ഉള്ളടക്കം
മരണം വരിക്കേണ്ടി വന്നാലും ഞങ്ങൾ വിശ്വാസം കൈവെടിയുകയില്ല.
ജുമുഅ സന്ദേശം
വന്ദേമാതരം എന്ന പുതിയ ആയുധം.
ഇസ്ലാമിൻ്റെ ഏറ്റവും അടിസ്ഥാനപരമായ വിശ്വാസം ഏകദൈവത്വമാണ്. ഈ ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരുടെയും അടിസ്ഥാന സന്ദേശം ആരാധനയ്ക്ക് അർഹൻ ഏകനായ അല്ലാഹു മാത്രമാണെന്നും അല്ലാഹുവിനെ പരിപൂർണ്ണമായി ആരാധിക്കുക എന്നതുമായിരുന്നു (അമ്പിയാഅ്: 25).
പടച്ചവനെ ഏകനായി അംഗീകരിക്കുന്നതിനോടൊപ്പം ആരാധനയിൽ പടച്ചവനോട് മറ്റാരെയും പങ്കുചേർക്കാനും പാടുള്ളതല്ല. (അഖീദത്തു ത്വഹാവിയ്യ).
പരിശുദ്ധ ഖുർആനിൽ ഈ വിശ്വാസത്തെക്കുറിച്ച് 90-ലേറെ ആയത്തുകളിൽ പരാമർശിച്ചിട്ടുണ്ട്. റസൂലുല്ലാഹി ﷺയുടെ ഹദീസുകളിൽ എണ്ണിയാൽ തീരാത്ത നിലയിലുള്ള ഹദീസുകളിൽ ഇതിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. ഇസ്ലാമിൻ്റെ അടിസ്ഥാനപരമായ അഞ്ച് സ്തംഭങ്ങളെക്കുറിച്ച് വിവരിച്ചപ്പോൾ ആദ്യമായി പരാമർശിച്ചത് ഈ വിശ്വാസമാണ് (ബുഖാരി: 8).
ഏകദൈവ വിശ്വാസം സ്വർഗ്ഗപ്രവേശനത്തിനുള്ള താക്കോലാണ്. ഉസ്മാൻ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: "ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമെന്ന വിശ്വാസത്തോടുകൂടി ഈ ലോകത്തുനിന്നും യാത്രയായവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്" (മുസ്‌ലിം).
തൗഹീദിന് നേരെ എതിരായ വീക്ഷണം ശിർക്കാണ്. ശിർക്കെന്നാൽ സ്വന്തം ശക്തി, സ്ഥാനം, പ്രയോജനം, ഉപദ്രവം എന്നിങ്ങനെ ഏതെങ്കിലും വ്യക്തിയെയോ ശക്തിയെയോ പടച്ചവൻ്റെ അസ്തിത്വത്തിലോ തിരുഗുണങ്ങളിലോ അധികാരങ്ങളിലോ പങ്കാളിയാക്കുക എന്നതാണ്. തൗഹീദ് ശക്തിയുക്തം സമർപ്പിക്കപ്പെട്ടതുപോലെ ബഹുദൈവാരാധനയുടെ നിന്ദ്യതയും അതുപോലെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
പരിശുദ്ധ ഖുർആനിൽ നബിമാർ സമുദായങ്ങളോട് നടത്തിയ പ്രബോധനങ്ങൾ വിവരിച്ചപ്പോൾ എല്ലാ സ്ഥലങ്ങളിലും തൗഹീദിൻ്റെ മഹത്വവും ശിർക്കിൻ്റെ നിന്യതയും പരാമർശിച്ചിട്ടുണ്ട്. ഏകനായ പടച്ചവനെ ആരാധിക്കുക മാത്രമല്ല, ബഹുദൈവാരാധനയുടെ ചിഹ്നങ്ങളിൽ നിന്നും അകന്നു കഴിയണമെന്നും ഇസ്ലാം ഉണർത്തുന്നു. ഇബ്രാഹിം നബി (അ) പറഞ്ഞു: "അല്ലയോ സമുദായമേ, നിങ്ങൾ പടച്ചവനോട് പങ്കുചേർക്കുന്ന കാര്യങ്ങളിൽ നിന്നും ഞാൻ ഒഴിവായവനാണ്" (അൻആം: 78).
ഹൂദ് നബി(അ) സമുദായത്തെ സാക്ഷിനിർത്തിക്കൊണ്ട് പറഞ്ഞു: "നിങ്ങളുടെ മുഴുവൻ ബഹുദൈവാരാധനാ കാര്യങ്ങളിൽ നിന്നും ഞാൻ ഒഴിവായവനാണെന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചുകൊള്ളുക" (ഹൂദ്: 54).
റസൂലുല്ലാഹി ﷺ ഏകദൈവ വിശ്വാസത്തെ പഠിപ്പിക്കുക മാത്രമല്ല, ഓരോ സന്ദർഭങ്ങളിലും മനസ്സിലും മസ്തിഷ്കത്തിലും അതിനെ ഉറപ്പിക്കാനും ശ്രദ്ധിച്ചു. റസൂലുല്ലാഹി ﷺയുടെ നിരന്തരമുള്ള പ്രാർത്ഥനകളിൽ ഏകനായ പടച്ചവൻ്റെ സ്മരണ നിഴലിച്ചതായി കാണാൻ കഴിയും. പ്രഭാതത്തിൽ, പ്രദോഷത്തിൽ, ആഹാരം കഴിക്കുന്നതിന് മുമ്പ്, ശേഷം, യാത്ര തുടങ്ങുമ്പോൾ, മടങ്ങുമ്പോൾ, പരസ്പരം കണ്ടുമുട്ടുമ്പോൾ - ചുരുക്കത്തിൽ എല്ലാ സന്ദർഭങ്ങളിലും പടച്ചവൻ്റെ ഏകത്വത്തെ റസൂലുല്ലാഹി ﷺ അനുസ്മരിച്ചിരുന്നു. അതുപോലെ പടച്ചവനോട് പങ്കുചേർക്കുന്ന മുഴുവൻ മേഖലകളിൽ നിന്നും അകന്നു കഴിയുകയും ചെയ്തു.
ചില മുൻകാല നബിമാരുടെ സന്ദേശങ്ങളിൽ പ്രതിമകൾ സ്ഥാപിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ മുഹമ്മദീ ശരീഅത്തിൽ ഇത് തടയപ്പെട്ടു. കാരണം ഇത് പതുക്കെ പതുക്കെ ബഹുദൈവാരാധനയിലേക്ക് എത്തിക്കാൻ സാധ്യതയുള്ള കാര്യമാണ്. അതുപോലെ റസൂലുല്ലാഹി ﷺ അരുളി: "അല്ലാഹു അല്ലാത്തവരെക്കൊണ്ട് ആരെങ്കിലും ആണയിട്ടാൽ അവൻ പടച്ചവനോട് പങ്കുചേർത്തവനായി" (അബൂദാവൂദ്). ഖബറുകളെ അനാവശ്യമായി കെട്ടിപ്പൊക്കുന്നതിനെ തടഞ്ഞുകൊണ്ട് റസൂലുല്ലാഹി ﷺ അരുളി: "ഉയർന്നു കിടക്കുന്ന എല്ലാ ഖബറുകളെയും നേരെയാക്കുക" (നസാഇ). കാരണം ഇതും മനുഷ്യനെ ബഹുദൈവാരാധനയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ശകുനം നോക്കുന്നതിൽ നാശനഷ്ടങ്ങൾ ഇതിലെ വസ്തുക്കളിൽ നിന്നും ഉണ്ടാകുന്നു എന്ന വീക്ഷണമുള്ളതിനാൽ, ശകുനം നോക്കുന്നതിനെ പടച്ചവനോട് പങ്കുചേർക്കലായി റസൂലുല്ലാഹി ﷺ പ്രഖ്യാപിച്ചു (അബൂദാവൂദ്).
അതുപോലെ പടച്ചവനോട് പങ്കുചേർക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന കാര്യങ്ങളെപ്പോലും റസൂലുല്ലാഹി ﷺ തടയുകയുണ്ടായി. സ്വഹാബികൾ റസൂലുല്ലാഹി ﷺയെ സുജൂദ് ചെയ്യാൻ അനുവാദം ചോദിച്ചു. സ്വഹാബികൾ ആരാധനയുടെ ഉദ്ദേശത്തിൽ സുജൂദ് ചെയ്യാൻ അനുവാദം ചോദിക്കുകയില്ല എന്ന കാര്യം വ്യക്തമാണ്; അവരുടെ ഉദ്ദേശം റസൂലുല്ലാഹി ﷺയെ ആദരിക്കൽ മാത്രമായിരുന്നു. പക്ഷേ റസൂലുല്ലാഹി ﷺ ഇതിനെയും തടയുകയുണ്ടായി.
'റബ്ബ്' എന്ന പദത്തിന് രക്ഷിതാവ് എന്നതുപോലെ ഉടമസ്ഥൻ എന്നും അർത്ഥമുണ്ട്. പഴയകാലത്ത് അടിമകൾ ഉടമകളെ റബ്ബ് എന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ നാമം പടച്ചവൻ്റെ പരിശുദ്ധ നാമത്തിൽ പെട്ടതിനാൽ, ഈ പദം മറ്റാരുടെയെങ്കിലും വിഷയത്തിൽ ഉപയോഗിക്കുന്നതിനെ റസൂലുല്ലാഹി ﷺ തടയുകയുണ്ടായി (മുസ്‌ലിം).
പരലോകത്തിലെ വിജയപരാജയങ്ങൾ തൗഹീദ്-ശിർക്കുമായി ബന്ധപ്പെട്ടതാണെന്ന് ഓരോ മുസ്ലിമും വിശ്വസിക്കുന്നു. റസൂലുല്ലാഹി ﷺയോട് ചോദിക്കപ്പെട്ടു: "സ്വർഗ്ഗ നരകങ്ങൾ നിർബന്ധമാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?"
റസൂലുല്ലാഹി ﷺ അരുളി: "അല്ലാഹുവിനോട് ആരെയും പങ്കുചേർക്കാത്ത നിലയിൽ ഒരാൾ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിനോട് ആരെങ്കിലും പങ്കുചേർക്കുന്ന നിലയിൽ ഒരാൾ മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കുന്നതാണ്" (മുസ്‌ലിം). അതുകൊണ്ടുതന്നെ നാവുകൊണ്ട് ബഹുദൈവാരാധനയുടെ എന്തെങ്കിലും വാചകം പറയാൻ ഒരു മുസ്ലിം തയ്യാറാകുന്നതല്ല.
മുആദ് (റ) വിൻ്റെ ഈ ഹദീസ് മുസ്ലിംകൾ എന്നും ഓർക്കാറുണ്ട്. അദ്ദേഹം പറയുന്നു: "റസൂലുല്ലാഹി ﷺ എന്നെ പ്രാധാന്യത്തോടെ ഉപദേശിച്ചു: നീ അടിക്കപ്പെട്ടാലും, നീ കൊല്ലപ്പെട്ടാലും, കരിക്കപ്പെട്ടാലും അല്ലാഹുവിനോട് ഒരു വസ്തുവിനെയും പങ്കുചേർക്കരുത്" (അഹ്മദ്).
ഇസ്‌ലാമിൽ ഏകദൈവ വിശ്വാസം അങ്ങേയറ്റം പ്രാധാന്യമുള്ളതും, ബഹുദൈവാരാധന അൽപ്പം പോലും സ്വീകരിക്കാത്തതുമാണ്. മുസ്‌ലിംകൾ ആരെയെങ്കിലും ആദരിക്കാനും സ്നേഹിക്കാനും സന്നദ്ധമാണെങ്കിലും ഒരിക്കലും ആരെയും ആരാധിക്കാൻ തയ്യാറാകുന്നതല്ല. മാതാപിതാക്കൾ, മക്കൾ, ഭാര്യഭർത്താക്കന്മാർ - ഇവരെപ്പോലെ ജനിക്കുകയും വളരുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന മണ്ണിനെയും മുസ്‌ലിംകൾ പ്രകൃതിപരമായി തന്നെ സ്നേഹിക്കുന്നു. ഈ സ്നേഹം തെളിവുകളുടെ അടിസ്ഥാനത്തിൽ ആരെയും പഠിപ്പിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ മക്കളെ നിങ്ങൾ സ്നേഹിക്കണം എന്ന് പറയേണ്ട ആവശ്യമില്ലാത്തതുപോലെ സ്വദേശത്തെയും സ്നേഹിക്കണമെന്ന് ആരോടും പറയേണ്ട ആവശ്യമില്ല. വിദേശത്തായിരിക്കുന്ന ഓരോ പൗരനും സ്വദേശത്തെക്കുറിച്ച് മാത്രമല്ല, സ്വദേശത്തിൻ്റെ ഓരോ കാര്യങ്ങളെക്കുറിച്ചും വസ്തുക്കളെ സംബന്ധിച്ചും ഓർക്കുകയും സ്നേഹാദരവുകൾ പുലർത്തുകയും ചെയ്യുന്നതാണ്. വിദേശത്തുവെച്ച് സ്വദേശിയായ ആരെയെങ്കിലും കണ്ടുമുട്ടിയാൽ അവന് വലിയ ആശ്വാസം കൈവരുന്നതാണ്. നാടിനെക്കുറിച്ച് മണിക്കൂറുകളോളം സംസാരിച്ചുകൊണ്ട് നിൽക്കാറുണ്ട്. സ്വന്തം നാട്ടിൽ എത്തിച്ചേരുന്നത് വരെ ഒരു പ്രവാസിക്കും സമാധാനം ഉണ്ടാകുന്നതല്ല. അതുകൊണ്ടുതന്നെ നാടിനോടുള്ള സ്നേഹത്തെക്കുറിച്ച് ഉണർത്തേണ്ട യാതൊരാവശ്യവും ഒരു രാജ്യസ്നേഹിക്കില്ല.
ഒരു വീട്ടിൽ നാല് സഹോദരങ്ങൾ താമസിക്കുമ്പോൾ, ഒരാൾ മറ്റൊരാളോട് 'നീ വീടിനോട് സ്നേഹം പുലർത്തണം' എന്ന് ആവശ്യപ്പെടുന്നത് തന്നെ ദേഷ്യം ഉളവാക്കുന്ന കാര്യമാണ്. പക്ഷേ ഈ മഹാരാജ്യത്ത് വെറുപ്പിൻ്റെ കച്ചവടക്കാർക്ക് ന്യൂനപക്ഷങ്ങളോടുള്ള സമീപനം ഇപ്രകാരമാണ്. സ്വാതന്ത്ര്യ സമരത്തിൽ അൽപ്പം പോലും പങ്കെടുക്കാത്ത ആളുകൾ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അധ്വാനിച്ച ജനതയുടെ പിൻഗാമികളെ നിരന്തരം നിന്ദിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി വിവിധങ്ങളായ മുദ്രാവാക്യങ്ങൾ പടച്ചുണ്ടാക്കുന്നു. ഇതിൽപ്പെട്ട ഒരു പുതിയ മന്ത്രമാണ് 'വന്ദേമാതരം' എന്നത് എല്ലാവരെക്കൊണ്ടും പാടിപ്പിക്കാനുള്ള പ്രത്യേക പരിശ്രമം.
സംസ്കൃത ഭാഷയിൽ 1870-കളിൽ ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇത് എഴുതിയത്. പ്രസിദ്ധ ബംഗാളി നോവലായ 'ആനന്ദമഠ'ത്തിൻ്റെ ഭാഗമാക്കി ഇതിനെ മാറ്റുകയും ചെയ്തു. ഈ നോവലിൻ്റെ പ്രമേയം ഇംഗ്ലീഷുകാരും ഹൈന്ദവരും ചേർന്ന് മുസ്ലിംകളോട് പ്രതികാരം ചെയ്യണം എന്നതാണ്. മസ്ജിദുകളെയും ഖബറിടങ്ങളെയും വെറുക്കപ്പെടേണ്ട സ്ഥലങ്ങളായി നിലയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 1896-ൽ കോൺഗ്രസിൻ്റെ കൽക്കട്ട സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഇത് പാടുകയുണ്ടായി. പക്ഷേ പിന്നീട് ഇതിനെക്കുറിച്ച് ശക്തമായ എതിർപ്പുകൾ ഉണ്ടായപ്പോൾ മഹാത്മാഗാന്ധിയും സാക്ഷാൽ ടാഗോറും ഇതിൻ്റെ ആരംഭത്തിലെ വാക്കുകൾ മാത്രം പാടാനും ശേഷമുള്ളത് ഉപേക്ഷിക്കാനും നിർദ്ദേശിച്ചു.
ഈ ഗീതത്തിൻ്റെ തുടക്കം മാതൃരാജ്യത്തെ വന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. വന്ദനം എന്നതിന് ആദരവ് എന്നും ആരാധന എന്നും ആശയമുണ്ട്. പൊതുവിൽ ഇതിൻ്റെ ആശയമായി രാജ്യത്തെ ആരാധിക്കണം എന്നാണ് പറയപ്പെടുന്നത്. കൂടാതെ ഇതിൽ ദുർഗ്ഗാദേവിയെ പൂജിക്കണമെന്നും അതിൻ്റെ വഴിയിലൂടെ നടക്കണമെന്നും ദൃഢപ്രതിജ്ഞയും പകരുന്നു. ഇത് ബഹുദൈവാരാധനയാണ് എന്നതിൽ യാതൊരു സംശയവുമില്ല.
ഇക്കാരണത്താൽ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഈ ഗാനം ഒരു നിലയ്ക്കും സ്വീകാര്യമല്ല. പക്ഷേ സംഘപരിവാറിൻ്റെ ആളുകളും ബിജെപി അധികാരം നടത്തുന്ന കേന്ദ്രങ്ങളും ഇതിനെ നിർബന്ധമാക്കിക്കൊണ്ട് നിയമങ്ങൾ കൊണ്ടുവരുന്നു. സ്കൂളുകളിൽ ഇതിനെ പാടാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നു. തീർച്ചയായും ഇത് മുസ്‌ലിംകൾക്ക് സ്വീകാര്യമല്ല. ഇതിനെതിരെ നിയമത്തിൻ്റെ വഴി സ്വീകരിക്കുകയും കഴിവിൻ്റെ പരമാവധി ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്നും അകന്നു കഴിയുകയും ചെയ്യേണ്ടത് ഓരോ മുസ്‌ലിമിൻ്റെയും ബാധ്യതയാണ്.
🔹🔹🔹🔹🔹🔹🔹
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്ത്വലാഖ്
(12 ആയത്തുകള്‍, പദങ്ങള്‍ 249, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 99. പാരായണ ക്രമം 65. സൂറത്തുദ്ദഹ്റിന് ശേഷം അവതരണം)
വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍ - 3
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-07
﷽
يَٰأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ١ فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا ٢ وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا ٣ وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا ٤ ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا ٥ أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ ٦ لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا ٧٨


