റബീഉല്‍ അവ്വല്‍ 25/1447
സെപ്തംബര്‍ 18/2025

No: 229
▪️▪️▪️▪️▪️



▪️മുഖലിഖിതം
എന്ത് വില കൊടുത്തും
വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‍മാനി

▪️ജുമുഅ സന്ദേശം

ഇസ്‌ലാം പ്രചരിച്ചത് വാളിലൂടെയോ!-5

പ്രബോധന സ്വഭാവങ്ങളുടെ പ്രതിഫലനങ്ങൾ

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‍മാനി

   
▪️മആരിഫുല്‍ ഖുര്‍ആന്‍

സൂറത്തുസ്വഫ്ഫ്-1

പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി സന്നദ്ധമാവുക, മൂസാ നബി (അ)യുടെയും ഈസാ നബി (അ)യുടെയും സംഭവങ്ങളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊള്ളുക
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
അബൂബക്ര്‍ (റ)
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി









വഖ്ഫ് സ്വത്തുക്കൾ നമ്മുടെ അമൂല്യ നിധിയാണ്. മുൻഗാമികളായ മഹത്തുക്കൾ പടച്ചവൻ്റെ പൊരുത്തവും പ്രതിഫലവും ആഗ്രഹിച്ചു കൊണ്ട് അവരുടെ വിലയേറിയ സമ്പത്തിൻ്റെ ഒരു ഭാഗം പടച്ചവൻ്റെ മാർഗ്ഗത്തിലായി വഖ്ഫ് ചെയ്തു. വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കേണ്ടത് നമ്മുടെ പ്രധാന ബാധ്യതയാണ്. എന്നാൽ ഇന്ന് അധികാരത്തിലിരിക്കുന്നവർ മുസ്‌ലിംകളുടെ ശക്തമായ എതിർപ്പുകളെ അവഗണിച്ച് കൊണ്ട് വഖ്ഫ് ഭേദഗതി നിയമം പാർലമെൻ്റിൽ പാസാക്കിയിരിക്കുകയാണ്. ഈ നിയമത്തിലെ ഓരോ വകുപ്പുകളും വഴിയായി വഖ്ഫ് സ്വത്തുക്കൾ അന്യാധ്വീനപ്പെടുത്താനുള്ള വഴി തുറക്കുന്നതും അങ്ങേയറ്റം ദോഷകരമായതുമാണ്. ഇത്തരുണത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി അഖിലേന്ത്യാ തലത്തിൽ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു. ഇതിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ തുടക്കമെന്നോണം ഈ വെള്ളിയാഴ്ച്ച പ്രാർത്ഥനാ ദിനമായി ആചരിക്കുകയാണ്. എല്ലാ സഹോദരങ്ങളും ജുമുഅക്ക് നേരത്തെ മസ്ജിദുകളിൽ എത്തുകയും വഖ്ഫ് സ്വത്തിൻ്റെ സംരക്ഷണത്തിന് പടച്ചവനോട് താണുകേണ് പ്രാർത്ഥിക്കുകയും ചെയ്യുക. കൂട്ടത്തിൽ ബഹുമാന്യ ഇമാമുമാർ ഈ വിഷയത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പ്രസിദ്ധീകരിച്ച ജുമുഅ സന്ദേശത്തെ മുന്നിൽ വെച്ച് പ്രഭാഷണം നടത്തുകയും ചെയ്യുക. പടച്ചവൻ അനുഗ്രഹിക്കട്ടെ! 

-ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്




 മുഖലിഖിതം 

എന്ത് വില കൊടുത്തും
വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി (പ്രസിഡന്റ്‌ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)
ആരാധനാ കര്‍മ്മങ്ങളെപ്പോലെ ഇസ്‌ലാമില്‍ സൃഷ്ടികളുടെ സേവനത്തിനും വലിയ പ്രാധാന്യമുണ്ട് ഇക്കാരണത്താലാണ് നമസ്കാരം നോമ്പ് എന്നിവയോടൊപ്പം സകാത്ത് സ്വദഖകളെയും പ്രേരിപ്പിക്കപ്പെട്ടത്. വിവിധ വീഴ്ച്ചകള്‍ക്കുള്ള പരിഹാരമെന്നോണം ദാനധര്‍മ്മങ്ങളും സാധുക്കള്‍ക്ക് ആഹാര വസ്ത്രങ്ങള്‍ നല്‍കലും നിയമമാക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ആരെങ്കിലും മനപ്പൂര്‍വ്വം നോമ്പ് ഉപേക്ഷിച്ചാല്‍ അതിനുള്ള പരിഹാരം 60 നോമ്പോ 60 സാധുക്കള്‍ക്ക് ആഹാരം നല്‍കലോ ആണ്. അതെ› നോമ്പും സാധുക്കള്‍ക്ക് ആഹാരം കൊടുക്കലും എതാണ്ട് തുല്യമാണ്.
ദാനധര്‍മ്മത്തിന് 2 രൂപങ്ങളുണ്ട്. 1. ആരുടെയെങ്കിലും താല്‍കാലിക ആവശ്യം നിര്‍വ്വഹിച്ച് കൊടുക്കുക. ഉദാഹരണത്തിന് വിശന്നവന് ആഹാരം കൊടുക്കുക. വസ്ത്രം ഇല്ലാത്തവന് വസ്ത്രം കൊടുക്കുക, രോഗികളെ ശുശ്രൂഷിക്കുക. 2. ധാരാളം ആളുകള്‍ക്ക് നീണ്ട കാലത്തേക്ക് പ്രയോജനപ്പെടുന്ന നിലയില്‍ വല്ല ദാനവും ചെയ്യുക .ഈ രണ്ട് രൂപവും പ്രതിഫലാര്‍ഹമാണെങ്കിലും രണ്ടാമത്തെ രൂപത്തിന് പ്രതിഫലം വളരെ കൂടുതലാണ്. ഇതിനെ ജനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന എണ്ണത്തിനും കാലത്തിനും അനുസരിച്ച് പ്രതിഫലവും വര്‍ദ്ധിക്കുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്റെ കര്‍മ്മങ്ങളും അവസാനിക്കുന്നതാണ് എന്നാല്‍ 3 കര്‍മ്മങ്ങളുടെ പ്രതിഫലം തുടര്‍ന്നും ലഭിക്കുന്നതാണ്: നില്‍ക്കുന്ന ദാനം, ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്ന വിജ്ഞാനം, അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം (മുസ്‌ലിം -4310 )
ഇതില്‍ നിലനില്‍ക്കുന്ന ദാനത്തിന്റെ ഒരു പ്രധാന രൂപമാണ് വഖ്ഫ്. വഖ്ഫിന്റെ ഭാഷാര്‍ത്ഥം തടഞ്ഞ് നിര്‍ത്തുക എന്നാണ്. അതായത് ഒരു സ്വത്തിനെ തടഞ്ഞ് നിര്‍ത്തുകയും അതില്‍ നിന്ന് ലഭിക്കുന്ന പ്രയോജനത്തെ വഖ്ഫ് ചെയ്ത വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം അര്‍ഹരായ ആളുകള്‍ക്ക് ചിലവഴിക്കുകയും ചെയ്യുക. ഇതില്‍ അടിസ്ഥാന സമ്പത്ത് തടഞ്ഞ് നിര്‍ത്തപ്പെടുകയും അവശേഷിക്കുകയും ചെയ്യുന്നത് കൊണ്ട് ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. വഖ്ഫിന്റെയും പൊതു ദാനത്തിന്റെയും ഇടയിലുള്ള അടിസ്ഥന വ്യത്യാസവും ഇത് തന്നെയാണ്. അതെ പൊതു ദാനത്തില്‍ അത് പ്രയോജനപ്പെടുത്തുന്ന സാധുക്കള്‍ തന്നെ അതിന്റെ ഉടമകള്‍ ആകുന്നതാണ്. വഖ്ഫില്‍ വസ്തുവല്ല, അതിന്റെ പ്രയോജനം മാത്രം ഉടമയാക്കുന്നതാണ്. ഇവിടെ ഒരു കാര്യം കൂടി മനസ്സിലാക്കുക: പ്രയോജനപ്പെടുത്തുന്ന സാധുകള്‍ക്ക് വഖ്ഫ് സ്വത്തിന്റെ മേല്‍ ഉടമസ്ഥാവകാശം ഇല്ലാത്തത് പോലെ വഖ്ഫ് ചെയ്ത വ്യക്തി (വാഖിഫ്) മേല്‍നോട്ടക്കാരന്‍ (മുതവല്ലി) അതിനെ പ്രയോജപ്പെടുത്താന്‍ അനുവധിക്കപ്പെട്ടവര്‍ (മൗഖൂഫ് അലയ്ഹി) എന്നിങ്ങനെ മറ്റാര്‍ക്കും തന്നെ അതിന്‍ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുന്നതല്ല. മറിച്ച് വഖ്ഫിനെ കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാട് അതിന്റെ ഉടമസ്ഥാവകാശം സ്രഷ്ടാവായ അല്ലാഹുവിലേക്ക് മടങ്ങും എന്നാണ് (ദുര്‍റുല്‍ മുഖ്താര്‍ 3/493)
ഇസ്‌ലാമില്‍ പ്രതിഫലാര്‍ഹമായ കാര്യം ആരാധനകള്‍ മാത്രമല്ല മറിച്ച് സൃഷ്ടികള്‍ക്ക് സേവനം ചെയ്യുന്നതും വലിയ പ്രതിഫലാര്‍ഹമായ കാര്യമാണ്. അത് കൊണ്ട് തന്നെ വഖ്ഫിന്റെ മേഖല വളരെ വിശാലമാണ്. സാധുക്കള്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന വഖ്ഫുകള്‍ പോലെ സാധുക്കള്‍ക്കൊപ്പം പണക്കാര്‍ക്കും സ്വന്തം മക്കള്‍ക്കും വഖ്ഫ് ചെയ്യാവുന്നതാണ്. മസ്ജിദുകള്‍, മദ്റസകള്‍, അനാഥാലയങ്ങള്‍, സാധു സഹായ കേന്ദ്രങ്ങള്‍, മതകാലിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിധവാ സഹായം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം വഖ്ഫ് ചെയ്യാവുന്നതാണ്.
മതപരവും മാനുഷികവുമായ മേഖലകളില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവ് പണ്ട് മുതല്‍ക്കെ ഉള്ളതാണ്. ഇസ്‌ലാമിന് മുമ്പ് അറബികള്‍ കഅ്ബാ ശരീഫയില്‍ നേര്‍ച്ചകള്‍ നേരാറുണ്ടായിരുന്നു. അത് കഅ്ബയുടെ ഒരു മൂലയില്‍ കുഴിച്ചുമൂടി സൂക്ഷിക്കപ്പെട്ടിരുന്നു. ബൈബിളിലും ദൈവനാമത്തില്‍ വിവിധ വസ്തുക്കള്‍ നേര്‍ച്ച നേരുന്ന കാര്യം പരാമര്‍ശിച്ചുണ്ട്. മര്‍യം ബീവിയുടെ മാതാവ് ജനിക്കാന്‍ ഇരിക്കുന്ന കുഞ്ഞിനെ പടച്ചവന് നേര്‍ച്ചനേരുകയുണ്ടായി അതുകൊണ്ടുതന്നെ മര്‍യം ബീവി ജനിച്ചപ്പോള്‍ ബൈത്തുല്‍ മുഖദ്ദിസിന്റെ സേവനത്തിന് വേണ്ടി അവരെ മാതൃസഹോദരനായ സകരിയ്യ നബിയെ ഏല്‍പ്പിക്കുകയുണ്ടായി. (അലുഇംറാന്‍ 35-37) എന്നാല്‍ ഇസ്‌ലാം വിവിധ നന്മകള്‍ക്ക് വേണ്ടി വഖ്ഫിന്റെ വിശാലമായ പദ്ധതി സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വഹാബികളും മുന്‍ഗാമികളും വഖ്ഫില്‍ ആവേശം കാണിച്ചിരുന്നു. ഇസ്‌ലാമില്‍ ആദ്യമായി വഖ്ഫ് നടപ്പിലാക്കിയ വ്യക്തി ഉമറുല്‍ ഫാറൂഖ് (റ) അവറുകളാണ്. പക്ഷെ ഈ വഖ്ഫ് കൊണ്ടുള്ള ഉദ്ദേശം പ്രത്യേകം നിയമങ്ങളും വിവരണങ്ങളും പാലിച്ച് കൊണ്ടുള്ള വഖ്ഫാണ്. ഇതല്ലാത്ത വഖ്ഫ് ഇതിന് മുമ്പും നടപ്പിലുണ്ടായിരുന്നു. റസൂലുല്ലാഹി (സ) തന്നെ അനാഥരായിരുന്ന സഹല്‍ സുഹൈല്‍ എന്നീ രണ്ട് സഹോദരന്‍മാരില്‍ നിന്നും സ്ഥലം വാങ്ങുകയും അവിടെ മസ്ജിദുന്നബവി നിര്‍മ്മിക്കുകയും ചെയ്തു. അതിനോട് ചെര്‍ന്ന് ഒരു തിണ്ണ തയ്യാറാക്കപ്പെട്ടു. സുഫ്ഫയെന്ന് പറയപ്പെട്ടിരുന്ന ഈ തിണ്ണയാണ് ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ മദ്റസ. ഈ മസ്ജിദും മദ്റസയും നിലനില്‍ക്കുന്നത് റസൂലുല്ലാഹി (സ) ദാനം നല്‍കിയ ഭൂമിയിലാണ്. ഇപ്രകാരം ഉസ്മാന്‍ (റ) ബിഅ്റു റൂമാ എന്ന ഒരു കിണറ് വാങ്ങി ജനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുകയുണ്ടായി. (ബുഖാരി) ത്വല്‍ഹാ (റ) തോട്ടം ദാനം ചെയ്തു. ഇതെല്ലാം ഉമറുല്‍ ഫാറൂഖ് (റ) ന്റെ നിയമപരമായ വഖ്ഫിന് മുമ്പുള്ള സംഭവങ്ങളാണ്.
പരിശുദ്ധ ഖുര്‍ആനിലും വഖ്ഫിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഖുര്‍ആന്‍ ഇതിന് വേണ്ടി ഉപയോഗിച്ച പദം ഇന്‍ഫാഖ് എന്നാണ്. അതായത് നല്ല കാര്യങ്ങള്‍ക്കായി സമ്പത്ത് നല്ല നിലയില്‍ ചിലവഴിക്കുക. ഖുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ ഇതിനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. റസൂലുല്ലാഹി (സ)‌യും ദാനധര്‍മ്മത്തിന് വളരെയധികം പ്രേരിപ്പിച്ചിരുന്നു. പ്രത്യേകിച്ചും അതിന്റെ ഉത്തമ രൂപമായ നിലനില്‍ക്കുന്ന ദാനങ്ങളെ വാഴ്ത്തിപ്പറഞ്ഞിരുന്നു. സ്വഹാബാ മഹത്തുക്കള്‍ ഇതില്‍ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് പുണ്യകര്‍മ്മമാണ് എന്നതില്‍ കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ ഏകോപിച്ചിരിക്കിന്നു. (മുഗ്നി 8-187)
വഖ്ഫിന്റെ ഈ പ്രാധാന്യം കാരണം മുസ്‌ലിംകള്‍ എല്ലാ കാലത്തും നന്മയായ വിവിധ കാര്യങ്ങള്‍ക്ക് വേണ്ടി വഖ്ഫ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഒരു സുവര്‍ണ്ണ ചരിത്രം തന്നെ കാണാന്‍ കഴിയുന്നതാണ്. മസ്ജിദുകള്‍, ഈദ്ഗാഹുകള്‍, ഖബര്‍സ്ഥാനുകള്‍, മുതലായവക്ക് മാത്രമല്ല മുന്‍ഗാമികള്‍ വഖ്ഫ് ചെയ്തത്. നാനാ ജാതി മതസ്ഥര്‍ക്ക് പ്രയോജനപ്പെടുന്ന അനാഥാലയങ്ങള്‍, വഴിയമ്പലങ്ങള്‍, ശ്രൂശ്രൂഷാ കേന്ദ്രങ്ങള്‍ എന്നിവക്കും മൃഗങ്ങള്‍ക്കും പറവകള്‍ക്കും വഖ്ഫ് ചെയ്തിരുന്നു. ഇത് നന്മയുടെ വിവിധ വഴികളില്‍ അവര്‍ പുലര്‍ത്തിയ താത്പര്യം വിളിച്ചറിയിക്കുന്നു. അതുകൊണ്ടുതന്നെ മുസ്‌ലിം പ്രദേശങ്ങളില്‍ ധാരാളം വഖ്ഫ് ഭൂമികള്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ മുന്‍ഗാമികള്‍ ഈ വിഷയത്തില്‍ വളരെയധികം മുന്നേറിയിരുന്നു. ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കള്‍ മാത്രം നല്ലനിലയില്‍ ഉപയോഗിക്കുകയാണെങ്കില്‍ മുഴുവന്‍ ജനങ്ങളുടേയും വിദ്യാഭ്യാസ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇന്നത്തെ വിദ്യഭ്യാസ സാമ്പത്തിക അവസ്ഥകള്‍ അങ്ങേയറ്റം പരിതാപകരമാണ്. അതുകൊണ്ടാണ് സദാസമയവും ഭരണകൂടത്തിന് മുന്‍പില്‍ കയ്യുംനീട്ടി നില്‍ക്കേണ്ടിവരുന്നത്. എന്നാല്‍ വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ ഈ ഒരു അവസ്ഥ ഒരിക്കലും ഉണ്ടാകില്ലായിരുന്നു. പക്ഷെ ഖേദകരം എന്ന് പറയട്ടെ അമ്പത് ശതമാനത്തിലേറെ വഖ്ഫ് സ്വത്തുക്കളില്‍ ഭരണകൂടവും മറ്റുവ്യക്തികളും കയ്യേറിയിരിക്കുകയാണ്. മുസ്‌ലിംകളുടെ കൈകളിലുള്ള വഖ്ഫ് സ്വത്തുക്കളില്‍ തന്നെ ഭൂരിഭാഗവും അന്യായമായ കൈയ്യേറ്റങ്ങള്‍ക്ക് ഇരയായിരിക്കുന്നു. നിരവധി ഖബറ്സ്ഥാന്‍ ഭൂമികള്‍ മുസ്‌ലിംകള്‍ തന്നെ വില്‍പ്പന നടത്തിയിരിക്കുകയാണ്. മസ്ജിദുകളുടെ ഭൂമി കയ്യേറുകയും വില്‍ക്കുകയും ചെയ്യുന്നതിനെപ്പറ്റി പറയാനേ ഇല്ല. ചില പൗരാണിക മസ്ജിദുകള്‍ തന്നെ തത്പര കക്ഷികള്‍ വില്‍ക്കുകയും സമ്പത്ത് സ്വയം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
വഖ്ഫ് സ്വത്തുക്കള്‍ അന്യായമായി ഉപയോഗിക്കുന്നതിന്റെ മറ്റൊരു രൂപം തെറ്റായ നിലയില്‍ അത് വാടകക്ക് കൊടുക്കലാണ്. പരിസരത്തുള്ള കെട്ടിടങ്ങള്‍ക്ക് അയ്യായിരവും പതിനായിരവും വാടക ലഭിക്കുമ്പോള്‍ വഖ്ഫ് കെട്ടിടങ്ങളുടെ വാടക അമ്പതും നൂറൂം രൂപയാണ്. ചിലര്‍ വാടകയായി നൂറുരൂപയാണ് വാങ്ങുന്നതെങ്കിലും ടിപ്പോസിറ്റായി ലക്ഷങ്ങള്‍ വാങ്ങുകയും സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. വഖ്ഫിന്റെ അന്യായമായ ഉപയോഗങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. കേട്ടാല്‍ അത്ഭുതം തോന്നുന്ന ആളുകള്‍ പോലും ഇതില്‍ പങ്കാളികളാകുന്നുവെന്നതാണ് കൂടുതല്‍ ഖേദകരം. വഖ്ഫ് സ്വത്തുക്കള്‍ ശരിയായ നിലയില്‍ ഉപയോഗിക്കാനും വിദ്യാഭ്യാസം പോലുള്ള ഉത്തമ മാര്‍ഗ്ഗങ്ങളില്‍ പ്രയോജനപ്പെടുത്താനും ആരെങ്കിലും മുന്നോട്ട് വന്നാല്‍ ആരും അതിനോട് സഹരകരിക്കുകയില്ലാ എന്ന് മാത്രമല്ല ചില മോശപ്പെട്ട ആളുകള്‍ മുഴുവന്‍ ജോലികളും മാറ്റിവെച്ച് അവരെ തകര്‍ക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു.
പടച്ചവന്റെ അനുഗ്രഹത്താല്‍ ആയിരം വര്‍ഷത്തോളം ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഭരണം നടത്തി. ബ്രിട്ടീഷ് ഭരണത്തിനിടയിലും ഇവിടെ മുസ്‌ലിംകളുടെ ചെറു ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നു. ഭരണാധികാരികള്‍ വൈജ്ഞാനിക-സംസ്കരണ-പ്രബോധന കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. എപ്പോഴും അവരുടെ പ്രധാന ചിന്ത അധികാരം സ്ഥിരപ്പെടുത്തുക എന്നത് മാത്രമായിരുന്നു. എന്നാല്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനും ഭൂമിയും കെട്ടിടങ്ങളും വഖ്ഫ് ചെയ്യുന്നതിനും ജനോപകരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അവര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇപ്രാകാരം ഹൈന്ദവ രാജാക്കന്‍മാരെ മുസ്‌ലിം പ്രജകള്‍ക്ക് വേണ്ടി മസ്ജിദുകള്‍ നിര്‍മ്മിക്കുകയും ഖബ്ർസ്ഥാന്റെ സ്ഥലങ്ങള്‍ നല്‍കുകയും ഇതര നന്മകള്‍ക്ക് വേണ്ടി ഭൂമി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടിഷുകാര്‍ ഇവിടെ വന്നപ്പോള്‍ ആദ്യം ധാരാളം വഖ്ഫ് സ്വത്തുക്കള്‍ കയ്യടക്കി. മുസ്‌ലിംകള്‍ ഇതിനെതിരില്‍ നിരന്തരം പരിശ്രമിച്ചപ്പോള്‍ പതുക്കെ പല സ്ഥലങ്ങളും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. കൂടാതെ അവര്‍ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങള്‍ ഒഴിച്ചുള്ള സ്ഥലങ്ങള്‍ വഖ്ഫ് സ്വത്തായി അംഗീകരിക്കുകയും ചെയ്തു.
വ്യക്തികളുടെ സ്വത്തുക്കളെ പോലെ വഖ്ഫ് സ്വത്തുക്കളും ആദരണീയമാണ്. പൊതു സ്വത്തുക്കളെപോലെ വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കലും അന്യാധീനപ്പെട്ടവ തിരിച്ചുപിടിക്കലും ഭരണകൂടത്തിന്റെ പ്രധാന ബാധ്യതയാണ്. വിവിധ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ വലിയ ഹോട്ടലുകളും കമ്പനികളും നിര്‍മ്മിക്കപ്പെട്ടതിനാല്‍ അതിനെ തിരിച്ച് പിടിക്കുക പ്രയാസമാണ്. എന്നാല്‍ അതിന് മാന്യമായ വാടക നല്‍കണമെന്ന് ഗവര്‍മെന്റ്‌ നിര്‍ബന്ധിക്കുന്ന പക്ഷം ആ സമ്പത്ത് വഖ്ഫ് ചെയ്തവരുടെ ലക്ഷ്യത്തിന് അനുസരിച്ച് ചിലവഴിക്കാന്‍ സാധിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന ഗവര്‍മെന്റിന്റെ തന്നെ നിരവധി കെട്ടിടങ്ങള്‍ വഖ്ഫ് ഭൂമികളിലാണ്. അവയുടെ സ്ഥാനം വെച്ച് നോക്കുമ്പോള്‍ അതിന്റെ വാടക വളരെ വലുതായിരിക്കും. ഗവര്‍മെന്റുകള്‍ ഇത്തരം ഭൂമികളുടെ വാടക വഖ്ഫ് ബോര്‍ഡിനെ ഏല്‍പ്പിക്കുകയും വഖ്ഫ് ബോര്‍ഡ് അത്യാവശ്യ മേഖലകളില്‍ അത് ചിലവഴിക്കുകയും ചെയ്താല്‍ സാധുക്കളുടെ വിദ്യാഭ്യാസം, അനാഥരുടെ സംരക്ഷണം, വിവാഹ മോചിതരുടേയും വിധവകളുടേയും പരിപാലനം, യുവാക്കളുടെ തൊഴിലുകള്‍ മുതലായ പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കപ്പെടുകയും ഭരണകൂടങ്ങളെ അവലംബിക്കേണ്ട ആവശ്യങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നതാണ്.
വഖ്ഫുമായിട്ടുള്ള വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 1954ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഒരു നിയമം കൊണ്ടുവന്നങ്കിലും ഈ നിയമം അപര്യാപ്തമായതിനാല്‍ 1984-ല്‍ പുതിയ നിയമം കൊണ്ടുവന്നു. പക്ഷെ ഇതിലും മുസ്‌ലിംകളുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കപ്പെട്ടിരുന്നില്ല. 1995-ല്‍ മറ്റൊരു നിയമം കൊണ്ടുവന്നു. അതില്‍ ചിലത് അംഗീകരിക്കപ്പെടുകയും പലതും അംഗീകരിക്കാതിരിക്കുകയും ചെയ്തു. 2010-ല്‍ വളരെ ധൃതിപിടിച്ച് ഭേതഗതി ചെയ്യപ്പെട്ട വഖ്ഫ് നിയമം കൊണ്ട് വരികയും വെള്ളിയാഴ്ച ദിവസം അവസാന സമയം യാതൊരു ചര്‍ച്ചയുമില്ലാതെ പാസാക്കപ്പെടുകയും ചെയ്തു. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ മുന്‍ ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ്മാനിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് നേതാക്കളുടേയും അംഗങ്ങളുടേയും നിരന്തര പരിശ്രമങ്ങളെ തുടര്‍ന്ന് 2013 ല്‍ വഖ്ഫ് നിയമം പരിഷ്കരിക്കപ്പെടുകയും ഉണ്ടായിരുന്ന കുറവുകള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. ഇവിടെയും മുസ്‌ലിംകളുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടില്ലങ്കിലും വലിയൊരു അളവുവരെ വഖ്ഫു സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ വഴിയൊരുങ്ങി. ഇപ്പോള്‍ പുതിയ ഗവര്‍മെന്‍് അതില്‍ നാല്‍പ്പതോളം ഭേദഗതികള്‍ വരുത്താന്‍ ഉദ്ദേശിക്കുകയാണ്. വഖ്ഫ് ബോര്‍ഡിന്റെ അധികാരം വെട്ടിക്കുറക്കുക എന്നത് അതില്‍ ഒന്നാണ്. ഈ ഭേദഗതികള്‍ വഴി വഖ്ഫ് ആക്ടിന്റെ പ്രസക്തി ഇല്ലാതാകുമെന്നും വിവിധ സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡുകള്‍ ബലഹീനമാകുമെന്നും ഇത്തരുണത്തില്‍ കടുത്ത ആശങ്കയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ വഖ്ഫ് സ്വത്തുക്കള്‍ക്ക് വലിയ നഷ്ടമുണ്ടാവുകയും രാജ്യം മുഴുവന്‍ പടര്‍ന്ന് കിടക്കുന്ന വഖ്ഫുകളുടെ സംരക്ഷണം ദുഷ്കരമായിത്തീരുകയും ചെയ്യുന്നതാണ്. ഈ വിഷയത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാക്കി ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അടിയന്തര യോഗം കൂടുകയും വിഷയത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും
വഖ്ഫ് നിയമത്തിനും വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനുംڔബലഹീനതയുണ്ടാക്കുന്ന യാതൊരു വിധ ഭേദഗതിയും വഖ്ഫ് ആക്ടില്‍ വരുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്ഡ് ഈ പ്രസ്താവനയെ എല്ലാവരും ആവര്‍ത്തിക്കുകയും പിന്തുണക്കുകയും ചെയ്യുക:
വഖ്ഫ് സ്വത്തുക്കള്‍ മുസ്‌ലിംകളുടെ മുന്‍ഗാമികള്‍ പടച്ചവന്റെ നാമത്തില്‍ മതപരവും മാനുഷികവുമായ നന്മകള്‍ക്ക് വേണ്ടി ശ്വാശതമായി നല്‍കിയിരിക്കുന്ന ഉന്നത ദാനങ്ങളാണ്. അതിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ലമെന്‍റ് വഖ്ഫ് ആക്ട് നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ രാജ്യത്തിന്റെ ഭരണഘടനയും 1937ല്‍ നടപ്പിലാക്കപ്പെട്ട ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടും ഇതിന് സംരക്ഷണം നല്‍കുന്നുമുണ്ട്. അതുകൊണ്ട് വഖ്ഫ് സ്വത്തുക്കളുടെ അവസ്ഥകള്‍ക്ക് കുഴപ്പമുണ്ടാകുന്ന യാതൊരു ഭേതഗതിയും ഈ നിയമത്തില്‍ ഭരണകൂടം കൊണ്ടുവരാന്‍ പാടുള്ളതല്ല. എന്നാല്‍ നിലവിലെ ഭരണകൂടം മുസ്‌ലിംകളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള തീരുമാനങ്ങളും നടപടികളും സമുദായത്തിന് നഷ്ടം മാത്രമായിരുന്നു. മൗലാനാ ആസാദ് ഫൗണ്ടേഷന്‍ നിര്‍ത്തലാക്കിയതും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് റദ്ദ് ചെയ്തതും മുത്തലാഖുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവന്നതും ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. വഖ്ഫുമായി ബന്ധപ്പെട്ട ഈ നീക്കം മുസ്‌ലിംകളില്‍ മാത്രം പരിമിതമാവുകയില്ലാ എന്ന കാര്യം എല്ലാ രാജ്യ നിവാസികളും തിരിച്ചറിയണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതെ, വഖ്ഫ് സ്വത്തുക്കളില്‍ ഇവര്‍ കൈവെച്ച ശേഷം അടുത്തതായി സിക്കുകാരുടേയും ക്രൈസ്തവരുടേയും ഹൈന്ദവരുടേയും ഭൂമികളിലും കേന്ദ്രങ്ങളിലും ഇവര്‍ കൈകടത്തുന്നതാണ്. ആകയാല്‍ വഖ്ഫ് നിയമത്തിന്റെ അവസ്ഥക്ക് കുഴപ്പമുണ്ടാക്കുന്ന യാതൊരുവിധ ഭേദഗതിയും ഞങ്ങള്‍ക്ക് സ്വീകര്യമല്ല. അതുപോലെ വഖ്ഫ് ബോര്‍ഡുകളുടെ നിയമപരമായ സ്ഥാനത്തില്‍ കൈകടത്താനും ഞങ്ങള്‍ അനുവദിക്കുന്നതല്ല.»
അവസാനമായി ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഈ വിഷയത്തില്‍ പൊതു ജനങ്ങളെ ഉത്ബുദ്ധരാക്കണമെന്ന് പണ്ഡിതരോടും പ്രഭാഷകരോടും അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ നേതാക്കളും പൊതുജനങ്ങളും ഭരണകൂടത്തേയും പ്രതിപക്ഷ കക്ഷികളേയും തങ്ങളുടെ വികാരം അറിയിക്കണമെന്നും താത്പര്യപ്പെടുന്നു. ഇതിലുള്ള ഒരു പ്രധാനാ മാധ്യമമായ ജുമുആ പ്രഭാഷണങ്ങളില്‍ ഈ സന്ദേശവും തുടര്‍ന്ന് നല്‍കുന്ന സന്ദേശങ്ങളും അവതരിപ്പിക്കണമെന്നും അപേക്ഷിക്കുന്നു. അല്ലാഹു രാജ്യത്തെ പ്രയാസകരമായ അവസ്ഥകള്‍ക്കിടയില്‍ നമ്മെ സഹായിക്കട്ടെ... വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനുള്ള വഴി എളുപ്പമാക്കട്ടെ......!


🔹🔹🔹🔹🔹🔹🔹


 ജുമുഅ സന്ദേശം 


ഇസ്‌ലാം പ്രചരിച്ചത് വാളിലൂടെയോ! -5

പ്രബോധന സ്വഭാവങ്ങളുടെ പ്രതിഫലനങ്ങൾ


 ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി



യഥാർത്ഥത്തിൽ ഇസ്‌ലാം ലോകം മുഴുവൻ പ്രചരിച്ചത് സത്യവിശ്വാസികളായ സജ്ജനങ്ങളുടെ പ്രബോധനങ്ങളും സൽസ്വഭാവങ്ങളും കാരണമായിട്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെയും വ്യക്തിത്വങ്ങളെയും ഉദാഹരണമെന്നോണം പ്രത്യേകം പരാമർശിക്കുകയാണ്. 


° അൽജീരയയിൽ ബർബർ എന്ന ഗോത്രക്കാരാണ് വസിച്ചിരുന്നത്. കടുത്ത പ്രകൃതിക്കാരായ ഇവരിൽ മാറ്റം വരുത്താൻ പലരും പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ക്രി. 1492-ൽ സ്പെയിനിൽ മുസ്‌ലിംകൾ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോൾ അവിടെ നിന്നും പലായനം ചെയ്ത മുസ്‌ലിംകളിൽ ഒരു വിഭാഗം അൽജീരിയയിൽ വരികയും അവരിലൂടെ അവിടെ ഇസ്‌ലാം പ്രചരിക്കുകയും ചെയ്തു. (ഇസ്‌ലാം പ്രബോധനവും പ്രചാരണവും) ഇവരുടെ ത്യാഗത്തിന്റെ ഒരു സംഭവം ഇപ്രകാരമാണ്: സ്പെയിനിൽ നിന്നും പുറപ്പെട്ട ഇവർ ചെറു സംഘങ്ങളായി തിരിയുകയും അൽജീരയയിലെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്തു. അവർ ജനങ്ങളെ ശുശ്രൂഷിക്കുകയും കലാകായിക വിദ്യാഭ്യാസം നൽകുകയും ചെയ്തു. ഇതിലൂടെ ജനങ്ങൾ അവരുമായി ഇണങ്ങുകയും  ഇസ്‌ലാമിൽ പ്രവേശിക്കുകയും ചെയ്തു. 


° ഇൻഡോനേഷ്യയിൽ ഇന്ന് മുസ്‌ലിംകൾ ഭൂരിപക്ഷമാണ്. ഇരുപത് കോടിയിലേറെ മുസ്‌ലിംകൾ അവിടെ വസിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിനു മുമ്പ് അവിടെ മുസ്‌ലിംകൾ ആരുമില്ലായിരുന്നു. മുസ്‌ലിം പോരാളികൾ ആരും ഇവിടെ പോരാട്ടം ഒന്നും നടത്തിയിട്ടില്ല. മറിച്ച് കച്ചവടക്കാരായി വന്ന മുസ്‌ലിംകളുടെ പ്രബോധനങ്ങളും സൽസ്വഭാവങ്ങളും കണ്ട് ജനങ്ങൾ ഇസ്‌ലാമിൽ ആകൃഷ്ടരായി. ശൈഖ് അബ്ദുല്ലാഫ് ആരിഫ്, അദ്ദേഹത്തിൻ്റെ പിൻഗാമി ശൈഖ് ബുർഹാനുദ്ദീൻ ഇരുവരും വഴിയായി. സുമാത്ര ദ്വീപിൽ ഇസ്‌ലാം പ്രചരിച്ചു. അവരവിടെ ഒരു പാഠശാല സ്ഥാപിക്കുകയും അവർ വഴിയായി വിവിധ പ്രദേശങ്ങളിൽ ഇസ്‌ലാം പ്രചരിക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിൽ ശൈഖ് ഇസ്‌മാഈലിൻ്റെ നേതൃത്വത്തിൽ വന്ന ചില അറബി കച്ചവടക്കാരും ഇസ്‌ലാമിനെ പ്രചരിപ്പിച്ചു. (എൻസൈക്ലോപീഡിയ) 


° ഇന്ത്യ മഹാരാജ്യത്ത് ആദ്യമായി ഇസ്‌ലാമിന്റെ വാഹകസംഘം എത്തിയത് കേരളത്തിലെ മലബാറിൽ ആയിരുന്നു. ശ്രീലങ്കയിലെ ആദം മലയിലേക്ക് യാത്രയായ അറബികളുടെ ഒരു വാഹകസംഘം മലബാറിലെ കൊടുങ്ങല്ലൂരിൽ ഇറങ്ങി. അവിടുത്തെ രാജാവായ സാമൂതിരി അവരെ സ്വീകരിക്കുകയും അവർ അദ്ദേഹത്തോട് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അദ്ദേഹം അവരോടൊപ്പം മക്കയിലേക്ക് പോവുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. മടക്കയാത്രയിൽ അദ്ദേഹം ഒമാനിൽ വച്ച് മരണപ്പെട്ടെങ്കിലും അറബികളായ വാഹക സംഘത്തെ സ്വീകരിക്കണമെന്ന് അദ്ദേഹം തൻ്റെ നാട്ടുകാരോട് വസിയ്യത്ത് ചെയ്യുകയും അങ്ങനെ കൊടുങ്ങല്ലൂരിൽ നിന്നും കേരളം മുഴുവൻ ഇസ്‌ലാം പ്രചരിക്കുകയും ചെയ്തു. 


° ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇസ്‌ലാം പ്രചരിച്ചത് മഹാത്മാക്കളായ സൂഫിവര്യന്മാരിലൂടെയായിരുന്നു. അവരുടെ നിഷ്കളങ്കവും നിശബ്ദവുമായ പ്രവർത്തനങ്ങളിലൂടെ ബഹുദൈവാരാധന നിറഞ്ഞ ഇന്ത്യയിൽ തൗഹീദിന്റെ പ്രകാശം പരന്നു. പ്രൊഫസർ അർണോൾഡ് കുറിക്കുന്നു: ഇന്ത്യൻ മുസ്‌ലിംകളിൽ ബഹുഭൂരിപക്ഷവും ഇന്ത്യൻ പൗരന്മാർ തന്നെയാണ്. ഇവരെ ഇസ്‌ലാം സ്വീകരിക്കുന്നതിന് യാതൊരു നിലയിലും നിർബന്ധിക്കപ്പെട്ടിട്ടില്ല. ശാന്തതയോടു കൂടിയുള്ള പ്രബോധനങ്ങൾ കാരണമായിട്ടാണ് ഇവിടെയുള്ള ജനങ്ങൾ ഇസ്‌ലാം സ്വീകരിച്ചത്. (ഇസ്‌ലാം പ്രബോധനവും പ്രചാരണവും) ഈ പ്രചാരണത്തിൽ ധാരാളം മഹത്തുക്കൾ പങ്കുവഹിച്ചെങ്കിലും ഏറ്റവും കൂടുതൽ മുന്നിട്ട് നിൽക്കുന്നത് ഖാജാ മുഈനുദ്ദീൻ ചിശ്തി അവർകളാണ്. അദ്ദേഹത്തെ കാണുന്ന മാത്രയിൽ ജനങ്ങളിൽ മാറ്റം സംഭവിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ശിഷ്യന്മാരും പ്രബോധന പ്രവർത്തനങ്ങൾ തുടരുകയുണ്ടായി. പ്രൊഫസർ അർണോൾഡ് തന്നെ കുറിക്കുന്നു: ഇന്ത്യയിലെ മഹാപുരുഷന്മാരിൽ സ്മരണീയനായ വ്യക്തിത്വമാണ് ഖാജാ മുഈനുദ്ദീൻ ചിശ്തി. ഇദ്ദേഹം കാരണം ധാരാളം രജപുത്രന്മാർ ഇസ്‌ലാം സ്വീകരിച്ചു. ക്രി. 1234-ൽ അജ്മീരിൽ നിര്യാതനായ അദ്ദേഹത്തെ കാണാൻ ധാരാളം ജനങ്ങൾ വരികയും വരുന്നവരിൽ ഭൂരിഭാഗം ആളുകളും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. (ഇസ്‌ലാം പ്രബോധനവും പ്രചാരണവും) പത്തൊമ്പത് വർഷം ഉപഭൂഖണ്ഡത്തിൽ താമസിച്ച് ഇസ്‌ലാമിൻ്റെ പ്രചാരണത്തെ കുറിച്ച് പഠനം നടത്തിയ മുറേ ടി. റ്റിറ്റൂസ് കുറിക്കുന്നു: ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ അരികിൽ വരുന്ന ആളുകളോടെല്ലാം അദ്ദേഹം നന്മയുടെ കാര്യങ്ങൾ പറയുകയും അവരിൽ ഭൂരിഭാഗവും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിരുന്നു. (ഇസ്‌ലാം ഇൻ ഇന്ത്യ & പാകിസ്ഥാൻ) 


° സുൽത്താൻ മഹ്‌മൂദ് ഗസ്നവി സൈനികമായ മുന്നേറ്റം നടത്തിയെങ്കിലും ലാഹോറിനെ ഇസ്‌ലാമികമായി നിറമണിയിച്ചത് സൂഫീവര്യന്മാരാണ്. ശൈഖ് ഇസ്മാഈൽ ബുഖാരി എന്ന മഹാൻ ആദ്യമായി ഇവിടേക്ക് വരികയും പ്രബോധനങ്ങളും അധ്യാപനങ്ങളും നടത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഓരോ സദസ്സുകളിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. മറ്റൊരു മഹാൻ ശൈഖ് അലി ഹജ്‌വീരിയാണ്. വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്ത അദ്ദേഹം ഗസ്നവിയുടെ കാലഘട്ടത്തിൽ ലാഹോറിലേക്ക് വരികയും പ്രബോധനം നടത്തുകയും ചെയ്തു. കശ്ഫുൽ മഹ്ജൂബ് പ്രധാന രചനയാണ്. മറ്റൊരു മഹാൻ ശൈഖ് സഹി സർവറാണ്. ശൈഖ് ജീലാനിയുടെ ശിഷ്യത്വം സ്വീകരിച്ച ഇദ്ദേഹം വഴി പഞ്ചാബിൽ ഇസ്‌ലാം പ്രചരിച്ചു. 


° ഈ വിഷയത്തിൽ പ്രത്യേകം സ്മരിക്കപ്പെടേണ്ട ഒരു മഹാ പുരുഷനാണ് ശൈഖ് ഫരീദുദ്ദീൻ ഗഞ്ച്ഷക്കർ (ഫരീദ് ഔലിയ) കാബൂളിൽ ജനിച്ച ശൈഖ് ഇന്ത്യയിലേക്ക് വന്ന് ഖാജാ ഖുത്ബുദ്ദീൻ ബഖ്തിയാറിനെ കണ്ടു. ആത്മസംസ്കരണ വഴിയിലേക്ക് കടക്കാൻ അപേക്ഷിച്ചെങ്കിലും ആദ്യം വിജ്ഞാനം കരസ്ഥമാക്കാൻ നിർദ്ദേശിക്കുകയും അതനുസരിച്ച് കാണ്ഡഹാറിൽ അഞ്ച് വർഷം പഠിക്കുകയും തുടർന്ന് ഡൽഹിയിലേക്ക് വരികയും ചെയ്തു. ഏതാനം ദിവസത്തെ പരിശീലനങ്ങൾക്ക് ശേഷം ശൈഖ് ഖുതുബുദ്ദീൻ പ്രബോധന രംഗത്തിറങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് യാത്രകൾ ആരംഭിച്ച ശൈഖ് ഏതാണ്ട് ഇന്ത്യ മുഴുവനും യാത്ര ചെയ്യുകയും ആയിരക്കണക്കിന് ആളുകൾ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. വേറെയൊരു മഹാനായ ശൈഖ് ബഹാഉദ്ദീൻ സകരിയ്യ മുൽതാനി ഖുറാസാനിലേക്ക് പോയി പഠനം നടത്തുകയും ബുഖാറയിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ശേഷം ഹജ്ജ് നിർവ്വഹിക്കുകയും ഹറമിലെ പണ്ഡിതരുമായി ബന്ധപ്പെടുകയും ബഗ്ദാദിൽ പോയി ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഇമാം സുഹ്റവർദിയുടെ പിൻഗാമിയായി നാട്ടിലേക്ക് വന്ന ശൈഖിൻ്റെ പരിശ്രമ ഫലമായി സിന്ധ്, മുൽത്താൻ, ലാഹോർ മുതലായ സ്ഥലങ്ങളിൽ എണ്ണമറ്റ ആളുകൾ ഇസ്‌ലാം സ്വീകരിച്ചു. പടിഞ്ഞാറൻ പഞ്ചാബിലെ ഇസ്‌ലാമിക പ്രചാരത്തിൻ്റെ പ്രധാന അടിസ്ഥാനം ശൈഖ് മുൽതാനിയാണ്. (തസവ്വുഫ് ഓർ തഅ്മീറേ സീറത്ത് : സയ്യിദ് അബുൽ അഅ്ലാ മൗദൂദി)


° ബംഗാളിലെ ഇസ്‌ലാമിക മാറ്റത്തിന് പിന്നിലും പ്രധാനമായും പ്രവർത്തിച്ചത് സൂഫീവര്യന്മാരാണ്. ഇവിടെ ആദ്യമായി വന്ന വ്യക്തിത്വം ഇമാം സുഹ്റവർദിയുടെ ശിഷ്യനായ ശൈഖ് ജലാലുദ്ദീൻ തബ്‌രേസിയാണ്. ഇവിടെയൊരു ഹൈന്ദവ സഹോദരൻ്റെ വീട്ടിൽ താമസിച്ച അദ്ദേഹം ഒരു ദിവസം രാവിലെ വലിയ ബഹളം കേട്ടു. കാരണം ചോദിച്ചപ്പോൾ വീട്ടുകാർ പറഞ്ഞു: ഇവിടെ ദിവസവും ഒരു യുവാവിനെ ദേവിക്ക് ബലി കൊടുക്കാറുണ്ട്. ഇന്നീ വീട്ടിലെ യുവാവിനെയാണ് അതിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ശൈഖ് പറഞ്ഞു: ഇന്ന് എന്നെ വിടുക. ജനങ്ങൾ അത് സമ്മതിച്ചില്ല. അങ്ങനെ യുവാവിനെ തയ്യാറാക്കി അയച്ചപ്പോൾ ശൈഖും കൂട്ടത്തിൽ പോയി. ക്ഷേത്രത്തിനകത്ത് എത്തിയപ്പോൾ അദ്ദേഹം യുവാവിനോട് പോയിക്കൊള്ളാൻ പറഞ്ഞു സ്വയം ദേവിയെ പ്രതീക്ഷിച്ചു കഴിഞ്ഞു. പതിവനുസരിച്ച് ദേവി വന്നപ്പോൾ ശൈഖ് കൈയ്യിലുണ്ടായിരുന്ന വടി കൊണ്ട് അടിച്ച് വധിക്കുകയുണ്ടായി. രാവിലെ രാജാവും പരിവാരങ്ങളും വന്നപ്പോൾ ശൈഖ് അവിടെ കറുത്ത വേഷം ധരിച്ച് നിൽക്കുന്നതായി കണ്ടു. ആദ്യം അവർ അത്ഭുതപ്പെട്ടെങ്കിലും അദ്ദേഹം അവർക്ക് കാര്യം മനസ്സിലാക്കി കൊടുക്കുകയും രാജാവും പരിവാരങ്ങളും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പ്രസിദ്ധ സഞ്ചാരി ഇബ്നു ബത്തൂത്ത എഴുതുന്നു: ഹിജ്‌രി 746-ൽ ശൈഖ് തബ്‌രീസിയെ കാണാൻ ഞാൻ ചാട്ട്ഗാമിലേക്ക് പോയി. അദ്ദേഹത്തിനെ മുസ്‌ലിംകളും അമുസ്‌ലിംകളും ഒരുപോലെ ആദരിക്കുന്നതായി കണ്ടു. അദ്ദേഹം കാരണം ധാരാളം ജനങ്ങൾ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. (ആബേ കൗസർ) ഇടക്കാലത്ത് ബംഗാളിൽ കടുത്ത മുസ്‌ലിം വിരോധിയായ ഗണേഷൻ എന്ന വ്യക്തി ഭരണാധികാരിയാവുകയും പണ്ഡിതന്മാരെ വധിക്കാനും ഇസ്‌ലാമിക ചിഹ്നങ്ങൾ മായിക്കാനും തുടങ്ങി. ഇതറിഞ്ഞ ജോൺപൂർ ഭരണാധികാരി ഇബ്റാഹിം ശർഖി സൈന്യവുമായി ബംഗാളിലേക്ക് വന്നു. ഇതറിഞ്ഞ ഗണേഷൻ ശൈഖിനോട് മാപ്പു ചോദിക്കുകയും അടുത്ത ഭരണാധികാരിയായ മകനെ മുസ്‌ലിമാക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ആ മകന് ശൈഖ് അവർകൾ ജലാലുദ്ദീൻ എന്ന് പേര് വെച്ചു. ജോൺപൂർ  സൈന്യം മടങ്ങിപ്പോയതിന് ശേഷം മകനെ മതം മാറ്റാൻ ഗണേഷൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ ജലാലുദ്ദീൻ എന്ന പേരിൽ തന്നെ ഭരണം നടത്തി.

🔹🔹🔹🔹🔹🔹🔹




മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുസ്വഫ്ഫ്-1 (14 ആയത്തുകള്‍, പദങ്ങള്‍ 221, അക്ഷരങ്ങള്‍ 900, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 109. പാരായണ ക്രമം 61. സൂറത്തുത്തഗാബുനിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം




പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി സന്നദ്ധമാവുക, മൂസാ നബി (അ)യുടെയും ഈസാ നബി (അ)യുടെയും സംഭവങ്ങളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊള്ളുക


✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



ആയത്ത്  01-09


سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (1) يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ (2) كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ (3) إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ (4) وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ لِمَ تُؤْذُونَنِي وَقَد تَّعْلَمُونَ أَنِّي رَسُولُ اللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ ۚ وَاللَّهُ لَا يَهْدِي  الْقَوْمَ الْفَاسِقِينَ (5) وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُّبِينٌ (6) وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَىٰ إِلَى الْإِسْلَامِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (7) يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ (8) هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ (9) 


ആകാശത്തും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്.(1) അല്ലയോ, സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്ത കാര്യം എന്തിനാണ് പറയുന്നത്?(2) നിങ്ങള്‍ ചെയ്യാത്ത കാര്യം പറയുന്നത് അല്ലാഹുവിങ്കല്‍ വളരെ കോപകരമാണ്.(3) ഉറച്ചകെട്ടിടം പോലെ അണിയായി നിന്ന് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവരെ അല്ലാഹുവിന് വലിയ ഇഷ്ടമാണ്.(4) മൂസാ നബി സമുദായത്തോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ സമുദായമേ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ! അങ്ങനെ അവര്‍ വ്യതിചലിച്ചപ്പോള്‍ അല്ലാഹു അവരുടെ മനസ്സുകളെ മാറ്റിക്കളഞ്ഞു. അനുസരണകെട്ടവരെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുന്നതല്ല.(5) ഈസബ്നു മര്‍യം പറഞ്ഞ സന്ദര്‍ഭം: അല്ലയോ ബനൂഇസ്റാഈലെ, ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണ്. എനിക്ക് മുമ്പുള്ള തൗറാത്തിനെ ശരിവയ്ക്കുന്നവനാണ്. എനിക്ക് ശേഷം വരാനുള്ള അഹ്മദ് എന്ന് നാമമുള്ള ഒരു ദൂതനെ കുറിച്ച് സന്തോഷവാര്‍ത്ത നല്‍കുന്നവനുമാണ്. അദ്ദേഹം അവരുടെ അരികില്‍ സ്പഷ്ടമായ ദൃഷ്ടാന്തങ്ങളുമായി ചെന്നപ്പോള്‍ ഇത് വ്യക്തമായ മാരണമാണെന്ന് അവര്‍ പറഞ്ഞു.(6) ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍ വലിയ അക്രമി ആരാണുള്ളത്? അക്രമികളെ അല്ലാഹു സന്മാര്‍ഗ്ഗത്തില്‍ ആക്കുകയില്ല.(7) അല്ലാഹുവിന്‍റെ പ്രകാശത്തെ അവരുടെ വായകള്‍ കൊണ്ട് ഊതികെടുത്താന്‍ അവര്‍ ഉദ്ദേശിക്കുന്നു. നിഷേധികള്‍ വെറുത്താലും, അല്ലാഹു അവന്‍റെ പ്രകാശത്തെ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും.(8) ബഹുദൈവാരാധകര്‍ അനിഷ്ടപ്പെട്ടാലും സത്യദീനിനെ എല്ലാ മതങ്ങളെക്കാള്‍ ജയിപ്പിച്ചുയര്‍ത്താന്‍ വേണ്ടി തന്‍റെ റസൂലിനെ സന്മാര്‍ഗ്ഗവും സത്യദീനുമായി അയച്ചവനാണവന്‍.(9)

ആശയ സംഗ്രഹം
ആകാശത്തും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളും വാചകത്തിലൂടെയോ, അവസ്ഥകളിലൂടെയോ അല്ലാഹുവിന്‍റെ പരിശുദ്ധി പ്രകീര്‍ത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്. ഇങ്ങനെയുള്ള പ്രതാപശാലിയുടെ എല്ലാ കല്‍പ്പനകളും അനുസരിക്കല്‍ നിര്‍ബന്ധമാകുന്നു. അതില്‍ ഒരു കല്‍പ്പന ജിഹാദാണ്. അതിനെക്കുറിച്ചാണ് ഈ സൂറത്തില്‍ വിവരിക്കുന്നത്. ഇതിന്‍റെ അവതരണ പശ്ചാത്തലം ഇപ്രകാരമാണ്: അല്ലാഹുവിങ്കല്‍ ഏറ്റവും പ്രിയങ്കരമായ കര്‍മ്മം ഏതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്നും അതനുസരിച്ച് പ്രവര്‍ത്തിക്കാമായിരുന്നു എന്നും ഒരിക്കല്‍ ചില സഹാബികള്‍ പരസ്പരം ചര്‍ച്ച ചെയ്തു. ഇതിന് മുമ്പ് ഉഹ്ദ് യുദ്ധത്തില്‍ അവരില്‍ ചിലര്‍ പിന്തിരിഞ്ഞ് ഓടിയിരുന്നു. അതിനെക്കുറിച്ച് ആലുഇംറാന്‍ സൂറത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, സൂറത്തുന്നിസാഇല്‍ പറഞ്ഞിട്ടുള്ളത് പോലെ ജിബാദിന്‍റെ കല്‍പ്പന ഇറങ്ങിയപ്പോള്‍ ചിലര്‍ക്ക് അത് വലിയ ഭാരമായി അനുഭവപ്പെടുകയും ചെയ്തിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഈ സൂറത്ത് അവതരിപ്പിച്ചുകൊണ്ട് അല്ലാഹു അറിയിക്കുന്നു: അല്ലയോ, സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്ത കാര്യം എന്തിനാണ് പറയുന്നത്? നിങ്ങള്‍ ചെയ്യാത്ത കാര്യം പറയുന്നത് അല്ലാഹുവിങ്കല്‍ വളരെ കോപകരമാണ്. ഉറച്ച ഒരു കെട്ടിടം പോലെ ചേര്‍ന്ന് നിന്ന് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവരെ അല്ലാഹുവിന് വലിയ ഇഷ്ടമാണ്. അതായത്, ഈ ഉറച്ച കെട്ടിടം തകരാത്തത് പോലെ ഈ പോരാളികളും ശത്രുവിന് മുന്നില്‍ നിന്നും പിന്മാറുന്നതല്ല. അല്ലാഹുവിങ്കല്‍ ഏറ്റവും പ്രിയങ്കരമായ കര്‍മ്മം ഏതാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അത് പ്രവര്‍ത്തിക്കാമായിരുന്നു എന്ന് നിങ്ങള്‍ പറയുന്നല്ലോ? അറിയുക: പ്രസ്തുത കര്‍മ്മം ജിഹാദാണ്. പിന്നെ എന്തിനാണ് ഇതിന്‍റെ ല്‍പ്പന വന്നപ്പോള്‍ നിങ്ങള്‍ക്ക് ഭാരം അനുഭവപ്പെടുകയും ഉഹ്ദില്‍ നിന്നും പിന്തിരിഞ്ഞ് ഓടുകയും ചെയ്തത്? പടച്ചവന് ഇഷ്ടമില്ലാത്ത ഈ അവസ്ഥകള്‍ ഉണ്ടായിരിക്കേ, നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതും അല്ലാഹുവിന് ഇഷ്ടമല്ല. ഇതുകൊണ്ടുള്ള ഉദ്ദേശം അടിസ്ഥാനമില്ലാത്ത വലിയ വാദങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിക്കലാണ്. നന്മകള്‍ പ്രവര്‍ത്തിക്കാതെ നന്മകളെക്കുറിച്ച് ഉപദേശിക്കുന്നത് ഇതില്‍ പെടുന്നതല്ല. അടുത്തതായി നിഷേധികളോട് പോരാടാനുള്ള കാരണങ്ങള്‍, അവരുടെ ഉപദ്രവങ്ങളും നിഷേധങ്ങളും പ്രവാചക വിരോധവുമാണെന്ന് വിവരിക്കാന്‍ വേണ്ടി മൂസാ നബി (അ)യുടെയും ഈസാ നബി (അ)യുടെയും സംഭവങ്ങള്‍ അനുസ്മരിക്കുന്നു. മൂസാ നബി സമുദായത്തോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ സമുദായമേ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? അവരുടെ ഉപദ്രവങ്ങള്‍ പല രീതിയിലായിരുന്നു. അതില്‍ ചിലത് ഖുര്‍ആനില്‍ വിശിഷ്യാ സൂറത്ത് ബഖറയില്‍ അനുസ്മരിച്ചിട്ടുണ്ട്. അതെ, അവരുടെ അടിസ്ഥാന ഉപദ്രവം ധിക്കാരമായിരുന്നു. അങ്ങനെ കാര്യം മനസ്സിലാക്കിക്കൊടുക്കപ്പെട്ടിട്ടും അവര്‍ വ്യതിചലിക്കുകയും സന്മാര്‍ഗ്ഗത്തിലേക്ക് വരാതിരിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരുടെ മനസ്സുകളെ കൂടുതല്‍ വളച്ച് കളഞ്ഞു. അതായത്, അവര്‍ ധാരാളം ധിക്കാരങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണ്. അതെ, പാപത്തില്‍ ഉറച്ച് നില്‍ക്കുന്നതിലൂടെ മനസ്സുകള്‍ പാപങ്ങളിലേക്ക് തിരിയുകയും നന്മകളോടുള്ള താല്‍പ്പര്യം കുറയുകയും ചെയ്യുന്നതാണ്. ഇത്തരം അനുസരണകെട്ടവരെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുന്നതല്ല. ഇപ്രകാരം നിഷേധികള്‍ അന്ത്യപ്രവാചകന്‍ മുഹമ്മദര്‍റസൂലുല്ലാഹി (സ)യെയും ഉപദ്രവിച്ചിരുന്നു. തല്‍ഫലമായി അവരുടെ ധിക്കാരം അധികരിക്കുകയും നന്നാകാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്തു. അവസാനം അവരുടെ നാശം ദൂരീകരിക്കുന്നതിന് പോരാട്ടത്തിന്‍റെ കല്‍പ്പന ആവശ്യമായി വന്നു. ഇപ്രകാരം ഈസബ്നു മര്‍യം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക: അല്ലയോ ബനൂഇസ്റാഈലെ, ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണ്. എനിക്ക് മുമ്പുള്ള വന്നിട്ടുള്ള തൗറാത്തിനെ ശരിവയ്ക്കുന്നവനാണ്. എനിക്ക് ശേഷം വരാനുള്ള അഹ്മദ് എന്ന് അനുഗ്രഹീത നാമമുള്ള ഒരു ദൂതനെ കുറിച്ച് സന്തോഷവാര്‍ത്ത നല്‍കുന്നവനുമാണ്. ഈ സന്തോഷ വാര്‍ത്ത വേദക്കാരുടെ തന്നെ സാക്ഷ്യങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് നസ്രാണി പണ്ഡിതന്‍ കൂടിയായിരുന്ന നജ്ജാശി രാജാവ് പ്രസ്താവിച്ചു: തീര്‍ച്ചയായും റസൂലുല്ലാഹി (സ) ഈസാ നബി (അ) സന്തോഷ വാര്‍ത്ത അറിയിച്ച വ്യക്തിത്വം തന്നെയാണ്. (അബൂദാവൂദ്) യഹൂദി പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്നു സലാം (റ) പറയുന്നു: തൗറാത്തില്‍ റസൂലുല്ലാഹി (സ)യുടെ ഗുണ വിശേഷണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈസാ നബി (അ) റസൂലുല്ലാഹി (സ)യോടൊപ്പം ഖബ്റടക്കപ്പെടുന്നതാണെന്നും വന്നിട്ടുണ്ട്. (തിര്‍മിദി) ഇള്ഹാറുല്‍ ഹഖ് എന്ന ഗ്രന്ഥത്തില്‍ മൗലാനാ റഹ്മത്തുല്ലാഹ് ഉസ്മാനി തൗറാത്ത്, ഇഞ്ചീലുകളുടെ ഇന്നുള്ള പതിപ്പുകളില്‍ നിന്നും നിരവധി സന്തോഷ വാര്‍ത്തകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 1831-ലും 1833-ലും ലണ്ടനില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇഞ്ചീല്‍ യോഹന്നാനില്‍ ഇപ്രകാരമുണ്ട്: നിങ്ങള്‍ക്ക് ഞാന്‍ പോകുന്നത് തന്നെയാണ് ഉത്തമം. കാരണം ഞാന്‍ പോയില്ലെങ്കില്‍ ഫാറഖലീത്ത് നിങ്ങളിലേക്ക് വരുന്നതല്ല. ഞാന്‍ പോയാല്‍ അദ്ദേഹത്തെ നിങ്ങളിലേക്ക് അയക്കുന്നതാണ്! ഫാറഖലീത്തിന്‍റെ അര്‍ത്ഥം അഹ്മദ് എന്നാണ്. വേദങ്ങളില്‍ നാമങ്ങളുടെ ആശയം കൊടുക്കുന്നത് പതിവാണ്. ഈസാ നബി (അ) ഹിബ്രു ഭാഷയില്‍ റസൂലുല്ലാഹി (സ)യെക്കുറിച്ച് അഹ്മദ് എന്ന് പറഞ്ഞിരുന്നു. പിന്നീട് അത് ഗ്രീക്ക് ഭാഷയില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോള്‍ ബീര്‍ഖലൂത്തൂസ് എന്ന് എഴുതുകയുണ്ടായി. അതിന്‍റെ അര്‍ത്ഥം അഹ്മദ് (വളരെയധികം പ്രശംസിക്കപ്പെടുന്ന വ്യക്തി, വളരെയധികം സ്തുതിക്കുന്ന വ്യക്തി) എന്നാണ്. ചില ഹിബ്രു പ്രതികളില്‍ ഇന്നും അഹ്മദ് എന്ന നാമം കാണാന്‍ കഴിയും. ഫാറഖലീത്തിനെക്കുറിച്ച് ഇഞ്ചീല്‍ യോഹന്നാനില്‍ പറയുന്നു: അദ്ദേഹം നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും പഠിപ്പിച്ച് തരുന്നതാണ്. അദ്ദേഹം ഈ ലോകത്തിന്‍റെ നായനായിരുന്നു. അദ്ദേഹം അക്രമത്തിന്‍റെ പേരില്‍ ശിക്ഷ നല്‍കും! ഇതെല്ലാം പ്രവാചകനെ അറിയിക്കുന്ന പ്രയോഗങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട സമ്പൂര്‍ണ്ണ വിവരണം തഫ്സീര്‍ ഹഖാനിയില്‍ ഈ ഭാഗത്ത് കൊടുത്തിട്ടുണ്ട്. അതിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് ഇവിടെ ഉദ്ധരിച്ചത്. ചുരുക്കത്തില്‍ ഈസാ നബി (അ) അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. എന്നാല്‍ അദ്ദേഹം ഈ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തെ സ്ഥാപിക്കുന്നതിന് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളുമായി അവരുടെ അരികില്‍ ചെന്നപ്പോള്‍ ഇത് വ്യക്തമായ മാരണമാണെന്ന് അവര്‍ പറയുകയും പ്രവാചകത്വത്തെ നിഷേധിക്കുകയും ചെയ്തു. ഇപ്രകാരം ഈശാ നബി (അ)യ്ക്ക് ശേഷം റസൂലുല്ലാഹി (സ) ഇതേ നിലയില്‍ വന്നപ്പോള്‍ നിഷേധികളും റസൂലുല്ലാഹി (സ)യെ കളവാക്കുകയും എതിര്‍ക്കുകയും ചെയ്തു. ഇത് വലിയൊരു അക്രമം തന്നെയാണ്. ഈ അക്രമത്തെ ദൂരീകരിക്കുന്നതിന് പോരാട്ടം നിര്‍ബന്ധമാക്കപ്പെട്ടു. ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍ വലിയ അക്രമി ആരാണുള്ളത്? അക്രമികളെ അല്ലാഹു സന്മാര്‍ഗ്ഗത്തില്‍ ആക്കുകയില്ല. അല്ലാഹുവിന്‍റെ മേല്‍ കളവ് പറയുക എന്നതുകൊണ്ടുള്ള ഉദ്ദേശം പ്രവാചകത്വത്തെ കളവാക്കലാണ്. അതെ, അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും വരാത്ത കാര്യത്തെ അല്ലാഹുവിലേക്ക് ചേര്‍ത്ത് പറയുന്നതും വന്ന കാര്യത്തെ നിഷേധിക്കുന്നതും അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയലാണ്. ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടിട്ടും അവര്‍ നിഷേധിച്ചു എന്നത് അവരുടെ നിഷേധത്തിന്‍റെ കടുപ്പം വിളിച്ചറിയിക്കുന്നു. അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുന്നതല്ല എന്ന വചനം അവര്‍ നന്നാകാന്‍ സാധ്യതയില്ലെന്നും അവരുടെ വിഷയത്തില്‍ പോരാട്ടമാണ് ആവശ്യമായതെന്നും അറിയിക്കുന്നു. അതെ, ഇസ്ലാമിന്‍റെ സന്ദേശം എത്താത്തവരോട് പോരാട്ടം പാടുള്ളതല്ല. ആദ്യം അവര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുകയാണ് വേണ്ടത്. തീര്‍ത്തും നിഷേധിക്കുമ്പോഴാണ് ജിഹാദ് നിര്‍ബന്ധമാകുന്നത്. അടുത്തതായി ജിഹാദിനെ പ്രേരിപ്പിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ സഹായത്തെയും സത്യത്തിന്‍റെ ഉയര്‍ച്ചയും അസത്യത്തിന്‍റെ തകര്‍ച്ചയും കുറിച്ച് പറയുന്നു: അല്ലാഹുവിന്‍റെ പ്രകാശമായ ഇസ്ലാം മതത്തെ അവരുടെ വായകള്‍ കൊണ്ട് ഊതികെടുത്താന്‍ അവര്‍ ഉദ്ദേശിക്കുന്നു. അതായത്, സത്യത്തിന്‍റെ പ്രചാരണം തടയാന്‍ കാര്‍മ്മികമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോടൊപ്പം വായകൊണ്ട് പലതരം വിമര്‍ശനങ്ങളും ശക്തമായ സംശയങ്ങളും പടച്ചുവിടുന്നു. അല്ലെങ്കില്‍ ഇത് പടച്ചവന്‍റെ പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താന്‍ പരിശ്രമിക്കുന്നു എന്ന നിലയിലുള്ള ഒരു ഉദാഹരണ വചനമായിരിക്കാം. അതായത്, അവരുടെ പരിശ്രമങ്ങളൊന്നും വിജയം വരിക്കുന്നതല്ല. കാരണം നിഷേധികള്‍ എത്രമാത്രം വെറുത്താലും, അല്ലാഹു അവന്‍റെ പ്രകാശത്തെ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. അതെ, ബഹുദൈവാരാധകര്‍ എത്ര അനിഷ്ടപ്പെട്ടാലും സത്യദീനിനെ എല്ലാ മതങ്ങളെക്കാള്‍ ജയിപ്പിച്ചുയര്‍ത്താന്‍ വേണ്ടി തന്‍റെ റസൂലിനെ സന്മാര്‍ഗ്ഗ ദര്‍ശനമായ ഖുര്‍ആനും സത്യദീനായ ഇസ്ലാമും നല്‍കി ഈ ലോകത്തേക്ക് അയച്ചവനാണവന്‍.
വിവരണവും വ്യാഖ്യാനവും
അവതരണ പശ്ചാത്തലം: അബ്ദുല്ലാഹിബ്നു സലാം (റ) വിവരിക്കുന്നു: അല്ലാഹുവിങ്കല്‍ ഏറ്റവും പ്രിയങ്കരമായ കര്‍മ്മം ഏതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അതിനനുസരിച്ച് നമുക്ക് പ്രവര്‍ത്തിക്കാമായിരുന്നു എന്ന് ചില സഹാബികള്‍ പറഞ്ഞപ്പോഴാണ് ഈ ആയത്ത് അവതരിച്ചത്. (തിര്‍മിദി) ഒരു നിവേദനം ഇപ്രകാരമാണ്: അല്ലാഹുവിന് പ്രിയങ്കരമായ കര്‍മ്മം ഏതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നമ്മുടെ ജീവനും സമ്പത്തുമെല്ലാം അതിനുവേണ്ടി അര്‍പ്പണം ചെയ്യാമായിരുന്നു എന്ന് ചില സഹാബികള്‍ പറയുകയുണ്ടായി. (മസ്ഹരി) മറ്റൊരു നിവേദനം ഇപ്രകാരമാണ്: ചില സഹാബികള്‍ കൂടിയിരുന്ന് ഈ കാര്യം പരസ്പരം ചര്‍ച്ച ചെയ്തു. ആരെങ്കിലും ഇത് റസൂലുല്ലാഹി (സ)യോട് ചോദിച്ചെങ്കില്‍ കൊള്ളാമായിരുന്നു എന്ന് അവര്‍ ആഗ്രഹിച്ചു. പക്ഷേ, ആര്‍ക്കും അതിന് ധൈര്യമുണ്ടായില്ല. ഇതിനിടയില്‍ റസൂലുല്ലാഹി (സ) അവര്‍ ഓരോരുത്തരുടെയും പേരുകള്‍ പറഞ്ഞുകൊണ്ട് അരികിലേക്ക് വരാന്‍ പറഞ്ഞു. (അതെ, റസൂലുല്ലാഹി (സ)യ്ക്ക് വഹ്യിലൂടെ അവരുടെ ഈ ചര്‍ച്ച മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.) അവര്‍ ഹാജരായപ്പോള്‍ തൊട്ടുമുമ്പ് അവതീര്‍ണ്ണമായ ഈ സൂറത്ത് അവരെ ഓതിക്കേള്‍പ്പിക്കുകയുണ്ടായി. (ഇബ്നുകസീര്‍)
അല്ലാഹു ഈ സൂറത്തിലൂടെ അറിയിക്കുന്നു: അവര്‍ കണ്ടെത്താന്‍ ആഗ്രഹിച്ച പ്രിയങ്കര കര്‍മ്മം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദാണ്! എന്നാല്‍ ഈ കാര്യം പറയുന്നതിന് മുമ്പ് അല്ലാഹു മറ്റൊരു കാര്യം ഉണര്‍ത്തുന്നു: ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ പ്രവര്‍ത്തിക്കാമായിരുന്നു എന്നതുപോലുള്ള വാചകങ്ങള്‍ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിവുണ്ടെന്ന വാദം കൂടിയാണ്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം വാദങ്ങള്‍ നടത്തുന്നത് ശരിയല്ല. സമയം ആകുമ്പോള്‍ ഇത് ചെയ്യാന്‍ കഴിയുമോ, കഴിയുക ഇല്ലയോ എന്ന് ആര്‍ക്കും അറിയില്ല. അതിന് ആവശ്യമായ കാര്യങ്ങള്‍ ഒരുമിച്ച് കൂടലും തടസ്സങ്ങള്‍ നീങ്ങലും അവര്‍ ആരുടെയും ഇഷ്ടത്തില്‍ പെട്ടതല്ല. കൂടാതെ, മനുഷ്യന്‍റെ കൈയ്യും കാലും ഇതര അവയവങ്ങളും മാത്രമല്ല, മാനസിക തീരുമാനം പോലും പരിപൂര്‍ണ്ണമായി അവന്‍റെ നിയന്ത്രണത്തിലല്ല. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: താങ്കള്‍ നാളെ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് ഇന്‍ഷാ അല്ലാഹ് എന്ന് ചേര്‍ത്ത് മാത്രം പറയുക. (കഹ്ഫ് 23-24) ഈ വാചകം കൊണ്ടുള്ള സഹാബത്തിന്‍റെ ഉദ്ദേശം വാദമല്ലായിരുന്നു. പക്ഷേ, അതിന്‍റെ രൂപം ഒരുതരം വാദമായിരുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ എന്ന വാചകം ചേര്‍ത്ത് കൊണ്ടല്ലാതെ എന്തെങ്കിലും വാദം നടത്തുന്നത് അല്ലാഹുവിന് ഇഷ്ടമല്ല.
ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്ത കാര്യം എന്തിനാണ് പറയുന്നത്?(2) നിങ്ങള്‍ ചെയ്യാത്ത കാര്യം പറയുന്നത് അല്ലാഹുവിങ്കല്‍ വളരെ കോപകരമാണ്.(3) ആയത്തിന്‍റെ ബാഹ്യമായ ആശയം ഇതാണ്: നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ എന്തിനാണ് വാദങ്ങള്‍ നടത്തുന്നത്. അതായത്, മനസ്സില്‍ അല്‍പ്പം പോലും ഉദ്ദേശമില്ലാത്ത കര്‍മ്മത്തെ വാദിക്കുന്നത് തെറ്റാണെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. കാരണം ഇത് കളവായ വാദവും പേരിനും പെരുമയ്ക്കും വേണ്ടിയുള്ള തന്ത്രവുമാണ്. എന്നാല്‍ മനസ്സില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനം ഉണ്ടെങ്കിലും മനസ്സിനെ മാത്രം അവലംബിച്ചുകൊണ്ട് ഞങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കും എന്ന് വാദിക്കുന്നത് അടിമത്വത്തിന്‍റെ ശൈലിയ്ക്ക് എതിരാണെന്ന് അവതരണ പശ്ചാത്തലം വിളിച്ചറിയിക്കുന്നു. ഒന്നാമതായി ഇപ്രകാരം പറയേണ്ട യാതൊരു ആവശ്യവുമില്ല. അവസരം ലഭിച്ചാല്‍ പ്രവര്‍ത്തിക്കേണ്ടതാണ്. രണ്ടാമതായി, എന്തെങ്കിലും നന്മയുടെ പേരില്‍ ഇപ്രകാരം പറയേണ്ടിവന്നാല്‍ തന്നെ ഇന്‍ഷാ അല്ലാഹ് ചേര്‍ത്ത് പറയേണ്ടതാണ്. മസ്അല: ചെയ്യാന്‍ ഉദ്ദേശം ഇല്ലാത്ത കാര്യത്തെക്കുറിച്ച് ചെയ്യുമെന്ന് വാദം ഉന്നയിക്കുന്നത് വന്‍പാപവും അല്ലാഹു കഠിനമായി കോപിക്കുന്ന കാര്യവുമാണെന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാകുന്നു. എവിടെയെങ്കിലും ഈ രൂപമില്ലാതിരിക്കുകയും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശം ഉണ്ടായിരിക്കുകയും എന്നാല്‍ സ്വന്തം കഴിവിനെയും ശേഷിയെയും അവലംബിച്ചുകൊണ്ട് പറയുകയും ചെയ്യുന്നത് വെറുക്കപ്പെട്ട കാര്യമാണ്.
വാദവും പ്രബോധനവും: ചുരുക്കത്തില്‍ ഈ ആയത്തിന്‍റെ ബന്ധം മനുഷ്യന് ചെയ്യാന്‍ ഉദ്ദേശമില്ലാത്ത വാദങ്ങളെക്കുറിച്ചാണെന്ന് ഈ വിവരണത്തില്‍ നിന്നും മനസ്സിലാകുന്നു. ഇപ്രകാരം വാദങ്ങള്‍ നടത്തുന്നത് അല്ലാഹുവിനെ കോപിപിക്കുന്നതാണ്. എന്നാല്‍ താന്‍ ചെയ്യാത്ത കാര്യങ്ങള്‍ മറ്റുള്ളവരെ ഉപദേശിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്നത് ഈ ആയത്തിന്‍റെ ആശയത്തില്‍ പെടുന്നതല്ല. അതിന്‍റെ നിയമം ഇതര ആയത്തുകളിലും ഹദീസുകളിലും പറയപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് അല്ലാഹു പറയുന്നു: ................ (ബഖറ 44) ഈ ആയത്ത് സദുപദേശം നടത്തുന്നവരെ വിമര്‍ശിച്ചുകൊണ്ട് അവരോട് ചോദിക്കുന്നു: നിങ്ങള്‍ ജനങ്ങളെ നല്ല കാര്യത്തിലേക്ക് ക്ഷണിക്കുകയും സ്വയം മറന്ന് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? അതെ, മറ്റുള്ളവരെ ഉപദേശിക്കുമ്പോള്‍ സ്വയം ഉപദേശം ഉള്‍ക്കൊള്ളാന്‍ ആദ്യമായി ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന നന്മ സ്വയം പാലിക്കാന്‍ ശ്രമിക്കേണ്ടതാണ്. എന്നാല്‍ സ്വയം ചെയ്യാത്ത കാര്യം മറ്റുള്ളവരോട് പറയുന്നത് ഉപേക്ഷിക്കണമെന്ന് ഇതിന് അര്‍ത്ഥമില്ല. ആകയാല്‍ സ്വന്തം പാലിക്കാന്‍ മന:ക്കരുത്ത് ഇല്ലാതിരിക്കുകയും ഉതവി ലഭിക്കാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നത് നിര്‍ത്താന്‍ പാടുള്ളതല്ല. ഈ ഉപദേശത്തിന്‍റെ ഐശ്വര്യമെന്നോണം ഏതെങ്കിലും സമയം അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടാകുന്നതാണ്. ഇതിന് ധാരാളം അനുഭവങ്ങളും സാക്ഷ്യങ്ങളും കാണാന്‍ കഴിയും. ഇനി ഈ കര്‍മ്മം നിര്‍ബന്ധമോ, പ്രധാന സുന്നത്തോ ആണെങ്കില്‍ സ്വന്തം ദു:ഖിക്കേണ്ടത് നിര്‍ബന്ധമാണ്. പുണ്യകര്‍മ്മമാണെങ്കില്‍ സങ്കടവും പുലര്‍ത്തേണ്ടതാണ്.
ഉറച്ചകെട്ടിടം പോലെ അണിയായി നിന്ന് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവരെ അല്ലാഹുവിന് വലിയ ഇഷ്ടമാണ്.(4) അതായത് ഇത്തരം കെട്ടിടം വളരെയധികം ഉറച്ചതും തകര്‍ച്ചയ്ക്ക് സാധ്യതയില്ലാത്തുമായിരിക്കും. ഇപ്രകാരം ഈ പോരാളികള്‍ ശത്രുക്കളെ നേരിടുന്നതില്‍ നിന്നും പിന്മാറുന്നതല്ല. ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: പടച്ചവന് ഏറ്റവും പ്രിയങ്കരമായ കര്‍മ്മം നമ്മള്‍ അറിഞ്ഞിരുന്നെങ്കില്‍ പ്രവര്‍ത്തിക്കാമായിരുന്നു എന്ന് നിങ്ങള്‍ ആലോചിക്കുന്ന ആ പ്രവര്‍ത്തനം ജിഹാദാണ്. പിന്നെ എന്തുകൊണ്ടാണ് ജിഹാദിന്‍റെ കല്‍പ്പന ഇറങ്ങിയപ്പോള്‍ നിങ്ങളില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചിലര്‍ ഉഹ്ദിലെ രണാങ്കണത്തില്‍ നിന്നും പിന്തിരിഞ്ഞ് ഓടുകയും ചെയ്തത്? ഇത്തരം കാര്യങ്ങള്‍ വളരെ മോശവും പടച്ചവന് അതൃപ്തികരവുമാണ്. നിങ്ങള്‍ എതിര് പ്രവര്‍ത്തിച്ചതായി സ്ഥിരപ്പെട്ട കാര്യത്തെക്കുറിച്ച് വീണ്ടും ആഗ്രഹത്തോട് കൂടി സംസാരിക്കുന്നത് ശരിയല്ല. എന്നാല്‍ പ്രവര്‍ത്തിക്കാത്ത നന്മയെ ഉപദേശിക്കുന്നതിനെക്കുറിച്ച് ഈ ആയത്തില്‍ വിമര്‍ശനമില്ല.
അടുത്തതായി നിഷേധികളോട് പോരാടേണ്ടതിന്‍റെ ന്യായത്തെ വിവരിക്കുന്നു. അവര്‍ പ്രവാചകന്മാരെയും സത്യവിശ്വാസികളെയും എതിര്‍ക്കുകയും കളവാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരാണ്. മൂസാ നബി (അ)യുടെയും ഈസാ നബി (അ)യുടെയും സംഭവങ്ങളില്‍ നിന്നും അത് വ്യക്തവുമാണ്. തുടര്‍ന്ന് അവരുടെ സംഭവം വിവരിക്കുന്നു. മൂസാ നബി (അ)യുടെ സംഭവം പ്രസിദ്ധമാണ്. ഖുര്‍ആനില്‍ തന്നെ ധാരാളം സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. ഈസാ നബി (അ)ന്‍റെ സംഭവത്തിന്‍റെ രത്നച്ചുരുക്കം ഇപ്രകാരമാണ്: ഈസാ നബി (അ) ബനൂഇസ്റാഈലിനോട് തന്‍റെ പ്രവാചകത്വം അംഗീകരിക്കാനും അനുസരിക്കാനും പ്രബോധനം ചെയ്തപ്പോള്‍ രണ്ട് കാര്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ അവരെ ഓര്‍മ്മിപ്പിച്ചു. 1. ഞാന്‍ ഒരു പുതിയ ദൂതനോ, പുതിയ കാര്യം പറയുന്ന വ്യക്തിയോ അല്ല. മറിച്ച് മുന്‍കാല നബിമാര്‍ പറയുകയും മുന്‍ വേദങ്ങള്‍ അനുസ്മരിക്കുകയും ചെയ്തിട്ടുള്ള കാര്യം തന്നെയാണ് ഞാനും പറയുന്നത്. കൂടാതെ, എനിയ്ക്ക് ശേഷം വരാനിരിക്കുന്ന അന്ത്യപ്രവാചകനും ഇതുപോലുള്ള സന്ദേശങ്ങള്‍ എത്തിച്ച് തരുന്നതാണ്. 2. പിന്നീട് വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചു. കൂട്ടത്തില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ പേര് ബൈബിളില്‍ പറയപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവിച്ചു. ആ പ്രവാചകന്‍ വരുമ്പോള്‍ നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കലും അനുസരിക്കലും നിര്‍ബന്ധമാണെന്നും ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ ആയത്തില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ പേര് അഹ്മദ് എന്നാണ് പറഞ്ഞിരിക്കുന്നത്. നമ്മുടെ നബി അന്ത്യപ്രവാചകന്‍റെ പേര് മുഹമ്മദ് എന്നും അഹ്മദ് എന്നുമായിരുന്നു. വേറെയും ധാരാളം പേരുകള്‍ റസൂലുല്ലാഹി (സ)യ്ക്കുണ്ട്. എങ്കിലും അതില്‍ നിന്നും അഹ്മദ് എന്ന പേര് മാത്രം പറഞ്ഞതിന്‍റെ കാരണം ഇതാണ്. മുഹമ്മദ് എന്ന പേര് അറബികള്‍ക്കിടയില്‍ പണ്ട് മുതല്‍ക്കേ ഉള്ളതായിരുന്നു. ഈ പേരുള്ള വേറെയും വ്യക്തികള്‍ അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അഹ്മദ് എന്ന പേര് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. അത് റസൂലുല്ലാഹി (സ)യ്ക്ക് മാത്രമുള്ളതാണ്.
ബൈബിളില്‍ റസൂലുല്ലാഹി (സ)യെക്കുറിച്ചുള്ള സുവാര്‍ത്ത: തൗറാത്തിലും ഇഞ്ചീലിലും തിരിമറികള്‍ നടത്തപ്പെട്ടിട്ടുണ്ടെന്ന കാര്യം യഹൂദ ക്രൈസ്തവര്‍ തന്നെ സമ്മതിച്ചിട്ടുള്ള വിഷയമാണ്. അതെ, യഥാര്‍ത്ഥ ഗ്രന്ഥം തിരിച്ചറിയാന്‍ പോലും പ്രയാസകരമായ നിലയില്‍ ഈ ഗ്രന്ഥങ്ങളില്‍ തിരിമറികള്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരിമറികള്‍ നടത്തപ്പെട്ട ഇന്നത്തെ ബൈബിളിന്‍റെ വെളിച്ചത്തില്‍ ക്രൈസ്തവര്‍ പറയുന്നു: അഹ്മദ് എന്ന പേരില്‍ ഇഞ്ചീലില്‍ റസൂലുല്ലാഹി (സ)യുടെ നാമം പറഞ്ഞുകൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത തെറ്റാണ്! ഇതിനുള്ള ചുരുങ്ങിയ മറുപടി ആശയ സംഗ്രഹത്തില്‍ കൊടുത്തിട്ടുള്ളത് യഥാര്‍ത്ഥത്തില്‍ സുപ്രധാന മറുപടിയാണ്. വിശദമായ മറുപടി ആഗ്രഹിക്കുന്നവര്‍ അല്ലാമാ റഹ്മത്തുല്ലാഹ് ഉസ്മാനിയുടെ ഇള്ഹാറുല്‍ ഹഖ് എന്ന ഗ്രന്ഥം പാരായണം ചെയ്യുക. ക്രൈസ്തവതയുടെ യാഥാര്‍ത്ഥ്യം, ബൈബിളിലെ തിരിമറികള്‍ ഉണ്ടായിട്ടും റസൂലുല്ലാഹി (സ)യെക്കുറിച്ചുള്ള സുവാര്‍ത്തകളുടെ ലഭ്യത എന്നീ വിഷയങ്ങള്‍ ഇതില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം ലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമെല്ലാം ക്രൈസ്തവതയ്ക്ക് മുന്നേറ്റം സാധ്യമല്ലായെന്ന് നിരവധി ക്രൈസ്തവ പണ്ഡിതര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ ഗ്രന്ഥം ആദ്യം അറബി ഭാഷയിലാണ് എഴുതപ്പെട്ടത്. ശേഷം തുര്‍ക്കി, ഇംഗ്ലീഷ് ഭാഷകളില്‍ വിവര്‍ത്തിതമായി. ക്രൈസ്തവ മിഷനറി ഈ ഗ്രന്ഥം ഇല്ലാതാക്കാന്‍ സര്‍വ്വ തന്ത്രങ്ങളും പയറ്റുകയുണ്ടായി. ഈ ഗ്രന്ഥം ഉറുദു ഭാഷയില്‍ ഇതുവരെ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. അടുത്ത കാലത്ത് ദാറുല്‍ ഉലൂം കറാച്ചിയിലെ മുദര്‍റിസ് മൗലാനാ അക്ബര്‍ അലി സാഹിബ് ഇതിന്‍റെ വിവര്‍ത്തനം പൂര്‍ത്തിയാക്കി. ദാറുല്‍ ഉലൂമിലെ തന്നെ മറ്റൊരു ഉസ്താദ് മൗലാനാ മുഹമ്മദ് തഖി ഉസ്മാനി ഇന്ന് നിലവിലുള്ള ബൈബിളുകള്‍ പരിശോധിച്ച് ഗ്രന്ഥത്തിന്‍റെ എഡിറ്റിംഗ് പൂര്‍ത്തീകരിച്ചു. ഇത് മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്‍റെ മൂന്നാം ഭാഗം 182 മുതല്‍ 362 വരെയുള്ള പുറങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ബൈബിള്‍ വചനങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടികളും കൊടുത്തിട്ടുണ്ട്.
🔹🔹🔹🔹🔹🔹🔹



മആരിഫുല്‍ ഹദീസ്


അബൂബക്ർ സിദ്ദീഖ് (റ) ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


റസൂലുല്ലാഹി (സ) വ്യത്യസ്ത സന്ദർഭങ്ങളിൽ വിവിധ ശീർഷകങ്ങളിൽ അബൂബക്ർ സിദ്ദീഖ് (റ) ഈ സമുദായത്തിൽ ഏറ്റവും ഉത്തമനാണെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം സംശയ രഹിതമായി വ്യക്തമാകുന്ന വിവിധ ഹദീസുകൾ പ്രവാചക വിയോഗവുമായി ബന്ധപ്പെട്ട അധ്യായത്തിൽ വന്നു കഴിഞ്ഞു. പ്രത്യേകിച്ചും റസൂലുല്ലാഹി (സ) നിർബന്ധിച്ച് കൊണ്ട് അദ്ദേഹത്തെ ഇമാമത്തിൻ്റെ ഉത്തരവാദിത്വം ഏൽപ്പിച്ചതും മറ്റു കാര്യങ്ങളും റസൂലുല്ലാഹി (സ)ക്ക് ശേഷം പ്രധാന പിൻഗാമി അദ്ദേഹം തന്നെയായിരിക്കും എന്നതിലേക്കുള്ള വ്യക്തമായ സൂചനയാണ്. അവിടെ പറയപ്പെട്ട ഹദീസുകൾ കൂടാതെ അബൂബക്കർ സിദ്ദീഖ് (റ)ൻ്റെ മഹത്വങ്ങൾ വിവരിക്കുന്ന ചില ഹദീസുകളും പ്രമുഖ സ്വഹാബികളുടെ വചനങ്ങളും ഇവിടെ ഉദ്ധരിക്കുകയാണ്. 


135. അബൂ ഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി (സ) ഒരിക്കൽ അരുളി: നമ്മോട് ഉപകാരം ചെയ്യുകയും വല്ല ഉപഹാരങ്ങൾ നൽകുകയും ചെയ്ത എല്ലാവർക്കും നാം പ്രത്യുപകാരം ചെയ്തിട്ടുണ്ട്. എന്നാൽ അബൂബക്റിനോട് പൂർണ്ണമായ പ്രത്യുപകാരം ചെയ്തിട്ടില്ല. അദ്ദേഹം ചെയ്ത ഉപകാരങ്ങൾക്ക് അല്ലാഹു തന്നെ പരലോകത്ത് പ്രത്യുപകാരം ചെയ്യുന്നതാണ്. അബൂബക്റിൻ്റെ സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടത് പോലെ വേറെ ആരുടെയും സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടിട്ടില്ല. എൻ്റെ സുഹൃത്തുക്കളിൽ ആരെയെങ്കിലും ഞാൻ ആത്മ മിത്രമാക്കിയിരുന്നെങ്കിൽ അബൂബക്റിനെ ഞാൻ ആത്മ മിത്രമായി സ്വീകരിക്കുമായിരുന്നു. എന്നാൽ ഞാൻ അല്ലാഹുവിൻ്റെ ആത്മ മിത്രമാണെന്ന് അറിയുക. ആകയാൽ എൻ്റെ യഥാർത്ഥ സ്നേഹിതനും പ്രിയപ്പെട്ടവനും അല്ലാഹു തന്നെയാണ്. (തിർമിദി) 


വിവരണം: റസൂലുല്ലാഹി (സ)ക്ക് ആരെങ്കിലും വല്ലതും നൽകിയാൽ ഉടനടിയോ പിന്നീടോ അതിന് പകരമായി അത്ര തന്നെയോ അതിനേക്കാൾ കൂടുതലോ നൽകുകയെന്നത് റസൂലുല്ലാഹി (സ)യുടെ പതിവായിരുന്നു. ഇതിന് പ്രത്യുപകാരം എന്ന് പറയപ്പെടുന്നു. ഈ ഹദീസിൽ റസൂലുല്ലാഹി (സ) അരുളി: അബൂബക്ർ സിദ്ദീഖ് (റ) ഒഴിച്ചുള്ള എല്ലാവരുടെയും ഉപകാരങ്ങൾക്ക് ഞാൻ പ്രത്യുപകാരം ചെയ്തിട്ടുണ്ട്. എന്നാൽ അബൂബക്ർ (റ) ചെയ്ത ഉപകാരങ്ങൾക്ക് പ്രത്യുപകാരം പരലോകത്ത് അല്ലാഹു തന്നെ നൽകുന്നതാണ്. അബൂബക്ർ സിദ്ദീഖ് (റ)ൻ്റെ ചെറുമകൻ ഉർവ (റ) പറയുന്നു: അബൂബക്ർ (റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പക്കൽ നാൽപ്പതിനായിരം ദിർഹമുണ്ടായിരുന്നു. അതെല്ലാം റസൂലുല്ലാഹി (സ)യുടെ തൃപ്തിക്ക് വേണ്ടി ദീനിൻ്റെ വഴിയിൽ ചിലവഴിച്ചു. ഇസ്‌ലാം സ്വീകരിക്കുകയും അതിൻ്റെ പേരിൽ അക്രമികളായ യജമാനന്മാർ ക്രൂരമായി പീഢിപ്പിക്കുകയും ചെയ്ത ഏഴ് അടിമകളെ വാങ്ങുകയും സ്വതന്ത്ര്യരാക്കുകയും ചെയ്തു. ബിലാൽ (റ) ഇക്കൂട്ടത്തിൽ പെട്ടതാണ്. എൻ്റെ സമ്പത്ത് മുഴുവനും താങ്കളുടേതാണെന്നും താങ്കളുടെ ഇഷ്ടം അനുസരിച്ച് ചിലവഴിക്കണമെന്ന് റസൂലുല്ലാഹി (സ)യോട് പറയുകയും അതേ നിലയിൽ റസൂലുല്ലാഹി (സ) ചിലവഴിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) വിയോഗത്തിന് മുമ്പുള്ള അന്തിമ പ്രഭാഷണത്തിൽ ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുകയുണ്ടായി. റസൂലുല്ലാഹി (സ)ക്ക് അബൂബക്ർ (റ) ഖലീഫയായിരിക്കും എന്നതിലേക്ക് വ്യക്തമായ സൂചനയും ഇതോടൊപ്പം നൽകിയതായി മുമ്പ് ഉദ്ധരിച്ച ഹദീസിൽ വന്നിട്ടുണ്ട്.


🔹🔹🔹🔹🔹🔹🔹




 മദ്റസ വിശേഷങ്ങൾ 



അൽഹുസ്നി ഉലമാ സംഗമം


ദാറുൽ ഉലൂം പൂർവ്വ വിദ്യാർത്ഥികളായ അൽ ഹുസ്നി ഉലമാക്കളുടെ സംഗമം സെപ്തംബർ 13, 14 തീയതികളിലായി ദാറുൽ ഉലൂമിൽ നടന്നു. വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ട സംഗമം ചിരകാല സ്മരണകൾ തൊട്ടുണർത്തിയതോടൊപ്പം, മുന്നോട്ടുള്ള ഗമനത്തിന് ദിശാബോധവും ആവേശവും പകരുന്നതായിരുന്നു.


സ്പോർട്സ് മീറ്റ്, മെഹ്ഫിലെ ദറൂദ് (പ്രവാചക പ്രകീർത്തന സദസ്സ്), തസ്കിയത്ത് മജ്ലിസ്, സെൻട്രൽ കൗൺസിൽ മീറ്റിംഗ്, പൊതുസമ്മേളനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ആദ്യ ദിനം മഗ്‌രിബിന് ശേഷം, ആദരവായ റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത ജീവിതം പാടിയും പറഞ്ഞും ഹുബ്ബിനും ഇത്തിബാഇനും പ്രേരിപ്പിച്ച് അരങ്ങേറിയ മെഹ്ഫിലെ ദറൂദ് കണ്ണും മനസ്സും നിറക്കുന്നതായിരുന്നു. ഞായറാഴ്ച സുബ്ഹിക്ക് ശേഷം നടന്ന തസ്കിയത്ത് മജ്ലിസിന് ഞങ്ങളുടെ എല്ലാമെല്ലാമായ ആദരണീയ ശൈഖുനാ അബ്ദുശ്ശകൂർ ഉസ്താദ് അവർകൾ മദീനാ മുനവ്വറയിൽ നിന്ന് നേതൃത്വം നൽകി. തുടർന്ന് നടന്ന സെൻട്രൽ കൗൺസിലിൽ കാര്യപരിപാടികൾക്ക് ശേഷം അടുത്ത മൂന്നു വർഷത്തേക്കുള്ള അൽ ഹുസ്നി ഉലമ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശേഷം നടന്ന പൊതുസമ്മേളനം ഉജ്വലവും ഊർജ്ജസ്വലവും ആയിരുന്നു. ആദരണീയരായ ഉസ്താദുമാർ വേദിയിലും, അൽ ഹുസ്നികളും ഭാവിയിൽ അൽ ഹുസ്നികളാകുന്ന ദാറുൽ ഉലൂം വിദ്യാർത്ഥികളും സദസ്സിലുമായി ദാറുൽ ഉലൂം മസ്ജിദിൻ്റെ പ്രൗഢമായ മൂന്നാം നിലയിൽ സംഗമിച്ചത് ദാറുമിന്റെ ചരിത്ര നിമിഷങ്ങളായിരുന്നു.


ബഹുമാന്യ ഉസ്താദുമാരുടെ ഉപദേശ നിർദ്ദേശങ്ങൾക്കൊടുവിൽ ഉസ്താദ് അബ്ദുസ്സലാം ഹസനി പുത്തൻതെരുവ് അവർകളുടെ സമാപന പ്രഭാഷണ ദുആയോടു കൂടി സംഗമം അവസാനിച്ചു.


✍️ എഡിറ്റർ



⭕ ടേബിൾ ടോക്


17/09/25

ദാറുൽ ഉലൂം


വിഷയം :

تقليد؛ نصوص، أئمة، اتباع


ഉസ്താദുമാരുടെ പരിപൂർണ്ണ സാന്നിധ്യത്തിൽ എളിയ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഈ പരിപാടിയിൽ ,


3:30 മുതൽ 4 :25 വരെ ഉസ്താദ് മുഫ്തി ആശിഖ് അൽ ഖാസിമി സെമിനാർ വിഷയത്തെ സംബന്ധിച്ച് വളരെ ആധികാരികമായി സംവദിച്ചു.


അസറിനു ശേഷം മുസാബഖക്കായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളുടെയും مقاله കൾ സമർപ്പിക്കപ്പെട്ടു.


ശേഷം സെമിനാറുകളുടെ ആവശ്യകതയെയും തിരഞ്ഞെടുക്കപ്പെട്ട വിഷയത്തിന്റെ കാലിക പ്രസക്തിയെയും കുറിച്ച് ദാറുൽ ഉലൂം സാമാജിക കോഡിനേറ്റർ ഉസ്താദ് തമീം താഹ ഹസനി അൽപനേരം വിദ്യാർത്ഥികളുമായി സംസാരിച്ചു.


5:00 മണി മുതൽ ദാറുൽ വിദ്യാർഥികളായ ഖാസിം, നജാദ് , നസീഹ്, ആസിഫ് എന്നിവർ വിഷയാസ്പദമായി ടേബിൾ ടോപ്പ് വളരെ ഉജ്ജ്വലമായി കാഴ്ചവച്ചു.നടന്ന 5 റൗണ്ടുകളിലും വളരെ വിശാലമായി തന്നെ വിഷയത്തോട് നീതിപുലർത്തി പരസ്പരം സ്നേഹ സംവേദനം നടത്തി.ഇതിൽ ഒരാൾക്ക് മൂന്ന് മിനിറ്റ് സമയമായിരുന്നു നിശ്ചയിച്ചിരുന്നത്.സമയപാലനം കൃത്യമായിരുന്നു.ആറാം റൗണ്ടിൽ ക്രമീകരണം ഇല്ലാതെ സംസാരിക്കാവുന്നത് കൊണ്ട് തന്നെ ആദ്യം ആസിഫും പിന്നീട് ഖാസിമും പൂർത്തീകരണശകലങ്ങൾ കൊണ്ട് പരിപാടിയെ സമാപനത്തിൽ എത്തിച്ചു.


മഗരിബ് നമസ്കാരാനന്തരം 7:00 മണി മുതൽ വിശിഷ്ടാതിഥി ഉസ്താദ് മുഫ്തി റജീബ് അൽ ഖാസിമി അവർകൾ വളരെ സമർത്ഥമായ നിലയിൽ വിഷയത്തെ അവതരിപ്പിക്കുകയും,മുന്നോട്ട് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഉണർത്തുകയും, ടേബിൾ ടോക്കിൽ വന്ന ചെറിയ പിഴവുകളെ തിരുത്തുകയും ഫിഖ്ഹിൻ്റെയും തഖ്ലീദിൻ്റെയും ആവശ്യകതയെ ഉണർത്തുകയും 8:00 മണിയോടെ ദുആ പറയുകയും ചെയ്തു.


✍️ അബ്ദുല്ലാഹ്, ആലംകോട്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌