വഖഫ് നിയമം 2025 എന്തുകൊണ്ട് സ്വീകാര്യമല്ല?
വഖഫ് നിയമം 2025 എന്ത് കൊണ്ട് സ്വീകാര്യമല്ല?
(പ്രസിഡൻ്റ്, ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
മുസ്‌ലിംകൾക്ക് മാത്രമല്ല രാജ്യം മുഴുവനുമുള്ള നീതി സ്നേഹികളുടെയും മതേതര ശക്തികളുടെയും എതിർപ്പുണ്ടായിട്ടും അധികാര ലഹരിയിൽ മതിമറക്കുകയും വെറുപ്പിൻ്റെ രാഷ്ട്രീയം പരത്തുകയും ചെയ്യുന്ന ഭരണകൂടം വഖഫ് ഭേദഗതി ബിൽ പാസാക്കി. രാഷ്ട്രപതിയുടെ ഒപ്പിന് ശേഷം ഇത് നിയമമാക്കുകയും ചെയതു. ഈ നിയമം മുഴുവനും മുസ്‌ലിം വിരുദ്ധവും ഭരണഘടനാ വിരുദ്ധവും അക്രമവും അനീതിയുമാണങ്കിലും ഇതിലെ വളരെ വ്യക്തമായ ചില നീതികേടുകളെ നാം ഓരോരുത്തരും മനസ്സിലാക്കുയും ജനങ്ങൾക്ക് മനസ്സിലാക്കി കെടുക്കുകയും ചെയ്യണം.
1) വഖഫ് സ്വത്തുക്കൾ അപഹരിക്കാനുള്ള ശ്രമം
ഈ നിയമത്തിന്റെ ഒന്നാമത്തെ കുഴപ്പം അമൂല്യമായ വഖഫ് സ്വത്തുക്കളെ അപഹരിക്കാനും സർക്കാറിൻ്റെ സഹായത്തോടെ നശിപ്പിക്കാനും വഴിയൊരുക്കുന്നു എന്നതാണ്. ഇത് പല രീതിയിലാണ്:
(A) പഴയ വഖഫ് നിയമത്തിൽ നീണ്ട കാലം ഏതെങ്കിലും സ്ഥലം മസ്ജിദ്, ഖബർസ്ഥാൻ മുതലായ നന്മകൾക്ക് വേണ്ടി ഉപയോഗിക്കപ്പെട്ട് വരുന്നെങ്കിൽ അതിനെ വഖഫായി ഗണിക്കപ്പെട്ടിരുന്നു. ഇതിന് Waqf By User എന്ന് പറയപ്പെടുന്നു. എന്നാൽ പുതിയ ബില്ലിൽ ഇത് പൂർണ്ണമായി ഒഴിവാക്കിയിരുന്നു. എന്നാൽ മുസ്‌ലിംകൾ ഇതിനെ ശക്തമായി എതിർത്തപ്പോൾ ചില NDA ഘടകകക്ഷികളുടെ അഭിപ്രായ പ്രകാരം ഇതിൽ ഭേദഗതി വരുത്തുകയുണ്ടായി. എന്നാൽ ഇത്തരം വഖ്ഫുകളിൽ തർക്കം ഉണ്ടായാൽ അത് വഖഫായി അംഗീകരിക്കപ്പെടുന്നതല്ല എന്ന് പറഞ്ഞിരിക്കുന്നു. ഇതും വഖഫ് സ്വത്തുക്കൾ അപഹരിക്കാനുള്ള ഒരു ശ്രമമാണ്. പ്രത്രേകിച്ചും രാജ്യത്തെ വർഗ്ഗീയ വാദികൾ മസ്ജിദുകളും മഖ്ബറകളും ഈദ് ഗാഹുകളും മറ്റും അവരുടെ മത സ്ഥാനങ്ങളാണെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ തുടക്കം ബാബരി മസ്ജിദിൽ നിന്നുമായിരുന്നു. അവിടെ രാത്രിയുടെ ഇരുട്ടിൽ ശ്രീരാമന്റെ വിഗ്രഹം കൊണ്ട് വന്ന് വെച്ച് ശ്രീ രാമൻ പ്രകടമായി എന്ന് വാദിച്ചു. തുടർന്ന് നടന്ന സംഭവങ്ങൾ ലോകം കണ്ടതാണ്. ശേഷം ഗ്യാൻവാപി മസ്ജിദിലെ വുദൂ ഖാനയിൽ ശിവലിംഗം പ്രകടമായി എന്ന് വാദിച്ചു. VHP ഇപ്രകാരം 3000 മസ്ജിദുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോൾ അതിൻ്റെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. പുതിയ നിയമത്തിലൂടെ ഈ പ്രശ്നം എത്ര അധികരിക്കും എന്ന് ആലോചിക്കുക.
(B) പഴയ വഖ്ഫ് നിയമത്തിൽ വഖ്ഫ് സ്വത്തുക്കളെ ലിമിറ്റേഷൻ ആക്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ ആക്റ്റ് കൊണ്ടുള്ള വിവക്ഷ 12 വർഷം ആരെങ്കിലും ഒരു സ്ഥലം ഉപയോഗിച്ചാൽ അത് അദ്ദേഹത്തിനുള്ളതായി മാറും എന്നതാണ്. എന്നാൽ വഖഫ് സ്വത്തുക്കൾക്ക് ഈ നിയമം ബാധകമാകാത്തതിനാൽ പഴയ വഖഫ് അപഹരണങ്ങളെ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ഇത് ഒഴിവാക്കിയിരിക്കുന്നു. ഇതിലൂടെ പഴയ അപഹരണങ്ങൾ തുടരുന്നതാണ്.
(C) ഇന്ത്യയയിലെ മുൻ കഴിഞ്ഞ ഭരണകർത്താക്കളും സമ്പന്നരും പൊതുജനങ്ങളും മതം നോക്കാതെ അന്നും ഇന്നും ഇതര മതസ്ഥരെ സഹായിച്ചിട്ടുണ്ട്. അമുസ്‌ലിം മത സ്ഥാപനങ്ങളെ മുസ്‌ലിംകൾ സഹായിച്ചത് പോലെ ധാരാളം അമുസ്‌ലിം സുമനസ്സുകൾ വഖ്ഫുകളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ പുതിയ നിയമത്തിൽ അമുസ്‌ലിംകളുടെ വഖഫുകളെ ഒഴിവാക്കിയിരിക്കുന്നു. ഇതു വഴി പഴയ ധാരാളം വഖഫുകൾ ഗവൺമെന്റ് കൈയ്യടക്കാൻ സാധ്യതയുണ്ട്.
2) ഈ നിയമം പരിപൂർണ്ണമായ നിലയിൽ മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ഇടയിൽ വിവേചനം കൽപ്പിക്കുന്നതാണ്.
(A) വർഷങ്ങളായി ഉപയോഗത്തിലുള്ള സ്ഥലം അതാത് ആളുകൾക്ക് ഉള്ളതാണെന്ന നിയമം ഹൈന്ദവർക്കും സിഖുകാർക്കും ബുദ്ധർക്കും ഇതര മതസ്ഥർക്കും ഇന്നും അംഗീകരിപ്പെട്ടിരിക്കുന്നു. എന്നാൽ മുസ്‌ലിം വഖ്ഫ് സ്വത്തുക്കളുടെ വിഷയത്തിൽ മാത്രം മേൽ പറഞ്ഞത് പോലെ ഈ നിയമം അവസാനിപ്പിക്കാൻ പരിശ്രമിക്കുന്നു.
(B) ലിമിറ്റേഷൻ ആക്ടിൽ നിന്നും ഹൈന്ദവരെയും സിഖുകാരെയും ക്രൈസ്തവരെയും ഇന്നും ഒഴിവാക്കിയിരിക്കുന്നു. പക്ഷേ മുസ്‌ലിം വഖ്ഫ് സ്വത്തുക്കളെ മാത്രം ഇതിൽ നിന്നും ഒഴിവാക്കിയിട്ടില്ല.
(C) ഹൈന്ദവ വഖ്ഫായ ഹിന്ദു എൻഡോവ്മെൻ്റിൻ്റെ എല്ലാ അംഗങ്ങളും ഹൈന്ദവരാണ്. അവർ ഹൈന്ദവർ ആയിരിക്കണമെന്ന് ഉത്തർ പ്രദേശ്, കർണ്ണാടക, തമിഴ്നാട്, കേരളം, മുതലായ സ്ഥലങ്ങളിൽ നിയമപരമായി തന്നെ പറയപ്പെട്ടിരിക്കുന്നു. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങൾ സിഖുകാരായിരിക്കണം എന്നതും നിർബന്ധമാണ്. എന്നാൽ പുതിയ വഖ്ഫ് നിയമത്തിൽ വഖ്ഫ് സമിതിയിൽ രണ്ട് അമുസ്‌ലിംകൾ നിർബന്ധമാണ്. വഖ്ഫ് ബോർഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് മുസ്‌ലിമായിരിക്കണം എന്ന പഴയ നിയമവും മാറ്റി. മുമ്പ് വഖ്ഫ് ബോർഡിൻ്റെ ശുപാർശ പ്രകാരമാണ് ചീഫിനെ നിയമിക്കപ്പെട്ടിരുന്നത്. ഇനി അദ്ദേഹത്തെ ഗവൺമെന്റ് നിയമിക്കുന്നതാണ്. കേന്ദ്ര വഖ്ഫ് കൗൺസിലിൽ മുമ്പ് ഒരു അമുസ്‌ലിം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് പതിമൂന്നാക്കി ഉയർത്തിയിരിക്കുന്നു.
3) വഖ്ഫിൽ തടസ്സമുണ്ടാക്കുന്നു.
പുതിയ നിയമം അനുസരിച്ച് വഖ്ഫിൽ പലതരം തടസ്സങ്ങളും ഉണ്ടാക്കുന്നു. നേരത്തെ പറഞ്ഞത് പോലെ അമുസ്‌ലിം വഖ്ഫ് ചെയ്യാൻ പാടുള്ളതല്ല. അഞ്ച് വർഷമായി ഇസ്‌ലാമിക ജീവിതം നയിക്കാത്ത പുതു മുസ്‌ലിമും വഖ്ഫ് ചെയ്യാൻ പാടുള്ളതല്ല.
4) വഖ്ഫ് തത്വങ്ങളെ എതിർക്കുന്നു.
ഇസ്‌ലാമിക വീക്ഷണത്തിൽ ഒരു സ്ഥലത്തിൻ്റെ ഉടമക്ക് അനുവദനീയമായ എല്ലാ വ്യവഹാരങ്ങളും നടത്താൻ അവകാശമുണ്ട്. പ്രത്യേകിച്ചും മക്കളോടും കുടുംബത്തോടും സൽപെരുമാറ്റം പ്രതിഫലാർഹമായ കാര്യമാണ്. ഇതിൻ്റെ അടിസ്ഥാത്തിലാണ് സന്താനങ്ങളുടെ പേരിൽ വഖ്ഫ് ചെയ്യാം എന്ന് നിയമം വന്നിട്ടുള്ളത്.
റസൂലുല്ലാഹി (സ), അബൂബക്കർ സിദ്ദീഖ് (റ), ഉമറുൽ ഫാറൂഖ് (റ), അലിയ്യ് (റ) മുതലായവർ ഇപ്രകാരം വഖ്ഫ് ചെയ്തിട്ടുണ്ട്. അതായത് ഒരു സ്ഥലം ഇവർക്ക് ഉപയോഗിക്കാവുന്നതാണ്. ആർക്കും അതിൽ ഉടമാവകാശം ഉണ്ടാകുന്നല്ല. പുതിയ നിയമത്തിൽ ഈ നിയമവും മാറ്റപ്പെട്ടിരിക്കുന്നു.
5) വഖ്ഫിനെ ബലഹീനമാക്കാനുള്ള പരിശ്രമങ്ങൾ.
മുമ്പ് വഖ്ഫ് നിയമങ്ങൾക്കും ഇതര നിയമങ്ങളുമായി ഭിന്നത ഉണ്ടായാൽ വഖ്ഫ് നിയമത്തിന് മുൻഗണന നൽകപ്പെടുമായിരുന്നു. ഇപ്പോൾ ഈ നിയമം എടുത്ത് മാറ്റപ്പെട്ടു.
6) അസത്യ പ്രചാരണം
ഈ വിഷയത്തിൽ ഏറ്റവും വേദനാജനകമായ കാര്യം ഭരണകൂടവും അവരുടെ പാർട്ടിയും നടത്തുന്ന അസത്യ പ്രചാരണങ്ങളാണ്. ആ പ്രചാരണത്തിൽ അവർ സർവ്വലോക റെക്കോർഡ് തന്നെ സ്ഥാപിച്ചിരിക്കുകയാണ്. കളവുകൾ പടച്ചുണ്ടാക്കി പ്രചരിപ്പിക്കുകയും വ്യാജ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നതിന് അവാർഡ് വല്ലതും നൽകപ്പെടുമെങ്കിൽ അത് പ്രധാന മന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ന്യൂനപക്ഷകാര്യ മന്ത്രിക്കോ നൽകേണ്ടതാണ്. വഖ്ഫിനെ കുറിച്ച് പലതരം കളവുകൾ പടച്ചുണ്ടാക്കലും രാജ്യത്തെ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കലും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്തിലും ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പടിയാക്കി ക്രൂരമായി ആക്രമിക്കലുമാണ് അവരുടെ പ്രധാനപ്പെട്ട ജോലി. അവർ പ്രചരിപ്പിക്കുന്ന ചില അപവാദങ്ങൾ മാത്രം ഇവിടെ കൊടുക്കുന്നു:
1. വഖ്ഫ് ബോര്‍ഡിന് ഏത് സ്വത്തിനെ കുറിച്ചും വഖ്ഫാണെന്ന വാദം ഉന്നയിക്കാന്‍ ഇഷ്ടം നല്‍കപ്പെട്ടിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖ്ഫ് ബോര്‍ഡ് ധാരാളം സ്ഥലങ്ങള്‍ വഖ്ഫായി പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെ മുസ്ലിംകള്‍ ഇന്ന് രാജ്യത്തിന്‍റെ ഭൂസ്വത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി കൈയ്യടക്കിയിരിക്കുകയാണ്. വഖ്ഫായിട്ട് ആറ് ലക്ഷം ഏക്കര്‍ സ്ഥലമാണ് മുസ്ലിംകള്‍ നേടിയെടുത്തിട്ടുള്ളത്!
ഇതിന്‍റെ യാഥാര്‍ത്ഥ്യം ഇപ്രകാരമാണ്: ഒന്നാമതായി, മുന്‍ കേന്ദ്രഗവര്‍മെന്‍റ് തന്നെ നിയമിച്ച സച്ചര്‍കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വഖ്ഫ് സ്വത്തുക്കള്‍ ആറ് ലക്ഷം ഏക്കര്‍ ഭൂമിയാണ്. പക്ഷേ, ഇത് മൂന്നാം സ്ഥാനത്താണെന്ന വാദം തീര്‍ത്തും തെറ്റാണ്. തമിഴ് നാട്ടില്‍ മാത്രം ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭൂമി 478000 ഏക്കറാണ്. ആന്ധ്രപ്രദേശില്‍ 468000 ഏക്കറുകളാണ്. ഇത് രണ്ടും കൂടി ചേര്‍ത്താല്‍ തന്നെ 940000 ഏക്കറുകള്‍ വരുന്നതാണ്. രണ്ടാമതായി, വഖ്ഫ് ബോര്‍ഡിന് തോന്നുന്ന സ്ഥലങ്ങളെല്ലാം വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കുന്നു എന്ന വാദം ശുദ്ധ അസംബന്ധമാണ്. വഖ്ഫ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം രഹസ്യമായ നിലയിലല്ല. വഖ്ഫ് ആക്ടില്‍ അതിന്‍റെ പ്രോസീജര്‍ പരിപൂര്‍ണ്ണമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അതെ, ഒരു ഭൂമിയുടെ ഉടമയ്ക്ക് മാത്രമേ, വഖ്ഫ് ചെയ്യാന്‍ സാധുക്കുകയുള്ളൂ. അദ്ദേഹം ഉടമാവകാശത്തിന്‍റെ രേഖകള്‍ വഖ്ഫ് ബോര്‍ഡില്‍ സമാഹരിക്കുകയും വേണം. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ രേഖപ്പെടുത്താനുള്ള നോട്ടീസ് പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. കൂടാതെ, ഗവര്‍മെന്‍റ് ഒരു സര്‍വ്വേ കമ്മീഷണറെ നിയമിക്കുന്നതുമാണ്. അദ്ദേഹം ഭൂമിയെ അളന്ന് നോക്കുകയും വഖ്ഫിനെ ശരി വെക്കുകയും ചെയ്താല്‍ ഈ കാര്യം സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഈ നോട്ടിഫിക്കേഷന്‍ നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍ക്ക് വേണമെങ്കിലും ട്രിബൂണലില്‍ ഇതിനെ ചോദ്യം ചെയ്യാവുന്നതാണ്.
2. വഖ്ഫ് സ്വത്തില്‍ ഭിന്നത വല്ലതും ഉണ്ടായാല്‍ വഖ്ഫ് ട്രൈബൂണല്‍ ഏകപക്ഷീയമായി വിധി നടത്തുകയാണ്. ഇപ്രകാരം ഏകപക്ഷീയമായി വിധി നടത്തി ധാരാളം സ്വത്തുക്കള്‍ വഖ്ഫായി അന്യാധീനപ്പെടുത്തപ്പെട്ടിട്ടുണ്ട്!
യഥാര്‍ത്ഥത്തില്‍ വഖ്ഫ് ട്രൈബൂണലിന്‍റെ സ്ഥാനം സിവില്‍ കോടതിയുടെ സ്ഥാനം മാത്രമാണ്. അതിന്‍റെ ഉന്നത ഉദ്യോഗസ്ഥന്‍ ജില്ലാ ജഡ്ജിയായിരിക്കും. വഖ്ഫ് സ്വത്തെന്ന് പറയപ്പെടുന്ന ഏതെങ്കിലും ഭൂമി ഒരു വ്യക്തിയോ, സ്ഥാപനമോ, ഗവര്‍മെന്‍റോ കൈയ്യടക്കിയാല്‍ ഇതില്‍ കേസ് നടക്കുന്നതാണ്. കേസില്‍ ഇരുകൂട്ടരും അവരുടെ തെളിവുകള്‍ സമര്‍പ്പിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ ട്രിബൂണല്‍ വിധി പറയും. ഈ വിധിയില്‍ ഏതെങ്കിലും വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ഹൈക്കോടതിയുടെ തീരുമാനത്തിലും തൃപ്തി വരാത്തവര്‍ക്ക് സുപ്രീം കോടതി വഴി വിധിയെ ചലഞ്ച് ചെയ്യാവുന്നതാണ്. ആകയാല്‍ വഖ്ഫ് ട്രൈബൂണല്‍ വഴി വഖ്ഫ് ബോര്‍ഡ് മറ്റുള്ളവരുടെ സ്വത്തുക്കള്‍ കൈയ്യടക്കുന്നു എന്ന വാദം കളവും അടിസ്ഥാനരഹിതവുമാണ്. കൂടാതെ, വഖ്ഫ് ട്രൈബൂണലിന്‍റെ ഘടനയും നാം മനസ്സിലാക്കുക. അതില്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്ന രണ്ട് വിദഗ്ദരും ഇസ്ലാമിക നിയമങ്ങള്‍ പഠിച്ച ഒരു വിദഗ്ദനും ഉണ്ടായിരിക്കും. വഖ്ഫ് സ്വത്തുക്കളുടെ വിഷയത്തിലുള്ള ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഈ പണ്ഡിതന്‍ കൈകാര്യം ചെയ്യുക. ഉദാഹരണത്തിന് ഒരു ഭൂമിയെക്കുറിച്ച് മസ്ജിദിന് വഖ്ഫ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായാല്‍ അതിന്‍റെ അധികരിച്ച വരുമാനം ഖബ്ര്‍സ്ഥാനിനോ, വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കോ ഉപയോഗിക്കാമോ എന്ന കാര്യം അദ്ദേഹം പറയുന്നതാണ്. മറ്റുവിഷയങ്ങള്‍ രാജ്യ നിയമങ്ങള്‍ അറിയാവുന്നവരാണ് തീരുമാനിക്കുക. ഉദാഹരണത്തിന് വഖ്ഫ് ബോര്‍ഡിനും മുസ്‌ലിമോ അമുസ്‌ലിമോ ആയ വ്യക്തികള്‍ക്കിടയില്‍ വല്ല ഭിന്നതയും വന്നാല്‍ അത് തീരുമാനിക്കുന്നത് രാജ്യ നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും.
3. ഗവൺമെന്‍റ് ഓരോ പത്ത് വര്‍ഷം കൂടുംതോറും മുഴുവന്‍ വഖ്ഫ് സ്വത്തുക്കളും സര്‍വ്വേ ചെയ്യാറുണ്ട്. ഈ സര്‍വ്വേയുടെ ചിലവുകള്‍ ഗവൺമെൻ്റ് പൊതുസ്വത്തില്‍ നിന്നാണ് ചിലവഴിക്കുന്നത്. വഖ്ഫ് പോലുള്ള സ്വത്തിന്‍റെ സര്‍വ്വേചിലവുകള്‍ അതുമായി ബന്ധമില്ലാത്ത പൊതുജനങ്ങളുടെ സമ്പത്തില്‍ നിന്നും മുടക്കുന്നത് തെറ്റാണ്!
രാജ്യത്തെ ഏതെങ്കിലും വിഭാഗങ്ങളുടെ ആവശ്യത്തിന് ആ വിഭാഗത്തിന്‍റെ പണം മാത്രമേ ചിലവഴിക്കാവൂ എന്ന് രാജ്യത്ത് ഒരു നിയമവുമില്ല. മാത്രമല്ല, സഹോദര സമുദായങ്ങളുടെ മതപരമായ പരിപാടികള്‍ക്കും യാത്രകള്‍ക്കും മേളകള്‍ക്കും വിശിഷ്യാ കുംഭമേളയില്‍ എത്ര സമ്പത്താണ് പൊതുഖജനാവില്‍ നിന്നും ചിലവഴിക്കപ്പെടുന്നത്. പൊതുഖജനാവ് രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ടാക്സില്‍ നിന്നും രൂപപ്പെടുന്നതാണ്. രാജ്യത്ത് ടാക്സ് നല്‍കുന്നതില്‍ വലിയൊരു വിഭാഗം മുസ്‌ലിം വ്യാപാരികളാണെന്ന് ആര്‍ക്കാണ് അറിയാത്തത്. യൂസുഫ് അലി, അസീം പ്രേംജി, ശാഹിദ് ബലൂച് തുടങ്ങിയ വ്യാപാരികളും സിനിമാ ലോകവും കായിക മേഖലയുമായി ബന്ധപ്പെട്ടവരും വലിയ നികുതിയാണ് രാജ്യത്ത് അടച്ചുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ മതപരമായ കാര്യമാണെങ്കിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വഖ്ഫ് സ്വത്തുക്കളുടെ സര്‍വ്വേയ്ക്ക് പൊതുഖജനാവില്‍ നിന്നും ന്യായമായ ചിലവുകള്‍ എടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
4. തമിഴ്നാട്ടിലെ തിരിച്ചന്തൂര്‍ ജില്ലയിലെ ഒരു സംഭവം വളരെ പര്‍വ്വതീകരിച്ചുകൊണ്ട് ചിലര്‍ ഇപ്രകാരം പറയുന്നു: ഇവിടെ ഒരു ഗ്രാമത്തില്‍ 1500 വര്‍ഷമായി താമസിക്കുന്നത് മുഴുവനും ഹൈന്ദവരാണ്. ഇവിടെ ഒരു ഹൈന്ദവ ക്ഷേത്രവുമുണ്ട്. എന്നാല്‍ ഇത് വഖ്ഫ് സ്വത്താണെന്നാണ് തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നത്! വേറെയും പല സ്ഥലങ്ങളെക്കുറിച്ചും ഇതേ രീതിയില്‍ പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
ഒന്നാമതായി, ഇതിനെക്കുറിച്ചുള്ള ചിത്രീകരണം തന്നെ തെറ്റാണ്. തമിഴ്നാട് വഖ്ഫ് ബോര്‍ഡ് പറയുന്നു: ഈ സ്ഥലം 600 വര്‍ഷം മുമ്പ് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലമാണ്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ക്ഷേത്രം സ്ഥാപിക്കപ്പെട്ടിട്ട് 100 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. വഖ്ഫ് ബോര്‍ഡ് ഇത് വഖ്ഫ് ഭൂമിയാണെന്ന് വാദിക്കുന്നത് അവരുടെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ്. രണ്ടാമതായി, അവിടെയുള്ളവര്‍ ഇറങ്ങിപ്പോകണമെന്നോ മറ്റോ വഖ്ഫ് ബോര്‍ഡോ, മുസ്‌ലിംകളോ ആവശ്യപ്പെടുന്നില്ല. ഈ കാര്യം ഭരണകൂടത്തെ ഏല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുന്നതാണെന്ന് മുസ്‌ലിംകള്‍ പറയുന്നു.
5. രാജ്യത്ത് ഭരണം നടത്തിയിരുന്ന മുസ്‌ലിം ഭരണാധികാരികള്‍ ധാരാളം ഭൂമി വഖ്ഫായി പ്രഖ്യാപിച്ചു എന്നാണ് മറ്റൊരു ആരോപണം.
ഒന്നാമതായി, ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രം മുന്‍ഗാമികളായ ഭരണാധികളാരും പരിഗണന നല്‍കിയിട്ടില്ല. വര്‍ഗ്ഗീയ വാദികളായ ഭരണാധികാരികള്‍ മാത്രമാണ് ഇപ്രകാരം ചെയ്യുന്നത്. രണ്ടാമതായി, ഇപ്രകാരം അവര്‍ ഭൂമികള്‍ വഖ്ഫായി പ്രഖ്യാപിച്ചുവെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പക്കല്‍ ധാരാളം വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ, സ്വത്തിന്‍റെ വിഷയത്തില്‍ മുസ്ലിം സമുദായം വളരെ പിന്നിലാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി കണ്ടെത്തുകയുണ്ടായി. മൂന്നാമതായി, ഭൂമി വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളോ, സമ്പന്നരോ മാത്രമല്ല, സാധാരണക്കാരും സാധുക്കളുമായ ആളുകള്‍ പോലും വഖ്ഫ് ചെയ്യാറുണ്ട്. ഉദാഹരണത്തിന് നാം ഓരോരുത്തരുടെയും നാടുകളിലേക്ക് തന്നെ നോക്കുക. ഓരോ നാടുകളിലും മസ്ജിദും മദ്റസയും ഖബ്ര്‍സ്ഥാനുമുണ്ട്. അതില്‍ സാധാരണ നിലക്ക് എല്ലാവരും പങ്കെടുക്കാറുമുണ്ട്. അതുകൊണ്ട് വഖ്ഫ് ഭൂമികള്‍ ഭരണാധികാരികളും സമ്പന്നരും മാത്രം ദാനം ചെയ്തതല്ല, അവരോടൊപ്പം സാധാരണക്കാരും സ്ത്രീകളും ഈ മേഖലയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ ഇതെല്ലാം ഇസ്‌ലാമിനെയും വഖ്ഫിനെയും തെറ്റിദ്ധരിപ്പിക്കാനും ജനങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കാനും വേണ്ടി നടത്തുന്ന പ്രചണ്ഡ പ്രചാരണങ്ങൾ മാത്രമാണ്. ഇത്തരം പ്രചാരണങ്ങൾ രാജ്യത്തിനും രാജ്യ നിവാസികൾക്കും തന്നെ ഹാനികരമാണ്. ഈ പ്രചാരണങ്ങളിൽ കുടുങ്ങാതെ ഇരിക്കാൻ എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തുക.
അവസാനമായി എല്ലാ സഹോദരങ്ങളോടുമുള്ള അഭ്യര്‍ത്ഥന, വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലാേ ബോര്‍ഡ് നടത്തുന്ന പരിശ്രമങ്ങളെ പിന്തുണയ്ക്കുകയും ഓരോരുത്തരും സാധിക്കുന്ന പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ്. കൂടാതെ, വഖ്ഫ് സ്വത്തുക്കളുമായിട്ടുള്ള ബന്ധം നാം നന്നാക്കുകയും വിശിഷ്യാ മസ്ജിദുകള്‍ സജീവമാക്കുകയും ചെയ്യുക. സര്‍വ്വോപരി എല്ലാവിധ നന്മകള്‍ക്കും പടച്ചവനോട് താണുകേണ് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ!
🔹▪️🔹▪️🔹▪️🔹
ALL INDIA MUSLIM PERSONAL LAW BOARD
വഖ്ഫ് സംരക്ഷണ പ്രക്ഷോഭം: രണ്ടാം ഘട്ടം
ബഹുമാന്യരെ,
വഖ്ഫ് ഭേദഗതി നിയമം 2025-ലൂടെ കേന്ദ്ര ഗവൺമെൻ്റ് മുസ്‌ലിം വ്യക്തി നിയമത്തെ കടന്നാക്രമിക്കുകയും അമൂല്യമായ വഖ്ഫ് സ്വത്തുക്കൾ കൈയ്യടക്കാൻ പരിശ്രമിക്കുകയും ചെയ്യുകയാണ്. ഈ വിഷയത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ആരംഭിച്ച ഒന്നാം ഘട്ട പ്രക്ഷോഭ പരിപാടികൾ അവസാനിച്ചു. ഇപ്പോൾ രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നു. ഇത് കഴിവിൻ്റെ പരമാവധി പ്രാവർത്തികമാക്കാനും പ്രചരിപ്പിക്കാനും അഭ്യർത്ഥിക്കുന്നു.
1, പ്രാർത്ഥനാ ദിനം:
വഖ്ഫിൻ്റെ സംരക്ഷണത്തിന് വേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നതിനോടൊപ്പം സെപ്തംബർ 19 വെള്ളിയാഴ്ച്ച ദിവസം പ്രാർത്ഥനാ ദിനമായി ആചരിക്കേണ്ടതാണ്. അന്നേ ദിവസം ജുമുഅ പ്രഭാഷണത്തിൽ വഖ്ഫിൻ്റെ പ്രാധാന്യവും ഭേദഗതി നിയമത്തിൻ്റെ ദൂഷ്യങ്ങളും വിവരിക്കുകയും വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് വേണ്ടി പടച്ചവനോട് പ്രാർത്ഥിക്കുകയും ചെയ്യുക.
2, ബന്ദ് - ഹർത്താൽ:
ഒക്ടോബർ 3 ജുമുഅ ദിവസം രാവിലെ 8 മണി മുതൽ 2 മണി വരെ മെഡിക്കൽ സ്റ്റോറുകൾ ഒഴിച്ചുള്ള കടകളും ഓഫീസുകളും മറ്റും അടിച്ചിട്ട് പ്രതിഷേധിക്കുക.
3, ലഘുലേഖ വിതരണം :
ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് തയ്യാറാക്കിയ വഖ്ഫ് ഭേദഗതി നിയമം എതിർക്കപ്പെടുന്നത് എന്തു കൊണ്ട്? എന്ന ലഘുലേഖ ധാരാളമായി പ്രിൻ്റ് ചെയ്ത് ജനങ്ങൾക്ക് എത്തിച്ച് കൊടുക്കുക.
4, പ്രസ് കോൺഫറൻസ്:
രാജ്യ തലസ്ഥാനത്തും സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിൻ്റെ ഭാഗത്ത് നിന്നും ഇതര സംഘടനാ മത നേതാക്കളെ അണിനിരത്തി കൊണ്ട് രണ്ട് തരം പ്രസ് കോൺഫറൻസുകൾ നടത്തുക.
5, റൗണ്ട് ടേബിൾ മീറ്റിംഗുകൾ:
മുഴുവൻ സംസ്ഥാനങ്ങളിലും അമുസ്‌ലിം സഹോദരങ്ങളെയും നേതാക്കളെയും ഒരുമിച്ച് കൂട്ടി റൗണ്ട് ടേബിൾ മീറ്റിംഗുകൾ സംഘടിപ്പിക്കുക.
6, ഇൻ്റർ ഫൈത്ത് മീറ്റിംഗ്:
എല്ലാ മത നേതാക്കളെയും പ്രതിനിധികളെയും കൂട്ടി എല്ലാ മതങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കളെ സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തുക.
7, ധർണ്ണയും അറസ്റ്റ് വരിക്കലും:
ഡൽഹിയിൽ രാഷ്ട്രപതി ഭവനിലേക്കും സംസ്ഥാനങ്ങളിൽ ഗവർണർ ഹൗസിലേക്കും വഖ്ഫ് മാർച്ച് നടത്തുക. ഇതിൽ പ്ലേ കാർഡുകൾ ഉയർത്തി പിടിക്കുകയും അനുവദനീയ മുദ്രാവാക്യം വിളിക്കുകയും സമാധാനപരമായി നടത്തുകയും ചെയ്യുക. ശേഷം രാഷ്ട്രപതിക്കും ഗവർണർമാർക്കും മെമ്മോറണ്ടം സമർപ്പിക്കുകയും ചെയ്യുക.
8, പത്ര മാധ്യമങ്ങളിൽ ലേഖനങ്ങൾ നൽകുക:
വഖ്ഫിൻ്റെ പ്രാധാന്യതയും വഖ്ഫ് ഭേദഗതി നിയമത്തിൻ്റെ ദൂഷ്യഫലങ്ങളും വിവരിക്കുന്ന ലേഖനങ്ങളിൽ പത്ര മാധ്യങ്ങളിലൂടെ പ്രസിദ്ധീകരിക്കുക. എഡിറ്റർമാർക്ക് ധാരാളമായി കത്തുകൾ അയക്കുകയും ചെയ്യുക.
9, സോഷ്യൽ മീഡിയ:
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട് പേഴ്സണൽ ബോർഡ് പ്രതിനിധികളും ഇതര സംഘടന നേതാക്കളും നൽകിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുക.
10, X-ക്യാംപയിൻ
പന്ത്രണ്ട് ദിവസങ്ങളിൽ ഒന്ന് വീതം X-ൽ ടാഗ് ക്യാമ്പയിൻ നടത്തപ്പെടുന്നതാണ് അതിൽ എല്ലാവരെയും പങ്കെടുപ്പിക്കുക.
11, വഖ്ഫ് മാർച്ച്:
ഡൽഹിയിൽ രാഷ്ട്രപതി ഭവനങ്ങളിലേക്കും സംസ്ഥാനങ്ങളിൽ ഗവർണർ ഹൗസിലേക്കും വഖ്ഫിൻ്റെ പേരിൽ മാർച്ച് സംഘടിപ്പിക്കുക. പങ്കെടുക്കുന്നവർ പ്ലേ കാർഡുകൾ ഉയർത്തി പിടിക്കേണ്ടതാണ്. മാർച്ച് അങ്ങേയറ്റം സമാധാന പൂർണ്ണമായിരിക്കണം. നിർണ്ണിത മുദ്രാവാക്യങ്ങൾ മാത്രമെ മുഴക്കാൻ പാടുള്ളൂ. മാർച്ചിൻ്റെ അവസാനത്തിൽ രാഷ്ട്രപതിക്കും ഗവർണർക്കും മെമ്മാേറണ്ടം നൽകപ്പെടേണ്ടതാണ്.
12, മുഖ്യമന്ത്രിമാർക്ക് മെമ്മാേറണ്ടം:
പ്രാദേശിക കൺവീനർമാരുടെ നേതൃത്തിൽ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ സംഘം ഒക്ടോബർ 16 ന് മുഖ്യമന്ത്രിയെ കണ്ട് മെമ്മാേറണ്ടം സമർപ്പിക്കുക.
13, ഡൽഹി പ്രതിഷേധ സമ്മേളനം:
നവംബർ അവസാന വാരം ഡൽഹി രാംലീല മൈതാനിയിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതാണ്.
14, മുതവല്ലിമാർക്ക് കത്ത്:
വഖ്ഫ് സ്വത്തുക്കളുടെ മുതവല്ലിമാർക്കും വഖ്ഫ് ബോർഡ് ചെയർമാനും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ഒരു കത്ത് തയ്യാറാക്കുകയും പ്രദേശിക പ്രതിനിധികൾ അത് എത്തിച്ചു കൊടുക്കുകയും ചെയ്യേണ്ടതാണ്.
15, വഖ്ഫ് രേഖകൾ ശരിയാക്കുക:
സെപ്റ്റംബർ അവസാനത്തിൽ ഡൽഹിയിൽ അഖിലേന്ത്യാ തലത്തിൽ ഒരു വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നതും വഖ്ഫ് രേഖകൾ ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നൽകുന്നതുമാണ്. തുടർന്ന് ഓരോ സംസ്ഥാനത്തുമുള്ള സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിച്ച് സംസ്ഥാനങ്ങളിൽ വർക്ക്ഷോപ്പ് നടത്തുകയും നവംബർ ഒന്ന് മുതൽ എട്ട് വരെ യുദ്ധ കാലടിസ്ഥാനത്തിൽ മുഴുവൻ വഖ്ഫ് സ്വത്തിൻ്റെയും രേഖകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതുമാണ്. ഇതിന് വേണ്ടി ഓരോ പട്ടണ കേന്ദ്രങ്ങളിലും നിയമജ്ഞരടങ്ങിയ യുവാക്കളുടെ സംഘത്തെ ഇരുത്തുന്നതും അവരെ സമീപിച്ച് വഖ്ഫ് സ്വത്തിൻ്റെ രേഖകൾ ശരിയാണോയെന്ന് പരിശോധിക്കാൻ മുതവല്ലിമാരെ പ്രേരിപ്പിക്കുന്നതുമാണ്. ആരുടെയെങ്കിൽ പക്കൽ രേഖകളൊന്നുമില്ലെങ്കിൽ അത് ശരിയാക്കാനുള്ള വഴിയും പറഞ്ഞ് കൊടുക്കുന്നതാണ്.