റബീഉല്‍ ആഖര്‍ 24/1447
ഒക്ടോബർ 17/2025
No: 233


▪️മുഖലിഖിതം
വഖ്ഫ് സംരക്ഷണ പോരാട്ടത്തിൻ്റെ ലക്ഷ്യം

▪️ജുമുഅ സന്ദേശം

ഇസ്‌ലാമും അടിമത്വവും

 ✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി 

▪️മആരിഫുല്‍ ഖുര്‍ആന്‍

സൂറത്തുൽ മുനാഫിഖൂൻ

കപടവിശ്വാസികളുടെ ദുര്‍ഗുണങ്ങള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
അബൂബക്ർ (റ) ൻ്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

🔹🔹🔹🔹🔹🔹🔹




🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 

ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
വഖ്ഫ് സംരക്ഷണ പോരാട്ടത്തിൻ്റെ ലക്ഷ്യം
ഒന്നാമതായി, വഖ്ഫ് സ്വത്തുക്കൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ഭൂരിപക്ഷ-ന്യൂനപക്ഷ, ഹിന്ദു-മുസ്‌ലിം പോരാട്ടമോ, ഏതെങ്കിലും മതത്തിനോ പ്രസ്ഥാനത്തിനോ എതിരോ അല്ല. ഞങ്ങളുടെ പോരാട്ടം ഈ കരിനിയമം നടപ്പിലാക്കിയ ഗവൺമെൻ്റിനോടാണ്. ലോക് സഭയിലും, രാജ്യസഭയിലുമെല്ലാം പ്രതിപക്ഷത്ത് നിന്നുള്ള അമുസ്‌ലിം സഹോദരങ്ങളാണ് വഖ്ഫിന് വേണ്ടി വാദിച്ചതെന്ന കാര്യം ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. നാം ഈ രാജ്യത്ത് സഹോദര്യത്തോടെയും സ്നേഹത്തോടെയും ഐക്യത്തോടെയും കഴിയുന്നതാണ്. രണ്ടാമതായി, ഇതാരുടെയെങ്കിലും ഭൂ സ്വത്ത് തട്ടിയെടുക്കാനുള്ള പോരാട്ടമല്ല. മറിച്ച് ഞങ്ങളുടെ ഭൂ സ്വത്തുക്കൾ സംരക്ഷിക്കാനാണ്. ഞങ്ങൾ ഒരിക്കലും ഗവൺമെൻ്റിനോട് ഭൂസ്വത്തുക്കൾ ആവശ്യപ്പെട്ടുകയോ. മറ്റുള്ളവരുടെ സ്വത്ത് വഖ്ഫെന്ന് പറഞ്ഞ് കൈയ്യേറുകയോ ചെയ്തിട്ടില്ല. ഇസ്‌ലാമിക വീക്ഷണത്തിൽ മറ്റുള്ളവരുടെ ഒരു ഇഞ്ച് ഭൂമി പോലും വഖ്ഫ് ചെയ്യാൻ സാധിക്കുകയില്ല. വഖ്ഫ് ചെയ്യുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയായിരിക്കണമെന്നത് വഖ്ഫിൻ്റെ അടിസ്ഥാന നിബന്ധനയുമാണ്. ഗവൺമെൻ്റ് വൃത്തങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ മുസ്‌ലിംകൾ ഹൈന്ദവരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നില്ല. ഗവൺമെൻ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന സ്വത്തുക്കൾ സംരക്ഷിക്കാനാണ് പരിശ്രമിക്കുന്നത്. മൂന്നാമതായി, ഇത് രാജ്യത്തിൻ്റെ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. വർഗ്ഗ വർണ്ണ ദേശത്തിൻ്റെ അടിസ്ഥാനത്തിലുള്ള യാതൊരു വേർതിരിവും പാടില്ലെന്ന് ഭരണഘടന അറിയിക്കുന്നു. എന്നാൽ ഈ കരിനിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാണ്. അവസാനമായി, രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ദീർഘകാല പോരാട്ടം നടന്നതുപോലെ ഭരണഘടനയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും വളരെ നീണ്ട പോരാട്ടം ആവശ്യമാണ്. നീതിയെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും ജാതി മത ഭേദമന്യേ ഒത്തൊരുമിച്ച് ഭരണഘടനയുടെ സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാട്ടത്തിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു.
✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്റ്: ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

(11 ഒക്ടോബർ 2025 ന്യൂഡൽഹി ജന്തർ മന്തറിൽ നടന്ന വഖ്ഫ് സംരക്ഷണ ധർണ്ണയിൽ നടന്ന സമാപന സന്ദേശം)

🔹🔹🔹🔹🔹🔹🔹





 ജുമുഅ സന്ദേശം 


ഇസ്‌ലാമും അടിമത്വവും

മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി


മനുഷ്യൻ മൃഗങ്ങളുടെയും മറ്റും ഉടമയാകുന്നത് പോലെ ഒരു മനുഷ്യൻ്റെ തന്നെ ഉടമയാകുന്നതിനാണ് അടിമത്വം എന്ന് പറയുന്നത്. അടിമക്ക് വിവാഹത്തിൻ്റെയോ കച്ചവടത്തിൻ്റെയോ ഒന്നും സ്വാതന്ത്ര്യമില്ലായിരുന്നു. ഒരു വസ്തുവിൻ്റെയും ഉടമയുമാകുമായിരുന്നില്ല. ഉടമയുടെ അനുമതി പ്രകാരം കച്ചവട ഉദ്യോഗങ്ങൾ വല്ലതും നടത്തിയാൽ അതിലൂടെ ലഭിക്കുന്ന സമ്പത്തും ഉടമയുടേതായി ഗണിക്കപ്പെടുമായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഉടമയുമായി ബന്ധപ്പെടേണ്ട അടിമകൾക്ക് ഉടമയെ ചോദ്യം ചെയ്യാൻ യാതൊരു അവകാശവുമില്ലായിരുന്നു. എന്തിനേറെ ശാരീരിക ലൈംഗിക പീഢനങ്ങളുടെ പേരിൽ പോലും നാവു തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് അടിമത്വത്തിൻ്റെ ആദ്യ കാലത്തുള്ള അവസ്ഥയായിരുന്നു. എന്നാൽ അടിമകളോട് ഇസ്‌ലാം പുലർത്തിയ സമീപനം മനസ്സിലാക്കുന്നതിന് മൂന്ന് കാര്യങ്ങളെ കുറിച്ച് പഠിക്കേണ്ടതാണ്.   (1)  ഇസ്‌ലാമിന് മുമ്പ് ലോകത്തുണ്ടായിരുന്ന വലിയ മതങ്ങളും സംസ്കാരങ്ങളും അടിമത്വത്തെ അംഗീകരിച്ചിരുന്നോ? 

(2) ഇസ്‌ലാം അടിമത്വം ഇല്ലാതാക്കാൻ എന്താണ് ചെയ്തത്?

(3) ഇസ്‌ലാം അടിമകൾക്ക് നൽകിയ അവകാശങ്ങൾ എന്തെല്ലാമാണ്? 


അന്ത്യപ്രവാചകൻ മുഹമ്മദ് റസൂലുല്ലാഹി ﷺക്ക് മുമ്പ് അടിമത്വം ലോകം മുഴുവനും വ്യാപകമായിരുന്നു. യേശുവിന് ഇരുന്നൂറ് വർഷം മുമ്പ് മുതൽ ആരംഭിച്ച് നൂറ്റാണ്ടുകളോളം നിലനിന്ന റോമൻ സംസ്കൃതിയിൽ അടിമത്വ സമ്പ്രദായം പാരമ്യം   പ്രാപിച്ചിരുന്നു. റോമൻ സംസ്കാരത്തിൽ അടിമകൾക്ക് യാതാെരു സ്വാതന്ത്ര്യവുമില്ലായിരുന്നു. അവരെ മനുഷ്യരായി പോലും ഗണിക്കപ്പെട്ടിരുന്നില്ല. (റെസിസ്റ്റനി സാൻവെരിയൻ ആൻസിഗോം) അന്ന് ആരും അടിമയുടെ കാര്യം സംസാരിച്ചിരുന്നില്ല. വിവാഹം കഴിക്കാനോ കുടുംബ ജീവിതം നയിക്കാനോ അടിമകൾക്ക് അവകാശമില്ലായിരുന്നു.


വിവാഹം കഴിക്കാനോ കുടുംബ ജീവിതം നയിക്കാനോ അടിമകൾക്ക്  അവകാശം ഉണ്ടായിരുന്നില്ല. അവരെ വെറും വേലക്കാർ മാത്രമായി ഗണിക്കപ്പെട്ടിരുന്നു. അവർക്ക് ശാരീരിക പീഡനവും ലൈഗീഗ പീഡനവും ധാരാളമായി അനുഭവിക്കേണ്ടി വന്നിരുന്നു. അന്നത്തെ അടിമകളിൽ ഭൂരിഭാഗവും യുദ്ധത്തിൽ പിടിക്കപ്പെടുന്നവരായിരുന്നു. അവരെ നിയന്ത്രിക്കുന്നതിന്  അവരുടെ ശരീരത്തിൽ എപ്പോഴും ചങ്ങലക്കെട്ടുകൾ നിറഞ്ഞു കിടന്നിരുന്നു.. കുറഞ്ഞ സമയത്ത് പോലും അത് മാറ്റപ്പെട്ടിരുന്നില്ല. അടിമകളെ സന്തോഷിപ്പിക്കാൻ അടിമകളുടെ പോര് വ്യാപകമായിരുന്നു. എപ്പോഴും ഒരാളുടെ മരണത്തോടുകൂടിയാണ് അവസാനിച്ചിരുന്നത്. യുദ്ധങ്ങളിലും മറ്റും മുഴുവൻ അധ്വാനങ്ങളും പീഡനങ്ങളും സഹിച്ചിരുന്നത് അടിമകൾ ആയിരുന്നു. 


 ചൈനയിൽ താരതമ്യേനെ അടിമകളോട് നല്ല വർത്തനം ആയിരുന്നെങ്കിലും കൺഫ്യൂഷസ് സംസ്കാരത്തെ സ്വീകരിച്ചിരുന്ന പശ്ചിമ ചൈനയിലും ജപ്പാനിലും കൊറിയയിലും അടിമത്ത സമ്പ്രദാനവും പീഡനവും വ്യാപകമായിരുന്നു. ഈജിപ്തിലെ അവസ്ഥയും വിഭിന്നമായിരുന്നില്ല. ഫറോവ പ്രജകളെ മുഴുവനും അടിമകളായി കാണുകയും തന്നെ ആരാധിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഈജിപ്തിലെ പിരമിഡുകൾ സ്ഥാപിച്ചിരുന്നത് മുഴുവനും അടിമ  വംശകരായിരുന്നു. ഇടക്കാലത്ത് ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന യൂസുഫ്( അ ) അടിമയാക്കപ്പെട്ട വ്യക്തി ആയിരുന്നെങ്കിലും പിന്നീട് രാജാധികാരത്തിലേക്ക് ഉയരുകയും അടിമത്ത സമ്പ്രദായത്തെ ഇല്ലാതാക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു.


 അടിമകളോട് ഏറ്റവും മോശമായ വർത്തനം സ്വീകരിച്ചിരുന്നത് അറേബ്യയിൽ ആയിരുന്നു. ആഫ്രിക്കയിൽ നിന്നും ധാരാളമായി കൊണ്ടുവരപ്പെട്ടിരുന്ന അടിമകളാണ് കൂടെ ഉണ്ടായിരുന്നത്. അവരെ മൃഗങ്ങളെ പോലെ ഗണിക്കപ്പെടുകയും വിൽക്കപ്പെടുകയും ചെയ്തിരുന്നു. അവരുടെ തെറ്റിന്റെ പേരിൽ ഉടമകൾ അവരെ കൊന്നു കളയാൻ പോലും മടിച്ചിരുന്നില്ല. അടിമ സ്ത്രീകളെ മോശമായ ജീവിതത്തിലേക്ക് തള്ളിവിട്ട് സമ്പത്ത് സമ്പാദിക്കുന്ന അവസ്ഥകളും അവിടെ വ്യാപകമായിരുന്നു.


 ഇന്ത്യയിലും അടിമത്ത സമ്പ്രദായം നിലനിന്നിരുന്നു. ഇന്ത്യയിലെ നവോത്ഥാന പ്രവർത്തനങ്ങൾ നടത്തിയ ഗൗതമബുദ്ധൻ അടിമകൾക്ക് ആശ്വാസമായിരുന്നെങ്കിലും പിൽക്കാലത്ത് അവസ്ഥകൾ മോശമായി. ഇവിടെ ജാതി വ്യവസ്ഥ ശക്തമായിരുന്നതിനാൽ താഴ്ന്ന ജാതിക്കാരെ അടിമകളായി ഗണിക്കപ്പെട്ടിരുന്നു.


 ലോകത്തെ പൗരാണിക മതങ്ങളിൽ യഹൂദ മതം പ്രധാന മതമാണ്. ഈ മതത്തിലും അടിമത്ത സമ്പ്രദായം നിലനിന്നിരുന്നു. ഇബ്രാഹിം നബിയുടെ ഒരു ഭാര്യയായിരുന്ന    ഹാജറ യെ ബൈബിൾ അടിമ സ്ത്രീ ആയിട്ടാണ് പരിചയപ്പെടുത്തുന്നത്. അതുപോലെ സോളമൻ ചക്രവർത്തിക്ക് 700 ഭാര്യമാരും 300 അടിമ സ്ത്രീകളും ഉണ്ടായിരുന്നു എന്ന് ബൈബിൾ  പറയുന്നു.

കടത്തിന്റെയും ഇതര ബാധ്യതകളുടെയും പേരിൽ ജനങ്ങളെ അടിമകളാക്കുന്ന സമ്പ്രദാനം അവിർ കിടയിൽ നിലനിന്നിരുന്നു. തൗറാത്തിനെ തന്നെ മാർഗമായി സ്വീകരിച്ച ക്രൈസ്തവർക്കിടയിലും അടിമത്ത സമ്പ്രദായം വ്യാപകമായിരുന്നു. അടിമ വംശത്തിൽ പെട്ടവർക്ക് പുറത്തിറങ്ങാൻ സാധ്യമല്ല എന്ന് ചർച്ച പ്രഖ്യാപിച്ചിരുന്നു. പിൽക്കാലത്ത് അടിമത്ത സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യാനുള്ള പരിശ്രമങ്ങളെ ചർച്ച പിന്തുണച്ചിരുന്നെങ്കിലും, ചർച്ചയുടെ കീഴിൽ തന്നെ എണ്ണമറ്റ അടിമകൾ ഉണ്ടായിരുന്നു.


 പിന്നീട് ലോകം മുഴുവനും അടിമത്ത സമ്പ്രദായത്തെ നിർത്തി കൊണ്ടുള്ള പ്രഖ്യാപനം മുഴങ്ങിയെങ്കിലും, പല സ്ഥലങ്ങളിലും ശാഖാപരമായ അടിമത്തം നിലനിന്നിരുന്നു.(മേരിലാൻഡ് - വ്യൂ ഫിംഗ്)


ചുരുക്കത്തിൽ ഒരു പ്രദേശത്തുള്ള മുഴുവൻ ജനങ്ങളെയും അടിമകളാക്കാനുള്ള പദ്ധതി പാശ്ചാത്യലോകം നടപ്പിലാക്കിയപ്പോൾ വ്യക്തികളുടെ അടിത്വത്തിൻ്റെ ആവശ്യം തന്നെ ഇല്ലാതായി.


അടിമത്വം ആധുനിക യുഗത്തിൽ 


അടിമത്വം ഇല്ലായ്മ ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അടിമത്വ സമ്പ്രദായം ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ലോകത്ത് നില നില നിന്നിട്ടുണ്ടെന്നതാണ് വാസ്തവം. പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കറുത്ത വർഗക്കാരെ വാഹനത്തിൽ നിറച്ച് കൊണ്ടുവരികയും അടിമയായി വിൽക്കപ്പെടുകയും ചെയ്തിരുന്നു. അമേരിക്കയിലെ വെർജീനിയ ലോകത്തെ ഏറ്റവും വലിയ അടിമച്ചന്തയായിരുന്നു. ബ്രിട്ടൻ, പോർച്ചുഗൽ, സ്വീഡൻ, മുതലായ രാജ്യങ്ങളിൽ നിന്നും നാൽപ്പത് മില്യനോളം ആഫ്രിക്കകാരെ കപ്പലുകളിൽ നിറച്ചു കൊണ്ടുവരികയും ഇവിടെ ലേലം വിളിച്ചു വിൽക്കപ്പെടുകയും ചെയ്തു. അവരിൽ ധാരാളം മുസ്‌ലിംകളുണ്ടായിരുന്നു. ഇപ്രകാരം കൊണ്ടുവന്നവരിൽ ഭൂരിപക്ഷവും വഴിയിൽ തന്നെ മരണപ്പെട്ടു. സംസ്കാരത്തിൻ്റെ പെരുമ്പറ മുഴക്കുന്ന അമേരിക്ക അടിമകളുടെ കേന്ദ്രമായിരുന്നു. പോപ്പും പ്രസിഡൻ്റും എഴുത്തുകാരും പരിഷ്കർത്താക്കളുമെല്ലാം അടിമത്വത്തിന് വേണ്ടി വാദിക്കുകയും അതിൻ്റെ ഫലങ്ങൾ അനുഭവിക്കുകയും ചെയ്തിരുന്നു. പ്രഥമ അമേരിക്കൻ പ്രസിഡൻ്റ് ജോർജ് വാഷിംഗ്ടൺ മുതൽ തുടർന്ന് വന്ന പന്ത്രണ്ട് പ്രസിഡൻ്റുമാർ നൂറുകണക്കിന് കറുത്ത വർഗ്ഗക്കാരായ അടിമകളുടെ ഉടമകളായിരുന്നു. 


ശേഷം ഒരു പ്രദേശത്തെ മുഴുവൻ അടിമകളാക്കുന്ന പരമ്പരക്ക് തുടക്കം കുറിക്കപ്പെട്ടു. ആഫ്രിക്കയുടെയും ഏഷ്യയുടെയും ഏതാണ്ട് മുഴുവൻ ഭാഗങ്ങളും അടിമത്വം അനുഭവിക്കുകയുണ്ടായി. ഇന്ത്യയുടെയും അൽജീരിയയുടെയും ചരിത്രം മാത്രം നോക്കിയാൽ ഈ അടിമത്വത്തിൻ്റെ ഘട്ടത്തിൽ പാശ്ചാത്യർ കാട്ടിക്കൂട്ടിയ അക്രമങ്ങൾ അനുമാനിക്കാൻ കഴിയുന്നതാണ്. ദക്ഷിണാഫ്രിക്ക സ്വതന്ത്ര്യമായത് അടുത്ത കാലത്താണ്. അവിടെ നാന്നൂറിലേറെ വർഷം ഇംഗ്ലീഷുകാർ വാഴുകയും പൊതുജനങ്ങളുടെ മേൽ കടുത്ത അക്രമണങ്ങൾ അഴിച്ചു വിടുകയും ചെയ്തു. ഇന്നും കേപ്ടോളിൻ്റെ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ജയിലുകളിലേക്ക് നോക്കിയാൽ കടുത്ത വർഗ്ഗക്കാരോട് പുലർത്തപ്പെട്ട അക്രമങ്ങളുടെ മാതൃകകൾ കാണാൻ കഴിയുന്നതാണ്. 


ക്രി. 1665 വരെ അമേരിക്കയിൽ നടപ്പിലാക്കപ്പെട്ട ചില നിയമങ്ങൾ താഴെ കൊടുക്കുന്നു:

* ഹസ്തദാനം സാമൂഹിക സമത്വം വിളിച്ചറിയിക്കുന്നതിനാൽ കറുത്ത വർഗ്ഗക്കാർ വെളുത്ത വർഗ്ഗക്കാരെ ഹസ്തദാനം ചെയ്യാൻ പാടില്ല. 

* ഇരുവിഭാഗവും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കരുത്. ഒരു സ്ഥലത്തിരിക്കേണ്ടി വന്നാൽ ഇരുവർക്കുമിടയിൽ അകൽച്ചയുണ്ടായിരിക്കണം. 

* ഒരു സാഹചര്യത്തിലും കറുത്ത വർഗ്ഗക്കാരൻ വെളുത്ത വർഗ്ഗക്കാരിക്ക് സിഗരറ്റ് കത്തിക്കാനുള്ള ഉപകരണം നൽകരുത്. 

* കറുത്ത വർഗ്ഗക്കാരുടെ പേരിന് മുമ്പും സർ, മിസ്റ്റർ, മാഡം എന്നിങ്ങനെയുള്ള ആദരവിൻ്റെ നാമങ്ങൾ കൊടുക്കാൻ പാടുള്ളതല്ല. 

* വെളുത്ത വർഗ്ഗക്കാരൻ വാഹനമോടിക്കുമ്പോൾ കറുത്ത വർഗ്ഗക്കാരൻ അദ്ദേഹത്തിൻ്റെ കൂടെ ഇരിക്കാൻ പാടുള്ളതല്ല.  

* കറുത്ത വർഗ്ഗക്കാരൻ വെളുത്ത വർഗ്ഗക്കാരുടെ മുടി വെട്ടാൻ പാടുള്ളതല്ല.


🔹🔹🔹🔹🔹🔹🔹




മആരിഫുല്‍ ഖുര്‍ആന്‍ 


{സൂറത്തുൽ മുനാഫിഖൂൻ} (11 ആയത്തുകൾ, പദങ്ങൾ 180, അക്ഷരങ്ങൾ 976, മദീനമുനവ്വറയിൽ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 104. പാരായണ ക്രമം 63. സൂറത്തുൽ ഹജ്ജിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം



കപടവിശ്വാസികളുടെ ദുര്‍ഗുണങ്ങള്‍

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



ആയത്ത് 01-08


إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ ۝١ ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ فَصَدُّواْ عَن سَبِيلِ ٱللَّهِۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ ۝٢ ذَٰلِكَ بِأَنَّهُمۡ ءَامَنُواْ ثُمَّ كَفَرُواْ فَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ ۝٣ ۞وَإِذَا رَأَيۡتَهُمۡ تُعۡجِبُكَ أَجۡسَامُهُمۡۖ وَإِن يَقُولُواْ تَسۡمَعۡ لِقَوۡلِهِمۡۖ كَأَنَّهُمۡ خُشُبٞ مُّسَنَّدَةٞۖ يَحۡسَبُونَ كُلَّ صَيۡحَةٍ عَلَيۡهِمۡۚ هُمُ ٱلۡعَدُوُّ فَٱحۡذَرۡهُمۡۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ ۝٤ وَإِذَا قِيلَ لَهُمۡ تَعَالَوۡاْ يَسۡتَغۡفِرۡ لَكُمۡ رَسُولُ ٱللَّهِ لَوَّوۡاْ رُءُوسَهُمۡ وَرَأَيۡتَهُمۡ يَصُدُّونَ وَهُم مُّسۡتَكۡبِرُونَ ۝٥ سَوَآءٌ عَلَيۡهِمۡ أَسۡتَغۡفَرۡتَ لَهُمۡ أَمۡ لَمۡ تَسۡتَغۡفِرۡ لَهُمۡ لَن يَغۡفِرَ ٱللَّهُ لَهُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ۝٦ هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُواْ عَلَىٰ مَنۡ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّواْۗ وَلِلَّهِ خَزَآئِنُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَفۡقَهُونَ ۝٧ يَقُولُونَ لَئِن رَّجَعۡنَآ إِلَى ٱلۡمَدِينَةِ لَيُخۡرِجَنَّ ٱلۡأَعَزُّ مِنۡهَا ٱلۡأَذَلَّۚ وَلِلَّهِ ٱلۡعِزَّةُ وَلِرَسُولِهِۦ وَلِلۡمُؤۡمِنِينَ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَعۡلَمُونَ ۝٨

കപട വിശ്വാസികള്‍ താങ്കളുടെ അരികില്‍ വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യംവഹിക്കുന്നു. താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് അല്ലാഹുവിന് അറിയാം. നിശ്ചയം കപടവിശ്വാസികള്‍ നുണയന്മാരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.(1) അവരുടെ സത്യങ്ങളെ അവര്‍ ഒരു മറയാക്കിയിരിക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും തടയുന്നു. അവരുടെ പ്രവര്‍ത്തനം മഹാമോശം തന്നെ.(2) കാരണം അവര്‍ വിശ്വസിക്കുകയും ശേഷം നിഷേധിക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ ഹൃദയങ്ങളില്‍ മുദ്രയടിക്കപ്പെട്ടു. ആകയാല്‍ അവര്‍ ഒന്നും ഗ്രഹിക്കുന്നില്ല.(3) താങ്കള്‍ അവരെ കണ്ടാല്‍ അവരുടെ ശരീരം താങ്കളെ അത്ഭുതപ്പെടുത്തുന്നു. അവര്‍ സംസാരിച്ചാല്‍ അവരുടെ സംസാരത്തെ താങ്കള്‍ ശ്രദ്ധിച്ചുപോകും. അവര്‍ ചാരിവെച്ച മരക്കഷണങ്ങള്‍ പോലെയാണ്. ശക്തമായ എല്ലാ ശബ്ദത്തേയും അവര്‍ക്കെതിരെയുള്ള ആഹ്വാനമാണെന്ന് ധരിക്കും. അവര്‍ ശത്രുക്കളാണ്. താങ്കള്‍ അവരെ സൂക്ഷിക്കുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. അവര്‍ എവിടേക്കാണ് തിരിക്കപ്പെടുന്നത്?(4) വരൂ, നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ ദൂതന്‍ പാപമോചനം തേടും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ തലതിരിക്കുന്നതാണ്. അഹങ്കാരത്തോടെ അവര്‍ തടയുന്നതായി താങ്കള്‍ അവരെ കാണുന്നതുമാണ്.(5) അവര്‍ക്കുവേണ്ടി താങ്കള്‍ പാപമോചനം തേടുന്നതും തേടാതിരിക്കുന്നതും അവരെ സംബന്ധിച്ചിടത്തോളം സമമാണ്. അല്ലാഹു ഒരിക്കലും അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതല്ല. തീര്‍ച്ചയായിട്ടും അല്ലാഹു അനുസരണകെട്ടവരെ സന്മാര്‍ഗ്ഗത്തില്‍ ആക്കുകയില്ല.(6) റസൂലുല്ലാഹിയുടെ അരികിലുള്ളവര്‍ (റസൂലിനെ വിട്ട്) പിന്തിരിഞ്ഞ് പോകുന്നതുവരെ അവര്‍ക്ക് നിങ്ങള്‍ ചിലവഴിക്കരുതെന്ന് അവര്‍ പറയുന്നു. ആകാശഭൂമികളുടെ ഖജനാവ് അല്ലാഹുവിന്‍റെ പക്കലാണുള്ളത്. പക്ഷേ, കപട വിശ്വാസികള്‍ അത് മനസ്സിലാക്കുന്നില്ല.(7) അവര്‍ പറയുന്നു: ഞങ്ങള്‍ മദീനയില്‍ മടങ്ങിയെത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള അന്തസ്സ് നിറഞ്ഞവര്‍ അന്തസ്സില്ലാത്തവരെ പുറത്താക്കുന്നതാണ്. അല്ലാഹുവിനാണ് അന്തസ്സുള്ളത്. അവന്‍റെ ദൂതനും സത്യവിശ്വാസികള്‍ക്കും അത് ലഭിക്കുന്നതാണ്. പക്ഷേ, കപട വിശ്വാസികള്‍ കാര്യം അറിയുന്നില്ല.(8) ആശയ സംഗ്രഹം കപട വിശ്വാസികള്‍ താങ്കളുടെ അരികില്‍ വരുമ്പോള്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ മനസ്സുകൊണ്ട് സാക്ഷ്യംവഹിക്കുന്നു. താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് അല്ലാഹുവിന് അറിയാം. അതുകൊണ്ട് അവര്‍ പറയുന്നത് കളവല്ല. പക്ഷേ, ഇതോടൊപ്പം തീര്‍ച്ചയായും കപടവിശ്വാസികള്‍ നുണയന്മാരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. കാരണം അവരുടെ സാക്ഷ്യം വെറും നാവുകൊണ്ട് മാത്രമാണ്. മനസ്സിന്‍റെ വിശ്വാസത്തോട് കൂടിയല്ല. അവരുടെ സത്യങ്ങളെ അവരുടെ ജീവനും സമ്പത്തും രക്ഷിക്കാന്‍ അവര്‍ ഒരു മറയാക്കിയിരിക്കുന്നു. കാരണം അവര്‍ നിഷേധത്തെ വ്യക്തമാക്കിയിരുന്നെങ്കില്‍ ഇതര നിഷേധികളെയും എതിരാളികളെയും പോലെ അവരോട് പോരാട്ടം നടത്തപ്പെടുമായിരുന്നു. ശേഷം അവരുടെ ഈ തിന്മയോടൊപ്പം മറ്റുള്ളവരിലേക്ക് വിട്ടുകടക്കുന്ന മറ്റൊരു തിന്മ കൂടി അവര്‍ക്കുണ്ട്. അതായത് അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും മറ്റുള്ളവരെ തടയുന്നു. അവരുടെ ഈ പ്രവര്‍ത്തനം മഹാമോശം തന്നെ. കാരണം ഒന്നാമതായി, അവര്‍ വിശ്വസിക്കുകയും ശേഷം അവരുടെ പിശാചുക്കളുടെ അരികില്‍ പോയി നിഷേധം പ്രകടമാക്കിക്കൊണ്ട് നിഷേധികളാവുകയും ചെയ്തു. അപ്പോള്‍ അവരുടെ ഈ കാപട്യം കാരണം അവരുടെ ഹൃദയങ്ങളില്‍ മുദ്രയടിക്കപ്പെട്ടു. ആകയാല്‍ അവര്‍ സത്യമായി കാര്യങ്ങളൊന്നും ഗ്രഹിക്കുന്നില്ല. അവര്‍ ബാഹ്യമായി വളരെ നല്ലവരെന്ന് തോന്നുന്നതാണ്. താങ്കള്‍ അവരെ കണ്ടാല്‍ അവരുടെ ബാഹ്യമായ ഉന്നത അവസ്ഥകളും അവരുടെ ശരീരവും താങ്കളെ അത്ഭുതപ്പെടുത്തുന്നു. അവര്‍ സംസാരിച്ചാല്‍ അവരുടെ സംസാരത്തിന്‍റെ സാഹിത്യവും മാധുര്യവും കാരണം താങ്കള്‍ ശ്രദ്ധിച്ചുപോകും. എന്നാല്‍ അവരുടെ ഉള്ള് പൊള്ളയാണ്. ബാഹ്യ മേന്മകളോടൊപ്പം ആന്തരിക മേന്മകള്‍ അല്‍പ്പവും ഇല്ല. അവരുടെ ഉദാഹരണം ഭിത്തിയിലേക്ക് ചാരിവെച്ച മരക്കഷണങ്ങള്‍ പോലെയാണ്. അത് കാണുമ്പോള്‍ വളരെ നീളമുള്ളതും തടിയുള്ളതുമായി അനുഭവപ്പെടും. പക്ഷേ, അവയില്‍ യാതൊരു മേന്മയുമില്ല. ഇത്തരം മരങ്ങള്‍ സാധാരണ പുറത്ത് കാണിക്കാന്‍ വേണ്ടി മാത്രം വെക്കപ്പെടുന്നതാണ്. അവയ്ക്ക് യാതൊരു ഗുണവുമില്ല. ഇപ്രകാരം അവര്‍ പുറമേ നിന്ന് കാണപ്പെടാന്‍ വലിയ രസമാണെങ്കിലും അവരുടെ അകം യാതൊരു ഗുണവുമില്ലാത്തതാണ്. സത്യവിശ്വാസം ഇല്ലാത്ത കാരണത്താല്‍ അവര്‍ എപ്പോഴും ഭയത്തിലായിരിക്കും. മുസ്ലിംകള്‍ അവരുടെ അവസ്ഥ തെളിവുകളിലൂടെയോ വഹ്യിലൂടെയോ അറിയുകയും അങ്ങനെ ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് അവര്‍ എപ്പോഴും ഭയപ്പെടുന്നു. ഈ ഭയം കാരണം മറ്റെന്തെങ്കിലും കാരണത്താലുണ്ടായ ശക്തമായ എല്ലാ ശബ്ദത്തേയും അവര്‍ക്കെതിരെയുള്ള ആഹ്വാനമാണെന്ന് ധരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. താങ്കള്‍ അവരെ സൂക്ഷിക്കുക. അതായത് അവര്‍ പറയുന്നത് കേട്ട് നീങ്ങരുത്. അല്ലാഹു അവരെ നശിപ്പിക്കട്ടെ. അവര്‍ സത്യത്തില്‍ നിന്നും എവിടേക്കാണ് തിരിക്കപ്പെടുന്നത്? അവരുടെ അഹന്തയും കുഴപ്പവും വളരെ വര്‍ദ്ധിച്ചിരിക്കുന്നു. നിങ്ങള്‍ റസൂലുല്ലാഹിയിലേക്ക് വരൂ, നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ ദൂതന്‍ പാപമോചനം തേടും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ തലതിരിക്കുന്നതാണ്. അഹങ്കാരത്തോടെ അവര്‍ ഇതില്‍ നിന്നും പിന്തിരിയുന്നതായി താങ്കള്‍ അവരെ കാണുന്നതുമാണ്. അവര്‍ക്കുവേണ്ടി താങ്കള്‍ പാപമോചനം തേടുന്നതും തേടാതിരിക്കുന്നതും അവരെ സംബന്ധിച്ചിടത്തോളം സമമാണ്. അല്ലാഹു ഒരിക്കലും അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതല്ല. അതായത് അവര്‍ താങ്കളുടെ അരികില്‍ വന്നാലും അവരുടെ ബാഹ്യ അവസ്ഥകള്‍ കണ്ടുകൊണ്ട് താങ്കള്‍ അവര്‍ക്ക് പാപമോചനം ഇരന്നാലും അവര്‍ക്ക് യാതൊരു ഗുണവും ഉണ്ടാകുന്നതല്ല. ഇത് അവരുടെ കഴിഞ്ഞകാല അവസ്ഥകളെ പരിഗണിച്ചുകൊണ്ടുള്ളതാണ്. അവരുടെ ഭാവികാല കാര്യങ്ങളെ പരിഗണിക്കുമ്പോള്‍ അവരുടെ അവസ്ഥ താഴെ പറയുന്നു: തീര്‍ച്ചയായിട്ടും അല്ലാഹു അനുസരണകെട്ടവരെ സന്മാര്‍ഗ്ഗത്തില്‍ ആക്കുകയില്ല. റസൂലുല്ലാഹിയുടെ അരികിലുള്ളവര്‍ റസൂലിനെ വിട്ട് പിന്തിരിഞ്ഞ് പോകുന്നതുവരെ അവര്‍ക്ക് നിങ്ങള്‍ ചിലവഴിക്കരുതെന്ന് അവര്‍ പറയുന്നു. അവര്‍ ഇപ്രകാരം പറയുന്നത് അവരുടെ വിവരക്കേട് മാത്രമാണ്. കാരണം ആകാശഭൂമികളുടെ ഖജനാവ് അല്ലാഹുവിന്‍റെ പക്കലാണുള്ളത്. പക്ഷേ, കപട വിശ്വാസികള്‍ അത് മനസ്സിലാക്കുന്നില്ല. അവര്‍ ഉപജീവനം നല്‍കുന്നത് ജനങ്ങളാണെന്ന് മനസ്സിലാക്കുന്നു. അവര്‍ പറയുന്നു: ഞങ്ങള്‍ മദീനയില്‍ മടങ്ങിയെത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള അന്തസ്സ് നിറഞ്ഞവര്‍ അന്തസ്സില്ലാത്തവരെ പുറത്താക്കുന്നതാണ്. അതായത് പലായനം ചെയ്ത് വന്ന വിദേശികളെ നാട്ടുകാരായ ഞങ്ങള്‍ പുറത്താക്കുന്നതാണ്. അവര്‍ അന്തസ്സുള്ളവരും മുസ്ലിംകള്‍ അന്തസ്സില്ലാത്തവരുമാണെന്ന അവരുടെ വാദവും അവരുടെ വിവരക്കേടാണ്. അല്ലാഹുവിനാണ് യഥാര്‍ത്ഥത്തില്‍ അന്തസ്സുള്ളത്. അവന്‍റെ ദൂതന് അല്ലാഹു അന്തസ്സ് നല്‍കുന്നു. അല്ലാഹുവും ദൂതനുമായിട്ടുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ സത്യവിശ്വാസികള്‍ക്കും അത് ലഭിക്കുന്നതാണ്. പക്ഷേ, കപട വിശ്വാസികള്‍ കാര്യം അറിയുന്നില്ല. അതിന്‍റെ പേരില്‍ അവര്‍ അന്തസ്സിന്‍റെ അടിസ്ഥാനമായ നശ്വര വസ്തുക്കളെ കാണുന്നു. വിവരണവും വ്യാഖ്യാനവും സൂറത്തുല്‍ മുനാഫിഖൂനിന്‍റെ അവതരണ പശ്ചാത്തലം: മുഹമ്മദുബ്നു ഇസ്ഹാഖിന്‍റെ അഭിപ്രായത്തില്‍ ഹിജ്റ ആറാം വര്‍ഷവും ഖതാദതയുടെ അഭിപ്രായത്തില്‍ ഹിജ്റ അഞ്ചാം വര്‍ഷവും നടന്ന ബനുല്‍ മുസ്തലഖ് യുദ്ധവുമായി ബന്ധപ്പെട്ടാണ് ഈ സൂറത്ത് അവതരിച്ചത്. ബനുല്‍ മുസ്തലഖിന്‍റെ നേതാവായ ഹാരിസ് റസൂലുല്ലാഹി (സ)യ്ക്കെതിരില്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു എന്ന് റസൂലുല്ലാഹി (സ)യ്ക്ക് വിവരം ലഭിച്ചു. (ഈ ഹാരിസ് പിന്നീട് മുസ്ലിമായി പ്രവാചക പത്നിയായ ജുവൈരിയ്യ (റ)യുടെ പിതാവാണ്. ഇദ്ദേഹവും പിന്നീട് ഇസ്ലാം സ്വീകരിച്ചു.) അവരുടെ തയ്യാറെടുപ്പുകളെക്കുറിച്ച് അറിഞ്ഞ റസൂലുല്ലാഹി (സ) ഒരു സംഘത്തോടൊപ്പം അവരെ നേരിടാന്‍ പോയി. കൂട്ടത്തില്‍ ഗനീമത്ത് സ്വത്ത് ആഗ്രഹിച്ചുകൊണ്ട് ധാരാളം മുനാഫിഖുകളും കൂടിയിരുന്നു. മുനാഫിഖുകള്‍ റസൂലുല്ലാഹി (സ)യെ നിഷേധിച്ചിരുന്നെങ്കിലും പടച്ചവന്‍റെ സഹായം റസൂലുല്ലാഹി (സ)യ്ക്കാണെന്നും റസൂലുല്ലാഹി (സ) തന്നെ വിജയിക്കുമെന്നും വിശ്വസിച്ചിരുന്നു! റസൂലുല്ലാഹി (സ) ബനുല്‍ മുസ്തലഖ് ഗോത്രത്തിന് അരികിലെത്തി. അവര്‍ അവരുടെ ജലാശയമായ മുറൈസീഇന്‍റെ അടുത്തേക്ക് വന്നു. അതുകൊണ്ട് ഈ യുദ്ധത്തിന് മുറൈസീഅ് യുദ്ധമെന്നും പറയപ്പെടുന്നുണ്ട്. തുടര്‍ന്ന് അമ്പയ്ത്തുകൊണ്ട് യുദ്ധം ആരംഭിച്ചു. അതില്‍ അവര്‍ പരാജയപ്പെടുകയും ഏതാനും പേര്‍ കൊല്ലപ്പെടുകയും അവശേഷച്ചവര്‍ പിന്തിരിഞ്ഞോടുകയും ചെയ്തു. അവരുടെ കുറേ സമ്പത്തുകള്‍ ഗനീമത്ത് സ്വത്തായും സ്ത്രീ പുരുഷന്മാര്‍ തടവുകാരായും മുസ്ലിംകള്‍ക്ക് ലഭിച്ചു. ഇതോടെ ഈ പോരാട്ടം അവസാനിച്ചു. നാടിന്‍റെയും കുടുംബത്തിന്‍റെയും അടിസ്ഥാനത്തില്‍ തെറ്റ് ചെയ്തവരെ സഹായിക്കുന്നത് വിവരക്കേടാണ്: യുദ്ധം അവസാനിച്ചെങ്കിലും ഇതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. ഒരു മുഹാജിറും ഒരു അന്‍സാരിയും തമ്മില്‍ മുറൈസീഇലെ ജലാശയത്തില്‍ നിന്നും ജലം എടുക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടാക്കുകയും അത് അടിപിടിയിലേക്ക് നീങ്ങുകയും ചെയ്തു. മുഹാജിര്‍ തന്നെ സഹായിക്കുന്നതിന് മുഹാജിറുകളെയും അന്‍സാരി അന്‍സാരികളെയും വിളിച്ചു. വിളികേട്ട് കുറച്ച് ആളുകള്‍ വരുകയും ചെയ്തു. ഇത് വലിയ ഒരു പ്രശ്നമാകാന്‍ സാധ്യതയുണ്ടായി. വിവരം അറിഞ്ഞ റസൂലുല്ലാഹി (സ) ഉടനെ സ്ഥലത്തെത്തി. റസൂലുല്ലാഹി (സ) കടുത്ത കോപത്തില്‍ ഉണര്‍ത്തി: കുടുംബത്തിന്‍റെയും നാടിന്‍റെയും അടിസ്ഥാനത്തില്‍ സഹായത്തിനും പ്രതിരോധത്തിനും വിളിക്കുന്ന ഇത് ജാഹിലീ മുദ്രാവാക്യമാണ്! ഇത് വിടുക. ഇത് അങ്ങേയറ്റം നാറ്റമുള്ളതാണ്!! തുടര്‍ന്ന് അരുളി: അക്രമിച്ചാലും അക്രമിക്കപ്പെട്ടാലും ഓരോരുത്തരും അവരുടെ സഹോദരനെ സഹായിക്കേണ്ടതാണ്. അക്രമിക്കപ്പെടുമ്പോഴുള്ള സഹായം വ്യക്തമാണ്. അക്രമിക്കുമ്പോഴുള്ള സഹായം കൊണ്ടുള്ള ഉദ്ദേശം അക്രമത്തില്‍ നിന്നും തടയലാണ്. (ബുഖാരി) അതായത് ഓരോ കാര്യങ്ങളിലും അക്രമിയാരാണെന്നും അക്രമിക്കപ്പെട്ടവന്‍ ആരാണെന്നും നോക്കേണ്ടതാണ്. അക്രമിക്കപ്പെട്ടവന്‍ ആരായിരുന്നാലും അവരെ സഹായിക്കുകയും അക്രമിക്കുന്നവന്‍ ആരായിരുന്നാലും അവനെ തടയുകയും ചെയ്യേണ്ടതാണ്. ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സഹായിക്കുന്നത് വിവരക്കേടും നാറ്റം നിറഞ്ഞതുമാണ്. ഇതുകൊണ്ട് മാലിന്യമല്ലാതെ മറ്റൊന്നും ഉണ്ടാകുന്നതല്ല! റസൂലുല്ലാഹി (സ)യുടെ ഈ വചനം കേട്ടതോടെ അവര്‍ക്കിടയിലുള്ള വഴക്ക് അവസാനിച്ചു. ഈ വഴക്കിനിടയില്‍ ജഹ്ജാഹ് എന്ന മുഹാജിറില്‍ നിന്നും സിനാന്‍ എന്ന അന്‍സാരി സഹാബിയ്ക്ക് ഒരു മുറിവേറ്റിരുന്നു. ഉബാദ (റ) കാര്യം മനസ്സിലാക്കി കൊടുത്തതിന്‍റെ പേരില്‍ സിനാന്‍ (റ) തന്‍റെ അവകാശം മാപ്പാക്കുകയും ഇരുവരും സഹോദരങ്ങളായി നീങ്ങുകയും ചെയ്തു. ഗനീമത്ത് സ്വത്തില്‍ ആഗ്രഹിച്ചുകൊണ്ട് മുസ്ലിംകളോടൊപ്പം കൂടിയിരുന്ന മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യായിരുന്നു. ഇയാളുടെ മനസ്സില്‍ റസൂലുല്ലാഹി (സ)യോടും മുസ്ലിംകളോടും കടുത്ത പകയായിരുന്നു. മുഹാജിറുകള്‍ക്കും അന്‍സാറുകള്‍ക്കും ഇടയില്‍ പ്രശ്നം ഉണ്ടായതായി അറിഞ്ഞപ്പോള്‍ ഇത് സുവര്‍ണ്ണ അവസരമായി കണ്ടു. അദ്ദേഹം തന്‍റെ അരികിലുണ്ടായിരുന്ന അന്‍സാറുകളെ മുഹാജിറുകള്‍ക്കെതിരായി ഇളക്കിവിട്ടുകൊണ്ട് പറഞ്ഞു: നിങ്ങള്‍ അവരെ നിങ്ങളുടെ നാട്ടിലേക്ക് വിളിച്ച് നിങ്ങള്‍ തന്നെ തലയിരുത്തുകയും നിങ്ങളുടെ സമ്പത്ത് അവര്‍ക്ക് വീതിച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഭക്ഷണം കഴിച്ച് വളര്‍ന്ന അവര്‍ ഇപ്പോള്‍ നിങ്ങളെ നേരിടുകയാണ്. ഇനിയും നിങ്ങള്‍ അന്ത്യം മനസ്സിലാക്കിയില്ലെങ്കില്‍ നിങ്ങളുടെ ജീവിതം അവര്‍ കഷ്ടത്തിലാക്കുന്നതാണ്. അതുകൊണ്ട് നിങ്ങള്‍ ഇനിയെങ്കിലും അവരെ സഹായിക്കാതിരിക്കുക. അവര്‍ തന്നെ മദീനയില്‍ നിന്നും പോകുന്നതാണ്. കൂടാതെ, അന്തസ്സുള്ളവരായ നമ്മള്‍, അന്തസ്സ് കെട്ട അവരെ പുറത്താക്കുകയും ചെയ്യേണ്ടതാണ്! അന്തസ്സുള്ളവര്‍ എന്നതുകൊണ്ട് അയാള്‍ ഉദ്ദേശിച്ചത് അയാളുടെ കൂട്ടുകാരെയും അന്‍സാറുകളെയുമാണ്. അന്തസ്സ് കെട്ടവര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് റസൂലുല്ലാഹി (സ)യെയും മുഹാജിര്‍ സഹാബികളെയുമാണ്. സൈദുബ്നു അര്‍ഖം (റ) ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഉടനെ പറഞ്ഞു: അല്ലാഹുവില്‍ സത്യം നിന്ദ്യനും നിസ്സാരനും നീയാണ്. റസൂലുല്ലാഹി (സ) അല്ലാഹു നല്‍കിയ അന്തസ്സിന്‍റെയും മുസ്ലിംകള്‍ കൊടുക്കുന്ന സ്നേഹത്തിന്‍റെയും അടിസ്ഥാനത്തില്‍ വലിയ അന്തസ്സുള്ളവനാണ്! ശേഷം റസൂലുല്ലാഹി (സ) യാത്ര പുനരാരംഭിച്ചപ്പോള്‍ ഇബ്നു ഉബയ്യിനെക്കുറിച്ച് ഈ ആയത്തുകള്‍ അവതരിച്ചു. അപ്പോള്‍ ഉബാദ (റ) ഇബ്നു ഉബയ്യിനോട് റസൂലുല്ലാഹി (സ)യുടെ അരികില്‍ പോയി തെറ്റ് സമ്മതിച്ച് പാപമോചനം തേടാന്‍ പറഞ്ഞു. ഉടനെ ഇബ്നു ഉബയ്യ് മുഖം തിരിച്ച് കളഞ്ഞു. ഉടനെ ഉബാദ (റ) പറഞ്ഞു: നിന്‍റെ ഈ മുഖം തിരിക്കലിനെക്കുറിച്ച് ഖുര്‍ആനില്‍ ആയത്ത് ഇറങ്ങുന്നതാണ്! റസൂലുല്ലാഹി (സ) യാത്ര തുടര്‍ന്നു. സൈദ് (റ) പലപ്രാവശ്യം റസൂലുല്ലാഹി (സ)യുടെ അരികില്‍ വരുകയുണ്ടായി. അദ്ദേഹം പറയുന്നു: ഇബ്നു ഉബയ്യിന്‍റെ കളവിനെക്കുറിച്ചും എന്‍റെ സത്യസന്ധതയെക്കുറിച്ചും ഖുര്‍ആന്‍ അവതരിക്കുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു! പെട്ടെന്ന് തന്നെ റസൂലുല്ലാഹി (സ)യ്ക്ക് വഹ്യിന്‍റെ സമയത്തുണ്ടാകാറുള്ള അവസ്ഥ സംജാതമായി. ശ്വാസം വലിച്ച് വിടുകയും തിരുനെറ്റിയില്‍ നിന്നും വിയര്‍പ്പ് ഒഴുകുകയും യാത്ര ചെയ്തിരുന്ന ഒട്ടകം ഭാരം കാരണം താഴെ ഇരുന്ന് പോവുകയും ചെയ്തു. ശേഷം അവസ്ഥ മാറിയപ്പോള്‍ റസൂലുല്ലാഹി (സ) അടുത്ത് തന്നെയുണ്ടായിരുന്ന എന്‍റെ ചെവിയില്‍ പിടിച്ചുകൊണ്ട് അരുളി: മകനേ, അല്ലാഹു നിന്‍റെ അഭിപ്രായം ശരിവെച്ചിരിക്കുന്നു! അതെ, സൂറത്തുല്‍ മുനാഫിഖൂന്‍ പൂര്‍ണ്ണമായി ഇബ്നു ഉബയ്യിന്‍റെ വിഷയത്തിലാണ് അവതരിച്ചത്. സൂറത്തുല്‍ മുനാഫിഖൂന്‍ യാത്രയ്ക്കിടയിലാണ് അവതരിച്ചതെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. (മസ്ഹരി) എന്നാല്‍ ബഗവി (റ) പറയുന്നു: റസൂലുല്ലാഹി (സ) മദീനയിലെത്തുകയും സൈദ് (റ) നാണം കാരണം വീട്ടില്‍ മറഞ്ഞിരിക്കുകയും ചെയ്തു. അപ്പോഴാണ് ഈ സൂറത്ത് അവതരിച്ചത്. (ബഗവി) മറ്റൊരു നിവേദനം ഇപ്രകാരമാണ്: റസൂലുല്ലാഹി (സ) മദീനയുടെ അടുത്തുള്ള അഖീഖ് എന്ന മലഞ്ചെരുവില്‍ എത്തിയപ്പോള്‍ ഇബ്നു ഉബയ്യിന്‍റെ സത്യവിശ്വാസിയായ മകന്‍ അബ്ദുല്ലാഹ് (റ) മുമ്പോട്ട് വരുകയും എല്ലാ വാഹനങ്ങളെയും പരിശോധിച്ച് പിതാവിന്‍റെ വാഹനത്തെ കണ്ടുപിടിക്കുകയും അതിനെ ഇരുത്തുകയും ചെയ്തു. തുടര്‍ന്ന് അതിന്‍റെ മുട്ടില്‍ കാല് വെച്ചുകൊണ്ട് പിതാവിനോട് പറഞ്ഞു: അല്ലാഹുവില്‍ സത്യം, റസൂലുല്ലാഹി (സ) നിങ്ങള്‍ക്ക് അനുമതി നല്‍കുന്നതുവരെ നിങ്ങള്‍ മദീനയില്‍ പ്രവേശിക്കുന്നതല്ല. അന്തസ്സുള്ളവര്‍ നിന്ദ്യരെ പുറത്താക്കുമെന്ന് നിങ്ങള്‍ പറഞ്ഞല്ലോ? ഇതില്‍ അന്തസ്സുള്ളവര്‍ ആരാണ്? റസൂലുല്ലാഹി (സ)യോ, നിങ്ങളോ? അദ്ദേഹം പിതാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി. പിതാവിനോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് പലരും ചോദിച്ചു. അല്‍പ്പം കഴിഞ്ഞ് റസൂലുല്ലാഹി (സ) അതുവഴി കടന്നുപോയപ്പോള്‍ ജനങ്ങളോട് കാര്യം തിരക്കി. അവര്‍ പറഞ്ഞു: റസൂലുല്ലാഹി (സ) മദീനയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതുവരെ പിതാവ് മദീനയില്‍ കടക്കുന്നതല്ലെന്ന് അബ്ദുല്ലാഹ് (റ) ആണയിട്ടിട്ടുണ്ട്. ഞാന്‍ കുട്ടികളേക്കാളും സ്ത്രീകളെക്കാളും നിന്ദ്യനാണെന്ന് ഇബ്നു ഉബയ്യ് ഇതിനിടയില്‍ പറയുന്നതായി കേട്ടു. അപ്പോള്‍ റസൂലുല്ലാഹി (സ) മകനോട് പറഞ്ഞു: പിതാവിന് വഴി കൊടുക്കുക. അപ്പോഴാണ് അദ്ദേഹം പിതാവിന് വഴി കൊടുത്തത്. ഈ സൂറത്തിന്‍റെ അവതരണവുമായി ബന്ധപ്പെട്ട സംഭവമാണ് മേല്‍ വിവരിച്ചത്. ഈ സംഭവം ബനുല്‍ മുസ്തലഖ് പോരാട്ടവുമായി ബന്ധപ്പെട്ട് നടന്നതാണെന്ന് പറയപ്പെട്ടുകഴിഞ്ഞു. ഇതിന്‍റെ പ്രധാന കാരണക്കാരന്‍ ബനുല്‍ മുസ്തലഖ് നേതാവായ ഹാരിസുബ്നു ളിറാര്‍ ആയിരുന്നു. ഇദ്ദേഹത്തിന്‍റെ മകള്‍ ജുവൈരിയ്യാ ബീവി (റ)യ്ക്ക് അല്ലാഹു ഇസ്ലാമില്‍ പ്രവേശിക്കാനുള്ള സൗഭാഗ്യം നല്‍കുകയും റസൂലുല്ലാഹി (സ)യുടെ പവിത്ര പത്നിമാരായ ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്തു. ഇതോടൊപ്പം പിതാവും ഇസ്ലാം സ്വീകരിച്ചു. അതുമായി ബന്ധപ്പെട്ട സംഭവം ഇപ്രകാരമാണ്: ബനുല്‍ മുസ്തലഖ് ഗോത്രം പരാജയപ്പെട്ടപ്പോള്‍ ധാരാളം ആളുകള്‍ തടവുകാരായി പിടിക്കപ്പെട്ടു. ഇസ്ലാമിക നിയമപ്രകാരം തടവുകാരും ഗനീമത്ത് സ്വത്തുക്കളും മുജാഹിദുകള്‍ക്കിടയില്‍ വീതിക്കപ്പെട്ടു. കൂട്ടത്തില്‍ ഹാരിസന്‍റെ മകളായ ജുവൈരിയ്യയും ഉണ്ടായിരുന്നു. ഇവര്‍ സാബിത്ത് ബിന്‍ ഖൈസ് ബിന്‍ ശമ്മാസ് (റ)ന്‍റെ ഓഹരിയിലാണ് വന്നത്. അദ്ദേഹം ജോലി ചെയ്ത് ഇത്രയും തുക സമ്പാദിച്ച് തന്നാല്‍ മോചിപ്പിക്കാമെന്ന വ്യവസ്ഥിതിയില്‍ മോചന പത്രം എഴുതുകയുണ്ടായി. എന്നാല്‍ കിതാബത്ത് എന്ന പേരില്‍ അറിയപ്പെടുന്ന മോചന പത്രത്തിന്‍റെ തുക വളരെ കൂടുതലായിരുന്നു. അത് പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അങ്ങനെ അവര്‍ റസൂലുല്ലാഹി (സ)യുടെ സന്നിധിയില്‍ ഹാജരായി പറഞ്ഞു: ഞാന്‍ ഇസ്ലാം സ്വീകരിച്ചു. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു അല്ലാതെ ആരുമില്ലെന്നും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഞാന്‍ സാബിത്തുബ്നു ഖൈസിന്‍റെ ഓഹരിയിലാണ് വന്നത്. അദ്ദേഹം ഞാനുമായി മോചിത പത്രം എഴുതി. പക്ഷേ, അത് നിര്‍വ്വഹിക്കാന്‍ എനിയ്ക്ക് ശേഷിയില്ല. താങ്കള്‍ എന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു! റസൂലുല്ലാഹി (സ) അവരുടെ അപേക്ഷ സ്വീകരിക്കുകയും കൂട്ടത്തില്‍ അവരെ സ്വതന്ത്രമാക്കുകയും പത്നി ആക്കുകയും ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ജുവൈരിയ്യാ (റ)യെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു അനുഗ്രഹമായിരുന്നു. ഇത് അവര്‍ എങ്ങനെ സ്വീകരിക്കാതിരിക്കാനാണ്? അവര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും പവിത്ര പത്നിമാരില്‍ ഉള്‍പ്പെടുകയും ചെയ്തു. ഉമ്മുല്‍ മുഅ്മിനീന്‍ ജുവൈരിയ്യാ (റ) തന്നെ വിവരിക്കുന്നു: റസൂലുല്ലാഹി (സ) ബനുല്‍ മുസതലഖിലേക്ക് വരുന്നതിന് മൂന്ന് ദിവസം മുമ്പ് യസ്രിബില്‍ നിന്നും ഒരു ചന്ദ്രന്‍ വന്ന് എന്‍റെ മടിയില്‍ വീഴുന്നതായി ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഞാന്‍ അതിന്‍റെ വ്യാഖ്യാനം ആരോടും ചോദിച്ചില്ല. എന്നാല്‍ വ്യാഖ്യാനം നേരില്‍ കാണുകയുണ്ടായി! ജുവൈരിയ്യാ (റ) ഗോത്ര നേതാവിന്‍റെ മകളായിരുന്നു. അവരെ റസൂലുല്ലാഹി (സ) വിവാഹം കഴിച്ചത് മുഴുവന്‍ ഗോത്രത്തിലും ഉത്തമ ഗുണഫലങ്ങള്‍ ഉളവാക്കി. പ്രത്യേകിച്ചും തടവുകാരായി പിടിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് ഇത് വലിയ അനുഗ്രഹമായി. കാരണം ജുവൈരിയ്യാ (റ) ഉമ്മുല്‍ മുഅ്മിനീനായി എന്ന കാര്യം അറിഞ്ഞ സഹാബികള്‍ അവരുടെ പക്കലുണ്ടായിരുന്ന ബനുല്‍ മുസ്തലഖിലെ തടവുകാരികളെ മുഴുവന്‍ മോചിപ്പിച്ചു. അതെ മാതാവിന്‍റെ അടുപ്പക്കാരെ അടിമകളായി വെക്കുന്നത് അവര്‍ മര്യാദയ്ക്ക് വിരുദ്ധമായി കണ്ടു. അങ്ങനെ നൂറ് സ്ത്രീകള്‍ അടിമത്വ മോചനം ചെയ്യപ്പെട്ടു. തുടര്‍ന്ന് അവരുടെ പിതാവും റസൂലുല്ലാഹി (സ)യുടെ അമാനുഷികത കണ്ട് ഇസ്ലാം സ്വീകരിച്ചു.

🔹🔹🔹🔹🔹





മആരിഫുല്‍ ഹദീസ്


അബൂബക്ർ (റ) ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


142. ഇബ്നു ഉമർ (റ) പ്രസ്താവിക്കുന്നു: റസൂലുല്ലാഹി (സ)യുടെ കാലത്ത് അബൂബക്ർ (റ)ന് തുല്യനായി ഞങ്ങളാരെയും കണ്ടിരുന്നില്ല. ശേഷം ഉമർ, പിന്നീട് ഉസ്മാൻ എന്നിവർക്ക് ഞങ്ങൾ സ്ഥാനം നൽകിയിരുന്നു. അത് കഴിഞ്ഞ് മറ്റാർക്കും ഞങ്ങൾ പ്രത്യേക സ്ഥാനം നൽകിയിരുന്നില്ല. (ബുഖാരി) വിവരണം: ഇബ്നു ഉമർ (റ)ൻ്റെ ഈ വാക്കിൻ്റെ ആശയമിതാണ്. സമുദായത്തിൽ ഏറ്റവും ശ്രേഷ്ഠൻ അബൂബക്ർ (റ) ആണെന്നും ശേഷം സ്ഥാനം ഉമർ (റ), പിന്നീട് ഉസ്മാൻ (റ) ആണെന്നും റസൂലുല്ലാഹി (സ)യുടെ കാലത്ത് റസൂലുല്ലാഹി (സ)യുടെ വാചക പ്രവർത്തനങ്ങളിലൂടെ ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ഈ മൂന്ന് മഹാത്മാക്കളും പ്രായമുള്ളവരും സുപ്രധാന വിഷയങ്ങളിൽ റസൂലുല്ലാഹി (സ) കൂടിയാലോചന നടത്തുന്നവരുമായിരുന്നു. ഇവിടെ ഒരു കാര്യമോർക്കുക! ഇബ്നു ഉമർ (റ) ഈ വിവരണം മൂന്ന് പ്രധാന വ്യക്തിത്വങ്ങളെ കുറിച്ചാണ്. സ്വഹാബികളുടെ വിഭാഗം, ഗുണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനങ്ങളെ ഇവിടെ പരാമർശിക്കപ്പെട്ടു. ഉദാഹരണത്തിന് സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത ഒരുമിച്ച് അറിയിക്കപ്പെട്ട പത്ത് പേർ, ബദ്റിലും രിള്‌വാൻ ബൈഅത്തിലും പങ്കെടുത്തവർ മുഹാജിർ അൻസാറുകളിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചവർ ഇവരെല്ലാവരും വലിയ സ്ഥാന മഹത്വങ്ങളുള്ളവരാണ്. അതുപോലെ അലിയ്യ് (റ) ഇവർ മൂന്ന് പേർക്ക് ശേഷം സമുന്നത സ്ഥാനീയനും പല ഗുണങ്ങളിലും ഉന്നതനുമാണ്. ഇബ്നു ഉമർ (റ)ൻ്റെ ഈ വചനം ഇതിനെയൊന്നും നിരാകരിക്കുന്നില്ല. റസൂലുല്ലാഹി (സ)യുടെ കാലത്ത് ഈ മൂന്ന് പേർക്ക് പ്രത്യേക മഹത്വം നൽകപ്പെട്ടിരുന്നു എന്നത് മാത്രമാണ് ഈ വചനത്തിൻ്റെ ആശയം. 143. ഉമർ (റ) വിവരിക്കുന്നു: ഒരിക്കൽ റസൂലുല്ലാഹി (സ) ഞങ്ങളോട് ദാനം ചെയ്യാൻ കൽപ്പിച്ചു. തദവസരം യാദൃശ്ചികമായി എൻ്റെ പക്കൽ അൽപ്പം കൂടുതൽ സമ്പത്തുണ്ടായിരുന്നു. അബൂബക്റിനെ മുൻകടക്കണമെങ്കിൽ ഇന്ന് മാത്രമെ പറ്റുകയുള്ളൂവെന്ന് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് സമ്പത്തിൻ്റെ പകുതി ഭാഗം റസൂലുല്ലാഹി (സ)യുടെ മുന്നിൽ സമർപ്പിച്ചു. അപ്പോൾ റസൂലുല്ലാഹി (സ) ചോദിച്ചു: താങ്കളുടെ കുടുംബത്തിന് എന്ത് അവശേഷിപ്പിച്ചു. ഞാൻ പറഞ്ഞു: കൊണ്ടുവന്ന അത്രയും മാറ്റിവെച്ചിട്ടുണ്ട്. ഇതിനിടയിൽ അബൂബക്ർ (റ) അദ്ദേഹത്തിൻ്റെ വീട്ടിലുള്ളതെല്ലാം കൊണ്ടു വന്നു. കുടുംബത്തിന് എന്ത് ബാക്കിയാക്കിയിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ വീട്ടിൽ അല്ലാഹുവിനെയും ദൂതനെയും ബാക്കിയാക്കിയിട്ടുണ്ടെന്ന് മറുപടി പറഞ്ഞു: ഉമർ (റ) പറയുന്നു: ഒരിക്കലും ഒരു നന്മയിലും അബൂബക്റിനെ മറികടക്കാൻ എനിക്ക് കഴിയുകയില്ലെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. (തിർമിദി, അബൂദാവൂദ്) വിവരണം: ഉമർ (റ) കൊണ്ടുവന്ന സമ്പത്തിൻ്റെ പകുതി ഭാഗം സിദ്ദീഖ് (റ) കൊണ്ടുവന്ന സമ്പത്തിനേക്കാൾ അധികരിച്ചതാവാൻ സാധ്യതയുണ്ട്. പക്ഷേ സിദ്ദീഖ് (റ) വീട്ടുകാർക്ക് വേണ്ടി ഒന്നും അവശേഷിപ്പിക്കുകയുണ്ടായില്ല. പടച്ചവനിലും പ്രവാചകനിലുമുള്ള വിശ്വാസവും തൃപ്തിയുമാണ്. ഏറ്റവും വലുതെന്ന് അദ്ദേഹം മനസ്സിലാക്കി. തീർച്ചയായും ഇത് വളരെ സമുന്നത സ്ഥാനം തന്നെയാണ്.



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌