ജമാദുൽ ഉഖ്റാ 14/1447
ഡിസംബർ 05/2025
No: 239

 ഉള്ളടക്കം 

▪️മുഖലിഖിതം
മനസ്സുകളുടെ  വികസനമാണ് പ്രധാനം
.        ✍️ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി

▪️ജുമുഅ സന്ദേശം 
വർഗ്ഗീയത വർജ്ജിക്കുക, മാനവികത വളർത്തുക.
        ✍️ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്ത്വലാഖ്
വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ഗ്രന്ഥ പരിചയം
മആരിഫുൽ ഖുർആൻ 

🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

മനസ്സുകളുടെ  വികസനമാണ് പ്രധാനം

       രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും ഇന്ന് ഉയർത്തുന്ന മുദ്രാവാക്യം വികസനമാണ്. വികസന തുടർച്ചയ് ഒരു വോട്ട്, വിവേചനം ഇല്ലാത്ത വികസനത്തിന് ഒരു വോട്ട്, ആദ്യം വികസനം പിന്നെ രാഷ്ട്രീയം എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും ഉയർത്തപ്പെട്ട് കൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിലും വീട്ടിലും രാജ്യത്തും പ്രഥമവും പ്രധാനവുമായി ഉണ്ടാകേണ്ടത് മനസ്സുകളുടെ  വികസനമാണ്. പയാമെ ഇൻസാനിയത്ത് മുൻ സാരഥി മൗലാനാ മുഹമ്മദ് റാബിഅ് നദ്‌വി ആദ്യ പ്രാവശ്യം കേരളത്തിൽ വന്നപ്പോൾ പ്രസ്താവിച്ചു: ഒരു വീട് വളരെ ചെറുതും ഞെരുക്കമുള്ളതുമാണ്. പക്ഷേ അവിടെ താമസിക്കുന്നവർക്കിടയിൽ സ്നേഹാദരവുകളും സാഹോദര്യ സദ്ഭാവനകളുമുണ്ടെങ്കിൽ ഈ ഞെരുക്കം അവർക്ക് അനുഗ്രഹമായി മാറുന്നതാണ്. കാരണം, അവരോരുത്തരും പരസ്പരം സ്നേഹാദരവുകളും സാഹോദര്യ സദ്ഭാവനകളും പുലർത്തുകയും അങ്ങനെ ഭവനം സ്വർഗ്ഗ തുല്യമായി മാറുകയും ചെയ്യുന്നതാണ്. അഭിമാനത്തോടെ പറയട്ടെ, പഴയകാല ഇന്ത്യ ഈ നിലയിലുള്ളതായിരുന്നു. എന്നാൽ മറ്റൊരു വീട് വളരെ വിശാലവും സൗകര്യപ്രദവുമാണ്. പക്ഷേ അവിടെ താമസിക്കുന്നവർക്കിടയിൽ സ്നേഹാദരവുകളില്ല. അവർ പരസ്പരം തെറ്റിദ്ധരിക്കുകയും ശത്രുതയുടെ വർദ്ധിക്കുകയും ചെയ്യുന്നു. ഈ ഭവനം നരകതുല്യമായിരിക്കും. ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് ഇത്തരം അവസ്ഥ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ആകയാൽ, ഈയൊരവസ്ഥയ്ക്ക് മാറ്റം വരാനും പഴയ പാരമ്പര്യത്തിലേക്ക് മടങ്ങാനും നാമോരോരുത്തരും വളരെയധികം പരിശ്രമിക്കേണ്ടതാണ്. 

🔹🔹🔹🔹🔹🔹🔹

 ജുമുഅ സന്ദേശം 

വർഗ്ഗീയത വർജ്ജിക്കുക, മാനവികത വളർത്തുക.

✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി 
          (മുൻ അധ്യക്ഷൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

        അക്രമം നാടിനെയും നാട്ടുകാരെയും നശിപ്പിക്കും. ഒരു നാട്ടിൽ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകപ്പെടുകയും സ്നേഹ-കാരുണ്യങ്ങളിലേക്കുള്ള പ്രബോധനം ഇല്ലാതാകുകയും ചെയ്താൽ ആ അവസ്ഥ വളരെ ദുരന്തപൂർണ്ണമായി സംജാതമാകുന്നതാണ്. ജനങ്ങൾ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെയും, സന്തോഷിക്കുന്ന സന്താനങ്ങളെയും ചെറുമക്കളെയും കാണുമ്പോൾ സന്തോഷിക്കുന്നതിന് പകരം ദുഃഖിക്കുകയും ഭയക്കുകയും ചെയ്യുന്ന ദുരന്തങ്ങൾ സംജാതമാകുന്നതാണ്. എൻ്റെ ഈ സന്താനങ്ങളുടെ അവസ്ഥ എന്താകും? ഭ്രാന്തൻമാർക്ക് ഭ്രാന്തിളകുന്നത് എപ്പോഴാണ്? ഈ കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ മുന്നിലിട്ട് അറുകൊല നടത്തപ്പെടുന്നത് കാണേണ്ടി വരുമല്ലോ! എന്നീ ഭയങ്ങൾ എപ്പോഴും ജനങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അതെ, സ്വന്തം കരളിൻ്റെ കഷണങ്ങളെയും കണ്ണിൻ്റെ കുളിർമ്മകളെയും മനസ്സിൻ്റെ സന്തോഷങ്ങളെയും കളിച്ച് ചിരിച്ച് സന്തോഷിക്കുന്ന രംഗങ്ങൾ കാണുന്നതിന് പകരം ഏതെങ്കിലും ഭ്രാന്തന്മാർ അവരെ കീറിമുറിക്കുകയും അറുകൊല നടത്തുകയും നിന്ദിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്യുന്ന രംഗങ്ങൾ എത്രയോ ഹൃദയഭേദകമാണ്.

        ഒരു നാട്ടിൽ അക്രമങ്ങൾ പ്രേരിപ്പിക്കപ്പെട്ടാൽ അക്രമികളുടെ അക്രമവാസന വളരുന്നതും ഭ്രാന്തന്മാരുടെ ഭ്രാന്ത് ഇളകുന്നതും വലിയ നാശനഷ്‌ടങ്ങൾ സംജാതമാകുന്നതുമാണ്. തുടർന്ന്, ആ നാട്ടിൽ സ്ത്രീകളുടെ അഭിമാനമോ പിഞ്ചുപൈതങ്ങളുടെ രക്തമോ ആദരിക്കപ്പെടുന്നതല്ല. അക്രമം ഒരു മാരകരോഗമാണ്. മനുഷ്യപ്രകൃതിക്ക് തീർത്തും വിരുദ്ധമായ പ്രവണതയാണ്. സർവ്വലോക സ്രഷ്‌ടാവായ പടച്ചവന്റെ ആഗ്രഹത്തിന് നേർവിപരീതമാണ്. പ്രവാചകന്മാരുടെയും പരിഷ്കർത്താക്കളുടെയും അദ്ധ്യാപനങ്ങൾ അക്രമത്തെ ശക്തമായി വിലക്കുന്നു. എന്നാൽ കാര്യം ഇതെല്ലാമാണെങ്കിലും ചരിത്രത്തിൽ ധാരാളം അക്രമങ്ങൾ അരങ്ങേറിയതായി വേദനയോട് കൂടി എഴുതുകയും പറയുകയും വായിക്കുകയും കേൾക്കുകയും ചെയ്യേണ്ടി വരാറുണ്ട്. ചരിത്രത്തിൽ അക്രമസംഭവങ്ങൾ കാണുന്നവർ അക്രമികളെ എല്ലാ സമയത്തും ശപിക്കാറുണ്ട്. ഇവർ ആരായിരുന്നു? ഏത് നാട്ടുകാരായിരുന്നു? ഏത് കാലവുമായി ബന്ധപ്പെട്ടവരായിരുന്നു? അക്രമഭ്രാന്ത് ഇവർക്ക് എങ്ങനെ ഉണ്ടായി? മനുഷ്യത്വത്തിൻ്റെ അംശം പോലും ഇവരിൽ ഇല്ലായിരുന്നോ? അവർക്ക് സാധുക്കളുടെയും മർദ്ദിതരുടെയും ദുഃഖവേദനകൾ കാണാനും കേൾക്കാനും കണ്ണും കാതും ഇല്ലായിരുന്നോ? നിരപരാധികളുടെ രക്തം ഒഴുകുന്ന സമയത്ത് ഇവർ രക്തമൊഴുക്കി അവരെ സംരക്ഷിക്കുന്നതിന് പകരം, അവരെ കൂടുതൽ പീഡനങ്ങളിലേക്ക് തള്ളിയിട്ടത് എന്ത് കൊണ്ടാണ്? മനുഷ്യൻ്റെ രക്തം ഒഴുകുന്നത് കണ്ടിട്ടും അതിനെ പ്രതിരോധിക്കാൻ ഒരു തുള്ളി രക്തമെന്നല്ല, ഒരിറ്റ് കണ്ണുനീർ പോലും വീഴ്ത്താത്ത ഇവർ എന്ത് മനുഷ്യരാണ്? എന്നീ ചോദ്യങ്ങൾ അക്രമികളുടെ ചരിത്രങ്ങൾക്ക് മുന്നിൽ മനുഷ്യത്വമുള്ളവർ ചോദിച്ച് പോകാറുണ്ട്.

            അതെ, അക്രമങ്ങൾ ചരിത്രത്തിലും നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് മനസ്സിലാക്കുക. ഈ ലോകത്തിൻ്റെ ഏറ്റവും വലിയ സൗന്ദര്യവും വസന്തവും മാനവികതയാണ്. മാനവികത ഇല്ലായെങ്കിൽ ഈ ലോകത്തിന് യാതൊരു വിലയുമില്ല. സന്തുഷ്ടരായ മനുഷ്യരിലൂടെയാണ് ഈ ലോകം പ്രകാശിക്കുന്നത്. ഒരു നാടിന്റെയും വീടിൻ്റെയും വിജയം അവിടെയുള്ള ജനങ്ങളുടെ സന്തോഷവും സമാധാനവുമാണ്. ശ്‌മശാനങ്ങളിലേക്കും സ്‌മാരകങ്ങളിലേക്കും നാം പോയി നോക്കുക. അവിടെ അത്ഭുതകരമായ പലരുടെയും സ്‌മരണകൾ കാണാനും കേൾക്കാനും കഴിയുമെങ്കിലും അവിടെ നാം ആരുടെയും മനസ്സ് സന്തോഷിക്കുകയോ അവിടെ താമസിക്കാൻ നാമാരും ആഗ്രഹിക്കുകയോ ഇല്ല. അവിടെ നിന്നും എത്രയും പെട്ടെന്ന് മടങ്ങാൻ മനസ്സ് കൊതിക്കുന്നതാണ്. എന്നാൽ മനുഷ്യർ തിങ്ങി നിറഞ്ഞ ഒരു പ്രദേശത്തേക്ക് പോകുക. മനസ്സുകൾക്ക് യാതൊരു മടുപ്പും ഉണ്ടാകുന്നതല്ല. ആകയാൽ മനുഷ്യനും മനുഷ്യത്വവുമാണ് ഈ ലോകത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മനസ്സിലാക്കുക.

            മനുഷ്യൻ്റെ മഹനീയ ഗുണം മറ്റ് മനുഷ്യരെ സ്നേഹിക്കലാണ്. മറ്റുള്ളവരോട് സ്നേഹം ഇല്ലാത്ത മനുഷ്യൻ, മറ്റുള്ളവരുടെ ദു:ഖങ്ങൾ അനുഭവിക്കാത്ത വ്യക്തി, മനുഷ്യരോട് കൂറും കൃപയും പുലർത്താത്തവൻ തീർച്ചയായിട്ടും മനുഷ്യനല്ല, ചെന്നായയാണ്. ചെന്നായയെ ആരെങ്കിലും പ്രശംസിക്കുമോ? ചെന്നായയെ എവിടെയെങ്കിലും കണ്ടാൽ നമുക്ക് വലിയ വെറുപ്പും അറപ്പും ഉളവാകുന്നു. എന്നാൽ ചെന്നായയെ കടത്തിവെട്ടുന്ന മനുഷ്യനെ കാണുമ്പോൾ നമ്മുടെ മനസ്സ് എന്തുകൊണ്ടാണ് ദു:ഖിക്കാത്തത്? മനുഷ്യനെ പടച്ചവൻ ചെന്നായയായി ജീവിക്കാനാണോ മനുഷ്യനെ പടച്ചത്? ഒരിക്കലുമല്ല. പടച്ചവൻ മനുഷ്യനെ പടച്ചത് മലക്കുകളേക്കാൾ ഉയർന്നവരാകാനാണ്. പടച്ചവൻ്റെ സ്നേഹഭാജനം ആകാനാണ്. പടച്ചവനെ അറിഞ്ഞ് ആരാധിക്കാനും സൃഷ്‌ടികളെ മനസ്സിലാക്കി ജീവിക്കാനും അതിലൂടെ ഉത്തമസൃഷ്‌ടിയായി മാറാനുമാണ് പടച്ചവൻ മനുഷ്യനെ സൃഷ്ടിച്ചത്. ഏതെങ്കിലും കവി ചെന്നായയെ പ്രശംസിച്ചുകൊണ്ട് പാടിയിട്ടുള്ളതായി എനിക്കറിയില്ല. ഏതെങ്കിലും ബുദ്ധിമാൻ ചെന്നായയെ തൻ്റെ മാതൃകയായി സ്വീകരിച്ചതും കണ്ടിട്ടില്ല. എന്നും എവിടെയും ചെന്നായയെയും അത് പോലുള്ള ജന്തുക്കളെയും വെറുക്കുന്ന മനുഷ്യൻ, എന്ത് കൊണ്ടാണ് ചെന്നായയുടെ ദുർഗുണങ്ങളെ വെറുക്കുകയും അകറ്റുകയും ചെയ്യാത്തത്?

        സ്വന്തം സഹോദരനായ ഒരു മനുഷ്യനെ പ്രഹരിക്കാൻ ഒരു വ്യക്തിയുടെ കൈ എങ്ങനെ ഉയരുമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അത്തരം ആളുകളുടെ കൈകൾ സമർത്ഥരായ വൈദ്യന്മാരെ കാണിക്കണം. സാധിക്കുമെങ്കിൽ ആ കൈ മുറിച്ച് അതിന്റെ ഉള്ളിൽ കൂടി ഒഴുകുന്ന രക്തം മനുഷ്യൻറേതാണോ വേറെ വല്ല ജന്തുക്കളുടേതാണോ എന്ന് നിരീക്ഷിക്കേണ്ടതാണ്. പടച്ചവൻ മനുഷ്യന് കൈ നൽകിയത് അക്രമിക്കാനല്ല, അക്രമത്തെ തടയാനാണ്. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, നമ്മുടെ നാട് തുടങ്ങി ലോകത്ത് എവിടെയായാലും മനുഷ്യരെ അക്രമിക്കാൻ ആരുടെയെങ്കിലും കൈ ഉയരുന്നതായി കണ്ടാൽ അവരെ തടയാൻ വേണ്ടി കൈ ഉയർത്തൽ നമ്മുടെ ബാദ്ധ്യതയാണ്. വീട്ടിലോ കമ്പോളത്തിലോ വഴിയിലോ അക്രമങ്ങൾ നടക്കുന്നത് കണ്ടാൽ അത് അമർത്തുകയെന്നത് മനുഷ്യത്വമുള്ളവരുടെ ബാദ്ധ്യതയാണ്. ഒരു കവി പറയുന്നു: "അക്രമിക്കാതിരിക്കാനും അക്രമങ്ങൾക്ക് തടയിടാനും കഴിവിൻ്റെ പരമാവധി മനസാ-വാചാ-കർമ്മണാ സേവന-സഹായങ്ങൾ ചെയ്യുവാനുമാണ് പടച്ചവൻ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്." ആരാധനാകാര്യങ്ങൾക്ക് മാലാഖമാർ തന്നെ ധാരാളമാണ്. അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി (സ) അരുളി: "മറ്റുള്ളവരോട് കരുണ കാണിക്കുന്നവരുടെ മേൽ കാരുണ്യവാനായ പടച്ചവൻ കരുണ ചെയ്യുന്നതാണ്. നിങ്ങൾ ഭൂമുഖത്തുള്ളവരോട് കരുണ കാട്ടുക. പടച്ചവൻ നിങ്ങളോടും കരുണ കാട്ടുന്നതാണ്."

           പ്രവാചക വചനങ്ങളിൽ സുപ്രധാനമായ ഒരു വചനമാണിത്. ഹദീസ് പഠനത്തിൻ്റെ പ്രാരംഭത്തിൽ പണ്ഡിതന്മാർ ഈ വചനം പാരായണം ചെയ്യാറുണ്ട്. അതിലൂടെ ഇതിൻ്റെ ആശയം എത്ര പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ ഇന്ന് സമൂഹം ഇങ്ങനെയുള്ള സന്ദേശങ്ങൾ വിസ്മരിക്കുക മാത്രമല്ല, പരസ്‌പരം അക്രമത്തിനും ശത്രുതയ്ക്കും പ്രേരിപ്പിച്ച് കൊണ്ടിരിക്കുകയുമാണ്. അതിൻ്റെ വലിയ നാശങ്ങളും നഷ്ടങ്ങളും ലോകത്ത് പ്രകടമാകുകയും ചെയ്യുന്നു. എന്നാൽ അക്രമങ്ങൾ ഇല്ലാതാകാനും സ്നേഹ-സാഹോദര്യങ്ങൾ പ്രചരിപ്പിക്കാനും ഒരു കൂട്ടം ആളുകൾ മുമ്പോട്ട് വന്നാൽ ഈ അവസ്ഥകൾ മാറിമറയുന്നതാണ് എന്നതിലും സംശയമില്ല. ആകയാൽ നിലവിലുള്ള അവസ്ഥകൾ കണ്ടിട്ട് നിരാശപ്പെടരുത്. വിശിഷ്യാ, മതനേതാക്കളും രാഷ്ട്രീയനായകരും കാരുണ്യത്തിൻ്റെ വക്താക്കളും പ്രചാരകരുമായി മാറണം. പരസ്പ‌രം ഹസ്‌തദാനം ചെയ്‌ത്‌ സ്നേഹത്തോടെ കഴിയുക. ഈ രാജ്യത്തെ നാം ആദരിക്കുക. ഈ രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യത്തിന് കളങ്കം വരുത്തരുത്. മനുഷ്യനായി ജീവിക്കുക. പരസ്‌പരം സ്നേഹിക്കുക. അതെ, മനുഷ്യനെ മനുഷ്യനായി അദ്ദേഹത്തിനും കാണുകയും എന്നെക്കൊണ്ട് നാം അദ്ദേഹത്തെക്കൊണ്ട് എനിക്കും യാതൊരു പ്രയാസങ്ങളും ഉണ്ടാകുകയില്ലയെന്ന് ആശ്വസിക്കുകയും ചെയ്യുന്നതിനാണ് സംസ്കാരം എന്ന് പറയുന്നത്. യഥാർത്ഥ രാജ്യസ്നേഹവും ആത്മാർത്ഥമായ രാഷ്ട്രീയവും ഇത് തന്നെയാണ്.

               ആകയാൽ ഇന്ന് ഈ മഹത്തായ രാജ്യത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഇവിടെ പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്ന അക്രമവാസനയും വർഗ്ഗീയതയും മറ്റുള്ളവരെ ഉന്മൂലനാശം വരുത്താനുള്ള ദുരാഗ്രഹവും ദൂരീകരിക്കുക എന്നുള്ളതാണ്. ഇതിന് ആത്മാർത്ഥതയുള്ളവരും ചികിത്സിക്കാൻ കഴിവുള്ളവരും മനസ്സ് വേദന നിറഞ്ഞവരുമായ ചില ആളുകളെ ഈ മഹത്തായ രാജ്യം ഉറ്റുനോക്കുകയാണ്. അവർ അവരുടെ വീടുകളിൽ നിന്നും കൂടുകളിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വരണമെന്നും, അവരുടെ ആഹാര-പാനീയ സൗകര്യങ്ങളെല്ലാം മറന്ന്കൊണ്ട് ഈ രാജ്യം മുഴുവനും കറങ്ങി നടക്കണമെന്നും, വ്യക്തികളെയും കൂട്ടങ്ങളെയും കണ്ട്മുട്ടി ഈ നാടിൻ്റെയും നാട്ടുകാരുടെയും നീതിയുടെയും ന്യായത്തിന്റെയും സർവ്വോപരി സ്രഷ്‌ടാവിനോടുള്ള ഭയത്തിന്റെയും മനുഷ്യസ്നേഹത്തിൻ്റെയും പേരിൽ അവർ പരസ്പരം ഇപ്രകാരം ഉപദേശിക്കുക: "നമുക്ക് അക്രമങ്ങളെല്ലാം നിർത്താം. ശാന്തരായി കഴിയാം. ഇവിടെ നിർമ്മാണാത്മകമായ ധാരാളം ജോലികൾ ചെയ്യാനുണ്ട്. ഈ രാജ്യത്തെ ഇനിയും കെട്ടിപ്പടുക്കാനുണ്ട്. ഈ രാജ്യത്തിൻ്റെ പേര് നാമാണ് ഉയർത്തേണ്ടത്. ഈ രാജ്യത്തിന് അന്തസ്സും നല്ല പേരും നൽകേണ്ടത് നാമാണ്."

        സഹോദരങ്ങളെ, ഈ നാട് വളരെയധികം നാണംകെട്ട് കഴിഞ്ഞു എന്ന് നാമോരോരുത്തരും തിരിച്ചറിയുക. ചരിത്രത്തിൽ ഒരിക്കലും ഈ രാജ്യത്തിന് ഇതുപോലുള്ള നാണക്കേടും പേരുദോഷവും ഉണ്ടായതായി എനിക്കറിയില്ല. നമ്മുടെ രാജ്യത്തിന് മഹത്തായ ഒരു പാരമ്പര്യമാണുള്ളത്. ഇവിടുത്തെ പൂർവ്വ ചരിത്രവും ഇവിടുത്തെ മഹത്തായ സംസ്കൃതിയും നമുക്കെല്ലാവർക്കും പ്രിയങ്കരമാണ്. വിശിഷ്യാ, മുസ്‌ലിംകൾ ഈ രാജ്യത്ത് നിലനിൽക്കുന്നത് ഈ രാജ്യത്തോടുള്ള സ്നേഹത്തിൻ്റെ പേരിൽ മാത്രമാണ്. ഈ നാട് വിടാൻ വിഭജനത്തിന്റെ സമയത്ത് പലരും ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു. പക്ഷേ പരസ്‌പര സ്നേഹത്തിൻ്റെയും സഹകരണ-സാഹോദര്യങ്ങളുടെയും മഹത്തായ ഒരു പാരമ്പര്യം മുമ്പിൽ കണ്ടുകൊണ്ട് ഇവിടെത്തന്നെ നിൽക്കാനും ഇവിടെത്തന്നെ ജീവിക്കാനും തീരുമാനിക്കുകയുണ്ടായി. എന്നാൽ ഇന്ന് പ്രസ്‌തുത മഹത്തായ പാരമ്പര്യത്തെ തകർത്ത് തരിപ്പണമാക്കുന്ന പ്രവണതകൾ അരങ്ങേറുന്നത് അത്യന്തം ദുഃഖകരമാണ്. എന്നാൽ ഇത്തരം അവസ്ഥകൾക്കിടയിലും നാം വലിയ പ്രതീക്ഷയിലും പ്രത്യാശയിലും പ്രാർത്ഥനയിലുമാണ്. ആകയാൽ മാനവ സ്നേഹികൾ മുന്നോട്ട് വരുക. മനക്കരുത്തോടെ പരസ്‌പര സഹകരണങ്ങളിലൂടെ മാനവികതയുടെ പ്രവർത്തനങ്ങൾ സജീവമാക്കുക.

          കൂട്ടത്തിൽ ഭരണകൂടങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും നിയമപാലകരോടും മാധ്യമ സഹോദരങ്ങളോടും ആത്മാർത്ഥമായി ഉണർത്തുന്നു: നിങ്ങളുടെ ദൗത്യം നിർവ്വഹിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ പ്രവർത്തനവുമായി രാജ്യത്തിൻ്റെ ഭാവിക്ക് വലിയ ബന്ധമുണ്ട്. ഈ രാജ്യമാകുന്ന വലിയ പാത്രം മൂന്ന് കല്ലുകളുള്ള ഒരടുപ്പിലാണ് നിലകൊള്ളുന്നതെന്ന് മനസ്സിലാക്കുക. പ്രസ്‌തുത മൂന്ന് കല്ലുകൾ നല്ല നിലയിൽ നിലകൊള്ളുകയാണെങ്കിൽ ഈ രാജ്യവും നൻമകളിൽ മുന്നേറുന്നതാണ്. ഒന്ന്: വിദ്യാഭ്യാസം, രണ്ട്: പോലീസ്, മൂന്ന്: മാധ്യമം. ഈ മൂന്ന് കാര്യങ്ങൾ നന്നായാൽ പിന്നെ നാം വലിയ അക്രമങ്ങളൊന്നും ഭയക്കേണ്ടതില്ല. എന്നാൽ ഈ മൂന്നോ, ഇവയിൽ ഏതെങ്കിലുമൊന്നോ ഇളകിയാൽ ഈ രാജ്യം തന്നെ ഇളകുമെന്നും നാം തിരിച്ചറിയുക.

          മനുഷ്യർ വിദ്യാഭ്യാസമുള്ളവരാണ്. മനുഷ്യർ വിദ്യാഭ്യാസത്തെ ആഗ്രഹിക്കുന്നവരാണ്. വിദ്യാഭ്യാസ പദ്ധതികളിലൂടെ മാനവികതയുടെ മൂല്യങ്ങൾ മനുഷ്യർക്ക് നൽകപ്പെട്ട് കഴിഞ്ഞാൽ ഒരു മഹത്തായ തലമുറ ഇവിടെ വളർന്ന് വരുന്നതാണ്. എഴുത്തും വായനയും പഠിച്ച മനുഷ്യർ അധികമായി വാർത്താ മാധ്യമങ്ങളുമായി ബന്ധപ്പെടും. ഇത്തരുണത്തിൽ, വാർത്താ മാധ്യമങ്ങളിലൂടെയും നല്ല കാര്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടാൽ മനുഷ്യർ നല്ല കാര്യങ്ങൾക്ക് തൽപരരായിത്തീരും. ആകയാൽ മാധ്യമ ബന്ധുക്കൾ സാഹോദര്യ-സഹകരണങ്ങളുടെയും സ്നേഹ-കാരുണ്യങ്ങളുടെയും സന്ദേശങ്ങൾ അധികമായി പ്രചരിപ്പിക്കുക. എന്നാലും, എന്തെങ്കിലും കുഴപ്പങ്ങൾ സ്വാഭാവികമായി തലപൊക്കാൻ സാധ്യതയുണ്ട്. ഇതിനെ അടിച്ചമർത്തി നല്ല വഴികളിലൂടെ നയിക്കാൻ ബാദ്ധ്യസ്ഥരായ ആളുകളാണ് നിയമപാലകരായ പോലീസുകാർ. ഞാൻ പല രാഷ്ട്രങ്ങളിലും യാത്ര ചെയ്‌തിട്ടുണ്ട്. അവിടെയുള്ള പോലീസുകാരെ ഏറ്റവും വലിയ സഹായികളും സേവകൻമാരുമായിട്ടാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഒരിക്കൽ ലണ്ടനിൽ വെച്ച് എനിക്ക് ഒരു വിലാസം കണ്ടുപിടിക്കേണ്ടി വന്നു. ഒരു പോലീസ് കോൺസ്റ്റബിളിനോട് വിലാസം കാണിച്ചു കൊടുത്തപ്പോൾ എനിക്ക് ലജ്ജയുണ്ടാക്കുന്ന നിലയിൽ അദ്ദേഹം എൻ്റെ കൂട്ടത്തിൽ വരുകയും ആളെ കണ്ടെത്തി കാണിച്ചു തരുകയും ചെയ്‌തു. ആകയാൽ പോലീസുകാർ പരസ്പരം സ്നേഹത്തിന്റെ വിഷയത്തിൽ അവരുടെ ദൗത്യം നിർവ്വഹിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ നടന്ന സന്ദർഭത്തിൽ ജനങ്ങളെ പേടിപ്പിക്കാൻ വിദേശികളായ ബ്രിട്ടീഷുകാർ പോലീസുകാരോട് കുറച്ച് കടുപ്പം കാണിക്കാൻ പഠിപ്പിക്കുകയുണ്ടായി. എന്നാൽ ആ പാഠം താത്കാലികമായ ഒരാവശ്യത്തിന് വേണ്ടിയുള്ളതാണെന്ന കാര്യം പോലീസുകാർ മറന്ന് പോയത് പോലെയുണ്ട്. ഇന്ന് പോലീസായിക്കഴിഞ്ഞാൽ ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും വേണം എന്ന ഒരവസ്ഥ താനേ തനിയെ വന്ന് ചേരുന്നു. ലോകത്ത് എവിടെയും ബ്രിട്ടണിൽ പോലും കാണാത്ത ഒരു പ്രവണതയാണിത്. പോലിസെന്നു പറഞ്ഞാൽ നിലവിളിക്കുന്ന കുഞ്ഞുങ്ങളെയും കണ്ണീർവാർക്കുന്ന പെണ്ണുങ്ങളെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടവരാണ്. ഇതിനുള്ള മാനസിക അവസ്ഥകളും, സാമൂഹിക താല്‌പര്യങ്ങളും അടിസ്ഥാനപരമായി പകർന്ന് നൽകേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണ്. അതിനെ നാട്ടിലും നാട്ടുകാരിലും വ്യാപകമായി പ്രചരിപ്പിക്കേണ്ടത് പത്രമാധ്യമങ്ങളിലൂടെയാണ്. ചുരുക്കത്തിൽ വിദ്യാഭ്യാസം, വാർത്താമാധ്യമം, നിയമപാലകർ ഈ മൂന്ന് കാര്യങ്ങൾ ശരിയാവുകയാണെങ്കിൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥയും നന്നാകുന്നതാണ്. ഇതിൻ്റെ കൂട്ടത്തിൽ മുഴുവൻ ജനങ്ങളും അക്രമത്തെ എതിർക്കുകയും സ്നേഹ-കാരുണ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക. ഇതിലൂടെ നാമും നമ്മുടെ നാടും ഉയർന്ന സ്ഥാനം കരസ്ഥമാക്കുന്നതാണ്.

                   രോഗത്തെയല്ല, ചികിത്സകൻ ഇല്ലാതിരിക്കുന്നതിനെയാണ് ഭയക്കേണ്ടത്. നാം മനുഷ്യരാണ്. മനുഷ്യ ജീവിതത്തിൽ കയറ്റങ്ങളും ഇറക്കങ്ങളും സ്വാഭാവികമാണ്. ആരോഗ്യം ഉണ്ടാകുന്നത് പോലെ രോഗങ്ങളും സ്വാഭാവികമാണ്. ആകയാൽ രോഗത്തെ ഭയക്കുന്നതിനെക്കാളും കൂടുതൽ ഭയക്കേണ്ടത് രോഗത്തിന് ചികിത്സിക്കാൻ ആളുകൾ ഇല്ലാതിരിക്കുന്നതിനെയാണ്. ഇപ്രകാരം മനുഷ്യരിൽ നിന്ന് പാപങ്ങളും അക്രമങ്ങളും ദുരാഗ്രഹങ്ങളും ഉണ്ടാകൽ സ്വാഭാവികമാണ്. എന്നാൽ അതിനെ തിരുത്തുവാനും അവസ്ഥ നന്നാക്കുവാനും ഒരു സംഘം രംഗത്ത് ഇറങ്ങാതിരിക്കൽ അത്യന്തം ഭയക്കേണ്ട കാര്യമാണ്. ഒരു രാജ്യം വളരെയധികം വികസനം പ്രാപിക്കുകയും, ഭൂമിയിൽ നിന്നും ഖജനാവുകൾ പ്രവഹിക്കുകയും, ആകാശത്ത് നിന്ന് സ്വർണ്ണം വർഷിക്കുകയും, നദികളിലൂടെ വെള്ളി ഒഴുക്കുകയും, ആരും തൊഴിൽ എടുക്കാതെ തന്നെ എല്ലാവർക്കും സമൃദ്ധമായ ആഹാര പദാർത്ഥങ്ങളും ജീവിത-വാഹന സൗകര്യങ്ങളും ലഭിക്കുകയും ചെയ്താലും ആ നാട്ടിൽ ജനങ്ങളുടെ ബന്ധങ്ങൾ ഇല്ലാതാകുകയും സ്നേഹ-സൗഹൃദ-സഹോദര്യങ്ങൾ നഷ്‌ടപ്പെടുകയും പരസ്പ‌ര സംശയത്തിൻ്റെയും വിദ്വേഷത്തിന്റെയും അവസ്ഥകൾ വ്യാപകമാകുകയും ചെയ്‌താൽ ആ നാട് വളരെ അപകടകരമായ അവസ്ഥയിലാണ് എന്ന് മനസ്സിലാക്കുക.

        ഇത്തരുണത്തിൽ, പരസ്പരം വിശ്വാസത്തിൻ്റെയും സ്നേഹ-സഹകരണങ്ങളുടെയും അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കൽ, ആ രാജ്യത്തെ സ്നേഹിക്കുകയും മാനവികതയെ പ്രേമിക്കുകയും ചെയ്യുന്ന ഓരോരുത്തരുടെയും പ്രധാനപ്പെട്ട കർത്തവ്യമാണ്. ഇന്ന് നമ്മുടെ നാട്ടിൽ ഇത്തരം അവസ്ഥ ഉണ്ടാകുന്നുണ്ടോ എന്ന് നാം കാര്യമായി ചിന്തിക്കേണ്ടതാണ്. വിഷ ജന്തുക്കളെയും വന്യ മൃഗങ്ങളെയും കാണുന്നത് പോലെയല്ലേ, ഇന്ന് നാം പരസ്‌പരം കണ്ടുകൊണ്ടിരിക്കുന്നത്? ഇവിടെ മനുഷ്യൻ മനുഷ്യൻ്റെ ശത്രുവായി ജീവിക്കുന്നു. ഇത് വളരെയധികം അപകടകരമായ ഒരു പ്രവണതയാണ്. എന്നാൽ ഇതിനെക്കാളും ഭയപ്പെടേണ്ട കാര്യം, ഇത്രത്തോളം ദുരന്തപൂർണ്ണമായ അവസ്ഥകൾ കണ്ടിട്ടും ഇതിന് മാറ്റം വരുത്താൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ആളുകൾ ഇല്ലാതിരിക്കുക എന്നതാണ്.

        ഇവിടെ ചിലർക്ക് സംശയമുണ്ടാകാറുണ്ട്. സാധാരണക്കാരായ ഞങ്ങൾ ഇവിടെ രംഗത്തിറങ്ങിയിട്ട് എന്താണ് ഫലം? വലിയ ആളുകളും പണ്ഡിതരും നേതാക്കളും ഭരണ സാരഥികളും ചെയ്യേണ്ടതല്ലേ? തീർച്ചയായും ഈ പ്രവർത്തനത്തിന് നാം തന്നെയാണ് അർഹർ. അവരെ പ്രതീക്ഷിച്ച് ഒന്നും ചെയ്യാതിരിക്കാൻ രാജ്യസ്നേഹികളായ ആളുകൾക്ക് സാധ്യമല്ല. ഇത്തരം ഘട്ടങ്ങളിൽ വലിയവരെ കൊണ്ട് നടക്കാത്ത കാര്യങ്ങൾ അപ്രസക്തരും ബാഹ്യമായി ശേഷിയില്ലാത്തവരുമായ ആളുകളെ കൊണ്ടും ലോകത്ത് നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, താർത്താരികളുടെ അവസ്ഥ തന്നെയെടുക്കുക. അക്രമ പരമ്പരകളുമായി മുമ്പോട്ട് നീങ്ങിയ താർത്താരികളെ ഏതാനും നാളുകൾക്ക് ശേഷം യഥാർത്ഥ മനുഷ്യരാക്കുകയും നിയമത്തെ ആദരിക്കുകയും സംസ്ക്കാരത്തെ സംസ്ക‌രിക്കുകയും ചെയ്യുന്നവരാക്കുകയും ചെയ്‌തത് ആരാണ്? പടച്ചവനോടുള്ള ഭയവും പടപ്പുകളോടുള്ള സ്നേഹവും നെഞ്ചിലേറ്റിയ മഹത്തുക്കളിലൂടെയാണ് താർത്താരികളിൽ മാറ്റമുണ്ടായത്. ഇപ്രകാരം നാം ഒരോരുത്തരും മറ്റുള്ളവരിലേക്ക് നോക്കിയിരിക്കാതെ മാനവികതയുടെ പ്രകാശം പരത്തുന്നതിന് രംഗത്തിറങ്ങുക. പതുക്കെ മറ്റുള്ളവരും ഈ വാഹക സംഘത്തിൽ വന്നിറങ്ങുന്നതും അവസാനം നല്ലൊരു ഭാവി നമുക്ക് ലഭിക്കുന്നതുമാണ്.

        ഇന്ത്യൻ സ്വാതന്ത്യ സമരത്തിലേക്ക് നോക്കുക. സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിക്കൽ എളുപ്പമായ കാര്യമായിരുന്നില്ല. ലോകം മുഴുവൻ അവർ പടർന്ന് പന്തലിച്ചിരുന്നു. ഇത്തരുണത്തിൽ ഇന്ത്യ സ്വതന്ത്രമാവുമെന്ന് സങ്കൽപ്പിക്കാൻ പോലും സാധിച്ചിരുന്നില്ല. പക്ഷെ ഈ രാജ്യത്ത് സ്വാതന്ത്യ്രത്തിൻ്റെ കിരണം ഉദിച്ചുയർന്നത് നിഷ്‌കളങ്കമായി ആഗ്രഹിച്ച ചില മഹത്തുകളിലൂടെയാണ്. അവർ ഇതിന് വേണ്ടി രംഗത്തിറങ്ങി. അവരിൽ ഭൂരിഭാഗം പേരും സാധുക്കളും വലിയ ശേഷി ഇല്ലാത്തവരുമായിരുന്നു. പക്ഷെ അവർ പരിശ്രമങ്ങളുടെ പാതയിൽ ഉറച്ച് നിന്നു. കുറെ നാളുകൾക്ക് ശേഷം സമർത്ഥരായ മഹത്തുക്കൾ ഇതിൻ്റെ നേതൃത്വം ഏറ്റെടുത്തു. മഹാത്മാഗാന്ധി, ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദ് ഹസൻ, മൗലാനാ മുഹമ്മദ് അലി, നെഹ്റു കുടുംബം, മൗലാനാ ഹുസൈൻ അഹ്‌മദ് മദനി തുടങ്ങിയ വ്യക്തിത്വങ്ങളുടെ വിയർപ്പിറ്റുവീണ് സ്വാതന്ത്ര്യസമരം മുന്നോട്ട് നീങ്ങി. അവരുടെ പിന്നിൽ വ്യത്യസ്‌ത മതക്കാരും സംസ്‌കാരങ്ങളുമായി ബന്ധമുള്ളവരും പരസ്‌പരം സാഹോദര്യത്തോടെ അണിനിരന്നു. ഗാന്ധിജിയും മൗലാനാ ആസാദും പോലെയുള്ള ആൾക്കാരും, ജവഹർലാൽ നെഹ്റുവും മൗലാനാ ശൈഖ് ഹുസൈൻ അഹ്‌മദ് മദനിയും പോലെയുള്ളവർ ഒരുമിച്ച് ഒരേ വേദിയിൽ അണിനിരന്നു.

             ഹിന്ദു-മുസ്‌ലിം-ക്രൈസ്‌തവ മറ്റ് വിഭാഗങ്ങളെല്ലാം അവരുടെ പിന്നിൽ അണിനിരന്ന് പരിശ്രമിച്ചത് ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രത്തിലെ ഒരു സുവർണ്ണ അദ്ധ്യായമാണ്. യഥാർത്ഥ രാജ്യസ്നേഹികളിലൂടെ ഇന്ത്യ സ്വതന്ത്രമായി. ഈ രാജ്യത്തിൻ്റെ ചക്രവാളത്തിൽ സ്വാതന്ത്ര്യത്തിൻ്റെ സൂര്യൻ ഉദിച്ചുയർന്നു. സ്വാതന്ത്യ്രത്തിന് ശേഷം ഇന്ത്യയിലെ ഭാവികാര്യങ്ങളും ഭരണരീതികളും തീരുമാനിക്കാൻ കുറേ നേതാക്കൾ കൂടിയിരുന്നു. രാജ്യത്തിൻ്റെ സുദീർഘമായ ചരിത്ര പാരമ്പര്യങ്ങളുടെ വെളിച്ചത്തിൽ വളരെ മഹത്തരമായ ഒരു കാഴ്ചപ്പാട് അവർ രാജ്യത്തിന് മുമ്പാകെ സമർപ്പിച്ചു. മതേതരത്വം, ജനാധിപത്യം, അഹിംസ എന്നീ മൂന്ന് കാര്യങ്ങളെ മുറുകെ പിടിച്ച് മുമ്പോട്ട് നീങ്ങാൻ അവർ ആഹ്വാനം ചെയ്‌തു. ഈ മൂന്ന് കാര്യങ്ങൾ നിലനിൽക്കുന്ന കാലത്തോളം ഈ രാജ്യം യഥാർത്ഥ ഔന്നിത്യം പ്രാപിക്കുന്നതാണെന്നും വലിയ സമാധാനത്തിലും സന്തോഷത്തിലും ഐശ്വര്യത്തിലും മുന്നേറുന്നതാണെന്നും അവർ ഉണർത്തി. തീർച്ചയായും, വളരെയധികം യാഥാർത്ഥ്യബോധവും ചരിത്രപാഠവും ധർമ്മബോധങ്ങളും ഉൾക്കൊണ്ട വളരെ മഹത്തരമായ ഒരു വീക്ഷണമാണിത്. ഇന്നും, അതേ കാര്യം എല്ലാവർക്കും മുമ്പാകെ ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

    മുഴുവൻ പണ്ഡിതന്മാരും, എഴുത്തുകാരും, ചരിത്രകാരന്മാരും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും സർവ്വോപരി, രാജ്യസ്നേഹികളായ മുഴുവൻ സഹോദരങ്ങളും മനസ്സിൻ്റെ പലകയിൽ എഴുതി സൂക്ഷിക്കുക. ഈ രാജ്യത്ത് എന്തെല്ലാം വികസന-പുരോഗതികൾ ഉണ്ടായാലും മതേതരത്വം, ജനാധിപത്യം, അഹിംസ എന്നീ മൂന്ന് മൂല്യങ്ങൾ ഇല്ലായെങ്കിൽ ഈ രാജ്യത്ത് യാതൊരു നന്മയുമില്ല. ഈ രാജ്യം വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രിയപ്പെട്ട നാടായി കഴിയണമെന്നാണ് പടച്ചവൻ്റെ തീരുമാനം. അല്ലാത്ത പക്ഷം വിവിധ മതസ്ഥർ മാറി മാറി ഭരിച്ച ഈ രാജ്യത്ത് ഒരു മതം മാത്രമേ കാണപ്പെടുകയുള്ളൂ. എന്നാൽ ഇന്നും വിവിധ മതങ്ങൾ വളരെ ശക്തിയോടെ ഈ രാജ്യത്ത് നിലയുറപ്പിച്ചിരിക്കുന്നത് ഈ രാജ്യം സർവ്വ മതവിഭാഗങ്ങളുടെയും ഒരു കേന്ദ്ര രാജ്യമായിരിക്കണമെന്ന പടച്ചവൻ്റെ തീരുമാനം വിളിച്ചറിയിക്കുന്നു. നാമോരോരുത്തരും യാഥാർത്ഥ്യം ഉൾക്കൊണ്ട്, കർമ്മരംഗത്തിറങ്ങാൻ ആത്മാർഥമായി അഭ്യർത്ഥിക്കുന്നു.

        മറ്റൊരു കാര്യം കൂടി ഉണർത്തുകയാണ്. ചരിത്രത്തെ തിരിച്ചു വഴിനടത്തുന്നത് ചരിത്രത്തോടുള്ള വലിയ തെറ്റാണ്. പഴയ കാര്യങ്ങൾ തിരഞ്ഞെടുത്ത് അതിൽ അസത്യങ്ങളും അർദ്ധസത്യങ്ങളും കൂട്ടികലർത്തി പ്രതികാരം ചെയ്യാൻ ചിലർ ജനങ്ങളെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ ഇന്ന് ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക് ഇരയാകുന്നത് മുസ്‌ലിം സമുദായമാണെന്ന് ദുഃഖത്തോടെ ബന്ധപ്പെട്ടവരെ അറിയിക്കാൻ ആഗ്രഹിക്കുന്നു. പഴയ കാര്യങ്ങൾ കണ്ടെത്തി മുസ്‌ലിംകളെ ഇവിടെ നിരന്തരം മാനസികമായും സാമൂഹികമായും തകർക്കാൻ കൊണ്ടുപിടിച്ച് ശ്രമിച്ച് കൊണ്ടിരിക്കുന്നു. "അത് ഞങ്ങളുടെ പൂർവ്വികരുടെ സ്ഥലമാണ്, ഇത് ഞങ്ങളുടെ വിശുദ്ധ സ്ഥാനമാണ്, ഞങ്ങൾക്ക് ഇത് തിരികെ തരണം, ഞങ്ങളുടെ പൂർവ്വപിതാക്കന്മാർ അവിടെ അങ്ങനെയാണ് കഴിഞ്ഞത്" എന്നെല്ലാമുള്ള വാദങ്ങൾ പലരും ഉയർത്തി കൊണ്ടിരിക്കുന്നു. ഇത്തരം ആളുകളോട് പറയട്ടെ! അഗ്നിയ്ക്ക് തിന്നാൻ ഒന്നും കിട്ടാതെ വരുമ്പോൾ സ്വയം തന്നെ അത് അതിനെ തിന്നുന്നതാണെന്ന ആപ്തവാക്യം നിങ്ങൾ ഓർക്കുക. മുസ്‌ലിംകളോട് സ്ഥലവും സ്ഥാനങ്ങളും വിട്ടുതരണമെന്ന് ആവശ്യപ്പെടുന്ന ആളുകളോട് ഇവിടെയുള്ള താഴ്ന്ന ജാതിക്കാരും ജൈന-ബുദ്ധമതസ്ഥരും "ഞങ്ങളുടെയും പഴയസ്ഥാനങ്ങൾ നിങ്ങൾ വിട്ടുതരണം" എന്നാവശ്യപ്പെടുകയും ഓരോരുത്തരും ഈ ആവശ്യങ്ങളിൽ ആവേശം കാട്ടുകയും ചെയ്‌താൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും?

        ഏഴാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ശങ്കരാചാര്യർ പരിശ്രമങ്ങൾ നടത്തി ഇവിടെയുള്ള ബുദ്ധമതസ്ഥരുടെ ഏതാണ്ടെല്ലാ ആരാധനാലയങ്ങളും ഹൈന്ദവ ദേവാലയങ്ങളായി മാറ്റപ്പെട്ടു. ജൈന മതസ്ഥരുടെയും ആയിരക്കണക്കിന് കേന്ദ്രങ്ങൾ ഹൈന്ദവ ആരാധനാലയങ്ങളായി മാറ്റപ്പെട്ടു. ഇതിൽ പല സ്ഥലങ്ങളും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. പലതിന്റെയും രേഖകളും ചരിത്രങ്ങളും വായിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത്തരുണത്തിൽ അവരും ഈ ആവശ്യവുമായി രംഗത്തിറങ്ങിയാൽ പിന്നീട് ഇവിടെ സമാധാനം എന്നത് ഒരു കിട്ടാക്കനിയായി മാറുകയില്ലേ? ഇന്ത്യയിൽ പ്രധാനമന്ത്രി പഥം ഏറ്റെടുത്ത എല്ലാവർക്കും അവരുടെ അധികാരത്തിൻ്റെ ആദ്യനാളുകളിൽ തന്നെ ഞാൻ കത്തുകളയച്ചിട്ടുണ്ട്. ആ കത്തുകൾ പ്രസിദ്ധീകൃതവുമാണ്. അവരെല്ലാവരോടും ആവർത്തിച്ചുണർത്തിയ ഒരു കാര്യവുമിതാണ്: ചരിത്രത്തെ തിരികെ നടത്താൻ നിങ്ങൾ കൂട്ടുനിൽക്കരുത്. ചരിത്രത്തെ തിരികെ നടത്തുന്നത് ചരിത്രത്തോട് തന്നെ ചെയ്യുന്ന വലിയ പാതകമാണ്. ചരിത്രത്തെ മുമ്പോട്ട് നീക്കുവാനും പുതിയ മനോഹര ചരിത്രങ്ങൾ നിർമ്മിക്കുവാനും നിങ്ങൾ പരിശ്രമിക്കുക. അവസരം വളരെ കുറവാണ്.

            ജീവിതം ഏതാനും ദിവസങ്ങൾക്ക് മാത്രമുള്ളതാണ്. മാധ്യമങ്ങളും വളരെ തുച്ഛമാണ്. നമ്മളിൽ 100 വയസ്സ് തികഞ്ഞവർ വളരെ പരിമിതമായിരിക്കും. പിന്നെന്തിനാണ് നമ്മൾ സമയം പാഴാക്കുന്നത്? ചരിത്രത്തെ എന്തിനാണ് നാശനഷ്‌ടങ്ങൾക്ക് വിനിയോഗിക്കുന്നത്? അവകൾ ശരിയായ സ്ഥാനങ്ങളിൽ ഉപയോഗിച്ച് ചരിത്രത്തെ മുന്നോട്ട് നീക്കുവാനും രാജ്യത്തെ ഐശ്വര്യത്തിലേക്ക് നയിക്കുവാനും നാം പരിശ്രമിക്കുക. പഴയ കാര്യങ്ങൾ പറഞ്ഞ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവർ യഥാർത്ഥത്തിൽ ആരെയും സന്തോഷിപ്പിക്കുന്നവരല്ല. അവരുടെ ആളുകൾക്ക് പോലും സന്തോഷം നിലനിൽക്കുന്നതല്ല. ഇതിലൂടെ ജീവിതത്തിൻ്റെ വസന്തങ്ങളും ഇന്ത്യയുടെ നാമങ്ങൾ തന്നെയും മോശമാക്കും. ഈ രാജ്യത്ത് ഉത്തമ വ്യക്തിത്വങ്ങളും പരിഷ്കർത്താക്കളും സാമൂഹിക സേവകരും ഉണ്ടായിട്ടില്ല, ഉണ്ടാകുന്നതുമല്ല എന്ന വിചാരം ലോകം മുഴുവൻ വ്യാപകമാകും. അതെ, ഇന്ത്യയെന്ന് കേട്ടാൽ ജനങ്ങളെ കൊല്ലുകയും, കുഞ്ഞുങ്ങളെ തീയിലിട്ട് ചുടുകയും, മനുഷ്യൻ്റെ സമ്പാദ്യങ്ങൾ വിറക് പോലെ കത്തിക്കുകയും, യാത്ര ചെയ്യുന്ന സാധുക്കളെ അഗ്നിയ്ക്ക് ഇരയാക്കുകയും ചെയ്യുന്ന നാടാണെന്ന ചിത്രം ലോകം മുഴുവൻ വ്യാപകമാകും. ഇത്തരമൊരു ചിത്രം ഈ രാജ്യത്തിന് നല്ലതാണോ മോശമാണോ എന്ന് ചിന്തിക്കുക.

      നമ്മൾ ചന്ദ്രനിലും നക്ഷത്രങ്ങളിലും എത്തിയാലും സാഹോദര്യമുള്ള മനുഷ്യനായില്ലെങ്കിൽ ഒരു പുരോഗതിയും പ്രാപിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കുക. ഇന്ത്യയുടെ പ്രഗത്ഭ ചിന്തകനായ ശ്രീ. രാധാകൃഷ്‌ണനോട് ലണ്ടനിൽ വെച്ച് ഒരു ഇന്ത്യക്കാരൻ ഇന്ത്യയുടെ മഹത്വങ്ങൾ പാടി പുകഴ്ത്തി. കേട്ടതിന് ശേഷം അദ്ദേഹം പറഞ്ഞു: "എന്നാൽ ഒരു കാര്യം മനസ്സിലാക്കുക. നാം വെള്ളത്തിൽ മത്സ്യങ്ങളെ പോലെ നീന്തുവാനും അന്തരീക്ഷത്തിൽ പറവകളെ പോലെ പറക്കുവാനും കഴിവുള്ളവരായെങ്കിലും ഭൂമിയിൽ മനുഷ്യരെ പോലെ ജീവിക്കാൻ പഠിക്കുകയും പരിശ്രമിക്കുകയും ചെയ്തില്ലായെങ്കിൽ നമ്മുടെ പുരോഗതികൾ കൊണ്ട് യാതൊരു ഗുണവുമില്ല." ഇന്ത്യയുടെ തന്നെ രാഷ്ട്രപതി ഡോ. സാക്കിർ ഹുസൈൻ ജാമിഅ: മില്ലിയ്യയുടെ 50-ാം വാർഷികത്തിൽ പ്രൗഢമായ ഒരു പ്രഭാഷണം നടത്തി. അത് നേരിട്ട് കേൾക്കാൻ എനിക്ക് കഴിഞ്ഞു. അദ്ദേഹം പറഞ്ഞു: "ഈ രാജ്യത്ത് ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളും, പടച്ചവൻ നമ്മിൽ നിന്ന് നിരാശപ്പെട്ടിട്ടില്ല, ഇപ്പോഴും വലിയ പ്രതീക്ഷയിലാണ് എന്ന് വിളിച്ചറിയിക്കുന്നു. കാരണം പടച്ചവൻ നിരാശപ്പെട്ടിരുന്നുവെങ്കിൽ സന്താനങ്ങളെ അയയ്ക്കുന്ന പ്രക്രിയ നിർത്തിക്കളയുമായിരുന്നു. എന്നാൽ രാജ്യത്തെ മുഴുവൻ ലോകത്തിന് മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ കലാപങ്ങൾ വിളിച്ചറിയിക്കുന്നത് നമുക്ക് പരസ്‌പരം ഒരുമിച്ച് സഹകരണത്തോടെ ജീവിക്കുക സാധ്യമല്ല എന്നാണ്. ഈ അവസ്ഥ ഈ രാജ്യത്തിനും ഈ രാജ്യത്തെ സ്നേഹിക്കുന്ന ആളുകൾക്കെല്ലാം അത്യന്തം വേദന പകരുന്ന കാര്യം തന്നെയാണ്."

🔹🔹🔹🔹🔹🔹🔹


മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുത്ത്വലാഖ്

(12 ആയത്തുകള്‍, പദങ്ങള്‍ 249, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 99. പാരായണ ക്രമം 65. സൂറത്തുദ്ദഹ്റിന് ശേഷം അവതരണം)

വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍ 

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 01-07

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

 يَٰأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ۝١ فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا ۝٢ وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا ۝٣ وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا ۝٤ ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا ۝٥ أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ ۝٦ لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا ۝٧٨

                പ്രവാചകരെ, (പറയുക:) നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചൊല്ലുമ്പോള്‍ അവരുടെ ഇദ്ദ (ദീക്ഷ)യുടെ കാലത്തിന് യോജിച്ച സമയത്ത് ത്വലാഖ് ചൊല്ലുകയും ഇദ്ദയെ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ പരിപാലകനായ അല്ലാഹുവിനെ നിങ്ങള്‍ ഭയപ്പെടുക. അവര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്.എന്നാല്‍ വ്യക്തമായ മോശത്തരവുമായി ബന്ധപ്പെട്ടാല്‍ പുറത്താക്കാവുന്നതാണ്. ഇത് അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളാണ്. ആരെങ്കിലും അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികള്‍ വിട്ടുകടന്നാല്‍ അവനോട് തന്നെ അവന്‍ അക്രമം ചെയ്തിരിക്കുന്നു. ഇതിനു ശേഷം അല്ലാഹു എന്തുകാര്യമാണ് കൊണ്ടുവരുന്നതെന്ന് താങ്കള്‍ക്ക് അറിയില്ല.(1) അവര്‍ ഇദ്ദ കാലം പൂര്‍ത്തിയാക്കാന്‍ അടുത്താല്‍ അവരെ നല്ലനിലയില്‍ പിടിച്ചുനിര്‍ത്തുകയോ മാന്യമായ നിലയില്‍ വിട്ടയയ്ക്കുകയോ ചെയ്യുക. നിങ്ങളില്‍ നീതിയുള്ള രണ്ടുപേരെ നിങ്ങള്‍ സാക്ഷികളാക്കുക. നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ശരിയായ നിലയില്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ക്ക് നല്‍കപ്പെടുന്ന ഉപദേശങ്ങളാണിവ. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവര്‍ക്ക് അല്ലാഹു രക്ഷാമാര്‍ഗ്ഗം തുറന്നുകൊടുക്കുന്നതാണ്.(2) അവര്‍ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവര്‍ക്ക് ഉപജീവനം നല്‍കുന്നതുമാണ്. അല്ലാഹുവില്‍ ഭരമേല്പിക്കുന്നവന് അവന്‍ തന്നെ മതി. അല്ലാഹുവിന്‍റെ ജോലി പൂര്‍ണ്ണമായി  അല്ലാഹു തന്നെ ചെയ്യുന്നതാണ്. അല്ലാഹു എല്ലാറ്റിനും ഒരു അളവ് നിശ്ചയിച്ചിരിക്കുന്നു.(3) നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവവിരാമം ഉണ്ടായ സ്ത്രീകളുടെ  വിഷയത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അവരുടെ ഇദ്ദ മൂന്ന് മാസമാണ്. ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളുടെയും ഇദ്ദ മൂന്ന് മാസമാണ്.  ഗര്‍ഭിണികളായ സ്ത്രീകളുടെ ഇദ്ദ അവര്‍ പ്രസവിക്കുന്നത് വരെയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ കാര്യങ്ങള്‍ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതാണ്.(4) ഇത് അല്ലാഹു നിങ്ങളിലേക്ക് ഇറക്കിയ അവന്‍റെ കല്പനയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കുന്നതും വമ്പിച്ച പ്രതിഫലം നല്‍കുന്നതുമാണ്.(5) നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങളുടെ കഴിവില്‍പെട്ട നിലയില്‍ ആ സ്ത്രീകളെ നിങ്ങള്‍ താമസിപ്പിക്കുക. അവരുടെമേല്‍ ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി അവരെ നിങ്ങള്‍ ബുദ്ധിമുട്ടിക്കരുത്. ഇനി അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതു വരെ അവര്‍ക്ക് നിങ്ങള്‍ ചിലവ് നല്‍കുക. ഇനി അവര്‍ നിങ്ങള്‍ക്ക് വേണ്ടി പാല്‍ കുടിപ്പിക്കുന്നെങ്കില്‍ അവര്‍ക്കുള്ള കൂലിയും നിങ്ങള്‍ നല്‍കുക. നിങ്ങള്‍ പരസ്പരം നല്ല നിലയില്‍ കൂടിയാലോചിച്ച് നീങ്ങുക. ഇനി നിങ്ങള്‍ പരസ്പരം എതിരായാല്‍ മറ്റൊരു സ്ത്രീ പാല്‍ കുടിപ്പിക്കട്ടെ.(6) വിശാലതയുള്ളവര്‍ വിശാലതയ്ക്കനുസരിച്ച് ചിലവഴിക്കേണ്ടതാണ്. വരുമാനം കുറഞ്ഞവര്‍ അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ നിന്നും ചിലവഴിച്ചാല്‍ മതി. അല്ലാഹു ഓരോരുത്തര്‍ക്കും നല്‍കിയതില്‍ മാത്രമേ ചിലവഴിക്കാന്‍ കല്പിക്കുകയുള്ളൂ. അല്ലാഹു ഞെരുക്കത്തിന് ശേഷം ഉടനെ തന്നെ വിശാലത ഉണ്ടാക്കുന്നതാണ്.(7)

വിവരണവും വ്യാഖ്യാനവും

മൂന്നാമത്തെ നിയമം: അവര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്! അവരുടെ വീടുകളില്‍ നിന്നും അവരെ പുറത്താക്കാനോ അവര്‍ പുറത്തേക്കിറങ്ങാനോ പാടില്ല. ഇവിടെ വീടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരുടെ വീട് എന്ന് പറഞ്ഞതില്‍ വീട് ഭര്‍ത്താവിന്‍റെതാണെങ്കിലും അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. എന്നറിയിക്കാനാണ്. സ്ത്രീയെ അവിടെ താമസിപ്പിക്കുന്നത് ഭര്‍ത്താവിന്‍റെ ഔദാര്യമല്ല. കടമയുടെ നിര്‍വഹണമാണ്. വിവാഹ മോചനത്തിലൂടെ ഈ അവകാശം അവസാനിക്കുന്നതല്ലന്ന് ഇദ്ദ അവസാനിക്കുന്നത് വരെ സ്ത്രീക്ക് അവിടെ താമസിക്കാന്‍ അവകാശം ഉണ്ടെന്ന് ഇത് അറിയിക്കുന്നു. ഇത്തരുണത്തില്‍ അവരെ അവിടെ നിന്നും പുറത്താക്കുന്നതും ഭര്‍ത്താവ് അനുവദിച്ചാലും  അവര്‍ സ്വയം പുറത്തേക്ക് പോകുന്നതും നിഷിദ്ധമാണ്. കാരണം ഇത് പടച്ചവനോടുള്ള കടമകൂടിയാണ്. പടച്ചവന്‍ അവരുടെ മേല്‍ നിര്‍ബന്ധമാക്കിയ കാര്യവുമാണ്. 

നാലാമത്തെ നിയമം: എന്നാല്‍ വ്യക്തമായ മോശത്തരവുമായി ബന്ധപ്പെട്ടാല്‍ പുറത്താക്കാവുന്നതാണ്!  സ്ത്രീ വ്യക്തമായ മോശത്തരത്തില്‍ കുടുങ്ങിയാല്‍ അവരെ വീട്ടില്‍ നിന്നും പുറത്താക്കാവുന്നതാണ്. ഈ മോശത്തരം കൊണ്ടുള്ള ഉദ്ദേശം എന്താണ് എന്ന വിഷയത്തില്‍ തഫ്സീര്‍ പണ്ഡിതര്‍ക്ക് മൂന്ന് അഭിപ്രായങ്ങളുണ്ട്. ഒന്ന്, അത് കൊണ്ടുള്ള ഉദ്ദേശം അവര്‍ സ്വയം വീട്ടില്‍ നിന്നും പുറത്ത് പോകലാണ്. അതായത്, വിവാഹമോചിതയായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോകാന്‍ പാടുള്ളതല്ല. എന്നാല്‍ അവര്‍ മോശപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധമാവുകയും അവര്‍ പുറത്തേക്ക് പോവുകയും ചെയ്താല്‍ അത് വളരെ മോശപ്പെട്ട കാര്യമാണ്. ഇതുകൊണ്ടുള്ള ഉദ്ദേശം അവര്‍ക്ക് പുറത്തേക്ക് പോകാന്‍ അനുവാദമുണ്ടെന്നല്ല. മറിച്ച് അവര്‍ പുറത്തേക്ക് പോകുന്നത് മഹാമോശമാണെന്ന് അറിയിക്കലാണ്. ഇബ്നു ഉമര്‍ (റ), സുദ്ദി (റ), ഇബ്നുസാഇബ് (റ), നഖഇ (റ), ഇമാം അബൂഹനീഫാ (റ) മുതലായവര്‍ ഈ അഭിപ്രായം പറഞ്ഞിരിക്കുന്നു. രണ്ട്, ഇത് കൊണ്ടുള്ള ഉദ്ദേശം വ്യഭിചാരമാണ്. അതായത് അവര്‍ വ്യഭിചരിച്ചതായി സ്ഥിരപ്പെട്ടാല്‍ അവരുടെ മേല്‍ ശിക്ഷാ നടപടി പൂര്‍ത്തീകരിക്കുന്നതിന് വീട്ടില്‍ നിന്നും പുറത്താക്കേണ്ടതാണ്. ഈ അഭിപ്രായം ഖതാദ (റ) ഹസന്‍ (റ) ശഅ്ബി (റ) സൈദ് (റ) ഇക്രിമ (റ) ഇമാം അബൂ യൂസുഫ് (റ) മുതലായവര്‍ പറഞ്ഞിരിക്കുന്നു. മൂന്ന്, ഇത് കൊണ്ടുള്ള ഉദ്ദേശം നാവ് കൊണ്ടുള്ള വഴക്കുകളാണ്. അതായത് സ്ത്രീ ഭര്‍ത്താവിനോടും ബന്ധുക്കളോടും അസഭ്യം പറയുകയും വഴക്കുണ്ടാക്കുകയും ചെയ്താല്‍ അവരെ വീട്ടല്‍ നിന്നും പുറത്താക്കാവുന്നതാണ്. ഈ അഭിപ്രായം ഇബ്നു അബ്ബാസ് (റ) ഉബയ്യ് (റ) ഇബ്നു മസ്ഊദ് (റ) തുടങ്ങിയവര്‍ പറഞ്ഞിരിക്കുന്നു. 
          ഇവിടെ വരെ വിവാഹ മോചനവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ പറഞ്ഞിരിക്കുന്നു. അടുത്ത ആയത്തുകളില്‍ കൂടുതല്‍ നിയമങ്ങള്‍ പറയുന്നതാണ്. എന്നാല്‍ ഇവിടെ ഈ നിയമങ്ങല്‍ പാലിക്കാനും ഇതിന് എതിര് പ്രവര്‍ത്തിക്കാതിരിക്കാനും ചില ഉപദേശങ്ങള്‍ നടത്തുന്നു. ഇത് പരിശുദ്ധ ഖുര്‍ആനിന്‍റെ ഒരു പ്രത്യേക ശൈലിയാണ്. നിയമങ്ങള്‍ക്കിടയില്‍ പടച്ചവനോടുള്ള ഭയവും പരലോക ചിന്തയും വര്‍ദ്ധിപ്പിക്കുകയും എതിര് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയുകയും ചെയ്തിരിക്കുന്നു. കാരണം ഭാര്യ ഭര്‍ത്താക്കന്‍മാരുടെ പരസ്പരം ഉള്ള കടമകള്‍ വെറും നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം നടപ്പാക്കാന്‍ കഴിയുന്ന കാര്യമല്ല. അതിന് പടച്ചവനോടുള്ള ഭയവും പരലോക ചിന്തയും അത്യാവശമാണ്. ഇത് അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളാണ്. ആരെങ്കിലും അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികള്‍ വിട്ടുകടന്നാല്‍ അവനോട് തന്നെ അവന്‍ അക്രമം ചെയ്തിരിക്കുന്നു. ഇതിനു ശേഷം അല്ലാഹു എന്തുകാര്യമാണ് കൊണ്ടുവരുന്നതെന്ന് താങ്കള്‍ക്ക് അറിയില്ല.(1) അല്ലാഹുവിന്‍റെ നിയമാതിര്‍ത്തി കൊണ്ടുള്ള ഉദ്ദേശം അതായത് ആരെങ്കിലും ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ചാല്‍ അത് അവനോട് തന്നെയുള്ള അക്രമമാണ്. അതായത്, അവന്‍ ഇസ്ലാമിക ശരീഅത്തിന് ഒരു കുഴപ്പവും ചെയ്യുന്നതല്ല. അതിന്‍റെ കുഴപ്പം അവന് തന്നെയാണ്. ദീനിലും ദുന്‍യാവിലും അത് കാരണം കുഴപ്പങ്ങളുണ്ടാകുന്നതാണ്. ദീനിയായ കുഴപ്പമെന്നാല്‍ പാപവും പരലോക ശിക്ഷയും ലഭിക്കുമെന്നാണ്. ദുന്‍യാവില്‍ കുഴപ്പമെന്നാല്‍ നിയമങ്ങള്‍ പാലിക്കാതെ ത്വലാഖ് ചൊല്ലുന്നവര്‍ പലപ്പോഴും മൂന്ന് ത്വലാഖുകളില്‍ എത്തിച്ചേരുന്നതാണ്. അതിനുശേഷം മടക്കിയെടുക്കാനോ, ബന്ധം പുതുക്കാനോ സാധിക്കുന്നതല്ല. ഇത്തരം ആളുകള്‍ ത്വലാഖിന് ശേഷം ദു:ഖിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നതാണ്. പ്രത്യേകിച്ചും സന്താനങ്ങള്‍ ഉള്ളവരാണെങ്കില്‍ വലിയ പ്രയാസങ്ങളുണ്ടാകുന്നതാണ്. ധാരാളം ആളുകള്‍ ഭാര്യയെ ഉപദ്രവിക്കാനും വേദനിപ്പിക്കാനും വേണ്ടിയുള്ള ഉദ്ദേശത്തില്‍ അക്രപരമായി ത്വലാഖ് ചൊല്ലാറുണ്ട്. അതിന്‍റെ പേരില്‍ സ്ത്രീയ്ക്ക് കുറച്ച് പ്രയാസങ്ങളുണ്ടായാലും തെറ്റായി ത്വലാഖ് ചൊല്ലിയവന് രണ്ട് ശിക്ഷയുണ്ടാകുന്നതാണ്. 1. അല്ലാഹുവിന്‍റെ നിയമങ്ങളെ ലംഘിച്ചതിന്‍റെ ശിക്ഷ. 2. സ്ത്രീയെ ദ്രോഹിച്ചതിനുള്ള ശിക്ഷ. കവി പറയുന്നു: എന്നോട് എന്തോ അക്രമം ചെയ്തുവെന്ന് അക്രമി വിചാരിക്കുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ അക്രമം വീണത് അവന്‍റെ പിരടിയിലാണ്. എന്‍റെ തലയിലൂടെ അക്രമം കടന്നുപോവുക മാത്രമേ ചെയ്തിട്ടുള്ളൂ. 
        ഇതിനു ശേഷം അല്ലാഹു എന്തുകാര്യമാണ് കൊണ്ടുവരുന്നതെന്ന് താങ്കള്‍ക്ക് അറിയില്ല.(1) അതായത്, കോപവിദ്വേഷങ്ങള്‍ നിറഞ്ഞ ഈ അവസ്ഥയ്ക്ക് ശേഷം അല്ലാഹു മറ്റെന്തെങ്കിലും അവസ്ഥയുണ്ടാക്കുമോ എന്ന് നിങ്ങള്‍ക്ക് അറിയില്ല. ഭാര്യയിലൂടെ ലഭിച്ചിരുന്ന സന്തോഷങ്ങളും സന്താനങ്ങളുടെ പരിപാലനവും വീട്ടിലെ സൗകര്യങ്ങളും ഓര്‍ത്ത് നിങ്ങള്‍ വിവാഹ വിവാഹമോചനത്തിന്‍റെ പേരില്‍ ദു:ഖിക്കുകയും രണ്ടാമതും അവരോടൊത്തുള്ള ജീവിതം തുടരാന്‍ ആഗ്രഹിക്കുകയും ചെയ്തേക്കാം. നിങ്ങള്‍ ഒന്നാമത്തെ ത്വലാഖിന്‍റെ സമയവും രീതിയും ശ്രദ്ധിച്ചാല്‍ മാത്രമേ ഇത് നടക്കുകയുള്ളൂ. അതായത്, നിങ്ങള്‍ മൂന്ന് ത്വലാഖ് ചൊല്ലരുത്. മടക്കിയെടുക്കാന്‍ പറ്റുന്ന നിലയില്‍ മാത്രം ത്വലാഖ് ചൊല്ലുക. ത്വലാഖ് മൂന്നിലേക്ക് എത്തിച്ചേര്‍ന്നാല്‍ അവരെ നിങ്ങള്‍ക്ക് തിരിച്ചെടുക്കാന്‍ സാധിക്കുന്നതല്ല.   

അഞ്ചാമത്തെ നിയമം: അവര്‍ ഇദ്ദ കാലം പൂര്‍ത്തിയാക്കാന്‍ അടുത്താല്‍ അവരെ നല്ലനിലയില്‍ പിടിച്ചുനിര്‍ത്തുകയോ മാന്യമായ നിലയില്‍ വിട്ടയയ്ക്കുകയോ ചെയ്യുക! ഈ ആയത്തില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട നിയമം വിവരിക്കപ്പെട്ടിരിക്കുകയാണ്. അതായത് വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീയുടെ ഇദ്ദയുടെ കാലം അവസാനിക്കാനടുത്താല്‍ വിവാഹ ബന്ധവും അവസാനിക്കാന്‍ അടുത്തുവെന്ന് ഉണരുക. പെട്ടന്നുള്ള ആവേശങ്ങളുടേയും ദുഖ കോപങ്ങളുടേയും അവസ്ഥ ഇപ്പോള്‍ അവസാനിപ്പിക്കേണ്ടതാണ്. ഇത്തരുണത്തില്‍ വിവാഹ ബന്ധം നിലനിര്‍ത്തുന്നതാണോ തീര്‍ത്തും അവസാനിപ്പിക്കേണ്ടതാണോ ഉത്തമമെന്ന് അത്മാര്‍ത്ഥമായി ചിന്തിക്കുക. വിവാഹ ബന്ധം തുടരുന്നതാണ് ഉത്തമമെങ്കില്‍ വിവാഹ ബന്ധം തുടരുക.  ഇതിനുള്ള സുന്നത്തായ രൂപം അടുത്ത ആയത്തില്‍ പറയപ്പെടുന്നത് പോലെ ഞാന്‍ മടക്കി എടുത്തു എന്ന് പറയുകയും രണ്ട് പേരെ സാക്ഷി നിര്‍ത്തുകയും ചെയ്യലാണ്.  അവസാനിപ്പിക്കുന്നതാണ് ഉത്തമമെന്ന് മനസ്സിലായാല്‍ നല്ല നിലയില്‍ അവരെ സ്വതന്ത്രമാക്കുക. അതായത് ഇദ്ദ അവസാനിക്കാന്‍ അനുവദിക്കുക. ഇദ്ദ അവസാനിക്കുന്നതോടെ അവര്‍ സ്വതന്ത്രമാവുന്നതാണ്. 

ആറാമത്തെ നിയമം: ഇദ്ദ അവസാനിക്കുന്ന സമയത്ത് വിവാഹം തുടരുന്നതിനെക്കുറിച്ച് വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞപ്പോള്‍ ബി മഅ്റൂഫിന്‍ എന്ന് ആവര്‍ത്തിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്. അറിയപ്പെട്ട മാര്‍ഗ്ഗം എന്നാണ് മഅ്റൂഫിന്‍റെ വാക്കര്‍ത്ഥം. ശരീഅത്തും സുന്നത്തും കൊണ്ട് സ്ഥിരപ്പെട്ടതും ഇസ്ലാമിനും മുസ്ലിംകളിലും അറിയപ്പെട്ടതുമായ മാര്‍ഗ്ഗം സ്വീകരിക്കുക എന്നതാണ് ആശയം. അതായത് വിവാഹ ബന്ധം തുടരാനാണ് ഉദ്ദേശമെങ്കില്‍ ശേഷം അവരെ വാക്കോ പ്രവര്‍ത്തനമോ കൊണ്ട് ഉപദ്രവിക്കരുത്. അവരുടെ മേല്‍ ഉപകാരം എടുത്ത് പറയുകയും അരുത്. ഇനി പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന്  വിവാഹ മോചനത്തിന് കാരണമായ അവരുടെ ന്യൂനതയും സ്വഭാവ ദൂശ്യവും ഭാവി കാലത്ത് സഹിക്കാമെന്ന് തീരുമാനിക്കുകയും ചെയ്യുക.ഇനി അവരുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ അതിനുള്ള മാന്യമായ മാര്‍ഗ്ഗം സ്വീകരിക്കുക. അവരെ നിന്ദിക്കുകയോ അസഭ്യം പറഞ്ഞ് പുറത്താക്കുകയോ ചെയ്യരുത്. മറിച്ച് സത്സ്വഭാവത്തോടെ യാത്രയാക്കുക. കൂട്ടത്തില്‍ അവര്‍ക്ക് മാന്യമായ എന്തങ്കിലും ഉപഹാരം നല്‍കുകയും ചെയ്യുക.

ഏഴാമത്തെ നിയമം:  വിവാഹ മോചനം നടത്തുന്നെങ്കില്‍ നല്ല നിലയില്‍ നടത്തുക. എന്നതില്‍ നിന്നും കഴിഞ്ഞ ആയത്തിലെ അവസാന പ്രയോഗത്തില്‍ നിന്നും മനസ്സിലാകുന്ന കാര്യം വിവാഹ മോചനം ചെയ്യുന്നെങ്കില്‍ മടക്കിയെടുക്കാന്‍ കഴിയുന്ന ഒരു ത്വലാഖ് മാത്രം ചൊല്ലുക എന്നാണ്. ഇതോടൊപ്പം വിവാഹ ബന്ധം പൂര്‍ണ്ണമായി മുറിഞ്ഞുവെന്ന് അറിയിക്കുന്ന കോപിത്തന്‍റെയും വെറുപ്പിന്‍റെയും വാക്കുകളൊന്നും പറയുകയും ചെയ്യരുത്. എന്‍റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുക, ഞാന്‍ നിന്നെ കടുത്ത നിലയില്‍ ത്വലാഖ് ചൊല്ലുന്നു, ഇനി നീയുമായി വിവാഹത്തിന്‍റെ ഒരു ബന്ധവുമില്ല. എന്നിങ്ങനെയുള്ള വാക്കുകള്‍ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്താല്‍ തിരിച്ചെടുക്കാനുള്ള അവകാശം നഷ്ട്ടപ്പെടുന്നതാണ്. പ്രത്യേകിച്ചും മൂന്ന് ത്വലാഖ് നടത്തിയാല്‍ ഭര്‍ത്താവിന് മടക്കിയെടുക്കാനുള്ള അവകാശം തന്നെ നഷ്ട്ടെപ്പടുന്നതാണ്. ഇനി ഇരുവരും പരസ്പരം തൃപ്തിപ്പെട്ട് വിവാഹം കഴിക്കാന്‍ തയ്യാറായാലും അത് സാധ്യമാകുന്നതല്ല. ............(ബഖറ 230)
      മൂന്ന് ത്വലാഖ് ഒരേ സമയം നിര്‍വഹിക്കുന്നത് നിഷിദ്ധമാണ്. എന്നാല്‍ അതിലൂടെ ത്വലാഖ് സംഭവിക്കുന്നതാണെന്ന് ഉമ്മത്ത് ഏകോപിച്ചിരിക്കുന്നു: ഇക്കാലത്ത് ദീനിനോടുള്ള അവഗണനയും ദീനീ നിയമങ്ങളോടുള്ള അശ്രദ്ധയും വ്യാപകമായി ഇരിക്കുകയാണ്. വിവരമില്ലാത്തവരുടെ കാര്യമിരിക്കട്ടെ എഴുത്തും വായനയുമായി ബന്ധമുള്ളവര്‍ക്ക് പോലും മൂന്ന് ത്വലാഖിനെക്കാള്‍ കുറഞ്ഞ ഒരു ത്വലാഖിനെക്കുറിച്ച് അറിവുമില്ല.  മൂന്ന് ത്വലാഖുകള്‍ ചൊല്ലിയ ശേഷം തിരച്ചെടുക്കാന്‍ വേണ്ടി കറങ്ങി നടക്കുന്ന ധാരാളം ആളുകളെ കാണാന്‍ കഴിയും മൂന്ന് ത്വലാഖുകള്‍ ഒരുമിച്ച് നടത്തുന്നതിന്‍റെ പേരില്‍ റസൂലുല്ലാഹി (സ) കടുത്ത കോപം പ്രകടിപ്പിക്കുമായിരുന്നു. നസാഈ.  ഇക്കാരണത്താല്‍ ഒരേ സമയത്ത് മൂന്ന് ത്വലാഖ് ചൊല്ലുന്നത്  നിഷിദ്ധമാണെന്ന വിഷയത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു. മൂന്ന് ശുദ്ധികളില്‍ മൂന്ന് ത്വലാഖുകള്‍ വെവ്വേറെയായി ചെല്ലുന്നത് പോലും അനിഷ്ടകരമാണ് എന്ന വിഷയത്തിലും എല്ലാവരും ഏകോപിച്ചിരിക്കുന്നു. ഇമാം മാലിക്ക് (റ) പറയുന്നു: ഇപ്രാകരം ചെയ്യുന്നത് നിഷിദ്ധമാണ്. ഇമാം അബൂ ഹനീഫാ, ഇമാം ശാഫിഈ ഇരുവരും പറയുന്നു: ഇത് അതൃപ്തികരമായ പ്രവര്‍ത്തനമാണ്. 
  മൂന്ന് ത്വലാഖുകള്‍  ഒരുമിച്ച് ചൊല്ലുന്നത് നിഷിദ്ധമായത് പോലെ ഇപ്രകാരം  ചെയ്തവര്‍ ശേഷം ഒരുമിച്ച് കഴിയാന്‍ ഉദ്ദേശിച്ചാല്‍ മറ്റൊരാളുമായി വിവാഹം ചെയ്യാതെ സാധ്യമല്ലാ എന്നതും എല്ലാവരും ഏകോപിച്ചിരിക്കുന്നു. മദ്ഹബ് സ്വീകരിക്കാത്ത ആളുകളും ശിയാക്കളും ഒഴിച്ചുള്ള നാല് മദ്ഹബ്കളും ഏകോപിച്ച് പറയുന്നു: മൂന്ന് ത്വലാക്കുകള്‍ ഒറ്റയടിക്ക് പറയപ്പെട്ടാല്‍ മൂന്നും സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് ആരെങ്കിലും ഒരു നിരപരാധിയെ വധിക്കുകയാണെങ്കില്‍ അത് ഹറാമാണെങ്കിലും വധിക്കപ്പെട്ടവന്‍ മരിക്കുകയ തന്നെ ചെയ്യുന്നതാണ്. ഇത്പോലെ മൂന്ന് ത്വലാഖുകള്‍ ഹറാമാണെങ്കിലും അത് നടത്തപ്പെട്ടാല്‍ അത് സംഭവിക്കുക തന്നെയാണ്. നാല് മദ്ഹബ്കള്‍ മാത്രമല്ല. ഉമറുല്‍ ഫാറൂഖ് (റ) ന്‍റെ കാലത്ത് ഈ വിശയത്തില്‍ സഹാബി വര്യന്‍മാര്‍ ഏകോപിക്കുകയും ചെയ്തരിക്കുന്നു. ഇതിന്‍റെ വിശദമായ വിവരണം സൂറത്തുല്‍ ബഖറയില്‍ വന്നിട്ടുണ്ട്. 
      
എട്ടാമത്തെ നിയമം: നിങ്ങളില്‍ നീതിയുള്ള രണ്ടുപേരെ നിങ്ങള്‍ സാക്ഷികളാക്കുക! ഇദ്ദ അവസാനിക്കുന്ന സമയത്ത് ഭാര്യയെ മടക്കി എടുക്കുകയോ ഇദ്ദ അവസാനിക്കുമ്പോള്‍ സ്വതന്ത്രമാക്കി വിടുകയോ ചെയ്യാനുദ്ദേശിച്ചാല്‍ ഇതിന്‍റെ മേല്‍ പരിഗണനീയരായ രണ്ട് സാക്ഷികളെ നിര്‍ത്തേണ്ടതാണെന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാകുന്നു. ഇപ്രകാരം ചെയ്യുന്നത് പുണ്യമാണെന്ന് ഭൂരിഭാഗം പണ്ഡിതരും പറയുന്നു. സാക്ഷിയെ നിര്‍ത്തുന്നതിന്‍റെ ഗുണം ഇതാണ്: മടക്കി എടുത്തില്ലെന്ന് പറഞ്ഞുകൊണ്ട് പിന്നീട് സ്ത്രീയ്ക്ക് പുറത്ത് പോകാന്‍ കഴിയുന്നതല്ല. ഇപ്രകാരം എന്തെങ്കിലും ദുരുദ്ദേശത്തിന്‍റെ പേരിലോ പഴയെ ഭാര്യയോടുള്ള അമിതമായ സ്നേഹം കാരണമോ ഞാന്‍ തിരിച്ചിടുത്തിരുന്നു എന്ന് പറയാന്‍ ഭര്‍ത്താവിന് കഴിയുന്നതുമല്ല. സാക്ഷികള്‍ നീതിന്മാന്മാരായിരിക്കണം എന്നതിന്‍റെ ഉദ്ദേശം വിശ്വസ്തരായിരിക്കണം എന്നതാണ്. വിശ്വസ്തരല്ലാത്ത സാക്ഷിയുടെ മൊഴി സ്വീകരിക്കപ്പെടുന്നതല്ല.
  നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ശരിയായ നിലയില്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക! ഇത് പൊതുമുസ്ലിംകളോടുള്ള കല്‍പ്പനയാണ്. അതായത് നിങ്ങള്‍ തിരിച്ചെടുക്കുകയോ വിവാഹം അവസാനിപ്പിക്കുകയോ ചെയ്യുന്ന ഏതെങ്കിലും സംഭവത്തിന് സാക്ഷിയാവുകയും വിധികര്‍ത്താവിന് മുമ്പാകെ സാക്ഷ്യം രേഖപ്പെടുത്തേണ്ടതായി വരുകയും ചെയ്താല്‍ യാതൊരുവിധ പരിഗണനയും അടുപ്പവും അകല്‍ച്ചയും പരിഗണിക്കാതെ സാക്ഷ്യം രേഖപ്പെടുത്തേണ്ടതാണ്.

    ശിക്ഷാനിയമങ്ങളുടെ വിഷയത്തില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ തന്ത്രപൂര്‍ണ്ണമായ സംസ്കരണ ശൈലി: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ക്ക് നല്‍കപ്പെടുന്ന ഉപദേശങ്ങളാണിവ! പരലോകത്തിന്‍റെ കാര്യം ഇവിടെ പ്രത്യേകം അനുസ്മരിച്ചത് ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള കര്‍ത്തവ്യങ്ങള്‍ ഭയഭക്തിയും പരലോക ചിന്തയും കൂടാതെ നിര്‍വ്വഹിക്കുക സാധ്യമല്ലാത്തതുകൊണ്ടാണ്. നിയമ നിര്‍മ്മാണങ്ങളും കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷ നല്‍കലും ഭരണകൂടങ്ങള്‍ പണ്ടുമുതല്‍ക്കേ ചെയ്യാറുള്ളതാണ്. പരിശുദ്ധ ഖുര്‍ആനും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ വിവരിക്കുകയും നിയമങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ്. എന്നാല്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ ശൈലി ലോകത്തുള്ള ഇതര നിയമ ഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇതില്‍ ഓരോ നിയമങ്ങളും വിവരിക്കുമ്പോള്‍ അതിന് മുമ്പും ശേഷവും പടച്ചവനെയും പരലോകത്തെയും അനുസ്മരിക്കാറുണ്ട്. അതെ, ഇസ്ലാമില്‍ ഒരു നിയമം പാലിക്കുന്നത് ഏതെങ്കിലും മനുഷ്യന്‍റെയോ അധികാരിയുടെയോ ഭയത്തിന്‍റെ പേരിലല്ല. മറിച്ച് പടച്ചവനോടുള്ള ഭയത്തിന്‍റെ പേരിലാണ്. ആര് കണ്ടാലും ഇല്ലെങ്കിലും രഹസ്യത്തിലും പരസ്യത്തിലും സര്‍വ്വ രൂപങ്ങളിലും നിയമങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുര്‍ആനില്‍ ശരിയായി വിശ്വസിക്കുന്നവരുടെ മേല്‍ കടുത്ത നിയമങ്ങള്‍ പോലും നടപ്പിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും നേരിടാറില്ല. അതിനുവേണ്ടി പോലീസിന്‍റെയോ സ്പഷ്യല്‍ പോലീസിന്‍റെയോ രഹസ്യ ഉദ്യോഗസ്ഥന്മാരുടെയോ ആവശ്യങ്ങള്‍ നേരിടാറില്ല. 
      പരിശുദ്ധ ഖുര്‍ആനിന്‍റെ ഈ സംസ്കരണ ശൈലി എല്ലാ ഇസ്ലാമിക നിയമങ്ങള്‍ക്കും ബാധകമാണെങ്കിലും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള ബന്ധങ്ങളുടെയും പരസ്പര കടമകമകളുടെയും നിയമങ്ങളില്‍ ഈ കാര്യം വളരെ കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. കാരണം വൈവാഹിക ബന്ധത്തിന്‍റെ സര്‍വ്വ കാര്യങ്ങളിലും സാക്ഷികള്‍ ലഭ്യമാകുന്നതല്ല. കോടതിയുടെ അന്വേഷണത്തിലൂടെ ഇരുവരുടെയും പരസ്പരം കുറവുകളെയും വീഴ്ചകളെയും ശരിയായി അനുമാനിക്കാനും സാധിക്കുന്നതല്ല. ഈ കാര്യങ്ങളുടെ പരിപൂര്‍ണ്ണമായ അടിസ്ഥാനം ഇണകളുടെ മനസ്സുകളുടെയും കര്‍മ്മങ്ങളുടെയും മേലാണ്. ഇതുകൊണ്ട് തന്നെയാണ് വിവാഹത്തിന് മുമ്പുള്ള സുന്നത്തായ ഖുതുബയില്‍ പാരായണം ചെയ്യപ്പെടുന്ന മൂന്ന് ആയത്തുകളിലും തഖ്വയെക്കുറിക്ക് വളരെ ശക്തമായും വ്യക്തമായും ഉണര്‍ത്തപ്പെട്ടിരിക്കുന്നത്. പ്രസ്തുത ആയത്തുകള്‍ വിവാഹിതരായ ദമ്പതികളെ അറിയിക്കുന്നു: നമ്മെ ആര് കണ്ടാലും ഇല്ലെങ്കിലും സമുന്നതനായ പടച്ചവന്‍ രഹസ്യവും പരസ്യവുമായ സര്‍വ്വ കര്‍മ്മങ്ങളും മനസ്സുകളില്‍ മറഞ്ഞിരിക്കുന്ന ചിന്താഗതികള്‍ പോലും അറിയുന്നവനാണ്. നാം പരസ്പരമുള്ള കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ വല്ല വീഴ്ച വരുത്തുകയോ ഒരാള്‍ മറ്റൊരാളെ ദ്രോഹിക്കുകയോ ചെയ്താല്‍ രഹസ്യങ്ങള്‍ അറിയുന്ന പടച്ചവന് മുന്നില്‍ മറുപടി പറയേണ്ടി വരുന്നതാണ്! ഇപ്രകാരം വിവാഹ മോചനത്തെക്കുറിച്ച് വിവരിക്കുന്ന ഈ അദ്ധ്യായത്തില്‍ ആദ്യത്തെ കല്‍പ്പന കഴിഞ്ഞയുടനെ പടച്ചവനെ ഭയക്കുകയെന്ന് ഉപദേശിച്ചു. തുടര്‍ന്ന് നാല് നിയമങ്ങള്‍ അനുസ്മരിച്ച ശേഷം ഉണര്‍ത്തുന്നു: ആരെങ്കിലും ഈ നിയമങ്ങള്‍ക്ക് എതിര് പ്രവര്‍ത്തിച്ചാല്‍ അവന്‍ മറ്റാരുടെയും മേലല്ല, അവന്‍റെ മേല്‍ തന്നെയാണ് അക്രമം കാട്ടുന്നത്. ഈ ആക്രമം അവനെ തന്നെ നശിപ്പിക്കുന്നതാണ്. അടുത്തതായി നാല് നിയമങ്ങള്‍ വിവരിച്ച ശേഷം വീണ്ടും ആവര്‍ത്തിക്കുന്നു: ഇത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരോട് നടത്തപ്പെടുന്ന ഉപദേശങ്ങളാകുന്നു! തുടര്‍ന്ന് തഖ്വയുടെ പ്രയോജനങ്ങളും മത ഭൗതിക ഐശ്വര്യങ്ങളും വിവരിക്കുന്നു: ശേഷം അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്നതിന്‍റെ മഹത്വങ്ങള്‍ പറയുന്നു. പിന്നീട് ഇദ്ദയുടെ ഏതാനും നിയമങ്ങള്‍ വിവരിച്ച ശേഷം വീണ്ടും രണ്ട് ആയത്തുകളുടെ അവസാനത്തില്‍ തഖ്വയുടെ കൂടുതല്‍ ഐശ്വര്യങ്ങള്‍ വിവരിക്കുന്നു. അവസാനം ഭാര്യയുടെ ചിലവിന്‍റെയും പാല് കുടിപ്പിക്കുന്നതിന്‍റെയും മറ്റും നിയമങ്ങള്‍ വിവരിക്കുകയും അവസാനം വീണ്ടും മേല്‍ പറയപ്പെട്ടതുപോലുള്ള ഉപദേശങ്ങള്‍ നടത്തുകയും ചെയ്യുന്നു. അതെ, ത്വലാഖും മറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ ചിലയിടങ്ങളില്‍ തഖ്വയുടെ ഐശ്വര്യങ്ങളും മറ്റ് ചിലയിടങ്ങളില്‍ തവക്കുലിന്‍റെ ഗുണങ്ങളും വേറെ ചിലയിടങ്ങളില്‍ വീണ്ടും തഖ്വയുടെ മഹത്വങ്ങളും പറഞ്ഞിരിക്കുന്നത് ബാഹ്യമായി നോക്കുമ്പോള്‍ ബന്ധമില്ലാത്ത കാര്യങ്ങളായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് പരിശുദ്ധ ഖുര്‍ആനിന്‍റെ തന്ത്രജ്ഞത നിറഞ്ഞ സംസ്കരണ ശൈലിയാണ്. അതുകൊണ്ട് ഇവയ്ക്കിടയില്‍ ആഴമേറിയ ബന്ധമുണ്ട്. അടുത്തതായി ആയത്തുകളുടെ വിവരണം ശ്രദ്ധിക്കുക:

   അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവര്‍ക്ക് അല്ലാഹു രക്ഷാമാര്‍ഗ്ഗം തുറന്നുകൊടുക്കുന്നതാണ്.(2) അവര്‍ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവര്‍ക്ക് ഉപജീവനം നല്‍കുന്നതുമാണ്! തഖ്വ എന്നതിന്‍റെ  ഭാഷാര്‍ത്ഥം സൂക്ഷിക്കുക എന്നതാണ്. ശരീഅത്തില്‍ പാപങ്ങള്‍ വര്‍ജ്ജിക്കുന്നതിന് തഖ്വ എന്ന് പറയപ്പെടുന്നു. ഈ പദം അല്ലാഹുവിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍ ആശയം ഇപ്രകാരമാണ്: അല്ലാഹുവിന് എതിര് പ്രവര്‍ത്തിക്കുന്നതിനെ സൂക്ഷിക്കുക. ഈ ആയത്തുകളില്‍ അല്ലാഹു തഖ്വയുടെ പേരില്‍ രണ്ട് അനുഗ്രഹങ്ങള്‍ വിവരിച്ചിരിക്കുന്നു. ഒന്ന്, ഇഹലോകത്തെയും പരലോകത്തെയും എല്ലാവിധ പ്രയാസ പ്രശ്നങ്ങളില്‍ നിന്നും അല്ലാഹു രക്ഷാമാര്‍ഗ്ഗം തുറന്ന് തരുന്നതാണ്. രണ്ട്, അവന്‍ വിചാരിക്കാത്ത ഭാഗത്ത് കൂടി അല്ലാഹു ഉപജീവനം നല്‍കുന്നതാണ്. ഇവിടെ ഉപജീവനം എന്നതുകൊണ്ടുള്ള ഉദ്ദേശം ഇഹലോകത്തും പരലോകത്തും ആവശ്യമായ വസ്തുക്കളാണ്. ചുരുക്കത്തില്‍ അല്ലാഹു ഭയഭക്തിയുള്ളവരുടെ എല്ലാ പ്രയാസങ്ങളും ദൂരീകരിക്കുന്നതും സര്‍വ്വ ആവശ്യങ്ങളും ഏറ്റെടുക്കുന്നതും അവന്‍ വിചാരിക്കാത്ത ഭാഗത്ത് കൂടി അവ നിര്‍വ്വഹിച്ച് കൊടുക്കുന്നതുമാണ്. (റൂഹുല്‍ മആനി)
  സൂറത്തിലെ വിഷയവുമായി ബന്ധപ്പെട്ട് ഇതിനെ പണ്ഡിതര്‍ ഇപ്രകാരം വിശദീകരിക്കുന്നു: ത്വലാഖ് ചൊല്ലുന്ന പുരുഷനും ചൊല്ലപ്പെടുന്ന സ്ത്രീയും ഇരുവരുമോ ഒരാളോ ഭയഭക്തി തെരഞ്ഞെടുത്താല്‍ അതിന് ശേഷമുള്ള എല്ലാ പ്രയാസങ്ങളില്‍ നിന്നും അല്ലാഹു രക്ഷിക്കുന്നതാണ്. പുരുഷന് അനുയോജ്യ ഭാര്യയെയും സ്ത്രീയ്ക്ക് അനുയോജ്യ ഭര്‍ത്താവിനെ നല്‍കുന്നതും അവരുടെ എല്ലാ പ്രയാസങ്ങളും ദൂരീകരിക്കുന്നതും ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതുമാണ്. (റൂഹുല്‍ മആനി) 
      ആയത്തിന്‍റെ അവതരണ പശ്ചാത്തലം: ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു: ഔഫ് (റ) റസൂലുല്ലാഹി (സ)യുടെ സന്നിധിയില്‍ ഹാജരായി പറഞ്ഞു: എന്‍റെ മകന്‍ സാലിമിനെ ശത്രുക്കള്‍ പിടികൂടിയിരിക്കുന്നു. മാതാവ് വലിയ ദു:ഖത്തിലാണ്. ഞാന്‍ എന്ത് ചെയ്യണം? റസൂലുല്ലാഹി (സ) അരുളി: നിങ്ങളും ഭാര്യയും പടച്ചവനോട് ഭയഭക്തി പുലര്‍ത്തുകയും ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന് അധികമായി ചൊല്ലുകയും ചെയ്യുക. അവര്‍ രണ്ടുപേരും ഇത് പാലിച്ചു. തല്‍ഫലമായി തടവില്‍ പിടിച്ച ശത്രുക്കള്‍ ഒരു ദിവസം അശ്രദ്ധരാവുകയും മകന്‍ തടവില്‍ നിന്നും രക്ഷപ്പെടുകയും വഴിയില്‍ കണ്ട കുറേ ആടുകളെ കൂട്ടത്തില്‍ കൊണ്ടുവരികയും ചെയ്തു. വേറൊരു നിവേദനത്തില്‍ വഴിയില്‍ കണ്ട ഒരു ഒട്ടകത്തില്‍ കയറി വന്നുവെന്നുമുണ്ട്. പിതാവ് റസൂലുല്ലാഹി (സ)യുടെ അരികിലെത്തി സംഭവം വിവരിച്ചു. കൂട്ടത്തില്‍ ഈ ആടുകളെയും ഒട്ടകങ്ങളെയും എന്ത് ചെയ്യണമെന്ന് ചോദിച്ചു. റസൂലുല്ലാഹി (സ) അത് അവര്‍ക്കനുവദനീയമാണെന്ന് പറഞ്ഞു. തദവസരം ഈ ആയത്ത് അവതരിച്ചു. (റൂഹുല്‍ മആനി) ഈ ആയത്ത് ത്വലാഖുമായി ബന്ധപ്പെട്ടതാണ് ഇറങ്ങിയതെങ്കിലും ഇതിന്‍റെ ആശയം പൊതുവായ നിലയിള്ളതാണെന്നും അവതരണ പശ്ചാത്തലത്തില്‍ നിന്നും മനസ്സിലാകുന്നു. 
  മസ്അല: നിഷേധികള്‍ തടവില്‍ പിടിച്ച സമയത്ത് അവരുടെ സമ്പത്ത് വല്ലതും കൈയ്യില്‍ വന്നാല്‍ അത് ഗനീമത്തെന്ന നിലയില്‍ അനുവദനീയമാണ്. കൂടാതെ, ഗനീമത്ത് നിയമം പോലെ ഇതിന്‍റെ അഞ്ചിലൊന്ന് ബൈത്തുല്‍ മാലിലേക്ക് കൊടുക്കേണ്ടതില്ലെന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാകുന്നു. ഫുഖഹാഅ് പറയുന്നു: യുദ്ധം നടക്കുന്ന പ്രദേശത്തേക്ക് രഹസ്യമായി പോയി കൊണ്ടുവരുന്ന സമ്പത്തിന്‍റെ നിയമവും ഇത് തന്നെയാണ്. എന്നാല്‍ ശത്രുക്കളുമായി സന്ധിയിലാവുകയും ഇന്നത്തെ വിസ പോലെ അവരുടെ അനുവാദത്തോട് കൂടി പോവുകയും ചെയ്താല്‍ അവരുടെ തൃപ്തിയില്ലാതെ അവരുടെ സമ്പത്ത് എടുക്കാന്‍ അനുവാദമില്ല. ആരെങ്കിലും തടവിലായി ശത്രുക്കളുടെ നാട്ടില്‍ പോവുകയും അവിടെയുള്ള ആരെങ്കിലും എന്തെങ്കിലും ഏല്‍പ്പിക്കുകയും ചെയ്താല്‍ അത് കൊണ്ടുവരാനും അനുവാദമില്ല. കാരണം ഒന്നാമത്തെ രൂപത്തില്‍ അവിടെയുള്ള ജീവനും സമ്പത്തിനും കുഴപ്പം വരുത്തില്ലെന്ന് കരാര്‍ ചെയ്തിരിക്കുന്നു. രണ്ടാമത്തെ രൂപത്തില്‍ രേഖാമൂലം കരാര്‍ ഇല്ലെങ്കിലും കാര്‍മ്മികമായി കരാറുണ്ട്. അതുകൊണ്ടാണ് സാധനം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത്. അപ്പോള്‍ അത് തിരിച്ച് കൊടുക്കാതിരിക്കുന്നത് നിഷിദ്ധമാണ്. (മസ്ഹരി) റസൂലുല്ലാഹി (സ) ഹിജ്റ ചെയ്യുന്നതിന് മുമ്പ് ധാരാളം നിഷേധികള്‍ റസൂലുല്ലാഹി (സ)യെ സമ്പത്ത് സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുമായിരുന്നു. ഹിജ്റയുടെ സമയത്ത് റസൂലുല്ലാഹി (സ)യുടെ കൈയ്യില്‍ ഇപ്രകാരമുള്ള സമ്പത്തുണ്ടായിരുന്നു. റസൂലുല്ലാഹി (സ) അത് കൂട്ടത്തില്‍ കൊണ്ടുവരാതെ ഈ അമാനത്തുകളെല്ലാം കൊടുത്ത് വീടുന്നതിന് അലിയ്യ് (റ)നെ ഏല്‍പ്പിക്കുകയുണ്ടായി.

    നാശങ്ങളില്‍ നിന്നും രക്ഷപ്പെടാനും ആഗ്രഹങ്ങള്‍ കരസ്ഥമാക്കാനുമുള്ള അനുഭവ സിദ്ധമായ മാര്‍ഗ്ഗം: ഉപര്യുക്ത ഹദീസില്‍ റസൂലുല്ലാഹി (സ) നാശങ്ങളില്‍ നിന്നും രക്ഷപ്പെടാനും ആഗ്രഹം സഫലമാകാനും ഔഫ് (റ)ന് രണ്ട് മാര്‍ഗ്ഗം പറഞ്ഞുകൊടുത്തിരിക്കുന്നു. അതിലൊന്ന് ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് അധികമായി ചൊല്ലലാണ്. മുജദ്ദിദ് അഫ്ത്ഥാനി (റ) പറയുന്നു: മതപരമോ ഭൗതികമോ ആയ എല്ലാ നാശങ്ങളില്‍ നിന്നും രക്ഷപ്പെടാനും ആഗ്രഹങ്ങള്‍ സഫലമാക്കാനും ഈ കലിമ അധികമായി ചൊല്ലുന്നത് വളരെ പ്രയോജനകരമാണെന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. അധികം എന്നതിനെ വിശദീകരിച്ചുകൊണ്ട് മുജദ്ദിദ് (റ) കുറിക്കുന്നു: ആദ്യം നൂറ് സ്വലാത്തും തുടര്‍ന്ന് ഈ കലിമ അഞ്ഞൂറ് പ്രാവശ്യവും അവസാനം നൂറ് സ്വലാത്തും ചൊല്ലിക്കൊണ്ട് ഉദ്ധിഷ്ട കാര്യത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. (മസ്ഹരി) അബൂദര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) ഒരിക്കല്‍ ഈ ആയത്ത് പലപ്രാവശ്യം പാരായണം ചെയ്തുകൊണ്ട് പ്രസ്താവിച്ചു: അബൂദര്‍റേ, ഒരു മനുഷ്യന്‍ ഈ ആയത്ത് മുറുകെ പിടിച്ചാല്‍ അവന് അത് മതിയായതാണ്. (റൂഹുല്‍ മആനി) അതായത് മതപരവും ഭൗതികവുമായ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നതാണ്. 
  അല്ലാഹുവില്‍ ഭരമേല്പിക്കുന്നവന് അവന്‍ തന്നെ മതി. അല്ലാഹുവിന്‍റെ ജോലി പൂര്‍ണ്ണമായി  അല്ലാഹു തന്നെ ചെയ്യുന്നതാണ്. അല്ലാഹു എല്ലാറ്റിനും ഒരു അളവ് നിശ്ചയിച്ചിരിക്കുന്നു.(3) അതായത് അല്ലാഹുവില്‍ ആരെങ്കിലും ഭരമേല്‍പ്പിച്ചാല്‍ അവന്‍റെ എല്ലാ കാര്യങ്ങള്‍ക്കും അല്ലാഹു മതിയായവനാണ്. അല്ലാഹു ചെയ്യേണ്ട കാര്യങ്ങള്‍ അല്ലാഹു ഉദ്ദേശിക്കുന്നതുപോലെ ചെയ്യുന്നതാണ്. അല്ലാഹു ഓരോ കാര്യങ്ങള്‍ക്കും ഒരു പ്രത്യേക അളവ് നിശ്ചയിച്ചിരിക്കുന്നു. അതനുസരിച്ച് എല്ലാ കാര്യങ്ങളും നടക്കുന്നതാണ്. ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിക്കേണ്ടതുപോലെ ഭരമേല്‍പ്പിച്ചാല്‍ പറവകള്‍ക്ക് ആഹാരം കൊടുക്കുന്നതുപോലെ അല്ലാഹു നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നതാണ്. അവയുടെ കൂടുകളില്‍ നിന്നും അവകള്‍ വിശന്ന് പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞവരായി മടങ്ങുന്നു. (തിര്‍മിദി) ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: എന്‍റെ സമുദായത്തില്‍ നിന്നും എഴുപതിനായിരം ആളുകള്‍ വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്നു എന്നതാണ് അവരുടെ ഒരു ഗുണം. (മസ്ഹരി) തവക്കുല്‍ എന്ന് പറഞ്ഞാല്‍ അല്ലാഹു സൃഷ്ടിച്ചിരിക്കുന്ന മാധ്യമങ്ങളെയും ഉപകരണങ്ങളെയും ഉപേക്ഷിക്കലല്ല. മറിച്ച് തവക്കുല്‍ കൊണ്ടുള്ള ഉദ്ദേശമിതാണ്: പടച്ചവന്‍ ഓരോന്നിലും വെച്ചിരിക്കുന്ന മാധ്യമങ്ങള്‍ തീര്‍ച്ചയായും തെരഞ്ഞെടുക്കുക. എന്നാല്‍ അവലംബം വസ്തുക്കളുടെ മേല്‍ ആക്കുന്നതിന് പകരം അല്ലാഹുവിന്‍റെ മേല്‍ ആക്കുകയും അല്ലാഹുവിന്‍റെ ഉതവിയും തീരുമാനവും ഇല്ലാതെ ഒന്നും നടക്കുകയില്ലെന്ന് വിശ്വസിക്കുകയും ചെയ്യുക. 

ഒമ്പതാമത്തെ നിയമം: ത്വലാഖിന്‍റെ ഇദ്ദ: ഈ ആയത്തില്‍ തഖ്വയുടെയും തവക്കുലിന്‍റെയും മഹത്വങ്ങള്‍ വിവരിച്ച ശേഷം കൂടുതലായി ത്വലാഖിന്‍റെയും ഇദ്ദയുടെയും മറ്റുചില നിയമങ്ങള്‍ വിവരിക്കുന്നു: നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവവിരാമം ഉണ്ടായ സ്ത്രീകളുടെ  വിഷയത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അവരുടെ ഇദ്ദ മൂന്ന് മാസമാണ്. ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളുടെയും ഇദ്ദ മൂന്ന് മാസമാണ്.  ഗര്‍ഭിണികളായ സ്ത്രീകളുടെ ഇദ്ദ അവര്‍ പ്രസവിക്കുന്നത് വരെയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ കാര്യങ്ങള്‍ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതാണ്.(4) ത്വലാഖിന്‍റെ ഇദ്ദ പൊതുഅവസ്ഥകളില്‍ മൂന്ന് ഹൈളാണ്. ഇതിന്‍റെ വിവരണം സൂറത്തുല്‍ ബഖറയില്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രായധിക്യത്താലോ എന്തെങ്കിലും രോഗം കാരണമായോ ഹൈള് നിലച്ച സ്ത്രീകള്‍, പ്രായക്കുറവ് കൊണ്ട് ഇതുവരെ ഹൈള് ആരംഭിക്കാത്ത സ്ത്രീകളും മൂന്ന് ഹൈളിന് പകരം മൂന്ന് മാസം ഇദ്ദ ഇരിക്കേണ്ടതാണെന്നും ഗര്‍ഭിണികളായ സ്ത്രീകളുടെ ഇദ്ദയുടെ കാലം എത്ര ദിവസമായാലും പ്രസവം വരെയാണെന്നും ഈ ആയത്ത് അറിയിക്കുന്നു.  *  ഈ ആയത്തിലെ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം ഇതാണ്: ഇദ്ദ കണക്കാക്കുന്നതിന്‍റെ അടിസ്ഥാനം ആര്‍ത്തവമാണ്. ഈ സ്ത്രീകളുടെ ആര്‍ത്തവം നിലച്ചിരിക്കുന്നതിനാല്‍ ഇദ്ദ എങ്ങനെ കണക്കാക്കാന്‍ സാധിക്കുമെന്ന് സംശയമുണ്ടായേക്കാം. അവസാനം വീണ്ടും തഖ്വയുടെ മറ്റൊരു മഹത്വം പറയുന്നു: അതെ, ഭയഭക്തി മുറുകെ പിടിക്കുന്നവരുടെ ഇഹത്തിലെയും പരത്തിലെയും കാര്യങ്ങള്‍ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതാണ്. അടുത്ത ആയത്തില്‍ വീണ്ടും ത്വലാഖിന്‍റെയും ഇദ്ദയുടെയും നിയമങ്ങള്‍ പാലിക്കണമെന്ന് ഇപ്രകാരം ഉണര്‍ത്തുകയും കൂട്ടത്തില്‍ തഖ്വയുടെ മറ്റൊരു മഹത്വം വിവരിക്കുകയും ചെയ്യുന്നു: ഇത് അല്ലാഹു നിങ്ങളിലേക്ക് ഇറക്കിയ അവന്‍റെ കല്പനയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കുന്നതും വമ്പിച്ച പ്രതിഫലം നല്‍കുന്നതുമാണ്.

 (തുടരും...)  
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

161. ആഇശാ (റ) വിവരിക്കുന്നു: എൻ്റെ പിതാവ് അബൂബക്ർ (റ) എന്തോ ആവശ്യത്തിന് റസൂലുല്ലാഹി ﷺയുടെ അരികിൽ വരാൻ അനുമതി ചോദിച്ചു. തദവസരം റസൂലുല്ലാഹി ﷺ എൻ്റെ പുതപ്പ് പുതച്ചു കിടക്കുകയായിരുന്നു. റസൂലുല്ലാഹി ﷺ അകത്തേക്ക് വരാൻ അദ്ദേഹത്തിന് അനുമതി നൽകുകയും കിടന്നിരുന്ന അവസ്ഥയിൽ തന്നെ കിടക്കുകയും ചെയ്തു. പിതാവ് വന്ന് സംസാരിക്കേണ്ട കാര്യം സംസാരിച്ചു മടങ്ങിപ്പോയി. ശേഷം ഉമർ (റ) എന്തോ ആവശ്യത്തിനു വന്നു. അദ്ദേഹവും അനുമതി ചോദിക്കുകയും അനുമതി നൽകപ്പെടുകയും റസൂലുല്ലാഹി ﷺ അതേ അവസ്ഥയിൽ തന്നെ കിടക്കുകയും ഉമർ (റ) ആവശ്യകാര്യം സംസാരിച്ചു മടങ്ങി പോവുകയും ചെയ്തു. ശേഷം ഉസ്മാൻ (റ) അകത്തേക്ക് വരാൻ അനുമതി ചോദിച്ചു. അപ്പോൾ റസൂലുല്ലാഹി ﷺ എഴുന്നേറ്റിരിക്കുകയും വസ്ത്രങ്ങൾ നേരെയാക്കുകയും എന്നോട് പുതപ്പും മറ്റും നേരെയിടാൻ പറയുകയും തുടർന്ന് അകത്തോട്ട് വരാൻ അനുവദി നൽകുകയും ചെയ്തു. അദ്ദേഹം അകത്തേക്ക് വന്ന് ആവശ്യകാര്യം സംസാരിച്ചു മടങ്ങിപ്പോയി. അദ്ദേഹം പോയ ശേഷം ഞാൻ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരെ, ഉസ്മാനോട് പുലർത്തിയ ശ്രദ്ധ അബൂബക്ർ, ഉമർ ഇരുവരോടും പുലർത്തിയില്ലല്ലോ? റസൂലുല്ലാഹി ﷺ അരുളി: ഉസ്മാൻ പ്രകൃതിപരമായി ലജ്ജയുടെ ഗുണം അധികരിച്ച വ്യക്തിയാണ്. ഞാൻ ഉണ്ടായിരുന്ന അവസ്ഥയിൽ അദ്ദേഹത്തെ വിളിച്ചിരുന്നെങ്കിൽ, ലജ്ജയുടെ ആധിക്യം കാരണം അദ്ദേഹം വന്ന അത്യാവശ്യ കാര്യം സംസാരിക്കാതെ മടങ്ങി പോകുമോ എന്ന് എനിക്ക് സംശയമുണ്ടായി. അതുകൊണ്ടാണ് ഞാൻ പ്രത്യേക ശ്രദ്ധ പുലർത്തിയത്. (മുസ്‌ലിം)

വിവരണം: ഹദീസിന്റെ അത്യാവശ്യ വിവരണങ്ങൾ വിവർത്തനത്തിൽ തന്നെ കൊടുത്തിട്ടുണ്ട്. ഉസ്മാൻ (റ) ലജ്ജയുടെ ഗുണത്തിൽ വളരെ മുന്നിലായിരുന്നുവെന്നും റസൂലുല്ലാഹി ﷺ അതിനെ പ്രത്യേകം വിലമതിച്ചിരുന്നുവെന്നും ഈ ഹദീസിൽ നിന്നും വ്യക്തമാകുന്നു. മറ്റൊരു നിവേദനം ഇപ്രകാരമാണ്. മലക്കുകൾ പോലും ലജ്ജിക്കുന്ന വ്യക്തിയോട് ഞാനും ലജ്ജ പുലർത്തേണ്ടതില്ല? (മുസ്‌ലിം) ഇവിടെ ശ്രദ്ധിക്കേണ്ടൊരു കാര്യം ശരീരം പൂർണ്ണമായും മറയ്ക്കണമെന്ന് കൽപ്പിക്കുന്ന ആയത്ത് അവതരിക്കുന്നതിന് മുമ്പാണ് ഈ സംഭവം നടന്നത്. അതുകൊണ്ടു തന്നെയാണ് പരസ്പരം കാണാൻ അനുവാദമില്ലാത്ത ഉമർ (റ) വന്നപ്പോൾ റസൂലുല്ലാഹി ﷺ വസ്ത്രം പൂർണ്ണമായിട്ടും മറയ്ക്കാൻ ആഇശ (റ)യോട് കൽപ്പിക്കാതിരുന്നത്.

🔹🔹🔹🔹🔹


 ഗ്രന്ഥ പരിചയം




📓 മആരിഫുൽ ഖുർആൻ 
    ഒന്നാം ഭാഗം
✍️ മൗലാനാ മുഫ്‌തി മുഹമ്മദ് ശഫീഅ് ഉസ്മാനി


₹ 650/-

• മൗലാനാ മുഫ്‌തി മുഹമ്മദ് ശഫീഅ് (റ) എട്ട് വാള്യങ്ങളായി ഉർദു ഭാഷയിൽ രചിച്ച പരിശുദ്ധ ഖുർആൻ വിവരണവും വ്യാഖ്യാനവും.
• സാധാരണക്കാർക്കും പണ്ഡിതന്മാർക്കും വളരെയേറെ പ്രയോജനപ്രദവും ഒട്ടേറെ സംശയങ്ങൾക്ക് നിവാരണവും നൽകിയിരിക്കുന്നു.
• വിശുദ്ധ ഖുർആനിലെ ശാസ്ത്ര സൂചനകളും ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന അനേകം പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
• മത നിയമങ്ങളെ വളച്ചൊടിക്കുന്നവർക്കും ദുർവ്യാഖ്യാനം ചെയ്യുന്നവർക്കും ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുന്നു.
• സൂറത്തുൽ ബഖറ പൂർണ്ണമായും ഒറ്റ വാല്യത്തിൽ

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌