ജമാദുൽ ഉഖ്റാ 07/1447
നവംബർ 28/2025
No: 238

 ഉള്ളടക്കം 

▪️മുഖലിഖിതം
നാടിൻ്റെ വികസനത്തേക്കാൾ മനസ്സുകളുടെ വികസനമാണ് അത്യാവശ്യം.
.        ✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

▪️ജുമുഅ സന്ദേശം 
ധൂർത്തും അമിതവ്യയവും
        ✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്ത്വലാഖ്
വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ് 
ശൈഖൈൻ (റ)യുടെ മഹത്വങ്ങൾ
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ഗ്രന്ഥ പരിചയം
വിശ്വനായകൻ

🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

നാടിൻ്റെ വികസനത്തേക്കാൾ മനസ്സുകളുടെ വികസനമാണ് അത്യാവശ്യം.

       ആദരണീയ ഭരണാധികാരികളും പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വികസനങ്ങളെക്കുറിച്ച് വാചാലമാകാറുണ്ട്. തീർച്ചയായും ഞങ്ങൾ വികസനകളെ വിലമതിക്കുന്നു. പക്ഷേ, ഈ വികസനങ്ങളെ പ്രയോജനപ്പെടുത്തുന്നത് ആരാണെന്ന് നാം ഓരോരുത്തരും ശാന്തമായി ചിന്തിക്കേണ്ടതാണ്. വിശാലമായ വഴികളിലൂടെ യാത്ര ചെയ്യുന്നവർ മറ്റുള്ളവരെ തല്ലാനും കൊല്ലാനുമാണോ യാത്ര ചെയ്യുന്നത് അതോ മാതാപിതാക്കളെ സേവിക്കാനാണോ യാത്ര ചെയ്യുന്നത്. അത്യാധുനിക വാഹനങ്ങൾ സഞ്ചരിക്കുന്നവർ ഇണകളും മക്കളുമായി സ്നേഹ സന്തോഷങ്ങൾ പങ്കിടാനാണോ അതോ അക്രമങ്ങളും പീഡനങ്ങളും നടത്താനാണോ യാത്ര ചെയ്യുന്നത്. വാർത്താമാധ്യമങ്ങൾ ജനങ്ങളെ പരസ്പരം കൂട്ടിയിണക്കാനും നന്മകളിലേക്ക് പ്രേരിപ്പിക്കാനുമാണോ അതല്ല, ജനങ്ങളെ പരസ്പരം തെറ്റിദ്ധരിപ്പിക്കാനും തിന്മകളിലേക്ക് തള്ളി വിടാനുമാണോ പരിശ്രമിക്കുന്നതെന്ന് ശാന്തമായി ആലോചിക്കുക! അതെ, മനസ്സുകൾ വികസിക്കാതെയും പരസ്പരം സാഹോദര്യം ഉണ്ടാകാതെയും റോഡുകളും വാഹനങ്ങളും ജീവിത സൗകര്യങ്ങളും മാത്രം വികസിച്ചാൽ, മുമ്പ് ഒരു വർഷം കൊണ്ട് നടന്നിരുന്ന കൊലകൾ ഒരു ദിവസം കൊണ്ട് നടക്കുകയും, മുമ്പ് ഒരു വർഷം കൊണ്ട് നടന്നിരുന്ന കൊലകളും കൊള്ളകളും അക്രമങ്ങളും അനീതികളും നാശനഷ്ടങ്ങളും ഒരു മണിക്കൂർ കൊണ്ട് നടത്താൻ കഴിയും എന്ന ഫലം മാത്രമേ ഉണ്ടാവുകയുള്ളൂ. ആകയാൽ, വികസിത ഭാരതം എന്ന മുദ്രാവാക്യത്തെക്കാൾ അത്യാവശ്യമായത് വികസന പൂർണ്ണമായ മനസ്സുകളാണ്. അതിനുവേണ്ടി പരിശ്രമിക്കാൻ നാം ഓരോരുത്തരും സന്നദ്ധമാവുക.

✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

🔹🔹🔹🔹🔹🔹🔹

 ജുമുഅ സന്ദേശം 

ധൂർത്തും അമിതവ്യയവും

✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി 
          (എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

“ബന്ധുക്കൾ, സാധുക്കൾ, യാത്രികർ ഇവർക്കുള്ള അവകാശങ്ങളും നൽകുക. സമ്പത്ത് ധൂർത്തടിച്ച് പാഴാക്കരുത്. ധൂർത്തന്മാർ പിശാചിന്റെ സഹോദരങ്ങളാണ്. പിശാച് രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാണ്." (സൂറ: അൽ ഇസ്റാഅ് - 26, 27)

    സമ്പത്തും ഐശ്വര്യവും അല്ലാഹുവിൻ്റെ വലിയ അനുഗ്രഹമാണ്. സ്വന്തം ആവശ്യങ്ങൾക്കും മറ്റുള്ളവരെ സഹായിക്കുന്നതിനും അത് ചെലവഴിക്കുക എന്നതാണ് ഈ അനുഗ്രഹത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ട മാർഗ്ഗം. എന്നാൽ, ആവശ്യത്തിലധികം ചെലവഴിക്കുകയോ പാപകരവും അനാവശ്യവുമായ കാര്യങ്ങളിൽ അത് വിനിയോഗിക്കുകയോ ചെയ്യുന്നത് നന്ദികേടാണ്. ഇതാണ് ഖുർആൻ കർശനമായി വിലക്കിയ ‘ധൂർത്ത്'. ധൂർത്തടിക്കുന്നവരെ പിശാചിൻ്റെ സഹോദരന്മാർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പിശാചിന് അല്ലാഹു ബുദ്ധിയും വിവേകവും നൽകിയിരുന്നു. എന്നാൽ അവൻ ദുഷ്പ്രവൃത്തികൾക്കും മനുഷ്യരെ വഴിതെറ്റിക്കാനും ഉപയോഗിച്ചു. അതുപോലെ, അല്ലാഹു നൽകിയ സമ്പത്ത് മനുഷ്യൻ അന്യായമായി ഉപയോഗിച്ചാൽ അത് പൈശാചികമായ രീതിയാണ്. ആ വഴി പിന്തുടരുന്നവൻ പിശാചിൻ്റെ സഹോദരനുമാണ്.

    അല്ലാഹു മുസ്‌ലിംകളോട് നല്ല നിലയിൽ ധനം ചെലവഴിക്കാൻ കൽപ്പിക്കുകയും ധൂർത്തിൽ നിന്ന് വിലക്കുകയും ചെയ്തിരിക്കുന്നു. നല്ല വഴിയിൽ ചെലവഴിക്കുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുകയും ധൂർത്തിന് ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സ്വന്തം ന്യായമായ ആവശ്യങ്ങൾ നിറവേറ്റുക, ഭാര്യസന്താനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുക, ബന്ധുക്കൾ, അഗതികൾ, ദരിദ്രർ, യാത്രക്കാർ എന്നിവരെ സഹായിക്കുക എന്നിവയെല്ലാം പുണ്യകരമായ ചെലവഴിക്കലുകളാണ്. എന്നാൽ ആവശ്യമില്ലാതെ അധികം സമ്പത്ത് അശ്ലീലവും തിന്മയും നിറഞ്ഞ കാര്യങ്ങളിലും മനുഷ്യരെ വഴിതെറ്റിക്കുന്നതിലും അല്ലാഹുവിനെ ധിക്കരിക്കുന്നതിലും ചെലവഴിക്കുന്നതെല്ലാം ധൂർത്താണ്.

    മനുഷ്യൻ്റെ സാമ്പത്തികാവസ്ഥ പ്രധാനമായും കൃഷി, തോട്ടം, കന്നുകാലി വളർത്തൽ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇവയും അല്ലാഹു മനുഷ്യർക്ക് ഒരു സമ്മാനമായി നൽകിയതാണ്. ഇവയിൽ നിന്ന് പരമാവധി പ്രയോജനം നേടാനും, പാവപ്പെട്ടവരെയും അഗതികളെയും പരിഗണിക്കാനും ഒരു കാരണവശാലും ധൂർത്ത് കാണിക്കരുതെന്നും അല്ലാഹു പറയുന്നു: “പന്തലിൽ പടർത്തുന്നതും അല്ലാത്തതുമായ തോട്ടങ്ങൾ, ഈന്തപ്പന, വ്യത്യസ്ത കായ്ഫലങ്ങളുള്ള കൃഷികൾ, പരസ്പരം സാദൃശ്യമുള്ളതും വ്യത്യസ്തങ്ങളുമായ ഒലിവ്, റുമ്മാൻ എന്നിവയുണ്ടാക്കിയത് അല്ലാഹു തന്നെയാണ്. അവ പാകമാകുമ്പോൾ പഴങ്ങൾ ഭക്ഷിക്കുകയും അവ കൊയ്‌തെടുക്കുന്ന ദിവസം അതിൽ നിന്നുമുള്ള ബാധ്യത സാധുക്കൾക്ക് കൊടുക്കുകയും ചെയ്യുക. നിങ്ങൾ ധൂർത്തടിക്കരുത്. തീർച്ചയായും ധൂർത്തടിക്കുന്നവരെ അല്ലാഹു ഇഷ്ടെപ്പടുന്നതല്ല." (അൻആം - 141)

റസൂലുല്ലാഹി ﷺ അരുളുന്നു: "അഹങ്കാരവും ധൂർത്തുമില്ലാതെ നിങ്ങൾ തിന്നുകയും കുടിക്കുകയും ധരിക്കുകയും ദാനം ചെയ്യുകയും ചെയ്യുക."

    മനുഷ്യൻ്റെ ആവശ്യത്തെയും അലങ്കാരത്തെയും അല്ലാഹു പരിഗണിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വാഹനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ അനുവദനീയമായ  മാർഗ്ഗത്തിലൂടെ നിറവേറ്റാൻ അവൻ കൽപ്പിക്കുന്നു. അതുപോലെത്തന്നെ ഭംഗിയും അലങ്കാരവും സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. നല്ലത് കഴിക്കുക, നല്ലത് ധരിക്കുക, നന്നായി ജീവിക്കുക, നല്ല വാഹനം ഉപയോഗിക്കുക. തൻ്റെ ദാസനിൽ താൻ നൽകിയ അനുഗ്രഹത്തിൻ്റെ അടയാളം കാണാൻ അല്ലാഹു ഇഷ്ടപ്പെടുന്നു. അല്ലാഹു പറയുന്നു: “ആദം സന്തതികളേ, എല്ലാ നമസ്‌കാരങ്ങളുടെയും സമയത്ത് നിങ്ങളുടെ വസ്ത്രം അണിയുക. ആഹാര പാനീയങ്ങൾ ആവശ്യത്തിന് ഉപയോഗിച്ചുകൊള്ളുക; ധൂർത്തടിക്കരുത്. തീർച്ചയായും അല്ലാഹു ധൂർത്തടിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല." (അഅ്റാഫ് - 31)

    ജീവിതത്തിൻ്റെ ഏത് മേഖലയിലായാലും ധൂർത്ത് വിനാശകരവും പാപവുമാണ്. ഭക്ഷണ പാനീയങ്ങളിലായാലും, വസ്ത്രധാരണത്തിലായാലും, ജീവിതരീതിയിലായാലും, സന്തോഷത്തിലും ദുഃഖത്തിലും, ഇടപാടുകളിലും, വിവാഹത്തിലുമെല്ലാം ഇത് ബാധകമാണ്. എന്തിന്, മതപരമായ കാര്യങ്ങളിൽ പോലും അതിരുകവിഞ്ഞ ചെലവുകൾ ശരീഅത്ത് ഇഷ്ടപ്പെടുന്നില്ല.

    അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ചെലവഴിക്കുന്നതിന് ഖുർആനിൽ വലിയ സ്ഥാനമാണ് നൽകിയിട്ടുള്ളത്, അതിന് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ ദാനധർമ്മങ്ങളിൽ പോലും മിതത്വം പാലിക്കാനാണ് കൽപ്പന. പിശുക്കും ധൂർത്തും ഒഴിവാക്കണം. അല്ലാഹു പറയുന്നു: "അവർ ചിലവഴിക്കുമ്പോൾ ധൂർത്തടിക്കുകയും പിശുക്ക് കാട്ടുകയുമില്ല. അവയുടെ മദ്ധ്യത്തിൽ നിലയുറപ്പിക്കുന്നതാണ്." (ഫുർഖാൻ - 67)

    അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു: ബനു തമീം ഗോത്രക്കാരനായ ഒരാൾ റസൂലുല്ലാഹി ﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, എൻ്റെ കൈവശം ധാരാളം സമ്പത്തും കുടുംബവുമുണ്ട്. ഞാൻ എങ്ങനെയാണ് ചെലവഴിക്കേണ്ടതെന്നും എൻ്റെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും എനിക്ക് പറഞ്ഞുതന്നാലും." റസൂലുല്ലാഹി ﷺ അരുളി: "നിൻ്റെ സമ്പത്തിൽ സകാത്ത് നിർബന്ധമാണെങ്കിൽ അത് നൽകുക. സകാത്ത് നിന്നെ ശുദ്ധീകരിക്കുന്ന ഒന്നാണ്. നിൻ്റെ ബന്ധുക്കളോട് നല്ല നിലയിൽ വർത്തിക്കുക, അയൽക്കാർ, അഗതികൾ, ചോദിച്ചു വരുന്നവർ എന്നിവരുടെ അവകാശം തിരിച്ചറിയുക." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, എനിക്ക് ഒന്നുകൂടി ചുരുക്കി പറഞ്ഞുതന്നാലും." അപ്പോൾ റസൂലുല്ലാഹി ﷺ ഈ ആയത്ത് ഓതിക്കേൾപ്പിച്ചു: ബന്ധുക്കൾ, സാധുക്കൾ, യാത്രികർ ഇവർക്കുള്ള അവകാശങ്ങളും നൽകുക. സമ്പത്ത് ധൂർത്തടിച്ച് പാഴാക്കരുത്. അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ, ഇത് മതിയാകുമോ? ഞാൻ സകാത്ത് നൽകിയാൽ ഞാൻ ബാധ്യതയിൽ നിന്ന് ഒഴിവാകുമോ?" റസൂലുല്ലാഹി ﷺ അരുളി: “അതെ, എൻ്റെ ഉദ്യോഗസ്ഥനെ നീ സകാത്ത് ഏൽപ്പിച്ചാൽ നീ ഒഴിവായെന്നും പ്രതിഫലത്തിന് അർഹനായെന്നും കണക്കാക്കാം."

    മനുഷ്യന് തൻ്റെ സമ്പത്തിൽ ക്രയവിക്രയത്തിന് അവകാശമുള്ളതുപോലെ വസിയ്യത്ത്  ചെയ്യാനും അവകാശമുണ്ട്. എന്നാൽ അവൻ്റെ സമ്പത്തിൽ അനന്തരാവകാശികൾക്കും ബന്ധുക്കൾക്കും അവകാശമുണ്ട്. അതിനാൽ ആരെങ്കിലും മരണസമയത്ത് തൻ്റെ മുഴുവൻ സ്വത്തും ദൈവമാർഗ്ഗത്തിൽ നൽകാൻ വസിയ്യത്ത് ചെയ്താൽ, മൊത്തം സ്വത്തിൻ്റെ മൂന്നിലൊന്ന് മാത്രമേ അത് നടപ്പിലാക്കുകയുള്ളൂ. കാരണം, ബാക്കിയിൽ ബന്ധുക്കളുടെ അവകാശമുണ്ട്.

    ഇസ്‌ലാമിക ശരീഅത്ത് സ്ഥാപിച്ച നീതിയുടെയും കാരുണ്യത്തിൻ്റെയും വ്യവസ്ഥ എത്ര വലുതാണെന്ന് നോക്കൂ. ദാനധർമ്മങ്ങളിൽ പോലും ധൂർത്ത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ലൗകിക കാര്യങ്ങളിൽ ധൂർത്തും അമിതവ്യയവും നടത്താൻ മുസ്‌ലിംകൾക്ക് എങ്ങനെ സാധിക്കും?

    സാമൂഹിക ജീവിതത്തിൽ ഈ കൽപ്പന ഏറ്റവും കൂടുതൽ ലംഘിക്കപ്പെടുന്നു. ചുറ്റും നോക്കിയാൽ ധൂർത്തിൻ്റെ പുതിയ രീതികൾ കാണാം, ആളുകൾ കണ്ണുമടച്ച് അതിനു പിന്നാലെ ഓടുകയാണ്. ഭക്ഷണ കാര്യത്തിലെ ധൂർത്ത് കാണണമെങ്കിൽ വലിയ ഹോട്ടലുകളിൽ പോയി നോക്കുക. യുവാക്കൾ വലിയ ഓർഡറുകൾ നൽകും, കുറച്ച് കഴിക്കും, ബാക്കി പാഴാക്കി കളയും. വിവാഹം, വലീമ, സൽക്കാരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവരെ നോക്കൂ, ആഗ്രഹത്തേക്കാൾ കൂടുതൽ ഭക്ഷണം പാത്രത്തിൽ വിളമ്പുകയും പകുതിയും കളയുകയും ചെയ്യുന്നു. ഭക്ഷണ മര്യാദകളെക്കുറിച്ച് ഇസ്‌ലാം പഠിപ്പിച്ചത് ഇത്തരം സന്ദർഭങ്ങളിൽ ആളുകൾ മറക്കുന്നു. അന്ത്യനാളിൽ ഈ അനുഗ്രഹങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നതും അവർ മറക്കുന്നു. ഭക്ഷണം ബാക്കി വന്നാൽ പാവങ്ങൾക്ക് കൊടുക്കുന്നതിന് പകരം അത് വെറുതെ കളയുകയാണ്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന ധൂർത്തിൻ്റെ ഏറ്റവും മോശമായ ഉദാഹരണമാണിത്.

    വിവാഹങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ ധൂർത്ത് നടക്കുന്നത്. ലാളിത്യത്തിൽ അല്ലാഹു അനുഗ്രഹം നിശ്ചയിച്ച വിവാഹത്തെ നാം ആഡംബരങ്ങളും ധൂർത്തും കൊണ്ട് നിറച്ച് ഒരു ബാധ്യതയാക്കി മാറ്റിയിരിക്കുന്നു. വിവാഹ കാർഡ് അല്ലെങ്കിൽ ക്ഷണക്കത്ത് എന്നത് വെറുമൊരു അറിയിപ്പ് മാത്രമാണ്. ഒരിക്കൽ വായിച്ചാൽ അത് ചവറ്റുകുട്ടയിൽ എറിയുന്നു. അതിനായി കുറഞ്ഞത് ഒരു കാർഡിന് തന്നെ നൂറുകണക്കിന് രൂപ ചെലവാക്കുന്നു. അങ്ങനെ ആയിരങ്ങൾ കാർഡിന് മാത്രമായി പാഴാക്കുന്നു. കൂടാതെ, ഏതാനും മണിക്കൂറുകൾ മാത്രം നടക്കുന്ന ചടങ്ങിൻ്റെ പന്തലിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നു. ലാളിത്യം പഠിപ്പിച്ച ഈ സമുദായം ഇത്രയും വലിയ ധൂർത്തിൽ അകപ്പെടുന്നത് തിരുത്തേണ്ടത് ഓരോ മുസ്‌ലിമിൻ്റെയും ഉത്തരവാദിത്തമാണ്.

    ലക്ഷങ്ങൾ പന്തലിനും ആഘോഷങ്ങൾക്കും ചെലവഴിക്കുന്നവരുടെ നാട്ടിൽ തന്നെ വിവാഹം നടക്കാത്ത എത്രയോ പെൺകുട്ടികളുണ്ട്. രണ്ട് നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത അനാഥരും പാവപ്പെട്ടവരുമുണ്ട്. വിദ്യാഭ്യാസത്തിന് വഴിയില്ലാത്ത മിടുക്കരായ കുട്ടികളുണ്ട്. സഹായം തേടുന്ന മദ്റസകളും സ്കൂളുകളുമുണ്ട്. എന്നാൽ ഇക്കൂട്ടർ മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ട് വരില്ല. മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന ഈ  ധൂർത്തന്മാർക്ക് മനുഷ്യപ്പറ്റുണ്ടായിരുന്നെങ്കിൽ അവർ മനുഷ്യരുടെ ആവശ്യങ്ങൾ മനസ്സിലാക്കി സഹായിക്കുമായിരുന്നു. എന്നാൽ ധൂർത്ത് അവരെ പിശാചിൻ്റെ സഹോദരന്മാരാക്കി മാറ്റി. പിശാചിൻ്റെ പ്രേരണയാൽ അവർ തങ്ങളുടെ സമ്പത്ത് പ്രശസ്തിക്കും പേരിനും പൊങ്ങച്ചത്തിനും വേണ്ടി നശിപ്പിക്കുന്നു. നന്മയുടെയും പുരോഗതിയുടെയും കാര്യത്തിൽ പിന്നിലാവുകയും ചെയ്യുന്നു. പിശാചിൻ്റെ സഹോദരന് എങ്ങനെ മനുഷ്യൻ്റെ സഹോദരനോട് സഹതാപം തോന്നും?

    ചില സമ്പന്നർ എപ്പോഴും പുതിയ മോഡൽ കാറുകൾ തേടി നടക്കുന്നു. കാറുകൾ മാറ്റിക്കൊണ്ടിരിക്കുന്നതാണ് അവരുടെ ജീവിതം. സമൂഹത്തിൻ്റെ സാമ്പത്തികാവസ്ഥ മാറ്റാൻ അവർക്ക് താൽപ്പര്യമില്ല. മുസ്‌ലിം സമൂഹത്തിലെ സമ്പന്നരായ ചിലർ രാഷ്ട്രീയ പരിപാടികൾക്കും നേതാക്കൾക്കും വേണ്ടി കണക്കില്ലാതെ പണം ചെലവഴിക്കുന്നു. എന്നാൽ പാവങ്ങളെ സഹായിക്കാനോ, വിദ്യാഭ്യാസത്തിനോ, മതപരമായ ആവശ്യങ്ങൾക്കോ ചെലവഴിക്കാൻ ഇവർക്ക് പേടിയാണ്. കാരണം രാഷ്ട്രീയത്തിന് ചെലവഴിച്ചാൽ പേരും പ്രശസ്തിയും കിട്ടും. എന്നാൽ മതപരവും കാരുണ്യപരവുമായ കാര്യങ്ങളിൽ ചെലവഴിച്ചാൽ പരലോകം മാത്രമേ ലഭിക്കൂ.

    മുസ്‌ലിം സമുദായത്തിൻ്റെ അന്തസ്സും പുരോഗതിയുമാണ് ലക്ഷ്യമെങ്കിൽ, ധൂർത്തും അമിതവ്യയവും അനാവശ്യ കാര്യങ്ങളിൽ പണം കളയുന്നതും നാം ഒഴിവാക്കണം. പകരം, ക്രിയാത്മകവും ക്ഷേമകരവുമായ കാര്യങ്ങളിൽ ഉദാരമായി ചെലവഴിക്കാൻ തയ്യാറാകണം. അല്ലാഹു നമുക്കെല്ലാവർക്കും നല്ല ബുദ്ധിയും സൽപ്രവൃത്തികൾ ചെയ്യാനുള്ള തൗഫീഖും നൽകി അനുഗ്രഹിക്കട്ടെ! ആമീൻ

🔹🔹🔹🔹🔹🔹🔹


മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുത്ത്വലാഖ്

(12 ആയത്തുകള്‍, പദങ്ങള്‍ 249, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 99. പാരായണ ക്രമം 65. സൂറത്തുദ്ദഹ്റിന് ശേഷം അവതരണം)

വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍ 

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 01-07

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

 يَٰأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ۝١ فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا ۝٢ وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا ۝٣ وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا ۝٤ ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا ۝٥ أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ ۝٦ لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا ۝٧٨

                പ്രവാചകരെ, (പറയുക:) നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചൊല്ലുമ്പോള്‍ അവരുടെ ഇദ്ദ (ദീക്ഷ)യുടെ കാലത്തിന് യോജിച്ച സമയത്ത് ത്വലാഖ് ചൊല്ലുകയും ഇദ്ദയെ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ പരിപാലകനായ അല്ലാഹുവിനെ നിങ്ങള്‍ ഭയപ്പെടുക. അവര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്.എന്നാല്‍ വ്യക്തമായ മോശത്തരവുമായി ബന്ധപ്പെട്ടാല്‍ പുറത്താക്കാവുന്നതാണ്. ഇത് അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളാണ്. ആരെങ്കിലും അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികള്‍ വിട്ടുകടന്നാല്‍ അവനോട് തന്നെ അവന്‍ അക്രമം ചെയ്തിരിക്കുന്നു. ഇതിനു ശേഷം അല്ലാഹു എന്തുകാര്യമാണ് കൊണ്ടുവരുന്നതെന്ന് താങ്കള്‍ക്ക് അറിയില്ല.(1) അവര്‍ ഇദ്ദ കാലം പൂര്‍ത്തിയാക്കാന്‍ അടുത്താല്‍ അവരെ നല്ലനിലയില്‍ പിടിച്ചുനിര്‍ത്തുകയോ മാന്യമായ നിലയില്‍ വിട്ടയയ്ക്കുകയോ ചെയ്യുക. നിങ്ങളില്‍ നീതിയുള്ള രണ്ടുപേരെ നിങ്ങള്‍ സാക്ഷികളാക്കുക. നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ശരിയായ നിലയില്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ക്ക് നല്‍കപ്പെടുന്ന ഉപദേശങ്ങളാണിവ. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവര്‍ക്ക് അല്ലാഹു രക്ഷാമാര്‍ഗ്ഗം തുറന്നുകൊടുക്കുന്നതാണ്.(2) അവര്‍ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവര്‍ക്ക് ഉപജീവനം നല്‍കുന്നതുമാണ്. അല്ലാഹുവില്‍ ഭരമേല്പിക്കുന്നവന് അവന്‍ തന്നെ മതി. അല്ലാഹുവിന്‍റെ ജോലി പൂര്‍ണ്ണമായി  അല്ലാഹു തന്നെ ചെയ്യുന്നതാണ്. അല്ലാഹു എല്ലാറ്റിനും ഒരു അളവ് നിശ്ചയിച്ചിരിക്കുന്നു.(3) നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവവിരാമം ഉണ്ടായ സ്ത്രീകളുടെ  വിഷയത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അവരുടെ ഇദ്ദ മൂന്ന് മാസമാണ്. ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളുടെയും ഇദ്ദ മൂന്ന് മാസമാണ്.  ഗര്‍ഭിണികളായ സ്ത്രീകളുടെ ഇദ്ദ അവര്‍ പ്രസവിക്കുന്നത് വരെയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ കാര്യങ്ങള്‍ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതാണ്.(4) ഇത് അല്ലാഹു നിങ്ങളിലേക്ക് ഇറക്കിയ അവന്‍റെ കല്പനയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കുന്നതും വമ്പിച്ച പ്രതിഫലം നല്‍കുന്നതുമാണ്.(5) നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങളുടെ കഴിവില്‍പെട്ട നിലയില്‍ ആ സ്ത്രീകളെ നിങ്ങള്‍ താമസിപ്പിക്കുക. അവരുടെമേല്‍ ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി അവരെ നിങ്ങള്‍ ബുദ്ധിമുട്ടിക്കരുത്. ഇനി അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതു വരെ അവര്‍ക്ക് നിങ്ങള്‍ ചിലവ് നല്‍കുക. ഇനി അവര്‍ നിങ്ങള്‍ക്ക് വേണ്ടി പാല്‍ കുടിപ്പിക്കുന്നെങ്കില്‍ അവര്‍ക്കുള്ള കൂലിയും നിങ്ങള്‍ നല്‍കുക. നിങ്ങള്‍ പരസ്പരം നല്ല നിലയില്‍ കൂടിയാലോചിച്ച് നീങ്ങുക. ഇനി നിങ്ങള്‍ പരസ്പരം എതിരായാല്‍ മറ്റൊരു സ്ത്രീ പാല്‍ കുടിപ്പിക്കട്ടെ.(6) വിശാലതയുള്ളവര്‍ വിശാലതയ്ക്കനുസരിച്ച് ചിലവഴിക്കേണ്ടതാണ്. വരുമാനം കുറഞ്ഞവര്‍ അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ നിന്നും ചിലവഴിച്ചാല്‍ മതി. അല്ലാഹു ഓരോരുത്തര്‍ക്കും നല്‍കിയതില്‍ മാത്രമേ ചിലവഴിക്കാന്‍ കല്പിക്കുകയുള്ളൂ. അല്ലാഹു ഞെരുക്കത്തിന് ശേഷം ഉടനെ തന്നെ വിശാലത ഉണ്ടാക്കുന്നതാണ്.(7)

വിവരണവും വ്യാഖ്യാനവും

   വിവാഹവും വിവാഹ മോചനവുമായി ബന്ധപ്പെട്ട ഇസ്ലാമിന്‍റെ തത്വങ്ങള്‍ നിറഞ്ഞ പദ്ധതി: ഈ വിഷയത്തെ കുറച്ച് മആരിഫുല്‍ ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 229 മുതലുള്ള ആയത്തുകളുടെ വിവരണത്തില്‍ വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്. മാന്യ അനുവാചകര്‍ അത് വായിക്കണമെന്ന് താത്പര്യപ്പെടുന്നു. ഇവിടെ അതിന്‍റെ രത്ന ചുരുക്കം മാത്രം കൊടുക്കുകയാണ്: എല്ലാ മതങ്ങളിലും വിവാഹത്തിന്‍റെയും വിവാഹ മോചനത്തിന്‍റെയും കാര്യം പൊതു ക്രയ വിക്രയങ്ങളും കൊടുക്കല്‍ വാങ്ങല്‍ പോലയല്ല. അതെ, ഒരു പുരുഷന്‍റെയും സ്ത്രീയുടേയും ഇഷ്ടത്തിനനുസരിച്ച് തോന്നുന്നത് പോലെ നടത്താവുന്നതല്ല. മറിച്ച് ഒരോ മത വിഭാഗങ്ങളും വിവാഹ കാര്യങ്ങള്‍ക്ക് ഒരു പ്രത്യേക വിശുദ്ധി കല്‍പ്പിക്കുന്ന വിഷയത്തില്‍ ഏകോപിച്ചിരിക്കുന്നു. അതുമായി ബന്ധപ്പെട്ട നിയമ രീതികള്‍ക്ക് അനുസരിച്ച് മത്രമേ വിവാഹ കാര്യങ്ങള്‍ നടത്താന്‍ പാടുള്ളു. സത്യ ധര്‍മ്മവും വേദഗ്രന്ഥങ്ങളുമായി ബന്ധമുള്ള യഹൂദ ക്രൈസ്തവര്‍ മതകാര്യങ്ങളില്‍ ധാരാളം തിരിമറികള്‍ നടത്തിയിട്ടും ഇന്നും ഈ വിഷയത്തില്‍ ധാരാളം മത നിയമങ്ങള്‍ പാലിക്കുന്നവരാണ്. വേദഗ്രന്ഥങ്ങളുമായി ബന്ധമില്ലാത്ത മതസ്ഥരും വിവാഹത്തിന്‍റയും വിവാഹ മോചനത്തിന്‍റെയും വിഷയം കൊടുക്കല്‍ വാങ്ങലുകള്‍ തുടങ്ങിയ ക്രയവിക്രയങ്ങളെ പോലെ കാണുന്നില്ല. അവരുടെ പക്കലും വിവാഹ കാര്യങ്ങള്‍ക്ക് ചില ആചാരങ്ങളുണ്ട്. അവയെ പാലിക്കേണ്ടത് നിര്‍ബന്ധമായി അവര്‍ കാണുന്നു. ഈ നിയമ രീതികളുടെ അടിസ്ഥാനത്തിലാണ് ഓരോ മതങ്ങളുടേയും വ്യക്തിനിയമങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. 
  വെറും നിരീശ്വരവാദികളും യുക്തിവാദികളും മാത്രമാണ് മതത്തോടുള്ള കടുത്ത വെറുപ്പിന്‍റെ പേരില്‍ വിവാഹ വിഷയത്തെ വെറും പരസ്പര ഇടപാടുകളെപ്പോലെ കാണുന്നത്. അവര്‍ വിവാഹത്തെ വികാരപൂര്‍ത്തീകരണത്തിന്‍റെ ഒരു മാധ്യമമായി മാത്രമാണ്  കാണുന്നത്. ഖേദകരമെന്ന് പറയട്ടെ ഇക്കാലത്ത് ലോകം മുഴുവന്‍ ഈ വീക്ഷണം വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുന്നു. തത്ഫലമായി മനുഷ്യര്‍ വന്യമൃഗങ്ങളുടെ വരിയിലേക്ക് നിര്‍ത്തപ്പെടുകയാണ്. പരാതികള്‍ മുഴുവന്‍ പടച്ചവനോട് മാത്രം. 
  ഇസ്ലാമിക ശരീഅത്ത് സമ്പൂര്‍ണ്ണവും പരിശുദ്ധവുമായ ഒരു ജീവിത പദ്ധതിയാണ്. ഇസ്ലാമില്‍ വിവാഹം വെറും ഒരു ഇടപാട് മത്രമല്ല. ഒരു തരം ആരാധന കൂടിയാണ് ഇസ്ലാമിലെ വിവാഹം. ഇതോടൊപ്പം പടച്ചവന്‍ മനുഷ്യ പ്രകൃതിയില്‍ പെട്ട വികാരത്തിന്‍റെ പൂര്‍ത്തീകരണത്തിനുള്ള സുന്ദരവും പരിശുദ്ധവുമായ ഒരു വഴിയുമാക്കിയിരിക്കുന്നു. വൈവാഹിക ബന്ധത്തിലൂടെയുള്ള ധാരാളം നാഗരിക ഗുണങ്ങളും സന്താന ഉത്പാതനത്തിന്‍റെയും, ശിക്ഷണത്തിന്‍റെയും തത്വങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. 
  വിവാഹ ബന്ധം ശരിയാകുന്നതിലൂടെ മനുഷ്യ വംശം ശരിയാകുന്നതാണ്. ഇക്കാരണത്താല്‍ പരിശുദ്ധ ഖുര്‍ആന്‍ വിവാഹവുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങള്‍ക്ക് വളരെ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍ ശ്രദ്ധയോടെ പാരായണം ചെയ്താല്‍ ഒരു കാര്യം വ്യക്തമാണ്. കച്ചവടം പോലുള്ള ക്രയ വിക്രയങ്ങളുടെ വിഷയത്തില്‍ അടിസ്ഥാന നിയമങ്ങള്‍ മാത്രം പറഞ്ഞിട്ടുള്ള പരിശുദ്ധ ഖുര്‍ആന്‍ വിവാഹത്തിന്‍റെയും വിവാഹ മോചനത്തിന്‍റെയും വിഷയത്തില്‍ അടിസ്ഥാന കാര്യങ്ങള്‍ കൊണ്ട് മാത്രം മതിയാക്കാതെ ഏതാണ്ട് മുഴുവന്‍ ശാഖാപരമായ കാര്യങ്ങളും വിവരിച്ചിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈ വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടങ്കിലും സൂറത്തുന്നിസാഇലും സൂറത്തുത്വലാഖിലുമാണ് ഇത് കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത്. അത് കൊണ്ട് നിസാഇന് വലിയ നിസാഅ് എന്നും ത്വാലാഖിന് ചെറിയ നിസാഅ് എന്നും പറയപ്പെടാറുണ്ട്. (ഖുര്‍ത്വുബി.)
    വൈവാഹിക ജീവിതത്തെക്കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം ഇപ്രകാരമാണ്: ഇസ്ലാമിക നിയമപ്രകാരം വൈവാഹിക ബന്ധം സ്ഥാപിക്കപ്പെട്ട ഇണകളുടെ വൈവാഹിക ബന്ധം ജീവിതകാലം മുഴവനിലേക്കുമുള്ളതാണ്. അതിലൂടെ ഇരുവരുടെയും ഭൗതിക അവസ്ഥകളും മതപരമായ കാര്യങ്ങളും ശരിയായിത്തീരുന്നതും അവരില്‍ ജനിക്കുന്ന സന്താനങ്ങളുടെ സ്വഭാവവും കര്‍മ്മങ്ങളും നന്നാകുന്നതുമാണ്. ഈ കാരണത്താല് ഈ ബന്ധം പ്രശ്നങ്ങളില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നും സംശുദ്ധമാക്കി വെക്കണമെന്നും ഇടയ്ക്ക് വല്ലതും ഉണ്ടായിപ്പോയാല്‍ അതിനെ ദൂരീകരിക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കണമെന്നും ഇസ്ലാം കല്‍പ്പിക്കുന്നു. എന്നാല്‍ ഈ പരിശ്രമങ്ങളെല്ലാം ഉണ്ടായിട്ടും ചിലപ്പോള്‍ ഇരുകൂട്ടരുടെയും ജീവിത വിജയം ഈ ബന്ധം അവസാനിപ്പിക്കുന്നതില്‍ മാത്രമായി ഒതുങ്ങുന്നതാണ്. വിവാഹ മോചനം നിയമമല്ലാത്ത മതങ്ങളിലുള്ളവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കടുത്ത പരീക്ഷണ ദുരിതങ്ങളില്‍ അകപ്പെടുന്നതും ചിലവേള അങ്ങേയറ്റം മോശമായ അവസ്ഥകള്‍ സംജാതമാകുന്നതുമാണ്. ഈ കാരണത്താല്‍ ഇസ്ലാം വിവാഹത്തെപ്പോലെ വിവാഹ മോചനത്തിനും ചില നിയമങ്ങളും മര്യാദകളും നിര്‍ദ്ദേശിച്ചു. കൂട്ടത്തില്‍ വിവാഹമോചനം പടച്ചവന് അങ്ങേയറ്റം വെറുപ്പുള്ളതാണെന്നും  കഴിവിന്‍റെ പരമാവധി അതില്‍ നിന്നും അകന്ന് കഴിയാന്‍ ശ്രദ്ധിക്കണമെന്നും ഉണര്‍ത്തുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ട കാര്യം വിവാഹമോചനമാണ്. (അബൂദാവൂദ്) അലിയ്യ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ വിവാഹിതരായി ജീവിക്കുക. വിവാഹമോചനം നടത്തരുത്. കാരണം വിവാഹമോചനത്തിലൂടെ അല്ലാഹുവിന്‍റെ അര്‍ശ് പ്രകമ്പനം കൊള്ളുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍) അബൂമൂസാ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: മ്ലേച്ഛമായ കാര്യങ്ങളൊന്നും ഉണ്ടാകാതെ സ്ത്രീകളെ വിവാഹമോചനം നടത്തരുത്. രുചി നോക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (ഖുര്‍തുബി) മുആദിബ്നു ജബല്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ലോകത്തുള്ള കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അടിമകളെ മോചിപ്പിക്കലും ഏറ്റവും വെറുപ്പുള്ളത് വിവാഹമോചനവുമാണ്. (ദാറുഖുത്നി) ചുരുക്കത്തില്‍ ഇസ്ലാം വിവാഹമോചനത്തെ പ്രേരിപ്പിച്ചിട്ടില്ല. മറിച്ച് കഴിവിന്‍റെ പരമാവധി അതിനെ തടയുകയുണ്ടായി. എന്നാല്‍ ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അതിനെ അനുവദിച്ചപ്പോള്‍ തന്നെ ചില നിയമ മര്യാദകള്‍ വിവരിച്ചുകൊണ്ടാണ് അനുവാദം നല്‍കിയത്. പ്രസ്തുത നിയമങ്ങളുടെ ചുരുക്കം ഇതാണ്: വിവാഹമോചനം വളരെ അത്യാവശ്യമായി വരുമ്പോള്‍ അങ്ങേയറ്റം സുന്ദരമായ നിലയില്‍ അത് നിര്‍വ്വഹിക്കുക. കോപവും പ്രതികാര ദാഹവും കളിക്കുന്ന അവസ്ഥയുണ്ടാക്കരുത്.  
  പ്രവാചകരെ, ഈ  സൂറത്തില്‍ ത്വലാഖിന്‍റെ നിയമം പറയാന്‍ ആരംഭിച്ചപ്പോള്‍ യാ അയ്യുഹ ന്നബിയ്യു എന്ന് പറഞ്ഞ് കൊണ്ട് ആരംഭിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇമാം ഖുര്‍ത്വുബി പറയുന്നു: മുഴുവന്‍ സമുദായത്തിനും ബാധകമായ കാര്യങ്ങള്‍ പറയുമ്പോള്‍ ഖുര്‍ആന്‍ യാഅയ്യുഹന്നബിയ്യു എന്നും റസൂലുല്ലാഹി (സ)യുമായി മാത്രം ബന്ധപ്പെട്ട കാര്യം പറയുമ്പോള്‍ യാഅയ്യുഹര്‍റസൂല്‍ എന്നും പറയുന്നതാണ്. 
  അല്ലയോ പ്രവാചകരേ എന്ന് വിളിച്ച് കൊണ്ട് ആരംഭിച്ചപ്പോള്‍ അടുത്ത കാര്യങ്ങളും  ഏകവചനമാക്കി പ്രവാചകനോട് മാത്രം പറയേണ്ടതായിരുന്നു. പക്ഷെ അതിന് പകരം ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: അല്ലയോ നബിയേ , താങ്കള്‍ മുസ്ലിംകളോട് പറയുക: നിര്‍ബന്ധിത സാഹചര്യത്തില്‍ വിവാഹ മോചനം  നടത്തേണ്ടി വന്നാല്‍ താഴെ പറയുന്ന നിയമങ്ങള്‍ പാലിക്കുക.! തുടര്‍ന്ന് വിവാഹ മോചനവുമായി ബന്ധപ്പെട്ട ചില നിയമ മര്യാദകള്‍ വിവരിച്ചിരിക്കുന്നു. 
  ഒന്നാമത്തെ നിയമം: നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചൊല്ലുമ്പോള്‍ അവരുടെ ഇദ്ദ (ദീക്ഷ)യുടെ കാലത്തിന് യോജിച്ച സമയത്ത് ത്വലാഖ് ചൊല്ലുക! ഇദ്ദയുടെ കാലത്ത് അവരെ വിവാഹ മോചനം നടത്തുക എന്നതാണ്. ഇദ്ദ എന്നതിന്‍റെ അര്‍ത്ഥം എണ്ണം എന്നാണ്. ശരീഅത്തിന്‍റെ നിര്‍വചനം അനുസരിച്ച് ഇദ്ധയെന്നാല്‍ ഒരു വ്യക്തിയുടെ വിവാഹത്തില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷം മറ്റൊരു വിവാഹം അനുവദനീയമാകുന്ന കാലം വരെ പ്രതീക്ഷിച്ച് ഇരിക്കലാണ്. വിവാഹത്തില്‍ നിന്നും പുറപ്പെടുന്നത് രണ്ട് രൂപത്തിലാണ്. ഒന്ന് ഭര്‍ത്താവ് മരണപ്പെടുക. ഈ ഘട്ടത്തില്‍ സ്ത്രീ ഗര്‍ഭിണി ആണെങ്കില്‍ പ്രസവിക്കുന്നത് വരെയും ഗര്‍ഭിണി അല്ലങ്കില്‍ നാല് മാസവും പത്ത് ദിവസവും ഇദ്ദ അനു ഷ്ടിക്കേണ്ടതാണ്.  രണ്ട് വിവാഹ മോചനം നടക്കുക. ഈ ഘട്ടത്തില്‍ സ്ത്രീ ഗര്‍ഭിണി അല്ലങ്കില്‍ ഇമാം അബൂ ഹനീഫയും മറ്റും മൂന്ന് ഹൈളുകളും,ഇമാം ശാഫിഈയും മറ്റും മൂന്ന് ശുദ്ധികളും പൂര്‍ത്തിയാകുന്നത് വരെ ഇദ്ദയിരിക്കണമെന്നും പറയുന്നു. പ്രായക്കുറവ് കൊണ്ട് ഹൈള്  വരാതിരിക്കുകയോ പ്രായാധിക്യം കാരണം ഹൈള് നിലക്കുകയോ ചെയ്തവരുടേയും,ഗര്‍ഭിണിയുടേയും നിയമം യഥാസ്ഥാനത്ത് വരുന്നതാണ്.
    ഇബ്നു ഉമര്‍ (റ) ഒരു ഭാര്യയെ ഹൈളിന്‍റെ സമയത്ത് വിവാഹ മോചനം നടത്തി. ഇക്കാര്യം ഉമര്‍ (റ) അറിയിച്ചപ്പോള്‍ റസൂലുല്ലാഹി (സ) വളരെ കോപിച്ച് കൊണ്ട് ഇപ്രകാരം അരുളി: ഇബ്നു ഉമറിനോട് അവരെ തിരിച്ചെടുക്കാന്‍ പറയുക. ശേഷം അവരെ ഭാര്യയായി നിലനിര്‍ത്തട്ടെ. അങ്ങനെ ഹൈളില്‍ നിന്നും അവര്‍ ശുദ്ധിയാവുകയും ശേഷം ഹൈള് വരികയും പിന്നീട് ശുദ്ധിയാവുകയും ചെയ്യുമ്പോള്‍ ത്വലാഖ് ചൊല്ലാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ആ ശുദ്ധിയില്‍ സംസംര്‍ഗ്ഗം നടത്താതെ അവരെ വിവാഹ മോചനം ചെയ്യട്ടെ. ഇതാണ് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള വിവാഹ മോചനത്തിനുള്ള സമയം. (ബുഖാരി, മുസ്ലിം) ഈ ഹദീസില്‍ നിന്നും ചില കാര്യങ്ങള്‍ മനസ്സിലാകുന്നു: 1. ഹൈളിന്‍റെ അവസ്ഥയില്‍ ത്വലാഖ് ചൊല്ലുന്നത് നിഷിദ്ധമാണ്. 2. അത് മടക്കിയെടുക്കാന്‍ പറ്റുന്ന ത്വലാഖാണെങ്കില്‍ മടക്കിയെടുക്കേണ്ടതാണ്. 3. സ്ത്രീയെ ശുദ്ധിയുടെ സമയത്ത് ത്വലാഖ് ചൊല്ലുകയാണെങ്കില്‍ ആ ശുദ്ധിയില്‍ സംസര്‍ഗ്ഗം നടത്തിയിരിക്കാന്‍ പാടുള്ളതല്ല. 4. ഇതാണ് പരിശുദ്ധ ഖുര്‍ആനിന്‍റെ യഥാസമയത്ത് വിവാഹ മോചനം നടത്തുക എന്നതിന്‍റെ ആശയം. 
  ഇമാം അബൂഹനീഫാ (റ)യുടെ അഭിപ്രായത്തില്‍ ഇദ്ദ ആരംഭിക്കുന്നത് ഹൈളിലാണ്. ഇതനുസരിച്ച് ഈ ആയത്തിന്‍റെ ആശയം ഒരു സ്ത്രീയെ വിവാഹമോചനം നടത്തുന്നത് സംസര്‍ഗ്ഗം നടത്താത്ത ശുദ്ധിയുടെ അവസാനത്തിലായിരിക്കണം എന്നതാണ്. ഇമാം ശാഫിഈ (റ)യുടെ അഭിപ്രായത്തില്‍ ഇദ്ദ ആരംഭിക്കുന്നത് ശുദ്ധികൊണ്ടായതിനാല്‍ ഈ ആയത്തിന്‍റെ ആശയം ശുദ്ധിയുടെ ആരംഭത്തില്‍ തന്നെ ത്വലാഖ് ചൊല്ലുക എന്നാണ്. ഇതുമായി ബന്ധപ്പെട്ട മറ്റ് ചര്‍ച്ചകള്‍ സൂറത്തുല്‍ ബഖറ 228-ാം ആയത്തിന്‍റെ വിവരണത്തില്‍ കഴിഞ്ഞിട്ടുണ്ട്.   
  ചുരുക്കത്തില്‍ ഹൈളിന്‍റെ സന്ദര്‍ഭത്തില്‍ വിവാഹ മോചനം നടത്തുന്നതും ഭാര്യയുമായി സംസര്‍ഗ്ഗം നടത്തിയ ശുദ്ധിയുടെ കാലത്ത് വിവാഹ മോചനം നടത്തുന്നത് നിശിദ്ധമാണ്. കാരണം ഈ രണ്ട് രൂപത്തിലും അവരുടെ ഇദ്ദ കാലം ദീര്‍ഘിക്കുന്നതും അവര്‍ക്ക് പ്രയാസമുണ്ടാകുന്നതുമാണ്. അതെ, ഹൈളില്‍ ത്വലാഖ് ചൊല്ലിയാല്‍ പ്രസ്തുത ഹൈള് ഇദ്ദയില്‍ ഗണിക്കപ്പെടുന്നതല്ല. മറിച്ച് ഈ ഹൈളിന്‍റെ ദിവസങ്ങള്‍ പൂര്‍ത്തിയാവുകയും ഇമാം അബൂഹനീഫാ (റ)യുടെ അഭിപ്രായം അനുസരിച്ച് അതിന് ശേഷമുള്ള ശുദ്ധിയും കഴിഞ്ഞ് കടക്കേണ്ടതാണ്. അടുത്ത ഹൈള് മുതലാണ് ഇദ്ദ ആരംഭിക്കുക. ഇത് വളരെ നീണ്ട സമയമാണ്. ഇമാം ശാഫിഈ (റ)യുടെ അഭിപ്രായം അനുസരിച്ച് ശുദ്ധിയുടെ കാലം വരെയുള്ള സമയം അധികരിക്കുന്നതാണ്. ഒന്നാമത്തെ കല്‍പ്പനയുടെ പ്രധാന ഭാഗം ഇതാണ്: ത്വലാഖ് ദേഷ്യം പ്രകടിപ്പിക്കാനും പ്രതികാരം വീട്ടാനുമുള്ള കാര്യമല്ല. മറിച്ച് നിര്‍ബന്ധിത സാഹചര്യത്തില്‍ ഇരുഭാഗത്തിനും സമാധാനം നല്‍കാനുള്ള പദ്ധതിയാണ്. ഈ കാരണത്താല്‍ ത്വലാഖ് ചൊല്ലുന്ന അവസ്ഥയില്‍ തന്നെ സ്ത്രീ ഇദ്ദ ദീര്‍ഘിപ്പിച്ച് അന്യായമായി പ്രയാസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹൈള് അല്ലെങ്കില്‍ ശുദ്ധികൊണ്ട് ഇദ്ദ തീരുമാനിക്കുന്ന സ്ത്രീകള്‍ക്കാണ് ഈ നിയമം. എന്നാല്‍ ഇതുവരെ ഭര്‍ത്താവിന്‍റെ കൂട്ടത്തില്‍ കഴിയാത്ത സ്ത്രീകളെപ്പോലുള്ളവര്‍ക്ക് ഇദ്ദ തന്നെ നിര്‍ബന്ധമില്ല. ഇത്തരം സ്ത്രീകളെ ഹൈളിന്‍റെ അവസ്ഥയില്‍ ത്വലാഖ് ചൊല്ലിയാലും കുഴപ്പമില്ല. ഇപ്രകാരം പ്രായക്കുറവുകൊണ്ടോ, കൂടുതല്‍ കൊണ്ടോ ഹൈള് ഉണ്ടാകാത്ത സ്ത്രീകളുടെയും ഇദ്ദയില്‍ ഹൈളും തുഹ്റും പരിഗണിക്കേണ്ടതില്ല. മറിച്ച് അവരുടെ ഇദ്ദ മാസങ്ങള്‍ക്കനുസരിച്ച് മൂന്ന് മാസമാണ്. ഇവരെയും ഏതവസ്ഥയിലും ത്വലാഖ് ചൊല്ലിയാലും കുഴപ്പമില്ല. (മസ്ഹരി) 
    രണ്ടാമത്തെ നിയമം: ഇദ്ദയെ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുക! ഇദ്ദയുടെ ദിനങ്ങള്‍ ശ്രദ്ധയോടെ ഓര്‍ത്ത് വെക്കണം എന്നതാണ്. മറവി സംഭവിക്കാതിരിക്കാനും ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഈ നിയമം സ്ത്രീക്കും പുരുഷനും ബാധകമാണ്. സ്ത്രീകളും പുരുഷന്‍മാരുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സാധാരണ പുല്ലിംഗം ഉപയോഗിക്കുന്നത് കൊണ്ടാണ്. ഇവിടെയും അങ്ങനെ ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ ആശയ സംഗ്രഹത്തില്‍ പറഞ്ഞത് പോലെ സ്ത്രീകള്‍ക്ക് മറവി സംഭവിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പുരുഷന്‍മാരെ മാത്രം സംബോധന ചെയ്തതായിരിക്കാനും സാധ്യതയുണ്ട്.

 (തുടരും...)  
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ശൈഖൈൻ (റ)യുടെ മഹത്വങ്ങൾ
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

157. ​ഇബ്നു ഉമർ (റ) നിവേദനം: റസൂലുല്ലാഹി ﷺ ഒരിക്കൽ പള്ളിയിലേക്ക് വന്നപ്പോൾ വലതുവശത്ത് അബൂബക്കറും ഇടതുവശത്ത് ഉമറും ഉണ്ടായിരുന്നു. പ്രവാചകൻ അവരുടെ കൈകൾ പിടിച്ചുകൊണ്ട് പറഞ്ഞു: "ഖിയാമത്ത് നാളിൽ ഞങ്ങൾ ഇങ്ങനെയായിരിക്കും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക." 

വിവരണം: ഇത് അവരുടെ പരസ്പര ബന്ധത്തിൻ്റെ ആഴം വ്യക്തമാക്കുന്നു.

158. ​ഹുദൈഫ (റ) നിവേദനം: റസൂലുല്ലാഹി ﷺ  അരുളി: "എനിക്ക് ശേഷം ഞാൻ എത്ര കാലം നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അറിയില്ല. അതിനാൽ എനിക്ക് ശേഷം അബൂബക്കറിനെയും ഉമറിനെയും നിങ്ങൾ പിൻപറ്റുക."

159. ​അനസ് (റ)  നിവേദനം: റസൂലുല്ലാഹി ﷺ  അരുളി: "അബൂബക്റും ഉമറും സ്വർഗവാസികളായ മധ്യവയസ്കരായവരിൽ, പ്രവാചകന്മാർ ഒഴികെയുള്ളവരുടെ നേതാക്കളായിരിക്കും."

160. ​അബൂ സഈദ് (റ) നിവേദനം: റസൂലുല്ലാഹി ﷺ  അരുളി: "എല്ലാ പ്രവാചകന്മാർക്കും മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും രണ്ട് അടുത്ത സഹായികൾ ഉണ്ടാകും. മലക്കുകളിൽ ജിബ്‌രീലും മീഖാഈലും, മനുഷ്യരിൽ അബൂബക്റും ഉമറുമാണ് എൻ്റെ സഹായികൾ."

വിവരണം: ​ഈ ഹദീസുകളിൽ നിന്നെല്ലാം വ്യക്തമാകുന്നത്, റസൂലുല്ലാഹി ﷺ തൻ്റെ ജീവിതകാലത്തും മരണശേഷവും അബൂബക്ർ സിദ്ദീഖ് (റ), ഉമറുൽ ഫാറൂഖ് (റ) നൽകിയ വലിയ പ്രാധാന്യമാണ്. പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം പ്രവാചകൻ ഇവരുമായി കൂടിയാലോചിക്കാറുണ്ടായിരുന്നു.

🔹🔹🔹🔹🔹


 ഗ്രന്ഥ പരിചയം






📓 വിശ്വനായകൻ
✍️ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി


₹ 220/-

• എങ്ങും എന്നും പരിശുദ്ധ പ്രകാശം പൊഴിക്കുന്ന വഴിവിളക്കും മാനവികതയുടെ മാർഗ ദർശകനുമായ അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺയുടെ സമ്പൂർണ്ണ മഹത് ചരിതം. മഹനീയ ജീവിതത്തിൻ്റെ മഹത്തായ സന്ദേശങ്ങൾ. പ്രവാചക ജീവിത യാത്രയിൽ അനിവാര്യമായി വന്ന പോരാട്ടങ്ങളെ കുറിച്ചുള്ള വിവരണം. അതിലളിതവും ഹൃദ്യവുമായ അവതരണ ശൈലീ വിശേഷം. നബവീ വേരുകളായ പൂർവ്വ പ്രവാചകന്മാരെയും പ്രവാചക പൂവനത്തിലെ പുഷ്‌പങ്ങളായ സ്വഹാബത്തിനെയും കുറിച്ചുള്ള സുന്ദര അനുസ്‌മരണം. 

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌