റബീഉല്‍ ആഖര്‍ 16/1447
ഒക്ടോബർ 09/2025
No: 232


▪️മുഖലിഖിതം

▪️ജുമുഅ സന്ദേശം

അമുസ്‌ലിംകൾ അശുദ്ധരാണോ?

   
▪️മആരിഫുല്‍ ഖുര്‍ആന്‍

സൂറത്തുല്‍ ജുമുഅ -2

ജുമുഅ നമസ്കാരം ശരിയായ നിലയില്‍ നിര്‍വ്വഹിക്കുക
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
അബൂബക്ർ (റ) ൻ്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

🔹🔹🔹🔹🔹🔹🔹




🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 


"നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ അക്രമിക്ക് മുന്നിൽ വാദങ്ങളും തെളിവുകളും ഫലിക്കില്ല" ഒരു ഉറുദു കവിയുടെ വരികളാണിത്. നിലവിൽ നമ്മുടെ രാജ്യത്തെ വർഗീയ ഭരണകൂടത്തിൻ്റെ അവസ്ഥയും ഇതുതന്നെയാണ്. മുസ്‌ലിംകളെ ഉപദ്രവിക്കുക, അവരുടെ വ്യക്തിത്വത്തെ ആക്രമിക്കുക, അവരെ ഒതുക്കി നിർത്തുക എന്നിവ ഈ സർക്കാരിന്റെ പ്രത്യേക നയമാണ്. 2014-ന് മുൻപ് ഇത് ഒരു പരിധി വരെ ഉണ്ടായിരുന്നെങ്കിലും, 2014 മുതൽ അതിന്റെ വേഗത വളരെ വർധിച്ചു. ഈ വിദ്വേഷ മനോഭാവത്തിന്റെ ഭാഗമായാണ് മുത്തലാഖ് നിയമം, സി.എ.എ എന്നിവ കൊണ്ടുവന്നത്. ചില സംസ്ഥാനങ്ങളിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കി. കേന്ദ്രത്തിലും അതിന് ശ്രമിച്ചു. അതിന്റെ ഭീഷണി ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല. മസ്ജിദുകൾക്കും മദ്റസകൾക്കും നേരെയുള്ള ആക്രമണങ്ങളും ഇതിന്റെ ഭാഗമാണ്. ഈ വിദ്വേഷത്തിന്റെ ഏറ്റവും മോശമായ രൂപമാണ് വഖഫ് (ഭേദഗതി) നിയമം 2025.

എല്ലാ പ്രവർത്തനങ്ങൾക്കും ഒരു കേന്ദ്രം ആവശ്യമാണ്. അത് സാമൂഹികമോ, സംഘടനാപരമോ, രാഷ്ട്രീയപരമോ, ജനക്ഷേമപരമോ, മതപരമോ, വിദ്യാഭ്യാസപരമോ ഏതു തരം പ്രവർത്തനവുമാകട്ടെ. ആ കേന്ദ്രത്തിന് ഭൂമിയും കെട്ടിടങ്ങളും വേണം. ഇപ്രകാരം നമസ്കരിക്കാൻ മസ്ജിദുകൾ, വിദ്യാഭ്യാസം നൽകാൻ മദ്റസകളും സ്‌കൂളുകളും, അനാഥക്കുട്ടികളെ വളർത്താൻ യത്തീംഖാനകൾ, യാത്രക്കാർക്ക് താമസിക്കാൻ സത്രങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾക്കായി വാടകയോ കാർഷിക വരുമാനമോ ലഭിക്കുന്ന ഭൂമി, അതുപോലെ മരണശേഷം ഇസ്‌ലാമിക രീതിയിൽ മറവുചെയ്യാൻ ഖബർസ്ഥാനുകൾ എന്നിവയെല്ലാം മുസ്‌ലിം സമുദായത്തിൻ്റെ ജീവനാഡിയാണ്. നമ്മുടെ മതപരമായ വ്യക്തിത്വം, വിശ്വാസ സംരക്ഷണം, പ്രബോധന-സംസ്കരണ പ്രവർത്തനങ്ങൾ, ശരീഅത്തനുസരിച്ചുള്ള ജീവിതം എന്നിവയെല്ലാം അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർ.എസ്.എസ്സിൽ തീവ്ര ഹിന്ദുത്വവാദികളായ ബുദ്ധിജീവികൾ ധാരാളമുള്ളതുകൊണ്ട് വളരെ ആസൂത്രിതമായിട്ടാണ് അവർ ഈ നിയമം ഉണ്ടാക്കിയത്. വിദ്വേഷത്തിൻ്റെ മൊത്തവ്യാപാരികൾ അത് പാർലമെന്റിൽ പാസാക്കിയെടുത്തിരിക്കുന്നു.

✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്റ്: ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

🔹🔹🔹🔹🔹🔹🔹





 ജുമുഅ സന്ദേശം 


അമുസ്‌ലിംകൾ അശുദ്ധരാണോ?

മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി


പരിശുദ്ധ ഖുർആനിൽ ഒരു സ്ഥലത്ത് ബഹുദൈവാരാധകരെ അശുദ്ധർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നമ്മുടെ ചില ഹൈന്ദവ സഹോദരങ്ങൾ അതിന്റെ പശ്ചാത്തലം മനസ്സിലാക്കാതെ അതിനെക്കുറിച്ച് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് ചില കാര്യങ്ങൾ ഇവിടെ വിവരിക്കുന്നു: 


പരിശുദ്ധ ഖുർആനിൽ പടച്ചവൻ പറയുന്നു: സത്യവിശ്വാസികളേ, ബഹുദൈവ വിശ്വാസികൾ അശുദ്ധരാണ്. ഈ വർഷത്തിന് ശേഷം അവർ മസ്‌ജിദുൽ ഹറാമിന്റെ അരികിലേക്ക് വരാതിരിക്കട്ടെ.! ഇനി നിങ്ങൾ ദാരിദ്ര്യം ഭയക്കുന്നെങ്കിൽ അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്നും അവൻ ഉദ്ദേശിച്ചാൽ നിങ്ങളെ സമ്പന്നരാക്കുന്നതാണ്. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 28) 


ഒന്ന്, ഈ വചനത്തെ കുറിച്ച് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി ഇവിടെയുള്ള മുഷ്‌രിക് (ബഹുദൈവാരാധകർ) എന്നതുകൊണ്ടുള്ള ഉദ്ദേശം വി.എച്ച്.പി പോലുള്ള തീവ്ര സംഘടനകൾ ആശയം പറയുന്നതുപോലെ വിഗ്രഹാരാധകർ എന്നല്ല. മറിച്ച്, പടച്ചവൻ്റെ അസ്ഥിത്വത്തിലോ വിശിഷ്ട വിശേഷണങ്ങളിലോ അധികാരങ്ങളിലോ മറ്റുള്ളവരെ പങ്കുചേർക്കുന്ന എല്ലാവരും ഇതിൽ പെടുന്നതാണ്. വിഗ്രഹാരാധന നടത്തുന്നവരും നക്ഷത്രങ്ങളെ ആരാധിക്കുന്നവരും ഏതെങ്കിലും പ്രവാചകനെ ദൈവമായി കാണുന്നവരും മഹാത്മാക്കൾക്ക് പടച്ചവന്റെ കഴിവും അധികാരവും വകവെച്ചു കൊടുക്കുന്നവരായ എല്ലാവരും ഖുർആനിക വീക്ഷണത്തിൽ മുഷ്‌രിക് ആവുന്നതാണ്.


രണ്ട്, യുവജനത്തിലെ അശുദ്ധർ എന്നതിൻ്റെ ആശയം അവരുടെ ശരീരമോ വസ്ത്രമോ അവർ ഉപയോഗിച്ച ആഹാരപാനീയങ്ങളോ അശുദ്ധമാണെന്നതല്ല. അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ അമുസ്‌ലിംകളെ സൽക്കരിക്കുകയും അവരുടെ സൽക്കാരം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അമുസ്‌ലിം സംഘങ്ങളെ സ്വീകരിക്കുകയും മസ്ജിദുന്നബവിയിൽ അവരെ താമസിപ്പിക്കുകയും സ്വന്തം വിരിപ്പിൽ അവരെ ഇരുത്തുകയും ഉറക്കുകയും ചെയ്തിട്ടുണ്ട്. അവർ ശാരീരികമായി അശുദ്ധരാണെന്ന വീക്ഷണമുണ്ടായിരുന്നെങ്കിൽ റസൂലുല്ലാഹി ﷺ ഇപ്രകാരം ചെയ്യുകയില്ലായിരുന്നു. അതെ, ഇവിടുത്തെ അശുദ്ധി കൊണ്ടുള്ള ഉദ്ദേശം വിശ്വാസ ചിന്തകളിലെ അശുദ്ധിയാണ്. നാം പലരെ കുറിച്ചും അശുദ്ധമായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉള്ളവരെന്നും അശുദ്ധമായ ഗൂഢ ചിന്താഗതിക്കാരെന്നും പറയാറുണ്ട്. ഇതുകൊണ്ടുള്ള ഉദ്ദേശം ചിന്തകളിലും ലക്ഷ്യങ്ങളിലുമുള്ള അശുദ്ധിയാണ്. ചുരുക്കത്തിൽ ഈ ആയത്തിലെ അശുദ്ധി എന്നത് കൊണ്ടുള്ള ഉദ്ദേശം ബഹുദൈവാരാധന അങ്ങേയറ്റം തെറ്റും സത്യത്തിന് വിരുദ്ധവുമാണ് എന്നറിയിക്കലാണ്. 


മൂന്ന്, ഏകദൈവ വിശ്വാസത്തിൻ്റെ ഗൗരവവും ശിർക്കിനോടുള്ള  എതിർപ്പും ഇസ്‌ലാമിൻ്റേത് മാത്രമല്ല. എല്ലാ മതങ്ങളും യഥാർത്ഥത്തിൽ ഇത് സന്ദേശിക്കുന്നുണ്ട്. ബൈബിളിൽ ധാരാളം സ്ഥലങ്ങളിൽ ബഹുദൈവാരാധന വിമർശിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ക്രൈസ്തവ സഹോദരങ്ങൾ ഇന്ന് ത്രികേയത്വം വാദിക്കുന്നെങ്കിലും യഥാർത്ഥത്തിൽ ബൈബിളിൽ അതിനെ കുറിച്ച് വ്യക്തമായ ഒരു വാചകം പോലുമില്ല. മറിച്ച്, ത്രികേയത്വം ചില വാചകങ്ങളുടെ വെളിച്ചത്തിൽ അവർ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്യുന്നത്. ഹൈന്ദവ വേദങ്ങളിലും പടച്ചവൻ ഏകനാണെന്നും പങ്കുകാരില്ലെന്നും പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല ദൈവത്തിന് ശരീരം ഇല്ലെന്നും ദൈവം ഏകനായി വാഴുന്നവനാണെന്നും മുഴുവൻ ലോകത്തെയും നിയന്ത്രിക്കുന്നവൻ ആണെന്നും വ്യക്തമാക്കുന്നു. പണ്ഡിറ്റ് ധ്വയാനന്ദ സ്വരസ്വതിജിയുടെ ‘സത്യാർത്ഥ പ്രകാശ്' എന്ന സുപ്രസിദ്ധ രചനയിൽ വിഗ്രഹാരാധനയെ വിമർശിച്ചുകൊണ്ട് ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ നിന്നും ധാരാളം വചനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. അതിലെ ചില വചനങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു: 


• ദൈവം സർവ്വ വ്യാപിയും പരിശുദ്ധനും ശരീരമില്ലാത്തവനുമാണ്. (യജുർവേദം 40:8)


• ഞാൻ സമുന്നത ശക്തിയുടെയും അനുഗ്രഹത്തിന്റെയും സ്രോതസ്സും സൂര്യനെ പോലെ ലോകം മുഴുവനും പ്രകാശിപ്പിക്കുന്നവനുമാകുന്നു. ഞാൻ അജയ്യനാണ്. ഞാൻ ഒരിക്കലും മരിക്കുന്നതല്ല. അനുഗ്രഹങ്ങളുടെ കേദാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടാവാണ്. മാത്രം നിങ്ങൾ സൃഷ്ടാവും ആദ്യനുമായി കാണുക. അറിവുള്ളവരെ അനുഗ്രഹ ഐശ്വര്യങ്ങൾ ലഭിക്കുന്നതിനും വിജ്ഞാനത്തിന്റെയും മറ്റും ഔദാര്യങ്ങൾ ഉണ്ടാകുന്നതിനും നിങ്ങൾ എന്നോട് അപേക്ഷിക്കുക. (ഋഗ്വേദം 5:48:10)


• എന്നെ മാത്രം വാഴ്ത്തലും പുകഴ്ത്തലുമാണ് സന്മാർഗം. ഇപ്രകാരം വാഴ്ത്തുന്നവർക്ക് ഞാൻ സമുന്നത വിജ്ഞാനത്തിന്റെയും മറ്റും അനുഗ്രഹം കനിയുന്നതാണ്. ലോകത്തുള്ള സകല വസ്തുക്കളുടെയും പടച്ചവനും പരിപാലകനും ഞാനാണ്. ആകയാൽ നിങ്ങൾ എന്നെ വിട്ടു മറ്റൊന്നിനെയും ആരാധിക്കരുത്. (അഥർവേദം 10:49:1) 


• ഈശ്വരനെ കണ്ണുകൾ കൊണ്ട് കാണുക സാധ്യമല്ല. പടച്ചവന്റെ ഔദാര്യം കൊണ്ടാണ് കണ്ണുകൾക്ക് കാഴ്ച ലഭിക്കുന്നത്. അങ്ങനെയുള്ള പടച്ചവനെ നിങ്ങൾ ദൈവമായി കാണുക. കണ്ണുകൊണ്ട് കാണപ്പെടുന്ന പലതിനെയും ജനങ്ങൾ ആരാധിക്കുന്നെങ്കിലും അതൊന്നും ദൈവമല്ല. (ഗണോപനിഷത്ത് 1:6)


ഹിന്ദുമതത്തിലെ ആധികാരിക രചനകളുടെ ഉദ്ധരണികൾ പടച്ചവൻ ഏകനാണെന്നും പടച്ചവനോട് പങ്കു ചേർക്കാതിരിക്കണമെന്നും അതുതന്നെയാണ് ഹൈന്ദവ ധർമ്മത്തിന്റെ അടിസ്ഥാനമെന്നും സനാതന മൂല്യമെന്നും വ്യക്തമായി അറിയിക്കുന്നു. ഇത്തരുണത്തിൽ ബഹുദൈവാരാധകർ അശുദ്ധരാണ് എന്തു കൊണ്ടുള്ള വിവക്ഷയിൽ  സ്വന്തം ഹൈന്ദവരെന്ന് വാദിക്കുന്നെങ്കിലും യഥാർത്ഥ ഹൈന്ദവ ധർമ്മം അനുസരിച്ച് ജീവിക്കാത്തവരും യഹൂദികൾ എന്ന വാദിക്കുന്നെങ്കിലും യഥാർത്ഥ യഹൂദ മതമനുസരിച്ച് ജീവിക്കാത്തവരും ക്രൈസ്തവരെന്ന് വാദിക്കുന്നെങ്കിലും അതനുസരിച്ച് ജീവിക്കാത്തവരും മുസ്‌ലിംകൾ എന്ന് വാദിക്കുന്നെങ്കിലും ഇസ്‌ലാമിൻ്റെ അടിസ്ഥാന തത്വമായ തൗഹീദ് അനുസരിക്കാത്തവരും പെടുന്നതാണ്. 


നാല്, ഒരു മതത്തെ അംഗീകരിക്കുന്നെങ്കിലും ആ മതത്തിൻ്റെ യഥാർത്ഥ സന്ദേശങ്ങൾ അനുസരിക്കാതെ ജീവിക്കുന്നവരെ കുറിച്ച് ഓരോ മതങ്ങളും കടുത്ത വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. ബൈബിൾ പാരായണം ചെയ്താൽ അതിൽ ധാരാളം സ്ഥലങ്ങളിൽ മതനിയമങ്ങൾ പാലിക്കാത്തവരെ വൃത്തികെട്ടവർ, മോശപ്പെട്ടവർ തുടങ്ങിയ നാമങ്ങളിൽ അഭിസംബോധന ചെയ്തിട്ടുണ്ട്. യഥാർത്ഥ മതം ആചരിക്കാത്ത ആളുകളെ കുറിച്ച് ഹൈന്ദവ ധർമ്മത്തിലും കടുത്ത പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഋഗ്വേദം 10:22:2:8, 7:49:4, 5:29:1 നോക്കുക. ചില സ്ഥങ്ങളിൽ അവരെ മുഖം കറുത്തവരെന്നും മറ്റു ചില സ്ഥലങ്ങളിൽ ഇതിൽ കണ്ണികൾ പിടിച്ച മരങ്ങളെന്നും മറ്റും വിശേഷിപ്പിച്ചിരിക്കുന്നു. (ഋഗ്വേദം 6:21, 8:4:6; സാമവേദം 4:2:4:11) ചില വേദങ്ങളിൽ അധർമ്മകാരികളെ ആർത്തി പൂണ്ട രാക്ഷസന്മാരും വൃത്തികെട്ട ശത്രുവെന്നും അനുസ്മരിച്ചിട്ടുണ്ട്. അതെ, ഖുർആനിൽ ഒരു സ്ഥലത്ത് മാത്രമാണ് ബഹുദൈവാരാധകരെ അശുദ്ധരെന്ന് പറഞ്ഞിട്ടുള്ളത് പക്ഷേ  ഇതര വേദങ്ങളിൽ മതവിരുദ്ധരെ കുറിച്ച് ധാരാളം സ്ഥലങ്ങളിൽ കടുത്ത പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. മാത്രമല്ല, അഥർ വേദത്തിൽ അധർമ്മകാരികളെ അശുദ്ധർ എന്ന് തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (അഥർവേദം 3:8:6-10) 


അഞ്ച്, ഇത് അധർമ്മകാരികളെ കുറിച്ച് വേദങ്ങളിൽ വന്നിട്ടുള്ളതാണ്. എന്നാൽ മനുസ്മൃതിയുടെ അധ്യാപനമനുസരിച്ച് വിശ്വാസകർമ്മങ്ങളുടെ പേരിലല്ല, വംശത്തിന്റെ പേരിലാണ് ജനങ്ങളെ നിന്ദിച്ചിരിക്കുന്നത്. ശുദ്രന്മാർക്ക് അങ്ങേയറ്റം നിന്ദ്യവും നീചവുമായ പദപ്രയോഗങ്ങളും തരം താഴ്ന്ന മര്യാദകളും നിർദ്ദേശിച്ചിരിക്കുന്നു. ശുദ്രന്മാർ ശാരീരികമായി മലവും മൂത്രവും പോലെ അശുദ്ധരാണെന്നും അകറ്റപ്പെടേണ്ടവരാണെന്നും പ്രഖ്യാപിക്കുന്നു. (മനുസ്മൃതി 43:12, 213:4, 17:3, 322:4, 291:3)


🔹🔹🔹🔹🔹🔹🔹




മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുല്‍ ജുമുഅ -2 (11 ആയത്തുകള്‍, പദങ്ങള്‍ 180, അക്ഷരങ്ങള്‍ 720, മദീനമുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 110. പാരായണ ക്രമം 62. സൂറത്തുസ്സ്വഫ്ഫിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം



ജുമുഅ നമസ്കാരം ശരിയായ നിലയില്‍ നിര്‍വ്വഹിക്കുക

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



ആയത്ത് 09-11


يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (9) فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ (10وَإِذَا رَأَوْا تِجَارَةً أَوْ لَهْوًا انفَضُّوا إِلَيْهَا وَتَرَكُوكَ قَائِمًا ۚ قُلْ مَا عِندَ اللَّهِ خَيْرٌ مِّنَ اللَّهْوِ وَمِنَ التِّجَارَةِ ۚ وَاللَّهُ خَيْرُ الرَّازِقِينَ (11)

സത്യവിശ്വാസികളെ, വെള്ളിയാഴ്ച ദിവസം നിങ്ങളെ നമസ്കാരത്തിലേക്ക് വിളിക്കപ്പെട്ടാല്‍, അല്ലാഹുവിന്‍റെ സ്മരണയിലേക്ക് നിങ്ങള്‍ വേഗം പോകുകയും കച്ചവടത്തെ മാറ്റിവെയ്ക്കുകയും ചെയ്യുക. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം.(9) നമസ്കാരം പൂര്‍ണമായി നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ പരക്കുകയും അല്ലാഹുവിന്‍റെ ഔദാര്യം തേടുകയും അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ വിജയം വരിക്കുന്നതാണ്.(10) അവര്‍ കച്ചവടമോ പാഴ് കാര്യങ്ങളോ കണ്ടാല്‍ അതിലേക്ക് ഓടുകയും താങ്കളെ നില്‍ക്കുന്ന നിലയില്‍ വിട്ടുകളയുകയും ചെയ്യുന്നു. പറയുക: അല്ലാഹുവിന്‍റെ പക്കലുള്ളത് പാഴ് കാര്യത്തേക്കാളും കച്ചവടത്തേക്കാളും ഉത്തമമാണ്. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു.(11) ആശയ സംഗ്രഹം സത്യവിശ്വാസികളെ, വെള്ളിയാഴ്ച ദിവസം നിങ്ങളെ ജുമുഅ നമസ്കാരത്തിന് വേണ്ടി ബാങ്ക് കൊടുക്കപ്പെട്ടാല്‍, അല്ലാഹുവിന്‍റെ സ്മരണയായ ഖുതുബയിലേക്കും നമസ്കാരത്തിലേക്കും നിങ്ങള്‍ ഉടനടി പോകുക. നമസ്കാരത്തിലേക്ക് പോകുന്നതിന് തടസ്സമായ ക്രയവിക്രയവും അതുപോലുള്ള ജോലികളും മാറ്റിവെയ്ക്കുകയും ചെയ്യുക. ക്രയവിക്രയത്തിന്‍റെ കാര്യം പ്രത്യേകം പറഞ്ഞത് അത് ഉപേക്ഷിക്കുന്നതിലൂടെ ലാഭം നഷ്ടപ്പെടുമെന്ന് പൊതുവില്‍ വിചാരിക്കുന്ന കാരണത്താലാണ്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍ ക്രയവിക്രയങ്ങളും മറ്റും ഉപേക്ഷിച്ച് ഇപ്രകാരം പോകുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം. കാരണം ഇതിന്‍റെ പ്രയോജനം അവശേഷിക്കുന്നതും കച്ചവടത്തിന്‍റെയും മറ്റും പ്രയോജനം അവസാനിക്കുന്നതുമാണ്. ജുമുഅ നമസ്കാരം പൂര്‍ണമായി നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ പരക്കുകയും അല്ലാഹുവിന്‍റെ ഔദാര്യം തേടുകയും അതിനിടയിലും അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ചെയ്യുക. ആദ്യകാലത്ത് ജുമുഅ നമസ്കാരത്തിന് ശേഷമാണ് ഖുതുബ നടന്നിരുന്നത്. അത്തരുണത്തില്‍ ഈ ആയത്തിലെ നമസ്കാരം നിര്‍വ്വഹിക്കപ്പെട്ട് കഴിഞ്ഞാല്‍ എന്നതിന്‍റെ ആശയം നമസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിച്ച് കഴിഞ്ഞാല്‍ എന്നാണ്. ക്രയവിക്രയങ്ങള്‍ക്കിടയില്‍ അല്ലാഹുവിനെ സ്മരിക്കണമെന്ന് പറഞ്ഞത് പടച്ചവന്‍റെ വിധിവിലക്കുകളും ആരാധനകളും മറക്കുന്ന നിലയില്‍ ഭൗതിക കാര്യങ്ങളില്‍ മുഴുകാതിരിക്കാനാണ്. എന്നാല്‍ നിങ്ങള്‍ വിജയം വരിക്കുന്നതാണ്. അവരില്‍ ചിലര്‍ കച്ചവടമോ മറ്റുകാര്യങ്ങളോ കണ്ടാല്‍ അതിലേക്ക് ഓടുകയും താങ്കളെ നില്‍ക്കുന്ന നിലയില്‍ വിട്ടുകളയുകയും ചെയ്യുന്നു. പറയുക: അല്ലാഹുവിന്‍റെ പക്കലുള്ള പ്രതിഫലവും സാമിപ്യവും മറ്റുകാര്യത്തേക്കാളും കച്ചവടത്തേക്കാളും ഉത്തമമാണ്. ഇനി നിങ്ങള്‍ക്ക് സമ്പത്തിനോടും ഉപജീവനത്തോടും താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക: അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതില്‍ മുഴുകിയാല്‍ അല്ലാഹു വിധിച്ച ഉപജീവനം നിങ്ങള്‍ക്ക് നല്‍കുന്നതാണ്. പിന്നെന്തിനാണ് അല്ലാഹുവിന്‍റെ ആരാധനയെ നിങ്ങള്‍ ഉപേക്ഷിക്കുന്നത്. വിവരണവും വ്യാഖ്യാനവും സത്യവിശ്വാസികളെ, വെള്ളിയാഴ്ച ദിവസം നിങ്ങളെ നമസ്കാരത്തിലേക്ക് വിളിക്കപ്പെട്ടാല്‍, അല്ലാഹുവിന്‍റെ സ്മരണയിലേക്ക് നിങ്ങള്‍ വേഗം പോകുകയും കച്ചവടത്തെ മാറ്റിവെയ്ക്കുകയും ചെയ്യുക. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം.(9) വെള്ളിയാഴ്ച ദിവസത്തിന് ജുമുഅ എന്ന് പേര് പറയപ്പെടാനുള്ള കാരണം ഈ ദിനത്തില്‍ മുസ്ലിംകള്‍ ഒരുമിച്ച് കൂടുന്നതുകൊണ്ടാണ്. അല്ലാഹു ആകാശ-ഭൂമികളെ ഞായര്‍ മുതല്‍ ആറ് ദിനങ്ങളിലായി സൃഷ്ടിച്ചു. ആറാമത്തെ ദിവസം വെള്ളിയാഴ്ചയായിരുന്നു. ഈ വെള്ളിയാഴ്ചയായിരുന്നു സൃഷ്ടിപ്പ് പൂര്‍ത്തീകരിക്കപ്പെട്ടത്. ഈ ദിനം തന്നെയാണ് ആദം നബി (അ) പടയ്ക്കപ്പെട്ടത്. ആദം നബി (അ)യെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും ഭൂമിയിലേക്ക് അയക്കപ്പെട്ടതും ഈ ദിനത്തിലാണ്. ലോകാവസാനം സംഭവിക്കുന്നതും ഈ ദിവസത്തില്‍ തന്നെയായിരിക്കും. ഈ ദിവസത്തില്‍ അത്ഭുതകരമായ ഒരു സമയമുണ്ട്. ആ സമയത്ത് മനുഷ്യന്‍ എന്ത് ചോദിച്ചാലും അല്ലാഹു അത് സ്വീകരിക്കുന്നതാണ്. (ഇബ്നുകസീര്‍) അല്ലാഹു ജനങ്ങളെല്ലാം ഒരുമിച്ച് കൂടാന്‍ ആഴ്ചയില്‍ ഒരു ദിവസം നിശ്ചയിക്കുകയുണ്ടായി. എന്നാല്‍ ഗതകാല സമുദായങ്ങള്‍ ഈ ദിനത്തില്‍ മാറ്റം വരുത്തുകയും യഹൂദികള്‍ ശനിയാഴ്ചയും നസ്രാണികള്‍ ഞായറാഴ്ചയും തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ മുസ്ലിംകള്‍ ജുമുഅ ദിവസം തന്നെ ഇതിനുവേണ്ടി തെരഞ്ഞെടുത്തു. (ബുഖാരി) ജാഹിലിയ്യാ കാലഘട്ടത്തില്‍ ഈ ദിനത്തിന് ഹറൂബാ ദിനം എന്ന് പറയപ്പെട്ടിരുന്നു. കഅ്ബുബ്നു ലുഅയ് എന്ന വ്യക്തിയാണ് ഈ ദിനത്തിന് ജുമുഅ എന്ന് പേര് വെച്ചത്. ഖുറൈശികള്‍ ഈ ദിനത്തില്‍ ഒരുമിച്ച് കൂടുകയും കഅ്ബുബ്നു ലുഅയ് അവര്‍ക്ക് മുമ്പാകെ പ്രഭാഷണം നടത്തുകയും ചെയ്യുമായിരുന്നു.റസൂലുല്ലാഹി (സ)യ്ക്ക് അഞ്ഞൂറ് വര്‍ഷം മുമ്പാണ് നടന്നത്. കഅ്ബുബ്നു ലുഅയ് റസൂലുല്ലാഹി (സ)യുടെ പിതാമഹന്മാരില്‍ പെട്ട വ്യക്തിയാണ്. അദ്ദേഹത്തെ ജാഹിലിയ്യാ കാലഘട്ടത്തില്‍ പടച്ചവന്‍ ബഹുദൈവരാധയില്‍ നിന്നും രക്ഷിച്ചു. ഏകദൈവ വിശ്വാസത്തിന് സൗഭാഗ്യം നല്‍കി. അദ്ദേഹം റസൂലുല്ലാഹി (സ)യുടെ ആഗമനത്തിന്‍റെ വാര്‍ത്ത ജനങ്ങളെ കേള്‍പ്പിച്ചിരുന്നു. അറബികള്‍ അദ്ദേഹത്തെ വളരെയധികം ആദരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കാലഘട്ടം മുതലാണ് അറബികള്‍ അവരുടെ തീയതിയെ നിശ്ചയിച്ച് തുടങ്ങിയത്. ചുരുക്കത്തില്‍ കഅ്ബുബ്നു ലുഅയ്യിന്‍റെ കാലത്ത് തന്നെ വെള്ളിയാഴ്ചയെ അറബികള്‍ ആദരിച്ചിരുന്നു. (മസ്ഹരി) ഒരു ഹദീസില്‍ വന്നിരിക്കുന്നു: മദീനയിലെ അന്‍സാറുകളും ഹിജ്റയ്ക്ക് മുമ്പ് വെള്ളിയാഴ്ച ദിവസം ഒരുമിച്ച് കൂടി വിവിധ ആരാധനകള്‍ ചെയ്യുന്നതില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. (മസ്ഹരി) നമസ്കാരത്തിലേക്ക് വിളിയ്ക്കപ്പെടുക എന്നതുകൊണ്ടുള്ള ഉദ്ദേശം വെള്ളിയാഴ്ച ദിവസത്തില്‍ ബാങ്ക് കൊടുക്കലാണ്. സഅ്യ് എന്നതിന്‍റെ അര്‍ത്ഥം ഓടുക എന്നതുമുണ്ട്. ചില കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധയോടെ ചെയ്യുന്നതിനും സഅ്യ് എന്ന് പറയപ്പെടുന്നതാണ്. ഇവിടെ രണ്ടാമത്തെ ആശയമാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കാരണം നമസ്കരിക്കാന്‍ വേണ്ടി ഓടി വരുന്നതിനെ റസൂലുല്ലാഹി (സ) തടഞ്ഞിരിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ നമസ്കാരത്തിന് വരുമ്പോള്‍ ശാന്തതയോടെയും ഗാംഭീര്യത്തോടെയും വരുക. ആയത്തിന്‍റെ ആശയം ഇതാണ്: ജുമുഅ ദിവസം ജുമുഅ നമസ്കാരത്തിന് വേണ്ടി ബാങ്ക് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിന്‍റെ സ്മരണയായ നമസ്കരത്തിനും ഖുതുബയ്ക്കും വേണ്ടി മസ്ജിദിലേക്ക് ശ്രദ്ധയോടെ കൂടി വരുക. ഓടുന്ന വ്യക്തി മറ്റൊരു കാര്യത്തിലേക്കും ശ്രദ്ധിക്കാതെ ഈ വിഷയത്തിലേക്ക് മാത്രം ശ്രദ്ധിച്ചുകൊണ്ട് വരുക. ബാങ്കിന് ശേഷം നമസ്കാരവും ഖുതുബയും അല്ലാത്ത മറ്റൊന്നിലേക്കും തിരിയരുത്. (ഇബ്നു കസീര്‍) അല്ലാഹുവിന്‍റെ സ്മരണകൊണ്ടുള്ള ഉദ്ദേശം ജുമുഅ നമസ്കാരവും ജുമുഅ നമസ്കാരത്തിന്‍റെ നിബന്ധനയായ ഖുതുബയും ആകാനും രണ്ടും കൂടി ആകാനും സാധ്യതയുണ്ട്. രണ്ടാമത്തെ അഭിപ്രായമാണ് ഉത്തമം (മസ്ഹരി) കച്ചവടങ്ങളെ ഉപേക്ഷിക്കുക!: ഇവിടെ കച്ചവടം കൊണ്ടുള്ള ഉദ്ദേശം കൊടുക്കലും വാങ്ങലുമാണ്. ബയ്ഇന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം വില്‍ക്കുക എന്നതാണ്. പക്ഷേ, അതുകൊണ്ടുള്ള ഉദ്ദേശം വില്‍ക്കലും വാങ്ങലുമാണ്. വില്‍ക്കുക എന്നതിനെ മാത്രം പറയാനുള്ള കാരണം ഒന്ന് ഇല്ലാതായാല്‍ മറ്റേത് തനിയെ ഇല്ലാതാകുന്നതാണ്. വില്‍ക്കാന്‍ ആരും ഉണ്ടാകാതിരിക്കുമ്പോള്‍ വാങ്ങാനും ആരും ഉണ്ടാകുന്നതല്ല. ഈ ആയത്തിന്‍റെ വെളിച്ചത്തില്‍ ജുമുഅ ബാങ്കിന് ശേഷം കൊടുക്കല്‍ വാങ്ങലുകള്‍ നിഷിദ്ധമാണെന്ന് പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു. ഇത് അനുസരിക്കേണ്ടത് വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. കടകള്‍ അടയ്ക്കുക എന്നുള്ളതാണ് ഇതിനുള്ള കാര്‍മ്മിക പദ്ധതി. അതുണ്ടായാല്‍ കൊടുക്കുന്നതും വാങ്ങുന്നതും തനിയെ ഇല്ലാതാകുന്നതാണ്. വാങ്ങുന്നവര്‍ എണ്ണമറ്റ ആളുകളാണ്. അതുകൊണ്ട് അവരെ തടഞ്ഞുനിര്‍ത്തുക എളുപ്പമല്ല. എന്നാല്‍ വില്‍ക്കുന്നവരും കടക്കാരും പരിമിതമാണ്. അവരെ വില്‍പ്പനയില്‍ നിന്നും തടയപ്പെട്ടാല്‍ മറ്റുള്ളവരും അതില്‍ നിന്നും മാറുന്നതാണ്. കുറിപ്പ്: ജുമുഅ ബാങ്കിന് ശേഷം എല്ലാ ജോലികളും തടയപ്പെട്ടിരിക്കുന്നു. കൃഷി, കച്ചവടം, തൊഴില്‍ ഇതില്‍ പെടുന്നതാണ്. പക്ഷേ, പരിശുദ്ധ ഖുര്‍ആനില്‍ കച്ചവടത്തെ മാത്രം പറഞ്ഞത് ജുമുഅ പ്രധാനമായും പട്ടണങ്ങളിലാണ് നടക്കുന്നത്. ചെറുകുഗ്രാമങ്ങളില്‍ ജുമുഅ നടക്കുന്നതല്ല. അതുകൊണ്ട് പട്ടണങ്ങളിലും നാടുകളിലും പൊതുവില്‍ ജനങ്ങള്‍ വരുമാനത്തിന് വേണ്ടി കണ്ടെത്തുന്ന മാര്‍ഗ്ഗത്തെ പ്രത്യേകം തടയുകയുണ്ടായി. കുഗ്രാമങ്ങളിലെ ജനങ്ങള്‍ പൊതുവില്‍ കൃഷിയും ഭൂമിയുമായ ബന്ധപ്പെട്ട ജോലികളുമാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ കച്ചവടം കൊണ്ടുള്ള ഉദ്ദേശം വെറും കച്ചവടം മാത്രമല്ല, മറിച്ച് ജുമുഅയിലേക്ക് പോകുന്നതിലുള്ള ശ്രദ്ധയില്‍ തടസ്സം സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും കച്ചവടത്തിന്‍റെ ആശയത്തില്‍ വരുന്നതാണ്. ആകയാല്‍ ജുമുഅ ബാങ്കിന് ശേഷം ആഹാര-പാനിയങ്ങള്‍ ഉപയോഗിക്കലും ഉറങ്ങലും ആരെങ്കിലുമായി സംസാരിക്കലും എന്തിനേറെ ഗ്രന്ഥ പാരായണവും മറ്റും തടയപ്പെട്ടിരിക്കുന്നു. ജുമുഅയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ അനുവാദമുണ്ട്. ജുമുഅയുടെ ബാങ്ക് ആരംഭത്തില്‍ ഒന്ന് മാത്രമായിരുന്നു. അത് ഖുതുബയുടെ സമയത്ത് ഇമാമിന് മുമ്പില്‍ നിര്‍വ്വഹിക്കപ്പെടുന്ന ബാങ്കാണ്. റസൂലുല്ലാഹി (സ)യുടെയും അബൂബക്ര്‍ സിദ്ദീഖ് (റ), ഉമര്‍ (റ) ഇരുവരുടെയും കാലത്ത് ഇതേ രീതിയിലാണ് കാര്യങ്ങള്‍ നടന്നിരുന്നത്. ഉസ്മാന്‍ (റ)ന്‍റെ കാലത്ത് മുസ്ലിംകളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുകയും മദീനയിലെ ജനങ്ങള്‍ വിവിധ ഭാഗത്ത് താമസമാക്കുകയും ചെയ്തപ്പോള്‍ ഇമാമിന് മുമ്പില്‍ ഖുതുബയുടെ സന്ദര്‍ഭത്തിലുള്ള ബാങ്ക് വിദൂരങ്ങളില്‍ കേള്‍ക്കാതെയായി. അപ്പോള്‍ ഉസ്മാന്‍ (റ) മറ്റൊരു ബാങ്ക് മസ്ജിദില്‍ നിന്നും വെളിയില്‍ സൗറാഅ് എന്ന ഒരു ഉയര്‍ന്ന സ്ഥലത്ത് വെച്ച് നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിച്ചു. അതിന്‍റെ ശബ്ദം മദീനയില്‍ മൊത്തം എത്തുമായിരുന്നു. സഹാബികളില്‍ ആരും ഇതിനെ എതിര്‍ത്തതുമില്ല. അതുകൊണ്ട് ഇത് സഹാബത്തിന്‍റെ ഏകഖണ്ഡമായ അഭിപ്രായത്തോടെ ഇത് ഒന്നാം ബാങ്കായി നിശ്ചയിക്കപ്പെട്ടു. ബാങ്കിന്‍റെ സമയത്ത് കച്ചവടങ്ങളും ഇതര ജോലികളും നിഷിദ്ധമാകുന്ന കല്‍പ്പന മുമ്പ് ഖുതുബയുടെ സമയത്തുള്ള ബാങ്കിന് ശേഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മുമ്പ് നിര്‍വ്വഹിക്കപ്പെടുന്ന ബാങ്കോട് കൂടി നിശ്ചയിക്കപ്പെട്ടു. കാരണം ഖുര്‍ആന്‍ വചനം വെള്ളിയാഴ്ച ദിവസം നമസ്കാരത്തിലേക്ക് വിളിയ്ക്കപ്പെട്ടാല്‍ എന്നാണ്. അത് ഈ ബാങ്കിലും പുലരുന്നുണ്ട്. ഈ കാര്യങ്ങള്‍ ഹദീസ്, തഫ്സീര്‍, ഫിഖ്ഹ് എന്നീ കിതാബുകളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജുമുഅ ദിവസം ളുഹ്റിന് പകരം ജുമുഅ നമസ്കാരമാണ് നിര്‍ബന്ധമാകുന്നത് എന്നതിലും ജുമുഅ നമസ്കാരം സാധാരണ അഞ്ച് നേര നമസ്കാരം പോലെ നമസ്കാരം മാത്രമല്ലെന്നും അതിന് മറ്റുചില നിബന്ധനകളുണ്ടെന്നും അഞ്ച് നേരെ നമസ്കാരങ്ങള്‍ ജമാഅത്തല്ലാതെ നമസ്കരിക്കാവുന്നതാണെങ്കിലും ജുമുഅ നമസ്കാരം ജമാഅത്തോട് കൂടി മാത്രമേ നമസ്കരിക്കാന്‍ കഴിയുകയുള്ളൂ എന്നതിലും പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ജമാഅത്തിന്‍റെ എണ്ണം എത്രയായിരിക്കണമെന്നതില്‍ പല അഭിപ്രായങ്ങളുമുണ്ട്. അഞ്ച് നേരത്തെ നമസ്കാരം നദിക്കരയിലും കാട്ടിലും മലയിലുമെല്ലാം നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍ ജുമുഅ നമസ്കാരം ആരുമില്ലാത്ത മണല്‍ക്കാട്ടില്‍ ശരിയാകുന്നതല്ലായെന്ന് എല്ലാവരും ഏകോപിച്ചിരിക്കുന്നു. അതുപോലെ സ്ത്രീകള്‍, രോഗികള്‍, യാത്രക്കാര്‍ ഇവരുടെ മേല്‍ ജുമുഅ നിര്‍ബന്ധമില്ല. ഇവര്‍ ജുമുഅയ്ക്ക് പകരം ളുഹ്ര്‍ നമസ്കരിക്കേണ്ടതാണ്. ജുമുഅ ഗ്രാമത്തില്‍ നിര്‍വ്വഹിക്കണമെന്നോ എന്ന വിഷയത്തില്‍ പണ്ഡിതര്‍ ഭിന്നിച്ചിരിക്കുന്നു. ഇമാം ശാഫിഈ (റ) പറയുന്നു: നാല്‍പ്പത് സ്വതന്ത്രരരും ബുദ്ധിമാന്മാരും പ്രായപൂര്‍ത്തിയുമായ പുരുഷന്മാര്‍ ഉണ്ടെങ്കില്‍ ആ ഗ്രാമത്തില്‍ ജുമുഅ നിര്‍ബന്ധമാകുന്നതാണ്. അതിനേക്കാള്‍ കുറവാണെങ്കില്‍ നിര്‍ബന്ധമില്ല. ഇമാം മാലിക് (റ) പറയുന്നു: വീടുകള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതും കമ്പോളമുള്ളതുമായ ഗ്രാമത്തില്‍ ജുമുഅ നിര്‍ബന്ധമാണ്. അബൂഹനീഫാ (റ) പറയുന്നു: റോടുകളും കമ്പോളങ്ങളും വിധികര്‍ത്താവും ഉള്ള ഒരു നാടായിരിക്കണം. ഇതിന്‍റെ വിശദീകരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇവിടെ ഉദ്ധരിക്കാന്‍ നിര്‍വ്വാഹമില്ല. ഈ ആയത്തിലെ ജുമുഅയ്ക്ക് ശ്രദ്ധയോട് കൂടി പുറപ്പെടുക എന്ന കല്‍പ്പന എല്ലാ മുസ്ലിംകള്‍ക്കും നിര്‍ബന്ധമില്ല. ഇതില്‍ ചില നിബന്ധനകളുണ്ട്. ആ നിബിന്ധനകള്‍ ഏതാണെന്ന വിഷയത്തിലും അഭിപ്രായ വ്യത്യാസമുണ്ട്. എന്നാലും നിര്‍ബന്ധമായവര്‍ക്ക് ഇത് വളരെ ശ്രദ്ധയോട് കൂടി നിര്‍വ്വഹിക്കണമെന്ന കല്‍പ്പനയുണ്ട്. നിര്‍ബന്ധമായവര്‍ ന്യായമായ കാരണമില്ലാതെ ജുമുഅ ഉപേക്ഷിക്കാന്‍ പാടില്ല. അങ്ങനെ ഉപേക്ഷിക്കുന്നവരുടെ മേല്‍ കടുത്ത മുന്നറിയിപ്പുകള്‍ വന്നിട്ടുണ്ട്. ജുമുഅയുടെ മര്യാദകള്‍ പാലിച്ചുകൊണ്ട് നമസ്കരിക്കുന്നവര്‍ക്ക് പ്രത്യേകമായ മഹത്വങ്ങളും ഐശ്വര്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. നമസ്കാരം പൂര്‍ണമായി നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ പരക്കുകയും അല്ലാഹുവിന്‍റെ ഔദാര്യം തേടുകയും അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ വിജയം വരിക്കുന്നതാണ്.(10) കഴിഞ്ഞ ആയത്തില്‍ ജുമുഅയുടെ ബാങ്കിന് ശേഷം ക്രയവിക്രയങ്ങളും ഇതര ഭൗതിക കാര്യങ്ങളെല്ലാം തടയുകയുണ്ടായി. ഈ ആയത്തില്‍ അതിനെ അനുവദിച്ചുകൊണ്ട് പറയുന്നു: ജുമുഅ നമസ്കാരം നിര്‍വ്വഹിക്കപ്പെട്ട് കഴിഞ്ഞാല്‍ കച്ചവടം നടത്താവുന്നതും വരുമാനങ്ങളുമായി ബന്ധപ്പെടാവുന്നതുമാണ്. ജുമുഅയ്ക്ക് ശേഷം കച്ചവടത്തില്‍ ഐശ്വര്യമുണ്ട്: ഇറാക് (റ) ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മസ്ജിദിന്‍റെ കവാടത്തില്‍ നിന്ന് ഇപ്രകാരം ദുആ ചെയ്യുമായിരുന്നു: അല്ലാഹുവേ, ഞാന്‍ നിന്‍റെ കല്‍പ്പന അനുസരിച്ച് നീ നിര്‍ബന്ധമാക്കിയത് നിര്‍വ്വഹിച്ചിരിക്കുന്നു. നീ കല്‍പ്പിച്ചതുപോലെ ഞാന്‍ നമസ്കരിച്ച് ഇപ്പോള്‍ പുറത്തേക്ക് പോവുകയാണ്. നിന്‍റെ ഔദാര്യം കൊണ്ട് എനിയ്ക്ക് ഉപജീവനം നല്‍കേണമേ. നീ ഏറ്റവും നല്ലനിലയില്‍ ഉപജീവനം നല്‍കുന്നവനാകുന്നു! ചില മഹാന്മാര്‍ പറയുന്നു: ജുമുഅ നമസ്കാരത്തിന് ശേഷം ബന്ധപ്പെടുന്നവരുടെ മേല്‍ പടച്ചവന്‍റെ ഭാഗത്ത് നിന്നും എഴുപത് ഇരട്ടി ഐശ്വര്യം നല്‍കപ്പെടുന്നതാണ്. (ഇബ്നു കസീര്‍) അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ചെയ്യുക! ജുമുഅ നമസ്കാരം കഴിഞ്ഞ് ക്രയവിക്രയങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. നിഷേധികളെപ്പോലെ പടച്ചവനെ മറന്നുകൊണ്ടാകരുത്. ക്രയവിക്രയങ്ങള്‍ നടത്തുമ്പോഴും അല്ലാഹുവിന്‍റെ ധ്യാനം നിലനിര്‍ത്തുക. അവര്‍ കച്ചവടമോ പാഴ് കാര്യങ്ങളോ കണ്ടാല്‍ അതിലേക്ക് ഓടുകയും താങ്കളെ നില്‍ക്കുന്ന നിലയില്‍ വിട്ടുകളയുകയും ചെയ്യുന്നു. പറയുക: അല്ലാഹുവിന്‍റെ പക്കലുള്ളത് പാഴ് കാര്യത്തേക്കാളും കച്ചവടത്തേക്കാളും ഉത്തമമാണ്. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു.(11) ജുമുഅയുടെ ഖുതുബ ഉപേക്ഷിച്ച് കച്ചവട കാര്യങ്ങളിലേക്ക് തിരിയുന്നവരെ ഈ ആയത്ത് വിമര്‍ശിക്കുന്നു. ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു: റസൂലുല്ലാഹി (സ) ആദ്യകാലത്ത് ജുമുഅ നമസ്കാരത്തിന് ശേഷമാണ് ഖുതുബ നടത്തിയിരുന്നത്. പെരുന്നാള്‍ നമസ്കാരങ്ങളില്‍ ഇപ്പോഴും ഇങ്ങനെ തന്നെയാണ്. ഒരിക്കല്‍ ജുമുഅ നമസ്കാരം കഴിഞ്ഞ് ഖുതുബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു കച്ചവട സംഘം മദീനയിലെ കമ്പോളത്തിലെത്തി. ചെണ്ടയുടെ മറ്റും ശബ്ദം കൊണ്ട് അത് തിരിച്ചറിഞ്ഞപ്പോള്‍ അത് തിരിച്ചറിഞ്ഞ സഹാബത്തില്‍ പലരും കമ്പോളത്തിലേക്ക് പോയി. ഇവിടെ റസൂലുല്ലാഹി (സ)യുടെ ഖുതുബ നടക്കുകയായിരുന്നു. പന്ത്രണ്ട് പേര്‍ മാത്രമേ ഇവിടെ അവശേഷിച്ചിരുന്നുള്ളൂ. (അബൂദാവൂദ്) ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: റസൂലുല്ലാഹി (സ) ഈ സംഭവത്തെത്തുടര്‍ന്ന് അരുളി: നിങ്ങള്‍ എല്ലാവരും പോയിരുന്നുവെങ്കില്‍ മദീനയില്‍ അല്ലാഹുവിന്‍റെ ശിക്ഷയെന്നോണം തീ നിറയുമായിരുന്നു. (അബൂയഅ്ല) മുഖാത്തല്‍ (റ) പറയുന്നു: ഈ കച്ചവടം സംഘം ദിഹ്യത്തുല്‍ ഖല്‍ബിയുടെ നേതൃത്വത്തിലുള്ളതായിരുന്നു. അവര്‍ ശാമില്‍ നിന്നാണ് വന്നത്. മദീനയിലേക്ക് ആവശ്യമുള്ള അത്യാവശ്യ സാധനവുമായിട്ടാണ് അവര്‍ വന്നിരുന്നത്. അവര്‍ വന്നതായി വിവരം ലഭിക്കുമ്പോള്‍ മദീനയിലെ പുരുഷന്മാരും സ്ത്രീകളുമെല്ലാം അവിടേക്ക് പോകുമായിരുന്നു. ദിഹ്യത്ത് (റ) അതുവരെ മുസ്ലിമായിരുന്നില്ല. ശേഷം അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഹസന്‍ ബസ്വരി (റ), അബൂമാലിക് (റ) ഇരുവരും പറയുന്നു: മദീനയില്‍ സാധനങ്ങളുടെ ദൗര്‍ലഭ്യം വളരെ കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്ത കാലത്താണ് ഈ സംഭവം നടന്നത്. (മസ്ഹരി) ഈ കാരണത്താല്‍ സഹാബികളില്‍ വലിയൊരു വിഭാഗം ഈ കച്ചവട സംഘം വന്നതുകേട്ട് പുറത്തേക്ക് പോയി. എന്നാല്‍ ഒന്നാമതായി നമസ്കാരം തന്നെ കഴിഞ്ഞിരുന്നു. ഖുതുബ ജുമുഅ നമസ്കാരത്തിന്‍റെ ഭാഗമാണെന്ന കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. രണ്ടാമതായി, വിലക്കയറ്റം വര്‍ദ്ധിച്ചിരുന്നു. മൂന്നാമതായി, കച്ചവട സംഘത്തിലേക്ക് ജനങ്ങളെല്ലാം വരുമ്പോള്‍ അവിടെ എത്താന്‍ അല്‍പ്പം താമസിക്കുന്നതിലൂടെ അത്യാവശ്യ സാധനങ്ങള്‍ കിട്ടാതിരിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ചുരുക്കത്തില്‍ ഈ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ സഹാബത്തില്‍ നിന്നും ഈ വീഴ്ചയുണ്ടായി. അതിനെക്കുറിച്ചാണ് ഹദീസില്‍ കടുത്ത മുന്നറിയിപ്പ് നല്‍കപ്പെട്ടത്. കൂടാതെ, ഈ ആയത്തിലൂടെ ഈ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ റസൂലുല്ലാഹി (സ) ഖുതുബയുടെ വിഷയത്തില്‍ സമീപനം മാറ്റുകയും നമസ്കാരത്തിന് ശേഷം നടത്തിയിരുന്ന ഖുതുബ ജുമുഅയ്ക്ക് മുമ്പാക്കുകയും ചെയ്തു. ഇത് തന്നെയാണ് ജുമുഅ ഖുതുബയുടെ ശരിയായ രീതിയും. (ഇബ്നുകസീര്‍) ഈ ആയത്തിലൂടെ അല്ലാഹു റസൂലുല്ലാഹി (സ)യോട് പറയുന്നു: താങ്കള്‍ ജനങ്ങളോട് പറയുക: അല്ലാഹുവിന്‍റെ പക്കലുള്ളത് ഈ കച്ചവടത്തേക്കാളും ഉത്തമമാണ്. അല്ലാഹുവിന്‍റെ പക്കലുള്ളത് എന്നതുകൊണ്ടുള്ള ഉദ്ദേശം പരലോകത്തുള്ള പ്രതിഫലമാണ്. ജുമുഅ നമസ്കാരത്തിന്‍റെയും ഖുതുബയുടെയും പേരില്‍ ഉണ്ടാകുന്ന നഷ്ടത്തേക്കാളും കൂടുതല്‍ ലാഭവും ഐശ്വര്യവും അല്ലാഹുതആല ജുമുഅ നമസ്കാരത്തിനും ഖുതുബയ്ക്കും ശേഷമുള്ള കച്ചവടത്തിലൂടെ നല്‍കുന്നതാണെന്ന് ഇതില്‍ സൂചനയുണ്ട്. ഇതിനെക്കുറിച്ചുള്ള മഹാന്മാരുടെ അഭിപ്രായം മുമ്പ് പറഞ്ഞുകഴിഞ്ഞു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 1391 ജമാദുല്‍ അവ്വല്‍ 28 വ്യാഴാഴ്ച ദിവസം സൂറത്തുല്‍ ജുമുഅ പൂര്‍ത്തിയായി

🔹🔹🔹🔹🔹





മആരിഫുല്‍ ഹദീസ്



അബൂബക്ർ (റ) ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


140. ഉമർ (റ) പ്രസ്താവിക്കുന്നു: അബൂബക്ർ (റ) ഞങ്ങളുടെ നേതാവും ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠനും റസൂലുല്ലാഹി (സ)ക്ക് ഏറ്റവും കൂടുതൽ പ്രിയങ്കരനുമാണ്. (തിർമിദി)


വിവരണം: ഉമറുൽ ഫാറൂഖ് (റ)ൻ്റെ ഈ വചനവും അബൂബക്ർ സിദ്ദീഖ് (റ)ൻ്റെ സമുന്നത സ്ഥാനം വരച്ചു കാട്ടുന്നു. റസൂലുല്ലാഹി (സ)യുടെ വചനങ്ങളും പ്രവർത്തനങ്ങളും ഇതിനെ ശരിവെക്കുകയും ചെയ്യുന്നു.


141. അലിയ്യ് (റ)ൻ്റെ മുഹമ്മദ് ഇബ്നുൽ ഹനഫിയ്യ വിവരിക്കുന്നു: ഞാൻ പിതാവിനോട് ചോദിച്ചു: ഈ സമുദായത്തിൽ റസൂലുല്ലാഹി (സ)ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠൻ ആരാണ്? അലിയ്യ് (റ) പറഞ്ഞു: അബൂബക്ർ! ഞാൻ ചോദിച്ചു ശേഷം ആരാണ്? പിതാവ് പറഞ്ഞു: ഉമർ! ഇതേ രീതിയിൽ അടുത്തതാരാണെന്ന് ചോദിച്ചാൽ ഉസ്മാൻ എന്ന് പറയുമെന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ ചോദ്യത്തിൻ്റെ ശൈലി മാറ്റി ഞാൻ ഇപ്രകാരം ചോദിച്ചു: ഉമർ കഴിഞ്ഞാൽ താങ്കളായിരിക്കുമല്ലേ? അലിയ്യ് (റ) പറഞ്ഞു: ഞാൻ മുസ്‌ലിംകളിൽ പെട്ടൊരു വ്യക്തി മാത്രമാണ്. (ബുഖാരി)


വിവരണം: മുഹമ്മദ് ഇബ്നുൽ ഹനഫിയ്യ (റ) ഹസ്രത്ത് അലിയ്യ് (റ)ൻ്റെ മകനാണ്. എന്നാൽ അദ്ദേഹത്തിൻ്റെ മാതാവ് ഫാത്വിമ (റ) അല്ല. അലിയ്യ് (റ)ൻ്റെ മറ്റൊരു ഭാര്യയായ ഹനഫിയ്യ (റ)യുടെ മകനാണ്. അവരുടെ യഥാർത്ഥ പേര് ഖൗല എന്നായിരുന്നെങ്കിലും ഗോത്ര നാമമായ ഹനഫിയ്യ എന്ന പേരിൽ അവർ പ്രസിദ്ധരായി. വിജ്ഞാനം, ഭയഭക്തി മുതലായ മഹൽ ഗുണങ്ങളിൽ മുഹമ്മദ് (റ) സമ്പൂർണ്ണത പ്രാപിച്ച താബിഈ ആയിരുന്നു. സമുദായത്തിലെ ഏറ്റവും ഉന്നതർ ആരാണെന്ന് ചോദിച്ചപ്പോൾ സിദ്ദീഖ് (റ), ഫാറൂഖ് (റ) എന്നിവരാണെന്ന് അലിയ്യ് (റ) മറുപടി പറയുകയും ഞാൻ ഒരു സാധാരണ മുസ്‌ലിം മാത്രമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. അലിയ്യ് (റ) തന്നെ കുറിച്ച് പറഞ്ഞത് വിനയത്തിൻ്റെയും താഴ്മയുടെയും പേരിലാണ്. ഉസ്മാൻ (റ) രക്തസാക്ഷി ആക്കപ്പെട്ടിരുന്നത് കൊണ്ട് അന്ന് സമുദായത്തിലെ സമുന്നത വ്യക്തിത്വം അലിയ്യ് (റ) തന്നെയായിരുന്നു. അലിയ്യ് (റ) ഇപ്രകാരം പ്രസ്താവിച്ചതായി ആധികാരിക പരമ്പരകളിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു: സമുദായത്തിലെ സമുന്നത സ്ഥാനീയർ അബൂബക്ർ (റ), ഉമർ (റ) എന്നിവരാണ്. അവരെക്കാളും എനിക്ക് ആരെങ്കിലും ശ്രേഷ്ഠത കൽപ്പിച്ചാൽ ഞാൻ അവർക്ക് നിയമപരമായ ശിക്ഷ നൽകുന്നതാണ്.



ഇലാ റഹ്മത്തില്ലാഹ്...


മൗലാനാ ഡോക്ടർ നദീർ അഹ്മദ് നദ്‌വി (റഹ്)


ജീവിതത്തിൽ ചില വ്യക്തികൾ ഉണ്ടാകും, അവർ വെറും പേരുകളല്ല, വിജ്ഞാനത്തിന്റെ പ്രഭയും വിനയത്തിന്റെ ശാന്തിയും ചേർന്നൊരു പ്രതീകമാണ്.

അത്തരം അപൂർവരിലൊരാളായിരുന്നു ശൈഖ് മൗലാനാ നദീർ അഹമ്മദ് നദ്‌വി رحمه الله...

മൗലാനാ നദീർ അഹമ്മദ് നദ്‌വി — പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ഒരു നിശ്ശബ്ദ പുഞ്ചിരിയുടെയും സൗമ്യ മുഖത്തിന്റെയും പ്രതിച്ഛായയാണ്.

വിജ്ഞാനം ധാരാളമായിരുന്നുവെങ്കിലും, അതിനെ ഒരിക്കലും അഭിമാനമായി മാറ്റിയില്ല.

വിനയം അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതലായിരുന്നു.

വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും, അഥവാ ഏറ്റവും ചെറുപ്പക്കാരോടും പോലും കാണിച്ചിരുന്ന മനോഹരമായ പെരുമാറ്റം അദ്ദേഹത്തെ ഒരു പ്രിയപ്പെട്ട വ്യക്തിയാക്കി.


മുദരിസീ ജീവിതം അദ്ദേഹത്തിന് ഒരു തൊഴിൽ ആയിരുന്നില്ല, അത് അദ്ദേഹത്തിന്റെ ജീവിതശ്വാസം ആയിരുന്നു.

ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെയും, അതിന്റെ ഉപശാഖകളുടെയും വളർച്ചയിൽ

അദ്ദേഹത്തിന്റെ പങ്ക് മൗനമായിരുന്നെങ്കിലും, അത്രമേൽ ആഴമേറിയതും സ്ഥിരതയേറിയതുമായിരുന്നു.

പഠിപ്പിക്കൽ അദ്ദേഹത്തിന് ഒരു കടമ മാത്രമല്ല, ഒരു ഇബാദത്തായിരുന്നു...


ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം സഹനത്തിന്റെ ഉദാഹരണമായി നിലകൊണ്ടു.

പരീക്ഷണങ്ങൾ വന്നപ്പോൾ പരാതി പറഞ്ഞില്ല; മറിച്ച്,

അത് എല്ലാം “അല്ലാഹുവിന്റെ വിധി” എന്നുറച്ച വിശ്വാസത്തോടെ സ്വീകരിച്ചു.

അദ്ദേഹത്തിന്റെ സ്നേഹഭരിതമായ ഹൃദയം അനവധി വിദ്യാർത്ഥികൾക്കായി ഒരു ആശ്രയകേന്ദ്രമായിരുന്നു.

ഓരോ വിദ്യാർത്ഥിയെയും അദ്ദേഹം തന്റെ മകനായി കണ്ടു, അവരുടെ വളർച്ചയിൽ പങ്കാളിയായി.


എന്നെ പോലെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾക്ക്, മൗലാനയുടെ ഓർമ്മ എന്നത്

പുസ്തകങ്ങളിലോ ക്ലാസ്സുകളിലോ മാത്രമല്ല, അദ്ദേഹം ജീവിതംകൊണ്ട് തന്ന പാഠങ്ങളിലാണ്.

അറിവ് വിനയത്തോടെ കൈകാര്യം ചെയ്യുക, സഹനത്തോടെ മുന്നേറുക, സ്നേഹത്തോടെ ലോകത്തെ സമീപിക്കുക,

ഇതായിരുന്നു അദ്ദേഹത്തിന്റെ പാഠം.


പ്രിയങ്കരനായ ഉസ്താദ് Umarul Farook കൈതോടിന്റെ നിർദ്ദേശപ്രകാരം അറബി ഭാഷയുടെ പ്രായോഗിക ശൈലി പഠിക്കാൻ പലപ്പോഴും ഞാൻ മൗലാനയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചെറു റൂമിൽ ചെല്ലുന്ന എന്നെ സ്നേഹ ഭാഷയിൽ ചേർത്തിരുത്തി പാഠങ്ങൾ പകർന്നു നൽകുമായിരുന്നു....


ഇന്ന് അദ്ദേഹം നമ്മിൽ നിന്ന് അകന്നുപോയി.

പക്ഷേ, അദ്ദേഹത്തിന്റെ ശാന്തമായ പുഞ്ചിരിയും, മൃദുവായ ശബ്ദവും,

വിജ്ഞാനത്തിന്റെ അതുല്യമായ തെളിച്ചവും

എന്നും നമ്മുടെ ഹൃദയങ്ങളിൽ തെളിഞ്ഞുകൊണ്ടിരിക്കും.


اللهم اغفر له وارحمه، واجعل قبره روضة من رياض الجنة،

واجزه عن علمه وتعليمه خير الجزاء.


പ്രിയ മൗലാനാ,

നിങ്ങൾ പോയി, പക്ഷേ നിങ്ങൾ വിതച്ച അറിവിന്റെയും സ്നേഹത്തിന്റെയും വിത്തുകൾ

ഇനിയുള്ള തലമുറകളിൽ എന്നും പച്ചയായി വിരിയട്ടെ.

നിങ്ങളുടെ വിദ്യാർത്ഥികൾ നിങ്ങളുടെ പാത പിന്തുടരുമ്പോൾ,

നിങ്ങൾ പഠിപ്പിച്ച ഓരോ വാക്കും അഖിറത്തിൽ നിങ്ങളുടെ തൂക്കുപാളിയിൽ പ്രതിഫലമാകട്ടെ...


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌