ജുമുഅ സന്ദേശം
ഇസ്‌ലാമും അടിമത്വവും - 2
മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
ഇസ്‌ലാമും അടിമത്വവും
അന്ത്യ പ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺക്ക് മുമ്പ് വ്യക്തികളെ താഴെ കൊടുക്കുന്ന രീതികളിലൂടെ അടിമകളാക്കപ്പെട്ടിരുന്നു.
• കുട്ടികളെ തട്ടിക്കൊണ്ട് പോയി അടിമകളാക്കുക.
• അനാഥരെ അടിമകളാക്കുക.
• ഒരു പ്രദേശത്തെ അക്രമിച്ച് പ്രദേശ നിവാസികളെ അടിമകളാക്കുക.
• കാറ്റവാളികളെ ശിക്ഷയെന്നോണം അടിമകളാക്കുക.
• കടം വാങ്ങിയ വ്യക്തിയെ അടിമയാക്കുക.
• ദാരിദ്രത്തിൻ്റെ പേരിൽ അടിമയാക്കുക.
• യുദ്ധ തടവുകാരെ അടിമയാക്കുക.
ഇസ്‌ലാം ഈ മുഴുവൻ രൂപങ്ങളെയും ഇല്ലാതാക്കി. എന്നാൽ ആരെങ്കിലുമായി യുദ്ധം നടക്കുകയും തടവുകാരെ മോചിപ്പിക്കാൻ കരാറോ പൊതുവായ അറിയിപ്പോ ഉണ്ടാകാതിരുന്നാൽ നടവുകാരെ അടിമകളാക്കാനുള്ള അനുമതി മാത്രം നൽകപ്പെട്ടിരുന്നു. കരാറോ പൊതുവായ അറിയിപ്പോ ഉള്ള സ്ഥലങ്ങളിൽ അത് പാലിക്കാൻ ശ്രദ്ധിച്ചിരുന്നു. ഇതിൻ്റെ ഒരുദാഹരണം മാത്രം കാണുക. റസൂലുല്ലാഹി ﷺയുടെ അരികിൽ മുസൈലിമയുടെ ഭാഗത്ത് നിന്നും രണ്ട് ദൂതന്മാർ വന്നു. യമാമയുടെ ഭരണാധികാരിയായിരുന്ന മുസൈലിമക്ക് വലിയ സൈന്യമുണ്ടായിരുന്നു. അയാൾ കള്ളപ്രവാചകത്വം വാദിച്ചു കൊണ്ടാണ് ദൂതനെ അയച്ചത്.
അടിമകളുടെ അവകാശങ്ങൾ
ഒരു ഭാഗത്ത് ഇസ്‌ലാം വളരെ കൂടുതലായി അടിമകളെ മോചിപ്പിക്കാൻ പ്രേരിപ്പിക്കുകയും അതിൻ്റെ വിവിധ വഴികൾ തുറക്കുകയും ചെയ്തപ്പോൾ മറുഭാഗത്ത് അടിമകൾക്ക് മാനുഷീകമായ മുല്യങ്ങൾ നൽകുകയും ചെയ്തു.
1. ആരെങ്കിലും അടിമയെ വധിക്കുകയാണെങ്കിൽ വധിച്ച വ്യക്തി സ്വതന്ത്രനാണെങ്കിലും പ്രതിക്രിയ നടപ്പിലാക്കപ്പെട്ടുന്നതാണ്. (സൂറ: ബഖറ: 178)
റസൂലുള്ളാഹി ﷺ അരുളി: ആരെങ്കിലും സ്വന്തം അടിമയെ വധിച്ചാൽ നാം അവനെ വധിക്കുന്നതാണ്. ആരെങ്കിലും അടിമയുടെ മൂക്ക് മുറിച്ചാൽ നാം അവൻ്റെ മൂക്കും മുറിക്കുന്നതാണ് (അബൂദാവൂദ്)
പഴയകാലത്ത് അടിമകളെ കൊണ്ട് കൂടുതൽ ജോലി ചെയ്യിപ്പിക്കുന്നത് അവരുടെ ലൈംഗികശേഷി നശിപ്പിക്കാറുണ്ടായിരുന്നു. റസൂലുല്ലാഹി ﷺ ഇതിനെ തടയുകയും അപ്രകാരം ചെയ്യുന്നവർക്ക് പ്രതിക്രിയ നടത്തുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അബൂബക്ർ സിദ്ദീഖ് (റ) ജനങ്ങൾക്ക് ബൈത്തുൽ മാലിൽ നിന്നും മാസം വിഹിതം നൽകുമ്പോൾ സ്വതന്ത്ര്യർക്കും അടിമകൾക്കുമിടയിൽ വേർതിരിവൊന്നും കൽപ്പിച്ചിരുന്നില്ല. (അൽ കാമിൽ ഫി താരീഖ്)
2. സ്വന്തം ആൺ പെൺ മക്കളെ വിവാഹം കഴിപ്പിക്കാൻ പ്രേരിപ്പിച്ചതുപോലെ അടിമകളെയും വിവാഹം കഴിപ്പിക്കാൻ ഇസ്‌ലാം നിർദേശിച്ചു. (സൂറ:നൂർ - 32)
പഴയകാലത്ത് അടിമകളെ കല്യാണം കഴിപ്പിച്ചതിന്ശേഷം ഉദ്ദേശിക്കുമ്പോൾ വിവാഹമോചനം ചെയ്യാൻ സാധിക്കുമായിരുന്നു. ഇതിനെ റസൂലുല്ലാഹി ﷺ നിരോധിക്കുകയുണ്ടായി ( ഇബ്നു മാജ )
3. അടിമകൾക്ക് സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണ്. റസൂലില്ലാഹി ﷺ അടിമയായിരുന്ന സെെദ് (റ) നെ മാത്യസഹോദരിയുടെ മകളായിരുന്ന സൈനബ് (റ) മായി വിവാഹം കഴിപ്പിച്ചു.
4. അടിമ സ്വതന്ത്രന് ഇമാമത്ത് നിൽക്കാവുന്നതാണ്.
5. സ്വതന്ത്രരുടെ നിവേദനം സ്വീകാര്യമായത് പോലെ ഹദീസ് പണ്ഡിതർ അടിമകളുടെ നിവേദനവും സ്വീകരിക്കുന്നു.
6. സ്വതന്ത്രരെ പോലെ അടിമകളുടെ സാക്ഷ്യവും സ്വീകരിക്കപ്പെടുന്നതാണ്. (അൽ ബഹ്റുൽ മുഹീത്)
7. നിങ്ങൾ ഭക്ഷിക്കുന്നത് അടിമകളെ ഭക്ഷിപ്പിക്കാനും നിങ്ങൾ ധരിക്കുന്നത് അവരെ ധരിപ്പിക്കാനും റസൂലുള്ളാഹി ﷺ നിർദേശിച്ചു. (ബുഖാരി)
8. അടിമകളുടെ വിദ്യാഭ്യാസശിക്ഷണങ്ങളെയും പ്രേരിപ്പിക്കുകയും അത് ഉടമയുടെ ബാധ്യതയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല റസൂലില്ലാഹി ﷺ അരുളി: ഒരു അടിമസ്ത്രീക്ക് ഉത്തമ വിദ്യാഭ്യാസശിക്ഷണങ്ങൾ നൽകി അവരെ വിവാഹം കഴിക്കുന്നവർക്ക് ഇരട്ടി പ്രതിഫലം നൽകപ്പെടുന്നതാണ്. (അബൂദാവൂദ്)
9. അടിമളോട് പൊതുവിൽ നല്ല നിലയിൽ വർത്തിക്കണമെന്ന് നബി ﷺ ധാരാളമായി ഉണർത്തി. റോമൻ, ഗ്രീക്ക് സംസ്ക്കാരങ്ങളിൽ അടിമകളെ മൃഗങ്ങളെ പോലെ പരസ്പരം പോരടിപ്പിക്കുമായിരിന്നു റസൂലുള്ളാഹി ﷺ ഇതിനെ വിലക്കി. ഒരി വ്യക്തി അടിമയുടെ മുഖത്തടിച്ചു എന്നറിഞ്ഞപ്പോൾ റസൂലുല്ലാഹി ﷺ അതിന് പകരമായി അടിമയെ മോചിപ്പിക്കാൻ നിർദ്ദേശിച്ചു. അടിമകളുടെ വീഴ്ച്ചകൾ മാപ്പാക്കണമെന്ന് ധാരാളം സന്ദർഭങ്ങളിൽ റസൂലുല്ലാഹി ﷺ ഉണർത്തുകയുണ്ടായി.
ഒരു വ്യക്തി നബി ﷺ യോട് ചോദിച്ചു: അടിമക്ക് ഒരു ദിവസം എത്ര തവണ മാപ്പ് നൽകണം, റസൂലുല്ലാഹി ﷺ മറുപടി പറഞ്ഞില്ല, അദ്ദേഹം ചോദ്യം ആവർത്തിച്ചപ്പോൾ അരുളി 70 പ്രാവശ്യം മാപ്പ് നൽകുക (അബൂ ദാവൂദ്)
10. അടിമകളെ ശപിക്കുന്നതും നിന്ദിക്കുന്നതും തടഞ്ഞു. ഒരിക്കൽ ഒരു സ്ത്രീ വെള്ളം കൊണ്ടുവരാൻ പിന്തിയതിൻ്റെ പേരിൽ അടിമയെ ശപിക്കുന്നതായി കേട്ടപ്പോൾ ഇബ്നു മസ്ഊദ് (റ) ആ വീട്ടിൽ നിന്നും ഇറങ്ങി പോയി. കൂട്ടുകാരൻ തിരികെ വിളിച്ചപ്പോൾ ഇബ്നു മസ് ഊദ് (റ) പറഞ്ഞു: താങ്കളുടെ ഭാര്യ സാധുവായ ദാസിയെ ശപിച്ചത് ശരിയായില്ല. റസൂലുല്ലാഹിﷺ അരുളി: ആരെങ്കിലും ശാപത്തിനർഹതയില്ലാത്തവരെ ശപിച്ചാൽ ആ ശാപം തിരിച്ച് ശപിച്ചവനിലേക്ക് മടങ്ങുന്നതാണ്. (ഇസ്‌ലാം മേ ഗുലാമി)
ചുരുക്കത്തിൽ ഇസ്‌ലാം അടിമത്വ സമ്പ്രദായത്തെ ഉണ്ടാക്കുകയോ അതിനെ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. അടിമത്വ സമ്പ്രദായം ലോകത്തെ പഴയ സംസ്ക്കാരങ്ങളിലും റോം, ഗ്രീക്ക് ഇറാൻ പ്രദേശങ്ങളിലും പൗരാണിക മതങ്ങളിലും ഉണ്ടായിരുന്നതാണ്. ഇസ്ലാം അതിനെ ഒറ്റയടിക്ക് നിർത്തലാക്കിയിരുന്നെങ്കിൽ കടുത്ത സാമ്പത്തിക, സാമൂഹിക ,സൈനിക, പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. അതുകൊണ്ട് ഇസ്‌ലാം അതിനെ നിലനിർത്തുകയും കൂട്ടത്തിൽ 3 രീതിയിൽ സംസ്കരിക്കുകയും ചെയ്തു.
1.യുദ്ധത്തിൻ്റെ സന്ദർഭങ്ങളിൽ ഒഴികെ ഇനിയാരെയും അടിമകളാക്കാൻ പാടില്ലായെന്ന് പ്രഖാപിച്ചു.
2.അടിമത്വമോചനത്തെ പല നിലയിൽ പ്രേരിപ്പിക്കുകയും അതിന് അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്തു.
3 . അടിമകളോട് നല്ല നിലയിൽ വർത്തിക്കാൻ പ്രേരിപ്പിക്കുക മാത്രമല്ല നിയമപരമായ പരിരക്ഷ നൽകുകയും ചെയ്തു.
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുനാഫിഖൂൻ
(11 ആയത്തുകൾ, പദങ്ങൾ 180, അക്ഷരങ്ങൾ 976, മദീനമുനവ്വറയിൽ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 104. പാരായണ ക്രമം 63. സൂറത്തുൽ ഹജ്ജിന് ശേഷം അവതരണം)
കപടവിശ്വാസികളുടെ ദുര്‍ഗുണങ്ങള്‍ - 2
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-08
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ
കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ ١ ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ فَصَدُّواْ عَن سَبِيلِ ٱللَّهِۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ ٢ ذَٰلِكَ بِأَنَّهُمۡ ءَامَنُواْ ثُمَّ كَفَرُواْ فَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ ٣ ۞وَإِذَا رَأَيۡتَهُمۡ تُعۡجِبُكَ أَجۡسَامُهُمۡۖ وَإِن يَقُولُواْ تَسۡمَعۡ لِقَوۡلِهِمۡۖ كَأَنَّهُمۡ خُشُبٞ مُّسَنَّدَةٞۖ يَحۡسَبُونَ كُلَّ صَيۡحَةٍ عَلَيۡهِمۡۚ هُمُ ٱلۡعَدُوُّ فَٱحۡذَرۡهُمۡۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ ٤ وَإِذَا قِيلَ لَهُمۡ تَعَالَوۡاْ يَسۡتَغۡفِرۡ لَكُمۡ رَسُولُ ٱللَّهِ لَوَّوۡاْ رُءُوسَهُمۡ وَرَأَيۡتَهُمۡ يَصُدُّونَ وَهُم مُّسۡتَكۡبِرُونَ ٥ سَوَآءٌ عَلَيۡهِمۡ أَسۡتَغۡفَرۡتَ لَهُمۡ أَمۡ لَمۡ تَسۡتَغۡفِرۡ لَهُمۡ لَن يَغۡفِرَ ٱللَّهُ لَهُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ٦ هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُواْ عَلَىٰ مَنۡ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّواْۗ وَلِلَّهِ خَزَآئِنُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَفۡقَهُونَ ٧ يَقُولُونَ لَئِن رَّجَعۡنَآ إِلَى ٱلۡمَدِينَةِ لَيُخۡرِجَنَّ ٱلۡأَعَزُّ مِنۡهَا ٱلۡأَذَلَّۚ وَلِلَّهِ ٱلۡعِزَّةُ وَلِرَسُولِهِۦ وَلِلۡمُؤۡمِنِينَ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَعۡلَمُونَ ٨
കപട വിശ്വാസികള്‍ താങ്കളുടെ അരികില്‍ വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യംവഹിക്കുന്നു. താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് അല്ലാഹുവിന് അറിയാം. നിശ്ചയം കപടവിശ്വാസികള്‍ നുണയന്മാരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.(1) അവരുടെ സത്യങ്ങളെ അവര്‍ ഒരു മറയാക്കിയിരിക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും തടയുന്നു. അവരുടെ പ്രവര്‍ത്തനം മഹാമോശം തന്നെ.(2) കാരണം അവര്‍ വിശ്വസിക്കുകയും ശേഷം നിഷേധിക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ ഹൃദയങ്ങളില്‍ മുദ്രയടിക്കപ്പെട്ടു. ആകയാല്‍ അവര്‍ ഒന്നും ഗ്രഹിക്കുന്നില്ല.(3) താങ്കള്‍ അവരെ കണ്ടാല്‍ അവരുടെ ശരീരം താങ്കളെ അത്ഭുതപ്പെടുത്തുന്നു. അവര്‍ സംസാരിച്ചാല്‍ അവരുടെ സംസാരത്തെ താങ്കള്‍ ശ്രദ്ധിച്ചുപോകും. അവര്‍ ചാരിവെച്ച മരക്കഷണങ്ങള്‍ പോലെയാണ്. ശക്തമായ എല്ലാ ശബ്ദത്തേയും അവര്‍ക്കെതിരെയുള്ള ആഹ്വാനമാണെന്ന് ധരിക്കും. അവര്‍ ശത്രുക്കളാണ്. താങ്കള്‍ അവരെ സൂക്ഷിക്കുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. അവര്‍ എവിടേക്കാണ് തിരിക്കപ്പെടുന്നത്?(4) വരൂ, നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ ദൂതന്‍ പാപമോചനം തേടും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ തലതിരിക്കുന്നതാണ്. അഹങ്കാരത്തോടെ അവര്‍ തടയുന്നതായി താങ്കള്‍ അവരെ കാണുന്നതുമാണ്.(5) അവര്‍ക്കുവേണ്ടി താങ്കള്‍ പാപമോചനം തേടുന്നതും തേടാതിരിക്കുന്നതും അവരെ സംബന്ധിച്ചിടത്തോളം സമമാണ്. അല്ലാഹു ഒരിക്കലും അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതല്ല. തീര്‍ച്ചയായിട്ടും അല്ലാഹു അനുസരണകെട്ടവരെ സന്മാര്‍ഗ്ഗത്തില്‍ ആക്കുകയില്ല.(6) റസൂലുല്ലാഹിയുടെ അരികിലുള്ളവര്‍ (റസൂലിനെ വിട്ട്) പിന്തിരിഞ്ഞ് പോകുന്നതുവരെ അവര്‍ക്ക് നിങ്ങള്‍ ചിലവഴിക്കരുതെന്ന് അവര്‍ പറയുന്നു. ആകാശഭൂമികളുടെ ഖജനാവ് അല്ലാഹുവിന്‍റെ പക്കലാണുള്ളത്. പക്ഷേ, കപട വിശ്വാസികള്‍ അത് മനസ്സിലാക്കുന്നില്ല.(7) അവര്‍ പറയുന്നു: ഞങ്ങള്‍ മദീനയില്‍ മടങ്ങിയെത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള അന്തസ്സ് നിറഞ്ഞവര്‍ അന്തസ്സില്ലാത്തവരെ പുറത്താക്കുന്നതാണ്. അല്ലാഹുവിനാണ് അന്തസ്സുള്ളത്. അവന്‍റെ ദൂതനും സത്യവിശ്വാസികള്‍ക്കും അത് ലഭിക്കുന്നതാണ്. പക്ഷേ, കപട വിശ്വാസികള്‍ കാര്യം അറിയുന്നില്ല.(8)
വിവരണവും വ്യാഖ്യാനവും
ഈ സംഭവത്തിലെ പ്രധാന പാഠങ്ങള്‍: മേല്‍ പറയപ്പെട്ട സംഭവം ആയത്തുകളുടെ വിവരണം മനസ്സിലാകാന്‍ വളരെ സഹായകമാണ്. കൂട്ടത്തില്‍ ഈ സംഭവത്തില്‍ ഇസ്ലാമിക സ്വഭാവും രാഷ്ട്രീയവും സാമൂഹികവുമായ ധാരാളം സന്ദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ വിവരണം മുഴുവനും ഇവിടെ ഉദ്ധരിച്ചത്. അടുത്തതായി ഈ സംഭവത്തിലെ സന്ദേശങ്ങള്‍ ശ്രദ്ധിക്കുക:
ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനം ഇസ്ലാമിക സാഹോദര്യമാണ്. അതില്‍ വര്‍ഗ്ഗം, വര്‍ണ്ണം, ഭാഷ, ദേശം എന്നീ വ്യത്യാസങ്ങളൊന്നുമില്ല: ഈ യാത്രക്കിടയില്‍ ഒരു അന്‍സാരിയും മുഹാജിറും തമ്മില്‍ പരസ്പരം വഴക്കുണ്ടാക്കിയപ്പോള്‍ ഇരുവരും അവരുടെ ആളുകളെ സഹായത്തിന് വിളിച്ചത് ജാഹിലിയ്യത്തുമായി ബന്ധപ്പെട്ട ഒരു വിഗ്രഹമായിരുന്നു. റസൂലുല്ലാഹി (സ) അതിനെ തകര്‍ത്തെറിയുകയുണ്ടായി. മുസ്ലിംകള്‍ എവിടെ താമസിക്കുന്ന ആളാണെങ്കിലും ഏത് വംശവും വര്‍ണ്ണവും ഭാഷയുമായി ബന്ധപ്പെട്ട ആളാണെങ്കിലും പരസ്പരം സഹോദരങ്ങളാണ്. റസൂലുല്ലാഹി (സ) അന്‍സാര്‍, മുഹാജിറുകള്‍ ഇരുകൂട്ടര്‍ക്കും ഇടയില്‍ സാഹോദര്യ ബന്ധം സ്ഥാപിച്ച് എല്ലാവരെയും ഇസ്ലാമിക സഹോദരങ്ങള്‍ ആക്കുകയും ചെയ്തു. പക്ഷേ, പിശാച് അവന്‍റെ പഴയെ കുതന്ത്രങ്ങള്‍ എന്നും ഇറക്കിക്കൊണ്ടിരിക്കും. അതിലൂടെ പരസ്പരം വഴക്കുകളുടെ ഇടയില്‍ ഭാഷയുടെയും വര്‍ണ്ണത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും ദേശത്തിന്‍റെയും കാര്യങ്ങള്‍ ഉയര്‍ത്തി സഹായക്കാന്‍ പ്രേരിപ്പിക്കും. തല്‍ഫലമായി സത്യത്തിന്‍റെയും നീതിയുടെയും അടിസ്ഥാനത്തില്‍ സഹായിക്കുക എന്ന ഇസ്ലാമിക മാനദണ്ഡം എല്ലാവരും അവഗണിക്കുകയും വെറും കുടുംബത്തെയും സമൂഹത്തെയും നോക്കിക്കൊണ്ട് സഹായിക്കണം എന്ന വീക്ഷണം ശക്തമാവുകയും മുസ്ലിംകള്‍ക്കിടയില്‍ ഭിന്നതയുണ്ടാവുകയും ചെയ്യുന്നതാണ്. ഏതാണ്ട് ഇത്തരമൊരു അവസ്ഥയിലേക്ക് ഇവിടെ കാര്യങ്ങള്‍ മാറുകയായിരുന്നു. എന്നാല്‍ റസൂലുല്ലാഹി (സ) യഥാസമയം ഇടപെട്ട് ഈ പ്രശ്നത്തെ അവസാനിപ്പിക്കുകയുണ്ടായി. റസൂലുല്ലാഹി (സ) അവരോട് പറഞ്ഞു: ഇത്തരം വാദങ്ങള്‍ ജാഹിലിയ്യത്തിന്‍റെയും നിഷേധത്തിന്‍റെയും മാലിന്യം നിറഞ്ഞ മുദ്രാവാക്യമാണ്. നിങ്ങള്‍ ഇതിനെ ഉപേക്ഷിക്കുക. ഇതിന് പകരം പരിശുദ്ധ ഖുര്‍ആന്‍ സഹകരണത്തിന് കാട്ടിത്തന്ന വചനത്തെ ഉയര്‍ത്തിപ്പിടിക്കുക. അല്ലാഹു പറയുന്നു: നിങ്ങള്‍ നന്മയിലും ഭയഭക്തിയിലും പരസ്പരം സഹകരിക്കുക. തിന്മയിലും ശത്രുതയിലും സഹകരിക്കരുത്. (മാഇദ 2) അതായത്, ആരെയെങ്കിലും സഹായിക്കുകയോ, ആരില്‍ നിന്നെങ്കിലും സഹായം തേടുകയോ ചെയ്യുന്നതിന്‍റെ മാനദണ്ഡം അദ്ദേഹം നീതിയും നന്മയുമുള്ള ആളാണെന്നതായിരിക്കണം. അദ്ദേഹം നിങ്ങളുടെ കുടുംബക്കാരനോ, ഭാഷക്കാരനോ, നാട്ടുകാരനോ ആണോയെന്ന് നോക്കേണ്ടതില്ല. നിങ്ങളുടെ പിതാവോ, സഹോദരനോ ആണെങ്കിലും ശരി പാപിയും അക്രമിയുമായ വ്യക്തിയെ നിങ്ങള്‍ സഹായിക്കരുത്. ഇതാണ് ഇസ്ലാം സമര്‍പ്പിക്കുന്ന നീതിയുക്തമായ വീക്ഷണം. റസൂലുല്ലാഹി (സ) ഓരോ സന്ദര്‍ഭത്തിലും ഇതിനെ പാലിക്കുകയും എല്ലാവരോടും ഇതിനെ പിന്‍പറ്റാന്‍ ഉപദേശിക്കുകയും ചെയ്തു. അന്തിമ പ്രഭാഷണമായ ഹജ്ജത്തുല്‍ വദാഇല്‍ റസൂലുല്ലാഹി (സ) പ്രഖ്യാപിച്ചു: ജാഹിലീ യുഗത്തിലെ എല്ലാ ആചാരങ്ങളും എന്‍റെ കാല്‍ക്കീഴില്‍ ഞാന്‍ ചവിട്ടിത്തേക്കുന്നു. അറബി, അനറബി, കറുത്തവന്‍, വെളുത്തവന്‍, നാട്ടുകാരന്‍, വിദേശി എന്നിങ്ങനെയുള്ള എല്ലാ വിഗ്രഹങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനി മുതല്‍ പരസ്പര സഹായ സഹകരണങ്ങളുടെ അടിസ്ഥാനം നീതിയും ന്യായവും മാത്രമാണ്!
അതെ, ഇസ്ലാമിന്‍റെ ശത്രുക്കള്‍ ഇന്ന് മാത്രമല്ല, എല്ലാ കാലത്തും മുസ്ലിംകളെ തകര്‍ക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം ഗോത്രങ്ങളുടെയും നാടിന്‍റെയും വിവേചനമാണ്. ഇതിന് ലഭിക്കുന്ന ഒരു അവസരം പോലും പാഴാക്കാതെ അവര്‍ മുസ്ലിംകള്‍ക്കിടയില്‍ ഭിന്നതകള്‍ രൂക്ഷമാക്കുന്നതാണ്. ഖേദകരമെന്ന് പറയട്ടെ, മുസ്ലിംകള്‍ ഒരു ഭാഗത്ത് സഹാബത്തിന്‍റെയും മഹാത്മാക്കളുടെയും പാഠങ്ങള്‍ മറന്നിരിക്കുന്നു. മറുഭാഗത്ത് അന്യരുടെ പ്രേരണകള്‍ക്ക് വശംവദരായി ഇസ്ലാമിക ഐക്യം തകര്‍ക്കുകയും പൈശാചിക വല വിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദീനിനെയും ദീനിന്‍റെ അടിസ്ഥാനങ്ങളെയും കുറിച്ച് അറിവോ, ബോധമോ ഇല്ലാത്ത മുസ്ലിം പൊതുജനങ്ങള്‍ ഈ വലയില്‍ കുടുങ്ങി ആഭ്യന്തര കലഹങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. നിഷേധത്തിന്‍റെയും നിരീശ്വര വാദത്തിന്‍റെയും മുന്നേറ്റങ്ങളെ നേരിടാന്‍ കഴിയാതെ മുസ്ലിംകള്‍ ചിതറിത്തെറിച്ച് ശക്തികള്‍ ക്ഷയിച്ചവരായി. അറബികള്‍, അനറബികള്‍ എന്ന് നിലയില്‍ മാത്രമല്ല, അറബികള്‍ തന്നെ മിസ്രി, ശാമി, ഹിജാസി, യമനി എന്നീ പേരുകളില്‍ ചിതറിക്കിടക്കുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പഞ്ചാബി, ബംഗാളി, സിന്ധി, ഹിന്ദി, പട്ടാണി, ബലൂചി മുതലായ പേരുകളില്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നു. പരാതികളെല്ലാം പടച്ചവനോട് തന്നെ! ഓര്‍ക്കുക ശത്രുക്കളാണ് നമ്മുടെ ഈ ഭിന്നതകള്‍ കൊണ്ട് യഥാര്‍ത്ഥത്തില്‍ കളിക്കുന്നത്. തല്‍ഫലമായി അവര്‍ സര്‍വ്വമേഖലകളിലും നമ്മെ ജയിക്കുകയും നാം മുഴുവന്‍ സ്ഥലങ്ങളിലും പരാജയപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, തരംതാഴ്ന്ന ചിന്തകളില്‍ കുടുങ്ങി ശത്രുക്കളോട് അഭയം തേടുന്ന അവസ്ഥപോലും സംജാതമാകുന്നു. ഹാ കഷ്ടം, ഇനിയെങ്കിലും മുസ്ലിംകള്‍ സ്വന്തം ഖുര്‍ആനിന്‍റെയും പ്രവാചകന്‍റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മറ്റുള്ളവരുടെ ചൊല്‍പ്പടിയ്ക്ക് കീഴ്പ്പെടുന്നതിന് പകരം ഇസ്ലാമിക സാഹോദര്യത്തെ മുറുകെ പിടിക്കുകയും വര്‍ഗ്ഗ വര്‍ണ്ണ ഭാഷ ദേശങ്ങളുടെ വിഗ്രഹങ്ങളെ ഒരിക്കല്‍ കൂടി തകര്‍ത്തെറിയുകയും ചെയ്താല്‍ ഇന്നും അല്ലാഹുവിന്‍റെ സഹായം നേര്‍ക്കുനേരെ കാണാന്‍ കഴിയുന്നതാണ്.
ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നതില്‍ സഹാബത്ത് പുലര്‍ത്തിയ ഉന്നതവും അടിയുറച്ചതുമായ നിലപാട്: യാദൃശ്ചികമായ നിലയില്‍ പിശാച് കുറച്ച് ആളുകളെ ജാഹിലീ മുദ്രാവാക്യത്തില്‍ വീഴ്ത്തിയെങ്കിലും യഥാര്‍ത്ഥത്തില്‍ എല്ലാവരുടെയും മനസ്സുകളില്‍ സത്യവിശ്വാസം അലിഞ്ഞ് ചേര്‍ന്നിരുന്നു. അതുകൊണ്ട് ചെറിയൊരു ഉണര്‍ത്തല്‍ തന്നെ ഉണ്ടായപ്പോള്‍ അവര്‍ പശ്ചാത്തപിച്ചു. അവരുടെ മനസ്സില്‍ അല്ലാഹുവിനോടും റസൂലിനോടും ഉണ്ടായിരുന്ന ശക്തമായ സ്നേഹത്തിന് മുന്നില്‍ ഒരു ബന്ധവും മറയിടുകയുണ്ടായില്ല. സൈദുബ്നു അര്‍ഖം (റ) ഖസ്റജ് ഗോത്രക്കാരനും ഇബ്നു ഉബയ്യ് അതിന്‍റെ നേതാവും സൈദ് (റ)നും അദ്ദേഹം ആദരണീയനും ആയിരുന്നിട്ടും റസൂലുല്ലാഹി (സ)യ്ക്കെതിരായ വാചകം സഹിക്കാതിരുന്നതും സദസ്സില്‍ വെച്ചുതന്നെ മറുപടി പറഞ്ഞതും തുടര്‍ന്ന് റസൂലുല്ലാഹി (സ)യോട് പോയി പരാതി സമര്‍പ്പിച്ചതും ഇതിനുള്ള സാക്ഷ്യമാണ്. ഇന്നത്തെ കുടുംബ-സംഘടന പക്ഷപാതത്തിന്‍റെ സാഹചര്യമായിരുന്നെങ്കില്‍ ഇതിന് അല്‍പ്പവും സാധ്യത ഉണ്ടാകുമായിരുന്നില്ല.
ഈ സംഭവത്തില്‍ അബ്ദുല്ലാഹിബ്നു ഉബയ്യിന്‍റെ മകന്‍ ഹസ്രത്ത് അബ്ദുല്ലാഹ് (റ)ന്‍റെ പടച്ചവനോടും പ്രവാചകനോടും പുലര്‍ത്തിയ സ്നേഹം അത്ഭുതകരമാണ്. സ്വന്തം പിതാവില്‍ നിന്നും സത്യത്തിനെതിരായ കാര്യം കേട്ടപ്പോള്‍ അദ്ദേഹം റസൂലുല്ലാഹി (സ)യുടെ അരികില്‍ വന്ന് സ്വന്തം പിതാവിന്‍റെ ശിരസ്സ് അറുക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അനുമതി തേടുകയും ചെയ്തു. റസൂലുല്ലാഹി (സ) അതിനെ തടഞ്ഞപ്പോള്‍ അദ്ദേഹം മദീനയിലേക്കുള്ള വഴിയില്‍ പോയിനിന്ന് പിതാവിന്‍റെ വാഹനം തടയുകയും അന്തസ്സ് റസൂലുല്ലാഹി (സ)യ്ക്ക് മാത്രമാണെന്നും താന്‍ നിന്ദ്യനാണെന്നും സമ്മതിപ്പിച്ച് പറയിക്കുകയും റസൂലുല്ലാഹി (സ) അനുമതി നല്‍കുന്നതുവരെ പിതാവിന് വഴി തുറന്ന് കൊടുക്കാതിരിക്കുകയും ചെയ്തു. കവി പറയുന്നു: താങ്കള്‍ വളരെ ഫലങ്ങള്‍ നിറഞ്ഞ വൃക്ഷം തന്നെയാണ്. തല്‍ഫലമായി മറ്റ് വൃക്ഷങ്ങളും അവരുടെ കൂട്ടത്തിലുള്ളവയും വിട്ട് താങ്കളിലേക്ക് വരുന്നു! ഇതുപോലുള്ള സംഭവങ്ങള്‍ ബദ്റിലും ഉഹ്ദിലും അഹ്സാബിലും നടക്കുകയുണ്ടായി. അങ്ങനെ സാമുദായികതയുടെയും ദേശീയതയുടെയും വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടു. അതെ, മുസ്ലിംകള്‍ ഏതെങ്കിലും വര്‍ഗ്ഗത്തിന്‍റെയോ, വര്‍ണ്ണത്തിന്‍റെയോ, ഭാഷയുടെയോ പേരിലല്ല, മറിച്ച് ധര്‍മ്മത്തിന്‍റെ പേരിലാണ് സഹോദരങ്ങളായിരിക്കുന്നത്. അല്ലാഹുവിനോടും ദൂതനോടും ശത്രുത പുലര്‍ത്തുന്നവര്‍ യഥാര്‍ത്ഥ സഹോദരങ്ങളും പിതാവുമാണെങ്കിലും അവരുമായി വിശ്വാസികള്‍ക്ക് ഒരു ബന്ധവും ഉണ്ടാകുന്നതല്ല. കവി പറയുന്നു: പടച്ചവനില്‍ നിന്നും അകന്ന അടുത്ത ബന്ധുക്കളെയെല്ലാം പടച്ചവനുമായി അടുത്ത വ്യക്തിയ്ക്ക് വേണ്ടി ഞാന്‍ അര്‍പ്പണം ചെയ്യുകയാണ്!
പൊതു നന്മയെ പരിഗണിക്കുകയും തെറ്റിദ്ധാരണ ദൂരീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക: ഒരു കാര്യം യഥാര്‍ത്ഥത്തില്‍ അനുവദനീയമാണെങ്കിലും അത് ചെയ്യുന്നതിലൂടെ മുസ്ലിംകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാവുകയോ ശത്രുക്കള്‍ തെറ്റിദ്ധാരണ പരത്തുകയോ ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ചെയ്യാതിരിക്കണമെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. മുനാഫിഖുകളുടെ നേതാവായ ഇബ്നു ഉബയ്യിന്‍റെ കാപട്യം വ്യക്തമായിട്ടും അദ്ദേഹത്തെ വധിക്കണമെന്ന ഉമറുല്‍ ഫാറൂഖ് (റ)ന്‍റെ അഭിപ്രായത്തെ റസൂലുല്ലാഹി (സ) സ്വീകരിച്ചില്ല. കാരണം റസൂലുല്ലാഹി (സ) കൂട്ടുകാരെ വധിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്താന്‍ ഇത് ശത്രുക്കള്‍ കാരണമാക്കുമെന്ന് റസൂലുല്ലാഹി (സ) സംശയിക്കുകയുണ്ടായി.
എന്നാല്‍ പ്രതിഫലാര്‍ഹവും പുണ്യവുമായ ഒരു കാര്യമാണെങ്കില്‍ ഇത്തരം അപകട സാധ്യതയുടെ പേരില്‍ ഉപേക്ഷിക്കാന്‍ പാടില്ലെന്ന് മറ്റ് നിവേദനങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തെറ്റിദ്ധാരണകളെ ദൂരീകരിക്കാന്‍ പരിശ്രമിച്ചുകൊണ്ട് നന്മകള്‍ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആയത്തുകളുടെ പ്രധാനപ്പെട്ട വിവരണം ആശയ സംഗ്രഹത്തില്‍ വന്നിട്ടുണ്ട്. ഇവിടെ ഏതാനും ചില പ്രത്യേക വചനങ്ങള്‍ മാത്രം വിവരിക്കുന്നു:
വരൂ, നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ ദൂതന്‍ പാപമോചനം തേടും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ തലതിരിക്കുന്നതാണ്. അഹങ്കാരത്തോടെ അവര്‍ തടയുന്നതായി താങ്കള്‍ അവരെ കാണുന്നതുമാണ്.(5) കഴിഞ്ഞ ആയത്തുകളിലൂടെ മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് നുണ പറഞ്ഞുവെന്ന് വ്യക്തമാക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് ചില സഹാബികള്‍ അയാളോട് പറഞ്ഞു: താങ്കള്‍ റസൂലുല്ലാഹി (സ)യെ സമീപിച്ച് കുറ്റം സമ്മതിക്കുക, റസൂലുല്ലാഹി (സ) താങ്കള്‍ക്ക് വേണ്ടി പടച്ചവനോട് പാപമോചനം തേടുന്നതാണ്. ഇതിന് മറുപടിയായി അയാള്‍ പറഞ്ഞു: നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് ചെയ്തു. ദാനം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു. ഇനി മുഹമ്മദിന് സുജൂദ് ചെയ്യണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഇതിനെ തുടര്‍ന്നാണ് ഈ ആയത്ത് അവതരിച്ചത്. അതെ, അയാളുടെ മനസ്സില്‍ ഈമാന്‍ തന്നെ ഇല്ലായിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടിയുള്ള പാപമോചനം ഫലപ്പെടുകയില്ലെന്നും ഇത് അറിയിക്കുന്നു. അയാള്‍ ഈ സംഭവത്തിന് ശേഷം മദീനയിലെത്തി ഏതാനും ദിവസങ്ങള്‍ക്കകം മരണപ്പെടുകയുണ്ടായി. (മസ്ഹരി)
റസൂലുല്ലാഹിയുടെ അരികിലുള്ളവര്‍ (റസൂലിനെ വിട്ട്) പിന്തിരിഞ്ഞ് പോകുന്നതുവരെ അവര്‍ക്ക് നിങ്ങള്‍ ചിലവഴിക്കരുതെന്ന് അവര്‍ പറയുന്നു. ആകാശഭൂമികളുടെ ഖജനാവ് അല്ലാഹുവിന്‍റെ പക്കലാണുള്ളത്. പക്ഷേ, കപട വിശ്വാസികള്‍ അത് മനസ്സിലാക്കുന്നില്ല.(7) മുഹാജിറും അന്‍സാറും തമ്മില്‍ വഴക്കുണ്ടാക്കിയ സമയത്ത് ഇബ്നു ഉബയ്യ് പറഞ്ഞ വാചകവും അതിനുള്ള മറുപടിയുമാണ് ഈ ആയത്തില്‍ അടങ്ങിയിരിക്കുന്നത്. അല്ലാഹു പറയുന്നു: മുനാഫിഖുകളുടെ ദാനത്തിലേക്ക് മുഹാജിറുകള്‍ ആവശ്യക്കാരാണെന്ന് ഈ വിഡ്ഢി വിചാരിക്കുകയാണോ? ആകാശ ഭൂമികളിലെ ഖജനാവുകള്‍ അല്ലാഹുവിന്‍റെ പക്കലാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ നിങ്ങള്‍ ആരുടെയും യാതൊരുവിധ സഹായവുമില്ലാതെ ആവശ്യമുള്ളതെല്ലാം മുഹാജിറുകള്‍ക്ക് കൊടുക്കുന്നതാണ്. അതുകൊണ്ട് മേല്‍ പറയപ്പെട്ട വാക്കുകള്‍ പറയുന്നത് വിവരവും ബുദ്ധിയുമില്ല എന്നതിനുള്ള തെളിവാണ്.
അവര്‍ പറയുന്നു: ഞങ്ങള്‍ മദീനയില്‍ മടങ്ങിയെത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള അന്തസ്സ് നിറഞ്ഞവര്‍ അന്തസ്സില്ലാത്തവരെ പുറത്താക്കുന്നതാണ്. അല്ലാഹുവിനാണ് അന്തസ്സുള്ളത്. അവന്‍റെ ദൂതനും സത്യവിശ്വാസികള്‍ക്കും അത് ലഭിക്കുന്നതാണ്. പക്ഷേ, കപട വിശ്വാസികള്‍ കാര്യം അറിയുന്നില്ല.(8) ഇതും ഇബ്നു ഉബയ്യിന്‍റെ തന്നെ വാചകവും മറുപടിയുമാണ്. അയാള്‍ പറഞ്ഞു: ഞങ്ങള്‍ മദീനക്കാര്‍ അന്തസ്സുള്ളവരും റസൂലുല്ലാഹി (സ)യും മുഹാജിറുകളും നിന്ദ്യരുമാണ്! ഇതിലൂടെ അന്‍സാറുകളെ മുഹാജിറുകള്‍ക്കെതിരില്‍ ഇളക്കി വിടാനായിരുന്നു അയാള്‍ ഉദ്ദേശിച്ചത്. അല്ലാഹു കാര്യത്തെ നേരെ മറിച്ചിട്ടുകൊണ്ട് പറഞ്ഞു: അന്തസ്സുള്ളവര്‍ നിന്ദ്യരെ പുറത്താക്കുമെങ്കില്‍ നിങ്ങള്‍ തന്നെ പുറത്താകേണ്ടി വരുന്നതാണ്. കാരണം അന്തസ്സ് അല്ലാഹുവിനും റസൂലിനും സത്യവിശ്വാസികള്‍ക്കും ഉള്ളതാണ്. പക്ഷേ, നിങ്ങള്‍ക്ക് യാതൊരു വിവരവുമില്ല. ഈ ആയത്തില്‍ വിവരമില്ലെന്നും കഴിഞ്ഞ ആയത്തില്‍ ബുദ്ധിയില്ലെന്നും പ്രയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. അതെ, മറ്റുള്ളവര്‍ക്ക് ഞാനാണ് അന്നം കൊടുക്കുന്നതെന്ന് പറയുന്നത് ബുദ്ധികേടാണ്. അന്തസ്സും നിന്ദ്യതയും ഇഹലോകത്ത് ചിലര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ ലഭിക്കുന്നതാണ്. അത് ഞങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നത് വിവരമില്ലായ്മയാണ്.
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
അബൂബക്ർ (റ) ൻ്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
144. ഉമർ (റ)ൻ്റെ അരികിൽ ഒരിക്കൽ അബൂബക്ർ (റ)നെ സ്മരിക്കപ്പെട്ടു. അപ്പോൾ ഉമർ (റ) കരയുകയും ഇപ്രകാരം പറയുകയും ചെയ്തു. എൻ്റെ ജീവിതത്തിലെ കർമ്മങ്ങളെല്ലാം അദ്ദേഹത്തിൻ്റെ ഒരു പകലിൻ്റെയും രാവിൻ്റെയും കർമ്മങ്ങൾക്ക് തുല്യമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതായത് എൻ്റെ ജീവിതത്തിലെ മുഴുവൻ നന്മകൾക്കും അബൂബക്ർ സിദ്ദീഖ് (റ)ൻ്റെ ജീവിതത്തിലെ ഒരു രാവിൻ്റെയും ഒരു പകലിൻ്റെയും നന്മകളുടെയും അത്രയും പ്രതിഫലം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തുടർന്ന് അത് വിശദീകരിച്ചു കൊണ്ട് പ്രസ്താവിച്ചു: അദ്ദേഹത്തിൻ്റെ ഒരു രാത്രി കൊണ്ടുള്ള ഉദ്ദേശം റസൂലുല്ലാഹി (സ)യോടാെപ്പം ഹിജ്റ ആരംഭിച്ച രാത്രിയാണ്. ഇരുവരും ആലോചിച്ച് തീരുമാനിച്ച പദ്ധതി പ്രകാരം സൗർ ഗുഹയിലെത്തി. റസൂലുല്ലാഹി (സ) അതിനകത്തേക്ക് പ്രവേശിക്കാൻ ഉദ്ദേശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: താങ്കളിപ്പോൾ അവിടേക്ക് കടക്കരുത് ആദ്യം ഞാൻ പ്രവേശിക്കാം അവിടെ ഉപദ്രവകരമായ ഏതെങ്കിലും ജീവിയുണ്ടെങ്കിൽ എനിക്ക് ഉപദ്രവമുണ്ടായാലും താങ്കൾക്ക് പ്രയാസമൊന്നും ഉണ്ടാവരുത്. അങ്ങനെ അദ്ദേഹം ഗുഹയിലേക്ക് കടക്കുകയും വൃത്തിയാക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ദ്വാരങ്ങൾ അടച്ചെങ്കിലും തുണിക്കഷ്ണങ്ങൾ തീർന്നു പോയത് കൊണ്ട് രണ്ടെണ്ണം അടയ്ക്കാൻ കഴിഞ്ഞില്ല. അവ രണ്ടിലും തൻ്റെ പാദങ്ങൾ അമർത്തി വെച്ച ശേഷം അദ്ദേഹം റസൂലുല്ലാഹി (സ)യെ അകത്തേക്ക് ക്ഷണിച്ചു. റസൂലുല്ലാഹി (സ) അകത്തെത്തി. രാത്രി വളരെ വൈകിയതിനാൽ ക്ഷീണം കാരണം സിദ്ദീഖ് (റ)ൻ്റെ മടിയിൽ തല വെച്ച് റസൂലുല്ലാഹി (സ) വിശ്രമിച്ചു. ഇതിനിടയിൽ സിദ്ദീഖ് (റ)ൻ്റെ കാലിൽ പാമ്പ് കടിച്ചു. അതിൻ്റെ ശക്തമായ വേദനയുണ്ടായെങ്കിലും റസൂലുല്ലാഹി (സ) ഉണരുമെന്ന് ഭയന്നതിനാൽ അദ്ദേഹം കാല് അൽപ്പം പോലും അനക്കിയില്ല. അവസാനം വേദന കഠിനമാവുകയും കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. കണ്ണുനീർ തുള്ളികൾ തിരുവദനത്തിൽ വീണപ്പോൾ റസൂലുല്ലാഹി (സ) ഉണർന്നു. അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് കാരണം തിരക്കി. അദ്ദേഹം പറഞ്ഞു: എൻ്റെ മാതാപിതാക്കൾ അങ്ങയ്ക്ക് അർപ്പണം, എന്നെ പാമ്പ് കടിച്ചു. റസൂലുല്ലാഹി (സ) കടിച്ച ഭാഗത്ത് ഉമിനീര് പുരട്ടി. അതുടനെ ഭേദമാവുകയും ചെയ്തു. സിദ്ദീഖ് (റ)ൻ്റെ വഫാത്ത് സംഭവിച്ചതും ഇക്കാരണത്താലാണ്. അദ്ദേഹത്തിൻ്റെ ഒരു പകൽ കൊണ്ടുള്ള ഉദ്ദേശം റസൂലുല്ലാഹി ﷺ വഫാത്തായ പകലാണ്. അപ്പോൾ അറബികളിൽ ഒരു കൂട്ടർ മതഭ്രഷ്ടരായി. അവർ പറഞ്ഞു: ഞങ്ങൾ സകാത്ത് നൽകുകയില്ല. സിദ്ദീഖ് (റ) പ്രസ്താവിച്ചു: ഒട്ടകത്തിൻ്റെ കയർ നിങ്ങൾ നൽകിയില്ലെങ്കിൽ പോലും ഞാൻ അവരോട് യുദ്ധം ചെയ്യുന്നതാണ്. ഞാൻ പറഞ്ഞു: റസൂലിൻ്റെ ഖലീഫേ, ജനങ്ങളെ ചേർത്ത് പിടിക്കുകയും കരുണ കാണിക്കുകയും ചെയ്യുക. അബൂബക്ർ (റ) പറഞ്ഞു: താങ്കൾ ജാഹിലിയ്യത്തിൽ ശക്തനും ഇസ്‌ലാമിൽ ദുർബലനുമായോ? വഹ് യ് നിലച്ചു. ദീൻ പൂർണ്ണമായി. ഞാൻ ജീവിച്ചിരിക്കേ ദീനിന് കുറവ് വല്ലതുമുണ്ടാകാനോ! (റസീൻ)
വിവരണം: ഹദീസിൻ്റെ ആശയം മനസ്സിലാകുന്നതിന് ആവശ്യമായ വിവരണങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ഹദീസ് മുകളിൽ വിവരിച്ചിരിക്കുന്നത്. എന്നാൽ മുർതദ്ദുകൾ (മതഭ്രഷ്ടർ)ക്ക് എതിരിൽ പോരാടിയതുമായി ബന്ധപ്പെട്ട് അബൂബക്ർ (റ)ൻ്റെ ശക്തമായ നിലപാടിനെ ഇതിൽ പരാമർശിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രത്യേകിച്ചും അതുമായി ബന്ധപ്പെട്ട് സിദ്ദീഖ് (റ) നടത്തിയ അവസാനത്തെ പ്രതികരണം ഞാൻ ജീവിച്ചിരിക്കേ ദീനിന് വല്ല കുറവും ഉണ്ടാകാനോ? എന്ന വചനത്തെ കുറിച്ച് ചില കാര്യങ്ങൾ ഇവിടെ പ്രത്യേകം കുറിക്കുകയാണ്. യഥാർത്ഥത്തിൽ റസൂലുല്ലാഹി ﷺയുടെ വിയോഗത്തിലൂടെ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വലിയ അപകടകരമായ അവസ്ഥാ വിശേഷമാണ് സംജാതമായത്. റസൂലുല്ലാഹി ﷺയുടെ തണൽ ഉയർത്തപ്പെട്ടതിൻ്റെ പേരിൽ സ്വഹാബികൾക്ക് ഉണ്ടായ അഗാധമായ ദുഃഖം അനുമാനിക്കാവുന്നതേ ഉള്ളൂ. കൂടാതെ റസൂലുല്ലാഹി ﷺ വിയോഗത്തിൻ്റെ രാേഗ സന്ദർഭത്തിൽ തന്നെ ഉസാമ (റ) നേതൃത്വത്തിൽ ഒരു സൈന്യത്തെ യാത്ര അയച്ചിരുന്നു. റസൂലുല്ലാഹി ﷺ യുടെ വിയോഗത്തെ തുടർന്ന് നേതൃത്വം ഏറ്റെടുത്ത അബൂബക്ർ സിദ്ധീഖ് (റ)ന്റെ ആദ്യ തീരുമാനങ്ങളിൽ ഒന്ന് റസൂലുല്ലാഹി ﷺയുടെ കൽപ്പന പ്രകാരം പുറപ്പെട്ട ഉസാമാ (റ)ൻ്റെ നേതൃത്വത്തിലുള്ള സൈന്യത്തെ യാത്രയാക്കുന്നതായിരുന്നു. അങ്ങനെ അന്നത്തെ സൈനിക ശേഷിയിൽ വലിയൊരു വിഭാഗം ഈ വഴിയിൽ പുറപ്പെട്ടു. ഇതിനിടയിൽ ഹിജാസിന്റെ അടുത്ത പ്രദേശമായ യമാമയിൽ മുസൈലിമത്തുൽ കദ്ദാബ് എന്ന ഒരക്രമി റസൂലുല്ലാഹി ﷺയുടെ അവസാനകാലത്ത് തന്നെ പ്രവാചകത്വം വാദിച്ച് രംഗത്തിറങ്ങിയിരുന്നു. അയാളോടൊപ്പം ചില ഗോത്രങ്ങളും കൂടിയിരുന്നു. അങ്ങനെ അയാൾ ഒരു ഭരണകൂട സ്ഥാപിക്കുകയുണ്ടായി. റസൂലുല്ലാഹി ﷺയുടെ വിയോഗാനന്തരം ഈ പ്രശ്നത്തെയും എത്രയും പെട്ടെന്ന് ഇല്ലായ്മ ചെയ്യണമെന്ന് സിദ്ദീഖ് (റ) തീരുമാനിച്ചു. അങ്ങനെ ഖാലിദ് (റ)ൻ്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അവിടേക്ക് അയച്ചു. ഈ അവസ്ഥയിലെ ഹിജാസിൽ തന്നെ ചില സ്ഥലങ്ങളിൽ പുതുതായി ഇസ്‌ലാമിൽ പ്രവേശിച്ച ചിലർ സക്കാത്ത് കൊടുക്കാൻ സാമൂഹികമായി വിസമ്മതിച്ചു. സിദ്ദീഖ് (റ) ഇതിനെയും കുറ്റമായി കണ്ട് ഇതിനെതിരിലും പോരാട്ടത്തിന് തീരുമാനിച്ചു. അങ്ങനെ ആ സമയത്ത് മുഴുവൻ സൈനിക ശേഷിയും ഈ മാർഗങ്ങളിലേക്ക് തിരിയുകയുണ്ടായി. ഇസ്‌ലാമിൻ്റെ കേന്ദ്രമായ മദീന മുനവ്വറയിൽ ശത്രുക്കൾ ആരെങ്കിലും ആക്രമിക്കുകയോ പരിസരത്തുള്ള കപടവിശ്വാസികൾ വല്ല പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്താൽ അതിനെ പ്രതിരോധിക്കാനുള്ള സൈനിക ശേഷി ഇല്ലാത്ത അവസ്ഥ സംജാതമായി. ഇത്തരുണത്തിൽ ഉമർ (റ), അലി (റ) ഇരുവരും അവസ്ഥയുടെ സങ്കീർണ്ണത മുന്നിൽ വെച്ചുകൊണ്ട് സകാത്ത് നിഷേധികൾക്ക് എതിരായി സൈനിക നീക്കം നടത്തേണ്ടതില്ലെന്നും ഒരു തന്ത്രജ്ഞതയെന്നോണം അവരോട് മയമായി പെരുമാറുന്നതാണ് ഉത്തമമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ അല്ലാഹു സിദ്ദീഖ് (റ) ന്റെ മനസ്സിൽ ഈ പ്രശ്നത്തെ വേരോടു കൂടി പിഴുത് മാറ്റൽ അടിയന്തരാവശ്യമാണെന്ന ഉറച്ച ബോധ്യമിട്ട് കൊടുത്തു. കാരണം സകാത്ത് ദീനിൻ്റെ ഒരു പ്രധാന ഭാഗമാണ്. നമസ്കാരത്തെ പോലെ തന്നെ വലിയ പ്രാധാന്യമർഹിക്കുന്നതാണ്. അത് കൊടുക്കേണ്ടതില്ലായെന്ന് സമ്മതിക്കുന്നതിന്റെ ആശയം ദീനിൽ ഇപ്രകാരം വെട്ടി ചുരുക്കലുകൾ വരുത്താം എന്നതാണ്. എന്നാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ സിദ്ദീഖ് (റ) പ്രസ്താവിച്ചു: വഹ്‌യിൻ്റെ പരമ്പര പൂർത്തീകരിക്കപ്പെട്ടു. റസൂലുല്ലാഹി ﷺ വിട്ടിട്ടു പോയ അവസ്ഥയിൽ ദീനിനെ സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും ബാധ്യതയാണ്. തുടർന്നരുളി: ഞാൻ ജീവിച്ചിരിക്കവേ ദീനിന് കുറവ് വല്ലതുമുണ്ടാകാനോ? ഈ ചെറു വചനത്തിൽ അദ്ദേഹത്തിന് ദീനിനോട് ഉണ്ടായിരുന്ന അനുരാഗ പൂർണമായ ബന്ധവും ഈ മാർഗത്തിൽ പുലർത്തിയിരുന്ന ത്യാഗ സന്നദ്ധതയും നമ്മുടെ ഭാഷയിൽ വിവരിക്കാൻ കഴിയുകയില്ല എന്നതാണ് വസ്തുത.
ഈ സംഭവത്തിൽ പ്രത്യേകമായി ശ്രദ്ധിക്കുകയും നാം പഠിക്കുകയും ചെയ്യേണ്ട ഒരു കാര്യം, ഉമർ (റ) അന്ന് സിദ്ദീഖ് (റ)ൻ്റെ ഈ തീരുമാനത്തെ എതിർത്തിരുന്നുവെങ്കിലും പിന്നീട് ഈ തീരുമാനത്തിന്റെ പ്രാധാന്യം തുറന്നു സമ്മതിക്കുകയും ജീവിതം മുഴുവനുമുള്ള കർമ്മങ്ങൾ ഈയൊരു തീരുമാനത്തെക്കാളും നിസ്സാരമായി മനസ്സിലാക്കുകയും ചെയ്തു. ഇക്കാര്യം തുറന്നു പറഞ്ഞ ഉമർ (റ)നെ അല്ലാഹു സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
🔹🔹🔹🔹🔹
അറിയിപ്പ്
ഒരു സുപ്രധാന അപേക്ഷ
വഖ്‌ഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
മൗലാനാ ഫസ്‌ലുറഹീം മുജദ്ദിദി
( ജന: സെക്രട്ടറി, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് )
ഇന്ത്യൻ മുസ്‌ലിംകൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളിൽ അതീവ ഗൗരവമുള്ളതാണ് വഖ്ഫിൻ്റെ വിഷയം. മസ്ജിദുകൾ മദ്റസകൾ മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയുള്ള എല്ലാ വഖ്ഫ് സ്വത്തുക്കളും സംരക്ഷിക്കാൻ കഴിവിൻ്റെ പരമാവധി പരിശ്രമിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. പാർലമെൻ്റ് പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിലെ 43ാം വകുപ്പ് മുമ്പ് രജിസ്റ്റർ ചെയ്യപ്പെട്ട വഖ്‌ഫുകളെ അംഗീകരിച്ചിട്ടുണ്ടെങ്കില്ലും 3B വകുപ്പ് അനുസരിച്ച് എല്ലാ വഖ്ഫ് സ്വത്തുക്കളും ഉമീദ് എന്ന പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൻ ലോ ബോർഡ് ഈ നിയമത്തിൻ്റെ ഭരണഘടനാപരമായ സാധ്യത ചോദ്യം ചെയ്ത് കൊണ്ട് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. പുതിയ നിയമത്തിലെ ചില വകുപ്പുകളുടെ വിഷയത്തിൽ സുപ്രിംകോടതി താത്കാലിക ആശ്വാസം നൽകിയെങ്കിലും വഖ്ഫ് സ്വത്തുക്കളുടെ പരിപൂർണ്ണ സുരക്ഷക്ക് അത് പര്യാപ്തമല്ല. പ്രത്യേകിച്ചും ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന നിർദ്ദേശത്തെ സ്റ്റേ ചെയ്തിട്ടില്ല. ഡിസംബർ 5 ന് മുമ്പ് ഇത് പൂർത്തിയാക്കേണ്ടതാണ്. ഓൾ ഇന്ത്യ മുസ്‌ലിം ലോ ബോർഡ് ഇതിൻ്റെ കാലാവധി നീട്ടിത്തരണമെന്ന് സുപ്രിം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. 29ാം തീയതി കോടതിയിൽ കേസ് വീണ്ടും വരുന്നുണ്ട്. പക്ഷേ സമയം വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് ഓരോ വഖ്‌ഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യേണ്ടതാണ്. പ്രാദേശികമായ നിലയിൽ ഈ വിഷയം പരസ്പരം ഉണർത്താനും സഹായിക്കാനും എല്ലാവരും മുന്നോട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് ചെയ്യാത്ത പക്ഷം അമൂല്യമായ വഖ്‌ഫ് സ്വത്തുക്കൾ അപകടത്തിൽ പെടുകയും നിയമത്തിൻ്റെ പരിരക്ഷ ലഭിക്കാതിരിക്കുകയും ചെയ്യുമെന്ന് ആശങ്കയുണ്ട്.
ഇത്തരുണത്തിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൻ ലോ ബോർഡിൻ്റെ മുഴുവൻ അംഗങ്ങളും സമുദായ സ്നേഹികളും മത സമൂഹ്യ സംഘടനകളും മുതവല്ലിമാരും സാമൂഹ്യ സേവകരും പണ്ഡിതരും ഇമാമുമാരും അവരവരുടെ പ്രദേശങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച് ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള പ്രവർത്തനം എളുപ്പമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് ചെയ്യാത്ത പക്ഷം ഫൈൻ അടക്കേണ്ടി വരുമോ എന്നും നിയമ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും ന്യായമായും സംശയിക്കുന്നു. സഹായ കേന്ദ്രങ്ങളിൽ ടെക്നിക്കൽ വിദഗ്ധരെ നിയമിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രവർത്തനത്തിൽ വല്ല തടസ്സങ്ങളും ഉണ്ടായാൽ രേഖാമൂലം സംസ്ഥാന വഖ്ഫ് ബോർഡിൽ പരാതിപ്പെടേണ്ടതാണ്. അവർ നിയമത്തിൻ്റെ വഴിയിലൂടെ പരിഹാരം നിർദ്ദേശിക്കുന്നതാണ്. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡും ഈ വഴിയിൽ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അറിയിക്കേണ്ട കാര്യങ്ങൾ യഥാസമയം അറിയിക്കുന്നതുമാണ്. ഉമീദ് പോർട്ടലിൻ്റെ ലിങ്ക് ഇപ്രകാരമാണ്: umeed.minorityaffairs.gov.in
പോർട്ടലിൽ അപ്ലോഡ് ചെയ്യുമ്പോൾ ആവശ്യമായ രേഖകളുടെ വിവരണം അടങ്ങുന്ന ഒരു ഫോറം ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.
ഈ പ്രവർത്തനം മത സാമൂഹികമായ ഒരു കർത്തവ്യമാണെന്ന് മനസ്സിലാക്കി പരിപൂർണ്ണ അച്ചടക്കത്തോടെ നിർവ്വഹിക്കുകയും വഖ്‌ഫ് സംരക്ഷണത്തിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യണമെന്ന് ഒരിക്കൽ കൂടി എല്ലാവരോടും വിനയപുരസരം അഭ്യർത്ഥിക്കുന്നു.

🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 മആരിഫുൽ ഖുർആൻ
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
₹ 3150/-
• മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് (റ) എട്ട് വാള്യങ്ങളായി ഉർദു ഭാഷയിൽ രചിച്ച പരിശുദ്ധ ഖുർആൻ വിവരണവും വ്യാഖ്യാനവും.
• സാധാരണക്കാർക്കും പണ്ഡിതന്മാർക്കും വളരെയേറെ പ്രയോജനപ്രദവും ഒട്ടേറെ സംശയങ്ങൾക്ക് നിവാരണവും നൽകിയിരിക്കുന്നു.
• വിശുദ്ധ ഖുർആനിലെ ശാസ്ത്ര സൂചനകളും ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന അനേകം പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
• മത നിയമങ്ങളെ വളച്ചൊടിക്കുന്നവർക്കും ദുർവ്യാഖ്യാനം ചെയ്യുന്നവർക്കും ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുന്നു.
• സാധാരണക്കാർക്കും ഇതു പ്രയോജനപ്പെടുന്നതിനു വേണ്ടി വളരെ ലളിത മായ ഭാഷാ ശൈലിയാണ് വിവർത്തനത്തിൽ സ്വീകരിച്ചിരിക്കുന്നത്.
• അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനിയുടെ നിർദ്ദേശ പ്രകാരവും ദാഇയെ മില്ലത്ത് മൗലാനാ മുഹമ്മദ് മൂസ (റ) മേൽനോട്ടത്തിലും തയ്യാറാക്കപ്പെട്ടത്.
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹