ജമാദുൽ ഊലാ 15/1447
നവംബർ 6/2025
No: 235

 ഉള്ളടക്കം 

▪️മുഖലിഖിതം
പരിശുദ്ധ ഖുർആൻ പഠിക്കൂ, പകർത്തൂ, പ്രചരിപ്പിക്കൂ...
        ✍️ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം  

▪️ജുമുഅ സന്ദേശം 
ന്യൂനപക്ഷങ്ങളോട് പടിഞ്ഞാറിൻ്റെയും മുസ്‌ലിംകളുടെയും സമീപനങ്ങൾ - 2
        ✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി 

▪️മആരിഫുല്‍ ഖുര്‍ആന്‍

സൂറത്തുത്തഗാബുന്‍
സത്യവിശ്വാസികളുടെയും നിഷേധികളുടെയും അവസ്ഥകളും അന്ത്യങ്ങളും
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
ഉമറുൽ ഫാറൂഖ് (റ)ൻ്റെ മഹത്വങ്ങൾ
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

🔹🔹🔹🔹🔹🔹🔹




🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 

പരിശുദ്ധ ഖുർആൻ പഠിക്കൂ, പകർത്തൂ, പ്രചരിപ്പിക്കൂ...

       അല്ലാഹു സുബ്ഹാനഹു വ തആല മനുഷ്യരെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാൻ വേണ്ടിയാണ്. അവൻ പ്രവാചകന്മാരെ അയച്ചു, അവർക്ക് ഗ്രന്ഥങ്ങൾ നൽകി. എന്നാൽ ആ ഗ്രന്ഥങ്ങളിൽ വെച്ച്, സകല സൗന്ദര്യവും പൂർണ്ണതയും ഉൾക്കൊള്ളുന്നതും, അതിനു മുമ്പുള്ള ഗ്രന്ഥങ്ങൾക്ക് സാക്ഷിയും, വിധികർത്താവുമായി അവൻ തിരഞ്ഞെടുത്തത് ഈ മഹത്തായ ഖുർആനിനെയാണ്.

സഹോദരങ്ങളേ, ഓർക്കുക! അല്ലാഹു അവന്റെ പ്രവാചകന് (സ) നൽകിയ ഏറ്റവും വലിയ അനുഗ്രഹം ഈ കിതാബാണ്.

ഈ ഖുർആനെ അല്ലാഹു വിശേഷിപ്പിച്ചത് മഹത്വമുള്ളത് (മജീദ്) എന്നും മാന്യമായത് (കരീം) എന്നും പ്രതാപമുള്ളത് (അസീസ്) എന്നുമാണ്.
അത്ഭുതകരമായ ഒരു വെല്ലുവിളിയാണ് ഈ ഗ്രന്ഥം മനുഷ്യരാശിയുടെ മുമ്പിൽ വെച്ചത്. അതിന്റെ ശൈലി, ഭാഷാപരമായ സൗന്ദര്യം, വർണ്ണനയുടെ ശക്തി എന്നിവ ആർക്കും അനുകരിക്കാനാവാത്തതാണ്. കവികൾക്കും സാഹിത്യകാരന്മാർക്കും ഒരു പോലെ അതിനോട് കിടപിടിക്കാൻ കഴിഞ്ഞില്ല.
എന്നാൽ, അതിന്റെ മഹത്വമെല്ലാം നിലനിർത്തിക്കൊണ്ട് തന്നെ, അത് പാരായണം ചെയ്യാനും അതിന്റെ ആശയം ഗ്രഹിക്കാനും അല്ലാഹു നമുക്ക് എളുപ്പമാക്കിത്തന്നു: "നാം ഖുർആനെ ഉപദേശം ഉൾക്കൊള്ളാൻ എളുപ്പമാക്കിയിരിക്കുന്നു."
ശിഹാബുദ്ദീൻ അഹ്മദ് ഇബ്നു തൈമിയ്യ (റ) പറഞ്ഞതുപോലെ, "അതിന്റെ ആശയങ്ങളിലെ അത്ഭുതം, അതിന്റെ വാക്കുകളിലെ അത്ഭുതത്തേക്കാൾ വലുതാണ്." കാരണം, ലോകത്തിലെ എല്ലാ ജനവിഭാഗങ്ങളിലെയും ബുദ്ധിമാന്മാർ ഒത്തുചേർന്നാലും ഇതിന്റെ ആശയങ്ങൾ പോലെ കൊണ്ടുവരാൻ കഴിയില്ല.
ഖുർആൻ: നമ്മുടെ ജീവിതത്തിലെ വെളിച്ചം
ഈ ഗ്രന്ഥം വെറും നിയമ സംഹിതകളോ ചരിത്ര വിവരണങ്ങളോ മാത്രമല്ല. ഇത് നമ്മുടെ അഖീദ (വിശ്വാസം), അഹ്കാം (നിയമങ്ങൾ), അഖ്ലാഖ് (ധാർമ്മികത), ഇഹലോകത്തും പരലോകത്തുമുള്ള വിജയത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു.
• നിങ്ങളുടെ സംരക്ഷണം എവിടെയാണ്? ആയത്തുൽ കുർസിയെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഇത് ഖുർആനിലെ ഏറ്റവും ശ്രേഷ്ഠമായ ആയത്താണ്. ഉറങ്ങുന്നതിനുമുമ്പ് ഇത് പാരായണം ചെയ്യുന്നവന് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകുമെന്നും പിശാച് അടുക്കുകയില്ലെന്നും പ്രവാചകൻ (സ) പഠിപ്പിച്ചു.
• ഏറ്റവും വലിയ ശമനം: സൂറത്തുൽ ഫാതിഹ ഖുർആനിലെ ഏറ്റവും മഹത്തായ സൂറത്താണ്. ഇത് രോഗങ്ങൾക്കുള്ള ശമനം കൂടിയാണ്. ഇബ്നുൽ ഖയ്യിം (റ) പറഞ്ഞിട്ടുണ്ട്: "ഞാൻ എന്നെത്തന്നെ ഫാതിഹകൊണ്ട് ചികിത്സിച്ചു, അത്ഭുതകരമായ ഫലം ഞാൻ അതിൽ കണ്ടു."
ഖുർആൻ മാറ്റിയ ജീവിതങ്ങൾ
പ്രിയ സഹോദരങ്ങളേ, ഖുർആൻ കേവലം പാരായണ ഗ്രന്ഥമല്ല. അത് ജീവിതങ്ങളെ മാറ്റിമറിക്കുന്ന വിപ്ലവമാണ്.
അല്ലാഹു മദ്യം നിരോധിച്ചുകൊണ്ടുള്ള ആയത്ത് അവതരിപ്പിച്ചപ്പോൾ (സൂറത്തുൽ മാഇദ: 91), ഉമർ (റ) ഉടൻ പ്രഖ്യാപിച്ചു: "ഞങ്ങൾ മതിയാക്കിയിരിക്കുന്നു, ഞങ്ങൾ മതിയാക്കിയിരിക്കുന്നു!" അന്നേരം തന്നെ സ്വഹാബികൾ മദ്യം മദീനയിലെ തെരുവുകളിൽ ഒഴുക്കിക്കളഞ്ഞു.
നബി (സ) വഫാത്തായപ്പോൾ, ദുഃഖം സഹിക്കാനാവാതെ ചില സ്വഹാബികൾ മരണ വാർത്ത നിഷേധിച്ചു. അപ്പോൾ അബൂബക്കർ (റ) തക്ബീർ ചൊല്ലി: "മുഹമ്മദ് അല്ലാഹുവിന്റെ ദൂതൻ മാത്രമാണ്. അദ്ദേഹത്തിനു മുമ്പ് ദൂതന്മാർ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്നോട്ട് തിരിച്ചുപോകുമോ?" (ആലു ഇംറാൻ: 144)

ഇത് കേട്ടപ്പോൾ സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവാണ് സത്യം! ആ ആയത്ത് അന്നുവരെ അവതരിച്ചിട്ടില്ലായിരുന്നു എന്ന് ഞങ്ങൾ കരുതിപ്പോയി!" ആ ഒരു ആയത്ത് അവരുടെ കാലിടറിയ മനസ്സുകൾക്ക് സ്ഥിരത നൽകി.
ഖുർആൻകാരുടെ പദവി
ഈ മഹത്തായ ഗ്രന്ഥത്തെ സ്നേഹിക്കുന്നവർക്ക് അല്ലാഹു നൽകുന്ന പ്രതിഫലം ചെറുതല്ല.

"ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരക്ഷരം ഓതിയാൽ അവന് ഒരു നന്മയുണ്ട്. ആ നന്മക്ക് പത്ത് ഇരട്ടി പ്രതിഫലമുണ്ട്."

ഒന്നാലോചിച്ചു നോക്കൂ, ഒരു ആയത്ത് ഓതുമ്പോൾ എത്ര നന്മകളാണ് നാം നേടുന്നത്!
പ്രവാചകൻ (സ) ഖുർആൻ പാരായണം ചെയ്യുന്നവരെ സ്നേഹിച്ചിരുന്നു. യുദ്ധങ്ങളിൽ രക്തസാക്ഷികളാകുന്നവരിൽ, ഖുർആൻ ഏറ്റവും കൂടുതൽ മനഃപാഠമാക്കിയവരെയാണ് അവിടുന്ന് ഖബറുകളിൽ മുന്നിൽ വെച്ച് അടക്കിയത്. ഖുർആൻ കാരായ ആളുകളെ മുൻനിറുത്തിയാണ് ഉമർ (റ) തന്റെ സദസ്സുകളിൽ ഇരുത്തിയിരുന്നത്.
ഇബ്നുൽ ഖയ്യിം (റ) പറഞ്ഞ ഒരു വാക്ക് ഓർമ്മിപ്പിക്കട്ടെ:

"നിങ്ങളുടെ ഹൃദയത്തിൽ അല്ലാഹുവിനോടുള്ള സ്നേഹം എത്രയുണ്ടെന്ന് അറിയണമെങ്കിൽ, ഖുർആനിനോടുള്ള നിങ്ങളുടെ സ്നേഹം എത്രയുണ്ടെന്ന് നിങ്ങൾ നോക്കുക."

നാം ഓരോരുത്തരും നമ്മുടെ പരിശ്രമം ഖുർആൻ പഠിക്കാനും പഠിപ്പിക്കാനും അതിന്റെ വെളിച്ചം സ്വീകരിക്കാനും ചെലവഴിക്കണം.

ഖുർആൻ പാരായണം ചെയ്യുമ്പോൾ, "ഇത് അല്ലാഹു എന്നോട് സംസാരിക്കുന്നതാണ്" എന്ന ചിന്തയോടെ നിങ്ങൾ ഹൃദയം നൽകുക. ദുനിയാവിലും ആഖിറത്തിലും രക്ഷ നേടാനുള്ള ഏറ്റവും നല്ല വഴി ഈ ഖുർആൻ മാത്രമാണ്.
അല്ലാഹു നമ്മെ ഖുർആന്റെ അനുയായികളിൽ ഉൾപ്പെടുത്തുമാറാകട്ടെ!
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!

✍️ ശൈഖ് അബ്ദുൽ മുഹ്സിൻ അൽഖാസിം 
(ഖത്തീബ്, മസ്ജിദുന്നബവിയ്യുശ്ശരീഫ്, മദീന മുനവ്വറ)

🔹🔹🔹🔹🔹🔹🔹

 ജുമുഅ സന്ദേശം 

ന്യൂനപക്ഷങ്ങളോട് പടിഞ്ഞാറിൻ്റെയും മുസ്‌ലിംകളുടെയും സമീപനങ്ങൾ -2

✍️ മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)             

ലണ്ടൻ ടൈംസിന്റെ ഒരു വാർത്ത പ്രകാരം ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ദക്ഷിണ ഉത്തര വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ സേന എട്ട് ലക്ഷത്തിലേറെ ടണ്ണുകൾ ബോംബ് വർഷിപ്പിച്ചു. കൃഷി ഉൽപ്പന്നങ്ങൾ നശിപ്പിക്കുന്നതിന് ഒരു കോടിയിലേറെ ഗ്യാലൻ വിഷം പരത്തി. ഇതിൻ്റെ ദുഷ്ഫലം കുറഞ്ഞത് നൂറുവർഷം നിലനിൽക്കുന്നതായിരുന്നു. ഈ യുദ്ധത്തിൽ മുപ്പത്തിയാറ് ലക്ഷത്തിലധികം ജനങ്ങൾ കൊല്ലപ്പെടുകയും ഒരു കോടി ജനങ്ങൾ അഭയാർത്ഥികൾ ആവുകയും ഒമ്പത് ലക്ഷം കുഞ്ഞുങ്ങൾ അനാഥരാവുകയും പതിനഞ്ച് ലക്ഷത്തിലേറെ പൗരന്മാർക്ക് പരിക്ക് പറ്റുകയും ചെയ്തു. കാര്യം ഇതായിരുന്നിട്ടും യൂറോപ്പ്യൻ ചരിത്രകാരന്മാർക്ക് ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. അവരുടെ പ്രധാന താൽപര്യം മുസ്‌ലിം ഭരണാധികാരികളുടെ മേൽ കള്ളക്കഥകൾ പടച്ചു പ്രചരിപ്പിക്കലാണ്. എന്നാലും അവരിൽ പെട്ട നീതിമാന്മാരായ ചിലർ ഈ യാഥാർത്ഥ്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. പാശ്ചാത്യ ചിന്തകനായ റോബർട്ട് കുറിക്കുന്നു: പൗരസ്ത്യ ദേശങ്ങളിലെ മുസ്‌ലിം ഭരണാധികാരികൾ ഒരിക്കലും അക്രമങ്ങൾ കാട്ടുകയോ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കാൻ പരിശ്രമിക്കുകയോ ചെയ്തിട്ടില്ല. (ദ മേക്കിംഗ് ഓഫ് ഹിസ്റ്ററി) 

മറ്റൊരു ചരിത്രകാരൻ ആൽഫ് ഐൻസ്റ്റീൻ കുറിക്കുന്നു: മുസ്‌ലിം ഭരണകർത്താക്കളുടെ കീഴിൽ ഹൈന്ദവ ക്ഷേത്രങ്ങളും ധർമ്മശാലകളും സംരക്ഷിക്കപ്പെട്ടിരുന്നു. വൃന്ദാവൻ, ഗോവർദ്ധൻ, മഥുര, മുതലായ ക്ഷേത്രങ്ങൾക്ക് രാജകീയ ഫണ്ടിൽ നിന്നും സഹായം നൽകപ്പെട്ടിരുന്നു. മഥുര ജില്ലയിലെ ഗോവർദ്ധൻ ഹരിദേവി ക്ഷേത്രം ഏ.ഡി 1500ൽ നിർമ്മിക്കപ്പെട്ടപ്പോൾ അഹ്‌മദ് ഷാ രാജാവ് അതിൻറെ ചിലവുകൾക്ക് വേണ്ടി മാസം തോറും തുക നൽകുകയുണ്ടായി. ആഗ്രയിലെ സമ്പന്നർക്കും ജന്മിമാർക്കും അദ്ദേഹം എഴുതിയ ഒരു കുറിപ്പ് ഇപ്രകാരമാണ്. ഈ വിജ്ഞാപനം വഴിയായി പതിനേഴ് ഏക്കർ ഭൂമി ബില്ലഗാൻ മന്ദിരത്തിന്റെ പൂജാരി ശീതൽ ദാസിന് നൽകിയിരിക്കുന്നു. അത് ഉപയോഗിച്ച് അദ്ദേഹം സ്വന്തം ചിലവും ക്ഷേത്രത്തിൻ്റെ ചിലവുകളും നടത്തേണ്ടതാണ്. കൂടാതെ ആവശ്യക്കാർക്ക് വേണ്ട ഉൽപ്പന്നങ്ങൾ നൽകണമെന്ന് ജന്മിമാരോട് താല്പര്യപ്പെടുന്നു! ഇതുപോലെ ധാരാളം മന്ദിരങ്ങൾക്കും ഹൈന്ദവ സഹോദരങ്ങൾക്കും അവരുടെ പരിപാടികൾക്കും മുസ്‌ലിം ഭരണാധികാരികൾ സഹായം ചെയ്തിരുന്നു. ഈ വിഷയത്തിൽ സംഭവം രസകരമായ ഒരു സംഭവം സുബ്ഹാൻ റായ് ഇപ്രകാരം വിവരിക്കുന്നു: താനേശ്വരിൽ എല്ലാ വർഷവും ഒരു ഉത്സവം നടന്നിരുന്നു. അതിൽ കുഴപ്പങ്ങൾ സംഭവിച്ചതിനാൽ സിക്കന്ദർ ലോധി അത് നിർത്തലാക്കാൻ നിർദ്ദേശിച്ചു. ഇതറിഞ്ഞ പ്രസിദ്ധ പണ്ഡിതനായ ശൈഖ് അബ്ദുല്ലാഹ് അജോധനി ഇതിനെ ശക്തമായി എതിർക്കുകയും പണ്ടുമുതൽ നടന്നുവരുന്ന ഒരു പരിപാടിയെ നിരോധിക്കുന്നത് രാജ്യ നിയമത്തിനും ഇസ്‌ലാമിക രീതിക്കും എതിരാണെന്ന് പരസ്യമായി പ്രസ്താവിച്ചു. രാജാവ് കോപിക്കുകയും വിഗ്രഹാരാധന പ്രേരിപ്പിക്കുകയാണോ എന്ന് കടുപ്പത്തിൽ ചോദിക്കുകയും ചെയ്തു. അദ്ദേഹം ഭയക്കാതെ പറഞ്ഞു: ഞാൻ അങ്ങയോട് ശരീഅത്തിന്റെ നിയമം പറഞ്ഞിരിക്കുന്നു. ഇത് അംഗീകരിക്കലും അംഗീകരിക്കാതിരിക്കലും അങ്ങയുടെ ഇഷ്ടം. ഈ വാക്ക് രാജാവിനെ തണുപ്പിക്കുകയും അദ്ദേഹം അഭിപ്രായത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. (ഖുലാസത്തു തവാരീഖ്)

എം എൻ റോയ് കുറിക്കുന്നു: ഇസ്‌ലാം വാളിലൂടെയാണ് പ്രചരിച്ചതെന്ന പ്രചാരണം തീർത്തും തെറ്റാണ്. ആയുധത്തിലൂടെ ഏതെങ്കിലും രാജ്യത്തിൻ്റെ നിയമങ്ങൾ ഒരു അളവ് വരെ ഭേദഗതി ചെയ്യാൻ സാധിക്കും. എന്നാൽ മനുഷ്യൻ്റെ ബോധ്യം മാറ്റാൻ കഴിയുന്നതല്ല. പഴയ മതങ്ങളുടെ കേന്ദ്രങ്ങൾ ഇസ്‌ലാം തകർത്തിട്ടില്ല. മറിച്ച് അത് അംഗീകരിച്ചവർ തന്നെ അവരെ കൈയ്യൊഴിയുകയാണ് ചെയ്തത്. (ഹിസ്റ്റോറിക്കൽ റൂൾ ഓഫ് ഇസ്‌ലാം)

വി. ശോംഭർനാഥ് പാണ്ഡെ കുറിക്കുന്നു:

ഇന്ത്യയിലേക്ക് കടന്നുവന്ന അറബികൾ ഇന്ത്യക്കാരോട് പ്രത്യേകമായ സമീപനമാണ് സ്വീകരിച്ചത്. അവർ ഹൈന്ദവ ക്ഷേത്രങ്ങളെ അതേ നിലയിൽ നിലനിർത്തി. വിഗ്രഹാരാധനയെ നിരോധിച്ചില്ല. സിന്ധ് പ്രദേശത്ത്, ഏകനായ ദൈവത്തെ ആരാധിക്കുന്നതിനോടൊപ്പം വിഗ്രഹങ്ങളും ആരാധിക്കപ്പെട്ടിരുന്നു.

(ഹിന്ദുസ്ഥാൻ കീ കൗമീയക് ജഹത്തി കീ രിവായത്ത്.)

ജദൂനാഥ് സർക്കാർ ഔറംഗസേബിനെക്കുറിച്ച് എഴുതുന്നു:

ഔറംഗസേബിനെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ ഇപ്രകാരം കുറിക്കുന്നു: സിന്ധ് കീഴടക്കിയ അറബികൾ ബുദ്ധിപരവും പ്രയോജനപ്രദവുമായ തന്ത്രജ്ഞതയാണ് സ്വീകരിച്ചത്. അമുസ്ലിങ്ങളുടെ ആരാധനാലയങ്ങളും മതചടങ്ങുകളും അവർ അല്പംപോലും സ്പർശിച്ചില്ല. പ്രജകളോട് ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെട്ടതുമില്ല. ഇസ്ലാം സ്വീകരിച്ചവർക്ക് തന്നെ സാധാരണ മുസ്‌ലിംകളുടെ അവകാശങ്ങൾ മാത്രമേ നൽകപ്പെട്ടിരുന്നുള്ളൂ.ഹിന്ദുക്കൾക്ക് മതാചാരങ്ങൾ അനുഷ്ഠിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നു.

(താരീഖ് ഏ ഔറംഗസേബ്, പുറം: 253)

കെ. എം. പണിക്കർ എഴുതുന്നു:

ഇന്ത്യയിലേക്ക് അറബികൾ വന്നപ്പോൾ അധികാരം നഷ്ടപ്പെട്ടതിൻ്റെ പേരിൽ നാട്ടുകാരായ ഹൈന്ദവർക്ക് കുറെ പ്രയാസങ്ങൾ ഉണ്ടായി. കൂടാതെ, അവരുടെ മതകാര്യങ്ങൾ നിന്ദിക്കപ്പെടുമെന്നും ആരാധനാലയങ്ങൾ തകർക്കപ്പെടുമെന്നും അവർ ഭയക്കുകയും ചെയ്തു. പക്ഷേ, അവർ വന്നപാടെ രാജ്യത്ത് വലിയ സാമ്പത്തിക ഞെരുക്കങ്ങൾ അനുഭവപ്പെട്ടു. ആവേശവും തീവ്രതയുമുള്ള ഭരണാധികാരികളെയും മധ്യമ നിലപാടുകാരാക്കുന്ന ഒരു കാര്യമാണ് സാമ്പത്തിക ഞെരുക്കം.

മുസ്‌ലിംകൾ വന്നപ്പോൾ അവരോടൊപ്പം കർഷകർ ആരും ഇല്ലായിരുന്നു. ഗംഗയുടെ തീരങ്ങളിൽ കൃഷി നടത്താൻ അവർക്ക് കഴിയുകയില്ലായിരുന്നു. ഈ തരണത്തിൽ അവർ കൃഷി നടത്താൻ ഹിന്ദുക്കളെ ഏൽപ്പിച്ചു. അവരെ ഇസ്ലാമിലേക്ക് കൊണ്ടുവരാൻ അവർ അല്പം പോലും ചിന്തിച്ചില്ല.

ഗംഗാ-യമുനാ സംഗമസ്ഥാനത്ത് 700 വർഷം അവർ ഭരണം നടത്തിയെങ്കിലും ഇന്നും ഈ പ്രദേശങ്ങളിൽ ഹിന്ദു ഭൂരിപക്ഷമാണുള്ളത്. ഓരോ നാടുകളിലും ഹൈന്ദവ ജീവിതം പഴയ ശൈലിയിൽ തന്നെ നടക്കുകയുണ്ടായി.

(സർവ്വേ ഓഫ് ഇന്ത്യ, 131)

ജി. ഡി. എച്ച്. കോൾ പറയുന്നു:

മുസ്‌ലിം ഭരണാധികാരികൾ അക്രമികളോ വിജ്ഞാനമില്ലാത്തവരോ ആയിരുന്നില്ല. അവർ വിജ്ഞാന സ്നേഹികളായിരുന്നു. ഗ്രീക്കിലെ അലക്സാണ്ട്രിയ ഗ്രന്ഥാലയങ്ങൾ തീവെച്ച് നശിപ്പിച്ചത് മുസ്‌ലിംകളല്ല.

(റിവ്യൂ ഓഫ് യൂറോപ്പ് ടുഡേ)

🔹🔹🔹🔹🔹🔹🔹


മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുത്തഗാബുന്‍

(18 ആയത്തുകള്‍, പദങ്ങള്‍ 180, അക്ഷരങ്ങള്‍ 976, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 104. പാരായണ ക്രമം 63. സൂറത്തുത്തഹ്രീമിന് ശേഷം അവതരണം)

സത്യവിശ്വാസികളുടെയും നിഷേധികളുടെയും അവസ്ഥകളും അന്ത്യങ്ങളും

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 01-10

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

يُسَبِّحُ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ لَهُ ٱلۡمُلۡكُ وَلَهُ ٱلۡحَمۡدُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝١ هُوَ ٱلَّذِي خَلَقَكُمۡ فَمِنكُمۡ كَافِرٞ وَمِنكُم مُّؤۡمِنٞۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ ۝٢ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡۖ وَإِلَيۡهِ ٱلۡمَصِيرُ ۝٣ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٤ أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ كَفَرُواْ مِن قَبۡلُ فَذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ ۝٥ ذَٰلِكَ بِأَنَّهُۥ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَقَالُوٓاْ أَبَشَرٞ يَهۡدُونَنَا فَكَفَرُواْ وَتَوَلَّواْۖ وَّٱسۡتَغۡنَى ٱللَّهُۚ وَٱللَّهُ غَنِيٌّ حَمِيدٞ ۝٦ زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ ۝٧ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِيٓ أَنزَلۡنَاۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ۝٨ يَوۡمَ يَجۡمَعُكُمۡ لِيَوۡمِ ٱلۡجَمۡعِۖ ذَٰلِكَ يَوۡمُ ٱلتَّغَابُنِۗ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ۝٩ وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِ خَٰلِدِينَ فِيهَاۖ وَبِئۡسَ ٱلۡمَصِيرُ ۝١٠

                ആകാശഭൂമികളിലുള്ള സര്‍വ്വവസ്തുക്കളും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നു. അല്ലാഹുവിന് മാത്രമാണ് അധികാരം. അവന് തന്നെയാണ് സ്തുതി. അവന്‍ സര്‍വ്വതിനും കഴിവുള്ളവനാണ്. അവന്‍ നിങ്ങളെ സൃഷ്ടിച്ചു. ശേഷം നിങ്ങളില്‍ കുറേ ആളുകള്‍ നിഷേധിയും കുറേ ആളുകള്‍ വിശ്വാസിയുമായി. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാണ്.(2) അല്ലാഹു ആകാശഭൂമികളെ ശരിയായ നിലയില്‍ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് രൂപം നല്‍കി. നിങ്ങളുടെ രൂപങ്ങള്‍ നന്നാക്കുകയും ചെയ്തു. അല്ലാഹുവിലേക്കാണ് മടക്കം.(3) അല്ലാഹു ആകാശഭൂമികളിലുള്ളതെല്ലാം അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുന്നു. അല്ലാഹു മനസ്സിലുള്ള കാര്യങ്ങള്‍ അറിയുന്നവനാകുന്നു.(4) നിങ്ങള്‍ക്ക് മുമ്പുള്ള നിഷേധികളുടെ വൃത്താന്തം നിങ്ങള്‍ക്ക് വന്നില്ലേ? അവരുടെ കര്‍മ്മങ്ങളുടെ നാശം അവര്‍ രുചിച്ചു. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.(5) കാരണം അവരുടെ അരികില്‍ സുവ്യക്തമായ തെളിവുകളുമായി അവരുടെ ദൂതന്മാര്‍ ചെന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ക്ക് വഴികാട്ടുന്നത് സാധാരണ മനുഷ്യരാണോ? അതിനെ അവര്‍ നിഷേധിക്കുകയും മുഖം തിരിക്കുകയും ചെയ്തു. അല്ലാഹുവിന് അവരെ താല്പര്യമില്ലാതായി. അല്ലാഹു ധന്യനും സ്തുത്യര്‍ഹനുമാണ്.(6) തങ്ങളെ പുനര്‍ജ്ജീവിപ്പിക്കപ്പെടില്ലെന്ന് നിഷേധികള്‍ വാദിക്കുന്നു. പറയുക: അതെ, എന്‍റെ രക്ഷിതാവില്‍ സത്യം നിങ്ങള്‍ തീര്‍ച്ചയായും പുനര്‍ജീവിപ്പിക്കപ്പെടുന്നതും ശേഷം നിങ്ങള്‍ പ്രവര്‍ത്തിച്ചത് നിങ്ങള്‍ക്ക് അറിയിക്കപ്പെടുന്നതുമാണ്. അത് അല്ലാഹുവിന് വളരെ എളുപ്പമാണ്.(7) ആകയാല്‍ അല്ലാഹുവിലും അവന്‍റെ ദൂതരിലും നാം ഇറക്കിയ പ്രകാശത്തിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(8) ഒരുമിച്ച് കൂടുന്ന ഒരു ദിവസത്തിലേക്ക് അവര്‍ എല്ലാവരെയും അല്ലാഹു ഒരുമിച്ചു കൂട്ടുന്നതാണ്. അത് വിജയ നഷ്ടങ്ങള്‍ പ്രകടമാകുന്ന ദിനമാണ്. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്യുന്നവന് അല്ലാഹു തെറ്റുകള്‍ പൊറുത്ത് കൊടുക്കുന്നതും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതുമാണ്. അതിന്‍റെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്നു. അതില്‍ അവര്‍ ശാശ്വതരായിരിക്കും. അതാണ് വമ്പിച്ച വിജയം.(9) നമ്മുടെ വചനങ്ങള്‍ നിഷേധിക്കുകയും കളവാക്കുകയും ചെയ്തവര്‍ നരകത്തിന്‍റെ ആളുകളാകുന്നു. അത് മോശമായ മടക്കസ്ഥലം തന്നെ.(10)

ആശയ സംഗ്രഹം

                    ആകാശഭൂമികളിലുള്ള സര്‍വ്വവസ്തുക്കളും അവസ്ഥയിലൂടെയോ വാചകത്തിലൂടെയോ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നു. അല്ലാഹുവിന് മാത്രമാണ് അധികാരം. അവന് തന്നെയാണ് സ്തുതി. അവന്‍ സര്‍വ്വതിനും കഴിവുള്ളവനാണ്. ഇത് അടുത്ത വചനങ്ങള്‍ക്കുള്ള ഒരു ആമുഖമാണ്. അതായത് ഇത്രയും സമ്പൂര്‍ണ്ണമായ വിശേഷണങ്ങള്‍ ഉടയ അല്ലാഹുവിനെ ആരാധിക്കല്‍ നിര്‍ബന്ധവും അവന് എതിര് പ്രവര്‍ത്തിക്കുന്നത് മഹാമോശവുമാണ്. അവന്‍ നിങ്ങളെ സൃഷ്ടിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ അവനില്‍ വിശ്വസിക്കേണ്ടതായിരുന്നു. എന്നിട്ടും നിങ്ങളില്‍ കുറേ ആളുകള്‍ നിഷേധിയും കുറേ ആളുകള്‍ വിശ്വാസിയുമായി. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന നന്മ-തിന്മകളെല്ലാം കാണുന്നവനാണ്. ആകയാല്‍ ഓരോരുത്തര്‍ക്കും ഉചിതമായ രക്ഷാ ശിക്ഷകള്‍ നല്‍കുന്നതാണ്. അല്ലാഹു ആകാശഭൂമികളെ ശരിയായ നിലയില്‍ തന്ത്രജ്ഞതയോടെയും പ്രയോജനകരമായും സൃഷ്ടിച്ചു. നിങ്ങള്‍ക്ക് രൂപം നല്‍കി. നിങ്ങളുടെ രൂപങ്ങള്‍ നന്നാക്കുകയും ചെയ്തു. മനുഷ്യ രൂപങ്ങള്‍ക്ക് തുല്യമായി മറ്റൊരു ജീവികള്‍ക്കും രൂപമില്ല. അല്ലാഹുവിലേക്കാണ് എല്ലാവരുടെയും മടക്കം. അല്ലാഹു ആകാശഭൂമികളിലുള്ളതെല്ലാം അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുന്നു. അല്ലാഹു മനസ്സിലുള്ള കാര്യങ്ങള്‍ അറിയുന്നവനാകുന്നു. ഈ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കേണ്ടതായിരുന്നു. ഈ കാര്യങ്ങള്‍ കൂടാതെ, മുന്‍ഗാമികളുടെ ചരിത്രങ്ങളും അതിനെ പ്രേരിപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്ക് മുമ്പുള്ള നിഷേധികളുടെ വൃത്താന്തം നിങ്ങള്‍ക്ക് വന്നില്ലേ? അവരുടെ കര്‍മ്മങ്ങളുടെ നാശം ഇഹലോകത്ത് തന്നെ അവര്‍ രുചിച്ചു. അവര്‍ക്ക് പരലോകത്ത് വേദനാജനകമായ ശിക്ഷയുണ്ട്. കാരണം അവരുടെ അരികില്‍ സുവ്യക്തമായ തെളിവുകളുമായി അവരുടെ ദൂതന്മാര്‍ ചെന്നു. അപ്പോള്‍ അവര്‍ ആ ദൂതന്മാരെക്കുറിച്ച് ചോദിച്ചു: ഞങ്ങള്‍ക്ക് വഴികാട്ടുന്നത് സാധാരണ മനുഷ്യരാണോ? അതായത് മനുഷ്യന്‍ പ്രവാചകനാകുമോ? ചുരുക്കത്തില്‍ അതിനെ അവര്‍ നിഷേധിക്കുകയും മുഖം തിരിക്കുകയും ചെയ്തു. അല്ലാഹുവിനും അവരെ താല്പര്യമില്ലാതായി. മറിച്ച് പടച്ചവന്‍ അവരോട് കോപിച്ചു. അല്ലാഹു ധന്യനും സ്തുത്യര്‍ഹനുമാണ്. ആരുടെയെങ്കിലും പാപങ്ങള്‍ കാരണം ഉപദ്രവമോ നന്മകള്‍ കാരണം പ്രയോജനമോ ഉണ്ടാകുന്നതല്ല. തങ്ങളെ പുനര്‍ജ്ജീവിപ്പിക്കപ്പെടില്ലെന്നും അതിന് ശേഷം വേദനാജനകമായ ശിക്ഷ ഉണ്ടാവുകയില്ലെന്നും നിഷേധികള്‍ വാദിക്കുന്നു. പറയുക: അതെ, എന്‍റെ രക്ഷിതാവില്‍ സത്യം നിങ്ങള്‍ തീര്‍ച്ചയായും പുനര്‍ജീവിപ്പിക്കപ്പെടുന്നതും ശേഷം നിങ്ങള്‍ പ്രവര്‍ത്തിച്ചത് നിങ്ങള്‍ക്ക് അറിയിക്കപ്പെടുന്നതും അതിന്‍റെ പേരില്‍ ശിക്ഷ നല്‍കപ്പെടുന്നതുമാണ്. ഈ പുനര്‍ജ്ജീവിതവും പ്രതിഫലവും അല്ലാഹുവിന് വളരെ എളുപ്പമാണ്. കാരണം അല്ലാഹു സര്‍വ്വ ശക്തനാണ്. ആകയാല്‍ സത്യവിശ്വാസത്തെ പ്രേരിപ്പിക്കുന്ന ഈ കാര്യങ്ങള്‍ ഒരുമിച്ച് കൂടിയതിനാല്‍ അല്ലാഹുവിലും അവന്‍റെ ദൂതരിലും നാം ഇറക്കിയ പ്രകാശമായ ഖുര്‍ആനിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ സൂക്ഷ്മമായി അറിയുന്നവനാകുന്നു. എല്ലാവരും ഒരുമിച്ച് കൂടുന്ന ഒരു ദിവസത്തിലേക്ക് അവര്‍ എല്ലാവരെയും അല്ലാഹു ഒരുമിച്ചു കൂട്ടുന്നതാണ്. അത് വിജയ നഷ്ടങ്ങള്‍ പ്രകടമാകുന്ന ദിനമാണ്. അതായത് സത്യവിശ്വാസികളുടെ പ്രതിഫലവും നിഷേധികളുടെ നാശവും അന്ന് വ്യക്തമാകുന്നതാണ്. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്യുന്നവന് അല്ലാഹു തെറ്റുകള്‍ പൊറുത്ത് കൊടുക്കുന്നതും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതുമാണ്. അതിന്‍റെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്നു. അതില്‍ അവര്‍ ശാശ്വതരായിരിക്കും. അതാണ് വമ്പിച്ച വിജയം. നമ്മുടെ വചനങ്ങള്‍ നിഷേധിക്കുകയും കളവാക്കുകയും ചെയ്തവര്‍ നരകത്തിന്‍റെ ആളുകളാകുന്നു. അത് മോശമായ മടക്കസ്ഥലം തന്നെ.

വിവരണവും വ്യാഖ്യാനവും 


  അവന്‍ നിങ്ങളെ സൃഷ്ടിച്ചു. ശേഷം നിങ്ങളില്‍ കുറേ ആളുകള്‍ നിഷേധിയും കുറേ ആളുകള്‍ വിശ്വാസിയുമായി. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാണ്.(2) നിഷേധിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഫാ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഈ ഫാ യ്ക്ക് ശേഷമെന്ന അര്‍ത്ഥമുണ്ട്. സൃഷ്ടിച്ചപ്പോള്‍ തന്നെ ആരും നിഷേധിയായിരുന്നില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. കാരണം പടച്ചവന്‍ എല്ലാവര്‍ക്കും സത്യവിശ്വാസവും നിഷേധവും തെരഞ്ഞെടുക്കാന്‍ ഒരു അവകാശം നല്‍കിയിട്ടുണ്ട്. പ്രസ്തുത സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ ശ്വാസവും നിഷേധവും തെരഞ്ഞെടുക്കുന്നത്. പ്രതിഫലവും ശിക്ഷയും നല്‍കപ്പെടുന്നത് അതിന്‍റെ പേരില്‍ തന്നെയാണ്. ഒരു ഹദീസില്‍ നിന്നും ഈ ആശയം വ്യക്തമാകുന്നുമുണ്ട്. റസൂലുല്ലാഹി (സ) അരുളി: എല്ലാവരും പരിശുദ്ധ പ്രകൃതിയുടെ മേലാണ് പടയ്ക്കപ്പെടുന്നത്. ഈ പ്രകൃതി സത്യവിശ്വാസത്തെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ശേഷം അവന്‍റെ മാതാപിതാക്കള്‍ അവനെ യഹൂദിയും നസ്രാണിയും മറ്റും ആക്കുന്നു. (ഖുര്‍തുബി) 
  ജനങ്ങള്‍ രണ്ട് വിഭാഗം: പരിശുദ്ധ ഖുര്‍ആന്‍ ഈ ഭാഗത്ത് മനുഷ്യരെ വിശ്വാസികളും നിഷേധികളും എന്നീ രണ്ട് വിഭാഗമായി വിഭജിച്ചിരിക്കുന്നു. ആദം സന്തതികളെല്ലാം ഒറ്റ ജനതയാണെന്നും ലോകത്തുള്ള മുഴുവന്‍ മനുഷ്യരും അതിന്‍റെ അംഗങ്ങളാണെന്നും അതില്‍ നിന്നും വിട്ടുപിരിയാനുള്ള ഒരേഒരു കാരണം നിഷേധമാണെന്നും ഇതില്‍ നിന്നും വ്യക്തമാകുന്നു. അതെ, സത്യനിഷേധം തെരഞ്ഞെടുത്തവന്‍ മനുഷ്യ വംശത്തില്‍ നിന്നും അവന്‍റെ ബന്ധം മുറിച്ച് മാറ്റിയിരിക്കുന്നു. ഇപ്രകാരം മുഴുവന്‍ ലോകത്തും മനുഷ്യന്‍ നിഷേധത്തിന്‍റെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രം വിഭാഗങ്ങളാകുന്നതാണ്. വര്‍ഗ്ഗം, വര്‍ണ്ണം, കുടുംബം, ദേശം ഇതൊന്നും മനുഷ്യനെ വിഭജിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല. ഒരു പിതാവന്‍റെ മക്കള്‍ വിവിധ പട്ടണങ്ങളില്‍ താമസിക്കുകയോ പല ഭാഷകള്‍ സംസാരിക്കുകയോ നിറം വ്യത്യാസമായിരിക്കുകയോ ചെയ്താല്‍ അവര്‍ ആരെയും പ്രത്യേക വിഭാഗങ്ങളായി ഗണിക്കപ്പെടുന്നതല്ല. പല നിറവും ഭാഷയും നാടും ആയിരുന്നാലും എല്ലാവരും പരസ്പരം സഹോദരങ്ങള്‍ തന്നെയാണ്. ബുദ്ധിയുള്ളവരാരും അവരില്‍ ഒരു വിഭാഗത്തിനും സ്ഥാനം നല്‍കാതിരിക്കുന്നതല്ല. 
  ജാഹിലിയ്യാ കാലത്ത് കുടുംബ ഗോത്രങ്ങളുടെ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളിലായി മനുഷ്യരെ വിഭജിച്ചിരുന്നു. റസൂലുല്ലാഹി (സ) ഈ വിഭജനത്തിന്‍റെ വിഗ്രഹങ്ങളെ തകര്‍ക്കുകയും ഏത് രാജ്യത്തുള്ളവരും ഭാഷ സംസാരിച്ചിരുന്നവരും കുടുംബക്കാര്‍ ആയിരുന്നാലും പരിശുദ്ധ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ എല്ലാവരും സഹോദരങ്ങളാണ്. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: മുസ്ലിംകളെല്ലാവരും പരസ്പരം സഹോദരങ്ങളാണ്. (ഹുജുറാത്ത് 10) ഇതുപോലെ നിഷേധികള്‍ ഏത് നാട്ടിലായിരുന്നാലും അവര്‍ എല്ലാവരും ഒരു സംഘം തന്നെയാണ്. 
  അല്ലാഹു മനുഷ്യരെ നിഷേധി, സത്യവിശ്വാസി എന്നീ രണ്ട് വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. വര്‍ണ്ണം, ഭാ, മുതലായവയുടെ വൈവിധ്യം പടച്ചവന്‍റെ സമ്പൂര്‍ണ്ണ ശേഷിയുടെ അടയാളമാണ്. കൂടാതെ, അതിന് ധാരാളം നന്മകള്‍ ഉള്ളതിനാല്‍ അതും അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമാണ്. പക്ഷേ, ഇവയുടെ പേരില്‍ മനുഷ്യരെ പല വിഭാഗങ്ങളിലായി തിരിക്കാന്‍ പാടുള്ളതല്ല. കാരണം സത്യവിശ്വാസവും നിഷേധവും മനുഷ്യന്‍ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇതില്‍ ഒരു വിഭാഗത്തില്‍ നിന്നും മാറി മറ്റൊരു വിഭാഗത്തിലേക്ക് നീങ്ങാനും മനുഷ്യന് എളുപ്പത്തില്‍ സാധിക്കുന്നതാണ്. എന്നാല്‍ വംശം, വര്‍ണ്ണം, ഭാഷ, നിറം, ദേശം എന്നിവ മനുഷ്യന്‍റെ ഇഷ്ട പ്രകാരം മനുഷ്യന്‍ തെരഞ്ഞെടുക്കുന്ന കാര്യങ്ങളല്ല. വംശവും നിറവും മനുഷ്യന് മാറ്റാനും സാധിക്കുന്നതല്ല. ഭാഷയും രാജ്യവും മാറ്റാന്‍ കഴിയുമെങ്കിലും അതിന്‍റെ അടിസ്ഥാനത്തിലുള്ള സമുദായങ്ങള്‍ മറ്റുള്ളവയെ പെട്ടെന്ന് ഉള്‍ക്കൊള്ളുന്നതല്ല. വേറെ ഭാഷ സംസാരിക്കുകയും മറ്റൊരു നാട്ടില്‍ താമസിക്കുകയും ചെയ്താലും പഴയെ ഭാഷയുടെയും നാടിന്‍റെയും ഗുണങ്ങള്‍ നിലനില്‍ക്കുന്നതാണ്. 

ഇസ്ലാം പഠിപ്പിച്ച വിശ്വാസത്തിന്‍റെ ബന്ധവും സാഹോദര്യവും വളരെ മഹത്തരമാണ്. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും കറുത്തവും വെളുത്തവരും അറബികളും അനറബികളും എല്ലാവരും ഒരു നൂലില്‍ കോര്‍ത്ത മുത്ത് മണികളെപ്പോലെയായി. അവരുടെ ശക്തിയെ നേരിടാന്‍ ആര്‍ക്കും സാധിച്ചില്ല. പക്ഷേ, ഖേദകരമെന്ന് പറയട്ടെ, റസൂലുല്ലാഹി (സ) തകര്‍ത്തെറിഞ്ഞ, മുസ്ലിം സമുദായം ഈ പഴയെ വിഗ്രഹങ്ങളെ വീണ്ടും മിനുക്കി എടുക്കുകയും സമുന്നതമായ ഏക സമുദായത്തെ രാഷ്ട്രത്തിന്‍റെയും ഭാഷയുടെയും നിറത്തിന്‍റെയും വംശത്തിന്‍റെയും പ്രത്യേക കഷ്ണങ്ങളാക്കി മാറ്റുകയും പരസ്പരം യുദ്ധം ചെയ്യുകയും ചെയ്തു. അങ്ങനെ അവര്‍ക്കിടയിലേക്ക് ശത്രുക്കള്‍ക്ക് കടന്നുകയറാന്‍ വഴി എളുപ്പമായി. ഇതിന്‍റെ ദുരന്ത ഫലം ഇന്നും സമുദായം മുഴുവനും അനുഭവിക്കുകയാണ്. ഒരു മനസ്സായിരുന്ന ഒറ്റ സമുദായം ഇപ്പോള്‍ കിഴക്കും പടിഞ്ഞാറും ചെറിയ വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിക്കുന്നു. മറുഭാഗത്ത് പരസ്പരം ധാരാളം ഭിന്നതകളുള്ള നിഷേധത്തിന്‍റെ ശക്തികള്‍ മുസ്ലിംകള്‍ക്കെതിരില്‍ ഒറ്റ സമുദായമായി നിലയുറപ്പിച്ചിരിക്കുന്നു.  
  അല്ലാഹു നിങ്ങള്‍ക്ക് രൂപം നല്‍കി. നിങ്ങളുടെ രൂപങ്ങള്‍ നന്നാക്കുകയും ചെയ്തു! രൂപം നല്‍കുക എന്നത് യഥാര്‍ത്ഥത്തില്‍ സര്‍വ്വലോക സ്രഷ്ടാവായ അല്ലാഹുവിന്‍റെ വിശിഷ്ട ഗുണമാണ്. അതുകൊണ്ട് തന്നെ അല്‍ മുസവ്വിര്‍ എന്നത് പടച്ചവന്‍റെ സുന്ദര നാമങ്ങളില്‍ ഒന്നാണ്. നാമൊന്ന് ചിന്തിക്കുകു: പ്രപഞ്ചത്തില്‍ വ്യത്യസ്ത വിഭാഗം സൃഷ്ടികളുണ്ട്. ഓരോ വിഭാഗത്തിനും ധാരാളം ശാഖകളും ഓരോ ശാഖകളിലും നിരവധി ഉപശാഖകളും ഓരോ ഉപശാഖകളിലും ലക്ഷക്കണക്കിനും കോടിക്കണക്കിനും വ്യത്യസ്ത വ്യക്തികളും ഉണ്ടായിരിക്കുന്നതാണ്. ആരുടെയും രൂപം മറ്റൊന്നിനോട് യോജിക്കുന്നതല്ല. മനുഷ്യവംശത്തെ തന്നെ എടുക്കുക. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും വംശങ്ങളും സമുദായങ്ങളും മാറുന്നതിനനുസരിച്ച് രൂപങ്ങളിലും അത്ഭുതകരമായ മാറ്റം സംഭവിക്കുന്നു. ആറ്, ഏഴ് ഇഞ്ചുകള്‍ മാത്രം വീതിയും നീളവുമുള്ള മനുഷ്യന്‍റെ മുഖങ്ങള്‍ ശ്രദ്ധിക്കുക. കോടാനുകോടി ജനങ്ങള്‍ക്കിടയില്‍ ഒരുപോലുള്ള രണ്ട് മുഖങ്ങള്‍ കാണുക സാധ്യമല്ല. അല്ലാഹു ഈ ആയത്തില്‍ ഈ രൂപങ്ങളുടെ നിര്‍മ്മാണത്തെ ആദ്യം അനുസ്മരിച്ചിരിക്കുന്നു. ശേഷം പറയുന്നു: പടച്ചവന്‍ നിങ്ങളുടെ രൂപങ്ങള്‍ നന്നാക്കുകയും ചെയ്തു. അതായത് മനുഷ്യ രൂപത്തെ സര്‍വ്വ സൃഷ്ടികളുടെ രൂപങ്ങളേക്കാളും സുന്ദരവും ഉത്തമവുമാക്കി. ഒരു മനുഷ്യന്‍ ജനങ്ങള്‍ക്കിടയില്‍ എത്ര വിരൂപിയാണെങ്കിലും ഇതര ജന്തുക്കളുടെ രൂപങ്ങള്‍ക്ക് മുന്നില്‍ അവനും സുന്ദരനാണ്. ഉത്തമ സ്രഷ്ടാവായ അല്ലാഹു ഐശ്വര്യപൂര്‍ണ്ണനാണ്! 
  അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ക്ക് വഴികാട്ടുന്നത് സാധാരണ മനുഷ്യരാണോ? ബശര്‍ എന്നത് ഏക വചനമാണെങ്കിലും ഇവിടുത്തെ ആശയം ബഹുവചനത്തിന്‍റേതാണ്. അതുകൊണ്ടാണ് യഹ്ദൂന എന്ന അടുത്ത വചനം ബഹുവചനമാക്കിയിരിക്കുന്നത്. മനുഷ്യനാകുക എന്നത് പ്രവാചകത്വത്തിന് എതിരാണെന്ന് നിഷേധികള്‍ വിചാരിച്ചിരുന്നു. ഇതിനെ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഖണ്ഡിച്ചിട്ടുണ്ട്. ഖേദകരമെന്ന് പറയട്ടെ, ഇന്ന് മുസ്ലിംകളില്‍ ചിലര്‍ റസൂലുല്ലാഹി (സ) മനുഷ്യനാണെന്നതിനെ നിഷേധിക്കുന്നു. അവര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അവര്‍ ചിന്തിച്ച് കൊള്ളട്ടെ. അതെ, മനുഷ്യനാവുക എന്നത് പ്രവാചകത്വത്തിന്‍റെ ഉന്നത സ്ഥാനത്തിനോ പ്രവാചകന്മാര്‍ പ്രകാശമാണ് എന്നതിനോ എതിരല്ല. പ്രവാചകന്മാര്‍ മനുഷ്യനുമാണ്, പ്രകാശവുമാണ്. അവരുടെ പ്രകാശത്തെ വിളക്കിന്‍റെയും സൂര്യന്‍റെയും പ്രകാശത്തോട് ഉപമിക്കുന്നത് തെറ്റാണ്.     
  ആകയാല്‍ അല്ലാഹുവിലും അവന്‍റെ ദൂതരിലും നാം ഇറക്കിയ പ്രകാശത്തിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(8) ഇതിലെ പ്രകാശം കൊണ്ടുള്ള ഉദ്ദേശം പരിശുദ്ധ ഖുര്‍ആനാണ്. കാരണം പ്രകാശം സ്വയം പ്രകാശിക്കുകയും മറ്റുള്ളതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണ്. പരിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ അമാനുഷികത കാരണം സ്വയം പ്രകാശിക്കുന്നു എന്ന കാര്യം വ്യക്തമാണ്. അതുവഴിയായി അല്ലാഹുവിന്‍റെ തൃപ്തിയുടെയും അതൃപ്തിയുടെയും വഴികളും നിയമ രീതികളും പരലോക യാഥാര്‍ത്ഥ്യങ്ങളും വ്യക്തമാവുകയും ചെയ്യുന്നു.

ഖിയാമത്ത് ദിനം തഗാബുന്‍ ദിനം: ഒരുമിച്ച് കൂടുന്ന ഒരു ദിവസത്തിലേക്ക് അവര്‍ എല്ലാവരെയും അല്ലാഹു ഒരുമിച്ചു കൂട്ടുന്നതാണ്. അത് വിജയ നഷ്ടങ്ങള്‍ പ്രകടമാകുന്ന ദിനമാണ്! ജംഅ്, തഗാബുന്‍ എന്നീ നാമങ്ങള്‍ ഇവിടെ ഖിയാമത്തിന്‍റെ നാമങ്ങളായി പറയപ്പെട്ടിരിക്കുന്നു. ജംഇന്‍റെ അര്‍ത്ഥം ഒരുമിച്ച് കൂടുന്ന ദിനമെന്നാണ്. അന്ന് മുന്‍ഗാമികളും പിന്‍ഗാമികളുമായ സര്‍വ്വ സൃഷ്ടികളും വിചാരണ പ്രതഫലങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. തഗാബുന്‍ എന്നത് ഗബ്നില്‍ നിന്നും എടുക്കപ്പെട്ടതാണ്. നഷ്ടമെന്നാണ് അതിന്‍റെ അര്‍ത്ഥം. സാമ്പത്തിക നഷ്ടത്തിനും ബുദ്ധിയുടെയും അഭിപ്രായത്തിന്‍റെയും ന്യൂനതയ്ക്കും അത് പറയപ്പെടാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്കും അദ്ദേഹം ഇദ്ദേഹത്തിനും നഷ്ടം വരുത്തുക എന്നതാണ് അതിന്‍റെ ആശയം. എന്നാല്‍ ഇവിടെ അതുകൊണ്ടുള്ള ഉദ്ദേശം ഒരു ഭാഗത്ത് നിന്നുള്ള നഷ്ടം മാത്രം വെളിവാകുക എന്നതാണ്. ഇതിന്‍റെ കാരണം സഹീഹായ ഹദീസുകളില്‍ ഇപ്രകാരം വിവരിക്കുന്നു: അല്ലാഹു ഓരോ മനുഷ്യനും പരലോകത്തില്‍ സ്വര്‍ഗ്ഗത്തിലും നരകത്തിലും ഓരോ വീടുകള്‍ പണിതിട്ടുണ്ട്. സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതിന് മുമ്പ് സത്യവിശ്വാസ-സല്‍ക്കര്‍മ്മങ്ങള്‍ ഇല്ലാത്ത പക്ഷം അവര്‍ കടക്കേണ്ടിയിരുന്ന നരകത്തിലെ ഭവനം കാണിക്കപ്പെട്ടതിന് ശേഷം അവരെ സ്വര്‍ഗ്ഗ ഭവനത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്. ഇതിലൂടെ സ്വര്‍ഗ്ഗീയ ഭവനത്തിന്‍റെ സ്ഥാനം അവരുടെ മനസ്സില്‍ വര്‍ദ്ധിക്കുന്നതും അവര്‍ അല്ലാഹുവിന് കൂടുതലായി നന്ദി രേഖപ്പെടുത്തുന്നതുമാണ്. ഇപ്രകാരം നരകവാസികള്‍ നരകത്തില്‍ കടക്കുന്നതിന് മുമ്പ് സത്യവിശ്വാസി സല്‍ക്കര്‍മ്മങ്ങളുടെ പേരില്‍ അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന സ്വര്‍ഗ്ഗത്തിലെ ഭവനം കാണിക്കപ്പെടുന്നതും ശേഷം അവരെ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതുമാണ്. ഇതിലൂടെ അവരുടെ നഷ്ടബോധവും വ്യസനവും വര്‍ദ്ധിക്കുന്നതാണ്. മറ്റൊരു നിവേദനത്തില്‍ വന്നിരിക്കുന്നു: ശേഷം നരകവാസികള്‍ക്ക് വേണ്ടി നിശ്ചയിക്കപ്പെട്ടിരുന്ന സ്വര്‍ഗ്ഗീയ സ്ഥാനം സ്വര്‍ഗ്ഗവാസികള്‍ക്ക് ലഭിക്കുന്നതാണ്. അതുപോലെ സ്വര്‍ഗ്ഗവാസിയ്ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന നരകവും നരകവാസികള്‍ക്ക് ലഭിക്കുന്നതാണ്. (ബൈഹഖി) നിഷേധികളുടെ സ്വര്‍ഗ്ഗീയ സ്ഥാനങ്ങള്‍ സ്വര്‍ഗ്ഗവാസികള്‍ക്ക് ലഭിക്കുമ്പോള്‍ എത്രവലിയ നഷ്ടമാണ് സംഭവിച്ചതെന്ന് നരകവാസികള്‍ക്ക് അനുഭവപ്പെടുന്നതാണ്. 
  അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) ചോദിച്ചു: നിങ്ങളില്‍ ദരിദ്ര്യന്‍ ആരാണ്? സഹാബത്ത് പറഞ്ഞു: കയ്യില്‍ പണവും പണ്ടവും ഇല്ലാത്തവനെ ഞങ്ങള്‍ ദരിദ്ര്യനായി കാണുന്നു. റസൂലുല്ലാഹി (സ) അരുളി: എന്‍റെ സമുദായത്തിലെ ദരിദ്ര്യന്‍ നമസ്കാരം, നോമ്പ്, സകാത്ത് മുതലായ സല്‍ക്കര്‍മ്മങ്ങളുടെ വലിയ ശേഖരവുമായി ഖിയാമത്ത് നാളില്‍ വരുന്ന ഒരു വ്യക്തിയാണ്. പക്ഷേ, അദ്ദേഹം ഈ ലോകത്ത് ആരെയെങ്കിലും ചീത്ത വിളിച്ചിരിക്കും. ചിലരെക്കുറിച്ച് അപരാധങ്ങള്‍ പറയുകയും മറ്റുചിലരെ അടിയ്ക്കുകയും വേറെ ചിലരെ വധിക്കുകയും ചിലരുടെ സമ്പത്ത് അപഹരിക്കുകയും ചെയ്തിരിക്കും. അങ്ങനെ അദ്ദേഹത്തിന്‍റെ അക്രമങ്ങള്‍ക്ക് ഇരയായവര്‍ ഒരുമിച്ച് കൂടുകയും അവരുടെ അവകാശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ്. ചിലര്‍ അദ്ദേഹത്തിന്‍റെ നമസ്കാരങ്ങളും, മറ്റുചിലര്‍ നോമ്പുകളും, വേറെ ചിലര്‍ സകാത്തുകളും ഇതര നന്മകളും കൊണ്ടുപോകുന്നതാണ്. അദ്ദേഹത്തിന്‍റെ നന്മകള്‍ ഇല്ലാതായാല്‍ അക്രമിക്കപ്പെട്ടവരുടെ പാപങ്ങള്‍ ഇദ്ദേഹത്തിന്‍റെ മേല്‍ ചുമത്തപ്പെടുകയും അവസാനം നരകത്തിലേക്ക് എറിയപ്പെടുകയും ചെയ്യുന്നതാണ്. (മുസ്ലിം, തിര്‍മിദി) മറ്റൊരു നിവേദനത്തില്‍ വന്നിരിക്കുന്നു: ആരുടെയെങ്കിലും ഉത്തരവാദിത്വത്തില്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ഉണ്ടായിരുന്നാല്‍ ഈ ലോകത്ത് തന്നെ അതിനെ മാപ്പ് ചെയ്യിപ്പിച്ച് ഒഴിവാകേണ്ടതാണ്. അല്ലാത്തപക്ഷം ഖിയാമത്ത് ദിനം, ദിര്‍ഹമോ, ദീനാറോ ആരുടെ കൈയ്യിലും ഉണ്ടാകുന്നതല്ല. അക്രമിക്കപ്പെട്ടവര്‍ക്ക് അക്രമിയുടെ സല്‍ക്കര്‍മ്മങ്ങള്‍ പകരമായി കൊടുക്കുന്നതാണ്. സല്‍ക്കര്‍മ്മങ്ങള്‍ തീര്‍ന്നാല്‍ അക്രമത്തിന് അനുസരിച്ചുള്ള പാപങ്ങള്‍ അക്രമിയുടെ മേല്‍ ചുമത്തപ്പെടുന്നതാണ്. (ബുഖാരി)

ഇബ്നു അബ്ബാസ് (റ) പോലുള്ള മഹാത്മാക്കള്‍ തഗാബുനിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞ കാര്യമാണ് മേല്‍ വിവരിച്ചത്. എന്നാല്‍ നിരവധി തഫ്സീര്‍ പണ്ഡിതര്‍ പറയുന്നു: നഷ്ടത്തെക്കുറിച്ചുള്ള ചിന്ത ഖിയാമത്ത് നാളില്‍ നിഷേധികള്‍ക്കും തെമ്മാടികള്‍ക്കും മാത്രമല്ല, ഞങ്ങള്‍ക്ക് ഇഹലോകത്ത് നന്മകള്‍ കൂടുതല്‍ ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ, ധാരാളം സമയങ്ങള്‍ പാഴായിപ്പോയല്ലോ എന്ന് ചിന്തിച്ച് സ്വര്‍ഗ്ഗവാസികളും സങ്കടപ്പെടുന്നതാണ് റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ഒരു സദസ്സില്‍ ഇരിക്കുകയും അതിന്‍റെ ആദ്യന്തം അല്ലാഹുവിനെ സ്മരിക്കാതിരിക്കുകയും ചെയ്താല്‍ ആ സദസ്സ് ഖിയാമത്ത് നാളില്‍ അവന്‍റെ വ്യസനത്തിന് കാരണമാകുന്നതാണ്. (ബൈഹഖി) ഇമാം ഖുര്‍തുബി (റ) പറയുന്നു: അന്നേ ദിവസം സത്യവിശ്വാസികളും നന്മകളില്‍ വരുത്തിയ വീഴ്ചകളെ ഓര്‍ത്ത് സങ്കടപ്പെടുന്നതാണ്. ഈ സൂറത്തില്‍ തഗാബുന്‍ എന്ന് പറഞ്ഞിരിക്കുന്നത് സൂറത്തുല്‍ മര്‍യമില്‍ ഹസ്റത്തിന്‍റെ ദിവസം എന്ന് പറഞ്ഞതുപോലെയാണ്. (മര്‍യം 39) അല്ലാമാ ആലുസി (റ) കുറിക്കുന്നു: അന്നേ ദിവസം അക്രമികള്‍ അക്രമങ്ങളെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടുന്നതാണ്. സത്യവിശ്വാസികള്‍ നന്മകളില്‍ വരുത്തിയ വീഴ്ചകളെക്കുറിച്ച് ഓര്‍ത്ത് വ്യസനിക്കുന്നതാണ്. ഇപ്രകാരം ഖിയാമത്ത് ദിനം ഓരോരുത്തരും അവരവരുടെ വീഴ്ചകളെയും നഷ്ടങ്ങളെയും കുറിച്ച് ഓര്‍ത്ത് വ്യസനിക്കുന്നതാണ്. (റൂഹുല്‍ മആനി)  
                            
(തുടരും)

🔹🔹🔹🔹🔹

അറിയിപ്പ്

മജ്ലിസുൽ ഖുർആനിൽ കരീം

പരിശുദ്ധ ഖുർആൻ പാരായണ പഠനത്തിലേക്ക് സ്വാഗതം.

ദാറുൽ ഉലൂം മസ്ജിദ്
ഞക്കനാൽ, ഓച്ചിറ

* ഓരോ അക്ഷരം പാരായണം ചെയ്യുമ്പോഴും പത്ത് പ്രതിഫലം വീതം ലഭിക്കുകയും മനസ്സ് പരിശുദ്ധമാവുകയും അല്ലാഹുവിലേക്ക് സാമീപ്യം കരസ്ഥമാവുകയും ചെയ്യുന്നു. 
* സുബ്ഹി നമസ്കാരനന്തരം ഏഴ് മിനിറ്റ് നേരം അതേ സദസ്സിൽ തന്നെ ഇരുന്ന് ഒരു പേജ് പരിശുദ്ധ ഖുർആൻ കേൾക്കുകയും ഓതുകയും ചെയ്യുന്ന അതി ലളിതമായ മജ്ലിസിയിൽ പങ്കെടുക്കുക. 
* കഴിവിൻ്റെ പരമാവധി തെറ്റുകൾ തിരുത്തി പരിശുദ്ധ ഖുർആൻ പൂർണ്ണമായി പാരായണം ചെയ്യുന്ന ഈ പരമ്പരയിൽ പങ്കെടുക്കുക. 
* ഇതര സഹാേദരങ്ങളെയും പങ്കെടുക്കാൻ പരിശ്രമിക്കുക. അല്ലാഹു എളുപ്പമാക്കട്ടെ! സ്വീകരിക്കട്ടെ! അല്ലാഹുവേ അനുഗ്രഹീത തിരുനാമങ്ങൾ മുൻനിർത്തി ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധ ഖുർആൻ ഞങ്ങളുടെ മനസ്സുകളുടെ വസന്തവും കണ്ണുകളുടെ പ്രകാശവും ദുഃഖത്തിൻ്റെ ദൂരീകരണവും സ്വർഗ്ഗത്തിലേക്ക് വഴി കാട്ടിയും ആക്കേണമേ...
* കൂടുതൽ പഠനം ആഗ്രഹിക്കുന്നവർക്കും സ്വാഗതം. ബന്ധപ്പെടുക: 8606067676

മആരിഫുല്‍ ഹദീസ്


ഉമറുൽ ഫാറൂഖ് (റ)ൻ്റെ മഹത്വങ്ങൾ
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

148. ഉഖ്ബത് ഇബ്നു ആമിർ (റ ) നിവേദനം : നബി ﷺ അരുളി : എനിക്കു ശേഷം നബി ഉണ്ടാവുമായിരുന്നു എങ്കിൽ അത് ഉമർ ഇബ്നുൽ ഖത്താബ് ആകുമായിരുന്നു. (തീർമിദി)

വിവരണം: അല്ലാഹു പ്രവാചകത്വത്തിന്റെ പരമ്പരക്ക് പരിസമാപ്തി കുറിച്ചിരിക്കുന്നു. ലോകാവസാനം വരെ പ്രവാചകത്വത്തിന്റെ കവാടം അടഞ്ഞിരിക്കുന്നു. ഇക്കാര്യം പരിശുദ്ധ ഖുർആനും അറിയിച്ചിട്ടുണ്ട്. ഇനി സാങ്കല്പികമായി പടച്ചവൻ ഇപ്രകാരം തീരുമാനം എടുക്കാതിരിക്കുകയും, എനിക്ക് ശേഷവും പ്രവാചകത്വത്തിന്റെ പരമ്പര തുടരുകയും ചെയ്തിരുന്നുവെങ്കിൽ, ആത്മീയ വിശേഷണങ്ങൾ പരിഗണിച്ചു കൊണ്ട് ഉമർ (റ) പ്രവാചകനാക്കപ്പെടാൻ അർഹനായിരുന്നു. ഈ ഹദീസിലൂടെയും ഉമർ (റ)ൻ്റെ വിശിഷ്ടമായ സമ്പൂർണ്ണതയും പ്രത്യേകതയും റസൂലുള്ളാഹി (റ) സൂചിപ്പിക്കുകയാണ്.

149.അലി(റ) പ്രസ്താവിക്കുന്നു: ഉമറിന്റെ നാവിലൂടെ സമാധാനം മൊഴിയുന്നതായി ഞങ്ങൾ കണ്ടിരുന്നു. (ബൈഹഖി)

 അതെ, ഉമർ (റ) എന്തെങ്കിലും പറയുമ്പോൾ ജനങ്ങളുടെ മനസ്സുകളിൽ ഒരു പ്രത്യേക ശാന്തിയും സമാധാനവും അനുഭവപ്പെടുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ വാക്കിലും നാക്കിലും പടച്ചവൻ പ്രത്യേകം പ്രതിഫലം വെച്ചതായി ഞങ്ങൾക്കും തോന്നിയിരുന്നു. ഹദീസ് വ്യാഖ്യാതാക്കൾ വിവരിക്കുന്നു: സകീനത്ത് എന്നതിന് രണ്ട് ആശയമുണ്ട്. ഒന്ന് സമാധാനം ഈ ആശയം മുമ്പ് പറയപ്പെട്ടു. മറ്റൊന്ന് ഒരു പ്രത്യേക മലക്കാണ്. ഈ അഭിപ്രായം അനുസരിച്ച് അലി (റ)ന്റെ വാക്കിന്റെ ആശയം ഉമർ (റ) വല്ലതും സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ നാവിലൂടെ ഒരു പ്രത്യേക മലക്കിന്റെ സംസാരം നടക്കുന്നതായി അനുഭവപ്പെട്ടിരുന്നു. ആ മലക്കിന്റെ പേര് സകീനത്ത് എന്നാണ്.

🔹🔹🔹🔹🔹



ഗ്രന്ഥ പരിചയം

📓 രിയാളുൽ ഖുർആൻ

✍️ മൗലാനാ മുഹമ്മദ് യൂനുസ് പാലൻപൂരി


 600 /-

വിവിധ ദേശീയ അന്തർദേശീയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥം.
* വിശുദ്ധ ഹറമുകളിൽ വെച്ച് തയ്യാറാക്കപ്പെട്ടത്.
* ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ശൈലിയിൽ ഖുർആനിൻ്റെ മഹത്തായ സന്ദേശങ്ങളുടെ ലളിതമായ വിവരണം.
* സൂറത്തുകളുടെ ആരംഭത്തിൽ ആയത്തുകൾ, റുകൂഉകൾ, വാക്യങ്ങൾ, അക്ഷരങ്ങൾ എന്നിവയുടെ എണ്ണവും അവതരണത്തിന്റെയും പാരായണത്തിന്റെയും ക്രമങ്ങളും.
* ആശയപഠനത്തിനൊപ്പം പാരായണത്തിനുള്ള സൗകര്യത്തിനായി ഖുർആനിൻ്റെ അതേ ശൈലിയിൽ പേജുകളുടെ ക്രമീകരണം.
* സൂക്തങ്ങൾ ഹിഫ്ള് ഖുർആൻ ശൈലിയിൽ.
* ഓരോ സൂറത്തുകളിലും ബിസ്‌മില്ലാഹ് വേറിട്ട ശൈലികളിൽ.
* ഖുർആൻ പഠനം ആഗ്രഹിക്കുന്ന എല്ലാ മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്കും പ്രയോജനപ്പെടുന്ന ഉത്തമരചന.

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌