ജമാദുൽ ഊലാ 9/1447
ഒക്ടോബർ 30/2025
No: 235

 ഉള്ളടക്കം 

▪️മുഖലിഖിതം
പ്രവാചക സ്നേഹം പ്രവർത്തിയിലൂടെ പ്രകടമാക്കുക.
        ✍️ മൗലാനാ സയ്യിദ് അർഷദ് മദനി  

▪️ജുമുഅ സന്ദേശം 
ന്യൂനപക്ഷങ്ങളോട് പടിഞ്ഞാറിൻ്റെയും മുസ്‌ലിംകളുടെയും സമീപനങ്ങ
        ✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി 

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ മുനാഫിഖൂൻ
അല്ലാഹുവിന്‍റെ ധ്യാനത്തില്‍ അശ്രദ്ധ പാടില്ല,

ദാനധര്‍മ്മങ്ങളിലും നന്മകളിലും മുന്നിടുക
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
ഉമറുൽ ഫാറൂഖ് (റ)ൻ്റെ മഹത്വങ്ങൾ
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഇലാ റഹ്‌മത്തില്ലാഹ്...

🔹🔹🔹🔹🔹🔹🔹




🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 

പ്രവാചക സ്നേഹം പ്രവർത്തിയിലൂടെ പ്രകടമാക്കുക.

ഇസ്‌ലാം ശാന്തിയും സമാധാനവും നീതിയും മനുഷ്യത്വവും പഠിപ്പിക്കുന്നു.

വെറുപ്പിൻ്റെ രാഷ്ട്രീയം താൽക്കാലികമായിരിക്കും. ആത്മാർത്ഥ സ്നേഹത്തിൻ്റെ ഗുണം ശാശ്വതമായിരിക്കും.

       ഇന്ന് നമ്മുടെ രാജ്യത്ത് വർഗ്ഗീയതയുടെ വിഷം വളരെയധികം വ്യാപിച്ചിരിക്കുന്നു. വെറുപ്പിൻ്റെ വിത്ത് വലിയ വടവൃക്ഷമായി വളർന്നു. നാലു ഭാഗത്തും വർഗ്ഗീയതയുടെയും കുടുസ്സായ ചിന്താഗതികളുടെയും ശത്രുതയുടെയും കാർമേഘങ്ങൾ ഇളകിമറിയുകയാണ്. ഇത്തരുണത്തിൽ നാം നിരാശപ്പെടുകയോ തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യരുത്. മറിച്ച് ശാശ്വത വിജയം ആദരവായ റസൂലുല്ലാഹി ﷺയുടെ അദ്ധ്യാപനങ്ങളിലാണെന്ന് മനസിലാക്കി സഹനതയും സ്നേഹവും മുറുകെ പിടിച്ച് മുന്നോട്ട് നീങ്ങേണ്ടതാണ്. ശത്രുതക്ക് മറുപടി ശത്രുതയല്ല സ്നേഹവും സേവനവുമാണ്. അല്ലാഹുവിൻ്റെ കൽപ്പനയും റസൂലുല്ലാഹി ﷺയുടെ മാർഗ്ഗവും ഇത് തന്നെയാണ്. മനുഷ്യനിൽ നിന്നും മനുഷ്യത്വം ഇല്ലാതാക്കപ്പെടുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ദുരന്തം. ജാതി, മതം, പാർട്ടി, സംഘടന എന്നിവയുടെ പേരിൽ സ്നേഹിക്കാനും മറ്റുള്ളവരെ വെറുക്കാനും ഇന്ന് പഠിപ്പിക്കപ്പെടുന്നു. ഇതിന് രാഷ്ട്രീയ നേതാക്കൾ നേതൃത്വം നൽകുന്നു എന്നത് രാജ്യത്തിൻ്റെ വലിയൊരു ദുരന്തമാണ്. തൽഫലമായി രാജ്യത്ത് മുമ്പ് എങ്ങും ഉണ്ടായിട്ടില്ലാത്ത വിധം അപകടകരമായ രാഷ്ട്രീയ അവസ്ഥ സംജാതമായിരിക്കുന്നു. എല്ലാ വിഷയങ്ങൾക്കും മതപരമായ നിറം നൽകി ഒരു പ്രത്യേക വിഭാഗത്തെ ആക്ഷേപിക്കാനും ഒറ്റപ്പെടുത്താനും ആസൂത്രിത ശ്രമം നടക്കുന്നു. ഇസ്‌ലാം എല്ലാ മതസ്ഥരോടും മുഴുവൻ വിഭാഗങ്ങളോടും ഓരോ മനുഷ്യരോടും നീതിയും ന്യായവും ഉപകാരവും പുലർത്താൻ കൽപ്പിക്കുന്നു. ഈയൊരു സന്ദേശമാണ് ഇസ്‌ലാമിനെ ആഗോള മതമാക്കി മാറ്റിയത്. ഇസ്‌ലാമിൻ്റെ സന്ദേശം മുസ്‌ലിംകൾക്ക് മാത്രമുള്ളതല്ല, മുഴുവൻ മാനവരാശിക്കും ഉള്ളതാണ്. അതുകൊണ്ട് നാമോരുത്തരും അത് പഠിക്കാനും പകർത്താനും ജനങ്ങൾക്ക് എത്തിച്ച് കൊടുക്കാനും പരിശ്രമിക്കുക.
                അന്ത്യ പ്രവാചകൻ മുഹമ്മദ് റസൂലുല്ലാഹി ﷺ മുതൽ ഇന്ന് വരെയും മുൻഗാമികളായ മഹത്തുക്കളും സഞ്ചരിച്ചത് ഈ മാർഗ്ഗത്തിലൂടെയാണ്. കഠിനമായ ശത്രുതകളും അക്രമങ്ങളും അനീതികളും ഉണ്ടായിട്ടും അവർ മാതൃകാപരമായ സഹനത മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ട് നീങ്ങി. രാജ്യത്തെ വേദനാജനകമായ അവസ്ഥകൾക്കിടയിലും ഈ മാർഗ്ഗം സ്വീകരിച്ച സഹോദരങ്ങളെ പ്രത്യേകം അനുമോദിക്കുകയും അവരുടെ നന്മക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അവരുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെട്ടു. ലൗ ജിഹാദിൻ്റെ പേരിൽ യുവാക്കളെ ജയിലിലടച്ചു. ഗോ വധത്തിൻ്റെ പേരിൽ ആൾക്കൂട്ട അക്രമങ്ങൾ അധികരിച്ചു. മദ്റസകൾ പൂട്ടിക്കാൻ ഗൂഢാലോചനകൾ നടന്നു. ഏക സിവിൽ കോഡിൻ്റെ പേരിൽ മത സ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അവസാനമായി വഖ്ഫിൻ്റെ പേരിൽ വളരെ അപകടകരമായ നിയമം കൊണ്ട് വന്നു. ഇതെല്ലാമുണ്ടായിട്ടും മുസ്‌ലിം സമുദായം റോഡിൽ ഇറങ്ങുകയോ നിയമം കയ്യിൽ എടുക്കുകയോ ചെയ്തില്ല.
               റസൂലുല്ലാഹി ﷺയോടുള്ള സ്നേഹം നമ്മുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. റസൂലുല്ലാഹി ﷺയുടെ വ്യക്തിത്വം നിന്ദിക്കപ്പെട്ടാൽ സമുദായത്തിന് രോശമുണ്ടാകുക സ്വാഭാവികമാണ്. റസൂലുല്ലാഹി ﷺയെ സ്നേഹിക്കലും ആദരിക്കലും ഓരോ മുസ്‌ലിമിൻ്റെയും ബാധ്യതയാണ്. എന്നാൽ സ്നേഹാദരവുകൾ പ്രകടിപ്പിക്കേണ്ടത് റസൂലുല്ലാഹി ﷺയെ കൂടുതൽ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത് കൊണ്ടായിരിക്കണം. റസൂലുല്ലാഹി ﷺയുടെ വ്യക്തിത്വം അതുല്യമാണ്. റസൂലുല്ലാഹി ﷺയോടുള്ള നമ്മുടെ സ്നേഹാദരവുകളും മാതൃകാപരമായിരിക്കണം. റസൂലുല്ലാഹി ﷺ ശത്രുക്കളോട് നീതി പുലർത്തുക മാത്രമല്ല അവരോട് ഉപകാരവും ചെയ്തു. ഇതേ മാർഗ്ഗം നാമും സ്വീകരിക്കുക. പ്രത്യേകിച്ചും വെറുപ്പിനെ ആയുധം കൊണ്ടല്ല, ധർമ്മം കൊണ്ട് നേരിടാൻ നാം മുന്നോട്ട് വരിക. നമ്മുടെ പക്കൽ ഭൗതിക ശക്തിയൊന്നുമില്ലെങ്കിലും സത്യവിശ്വാസവും സൽകർമ്മവും സൽസ്വഭാവവും വെറുപ്പിൻ്റെ പർവ്വതങ്ങളെ പിടിച്ച് കുലുക്കുന്ന മഹാ ശക്തിയാണെന്ന് മനസിലാക്കുക. സേവനങ്ങൾക്ക് ലഭിക്കുന്ന ഓരോ അവസരങ്ങളും സൗഭാഗ്യമായി കാണുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക. മുൻ വർഷങ്ങളിൽ കേരളം, തമിഴ്നാട്, ബംഗാൾ, ആസാം എന്നിവിടങ്ങളിലും അടുത്ത നാളുകളിൽ പഞ്ചാബിലും കാഷ്മീരിലും ജംഇയ്യത്ത് ഈ വഴി സ്വീകരിച്ചതിലൂടെ നാടിനും നാട്ടുകാർക്കും വലിയൊരു സന്ദേശം നൽകാനും അവസ്ഥകൾ നന്നാക്കാനും കഴിഞ്ഞു. ഈ വഴിയിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാൻ പടച്ചവൻ ഉതവി നൽകട്ടെ!

✍️ മൗലാനാ സയ്യിദ് അർഷദ് മദനി 

(അഖിലേന്ത്യാ അധ്യക്ഷൻ, ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്)

🔹🔹🔹🔹🔹🔹🔹





 ജുമുഅ സന്ദേശം 


ന്യൂനപക്ഷങ്ങളോട് പടിഞ്ഞാറിൻ്റെയും മുസ്‌ലിംകളുടെയും സമീപനങ്ങൾ

✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
                  പാശ്ചാത്യ പണ്ഡിതരും ചരിത്രകാരന്മാരും ചരിത്ര വിഷയത്തിൽ ഇരട്ട സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മറ്റുള്ളവരെ കുറിച്ച് ശക്തമായ നിലയിൽ ആരോപണമുന്നയിക്കുന്ന അവർ സ്വന്തം ചരിത്രത്തെ ഒരിക്കലും വിലയിരുത്താറില്ല. 

                    ഇന്ത്യയിൽ മുഗൾ സാമ്രാജ്യം അസ്തമിച്ചു കൊണ്ടിരുന്നപ്പോൾ അമേരിക്കയിൽ യൂറോപ്യന്മാർ സജീവമാവുകയായിരുന്നു. അമേരിക്കയിൽ മുമ്പ് മുതൽക്കേ സംസ്കാര സമ്പന്നരായ ധാരാളം ഗോത്രങ്ങൾ വസിച്ചിരുന്നു. എന്നാൽ യൂറോപ്യൻ ജനത അവരുടെ ആയുധത്തിൻ്റെ ആധിക്യം കാരണത്താൽ അവിടുത്തെ യഥാർത്ഥ ജനതകളായ ആർടെക്സ് യുകാർട്ടൻ, ഇൻകാസ്, മുതലായവർക്കെതിരിൽ യുദ്ധം ആരംഭിച്ചു. ധാരാളം കൂട്ടക്കൊലകൾ നടത്തിയ അവർ അവശേഷിച്ചവരെ അടിമകളാക്കുകയും ജനവാസ കേന്ദ്രങ്ങൾ ചാരക്കൂമ്പാരമാക്കുകയും ചെയ്തു. ക്രി. 1500-ൽ ഒരു കോടി പത്ത് ലക്ഷം ജനങ്ങൾ അധിവസിച്ചിരുന്ന മെക്സിക്കോയിൽ 1565 ആയപ്പോൾ ജനവാസം നാൽപ്പത്തി നാല് ലക്ഷമായി ചുരുങ്ങി. ക്രി. 1700-ൽ വീണ്ടും കുറഞ്ഞ് ഇരുപത് ലക്ഷമായി കുറഞ്ഞു. (മൈനോരിറ്റീസ് ഇൻ ന്യൂ വേൾഡ്, ന്യൂയോർക്ക് 1985, പേജ് : 16)

                     യൂറോപ്പ് അമേരിക്കയിലെ രാജാവിനെ തടവിൽ പിടിച്ച് തലകീഴായി കെട്ടി തൂക്കി അവരുടെ മുന്നിൽ വെച്ച് അവരുടെ പ്രജകളെ തീയിലിട്ട് കത്തിച്ചു. പർവ്വതങ്ങളിലും കാടുകളിലും അഭയം തേടിയവരെ പട്ടികളെ വിട്ട് കടിച്ചു കീറി. ആസ്ട്രേലിയയിലെയും മറ്റും പഴയ പൗരന്മാരെ യൂറോപ്യന്മാർ തുടച്ചു നീക്കി. മെക്സിക്കൻ ജനത കാട്ടു ജാതിക്കാരായിരുന്നില്ല. ഉന്നത സംസ്കാരമുള്ളവരും എഴുത്തും വായനയുമായി ബന്ധപ്പെട്ടവരുമായിരുന്നു. പിരമെടുകൾ പോലെയുള്ള വലിയ കെട്ടിടങ്ങളും ആരാധനാലയങ്ങളും കോട്ടകളും അവർ നിർമ്മിച്ചിരുന്നു. വ്യാപാര മേഖലയിൽ അവർ മുൻപന്തിയിലായിരുന്നു. അവരുടെ ഭരണകാര്യങ്ങളും വ്യവസ്ഥാപിതമായിരുന്നു. ടോണോ ചത്‌ലാൻ, ടെക്സിക്കോ മുതലായ വലിയ പട്ടണങ്ങൾ അവരുടെ സംസ്കാരത്തിന്റെ മാതൃകയായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ അധിവസിച്ചിരുന്ന ഈ പട്ടണങ്ങളിലെ കമ്പോളങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. (മാർവീൻ ഔർഹാസ് 49,50) 

                    പക്ഷേ യൂറോപ്യൻ പണ്ഡിതന്മാർക്ക് ഈ അക്രമങ്ങൾ ഒരു പ്രധാന വിഷയമേയല്ല. യൂറോപ്പിൽ തന്നെ കത്തോലിക്ക, പ്രൊട്ടസ്റ്റൻറ് വിഭാഗങ്ങൾക്കിടയിലുണ്ടായ ആഭ്യന്തര കലഹങ്ങളിൽ ആയിരങ്ങളെല്ലാം ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തം ചീന്തി. ഭരിക്കുന്നവരും പൗരന്മാരും മത വിഷയത്തിൽ ഭിന്നിച്ചാൽ അത് ഭയാനക കലാപമായി മാറുമായിരുന്നു. ക്രി. 1575 ആഗസ്റ്റിൽ പാരീസിലെ മുഴുവൻ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരെയും കൊന്നുകളയാൻ ഫ്രാൻസ് ചക്രവർത്തി ഉത്തരവിട്ടു. ഈ അക്രമപരമായ ഉത്തരവിൽ കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ ഇവർക്കൊന്നും യാതൊരു ഇളവുമില്ലായിരുന്നു. ഈ കൂട്ടക്കൊല രാജാവ് നേരിട്ട് കണ്ട് ആസ്വദിക്കുകയുണ്ടായി. (ആഇനേ ഹഖീഖത്ത് - അക്ബർ ഷാ : 43)
                   ഇക്കാര്യങ്ങൾ ക്രൈസ്തവ ചരിത്രകാരന്മാരും എഴുതിയിട്ടുള്ളതാണ്. ക്രൈസ്തവ പ്രബോധകർ ശക്തി ഉപയോഗിച്ച് മതപരിവർത്തനം നടത്തിയതിനെ കുറിച്ച് ചരിത്രകാരനായ എൻ.ഹാർഡി കുറിക്കുന്നു: യൂറോപ്പിലെ സേക്സിൻ വിഭാഗം നിർബന്ധിച്ചു മതംമാറ്റം നടത്തപ്പെട്ടവരാണ്. ക്രൈസ്തവ പ്രബോധകന്മാരിൽ ബ്രദറൻ ഓഫ് സേഡ്സ് എന്നൊരു വിഭാഗം ഉണ്ടായിരുന്നു. അവർ പ്രബോധനത്തിന് വേണ്ടി തീയും വാളും  ഉപയോഗിച്ചിരുന്നു. ക്രിസ്തു മതത്തെ എതിർത്തു കൊണ്ട് ആരെങ്കിലും വല്ലതും പറഞ്ഞാൽ ഉടനടി അവരുടെ വയറ്റിൽ വാൾ കുത്തി കയറ്റണമെന്ന് സെൻ്റ് ലൂയിസ് ഉപദേശിച്ചിരുന്നു. കത്തോലിക്ക വിശ്വാസത്തെ നിഷേധിക്കുന്നവർക്ക് ജീവിക്കാൻ തന്നെ അവകാശമില്ലെന്ന് റോമിലെ പോപ്പ് പറഞ്ഞിരുന്നു. സ്പെയിനിലെ മുസ്‌ലിം യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാഭ്യാസം കരസ്ഥമാക്കി യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പോയ ആളുകൾ എല്ലായിടത്തും പീഢിപ്പിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും ശാസ്ത്രീയ കാര്യങ്ങൾ പറയുന്നവരെ കൊല്ലപ്പെടുത്തി രഹസ്യമായി കുഴിച്ചു മൂടിയിരുന്നു. പിന്നീട് മതപരമായ തീരുമാനപ്രകാരം അവരുടെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചു കളയുകയുണ്ടായി. വൈജ്ഞാനിക ശാസ്ത്രീയ കാര്യങ്ങളെ തടയുന്നതിന് മാത്രമായി യൂറോപ്പിൽ ഒരു രഹസ്യാന്വേഷണ വിഭാഗമുണ്ടായിരുന്നു. ക്രി. 1481 മുതൽ 91 വരെ ഒരു ലക്ഷത്തിൽപരം ശാസ്ത്രജ്ഞന്മാർ ഇതു വഴിയായി കൊല്ലപ്പെട്ടു. 

            ഔറംഗസീബ് ആലംഗീർ ഇന്ത്യ ഭരിച്ചിരുന്ന സമയത്ത് ബ്രിട്ടനിൽ അത്ഭുതകരമായൊരു നിയമം നടപ്പിലാക്കപ്പെട്ടിരുന്നു : ഏതെങ്കിലും സ്ത്രീ മന്ത്രവാദിയാണെന്ന് ആരോപിക്കപ്പെട്ടാൽ അവരെ ഏതെങ്കിലും നദിയിൽ എറിയപ്പെടുന്നതാണ്. അവർ മുങ്ങി മരിച്ചാൽ അവർ മന്ത്രവാദിയല്ലെന്ന് സ്ഥിരപ്പെടുന്നതാണ്. മുങ്ങി മരിക്കാതെ രക്ഷപെട്ടാൽ അവർ മന്ത്രവാദിയായി സ്ഥിരപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതാണ്. ഇപ്രകാരം ആയിരക്കണക്കിന് നിരപരാധികളായ സ്ത്രീകൾ കൊല്ലപ്പെട്ടു. യൂറോപ്പിലെ മതകീയ കോടതി എൻകൈസേഷൻ എന്ന പേരിലുള്ള കുപ്രസിദ്ധ കോടതിയായിരുന്നു. ചർച്ചിനെ എതിർക്കുന്നവരെ ശിക്ഷിക്കാൻ വേണ്ടിയാണ് പോപ്പ് ഈ കോടതി സ്ഥാപിച്ചത്. പ്രൊട്ടസ്റ്റൻ്റ് വിഭാഗത്തെ കൂടാതെ യഹൂദികളും മുസ്‌ലിംകളും ഇവിടെ ശിക്ഷിക്കപ്പെട്ടിരുന്നു. ജനങ്ങളുടെ രക്തമൊഴുക്കാൻ പാടില്ലെന്ന നിയമത്തിന് പകരം ജനങ്ങളെ തീയിലിട്ട് കരിക്കുന്നൊരു നിയമം ആക്ടോ ഓഫ് ഫൈത്ത് എന്ന പേരിൽ നടപ്പിലാക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര പ്രസിദ്ധനായ ഗലീലിയോ അടക്കമുള്ള വ്യക്തിത്വങ്ങൾ ഇവിടെ ശിക്ഷിക്കപ്പെട്ടു. ക്രിസ്തീയ വിശ്വാസങ്ങൾക്ക് അൽപ്പമെങ്കിലും വിരുദ്ധമായ മുഴുവൻ രചനകളും നിരോധിക്കപ്പെട്ടു. അവകൾ  നാലായിരത്തി മുന്നൂറ് രചനകളുണ്ടായിരുന്നു. എൻക്യൂസേഷന് വേണ്ടി സൈന്യം സജ്ജീകരിക്കപ്പെട്ടിരുന്നു. ഇത് സ്ഥിരപ്പെടുന്ന കുറ്റവാളികൾക്ക് വിവിധ ശിക്ഷകൾ നൽപ്പെട്ടിരുന്നു. ജൂദാസ് എന്ന കസേര അതിലൊന്നായിരുന്നു. കുറ്റവാളിയെ അതിലിരുത്തുകയും താഴ്ഭാഗത്തു കൂടി ലിംഗം പറിയുന്നത് വരെ വലിക്കപ്പെടുകയും ചെയ്തിരുന്നു. അവയവങ്ങൾ  തെറിക്കാതിരിക്കുന്നത് കെട്ടി വെച്ച് എറിഞ്ഞ് കൊല്ലുന്ന രീതിയും നടപ്പിലാക്കപ്പെട്ടിരുന്നു. പതിയെ മരണം സംഭവിക്കുകയും ക്രൂരമായ ശിക്ഷകൾ നൽകപ്പെടുകയും ചെയ്യുന്ന മറ്റ് ശിക്ഷകളും നൽകപ്പെട്ടിരുന്നു.

                  സ്പെയിനിൽ ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ അറുപത്തിയെട്ട് മില്യൺ പ്രൊട്ടസ്റ്റൻ്റ് വിഭാഗക്കാർ ശിക്ഷിക്കപ്പെട്ടു. അതിൽ വലിയൊരു വിഭാഗം ജീവൻ രക്ഷപെടുത്തുന്നതിന് ക്രിസ്തുമതം സ്വീകരിച്ച മുസ്‌ലിംകളോ യഹൂദികളോ ആയിരുന്നു. ലക്ഷക്കണക്കിന് മുസ്‌ലിംകളെ വന്ധ്യരാക്കി ഉത്തരാഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലേക്ക് നാടുകടത്തി. സ്ത്രീകളും കുഞ്ഞുങ്ങളും അടിമകളാക്കപ്പെട്ടു. മസ്ജിദുകൾ ചർച്ചുകളായി മാറ്റപ്പെട്ടു. ക്രി. 1967-ൽ ജനുവരി ഒന്നാം തീയതി കർദിനാളിൻ്റെ നിർദ്ദേശ പ്രകാരം എഴുപതിനായിരം ഗ്രന്ഥങ്ങൾ അടങ്ങിയ ഗ്രാനഡയിലെ അറബി ഗ്രന്ഥങ്ങളുടെ ലൈബ്രറി തീവെച്ച് നശിപ്പിക്കപ്പെട്ടു. എന്നാൽ ഈ ആക്രമങ്ങളുടെ തിരിച്ചടിയെന്നോണം ഒരു ഭാഗത്ത് സ്പെയിനിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു. ക്രി. 1586-ൽ എട്ട് മില്യൺ ജനങ്ങളുണ്ടായ സ്പെയിനിൽ ക്രി. 1615 -ൽ അഞ്ച് മില്യണായി കുറഞ്ഞു. മറുഭാഗത്ത് രാജ്യത്ത് പണ്ഡിതരും ബുദ്ധിജീവികളും കുറഞ്ഞു. അവിടുത്തെ ശാസ്ത്രജ്ഞരും, കായിക വിദഗ്ധരും, പണ്ഡിതരും, അധ്യാപകരും, നിർമ്മാതാക്കളും, കവികളും, സാഹിത്യകാരന്മാരും ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. 

                  കുരിശു യുദ്ധത്തിൻ്റെ പേരിൽ നടത്തപ്പെട്ട ക്രൂരതകൾ പ്രസിദ്ധമാണ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൊള്ളയും കൊലയും വ്യാപകമായി. കണ്ണിൽ കാണപ്പെട്ടവരെല്ലാം കൊലക്ക് ഇരയായി. സ്ത്രീ പുരുഷൻ, യഹൂദി മുസ്‌ലിം എന്ന യാതൊരു വ്യത്യാസവുമില്ലായിരുന്നു. ജനവാസ കേന്ദ്രങ്ങൾ ശ്മശാനങ്ങളായി മാറി. ഈജിപ്തുകാരുടെ ജീവനും സ്വത്തിനും അഭയം നൽകപ്പെട്ടിട്ടും ഒരു ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടു. ജെറുസലേമിലും അഭയമുണ്ടായിരുന്നിട്ടും അഭയാർഥികൾ പോലും കൊലകൾക്ക് ഇരയായി. പട്ടാളക്കാരുടെ മുട്ട് വരെയും രക്തത്തിൽ മുങ്ങി കിടന്നുവെന്ന് ക്രൈസ്തവ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. മസ്ജിദുൽ അഖ്സയുടെ ഉള്ളിൽ മാത്രം എഴുപതിനായിരം ജനങ്ങൾ കൊല്ലപ്പെട്ടു. ഇതേ ജെറുസലേമിൽ ഇതിന് ശേഷം സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ഉജ്ജ്വല വിജയം കരസ്ഥമാക്കി. അന്ന് അത്തരം അക്രമങ്ങളൊന്നും ഉണ്ടായില്ല. ഇതിന് മുമ്പ് മഹാനായ ഉമറുൽ ഫാറൂഖ് (റ) ബൈത്തുൽ മുഖദ്ദസ് കീഴടക്കിയപ്പോഴും ആരുടെയും ഒരു തുള്ളി രക്തം പോലും വീഴ്ത്തപ്പെട്ടില്ല. മറിച്ച്, ഫലസ്ത്വീൻ കീഴടക്കിയതിന് ശേഷം ഉമറുൽ ഫാറൂഖ് (റ) അവർക്ക് എഴുതി കൊടുത്ത സമാധാന പത്രം ഇപ്രകാരമായിരുന്നു:

            അല്ലാഹുവിൻ്റെ അടിമ അമീറുൽ മുഅ്മിനീൻ ഉമർ ജെറുസലേമിലെ ജനങ്ങൾക്ക് നൽകുന്ന അഭയപത്രം. ഈ അഭയം അവരുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും ബാധകമാകുന്നു. ആരോഗ്യമുള്ളവർ, രോഗികൾ എന്നിങ്ങനെ എല്ലാവർക്കും ഇത് ബാധകമാണ്. ക്രൈസ്തവരുടെ ആരാധനാലയങ്ങൾ പൊളിക്കുകയോ അവിടെയുള്ള വസ്തുവകകൾ നശിപ്പിക്കുകയോ അവിടുള്ള ഭൂമി പിടിച്ചെടുക്കപ്പെടുകയോ ചെയ്യുന്നതല്ല. മതവിഷയത്തിൽ അവരാേട് യാതൊരു നിർബന്ധവുമില്ല. അവർക്ക് യാതൊരു ദ്രോഹവുമുണ്ടാകുന്നതല്ല. 

-ഉമറുൽ ഖത്താബ് (ഒപ്പ്) 

സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ഏ.ഡി. 1187 ൽ ബൈത്തുൽ മുഖദ്ദസ് കീഴടിക്കിയപ്പോഴും ഒരു ക്രൈസ്തവനും ദ്രോഹിക്കപ്പെട്ടിട്ടില്ല. സമ്പന്നരായ ആളുകളിൽ നിന്നും ജിസ്‌യ (നികുതി) വാങ്ങിക്കുക മാത്രം ചെയ്തു. എതിരാളിയായ ജനറൽ റിച്ചാർഡിനെ ചികിത്സിക്കാൻ അയ്യൂബിയുടെ സ്വന്തം വൈദ്യനെ ഏർപ്പാട് ചെയ്തു. റോമൻ എംപെയറിന്റെ പതനം എന്ന ഗ്രന്ഥത്തിൽ ഗിബ്ബൻ എഴുതുന്നു: “ഉമർ ജെറുസലേം കീഴടക്കിയപ്പോൾ സഹോദര സമുദായങ്ങൾക്ക് പൂർണ്ണമായ ആരാധനാ സ്വാതന്ത്ര്യം നൽകി. പട്ടണത്തിന്റെ ഒരു ഭാഗത്ത് മത നേതാക്കളോടൊപ്പം ജീവിക്കാൻ അനുവാദവും കൊടുത്തു. മുഴുവൻ പട്ടണത്തിനും വേണ്ടി രണ്ടു നാണയം മാത്രമാണ് നികുതിയാക്കിയത്. മുസ്‌ലിം ഭരണത്തിൽ ജെറുസലേമിലേക്കുള്ള ക്രൈസ്തവ സന്ദർശകരുടെ യാത്ര വളരെയധികം വർദ്ധിച്ചു. എന്നാൽ നാന്നൂറ്റി എൺപത് വർഷത്തിനുശേഷം ക്രൈസ്തവർ ജെറുസലേം കീഴടക്കിയപ്പോൾ പൊതുജനങ്ങളുടെ സമ്പത്ത് ആരെങ്കിലും  കൊള്ളയടിച്ചാൽ അതവർക്കുള്ളതാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. പട്ടണത്തിൽ മുഴുവനും കൊള്ളയും കൊലയും വ്യാപകമായി. എതിർപ്പിന്റെ ശബ്ദമുയർത്തിയ മുഴുവൻ ആളുകളെയും വധിക്കുകയുണ്ടായി. മൂന്ന് ദിവസം നീണ്ടുനിന്ന കൂട്ടക്കൊലയിൽ എഴുപതിനായിരം മുസ്‌ലിംകൾ കൊല്ലപ്പെടുകയും യഹൂദ ദേവാലയങ്ങൾ കത്തിക്കപ്പെടുകയും ചെയ്തു. (ഡിക്ലൈൻ ഓഫ് റോമൻ എംമ്പയർ) 

🔹🔹🔹🔹🔹🔹🔹




മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുൽ മുനാഫിഖൂൻ

(11 ആയത്തുകൾ, പദങ്ങൾ 180, അക്ഷരങ്ങൾ 976, മദീനമുനവ്വറയിൽ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 104. പാരായണ ക്രമം 63. സൂറത്തുൽ ഹജ്ജിന് ശേഷം അവതരണം)


അല്ലാഹുവിന്‍റെ ധ്യാനത്തില്‍ അശ്രദ്ധ പാടില്ല, ദാനധര്‍മ്മങ്ങളിലും നന്മകളിലും മുന്നിടുക


✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



ആയത്ത് 09-11

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം


يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُلۡهِكُمۡ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُمۡ عَن ذِكۡرِ ٱللَّهِۚ وَمَن يَفۡعَلۡ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝٩ وَأَنفِقُواْ مِن مَّا رَزَقۡنَٰكُم مِّن قَبۡلِ أَن يَأۡتِيَ أَحَدَكُمُ ٱلۡمَوۡتُ فَيَقُولَ رَبِّ لَوۡلَآ أَخَّرۡتَنِيٓ إِلَىٰٓ أَجَلٖ قَرِيبٖ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّٰلِحِينَ ۝١٠ وَلَن يُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَآءَ أَجَلُهَاۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ ۝١١

                    സത്യവിശ്വാസികളേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങളെ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്നും വിസ്മൃതിയിലാക്കാതിരിക്കട്ടെ. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ വലിയ നഷ്ടവാളികളാണ്.(9) നിങ്ങള്‍ ഓരോരുത്തര്‍ക്കും മരണം വരികയും അവന്‍ 'എന്‍റെ രക്ഷിതാവേ, എനിക്ക് അല്പനേരം ഇളവ് നല്‍കൂ, അപ്പോള്‍ ഞാന്‍ ദാനം നല്‍കുന്നതും സുകൃതവാന്മാരില്‍ പെടുന്നതുമാണ്.' എന്ന് പറയുകയും ചെയ്യുന്നതിന് മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്നും നിങ്ങള്‍ ചിലവഴിക്കുക.(10) ഒരു ശരീരത്തിന്‍റെ സമയം സമാഗതമായാല്‍ അല്ലാഹു അതിന് ഒരിക്കലും ഇളവ് നല്‍കുന്നതല്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.(11)

ആശയ സംഗ്രഹം
                    സത്യവിശ്വാസികളേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും സര്‍വ്വവിധ ഭൗതിക വസ്തുക്കളും നിങ്ങളെ അല്ലാഹുവിന്‍റെ സ്മരണയായ ദീനില്‍ നിന്നും വിസ്മൃതിയിലാക്കാതിരിക്കട്ടെ. അതായത് ദീനില്‍ കുഴപ്പം സംഭവിക്കുന്ന നിലയില്‍ അവയുമായി നിങ്ങള്‍ അമിതമായ നിലയില്‍ ബന്ധപ്പെടരുത്. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ വലിയ നഷ്ടവാളികളാണ്. കാരണം ഭൗതിക ഗുണങ്ങള്‍ അവസാനിക്കുന്നതും പരലോക നഷ്ടങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുന്നതുമാണ്. ദീനിന്‍റെ കല്‍പ്പനകളില്‍ പ്രധാനപ്പെട്ട ഒരു കല്‍പ്പന, സാമ്പത്തിക ആരാധനകളാണ്. കൂടാതെ, സമ്പത്ത് വിസ്മൃതിയിലാക്കാതിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അതിനെക്കുറിച്ച് പ്രത്യേകം പറയപ്പെടുകയും ചെയ്തു. അതുകൊണ്ട് ആ കാര്യം പ്രത്യേകം ഉണര്‍ത്തുന്നു: നിങ്ങള്‍ ഓരോരുത്തര്‍ക്കും മരണം വരികയും അവന്‍ എന്‍റെ രക്ഷിതാവേ, എനിക്ക് അല്പനേരം ഇളവ് നല്‍കൂ, അപ്പോള്‍ ഞാന്‍ ദാനം നല്‍കുന്നതും സുകൃതവാന്മാരില്‍ പെടുന്നതുമാണ് എന്ന് സങ്കടത്തോടെയും വ്യാമോഹത്തോടെയും പറയുകയും ചെയ്യുന്നതിന് മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്നും നിര്‍ബന്ധ ദാനത്തിന്‍റെ വഴിയില്‍ നിങ്ങള്‍ ചിലവഴിക്കുക. കാരണം അപ്പോള്‍ സങ്കടവും വ്യാമോഹവും അല്‍പ്പവും ഗുണം ചെയ്യുന്നതല്ല. ഒരു ശരീരത്തിന്‍റെ സമയം സമാഗതമാവുകയും ആയുസ്സ് അവസാനിക്കുകയും ചെയ്താല്‍ അല്ലാഹു അതിന് ഒരിക്കലും ഇളവ് നല്‍കുന്നതല്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഫല ശിക്ഷകള്‍ നല്‍കുന്നതുമാണ്.
വിവരണവും വ്യാഖ്യാനവും  
   
                            സത്യവിശ്വാസികളേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങളെ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്നും വിസ്മൃതിയിലാക്കാതിരിക്കട്ടെ. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ വലിയ നഷ്ടവാളികളാണ്.(9) ഈ സൂറത്തിന്‍റെ ആരംഭത്തില്‍ കപടവിശ്വാസികള്‍ ഗൂഢാലോചന നടത്തുന്നതും കള്ള സത്യങ്ങള്‍ ചെയ്യുന്നതും വിവരിക്കപ്പെടുകയുണ്ടായി. പ്രസ്തുത ദുസ്വഭാവങ്ങളുടെ അടിസ്ഥാനം ഭൗതിക സ്നേഹത്തില്‍ പരിധിവിടലാണ്. ഈ കാരണത്താല്‍ തന്നെ ബാഹ്യമായി ഇസ്ലാമിനെ പ്രകടിപ്പിക്കുകയും അതിലൂടെ മുസ്ലിംകളില്‍ നിന്നും രക്ഷപ്പെടുകയും ഗനീമത്ത് സ്വത്തിലും മറ്റും പങ്കാളികളാവുകയും ചെയ്തിരുന്നു. ഇതുകൊണ്ട് തന്നെ മുഹാജിറുകളായ സഹാബികള്‍ക്ക് അന്‍സാറുകള്‍ ചിലവ് കൊടുക്കുന്നതിനെ നിര്‍ത്തലാക്കാനും അവര്‍ ശ്രമിച്ചിരുന്നു. ഈ ആയത്തുകളില്‍ അല്ലാഹു നിഷ്കളങ്കരായ സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് ഭൗതിക സ്നേഹത്തില്‍ കപടവിശ്വാസികളെപ്പോലെ ബോധമില്ലാത്തവര്‍ ആകരുതെന്ന് ശക്തിമായി ഉണര്‍ത്തുന്നു. ഇഹലോകത്തെ മനുഷ്യനെ പടച്ചവനില്‍ നിന്നും അശ്രദ്ധമാക്കാന്‍ സാധ്യതയുള്ള പ്രധാന വസ്തുക്കള്‍ രണ്ടാണ്: സമ്പത്തും, സന്താനങ്ങളും. അതുകൊണ്ട് അവ രണ്ടിനെയും പ്രത്യേകം പറയപ്പെട്ടിരിക്കുന്നു. എന്നാല്‍ അതുകൊണ്ടുള്ള ഉദ്ദേശം അവ രണ്ടും മാത്രമല്ല, മുഴുവന്‍ ഭൗതിക വസ്തുക്കളുമാണ്. ഉപദേശത്തിന്‍റെ ചുരുക്കം ഇതാണ്: സമ്പത്ത്, സന്താനങ്ങളോടുള്ള സ്നേഹം ഒരു പരിധിവരെ നിന്ദ്യമല്ല. ഒരു നിലയ്ക്ക് അവയുമായി ബന്ധപ്പെടുന്നത് അനുവദനീയമാണെന്ന് മാത്രമല്ല, നിര്‍ബന്ധം കൂടിയാണ്. എന്നാല്‍ അതിന്‍റെ പരിധി എപ്പോഴും മുന്നില്‍ ഉണ്ടായിരിക്കണം. അതായത് ഈ വസ്തുക്കള്‍ പടച്ചവന്‍റെ സ്മരണയില്‍ നിന്നും വിസ്മൃതിയിലാക്കരുത്. ഇവിടെ പടച്ചവന്‍റെ സ്മരണ എന്നതുകൊണ്ടുള്ള ഉദ്ദേശം അഞ്ച് നേരത്തെ നമസ്കാരമാണെന്ന് ചില മുഫസ്സിറുകളും ഹജ്ജും സകാത്തുമാണെന്ന് മറ്റ് ചിലരും വിശുദ്ധ ഖുര്‍ആനാണെന്ന് വേറെ ചിലരും പ്രസ്താവിച്ചിരിക്കുന്നു. ഹസന്‍ ബസ്വരി (റ) പറയുന്നു: പടച്ചവന്‍റെ സ്മരണകൊണ്ടുള്ള ഇവിടുത്തെ ഉദ്ദേശം മുഴുവന്‍ നന്മകളും ആരാധനകളുമാണ്. ഈ വാചകം എല്ലാ അഭിപ്രായത്തെയും ഉള്‍ക്കൊള്ളുന്നു. (ഖുര്‍തുബി) ചുരുക്കത്തില്‍ ഭൗതിക വസ്തുക്കള്‍ പടച്ചവനെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതില്‍ അശ്രദ്ധമാക്കാത്ത കാലത്തോളം അവയുമായി ബന്ധപ്പെടാന്‍ അനുവാദമുണ്ട്. എന്നാല്‍ അവയോടുള്ള സ്നേഹത്തില്‍ കുടുങ്ങി ഇതര നിര്‍ബന്ധ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ നിഷിദ്ധമോ വെറുക്കപ്പെട്ടതോ ആയ കാര്യങ്ങളില്‍ കുടുങ്ങുകയോ ചെയ്താല്‍ അത് വലിയ പരാജയമാണ്. കാരണം പരലോകത്തെ സമുന്നതവും കാലാകാലം നിലനില്‍ക്കുന്നതുമായ അനുഗ്രഹങ്ങള്‍ക്ക് പകരം ഇഹലോകത്തെ നിന്ദ്യവും നിസ്സാരവുമായ അനുഗ്രഹങ്ങളെ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ വലിയ നഷ്ടം മറ്റെന്താണുള്ളത്?
            നിങ്ങള്‍ ഓരോരുത്തര്‍ക്കും മരണം വരികയും അവന്‍ 'എന്‍റെ രക്ഷിതാവേ, എനിക്ക് അല്പനേരം ഇളവ് നല്‍കൂ, അപ്പോള്‍ ഞാന്‍ ദാനം നല്‍കുന്നതും സുകൃതവാന്മാരില്‍ പെടുന്നതുമാണ്' എന്ന് പറയുകയും ചെയ്യുന്നതിന് മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്നും നിങ്ങള്‍ ചിലവഴിക്കുക.(10) ഈ ആയത്തിലെ മരണം കൊണ്ടുള്ള ഉദ്ദേശം മരണത്തിന്‍റെ അടയാളങ്ങളാണ്. അതായത് മരണത്തിന്‍റെ അടയാളങ്ങള്‍ മുന്നില്‍ രുന്നതിന് മുമ്പ് ആരോഗ്യത്തിന്‍റെയും ശേഷിയുടെയും സമയത്ത് നിങ്ങളുടെ സമ്പത്തുകള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ച് പരലോകത്തെ സ്ഥാനങ്ങള്‍ കരസ്ഥമാക്കുക. മരണത്തിന് ശേഷം ഈ സമ്പത്തും മറ്റും നിങ്ങള്‍ക്ക് അല്‍പ്പവും ഗുണം ചെയ്യുന്നതല്ല. പടച്ചവന്‍റെ സ്മരണ എന്നതുകൊണ്ടുള്ള ഉദ്ദേശം എല്ലാ നന്മകളും ശരീഅത്ത് നിയമങ്ങളുമാണെന്ന് മുമ്പ് പറഞ്ഞുകഴിഞ്ഞു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സമ്പത്ത് ചിലവഴിക്കുന്നതും അതില്‍ പെട്ടതാണെന്നിരിക്കെ അതിനെ ഇവിടെ പ്രത്യേകം പറഞ്ഞതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പടച്ചവന്‍റെ വിധിവിലക്കുകള്‍ അനുസരിക്കുന്നതില്‍ നിന്നും മനുഷ്യനെ വിസ്മൃതിയിലാക്കുന്ന ഏറ്റവും വലിയ കാര്യം സമ്പത്താണ്. അതുകൊണ്ട് സകാത്ത്, ഹജ്ജ് മുതലായ സാമ്പത്തിക ആരാധനകളെ പ്രത്യേകം പറഞ്ഞു. രണ്ട്, മരണത്തിന്‍റെ അവസ്ഥകള്‍ വെളിവാകുമ്പോള്‍ ആര്‍ക്കും ദാനധര്‍മ്മം ചെയ്യാന്‍ സാധിക്കുന്നതല്ല. നമസ്കാരം ഖളാഅ് വീട്ടാനും ഹജ്ജ് നിര്‍വ്വഹിക്കാനും നോമ്പ് പിടിക്കാനും സാധിക്കുകയില്ലെങ്കിലും സമ്പത്ത് മുമ്പിലുള്ളതുകൊണ്ട് ദാനം കൊടുക്കാമല്ലോ എന്ന് ആരും ചിന്തിക്കരുത്. കാരണം മരണം വരുന്നതോടെ സമ്പത്ത് അവന്‍റെ കയ്യില്‍ നിന്നും മാറിപ്പോകുന്നതാണ്. അതുകൊണ്ട് മരണനേരത്ത് സാമ്പത്തിക ആരാധനകളില്‍ വന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ സാധിക്കുന്നതല്ല. കൂടാതെ, ദാനധര്‍മ്മങ്ങള്‍ ഇതര നന്മകളേക്കാള്‍ ശിക്ഷയെ ദൂരീകരിക്കാന്‍ പര്യപ്തമായത് കൊണ്ടും കൂടിയാണ് അതിനെ പ്രത്യേകം എടുത്ത് പറഞ്ഞത്. അബൂഹുറയ്റ (റ) നിവേദനം. ഒരു വ്യക്തി ചോദിച്ചു: ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ദാനധര്‍മ്മം ഏതാണ്? റസൂലുല്ലാഹി (സ) അരുളി: ആരോഗ്യം ഉണ്ടായിരിക്കുകയും ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ പിന്നീട് ദാരിദ്ര്യം ഉണ്ടാകുമോ എന്ന് ഭയക്കുകയും ചെയ്യുമ്പോള്‍ ധര്‍മ്മം കൊടുക്കലാണ്. ഒരു ഹദീസില്‍ വന്നിരിക്കുന്നു: നിങ്ങളുടെ ആത്മാവ് തൊണ്ടക്കുഴിയില്‍ എത്തുകയും മരണം ആരംഭിക്കുകയും തദവസരം ഇത്ര സമ്പത്ത് ഇന്നവര്‍ക്ക് കൊടുക്കുക എന്ന് പറയുകയും ചെയ്യുന്ന നിലയില്‍ ദാനധര്‍മ്മത്തെ പിന്തിക്കരുത്. (ബുഖാരി) ഇബ്നു അബ്ബാസ് (റ) പറയുന്നു: സകാത്ത് നിര്‍ബന്ധമായിട്ടും കൊടുക്കാതിരിക്കുകയും ഹജ്ജ് നിര്‍ബന്ധമായിട്ടും നിര്‍വ്വഹിക്കാതിരിക്കുകയും ചെയ്യുന്നവര്‍ മരണപ്പെടുമ്പോള്‍ ഇഹലോകത്തേക്ക് മടങ്ങിയാല്‍ കൊള്ളാമെന്ന് മോഹിക്കുന്നതാണ്. അതായത് കുറച്ച് ഇളവ് ലഭിക്കുകയാണെങ്കില്‍ ദാനധര്‍മ്മം ചെയ്യുകയും ബാധ്യത വീട്ടുകയും ചെയ്യാമെന്ന് മോഹിക്കുന്നതാണ്. (മസ്ഹരി) അതുപോലെ നഷ്ടപ്പെട്ടുപോയ നിര്‍ബന്ധ ദാനത്തെ ഖളാഅ് വീട്ടുകയും കുടുങ്ങിക്കിടക്കുന്ന പാപങ്ങളില്‍ നിന്നും പശ്ചാത്തപിക്കുകയും ചെയ്യാമെന്നും മോഹിക്കുന്നതാണ്. എന്നാല്‍ ഈ മോഹങ്ങള്‍ വെറും പാഴായ വ്യാമോഹങ്ങള്‍ മാത്രമാണെന്ന് അറിയിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ഒരു ശരീരത്തിന്‍റെ സമയം സമാഗതമായാല്‍ അല്ലാഹു അതിന് ഒരിക്കലും ഇളവ് നല്‍കുന്നതല്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

പടച്ചവന്‍റെ അനുഗ്രഹത്താല്‍ 1391 ജമാദുല്‍ ആഖര്‍ 13 ജുമുഅ നമസ്കാരത്തിന് മുമ്പ് സൂറത്തുല്‍ മുനാഫിഖൂന്‍ അവസാനിച്ചു.

🔹🔹🔹🔹🔹



മആരിഫുല്‍ ഹദീസ്


ഉമറുൽ ഫാറൂഖ് (റ)ൻ്റെ മഹത്വങ്ങൾ
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


കഴിഞ്ഞ അധ്യായത്തിൽ റസൂലുല്ലാഹി ﷺയുടെ ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ധീഖ് (റ)നെ മഹത്ത്വങ്ങളെ കുറിച്ചുള്ള ഹദീസുകൾ വിവരിക്കപ്പെട്ടു കഴിഞ്ഞു. അതിൽ ചില ഹദീസുകൾ റസൂലുല്ലാഹി ﷺയുടെ വചനങ്ങളും മറ്റു ചിലത് മഹാന്മാരായ സ്വഹാബികളുടെ വാക്കുകളും ആണ്. ഇപ്രകാരം ഉമർ (റ)വിനെ കുറിച്ചും ചില ഹദീസുകൾ ഇവിടെ ഉദ്ധരിക്കുകയാണ്. 145. അബൂഹുറൈറ (റ ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങളിലും അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള ഉത്തമ കാര്യങ്ങൾ മനസ്സിൽ ഇട്ടു കൊടുക്കപ്പെടുന്ന ആളുകൾ ഉണ്ടായിരുന്നു. എന്റെ സമുദായത്തിൽ ഇത്തരം കാര്യങ്ങളെ കൊണ്ട് പ്രത്യേകം അനുഗ്രഹിക്കപ്പെട്ട വ്യക്തി ഉമർ ആണ്. (ബുഖാരി, മുസ്‌ലിം) വിവരണം: മുഹദസ്സ് എന്നാൽ അല്ലാഹുവിന്റെ ഭാഗത്തു നിന്നും ധാരാളം സൽക്കാര്യങ്ങൾ മനസ്സിൽ ഇട്ടു കൊടുക്കപ്പെടുന്ന വ്യക്തിയാണ്. അവർ നബിയായിരിക്കുകയില്ല. ഏതെങ്കിലും നബിയുടെ അനുയായി ആയിരിക്കും. പക്ഷേ ഇവരുടെ മേൽ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹം വർഷിക്കുന്നതാണ്. റസൂലുല്ലാഹി ﷺ ഈ വചനത്തിലൂടെ അറിയിക്കുന്നു. കഴിഞ്ഞ സമുദായങ്ങളിൽ ഇത്തരം ധാരാളം ആളുകൾ ഉണ്ടായിട്ടുണ്ട്. എന്റെ സമുദായത്തിൽ ഇത്തരം ആരെങ്കിലും ഉണ്ടാവുമെങ്കിൽ, അത് ഉമർ ആയിരിക്കും. ഹദീസിന്റെ ഈ ബാഹ്യവചനങ്ങൾ കാണുമ്പോൾ റസൂലുള്ളാഹി ﷺയുടെ ഉത്തമ സമുദായത്തിൽ ഇത്തരം ആളുകൾ ആരും ഉണ്ടാവുകയില്ലെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ സമുദായങ്ങളെക്കാളും ശ്രേഷ്ഠമായ ഈ സമുദായത്തിൽ നിന്നും ഇത്തരം ധാരാളം ആളുകൾ ഉണ്ടാകുന്നതാണ്. എന്നാൽ ഈ വിഷയത്തിൽ ഉമറുൽ ഫാറൂഖിൻ ലഭിച്ചത് പോലെയുള്ള മഹത്വം മറ്റാർക്കും ഉണ്ടാവുകയില്ലെന്നതാണ് ഹദീസിന്റെ ആശയം. 146. ഇബ്നു ഉമർ (റ) നിവേദനം : റസൂലുല്ലാഹി ﷺ അരുളി : അല്ലാഹു സത്യത്തെ ഉമറിന്റെ നാവിലും മനസ്സിലും നിക്ഷേപിച്ചിരിക്കുന്നു. (തിർമിദി) 147.അബൂദർ (റ ) നബി വചനം : റസൂലുല്ലാഹി ﷺ അരുളി : അല്ലാഹു ഉമറിന്റെ നാവിൽ സത്യത്തെ സ്ഥാപിച്ചിരിക്കുന്നു. (അബൂദാവൂദ്) വിവരണം: അതായത് അല്ലാഹു തആല ഉമറുൽ ഫാറൂഖ് (റ)ന് തന്റെ മേൽ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. അദ്ദേഹത്തിന്റെ മനസ്സിൽ ഉദിക്കുന്നതും നാവു കൊണ്ട് പറയുന്നതുമായ കാര്യങ്ങൾ സത്യമാണ് എന്നതാണ്. അദ്ദേഹം ചിന്തിക്കുന്നതും പറയുന്നതും സത്യമാണ്. ഇതിന്റെ ഉദ്ദേശം അദ്ദേഹത്തിൽ നിന്നും ഗവേഷണപരമായ തെറ്റുകൾ ഒന്നും സംഭവിക്കില്ല എന്നല്ല. ഗവേഷണപരമായ തെറ്റുകൾ എല്ലാ മഹാത്മാക്കളിൽ നിന്നു പോലും ഉണ്ടാകുന്നതാണ്. പക്ഷേ അപ്രകാരം തെറ്റ് സംഭവിച്ചാൽ അല്ലാഹുവിന്റെ ഭാഗത്തുനിന്നും അറിയിക്കപ്പെട്ട അവർ അത് തിരുത്തുന്നതാണ്. ഉമർ അലി അല്ലാഹു ഭാഗത്തുനിന്നും ചില വേള ഗവേഷണപരമായ തെറ്റുകൾ ഉണ്ടായിരുന്നു. പക്ഷേ സത്യ മനസ്സിലാക്കിയാൽ അദ്ദേഹം അതിൽ നിന്നും അടങ്ങിയിരുന്നു. സകാത്ത് വിസമ്മതിച്ചവരുടെ ജിഹാദിന്റെ വിഷയത്തിൽ ഉമർ (റ) പുലർത്തി അഭിപ്രായവും, ആ വിഷയത്തിൽ സിദ്ധീഖ് (റ) സ്വീകരിച്ച നടപടിയും പിന്നീട് ഉമർ (റ) സിദ്ധീഖ് (റ)ന്റെ അഭിപ്രായത്തെ പിന്തുണച്ചതും കഴിഞ്ഞ അധ്യായത്തിന്റെ അവസാനത്തിൽ വിവരിച്ചിട്ടുണ്ട്.
ഇത്തരം ചില സംഭവങ്ങൾ ഒഴിച്ച് മറ്റു എല്ലാ വിഷയങ്ങളിലും അദ്ദേഹം ചിന്തിച്ചതും പറഞ്ഞതും സത്യമായിരുന്നു. തീർച്ചയായും ഇത് അദ്ദേഹത്തിന്റെ മേലുള്ള വിശിഷ്ടമായ അനുഗ്രഹമാണ്.

🔹🔹🔹🔹🔹



ഇലാ റഹ്‌മത്തില്ലാഹ്...


തങ്ങൾ വീട്ടിലെ തണൽ മരം

            നിശ്വാസത്തിൽ നിഴലിക്കുന്നത് പോലും തിരിച്ചറിയുന്ന ചില സന്ദർഭങ്ങളുണ്ട്. ഉള്ളിലെ വിങ്ങലുകളും ഉള്ളുലക്കുന്ന ഓർമ്മകളും കണ്ണുകളിൽ ദൃശ്യമാകുന്ന നിമിഷം. അങ്ങനൊന്നാണ് കഴിഞ്ഞ ദിനം ജീവിതത്തിലുണ്ടായത്. ബന്ധങ്ങൾക്ക് മുന്നിൽ ബാധ്യതകൾക്ക്‌ അർത്ഥമില്ലാതാകുന്ന ചിലരുണ്ട്. അതിലൊന്നാണ് പ്രിയ ചങ്ങാതി സയ്യിദ് സുഹൈബ് തങ്ങൾ.
പരവൂർ വടക്കും ഭാഗം പള്ളി മുറ്റത്ത് നൂർ മഹലിലെ പ്രകാശഗോപുരത്തെ പടച്ചവനിലേക്ക് പറഞ്ഞയച്ചിട്ട് നിന്ന പ്രിയ കൂട്ടുകാരനെ ചേർത്തണച്ചപ്പോൾ ഉമ്മ നഷ്ടപ്പെട്ട കൂട്ടുകാരനെയല്ല, അവനിലൂടെ ഉമ്മയില്ലാത്ത എന്നെയാണ് ഞാൻ കണ്ടത്. അത് കൊണ്ടാവാം കണ്ണുകൾക്ക്‌ ഈറനെ തടുത്ത് നിർത്താൻ കഴിയാഞ്ഞതും.
എങ്ങനെ കരയാതിരിക്കും!? ഒരു നാടിന്റെ വിളക്കെന്ന വിശേഷണം പേറിയ മഹതി... തങ്ങൾ വീടിന്റെ മഹത്വവും, മുല്ല ബീവി യുടെ ഔന്നിത്യവും വാതോരാതെ പറയുന്ന നാട്ടുകാർ... ആ മഹതിയുടെ ജീവിത വിശുദ്ധിയും നൈർമല്യവും സ്വഭാവമഹിമയും മാത്രം കേൾക്കുന്ന സദസ്സ്... ഇഹലോകത്ത് ഇണയുടെ പൂർണ്ണ തൃപ്തി സമ്പാദിച്ച ഭാര്യ... മക്കൾക്ക്‌ ലാളിത്യത്തിന്റെയും വിനയത്തിന്റെയും പാഠം പകർന്നു നൽകിയ മാതാവ്... പ്രവാചക വംശത്തിന്റെ രക്തം മാത്രമല്ല പൈതൃകമൂല്യങ്ങളും കാത്തു സൂക്ഷിച്ചവർ... പേര് പോലെ പ്രകാശം പരത്തിയ മഹിളാ രത്നം... പടച്ചവന്റെ വിളിക്കുത്തരം നൽകിയെങ്കിലും
അവരുടെ പ്രാർത്ഥനയുടെ ചൂടിലും സ്നേഹത്തിന്റെ തണലിലും നെയ്തെടുത്ത മക്കളിലൂടെ, മരു മക്കളിലൂടെ, ചെറു മക്കളിലൂടെ, ശിഷ്യ ഗണങ്ങളിലൂടെ അവരുടെ ഓർമ്മകളും സ്വഭാവമഹിമയും ഇനിയും ഇനിയും നിലനിൽക്കും ഇൻഷാഅല്ലാഹ്.
യാ അല്ലാഹ്... പ്രിയ മാതാവിന് മഗ്ഫിറത്തും മർഹമത്തും നൽകേണമേ... അവർ പഠിച്ച, പഠിപ്പിച്ച പരിശുദ്ധ ഖുർആനിന്റെ ഓരോ അക്ഷരങ്ങളും അവരുടെ ആത്മാവിന് അനന്തമായ സമാധാനമാക്കി നൽകേണമേ...
ജീവിതത്തിൽ ഒരു തഹജ്ജുദ് പോലും മുടക്കിയിട്ടില്ല. അവസാന വഖ്ത് ഫർളും നിസ്കരിച്ചു. 6 മക്കളുടെ താങ്ങും തണലുമായിരുന്ന മാതാവ്. തന്റെ ഇബാദത്തുകൾക്ക് തടസ്സം നിൽക്കുന്ന രോഗം എനിക്ക് നൽകരുതെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവുന്ന നിലയിൽ തന്നെ തളർത്തരുതെന്നും പടച്ചവനോട് പ്രാർത്ഥനയിലൂടെ ഉത്തരം കണ്ടെത്തിയ മഹതി. മരുമക്കൾക്ക് സ്വന്തം മാതാവിനെക്കാൾ ഏറ്റവും പ്രിയപ്പെട്ട അമ്മായി. ചെറു കുട്ടികൾക്ക് സ്നേഹനിധിയായ ഉമ്മുമ്മ. ഭർത്താവിന്റെ പ്രയാസങ്ങളിലും വിഷമങ്ങളിലും കൂടെ നിന്ന ഭാര്യ. "أيما امرأة ماتت وزوجها عنها راضٍ دخلت الجنة" (رواه الترمذي) "ഭർത്താവ് തനിക്കു സന്തോഷനായിരിക്കെ മരിക്കുന്ന ഏതു സ്ത്രീയും സ്വർഗ്ഗത്തിൽ പ്രവേശിക്കും." (തിര്‍മിദി)

ഈ ഹദീസ് ജീവിതത്തിലൂടെ അന്വർത്ഥമാക്കിയ ഭാര്യ. വീട്ടുജോലികളിൽ വ്യാപൃതരായിരിക്കുമ്പോഴും വിശുദ്ധ ഖുർആൻ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും കൃത്യത പുലർത്തിയ മഹതി. അതായിരുന്നു പരവൂർ വടക്കുംഭാഗം നൂർ മഹലിലെ മുല്ല ബീവി. പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.

🔹🔹🔹🔹🔹



ഗ്രന്ഥ പരിചയം

📓 തഫ്സീറുൽ ഹസനി

✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി


 650 /-

• പരിശുദ്ധ ഖുർആൻ ആശയവും വിവരണവും
• പരിശുദ്ധ ഖുർആൻ ലളിതമായ ആശയം
• ഓരോ പേജിലും പ്രധാനപ്പെട്ട വ്യാഖ്യാനക്കുറിപ്പുകൾ
• പരിശുദ്ധ ഖുർആൻ വചനങ്ങളുടെ അവതരണ പശ്ചാത്തലങ്ങളും തിരുവചനങ്ങളുടെ പരസ്‌പര ബന്ധങ്ങളും അതിമഹത്തായ സന്ദേശങ്ങളും വിവരിക്കുന്ന അമൂല്യ രചന.

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌