▪️മുഖലിഖിതം
ഇസ്ലാം പ്രചരിച്ചത് വാളിലൂടെയോ!
പാശ്ചാത്യരുടെയും പൗരസ്ത്യരുടെയും സമ്മതം - 4
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
സൂറത്തുൽ മുംതഹിന-3
ജുമുഅ സന്ദേശം
ഇസ്‌ലാം പ്രചരിച്ചത് വാളിലൂടെയോ! -4
ഇസ്‌ലാമിക പ്രചാരണം പിൽക്കാലങ്ങളിൽ
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
അന്ത്യപ്രവാചകൻ റസൂലുല്ലാഹി ﷺ കാലത്ത് നടന്ന ഇസ്‌ലാമിക പ്രചാരണങ്ങളെ പറ്റിയാണ് കഴിഞ്ഞ വരികളിൽ വിവരിക്കപ്പെട്ടത്. തുടർന്നുള്ള കാലങ്ങളിലും ഇതേ നിലയിൽ തന്നെയായിരുന്നു ഇസ്ലാമിക പ്രചാരണം നടന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ റസൂലുള്ളാഹി ﷺ യെ പിൻപറ്റിക്കൊണ്ട് നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ മാത്രമേ യതാർത്ഥത്തിൽ ഇസ്‌ലാമിക പ്രചാരണമാവുകയുളളു. ഈ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ സ്വഹാബാ മഹത്വുകളുടെ കാലഘട്ടത്തിലും ഇസ്‌ലാമിക പ്രബോധനങ്ങളും പ്രചാരണവും ശാന്തമായി ആണ് നടന്നതെന്ന് മനസ്സിലാക്കാൻ കഴിയും. അബൂബക്കർ സിദ്ധീഖ് (റ) ൻ്റെ കാലത്ത് മുസന്നാ (റ) ഇസ്‌ലാം സ്വീകരിച്ചു.അദ്ദേഹത്തിൻ്റെ പ്രവർത്തനഫലമായി കുടുംബത്തിലെ ധാരാളം ആളുകൾ ഇസ്‌ലാം സ്വീകരിച്ചു.ഖാലിദ് (റ) ഇറാഖ് പ്രദേശങ്ങളിൽ യാത്ര നടത്തിയപ്പോൾ അവിടെയുള്ള ധാരാളം ജനങ്ങൾ ഇസ്‌ലാം സ്വീകരിച്ചു. (ത്വബരി )
ഉമറുൽ ഫാറൂഖ് (റ) ൻ്റെ കാലത്ത് ഇസ്‌ലാമിക വിജയത്തിൻ്റെ മുന്നേറ്റങ്ങൾക്കൊപ്പം ഇറാനിയൻ സൈന്യം സ്വഹാബാമുന്നേറ്റത്തിനെ തടഞ്ഞു നിർത്താൻ അങ്ങേയറ്റം പരിശ്രമിച്ചുവെങ്കിലും അതിനെല്ലാം അതി ജയിച്ചുകൊണ്ട് ഇസ്‌ലാമിക പ്രചാരണം ശക്തമായി മുന്നേറി. അംറ് ബ്നു ആസ് (റ) കൂട്ടുകാരോടൊപ്പം ഈജിപ്തിൽ പരിശ്രമിക്കുകയും അവിടെയും ധാരാളമായി ജനങ്ങൾ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.അന്ന് ഈജിപ്തിൽ ക്രൈസ്തവർ ധാരാളമായി ഉണ്ടായിരുന്നു,സ്വഹാബികൾ അവരെ മതം മാറ്റുന്നതിന് യാതൊരു സമ്മർദ്ദവും ചെലുത്തിയില്ല.മാത്രമല്ല നിങ്ങൾക്ക് നിങ്ങളുടെ മതത്തിൽ നിന്ന് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അവർ അറിയിക്കുകയും ചെയ്തു.എന്നിട്ടും ധാരാളം ആളുകൾ ഇസ്‌ലാമിൽ പ്രവേശിക്കുകയുണ്ടായി. സ്വഹാബാക്കളുടെ സംഘം അവിടെനിന്നും ഫലസ്തീനിലെ അസ്ഖലാൻ വരെ യാത്ര ചെയ്തു വഴികളിലെല്ലാം ജനങ്ങൾ കൂട്ടംകൂട്ടമായി ഇസ്‌ലാം സ്വീകരിച്ചു.
ഉസ്മാനി യുഗത്തിലും ഇസ്‌ലാമിക പ്രചാരണം ശക്തമായി തുടർന്നു.അറേബ്യൻ നാടുകളെ മുറിച്ചു കടന്ന് ആദർബൈജാൻ പോലുള്ള റഷ്യൻ മേഖലകളിലും ധാരാളം ആളുകൾ ഇസ്‌ലാമിൽ പ്രവേശിച്ചു. അശ്അശ് (റ) ആയിരുന്നു സേനനായകൻ. തുടർന്ന് അലി (റ) അദ്ദേഹത്തെ തന്നെ ഗവർണറാക്കി തീരുമാനിക്കുകയും കൂടുതൽ സ്ഥലങ്ങളിൽ ഇസ്‌ലാം പ്രചരിക്കുകയും ചെയ്തു. (ഫത്ഹുൽ ബുൽദാൻ)
ഹള്റത്ത് മുആവിയ (റ) ൻ്റെ കാലഘട്ടത്തിലും ഇസ്‌ലാമിക പ്രചാരണം വളരെ നല്ല നിലയിൽ നടന്നു.വിശിഷ്യാ നാഫിഅ് റഹ്മത്തുല്ലാഹി അലൈഹിയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ മേഖലകളിൽ ജനങ്ങൾ ധാരാളമായി ഇസ്‌ലാം സ്വീകരിച്ചു.ക്രൈസ്തവ ചരിത്രകാരന്മാർ തന്നെ കുറിക്കുന്നു : ഇവർ മതപരമായി വളരെ വിശാലത പുലർത്തിയിരുന്നു, ആരെയും ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിക്കുമായിരുന്നില്ല.പ്രത്യേകിച്ചും ക്രിസ്തീയ ദേവാലയങ്ങളെ സംരക്ഷിക്കാൻഅവർ പ്രത്യേക ശ്രദ്ധ പുലർത്തി . (എൻസൈക്ലോപീഡിയ , ബ്രിട്ടാനിക്ക )
സ്വഹാബാക്കളുടെ കാലഘട്ടത്തിനുശേഷം താബിഈങ്ങളുടെ കാലഘട്ടത്തിലും ഇതേ അവസ്ഥ തുടരുകയുണ്ടായി.പ്രത്യേകിച്ചും ഉമറുബിനു അബ്ദുൽ അസീസ് (റ) യുടെ കാലഘട്ടത്തിൽ ജനങ്ങൾ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് ഒഴുകി. തദവസരം വലിയ സാമ്പത്തികഞെരുക്കം അനുഭവപ്പെട്ടു.ഇതിനെക്കുറിച്ച് ഒരു ഗവർണർ പരാതി പറഞ്ഞപ്പോൾ ഉമറുബ്നു അബ്ദുൽ അസീസ് (റ) പറഞ്ഞ മറുപടി ചരിത്രപരമാണ്. അദ്ദേഹം പറഞ്ഞു:അല്ലാഹു അല്ലാഹു മുഹമ്മദ് നബിയെ നിയോഗിച്ചത് സന്മാർഗ ദർശകനായിട്ടാണ് സാമ്പത്തികസ്വരൂപണം നടത്തുന്ന ആളായിട്ടല്ല. (കിതാബുൽ ഹറാജ് ഇമാം അബൂ യൂസഫ്)
ഇതേ കാലഘട്ടത്തിൽ ഇന്ത്യയിലും ഇസ്ലാം പ്രചരിക്കാൻ തുടങ്ങി.ഉമർ ബിൻ അബ്ദുൽ അസീസ് (റ) ഇന്ത്യയിലെ രാജാക്കന്മാർക്ക് കത്തുകൾ എഴുതുകയും അവരെ നന്മകളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.കൂടാതെ ഉമർ ബ്നു അബ്ദുൽ അസീസ് (റ) ൻ്റെ ലളിതമായ അവസ്ഥകൾ ജനങ്ങളിൽ പ്രചരിക്കുകയും ജനങ്ങൾ അദ്ദേഹത്തിന് വന്നു കണ്ടു ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിരുന്നു.
പിൽകാലങ്ങളിലും ഇതേ അവസ്ഥ തന്നെയാണ് നില നിന്നിരുന്നത് മാത്രമല്ല ഈ അവസ്ഥയ്ക്ക് വിരുദ്ധമായ സാഹചര്യങ്ങൾ സംജാതമായപ്പോൾ മുസ്ലിമീങ്ങൾക്ക്ൾക്ക് വലിയ പരാജയങ്ങളും നാശനഷ്ടങ്ങളും ഏൽക്കേണ്ടതായി വന്നു.അതിൽനിന്നും അവരെ രക്ഷപ്പെടുത്തിയത് പ്രവാചക മാർഗത്തിലൂടെയുള്ള പ്രബോധനപരിശ്രമങ്ങൾ ആയിരുന്നു.ഹിജ്റ 500 വർഷം പിന്നിട്ടപ്പോൾ മുസ്ലിമീങ്ങളുടെ ജീവിതത്തിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടായി ഭരിക്കുന്നവരും ഭരണീയരും ലക്ഷ്യത്തെ മറന്ന് സഞ്ചരിച്ചപ്പോൾ തുർക്കിയിലും മംഗോളിയയിലും താമസിച്ചിരുന്ന താർത്താരികൾ എന്ന അപ രിഷ്ക്യതരായ ഒരുതരം ആളുകൾ ചെങ്കിസ്ഖാന്റെ നേതൃത്വത്തിൽ മുസ്ലിം ലോകത്തിനു മേൽ ആഞ്ഞടിച്ചു.മുസ്ലിം പ്രദേശങ്ങളെ നശിപ്പിക്കുകയും ആരാധനാലയങ്ങൾ തകർക്കുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തു.ബാഗ്ദാദ് പോലെയുള്ള മുസ്‌ലിം കേന്ദ്രങ്ങൾ ശവപ്പറമ്പുകളായി മാറി.എന്നാൽ ഇതിനിടയിൽ പ്രബോധകന്മാർ ഉണരുകയും ശാന്തമായി പ്രബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.തത്ഫലമായി താർത്താരികളിലെ പിൻഗാമികളായ ഭരണാധികാരി ഇസ്‌ലാമിൽ പ്രവേശിക്കുകയും അവർ വഴി ധാരാളമാളുകൾ ദീനിൽ കടക്കുകയും ചെയ്തു. (വിവരണത്തിന് "ഇസ്‌ലാം പ്രബോധനവും പ്രചാരണവും" നോക്കുക )
താർത്താരികളെപ്പോലെ ഒരു അപരിഷ്കൃതവിഭാഗമായിരുന്നു സെൽജൂക്കികൾ .ഇവർ ആദ്യം ക്രിസ്തുമതം സ്വീകരിച്ചു ശേഷം പ്രബോധകൻമാരുടെ പരിശ്രമങ്ങൾ കാരണം ഇസ്‌ലാം സ്വീകരിച്ചു.ഇവരിലും ഉന്നതരായ ധാരാളം ഭരണാധികാരികൾ ഉണ്ടായി.
************
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുംതഹിന-3 (13 ആയത്തുകൾ, പദങ്ങൾ 348, അക്ഷരങ്ങൾ 1510, മദീനാ മുനവ്വറയിൽ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 91. പാരായണ ക്രമം 60. സൂറത്തുൽ അഹ്സാബിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
സത്യവിശ്വാസം സ്വീകരിച്ച് പലായനം ചെയ്തവരെ പരിശോധിച്ച് സ്വീകരിക്കുക
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 10-13
يَا أَيُّهَا النَّبِيُّ إِذَا جَاءَكَ الْمُؤْمِنَاتُ يُبَايِعْنَكَ عَلَىٰ أَن لَّا يُشْرِكْنَ بِاللَّهِ شَيْئًا وَلَا يَسْرِقْنَ وَلَا يَا أَيُّهَا الَّذِينَ آمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ ۖ اللَّهُ أَعْلَمُ بِإِيمَانِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ ۖ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَآتُوهُم مَّا أَنفَقُوا ۚ وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا بِعِصَمِ الْكَوَافِرِ وَاسْأَلُوا مَا أَنفَقْتُمْ وَلْيَسْأَلُوا مَا أَنفَقُوا ۚ ذَٰلِكُمْ حُكْمُ اللَّهِ ۖ يَحْكُمُ بَيْنَكُمْ ۚ وَاللَّهُ عَلِيمٌ حَكِيمٌ (10) وَإِن فَاتَكُمْ شَيْءٌ مِّنْ أَزْوَاجِكُمْ إِلَى الْكُفَّارِ فَعَاقَبْتُمْ فَآتُوا الَّذِينَ ذَهَبَتْ أَزْوَاجُهُم مِّثْلَ مَا أَنفَقُوا ۚ وَاتَّقُوا اللَّهَ الَّذِي أَنتُم بِهِ مُؤْمِنُونَ (11) يَزْنِينَ وَلَا يَقْتُلْنَ أَوْلَادَهُنَّ وَلَا يَأْتِينَ بِبُهْتَانٍ يَفْتَرِينَهُ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِي مَعْرُوفٍ ۙ فَبَايِعْهُنَّ وَاسْتَغْفِرْ لَهُنَّ اللَّهَ ۖ إِنَّ اللَّهَ غَفُورٌ رَّحِيمٌ (12) يَا أَيُّهَا الَّذِينَ آمَنُوا لَا تَتَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ قَدْ يَئِسُوا مِنَ الْآخِرَةِ كَمَا يَئِسَ الْكُفَّارُ مِنْ أَصْحَابِ الْقُبُورِ (13)
സത്യവിശ്വാസികളേ, സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകള്‍ നിങ്ങളിലേക്ക് ഹിജ്റ ചെയ്തുവന്നാല്‍ നിങ്ങള്‍ അവരെ പരിശോധിക്കുക. അവരുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാണ്. അവര്‍ സത്യവിശ്വാസികളാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായാല്‍ അവരെ നിഷേധികളിലേക്ക് നിങ്ങള്‍ തിരിച്ചയക്കരുത്. അവര്‍ ഇവര്‍ക്കും ഇവര്‍ അവര്‍ക്കും അനുവദനീയമല്ല. അവര്‍ (നിഷേധികള്‍) ചിലവഴിച്ചത് നിങ്ങള്‍ അവര്‍ക്ക് കൊടുക്കുക. നിങ്ങള്‍ അവര്‍ക്ക് മഹ്ര്‍ കൊടുക്കാന്‍ സന്നദ്ധരാണെങ്കില്‍ അവരെ വിവാഹം കഴിക്കുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല. നിഷേധത്തില്‍ ഉറച്ച് നില്‍ക്കുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹത്തിലൂടെ പിടിച്ചുവെയ്ക്കരുത്. നിങ്ങള്‍ ചിലവഴിച്ചത് അവരോടും അവര്‍ ചിലവഴിച്ചത് നിങ്ങളോടും ചോദിച്ചുകൊള്ളട്ടെ. ഇത് അല്ലാഹുവിന്‍റെ നിങ്ങളോടുള്ള കല്പനയാണ്. അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും തന്ത്രജ്ഞനുമാണ്.(10) നിങ്ങളുടെ ഭാര്യമാരില്‍ ആരെങ്കിലും നിഷേധികളിലേക്ക് പോയതിനാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടപ്പെടുകയും പിന്നീട് ആ നിഷേധികളോട് നിങ്ങള്‍ പോരാടി സമ്പത്ത് കരസ്ഥമാക്കുകയും ചെയ്താല്‍ നിഷേധികളിലേക്ക് ചേര്‍ന്ന സ്ത്രീകള്‍ക്ക് ചിലവ് ചെയ്തതിന്‍റെ തുല്യസംഖ്യ അവരുടെ ഭര്‍ത്താക്കന്മാരായിരുന്നവര്‍ക്ക് നിങ്ങള്‍ നല്‍കുക. നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക.(11) പ്രവാചകരെ, അല്ലാഹുവിനോട് ഒരു വസ്തുവിനെയും പങ്കുചേര്‍ക്കുകയില്ലെന്നും മോഷണം നടത്തുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും മക്കളെ വധിക്കുകയില്ലെന്നും കൈകാലുകള്‍ക്ക് മുന്നില്‍ കെട്ടിയുണ്ടാക്കുന്ന അപരാധം പറയില്ലെന്നും നന്മകളില്‍ താങ്കളോട് എതിര് പ്രവര്‍ത്തിക്കുകയില്ലെന്നും പറഞ്ഞുകൊണ്ട് പ്രതിജ്ഞ ചെയ്യാന്‍ സത്യവിശ്വാസികളായ സ്ത്രീകള്‍ താങ്കളുടെ അരികില്‍ വന്നാല്‍ താങ്കള്‍ അവരെ ബൈഅത്ത് ചെയ്യുകയും അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായിട്ടും അല്ലാഹു പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്.(12) സത്യവിശ്വാസികളെ, അല്ലാഹു കോപിച്ച ഒരു കൂട്ടരുമായി നിങ്ങള്‍ ആത്മബന്ധം സ്ഥാപിക്കരുത്. ഖബറുകളിലുള്ളവരെ സംബന്ധിച്ച് നിഷേധികള്‍ പ്രതീക്ഷയറ്റവരായതുപോലെ അവര്‍ പരലോകത്ത് നിന്നും നിരാശപ്പെട്ടിരിക്കുന്നു.(13) ആശയ സംഗ്രഹം ആയത്തിന്‍റെ അവതരണ പശ്ചാത്തലം: ഈ രണ്ട് ആയത്തുകള്‍ ഒരു പ്രത്യേക സംഭവുമായി ബന്ധപ്പെട്ട് അവതരിച്ചതാണ്. സൂറത്തുല്‍ ഫത്ഹിന്‍റെ ആരംഭത്തില്‍ പറയപ്പെട്ട ഹുദൈബിയ്യ സന്ധിയുമായി ബന്ധപ്പെട്ടതാണ് ഈ സംഭവം. ഹുദൈബിയ്യ സന്ധിയില്‍ സന്ധി വാചകങ്ങള്‍ എഴുതപ്പെട്ടപ്പോള്‍ അതില്‍ ഇപ്രകാരവും ഉണ്ടായിരുന്നു: മുസ്ലിംകളില്‍ നിന്നും ആരെങ്കിലും നിഷേധികളിലേക്ക് പോവുകയാണെങ്കില്‍ അവരെ മടക്കി അയക്കേണ്ടതില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏതാനും പുരുഷന്മാര്‍ മുസ്ലിംകളായി വരുകയും അവരെ തിരിച്ചയക്കപ്പെടുകയും ചെയ്തു. ശേഷം ചില സ്ത്രീകള്‍ ഇസ്ലാം സ്വീകരിച്ചുകൊണ്ട് വരുകയുണ്ടായി. അവരുടെ ബന്ധുക്കള്‍ അവരെ മടക്കി അയക്കാന്‍ അഭ്യര്‍ത്ഥിച്ചു. തദവസരം ഹുദൈബിയയില്‍ വെച്ച് ഈ ആയത്ത് അവതരിക്കുകയുണ്ടായി. ഇസ്ലാം സ്വീകരിച്ച സ്ത്രീകളില്‍ അവരിലേക്ക് മടക്കി അയക്കുന്നതിനെ ഇതില്‍ തടയപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ സന്ധിപത്രത്തില്‍ പൊതുവായി പറയപ്പെട്ടിരുന്ന കാര്യത്തില്‍ നിന്നും ചിലത് ഇതിലൂടെ പ്രത്യേകമാക്കപ്പെട്ടു. ഇത്തരം സ്ത്രീകള്‍ക്ക് ചില പ്രത്യേക നിയമങ്ങള്‍ ഇതില്‍ പറയപ്പെട്ടിരിക്കുന്നു. കൂട്ടത്തില്‍ ഭര്‍ത്താവ് ഇസ്ലാം സ്വീകരിച്ചെങ്കിലും ഇസ്ലാമിലേക്ക് കടന്നുവരാതിരിക്കുകയും മക്കയില്‍ തന്നെ താമസിക്കുകയും ചെയ്തിരുന്ന സ്ത്രീകളെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്. പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും നിയമം പൊതുവായതായതിനാല്‍ ഇവിടെ പൊതുവായ നിലയില്‍ കാര്യങ്ങള്‍ പറയപ്പെട്ടിരിക്കുന്നു: സത്യവിശ്വാസികളേ, സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകള്‍ ശത്രുക്കളുടെ നാട്ടില്‍ നിന്നും നിങ്ങളിലേക്ക് ഹിജ്റ ചെയ്ത് മദീനയിലേക്കോ, മുസ്ലിം കേന്ദ്രങ്ങളിലേക്കോ വന്നാല്‍ നിങ്ങള്‍ അവരുടെ ഇസ്ലാമിനെക്കുറിച്ച പരിശോധന നടത്തുക. ഇത് എപ്രകാരമായിരിക്കണമെന്ന് ഒരു ആയത്തിന് ശേഷം റസൂലുല്ലാഹി (സ)യോടുള്ള സംബോധന എന്ന നിലയില്‍ വിവരിക്കുന്നുണ്ട്. ഈ പരിശോധന ബാഹ്യമായ നിലയില്‍ മതിയാകുന്നതാണ്. കാരണം അവരുടെ യഥാര്‍ത്ഥ വിശ്വാസത്തെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാണ്. നിങ്ങള്‍ക്ക് അത് അറിയാന്‍ സാധിക്കുന്നതല്ല. ഈ പരിശോധനയിലൂടെ അവര്‍ സത്യവിശ്വാസികളാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായാല്‍ അവരെ നിഷേധികളിലേക്ക് നിങ്ങള്‍ തിരിച്ചയക്കരുത്. കാരണം ഈ സ്ത്രീകള്‍ നിഷേധികള്‍ക്കും നിഷേധികള്‍ ഈ സ്ത്രീകള്‍ക്കും അനുവദനീയമല്ല. മുസ്ലിമിന്‍റെയും നിഷേധിയുടെയും ഇടയില്‍ വൈവാഹിക ബന്ധം സാധ്യമല്ല. ഈ രൂപത്തില്‍ നിഷേധികള്‍ വിവാഹ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ചിലവഴിച്ചത് നിങ്ങള്‍ അവര്‍ക്ക് കൊടുക്കുക. നിങ്ങള്‍ അവര്‍ക്ക് മഹ്ര്‍ കൊടുക്കാന്‍ സന്നദ്ധരാണെങ്കില്‍ അവരെ വിവാഹം കഴിക്കുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല. നിഷേധത്തില്‍ ഉറച്ച് നില്‍ക്കുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹത്തിലൂടെ പിടിച്ചുവെയ്ക്കരുത്. അതായത്, നിങ്ങളുടെ ഭാര്യമാര്‍ നിഷേധികളുടെ കേന്ദ്രത്തില്‍ നിഷേധത്തില്‍ തന്നെ നിലകൊള്ളുകയാണെങ്കില്‍ അവരുമായുള്ള വിവാഹ ബന്ധം അവസാനിക്കുന്നതാണ്. ആ രൂപത്തില്‍ നിങ്ങള്‍ അവരുടെ വിവാഹ മൂല്യമായ നിലയില്‍ ചിലവഴിച്ചത് നിഷേധികളില്‍ നിന്നും അവര്‍ ചിലവഴിച്ചത് നിങ്ങളോടും ചോദിച്ചുകൊള്ളട്ടെ. ഈ പറയപ്പെട്ടത് അല്ലാഹുവിന്‍റെ കല്പനയാണ്. ഇതിനെ നിങ്ങള്‍ പാലിക്കുക. അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഇപ്രകാരം അനുയോജ്യമായ കാര്യങ്ങള്‍ വിധിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും തന്ത്രജ്ഞനുമാണ്. അല്ലാഹുവിന്‍റെ അറിവിനും തന്ത്രജ്ഞതയ്ക്കും അനുയോജ്യമായ കാര്യങ്ങള്‍ കല്‍പ്പിക്കുന്നു. നിങ്ങളുടെ ഭാര്യമാരില്‍ ആരെങ്കിലും നിഷേധികളിലേക്ക് പോയതിനാല്‍ അവരും അവര്‍ക്ക് നല്‍കപ്പെട്ട വിവാഹ മൂല്യവും നിങ്ങള്‍ക്ക് നഷ്ടപ്പെടുകയും പിന്നീട് ആ നിഷേധികളോട് നിങ്ങള്‍ പോരാടി സമ്പത്ത് കരസ്ഥമാക്കുകയും ചെയ്താല്‍ നിങ്ങള്‍ ആ വിവാഹ മൂല്യം നിഷേധികള്‍ക്ക് നല്‍കരുത്. മറിച്ച് നിഷേധികളിലേക്ക് ചേര്‍ന്ന സ്ത്രീകള്‍ക്ക് ചിലവ് ചെയ്തതിന്‍റെ തുല്യസംഖ്യ അവരുടെ ഭര്‍ത്താക്കന്മാരായിരുന്നവര്‍ക്ക് നിങ്ങള്‍ നല്‍കുക. നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുകയും നിര്‍ബന്ധ കര്‍ത്തവ്യങ്ങളില്‍ വീഴ്ച വരുത്താതിരിക്കുകയും ചെയ്യുക. അടുത്തതായി സ്ത്രീകളെ പരിശോധിക്കേണ്ട രീതി പ്രവാചകനോട് പ്രത്യേകം വിവരിക്കുന്നു: പ്രവാചകരെ, അല്ലാഹുവിനോട് ഒരു വസ്തുവിനെയും പങ്കുചേര്‍ക്കുകയില്ലെന്നും മോഷണം നടത്തുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും മക്കളെ വധിക്കുകയില്ലെന്നും കൈകാലുകള്‍ക്ക് മുന്നില്‍ കെട്ടിയുണ്ടാക്കുന്ന അപരാധം പറയില്ലെന്നും നന്മകളില്‍ താങ്കളോട് എതിര് പ്രവര്‍ത്തിക്കുകയില്ലെന്നും പറഞ്ഞുകൊണ്ട് പ്രതിജ്ഞ ചെയ്യാന്‍ സത്യവിശ്വാസികളായ സ്ത്രീകള്‍ താങ്കളുടെ അരികില്‍ വന്നാല്‍ താങ്കള്‍ അവരെ ബൈഅത്ത് ചെയ്യുകയും അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. ജാഹിലിയ്യാ കാലത്ത് മറ്റുള്ളവരുടെ മക്കളെ അപഹരിച്ചുകൊണ്ട് ഇത് എന്‍റെ ഭര്‍ത്താവിലൂടെ ഉണ്ടായ കുഞ്ഞാണെന്നും വ്യഭിചാരത്തിലൂടെ ഉണ്ടായ സന്താനത്തെക്കുറിച്ച് ഭര്‍ത്താവിന്‍റെ കുട്ടിയാണെന്നും പറയാറുണ്ടായിരുന്നു. അതാണ് കൈകാലുകള്‍ക്ക് മുന്നില്‍ പടച്ചുണ്ടാക്കപ്പെട്ട അപരാധം എന്നത് കൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. നന്മകളില്‍ എതിര് പ്രവര്‍ത്തിക്കുക എന്നാല്‍ ഇസ്ലാമിന്‍റെ സര്‍വ്വ വിധിവിലക്കുകളുമാണ് ഉദ്ദേശം. ഈ നിബന്ധനകള്‍ സ്വീകരിക്കുന്നവരെ ഇസ്ലാമില്‍ പ്രവേശിച്ചതായി അംഗീകരിക്കുകയും അവരുടെ കഴിഞ്ഞുപോയ പാപങ്ങള്‍ക്ക് പടച്ചവനോട് മാപ്പ് ഇരക്കുകയും ചെയ്യുക. തീര്‍ച്ചയായിട്ടും അല്ലാഹു പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്. സത്യവിശ്വാസികളെ, അല്ലാഹു കോപിച്ച ഒരു കൂട്ടരുമായി നിങ്ങള്‍ ആത്മബന്ധം സ്ഥാപിക്കരുത്. ഇതുകൊണ്ടുള്ള ഉദ്ദേശം യഹൂദികളാണ്. ഖബ്റുകളില്‍ അടക്കപ്പെട്ട നിഷേധികള്‍ പരലോക പ്രതിഫലത്തില്‍ നിന്നും നിരാശപ്പെട്ടതുപോലെ പടച്ചവന്‍റെ കോപമുണ്ടായവരും പരലോക വിഷയത്തില്‍ നിരാശപ്പെട്ടിരിക്കുന്നു. അതായത് നിഷേധികള്‍ മരണപ്പെടുമ്പോള്‍ പരലോകത്തെ നേരിട്ട് കാണുന്നതിനാലും ഇനി എനിയ്ക്ക് രക്ഷ സാധ്യമല്ലെന്ന് ഉറപ്പുള്ളതിനാലും പരിപൂര്‍ണ്ണമായി നിരാശപ്പെടുന്നതാണ്. ഇപ്രകാരം പ്രവാചകനെ നിഷേധിക്കുന്ന യഹൂദികളും പ്രവാചകനെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ലജ്ജയും അസൂയയും കാരണം അവര്‍ നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവര്‍ ബാഹ്യമായി പെരുമകള്‍ പ്രകടിപ്പിക്കുമെങ്കിലും രക്ഷപ്പെടുകയില്ലെന്ന് അവര്‍ക്ക് അവരെക്കുറിച്ച് നന്നായി അറിയാം. ചുരുക്കത്തില്‍ വഴികെട്ടവരാണെന്ന് സ്വയം മനസ്സുകൊണ്ട് അംഗീകരിക്കുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ പാടുള്ളതല്ല. വിവരണവും വ്യാഖ്യാനവും ഹുദൈബിയ്യാ സന്ധിയിലെ ചില വകുപ്പുകളെക്കുറിച്ചുള്ള വിവരണം: സൂറത്തുല്‍ ഫത്ഹില്‍ ഹുദൈബിയ സന്ധിയുടെ വിവരണം വിശദമായി വരുകയുണ്ടായി. അവിടെവെച്ച് മക്കയിലെ നിഷേധികള്‍ക്കും റസൂലുല്ലാഹി (സ)യ്ക്കുമിടയില്‍ പത്ത് വര്‍ഷത്തേക്ക് യുദ്ധമില്ലാ കരാര്‍ രേഖപ്പെടുത്തപ്പെട്ടു. ഇതില്‍ ചില നിബന്ധനകള്‍ ബാഹ്യമായി മുസ്ലിംകളുടെ നിസ്സാരത ധ്വനിപ്പിക്കുന്നതായിരുന്നു. പക്ഷേ, റസൂലുല്ലാഹി (സ) പടച്ചവന്‍റെ സൂചനകളിലേക്ക് കണ്ണ് നട്ടുകൊണ്ട് ഇപ്പോഴുള്ള ഏതാനും ദിവസത്തെ നിസാരത ശാശ്വതമായ വിജയത്തിലേക്ക് വഴിയാകുമെന്ന് മനസ്സിലാക്കി ഇത് സ്വീകരിച്ചു. തുടര്‍ന്ന് സഹാബികളും ഇത് സ്വീകരിക്കുകയുണ്ടായി. ഈ സന്ധിയിലെ ഒരു നിബന്ധന ഇപ്രകാരമായിരുന്നു: മക്കയില്‍ നിന്നും ആരെങ്കിലും മുസ്ലിമായി മദീനയിലേക്ക് വന്നാല്‍ അവരെ മടക്കി അയക്കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും മദീനയില്‍ നിന്നും മക്കയിലേക്ക് പോയാല്‍ മക്കക്കാര്‍ അവരെ മടക്കി അയക്കേണ്ടതില്ല. ഈ വാചകം പൊതുവായ നിലയിലുള്ളതായിരുന്നു. ബാഹ്യമായി അതില്‍ പുരുഷന്മാരും സ്ത്രീകളും പ്രവേശിച്ചിരുന്നു. അതായത് ഏതെങ്കിലും പുരുഷനോ, സ്ത്രീയോ മക്കയില്‍ നിന്നും മദീനയിലേക്ക് വന്നാല്‍ അവരെ മടക്കേണ്ടതാണ്. എന്നാല്‍ ഈ കരാര്‍ അവസാനിച്ച് റസൂലുല്ലാഹി (സ) ഹുദൈബിയയില്‍ നിന്നും മടങ്ങുന്നതിന് മുമ്പ് തന്നെ മുസ്ലിംകള്‍ക്ക് വലിയ പരീക്ഷണമായി മാറിയ ചില സംഭവങ്ങള്‍ നടന്നു. അതിലൊന്ന് അബൂജന്‍ദല്‍ (റ)ന്‍റെ സംഭവമാണ്. അദ്ദേഹത്തെ മക്കക്കാര്‍ ചങ്ങലയില്‍ ബന്ധിപ്പിച്ചിരുന്നു. അദ്ദേഹം അതില്‍ നിന്നും രക്ഷപ്പെട്ട് റസൂലുല്ലാഹി (സ)യുടെ അരികിലെത്തിയതാണ്. അദ്ദേഹത്തെ തിരിച്ചയക്കുമോ എന്ന് സഹാബത്ത് വളരെയധികം ഭയപ്പെട്ടു. അങ്ങേയറ്റം മര്‍ദ്ധിക്കപ്പെട്ട അദ്ദേഹത്തെ എങ്ങനെയാണ് മര്‍ദ്ദകരെ ഏല്‍പ്പിക്കുന്നത് എങ്ങനെയാണെന്ന് അവര്‍ ചിന്തിച്ചു. പക്ഷേ, റസൂലുല്ലാഹി (സ) കരാര്‍ എഴുതിക്കഴിഞ്ഞിരുന്നു. ഇസ്ലാമിക ശരീഅത്ത് ഗൗരവമായി കല്‍പ്പിച്ചിട്ടുള്ള കരാറിനെ ഒരു വ്യക്തിയുടെ പേരില്‍ എങ്ങനെ ഉപേക്ഷിക്കാനാണ്? ഈ മര്‍ദ്ദിത വിഭാഗത്തിന് അടുത്ത് തന്നെ സമുജ്ജ്വല മോചനം ലഭിക്കുമെന്ന് റസൂലുല്ലാഹി (സ) അകക്കണ്ണുകൊണ്ട് കാണുകയും ചെയ്തിരുന്നു. അദ്ദേഹത്തെ മടക്കി അയക്കുന്നതില്‍ റസൂലുല്ലാഹി (സ)യ്ക്കും പ്രകൃതിപരമായിത്തന്നെ ദു:ഖമുണ്ടായിരുന്നു. പക്ഷേ, കരാര്‍ പാലിച്ചുകൊണ്ട് റസൂലുല്ലാഹി (സ) അദ്ദേഹത്തെ മടക്കി അയച്ചുകൊടുത്തു. ഇതിനിടയില്‍ മറ്റൊരു സംഭവം അരങ്ങേറി. നിഷേധിയായിരുന്ന സൈഫി എന്ന വ്യക്തിയുടെ കീഴില്‍ കഴിഞ്ഞിരുന്ന സഈദ (റ) മക്കയില്‍ നിന്നും വിരണ്ടോടി റസൂലുല്ലാഹി (സ)യുടെ അരികിലെത്തി. അവരുടെ പുറകില്‍ ഭര്‍ത്താവും വന്നിരുന്നു. അന്ന് മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും ഇടയില്‍ വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ടിട്ടില്ലായിരുന്നു. അദ്ദേഹം റസൂലുല്ലാഹി (സ)യോട് ഭാര്യയെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് ഹുദൈബിയ സന്ധിയുടെ മഷി ഉണങ്ങിയത് പോലുമില്ലായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഈ ആയത്ത് അവതരിച്ചത്. ഈ ആയത്തില്‍ മുസ്ലിംകള്‍ക്കും നിഷേധികള്‍ക്കുമിടയില്‍ വിവാഹ ബന്ധം നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. കൂട്ടത്തില്‍ അല്ലാഹു ഉണര്‍ത്തി: സഈദ (റ)യെ പോലെ മുമ്പുതന്നെ മുസ്ലിമായ വിഷയം അറിയപ്പെടുകയോ അല്ലെങ്കില്‍ പലായന സമയത്ത് ഇസ്ലാം സ്വീകരിച്ചതായി സ്ഥിരപ്പെടുകയോ ചെയ്ത വ്യക്തി പലായനം ചെയ്ത് റസൂലുല്ലാഹി (സ)യുടെ അരികില്‍ എത്തിയാല്‍ അവരെ നിഷേധികള്‍ക്ക് മടക്കിക്കൊടുക്കരുത്. കാരണം അവര്‍ നിഷേധികളായ ഭര്‍ത്താക്കന്മാര്‍ക്ക് അനുവദനീയമല്ല. (ഖുര്‍തുബി) ചുരുക്കത്തില്‍ ആരെങ്കിലും മുസ്ലിമായി മദീനയില്‍ വന്നാല്‍ അവരെ മടക്കിക്കൊടുക്കണമെന്ന വചനം പൊതുവായ നിലയിലുള്ളതാണെങ്കിലും അതില്‍ സ്ത്രീകള്‍ പെടുന്നതല്ലെന്നും പ്രസ്തുത നിബന്ധന പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണെന്നും ഈ ആയത്ത് വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം സ്ത്രീകള്‍ക്ക് വിവാഹ മൂല്യമായി അവരുടെ നിഷേധികളായ ഭര്‍ത്താക്കന്മാര്‍ വല്ലതും കൊടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ച് കൊടുക്കപ്പെടേണ്ടതാണെന്നും ഈ ആയത്ത് അറിയിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ റസൂലുല്ലാഹി (സ) കാര്യങ്ങള്‍ വ്യക്തമാക്കുകയും സഈദ (റ)യെ മടക്കി അയക്കാതിരിക്കുകയും ചെയ്തു. മറ്റൊരു നിവേദനം ഇപ്രകാരമാണ്: ഉഖ്ബത്തുബ്നു അബീ മുഈത്തിന്‍റെ മകള്‍ ഉമ്മുകുല്‍സൂം (റ) മക്കയില്‍ നിന്നും റസൂലുല്ലാഹി (സ)യുടെ അരികിലെത്തി. അവരുടെ കുടുംബത്തിലെ അംഗങ്ങള്‍ സന്ധിയിലെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അവരെ തിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഈ ആയത്ത് അവതരിച്ചു. വേറൊരു നിവേദനം ഇപ്രകാരമാണ്: ഉമ്മു കുല്‍സൂം (റ) അംറുബ്നുല്‍ ആസിന്‍റെ ഭാര്യയായിരുന്നു. അദ്ദേഹം അതുവരെയും ഇസ്ലാം സ്വീകരിച്ചിട്ടില്ലായിരുന്നു. അവരും അവരുടെ രണ്ട് സഹോദരങ്ങളും മക്കയില്‍ നിന്നും ഓടി റസൂലുല്ലാഹി (സ)യുടെ അരികിലെത്തി. കൂട്ടത്തില്‍ അംറുബ്നുല്‍ ആസ് വരുകയും മടക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റസൂലുല്ലാഹി (സ) നിബന്ധന പ്രകാരം രണ്ട് സഹോദരങ്ങളെ മടക്കിക്കൊടുത്തെങ്കിലും ഉമ്മു കുല്‍സൂം (റ)യെ മടക്കിക്കൊടുത്തില്ല. റസൂലുല്ലാഹി (സ) അരുളി: ഈ നിബന്ധന പുരുഷന്മാര്‍ക്കുള്ളതായിരുന്നു. സ്ത്രീകള്‍ അതില്‍ പെടുന്നതല്ല. അപ്പോള്‍ ഈ ആയത്ത് റസൂലുല്ലാഹി (സ)യെ ശരിവെച്ചുകൊണ്ട് അവതരിച്ചു. ഇപ്രകാരം റസൂലുല്ലാഹി (സ)യുടെ അരികിലെത്തിയ ചില സത്രീകളുടെ സംഭവങ്ങളും നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. ഇവകള്‍ക്കിടയില്‍ യാതൊരു വൈരുദ്ധ്യവുമില്ല. വിവിധ സംഭവങ്ങളെയെല്ലാം ഈ ഒരു ആയത്ത് ഉള്‍ക്കൊള്ളുന്നുണ്ട്. സ്ത്രീകളെ ഒഴിവാക്കിയത് കരാര്‍ ലംഘനമല്ല, മറിച്ച് ഇരുകൂട്ടരും സമ്മതിക്കുന്ന നിലയില്‍ കരാറിലെ ഒരു വിഷയത്തെ വ്യക്തമാക്കലാണ്. മേല്‍ പറയപ്പെട്ട നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ സന്ധിയിലെ പദം പൊതുവായ നിലയിലുള്ളതായിരുന്നെങ്കിലും റസൂലുല്ലാഹി (സ) അതില്‍ സ്ത്രീകളെ പെടുത്തിയിരുന്നില്ലായെന്ന് മനസ്സിലാകുന്നു. ഈ കാര്യം റസൂലുല്ലാഹി (സ) ഹുദൈബിയില്‍ വെച്ച് വ്യക്തമാക്കുകയും അതിനെ ശരിവെച്ചുകൊണ്ട് ഈ ആയത്ത് അവതരിക്കുകയും ചെയ്തു. ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു: റസൂലുല്ലാഹി (സ) ഈ നിബന്ധനയെ പൊതുവായ നിലയില്‍ സ്വീകരിക്കുകയും സ്ത്രീകളെയും മടക്കി അയക്കണമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആയത്തിലൂടെ ഈ പൊതുവായ അര്‍ത്ഥം ദുര്‍ബലപ്പെടുത്തപ്പെട്ടു. റസൂലുല്ലാഹി (സ) ഈ കാര്യം മക്കയിലെ നിഷേധികളെ ഉടനടി അറിയിക്കുകയും ചെയ്തു. കൂടാതെ, തദവസരം വന്ന സ്ത്രീകളെ റസൂലുല്ലാഹി (സ) മടക്കി അയച്ചതുമില്ല. ഇതിലൂടെ ഈ സംഭവം കരാര്‍ ലംഘനമല്ല എന്ന് വ്യക്തമാകുന്നു. കരാര്‍ ലംഘനം റസൂലുല്ലാഹി (സ)യില്‍ നിന്നും സങ്കല്‍പ്പിക്കപ്പെടാന്‍ പോലും സാധ്യമല്ല. കൂടാതെ, ഇത് കരാറിനെ വലിച്ചെറിഞ്ഞതുമല്ല. മറിച്ച് ഒരു നിബന്ധന വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ കാര്യം ഒന്നുങ്കില്‍ റസൂലുല്ലാഹി (സ)യുടെ മനസ്സില്‍ മുമ്പ് തന്നെ ഉണ്ടായിരിക്കാം. അല്ലെങ്കില്‍ ഈ ആയത്ത് അവതരിച്ചതിന് ശേഷം റസൂലുല്ലാഹി (സ) ഈ വീക്ഷണം സ്വീകരിച്ചതായിരിക്കാം. രണ്ടിനും സാധ്യതയുണ്ട്. എന്താണെങ്കിലും ഈ ആയത്ത് അവതരിച്ചതിന് ശേഷം ഇതില്‍ പറയപ്പെട്ടിരിക്കുന്ന കാര്യം ഇരുകൂട്ടം ആളുകളും സ്വീകരിക്കുകയും ഇതനുസരിച്ച് ഇരുഭാഗത്തും പ്രവര്‍ത്തനം നടക്കുകയും ചെയ്തു. തല്‍ഫലമായി വഴി സമാധാനം ഉള്ളതാവുകയും റസൂലുല്ലാഹി (സ) ലോകത്തെ വിവിധ രാജാക്കന്മാര്‍ക്ക് കത്തുകള്‍ എഴുതുകയും അബൂസുഫ്യാന്‍റെ സംഘം വളരെ സമാധാനമായി സിറിയിലേക്ക് പോവുകയും ചെയ്തു. അവിടെവെച്ച് ഹിര്‍ഖല്‍ രാജാവ് അബൂസുഫ്യാനെ വിളിച്ച് വരുത്തി റസൂലുല്ലാഹി (സ)യുടെ അവസ്ഥകള്‍ ചോദിച്ചപ്പോള്‍ അബൂസുഫ്യാന്‍ ഇപ്പോഴും ഞങ്ങള്‍ പരസ്പരം കരാറിലാണെന്ന കാര്യം സമ്മതിച്ച് പറയുകയും ചെയ്തു. ചുരുക്കത്തില്‍ സന്ധിയിലെ വാചകം പൊതുവായ നിലയിലുള്ളതായിരുന്നു. അതില്‍ നിന്നും സ്ത്രീകളെ റസൂലുല്ലാഹി (സ) ഒന്നുങ്കില്‍ മുമ്പ് അല്ലെങ്കില്‍ ഈ ആയത്ത് അവതരിച്ചതിന് ശേഷം ഒഴിവാക്കുകയുണ്ടായി. ഏത് രൂപത്തിലും ഖുറൈശികളും ഈ ഒഴിവാക്കല്‍ സ്വീകരിക്കുകയും നാളുകളോളം ഇതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അതുകൊണ്ട് ഈ നിബന്ധനയെക്കുറിച്ചുള്ള ഈ വിശദീകരണം കരാര്‍ ലംഘനത്തില്‍ പെടുന്നതല്ല. അടുത്തതായി ആയത്തിലെ ചില വചനങ്ങളുടെ വിശദീകരണം ശ്രദ്ധിക്കുക: സത്യവിശ്വാസികളേ, സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകള്‍ നിങ്ങളിലേക്ക് ഹിജ്റ ചെയ്തുവന്നാല്‍ നിങ്ങള്‍ അവരെ പരിശോധിക്കുക. അവരുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാണ്! അതായത് സ്ത്രീകളെ സന്ധിയില്‍ നിന്നും ഒഴിവാക്കാന്‍ കാരണം അവര്‍ സത്യവിശ്വാസിനികളായത് കൊണ്ടാണ്. മക്കയില്‍ നിന്നും മദീനയിലേക്ക് വന്ന സ്ത്രീകളില്‍ ചിലരെങ്കിലും ആത്മാര്‍ത്ഥമായ നിലയില്‍ ഇസ്ലാം സ്വീകരിക്കാതിരിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന്‍റെ പേരിലോ, മദീനയിലുള്ള ആരോടെങ്കിലുമുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലോ, മറ്റുവല്ല ഭൗതിക താല്‍പ്പര്യത്തിലോ ഹിജ്റ ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നു. അങ്ങനെയുള്ളവര്‍ പടച്ചവന്‍റെ അരികില്‍ ഈ നിബന്ധനയില്‍ നിന്നും ഒഴിവാകുന്നതല്ല. അവരെ മടക്കി അയക്കല്‍ നിര്‍ബന്ധമാണ്. അതുകൊണ്ട് പടച്ചവന്‍ മുസ്ലിംകളോട് കല്‍പ്പിക്കുന്നു: ഹിജ്റ ചെയ്തുവരുന്ന സ്ത്രീകളുടെ സത്യവിശ്വാസത്തെ പരിശോധിക്കേണ്ടതാണ്. കൂട്ടത്തില്‍ പറയുന്നു: അവരുടെ സത്യവിശ്വാസത്തെ പടച്ചവന്‍ നന്നായി അറിയുന്നവനാണ്. അതായത് യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ ബന്ധം മനുഷ്യന്‍റെ മനസ്സുമായിട്ടാണ്. അത് പടച്ചവനല്ലാത്ത ആര്‍ക്കും അറിയാന്‍ സാധിക്കുന്നതല്ല. എന്നാല്‍ നാവുകൊണ്ടുള്ള സമ്മതവും സാഹചര്യങ്ങളുടെ തെളിവുകളും നോക്കി ഈമാന്‍ വിലയിരുത്താന്‍ സാധിക്കുന്നതാണ്. ആ നിലയില്‍ അവരെ പരിശോധിക്കേണ്ടതാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു: സ്ത്രീകള്‍ക്കുള്ള പരീക്ഷണം ഇപ്രകാരമായിരുന്നു: ഞങ്ങള്‍ ഭര്‍ത്താവിനോടുള്ള കോപത്തിന്‍റെ അടിസ്ഥാനത്തിലോ മദീനയിലെ ആരോടെങ്കിലുമുള്ള സ്നേഹത്തിന്‍റെ പേരിലോ മറ്റെന്തെങ്കിലും ഭൗതിക താല്‍പ്പര്യത്തിലോ വന്നതല്ല, മറിച്ച് പടച്ചവനോടും പ്രവാചകനോടുമുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ വന്നതാണെന്ന് അവരെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചിരുന്നു. ആരെങ്കിലും ഇപ്രകാരം സത്യം ചെയ്താല്‍ അവര്‍ക്ക് മദീനയില്‍ താമസിക്കാന്‍ അനുമതി നല്‍കിയിരുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്നും അവര്‍ വാങ്ങിയിട്ടുള്ള വിവാഹ മൂല്യവും മറ്റും അവര്‍ക്ക് തിരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. ആഇശ (റ) വിവരിക്കുന്നു: പന്ത്രണ്ടാം ആയത്തില്‍ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ വെച്ചുകൊണ്ടാണ് അവരെ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്. (തിര്‍മിദി) അതായത് ഇപ്രകാരം വരുന്ന സ്ത്രീകളോട് റസൂലുല്ലാഹി (സ)യുമായി ബൈഅത്ത് നടത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. അവര്‍ സത്യവിശ്വാസികളാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായാല്‍ അവരെ നിഷേധികളിലേക്ക് നിങ്ങള്‍ തിരിച്ചയക്കരുത്. അവര്‍ ഇവര്‍ക്കും ഇവര്‍ അവര്‍ക്കും അനുവദനീയമല്ല.! അതായത് പരിശോധനയ്ക്ക് ശേഷം ഈ പലായനം ചെയ്ത് വന്നുവന്ന സ്ത്രീകളുടെ സത്യവിശ്വാസം സ്ഥിരപ്പെട്ടാല്‍ അവരെ സത്യവിശ്വാസിനികളായി പ്രഖ്യാപിക്കപ്പെടേണ്ടതാണ്. അവരെ നിഷേധികളിലേക്ക് അയക്കാന്‍ പാടില്ല. അവര്‍ നിഷേധികള്‍ക്കും നിഷേധികള്‍ അവര്‍ക്കും അനുവദനീയമല്ല. മസ്അല: ഏതെങ്കിലും സ്ത്രീ ഒരു നിഷേധിയുമായി വിവാഹ ബന്ധം സ്ഥാപിക്കുകയും പിന്നീട് അവര്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്താല്‍ നിഷേധിയുമായിട്ടുള്ള വിവാഹ ബന്ധം തനിയെ ഇല്ലാതാകുന്നതാണെന്ന് ഈ ആയത്ത് അറിയിക്കുന്നു.
അവര്‍ (നിഷേധികള്‍) ചിലവഴിച്ചത് നിങ്ങള്‍ അവര്‍ക്ക് കൊടുക്കുക! സത്യവിശ്വാസിനികളായി പലായനം ചെയ്ത സ്ത്രീകള്‍ക്ക് നിഷേധികളായ ഭര്‍ത്താക്കന്മാര്‍ വിവാഹ വേളയില്‍ മഹ്റോ മറ്റോ നല്‍കിയിട്ടുണ്ടെങ്കില്‍ അതെല്ലാം ആ ഭര്‍ത്താവിന് തിരിച്ച് കൊടുക്കേണ്ടതാണ്. കാരണം സ്ത്രീകളെ മാത്രം തിരിച്ചയക്കേണ്ടതില്ല എന്ന് മാത്രമാണ് ഈ ആയത്തിലുള്ളത്. എന്നാല്‍ അവര്‍ നല്‍കിയ സമ്പത്ത് അവര്‍ക്ക് തിരിച്ച് കൊടുക്കേണ്ടതാണ്. ഇപ്രകാരം സമ്പത്ത് തിരിച്ച് കൊടുക്കേണ്ടത് ആ സ്ത്രീകള്‍ അല്ല. മറിച്ച് മുസ്ലിംകളാണ്. കാരണം ഭര്‍ത്താക്കന്മാര്‍ അവര്‍ക്ക് നല്‍കിയ സമ്പത്ത് തീര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ അവര്‍ക്ക് അത് തിരിച്ച് കൊടുക്കാന്‍ സാധിക്കുന്നതല്ല. അതുകൊണ്ട് പൊതുമുസ്ലിംകളോട് അല്ലാഹു കല്‍പ്പിക്കുന്നു: ഈ സ്ത്രീകള്‍ക്ക് പഴയെ ഭര്‍ത്താക്കന്മാര്‍ നല്‍കിയ വിവാഹ മൂല്യം നിങ്ങള്‍ കൊടുക്കുക. ബൈത്തുല്‍മാല്‍ പോലുള്ള സൗകര്യമുണ്ടെങ്കില്‍ അതില്‍ നിന്നും കൊടുക്കേണ്ടതാണ്. അല്ലെങ്കില്‍ മുസ്ലിംകള്‍ പരസ്പരം പിരിവ് എടുത്ത് നല്‍കേണ്ടതാണ്. (ഖുര്‍തുബി)
നിങ്ങള്‍ അവര്‍ക്ക് മഹ്ര്‍ കൊടുക്കാന്‍ സന്നദ്ധരാണെങ്കില്‍ അവരെ വിവാഹം കഴിക്കുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല! പലായനം ചെയ്തുവന്ന സ്ത്രീകളുമായിട്ടുള്ള നിഷേധികളായ ഭര്‍ത്താക്കന്മാരുടെ ബന്ധം അവസാനിച്ചിരിക്കുന്നു. ഇപ്രകാരമുള്ള ബന്ധം നിഷിദ്ധവുമാണ്. ഇത്തരുണത്തില്‍ മുസ്ലിം പുരുഷന്മാര്‍ക്ക് ഇവരെ വിവാഹം കഴിക്കാവുന്നതാണ്. നിഷേധികളായ ഭര്‍ത്താക്കന്മാര്‍ ജീവിച്ചിരിക്കുന്നെങ്കിലും വിവാഹ മോചനം നടത്താതിരുന്നാലും ഇസ്ലാമിക നിയമപ്രകാരം അവര്‍ക്കിടയിലുള്ള വിവാഹബന്ധം ദുര്‍ബലപ്പെട്ടിരിക്കുന്നു. അതുകൊണ്ട് മുസ്ലിം പുരുഷന് അവരെ വിവാഹം കഴിക്കാവുന്നതാണ്. ഇപ്രകാരമുള്ള വിവാഹം എപ്പോഴാണ് അനുവദനീയമാകുന്നത് എന്നതിനെക്കുറിച്ച് ഇമാമുല്‍ അഅ്ളം അബൂഹനീഫാ (റ) പറയുന്നു: ഒരു നിഷേധിയായ പുരുഷന്‍റെ സ്ത്രീ ഇസ്ലാം സ്വീകരിക്കുകയാണെങ്കില്‍ ആദ്യം ഇസ്ലാമിക ഭരണാധികാരി ഭര്‍ത്താവിനെ വിളിച്ച് ഇപ്രകാരം പറയേണ്ടതാണ്: താങ്കളും ഇസ്ലാം സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കിടയിലുള്ള വിവാഹ ബന്ധം നിലനില്‍ക്കുന്നതാണ്. അല്ലാത്ത പക്ഷം വിവാഹ ബന്ധം ഇല്ലാതാകുന്നതാണ്. അദ്ദേഹം ഇസ്ലാം സ്വീകരിക്കാന്‍ സന്നദ്ധമായില്ലായെങ്കില്‍ ഇരുവര്‍ക്കുമിടയിലുള്ള വേര്‍പിരിയല്‍ പൂര്‍ത്തിയാകുന്നതാണ്. ഈ സമയത്ത് മറ്റൊരു മുസ്ലിമിന് വിവാഹം കഴിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് ഇസ്ലാമിക ഭരണമുള്ള സ്ഥലത്ത് മാത്രമേ നടക്കുകയുള്ളൂ എന്ന കാര്യം വ്യക്തമാണ്. അമുസ്ലിം പ്രദേശങ്ങളാണെങ്കില്‍ പഴയെ ഭര്‍ത്താവിനോട് ഇപ്രകാരം പറയപ്പെടാനോ പരസ്പരം വിട്ടുപിരിക്കാനോ സാധിക്കുന്നതല്ല. ഇത്തരം സാഹചര്യത്തില്‍ സ്ത്രീ അവിടെ നിന്നും പലായനം ചെയ്ത് മുസ്ലിം രാജ്യത്തേക്ക് വരുകയോ അല്ലെങ്കില്‍ ഇസ്ലാമിക സൈന്യത്തില്‍ എത്തിച്ചേരുകയോ ചെയ്യേണ്ടതാണ്. അങ്ങനെ നിഷേധിയായ ഭര്‍ത്താവിന്‍റെയും മുസ്ലിമായ ഭാര്യയുടെയും ഇടയില്‍ നാടുകളുടെ വ്യത്യാസം ഉണ്ടായിത്തീര്‍ന്നാല്‍ അതായത് ഒരാള്‍ നിഷേധികളുടെ നാട്ടിലും മറ്റൊരാള്‍ മുസ്ലിംകളുടെ നാട്ടിലും ആയിത്തീര്‍ന്നാല്‍ ഇരുകൂട്ടര്‍ക്കും ഇടയില്‍ വിട്ടുപിരിയല്‍ പൂര്‍ണ്ണമാവുകയും മുസ്ലിംകള്‍ക്ക് അവരെ വിവാഹം ചെയ്യാന്‍ അനുവാദം ഉണ്ടാവുകയും ചെയ്യുന്നതാണ്. (ഹിദായ)
നിങ്ങള്‍ അവര്‍ക്ക് മഹ്ര്‍ നല്‍കുകയാണെങ്കില്‍ അവരെ വിവാഹം കഴിക്കാവുന്നതാണെന്ന വചനത്തിലെ മഹ്ര്‍ നല്‍കുക എന്നത് വിവാഹത്തിന്‍റെ നിബന്ധനയില്‍ പെട്ടതല്ല. വിവാഹത്തിന്‍റെ പേരില്‍ മഹ്ര്‍ കൊടുക്കല്‍ നിര്‍ബന്ധമാണെങ്കിലും വിവാഹം സാധുവാകുന്നതിന് മഹ്ര്‍ പറയണമെന്ന് നിര്‍ബന്ധമില്ല. ഇവിടെ പിന്നെ അതിനെക്കുറിച്ച് പറഞ്ഞത് അവരുടെ ഭാഗത്ത് നിന്നുമുള്ള വിവാഹ മൂല്യം പഴയെ ഭര്‍ത്താവിന് തിരിച്ച് കൊടുക്കപ്പെട്ടതുകൊണ്ടാണ്. അതെ, പഴയെ ഭര്‍ത്താവിന് മഹ്ര്‍ തിരിച്ച് കൊടുത്തത് കൊണ്ട് ഇവര്‍ക്ക് പുതിയ മഹ്ര്‍ കൊടുക്കേണ്ടതില്ലായെന്ന് പുതിയ ഭര്‍ത്താവ് വിചാരിക്കാന്‍ പാടില്ല. പഴയെ ഭര്‍ത്താവിന് കൊടുത്ത മഹ്ര്‍ പഴയെ വിവാഹവുമായി ബന്ധപ്പെട്ടതാണ്. ഇത് പുതിയ വിവാഹമായതിനാല്‍ ഇതിന് പുതിയ മഹ്ര്‍ നിര്‍ബന്ധമാണ്.
നിഷേധത്തില്‍ ഉറച്ച് നില്‍ക്കുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹത്തിലൂടെ പിടിച്ചുവെയ്ക്കരുത്! ഇസം എന്നത് ഇസ്മത്തിന്‍റെ ബഹുവചനമാണ്. സംരക്ഷണം, ഉറപ്പ് എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഇതുകൊണ്ടുള്ള ആശയം വിവാഹത്തിന്‍റെ ഇടപാടാണ്. അതിനെ സംരക്ഷിക്കപ്പെടേണ്ടതാണ്. കവാഫിര്‍ എന്നത് കാഫിറത്തിന്‍റെ ബഹുവചനമാണ്. ഇതുകൊണ്ടുള്ള ഉദ്ദേശം ബഹുദൈവരാധകയായ സ്ത്രീയാണ്. കാരണം വേദക്കാരിയായ സ്ത്രീയുമായി വിവാഹബന്ധം അനുവദനീയമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയത്തിന്‍റെ ആശയം ഇതാണ്: മുസ്ലിംകള്‍ക്കും ബഹുദൈവരാധകര്‍ക്കും ഇടയില്‍ ഇതുവരെയും വിവാഹ ബന്ധത്തിന് അനുവാദമുണ്ടായിരുന്നു. അത് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ഇപ്പോള്‍ ഒരു മുസ്ലിം ബഹുദൈവരാധകയായ സ്ത്രീയുമായി വിവാഹ ബന്ധം നടത്താന്‍ പാടില്ല. മുമ്പ് ഇപ്രകാരം വല്ല വിവാഹ ബന്ധം നടന്നിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അത് അവസാനിച്ചിരിക്കുന്നു. ബഹുദൈവരാധകയായ സ്ത്രീയെ വിവാഹ ബന്ധത്തില്‍ നിലനിര്‍ത്താനും അനുവാദമില്ല. ഈ ആയത്ത് അവതരിച്ചപ്പോള്‍ ബഹുദൈവരാധകരായ ഭാര്യമാര്‍ ഉണ്ടായിരുന്ന സഹാബികള്‍ അവരെ ഉപേക്ഷിക്കുകയുണ്ടായി. ഉമര്‍ (റ)ന്‍റെ കീഴില്‍ രണ്ട് ബഹുദൈവരാധകരായ സ്ത്രീകളുണ്ടായിരുന്നു. അവര്‍ മക്കയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഈ ആയത്ത് അവതരിച്ചപ്പോള്‍ ഉമര്‍ (റ) അവര്‍ രണ്ടുപേരെയും വിവാഹ മോചനം നടത്തി. (മസ്ഹരി) അതായത് അവരുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചു. അല്ലാതെ അവരുമായിട്ടുള്ള ബന്ധം ഇല്ലാതാക്കുന്നതിന് ത്വലാഖിന്‍റെ വചനം ആവശ്യമില്ല. കാരണം ഈ ആയത്ത് അവതരിച്ചപ്പോള്‍ തന്നെ അവരുമായിട്ടുള്ള ബന്ധം അവസാനിച്ചിരുന്നു.
നിങ്ങള്‍ ചിലവഴിച്ചത് അവരോടും അവര്‍ ചിലവഴിച്ചത് നിങ്ങളോടും ചോദിച്ചുകൊള്ളട്ടെ! ഇപ്രകാരം ഏതെങ്കിലും സ്ത്രീകള്‍ മദീനയിലേക്ക് വന്നാല്‍ അവരെ മക്കയിലേക്ക് മടക്കപ്പെടുന്നതല്ല. എന്നാല്‍ അവരുടെ പഴയെ ഭര്‍ത്താവ് അവര്‍ക്ക് നല്‍കിയിട്ടുള്ള മഹ്റും മറ്റും അദ്ദേഹത്തിന് തിരിച്ച് കൊടുക്കപ്പെടേണ്ടതാണ്. ഇപ്രകാരം മുസ്ലിം സ്ത്രീ മുര്‍ത്തദ്ദായി മക്കയിലേക്ക് പോവുകയോ മുമ്പ് തന്നെ നിഷേധിയായി മക്കയില്‍ നില്‍ക്കുകയും അവരുമായി മുസ്ലിം ഭര്‍ത്താവിന്‍റെ ബന്ധം ഇല്ലാതാവുകയും ചെയ്താല്‍ മക്കക്കാര്‍ അവരെ മടക്കി മദീനയിലേക്ക് അയക്കേണ്ടതില്ല. പക്ഷേ, അവരുടെ മുസ്ലിമായ ഭര്‍ത്താവ് അവര്‍ക്ക് നല്‍കിയിട്ടുള്ള വിവാഹ മൂല്യവും മറ്റും നിഷേധികള്‍ തിരിച്ച് കൊടുക്കേണ്ടതാണ്. ഈ ഇടപാടുകല്‍ പരസ്പരം സഹകരണത്തോടെ പൂര്‍ത്തിയാക്കേണ്ടതാണ്. മുസ്ലിംകള്‍ ഈ കര്‍ത്തവ്യം പരിപൂര്‍ണ്ണ മനസ്സോടെ നിര്‍വ്വഹിച്ചു. കാരണം ഖുര്‍ആനിക നിയമങ്ങള്‍ പാലിക്കല്‍ അവരുടെ മേല്‍ നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ ഹിജ്റ ചെയ്തുവന്ന സ്ത്രീകളുടെ ഭാഗത്ത് നിന്നുമുള്ള പഴയ ഭര്‍ത്താവിന്‍റെ വിവാഹ മൂല്യങ്ങള്‍ അവര്‍ തിരിച്ച് കൊടുക്കുകയുണ്ടായി. എന്നാല്‍ നിഷേധികള്‍ക്ക് പരിശുദ്ധ ഖുര്‍ആനില്‍ വിശ്വാസമില്ല. അതുകൊണ്ട് ഇത് അനുസരിച്ച് പ്രവര്‍ത്തിച്ചതുമില്ല. അതിന്‍റെ പേരില്‍ അടുത്ത ആയത്ത് അവതരിക്കുകയുണ്ടായി. നിങ്ങളുടെ ഭാര്യമാരില്‍ ആരെങ്കിലും നിഷേധികളിലേക്ക് പോയതിനാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടപ്പെടുകയും പിന്നീട് ആ നിഷേധികളോട് നിങ്ങള്‍ പോരാടി സമ്പത്ത് കരസ്ഥമാക്കുകയും ചെയ്താല്‍ നിഷേധികളിലേക്ക് ചേര്‍ന്ന സ്ത്രീകള്‍ക്ക് ചിലവ് ചെയ്തതിന്‍റെ തുല്യസംഖ്യ അവരുടെ ഭര്‍ത്താക്കന്മാരായിരുന്നവര്‍ക്ക് നിങ്ങള്‍ നല്‍കുക. നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക.(11) ആഖബത്ത് എന്നത് മുആഖബയില്‍ നിന്നും എടുക്കപ്പെട്ടതാണ്. പ്രതികാരം ചെയ്യുക എന്നാണ് അര്‍ത്ഥം. ഇവിടെ ആ അര്‍ത്ഥവും ഉദ്ദേശിക്കാവുന്നതാണ്. (ഖുര്‍തുബി) ഇതനുസരിച്ച് ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: മുസ്ലിംകളുടെ ഏതെങ്കിലും സ്ത്രീകള്‍ നിഷേധികളുടെ കൈയ്യില്‍ പെടുകയാണെങ്കില്‍ അവര്‍ അവരുടെ പഴയെ മുസ്ലിം ഭര്‍ത്താക്കന്മാര്‍ക്ക് പഴയെ മഹ്റും മറ്റും മടക്കിക്കൊടുക്കേണ്ടതാണ്. എന്നാല്‍ ഏതെങ്കിലും നിഷേധികള്‍ ഇപ്രകാരം പ്രവര്‍ത്തിക്കാതിരിക്കുകയും മഹ്ര്‍ തിരിച്ച് നല്‍കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ അതിന്‍റെ പ്രതികാരവും തിരിച്ചടിയും നല്‍കാവുന്നതാണ്. അത് ഇപ്രകാരമാണ്: ഹിജ്റ ചെയ്തുവന്ന സ്ത്രീകളുടെ പഴയെ മഹ്റുകള്‍ നിങ്ങള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് നല്‍കേണ്ടതില്ല. ആഖബ്ത്തും എന്നതിന് യുദ്ധത്തില്‍ ഗനീമത്ത് സ്വത്ത് കരസ്ഥമാക്കുക എന്നും ആശയമുണ്ട്. ഇതനുസരിച്ച് ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: ഏതെങ്കിലും മുസ്ലിംകളുടെ സ്ത്രീകള്‍ നിഷേധികളിലേക്ക് പോയാല്‍ നിഷേധികള്‍ അവരുടെ വിവാഹ മൂല്യം തിരിച്ച് തരാതിരിക്കുകയും ചെയ്താല്‍ പിന്നീട് മുസ്ലിംകള്‍ അവരില്‍ നിന്നും എന്തെങ്കിലും ഗനീമത്ത് സ്വത്ത് കരസ്ഥമാക്കുകയാണെങ്കില്‍ അതില്‍ നിന്നും പഴയെ ഭര്‍ത്താക്കന്മാര്‍ക്ക് അവരുടെ അവകാശം നല്‍കേണ്ടതാണ്. (ഖുര്‍തുബി)
ഇപ്രകാരം ഏതെങ്കിലും മുസ്ലിം സ്ത്രീകള്‍ മുര്‍തദ്ദായി മക്കയിലേക്ക് പോയിട്ടുണ്ടോ എന്ന വിഷയവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ പറയുന്നു: ഈ വിഷയത്തില്‍ ഒരു സംഭവം മാത്രമേ അന്ന് നടന്നിട്ടുള്ളൂ. അയ്യാള് ഖുറൈശി (റ)ന്‍റെ ഭാര്യ ഉമ്മുല്‍ ഹകം ബിന്‍ത് അബീ സുഫ്യാന്‍ മുര്‍തദ്ദായി മക്കയിലേക്ക് പോയി. പക്ഷേ, പടച്ചവന്‍റെ അനുഗ്രഹത്താല്‍ പിന്നീട് അവര്‍ ഇസ്ലാം സ്വീകരിച്ച് മടങ്ങി വരുകയും ചെയ്തു. ഇബ്നു അബ്ബാസ് (റ) ആറ് സ്ത്രീകള്‍ ഇപ്രകാരം മക്കയിലേക്ക് പോയതായി പറയുന്നു. അതിലൊന്ന് ഈ പറയപ്പെട്ട ഉമ്മുല്‍ ഹകമാണ്. ബാക്കി അഞ്ച് സ്ത്രീകള്‍ ഹിജ്റയുടെ സമയത്ത് തന്നെ മക്കയില്‍ ഉറച്ച് നിന്ന സ്ത്രീകളാണ്. അവര്‍ നേരത്തെ നിഷേധികളായിരുന്നു. ഖുര്‍ആനിലെ ഈ ആയത്ത് ഇറങ്ങിയപ്പോള്‍ മുസ്ലിംകള്‍ അവരുമായി ബന്ധം അവസാനിപ്പിച്ചു. അവരുടെ സമ്പത്ത് തിരിച്ച് കിട്ടാതിരുന്നപ്പോള്‍ ഈ ആയത്തിന്‍റെ വെളിച്ചത്തില്‍ റസൂലുല്ലാഹി (സ) ഗനീമത്തില്‍ നിന്നും അവര്‍ക്ക് സമ്പത്ത് കൊടുക്കുകയുണ്ടായി. ചുരുക്കത്തില്‍ ഒരു സ്ത്രീ മാത്രമേ മുര്‍തദ്ദായി മക്കയിലേക്ക് പോയിട്ടുള്ളൂ. അവര്‍ പിന്നീട് തിരിച്ച് വരുകയുണ്ടായി. ബാക്കി അഞ്ച് സ്ത്രീകള്‍ നേരത്തെ തന്നെ നിഷേധികളായിരുന്നു. അവര്‍ നിഷേധത്തില്‍ ഉറച്ച് നിന്ന കാരണത്താല്‍ അവരുമായിട്ടുള്ള മുസ്ലിംകളുടെ വിവാഹ ബന്ധം ഈ ആയത്തിന്‍റെ വെളിച്ചത്തില്‍ ഇല്ലാതാവുകയും ചെയ്തു. അവരെയും ഈ ആയത്ത് ഉള്‍ക്കൊണ്ടുകൊണ്ട് പറഞ്ഞുവെന്ന് മാത്രം. (ഖുര്‍തുബി) ഇബ്നു അബ്ബാസ് (റ) പറയുന്നു: ഈ ആയത്തില്‍ പറയപ്പെട്ടിരിക്കുന്ന ബാക്കി അഞ്ച് സ്ത്രീകളും പിന്നീട് ഇസ്ലാം സ്വീരിച്ച് വരുകയുണ്ടായി. (മസ്ഹരി)
സ്ത്രീകളോടുള്ള ബൈഅത്ത്: പ്രവാചകരെ, അല്ലാഹുവിനോട് ഒരു വസ്തുവിനെയും പങ്കുചേര്‍ക്കുകയില്ലെന്നും മോഷണം നടത്തുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും മക്കളെ വധിക്കുകയില്ലെന്നും കൈകാലുകള്‍ക്ക് മുന്നില്‍ കെട്ടിയുണ്ടാക്കുന്ന അപരാധം പറയില്ലെന്നും നന്മകളില്‍ താങ്കളോട് എതിര് പ്രവര്‍ത്തിക്കുകയില്ലെന്നും പറഞ്ഞുകൊണ്ട് പ്രതിജ്ഞ ചെയ്യാന്‍ സത്യവിശ്വാസികളായ സ്ത്രീകള്‍ താങ്കളുടെ അരികില്‍ വന്നാല്‍ താങ്കള്‍ അവരെ ബൈഅത്ത് ചെയ്യുകയും അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായിട്ടും അല്ലാഹു പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്.(12) ഈ ആയത്തില്‍ മുസ്ലിം സ്ത്രീകളോട് വിശദമായ നിലയില്‍ ബൈഅത്ത് (പ്രതിജ്ഞ) ചെയ്യിപ്പിച്ചതായി വന്നിരിക്കുന്നു. ഇതില്‍ വിശ്വാസ കാര്യങ്ങളോടൊപ്പം ശരീഅത്ത് നിയമങ്ങള്‍ മുറുകെ പിടിക്കുന്നതാണെന്നും കരാര്‍ ചെയ്തിരിക്കുന്നു. കഴിഞ്ഞ ആയത്തുകള്‍ക്ക് ശേഷം ഈ ആയത്ത് വന്നതിനാല്‍ ഇതുകൊണ്ടുള്ള ഉദ്ദേശം ഹിജ്റ ചെയ്ത് വന്ന സ്ത്രീകളുടെ വിശ്വാസം പരീക്ഷിക്കലും പൂര്‍ത്തീകരിക്കലുമാണെങ്കിലും ആയത്തിന്‍റെ വാചകം പൊതുവായ നിലയിലുള്ളതിനാല്‍ ഇതുകൊണ്ടുള്ള ഉദ്ദേശം പൊതുമുസ്ലിംകളായ മുഹാജിര്‍ സ്ത്രീകള്‍ മാത്രമാണെന്ന് വരുന്നതല്ല. മറിച്ച് എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും ഇത് ബാധകമാണ്. സംഭവം നടന്നിട്ടുള്ളതും അങ്ങനെ തന്നെയാണ്. റസൂലുല്ലാഹി (സ) ഈ ആയത്തിനെത്തുടര്‍ന്ന് ബൈഅത്ത് ചെയ്തപ്പോള്‍ അത് പങ്കെടുത്തത് പൊതുമുസ്ലിംകളായ സ്ത്രീകള്‍ മാത്രമായിരുന്നില്ല, പഴയ സ്ത്രീകളും പങ്കെടുക്കുകയുണ്ടായി. ഈ കാര്യം ഉമ്മു അതിയ്യാ (റ) വിവരിച്ചിട്ടുണ്ട്. (ബുഖാരി) ഉമൈമ (റ) വിവരിക്കുന്നു: ഞങ്ങള്‍ ഏതാനും സ്ത്രീകള്‍ റസൂലുല്ലാഹി (സ)യോട് ബൈഅത്ത് ചെയ്തു. അപ്പോള്‍ റസൂലുല്ലാഹി (സ) ദീനീ നിയമങ്ങള്‍ പാലിക്കുന്നതാണെന്ന് ഞങ്ങളെക്കൊണ്ട് പറയിപ്പിച്ചു. തദവസരം നിങ്ങള്‍ക്ക് കഴുവുള്ള അത്രയും ചെയ്യുന്നതാണെന്ന് പറയാനും റസൂലുല്ലാഹി (സ) അരുളി. അതെ, റസൂലുല്ലാഹി (സ) ഞങ്ങളോട് ഞങ്ങള്‍ പുലര്‍ത്തിയിരുന്ന സ്നേഹത്തേക്കാളും കൂടുതല്‍ കാരുണ്യം പുലര്‍ത്തിയിരുന്നു. ഞങ്ങള്‍ ഈ നിബന്ധനയൊന്നും ഇല്ലാതെ ബൈഅത്ത് ചെയ്യാനാണ് ഉദ്ദേശിച്ചത്. പക്ഷേ, റസൂലുല്ലാഹി (സ) കഴിവിന്‍റെ പരമാവധി നിര്‍വ്വഹിക്കും എന്ന് ഞങ്ങളെക്കൊണ്ട് പറയിപ്പിച്ചു. (മസ്ഹരി) ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) സ്ത്രീകളോട് ബൈഅത്ത് ചെയ്തത് വാചകത്തിലൂടെ മാത്രമായിരുന്നു. പുരുഷന്മാരോട് ബൈഅത്ത് ചെയ്യുമ്പോള്‍ കൈയ്യില്‍ പിടിച്ച് നിര്‍വ്വഹിക്കുന്നതുപോലെ സ്ത്രീകളോട് ചെയ്തിട്ടില്ല. റസൂലുല്ലാഹി (സ)യുടെ കൈ ഒരു അന്യ സ്ത്രീയുടെ കൈയ്യിലും സ്പര്‍ശിച്ചിട്ടില്ല. (മസ്ഹരി) സ്ത്രീകളോടുള്ള ഈ ബൈഅത്ത് ഹുദൈബിയ്യയ്ക്ക് ശേഷം മാത്രം അല്ലായിരുന്നെന്നും പല പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു. മക്കാ വിജയത്തിന്‍റെ ദിവസത്തിലും റസൂലുല്ലാഹി (സ) പുരുഷന്മാരുടെ ബൈഅത്ത് നിര്‍വ്വഹിച്ച ശേഷം സഫാ മലയുടെ മുകളിലേക്ക് പോവുകയും അവിടെ വെച്ച് സ്ത്രീകളുടെ ബൈഅത്ത് നടത്തുകയും ചെയ്തു. റസൂലുല്ലാഹി (സ)യുടെ അരികില്‍ ഉമറുല്‍ ഫാറൂഖ് (റ) നില്‍പ്പുണ്ടായിരുന്നു. റസൂലുല്ലാഹി (സ)യുടെ വചനങ്ങള്‍ മലയടിവാരത്തുള്ള സ്ത്രീകളെ കേള്‍പ്പിക്കാന്‍ ഉമര്‍ (റ) ഉറക്കെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ഈ സമയത്ത് ബൈഅത്ത് ചെയ്തവരില്‍ അബൂസുഫ്യാന്‍റെ ഭാര്യ ഹിന്ദുമുണ്ടായിരുന്നു. അവര്‍ തുടക്കത്തില്‍ ലജ്ജ കാരണം റസൂലുല്ലാഹി (സ)യില്‍ നിന്നും മറഞ്ഞ് നിന്നു. പിന്നീട് ബൈഅത്തിന്‍റെ വിശദമായ വാചകം വന്നപ്പോള്‍ അവര്‍ നിര്‍ബന്ധിതരായി ചില ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. (മസ്ഹരി)
പുരുഷന്മാരോട് ഹൃസ്വമായും സ്ത്രീകളോട് വിശദമായും ബൈഅത്ത് ചെയ്യുന്നു: പുരുഷന്മാരോട് റസൂലുല്ലാഹി (സ) ബൈഅത്ത് ചെയ്യുമ്പോള്‍ പൊതുവില്‍ ഇസ്ലാമികമായി ജീവിക്കുമെന്നും ദീനിന് വേണ്ടി ത്യാഗ പരിശ്രമങ്ങള്‍ നടത്തുമെന്നുമാണ് ബൈഅത്ത് ചെയ്യിപ്പിച്ചിരുന്നു. അതില്‍ വിശദീകരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ സ്ത്രീകളോടുള്ള ബൈഅത്തില്‍ വിശദീകരണം നടത്തപ്പെട്ടിരുന്നു. ഈ വ്യത്യാസത്തിന്‍റെ കാരണം ഇതാണ്: പുരുഷന്മാരോട് സത്യവിശ്വാസത്തിന്‍റെയും അനുസരണയുടെയും ബൈഅത്ത് ചെയ്യുന്നതില്‍ എല്ലാ വിധിവിലക്കുകളും ഉള്‍ക്കൊണ്ടിട്ടുണ്ട്. അതിന് വിശദീകരണം ആവശ്യമായിരുന്നില്ല. എന്നാല്‍ സ്ത്രീകള്‍ സാധാരണ ഗതിയില്‍ ബുദ്ധിയിലും ഗ്രാഹ്യത്തിലും പുരുഷന്മാരേക്കാളും പിന്നിലായതിനാല്‍ അവര്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കല്‍ ആവശ്യമായിക്കണ്ടു. ഇത് ആദ്യകാലത്തുള്ള കാര്യമായിരുന്നു. പില്‍ക്കാലത്ത് റസൂലുല്ലാഹി (സ) പുരുഷന്മാരോട് ബൈഅത്ത് ചെയ്യുമ്പോഴും ഈ കാര്യങ്ങള്‍ വിശദമായി പറഞ്ഞിരുന്നുവെന്ന് നിവേദനങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. (ഖുര്‍തുബി) കൂടാതെ, സ്ത്രീകളോട് പറയപ്പെടുന്ന കാര്യങ്ങള്‍ സാധാരണ ഗതിയില്‍ സ്ത്രീകളില്‍ നിന്നും വീഴ്ച സംഭവിക്കുന്ന കാര്യങ്ങളായിരുന്നു. അതുകൊണ്ടാണ് അവരോട് ഓരോ കാര്യങ്ങളും വിശദമായ നിലയില്‍ പറയപ്പെട്ടത്. ഇതില്‍ ഒന്നാമത്തെ കാര്യം, അല്ലാഹുവില്‍ വിശ്വസിക്കുകയും പടച്ചവനോട് ആരെയും പങ്ക് ചേര്‍ക്കാതിരിക്കുകയും എന്നതാണ്. ഇത് പുരുഷന്മാരോടും റസൂലുല്ലാഹി (സ) സാധാരണ പറയാറുണ്ടായിരുന്നു. രണ്ടാമത്തെ കാര്യം, മോഷണം നടത്തുകയില്ല എന്നതാണ്. സ്ത്രീകള്‍ സാധാരണയായി ഭര്‍ത്താക്കന്മാരുടെ സമ്പത്തില്‍ കുഴപ്പം കാണിക്കാറുണ്ട്. അതുകൊണ്ടാണ് ഈ കാര്യം പ്രത്യേകം പറഞ്ഞത്. മൂന്നാമത്തെ കാര്യം, വ്യഭിചരിക്കുക ഇല്ലായെന്നാണ്. ഇതില്‍ സ്ത്രീകള്‍ കര്‍ശനമായ നിലപാട് സ്വീകരിച്ച് കഴിഞ്ഞാല്‍ പുരുഷന്മാരും ഇതില്‍ നിന്നും മാറുന്നതാണ്. നാലാമത്തെ കാര്യം, സ്വന്തം മക്കളെ കൊല്ലുക ഇല്ലന്നാണ്. ജാഹിലിയ്യാ കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ച് മൂടി കൊല്ലുന്ന പതിവുണ്ടായിരുന്നു. അതിനെ തടയപ്പെടുകയുണ്ടായി. അഞ്ചാമത്തെ കാര്യം, അപരാധം പറയുകയില്ല എന്നതാണ്. ഇവിടെ കൈകാലുകള്‍ക്കിടയില്‍ അപരാധം പറയുകയില്ല എന്ന് പ്രത്യേകം പറഞ്ഞത് ഖിയാമത്ത് നാളില്‍ മനുഷ്യന്‍റെ കൈകാലുകള്‍ കര്‍മ്മങ്ങളെക്കുറിച്ച് സാക്ഷ്യം പറയുന്നതിനാലാണ്. അതായത് അപരാധം പറയുന്നവര്‍ ഞാന്‍ ഈ പറയുന്നത് എനിയ്ക്കെതിരില്‍ നാളെ സാക്ഷ്യം വഹിക്കുന്ന നാല് സാക്ഷികള്‍ക്കിടയിലാണെന്ന് ഓര്‍ക്കേണ്ടതാണ്. അപരാധം എന്നത് പൊതുവായ ഒരു വചനമാണ്. ഭര്‍ത്താക്കന്മാരുടെ മേലും മറ്റുള്ളവരുടെ മേലും അപരാധങ്ങള്‍ പറയുന്നത് ഇതില്‍ പെടും. എന്തിനേറെ അമുസ്ലിംകളുടെ മേല്‍ പോലും അപരാധം പറയുന്നത് നിഷിദ്ധമാണ്. എന്നാല്‍ ഭര്‍ത്താവിന്‍റെ മേല്‍ അപരാധം പറയുന്നത് കൂടുതല്‍ കടുത്ത പാപമാണ്. മറ്റാരുടെയെങ്കിലും മക്കളെ ഉയര്‍ത്തിക്കാണിച്ച് ഭര്‍ത്താവിന്‍റെ മക്കളാണെന്ന് പറയുന്നത് ഇതില്‍ പെട്ടതാണ്. അതുപോലെ വ്യഭിചാരം നടത്തി ഗര്‍ഭിണിയായി ജനിച്ച കുട്ടിയും ഭര്‍ത്താവിന്‍റെ കുട്ടിയാണെന്ന് പറയുന്നതും ഇതില്‍ പെടും. ആറാമത്തെ കാര്യം, നന്മയില്‍ എതിര് പ്രവര്‍ത്തിക്കുകയില്ല എന്നതാണ്. ഇത് പൊതുവായ ഒരു വാചകമാണ്. റസൂലുല്ലാഹി (സ)യുടെ മുഴുവന്‍ കല്‍പ്പനകളും നന്മ തന്നെ ആയിരിക്കവേ ഇവിടെ നന്മയായ കാര്യമെന്ന് പ്രത്യേകം എടുത്ത് പറഞ്ഞത് അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്കെതിരില്‍ മറ്റൊരു സൃഷ്ടിയുടെയും കല്‍പ്പനകള്‍ അനുസരിക്കല്‍ അനുവദനീയമല്ലെന്ന് അറിയിക്കാനാണ്. കൂടാതെ ഇവിടെ ഇത് പ്രധാനമായും പറയപ്പെടുന്നത് സ്ത്രീകളോടാണ്. സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ അനുസരിക്കേണ്ടതുണ്ടെങ്കിലും പടച്ചവന് എതിരായ കാര്യങ്ങളില്‍ നിന്നും അകന്ന് മാറണമെന്ന് ഇത് അറിയിക്കുന്നു.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 1391 ജമാദുല്‍ അവ്വല്‍ 20 ചൊവ്വാഴ്ച ദിവസം സൂറത്തുല്‍ മുംമതഹിനയുടെ വിവരണം അവസാനിച്ചു.
മആരിഫുല്‍ ഹദീസ്
രോഗവും വിയോഗവും
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
134. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യുടെ വിയോഗം സംഭവിച്ചപ്പോൾ റസൂലുല്ലാഹി (സ)യുടെ ഖബ്റിൻ്റെ വിഷയത്തിൽ ജനങ്ങൾ ഭിന്നിച്ചു. അപ്പോൾ അബൂബക്ർ സിദ്ദീഖ് (റ) പ്രസ്താവിച്ചു: ഈ വിഷയത്തിൽ റസൂലുല്ലാഹി (സ) യിൽ നിന്ന് ഞാൻ ഒരു വിഷയം കേട്ടിട്ടുണ്ട്. റസൂലുല്ലാഹി (സ) അരുളി: ഓരോ പ്രവാചകനെയും അല്ലാഹു ഖബ്റടക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് വെച്ചാണ് വിയോഗം സംഭവിപ്പിക്കുന്നത്. ആകയാൽ റസൂലുല്ലാഹി (സ)യുടെ കിടക്കയുടെ ഖബ്റടക്കുക. (തിർമിദി)
വിവരണം: റസൂലുല്ലാഹി (സ)യുടെ വിയോഗാനന്തരം എവിടെ ഖബ്റടക്കണമെന്ന വിഷയത്തിൽ സ്വഹാബിക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. പ്രത്യേകിച്ചും മക്കാ മുകർറമയിൽ ഖബ്റടക്കണമെന്ന് ചിലരും മദീനാ മുനവ്വറയിലെ ബഖീഇൽ ഖബ്റടക്കണമെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു. ഈ സമയം അബൂബക്ർ സിദ്ദീഖ് (റ) പ്രസ്താവിച്ചു: ഇതിനെ കുറിച്ച് റസൂലുല്ലാഹി (സ)യിൽ നിന്ന് തന്നെ ഞാനൊരു കാര്യം കേട്ടിട്ടുണ്ട്: പ്രവാചകനെ ഖബ്റടക്കാൻ ഇഷ്ടപ്പെടാൻ സ്ഥലത്ത് വെച്ചാണ് അല്ലാഹു പ്രവാചകനെ തിരിച്ചു വിളിക്കുന്നത്. ആകയാൽ റസൂലുല്ലാഹി (സ)യുടെ വിയോഗം സംഭവിച്ച കിടക്കയുടെ സ്ഥലത്ത് തന്നെ ഖബ്റടക്കുക. ഇതനുസരിച്ച് തന്നെ പ്രവർത്തിക്കപ്പെട്ടു. റസൂലുല്ലാഹി (സ) വിശ്രമിച്ചിരുന്ന ആഇശ (റ)യുടെ മുറിയിൽ അനുഗ്രഹീത കട്ടിലിൻ്റെ ഭാഗത്ത് തന്നെ റസൂലുല്ലാഹി (സ)യെ ഖബ്റടക്കി. സയ്യിദുൽ മുർസലീൻ ഖാതമുന്നബിയ്യീൻ മഹ്ബൂബു റബ്ബിൽ ആലമീൻ ﷺയെ ലോകാവസാനം വരെയും വഹിക്കാൻ സൗഭാഗ്യം സിദ്ധിച്ച ആ മണൽ തരികൾ എത്ര അനുഗ്രഹീതമായിരിക്കും.
കുറിപ്പുകൾ
📎 എന്തിനാണീ കോടികൾ വില വരുന്ന പള്ളികൾ!?
നമസ്കാരം കഴിഞ്ഞാൽ ഉടനെ പൂട്ടി ഇടുന്ന പള്ളികളും രാത്രി കഴിഞ്ഞാൽ എല്ലാവരും പുറത്തിറങ്ങിക്കോളണം, ആരെയും പള്ളിയിൽ ഇരുത്തില്ല, വിശ്രമിപ്പിക്കില്ല, തുടങ്ങിയ പള്ളി സംരക്ഷണ നിയമങ്ങൾ എത്രമാത്രം ഇസ്ലാമിക വിരുദ്ധമാണ്?
മദീനയിലെ മസ്ജിദുന്നബവി യാത്രക്കാർക്കും പള്ളിയിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇബാദത്ത് ചെയ്യുന്നവർക്കും മുന്നിൽ എന്നും തുറക്കപ്പെട്ടതായിരുന്നില്ലേ.
പള്ളി സംരക്ഷിക്കപ്പെടുകയില്ലെന്നോ മറ്റെന്തെങ്കിലും വസ്തുക്കൾ നഷ്ടമാകുമെന്നോ ഉള്ള ഭയം തീർത്തും അസ്ഥാനത്താണ്. കാരണം പള്ളികളിൽ നഷ്ടപ്പെടാനുള്ളത് മൈക്കും ആംപ്ലിഫയറുകളും മാത്രമാണ്. അവ അധിക പള്ളികളിലും സുരക്ഷിതമായി മിഹറാബുകളിൽ പൂട്ടി വെക്കപ്പെട്ടവയാണ് അല്ലെങ്കിൽ പൂട്ടി വെക്കാവുന്നവയാണ്. മാത്രവുമല്ല അധിക പള്ളികളും സിസിടിവിയുടെ നിരീക്ഷണത്തിലുമാണ്. എന്നിട്ടുമെന്തിനാണ് ഇത്തരം കടുംപിടുത്തങ്ങൾ?
ഇഅത്തിക്കാഫിന്റെ നിയ്യത്തിൽ പള്ളികളിൽ കഴിഞ്ഞുകൂടാൻ ജനങ്ങളെ നാം പ്രോത്സാഹിപ്പിക്കാത്തത് എന്തുകൊണ്ടാണ്? വേദനയും വിഷമവുമായി കരഞ്ഞു നടക്കുന്ന ആളുകൾക്ക് അൽപനേരം അല്ലാഹുവിൻറെ മുമ്പിൽ ഒറ്റയ്ക്കിരുന്ന് കരയാൻ ഈ പള്ളികൾ അവസരം തുറക്കാത്തത് എന്തുകൊണ്ടാണ്? കോടികൾ മുടക്കി അലങ്കൃതമായ പള്ളികൾ പണിയുന്നത് എന്തിനാണ്? അഞ്ചു വഖ്ത്ത് നമസ്കാരത്തിനും അതിൻറെ സുന്നത്തുകൾക്കും വേണ്ടി മാത്രമോ? പള്ളികൾ സദാസമയവും ഇബാദത്ത് ചെയ്യുന്നവരാൽ അലങ്കരിക്കപ്പെടാനുള്ള പദ്ധതികൾ നാം ആവിഷ്കരിക്കാത്തത് എന്തുകൊണ്ടാണ്?
എന്തുകൊണ്ടാണ് പള്ളികളിൽ ഖുർആൻ പഠന മജ്‌ലിസുകൾ ഇല്ലാത്തത്? എന്തുകൊണ്ടാണ് വിജ്ഞാന സദസ്സുകൾ നിരന്തരമായി നടക്കാത്തത്? എന്തുകൊണ്ടാണ് നമ്മുടെ പള്ളികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇസ്ലാമിക കേന്ദ്രങ്ങളായി മാറാത്തത്? എന്തുകൊണ്ടാണ് അവിടങ്ങളിൽ ഇസ്ലാമിനെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കടന്നു വരാനുള്ള അനുമതിയോ ആവേശമോ ഉണ്ടാകാത്തത്? ഇതൊന്നുമില്ലാത്ത വെറും നിസ്കാരമുറികൾ ആയി നമ്മുടെ പള്ളികൾ മാറിപ്പോകുന്നതിൽ നമുക്ക് സങ്കടമില്ലാത്തത് എന്തുകൊണ്ട്?
ഈ റബീഉൽ അവ്വലിൽ ഇത്തരം ഒരു പുനർവിചിന്തനത്തിന് പൊതുജനങ്ങളും പള്ളി ഭാരവാഹികളും തയ്യാറാകുന്നത് ഉത്തമമായിരിക്കും. പാടിപ്പുകഴ്ത്താൻ മാത്രമുള്ളതല്ല പ്രവാചകൻ (സ), പ്രാവർത്തിക ജീവിതത്തിൽ മാതൃകയാക്കാൻ ആണ് അല്ലാഹു പ്രവാചകൻ (സ)യെ നിയോഗിച്ചത്.
وعن علي - رضي الله عنه - ، قال : قال رسول الله - صلى الله عليه وسلم - : " يوشك أن يأتي على الناس زمان لا يبقى من الإسلام إلا اسمه . ولا يبقى من القرآن إلا رسمه ، مساجدهم عامرة وهي خراب من الهدى ، علماؤهم شر من تحت أديم السماء ، من عندهم تخرج الفتنة ، وفيهم تعود " .
(رواه البيهقي في شعب الإيمان )
അലി (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: താമസിയാതെ ജനങ്ങളിൽ ഒരു കാലഘട്ടം വരും അന്ന് പേരിൽ മാത്രമായിരിക്കും ഇസ്ലാം, അക്ഷരങ്ങളിൽ മാത്രമായിരിക്കും ഖുർആൻ, പ്രൗഢമായ പള്ളികൾ ഉണ്ടാകും പക്ഷേ അവിടെ സന്മാർഗം ഉണ്ടാവുകയില്ല, അന്ന് ആകാശത്തിന് താഴെ ഏറ്റവും മോശപ്പെട്ടവർ അവരിലെ പണ്ഡിതന്മാരായിരിക്കും അവരിൽ നിന്നായിരിക്കുംകുഴപ്പങ്ങൾ ഉടലെടുക്കുന്നത്, അതിൻറെ (അപകടം) അവരിലേക്ക് തന്നെയായിരിക്കും മടങ്ങുന്നതും (ബൈഹഖി).
ഈ ഹദീസിൽ പറയപ്പെട്ട മോശം ജനതയാകാതിരിക്കാൻ പരിശ്രമിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ജീവിതത്തിൽ ദീൻ പകർത്താതെ, പ്രസംഗിക്കാനും പാടാനും ആടാനുമുളള കുറേ ആചാരങ്ങൾ മാത്രമയി ദീനിനെ കാണുന്നവരായി നാം മാറാതിരിക്കുക.
അല്ലാഹു നമ്മെ നല്ല ജനതയായി മാറ്റട്ടെ! ആമീൻ!!
✍️ സൽമാൻ ഹുസ്നി തൊടുപുഴ
(ദാറുൽ ഉലൂം - ഓച്ചിറ)
ഇലാ റഹ്‌മത്തില്ലാഹ്...
⭕ ഹലീം കുട്ടി സാർ, മണ്ണഞ്ചേരി
ഇൽമിനോടും ഇൽമിന്റെ സ്ഥാപനങ്ങളോടും ആലിമീങ്ങളോടും മുതഅല്ലിമീങ്ങളോടും വലിയ സ്നേഹവും കരുണയും പുലർത്തിയിരുന്ന ആലപ്പുഴ - മണ്ണഞ്ചേരി ഹലീം കുട്ടി സാർ അല്ലാഹുവിലേക്ക് യാത്രയായ വിവരം, വളരെ ദുഃഖത്തോടു കൂടിയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാടായ മദീന മുനവ്വറയിൽ വച്ച് ഞങ്ങൾ കേൾക്കുന്നത്.
പരിചയപ്പെട്ട നാൾ മുതൽ വാർദ്ധക്യത്തിൻ്റെയും അനാരോഗ്യത്തിന്റെയും സമയം വരെയും അങ്ങേയറ്റം ഉന്മേഷത്തോടെയും സ്നേഹത്തോടെയും വർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. പ്രതികൂല സാഹചര്യത്തിലും ദീനിന്റെ പ്രവർത്തനത്തെ മാറോട് അണച്ചുപിടിച്ചു.
അല്ലാഹു പരിപൂർണ്ണ മഗ്ഫിറത്ത് മർഹമത്ത് നൽകി അനുഗ്രഹിക്കട്ടെ. നന്മകൾക്ക് ഉയർന്ന പ്രതിഫലം കനിഞ്ഞരുളട്ടെ.
✍️അബ്ദുശ്ശകൂർ ഖാസിമി,
മദീന മുനവ്വറ

