ശഅ്ബാൻ 04/1447
ജനുവരി 23/2025
ലക്കം: 246

 ഉള്ളടക്കം 

▪️മുഖലിഖിതം 
മുസ്‌ലിംകളുടെ തകർച്ചയ്ക്കുള്ള കാരണം. 
        ✍️ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദ് ഹസൻ ദേവ്ബന്ദി

▪️ജുമുഅ സന്ദേശം 
നാം സ്വയം ആത്മപരിശോധന നടത്തുക.!
        ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി 

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുൽ മുൽക് 
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️കവർ സ്റ്റോറി 
എക്സ് മുസ്‌ലിം ഫിത്‌ന
         ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

പഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികളോട്...
         ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
നന്മയുടെ പ്രതിഫലം ഈ ലോകത്തും ലഭിക്കും.
     ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഇലാ റഹ്‌മത്തില്ലാഹ്...
മർഹൂമ ഹാജറ ഉമ്മ, കണ്ണൂർ 

▪️ഗ്രന്ഥ പരിചയം 
ഈമാനും നമസ്കാരവും പരസ്പര കടമകളും

🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

മുസ്‌ലിംകളുടെ തകർച്ചയ്ക്കുള്ള കാരണം

       ശൈഖുൽ ഹിന്ദ് ഹസ്രത്ത് മൗലാനാ മഹ്‌മൂദ് ഹസൻ (റ) മാൾട്ടയിലെ നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം തിരിച്ചെത്തിയ സമയം. ഒരു ദിവസം ഇശാ നിസ്കാരത്തിന് ശേഷം ദാറുൽ ഉലൂമിൽ അദ്ദേഹം ഇരിക്കുകയായിരുന്നു.
    പണ്ഡിതന്മാരുടെ വലിയൊരു കൂട്ടം തന്നെ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. ​ആ സമയത്ത് അദ്ദേഹം പറഞ്ഞു: "ഞങ്ങൾ മാൾട്ടയിലെ ജീവിതത്തിൽ നിന്ന് രണ്ട് പാഠങ്ങൾ പഠിച്ചു."
​ഇത് കേട്ടപാടെ, ആ പണ്ഡിത ഗുരുവര്യൻ തന്റെ വാർദ്ധക്യകാലത്ത്, അവസാന നാളുകളിൽ പഠിച്ച ആ പാഠങ്ങൾ എന്താണെന്ന് കേൾക്കാൻ സദസ്സ് മുഴുവൻ കാതോർത്തു.
​അദ്ദേഹം തുടർന്നു:
    "മാൾട്ടയിലെ ജയിലിലെ ഏകാന്തതയിൽ, ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ മതപരമായും ഭൗതികമായും എന്തുകൊണ്ട് തകർക്കപ്പെടുന്നു എന്ന് ഞാൻ ആലോചിച്ചു. അതിന് രണ്ട് കാരണങ്ങളാണ് എനിക്ക് ബോധ്യപ്പെട്ടത്. ഒന്ന്, ഖുർആനിനെ കൈവെടിയുക. രണ്ട്, പരസ്പ്പരമുള്ള ഭിന്നതകളും ആഭ്യന്തര കലഹങ്ങളും.
    അതുകൊണ്ട്, ഖുർആൻ പാരായണവും ആശയവും പ്രചരിപ്പിക്കുന്നതിനായി എന്റെ ശിഷ്ടജീവിതം നീക്കിവെക്കാൻ ഞാൻ ഉറപ്പിച്ചു. കുട്ടികൾക്ക് പ്രാഥമിക പഠനത്തിനായി ഓരോ പ്രദേശത്തും പ്രാഥമിക പാഠശാലകൾ സ്ഥാപിക്കുക. മുതിർന്നവർക്ക് ഖുർആൻ അർത്ഥങ്ങൾ മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും പ്രേരിപ്പിക്കുന്ന പൊതുവായ സദസ്സുകൾ സംഘടിപ്പിക്കുക. കൂടാതെ, മുസ്‌ലിംകൾ തമ്മിലുള്ള പരസ്പര യുദ്ധങ്ങളും തർക്കങ്ങളും എന്ത് വിലകൊടുത്തും അവസാനിപ്പിക്കുക."

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

നാം സ്വയം ആത്മപരിശോധന നടത്തുക.!

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി 
(പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

    ഒരു മരം ഉള്ളിൽ നിന്ന് പൊള്ളയായി ഉണങ്ങിപ്പോയാൽ, അതിനെ വീഴ്ത്തുന്നതിന് വലിയ താമസമോ പ്രയാസമോ ഉണ്ടാകില്ല. മരം വെട്ടുകാരൻ വളരെ എളുപ്പത്തിലും കുറഞ്ഞ സമയത്തിനുള്ളിലും അത് വെട്ടിമാറ്റാനും, വേരോടെ പിഴുതെറിയാനും സാധിക്കും. ഇതുതന്നെയാണ് സമുദായങ്ങളുടെയും സംഘങ്ങളുടെയും അവസ്ഥ. സ്വന്തം ആദർശങ്ങളിൽ ജീവിക്കാത്ത ഒരു സമൂഹത്തിനും, സ്വന്തം തത്വങ്ങൾ പാലിക്കാത്ത ഒരു സംഘത്തിനും, വാക്കും പ്രവൃത്തിയും തമ്മിൽ വൈരുദ്ധ്യമുള്ളവർക്കും, വാക്കുകൾ കൊണ്ട് അമ്മാനമാടുമെങ്കിലും പ്രായോഗിക ജീവിതത്തിൽ ഒരു തുള്ളി വെള്ളത്തിൻ്റെ പോലും വിലയില്ലാത്തവർക്കും അത്തരം ഒരു ജനതയ്ക്ക് തങ്ങളുടെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടം നടത്താനോ, തന്ത്രശാലിയായ ശത്രുവിനെ നേരിടാനോ കഴിയില്ല. ജൂതന്മാരുടെ വാക്കും പ്രവൃത്തിയും തമ്മിൽ സാമ്യമില്ലെന്നാണ് വിശുദ്ധ ഖുർആൻ വിമർശിക്കുന്നത്.
    ഇന്ന് മുസ്‌ലിംകൾ അഭിമുഖീകരിക്കുന്നതും ഇതേ സാഹചര്യമാണ്. അവർ ശത്രുക്കളുടെ ശത്രുതയെക്കുറിച്ച് വിലപിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് വിലപിക്കേണ്ട ഒരു കാര്യമേയല്ല. നിങ്ങളുടെ ചിന്ത, നിങ്ങളുടെ വിശ്വാസം, നിങ്ങളുടെ ജീവിതരീതി, നിങ്ങളുടെ സംസ്കാരം, നിങ്ങളുടെ ചരിത്രപരമായ പൈതൃകം, എന്തിന് നിങ്ങളുടെ അസ്തിത്വത്തെയും പേരിനെയും പോലും വെറുക്കുന്നവരിൽ നിന്ന്, ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക? അവർ നിങ്ങളുടെ മതത്തെ സംരക്ഷിക്കുമെന്നും, നിങ്ങളുടെ ശരീഅത്തിനെ കാത്തുസൂക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നത്, തീ കൊണ്ട് ദാഹം തീർക്കാമെന്നും മഞ്ഞ് വിറകായി ഉപയോഗിക്കാമെന്നും പ്രതീക്ഷിക്കുന്നത് പോലെയാണ്. അതിനാൽ, ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ, ജനാധിപത്യപരമായ മാർഗങ്ങളിലൂടെ നാം സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ തന്നെ, മുസ്‌ലിംകൾ തികഞ്ഞ ധൈര്യത്തോടും യാഥാർത്ഥ്യ ബോധത്തോടും കൂടി ആത്മപരിശോധന നടത്തുകയും തങ്ങളുടെ ജീവിതരീതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
    ഇസ്‌ലാം വിവാഹത്തെ വളരെ ലളിതമാക്കിയിരിക്കുന്നു. മുസ്‌ലിംകൾ ഈദുൽ ഫിത്റിലും ബലിപെരുന്നാളിനും ചെലവഴിക്കുന്നത്ര പണം പോലും വിവാഹത്തിന് ചെലവഴിക്കേണ്ടതില്ല. കേവലം ഈജാബും ഖബൂലും കൊണ്ട് വിവാഹം സാധുവാകുന്നു. പള്ളിയിൽ വെച്ച് വിവാഹം നടത്താനാണ് റസൂലുല്ലാഹി ﷺ പ്രോത്സാഹിപ്പിച്ചത്. അവിടെ വാടകയോ അലങ്കാരങ്ങളോ ആവശ്യമില്ല. വിവാഹത്തോട അനുബന്ധിച്ച് ‘വലീമ' എന്ന ഒരൊറ്റ സൽക്കാരം മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. റസൂലുല്ലാഹി ﷺ നടത്തിയ ഏറ്റവും വലിയ സൽക്കാരം പോലും ഒരു ആടിനെ അറുത്തു കൊണ്ടുള്ളതായിരുന്നു. എന്നാൽ വിവാഹത്തിൽ നിർബന്ധമായ ഒരു ബാധ്യത ‘മഹ്ർ' ആണ്. അത് വിവാഹസമയത്ത് തന്നെ നൽകലാണ് സുന്നത്തായ രീതി.
എന്നാൽ ഇന്നത്തെ അവസ്ഥ, സഹോദര സമുദായങ്ങളുടെ സ്വാധീനം മൂലം നാം വിവാഹത്തെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാക്കി മാറ്റിയിരിക്കുന്നു എന്നതാണ്. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇതിനായി വീട് വരെ വിൽക്കേണ്ടി വരുന്നു. സ്ത്രീധനം എന്ന വലിയ ഭാരത്തിന് പുറമെ, വലിയൊരു തുക റൊക്കമായി ആവശ്യപ്പെടുന്നു. ഫംഗ്ഷൻ ഹാളും ഭക്ഷണ മെനുവും വരെ നിശ്ചയിക്കപ്പെടുന്നു. ഈ ഭാരമെല്ലാം പെൺകുട്ടിയുടെ വീട്ടുകാരുടെ തലയിലാണ് കെട്ടിവെക്കുന്നത്. മറുവശത്ത്, മഹ്ർ എന്നത് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു. വിവാഹമോചനം നടന്നാൽ മാത്രം നൽകേണ്ട ഒന്നായാണ് പലരും ഇതിനെ കാണുന്നത്. ഇത്തരത്തിൽ ഇസ്‌ലാമിലെ വിവാഹ സങ്കൽപ്പം തന്നെ വികൃതമാക്കപ്പെട്ടിരിക്കുന്നു. ഇതിൻ്റെ ഫലമായി സമുദായത്തിലെ ലക്ഷക്കണക്കിന് പെൺമക്കൾ വിവാഹം നടക്കാതെ കണ്ണീരിലായി കഴിയുന്നു. ഈ ഇസ്‌ലാമിക വിരുദ്ധവും അധാർമികവുമായ പ്രവൃത്തിക്ക് സർക്കാരോ നിയമമോ നമ്മെ നിർബന്ധിച്ചിട്ടില്ല; മറിച്ച് ഇത് നമ്മുടെ തന്നെ വീഴ്ചയാണ്.
    കുടുംബജീവിതവുമായി ബന്ധപ്പെട്ട ശരീഅത്ത് നിയമങ്ങളിൽ പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സമൂഹത്തിൽ ധാർമ്മിക വിശുദ്ധി നിലനിൽക്കാനാണ് ഈ ഇളവ് നൽകിയിട്ടുള്ളത്. പലപ്പോഴും ഇതൊരു സാമൂഹിക ആവശ്യമായി മാറാറുണ്ട്. എന്നാൽ ഭർത്താവ് ഭാര്യമാർക്കിടയിൽ നീതി പാലിക്കണമെന്ന കർശനമായ നിബന്ധന ഖുർആൻ വെച്ചിട്ടുണ്ട്. നീതി പാലിക്കാൻ കഴിയില്ലെങ്കിൽ രണ്ടാമതൊരു വിവാഹത്തിന് അനുമതിയില്ല. ഇന്ന് നടക്കുന്ന രണ്ടാം വിവാഹങ്ങളിൽ തൊണ്ണൂറ് ശതമാനവും ഏതെങ്കിലും ഗൗരവമായ ആവശ്യത്തിനോ സദുദ്ദേശത്തോടുകൂടിയോ അല്ല നടക്കുന്നത് എന്നത് സത്യമല്ലേ? മറിച്ച്, ആദ്യ ഭാര്യയെ ഉപദ്രവിക്കാനുള്ള പ്രതികാര മനോഭാവത്തോടെയാണ് പലരും ഇത് ചെയ്യുന്നത്. നീതി എന്ന നിബന്ധന പൂർണ്ണമായും കാറ്റിൽ പറത്തപ്പെടുന്നു. ഒരു ഭാര്യയുമായി കാമുകിയെന്ന പോലെ പെരുമാറുകയും, മറ്റേ ഭാര്യയുടെ അവകാശങ്ങൾ ഹനിക്കുകയും എന്നാൽ വിവാഹമോചനം നൽകാത്ത അവസ്ഥയിൽ കഴിയാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഈ രീതി ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തുന്നു. ഇതൊരു ശരിയായ നിയമത്തിൻ്റെ ദുരുപയോഗമാണെന്ന് ആളുകൾ മനസ്സിലാക്കുന്നില്ല; മറിച്ച്, ദൈവഭയമില്ലാത്ത ആ വ്യക്തിയുടെ തെറ്റിന് ഇസ്‌ലാമിനെ കുറ്റക്കാരനായി കാണുന്നു. യഥാർത്ഥത്തിൽ, നീതിയെന്ന നിബന്ധനയോടെ ഒന്നിലധികം വിവാഹത്തിന് അനുമതി നൽകിയെന്ന് മാത്രമല്ല, ആവശ്യമില്ലെങ്കിൽ ഒരു ഭാര്യയിൽ ഒതുങ്ങുന്നതാണ് ഉത്തമമെന്നും, കാരണമില്ലാതെ മറ്റൊരു വിവാഹം കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ശരീഅത്ത് നിർദ്ദേശിക്കുന്നു.
    വിവാഹബന്ധം സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ബന്ധമാണ്; ഭാര്യാഭർത്താക്കന്മാർക്ക് സമാധാനപരമായ ജീവിതം നയിക്കാൻ വേണ്ടിയാണിത്. മനുഷ്യകുലത്തിൻ്റെ നിലനിൽപ്പും കുടുംബവ്യവസ്ഥയുടെ ഭദ്രതയും ഈ ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ, ഒരിക്കൽ വിവാഹബന്ധം സ്ഥാപിച്ചാൽ അത് നിലനിർത്തണമെന്നും, കഴിവതും അത് തകരുന്നത് ഒഴിവാക്കണമെന്നുമാണ് ശരീഅത്ത് ആഗ്രഹിക്കുന്നത്. ഭർത്താവ് വിവാഹബന്ധം അവസാനിപ്പിക്കുന്നതിനെ 'ത്വലാഖ്' എന്നും, ഭാര്യയുടെ ആവശ്യപ്രകാരം ഭർത്താവ് ബന്ധം അവസാനിപ്പിക്കുന്നതിനെ 'ഖുൽഅ്' എന്നും പറയുന്നു. അനുവദിക്കപ്പെട്ട കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കാര്യമായാണ് ത്വലാഖിനെ ശരീഅത്ത് കാണുന്നത്. ന്യായമായ കാരണമില്ലാതെ ഖുൽഅ് ആവശ്യപ്പെടുന്ന സ്ത്രീയെ റസൂലുല്ലാഹി ﷺ ശപിച്ചിട്ടുണ്ട്. ഇനി വിവാഹ മോചനം ചെയ്യേണ്ടി വന്നാൽ തന്നെ, ഒന്നോ കൂടിപ്പോയാൽ രണ്ടോ തവണ മാത്രമേ ത്വലാഖ് ചൊല്ലാവൂ. ഒരേസമയം മൂന്ന് ത്വലാഖ് ചൊല്ലുന്നത് കടുത്ത പാപമാണ്. ഒരു സദസ്സിലെ മൂന്ന് ത്വലാഖുകൾ മൂന്നായി പരിഗണിക്കുമോ അതോ ഒന്നായി പരിഗണിക്കുമോ എന്നതിനപ്പുറം, ഒരേസമയം മൂന്ന് ത്വലാഖ് ചൊല്ലുന്നത് പാപമാണെന്ന കാര്യത്തിൽ എല്ലാ പണ്ഡിതന്മാരും ഏകോപിച്ച അഭിപ്രായക്കാരാണ്.
    എന്നാൽ മുസ്‌ലിം സമൂഹത്തിലെ ത്വലാഖ് സംഭവങ്ങൾ പരിശോധിച്ചാൽ, തൊണ്ണൂറ് ശതമാനവും ദേഷ്യം, താൽക്കാലിക പിണക്കം, അല്ലെങ്കിൽ ഭർത്താവിൻ്റെ വീട്ടുകാരുടെ പ്രേരണ എന്നിവ മൂലമാണ് നടക്കുന്നത്. അതിലും വലിയ ക്രൂരത, പല സംഭവങ്ങളിലും ഒരേ സമയം മൂന്ന് ത്വലാഖുകൾ ചൊല്ലുന്നു എന്നതാണ്. അതുപോലെ, സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള ഖുൽഅ് ആവശ്യങ്ങളും പലപ്പോഴും നിസ്സാര കാരണങ്ങളുടെയും ക്ഷമയില്ലായ്മയുടെയും പേരിലാണ് ഉണ്ടാകുന്നത്. മുസ്‌ലിംകളുടെ ഈ പ്രവൃത്തി സഹോദര സമുദായങ്ങൾക്കിടയിൽ ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ ചിത്രം നൽകുന്നു. മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്നതും ഈ ചിത്രമാണ്. ഇതിൽ മാധ്യമങ്ങളുടെ അതിശയോക്തി ഉണ്ടെന്നതിൽ സംശയമില്ല; എന്നാൽ നമ്മൾ തന്നെയാണ് ഇതിന് അവസരം നൽകുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്.
    മരിച്ചവരുടെ അനന്തരസ്വത്ത് വീതം വെക്കുന്നതിന് ഇസ്‌ലാമിക ശരീഅത്ത് സമഗ്രവും നീതിയുക്തവുമായ ഒരു സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. അതിൽ "അസ്ഹാബുൽ ഫുറൂദ്" (നിശ്ചിത ഓഹരിയുള്ളവർ) എന്ന് വിളിക്കപ്പെടുന്ന ചില ബന്ധുക്കളുണ്ട്. ഖുർആനിൽ വളരെ വ്യക്തമായി ഓഹരികൾ പറഞ്ഞിട്ടുള്ളവരാണിവർ. ഇതിൽ ആൺമക്കളോടൊപ്പം പെൺമക്കളും, ഭർത്താക്കന്മാരെപ്പോലെ ഭാര്യമാരും, മക്കളെപ്പോലെ മാതാപിതാക്കളും ഉൾപ്പെടുന്നു. എന്നാൽ, നമ്മുടെ സമൂഹത്തിൽ ഈ വിഭജനം വളരെ കുറച്ച് മാത്രമേ നടപ്പിലാക്കുന്നുള്ളൂ എന്നതാണ് വാസ്തവം. മിക്കപ്പോഴും മാതാപിതാക്കളുടെ സ്വത്ത് ആൺമക്കൾ കൈക്കലാക്കുന്നു. അതായത്, സഹോദരിമാർക്ക് അവരുടെ അവകാശം നിഷേധിക്കുന്നു. വീട്, ബിസിനസ്സ്, ഭൂമി എന്നിവയിൽ പെൺമക്കൾക്ക് അവകാശം നൽകേണ്ടതില്ലെന്ന് മാതാപിതാക്കൾ തന്നെ ചിലപ്പോൾ ചിന്തിക്കുന്നു. അവർക്ക് വിവാഹസമയത്ത് ധാരാളം ചിലവഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അല്പം പണം നൽകി ഒഴിവാക്കുന്നു. അതുപോലെ, മുഴുവൻ സ്വത്തും ആൺമക്കൾ വീതിച്ചെടുക്കുകയും, മാതാപിതാക്കൾക്ക് മരിച്ച വ്യക്തിയുടെ മാതാപിതാക്കൾക്ക് ഓഹരി നൽകാതിരിക്കുകയും ചെയ്യുന്നു. “ഉമ്മയെ നോക്കാൻ ഞങ്ങൾ മതി, പിന്നെന്തിനാണ് അവർക്ക് സ്വത്തിൽ ഓഹരി?" എന്നാണ് അവർ ചോദിക്കുന്നത്. ചെറുപ്പക്കാരനോ മധ്യവയസ്കനോ മരിച്ചാൽ, അയാൾക്ക് വൃദ്ധരായ മാതാപിതാക്കളും ഭാര്യയും മക്കളും ഉണ്ടെങ്കിൽ, ഭാര്യയും മക്കളും മുഴുവൻ സ്വത്തും കൈക്കലാക്കുന്ന സംഭവങ്ങളും ഉണ്ട്. മരിച്ചയാളെ ചോര നീരാക്കി വളർത്തി വലുതാക്കിയ വൃദ്ധരായ മാതാപിതാക്കളെ പൂർണ്ണമായും അവഗണിക്കുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തിൽ പതിവായി മാറിയ അക്രമത്തിൻ്റെ വിവിധ രൂപങ്ങളാണ്. അനന്തരാവകാശം അല്ലാഹു നിശ്ചയിച്ച ഓഹരിയാണെന്നും അതിൽ കുറവോ കൂടുതലോ വരുത്താൻ മനുഷ്യന് അവകാശമില്ലെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. 
    ഇസ്‌ലാം അല്ലാതെ സ്ത്രീക്ക് സ്വത്തവകാശം നൽകുന്ന മറ്റൊരു മതവുമില്ല. ലോകത്തിലെ മറ്റ് നിയമങ്ങൾ പോലും ഇസ്‌ലാമിൻ്റെ അനന്തരാവകാശ നിയമത്തിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവർക്ക് വെളിച്ചം നൽകുന്നതിന് പകരം, നാം നമ്മുടെ ജീവിതത്തിൽ ശരീഅത്തിൻ്റെ വിളക്ക് അണച്ചുകളഞ്ഞിരിക്കുന്നു.
അടുത്ത ബന്ധു ഉള്ളപ്പോൾ അകന്ന ബന്ധുവിന് സ്വത്തവകാശം ലഭിക്കില്ല എന്ന തത്വത്തിലാണ് ഇസ്‌ലാം അനന്തരാവകാശ നിയമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട്, മരിച്ചയാൾക്ക് മക്കളുണ്ടെങ്കിൽ, നേരത്തെ മരിച്ചുപോയ മകന്റെ മക്കൾക്ക്  പിതൃസഹോദരന്മാരുടെ സാന്നിധ്യത്തിൽ സ്വത്തിൽ ഓഹരി ലഭിക്കില്ല. എന്നാൽ, ശരീഅത്ത് അവർക്കായി മറ്റൊരു വഴി തുറന്നുവെച്ചിട്ടുണ്ട്. ഒന്ന്, സ്വത്ത് ലഭിക്കാത്ത കൊച്ചുമക്കൾക്ക് വേണ്ടി മുത്തച്ഛന് വസിയ്യത്ത് ചെയ്യാം. അങ്ങനെ മുത്തച്ഛന്റെ മരണശേഷം അവർക്കും എന്തെങ്കിലും ലഭിക്കും. മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് വരെ വസിയ്യത്ത് ചെയ്യാൻ അനുവാദമുണ്ട്. രണ്ടാമത്തെ മാർഗ്ഗം, അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ കൊച്ചുമക്കൾക്ക് എന്തെങ്കിലും ദാനമായി  നൽകുക എന്നതാണ്. ഇതുവഴി, അർഹരായ കൊച്ചുമക്കളെയും സഹായിക്കാൻ കഴിയും. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഇക്കാര്യത്തിൽ വളരെ കുറച്ചുപേർ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.
    ഇസ്‌ലാമിലെ ജീവനാംശ നിയമം വളരെ സമഗ്രമാണ്. മനുഷ്യന് നേരിടേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളെയും അത് ഉൾക്കൊള്ളുന്നു. മക്കളുടെ ചെലവ് പിതാവിന്റെയും, പിതാവ് ഇല്ലെങ്കിൽ പിതാമഹന്റെയും ബാധ്യതയാണ്. ഭാര്യയുടെ ചെലവ് ഭർത്താവിന്റെ ബാധ്യതയാണ്. അതുപോലെ ചില സാഹചര്യങ്ങളിൽ സഹോദരന്മാർക്കും സഹോദരിമാർക്കും, പിതൃസഹോദരന്മാർക്കും നിരാലംബരായ സ്ത്രീകളുടെയും അനാഥരായ കുട്ടികളുടെയും ചെലവ് ഏറ്റെടുക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ പ്രായോഗികമായി, ഒരു സ്ത്രീ വിവാഹമോചിതയാകുകയോ വിധവയാകുകയോ ചെയ്താൽ, സഹോദരൻ കരുതുന്നത് തനിക്ക് സഹോദരിയുടെ ചെലവിന് നൽകേണ്ട ബാധ്യതയില്ല എന്നാണ്. അല്ലെങ്കിൽ കുട്ടികൾ അനാഥരായാൽ, സ്വന്തം മക്കളെപ്പോലെ സഹോദരന്റെ മക്കളെയും നോക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്ന് പിതൃസഹോദരന്മാർ കരുതുന്നില്ല. വല്ലപ്പോഴും എന്തെങ്കിലും സഹായം ചെയ്താൽ അതൊരു വലിയ ഔദാര്യമായി കണക്കാക്കുന്നു. ഇതിന്റെ ഫലമായി, മുസ്‌ലിംകൾൾക്കിടയിൽ നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ ശക്തമായ ഒരു സംവിധാനമില്ലെന്ന് ഇതര സമൂഹം തെറ്റിദ്ധരിക്കുന്നു. ഈ തെറ്റായ ധാരണയിൽ മാധ്യമങ്ങൾ നിറം പിടിപ്പിച്ച് അതിനെ കൂടുതൽ ഭയാനകമാക്കുകയും, ഇസ്ലാമിനെ കരുണയില്ലാത്തതും നീതിയില്ലാത്തതുമായ ഒരു മതമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
    കോടതികൾ ശരീഅത്തിന് വിരുദ്ധമായ വിധികൾ പുറപ്പെടുവിക്കുന്നു എന്നത് സത്യമാണ്. എന്നാൽ മുസ്‌ലിംകൾ തന്നെ തങ്ങളുടെ തർക്കങ്ങൾ സർക്കാർ കോടതികളിൽ കൊണ്ടു പോകുമ്പോഴാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് എന്നതും ഒരു സത്യമാണ്. സ്വന്തം പണ്ഡിതന്മാരെയും ഖാളിമാരെയും സമീപിക്കുന്നതിന് പകരം, അല്ലാഹുവിലോ പ്രവാചകനിലോ വിശ്വാസമില്ലാത്ത ആളുകളെ കൊണ്ട് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നാവുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുമെന്ന് പറയുകയും, പ്രവൃത്തിയിൽ അത് അവഗണിക്കുകയും ചെയ്യുന്നത് കപടവിശ്വാസികളുടെ രീതിയാണെന്നാണ് ഖുർആൻ പറയുന്നത്.
    രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ നേരിടാനും നമ്മുടെ മതപരമായ വ്യക്തിത്വം സംരക്ഷിക്കാനും തല വെട്ടണമെന്ന വികാരപരമായ ആവേശം മാത്രം പോരാ; ആദ്യം നമ്മളിൽ അല്ലാഹുവിനായി തല കുനിക്കുകയെന്ന അനുസരണക്കുള്ള മനസ്സ് ഉണ്ടാക്കിയെടുക്കണം. ശരീഅത്ത് നിയമങ്ങൾ നമ്മുടെ ആഗ്രഹങ്ങൾക്കും താൽപ്പര്യങ്ങൾക്കും വിരുദ്ധമാണെങ്കിലും, നാം അതിന് മുന്നിൽ തല കുനിക്കണം. നമ്മുടെ ആഗ്രഹങ്ങളെക്കാൾ അല്ലാഹുവിന്റെ പ്രീതിക്ക് മുൻഗണന നൽകണം. കാരണം, പ്രവർത്തിയുടെ പിൻബലമില്ലാത്ത വാക്കിന് മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയില്ല. ഉള്ളിൽ നിന്ന് പൊള്ളയായ, ജീവന്റെ തുടിപ്പില്ലാത്ത ശരീരമുള്ള ഒരാൾക്ക് പുറത്തുനിന്നുള്ള ശത്രുക്കളെ നേരിടാൻ കഴിയില്ല. അല്ലാഹു നമുക്ക് ആത്മ പരിശോധന നടത്താനും തെറ്റുകൾ തിരുത്താനും നന്മകളിൽ മുന്നേറാനും ഉതവി നൽകി അനുഗ്രഹിക്കട്ടെ.!

🔹🔹🔹🔹🔹🔹🔹

 കവർ സ്റ്റോറി 

എക്സ് മുസ്‌ലിം ഫിത്‌ന

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
(ചെയർമാൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

    ഫലപുഷ്ടിയുള്ള  മരത്തിന് നേരെയാണ് കല്ലേറുണ്ടാവുക സ്വഭാവികമാണ്. ഫലമില്ലാത്ത മരത്തെ ആരും തിരിഞ്ഞു നോക്കുക പോലുമില്ല. അതുപോലെ, കാലഹരണപ്പെട്ടതോ മനുഷ്യരാശിയെ സ്വാധീനിക്കാൻ ശേഷിയില്ലാത്തതോ ആയ മതങ്ങളെ ആരും എതിർക്കുകയോ വിമർശിക്കുകയോ ചെയ്യാറില്ല. കാരണം, അവയോടുള്ള സ്നേഹമോ വിശ്വാസമോ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയതല്ല. അവരുടെ ബന്ധം കേവലം ചില ആചാരങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ലോകത്തിന്റെ വലിയൊരു ഭാഗം ക്രിസ്തുമതത്തിന്റെ സ്വാധീനത്തിലാണെന്ന് തോന്നും; എന്നാൽ ക്രിസ്തുമതം ഇന്ന് പ്രായോഗികമായി ക്രിസ്മസിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അതിൽ അനുവദനീയമെന്നോ നിഷിദ്ധമെന്നോ ഉള്ള സങ്കൽപ്പങ്ങളില്ല, ശരിതെറ്റുകൾക്ക് അതിരുകളില്ല. ഹൈന്ദവ മതത്തിൽ ലക്ഷക്കണക്കിന് ദേവീദേവന്മാരെ ആരാധിക്കുന്നു. രാമനെ ആരാധിക്കുന്നവരും, രാവണന്റെ കോലം കത്തിക്കുന്നവരും, രാവണനെ ആരാധിക്കുന്നവരും,  ദൈവനിഷേധികളും ദൈവങ്ങളുടെ ഒരു വലിയ നിരയ്ക്ക് മുന്നിൽ തലകുനിക്കുന്നവരും ഹിന്ദുക്കളാണ്. ഹൈന്ദവ മതം മനുഷ്യ ജീവിതത്തിൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ല, ക്രിസ്തുമതം മനുഷ്യന്റെ മേൽ നിർബന്ധമായ ബാധ്യതകളൊന്നും ചുമത്തുന്നില്ല. ജീവിതത്തിലെ നന്മതിന്മകളിൽ അവ ഇടപെടുന്നുമില്ല. അത്തരം മതങ്ങൾ മനുഷ്യജീവിതത്തിൽ മാറ്റമൊന്നും വരുത്താത്തതു കൊണ്ട്, അവ സ്വീകരിക്കുന്നതിലോ ഉപേക്ഷിക്കുന്നതിലോ ആർക്കും പ്രയാസമില്ല. അതുകൊണ്ട് തന്നെ അവയ്ക്കെതിരെ കാര്യമായ വിമർശനങ്ങളും ഉയരുന്നില്ല. എത്ര യുക്തിരഹിതമായ കാര്യങ്ങൾ പറഞ്ഞാലും ആളുകൾ അത് അനുസരിക്കുന്നു. ചാണകം ശരീരത്തിൽ പുരട്ടുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്നു, പന്നിമാംസം കഴിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു. സ്ത്രീപുരുഷ ബന്ധങ്ങളിൽ യാതൊരു അതിർവരമ്പുകളും നിശ്ചയിക്കുന്നില്ല. മനുഷ്യന്റെ ദേഹേച്ഛകൾക്ക് ഇത്തരം മതങ്ങൾ തടസ്സം നിൽക്കാത്തതിനാൽ സാധാരണക്കാർക്ക് അവയ്ക്കെതിരെ വിരൽ ചൂണ്ടേണ്ട ആവശ്യം വരുന്നില്ല.
    എന്നാൽ ജീവിതത്തിന് കൃത്യമായ ഒരു വ്യവസ്ഥയുള്ള, ഹലാലും ഹറാമും വേർതിരിച്ച, മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അതിരുകൾ നിശ്ചയിച്ച ഒരു മതമാണ് ഇസ്‌ലാം. ഇസ്‌ലാമിൽ ഓരോ ചുവടിലും ദേഹേച്ഛകളെ നിയന്ത്രിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ അതിനെതിരെ ചോദ്യങ്ങൾ ഉയരുന്നു. വിശ്വാസത്തിന് പുറത്തുള്ളവരോ അല്ലെങ്കിൽ പേരിന് മാത്രം മുസ്‌ലിംകളായവരോ ഇസ്‌ലാമിനെതിരെ സംസാരിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറില്ല. കാരണം, അത് സ്വാഭാവികമാണ്. ഒരാളുടെ തന്നിഷ്ടങ്ങൾക്ക് തടസ്സം നേരിടുമ്പോൾ, എത്ര നല്ല കാര്യമാണെങ്കിലും അവർക്ക് അത് അരോചകമായി തോന്നും.
ഇന്ന് ആഗോളതലത്തിൽ ഒരു ഫിത്‌ന സജീവമായി പ്രവർത്തിക്കുന്നുണ്ട്. ചില ഗ്രൂപ്പുകൾ അന്താരാഷ്ട്ര തലത്തിൽ ഇതിനായി പ്രവർത്തിക്കുന്നു. അവരുടെ വെബ്‌സൈറ്റുകൾ ഇന്ത്യയിലും ഉപയോഗപ്പെടുത്തുകയും സാധാരണക്കാരായ മുസ്‌ലിംകളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ചില വെബ്‌സൈറ്റുകൾ ഇന്ത്യയിൽ നിന്നുള്ളവ തന്നെയാണ്. ഇതിൽ കേരളത്തിൽ നിന്നുള്ള ഒരു വെബ്‌സൈറ്റും വളരെ സജീവമാണെന്ന് അറിയാൻ കഴിഞ്ഞു. ഇത് മുസ്‌ലിംകളെ മതപരിത്യാഗത്തിലേക്ക് ക്ഷണിക്കുന്ന അപകടകരമായ ഒരു രീതിയാണ്. ഇസ്‌ലാമിക സാഹിത്യത്തെക്കുറിച്ച് അറിവില്ലാത്ത, ആധുനിക വിദ്യാഭ്യാസം നേടിയ വലിയൊരു വിഭാഗം യുവാക്കൾ വിവരങ്ങൾക്കായി സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കുന്നത്. അവരിൽ പലർക്കും പണ്ഡിതന്മാരുമായോ മതസ്ഥാപനങ്ങളുമായോ യാതൊരു ബന്ധവുമില്ല. ഇത്തരം യുവാക്കളെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
    മുസ്‌ലിംകളും പ്രത്യേകിച്ച് പണ്ഡിതന്മാരും മതസംഘടനകളും നേതാക്കളും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. മുസ്‌ലിം സമൂഹത്തെ ഇത്തരം ഫിത്‌നകളിൽ നിന്ന് രക്ഷിക്കണം. പ്രസംഗങ്ങളിലും വെള്ളിയാഴ്ച്ച ഖുതുബകളിലും സൽകർമ്മങ്ങൾക്ക് പ്രേരണ നൽകുന്നതോടൊപ്പം, ഈമാനിന്റെ  യാഥാർത്ഥ്യവും പ്രാധാന്യവും അവർക്ക് പറഞ്ഞുകൊടുക്കണം. പാപങ്ങളുടെ ഗൗരവം വിവരിക്കുന്നത് പോലെത്തന്നെ കുഫ്‌റിന്റെയും ശിർക്കിന്റെയും തിന്മകളും അവർക്ക് മുന്നിൽ അവതരിപ്പിക്കണം. ഖുർആനും ഹദീസും അടിസ്ഥാനമാക്കി തൗഹീദിന്റെ യുക്തിയും അത് പ്രകൃതിയോട് എത്രത്തോളം യോജിച്ചുനിൽക്കുന്നു എന്നും, ശിർക്കിന്റെ യുക്തിയില്ലായ്മയും അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. മൗലാനാ അഷ്റഫ് അലി ഥാനവി(റ) പറയാറുണ്ടായിരുന്നു: "ആളുകൾ വുളൂവിന്റെയും നിസ്കാരത്തിന്റെയും ലംഘനങ്ങളെ കുറിച്ച് പഠിപ്പിക്കുന്നു, എന്നാൽ ഈമാൻ നഷ്ടപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നില്ല." അതായത്, ഏതൊക്കെ കാര്യങ്ങൾ കൊണ്ടാണ് ഒരു മനുഷ്യന്റെ ഈമാൻ നഷ്ടപ്പെടുക എന്ന് കൂടി അവരെ പഠിപ്പിക്കണം. വർത്തമാന സാഹചര്യത്തിൽ ഇതിന്റെ ആവശ്യകതയും പ്രാധാന്യവും വളരെ വർദ്ധിച്ചിരിക്കുന്നു.
    ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈമാനും ഹിദായത്തും അല്ലാഹുവിന്റെ അനുഗ്രഹവും തെരഞ്ഞെടുപ്പും കൊണ്ട് ലഭിക്കുന്ന ഒന്നാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്. മനുഷ്യരാശിക്ക് മാർഗദർശനം നൽകാനാണ് റസൂലുല്ലാഹി ﷺ നിയോഗിക്കപ്പെട്ടത്. എന്നിട്ടും അല്ലാഹു പ്രവാചകനോട് പറഞ്ഞു: “നിശ്ചയമായും, താങ്കൾ ഇഷ്ടപ്പെടുന്നവർക്ക് സന്മാർഗം നൽകാൻ താങ്കൾക്ക് സാധിക്കില്ല, എന്നാൽ അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു" (ഖസ്വസ്: 56). എല്ലാ ബന്ധങ്ങളിലും വെച്ച് ഏറ്റവും അടുത്ത ബന്ധം ഭാര്യയും മക്കളുമായാണ്. എന്നാൽ നൂഹ് നബി (അ), ലൂത്വ് നബി (അ) എന്നിവരുടെ ഭാര്യമാർക്കും, നൂഹ് നബി(അ)യുടെ മകനും ഹിദായത്ത് വിധിക്കപ്പെട്ടില്ല (തഹ്‌രീം: 10, ഹൂദ്: 46). അബ്ദുല്ലാഹി ബിൻ സഅദ് ബിൻ അബീ സർഹ് മുസ്‌ലിമായി, പ്രവാചക സന്നിധിയിൽ വന്ന് വഹ്‌യ് എഴുതുന്ന നിലയിലേക്ക് വരെ ഉയർന്നു. എന്നാൽ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് അയാൾക്ക് ഹിദായത്തിൽ ഉറച്ചുനിൽക്കാൻ വിധിയില്ലാത്തതിനാൽ അയാൾ പിന്നീട് മതഭൃഷ്ടനായി. പിന്നീട് മക്കാ വിജയ സമയത്ത് അയാൾ പശ്ചാത്തപിക്കുകയും ഉസ്മാൻ(റ)വിന്റെ ശുപാർശയിൽ റസൂലുല്ലാഹി ﷺ അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടാണ് അല്ലാഹു നമുക്ക് പ്രത്യേകമായി ഈ പ്രാർത്ഥന പഠിപ്പിച്ചു തന്നത്: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നേർവഴിയിലാക്കിയതിന് ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ..." (ആലുഇംറാൻ: 8).
    വിശ്വാസ സംരക്ഷണത്തിനായി ഏത് പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നാലും ഒരു വിശ്വാസി അതിൽ ക്ഷമ കൈക്കൊള്ളണമെന്നതാണ് ഈമാനിന്റെ പ്രാധാന്യം ആവശ്യപ്പെടുന്നത്. ഖുർആനിൽ വിശ്വാസികളും നിഷേധികളും തമ്മിലുള്ള സംഘട്ടനങ്ങളുടെ പല സംഭവങ്ങളും വിവരിക്കുന്നുണ്ട്. ചിലപ്പോൾ വിശ്വാസികൾക്ക് വിജയം ലഭിച്ചു, അല്ലെങ്കിൽ അമാനുഷികമായി ശത്രുക്കൾ തകർക്കപ്പെട്ടു. എന്നാൽ, പലപ്പോഴും വിശ്വാസികൾക്ക് ക്ഷമയുടെയും പരീക്ഷണങ്ങളുടെയും ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. അവർ വലിയ പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഈമാനും സൽകർമ്മങ്ങളും ഉള്ളവർക്ക് പരലോക വിജയമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നതിനാലാണിത്. ഇഹലോകത്ത് മുസ്‌ലിംകൾക്ക് ഭൗതിക വിജയം എപ്പോഴും ലഭിക്കുമെന്നോ, ശത്രുക്കൾ എപ്പോഴും പരാജയപ്പെടുമെന്നോ അല്ലാഹു വാഗ്ദാനം ചെയ്തിട്ടില്ല. പൂമെത്ത വിരിച്ച ജീവിതമായിരിക്കില്ല വിശ്വാസികൾക്ക് ഉണ്ടാവുക. മറിച്ച് ഖുർആൻ പറയുന്നു: "ഭയം, പട്ടിണി, ധനനഷ്ടം, ജീവന് നാശം, വിഭവനഷ്ടം എന്നിവയാൽ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും" (ബഖറ: 155).
    വിശ്വാസികളായ പല വിഭാഗങ്ങൾക്കും വലിയ പീഡനങ്ങൾ നേരിടേണ്ടി വന്ന ചരിത്രം ഖുർആൻ പറയുന്നുണ്ട്. എന്നാൽ അവരാരും സത്യമാർഗ്ഗത്തിൽ നിന്ന് പിന്മാറിയില്ല. മൂസാ നബി (അ)യെ നേരിടാൻ ഫിർഔൻ കൊണ്ടുവന്ന ജാലവിദ്യക്കാരുടെ കാര്യം ഖുർആൻ പരാമർശിക്കുന്നുണ്ട്. മൂസാ നബി (അ) മാജിക്കുകാരനല്ല, മറിച്ച് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ വിശ്വസിച്ചു. ഫിർഔൻ അവരെ ഭീഷണിപ്പെടുത്തി: "നിങ്ങളുടെ കൈകാലുകൾ ഞാൻ ഛേദിച്ചുകളയും, നിങ്ങളെ ഞാൻ ക്രൂശിക്കും". എന്നാൽ അവർ നൽകിയ മറുപടി ഇതായിരുന്നു: "ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിലേക്കാണ് മടങ്ങുന്നത്". അവർ അല്ലാഹുവിനോട് പ്രാർത്ഥിച്ചു: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നീ ക്ഷമ ചൊരിയേണമേ, മുസ്‌ലിംകളായിക്കൊണ്ട് ഞങ്ങളെ നീ മരിപ്പിക്കേണമേ" (അൽ-അഅ്റാഫ്: 126).
    കിടങ്ങുകാർ എന്ന മറ്റൊരു സംഭവവും ഖുർആൻ വിവരിക്കുന്നു. ക്രിസ്തുമതത്തിൽ  ഉറച്ചുനിന്ന വിശ്വാസികളെ മതം മാറ്റാൻ ഭരണാധികാരികൾ നിർബന്ധിച്ചു. വലിയ കിടങ്ങുകൾ കുഴിച്ച് തീ കത്തിച്ച് വിശ്വാസികളെ അതിലേക്ക് എറിഞ്ഞു. മുസ്‌ലിംകളായി എന്ന ഒറ്റക്കാരണത്താലാണ് അവർ ഈ ക്രൂരത നേരിട്ടത്. (ബുറൂജ്: 8). എന്നാൽ അവർ തീയിൽ വെന്തുമരിക്കാൻ തയ്യാറായെങ്കിലും ഈമാൻ കൈവിടാൻ തയ്യാറായില്ല.
    സ്വഹാബികൾ ഈമാനിന് വേണ്ടി എത്ര വലിയ ത്യാഗങ്ങളാണ് സഹിച്ചത്! ചരിത്രത്താളുകൾ ആ ത്യാഗങ്ങളാൽ ശോഭിച്ചുനിൽക്കുന്നു. ഉമയ്യത്ത് ബിലാൽ (റ)വിനെ മക്കയിലെ ചുട്ടുപഴുത്ത മണലിലൂടെ നട്ടുച്ചയ്ക്ക് വലിച്ചിഴക്കുമായിരുന്നു. അനങ്ങാൻ പോലും കഴിയാത്ത വിധം നെഞ്ചിൽ വലിയ പാറക്കല്ല് എടുത്തു വെക്കും. മരിക്കുന്നത് വരെ ഇങ്ങനെയായിരിക്കുമെന്ന് ഭീഷണിപ്പെടുത്തും. റസൂലുല്ലാഹി ﷺയെ തള്ളിപ്പറഞ്ഞ് പഴയ മതം സ്വീകരിച്ചാൽ മാത്രമേ രക്ഷയുള്ളൂ എന്ന് പറയും. എന്നാൽ, ആ അവസ്ഥയിലും ബിലാൽ (റ)വിന്റെ നാവിൽ നിന്ന് അല്ലാഹു ഏകനാണ് എന്ന വചനം മാത്രമാണ് പുറത്തുവന്നത്.
    ഖുബൈബ് അൻസാരി(റ)യെ മക്കക്കാർ പിടികൂടി. ബദ്ർ യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്ക് പകരമായി അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചു. മരണത്തിന് മുൻപിൽ നിൽക്കുമ്പോഴും അദ്ദേഹം കരയുകയോ മാപ്പിരക്കുകയോ ചെയ്തില്ല. ജീവൻ രക്ഷിക്കാൻ വേണ്ടി താൽക്കാലികമായി കലിമ ചൊല്ലി രക്ഷപ്പെടാൻ പോലും അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹം രണ്ട് റക്അത്ത് നിസ്കരിക്കാൻ അനുവാദം ചോദിച്ചു. നിസ്കാരം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു: "മരണഭയം കൊണ്ടാണ് ഞാൻ നിസ്കാരം നീട്ടുന്നതെന്ന് നിങ്ങൾ കരുതുകയില്ലായിരുന്നെങ്കിൽ ഞാൻ ഇനിയും കൂടുതൽ സമയം നിസ്കരിക്കുമായിരുന്നു" (ബുഖാരി:). അങ്ങനെ അല്ലാഹുവിനോടും റസൂലിനോടുമുള്ള കടമ അദ്ദേഹം നിർവഹിച്ചു. കൊല്ലപ്പെടുന്നതിന് മുമ്പ് രണ്ട് റക്അത്ത് നിസ്കരിക്കുക എന്നത് മുസ്‌ലിംകളുടെ ഒരു മാതൃകയായി മാറി.
    അതുകൊണ്ട് മുസ്‌ലിമാവുക എന്നത് സ്നേഹത്തിന്റെ പാതയിൽ  കാലുകുത്തലാണെന്നും, അതിൽ തീയിലൂടെയും മുള്ളുകളിലൂടെയും നടക്കേണ്ടി വന്നേക്കാമെന്നും മുസ്‌ലിംകളെ ബോധ്യപ്പെടുത്തണം. എന്നാൽ, ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ടി ഇത്തരം പരീക്ഷണങ്ങൾ സഹിക്കുമ്പോൾ ലഭിക്കുന്ന ഈമാനിന്റെ മാധുര്യം അതിനേക്കാൾ എത്രയോ വലുതാണ്. ഓരോ മുസ്‌ലിമിനും അല്ലാഹുവിനോട് ഇത്തരം പരീക്ഷണങ്ങളിൽ നിന്ന് കാത്തുരക്ഷിക്കാൻ പ്രാർത്ഥിക്കാം. എങ്കിലും, ക്ഷമയും പരീക്ഷണങ്ങളും നേരിടേണ്ടി വന്നാൽ വിശ്വാസത്തിൽ നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന ഉറച്ച തീരുമാനം അവരുടെ മനസ്സിലുണ്ടാവണം.
    മതപരിത്യാഗത്തിൻ്റെ ഫിത്‌നയെ നേരിടാനുള്ള വലിയ ഉത്തരവാദിത്തം പണ്ഡിതന്മാർക്കാണ്. നമ്മുടെ ഉത്തരവാദിത്തം പള്ളികളിലും മദ്രസകളിലും മാത്രം ഒതുങ്ങി നിൽക്കുന്നതാണെന്നും പുറത്ത് നടക്കുന്നതൊന്നും നമ്മുടെ വിഷയമല്ലെന്നും കരുതുന്നത് തെറ്റാണ്. അത് സമുദായത്തോടുള്ള അനീതിയാണ്. റസൂലുല്ലാഹി ﷺ പറഞ്ഞു: "എന്റെ സമുദായത്തിലെ പണ്ഡിതന്മാർ ബനൂ ഇസ്രായീലിലെ പ്രവാചകന്മാരെപ്പോലെയാണ്" (അൽ-മഖാസിദുൽ ഹസന). ബനൂ ഇസ്രായീലിലെ ഓരോ പ്രവാചകനും തന്റെ ജനതയെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും അവർക്ക് മാർഗദർശനം നൽകുകയും ചെയ്തിരുന്നു. പണ്ഡിതന്മാരും ഒരു പ്രദേശത്തെ അല്ലെങ്കിൽ ഒരു വിഭാഗത്തെ തങ്ങളുടെ പ്രവർത്തനമേഖലയായി തെരഞ്ഞെടുക്കുകയും, ആർക്കെങ്കിലും ഇടയിൽ മതപരിത്യാഗത്തിന്റെ ചിന്തകൾ കടന്നുകൂടുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും വേണം.
    അതുപോലെ റസൂലുല്ലാഹി ﷺ പറഞ്ഞു: “പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്." (അബൂദാവൂദ്) പ്രവാചകന്മാർ ആവശ്യക്കാരെ തേടി അങ്ങോട്ട് ചെല്ലുകയായിരുന്നു പതിവ്. അതുപോലെ പണ്ഡിതന്മാരും ജനങ്ങൾ ഇങ്ങോട്ട് വരാൻ കാത്തിരിക്കാതെ അങ്ങോട്ട് ചെന്ന് പ്രവർത്തിക്കണം. എങ്കിൽ മാത്രമേ പ്രവാചകന്മാരുടെ അനന്തരാവകാശികൾ എന്ന പദവിക്ക് അവർ അർഹരാകൂ. മദ്റസകളും മതസംഘടനകളും പണ്ഡിതന്മാരും തങ്ങളുടെ പ്രവർത്തനങ്ങൾ പള്ളികൾക്കും മദ്രസകൾക്കും പുറത്തേക്ക് വ്യാപിപ്പിക്കുകയും, സമുദായത്തിന്റെ വാതിലുകളിൽ മുട്ടുകയും അവരുടെ വിശ്വാസവും കർമ്മങ്ങളും സംരക്ഷിക്കുന്നത് തങ്ങളുടെ ആവശ്യമായി കരുതുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാഹു തആലാ പൂർണ്ണ ഈമാനിലായി ജീവിക്കാനും മരിക്കാനും ഉതവി നൽകി അനുഗ്രഹിക്കട്ടെ!

____________________________________

പഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികളോട്...

✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
(സെക്രട്ടറി, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

    നിങ്ങളെ ‘വിദ്യാർത്ഥികൾ' എന്ന് സംബോധന ചെയ്യുന്നു, കാരണം അറിവ് തേടുക എന്നത് ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയാണ്. നിങ്ങളിപ്പോൾ വിദ്യാർത്ഥികളാണ്, ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. എന്നാൽ, അൽഹംദുലില്ലാഹ്, നിങ്ങൾ ഇപ്പോൾ 'ആലിം'  എന്ന പദവി ലഭിക്കാൻ പോകുന്ന ഒരു ഘട്ടത്തിലാണ്. ഇതൊരു സാധാരണ പദവിയല്ല; മറിച്ച്, അല്ലാഹു നിങ്ങൾക്ക് നൽകിയ വലിയൊരു സ്ഥാനവും അതിലുപരി വലിയൊരു ഉത്തരവാദിത്തവുമാണ്.
    ​എന്നാൽ, വളരെ ഖേദകരമായ ഒരു കാര്യം പറയട്ടെ, ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ മദ്റസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ഉത്തരവാദിത്തത്തെ കുറിച്ച് വേണ്ടത്ര ബോധമില്ല. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകളിലോ മദ്റസകളുടെ അന്തരീക്ഷത്തിലോ വലിയ പോരായ്മകൾ കാണപ്പെടുന്നു. ഈ കുറവുകൾ കണ്ടെത്തി പരിഹരിക്കേണ്ടത് അധികാരികളുടെ മാത്രമല്ല, നിങ്ങളുടെയും കൂടെ കടമയാണ്.
​നിങ്ങൾ മുതിർന്ന ക്ലാസുകളിലെ വിദ്യാർത്ഥികളാണ്. ഇൻഷാ അല്ലാഹ്, കുറച്ച് മാസങ്ങൾക്കുള്ളിൽ നിങ്ങൾ പരീക്ഷയെഴുതി ‘പണ്ഡിതന്മാർ' എന്ന് വിളിക്കപ്പെടും. അല്ലാഹു ഖുർആനിൽ പറയുന്നു: "നിങ്ങൾ റബ്ബാനികളാകുക" (ആലുഇംറാൻ: 79). എന്നാൽ ഇന്ന് മദ്റസ വിദ്യാർത്ഥികൾക്കിടയിൽ ഒരു തെറ്റിദ്ധാരണയുണ്ട്. കോളേജ് വിദ്യാഭ്യാസം പോലെ അല്ലെങ്കിൽ ഭൗതിക വിദ്യാഭ്യാസം പോലെയാണ് ഇതും എന്ന് ചിലർ കരുതുന്നു. ഭൗതിക വിജ്ഞാനങ്ങൾ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. എന്നാൽ ദീനിന്റെ അറിവ് അങ്ങനെയല്ല; അത് ശാശ്വതമാണ്, മാറ്റമില്ലാത്തതാണ്.
    നിങ്ങൾ പഠിക്കുന്ന കിതാബുകളും റസൂലുല്ലാഹി ﷺയുടെ സുന്നത്തും നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കണം. നിങ്ങൾ റബ്ബാനികളായി മാറണം. എന്താണ് 'റബ്ബാനി' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? നിങ്ങളുടെ ബന്ധം അല്ലാഹുവുമായി ചേർന്നതാകണം. നിങ്ങളുടെ ജീവിതത്തിൽ ആ അറിവിന്റെ പ്രഭാവം കാണണം. ഖുർആനും ഹദീസും പഠിക്കുന്ന ഒരാളുടെ ജീവിതത്തിൽ അതിന്റെ വെളിച്ചം കണ്ടില്ലെങ്കിൽ, അയാൾ ആ അറിവിന്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കിയിട്ടില്ല എന്നാണ് അർത്ഥം.
    നിങ്ങൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ, നിങ്ങളിലൊരു പ്രത്യേകത ജനങ്ങൾക്ക് അനുഭവപ്പെടണം. നിങ്ങളുടെ അറിവിന്റെ വെളിച്ചം കൊണ്ട് ലോകത്തിന് പ്രയോജനം ലഭിക്കണം. കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് നിങ്ങൾ സ്വയം വിചാരണ ചെയ്യുക. എവിടെയൊക്കെയാണ് വീഴ്ചകൾ സംഭവിച്ചത്? ദീനുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ നാം സമയം കളഞ്ഞോ? നദ്‌വയുടെയോ ദയൂബന്ദിന്റെയോ സർട്ടിഫിക്കറ്റ് ലഭിച്ചതുകൊണ്ട് മാത്രം ആരും പണ്ഡിതനാകില്ല. ഹൃദയത്തിൽ അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഉണ്ടാകുമ്പോഴാണ് യഥാർത്ഥ പണ്ഡിതനാകുന്നത്.
    സമുദായത്തിന്റെ ഹൃദയമാണ് പണ്ഡിതന്മാർ. ഹദീസിൽ പറയുന്നതുപോലെ, ശരീരത്തിലെ ഒരു മാംസക്കഷ്ണം നന്നായാൽ ശരീരം മുഴുവൻ നന്നായി; അത് കേടുവന്നാൽ ശരീരം മുഴുവൻ നശിച്ചു. ആ മാംസക്കഷ്ണം ഹൃദയമാണ്. സമുദായത്തിന്റെ ഹൃദയമായ പണ്ഡിതന്മാർ നന്നായാൽ സമുദായം നന്നാകും. നിങ്ങൾ വഴിതെറ്റിയാൽ സമുദായം വഴിതെറ്റും. അതിനാൽ, നിങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശമുള്ളവരല്ല, മറിച്ച് നിങ്ങൾ ഈ സമുദായത്തിന്റെ സൂക്ഷിപ്പ് മുതലാണ്.
​നിങ്ങളിൽ വലിയ കഴിവുകളുണ്ട്. ചരിത്രം പരിശോധിച്ചാൽ, ഒരു വ്യക്തിയുടെ ഇച്ഛാശക്തി കൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടായതായി കാണാം. അക്ബർ ചക്രവർത്തി 'ദീനെ ഇലാഹി' എന്ന പുതിയ മതം കൊണ്ടുവന്നപ്പോൾ ഇസ്‌ലാം ഇന്ത്യയിൽ നിന്ന് ഇല്ലാതാകുമെന്ന് ഭയപ്പെട്ടിരുന്നു. അന്ന് അതിനെതിരെ ഒറ്റയാൾ പട്ടാളമായി നിന്നത് ഇമാമെ റബ്ബാനി മുജദ്ദിദ് അൽഫ് ഥാനി (റ) ആയിരുന്നു. അദ്ദേഹം എഴുതിയ കത്തുകളിലൂടെ വലിയ വിപ്ലവം സൃഷ്ടിച്ചു. അതുപോലെ ഷാഹ് വലിയുല്ലാഹി ദഹ്‌ലവി (റ), സയ്യിദ് അഹമ്മദ് ശഹീദ് (റ) തുടങ്ങിയവർ തങ്ങളുടെ കാലഘട്ടത്തിൽ വലിയ പരിവർത്തനങ്ങൾ കൊണ്ടുവന്നു.
    ഇന്ന് നാം ജീവിക്കുന്നത് വലിയ ഫിത്‌നകളുടെ  കാലത്താണ്. നിരീശ്വരവാദവും, മതപരിത്യാഗവും വർദ്ധിച്ചുവരുന്നു. നമ്മുടെ യുവാക്കളുടെ ഈമാൻ കച്ചവടം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ വലിയ മതിൽ) പോലെ നിന്ന് സമുദായത്തെ സംരക്ഷിക്കേണ്ട ബാധ്യത നിങ്ങൾക്കാണ്. ​നിങ്ങൾ സലഫുകളുടെ പാത പിന്തുടരണം. കേവലം യുക്തികളെ മാത്രം ആശ്രയിക്കാതെ, സ്വഹാബികളും മുൻഗാമികളും കാണിച്ചുതന്ന രീതിയിൽ ദീനിനെ മനസ്സിലാക്കണം. ദീനിന്റെ അടിസ്ഥാനങ്ങളിൽ ഉറച്ചുനിൽക്കുകയും, ആധുനിക രീതിയിൽ ഭാഷയിലും, എഴുത്തിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വീകരിക്കുക. നിങ്ങൾക്ക് ഇംഗ്ലീഷിലോ പ്രാദേശിക ഭാഷകളിലോ പ്രാവീണ്യം വേണം. ലോകം ഇന്ന് സത്യത്തിന് വേണ്ടി ദാഹിക്കുകയാണ്. അവർക്ക് സത്യം എത്തിച്ചുകൊടുക്കാൻ നിങ്ങൾക്ക് കഴിയണം.
    അവസാനമായി, കഴിഞ്ഞുപോയ സമയത്തെക്കുറിച്ച് ഓർത്ത് നിരാശരാകാതെ, ഇനിയുള്ള സമയം ഫലപ്രദമായി ഉപയോഗിക്കുമെന്ന് നിങ്ങൾ പ്രതിജ്ഞ ചെയ്യുക. പ്രവാചകന്റെ അനന്തരാവകാശികൾ എന്ന നിലയിൽ, പോകുന്നിടത്തെല്ലാം വെളിച്ചമായി മാറുമെന്ന് ഉറപ്പിക്കുക. നമ്മുടെ സ്വഭാവ ദൂഷ്യം കാരണം ആരും ഇസ്‌ലാമിനെയും മദ്റസകളെയും വെറുക്കാൻ ഇടവരരുത്. മറിച്ച്, നമ്മുടെ ജീവിതം കണ്ട് അവർക്ക് ഇസ്‌ലാമിനോട് ബഹുമാനം തോന്നണം. ​നിങ്ങൾ തീരുമാനിച്ചാൽ, ഈ നാട്ടിൽ അല്ലാഹു വലിയ മാറ്റങ്ങൾ കൊണ്ടുവരും. അല്ലാഹു നമുക്ക് അതിനുള്ള ഉതവി നൽകി അനുഗ്രഹിക്കട്ടെ.!

🔹🔹🔹🔹🔹

മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുൽ മുൽക്

(30 ആയത്തുകൾ, പദങ്ങൾ 330, അക്ഷരങ്ങൾ 1313, മക്കാമുകർറമയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 77. പാരായണ ക്രമം 67. സൂറത്തുത്ത്വൂറിന് ശേഷം അവതരണം)

പടച്ചവന്റെ മഹത്വം, നിഷേധത്തിന്റെ അന്ത്യം, ഭയഭക്തരുടെ വിജയം, പടച്ചവന്റെ വിശാലമായ അറിവും കഴിവും വിളിച്ചറിയിക്കുന്ന ദൃഷ്ടാന്തങ്ങൾ, അശ്രദ്ധർക്ക് മുന്നറിയിപ്പ് 

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 01-15

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

تَبَٰرَكَ ٱلَّذِي بِيَدِهِ ٱلۡمُلۡكُ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝١ ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ ۝٢ ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ طِبَاقٗاۖ مَّا تَرَىٰ فِي خَلۡقِ ٱلرَّحۡمَٰنِ مِن تَفَٰوُتٖۖ فَٱرۡجِعِ ٱلۡبَصَرَ هَلۡ تَرَىٰ مِن فُطُورٖ ۝٣ ثُمَّ ٱرۡجِعِ ٱلۡبَصَرَ كَرَّتَيۡنِ يَنقَلِبۡ إِلَيۡكَ ٱلۡبَصَرُ خَاسِئٗا وَهُوَ حَسِيرٞ ۝٤ وَلَقَدۡ زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِمَصَٰبِيحَ وَجَعَلۡنَٰهَا رُجُومٗا لِّلشَّيَٰطِينِۖ وَأَعۡتَدۡنَا لَهُمۡ عَذَابَ ٱلسَّعِيرِ ۝٥ وَلِلَّذِينَ كَفَرُواْ بِرَبِّهِمۡ عَذَابُ جَهَنَّمَۖ وَبِئۡسَ ٱلۡمَصِيرُ ۝٦ إِذَآ أُلۡقُواْ فِيهَا سَمِعُواْ لَهَا شَهِيقٗا وَهِيَ تَفُورُ ۝٧ تَكَادُ تَمَيَّزُ مِنَ ٱلۡغَيۡظِۖ كُلَّمَآ أُلۡقِيَ فِيهَا فَوۡجٞ سَأَلَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ نَذِيرٞ ۝٨ قَالُواْ بَلَىٰ قَدۡ جَآءَنَا نَذِيرٞ فَكَذَّبۡنَا وَقُلۡنَا مَا نَزَّلَ ٱللَّهُ مِن شَيۡءٍ إِنۡ أَنتُمۡ إِلَّا فِي ضَلَٰلٖ كَبِيرٖ ۝٩ وَقَالُواْ لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِيٓ أَصۡحَٰبِ ٱلسَّعِيرِ ۝١٠ فَٱعۡتَرَفُواْ بِذَنۢبِهِمۡ فَسُحۡقٗا لِّأَصۡحَٰبِ ٱلسَّعِيرِ ۝١١ إِنَّ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ ۝١٢ وَأَسِرُّواْ قَوۡلَكُمۡ أَوِ ٱجۡهَرُواْ بِهِۦٓۖ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝١٣ أَلَا يَعۡلَمُ مَنۡ خَلَقَ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ ۝١٤ هُوَ ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ ذَلُولٗا فَٱمۡشُواْ فِي مَنَاكِبِهَا وَكُلُواْ مِن رِّزۡقِهِۦۖ وَإِلَيۡهِ ٱلنُّشُورُ  ۝١٥ ءَأَمِنتُم مَّن فِي ٱلسَّمَآءِ أَن يَخۡسِفَ بِكُمُ ٱلۡأَرۡضَ فَإِذَا هِيَ تَمُورُ ۝١٦ أَمۡ أَمِنتُم مَّن فِي ٱلسَّمَآءِ أَن يُرۡسِلَ عَلَيۡكُمۡ حَاصِبٗاۖ فَسَتَعۡلَمُونَ كَيۡفَ نَذِيرِ ۝١٧ وَلَقَدۡ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَكَيۡفَ كَانَ نَكِيرِ ۝١٨ أَوَلَمۡ يَرَوۡاْ إِلَى ٱلطَّيۡرِ فَوۡقَهُمۡ صَٰٓفَّٰتٖ وَيَقۡبِضۡنَۚ مَا يُمۡسِكُهُنَّ إِلَّا ٱلرَّحۡمَٰنُۚ إِنَّهُۥ بِكُلِّ شَيۡءِۭ بَصِيرٌ ۝١٩ أَمَّنۡ هَٰذَا ٱلَّذِي هُوَ جُندٞ لَّكُمۡ يَنصُرُكُم مِّن دُونِ ٱلرَّحۡمَٰنِۚ إِنِ ٱلۡكَٰفِرُونَ إِلَّا فِي غُرُورٍ ۝٢٠ أَمَّنۡ هَٰذَا ٱلَّذِي يَرۡزُقُكُمۡ إِنۡ أَمۡسَكَ رِزۡقَهُۥۚ بَل لَّجُّواْ فِي عُتُوّٖ وَنُفُورٍ ۝٢١ أَفَمَن يَمۡشِي مُكِبًّا عَلَىٰ وَجۡهِهِۦٓ أَهۡدَىٰٓ أَمَّن يَمۡشِي سَوِيًّا عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٢٢ قُلۡ هُوَ ٱلَّذِيٓ أَنشَأَكُمۡ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ ۝٢٣ قُلۡ هُوَ ٱلَّذِي ذَرَأَكُمۡ فِي ٱلۡأَرۡضِ وَإِلَيۡهِ تُحۡشَرُونَ ۝٢٤ وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٢٥ قُلۡ إِنَّمَا ٱلۡعِلۡمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٞ مُّبِينٞ ۝٢٦ فَلَمَّا رَأَوۡهُ زُلۡفَةٗ سِيٓـَٔتۡ وُجُوهُ ٱلَّذِينَ كَفَرُواْ وَقِيلَ هَٰذَا ٱلَّذِي كُنتُم بِهِۦ تَدَّعُونَ ۝٢٧ قُلۡ أَرَءَيۡتُمۡ إِنۡ أَهۡلَكَنِيَ ٱللَّهُ وَمَن مَّعِيَ أَوۡ رَحِمَنَا فَمَن يُجِيرُ ٱلۡكَٰفِرِينَ مِنۡ عَذَابٍ أَلِيمٖ ۝٢٨ قُلۡ هُوَ ٱلرَّحۡمَٰنُ ءَامَنَّا بِهِۦ وَعَلَيۡهِ تَوَكَّلۡنَاۖ فَسَتَعۡلَمُونَ مَنۡ هُوَ فِي ضَلَٰلٖ مُّبِينٖ ۝٢٩ قُلۡ أَرَءَيۡتُمۡ إِنۡ أَصۡبَحَ مَآؤُكُمۡ غَوۡرٗا فَمَن يَأۡتِيكُم بِمَآءٖ مَّعِينِۭ ۝٣٠

    എല്ലാ സൃഷ്ടികളുടെയും രാജാധിപത്യം കൈയ്യാളുന്ന അല്ലാഹു ഐശ്വര്യപൂർണ്ണനാണ്. അവൻ എല്ലാ കാര്യങ്ങളുടെ മേലും കഴിവുള്ളവനാണ്.(1) നിങ്ങളിൽ ആരാണ് ഏറ്റവും നല്ല കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരിശോധിക്കുന്നതിനു വേണ്ടി അല്ലാഹു മരണത്തെയും ജീവിതത്തെയും നിശ്ചയിച്ചു. അല്ലാഹു വലിയ പ്രതാപശാലിയും വളരെയധികം പൊറുക്കുന്നവനുമാണ്.(2) ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ ഒന്നായി സൃഷ്ടിച്ചവനാണവൻ. കാരുണ്യവാനായ അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറച്ചിലും നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ല. (അതിന്) എന്തെങ്കിലും വിള്ളലുകൾ ഉണ്ടോയെന്ന് പലപ്രാവശ്യം ആവർത്തിച്ചുനോക്കിക്കൊള്ളുക.(3) വീണ്ടും പലപ്രാവശ്യം അല്ലാഹുവിന്റെ സൃഷ്ടിയിലേക്ക് നോക്കുക. താങ്കളുടെ കണ്ണുകൾ തളർന്ന് പരാജയപ്പെട്ട് താങ്കളിലേക്ക് മടങ്ങുന്നതാണ്.(4) ഭൂമിയോട് അടുത്ത ആകാശത്തെ (നക്ഷത്രങ്ങളാകുന്ന) വിളക്കുകൾ കൊണ്ട് നാം അലങ്കരിച്ചു. നാം അവയെ പിശാചുക്കളെ എറിയുന്ന ആയുധവുമാക്കി, അവർക്ക് കത്തിയാളുന്ന നരക ശിക്ഷ  നാം ഒരുക്കി വെച്ചിരിക്കുന്നു.(5) തങ്ങളുടെ രക്ഷിതാവിനെ നിഷേധിക്കുന്നവർക്ക് നരകത്തിന്റെ ശിക്ഷയുണ്ട്. എത്തിച്ചേരുന്ന സ്ഥലം മഹാമോശമാണ്.(6) നരകത്തിലേക്ക് നിഷേധികളെ തള്ളപ്പെടുമ്പോൾ അതിൽ വലിയ അലർച്ച അവർ കേൾക്കുന്നതാണ്. അത് തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുന്നതുമാണ്.(7) കോപത്തിന്റെ കടുപ്പം കാരണം അത് പൊട്ടിത്തെറിക്കാൻ അടുക്കും. അതിലേക്ക് ഓരോ സംഘങ്ങളെയും ഇടപ്പെടുമ്പോൾ അതിന്റെ സൂക്ഷിപ്പുകാർ അവരോട് ചോദിക്കും: മുന്നറിയിപ്പ് നൽകുന്ന ആരും നിങ്ങളുടെ അരികിൽ വന്നിരുന്നില്ലേ?(8) അവർ പറയും: തീർച്ചയായും മുന്നറിയിപ്പ് നൽകുന്നവർ ഞങ്ങളുടെ അരികിൽ വന്നിരുന്നു, പക്ഷേ ഞങ്ങൾ അവരെ കളവാക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങൾ വലിയ വഴികേടിൽ തന്നെയാണ്.(9) അവർ ഇപ്രകാരവും പറയും: സത്യം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾ നരകവാസികളിൽപ്പെടില്ലായിരുന്നു.(10) ചുരുക്കത്തിൽ അവരുടെ പാപങ്ങൾ അവർ തുറന്ന് സമ്മതിക്കും, നരകവാസികളുടെ മേൽ ശാപം മാത്രമുണ്ടാകുന്നതാണ്.(11) തങ്ങളുടെ രക്ഷിതാവിനെ കാണാതെ തന്നെ ഭയന്ന് ജീവിക്കുന്നവർക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്.(12) നിങ്ങൾ ശബ്ദമില്ലാതെയോ ശബ്ദത്തോടെയോ സംസാരിച്ചു കൊള്ളുക, തീർച്ചയായും അല്ലാഹു മനസ്സിലുള്ള കാര്യങ്ങൾ പോലും അറിയുന്നവനാണ്.(13) എല്ലാം സൃഷ്ടിച്ചവൻ എല്ലാം അറിയുന്നവനല്ലേ? അതെ അല്ലാഹു വളരെ സൂക്ഷ്മമായി കാര്യങ്ങൾ അറിയുന്നവനും എല്ലാ രഹസ്യങ്ങളും മനസ്സിലാക്കുന്നവനുമാണ്.(14) അല്ലാഹുവാണ് നിങ്ങൾക്ക് ഭൂമിയെ ഒരുക്കിത്തന്നത്. ആകയാൽ അതിന്റെ വഴികളിലൂടെ നിങ്ങൾ നടക്കുക. അല്ലാഹു നൽകിയ ഉപജീവനങ്ങൾ ഉപയോഗിക്കുക. എല്ലാവരും അല്ലാഹുവിലേക്ക് മടങ്ങി പുനർജ്ജീവിപ്പിക്കപ്പെടുന്നതാണ്.(15) ആകാശത്തിന്റെ ഉടമസ്ഥനായ അല്ലാഹു ഭൂമിയിൽ നിങ്ങളെ ആഴ്ത്തിക്കളയുന്നതിൽ നിന്നും അങ്ങനെ ഭൂമി ഇളകി നിങ്ങളെ വിഴുങ്ങിക്കളയുന്നതിൽ നിന്നും നിങ്ങൾ നിർഭയരായി കഴിയുകയാണോ?(16) അല്ലെങ്കിൽ ആകാശത്തിന്റെ ഉടമസ്ഥനായ അല്ലാഹു നിങ്ങളുടെ മേൽ കല്ലുമഴ വർഷിപ്പിക്കുന്നതിൽ നിന്നും നിങ്ങൾ നിർഭയരായിക്കഴിയുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് പിന്നീട് നിങ്ങൾ മനസ്സിലാക്കുന്നതാണ്.(17) ഇതിനു മുമ്പുള്ളവരും സത്യത്തെ കളവാക്കിയിരുന്നു, അപ്പോൾ എന്റെ ശിക്ഷ എങ്ങനെയായിരുന്നു.(18) അവരുടെ മുകളിൽ ചിറകുകൾ വിരിച്ചുകൊണ്ടും മടക്കിയും പറക്കുന്ന പറവകളെ അവർ കാണുന്നില്ലേ? കാരുണ്യവാനായ അല്ലാഹുവാണ് അന്തരീക്ഷത്തിൽ അതിനെ നിയന്ത്രിച്ചു നിർത്തുന്നത്. തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും കാണുന്നവനാണ്.(19) കാരുണ്യവാനായ അല്ലാഹു അല്ലാതെ നിങ്ങളെ സഹായിക്കുന്ന ഏതെങ്കിലും സൈന്യം നിങ്ങൾക്കുണ്ടോ? നിഷേധികൾ വലിയ വഞ്ചനയിൽ തന്നെയാണ്.(20)  ഇനി അല്ലാഹു അവന്റെ ഉപജീവനത്തെ തടഞ്ഞുവെക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉപജീവനം നൽകാൻ ആരെങ്കിലുമുണ്ടോ? കാര്യം ഇതായിട്ടും നിഷേധികൾ ധിക്കാരത്തിലും വെറുപ്പിലും കഴിയുകയാണ്.(21) മുഖം കുത്തി തലതിരിഞ്ഞ് നടക്കുന്നവനാണോ? സന്മാർഗ്ഗത്തിലൂടെ നേരെ സഞ്ചരിക്കുന്നവനാണോ? സന്മാർഗ്ഗം പ്രാപിച്ചവൻ?(22) പറയുക: അല്ലാഹുവാണ് നിങ്ങളെ പടച്ചത് അവൻ തന്നെ നിങ്ങൾക്ക് കണ്ണും കാതും ഹൃദയവും നൽകി പക്ഷേ നിങ്ങൾ കുറച്ച് മാത്രമേ നന്ദി കാണിക്കുന്നുള്ളൂ.(23) പറയുക: അവനാണ് നിങ്ങളെ ഭൂമിയിൽ പരത്തിയത്. അവനിലേക്കാണ് നിങ്ങൾ എല്ലാവരും ഒരുമിച്ചുകൂട്ടപ്പെടുന്നത്.(24) അവർ ചോദിക്കുന്നു: നിങ്ങൾ സത്യസന്ധരാണെങ്കിൽ ഈ വാഗ്ദാനം എപ്പോഴാണ് പുലരുക?(25) പറയുക: യഥാർത്ഥ അറിവ് അല്ലാഹുവിന് മാത്രമാണ്. ഞാൻ വളരെ വ്യക്തമായി മുന്നറിയിപ്പ് നൽകുന്നവൻ മാത്രമാണ്.(26) അല്ലാഹുവിന്റെ ശിക്ഷ അടുത്തു വന്നതായി കാണുമ്പോൾ നിഷേധികളുടെ മുഖങ്ങൾ വാടിപ്പോകുന്നതാണ്. അപ്പോൾ അവരോട് പറയപ്പെടും: നിങ്ങൾ ആവശ്യപ്പെട്ടിരുന്ന ശിക്ഷ ഇതുതന്നെയാണ്(27) അവരോട് പറയുക: അല്ലാഹു എന്നെയും എന്റെ കൂട്ടുകാരെയും നശിപ്പിക്കുകയോ ഞങ്ങളോട് കരുണകാണിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ, എന്നാൽ നിഷേധികളെ വേദനാജനകമായ ശിക്ഷയിൽ നിന്നും ആരായിരിക്കും രക്ഷപ്പെടുത്തുക?(28) പറയുക: അല്ലാഹു എല്ലാവരോടും കരുണയുള്ളവനാണ്. ഞങ്ങൾ അവനിൽ വിശ്വസിച്ചിരിക്കുന്നു, അവന്റെ മേൽ ഭരമേൽപ്പിച്ചിരിക്കുന്നു. ആരാണ് വ്യക്തമായ വഴികേടിൽ എന്ന് പിന്നീട് നിങ്ങൾ മനസ്സിലാക്കുന്നതാണ്.(29) അവരോട് ചോദിക്കുക: നിങ്ങളുടെ (കിണറുകളിലും മറ്റുമുള്ള) വെള്ളം വറ്റിപ്പോയാൽ നിങ്ങൾക്ക് ശുദ്ധജലം കൊണ്ടുതരുന്നത് ആരാണ്?(30)

വിവരണവും വ്യാഖ്യാനവും:

        സൂറത്തുൽ മുൽകിന്റെ മഹത്വങ്ങൾ: ഈ സൂറത്തിന് വാഖിയ, മുൻജിയ എന്നീ നാമങ്ങളും ഹദീസുകളിൽ വന്നിട്ടുണ്ട്. രക്ഷിയ്ക്കുന്നത് എന്നാണ് അതിന്റെ ആശയം. റസൂലുല്ലാഹി (സ) അരുളി: ഈ സൂറത്ത് ഖബ്ർ ശിക്ഷയിൽ നിന്നും തടയുന്നതാണ്. (തിർമിദി). ഇബ്‌നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഈ സൂറത്ത് എല്ലാ വിശ്വാസികളുടെയും ഹൃദയത്തിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. (ഖുർതുബി). അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പരിശുദ്ധ ഖുർആനിൽ മുപ്പത് ആയത്തുകളുള്ള ഒരു സൂറത്തുണ്ട്. അത് പാരായണം ചെയ്യുന്നവർക്ക് വേണ്ടി നരകത്തിൽ നിന്നും രക്ഷിച്ച് സ്വർഗ്ഗത്തിൽ കടത്തുന്നതുവരെ ഖിയാമത്ത് നാളിൽ അത് ശുപാർശ ചെയ്യുന്നതാണ്. അത് തബാറകല്ലദീ സൂറത്താണ്. (ഖുർതുബി)  
എല്ലാ സൃഷ്ടികളുടെയും രാജാധിപത്യം കൈയ്യാളുന്ന അല്ലാഹു ഐശ്വര്യപൂർണ്ണനാണ്. അവൻ എല്ലാ കാര്യങ്ങളുടെ മേലും കഴിവുള്ളവനാണ്.(1) തബാറക എന്നത് ബർക്കത്തിൽ നിന്നും എടുക്കപ്പെട്ടതാണ്. അധികരിക്കുന്നത് എന്നാണ് ഇതിന്റെ അർത്ഥം. അല്ലാഹുവുമായി ബന്ധിപ്പിച്ച് ഇത് പറയുമ്പോൾ അല്ലാഹു മഹോന്നതനാണെന്ന ഔന്നത്യത്തിന്റെ അർത്ഥം വരുന്നതാണ്. രാജാധിപത്യം കൈയ്യാളുന്ന അല്ലാഹു എന്ന പ്രയോഗത്തിലെ കൈ എന്ന പദം അല്ലാഹുവിനെക്കുറിച്ച് ഖുർആനിൽ വേറെയും സ്ഥലങ്ങളിൽ വന്നിട്ടുണ്ട്. അല്ലാഹു ശരീര അവയവങ്ങളിൽ നിന്നും ഉന്നതനാണ്. അതുകൊണ്ട് ഈ പദം മുതശാബിഹാത്ത് (ആശയം അവ്യക്തമായ) ആയത്തുകളിൽ പെട്ടതാണ്. അതായത് ഇതിന്റെ യാഥാർത്ഥ്യവും രൂപവും ആർക്കും അറിയില്ല. അത് മനസ്സിലാക്കാൻ പരിശ്രമിക്കുന്നത് ശരിയല്ല. അധികാരം എന്നതുകൊണ്ടുള്ള ആശയം ആകാശ-ഭൂമികളിലും ഇഹത്തിലും പരത്തിലുമുള്ള അധികാരമാണ്. ഈ ആയത്തിൽ അല്ലാഹുവിനെക്കുറിച്ച് നാല് വിശേഷണങ്ങൾ പറഞ്ഞിരിക്കുന്നു. ഒന്ന്, അല്ലാഹു ഉള്ളവനാണ്. രണ്ട്, അങ്ങേയറ്റം സമുന്നതനാണ്. മൂന്ന്, ആകാശ-ഭൂമികളുടെ അധികാരിയാണ്. നാല്, സർവ്വ ശക്തനാണ്. അടുത്ത ആയത്തുകളിൽ ഇവയ്ക്കുള്ള തെളിവുകളാണ്. അതെ, അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങളിൽ ചിന്തിക്കുന്നതിലൂടെ ഈ കാര്യങ്ങൾ വ്യക്തമാകുന്നതാണ്. അതുകൊണ്ട് തന്നെ അടുത്ത ആയത്തുകളിൽ പ്രപഞ്ച സൃഷ്ടികളിലെ വ്യത്യസ്ത വിഭാഗങ്ങളെ വിവരിച്ചുകൊണ്ട് അല്ലാഹുവിന്റെ അസ്ഥിത്വവും ഏകത്വവും സമ്പൂർണ്ണമായ അറിവും കഴിവും സമർത്ഥിച്ചിരിക്കുന്നു. ആദ്യമായി ഉത്തമ സൃഷ്ടിയായ മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. തുടർന്ന് ഏതാനും ആയത്തുകളിൽ ആകാശത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. 15, 16 ആയത്തുകളിൽ ഭൂമിയെക്കുറിച്ചും 19-ാം ആയത്തിൽ അന്തരീക്ഷത്തിൽ കഴിയുന്ന പറവകളെയും അനുസ്മരിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഈ മുഴുവൻ സൂറത്തിന്റെയും അടിസ്ഥാന വിഷയം അല്ലാഹുവിന്റെ അസ്ഥിത്വവും അറിവും കഴിവും സ്ഥാപിക്കലാണ്. അതിനിടയിലായി നിഷേധികളുടെ ശിക്ഷ, സത്യവിശ്വാസികൾക്കുള്ള പ്രതിഫലം മുതലായ കാര്യങ്ങളും വിവരിച്ചിരിക്കുന്നു. 
മരണത്തിന്റെയും ജീവിതത്തിന്റെയും യാഥാർത്ഥ്യം: ആദ്യമായി മനുഷ്യ ജീവിതത്തെക്കുറിച്ച് ഉണർത്തിക്കൊണ്ട് അല്ലാഹുവിന്റെ അറിവും കഴിവും ഇപ്രകാരം വിവരിക്കുന്നു: നിങ്ങളിൽ ആരാണ് ഏറ്റവും നല്ല കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരിശോധിക്കുന്നതിനു വേണ്ടി അല്ലാഹു മരണത്തെയും ജീവിതത്തെയും നിശ്ചയിച്ചു. അല്ലാഹു വലിയ പ്രതാപശാലിയും വളരെയധികം പൊറുക്കുന്നവനുമാണ്.(2) മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകളിൽ നിന്നും മരണം, ജീവിതം എന്നീ രണ്ട് കാര്യങ്ങൾ മാത്രമാണ് അല്ലാഹു ഇവിടെ പരാമർശിച്ചിരിക്കുന്നത്. കാരണം ഈ രണ്ട് അവസ്ഥകൾ മനുഷ്യന്റെ ആയുസ്സിൽ മുഴുവൻ നിറഞ്ഞ് നിൽക്കുന്നതാണ്. ജീവിതത്തെ പടച്ചു എന്ന പരാമർശത്തിൽ സംശയമൊന്നുമില്ല. എന്നാൽ മരണം എന്നത് ഇല്ലായ്മയുടെ പേരായതുകൊണ്ട് അതിനെ പടച്ചു എന്ന് പറഞ്ഞത് എന്തിനാണ്? ഇതിനെക്കുറിച്ച് തഫ്‌സീറിന്റെ ഇമാമുകൾ വിവിധ വിവരണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും വ്യക്തമായ അഭിപ്രായം ഇതാണ്: മരണം എന്നത് വെറും ഇല്ലായ്മയുടെ പേരല്ല. മറിച്ച് ആത്മാവും ശരീരവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കി ആത്മാവിനെ മറ്റൊരു സ്ഥലത്തേക്ക് നീക്കുന്നതിനാണ് മരണമെന്ന് പറയുന്നത്. ഇത് ഒരു ഉള്ള കാര്യം തന്നെയാണ്. ചുരുക്കത്തിൽ ജീവിതം മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ഒരു അവസ്ഥയായതുപോലെ മരണവും ഒരു അവസ്ഥ തന്നെയാണ്. ഇബ്‌നു അബ്ബാസ് (റ) മുതലായ ചില മുഫസ്സിറുകൾ പറയുന്നു: മരണം ആടിന്റെയും ജീവിതം കുതിരയുടെയും രൂപത്തിലുള്ള രണ്ട് സൃഷ്ടികളാണ്. അവരുടെ തെളിവ് ഒരു ഹദീസാണെന്ന് തോന്നുന്നു: റസൂലുല്ലാഹി (സ) അരുളി: ഖിയാമത്ത് ദിനം സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിലും നരകവാസികൾ നരകത്തിലും പ്രവേശിച്ച് കഴിഞ്ഞാൽ മരണത്തെ ഒരു ആടിന്റെ രൂപത്തിൽ കൊണ്ടുവരപ്പെടുന്നതും സിറാത്ത് പാലത്തിന്റെ അരികിൽ വെച്ച് അറുക്കപ്പെടുന്നതും ഇനി എല്ലാവരും അവരുടെ അവസ്ഥയിൽ തന്നെ കഴിയുന്നതാണെന്ന് പ്രഖ്യാപിക്കപ്പെടുന്നതുമാണ്. (ബുഖാരി). എന്നാൽ മരണത്തിന് ഒരു ശരീരമുണ്ടെന്ന് ഈ ഹദീസിൽ നിന്നും വ്യക്തമായി മനസില്ലാക്കാൻ സാധിച്ചിട്ടില്ല. ഇഹലോകത്തെ നിരവധി അവസ്ഥകൾ പരലോകത്ത് രൂപം നൽകപ്പെട്ട ശരീരമായി വരുന്നതുപോലെ മരണവും ഒരു രൂപത്തിൽ വരുമെന്ന് മാത്രമാണ് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. (ഖുർതുബി) ഖാളി സനാഉല്ലാഹ് (റ) പറയുന്നു: മരണം എന്നത് ആത്മാവ് ഇല്ലാതാകലാണെങ്കിലും ഇത് വെറും ഇല്ലാതാകലല്ല. മറ്റൊരു സമയത്ത് ഉണ്ടാകേണ്ട ജീവൻ താൽക്കാലികമായി ഇല്ലാതാകലാണ്. ഇത്തരം കാര്യങ്ങൾക്ക് ഒരു പ്രത്യേകതരം രൂപം അദൃശ്യ ലോകത്ത് ഉണ്ടായിരിക്കുന്നതാണ്. ഈ കാര്യം നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. (മസ്ഹരി). 
മരണത്തിന്റെയും ജീവിതത്തിന്റെയും വ്യത്യസ്ത അവസ്ഥകൾ: ഖാളി സനാഉല്ലാഹ് പാനിപ്പത്തി (റ) തന്നെ കുറിക്കുന്നു: അല്ലാഹുവിന്റെ അപാരമായ തന്ത്രജ്ഞതയും കഴിവും കൊണ്ട് മുഴുവൻ സൃഷ്ടികൾക്കും ജീവൻ നൽകിയിരിക്കുന്നു. എന്നാൽ ഏറ്റവും സമ്പൂർണ്ണമായ ജീവിതം മനുഷ്യനാണ് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ അസ്ഥിത്വവും തിരുഗുണങ്ങളും ശരിയായ നിലയിൽ ഗ്രഹിക്കാനുള്ള യോഗ്യത നിറഞ്ഞ ഒരു ജീവിതമാണ് അല്ലാഹു മനുഷ്യന് നൽകിയത്. ഈ ഗ്രാഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വിധിവിലക്കുകളും നിർവ്വഹിക്കാനുള്ള ഉത്തരവാദിത്വം (അമാനത്ത്) മനുഷ്യനെ ഏൽപ്പിക്കപ്പെട്ടത്. ഇത് ഏൽക്കുന്നതിൽ നിന്നും ആകാശ-ഭൂമികളും പർവ്വതങ്ങളുമെല്ലാം പിന്മാറുകയുണ്ടായി. എങ്കിലും മനുഷ്യന് കനിഞ്ഞരുളിയ പ്രത്യകമായ യോഗ്യതയുടെ അടിസ്ഥാനത്തിൽ മനുഷ്യൻ അത് ഏറ്റെടുത്തു. ഈ യോഗ്യതയാണ് ഇവിടുത്തെ ജീവിതം കൊണ്ടുള്ള യഥാർത്ഥ ഉദ്ദേശം. ഇതിന് നേരെ എതിരിലുള്ള അവസ്ഥ മരണമാണ്. താഴെ കൊടുക്കുന്ന ആയത്തിലെ ജീവിതവും മരണവും കൊണ്ടുള്ള ഉദ്ദേശവും ഇതുതന്നെ. ...... (അൻആം 122). എന്നാൽ മനുഷ്യനും ഇതര സൃഷ്ടികൾക്കും ചലനം ഉണ്ടാവുകയും ചലനം നഷ്ടപ്പെടുകയും ചെയ്യുന്ന മറ്റൊരു ജീവനും മരണവുമുണ്ട്. അതാണ് ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത്. ..... (ബഖറ 28). വെറും വളർച്ചയെ മാത്രം അറിയിക്കുന്ന വേറൊരു ജീവിതമുണ്ട്. ചെടികൾക്കും മറ്റും ഉള്ളത് അതാണ്. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ..... (ഹദീദ് 17). ചുരുക്കത്തിൽ മനുഷ്യർക്ക് മാത്രമുള്ളതും എല്ലാ ജീവികൾക്കുമുള്ളതും ചെടികൾക്ക് ബാധകവുമായ മൂന്ന് ജീവനുകളാണ് ഉള്ളത്. ഇവ അല്ലാത്തതിനൊന്നും ജീവനുണ്ടാകുന്നതല്ല. കല്ലുകളെക്കുറിച്ച് അല്ലാഹു പറയുന്നു:.... (നഹ്ൽ 21). 
ഈ ആയത്തിൽ മരണത്തെ ആദ്യമായി പറയാൻ കാരണം യഥാർത്ഥ അവസ്ഥ ഇല്ലായ്മ ആയിരുന്നതുകൊണ്ടാണ്. ജീവൻ വെക്കുന്ന എല്ലാ വസ്തുക്കളും ആരംഭത്തിൽ ജീവനില്ലാത്തവയായിരുന്നു. അതിന് ശേഷമാണ് ജീവൻ നൽകപ്പെട്ടത്. അതുകൊണ്ടാണ് മരണത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. മറ്റൊരു വ്യാഖ്യാനം ഇപ്രകാരമാണ്: ജീവിതവും മരണവും പടച്ചവന്റെ പരീക്ഷമാണെങ്കിലും ഈ പരീക്ഷണം ഏറ്റവും കൂടുതലുള്ളത് മരണത്തിലാണ്. കാരണം മരണത്തെക്കുറിച്ച് അധികമായി ഓർക്കുന്നവൻ സൽക്കർമ്മങ്ങളിൽ കൂടുതൽ നിഷ്ഠ കാണിക്കുന്നതാണ്. ജീവിതം അനുഭവിക്കുന്നവൻ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും തന്റെ ബലഹീനതയും അല്ലാഹുവിന്റെ കഴിവും ഓർത്തുകൊണ്ട് നന്മയിലേക്ക് തിരിയുമെങ്കിലും ചിന്തയും കർമ്മവും നന്നാക്കാൻ ഏറ്റവും കൂടുതൽ ശക്തമായത് മരണം തന്നെയാണ്. അമ്മാർ (റ) പറയുന്നു: മരണം ഏറ്റവും വലിയ ഉപദേശകനും വിശ്വാസം ഏറ്റവും വലിയ സമ്പത്തുമാണ്. (ത്വബ്‌റാനി). അതെ, ബന്ധുക്കളുടെയും മിത്രങ്ങളുടെയും മരണം വലിയ ഉപദേശമാണ്. അവ കണ്ടിട്ടും മനസ്സിൽ മാറ്റമുണ്ടാകാത്തവൻ മറ്റെന്ത് കണ്ടാലും മാറ്റമുണ്ടാവുക പ്രയാസമാണ്. അല്ലാഹു സത്യവിശ്വാസത്തിന്റെ നിധി നൽകിയവൻ ഏറ്റവും വലിയ സമ്പന്നനാണെന്നതിൽ യാതൊരു സംശയവുമില്ല. റബീഅ് (റ) പറയുന്നു: മരണം മനുഷ്യനെ ഇഹലോകത്ത് നിന്നും അകറ്റുന്നതും പരലോകത്തേക്ക് അടുപ്പിക്കുന്നതുമാണ്. 
അല്ലാഹു ജീവിതവും മരണവും തന്നിരിക്കുന്നത് സൽ പ്രവർത്തനങ്ങൾ ഏറ്റവും നല്ല നിലയിൽ ചെയ്യുന്നത് ആരാണെന്ന് അറിയാനാണെന്ന പ്രയോഗം ശ്രദ്ധേയമാണ്. ഇവിടെ ആരുടെ കർമ്മം കൂടുതലാണെന്ന് പറഞ്ഞിട്ടില്ല. കാരണം അല്ലാഹുവിങ്കൽ കർമ്മങ്ങളുടെ അളവിനേക്കാൾ കൂടുതൽ ശ്രദ്ധ കർമ്മം നന്നായിരിക്കലും സ്വീകാര്യമായിരിക്കലുമാണ്. അതുകൊണ്ടാണ് ഖിയാമത്ത് നാളിൽ നന്മകൾ എണ്ണപ്പെടുന്നതിന് പകരം തൂക്കപ്പെടുന്നത്. ചിലരുടെ ഒരു നന്മ തന്നെ മറ്റുള്ളവരുടെ ആയിരക്കണക്കിന് നന്മകളേക്കാൾ ഉന്നതമാകുന്നതാണ്. ഇബ്‌നു ഉമർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഈ ആയത്തുകൾ ഓതി ഇവിടെ എത്തിയപ്പോൾ അരുളി: ഏറ്റവും നല്ല കർമ്മം ചെയ്യുന്നവൻ ഏറ്റവും കൂടുതൽ സൂക്ഷ്മത പുലർത്തുന്നവനും നന്മകളിൽ സദാസന്നദ്ധത പുലർത്തുന്നവനുമാണ്. (ഖുർതുബി) 
ആകാശത്തിൽ എന്തെങ്കിലും വിള്ളലുകൾ ഉണ്ടോയെന്ന് പലപ്രാവശ്യം ആവർത്തിച്ചുനോക്കിക്കൊള്ളുക.(3) ഇഹലോകവുമായി അടുത്ത ആകാശം കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കുന്നതാണെന്ന് ഈ ആയത്തിന്റെ ബാഹ്യഭാഗം അറിയിക്കുന്നു. എന്നാൽ നാം കാണുന്ന നീല നിറത്തിലുള്ള അന്തരീക്ഷം ആകാശം തന്നെ ആയിരിക്കണം എന്ന് നിർബന്ധമില്ല. ആകാശം അതിന് പിന്നിൽ ദൂരെ ആയിരിക്കാനും ഈ നീല നിറത്തിലുള്ളത് അതിന്റെ അന്തരീക്ഷത്തിന്റെ നിറമായിരിക്കാനും സാധ്യതയുണ്ട്. 
ഭൂമിയോട് അടുത്ത ആകാശത്തെ (നക്ഷത്രങ്ങളാകുന്ന) വിളക്കുകൾ കൊണ്ട് നാം അലങ്കരിച്ചു! വിളക്കുകൾ കൊണ്ടുള്ള ഉദ്ദേശം നക്ഷത്രങ്ങളാണ്. ആകാശത്തെ അലങ്കരിച്ചു എന്ന് പറഞ്ഞതിന് നക്ഷത്രങ്ങൾ ആകാശത്തിനുള്ളിലാണെന്ന അർത്ഥമില്ല. ആകാശത്തിന് കീഴെ അന്തരീക്ഷത്തിലായിരുന്നാലും ഈ അലങ്കാരം സാധ്യമാണ്. പിശാചുക്കളെ എറിയാനുള്ള ജ്വാലകളാക്കി എന്നതിന്റെ ആശയം നക്ഷത്രങ്ങളിൽ നിന്നും തീയിന്റെ ഒരു അംശം പിശാചുക്കളിലേക്ക് എറിയപ്പെടലാണ്. അതിന് നക്ഷത്രം യഥാസ്ഥാനത്ത് നിന്നും മാറേണ്ടതില്ല. സാധാരണ കണ്ണുകൊണ്ട് നോക്കുമ്പോൾ നക്ഷത്രം തന്നെ എറിയപ്പെടുന്നതായി തോന്നുന്നതുകൊണ്ടാണ് അപ്രകാരം പറഞ്ഞിരിക്കുന്നത്. (ഖുർതുബി). ആകാശ വാർത്തകൾ കട്ട് കേൾക്കുന്നതിന് വേണ്ടി സുഖമമായി കയറിപ്പോകുന്ന പിശാചുക്കളെ നക്ഷത്രങ്ങൾക്ക് കീഴിൽ തടയപ്പെടുന്നതാണെന്ന് ഇതിലൂടെ മനസ്സിലാകുന്നു. (ഖുർതുബി). കഴിഞ്ഞ ആയത്തുകളിൽ വിവിധ സൃഷ്ടികളെക്കുറിച്ച് ചിന്തിപ്പിക്കുകയും അല്ലാഹുവിന്റെ സമ്പൂർണ്ണ അറിവും കഴിവും സമർത്ഥിക്കുകയും ചെയ്തു. അടുത്ത ആയത്തുകളിൽ അല്ലാഹുവിനെ നിഷേധിക്കുന്നവർക്കുള്ള ശിക്ഷയും അംഗീകരിക്കുന്നവർക്കുള്ള പ്രതഫലവും വിവരിച്ചിരിക്കുന്നു.  
അല്ലാഹുവാണ് നിങ്ങൾക്ക് ഭൂമിയെ ഒരുക്കിത്തന്നത്. ആകയാൽ അതിന്റെ വഴികളിലൂടെ നിങ്ങൾ നടക്കുക. (15) ഈ ആയത്തിലെ ദലൂൽ എന്നതിന്റെ അർത്ഥം അനുസരണയുള്ളതെന്നാണ്. അനുസരണയോടെ ചുമട് എടുക്കുന്ന മൃഗത്തിന് ദലൂൽ എന്ന് പറയപ്പെടാറുണ്ട്. അല്ലാഹു പറയുന്നു: ഭൂമിയെ ഏത് നിലയിലും ഉപയോഗിക്കപ്പെടുന്ന നിലയിൽ നിങ്ങൾക്ക് നാം കീഴ്‌പ്പെടുത്തിത്തന്നു. ഭൂമിയെ അല്ലാഹു സന്തുലിതമായ വസ്തുവാക്കി. വെള്ളം പോലെ ഭൂമി ഒഴുകുന്നതല്ല. ചെളിയോ പഞ്ഞിയോ പോലെ മയങ്ങുന്നതുമല്ല. ഇങ്ങനെ ആയിരുന്നുവെങ്കിൽ മനുഷ്യന് ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടാകുമായിരുന്നു. ഇതുപോലെ ഭൂമിയെ ഇരുമ്പും കല്ലും പോലെയും ആക്കിയില്ല. അങ്ങനെ ആക്കിയിരുന്നുവെങ്കിൽ ഇവിടെ വൃക്ഷം മുളയ്ക്കുകയോ കൃഷി സാധിക്കുകയോ കിണറുകളും അരുവികളും ഉണ്ടാവുകയോ ചെയ്യുമായിരുന്നില്ല. ഉയർന്ന കെട്ടിടങ്ങൾ സ്ഥാപിക്കാനും കഴിയുമായിരുന്നില്ല. ഭൂമി ഉറച്ചതായതിനോടൊപ്പം നടക്കാൻ സാധിക്കുന്നതും കെട്ടിടങ്ങൾ കെട്ടാൻ കഴിയുന്നതുമാക്കി.
അല്ലാഹു നൽകിയ ഉപജീവനങ്ങൾ ഉപയോഗിക്കുക.  ആദ്യം ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാൻ പറഞ്ഞു. ശേഷം അതിലെ ആഹാരം കഴിക്കാൻ ഉണർത്തിയിരിക്കുന്നു. അതെ, ആദ്യം കച്ചവട കാര്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യുക. അതിലൂടെ ഉപജീവനത്തിന്റെ കവാടങ്ങൾ തുറക്കുന്നതാണ്. അവസാനം ഉണർത്തുന്നു: എല്ലാവരും അല്ലാഹുവിലേക്കാണ് മരിച്ച് മടങ്ങേണ്ടത്. ആഹാര പാനിയങ്ങൾ ഉപയോഗിക്കാനും യാത്ര ചെയ്യാനും താമസിക്കാനും ഭൂമിയിൽ സൗകര്യമുണ്ട്. എന്നാൽ ഇതിൽ മതിമറക്കുകയും മരണത്തെയും പരലോകത്തെയും വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്യരുത്. നിങ്ങളുടെ മടക്കം അല്ലാഹുവിലേക്കാണെന്ന് സദാ ഓർക്കുക. ഭൂമിയിൽ ജീവിച്ചുകൊണ്ട് തന്നെ പരലോകത്തിന്റെ തയ്യാറെടുപ്പുകളിൽ മുഴുകുക. അവസാനം അല്ലാഹുവിലേക്ക് തന്നെയാണ് മടങ്ങേണ്ടത്. അടുത്തതായി ഭൂമിയിലെ ജീവിതത്തിനിടയിലും പടച്ചവന്റെ ശിക്ഷ ഭയക്കണമെന്ന് ഉണർത്തിക്കൊണ്ട് പറയുന്നു: ആകാശത്തിന്റെ ഉടമസ്ഥനായ അല്ലാഹു ഭൂമിയിൽ നിങ്ങളെ ആഴ്ത്തിക്കളയുന്നതിൽ നിന്നും അങ്ങനെ ഭൂമി ഇളകി നിങ്ങളെ വിഴുങ്ങിക്കളയുന്നതിൽ നിന്നും നിങ്ങൾ നിർഭയരായി കഴിയുകയാണോ?(16) അതായത് അല്ലാഹു ഭൂമിയെ വളരെ മദ്ധ്യമ നിലയിലാക്കി. കുഴികുഴിക്കാതെ ഇതിനകത്തേക്ക് ഇറങ്ങുക സാധ്യമല്ല. എന്നാൽ ഭൂമിയ്ക്ക് മുകളിൽ താമസിക്കുന്നവരെ ഉള്ളിലേക്ക് ജീവനോടെ തന്നെ ഇറക്കി നശിപ്പിക്കാനും അല്ലാഹുവിന് കഴിവുണ്ട്. കൂടാതെ, ഇതര ശിക്ഷകൾ നൽകാനും ശേഷിയുണ്ട്. പടച്ചവൻ വിചാരിച്ചാൽ മുകളിൽ ആകാശ ഭാഗത്ത് നിന്നും കല്ലുകൾ എറിഞ്ഞ് നിങ്ങളെ തകർത്ത് കളയുന്നതാണ്. ആകയാൽ മനുഷ്യൻ ഇഹലോകത്ത് തീർത്തും അശ്രദ്ധനായി ജീവിക്കാൻ പാടില്ല: അല്ലെങ്കിൽ ആകാശത്തിന്റെ ഉടമസ്ഥനായ അല്ലാഹു നിങ്ങളുടെ മേൽ കല്ലുമഴ വർഷിപ്പിക്കുന്നതിൽ നിന്നും നിങ്ങൾ നിർഭയരായിക്കഴിയുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് പിന്നീട് നിങ്ങൾ മനസ്സിലാക്കുന്നതാണ്.(17) അതെ, പടച്ചവൻ ആകാശത്ത് നിന്നും ശിക്ഷ ഇറക്കിയാൽ പടച്ചവന്റെ മുന്നറിയിപ്പുകൾ എങ്ങനെയായിരുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നതാണ്. പക്ഷേ, അപ്പോൾ മനസ്സിലാക്കുന്നത് യാതൊരു ഗുണവുമില്ല. ഇന്ന് നിങ്ങൾ ആരോഗ്യത്തിലും സുരക്ഷിതത്വത്തിലും കഴിയുമ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുക. അടുത്ത ആയത്തിൽ പടച്ചവന്റെ ശിക്ഷ ഇഹലോകത്ത് തന്നെ ഇറങ്ങിയ ഗതകാല സമുദായങ്ങളെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് അതിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളാൻ നിർദ്ദേശിക്കുന്നു: ഇതിനു മുമ്പുള്ളവരും സത്യത്തെ കളവാക്കിയിരുന്നു, അപ്പോൾ എന്റെ ശിക്ഷ എങ്ങനെയായിരുന്നു.(18) 
ശേഷം യഥാർത്ഥ വിഷയത്തിലേക്ക് മടങ്ങിക്കൊണ്ട് പറയുന്നു: ഇഹലോക സൃഷ്ടികൾ എല്ലാം തന്നെ പടച്ചവന്റെ ഏകത്വവും അറിവും കഴിവും വിളിച്ചറിയിക്കുന്നു. മനുഷ്യ ശരീരം, ആകാശം, നക്ഷത്രം, ഭൂമി മുതലായവയുടെ അവസ്ഥകൾ മുമ്പ് വിവരിച്ച് കഴിഞ്ഞു. അടുത്തതായി അന്തരീക്ഷത്തിൽ പറന്ന് നടക്കുന്ന പറവകളെക്കുറിച്ച് പറയുന്നു: അവരുടെ മുകളിൽ ചിറകുകൾ വിരിച്ചുകൊണ്ടും മടക്കിയും പറക്കുന്ന പറവകളെ അവർ കാണുന്നില്ലേ? കാരുണ്യവാനായ അല്ലാഹുവാണ് അന്തരീക്ഷത്തിൽ അതിനെ നിയന്ത്രിച്ചു നിർത്തുന്നത്. തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും കാണുന്നവനാണ്.(19) കുറേനേരം ചിറകുകൾ വിരിച്ചും കുറേനേരം ചിറകുകൾ മടക്കിയും അന്തരീക്ഷത്തിൽ നീന്തിക്കളിക്കുന്ന പറവകൾ എന്തൊരു അത്ഭുതമാണ്? അതിന്റെ ശരീരത്തിന് ഭാരമുണ്ട്. ഭാരുമുള്ള എന്തെങ്കിലും വസ്തു അന്തരീക്ഷത്തിലേക്ക് ഇട്ടാൽ സാധാരണ ഗതിയിൽ അത് ഭൂമിയിലേക്ക് അത് പതിക്കാറുണ്ട്. പക്ഷേ, അല്ലാഹു അവന്റെ അപാരമായ കഴിവുകൊണ്ട് അന്തരീക്ഷത്തിൽ നിൽക്കത്തക്ക നിലയിൽ പറവയുടെ ശരീരത്തെ സജ്ജീകരിച്ചു. പ്രസ്തുത ശരീരവുമായി ആകാശത്ത് നീന്തിക്കളിക്കാൻ കഴിയുന്ന രീതികൾ അല്ലാഹു അവയ്ക്ക് പഠിപ്പിച്ച് കൊടുത്തു. ഇതും അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ ദൃഷ്ടാന്തമാണ്. 
വ്യത്യസ്ത തരം സൃഷ്ടികളുടെ അവസ്ഥകളിൽ ചിന്തിച്ച് പടച്ചവന്റെ ഏകത്വവും അറിവും കഴിവും മനസ്സിലാക്കാനുള്ള കാര്യങ്ങളാണ് ഇതുവരെ വിവരിക്കപ്പെട്ടത്. അടുത്തതായി ഈ സൂറത്തിന്റെ അവസാനം തന്നെ നിഷേധികൾക്കും ധിക്കാരികൾക്കും പടച്ചവന്റെ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ആദ്യം പറയുന്നു: അല്ലാഹുവിന്റെ ശിക്ഷ ഏതെങ്കിലും സമൂഹത്തിന്റെ മേൽ ഇറങ്ങിയാൽ ലോകത്തുള്ള ഒരു ശക്തിയിക്കും അതിനെ തടയാൻ സാധിക്കുന്നതല്ല. നിങ്ങളുടെ ശേഷികൾക്ക് പോലും നിങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല.  കാരുണ്യവാനായ അല്ലാഹു അല്ലാതെ നിങ്ങളെ സഹായിക്കുന്ന ഏതെങ്കിലും സൈന്യം നിങ്ങൾക്കുണ്ടോ? നിഷേധികൾ വലിയ വഞ്ചനയിൽ തന്നെയാണ്.(20) വീണ്ടും പറയുന്നു: അല്ലാഹു നിങ്ങൾക്ക് ആകാശത്ത് നിന്നും ജലം ഇറക്കിത്തരുകയും ഭൂമിയിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ മുളപ്പിക്കുകയും ചെയ്യുന്നത് നിങ്ങൾ ആരുടെയും തറവാട് സ്വത്തല്ല. അതെല്ലാം അല്ലാഹുവിന്റെ ദാനമാണ്. അല്ലാഹുവിന് തന്നെ അവയെ തടഞ്ഞ് നിർത്താൻ കഴിവുണ്ട്. അല്ലാഹു അവന്റെ ഉപജീവനത്തെ തടഞ്ഞുവെക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉപജീവനം നൽകാൻ ആരെങ്കിലുമുണ്ടോ? പക്ഷേ, നിഷേധികളുടെ കാര്യം ഖേദകരം തന്നെ. അവർ പ്രകൃതി ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കുന്നില്ല. പ്രവാചകന്മാരും പ്രബോധകന്മാരും പറയുന്നത് ശ്രദ്ധിക്കുന്നില്ല. കാര്യം ഇതായിട്ടും നിഷേധികൾ ധിക്കാരത്തിലും വെറുപ്പിലും കഴിയുകയാണ്.(21) അവർ അവരുടെ വഴികേടിൽ മുഴുകിക്കിടക്കുകയും മുന്നേറുകയും ചെയ്യുകയാണ്. അടുത്തതായി ഖിയാമത്ത് ദിനം സത്യവിശ്വാസികളുടെയും നിഷേധികളുടെയും അവസ്ഥകളെ ചിത്രീകരിക്കുന്നു. നിഷേധി കാല് കൊണ്ട് നടക്കുന്നതിന് പകരം തല കുത്തി നടക്കുന്നതാണ്. അനസ് (റ) വിവരിക്കുന്നു: സഹാബത്ത് ചോദിച്ചു: നിഷേധികൾ തലകുത്തി എങ്ങനെയാണ് നടക്കുക? റസൂലുല്ലാഹി (സ) അരുളി: കാലുകൾ കൊണ്ട് നടത്തിച്ചവൻ മുഖവും തലയും കൊണ്ട് നടത്തിക്കാനും കഴിവുണ്ട്. (ബുഖാരി). മുഖം കുത്തി തലതിരിഞ്ഞ് നടക്കുന്നവനാണോ? സന്മാർഗ്ഗത്തിലൂടെ നേരെ സഞ്ചരിക്കുന്നവനാണോ? സന്മാർഗ്ഗം പ്രാപിച്ചവൻ?(22) ഈ ആയത്തിലെ നേർവഴിയിലൂടെ നേരെ നടക്കുന്നവനെക്കൊണ്ടുള്ള ഉദ്ദേശം സന്മാർഗ്ഗിയായ സത്യവിശ്വാസിയാണ്.  
കണ്ണ്, കാത്, ഹൃദയം ഇവയുടെ പ്രത്യേകത: പറയുക: അല്ലാഹുവാണ് നിങ്ങളെ പടച്ചത് അവൻ തന്നെ നിങ്ങൾക്ക് കണ്ണും കാതും ഹൃദയവും നൽകി പക്ഷേ നിങ്ങൾ കുറച്ച് മാത്രമേ നന്ദി കാണിക്കുന്നുള്ളൂ.(23) ഈ ആയത്തിൽ മനുഷ്യ അവയവങ്ങളിൽ നിന്നും മൂന്ന് അവയവങ്ങളെ പ്രത്യേകം സ്മരിച്ചിരിക്കുന്നു. മനുഷ്യന്റെ അറിവും ബോധവും ഇവയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ശാസ്ത്രലോകം പറയുന്നു: അറിവിന്റെ മാധ്യമങ്ങൾ അഞ്ചാണ്. കേൾക്കുക, കാണുക, മണക്കുക, രുചിക്കുക, സ്പർശിക്കുക. മണക്കാൻ മൂക്കും, രുചിക്കാൻ നാക്കും, സ്പർശിക്കാൻ മുഴുവൻ ശരീരവും, കേൾക്കാൻ കാതും, കാണാൻ കണ്ണും സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇവിടെ ഈ അഞ്ചെണ്ണത്തിൽ രണ്ടെണ്ണം മാത്രമേ പറയപ്പെട്ടിട്ടുള്ളൂ. കാരണം മണത്തും രുചിച്ചും സ്പർശിച്ചും മനുഷ്യൻ കുറഞ്ഞ വസ്തുക്കളെ മാത്രമേ മനസ്സിലാക്കാറുള്ളൂ. അറിവിന്റെ പ്രധാന അടിസ്ഥാനം കേൾവിയും കാഴ്ചയുമാണ്. ഇവ രണ്ടിലും ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത് കേൾവിയായതിനാൽ അതിനെ മുന്തിച്ചിരിക്കുന്നു. മൂന്നാമതായി പറഞ്ഞിരിക്കുന്നത് ഹൃദയത്തെയാണ്. ഹൃദയം അറിവിന്റെ അടിസ്ഥാനവും വിജ്ഞാനത്തിന്റെ കേന്ദ്രവുമാണ്. കണ്ണും കാതും കൊണ്ട് കാണുകയും കേൾക്കുകയും ചെയ്യുന്ന വസ്തുക്കളെക്കുറിച്ചും മനസ്സ് ബന്ധപ്പെട്ടാൽ മാത്രമേ ശരിയായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. പരിശുദ്ധ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ മനസ്സിനെ അറിവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, മനസ്സാണ് അറിവിന്റെ അടിസ്ഥാനം എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. 
അടുത്ത ആയത്തുകൾ നിഷേധികൾക്ക് മുന്നറിയിപ്പും ശിക്ഷയെക്കുറിച്ചുള്ള ഉണർത്തലുമാണ്. സൂറത്തിന്റെ അവസാനത്തിൽ അല്ലാഹു പറയുന്നു: ഭൂമിയിൽ താമസിക്കുകയും കിണറുകൾ കുഴിക്കുകയും അതിലെ ജലം കുടിക്കുകയും ചെടികളിൽ നനയ്ക്കുകയും ചെയ്യുന്നവരെ അതും അതിലെ വെള്ളവും നിങ്ങളുടെ തറവാട് സ്വത്തല്ല എന്ന കാര്യം മറക്കരുത്. തീർച്ചയായും ഇതെല്ലാം അല്ലാഹുവിന്റെ മഹാദാനമാണ്. അല്ലാഹു ആകാശ ഭാഗത്ത് നിന്നും മഴ പെയ്യിപ്പിച്ചു. അതിൽ ഒരു ഭാഗം ആലിപ്പഴത്തിന്റെ രൂപത്തിൽ പർവ്വതത്തിന്റെ മുകളിൽ വർഷിപ്പിച്ചു. അത് നശിക്കാതെ സൂക്ഷിച്ചു. ശേഷം പതുക്കെ അതിനെ അലിയിപ്പിച്ച് പർവ്വതങ്ങളിലെ ഞരമ്പുകൾ വഴി ഭൂമിയുടെ ഉള്ളിലേക്ക് ഇറക്കി. യാതൊരു പൈപ്പ് ലൈനുകളും ഇല്ലാതെ ഭൂമിയിൽ അതിലെ വല പോലെ വിരിച്ചു. അൽപ്പം കുഴിച്ചാൽ നിങ്ങൾക്ക് അത് പുറത്തെടുക്കാൻ കഴിയുന്ന നിലയിൽ എവിടെ നിന്നും നിങ്ങൾക്ക് വെള്ളം എടുക്കാൻ സാധിക്കുന്നതാണ്. ഇത് സർവ്വലോക സ്രഷ്ടാവായ അല്ലാഹുവിന്റെ ദാനമാണ്. അവൻ ഉദ്ദേശിച്ചാൽ ഇതിനെ വളരെ അടിയിലേക്ക് താഴ്ത്തിക്കളയുന്നതും നിങ്ങൾക്ക് എടുക്കാൻ കഴിയാതെ വരുന്നതുമാണ്. അവരോട് ചോദിക്കുക: നിങ്ങളുടെ (കിണറുകളിലും മറ്റുമുള്ള) വെള്ളം വറ്റിപ്പോയാൽ നിങ്ങൾക്ക് ശുദ്ധജലം കൊണ്ടുതരുന്നത് ആരാണ്?(30) ഹദീസിൽ വന്നിരിക്കുന്നു: ഈ ആയത്ത് ഓതുമ്പോൾ ഇപ്രകാരം പറയേണ്ടതാണ്: ജലം കൊണ്ടുവരുന്നത് സർവ്വലോക പരിപാലകനായ അല്ലാഹു മാത്രമാണ്. നമുക്ക് ആർക്കും യാതൊരു കഴിവുമില്ല. 

അല്ലാഹുവിന്റെ അനുഗ്രഹത്താൽ 1391 റജബ് മൂന്ന് വ്യാഴാഴ്ച്ച ദിവസം സൂറത്ത് മുൽക് അവസാനിച്ചു.

🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

168. അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺ ഒരിക്കൽ ഉഹ്ദ് മലയിൽ കയറി. അബൂബക്ർ, ഉമർ, ഉസ്മാൻ (റ) മൂവരും കൂട്ടത്തിലുണ്ടായിരുന്നു. തദവസരം പർവ്വതം കുലുങ്ങി. അപ്പോൾ റസൂലുല്ലാഹി ﷺ അതിനെ പാദം കൊണ്ട് അമർത്തി ഇപ്രകാരം അരുളി: ഉഹ്‌ദേ, അനങ്ങാതിരിക്കുക. ഇപ്പോൾ നിൻ്റെ മേൽ അല്ലാഹുവിൻ്റെ ദൂതനും ഒരു സിദ്ദീഖും രണ്ട് ശഹീദുമാരും ആണുള്ളത്. (ബുഖാരി)

വിവരണം: പർവ്വതം കുലുങ്ങിയത് തീർച്ചയായും റസൂലുല്ലാഹി ﷺ മുഅ്ജിസത്ത് (അമാനുഷികത) ആണ്. ഉമർ , ഉസ്മാൻ (റ) ഇതുവരെയും രക്തസാക്ഷി എന്ന് പറഞ്ഞതും റസൂലുല്ലാഹി ﷺയുടെ അമാനുഷികതയാണ്. റസൂലുല്ലാഹി ﷺയുടെ വിയോഗത്തിന് പന്ത്രണ്ട് വർഷം കഴിഞ്ഞപ്പോൾ ഉമർ (റ) അവർകളും, ഇരുപത്തി നാല് വർഷം കഴിഞ്ഞപ്പോൾ ഉസ്‌മാൻ (റ) അവർകളും രക്തസാക്ഷികളായി. ഇരുവരും രക്തസാക്ഷി ആകും എന്ന കാര്യം റസൂലുല്ലാഹി ﷺ വഹ്‌യിലൂടെ അറിയുകയുണ്ടായി.

169. ആഇശ (റ) നിവേദനം: ഒരിക്കൽ റസൂലുല്ലാഹി ﷺ അരുളി: അല്ലയോ ഉസ്മാനേ, അല്ലാഹു താങ്കൾക്ക് ഒരു പ്രത്യേക കുപ്പായം ധരിപ്പിച്ചേക്കാം. ജനങ്ങൾ അതിനെ നിങ്ങളിൽ നിന്നും ഊരാൻ ആഗ്രഹിച്ചാൽ അവരുടെ വാക്ക് കേട്ട് നിങ്ങൾ അത് ഊരാൻ പാടുള്ളതല്ല. (തിർമിദി, ഇബ്‌നു മാജ)

വിവരണം: അതായത് അല്ലാഹു താങ്കൾക്ക് ഖിലാഫത്തിൻ്റെ സ്ഥാന വസ്ത്രം ധരിപ്പിക്കുന്നതാണ്. അല്ലാഹു താങ്കൾക്ക് കനിഞ്ഞരുളിയ ഖിലാഫത്തിൻ്റെ സ്ഥാനം താങ്കൾ കൈയ്യൊഴിയണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടാൽ നിങ്ങളത് അംഗീകരിക്കരുത്. ഇക്കാര്യം ഉസ്മാൻ (റ) തന്നെ നിവേദനം ചെയ്യുന്നത് കാണുക.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

നന്മയുടെ പ്രതിഫലം ഈ ലോകത്തും ലഭിക്കും.

✍️ മൗലാനാ മുഫ്‌തി അബുൽ ഖാസിം നുഅ്മാനി
       (മുഹ്തമിം ദാറുൽ ഉലൂം ദയൂബന്ദ്)

വിവ : മുഫ്തി സാജിദ് നജ്മി അൽ ഖാസിമി ഈരാറ്റുപേട്ട


അനസ് (റ) നിവേദനം:  റസൂലുള്ളാഹി ﷺ പറയുന്നു:
"സത്യവിശ്വാസിയുടെ ഒരു നന്മയെയും അല്ലാഹു അവഗണിക്കുകയില്ല"

അതായത്, ഒരു സത്യവിശ്വാസി ഒരു നന്മ ചെയ്യുമ്പോൾ, അതിന്റെ പ്രതിഫലത്തിൽ നിന്നോ അതിന്റെ ഫലങ്ങളിൽ നിന്നോ അല്ലാഹു അവനെ മാറ്റിനിർത്തുകയില്ല. ഒരു നന്മയുടെ കാര്യത്തിൽ പോലും അല്ലാഹു അടിമയോട് അനീതി കാണിക്കുകയില്ല; ആ നന്മയുടെ പരലോകത്തുള്ള പ്രതിഫലത്തിൽ നിന്നോ ഈ ലോകത്തുള്ള അതിന്റെ ഫലങ്ങളിൽ നിന്നോ അനുഗ്രഹങ്ങളിൽ നിന്നോ അവനെ മാറ്റിനിർത്തുകയില്ല.

നബി ﷺ പറഞ്ഞു:
ആ നന്മ കാരണത്താൽ അവന് ഈ ലോകത്ത് ഫലം നൽകപ്പെടുകയും, അതു കാരണത്താൽ പരലോകത്ത് അവന് പ്രതിഫലം നൽകപ്പെടുകയും ചെയ്യും."
ഇതിൽ നിന്ന് മനസ്സിലാകുന്നത്, നന്മയുടെ പ്രതിഫലവും, കൂലിയും പരലോകത്ത് ലഭിക്കുമെന്നതിൽ സംശയമില്ല; എന്നാൽ ഈ ലോകത്തും അതിന്റെ പ്രയോജനവും, ഗുണവും ലഭിക്കുന്നു. അതു കൊണ്ട് ആണ്‌ 'യുഅ്താ' (يُعْطَى) - നൽകപ്പെടുന്നു, സമ്മാനിക്കപ്പെടുന്നു, എന്ന് നബി (ﷺ) പറഞ്ഞത്.

എന്താണ് നൽകപ്പെടുന്നത്? അതിനെക്കുറിച്ച് ഇവിടെ പരാമർശിച്ചിട്ടില്ല, ഏറ്റവും കുറഞ്ഞത്, അവന്റെ ജീവിതത്തിൽ ബർക്കത്ത് ഉണ്ടാകുന്നു, അവന് സമാധാനവും, ശാന്തിയും ലഭിക്കുന്നു, മനസ്സിന് സംതൃപ്തി ലഭിക്കുന്നു, കൂടാതെ ഒരു നന്മയിൽ നിന്ന് അടുത്ത നന്മ ചെയ്യാനുള്ള സൗഭാഗ്യം  ലഭിക്കുന്നു, ഇതും ഈ നന്മയുടെ ഫലമാണ്. ഒരു നന്മ ചെയ്യുന്നത് കാരണം അടുത്ത നന്മ ചെയ്യാനുള്ള തൗഫീഖ് ലഭിക്കുന്നു, തുടർച്ചയായി അല്ലാഹുവിനെ വഴിപ്പെടാനുള്ള തൗഫീഖ് ലഭിക്കുന്നു.
ഇതിന് വിപരീതമായി, ഒരു പാപത്തിന്റെ വിപത്ത് എന്തെന്നാൽ, ഒരു പാപം ചെയ്ത ശേഷം ജീവിതത്തിന്റെ ബർക്കത്ത് ഇല്ലാതാവുകയും അതിന്റെ വിപത്ത് കാരണം ആ വ്യക്തി അടുത്ത പാപത്തിൽ അകപ്പെടുകയും ചെയ്യുന്നു.  നന്മയുടെയും, വഴിപ്പെടലിന്റെയും പേരിൽ പരലോകത്ത് ലഭിക്കുന്ന പ്രതിഫലം അതിന്റെ സ്ഥാനത്ത് തന്നെയുണ്ടാകും,
ഈ ലോകത്തും അതിന്റെ പ്രയോജനം അവന് ലഭിക്കുന്നു. കുടുംബവും, മക്കളും അനുസരണയുള്ളവരായിരിക്കും, ഭാര്യ അനുസരയുള്ളവളായിരിക്കും, സേവകരും ജോലിക്കാരും അനുസരിക്കും, അവന്റെ വാക്കിന് ചെവി കൊടുക്കും, അവനെ അനുസരിക്കും.
എന്നാൽ, തന്റെ ഉടമസ്ഥനായ റബ്ബിന്റെ കൽപ്പന ലംഘിക്കുന്നവനും, അനുസരണക്കേട് കാണിക്കുന്നവനുമായ വ്യക്തിയുടെ കീഴിലുള്ളവരെല്ലാം അവനിൽ നിന്ന് വിമുഖത കാണിക്കുകയും, അവനെ അനുസരിക്കാതിരിക്കുകയും ചെയ്യും.  ഭാര്യയും, മക്കളും അനുസരണക്കേടുള്ളവരായിരിക്കും,  സേവകരും, ജോലിക്കാരും, അനുസരണക്കേട് കാണിക്കും, സാഹചര്യങ്ങൾ അവന് എതിരായി മാറും.

അതുകൊണ്ടാണ് പറഞ്ഞത്: നന്മയുടെ പ്രയോജനം എന്തായാലും ലഭിക്കും. പരലോകത്ത് ലഭിക്കുന്ന പ്രതിഫലം അതിന്റെ സ്ഥാനത്ത് തന്നെയുണ്ടാകും, ഈ ലോകത്തും അതിന്റെ നേട്ടം അവന് ലഭിക്കുന്നു.

"അവിശ്വാസിയെ സംബന്ധിച്ചിടത്തോളം, അവൻ ദുനിയാവിൽ വെച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ചെയ്ത നല്ല കാര്യങ്ങൾ മുഖേന അവന് ഭക്ഷണം നൽകപ്പെടുന്നു."

അവിശ്വാസിക്ക് അവൻ്റെ നല്ല കർമ്മങ്ങൾക്ക് പകരമായി ഇവിടെ സുഖ സൗകര്യങ്ങൾ നൽകപ്പെടുന്നു. അതായത്,  ദുനിയാവിൽ വെച്ച് അവൻ അല്ലാഹുവിനു വേണ്ടി ചെയ്ത ആ കർമ്മം,  അതിന്‌ പകരം ഇവിടെ തന്നെ നൽകപ്പെടും

അല്ലാഹുവിനു വേണ്ടി ചെയ്യുക എന്നതിൻ്റെ അർത്ഥമെന്താണ്...?
അവിശ്വാസികളുടെ ഇടയിലും ധാരാളം കാര്യങ്ങളുണ്ട്, അവയെല്ലാം അവർ പുണ്യകർമ്മങ്ങളായി, നന്മയായി കണക്കാക്കുന്നു. ദാനം ചെയ്യുക, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക, രോഗികളെ ചികിത്സിക്കുക, ആളുകളെ സേവിക്കുക, അവരുടെ കാഴ്ചപ്പാടിലുള്ള ദൈവത്തെ തൃപ്തിപ്പെടുത്താനായി അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ, പുണ്യകർമ്മങ്ങൾ. എന്നാൽ പരലോകത്ത്, അവരുടെ ഈ നിഷേധവും, ബഹുദൈവ ആരാധനയും  കാരണം അവർ നരകത്തിൽ പോകും. അതിനാൽ, അതിൻ്റെ പ്രതിഫലം അവർക്ക് ഈ ലോകത്ത് വെച്ച് തന്നെ നൽകപ്പെടുന്നു.
അങ്ങനെ, അവൻ പരലോകത്ത് ചെല്ലുമ്പോൾ, "അവന് പ്രതിഫലം ലഭിക്കാനുള്ള യാതൊരു നന്മയും അവശേഷിക്കുകയില്ല."

(റാഹേ സഫ-1/165 -166)


ഇലാ റഹ്‌മത്തില്ലാഹ്...

 പ്രിയപ്പെട്ട പിതാമഹി ഹാജറ ഉമ്മ

✍️ ഹാഫിസ് നബീൽ അലി ഹസനി, കണ്ണൂർ

ഏറെ പ്രിയപ്പെട്ട പിതാമഹി ഹാജറ ഉമ്മ അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായി. പടച്ചവൻ പരിപൂർണ്ണ മഗ്ഫിറത്ത് മർഹമത്ത് നൽകി അനുഗ്രഹിക്കട്ടെ.
       മാതൃകാപരമായ ധാരാളം നന്മകൾ കൊണ്ട് സമ്പന്നമായിരുന്നു മർഹൂമയുടെ ജീവിതം. ഇബാദത്തുകളിൽ വലിയ നിഷ്ഠ പുലർത്തിയും നിരന്തരം നന്മകളിൽ നിരതയായും കഴിഞ്ഞുകൂടി. നമസ്കാരത്തിൽ വലിയ ശ്രദ്ധയായിരുന്നു. സുബ്ഹി നമസ്കാരാനന്തരം ഉച്ചവരെ വിശുദ്ധ ഖുർആൻ പാരായണം ചെയ്തിരുന്നു. അവസാനത്തെ രണ്ടുമൂന്ന് വർഷത്തോളം കിടപ്പിലായിരുന്നു. ഓർമ്മ നഷ്ടപ്പെട്ടുപോയ ഈ അവസ്ഥയിൽ പോലും നമസ്കാരത്തോട് വലിയ താല്പര്യം കാണിച്ചു. ജീവിതത്തിൽ പുലർത്തിയ കണിശതയുടെ ഫലമെന്നോണം, ഓർമ്മയില്ലാത്തതിനാൽ ഓരോ ഫർളുകളും രണ്ടും മൂന്നും തവണ വുളൂ ചെയ്ത് നമസ്കരിച്ചിരുന്നു.
      ഏകദേശം നാല് പതിറ്റാണ്ടോളം വിധവയായി കഴിഞ്ഞുകൂടി. ഭർത്താവ് മരണപ്പെടുമ്പോൾ ഏറ്റവും ചെറിയ മകന് നാലു വയസ്സായിരുന്നു പ്രായം. ഏകാന്തതയുടെയും ഇല്ലായ്മയുടെയും ബുദ്ധിമുട്ടുകൾക്കിടയിലും സ്നേഹത്തോടെ മക്കളെയും കുടുംബക്കാരെയും പരിചരിച്ചു. എല്ലാവരോടും സ്നേഹ കാരുണ്യത്തോടെ വർത്തിച്ചു.
     ജാതിമത ഭേദമന്യേ അയൽക്കാരുമായി വലിയ സ്നേഹത്തിലും സൗഹൃദത്തിലുമായിരുന്നു. വീടിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന പിടാർ സമുദായക്കാർ ഹാജറ ഉമ്മയുടെ വീടിനെ "ഉമ്മ വീട്" എന്നാണ് വിളിക്കുന്നത്. പിടാർ അമ്മൂമ്മമാർ വൈകുന്നേരങ്ങളിൽ ഉമ്മയുടെ വീടിന്റെ മുറ്റത്ത് വട്ടത്തിലിരുന്നു സംസാരിക്കുന്ന കാഴ്ച ഹരം പകരുന്നതായിരുന്നു.
   കേൾക്കാൻ താല്പര്യപ്പെടുന്നവരോട് നാടിൻ്റെ ചരിത്രങ്ങളും വർത്തമാനങ്ങളും ആവേശത്തോടെ വിവരിച്ചു നൽകിയിരുന്നു. പണ്ടുകാലത്തെ വളപട്ടണത്തെ മുസ്‌ലിം കല്യാണം, ജീവിതം, ദാരിദ്ര്യം, അങ്ങാടി, ഒപ്പനപാട്ട്, പെരുന്നാൾ, പലഹാരം, മതിലുകൾ കെട്ടാത്ത തറവാടുകൾ, പുതിയാപ്പിളയെ പൊരിക്കൽ, നോമ്പ്, നേർച്ച, പുതിയാപ്പിള സംസ്ക്കാരം, ആദ്യമായി വളപട്ടണക്കാരി സാരി ഉടുത്തത്… ഇതിനെയൊക്കെ സംബന്ധിച്ച് വാചാലയായിരുന്നു.
      മക്കളും മരുമക്കളും കുടുംബക്കാരും നന്നായി സേവിക്കുകയും പരിചരിക്കുകയും ചെയ്തു. എങ്കിലും പരമാവധി ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിച്ചിരുന്നു. ജീവിച്ചതുപോലെ തന്നെ ആരെയും അധികം ബുദ്ധിമുട്ടിക്കാതെ നിശബ്ദമായി അല്ലാഹുവിലേക്ക് യാത്രയായി.
  പടച്ചവൻ നന്മകളെല്ലാം സ്വീകരിക്കട്ടെ. വീഴ്ചകളെല്ലാം മാപ്പ് ചെയ്തു നൽകട്ടെ. സൽഗുണങ്ങളെല്ലാം പരമ്പരയായി നിലനിർത്തട്ടെ!
     അല്ലാഹുവേ, പ്രിയപ്പെട്ട ഉമ്മയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!
🔹🔹🔹🔹🔹

 വാർത്തകൾ 

ദാറുൽ ഉലൂം അൽഇസ്‌ലാമിയ്യ, ഓച്ചിറ
സനദ് ദാന മഹാ സമ്മേളനം
ഫെബ്രുവരി 6, 7 തിയതികളിൽ
ഏവർക്കും സ്വാഗതം!




ബഹുമാന്യരേ,
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ

താങ്കളുടെ സഹകരണത്തോടെ എളിയ സ്ഥാപനം ദാറുൽ ഉലൂം ഒരു വർഷം കൂടി പൂർത്തീകരിച്ചിരിക്കുകയാണ്. പടച്ചവൻ്റെ കൃപ കൊണ്ട് ഈ വർഷം 11 വിദ്യാർത്ഥികൾ പരിശുദ്ധ ഖുർആൻ മനനം (ഹിഫ്‌സ്) പൂർത്തീകരിച്ചു. ശരീഅത്ത് വിഭാഗത്തിൽ 27 വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ഹുസ്‌നി ബിരുദം നേടി കേന്ദ്രസ്ഥാപനമായ ദാറുൽ ഉലും നദ്‌വത്തുൽ ഉലമയിലേക്ക് യാത്രയാവുകയാണ്. ഇവർക്കുള്ള സനദ് ദാനവും സുപ്രധാനമായ വിവിധ വിഷയങ്ങളെ അധികരിച്ചു കൊണ്ടുള്ള വാർഷിക മഹാ സമ്മേളനവും 1447 ശഅ്ബാൻ 18ന് (2026 ഫെബ്രുവരി 06 വെള്ളിയാഴ്‌ച വൈകുന്നേരം മുതൽ 07 ശനി വൈകുന്നേരം വരെ) നടത്തപ്പെടുകയാണ്. ഇത്തരുണത്തിൽ താങ്കൾ അടക്കമുള്ള എല്ലാ സഹായി കൾക്കും പ്രത്യേകം നന്ദിരേഖപ്പെടുത്തുകയും അല്ലാഹു ഉന്നത പ്രതിഫലം നൽകട്ടെ എന്ന് ദുആഇരക്കുകയും ചെയ്യുന്നു. കൂടാതെ, ധാരാളം ഖുർആൻ പാരായണ ങ്ങൾക്കും ഹദീസ്- ഫിഖ്ഹ് പഠനങ്ങൾക്കും ശേഷം നടത്തപ്പെടുന്ന വാർഷിക സമ്മേ ളനത്തിലെ ദുആകളിൽ താങ്കളേയും എല്ലാ സഹായികളെയും മർഹൂമുകളെയും അനുസ്മരിക്കപ്പെടുന്നതുമാണ്. ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിലെ ഉസ്‌താദുൽ ഹദീസ് ഹസ്രത്ത് മൗലാനാ അബ്ദുസ്സുബ്ഹാൻ നദ്‌വിയുടെയും ഇതര മഹത്തുക്കളുടെയും മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന ഈ പരിപാടിയിൽ താങ്കളും കുടുംബവും ആദ്യന്തം പങ്കെടുക്കണമെന്നും മറ്റുള്ളവരെ പങ്കെടുപ്പിക്കണമെന്നും അപേക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ! എല്ലാ നന്മകളും എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ!.

___________________________________________

മതേതര ഭരണഘടനയുടെ സംരക്ഷണത്തിന് രാഷ്ട്രീയ സംഘടനാ വ്യത്യാസങ്ങളില്ലാതെ ഐക്യപ്പെടുക: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, ആലപ്പുഴ

       രാജ്യത്തിൻറെ സ്വാതന്ത്ര്യം യാഥാർത്ഥ്യമായത് പരസ്പരമുള്ള ഐക്യത്തിലൂടെയായിരുന്നു എന്നും, അതേ ഐക്യത്തിലൂടെ തന്നെയാണ് മഹത്തായ മതേതര ഭരണഘടന നിലവിൽ വന്നതെന്നും, ഇന്ന് പ്രസ്തുത ഭരണഘടനയും സ്വാതന്ത്ര്യവും അവതാളത്തിലാകുന്ന നിലയിൽ വർഗ്ഗീയതയുടെ മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നും, ഇതിനെ തടഞ്ഞുനിർത്തി രാജ്യത്ത് മതേതര ഭരണഘടനയുടെ സംരക്ഷണം യാഥാർത്ഥ്യമാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും ജാതി-മത-പാർട്ടി-സംഘടനാ വ്യത്യാസമില്ലാതെ ഐക്യപ്പെടേണ്ടതുണ്ടെന്നും ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് ആലപ്പുഴ ജില്ലാ അധ്യക്ഷൻ അബ്ദുശ്ശക്കൂർ ഖാസിമി പ്രസ്താവിച്ചു. ​
          ഈ വിഷയത്തിൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അഖിലേന്ത്യ അധ്യക്ഷൻ മൗലാന സയ്യിദ് അർഷദ് മദനി നടത്തിയ പരിശ്രമങ്ങളെയും, വിശിഷ്യാ ഈയടുത്ത് അദ്ദേഹം ഇറക്കിയ പ്രസ്താവനയെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗലാനാ സയ്യിദ് അർഷദ് മദനി രാജ്യത്തിന് മുന്നിൽ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒരു വിളക്കുമാടമാണ്. അദ്ദേഹത്തിൻ്റെ ആത്മാർത്ഥത നിറഞ്ഞ വാക്കുകളും പരിശ്രമങ്ങളും രാജ്യസ്നേഹികളായ ഓരോരുത്തരും പിൻതുടരേണ്ടതായിട്ടുണ്ട്.
 ​മഹാത്മാഗാന്ധിയുടെ വധം യഥാർത്ഥത്തിൽ വർഗ്ഗീയതയുടെ ഒരു പ്രഥമ പ്രകടനമായിരുന്നു. പക്ഷേ, അതിനെ തിരിച്ചറിയുന്നതിനും യഥാവിധി നേരിടുന്നതിനും ഭരണകൂടവും പിന്നീട് വന്ന ഭരണകൂടങ്ങളും രാഷ്ട്രീയ പ്രവർത്തകരും വാർത്താമാധ്യമ സഹോദരങ്ങളും വലിയ വീഴ്ച വരുത്തി. അന്നുതന്നെ വർഗ്ഗീയതയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും മതേതര നിലപാട് ഉറപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് രാജ്യത്ത് കാണപ്പെടുന്ന അവസ്ഥകൾ ഒന്നും ഉണ്ടാവുകയില്ലായിരുന്നു.
             ​ഒരുകൂട്ടം ആളുകൾ എന്ത് പറഞ്ഞാലും എന്ത് ചെയ്താലും എത്രമാത്രം അക്രമങ്ങൾ കാട്ടിക്കൂട്ടിയാലും അതിനെ നിസ്സാരവൽക്കരിക്കുകയും, മറുഭാഗത്ത് ചെറിയൊരു പിഴവെങ്കിലും കാണപ്പെട്ടാൽ നിരപരാധികളെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഈ രാജ്യത്തിന് ഒരിക്കലും ഭൂഷണമല്ല. അക്രമങ്ങളിലൂടെ ആർക്കും വളരാനും ഉയരാനും സാധിക്കുന്നതല്ല. ഇന്ത്യ മഹാരാജ്യം ഇവിടം വരെ എത്തിച്ചേർന്നത് പരസ്പരമുള്ള സാഹോദര്യത്തിലും സഹകരണത്തിലൂടെയുമായിരുന്നു. അതുതന്നെയാണ് ഇനിയുള്ള മുന്നോട്ടുള്ള നീക്കങ്ങളുടെയും കാതലായ ശക്തി. അതുകൊണ്ട് നിസ്സാര കാരണങ്ങളുടെ പേരിൽ രാഷ്ട്രീയ കക്ഷികളും സംഘടനാ സഹോദരങ്ങളും തമ്മിലടിക്കുന്നതിന് പകരം, മതേതര ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി ഐക്യത്തോടെ മുന്നിട്ടിറങ്ങേണ്ടതാണ്.
       ​അക്രമങ്ങൾ ചെയ്യുന്നത് സ്വന്തം ആളുകൾ ആണെങ്കിൽ തന്നെ അതിനെ തള്ളിപ്പറയാനും, നീതിയുടെയും സാഹോദര്യത്തിൻറെയും സന്ദേശം ഉയർത്തുന്നത് അന്യരാണെങ്കിൽ പോലും പിന്തുണയ്ക്കാനുമുള്ള ഒരു മാനസികാവസ്ഥ നാം എല്ലാവരും ഉണ്ടാക്കിയെടുക്കുക. ഇതുമായി ബന്ധപ്പെട്ട് വരുന്ന 26-ാം തീയതി റിപ്പബ്ലിക് ദിനത്തിൽ എല്ലാവരും ഭരണഘടനയുടെ പ്രതിജ്ഞ പുതുക്കണമെന്നും, ഈ വിഷയത്തിലുള്ള പരിപാടികളെ എല്ലാവരും വിജയിപ്പിക്കണമെന്നും, വിശിഷ്യാ ഫെബ്രുവരി 6-ാം തീയതി വൈകുന്നേരം ഓച്ചിറ ദാറുൽ ഉലൂമിൽ നടക്കുന്ന സാമൂഹിക ഐക്യ സംഗമത്തിലും, തുടർന്ന് നടക്കുന്ന സാമൂഹിക സംസ്കരണ സദസ്സിലും എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഗ്രന്ഥ പരിചയം

📓 പ്രവാചക പ്രകീർത്തനങ്ങൾ
    


▫️ പുണ്യ സ്വലാത്തിൻ്റെ മഹത്വങ്ങൾ - ₹150/-
▫️പ്രിയ പ്രവാചകൻ്റെ തിരുഗുണങ്ങൾ - ₹35/- 
▫️100 പുണ്യസ്വലാത്തുകൾ - ₹30/-
▫️പുണ്യ സ്വലാത്ത് സൗഭാഗ്യവാൻ്റെ പാഥേയം - ₹50/-


🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌