധ്യതയുണ്ടായിരുന്ന ഈ യാത്രയിൽ മുഴുവനും പ്രത്യേകിച്ചും ഈ ഗുഹയിലും റസൂലുല്ലാഹി (സ)യുടെ കൂട്ടത്തിൽ കഴിഞ്ഞത് സ്നേഹത്തിൻ്റെ സമർപ്പണത്തിൻ്റെയും ഉദാത്ത മാതൃകയായിരുന്നു. റസൂലുല്ലാഹി (സ) എന്നും ഇതോർത്തിരുന്നു. പരിശുദ്ധ ഖുർആനിലും ഇക്കാര്യം അനുസ്മരിച്ചിട്ടുണ്ട്. .... (തൗബ 40) ഇതിൻ്റെ ഫലമെന്നോണം നാളെ പരലോകത്തെ സമുന്നത ആദരവായ കൗസർ തടാകത്തിനരികിലും റസൂലുല്ലാഹി (സ)യുടെ സമീപത്ത് സിദ്ദീഖ് (റ) ഉണ്ടായിരിക്കുന്നതാണ്.
139. അബൂഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ജിബ്‌രീൽ (അ) എൻ്റെ അരികിൽ വരികയും കൈയ്യിൽ പിടിക്കുകയും എൻ്റെ സമുദായം സ്വർഗ്ഗത്തിൽ പ്രവേശിക്കാനിരിക്കുന്ന കവാടം കാണിച്ചു തരികയും ചെയ്തു. തദവസരം അബൂബക്ർ (റ) പറഞ്ഞു: ഞാനും അങ്ങയോടൊപ്പം വന്ന് അത് കണ്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു. അപ്പോൾ റസൂലുല്ലാഹി (സ) അരുളി: അറിയുക, അബൂബക്റേ! എൻ്റെ സമുദായത്തിൽ എൻ്റെ സമുദായത്തിൽ ഏറ്റവും ആദ്യമായി സ്വർഗ്ഗത്തിൽ കടക്കുന്നത് താങ്കളാണ്. (അബൂ ദാവൂദ്)
വിവരണം: ഈ ഹദീസിൽ പരാമർശിച്ചിരിക്കുന്ന സംഭവം മിഅ്റാജ് രാത്രിയിൽ നടന്നതായിരിക്കാം. അല്ലെങ്കിൽ മറ്റേതെങ്കിലും സന്ദർഭത്തിൽ അല്ലാഹുവിൻ്റെ അനുമതി പ്രകാരം ജിബ്‌രീൽ (അ) കൂട്ടിക്കൊണ്ടു പോയി കാണിച്ചു കൊടുത്തതായിരിക്കാം. അല്ലെങ്കിൽ ഇത് മദീനയിൽ ഇരുന്ന് കൊണ്ടു തന്നെ അത്ഭുതകരമായ നിലയിൽ കാണിച്ചു കൊടുത്തതുമായിരിക്കാം. എന്താണെങ്കിലും റസൂലുല്ലാഹി (സ) ഈ കാഴ്ച്ചയെ കുറിച്ച് വിവരിച്ചപ്പോൾ കാഴ്ച്ചയുടെ ഞാനും കൂടിയുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നെന്ന് അബൂബക്ർ സിദ്ദീഖ് (റ) പറഞ്ഞു. ഉടനെ റസൂലുല്ലാഹി (സ) മറ്റൊരു വാർത്ത അറിയിച്ചു. റസൂലുല്ലാഹി (സ) അരുളി: എൻ്റെ സമുദായത്തിൽ പ്രസ്തുത വാതിൽ വഴി ആദ്യമായി സ്വർഗ്ഗത്തിൽ കടക്കുന്നത് താങ്കളായിരിക്കും. ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠനും ഉന്നതനുമായ വ്യക്തി അബൂബക്ർ സിദ്ദീഖ് (റ) ആണെന്നുള്ളതിന് ഈ ഹദീസ് വ്യക്തമായ തെളിവാണ്.

