ജമാദുൽ ഊലാ 23/1447
നവംബർ 14/2025
No: 236

 ഉള്ളടക്കം 

▪️മുഖലിഖിതം
മാനവികത സന്ദേശത്തിൻ്റെ പ്രചാരകരാവുക!
        ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️ജുമുഅ സന്ദേശം 
ഇലക്ഷനിൽ മുസ്‌ലിംകൾ മുൻഗണന നൽകേണ്ടത് എന്തിനാണ്?
        ✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി 

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്തഗാബുന്
സത്യസരണിയില്‍ സഹനതയോടെ അടിയുറച്ച് നില്‍ക്കുക.
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ് 
ശൈഖൈനി (റ)യുടെ മഹത്വങ്ങൾ
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

🔹🔹🔹🔹🔹🔹🔹







 മുഖലിഖിതം 

മാനവികത സന്ദേശത്തിൻ്റെ പ്രചാരകരാവുക!

       പയാമെ ഇൻസാനിയത്തിന്റെയും മറ്റും പ്രേരണകൾ കാരണം ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ കൂടുതലായിട്ടുണ്ട്. പക്ഷേ, മാനവികതയുടെ സന്ദേശം അതിലൂടെ പ്രചരിപ്പിക്കണം എന്ന പ്രധാന ലക്ഷ്യത്തിൽ വലിയ വീഴ്ച്ച സംഭവിക്കുന്നതായി കാണപ്പെടുന്നുവെന്നും പ്രത്യേകിച്ചും പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം തന്നെ മാനവികതാ സന്ദേശങ്ങളുടെ പ്രചാരണമാണെന്നു അതില്ലാതെ പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തനം തന്നെ ശരിയാകുന്നതുമല്ല. ഓരോ പ്രവർത്തകരും പയാമെ ഇൻസാനിയത്ത് കേന്ദ്രത്തിൽ നിന്നും നൽകപ്പെടുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തനങ്ങളിൽ മതപരമോ രാഷ്ട്രീയപരമായോ യാതൊരു പരാമർശവും ഉണ്ടാകാൻ പാടില്ലെന്നും പരിപാടികളിലും പരസ്പര സന്ദർശനങ്ങളിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ഈ രാജ്യത്തിൻ്റെ മണ്ണ്  ഇളകുകയാണെങ്കിൽ, അസാധാരണമായ സാഹചര്യങ്ങളിൽ ഒരു കല്ല് വെക്കാൻ പോലും പ്രയാസമാകും, ജീവൻ രക്ഷിക്കുക ദുഷ്‌കരമാകും. നിലവിലെ സാഹചര്യത്തിൽ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം മണ്ണിനെ ബലപ്പെടുത്തുക എന്നതാണ്. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ പ്രയോജനം എല്ലാവർക്കും ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും, എല്ലാ മതക്കാർക്കും - ലഭിക്കുന്നതാണ്. നമ്മൾ എല്ലാവരും ഒരേ കപ്പലിലെ യാത്രക്കാരാണ്; കപ്പലിൽ ദ്വാരം വീണാൽ, താഴെയുള്ളവർ മാത്രമല്ല, മുകളിലുള്ളവരും രക്ഷപ്പെടില്ല. ഈ രാജ്യമാകുന്ന കപ്പലിൽ ആരെങ്കിലും ദ്വാരം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, നമ്മൾ അവരെ തടയണം. അല്ലെങ്കിൽ, രാജ്യം നശിക്കും, നമ്മളും നശിക്കും. നമ്മുടെ രാജ്യം അപകടത്തിലാണ്, വെള്ളം കയറി ക്കൊണ്ടിരിക്കുകയാണ്. പക്ഷേ അത് നിറയാൻ സമയമെടുക്കും. ഒന്നാമതായി, നമ്മൾ ഈ വിള്ളലുകൾ അടയ്ക്കണം, രണ്ടാമതായി, ദ്വാരമുണ്ടാക്കുന്നവരെ തടയണം. ഇതിന് അവർ എന്താണ് ചെയ്യുന്നതെന്ന് അവരെ ബോധ്യപ്പെടുത്തണം. നിലവിലെ നമ്മുടെ പ്രശ്നം ഒരു സിംഹത്തെ മുറിയിൽ കണ്ടിട്ടും, സുഖലോലുപരായി ഉറങ്ങുന്നവരുടെ അവസ്ഥക്ക് സമാനമാണ്. സിംഹം മുന്നിലുണ്ടെന്ന് ഒരാൾ ഉച്ചത്തിൽ പറഞ്ഞാൽ അപകടം തിരിച്ചറിഞ്ഞ് എല്ലാവരും ഉണരുന്നതാണ്.  

✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

🔹🔹🔹🔹🔹🔹🔹

 ജുമുഅ സന്ദേശം 

ഇലക്ഷനിൽ മുസ്‌ലിംകൾ മുൻഗണന നൽകേണ്ടത് എന്തിനാണ്?

✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)             

ഒരു വ്യക്തിക്ക് തികച്ചും നല്ലതും, തിന്മയുടെ ലാഞ്ഛനയില്ലാത്തതുമായ ഒരു കാര്യം നേരിടുകയും, അത് സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെടുകയും ചെയ്താൽ, എന്തെങ്കിലും തീരുമാനമെടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. സൽബുദ്ധിയുള്ള ആരും അത് സ്വീകരിക്കും. അതുപോലെ, ഒരു കാര്യം ശുദ്ധമായ തിന്മയാണെങ്കിൽ, അപ്പോഴും തീരുമാനമെടുക്കാൻ പ്രയാസമില്ല. വിവേകമുള്ള ആരും അതിൽ നിന്ന് ഒഴിഞ്ഞുമാറും. എന്നാൽ, ഒരു വ്യക്തിക്ക് മുന്നിൽ രണ്ട് നല്ല കാര്യങ്ങൾ വെക്കുമ്പോൾ, അയാളുടെ തിരഞ്ഞെടുക്കാനുള്ള ശേഷി പരീക്ഷിക്കപ്പെടുന്നു. ഇതിൽ ഏതാണ് മികച്ചതെന്നും, ഏതാണ് ഏറ്റവും നല്ലതെന്നും, ഏതാണ് മെച്ചപ്പെട്ടതെന്നും ഏതാണ് കൂടുതൽ മെച്ചമെന്നും തീരുമാനിക്കേണ്ടതുണ്ട്. അതിലും പ്രയാസകരമായ സാഹചര്യം, ഒരു വ്യക്തിക്ക് മുന്നിൽ രണ്ട് തിന്മകൾ വെക്കുകയും, ഒരേ സമയം അവ രണ്ടിൽ നിന്നും രക്ഷപ്പെടാൻ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ്. ഒരു തിന്മ സ്വീകരിക്കാൻ അയാൾ നിർബന്ധിതനാകുമ്പോൾ, അയാളുടെ തീരുമാനമെടുക്കാനുള്ള ശക്തി, അറിവ്, കാലത്തെക്കുറിച്ചുള്ള അവബോധം, താൽപ്പര്യം, തിരിച്ചറിയാനുള്ള കഴിവ് എന്നിവ യഥാർത്ഥത്തിൽ പരീക്ഷിക്കപ്പെടുന്നതാണ്.

വിവിധ താൽപ്പര്യങ്ങൾ അവനിലേക്ക് ആകർഷിക്കപ്പെടുകയും, അവന്റെ മനസ്സ് ചിലപ്പോൾ ഒരു വശത്തേക്കും, മറ്റ്ചിലപ്പോൾ മറുവശത്തേക്കും ചായുകയും ചെയ്യും. സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ ഒന്നിനെ നല്ലതായി തോന്നാം, എന്നാൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കാഴ്ചപ്പാടിൽ മറ്റൊന്നിന് മുൻഗണന അർഹിക്കുന്നതായി തോന്നാം. ഒരു വഴി സ്വീകരിക്കുന്നത് താൽക്കാലിക നേട്ടങ്ങൾക്ക് കാരണമായേക്കാം, എന്നാൽ അതിന്റെ അന്തിമഫലം അസാധാരണമായ നഷ്ടത്തിന് ഇടയാക്കിയേക്കാം. മറ്റൊരു വഴിക്ക്, അതിന്റെ ഫലം പരിഗണിക്കുമ്പോൾ, ഒരു പ്രതീക്ഷയുടെ കിരണമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, മുൻഗണനകൾ സ്ഥാപിക്കുകയും ലാഭനഷ്ടങ്ങളുടെ തുലാസ്സിൽ തൂക്കി ഏറ്റവും കുറഞ്ഞ നാശമുണ്ടാക്കുന്ന സാഹചര്യം ഏതാണെന്ന് നിർണ്ണയിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ശരീഅത്ത് നമ്മെ പഠിപ്പിച്ചത് ഈ ആലോചനാ രീതിയാണ്. ഹസ്രത്ത് അമ്മാർ ബിൻ യാസിർ (റ) നെ ശത്രുക്കൾ അവിശ്വാസത്തിന്റെ വാക്ക് പറയാൻ നിർബന്ധിതനാക്കി. അദ്ദേഹത്തിന് മുന്നിൽ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്: ഒന്ന്, അവിശ്വാസത്തിന്റെ വാക്ക് പറഞ്ഞ് ജീവൻ രക്ഷിക്കുക. രണ്ട്, ജീവൻ നൽകി അവിശ്വാസത്തിന്റെ വാക്കിൽ നിന്ന് തന്റെ നാവുകൾ സംരക്ഷിക്കുക. അദ്ദേഹം ഇജ്തിഹാദ് (ഗവേഷണം) ഉപയോഗിച്ച് പ്രവർത്തിച്ചു. ജീവൻ നഷ്ടപ്പെട്ടാൽ, അടുത്ത ഘട്ടങ്ങളിൽ പ്രവാചകൻ (സ) നെ സഹായിക്കുന്നതിൽ നിന്നും, ഭാവിയിൽ ചെയ്യാൻ കഴിയുന്ന ഇസ്‌ലാമിന്റെ പ്രബോധനവും പ്രചാരണവും നടത്തുന്നതിൽ നിന്നും താൻ ഒഴിവാകും. എന്നാൽ, നിർബന്ധിത സാഹചര്യത്തിൽ അവിശ്വാസത്തിന്റെ വാക്ക് നാവിൽ നിന്ന് പുറത്തു വന്നാൽ, വിശ്വാസത്തിന്റെ യഥാർത്ഥ ബന്ധം ഹൃദയത്തോടാണ്, നാവുമായിട്ടല്ല എന്നതിനാൽ, ഇൻഷാ അല്ലാഹ്, തനിക്ക് വിശ്വാസത്തിന്റെ സമ്പത്ത് നഷ്ടപ്പെടില്ല. അതിനാൽ, ഹസ്രത്ത് അമ്മാർ (റ) ജീവൻ രക്ഷിക്കാൻ മുൻഗണന നൽകി. എന്നാൽ അദ്ദേഹത്തിന്റെ ഹൃദയം വിശ്വാസത്തിന്റെ പ്രകാശം നിറഞ്ഞതായിരുന്നു. അതുകൊണ്ട് അദ്ദേഹം അസ്വസ്ഥനായി. കരഞ്ഞുകൊണ്ട് പ്രവാചകൻ (സ) യുടെ സന്നിധിയിൽ ചെന്ന് തന്റെ ദുഃഖ കഥ വിവരിച്ചു. പ്രവാചകൻ (സ) അന്വേഷിച്ചു: "നിങ്ങളുടെ ഹൃദയം വിശ്വാസത്തിൽ സന്തുഷ്ടൻ ആണോ?" ഹസ്രത്ത് അമ്മാർ (റ) പറഞ്ഞു: "നിസ്സംശയം." പ്രവാചകൻ (സ) പറഞ്ഞു: "അങ്ങനെയെങ്കിൽ, യാതൊരു കുഴപ്പവുമില്ല. മാത്രമല്ല, ഭാവിയിൽ അത്തരമൊരു പരീക്ഷണം വന്നാൽ, നാവിൽ അവിശ്വാസത്തിന്റെ വാക്ക് പറഞ്ഞ് നിങ്ങളുടെ ജീവൻ രക്ഷിച്ചോളൂ." ഈ സന്ദർഭത്തിലാണ് ഈ ആയത്ത് അവതരിച്ചത്: എന്നാൽ, നിർബന്ധിതനാവുകയും, അവന്റെ ഹൃദയം വിശ്വാസത്തിൽ സന്തുഷ്ടമാവുകയും ചെയ്തവരൊഴികെ. (നഹ്ൽ)

അതുപോലെ, ഒരു വ്യക്തി വിശപ്പും ദാഹവും കാരണം, ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തിയാൽ, അത്തരം നിസ്സഹായനും നിർബന്ധിതനുമായ അവസ്ഥയിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ അളവിൽ പന്നി പോലുള്ള ഹറാമായ മൃഗത്തിന്റെ മാംസമോ, ശവമോ കഴിക്കാനും, മദ്യം കുടിക്കാനും ശരീഅത്ത് അനുവാദം നൽകിയിട്ടുണ്ട്. നിഷിദ്ധമായ വസ്തു കഴിക്കുന്നതും കുടിക്കുന്നതും ഒരു തിന്മയും മതപരമായി തെറ്റുമാണ്. ജീവിതം അല്ലാഹുവിന്റെ അമാനത്താണ്, അത് കഴിവുള്ളിടത്തോളം സംരക്ഷിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു, അത് നഷ്ടപ്പെടുത്തുന്നതും ഒരു തെറ്റാണ്. ലൗകികപരമായി ഇത് തിന്മയാണ് എന്നതിലുപരി, മതപരമായും തെറ്റാണ്. ഒരു വ്യക്തിയുമായി അവന്റെ പ്രായമായ മാതാപിതാക്കൾ, അനാഥരായ സഹോദരീസഹോദരന്മാർ, ഉപജീവനമാർഗ്ഗം കണ്ടെത്താൻ കഴിയാത്ത ഭാര്യ, ചെറിയ കുട്ടികൾ എന്നിവരുടെ അവകാശം ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, അല്ലാഹുവിന്റെ സഹായം കൊണ്ട് അയാൾക്ക് നിരവധി മതപരമായ സേവനങ്ങൾ ചെയ്യാനും കഴിയും. എന്നാൽ, ഒരു വ്യക്തിക്ക് ജീവൻ നഷ്ടമായാൽ, ബന്ധപ്പെട്ടവരുടെ ആവശ്യങ്ങളും, ദീനിന്റെ നിരവധി സേവനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട്, ജീവനും സ്വത്തും ത്യജിക്കാതെ ദീനിനെ സംരക്ഷിക്കാൻ കഴിയാതെ വരുമ്പോൾ, ദീനിനാണ് ഒരു മുസ്‌ലിമിന്റെ ജീവനേക്കാളും സ്വത്തിനേക്കാളും പ്രാധാന്യം നൽകേണ്ടതെങ്കിലും, ദീനിന്റെ സംരക്ഷണം അതിനെ ആശ്രയിക്കാത്ത സന്ദർഭങ്ങളിൽ, താൽക്കാലികമായി, ആവശ്യമായ അളവിൽ, ശരീഅത്തിന്റെ ഏതെങ്കിലും പൊതുവായ നിയമത്തിനെതിരെ മനുഷ്യജീവന്റെ സംരക്ഷണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.

ശരീഅത്തിന്റെ നിയമങ്ങളിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ശരീഅത്ത് പണ്ഡിതന്മാർ മുൻഗണനകളുടെ കാര്യത്തിൽ വിവിധ നിയമങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. അവയിൽ ചിലത് ഇവിടെ പരാമർശിക്കുന്നത് ഉചിതമായിരിക്കും:

 * يُتَحَمَّلُ الضَّرَرُ الْخَاصُّ لِدَفْعِ الضَّرَرِ الْعَامِ (പൊതുവായതും കൂട്ടായതുമായ നഷ്ടം തടയുന്നതിനായി വ്യക്തിപരമായതും ഒറ്റപ്പെട്ടതുമായ നഷ്ടം സഹിക്കപ്പെടും). 

* إِذَا تَعَارَضَ الْمَفْسَدَتَانِ رُوعِيَ أَعْظَمُهُمَا ضَرَرًا بِارْتِكَابِ أَخَفِّهِمَا 
(രണ്ട് തിന്മകൾ കൂട്ടിമുട്ടുമ്പോൾ, അതിൽ കുറഞ്ഞ ദോഷകരമായ തിന്മ പ്രവർത്തിച്ചുകൊണ്ട് ഏറ്റവും വലിയ തിന്മയെ തടയാൻ ശ്രമിക്കണം).

 * دَرْءُ الْمَفَاسِدِ أَوْلَى مِنْ جَلْبِ الْمَصَالِحِ
(തിന്മകളെ തടയുന്നത് നേട്ടങ്ങൾ കൈവരിക്കുന്നതിനേക്കാൾ ഉത്തമമാണ്).

ഈ നിയമങ്ങൾ ഫുഖഹാക്കൾ വിവിധ വാക്കുകളിലും പ്രയോഗങ്ങളിലും വിവരിച്ചിട്ടുണ്ട്. ഇവ നിയമപരമായ ചെറിയ കാര്യങ്ങളുമായി മാത്രമല്ല, ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടാകുന്ന സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും, നടക്കാനിരിക്കുന്ന ഇലക്ഷനിൽ, മുസ്‌ലിംകൾ വിവേകത്തോടെ പ്രവർത്തിക്കുകയും, പിന്തുണയ്ക്കുന്നതിലും എതിർക്കുന്നതിലും മുൻഗണനകൾ സ്ഥാപിക്കുകയും ചെയ്യേണ്ടത് അതീവ പ്രാധാന്യം അർഹിക്കുന്നു. പ്രയോജനകരമായതും കൂടുതൽ പ്രയോജനകരമായതും, അതുപോലെ ദോഷകരമായതും കൂടുതൽ ദോഷകരമായതുമായ കാര്യങ്ങൾക്കിടയിൽ ഒരു മാർഗ്ഗരേഖ വരയ്ക്കുകയും, പൂർണ്ണമായ വിവേകത്തോടെ ഇലക്ഷനെക്കുറിച്ച് തീരുമാനമെടുക്കുകയും വേണം. ഈ സമയത്ത് മുസ്‌ലിംകൾ വിവേകത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ, അതിന്റെ നാശനഷ്ടങ്ങൾ ദീർഘകാലത്തേക്ക് നികത്താൻ കഴിഞ്ഞെന്ന് വരില്ല.

ഇപ്പോഴുള്ള അവസ്ഥയിൽ ബിജെപിയുടെ അജണ്ട തികച്ചും വ്യക്തമാണ്.  ബിജെപിയുടെ അടിത്തറ തന്നെ മുസ്‌ലിംകളോടുള്ള വിദ്വേഷമാണ്. അവർ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള തങ്ങളുടെ ദൃഢനിശ്ചയം മറച്ചുവെച്ചിട്ടില്ല, പകരം അത് അവരുടെ പ്രകടന പത്രികയുടെ ഭാഗമാണ്. ന്യൂനപക്ഷ കമ്മീഷൻ അല്ലെങ്കിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം അവർക്ക് സന്തോഷത്തോടെ അംഗീകരിക്കാൻ കഴിയാത്ത ഒരു കയ്പേറിയ യാഥാർത്ഥ്യമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള പ്രത്യേക അധികാരാവകാശങ്ങളെക്കുറിച്ച് അവർക്ക് എതിർപ്പില്ല. എന്നാൽ കശ്മീർ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായതിനാൽ, അതേ പരിഗണന ആ സംസ്ഥാനത്തിന് നൽകുന്നത് ബിജെപിക്ക് സ്വീകാര്യമല്ല. അതായത്, ബിജെപിക്ക് ഈ രാജ്യത്തിന്റെ സെക്യുലറിസം ഇഷ്ടമല്ല. ഈ രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന് അധികാരം വേണമെന്നും, ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിതം നയിക്കണമെന്നും, രണ്ടാം തരം പൗരന്മാരായി കഴിയാൻ തയ്യാറാകണമെന്നും അവർ ആഗ്രഹിക്കുന്നു.

ദുഃഖകരമെന്ന് പറയട്ടെ, തങ്ങളെ സെക്യുലർ എന്ന് വിളിക്കുന്ന പാർട്ടികൾക്കും രണ്ട് മുഖങ്ങളുണ്ട്. ഒന്ന്: അവർ ഇലക്ഷൻ സമയത്ത് മുസ്‌ലിംകൾക്ക് മുന്നിൽ തുറന്നു കാണിക്കുന്ന, മനോഹരവും അലങ്കരിച്ചതുമായ മുഖം. രണ്ട്: യഥാർത്ഥ മുഖം, അത് ഈ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്: ബിജെപി കടുത്ത ഹിന്ദുത്വത്തിന്റെ വക്താവാണെങ്കിൽ, ഞങ്ങളും മിതമായ ഹിന്ദുത്വത്തിലാണ് നിലകൊള്ളുന്നത്. ബിജെപി രാമക്ഷേത്രത്തിന് വേണ്ടി പ്രക്ഷോഭം നടത്തിയെങ്കിൽ, ചില സെക്യുലർ പാർട്ടികൾ ബാബരി മസ്ജിദിന്റെ പൂട്ട് തുറപ്പിക്കുകയും, ഡൽഹിയിൽ അധികാരത്തിൽ ഇരുന്നുകൊണ്ട് പള്ളിയുടെ തകർച്ച കണ്ടുനിൽക്കുകയും ചെയ്തു. അന്ന് നിരപരാധികളായ മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശിലെ സർക്കാർ വിട്ടയക്കാൻ ശ്രമിച്ചപ്പോൾ, കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ സഹകരിച്ചില്ല എന്നുള്ളത് ഇന്നലകളിലെ യാഥാർത്ഥ്യമാണ്. 2004 മുതൽ വർഗ്ഗീയ കലാപങ്ങൾ തടയുന്നതിനുള്ള ബിൽ ഉറങ്ങി കിടന്നു. കോൺഗ്രസ്സിന്റെ വാഗ്ദാനം വെള്ളത്തിൽ എഴുതിയത് പോലെയായി. ദേശീയ പാർട്ടികൾക്ക് പുറമെ, പ്രാദേശിക പാർട്ടികൾക്കും ഇപ്പോൾ ഇന്ത്യയിൽ വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്നു. സ്വാഭാവികമായും, അവരുടെ ശ്രദ്ധ കൂടുതൽ സംസ്ഥാന വിഷയങ്ങളിലാണ്.

ഈ സാഹചര്യത്തിൽ, ന്യൂനപക്ഷങ്ങൾക്ക് ഏത് പാർട്ടിക്കാണ് വോട്ട് നൽകേണ്ടത് എന്ന് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. വോട്ട് ആർക്കുമില്ല (NOTA) എന്ന് അടയാളപ്പെടുത്താനുള്ള ഒരവകാശം കൂടിയുണ്ട്. എന്നാൽ, ഈ അവകാശം ഉപയോഗിക്കുന്നത് ന്യൂനപക്ഷം രാഷ്ട്രീയ ആത്മഹത്യ ചെയ്യുന്നതിന് തുല്യമാകും. അതിന്റെ പ്രയോജനം വർഗ്ഗീയ ശക്തികൾക്കായിരിക്കും. അതുകൊണ്ട്, ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ച് മുസ്‌ലിംകൾക്കും മുന്നിൽ ഒരേയൊരു വഴിയേ ഉള്ളൂ: വോട്ട് ചെയ്യുന്ന കാര്യത്തിൽ മുൻഗണനകൾ സ്ഥാപിക്കുക. അവർ ആരാണ് മെച്ചപ്പെട്ടതെന്നും ആരാണ് കൂടുതൽ മെച്ചപ്പെട്ടതെന്നും അല്ലെങ്കിൽ ആരാണ് മോശപ്പെട്ടതെന്നും ആരാണ് കൂടുതൽ മോശപ്പെട്ടതെന്നും മാത്രമല്ല നോക്കേണ്ടത്. വർഗ്ഗീയ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കഴിവുള്ളത് ആർക്കാണെന്നും അവർക്ക് നോക്കേണ്ടിവരും. ഒരു സ്ഥാനാർത്ഥി നല്ലവനാണെങ്കിലും, അവന്റെ പാർട്ടിയുടെ പ്രകടന പത്രിക താരതമ്യേന നല്ലതാണെങ്കിലും, വർഗ്ഗീയ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ അവന് കഴിവില്ലെങ്കിൽ, ഈ എല്ലാ വശങ്ങളും മുന്നിൽ വെച്ച് മുസ്‌ലിംകൾ വോട്ട് വിനിയോഗിച്ചാൽ മാത്രമേ വർഗ്ഗീയ ശക്തികളെ അധികാരത്തിൽ കയറുന്നതിൽ നിന്ന് തടയാൻ അവർക്ക് കഴിയൂ.

ചിലർ, വിവിധ നാമമാത്ര സെക്യുലർ പാർട്ടികൾ മുസ്‌ലിംകളെ ചൂഷണം ചെയ്യുന്നത് കണ്ടിട്ട്, ഇനി ബിജെപിയെയോ നരേന്ദ്ര മോദിയെയോ പരീക്ഷിക്കുന്നതിൽ എന്താണ് തെറ്റ്?" എന്ന് ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഇത് വെറും വികാരപരവും ചിന്തയില്ലാത്തതുമായ സംസാരമാണ്. ഇത് തീയിൽ ചാടാനോ വിഷം കഴിക്കാനോ ഒരാൾ നടത്തുന്ന ശ്രമം പോലെയാണ്. ബിജെപിയുടെ ഭരണം പരീക്ഷിക്കപ്പെടാത്തതല്ല. അത് നാം കണ്ടു കൊണ്ടിരിക്കുന്നതാണ്. മുമ്പ് ജനതാപാർട്ടി ഭരണകാലത്തും അവരുടെ രീതി കണ്ടതാണ്, ബിജെപിയുടെ ഏറ്റവും സെക്യുലർ നേതാവായി കണക്കാക്കപ്പെട്ടിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ഭരണവും അനുഭവിച്ചറിഞ്ഞതാണ്. ഇന്ന് പോലീസ്, സൈന്യം, കോടതി സംവിധാനം എന്നിവയിൽ പോലും ഉൾപ്പെട്ടിരിക്കുന്ന വർഗ്ഗീയ ഘടകങ്ങൾ, അതുപോലെ വിദ്യാഭ്യാസം, മാധ്യമങ്ങൾ എന്നിവയെ കാവിവൽക്കരിക്കാനുള്ള ശ്രമ ഇതെല്ലാം ആ സർക്കാരുകളുടെ നേട്ടങ്ങളാണ്. കൂടാതെ, ഉത്തർപ്രദേശിലെ സർക്കാരിനെയും ഗുജറാത്തിലെ മോദി സർക്കാരും ഒക്കെ കണ്ടറിഞ്ഞതാണ്. അതുകൊണ്ട്, ഈ പരീക്ഷണം അറിഞ്ഞുകൊണ്ട് പാമ്പിന്റെ വായിൽ വിരലിടുന്നത് പോലെയാണ്.

എങ്കിലും, ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന്റെയും ദേശീയ താൽപ്പര്യങ്ങളുടെയും പശ്ചാത്തലത്തിൽ, ചില മുൻഗണനകൾ സ്ഥാപിക്കാൻ സാധിക്കും: 
* ഒന്നാമത്തെ മുൻഗണന: വർഗ്ഗീയ പാർട്ടിയുടെ പ്രതിനിധികളെ തോൽപ്പിക്കുക എന്നതാണ്. ഏത് പാർട്ടിയുടെ സ്ഥാനാർത്ഥിയായാലും, സ്വതന്ത്ര സ്ഥാനാർത്ഥിയാണെങ്കിൽ പോലും, അവരെ തോൽപ്പിക്കാൻ കഴിവുള്ള സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യണം. ഇവിടെ പ്രധാന ലക്ഷ്യം വർഗ്ഗീയ ഘടകങ്ങളെ പരാജയപ്പെടുത്തുക എന്നതാണ്. 
* രണ്ടാമത്തെ മുൻഗണന: ന്യൂനപക്ഷ പാർട്ടി നിലവിലുണ്ടായിരിക്കുകയും, അത് വിജയിക്കാൻ യഥാർത്ഥത്തിൽ പ്രതീക്ഷയുണ്ടായിരിക്കുകയും ചെയ്യുന്നിടത്ത്, അതിന് അനുകൂലമായി വോട്ട് വിനിയോഗിക്കണം. ന്യൂനപക്ഷ പാർട്ടിയുടെ പ്രതിനിധിയാണെങ്കിലും, വിജയിക്കാൻ സാധ്യതയില്ലെങ്കിൽ, അവന് വോട്ട് ചെയ്യുന്നത് സ്വന്തം അവകാശം നഷ്ടപ്പെടുത്തുന്നതിനും, പരോക്ഷമായി വർഗ്ഗീയ ശക്തികളെ സഹായിക്കുന്നതിനും തുല്യമാണ്.
* ന്യൂനപക്ഷ പാർട്ടികളും ശ്രദ്ധിക്കേണ്ടതുണ്ട്: ന്യൂനപക്ഷ വോട്ടുകൾ കുറവുള്ളിടത്തോ, അല്ലെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കാരണം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാനും വർഗ്ഗീയ പാർട്ടികൾക്ക് വിജയിക്കാനും സാധ്യതയുള്ളിടത്തോ, സ്ഥാനാർത്ഥിയെ നിർത്താതിരിക്കുക. അത്തരം സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്തുന്നത് രണ്ട് നഷ്ടങ്ങൾ ഉണ്ടാക്കുന്നു: ഒന്ന്, ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെടുന്നത് കാരണം വർഗ്ഗീയവാദികൾക്ക് പ്രയോജനം ലഭിക്കുന്നു. രണ്ട്, ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള ബന്ധത്തിൽ ഐക്യം നിലനിർത്താൻ കഴിയാതെ വരുന്നു. വിദ്വേഷ വികാരങ്ങൾ ഉണരുന്നു. അത്തരം സ്ഥലങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് തന്നെയാണ് നഷ്ടം സംഭവിക്കുന്നത്. 
* സെക്യുലർ പാർട്ടികൾ പരസ്പരം എതിരെ സ്ഥാനാർത്ഥികളെ നിർത്തരുത് എന്നതും പ്രധാനമാണ്. ഒരു പാർട്ടി നേരത്തെ വിജയിച്ചു വരുന്നിടത്തോ, വിജയ സാധ്യതകൾ കൂടുതലുള്ളിടത്തോ, മറ്റ് സെക്യുലർ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം; പകരം ആ പാർട്ടിയെ ശക്തിപ്പെടുത്തണം. 
* ന്യൂനപക്ഷ പാർട്ടികളുടെ പ്രതിനിധികൾക്ക് ശ്രദ്ധേയമായ എണ്ണം എത്തുക പ്രയാസമായി തോന്നാമെങ്കിലും, ചെറിയ എണ്ണത്തിൽ ആണെങ്കിലും അവരുടെ സാന്നിധ്യം വലിയ നേട്ടമാണ്. കാരണം, ഈ പാർട്ടികളുടെ പ്രതിനിധികൾക്ക് സ്വന്തം മനസ്സാക്ഷിയുടെ ശബ്ദത്തിൽ അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ, സെക്യുലർ പാർട്ടികളെ പ്രതിനിധീകരിക്കുന്ന മുസ്‌ലിംകൾക്ക് തങ്ങളുടെ പാർട്ടിയുടെ കാഴ്ചപ്പാടിൽ നിന്ന് മാറി അഭിപ്രായം പറയാൻ കഴിയില്ല. മാത്രമല്ല, പലപ്പോഴും അവർക്ക് സ്വന്തം മനസ്സാക്ഷിക്ക് ഉറക്കഗുളിക നൽകേണ്ടിവരുന്നു എന്നത് ഒരു കയ്പേറിയ യാഥാർത്ഥ്യമാണ്.
* മുൻ യുപിഎ (UPA) സർക്കാരിൽ പോട്ട (POTA) യോട് സമാനമായ നിയമം പാസായതും, വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) പാസായതും, വഖഫ് നിയമം 2010 പാസായതും ഇതിന് കാരണമാണ്. എന്നാൽ കോൺഗ്രസ്സിലെ ഒരു മുസ്‌ലിം അംഗത്തിനും വാ തുറക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്, സ്വന്തം മനസ്സാക്ഷിയുടെ ശബ്ദത്തിലും ദേശീയ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലും അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയുന്ന മുസ്‌ലിം പ്രതിനിധികൾ സംസ്ഥാന-കേന്ദ്ര തലങ്ങളിലെ നിയമനിർമ്മാണ സഭകളിൽ ഉണ്ടായിരിക്കണം. എന്നാൽ അത്തരമൊരു പ്രതിനിധിക്ക് മുസ്‌ലിം ജനസംഖ്യ കേന്ദ്രീകരിച്ചിട്ടുള്ള പ്രദേശങ്ങളിൽ മാത്രമേ വിജയം നേടാൻ കഴിയൂ, ഉദാഹരണത്തിന്: അസം, കേരളം, ഹൈദരാബാദ് നഗരം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രത്യേക മണ്ഡലങ്ങൾ.
 * മൂന്നാമത്തെ മുൻഗണന: ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികൾ ഇല്ലാത്തതും, വർഗ്ഗീയ പാർട്ടിയെ എതിർക്കാൻ പല സെക്യുലർ പാർട്ടികൾ ഉള്ളതുമായ സ്ഥലങ്ങളിൽ, ഏതെങ്കിലും പാർട്ടി ഒരു മുസ്‌ലിമിനെ സ്ഥാനാർത്ഥിയാക്കുകയും ആ സ്ഥാനാർത്ഥിക്ക് വർഗ്ഗീയ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കഴിയുകയും ചെയ്താൽ, അവന് മുൻഗണന നൽകണം. കാരണം, രാജ്യത്തിന്റെയും രാഷ്ട്രത്തിന്റെയും വിധി നിർണ്ണയിക്കുന്ന സഭകളിൽ മുസ്‌ലിംകളുടെ എണ്ണം അവരുടെ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്, അത് ദിവസേന കുറഞ്ഞു വരികയുമാണ്. ഭൂരിപക്ഷ സമുദായത്തിന്റെ ചിന്താഗതി ഇതായിക്കൊണ്ടിരിക്കുന്നു: മുസ്‌ലിം ഏത് പാർട്ടിയിൽ നിന്നാണ് മത്സരിക്കുന്നതെങ്കിലും അവന് വോട്ട് നൽകരുത്. ഈ സാഹചര്യത്തിൽ, വിജയിക്കാൻ സാധ്യതയുള്ള മുസ്‌ലിം സ്ഥാനാർത്ഥിയെ സഹായിക്കേണ്ടത് മുസ്‌ലിംകളുടെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ ഗതി തീരുമാനിക്കുന്ന സ്ഥാപനങ്ങളിൽ മുസ്‌ലിംകൾക്ക് ശബ്ദമില്ലാതെ വരുന്നത്, ഇതിലും വലിയ ദുഃഖകരമായ കാര്യമില്ല.
* നാലാമത്തെ മുൻഗണന: ന്യൂനപക്ഷ സ്ഥാനാർത്ഥികൾ ഇല്ലാത്തതോ, ഉണ്ടെങ്കിലും അവർക്ക് വിജയിക്കാൻ സാധ്യതയില്ലാത്തതോ ആയ സ്ഥലങ്ങളിൽ, രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം:  അവൻ മത്സരിക്കുന്ന പാർട്ടിയുടെ പ്രകടന പത്രിക. നിലവിലെ നിയമത്തിൽ വിപ്പ് പുറപ്പെടുവിച്ച ശേഷം, ഓരോ അംഗവും തന്റെ പാർട്ടിയുടെ കാഴ്ചപ്പാട് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ നിലപാടുകൾ. തന്റെ പ്രദേശത്തെ ജനങ്ങളുടെ എത്ര നല്ല പ്രതിനിധിയാകാൻ അയാൾക്ക് കഴിയും എന്നും നോക്കണം.

🗳️ വോട്ടിന്റെ പ്രാധാന്യം

വോട്ട് ഒരു അമാനത്ത് ആണ്. അതിന്റെ ശരിയായ ഉപയോഗം നമ്മുടെ സാമൂഹിക ഉത്തരവാദിത്തം മാത്രമല്ല, ഒരു മതപരമായ കടമ കൂടിയാണ്. വോട്ട് ഒരു ആയുധം കൂടിയാണ്, അത് ഉപയോഗിച്ച് ജനാധിപത്യപരമായി വിപ്ലവം കൊണ്ടുവരാൻ കഴിയും. ഇഷ്ടമില്ലാത്ത ഭരണാധികാരികളെ അധികാരത്തിൽ നിന്ന് പുറത്താക്കാനും, നല്ല ആളുകൾക്ക് ഭരണം കൈമാറാനും കഴിയും. അതുകൊണ്ട്, വോട്ട് , ചിന്തിച്ച് മനസ്സിലാക്കി വിനിയോഗിക്കണം.

ആദ്യം സാഹചര്യങ്ങൾ നന്നായി വിശകലനം ചെയ്യണം. ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയത്തിന്റെയും പരാജയത്തിന്റെയും പ്രത്യാഘാതങ്ങൾ ആലോചിക്കണം. പഴയ അനുഭവങ്ങൾ മുന്നിൽ വെക്കണം. ഭാവിയിലെ ആശങ്കകളും പ്രതീക്ഷകളും തമ്മിൽ താരതമ്യം ചെയ്യണം. ഈ കാര്യം മനസ്സിൽ നിന്ന് മാഞ്ഞുപോകരുത്: ഈ സമയത്ത് അമേരിക്കയും ഇസ്രായേലും ഇന്ത്യയിൽ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുപുലർത്തുന്നുണ്ട്. അവരുടെ റിമോട്ട് കൺട്രോൾ കയ്യിലുള്ള ആളുകൾ അധികാരത്തിൽ വരണമെന്നും, അവരുടെ നയങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ആഭ്യന്തര നയം, സാമ്പത്തിക വ്യവസ്ഥ, പ്രതിരോധ ഇടപാടുകൾ, വിദേശ നയം എന്നിവയുടെ കാര്യത്തിൽ പോലും, വികസ്വര രാജ്യങ്ങൾ അവർ സ്ഥാപിച്ച അതിർത്തികൾക്കപ്പുറം പോകാൻ ശ്രമിക്കരുത് എന്ന് അവർ ആഗ്രഹിക്കുന്നു. ഈ മുൻഗണനകളെല്ലാം തിന്മയെ തടയാനും അക്രമത്തിന്റെ പിടി ഒതുക്കാനും കഴിവുള്ളിടത്തോളം ശ്രമിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. ഈ സമയത്ത് രാജ്യം രാഷ്ട്രീയപരമായി ഒരു രണ്ടു വഴിയുടെ മുന്നിലാണ്. വികാരങ്ങളുടെ ഒഴുക്കിൽ പെട്ടുപോയാൽ, ചിന്തയുടെ സ്ഥാനത്ത് ആവേശം വന്നാൽ, തീരുമാനമെടുക്കുന്നതിൽ തെറ്റ് സംഭവിച്ചാൽ, കവി പറഞ്ഞതുപോലെ:
 “ഈ നിമിഷം കടന്നുപോയാൽ, നൂറ്റാണ്ട് പോയി എന്ന് മനസ്സിലാക്കുക.”

🔹🔹🔹🔹🔹🔹🔹


മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുത്തഗാബുന്‍

(18 ആയത്തുകള്‍, പദങ്ങള്‍ 180, അക്ഷരങ്ങള്‍ 976, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 104. പാരായണ ക്രമം 63. സൂറത്തുത്തഹ്രീമിന് ശേഷം അവതരണം)

സത്യസരണിയില്‍ സഹനതയോടെ അടിയുറച്ച് നില്‍ക്കുക 

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 11-18

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذۡنِ ٱللَّهِۗ وَمَن يُؤۡمِنۢ بِٱللَّهِ يَهۡدِ قَلۡبَهُۥۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ۝١١ وَأَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۚ فَإِن تَوَلَّيۡتُمۡ فَإِنَّمَا عَلَىٰ رَسُولِنَا ٱلۡبَلَٰغُ ٱلۡمُبِينُ ۝١٢ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ۝١٣ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ مِنۡ أَزۡوَٰجِكُمۡ وَأَوۡلَٰدِكُمۡ عَدُوّٗا لَّكُمۡ فَٱحۡذَرُوهُمۡۚ وَإِن تَعۡفُواْ وَتَصۡفَحُواْ وَتَغۡفِرُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ ۝١٤ إِنَّمَآ أَمۡوَٰلُكُمۡ وَأَوۡلَٰدُكُمۡ فِتۡنَةٞۚ وَٱللَّهُ عِندَهُۥٓ أَجۡرٌ عَظِيمٞ ۝١٥ فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُواْ وَأَطِيعُواْ وَأَنفِقُواْ خَيۡرٗا لِّأَنفُسِكُمۡۗ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝١٦ إِن تُقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعِفۡهُ لَكُمۡ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ شَكُورٌ حَلِيمٌ ۝١٧ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡعَزِيزُ ٱلۡحَكِيمُ ۝١٨

                ഒരു വിപത്തും അല്ലാഹുവിന്‍റെ കല്പനയില്ലാതെ സംഭവിക്കുകയില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവന്‍റെ മനസ്സിന് അല്ലാഹു നേര്‍മാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്(11) നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും വഴിപ്പെടുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞാല്‍ നമ്മുടെ ദൂതന്‍റെ മേലുള്ള കടമ വ്യക്തമായ പ്രബോധനം മാത്രമാണ്.(12) അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.(13) സത്യവിശ്വാസികളെ, നിങ്ങളുടെ ഇണകളിലും സന്താനങ്ങളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അവരുടെ വിഷയത്തില്‍ ജാഗ്രതപുലര്‍ത്തുക. നിങ്ങള്‍ മാപ്പാക്കുകയും വിട്ടുവീഴ്ച ചെയ്യുകയും പൊറുത്തുകൊടുക്കുകയും ചെയ്താല്‍ അല്ലാഹു തീര്‍ച്ചയായും പൊറുക്കുന്നവനും കാരുണ്യവാനുമാണ്.(14) തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തുകളും സന്താനങ്ങളും ഒരു പരീക്ഷണമാകുന്നു. അല്ലാഹുവിന്‍റെ അരികില്‍ വലിയ പ്രതിഫലമുണ്ട്(15) കഴിവിന്‍റെ പരമാവധി നിങ്ങള്‍ അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. ഉപദേശങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ദാനം നല്‍കുകയും ചെയ്യുക. ഇതാണ് നിങ്ങള്‍ക്ക് ഉത്തമം. സ്വാര്‍ത്ഥതയില്‍ നിന്നും സംരക്ഷിക്കപ്പെട്ടവര്‍ വലിയ വിജയികളാണ്.(16) നിങ്ങള്‍ അല്ലാഹുവിന് നല്ല നിലയില്‍ കടം കൊടുത്താല്‍ അല്ലാഹു അതിനെ നിങ്ങള്‍ക്ക് ഇരട്ടിയാക്കി നല്‍കുന്നതും പൊറുത്തു തരുന്നതുമാണ്. അല്ലാഹു നന്മകള്‍ വിലമതിക്കുന്നവനും സഹനശീലനുമാണ്.(17) (അവന്‍) അദൃശ്യവും ദൃശ്യവും അറിയുന്നവന്‍. അജയ്യന്‍, തന്ത്രജ്ഞന്‍.(18)

ആശയ സംഗ്രഹം

  നിഷേധത്തിലൂടെ പരലോക വിജയം പരിപൂര്‍ണ്ണമായി നഷ്ടമാകുന്നത് പോലെ സമ്പത്ത് സന്താനങ്ങളും മറ്റുമായി ബന്ധപ്പെട്ട് പടച്ചവന്‍റെ വിധിവിലക്കുകളില്‍ വീഴ്ച വരുത്തുന്നതും പരലോക വിജയത്തിന് ഒരു നിലയ്ക്ക് തടസ്സമാണ്. ആകയാല്‍ എന്തെങ്കിലും ഭൗതികമായ നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍, ഒരു വിപത്തും അല്ലാഹുവിന്‍റെ കല്പനയില്ലാതെ സംഭവിക്കുകയില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് സഹനതയും സംതൃപ്തിയും മുറുകെ പിടിക്കുക. അല്ലാഹുവില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നവന്‍റെ മനസ്സിന് അല്ലാഹു സഹനതയുടെയും സംതൃപ്തിയുടെയും മാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നതാണ്. ആരാണ് സഹനതയും സംതൃപ്തിയും തെരഞ്ഞെടുത്തതെന്നും ആരാണ് അവയെ കൈവെടിഞ്ഞതെന്നും അല്ലാഹു എല്ലാം നന്നായി അറിയുന്നവനാണ്. ഓരോരുത്തര്‍ക്കും അല്ലാഹുവിന്‍റെ തന്ത്രജ്ഞതയ്ക്ക് അനുസൃതമായി പ്രതിഫല ശിക്ഷകള്‍ നല്‍കുന്നതാണ്. ചുരുക്കത്തില്‍ എല്ലാ കാര്യങ്ങളും എന്ന വചനത്തില്‍ നാശനഷ്ടങ്ങളും പെടുന്നതാണ്. നിങ്ങള്‍ അല്ലാഹു പറയുന്നതും റസൂല്‍ പറയുന്നതും അനുസരിക്കുക. ഇനി നിങ്ങള്‍ അനുസരണയില്‍ നിന്നും പിന്തിരിഞ്ഞാല്‍ നമ്മുടെ ദൂതന്‍റെ മേലുള്ള കടമ വ്യക്തമായ പ്രബോധനം മാത്രമാണെന്ന് മനസ്സിലാക്കുക. പ്രസ്തുത പ്രബോധനം പ്രവാചകന്‍ അതിസുന്ദരമായി നിര്‍വ്വഹിച്ച് കഴിഞ്ഞു. ആകയാല്‍ പ്രവാചകന് യാതൊരു നഷ്ടവുമില്ല. നഷ്ടം മുഴുവന്‍ നിങ്ങളുടേത് തന്നെയാണ്. അല്ലാഹുവിന് യാതൊരു നഷ്ടത്തിനും സാധ്യതയില്ലാത്തത് കൊണ്ടാണ് ആ കാര്യം ഇവിടെ പ്രത്യേകം പറയാതിരുന്നത്. നിങ്ങള്‍ എല്ലാവരും വിശിഷ്യാ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ ഒരു കാര്യം മനസ്സിലാക്കുക: അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. സത്യവിശ്വാസികള്‍ നാശനഷ്ടങ്ങളില്‍ നിന്നും മറ്റും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ. സത്യവിശ്വാസികളെ, നാശനഷ്ടങ്ങളില്‍ സഹനതയും സംതൃപ്തിയും സ്വീകരിക്കാന്‍ കല്‍പ്പിക്കപ്പെടുന്നതുപോലെ അനുഗ്രഹ സന്ദര്‍ഭത്തില്‍ അവയില്‍ മാത്രം മുഴുകാതിരിക്കണമെന്നും നിങ്ങളെ ഉണര്‍ത്തുന്നു. ആകയാല്‍ അനുഗ്രഹത്തെക്കുറിച്ച് ഇങ്ങനെ മനസ്സിലാക്കുക: നിങ്ങളുടെ ചില ഇണകളും സന്താനങ്ങളും മത വിഷയത്തില്‍ നിങ്ങളോട് ശത്രുതയുള്ളവരായിരിക്കും. പ്രത്യേകിച്ചും ഭൗതിക പ്രയോജനങ്ങള്‍ കണ്ടുകൊണ്ട് നിങ്ങള്‍ക്ക് പരലോകത്തില്‍ നാശകരമായ പല കാര്യങ്ങളും അവര്‍ കല്‍പ്പിക്കുന്നതാണ്. ആകയാല്‍ അവരുടെ വിഷയത്തില്‍ ജാഗ്രതപുലര്‍ത്തുകയും അവരുടെ ഇത്തരം കല്‍പ്പനകള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുക. എന്നാല്‍ അത്തരം കല്‍പ്പനകളുടെ പേരില്‍ നിങ്ങള്‍ക്ക് ദേഷ്യം വരുകയും നിങ്ങള്‍ അവരോട് കടുപ്പം കാട്ടുകയും ചെയ്താല്‍ നിങ്ങള്‍ അവരോട ക്ഷമാപണം നടത്തുകയും പടച്ചവനോട് പശ്ചാത്തപിക്കുകയും അവരുടെ വീഴ്ചകള്‍ മാപ്പാക്കുകയും അവരെ ശിക്ഷിക്കാതിരിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും അവരെ ആക്ഷേപിക്കാതിരിക്കുകയും പൊറുത്തുകൊടുക്കുകയും മനസ്സുകൊണ്ടും നാവുകൊണ്ടും അതിനെ മറന്ന് കളയുകയും ചെയ്താല്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ തീര്‍ച്ചയായും പൊറുക്കുന്നവനും നിങ്ങളുടെ അവസ്ഥകളുടെ മേല്‍ കരുണ ചൊരിയുന്നവനുമാണ്. ഈ ആയത്തില്‍ അവരുടെ വീഴ്ചകള്‍ മാപ്പാക്കണമെന്ന് ശക്തമായി പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. ശിക്ഷ നല്‍കല്‍ കൊണ്ട് അവര്‍ കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ടെങ്കില്‍ മാപ്പ് കൊടുക്കല്‍ നിര്‍ബന്ധവും അല്ലാത്ത പക്ഷം പുണ്യകരവുമാണ്. അടുത്തതായി സന്താന സമ്പത്തുകളെക്കുറിച്ച് ഇതേകാര്യം തന്നെ മറ്റൊരു നിലയില്‍ ഉണര്‍ത്തുന്നു: തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തുകളും സന്താനങ്ങളും നിങ്ങള്‍ക്ക് ഒരു പരീക്ഷണമാകുന്നു. ആരാണ് അവയുമായി ബന്ധപ്പെട്ട് പടച്ചവനെ മറക്കുന്നതെന്നും ആരാണ് ഓര്‍ക്കുന്നതെന്നും പടച്ചവന്‍ പരിശോധിക്കുകയാണ്. ആരെങ്കിലും അവയുമായി ബന്ധപ്പെട്ട് പടച്ചവനെ ഓര്‍ക്കുകയാണെങ്കില്‍ അല്ലാഹുവിന്‍റെ അരികില്‍ അവന് വലിയ പ്രതിഫലമുണ്ട്. ഈ കാര്യങ്ങളെല്ലാം കേള്‍ക്കുന്ന നിങ്ങള്‍ കഴിവിന്‍റെ പരമാവധി അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. പടച്ചവന്‍റെ വിധിവിലക്കുകള്‍ അടങ്ങിയ ഉപദേശങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. പ്രത്യേകിച്ചും കല്‍പ്പിക്കപ്പെടുന്ന സ്ഥാനങ്ങളില്‍ ദാനം നല്‍കുകയും ചെയ്യുക. ഇതാണ് നിങ്ങള്‍ക്ക് ഉത്തമം. ഇപ്രകാരം പറഞ്ഞത് ഈകാര്യം മനസ്സിന് കുറച്ച് ദുഷ്കരമായതിനാലാണ്. സ്വാര്‍ത്ഥതയില്‍ നിന്നും സംരക്ഷിക്കപ്പെട്ട ഇത്തരം ആളുകള്‍ പരലോകത്തില്‍ വലിയ വിജയികളാണ്. അടുത്തതായി ഇത് ഉത്തമവും വിജയ മാര്‍ഗ്ഗവുമാണെന്ന് വിവരിച്ചുകൊണ്ട് പറയുന്നു: നിങ്ങള്‍ അല്ലാഹുവിന് നല്ല നിലയില്‍ ആത്മാര്‍ത്ഥമായി കടം കൊടുത്താല്‍ അല്ലാഹു അതിനെ നിങ്ങള്‍ക്ക് ഇരട്ടിയാക്കി നല്‍കുന്നതും പൊറുത്തു തരുന്നതുമാണ്. അല്ലാഹു നന്മകള്‍ സ്വീകരിച്ചുകൊണ്ട് വിലമതിക്കുന്നവനും പാപങ്ങളുടെ പേരില്‍ ഉടനടി പിടികൂടാതെ സഹനത പുലര്‍ത്തുന്നവനും അദൃശ്യവും ദൃശ്യവുമായ കര്‍മ്മങ്ങള്‍ അറിയുന്നവനും പ്രതാപശാലിയും തന്ത്രജ്ഞനുമാണ്. അല്ലാഹുവിന്‍റെ ഈ തിരുഗുണങ്ങള്‍ അതിന് മുമ്പ് പറയപ്പെട്ട കാര്യങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നവയാണ്.

വിവരണവും വ്യാഖ്യാനവും 

  ഒരു വിപത്തും അല്ലാഹുവിന്‍റെ കല്പനയില്ലാതെ സംഭവിക്കുകയില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവന്‍റെ മനസ്സിന് അല്ലാഹു നേര്‍മാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്(11) അതായത് അല്ലാഹുവിന്‍റെ തീരുമാനവും അനുമതിയുമില്ലാതെ ഒരു തരിപോലും ഇളകുന്നതല്ല. ആര്‍ക്കും ഒരു പ്രയാസ പ്രശ്നങ്ങളും ഉപകാര സുഖങ്ങളും ഉണ്ടാകുന്നതുമല്ല. എന്നാല്‍ പടച്ചവനിലും വിധിയിലും വിശ്വാസമില്ലാത്തവര്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ സമാധാനത്തിന് ഒരു വഴിയും ലഭിക്കുന്നതല്ല. അവന്‍ പ്രയാസ പ്രശ്നങ്ങളുടെ സമയത്ത് കൈകാലുകള്‍ ഇട്ടു അടിച്ചുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ സത്യവിശ്വാസി അല്ലാഹുവിന്‍റെ വിധിയില്‍ പരിപൂര്‍ണ്ണ വിശ്വാസമുള്ളവനായിരിക്കും. നടക്കുന്ന എല്ലാ കാര്യങ്ങളും പടച്ചവന്‍റെ തീരുമാന പ്രകാരമാണെന്നും പടച്ചവന്‍ വിധിച്ച നാശനഷ്ടങ്ങള്‍ മറ്റാരും മാറ്റുന്നതല്ലെന്നും അല്ലാഹു മാറ്റിയാല്‍ മാത്രമേ മാറുകയുള്ളൂവെന്നും അവന് വിശ്വാസമുണ്ടായിരിക്കും. ഈ വിശ്വാസത്തിന്‍റെ ഫലമായി പരലോക പ്രതിഫലത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങളും അവന്‍ മുന്നില്‍ കാണുകയും ഏറ്റവും വലിയ നാശങ്ങള്‍ പോലും എളുപ്പമായിത്തീരുന്നതുമാണ്.  
  സത്യവിശ്വാസികളെ, നിങ്ങളുടെ ഇണകളിലും സന്താനങ്ങളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അവരുടെ വിഷയത്തില്‍ ജാഗ്രതപുലര്‍ത്തുക. നിങ്ങള്‍ മാപ്പാക്കുകയും വിട്ടുവീഴ്ച ചെയ്യുകയും പൊറുത്തുകൊടുക്കുകയും ചെയ്താല്‍ അല്ലാഹു തീര്‍ച്ചയായും പൊറുക്കുന്നവനും കാരുണ്യവാനുമാണ്.(14) ഇബ്നു അബ്ബാസ് (റ) പറയുന്നു: മദീനാ പലായനത്തിന് ശേഷം മക്കാമുകര്‍റമയില്‍ വെച്ച് ഇസ്ലാം സ്വീകരിക്കുകയും പലായനം ചെയ്ത് റസൂലുല്ലാഹി (സ)യുടെ സന്നിധിയില്‍ ഹാജരാകന്‍ ആഗ്രഹിക്കുകയും ചെയ്തിട്ടും പലായനം ചെയ്യാന്‍ കുടുംബം സമ്മതിക്കാതിരിക്കുകയും ചെയ്തവരുടെ വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത്. (തിര്‍മിദി) ആ കാലത്ത് പലായനം എല്ലാ മുസ്ലിംകളുടെ മേലും നിര്‍ബന്ധമായിരുന്നു. ഇത്തരം ഇണകളും മക്കളും ശത്രുക്കളാണെന്നും അവരുടെ ഉപദ്രവത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഈ ആയത്ത് ഉണര്‍ത്തുന്നു. കാരണം കാലാകാലത്തെ ശിക്ഷയിലേക്ക് പ്രേരിപ്പിക്കുന്നവരേക്കാള്‍ ശത്രുക്കളായി മറ്റാരും തന്നെയില്ല. അതാഅ് (റ) പറയുന്നു: ഈ ആയത്ത് ഔഫ് (റ)ന്‍റെ വിഷയത്തിലാണ് ഇറങ്ങിയത്. ഇദ്ദേഹം മദീനാ നിവാസിയായിരുന്നു. ഒരു ജിഹാദിന്‍റെ സമയമായപ്പോള്‍ അദ്ദേഹം അതില്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചു. എന്നാല്‍ ഞങ്ങളെ വിട്ട് പോകുകയാണോ എന്ന് പറഞ്ഞ് ഭാര്യയും മക്കളും വിലപിച്ചപ്പോള്‍ അദ്ദേഹം അവിടെ നില്‍ക്കുകയുണ്ടായി. (റൂഹുല്‍ മആനി) ഈ രണ്ട് നിവേദനങ്ങളിലും വൈരുദ്ധ്യമൊന്നുമില്ല. രണ്ടും ആയത്തിന്‍റെ അവതരണ പശ്ചാത്തലം ആകാന്‍ സാധ്യതയുണ്ട്. ഹിജ്റ, ജിഹാദ് പോലുള്ള നിര്‍ബന്ധ ബാധ്യതകളില്‍ തടസ്സം നില്‍ക്കുന്ന ഭാര്യാമക്കള്‍ മനുഷ്യന്‍റെ ശത്രുക്കള്‍ തന്നെയാണ്. 
  പാപികളായ ഭാര്യാമക്കളോട് ബന്ധവിച്ഛേദനവും കോപവും പുലര്‍ത്താന്‍ പാടില്ല: എന്നാല്‍ ഇത്തരം ഭാര്യാമക്കളോടുള്ള സമീപനത്തെക്കുറിച്ച് ആയത്തിന്‍റെ അവസാനത്തില്‍ അല്ലാഹു ഉണര്‍ത്തുന്നു: അവര്‍ തെറ്റ് തിരുത്തിയാല്‍ അവരോട് കടുത്ത നിലപാട് സ്വീകരിക്കരുത്. അതായത് നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നതില്‍ ഭാര്യാമക്കള്‍ നിങ്ങളുടെ ശത്രുക്കളെ പോലെ പെരുമാറിയാലും നിങ്ങള്‍ അവരോട് കടുപ്പവും കരുണയില്ലായ്മയും പുലര്‍ത്തരുത്. മറിച്ച് മാപ്പും വിട്ടുവീഴ്ചയും പുലര്‍ത്തുക. ഇതാണ് നിങ്ങള്‍ക്ക് ഉത്തമം. കാരണം പടച്ചവന്‍റെ പതിവ് മാപ്പും കാരുണ്യവുമാണ്. മസ്അല: ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ പറയുന്നു: ഭാര്യാമക്കളില്‍ നിന്നും നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളുണ്ടായാല്‍ അവരോട് ശത്രുത പുലര്‍ത്തുന്നതും അവരുടെ മേല്‍ ശാപപ്രാര്‍ത്ഥന നടത്തുന്നതും ശരിയല്ല. സ്വത്തും സന്താനങ്ങളും വലിയൊരു പരീക്ഷണമാണ്: തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തുകളും സന്താനങ്ങളും ഒരു പരീക്ഷണമാകുന്നു. അല്ലാഹുവിന്‍റെ അരികില്‍ വലിയ പ്രതിഫലമുണ്ട്(15) ഫിത്ന എന്നതിന്‍റെ ആശയം പരീക്ഷണമെന്നാണ്. അതായത് സമ്പത്തിലൂടെയും സന്താനങ്ങളിലൂടെയും അല്ലാഹു നിങ്ങളെ പരീക്ഷിക്കുകയാണ്. അവയുടെ സ്നേഹത്തില്‍ കുടുങ്ങി വിധിവിലക്കുകളില്‍ അശ്രദ്ധ പുലര്‍ത്തുന്നോ സ്നേഹത്തെ അതിന്‍റെ പരിധിയില്‍ നിര്‍ത്തിക്കൊണ്ട് കര്‍ത്തവ്യങ്ങളില്‍ അശ്രദ്ധ പുലര്‍ത്താതിരിക്കുന്നോ എന്ന് പരിശോധിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ സമ്പത്തിനോടും സന്താനങ്ങളോടുമുള്ള സ്നേഹം മനുഷ്യന് വലിയൊരു പരീക്ഷണം തന്നെയാണ്. മനുഷ്യന്‍ അധികം പാപങ്ങളും വിശിഷ്യാ ഹറാമായ സമ്പാദ്യം നടത്തുന്നത് അവരോടുള്ള സ്നേഹത്തിന്‍റെ പേരിലാണ്. റസൂലുല്ലാഹി (സ) അരുളി: ഖിയാമത്ത് ദിനം ചില ആളുകളെ നരകത്തിലേക്ക് കൊണ്ടുപോകുന്നത് കണ്ട് ജനങ്ങള്‍ പറയും: ഇവന്‍റെ നന്മകളെല്ലാം ഇവന്‍റെ കുടുംബം തിന്ന് തീര്‍ത്തിരിക്കുന്നു. (റൂഹുല്‍ മആനി) റസൂലുല്ലാഹി (സ) അരുളി: സന്താനങ്ങള്‍ ഭീരുത്വത്തിന്‍റെയും ബലഹീനതയുടെയും കാരണങ്ങളാണ്. (ഇബ്നുമാജ) അതായത് അവരുടെ സ്നേഹം കാരണം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്നതില്‍ നിന്നും ദീനിന്‍റെ ത്യാഗ പരിശ്രമങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും മനുഷ്യന്‍ അകന്ന് മാറുന്നു. ഒരു മഹാന്‍ പറയുന്നു: കുടുംബം നന്മകളുടെ ചിതലാണ്. അതായത് ചിതലുകള്‍ കെട്ടിടത്തെ നശിപ്പിക്കുന്നത് പോലെ കുടുംബവുമായിട്ടുള്ള പരിധിവിട്ട ബന്ധം അവന്‍റെ നന്മകളെ നശിപ്പിക്കുന്നതാണ്. (ഖുര്‍തുബി)  
  കഴിവിന്‍റെ പരമാവധി നിങ്ങള്‍ അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക! ആലുഇംറാന്‍ 102-ാം ആയത്തില്‍ അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തേണ്ടതുപോലെ പുലര്‍ത്തുക എന്ന ഉപദേശം ഇറങ്ങിയപ്പോള്‍ സഹാബികള്‍ക്ക് വലിയ ഭാരമായി അനുഭവപ്പെട്ടു. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തേണ്ടതുപോലെ ആര്‍ക്ക് പുലര്‍ത്താന്‍ കഴിയുമെന്ന് അവര്‍ പരാതിപ്പെട്ടു. തദവസരം ഈ ആയത്ത് അവതരിച്ചു. ഇതില്‍ അല്ലാഹു കല്‍പ്പിച്ചു: അല്ലാഹു മനുഷ്യന് കഴിവിനേക്കാള്‍ കൂടുതല്‍ ഒന്നും കല്‍പ്പിക്കുന്നതല്ല. തഖ്വ പോലും കഴിവില്‍ പെട്ട നിലയില്‍ മാത്രമേ നിര്‍ബന്ധമാവുകയുള്ളൂ. അതായത് ഭയഭക്തിയുണ്ടാക്കിയെടുക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുക, എന്നാല്‍ അതിനോടുള്ള കടമ നിര്‍വ്വഹിച്ചവരാകുന്നതാണ്. (റൂഹുല്‍ മആനി) 

സൂറത്ത് തഗാബുന്‍ അവസാനിച്ചു.   
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ശൈഖൈനി (റ)യുടെ മഹത്വങ്ങൾ
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

ഇതിനു മുമ്പുള്ള താളുകളിൽ, മഹാൻമാരായ അബൂബക്കർ സിദ്ദീഖ് (റ), ഉമറുൽ ഫാറൂഖ് (റ) എന്നീ രണ്ടു മഹാൻമാരുടെയും മഹത്വങ്ങൾ പ്രത്യേകം വിവരിക്കുന്ന നബിവചനങ്ങൾ നൽകുകയുണ്ടായി. അവയിൽ, റസൂലുല്ലാഹി ﷺ ഈ രണ്ടു മഹാൻമാരുടെയും മഹത്വങ്ങൾ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഈ സമുദായത്തിൽ ഇരു മഹാത്മാക്കൾക്കും ഉന്നതമായ സ്ഥാനമാണുള്ളതെന്നും അതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ, മറ്റു ചില ഹദീസുകളിൽ റസൂലുല്ലാഹി ﷺ ഇരു മഹാൻമാരെയും ഒരുമിച്ച് അനുസ്മരിക്കുകയും അവരുടെ മഹത്വങ്ങൾ വിവരിക്കുകയും ചെയ്തിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഏതാനും ഹദീസുകൾ ഇവിടെ പാരായണം ചെയ്യുന്നു:

155. താബിഈയായ ഇബ്നു അബീ മുലൈക്ക (റ) വിവരിക്കുന്നു: ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചു: ഉമർ (റ)ൻ്റെ വിയോഗാനന്തരം കുളിപ്പിക്കുന്നതിനു വേണ്ടി കട്ടിലിൽ കിടത്തിയപ്പോൾ, ജനങ്ങൾ അവിടെ കൂടിനിന്ന് അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും പടച്ചവന്റെ കാരുണ്യം അപേക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ, അദ്ദേഹത്തെ കട്ടിലിൽ നിന്ന് ഉയർത്തുന്നതിനു മുമ്പ് പെട്ടെന്ന് ആരോ ഒരാൾ എന്റെ തോളിൽ പിടിക്കുന്നതായി അനുഭവപ്പെട്ടു. ഞാൻ നോക്കിയപ്പോൾ അത് അലി (റ) ആയിരുന്നു. അലി (റ) അപ്പോൾ ഉമർ (റ)നു വേണ്ടി അല്ലാഹുവിനോട് കാരുണ്യത്തിന് ഇരക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: "താങ്കളുടെ കർമ്മങ്ങൾ പോലുള്ള കർമ്മങ്ങളുമായി അല്ലാഹുവിനെ കണ്ടുമുട്ടാനാണ് ഞാൻ ആഗ്രഹിക്കുന്നത്". "താങ്കൾ മുമ്പ് കഴിഞ്ഞുപോയ രണ്ട് സുഹൃത്തുക്കളോടൊപ്പം (റസൂലുല്ലാഹി ﷺ, അബൂബക്കർ സിദ്ദീഖ് (റ) ഇരുവരോടുമൊപ്പം) ചേരുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്".
(ബുഖാരി, മുസ്‌ലിം നിവേദനം)

വിവരണം:
അലി (റ)ന്റെ ഈ പ്രസ്താവന യാതൊരു വിശദീകരണവും ആവശ്യമില്ലാത്തതാണ്. "അല്ലാഹു താങ്കളെ ഇരു സുഹൃത്തുക്കളോടൊപ്പം ചേർക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു" എന്നതിന്റെ ആശയം ഇതാണ്: താങ്കൾ അവരോടൊപ്പം ഖബറടക്കപ്പെടുമെന്നും. അതുപോലെ, സ്വർഗ്ഗത്തിലും താങ്കൾ അവരോടൊപ്പം ആയിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ വചനത്തിൽ, റസൂലുല്ലാഹി ﷺക്ക് ഈ ഇരു മഹാത്തുക്കളോടും ഉണ്ടായിരുന്ന സ്നേഹം നിറഞ്ഞ ബന്ധത്തെപ്പറ്റി വിവരിച്ചിരിക്കുന്നത് തീർത്തും സത്യമാണ്. ഹദീസിന്റെ ആദ്യഭാഗത്തിന്റെ ആശയം ഇപ്രകാരമാണ്: ഉമർ (റ)ന്റെ പ്രവർത്തനം പോലുള്ള പ്രവർത്തനവുമായി ഞാൻ അല്ലാഹുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു.

🔹🔹🔹🔹🔹



വാർത്തകൾ

നിലവിലെ അപകടകരമായ സാഹചര്യം തിരിച്ചറിഞ്ഞ് മാനവികതയുടെ പ്രവർത്തനങ്ങളിൽ മുന്നേറുക!

മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

രാജ്യത്ത് വ്യാപിച്ച് കൊണ്ടിരിക്കുന്ന വർഗ്ഗീതയുടെ അപകടത്തെ തിരിച്ചറിയുകയും മാനവികതയുടെ പ്രവർത്തനങ്ങൾ വ്യാപിക്കുകയും ചെയ്യണമെന്ന് ആൾ ഇന്ത്യാ പയാമെ ഇൻസാനിയത്ത് ജനറൽ സെക്രട്ടറി മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി പ്രസ്താവിച്ചു. 
പയാമേ ഇൻസാനിയത്തിന്റെയും മറ്റും പ്രേരണകൾ കാരണം ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ കൂടുതലായിട്ടുണ്ട്. പക്ഷേ, മാനവികതയുടെ സന്ദേശം അതിലൂടെ പ്രചരിപ്പിക്കണം എന്ന പ്രധാന ലക്ഷ്യത്തിൽ വലിയ വീഴ്ച്ച സംഭവിക്കുന്നതായി കാണപ്പെടുന്നുവെന്നും പ്രത്യേകിച്ചും പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം തന്നെ മാനവികതാ സന്ദേശങ്ങളുടെ പ്രചാരണമാണെന്നു അതില്ലാതെ പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തനം തന്നെ ശരിയാകുന്നതല്ലെന്നും പയാമെ ഇൻസാനിയത്ത് അഖിലേന്ത്യാ ജനറൽ സെക്രട്ടറി മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി ഉണർത്തി. പയാമെ ഇൻസാനിയത്ത് സ്ഥാപകൻ്റെ നാടു കൂടിയായ റായ്ബറേലിയിലെ തകിയ കിലാനിൽ കൂടിയ അഖിലേന്ത്യാ സംഗമത്തിൽ പ്രവർത്തകരെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വർഗ്ഗീയത മനുഷ്യ മനസ്സുകളെ തമ്മിൽ അകറ്റുമ്പോൾ മാനവികതയുടെ ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം മനുഷ്യ മനസ്സുകൾ ഇണക്കി ചേർക്കലാണ്. ഇത് രാജ്യത്തോടുള്ള നമ്മുടെ ബാധ്യതയാണ്. രാജ്യ നിവാസികൾക്കിടയിൽ സ്നേഹവും ഐക്യവും സാഹോദര്യവും നിലനിന്നെങ്കിൽ മാത്രമെ രാജ്യം മുന്നോട്ടു ഗമിക്കുകയുള്ളൂ. അല്ലെങ്കിൽ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് പോകുന്നതും ഇവിടെ ജീവിക്കൽ പ്രയാസകരമാവുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഓരോ പ്രവർത്തകരും പയാമെ ഇൻസാനിയത്ത് കേന്ദ്രത്തിൽ നിന്നും നൽകപ്പെടുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തനങ്ങളിൽ മതപരമോ രാഷ്ട്രീയപരമായോ യാതൊരു പരാമർശവും ഉണ്ടാകാൻ പാടില്ല എന്ന നിർദ്ദേശം എല്ലാവരും പാലിക്കണമെന്നും  പരിപാടികളിലും പരസ്പര സന്ദർശനങ്ങളിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി.

കേരളത്തിൽ നിന്നും പയാമെ ഇൻസാനിയത്ത് പ്രവർത്തകരായ സൽമാൻ ഹുസ്നി, മുഹമ്മദ് സലീം, അബ്ദുൽ ജബ്ബാർ ഹുസ്നി, ഖലീൽ ഹുസ്നി, ഫാഇസ് ഹുസ്നി, അൻവർ ഹുസ്നി തുടങ്ങിയവർ പങ്കെടുത്തു.

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📃 ALL INDIA MUSLIM PERSONAL LAW BOARD

ഡൽഹി ചെങ്കോട്ടയിലെ സംഭവം അത്യധികം ദുഃഖകരവും ആശങ്കാജനകവുമാണ്.

📢 സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുക: ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്

ന്യൂ ഡൽഹി | 2025 നവംബർ 11: 
ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ ദാരുണമായ സംഭവത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് ബോർഡ് പ്രസിഡൻ്റ് മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി പത്രക്കുറിപ്പിൽ അറിയിച്ചു.

 രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അദ്ദേഹം അതീവ ആശങ്ക രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമാ അന്വേഷണം നടത്തണെമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതൊരു അപകടമാണെങ്കിൽ, ഇതിലൂടെ നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാനും ഒട്ടേറെ പേർക്ക് പരിക്കേൽക്കാനും കാരണമായത് അത്യധികം ദൗർഭാഗ്യകരമാണ്. എന്നാൽ ഇതൊരു ഭീകരാക്രമണം ആണെങ്കിൽ, അത് രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെ കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതിനാലും, പ്രത്യേകിച്ച് രാജ്യതലസ്ഥാനത്തെ ഏറ്റവും സെൻസിറ്റീവായ പ്രദേശങ്ങൾ പോലും സുരക്ഷിതമല്ലെങ്കിൽ മറ്റ് സ്ഥലങ്ങളുടെ കാര്യം അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഈ പരീക്ഷണത്തിൻ്റെയും ദുഃഖത്തിൻ്റെയും വേളയിൽ, ബോർഡ് ദുരിതബാധിതരായ കുടുംബങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു, കൂടാതെ പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


✍️ ഡോ. വഖാർ ഉദ്ദീൻ ലത്തീഫി
(ഓഫീസ് സെക്രട്ടറി)

🔹🔹🔹🔹🔹


 ഗ്രന്ഥ പരിചയം

📓 ഖുർആൻ താങ്കളോട് എന്ത് പറയുന്നു?

✍️ മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി


₹ 140/-

അതിമഹത്തായ സന്ദേശങ്ങളുടെ സമാഹാരമായ പരിശുദ്ധ ഖുർആനിൻ്റെ പ്രധാന സന്ദേശങ്ങളുമായി ബന്ധപ്പെട്ട വചനങ്ങളും അത്യാവശ്യ വിവരണങ്ങളും അടങ്ങിയ മഹൽ ഗ്രന്ഥമാണിത്. ഈ ഗ്രന്ഥത്തിൻ്റെ പ്രാധാന്യവും ലക്ഷ്യവും ഗ്രന്ഥകാരൻ തന്നെ ചുരുങ്ങിയ വാക്കുകളിൽ ഇപ്രകാരം പറയുന്നു :
തീർച്ചയായും മുഴുവൻ മാനവരാശിയുടെയും ജീവജലമായ ഖുർആനിക പ്രബോധന പാഠങ്ങൾ അറിവില്ലാത്തവർക്കും ലളിതവും പ്രതിഫലനാത്മകവുമായ നിലയിൽ എത്തിച്ച് കൊടുക്കാനുള്ള ഒരു പരിശ്രമമാണ്. ഇത് പാരായണം ചെയ്യുന്ന മുസ്‌ലിമോ അമുസ്‌ലിമോ ആയ ഒരോ സഹോദരങ്ങളുടെയും മനസ്സിൽ ആ മനസ്സ് തീർത്തും മരിച്ച് പോയിട്ടില്ലെങ്കിൽ ഈ ഗ്രന്ഥം പരിവർത്തനം ഉളവാക്കുക തന്നെ ചെയ്യുമെന്നാണ് അല്ലാഹുവിൻ്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ. പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടൊരു മഹനീയ രചനയാണിത്.

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌