ജമാദുൽ ഉഖ്റാ 28/1447
ഡിസംബർ 19/2025
No: 241

 ഉള്ളടക്കം 

▪️മുഖലിഖിതം
വഖ്ഫിൻ്റെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. 
        ✍️ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

▪️ജുമുഅ സന്ദേശം 
വഖ്ഫിൻ്റെ ശോഭന ചിത്രങ്ങൾ.
        ✍️ ശൈഖ് ഖാലിദ് ബിൻ അലിയ്യ്

▪️ കവർ സ്റ്റോറി
വഖ്ഫ് ഭരണഘടനാപരമായ അവകാശം.
       ✍️ മൗലാനാ സയ്യിദ് അർഷദ് മദനി

▪️ ലേഖനം
വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കുക!
       ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്ത്വലാഖ്
ധിക്കാരത്തിന്‍റെ അന്ത്യം നാശകരമാണെന്ന് ചരിത്രം ഉണര്‍ത്തുന്നു.
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ഗ്രന്ഥ പരിചയം
വഖ്ഫിൻ്റെ ചരിത്രം
🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

വഖ്ഫിൻ്റെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. 

       ​അളവറ്റ ദയാലുവായ അല്ലാഹു പരിശുദ്ധ ഖുർആനിലൂടെയും കാരുണ്യത്തിന്റെ തിരുദൂതരായ റസൂലുല്ലാഹി ﷺ തിരുവചനങ്ങളിലൂടെയും അനുഗ്രഹീത ജീവിതത്തിലൂടെയും പ്രേരിപ്പിച്ചിട്ടുള്ള മഹത്തായ ഒരു സൽകർമ്മമാണ് വഖ്‌ഫ്. മഹാന്മാരായ സ്വഹാബത്ത് മുതൽ മുഴുവൻ മുൻഗാമികളും ഈ സൽകർമ്മത്തിൽ താല്പര്യത്തോടെ പങ്കെടുത്തു. പ്രത്യേകിച്ചും അന്നത്തെ ഏറ്റവും വലിയ സമ്പത്തായ ഭൂപ്രദേശങ്ങൾ വഖ്ഫിനായി അവർ ദാനം ചെയ്തു. ഇന്നും ജാതിമത വ്യത്യാസമില്ലാതെ വഖ്‌ഫിൻ്റെ സമ്പത്ത് ധാരാളം ജനങ്ങൾക്ക് പ്രയോജനപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ, ഈ രാജ്യത്ത് അടിയന്തരമായി പരിഹരിക്കേണ്ട ധാരാളം വിഷയങ്ങൾ ഉണ്ടായിട്ടും അതിലേക്ക് ഒന്നും ശ്രദ്ധിക്കാതെ കേന്ദ്ര ഗവൺമെൻ്റ് പുതിയ വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഇന്ത്യയിലെ പൗരാണിക ബഹുജനപ്രസ്ഥാനമായ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഇതിനെതിരിൽ സുപ്രീംകോടതി വഴി നിയമ പോരാട്ടം നടത്തുന്നു. അതോടൊപ്പം വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കാനും വഖ്‌ഫിൻ്റെ പ്രാധാന്യവും മഹത്വവും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാനും വിശിഷ്യാ വഖ്ഫ് മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്രദമാണെന്നും പ്രയോജനപ്രദമാക്കേണ്ടതുണ്ടെന്നും ജനങ്ങളെ ഉത്ബോധിപ്പിക്കാൻ കഴിവിന്റെ പരമാവധി പരിശ്രമിക്കണമെന്ന് ജംഇയ്യത്ത് കേന്ദ്ര നേതൃത്വം അണികളോട് ആവശ്യപ്പെടുന്നു. ജംഇയ്യത്ത് അധ്യക്ഷൻ അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനി ദാറുൽ ഉലൂം ദേവ്ബന്ദിൻ്റെ വലിയ ഉത്തരവാദിത്വവും തിരക്കുപിടിച്ച ഇതര പ്രവർത്തനങ്ങളും ഉണ്ടായിട്ടും ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മൗലാനായും കൂട്ടരും വഖ്ഫിൻ്റെ സംരക്ഷണത്തിൻ്റെ വിവിധ മഹാസമ്മേളനങ്ങൾ നടത്തിക്കഴിഞ്ഞു. കൂടാതെ, സുപ്രീംകോടതിയിൽ ജംഇയ്യത്ത് കേസ് നടത്തുകയും ചെയ്യുന്നു. ഇത്തരുണത്തിൽ ഈ മഹത്തുക്കളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനോടൊപ്പം വഖ്ഫിൻ്റെ സംരക്ഷണത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും കഴിവിന്റെ പരമാവധി പരിശ്രമിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ്. ഈ വിഷയത്തിൽ അവർ നിർദ്ദേശിക്കുന്ന ഒരു പ്രധാന പ്രവർത്തനമാണ് ‘കാർവാനെ തഹഫുസ് ഔഖാഫ്' എന്ന പേരിലുള്ള വഖഫ് സംരക്ഷണ യാത്രകൾ. അതായത്, ഏതാനം സഹോദരങ്ങൾ ഒരുമിച്ചുകൂടി സാധിക്കുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്തു, വഖ്ഫ് സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ ഉണർത്തേണ്ടതാണ്. പടച്ചവന്റെ അനുഗ്രഹത്താൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഇതിനുവേണ്ടി ഒരു യാത്ര സംഘടിപ്പിച്ചതായി അറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു. ആലപ്പുഴ ജില്ലയെ മൂന്ന് ഭാഗമായി തിരിച്ച് ആദ്യം ജില്ലയുടെ ദക്ഷിണ ഭാഗത്ത് ജംഇയ്യത്ത് നേതാക്കളും പ്രവർത്തകരും യാത്ര നടത്തുകയാണ്. പടച്ചവൻ ഇതിനെ എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു. കൂട്ടത്തിൽ മറ്റ് ഭാഗങ്ങളിലും ഇതേ യാത്ര നടത്തി ഈ പ്രവർത്തനം കൂടുതൽ മുമ്പോട്ട് നീക്കണമെന്നും ഇതര ജില്ലകളും ഇതിനെ മാതൃകയാക്കി പ്രാവർത്തികമാക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഇത്തരുണത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിൻ്റെ ചെയർമാനും അന്താരാഷ്ട്ര പണ്ഡിതനുമായ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി ഉണർത്തിയ സുപ്രധാനമായൊരു കാര്യം ഇവിടെ ഉദ്ധരിക്കട്ടെ: 
ബഹുമാന്യ സഹോദരങ്ങളെ, 

ഇന്ത്യൻ മുസ്‌ലിംകളുടെ മാത്രമല്ല, രാജ്യത്തിൻ്റെ തന്നെ അമൂല്യ സമ്പത്തായ വഖ്ഫിൻ്റെ വിഷയം വളരെയധികം സങ്കീർണത പ്രാപിച്ചിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാൻ സുധീർഘമായ പരിശ്രമങ്ങൾ ആവശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാമോരോരുത്തരും നമ്മുടെ പരിസരങ്ങളിൽ വഖ്ഫിൻ്റെ സന്ദേശങ്ങളും സംരക്ഷണ രീതികളും എത്തിച്ചുകൊടുക്കുക എന്നത്. ഒന്നെങ്കിൽ ഒരു സംഘവായ് യാത്ര ചെയ്തു പരിസരപ്രദേശങ്ങളിൽ എത്തുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുക. കുറഞ്ഞപക്ഷം വ്യക്തിപരമായ നിലയിൽ പത്തുപേർക്കെങ്കിലും ഇതിൻറെ സന്ദേശം എത്തിച്ചു കൊടുക്കുക. തീർച്ചയായും നാം പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്താൽ അല്പം വൈകിയാലും സദ്ഫലങ്ങൾ ഉളവാകുന്നതാണ്. തുടർന്നുണ്ടാകുന്ന വലിയ നന്മകളിൽ നാമും പങ്കാളികളാകുന്നതാണ്. 

മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
(പ്രസിഡൻ്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, കേരള ; വർക്കിംഗ് കമ്മിറ്റി മെമ്പർ, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്; വൈസ് പ്രസിഡൻ്റ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ)
🔹🔹🔹🔹🔹🔹🔹

ജുമുഅ സന്ദേശം 

വഖ്ഫിൻ്റെ ശോഭന ചിത്രങ്ങൾ

✍️ ശൈഖ് ഖാലിദ് ബിൻ അലിയ്യ്

സർവ്വ ലോക പരിപാലകനും സർവ്വജ്ഞനുമായ അല്ലാഹു ഇഹത്തിലും പരത്തിലും ഗുണകരമായ നിയമ വ്യവസ്ഥിതികളാണ് മനുഷ്യർക്ക് നൽകിയിരിക്കുന്നത്. പരിശുദ്ധ ഖുർആനും തിരുസുന്നത്തും മനുഷ്യർക്ക് നൽകുന്ന സന്ദേശങ്ങളിൽ മഹത്തരമായ നന്മകളും സമുന്നത ലക്ഷ്യങ്ങളും വലിയ തത്വങ്ങളും അടങ്ങിയിരിക്കുന്നു. ഈ കാര്യങ്ങൾ ഇസ്‌ലാമിക ശരീഅത്തിലെ പ്രധാന അധ്യായമായ വഖ്‌ഫിലും കാണാൻ കഴിയുന്നതാണ്. 

ഇസ്‌ലാമിക ശരീഅത്തിൻ്റെ ലക്ഷ്യങ്ങൾ പ്രധാനമായും അഞ്ച് കാര്യങ്ങളാണ്: മതകാര്യങ്ങൾ, ശരീരം, സമ്പത്ത്, പരമ്പര, ബുദ്ധി ഇവകളുടെ സംരക്ഷണം. ഈ അഞ്ച് കാര്യങ്ങളും വഖ്ഫിൽ വ്യക്തമായി കാണാൻ കഴിയുന്നതാണ്. മസ്ജിദ് മദ്റസകളുടെ സ്ഥാപനം, മത ഗ്രന്ഥങ്ങളുടെ പ്രചാരണം ഇവയിലൂടെ മതം സംരക്ഷിക്കപ്പെടുന്നു. ജലസേചനം, അന്നദാനം, സാധുസഹായം, ആശുപത്രികൾ ഇവയിലൂടെ മനുഷ്യ ശരീരം സംരക്ഷിക്കപ്പെടുന്നു. വൈജ്ഞാനിക പ്രബോധന സംസ്കരണ പ്രവർത്തനങ്ങളിലൂടെ ബുദ്ധി സംരക്ഷിക്കപ്പെടുന്നു. മക്കൾ, വിവാഹതർ, അനാഥർ, മുലയൂട്ടുന്ന സ്ത്രീകൾ, ഇവർക്കുള്ള വഖ്ഫുകളിലൂടെ മനുഷ്യ ശരീരം സംരക്ഷിക്കപ്പെടുന്നു. വഖ്ഫിലൂടെ സമ്പത്തിൻ്റെ അടിസ്ഥാനം സൂക്ഷിക്കപ്പെടുന്നതിനാൽ സമ്പത്ത് കാലാകാലം സംരക്ഷിക്കപ്പെടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ മുന്നേറ്റം, യാത്രാ സൗകര്യം എന്നിങ്ങനെ സമൂഹത്തിന് ആവശ്യമായ കാര്യങ്ങൾ വിശാലമാവുകയും പൊതുജനങ്ങൾക്ക് ഉപകാരം ലഭിക്കുകയും പ്രയാസങ്ങൾ മാറുകയും ചെയ്യുന്നു. ഇവ കൂടാതെ മനുഷ്യൻ്റെ സ്വഭാവങ്ങളും പതിവുകളും നന്നാക്കുന്ന ഒരു മാർഗ്ഗം കൂടിയാണിത്. ജീവികളുടെ ആവശ്യങ്ങൾ, മലമൂത്ര വിസർജനം, ശൗചാലയങ്ങൾ, അയൽവാസികൾക്കും അതിഥികൾക്കും സാധുക്കൾക്കുമുള്ള സഹായം, പാലിയേറ്റീവ് പ്രവർത്തങ്ങൾ, വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാൻ കൊടുക്കുക, മുതലായ കാര്യങ്ങൾക്കുള്ള വഖ്ഫുകൾ ഇതിൻ്റെ ഉദാഹണങ്ങളാണ്.

വഖ്ഫിൽ മേൽ പറയപ്പെട്ട അടിസ്ഥാന ഗുണങ്ങൾ കൂടാതെ വേറെയും ധാരാളം പ്രയോജനങ്ങളുണ്ട്. മുൻഗാമികളുടെ പ്രവർത്തനങ്ങളിൽ അവ കാണാൻ കഴിയുന്നതാണ്. 

* വഖ്ഫിലൂടെ പടച്ചവൻ്റെയും പ്രവാചകൻ്റെയും കൽപ്പനകൾ പാലിക്കപ്പെടുന്നു. റസൂലുല്ലാഹി ﷺയെയും സ്വഹാബാ മഹത്തുക്കളെയും ഉത്തമ വ്യക്തിത്വങ്ങളെയും പിൻപറ്റാൻ കഴിയുന്നു. 

* വഖ്ഫ് വഴി നിലക്കാത്ത പ്രതിഫലം ലഭിക്കുന്നു. റസൂലുല്ലാഹി ﷺ അരളി: ഒരു മനുഷ്യൻ മരിച്ചാൽ അവൻ്റെ കർമ്മങ്ങളെല്ലാം നിലച്ചു പോകുന്നതാണ്. എന്നാൽ മൂന്ന് കാര്യങ്ങളുടെ പ്രതിഫലം തുടരുന്നതാണ്. നിലനിൽക്കുന്ന ദാനം, പ്രയോജനപരമായ അറിവ്, മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കൾ. (മുസ്‌ലിം) ഇമാം നവവി കുറിക്കുന്നു: ഒരു വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കർമ്മങ്ങളെല്ലാം നിലക്കുന്നതാണ്. എന്നാൽ ഈ മൂന്ന് കർമ്മങ്ങളുടെ കാരണക്കാരൻ അദ്ദേഹം ആയതിനാൽ ഇതിൻ്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുന്നതാണ്. സന്താനവും അദ്ദേഹത്തിൻ്റെ വൈജ്ഞാനിക സേവനവും നിലനിൽക്കുന്ന ദാനങ്ങളും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ തന്നെയാണ്. നിലനിൽക്കുന്ന ദാനം കൊണ്ടുള്ള ഉദ്ദേശം വഖ്ഫാണ്.

* മസ്ജിദുകളുടെ സ്ഥാപനത്തിൻ്റെയും സംരക്ഷണത്തിന്റെയും അടിസ്ഥാനം വഖ്ഫുകളാണ്. അവിടുത്തെ ശുചീകരണ സൗകര്യങ്ങൾ, വിരിപ്പ്, വൃത്തി, സേവകരുടെ ശമ്പളം, ഇതെല്ലാം വഖ്ഫിലൂടെയാണ് സാധാരണ നിർവ്വഹിക്കപ്പെടുന്നത്. 

* ഇസ്‌ലാമിക ലോകത്ത് വലിയ സേവനങ്ങൾ ചെയ്യുന്ന വൈജ്ഞാനിക പ്രവർത്തനങ്ങളുടെയും പ്രധാന അടിസ്ഥാനം വഖ്ഫുകളാണ്. ഇസ്‌ലാമിക സംസ്കാരത്തിന്റെ ചാലക ശക്തി വഖ്ഫായിരുന്നു. 

* വഖ്ഫിലൂടെ സാധുക്കൾക്കും ആവശ്യക്കാർക്കും വലിയ സഹായങ്ങൾ ലഭിക്കുന്നു. വഖ്ഫ് സ്വത്തുക്കൾ അവരുടെ കൈപിടിച്ച് രക്ഷിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. 

* വഖ്ഫ് സാമൂഹിക ഐക്യത്തിന്റെയും സേവന സഹായങ്ങളുടെയും അടിസ്ഥാനമാണ്. മനുഷ്യർക്ക് സമൂഹവുമായി വലിയ ബന്ധമുണ്ടെന്ന് വഖ്ഫ് പഠിപ്പിക്കുന്നു. ആശുപത്രികൾ, അനാഥാലയങ്ങൾ, ജനസേവനങ്ങൾ, വഴിയമ്പലങ്ങൾ, എന്നിങ്ങനെ വലിയ സേവനങ്ങളാണ് വഖ്ഫിലൂടെ നിർവ്വഹിക്കപ്പെട്ടത്. 

* വഖ്ഫ് കുടുംബ ബന്ധത്തിൻ്റെ അരക്കെട്ടുറുപ്പിക്കുന്നു. കുടുംബത്തിലെ വ്യക്തികളെ ശ്രദ്ധിക്കാനും ആവശ്യക്കാരെ സഹായിക്കാനും വഖ്ഫ് കാരണമാകുന്നു.

* മുസ്‌ലിം ഭരണത്തിന്റെയും പോരാട്ടത്തിന്റെയും പ്രധാന സ്രോതസ്സാണ് വഖ്ഫ്. രക്തസാക്ഷികളുടെ സന്താനങ്ങളെയും വഖ്ഫ് സേവിക്കുന്നു.

* കെട്ടിടങ്ങൾ പോലുള്ളവ വഖ്ഫ് ചെയ്യുന്നതില്ലൂടെ അവ പാഴാകാതെ സംരക്ഷിക്കപ്പെടുന്നതാണ്. പ്രത്യേകിച്ചും ആരെങ്കിലും കെട്ടിടം നിർമ്മിക്കുകയും സാധുക്കളുടെ ആവശ്യങ്ങൾക്കു വേണ്ടി വഖ്ഫ് ആക്കുകയും ചെയ്താൽ സാധുക്കളും ആവശ്യക്കാരുമായ ആളുകൾക്ക് അത് നിരന്തരം പ്രയോജുനപ്പെടുന്നതാണ്. 

* വഖ്ഫിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണ്. വഖ്ഫിൻ്റെ മേൽനോട്ടം നിർവഹിക്കുന്നവർക്കും വിവിധ ജോലികൾ ചെയ്യുന്നവർക്കും ന്യായമായ ജോലികളും വരിമാനങ്ങളും ലഭിക്കുന്നതാണ്.

* വഖ്ഫ് ജാതി മത വ്യത്യാസമില്ലാതെ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും അസാധാരണ കാര്യങ്ങൾക്ക് പോലും പ്രയോജനപ്പെടുന്നതാണ്. ഇസ്‌ലാമിക ചരിത്രത്തിൽ ഇവയുടെ സുന്ദരമായ ഉദാഹരണങ്ങൾ ധാരാളമാണ്. അതിൻ്റെ ഏതാനും ചിത്രങ്ങൾ കാണുക: ഡമാസ്കസിൽ പ്രായമായ പറവകൾക്ക് അവസാന കാലത്ത് മരണം വരെ ജീവിക്കുനും ഭക്ഷിക്കാനും ഒരു ഭൂമി വഖ്ഫ് ചെയ്തിരുന്നു.

* ഈജിപ്തിൽ വേലക്കാരും സേവകന്മാരും പൊട്ടിക്കുന്ന പാത്രങ്ങൾക്ക് പകരം വാങ്ങാൻ വഖ്ഫ് ഉണ്ടായിരുന്നു.

* വധൂവരന്മാർക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വഖ്ഫ് ചെയ്തിരുന്നു.

* ഇബ്നു ഇമാദ് കുറിക്കുന്നു: നൂറുദ്ദീൻ സങ്കി അനാർക്ക് പാഠശാലകൾ നിർമ്മിക്കുകയും അതിനായി വഖ്ഫ് സഞ്ചീകരിക്കുകയും ചെയ്തിരുന്നു. (ശദറാത്തു ദഹബ്)

* അനാഥ സംരക്ഷണവും സേവനവും ഇസ്ലാമിക സംസ്കാരത്തിൻ്റെ സൗന്ദര്യമാണ് ഇതിനായി മുൻഗാമികൾ എല്ലാ സ്ഥലങ്ങളിലും കാലങ്ങളിലും വലിയ സഞ്ചീകരണങ്ങൾ ചെയ്തിരുന്നു.

* ലോക സഞ്ചാരിയായ ഇബ്നു ബത്തൂത്ത കുറിക്കുന്നു: ഞാൻ ചെന്നെത്തിയ മിക്ക നാടുകളിലും വഴിയാത്രക്കാർക്കായി വഖ്ഫ് സ്വത്തുങ്ങൾ കാണുകയുണ്ടായി. (തുഹ്ഫത്തുന്നുദ്ദാർ)

* * ഹി. 747 -ൽ ശാം പ്രദേശത്തെ തപാൽ കാര്യങ്ങളിൽ വലിയ പ്രയാസങ്ങൾ സംഭവിക്കുന്നതായി മനസ്സിലാക്കിയ ശാം ഭരണാധികാരി ഇസ്മാഈൽ തപാലിൻ്റെ സൗകര്യങ്ങൾക്ക് വേണ്ടി വിശാലമായ വഖ്ഫ് സജ്ജീകരിച്ചു. (അന്നുജൂമുസ്സാഹിറ)

* ഹി. 878-ൽ അനാഥകളെ വിവാഹം കഴിക്കുന്ന യുവാക്കൾക്ക് സാമ്പത്തിക സഹായത്തിന് വഖ്ഫ് സ്ഥാപിക്കപ്പെട്ടു. (അദ്ദാരിസു ഫീ താരീഖിൽ മദാരിസ്) 

* ഇബ്നു ബത്തൂത്ത തന്നെ കുറിക്കുന്നു: ശാമിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും യാത്രാ സൗകര്യത്തിന് വഴി നന്നാക്കുന്നതിനും വഖ്ഫ് സജ്ജീകരിക്കപ്പെട്ടിരുന്നു.

* റംല ബിൻത് അബ്ദില്ലാഹ് മക്കയിൽ യാത്രികർക്കുള്ള ജലപാനത്തിന് വിശാലമായ വഖ്ഫ് സജ്ജീകരിച്ചു. (അഖ്ബാറു മക്ക)

* അബ്ദുല്ലാഹ് ഇബ്നു മഷ്കൂർ ഹലബി തടവറയിൽ കഴിയുന്നവരുടെ ബന്ധുക്കൾക്ക് വേണ്ടി വഖ്ഫ് ചെയ്തു. (അൽ ഫതാവൽ ഹിന്ദിയ്യ) 

* എല്ലാ നന്മകൾക്കും വിശിഷ്യാ വിധവകൾക്കും ആവശ്യക്കാർക്കും ഏത് സമയത്തും പ്രയോജനപ്പെടുന്ന വഖ്ഫ് ശൈഖ് നൂറുദ്ദീൻ സങ്കി നിർവ്വഹിച്ചിരുന്നു.

* സയ്യിദ ജലീല പെൺകുട്ടികൾക്ക് വേണ്ടി ഒരു വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചു. അനാഥകളായ പെൺകുട്ടികൾക്ക് അവിടെ വിദ്യാഭ്യാസവും പരിചരണവും നൽകപ്പെടുകയും പാചകം, തുന്നൽ പോലുള്ള ജോലികൾ പരിശീലിപ്പിക്കപ്പെടുകയും ചെയ്തു. (മുദ്ദത്തു വഖ്ഫ്)

സാമൂഹിക സഹകരണത്തിൻ്റെയും സാധുജനങ്ങളുടെ സംരക്ഷണത്തിൻ്റെയും മേഖലയിൽ അതുല്യമായ സേവനങ്ങളാണ് വഖ്ഫ് നിർവ്വഹിച്ചിട്ടുള്ളത്. കിടപ്പ് രോഗികൾ, പടു വൃദ്ധർ, അന്ധർ, എന്നിങ്ങനെ പ്രയാസം അനുഭവിക്കുന്നവർക്കെല്ലാം വഖ്ഫ് വലിയ സഹായവും സ്വാന്തനവുമായി മാറിയിരുന്നു. ഇവർക്ക് താമസവും ആഹാരവും മാത്രമല്ല, പുറത്തേക്ക് കൊണ്ടുപോകാനും സന്തോഷങ്ങൾ പകരാനും സംരക്ഷണം നൽകാനും വഖ്ഫ് ശ്രദ്ധിച്ചിരുന്നു. വലീദ് ഇബ്നു അബ്ദിൽ മലിക് അന്ധർക്കും രോഗികൾക്കും പ്രത്യേകം വഖ്ഫ് സജ്ജീകരിച്ചു. വിശിഷ്യാ വെള്ളപ്പാണ്ടുകാർക്ക് യാചന തടയുകയും ആവശ്യമായതെല്ലാം അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. ഓരോ കിടപ്പു രോഗികൾക്കും ഓരോ സേവകന്മാരെയും അന്ധന്മാർക്ക് വഴികാട്ടിയെയും നിശ്ചയിച്ചു കൊടുത്തു.

ഭരണാധികാരികൾ മാത്രമല്ല, സമ്പന്നരും സാധുക്കളും വഖ്ഫിൽ പങ്കെടുക്കുകയും മുന്നേറുകയും ചെയ്തു. ഹി. 259-ൽ ഇബ്നു ത്വൂലുൻ ഈജിപ്തിൽ ഒരു ആശുപത്രി സ്ഥാപിച്ചു. അവിടേക്ക് വരുന്നവരെല്ലാം വസ്ത്രവും കൈയ്യിലുള്ള സാധനങ്ങളുമെല്ലാം കാവൽക്കാരനെ ഏൽപ്പിക്കും രോഗം കഴിഞ്ഞ് മടങ്ങുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും ആശുപത്രിയാണ് നിർവ്വഹിച്ചു കൊടുത്തിരുന്നത്. തുടർന്ന് സുൽത്താൻ ഖലാവൂൻ വലിയൊരു ആശുപത്രി സ്ഥാപിക്കുകയും സർവ്വ സൗകര്യങ്ങളും നൽകുകയും അതിന് വേണ്ടി വിശാലമായ വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. (അൽഔഖാഫ് ഫീ മിസ്ർ)

രോഗികൾക്കുള്ള ശുശ്രൂഷ എല്ലാ കാലത്തും വഖ്ഫിൻ്റെ ഒരു പ്രധാന മേഖലയായിരുന്നു. ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, വെറ്റിനറി ആശുപത്രികൾ, മരുന്നു കടകൾ, മരുന്നു നിർമ്മാണം ഇതിനെല്ലാം വഖ്ഫ് ചെയ്യപ്പെട്ടിരുന്നു. ഇബ്നു ബത്തൂത്ത കുറിക്കുന്നു: ഹി. 682-ൽ സ്ഥാപിക്കപ്പെട്ട ‘അൽമൻസൂരി’ എന്ന ആശുപത്രിയുടെ സൗന്ദര്യവും സൗകര്യവും വിവരിക്കാൻ വാക്കുകളില്ല. ഭരണാധികാരി, പ്രജ, സ്വതന്ത്ര്യൻ, അടിമ ഇങ്ങനെ എല്ലാവരും ഒരു പോലെ ഇവിടെ സൗജന്യ ചികിത്സ നൽകപ്പെട്ടിരുന്നു. പനി, നേത്രരോഗം, മുറിവുകൾ, സ്ത്രീ രോഗങ്ങൾ, ഇവക്ക് മുൻഗണന നൽകിയിരുന്നു. എല്ലാ രോഗികൾക്കും ഒരു കിടക്ക നൽകുകയും ഡോക്ടറെയും സേവകരെയും നിശ്ചയിക്കുകയും മരുന്നും ആഹാരവും നൽകപ്പെടുകയും ചെയ്തിരുന്നു. രോഗി രോഗം ഭേദമായി മടങ്ങുമ്പോൾ വലിയ ഉപഹാരങ്ങളും നൽകപ്പെട്ടിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ചികിത്സക്ക് വന്നിരുന്നത്. ഇതിനോട് ചേർന്ന് വിശാലമായൊരു മെഡിക്കൽ കോളേജും സ്ഥാപിക്കപ്പെട്ടു. ഇതു കണ്ട് സുൽത്താൻ സുലൈമാൻ ഖാനൂനിയുടെ ഭാര്യയും അവരുടെ സമ്പത്തിൽ നിന്നും ഒരു ആശുപത്രി പണിയുകയും വൈദ്ധ്യ ശാസ്ത്രം പഠിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കുകയും അതിൻ്റെ ചിലവുകൾക്ക് വേണ്ടി വിശാലമായ ഒരു വ്യാപാര സമുചയം വഖ്ഫാക്കുകയും ചെയ്തു. 

അബ്ബാസീ ഉസ്മാനി ഭരണാധികാരികളുടെ കുടുംബത്തിലെ സ്ത്രീകൾ ചികിത്സാ സൗകര്യങ്ങളുടെ വിഷയത്തിൽ വഖ്ഫ് ചെയ്യാൻ മത്സരിച്ചിരുന്നു. അവരെ അനുകരിച്ച് പുരുഷന്മാരും മുന്നോട്ടു വന്നിരുന്നു. നൂറുദ്ദീൻ സങ്കി ‘ബീമാരിസ്ഥാൻ' എന്ന പേരിൽ ആശുപത്രിയും പാഠശാലയും സ്ഥാപിക്കുകയും വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. മുഇസ്സുദ്ദൗല ബഗ്ദാദിൽ ഇതിന് വേണ്ടി അയ്യായിരം ദീനാർ വില വരുന്ന വഖ്ഫ് നടത്തി. 

നൂറുദ്ദീൻ സങ്കി ധാരാളം വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. മൻസൂർ രാജാവ് കൈറോയിൽ ഓരോ വർഷവും ആയിരം മിസ്കാൽ സ്വർണ്ണം ചിലവാകുന്ന ആശുപത്രിയും അതിന് വേണ്ടി വഖ്ഫും സജ്ജീകരിച്ചു. മെഡിക്കൽ സിറ്റി എന്ന പേരിൽ ആധുനിക യുഗത്തിൽ വലിയ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിൻ്റെ മാതൃകകൾ മുൻ കാലത്ത് തന്നെ കഴിഞ്ഞിട്ടുണ്ട്. ‘സൂഖുൽ മാലിസ്ഥാൻ' എന്ന പേരിൽ ബഗ്ദാദിലെ ഒരു പ്രദേശം മുഴുവനും ചികിത്സാ കാര്യങ്ങൾക്ക് വേണ്ടി മാത്രം മാറ്റി വെച്ചിരുന്നു. ഹി. 583-ൽ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ഖുദ്സിലും കൈറോയിലും സ്ഥാപിച്ച സ്വലാഹി ഹോസ്പ്പിറ്റലും, ഹി. 549-ൽ നൂറുദ്ദീൻ സങ്കി ഡമാസ്കസിൽ സ്ഥാപിച്ച നൂരി ഹോസ്പ്പിറ്റലും, ഹി. 595-ൽ മൻസൂർ സ്ഥാപിച്ച മറാകിഷ് ഹോസ്പ്പിറ്റലുകളും ഇതിൻ്റെ മാതൃകകളാണ്. 

വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ രചനക്കും പ്രസിദ്ധീകരണത്തിനും പഠനത്തിനും വേണ്ടി നടത്തപ്പെട്ട വഖ്ഫുകളും അത്ഭുതകരമാണ്. ഇതിൻ്റെ സാമ്പത്തിക സഹായങ്ങൾ കൊണ്ട് ഗ്രന്ഥങ്ങൾ തയ്യാറാക്കപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഫാരിഖിയുടെ ‘കിതാബുൽ ബീമാരിസ്ഥാനാത്ത്' ഇബ്നു തിൽമീദിൻ്റെ ‘മകാനത്തുൽ അമീന: ഫിൽ അദ്‌വിയ’ റാസിയുടെ ‘സ്വിഫാത്തുൽ ബീമാരിസ്ഥാൻ' ഈ വഖ്ഫ് സ്വത്തുക്കൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പണ്ഡിതർക്ക് വലിയ ആശ്വാസവും ആവേശവുമായി. വൈദ്യശാസ്ത്രത്തിൽ 237 രചനകൾ നിർവ്വഹിച്ച റാസിയും ‘അൽ ഖാനൂനു ഫി ത്വിബ്' രചിച്ച ഇബ്നു സീനയും ഇതിൽ പെട്ടവരാണ്. ഇവിടെ രചിക്കപ്പെട്ട ‘തദ്കിറത്തുൽ ഖാലിഹീൻ' എന്ന ഗ്രന്ഥത്തിൽ കണ്ണിൻ്റെ 30 രോഗങ്ങളും മരുന്നുകളും വിവരിച്ചിരിക്കുന്നു. ‘തഖ്‌വീമുൽ അബ്ദാൻ എന്ന ഗ്രന്ഥത്തിൽ' ശാരീരിക മാനസിക ലൈംഗിക രോഗങ്ങളും മരുന്നുകളും വിശദീകരിച്ചിരിക്കുന്നു.

* വഖ്ഫ് സ്വത്തുക്കളിലൂടെ പ്രയാസ പ്രശ്നങ്ങൾ ദൂരീകരിക്കപ്പെടുകയും ജനങ്ങളെ സന്മാർഗ്ഗത്തിൽ ഉറപ്പിച്ച് നിർത്താൻ കഴിയുകയും ചെയ്യുന്നു. പ്രത്യേകിച്ചും വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീകളും സമ്പാദനത്തിന് ശേഷിയില്ലാത്ത ആളുകളും വലിയ അപകടത്തിൻ്റെ വക്കിലാണ്. സാമ്പത്തിക ഞെരുക്കങ്ങളും ദാരിദ്രവും അവരെ തെറ്റായ മാർഗ്ഗത്തിലേക്ക് പ്രേരിപ്പിക്കുന്നു. അവർക്ക് വേണ്ടിയുള്ള വഖ്ഫ് സ്വത്തുക്കൾ വഴിയായി അവർ ഈ അപകടനില തരണം ചെയ്യുന്നു. മാത്രമല്ല, അവരിൽ പലരും ഉന്നതങ്ങളിലേക്ക് ഉയരുകയും ചെയ്യുന്നു. 

* വഖ്ഫ് സമുദായത്തിനിടയിൽ സന്തുലിതത്വവും സഹകരണവും ഉറപ്പാക്കുന്നു. പടച്ചവൻ ജനങ്ങളെ കഴിവിലും ശേഷിയിലും ഏറ്റക്കുറച്ചിലുകളോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. വഖ്ഫ് സ്വത്തുക്കൾ കാരണം ഒരുഭാഗത്ത് കഴിവുള്ളവർ സാധുക്കളെ സഹായിക്കുകയും സാധുക്കൾ കഴിവുള്ളവരോടൊപ്പം വന്നു നിൽക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതെ, വഖ്ഫ് സ്വത്തുക്കൾ സാധുക്കളെ ദാരിദ്ര്യത്തിൽ നിന്നും കര കയറ്റുന്നു. ബലഹീനർക്ക് ശക്തി പകരുന്നു. അശരണരെ സഹായിക്കുന്നു. ഒന്നുമില്ലാത്തവർക്ക് ആവശ്യവസ്തുക്കൾ നൽകുന്നു. എന്നാൽ ഇതൊന്നും സമ്പന്നർക്കും ശക്തർക്കും ഉപദ്രവകരമാകുന്നുമില്ല. അങ്ങേയറ്റത്തെ തത്വത്തിലും നീതിയിലും എല്ലാവർക്കും അവകാശം ലഭിക്കുന്നു. ഇതിലൂടെ സ്നേഹവും സഹകരണവും സാഹോദര്യവും സമാധാനവും പരക്കുന്നു.

* വഖ്ഫ്, സ്വത്തുക്കൾ അവശേഷിപ്പിക്കാനും പ്രയോജനം നിരന്തരമാക്കാനുമുള്ള മാർഗ്ഗമാണ്. കാരണം വഖ്ഫ് സ്വത്ത് അതിൻ്റെ ലക്ഷ്യത്തിൽ നിരന്തരം നിലനിൽക്കുന്നതും പ്രയോജനം പകർന്നുകൊണ്ടിരിക്കുന്നതുമാണ്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ സ്വത്തുക്കൾ അതേ നിലയിൽ പ്രയോജനം ചെയ്തുകൊണ്ടിരിക്കുന്നു. ഹി. 946-ൽ ഇഹലോകവാസം വെടിഞ്ഞ ശിഹാബുദ്ദീൻ ദിമശ്ഖി ശാഫിഈയെ കുറിച്ച് ഇബ്നുൽ ഇമാദ് കുറിക്കുന്നു: മഹാനായ സഹാബി സഅദ് ബ്നു ഉബാദയുടെ വഖ്ഫ് സ്വത്തുക്കളുടെ മേൽനോട്ടം ഇദ്ദേഹമാണ് നിർവഹിച്ചിരുന്നത്. (ശദ്റാത്തു ദഹബ്)

* മുൻഗാമികളായ മഹത്തുക്കൾ വഖ്ഫ് ചെയ്യുകയും വിശ്വസ്തരായ പിൻഗാമികൾ ആദരവോടെ പരിപാലിക്കുകയും ചെയ്ത എണ്ണമറ്റ വഖ്ഫ് സ്വത്തുക്കൾ ലോകം മുഴുവനും കാണാൻ കഴിയും. 

* വഖ്ഫിലൂടെ വഖ്ഫ് ചെയ്യുന്ന വ്യക്തിയുടെ സ്വത്തിൻ്റെയും സന്താനങ്ങളുടെയും ഭാവി സുരക്ഷിതമാക്കാൻ കഴിയുന്നു. സന്താനങ്ങൾക്ക് വേണ്ടി ന്യായമായ ഒരു സ്വത്ത് ആരെങ്കിലും വഖ്ഫ് ചെയ്താൽ അത് സന്താനങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റുകയും ആവശ്യത്തിന് സഹായിക്കുകയും ചെയ്യുന്നതാണ്. 

* വഖ്ഫ് പടച്ചവന്റെ ഭാഗത്തുനിന്നും നിരന്തരം പ്രതിഫലം ലഭിക്കാനുള്ള മാർഗ്ഗമാണ്. മാത്രമല്ല, പ്രതിഫലം അധികരിച്ചു കൊണ്ടിരിക്കും. പാപങ്ങൾ മായിക്കപ്പെടും. ഇഹലോകത്ത് സൽപേരും പരലോകത്ത് ഉന്നത വിജയവും ലഭിക്കും. 

* വഖ്ഫിലൂടെ സമ്പത്തിന്റെ പ്രയോജനം ദീർഘകാലത്തേക്ക് നീളുന്നതും അതിന്റെ പ്രയോജനം തുടർച്ചയായി തലമുറകൾ അനുഭവിക്കുന്നതുമാണ്. എത്രയോ വലിയ സമ്പത്തുകളാണ് ആർക്കും പ്രയോജനമില്ലാതെ പാഴായി പോകുന്നത്. എന്നാൽ ശരിയായ നിലയിൽ വർക്ക് ചെയ്യപ്പെട്ട സ്വത്ത് ആർക്കും ഉപദ്രവം ഉണ്ടാക്കാതെ നിരന്തരം പ്രയോജനം ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. 

* സൈദ് ബിൻ സാബിത്ത് (റ) പറയുന്നു: മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും വഖ്ഫിനേക്കാൾ ഉത്തമമായ ഒരു നന്മയുമില്ല. മരിച്ചവർക്ക് അതിൽ നിന്നും കൂലി ലഭിക്കുന്നു. ജീവിച്ചിരിക്കുന്നവർ അവയെ പ്രയോജനപ്പെടുത്തും അതാർക്കും ദാനം ചെയ്യപ്പെടുകയോ അനന്തരാവകാശമായി നൽകപ്പെടുകയോ ചെയ്യുന്നതല്ല. (അൽഇസ്ആഫു ഫീ അഹ്കാമിൽ ഔഖാഫ്)

🔹🔹🔹🔹🔹🔹🔹

കവർ സ്റ്റോറി

വഖ്ഫ് ഭരണഘടനാപരമായ അവകാശം.

✍️ മൗലാനാ സയ്യിദ് അർഷദ് മദനി
ദേശീയ അധ്യക്ഷൻ, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്


സർവ്വലോക പരിപാലകനായ അല്ലാഹു പരിശുദ്ധ ഖുർആനിലൂടെ ധാരാളം സ്ഥലങ്ങളിൽ വ്യക്തമായി പ്രേരിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ് ദാനധർമ്മങ്ങൾ. വഖ്ഫ് ദാനധർമ്മങ്ങളുടെ വളരെ മഹത്തരമായ ഒരു മാർഗ്ഗമാണ്. ആദരവായ റസൂലുല്ലാഹി ﷺ വളരെ താല്പര്യത്തോടെ പ്രവർത്തിക്കുകയും സമുദായത്തെ പ്രേരിപ്പിക്കുകയും ചെയ്ത ഒരു കാര്യവുമാണിത്. മഹാന്മാരായ സ്വഹാബികൾ ഇതിൽ ആവേശത്തോടെ പങ്കെടുത്തു. അവിടുന്ന് ഇങ്ങോട്ട് ഇന്നുവരെ ധാരാളം വഖ്ഫുകൾ നടക്കുകയുണ്ടായി. പടച്ചവന്റെ ഉതവിയാൽ ലോകാവസാനം വരെ ഇത് നിലനിൽക്കുകയും ചെയ്യുന്നതാണ്. എന്നാൽ, മുസ്‌ലിംകൾക്ക് മാത്രമല്ല, മുഴുവൻ ജനങ്ങൾക്കും അനുഗ്രഹീതവും ഉപകാരപ്രദവുമായ വഖ്ഫ് സ്വത്തിനെ കൊള്ളയടിക്കാനുള്ള വഴിയാണ് പുതിയ വഖ്ഫ് ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഗവൺമെൻ്റ് തുറന്നുകൊടുക്കാൻ ശ്രമിക്കുന്നത്. 

വഖ്ഫിനെ കുറിച്ച് ഭരണഘടനയിൽ പറയുന്നുണ്ടോ എന്നാണ് പ്രധാനമന്ത്രി ചോദിക്കുന്നത്. നാളെ നമസ്കാരം, നോമ്പ്, മുതലായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ഇങ്ങനെ ചോദിക്കുമോ എന്ന് സംശയമുണ്ട്. ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഇഷ്ടമുള്ള മതം മതം സ്വീകരിക്കാനും പഠിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അനുവാദം നൽകുന്നു. യഥാർത്ഥത്തിൽ ഇത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ പ്രധാന ആവശ്യം കൂടിയായിരുന്നു. പ്രത്യേകിച്ചും സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസിനോടൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഇക്കാര്യം നിരന്തരം ആവശ്യപ്പെടുകയും സ്വാതന്ത്ര്യ സമര സേനാനികൾ ഇതിനെ സമ്മതിച്ചു പറയുകയും ചെയ്തിരുന്നു. സൂറത്തിൽ കൂടിയ കോൺഗ്രസിൻ്റെ ദേശീയ വർക്കിംഗ് കമ്മിറ്റി പാസാക്കിയ ഒരു പ്രമേയം ഇപ്രകാരമാണ്: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മതസ്വാതന്ത്ര്യം നൽകപ്പെടണമെന്ന് ന്യൂനപക്ഷങ്ങളുടെ ആവശ്യം തീർത്തും ന്യായമാണ്. പ്രത്യേകിച്ചും മുസ്‌ലിം സഹോദരങ്ങളോട് ഞങ്ങൾ പറയുന്നു: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അവരുടെ മസ്ജിദുകളും മദ്‌റസകളും ഖബർസ്ഥാനുകളും വഖ്ഫ് സ്വത്തുക്കളും സംരക്ഷിക്കപ്പെടുന്നതാണ്!

എന്നാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണം നടത്തിയവർ ഇതിനെ കഴിയുന്നത്ര പാലിക്കുകയുണ്ടായി. പക്ഷേ, അതിനെയെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് ഇപ്പോൾ കേന്ദ്ര ഭരണകൂടം നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പുതിയ ഒരു നീക്കമാണ് വഖ്ഫ് ഭേദഗതി നിയമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഈ നിയമം അനീതിയുടെ പര്യായമാണ്. വസ്തു നമ്മുടേതായിരിക്കേ, നോക്കുന്നത് ആരെങ്കിലുമായിരിക്കണമെന്ന ഈ നിയമത്തിലെ അക്രമപരമായ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ സമുദായത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്ന ശക്തമായ പ്രതിഷേധം അധികാരകൾ ശ്രദ്ധിക്കേണ്ടതാണ്. അതെ, വഖ്ഫ് മതപരമായ ഒരു വിഷയമാണ്. അതില്‍ യാതൊരുവിധ കൈകടത്തലുകളും ഞങ്ങള്‍ അനുവദിക്കുന്നതല്ല. 

സംയുക്ത പാര്‍ലമെന്റ് കമ്മിറ്റിയുടെ യോഗത്തില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും മുന്നില്‍ ഞങ്ങള്‍ വ്യക്തമായി പറഞ്ഞു: ഈ നിയമത്തിൽ ഒന്നും രണ്ടുമല്ല, എണ്ണമറ്റ കുഴപ്പങ്ങളുണ്ട്. വഖ്ഫിന്റെ സ്ഥാനത്തെയും വഖ്ഫ് ചെയ്ത വ്യക്തിയുടെ ലക്ഷ്യത്തെയും ഇത് തകിടം മറിക്കുന്നു. 

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല, മതസംഘടനയാണ്. അധികാരത്തില്‍ ആര് ഇരിക്കുന്നു, ആര് വരുന്നു, ആര് പോകുന്നു, തിരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ത്ഥിയാകുന്നു, ആര് വിജയിക്കുന്നു, ആര് പരാജയപ്പെടുന്നു എന്നീ കാര്യങ്ങളുമായി ജംഇയ്യത്തിന് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ രാജ്യത്തെ സ്‌നേഹിക്കുന്നു. നമ്മുടെ മുന്‍ഗാമികളായ മഹത്തുക്കള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. ഞങ്ങള്‍ രാജ്യത്ത് ശാന്തിയും സമാധാനവും പരസ്പര സ്‌നേഹാദരവുകളും നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നു. അതെ, ഈ ഇന്നത്തെ ഏറ്റവും വലിയ ആവശ്യമാണ്. സ്‌നേഹാദരവുകളുടെ അന്തരീക്ഷം നിലനില്‍ക്കുന്ന കാലത്തോളം ഈ രാജ്യം മുന്നോട്ട് നീങ്ങുന്നതും പുരോഗതി പ്രാപിക്കുന്നതുമാണ്. പരസ്പരമുള്ള സ്‌നേഹാദരവുകളെ തീവെച്ച് നശിപ്പിച്ചാല്‍ രാജ്യം തന്നെ തകര്‍ന്ന് തരിപ്പണമാകുന്നതാണ്.

ഞങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്നു. രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അങ്ങേയറ്റം ഭയാനകവും ദു:ഖകരവുമാണ്. രാജ്യത്ത് അടിയന്തരമായി ശ്രദ്ധ പതിപ്പിക്കേണ്ട നിരവധി വിഷയങ്ങളുണ്ടായിട്ടും, കേന്ദ്ര ഭരണകൂടം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ഒരു ഭാഗത്ത് വഖഫ് ഭേദഗതി ബില്‍ കൊണ്ടുവന്നു. മറുഭാഗത്ത് ഏകസിവില്‍ കോഡിന്റെ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുന്നു. 

രാജ്യത്തെ സെക്യുലര്‍ ഭരണഘടന കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന കാര്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഭരണഘടന സംരക്ഷിക്കുക എന്നത് നാമെല്ലാവരുടെയും കര്‍ത്തവ്യമാണ്. ഭരണഘടനയുണ്ടങ്കില്‍ മാത്രമേ രാജ്യം നിലനില്‍ക്കുകയുള്ളൂ. പക്ഷേ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളനുസരിച്ച് ഇവിടെ കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതെ, ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ ഇവിടെ പാലിക്കപ്പെടുന്നില്ല. ഭരണഘടനയെക്കുറിച്ച് എല്ലാവരും പാട്ട് പാടുകയും അതിന്റെ പേര് പറഞ്ഞ് ഭരണം ഏറ്റെടുക്കുകയും സത്യപ്രതിജ്ഞ നടത്തുകയും ചെയ്യുന്നു. പക്ഷേ, ഇവര്‍ സ്വന്തം പ്രവര്‍ത്തനത്തിലൂടെ ഭരണഘടനയെ അനുസരിക്കുന്നില്ലായെന്നതാണ് ഏറ്റവും വലിയ ദുരന്തം. ഓരോ ദിവസവും ഭരണഘടന ചിവിട്ടിത്തേക്കപ്പെടുന്ന രംഗങ്ങള്‍ തുറന്ന കണ്ണുകൊണ്ട് രാജ്യം കാണുകയാണ്. 

രാജ്യത്തിന്റെ സെക്യുലര്‍ ഭരണഘടന ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ മുന്‍ഗാമികളായ മഹത്തുക്കളുടെ ത്യാഗപരിശ്രമങ്ങളുടെ ഫലം കൂടിയാണ്. അവര്‍ രാജ്യത്തെ അടിമത്വത്തിന്റെ ശാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ അസാധാരണമായ ത്യാഗങ്ങള്‍ അനുഷ്ടിച്ചു. ശേഷം രാജ്യം സ്വതന്ത്രമായപ്പോള്‍ സന്തുലിതമായ ഒരു ഭരണഘടന രാജ്യത്തിന് സമ്മാനിച്ചു. എന്നാല്‍ ഇന്നത് നിന്ദിക്കപ്പെടുകയും ചവിട്ടിത്തേക്കപ്പെടുകയുമാണ്. ഇത്തരുണത്തില്‍ അതിന്റെ സംരക്ഷണത്തിന് വേണ്ടി ജംഇയ്യത്ത് രംഗത്തിറങ്ങിയിരിക്കുകയാണ്. 

വഖ്ഫ് ഭേദഗതി നിയമം യഥാര്‍ത്ഥത്തില്‍ ഭരണഘടന അനുവദിച്ചിരിക്കുന്ന മുസ്‌ലിം വ്യക്തി നിയമത്തെ തകര്‍ക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. എന്നാല്‍ അവര്‍ വാദിക്കുന്നത്, ഇത് വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ്. പക്ഷേ, അപകടകരമായ കാര്യങ്ങള്‍ അടങ്ങിയ ഈ നിയമം വഖ്ഫ് സ്വത്തുക്കളെ അപഹരിക്കാനും മുന്‍ഗാമികളിലൂടെ ലഭിച്ച അമൂല്യ സമ്പത്ത് നശിപ്പിക്കാനും വേണ്ടിയുള്ളതാണ്. ആകയാല്‍ ഭരണഘടനയെ രക്ഷിക്കണമെങ്കില്‍ ഈ നിയമം പിൻവലിക്കേതാണ്. രാജ്യം മുഴുവനും ഇതിനെതിരില്‍ മുഴങ്ങുന്ന ശബ്ദം രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ കേള്‍ക്കുന്നുണ്ടെന്ന് അധികാരികള്‍ മനസ്സിലാക്കേണ്ടതാണ്. വഖ്ഫ് ഞങ്ങളുടെ മതപരമായ കാര്യമാണ്. ഒരു നിലയ്ക്കും ഞങ്ങള്‍ ഈ നിയമത്തെ അനുകൂലിക്കുന്നതല്ല. 

🔹🔹🔹🔹🔹

ലേഖനം

വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കുക!

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

ആരാധനാ കർമ്മങ്ങളെപ്പോലെ ഇസ്‌ലാമിൽ സൃഷ്ടികളുടെ സേവനത്തിനും വലിയ പ്രാധാന്യമുണ്ട് ഇക്കാരണത്താലാണ് നമസ്കാരം നോമ്പ് എന്നിവയോടൊപ്പം സകാത്ത് സ്വദഖകളെയും പ്രേരിപ്പിക്കപ്പെട്ടത്. വിവിധ വീഴ്ചകൾക്കുള്ള പരിഹാ രമെന്നോണം ദാനധർമ്മങ്ങളും സാധുക്കൾക്ക് ആഹാര വസ്ത്രങ്ങൾ നൽകലും നിയമമാക്കപ്പെട്ടിരിക്കുന്നു.

ദാനധർമ്മത്തിന് 2 രൂപങ്ങളുണ്ട്. 1. ആരുടെയെങ്കിലും താൽകാലിക ആവശ്യം നിർവ്വഹിച്ച് കൊടുക്കുക. ഉദാഹരണത്തിന് വിശന്നവന് ആഹാരം കൊടുക്കുക. 2. ധാരാളം ആളുകൾക്ക് നീണ്ട കാലത്തേക്ക് പ്രയോജനപ്പെടുന്ന നിലയിൽ വല്ല ദാനവും ചെയ്യുക. ഈ രണ്ട് രൂപവും പ്രതിഫലാർഹമാണെങ്കിലും രണ്ടാമത്തെ രൂപത്തിന് പ്രതിഫലം വളരെ കൂടുതലാണ്. ഇതിനെ ജനങ്ങൾ പ്രയോജനപ്പെടു ത്തുന്ന എണ്ണത്തിനും കാലത്തിനും അനുസരിച്ച് പ്രതിഫലവും വർദ്ധിക്കുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ അവന്റെ കർമ്മങ്ങ ളും അവസാനിക്കുന്നതാണ് എന്നാൽ 3 കർമ്മങ്ങളുടെ പ്രതിഫലം തുടർന്നും ലഭിക്കുന്നതാണ്: നിലനിൽക്കുന്ന ദാനം, ജനങ്ങൾക്ക് പ്രയോജനം നൽകുന്ന വിജ്ഞാനം, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സന്താനം (മുസ്‌ലിം -4310 )

ഇതിൽ നിലനിൽക്കുന്ന ദാനത്തിൻ്റെ ഒരു പ്രധാന രൂപമാണ് വഖ്ഫ്. വഖ്ഫിന്റെ ഭാഷാർത്ഥം തടഞ്ഞ് നിർത്തുക എന്നാണ്. അതായത് ഒരു സ്വത്തിനെ തടഞ്ഞ് നിർത്തുകയും അതിൽ നിന്ന് ലഭിക്കുന്ന പ്രയോജനത്തെ വഖ്ഫ് ചെയ്ത വ്യക്തി യുടെ നിർദ്ദേശപ്രകാരം അർഹരായ ആളുകൾക്ക് ചിലവഴിക്കുകയും ചെയ്യുക. ഇതിൽ അടിസ്ഥാന സമ്പത്ത് തടഞ്ഞ് നിർത്തപ്പെടുകയും അവശേഷിക്കുകയും ചെയ്യുന്നത് കൊണ്ട് ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. വഖ്ഫിന്റെയും പൊതു ദാനത്തിന്റെയും ഇടയിലുള്ള അടിസ്ഥന വ്യത്യാസവും ഇത് തന്നെയാണ്. അതെ പൊതു ദാനത്തിൽ അത് പ്രയോജനപ്പെടുത്തുന്ന സാധുക്കൾ തന്നെ അതിന്റെ ഉടമകൾ ആകുന്നതാണ്. വഖ്ഫിൽ വസ്തുവല്ല, അതിൻ്റെ പ്രയോജനം മാത്രം ഉട മയാക്കുന്നതാണ്. ഇവിടെ ഒരു കാര്യം കൂടി മനസ്സിലാക്കുക: വഖ്ഫ് സ്വത്തിന്റെ മേൽ ആർക്കും ഉണ്ടായിരിക്കുന്നതല്ല. മറിച്ച് വഖ്‌ഫിനെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് അതിന്റെ്റെ ഉടമസ്ഥാവകാശം സ്രഷ്ടാവായ അല്ലാഹുവിലേക്ക് മടങ്ങും എന്നാണ് (ദുർറുൽ മുഖ്‌താർ 3/493)

വഖ്ഫിന്റെ ഈ പ്രാധാന്യം കാരണം മുസ്‌ലിംകൾ എല്ലാ കാലത്തും നന്മയായ വിവിധ കാര്യങ്ങൾക്ക് വേണ്ടി വഖ്ഫ് ചെയ്തിരുന്നു. ഈ വിഷയത്തിൽ ഒരു സുവ ർണ്ണ ചരിത്രം തന്നെ കാണാൻ കഴിയുന്നതാണ്. മസ്‌ജിദുകൾ, ഈദ്ഗാഹുകൾ, ഖബർസ്ഥാനുകൾ, മുതലായവക്ക് മാത്രമല്ല മുൻഗാമികൾ വഖ്ഫ് ചെയ്തത്. നാനാ ജാതി മതസ്ഥർക്ക് പ്രയോജനപ്പെടുന്ന അനാഥാലയങ്ങൾ, വഴിയമ്പലങ്ങൾ, ശുശ്രൂ ഷാ കേന്ദ്രങ്ങൾ എന്നിവക്കും മൃഗങ്ങൾക്കും പറവകൾക്കും വഖ്ഫ് ചെയ്തിരുന്നു.

ഇത്രമാത്രം പ്രധാനപ്പെട്ട വഖ്ഫിൻ്റെ വിഷയത്തിൽ ധാരാളം വീഴ്ചകൾ സംഭവിച്ചു എന്നത് ഒരു വസ്തുതയാണ്. എന്നാൽ വ്യക്തികളുടെ തെറ്റിൻ്റെ പേരിൽ സമുദായത്തെ ഒന്നടങ്കം ശിക്ഷിക്കുന്നതും വ്യക്തി നിയമത്തിൽ തന്നെ കൈക ടത്തുകയും ചെയ്യുന്നതും തെറ്റാണ്. ഇത്തരം തെറ്റുകൾ എല്ലാ സമുദായത്തിലു മുണ്ട്. തെറ്റിൻറെ പേരിൽ തെറ്റുകാരെയാണ് ശിക്ഷിക്കേണ്ടത്.

എന്നാൽ ഓരോ കാലഘട്ടത്തിലുമുള്ള സൂക്ഷ്മാലുക്കളായ പണ്ഡിതരുടെയും ഇതര സേവകരുടെയും ത്യാഗപരിശ്രമങ്ങൾ കാരണം ഇതിൽ മാറ്റങ്ങളുണ്ടായി. ഇന്ത്യയിലെ മുസ്‌ലിംകളും അമുസ്‌ലിംകളുമായ ഭരണാധികാരികൾ പൊതുവിൽ ഇതിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന കാര്യം നന്ദിയോടെ സ്മരിക്കുകയാണ്. എന്തിനേറെ വഖ്ഫ് അടക്കം ഇസ്‌ലാമിക ശരീഅത്തിലെ പല വിഷയങ്ങളിലും കൈകടത്തിയ ബ്രിട്ടീഷ് ഗവൺമെന്റും അവസാനം സമു ദായത്തിൻറെ ത്യാഗ പരിശ്രമങ്ങൾ പരിഗണിച്ച് വഖ്ഫിനെ മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമായി അംഗീകരിച്ചു. സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ ഒരു പ്രധാന ആവശ്യം സ്വതന്ത്ര്യ ഇന്ത്യയിൽ വഖ്ഫ് സംരക്ഷിക്കപ്പെടണമെ ന്നത് ആയിരുന്നു. സ്വാതന്ത്ര്യ സമര സേനാനികൾ ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര്യ ഇന്ത്യയിൽ പല ഘട്ടങ്ങളിലായി വഖ്ഫിൻ്റെ ചർച്ച നടക്കുകയും 1995 -ൽ താരതമ്യേന ഭേദപ്പെട്ട ഒരു വഖ്ഫ് നിയമം നിലവിൽ വരികയും ചെയ്തു.

പക്ഷേ, വർഗ്ഗീയതയുടെ അടിസ്ഥാനത്തിൽ ഭരണത്തിലേറിയ ബി.ജെ.പി. ഗവൺമെന്റ് തുടക്കം മുതൽ തന്നെ മുസ്‌ലിം വിരുദ്ധ നീക്കങ്ങൾ ആരംഭിച്ചു. ഈ പരമ്പരയുടെ ക്രൂരമായ ഒരു ഭാഗമാണ് പുതിയ വഖ്ഫ് നിയമം. ആദ്യം ഈ നിയമത്തെ മുഴുവൻ തകിടം മറിക്കുന്ന ഒരു ഭേദഗതി ബിൽ തയ്യാറാക്കി. തുടർന്ന് അസത്യങ്ങളും അർദ്ധസത്യങ്ങളും പർവ്വതീകരണങ്ങളും നിറഞ്ഞ പ്രചാരണങ്ങൾ നടത്തി. അതിന് സമുദായത്തിലെ വ്യക്തികളെയും ചില വിഭാഗങ്ങളെയും വി ലക്കെടുത്ത് ആയുധമാക്കി. ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡും വിവിധ മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും ഇതിനെതിരിൽ ന്യായങ്ങൾ നിരത്തി ശക്തവും വ്യക്തവുമായ പ്രചാരണങ്ങൾ നടത്തി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ജെ.പി.സി. ക്ക് വിട്ടു. അതിന് മുന്നിലും ബോർഡും ഇതര സംഘടനകളും കാര്യങ്ങൾ വിവരിച്ചു.

പക്ഷേ ഇതൊന്നും പരിഗണിക്കാതെ ബിൽ പാർലമെന്റ്റിൽ അവതരിപ്പിച്ചു. പ്രതിപക്ഷം ശക്തമായ ചെറുത്തു നിൽപ്പ് നടത്തിയെങ്കിലും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പാസാക്കുകയും നിയമമാക്കുകയും ചെയ്തു. ഇത്തരുണത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സുപ്രീംകോടതിയെ സമീപി ച്ചതിനോടൊപ്പം ഇന്ത്യ മുഴുവനും പ്രചാരണ പ്രവർത്തനങ്ങളും സമരങ്ങളും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആകയാൽ ഓരോ സഹോദരങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു:

1. ശരിഅത്തിന്റെ വിഷയങ്ങൾ നാം പഠിക്കുകയും എല്ലാ സഹോദരങ്ങൾ ക്കും എത്തിച്ചു കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ്. പ്രത്യേകിച്ച് ഇന്ന് വഖ്ഫിൻറെ പ്രശ്നം വന്നിരിക്കുകയാണ്. ഇതിനെ കുറിച്ച് സഹോദര സമുദായം ഗങ്ങൾക്ക് ഒന്നുമറിയില്ല എന്നതാണ് വാസ്തവം. നാം ഓരോരുത്തരും കുറഞ്ഞത് അഞ്ച് സഹോദരങ്ങളെ വീതം കണ്ട് ഇതിന്റെ കാര്യങ്ങൾ മനസ്സിലാക്കി കൊടു ക്കാൻ പരിശ്രമിച്ചാൽ അവരുടെ തെറ്റിദ്ധാരണ മാറുന്നതും അവർ കാര്യങ്ങൾ ഗ്രഹിക്കുന്നതുമാണ്. ഈ വിഷയത്തിൽ പരിസര പ്രദേശങ്ങളിൽ വഖ്ഫിന്റെ വാഹക സംഘങ്ങളായി യാത്ര ചെയ്ത് ആളുകളെ കൂട്ടിയും വ്യക്തികളെ സന്ദർ ശിച്ചും വഖ്ഫിൻറെ കാര്യങ്ങൾ ധരിപ്പിക്കുകയും പിന്തുണ തേടുകയും ചെയ്യുക. ഇതോടൊപ്പം അവരുമായി സ്നേഹ ബന്ധം സ്ഥാപിക്കുകയും സൗഹൃദപൂർവ്വം വർത്തിക്കുകയും വേണം. അകൽച്ചകളിലൂടെ തെറ്റിദ്ധാരണകൾ ഉണ്ടാവുന്നതാ ണ്. പരസ്പരം അടുത്ത് ഇടപെഴുകുന്നതിലൂടെ മാത്രം ധാരാളം തെറ്റിദ്ധാരണകൾ മാറുന്നതാണ്. മക്കയിൽ കടുത്ത ക്ഷാമമുണ്ടായപ്പോൾ റസൂലുല്ലാഹി സ്വ ഹാബികളിൽ നിന്നും പിരിവെടുത്ത് അഞ്ഞൂറ് സ്വർണ്ണ നാണയം അയച്ചു കൊ ടുക്കുകയും അവരുടെ ബുദ്ധിമുട്ടുകൾ മാറുന്നതിന് പ്രാർത്ഥിക്കുകയും ചെയ്തു. അതെ, ഇസ്ലാം കാരുണ്യത്തിൻ്റെ ദർശനമാണ്. ഈ ഒരു വീക്ഷണം നമ്മുടെ രാജ്യത്ത് പ്രചരിപ്പിക്കേണ്ടതിന് നാം കാരുണ്യത്തോടെ ജീവിക്കേണ്ടത് അത്യാ വശ്യമാണ്. ജനങ്ങളെ കൂട്ടത്തിൽ ചേർത്ത് നിർത്തലും എല്ലാവരോടും സ്നേഹ കാരുണ്യങ്ങളോടെ വർത്തിക്കലും നമ്മുടെ നായകൻ മുഹമ്മദുർ റസൂലുല്ലാഹി യുടെ പ്രധാന ചര്യയാണ്.

2. ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിൻ്റെ എല്ലാ പ്രവർത്തന ങ്ങളും പോരാട്ട പരിശ്രമങ്ങളും നിയമത്തിനുള്ളിൽ നിന്നു കൊണ്ടായിരിക്കണം. സത്യത്തിനും നീതിക്കും വേണ്ടി നാം അങ്ങേയറ്റം പരിശ്രമിക്കുകയും ജീവൻ കൊ ടുക്കേണ്ടി വന്നാൽ അതിന് സന്നദ്ധമാവുകയും ചെയ്യും. പക്ഷേ ആരുടെയും ജീവനെടുക്കുന്നതല്ല! ഈ നിയമത്തെ എന്ത് വില കൊടുത്തും പിൻവലിപ്പിക്കുന്ന തിന് വേണ്ടി ഒരു ഭാഗത്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. മറുഭാഗത്ത് പ്രതിഷേധങ്ങളുടെ വളരെ ലളിതവും ശക്തവുമായ ഒരു കർമ്മ പദ്ധതി സമുദായ ത്തിന് മുമ്പാകെ സമർപ്പിക്കുകയും അതിൻറെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. മുസ്‌ലിം പേഴ്സണൽ ബോർഡിൻ്റെ ഈ തീരുമാനത്തെ എല്ലാവരു ഏക സ്വരത്തിൽ സ്വീകരിക്കുകയും ഇതിൽ നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

3. ശക്തവും സമാധാന പൂർണ്ണവുമായ പ്രതിഷേധങ്ങൾ തുടരുക. സമുദാ യത്തെ വഴി തെറ്റിപ്പിക്കാൻ തൽപ്പര കക്ഷികൾ പലവിധത്തിലും പരിശ്രമിക്കും എന്ന കാര്യം നാം മറക്കരുത്. സമുദായത്തിനിടയിൽ ഭിന്നതയുണ്ടാക്കാനും മത സംഘടനകളെയും നേതൃത്വങ്ങളെയും വിലയില്ലാത്തവരായി കാണിക്കാനും അവരെ കുറിച്ച് തെറ്റിദ്ധാരണകൾ പടർത്താനും അവർ ശ്രമിക്കുന്നതാണ്. മറ്റു ചിലർ രാജ്യത്തോടും സമുദായത്തോടുമുള്ള സ്നേഹം പ്രകടിപ്പിച്ചു കുഴപ്പങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത്തരം നാശകാരികളിൽ നിന്നും & 3/4 ജാഗ്രതയും അകൽച്ചയും പുലർത്തുക.

4. പടച്ചവന്റെ അനുഗ്രഹത്താൽ വിശാലമായ ധാരാളം വഖ്ഫ് സ്വത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ ധാരാളം സ്ഥലങ്ങൾ നഷ്ടപ്പെട്ടു. ഇപ്പോൾ കൂടുതൽ നഷ്ടപ്പെടുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. അതുകൊണ്ട് അവശേ ഷിക്കുന്ന വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ പ്രത്യേകം പരിശ്രമിക്കേണ്ടതാണ്.

തുറന്നു കിടക്കുന്ന വഖ്ഫ് ഭൂമികൾ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുക. രജിസ്റ്റർ ചെയ്യാത്തതും ഗവൺമെന്റ് പിടിച്ചെടുക്കാൻ സാധ്യതയുള്ളതുമായ പഴയതും പുതിയതുമായ വഖ്ഫ് സ്വത്തുക്കൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുക. ഇതിന് വേണ്ടി നിയമജ്ഞരുമായി കൂടിയാലോചിക്കുകയും പണം ചിലവഴിക്കേ ണ്ടി വന്നാൽ എല്ലാവരുമായി ബന്ധപ്പെട്ട് അത് പൂർത്തീകരിക്കുകയും ചെയ്യുക.

5. മുൻകാലത്ത് വഖ്‌ഫിൻ്റെ കാര്യങ്ങൾ നോക്കുന്ന ആളുകളിൽ ഭയഭക്തി യില്ലാത്ത പലരും ഉണ്ടായിരുന്നു. അവർ തെറ്റായ കാര്യങ്ങൾ ചെയ്യാനും നിഷി ദ്ധമായ സമ്പത്ത് ഉപയോഗിക്കാനും മടി കാട്ടിയിരുന്നില്ല. വഖ്ഫ് ബോർഡിലെ തന്നെ ചിലയാളുകൾ കൈകൂലി വാങ്ങിച്ചും ഇതര സമ്മർദ്ദങ്ങൾക്ക് വഴങ്ങിയും വഖ്ഫിൻറെ കേസുകളിൽ മനപ്പൂർവ്വം തോൽക്കുകയും പണത്തിന് വേണ്ടി സമുദായത്തിൻറെ വിലയേറിയ സ്വത്തുക്കൾ അപഹർത്താക്കൾക്ക് നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം വളരെ ശക്തമായ വഖ്ഫിൻ്റെ നിയമങ്ങൾ ഉള്ളതിനോടു കൂട്ടിയാണ് നടന്നിരുന്നത്. എന്നാൽ പുതിയ നിയമം ഈ വിഷയത്തിൽ കൂടുതൽ അക്രമങ്ങൾക്കുള്ള വഴികൾ തുറന്നു കൊടുത്തിരിക്കുകയാണ്. അതുകൊണ്ട് മദ്റസകളും മസ്‌ജിദുകളും സേവന കേന്ദ്രങ്ങളും അനാഥാലയങ്ങളും ഖബർ സ്ഥാനുകളും കമ്മിറ്റികളുടെ ട്രസ്റ്റ് ആക്കണമെന്ന് ഉപദേശിക്കുന്നു. ട്രസ്റ്റിന്റെ രൂപത്തിൽ കൂടുതൽ സംരക്ഷണം ലഭിക്കുന്നതാണ്.

6. ഏതെങ്കിലും ഒരു വിഭാഗം പടച്ചവൻറെ വിധി വിലക്കുകൾ ലംഘിക്കുകയും അനുഗ്രഹങ്ങൾക്ക് നന്ദികേട് കാട്ടുകയും ചെയ്താൽ ഈ ലോകത്ത് തന്നെ അല്ലാഹു ആ അനുഗ്രഹത്തെ പിൻവലിച്ചു കൊണ്ട് ശിക്ഷിക്കാറുണ്ട്. വഖ്‌ഫിൻ്റെ പ്രശ്നം അതിൽ പെട്ടതാണോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ഭാഗത്ത് ഭരണകൂടവും മറ്റും ധാരാളം വഖ്ഫ് സ്വത്തുക്കൾ അന്യാധീനക്കപ്പെടുത്തിയപ്പോൾ മറുഭാഗത്ത് മുസ്ല‌ിം സമുദായത്തിൽ പെട്ട ധാരാളം ആളുകളും അന്യായമായ നിലയിൽ വഖ്ഫ് സ്വത്തുക്കൾ കൈയ്യേറിയിരിക്കുകയാണ്. മറ്റു ചിലർ വഖ്ഫ് സ്വത്ത് വാടകയ്ക്ക് എടുത്തിരിക്കുന്നു. പരിസരത്ത് അമ്പതിനായിരം വാടക നൽകു മ്പോൾ ഇവിടെ കൊടുക്കുന്നത് നൂറ്റി അമ്പത് രൂപയാണ്. വേറെ ചിലർ കുറഞ്ഞ വാടകയ്ക്ക് എടുത്ത് കൂടിയ വാടകയ്ക്ക് മറിച്ച് നൽകി ഇരുപത്തി അയ്യായിരം രൂപ വാങ്ങിയിട്ട് വഖ്ഫ് ബോർഡിന് നൂറ് രൂപ നൽകുകയും ചെയ്യുന്നു. ആകയാൽ വഖ്ഫ് സ്വത്തുക്കളെ മോഷ്ടിക്കുന്ന പാപത്തിൽ കുടുങ്ങിയ മുസ്‌ലിംകൾ ഈ മഹാപാപത്തിൽ നിന്നും പശ്ചാത്തപിക്കുക. നിഷിദ്ധമായ സമ്പത്തിൽ നിന്നും സ്വയം രക്ഷപ്പെടുകയും മക്കളെ രക്ഷിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

7. സർവ്വാപേരി പടച്ചവനോട് താണുകേണു ദുആ ഇരക്കുകയും ദിക്ർ ദുആകളും സ്വദഖകളും ഇതര നന്മകളും വർദ്ധിപ്പിക്കുകയും ചെയ്യുക. പടച്ചവൻ അനുഗ്രഹിക്കട്ടെ!


🔹🔹🔹🔹🔹

 മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുത്ത്വലാഖ്

(12 ആയത്തുകള്‍, പദങ്ങള്‍ 249, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 99. പാരായണ ക്രമം 65. സൂറത്തുദ്ദഹ്റിന് ശേഷം അവതരണം)

ധിക്കാരത്തിന്‍റെ അന്ത്യം നാശകരമാണെന്ന് ചരിത്രം ഉണര്‍ത്തുന്നു.

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 08-12

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

وَكَأَيِّن مِّن قَرۡيَةٍ عَتَتۡ عَنۡ أَمۡرِ رَبِّهَا وَرُسُلِهِۦ فَحَاسَبۡنَٰهَا حِسَابٗا شَدِيدٗا وَعَذَّبۡنَٰهَا عَذَابٗا نُّكۡرٗا ۝٨ فَذَاقَتۡ وَبَالَ أَمۡرِهَا وَكَانَ عَٰقِبَةُ أَمۡرِهَا خُسۡرًا ۝٩ أَعَدَّ ٱللَّهُ لَه عَذَابٗا شَدِيدٗاۖ فَٱتَّقُواْ ٱللَّهَ يَٰٓأُوْلِي ٱلۡأَلۡبَٰبِ ٱلَّذِينَ ءَامَنُواْۚ قَدۡ أَنزَلَ ٱللَّهُ إِلَيۡكُمۡ ذِكۡرٗا ۝١٠ رَّسُولٗا يَتۡلُواْ عَلَيۡكُمۡ ءَايَٰتِ ٱللَّهِ مُبَيِّنَٰتٖ لِّيُخۡرِجَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ قَدۡ أَحۡسَنَ ٱللَّهُ لَهُۥ رِزۡقًا ۝١١ ٱللَّهُ ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ وَمِنَ ٱلۡأَرۡضِ مِثۡلَهُنَّۖ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا ۝١٢

                രക്ഷിതാവിന്‍റെയും ദൂതന്‍റെയും കല്പനയ്ക്ക് എതിര് പ്രവര്‍ത്തിച്ച ധാരാളം നാടുകളെ നാം കടുപ്പമായ നിലയില്‍ വിചാരണ ചെയ്യുകയും ഭയാനക ശിക്ഷ നല്‍കുകയും ചെയ്യുകയുണ്ടായി.(8) അവരുടെ കര്‍മ്മത്തിന്‍റെ നാശം അവര്‍ അനുഭവിച്ചു. അവരുടെ അന്ത്യം നഷ്ടമായിരുന്നു.(9) അല്ലാഹു അവര്‍ക്ക് കഠിനശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു. സത്യവിശ്വാസം സ്വീകരിച്ച ബുദ്ധിയുള്ളവരെ, നിങ്ങള്‍ അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. അല്ലാഹു നിങ്ങളിലേക്ക് ഉപദേശം ഇറക്കിയിരിക്കുന്നു.(10) അതായത് ഒരു പ്രവാചകനെ അയച്ചു. ആ പ്രവാചകന്‍ അല്ലാഹുവിന്‍റെ വ്യക്തമായ വചനങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കുന്നു. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവരെ ഇരുളുകളില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കാനാണ് പ്രവാചകനെ നിയോഗിച്ചത്. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന ആരാമങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവര്‍ അതില്‍ ശാശ്വതരായിരിക്കും. അല്ലാഹു അവര്‍ക്ക് വളരെ നല്ല വിഭവങ്ങള്‍ നല്‍കുന്നതാണ്.(11) അല്ലാഹുവാണ് ഏഴ് ആകാശങ്ങളെയും അതുപോലെ ഏഴ് ഭൂമികളെയും സൃഷ്ടിച്ചത് അവര്‍ക്കിടയില്‍ അല്ലാഹുവിന്‍റെ കല്പനകള്‍ ഇറങ്ങുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്നും അല്ലാഹുവിന്‍റെ അറിവ് സര്‍വ്വ വ്യാപകമാണെന്നും നിങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്തത്.(12)

ആശയ സംഗ്രഹം:

രക്ഷിതാവിന്‍റെയും ദൂതന്‍റെയും കല്പനയ്ക്ക് എതിര് പ്രവര്‍ത്തിച്ച ധാരാളം നാട്ടുകാരുടെ നാം കടുപ്പമായ നിലയില്‍ വിചാരണ ചെയ്തു. അവരുടെ നിഷേധങ്ങളില്‍ ഒന്നും നാം മാപ്പാക്കിയില്ല. മറിച്ച് എല്ലാത്തിനും ശിക്ഷ തീരുമാനിച്ചു. ഇവിടെ വിചാരണകൊണ്ടുള്ള ഉദ്ദേശം പരലോത്തിന്‍റെ വിചാരണയല്ല, ഇഹലോകത്ത് ശിക്ഷ തീരുമാനിച്ചു എന്നതാണ്. നാം അവര്‍ക്ക് ഭയാനക ശിക്ഷ നല്‍കുകയും അതിലൂടെ അവരെ നശിപ്പക്കുകയും ചെയ്തു. അവരുടെ കര്‍മ്മത്തിന്‍റെ നാശം അവര്‍ അനുഭവിച്ചു. അവരുടെ അന്ത്യം നഷ്ടമായിരുന്നു. ഇത് ഇഹലോകത്തെ കാര്യമാണ്. പരലോകത്ത് അല്ലാഹു അവര്‍ക്ക് കഠിനശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു. നിഷേധത്തിന്‍റെ അന്ത്യം ഇതായിരുന്നതിനാല്‍ സത്യവിശ്വാസം സ്വീകരിച്ച ബുദ്ധിയുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. ഈ ഭയഭക്തി കാരണം പടച്ചവനെ അനുസരിക്കുന്നതാണ്. അനുസരിക്കേണ്ട മാര്‍ഗ്ഗം എന്താണെന്ന് അടുത്തതായി വിവരിക്കുന്നു: അല്ലാഹു നിങ്ങളിലേക്ക് ഉപദേശം ഇറക്കിയിരിക്കുന്നു. ആ ഉപദേശവുമായി ഒരു പ്രവാചകനെ അയച്ചു. ആ പ്രവാചകന്‍ അല്ലാഹുവിന്‍റെ വ്യക്തമായ വചനങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കുന്നു. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവരെ നിഷേധത്തിന്‍റെയും അജ്ഞതയുടെയും ഇരുളുകളില്‍ നിന്നും വിശ്വാസ-വിജ്ഞാന-കര്‍മ്മങ്ങളുടെ പ്രകാശത്തിലേക്ക് നയിക്കാനാണ് പ്രവാചകനെ നിയോഗിച്ചത്. അതായത് ഈ പ്രവാചകനിലൂടെ നല്‍കപ്പെട്ട ഉപദേശമനുസരിച്ച് ജീവിക്കുക എന്നതാണ് പടച്ചവനോടുള്ള അനുസരണ. അടുത്തതായി അനുസരണയുടെ പ്രധാന ഭാഗമായ സത്യവിശ്വാസ സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം വിവരിക്കുന്നു: അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന ആരാമങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവര്‍ അതില്‍ ശാശ്വതരായിരിക്കും. അല്ലാഹു അവര്‍ക്ക് വളരെ നല്ല വിഭവങ്ങള്‍ നല്‍കുന്നതാണ്. അടുത്തതായി അല്ലാഹുവിനെ അനുസരിക്കേണ്ടതിന്‍റെ ഒരു ന്യായം വിവരിക്കുന്നു: അല്ലാഹുവാണ് ഏഴ് ആകാശങ്ങളെയും അതുപോലെ ഏഴ് ഭൂമികളെയും സൃഷ്ടിച്ചത്. ഒരു ഹദീസില്‍ വന്നിരിക്കുന്നു: ഒന്നാം ഭൂയിയുടെ അടിയില്‍ രണ്ടാം ഭൂമി, ശേഷം മൂന്നാം ഭൂമി എന്നിങ്ങനെ ഏഴ് ഭൂമികളുണ്ട്. ആകാശങ്ങള്‍ക്കും ഭൂമികള്‍ക്കുമിടയില്‍ അല്ലാഹുവിന്‍റെ നിയമപരമായതോ നിര്‍മ്മാണപരമോ ആയതായ അല്ലെങ്കില്‍ രണ്ട് നിലയിലുമുള്ള കല്പനകള്‍ ഇറങ്ങുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്നും അല്ലാഹുവിന്‍റെ അറിവ് സര്‍വ്വ വ്യാപകമാണെന്നും നിങ്ങള്‍ അറിയാനും അതിലൂടെ അല്ലാഹുവിനോടുള്ള അനുസരണയും ആരാധനയും നിര്‍ബന്ധമാണെന്ന് നിങ്ങള്‍ മനസ്സിലാക്കാനുമാണ് ഇപ്രകാരം ചെയ്തത്.

വിവരണവും വ്യാഖ്യാനവും:

രക്ഷിതാവിന്‍റെയും ദൂതന്‍റെയും കല്പനയ്ക്ക് എതിര് പ്രവര്‍ത്തിച്ച ധാരാളം നാടുകളെ നാം കടുപ്പമായ നിലയില്‍ വിചാരണ ചെയ്യുകയും ഭയാനക ശിക്ഷ നല്‍കുകയും ചെയ്യുകയുണ്ടായി.(8)ഈ ആയത്തില്‍ ധിക്കാരികളായ സമൂഹത്തിന്  പരലോകത്തില്‍ ശക്തമായ വിചാരണയും ശിക്ഷയും ഉണ്ടാകുന്നതാണെന്ന് ഉണര്‍ത്തിയിരിക്കുന്നു. ഇവിടെ ഭൂതകാല ക്രിയയാണ് ഉപയോഗിച്ചത് സംഭവം നടന്ന് കഴിഞ്ഞ നിലയില്‍ ഉറപ്പായും സംഭവിക്കുമെന്ന് അറിയിക്കാന്‍ വേണ്ടിയാണ്. (റൂഹുല്‍ മആനി) വിചാരണ കൊണ്ടുള്ള ഉദ്ദേശം അവിടെ ചോദ്യങ്ങളൊന്നും ഉണ്ടാകാത്ത നിലയില്‍ ഇഹലോകത്ത് വെച്ച് തന്നെ അവര്‍ക്കുള്ള ശിക്ഷ തീരുമാനിക്കപ്പെട്ട് കഴിഞ്ഞു എന്നും ആശയം പറയാവുന്നതാണ്. അല്ലെങ്കില്‍ ഇങ്ങനെയും പറയാം  കഠിനമായ വിചാരണ പരലോകത്തായിരിക്കും. പക്ഷെ കര്‍മ്മങ്ങള്‍ എഴുതുന്ന പുസ്തകത്തില്‍ അത് കുറിക്കപ്പെട്ട് കഴിഞ്ഞു. അതിനെക്കുറിച്ചാണ് ഇവിടെ വിചാരണ എന്ന് പറഞ്ഞത്. അത് പോലെ ശിക്ഷ കൊണ്ടുള്ള ഉദ്ദേശം മുന്‍കാലങ്ങളില്‍ പല നിഷേധികള്‍ക്കും ഉണ്ടായത് പോലെ ഇഹലോകത്ത് തന്നെ ഉണ്ടായ ശിക്ഷയാണ്. അടുത്ത ആയത്തില്‍ പറയപ്പെട്ടിരിക്കുന്ന ശിക്ഷ പരലോകത്തേതുമാണ്. 
  അല്ലാഹു നിങ്ങളിലേക്ക് ഉപദേശം ഇറക്കിയിരിക്കുന്നു.(10) അതായത് ഒരു പ്രവാചകനെ അയച്ചു! ഈ ആയത്തിന്‍റെ അല്ലാഹു സ്മരണയായ ഖുര്‍ആന്‍ അവതരിപ്പിക്കുകയും റസൂലുല്ലാഹി (സ)യെ നിയോഗിക്കുകയും ചെയ്തു എന്നതാണ്. ചില മുഫസ്സിറുകള്‍ ഇപ്രകാരം ആശയം പറഞ്ഞിരിക്കുന്നു. ഈ ആയത്തിലെ ദിക്ര്‍ ( അല്ലാഹുവിന്‍റെ ധ്യാനം, ഉപദേശം) എന്നത് കൊണ്ടുള്ള ഉദ്ദേശം റസൂലുല്ലാഹി (സ) മാണ്. അതെ, റസൂലുല്ലാഹി (സ) അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ഉപദേശിക്കുകയും കാരണത്താല്‍ റസൂലുല്ലാഹി (സ)യുടെ നാമം തന്നെ ദിക്ര്‍ എന്നായി മാറിയിരിക്കുന്നു. 
  ഏഴ് ഭൂമികള്‍ എവിടെയാണ്?: ഏഴ് ആകാശങ്ങളെപ്പോലെ ഭൂമികളും ഏഴെണ്ണമുണ്ടെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. ഈ ഏഴ് ഭൂമികള്‍ എവിടെയാണ്, ഏത് രൂപത്തിലാണ്, ഒന്നിന് കീഴെ ഒന്നായിട്ടാണോ, ഓരോന്നും ഓരോ സ്ഥാനത്താണോ, അടുക്കടുക്കായിട്ടാണങ്കില്‍ രണ്ടെണ്ണത്തിനിടയില്‍ വിടവുകളുണ്ടോ, ഓരോ ആകാശങ്ങളിലും മലക്കുകള്‍ ഉള്ളത് പോലെ ഭൂമികളിലും സ്രൃഷ്ടികള്‍ വല്ലതും ഉണ്ടോ എന്നീ വിശയങ്ങളില്‍ ഖുര്‍ആന്‍ നിഷബ്ദത പുലര്‍ത്തുന്നു. ഈ വിശയത്തില്‍ വന്നിട്ടുള്ള ഹദീസുകളില്‍ ഭൂരിഭാഗത്തെക്കുറച്ചും ഹദീസ് പണ്ഡിതര്‍ ഭിന്നിച്ചിരിക്കുന്നു. ചിലര്‍ അവ സ്വഹീഹ് ആണന്നും മറ്റ് ചിലര്‍ നിര്‍മ്മിത ഹദീസുകളാണെന്നും പറയുന്നു. ബുദ്ധിപരമായി മേല്‍ പറയപ്പെട്ട രൂപങ്ങള്‍ എല്ലാം സാധ്യതയുള്ളതാണ്. എന്നാല്‍ ഈ വിശയങ്ങളുമായി നമ്മുടെ ഇഹലോകത്തോ പരലോകത്തോ ഉള്ള ഒരു കാര്യവും ബന്ധപ്പെട്ടിട്ടില്ല. ഖബ്റിലോ ഹശ്റിലോ ഇതിനെക്കുറിച്ച് ചോദ്യമുണ്ടാകുന്നതുമല്ല. അത് കൊണ്ട് ഏറ്റവും സുരക്ഷിതമായ രൂപം ഇതാണ് നാമെല്ലാവരും ഇതില്‍ വിശ്വസിക്കുക. ആകാശങ്ങളെ പോലെ ഭൂമിയും ഉണ്ടെന്നും എല്ലാ അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണകഴിവ് കൊണ്ട് പടക്കപ്പെട്ടതാണെന്നും നാം ഉറപ്പിക്കുക. ആവിശ്യമായ കാര്യങ്ങള്‍ ഖുര്‍ആന്‍ പറഞ്ഞ് കഴിഞ്ഞു. അതിനപ്പുറമുള്ള പഠന ഗവേഷണങ്ങള്‍ക്ക് നാം പ്രവേശിക്കേണ്ടതില്ല. മുന്‍ഗാമികളായ മഹത്വക്കള്‍ ഇത്തരം കാര്യങ്ങളില്‍ ഈ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് അവര്‍ പറയുന്നു. അല്ലാഹു അവ്യക്തമാക്കിയ കാര്യങ്ങളെ നിങ്ങളും അവ്യക്തമായി നിലനിര്‍ത്തുക. അതില്‍ നിങ്ങളുടെ ഒരു കര്‍മ്മത്തിനും ബന്ധമില്ല. നിങ്ങളുടെ ഇഹത്തിലേയും പരത്തിലേയും ഒരു ആവശ്യവും അതുമായി ബന്ധപ്പെട്ടിട്ടുമില്ല. പ്രത്യേകിച്ചും ഈ തഫ്സീര്‍ പൊതു ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അത് കൊണ്ട് ഇതില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത വൈഞ്ജാനിക ചര്‍ച്ചകള്‍ ഇതില്‍ കൊടുക്കുന്നത് ശരിയുമല്ല. 
   അല്ലാഹുവാണ് ഏഴ് ആകാശങ്ങളെയും അതുപോലെ ഏഴ് ഭൂമികളെയും സൃഷ്ടിത്.അതായത് ഈ ആകാശ ഭൂമികളില്‍ അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ രണ്ട് വിഭാഗമാണ്. ഒന്ന്, നിയമവുമായി ബന്ധപ്പെട്ടവ. ഇത് നബിമാര്‍ക്ക് വഹ്യ് നല്‍കുന്നതിലൂടെ ദാസന്‍മാര്‍ക്ക് എത്തിച്ച് കൊടുക്കുന്നു. ഭൂമിയിലുള്ള മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും വേണ്ടി ആകാശത്തുനിന്നും മലക്കുകളാണ് ഈ വഹ്യ് കൊണ്ട് വരുന്നത്. ഈ വഹ്യില്‍ വിശ്വാസം ആരാധന സ്വഭാവം ഇടപാടുകള്‍ പരസ്പര ബന്ധം ഇവകളുടെ നിയമങ്ങളും ഇവ പാലിച്ചാല്‍ ലഭിക്കുന്ന പ്രതിഫലങ്ങളും ധിക്കരിച്ചാലുള്ള ശിക്ഷകളും വിവരിക്കപ്പെടുന്നതുമാണ്.  രണ്ട്, പ്രപഞ്ച വിശയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതായത് സൃഷ്ടിപ്പ് പുരോഗതി അവയിലെ ഏറ്റക്കുറച്ചിലുകള്‍,ജീവത-മരണങ്ങള്‍ എന്നീ കര്യങ്ങളുമായി ബന്ധപ്പെട്ട വിധികളാണ്. ഇത് എല്ലാ സൃഷ്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്  കൊണ്ട് ഈ മേല്‍പ്പറയപ്പെട്ട ഭൂമികള്‍ക്കിടയില്‍ എന്തങ്കിലും സൃഷ്ടകളുണ്ടെന്ന് സ്ഥിരപ്പെട്ടാല്‍ തന്നെ അല്ലാഹുവിന്‍റെ ഈ വചനം അവരില്‍ പുലരുന്നതാണ്. കാരണം പടച്ചവന്‍റെ വിധി എല്ലാ സൃഷ്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

  പടച്ചവന്‍റെ സഹായത്താല്‍ 1391 ജമാദുല്‍ ആഖര്‍ അവസാന ദിവസം സൂറത്തുത്വലാഖ് അവസാനിച്ചു.
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

163. അബ്ദുർറഹ്‌മാൻ (റ) വിവരിക്കുന്നു: ഉസ്മാൻ (റ) വസ്ത്രത്തിൻ്റെ കൈയ്യുടെ ഭാഗത്ത് ആയിരം സ്വർണ്ണനാണയങ്ങൾ ചുരുട്ടി വെച്ചു കൊണ്ടുവരികയും റസൂലുല്ലാഹി ﷺയുടെ മടിയിൽ ഇടുകയും ചെയ്തു. റസൂലുല്ലാഹി ﷺ അത് നോക്കുകയും തിരുകരം കൊണ്ട് ഇളക്കിമറിക്കുകയും ഉസ്മാൻ ഇന്നേ ദിവസത്തിനു ശേഷം എന്തു ചെയ്താലും കുഴപ്പമില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. (അഹ്‌മദ്)

വിവരണം: ഉസ്മാൻ (റ) സമർപ്പിച്ച നാണയങ്ങൾ റസൂലുല്ലാഹി ﷺ തിരുകരം കൊണ്ട് ഇളക്കിമറിച്ചത് സന്തോഷം പ്രകടിപ്പിക്കാൻ വേണ്ടിയായിരുന്നു. നൂറ് ഒട്ടകങ്ങൾ കൊടുത്ത് സന്ദർഭത്തിലും നാണയങ്ങൾ കൊടുത്തപ്പോഴും ഇനി ഉസ്മാൻ എന്തു ചെയ്താലും കുഴപ്പമില്ലായെന്ന് റസൂലുല്ലാഹി ﷺ ആവർത്തിച്ച് സന്തോഷവാർത്ത അറിയിച്ചത് ശ്രദ്ധേയമാണ്. ഇത്തരം സന്തോഷവാർത്തകൾ സത്യസന്ധരായ സത്യവിശ്വാസികളെ നന്മകളിൽ മുന്നേറുന്നതിൽ നിന്നും വിസ്മൃതിയിലാക്കുന്നതല്ല. മറിച്ച്, അല്ലാഹുവിൻ്റെ സ്നേഹവും പൊരുത്തവും കൂടുതൽ കരസ്ഥമാക്കുന്നതിലേക്കും നന്മകളിൽ വർദ്ധനവ് ഉണ്ടാക്കുന്നതിനും ഇത് പ്രേരിപ്പിക്കുന്നതാണ്. 

🔹🔹🔹🔹🔹


 ഗ്രന്ഥ പരിചയം




📓 വഖ്ഫിൻ്റെ ചരിത്രം
    
✍️ അഡ്വ. അഷ്ഫാഖ് അലി സാഹിബ്

₹ 60/-

പരിശുദ്ധ ഖുർആനും ഹദീസും പ്രേരിപ്പിച്ചിട്ടുള്ളതും മുൻഗാമികൾ ത്യാഗത്തോടെ നിർവ്വഹിച്ചിട്ടുളളതുമായ വഖ്ഫിൻ്റെ മാതൃകാപരവും ആവേശം നിറഞ്ഞതുമായ ചരിത്രത്തിൻ്റെ വിവരണം.

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌