ശഅ്ബാൻ 11/1447
ജനുവരി 30/2025
ലക്കം: 247

 ഉള്ളടക്കം 

▪️മുഖലിഖിതം 
മാനവികതയെ സേവിക്കുക.
        ✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി

▪️ജുമുഅ സന്ദേശം 
ബറാഅത്ത് രാവ്; മഹത്വവും ആചാരങ്ങളും.
        ✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി  

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുൽ ഖലം.
റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങൾ, സഹനതയ്ക്ക് പ്രേരണ, അഹങ്കാരത്തിന്റെ നിന്ദ്യത, ഭയഭക്തർക്ക് സുവാർത്ത, നിഷേധികളുടെ നിന്ദ്യത
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
പരലോകത്തിന് ഇഹലോകത്തേക്കാൾ മുൻഗണന നൽകുക.
     ✍️ മൗലാന മുഫ്തി അബുൽ ഖാസിം നുഅ്മാനി 

▪️ഇലാ റഹ്‌മത്തില്ലാഹ്...


▪️ഗ്രന്ഥ പരിചയം 
ഇസ്‌ലാം ഒരു പരിചയം.

🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 

മാനവികതയെ സേവിക്കുക

       ഇന്ത്യ ഒരു മഹാരാജ്യമാണ്. വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമസ്ഥാനമാണ്. വിവിധ സമുദായങ്ങളുടെ സ്വന്തം ദേശമാണ്. ഇവിടെ സ്വഭാവികമായും കുറെ തെറ്റുകളും തെറ്റിദ്ധാരണകളും രാഷ്ട്രീയ ഗൂഢാലോചനകളും വടംവലികളും നടന്നിട്ടുണ്ട്. തൽഫലമായി, വളരെ അപകടകരമായ ഒരു അവസ്ഥാന്തരീക്ഷം ഇവിടെ ഉണ്ടായി തീർന്നിരിക്കുകയാണ്. ഞാൻ വളരെ വ്യക്തമായി പറയട്ടെ, നിലവിലുള്ള സാഹചര്യത്തിൽ കുറഞ്ഞപക്ഷം മുസ്‌ലിംകൾക്ക് ഇവിടെ അന്തസ്സ് കരസ്ഥമാക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ; സ്വഭാവ സംസ്കരണത്തിന്റെ പതാക വാഹകരായി തീരുക. ഈ രാജ്യത്തെ സദാചാര തകർച്ചയിൽ നിന്നും രക്ഷിക്കാൻ നിഷ്ക്കളങ്കമായി പരിശ്രമിക്കുക. ഈ പരിശ്രമത്തിന് പിന്നിൽ യാതൊരുവിധ മത-വിഭാഗീയ-സാമൂഹ്യ-വ്യക്തിപരമായ പ്രയോജനങ്ങളും ലക്ഷ്യമിടരുത്. പരിശ്രമങ്ങളുടെ പ്രതിഫലം പടച്ചവനോട് മാത്രം തേടുക. ഈ രാജ്യത്തിന്റെ അമാനത്ത് (സൂക്ഷിപ്പു മുതൽ) ആണ് ഇവിടുത്തെ പൗരൻമാർ. അവരും പടച്ചവന്റെ ദാസൻമാർ തന്നെയാണ്. അവരോടൊപ്പം തന്നെയാണ് നാം കഴിയേണ്ടത്.
        ഇന്ത്യാ രാജ്യം ഇന്നൊരു വഴിത്തിരിവിലാണ്. വിദ്യാഭ്യാസ മേഖലകളിലും മത കേന്ദ്രങ്ങളിലും ഉള്ളവർ കർമ്മ രംഗത്തിറങ്ങേണ്ട ഒരു ഘട്ടമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളിൽ നിന്ന് പരിപൂർണ്ണമായി കണ്ണടയ്ക്കുക. ഇങ്ങനെ ചെയ്താൽ നമ്മുടെ പാർട്ടി വളരുമെന്നും ഉയരുമെന്നും അധികാരം ലഭിക്കുമെന്നും കരുതാതിരിക്കുക. ഇത്തരം സംഭവങ്ങൾ ചരിത്രത്തിൽ കഴിഞ്ഞു കടന്നിട്ടുണ്ട്. സമ്മാനത്തിനുള്ള അവസരമാകുകയും അധികാരം തളികയിൽ വെച്ച് നൽകപ്പെടുകയും ചെയ്തപ്പോൾ ദൈവദാസൻമാർ പറഞ്ഞു. "ഞങ്ങൾ പ്രവർത്തിച്ചത് ഇതിനു വേണ്ടിയല്ല. നിങ്ങളോടുള്ള സ്നേഹവും സഹാനുഭൂതിയും കാരണമായിട്ടാണ് ഞങ്ങൾ പ്രവർത്തിച്ചത്. ഞങ്ങളുടെ ലക്ഷ്യം പടച്ചവന്റെ പൊരുത്തമാണ്. ഞങ്ങളുടെ പ്രതിഫലം അവൻ തന്നെ കനിഞ്ഞരുളുന്നതാണ്.
    സഹോദരങ്ങളെ, ഈ സങ്കീർണ്ണമായ ഘട്ടം വളരെ പ്രാധാന്യം അർഹിക്കുന്നതും വിലപിടിച്ചതും കൂടിയാണ്. സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ചരിത്രത്തിൽ ചിലപ്പോൾ, നൂറ്റാണ്ടുകൾക്ക് ശേഷം മാത്രം ലഭിക്കുന്ന സുവർണ്ണഘട്ടമാണിത്. ഈ കാലഘട്ടത്തിൽ ജീവിപ്പിച്ചത് പടച്ചവൻ നമ്മോടു ചെയ്ത അനുഗ്രഹമാണ്. ഇത്തരം കാലഘട്ടത്തിൽ ജനിച്ചില്ലായിരുന്നങ്കിൽ എത്ര നന്നായിരുന്നുവെന്ന് സാധാരണ ജനങ്ങൾ പറയാറുണ്ട്. പക്ഷെ, മനക്കരുത്തുള്ളവരുടെ ചിന്താ ശൈലി ഇതല്ല. മനുഷ്യ സ്നേഹം ഉള്ള മുഴുവൻ സംഘങ്ങൾക്കും വ്യക്തികൾക്കും മനസ്സുകൾക്കും ആശംസകൾ നേർന്നുകൊണ്ട് പറയട്ടെ. മുൻഗാമികളായ മഹത്തുക്കൾക്ക് വലിയ ആരാധനാ അനുഷ്ടാനങ്ങളിലൂടെ കരസ്ഥമാക്കാൻ കഴിയാതിരുന്ന മഹത്വങ്ങൾ ലളിതമായ മാർഗ്ഗത്തിലൂടെ നേടിയെടുക്കാൻ സാധിക്കുന്ന അവസരമാണ് പടച്ചവൻ നമുക്ക് നൽകിയിരിക്കുന്നത്. അവർ രാത്രി മുഴുവൻ നിസ്കരിച്ചും പകലുകളിൽ നോമ്പ് അനുഷ്ടിച്ചും കരഗതമാക്കാത്ത സ്ഥാനം, നിഷ്കളങ്കമായി മാനവികതയെ സേവിക്കുകയും രാഷ്ട്രത്തെ സദാചാര തകർച്ചയിൽ നിന്നും രക്ഷിക്കാൻ പരിശ്രമിക്കുകയും ചെയ്താൽ നമുക്ക് കരസ്ഥമാക്കാൻ കഴിയും.!

✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി
(മുൻ അധ്യക്ഷൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

ബറാഅത്ത് രാവ്; മഹത്വവും ആചാരങ്ങളും

✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി
(എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

        അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവന്റെ റസൂലിന്റെ മേൽ സ്വലാത്തും സലാമും ഉണ്ടാവട്ടെ.!
    അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു: "ഇതാകുന്നു എന്റെ നേരായ പാത. അതിനാൽ നിങ്ങളത് പിന്തുടരുക. മറ്റു മാർഗ്ഗങ്ങളെ നിങ്ങൾ പിൻപറ്റരുത്. അവയൊക്കെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ചു കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങളോട് നിർദ്ദേശിച്ച കാര്യമാണിത്." (അൻആം: 153).
    ശഅ്ബാൻ മാസം പതിനഞ്ചാം രാവ് അഥവാ ബറാഅത്ത് രാവ് ആഘോഷിക്കുന്ന പതിവ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യാപകമാണ്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളേക്കാൾ കൂടുതൽ ഇറാനിലാണ് ഇതിന് പ്രാധാന്യം നൽകുന്നത്. മുസ്‌ലിംകളിലെ ശീഈ, സുന്നി വിഭാഗങ്ങൾ ഈ രാവിന് പ്രാധാന്യം നൽകുന്നു. ശീഇകളെ സംബന്ധിച്ചിടത്തോളം അവരുടെ പന്ത്രണ്ടാം ഇമാമായ ഹസ്രത്ത് മഹ്ദി (അ)യുടെ ജന്മദിനമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഈ രാവിൽ ദീപാലങ്കാരങ്ങൾ നടത്താനും വീടുകളും ഖബ്റിടങ്ങളും പെരുന്നാൾ രാവ് പോലെ അലങ്കരിക്കുകയും ചെയ്യുന്നു. 
    അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെ സംബന്ധിച്ചിടത്തോളം, ചില ഹദീസ് ഗ്രന്ഥങ്ങളിൽ റസൂലുല്ലാഹി ﷺയിൽ നിന്ന് ഉദ്ധരിക്കപ്പെട്ട നിവേദനങ്ങളാണ് ഈ രാവിനെ പരിഗണിക്കാൻ കാരണം. ഈ രാവിൽ ആരാധനകൾ നിർവ്വഹിക്കുക, സുന്നത് നിസ്കാരങ്ങൾ, ഖുർആൻ പാരായണം, മരിച്ചവർക്ക് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിക്കൽ, പകൽ വ്രതം അനുഷ്ഠിക്കൽ എന്നിവയുടെ ശ്രേഷ്ഠതകൾ അതിൽ വിവരിക്കപ്പെട്ടിട്ടുണ്ട്.
    ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വിശുദ്ധ ഖുർആനിൽ പരാമർശമില്ല. ലൈലത്തുൽ ഖദ്‌റിന്റെ മഹത്വം ഖുർആനിലെ പല സൂറത്തുകളിലും വന്നിട്ടുണ്ട്. എന്നാൽ ശഅ്ബാൻ പതിനഞ്ചിനെക്കുറിച്ച് ഒരു പരാമർശവും ഖുർആനിലില്ല. ഇമാം ബുഖാരിയോ ഇമാം മുസ്‌ലിമോ തങ്ങളുടെ പ്രശസ്തമായ ഗ്രന്ഥങ്ങളിൽ ശഅ്ബാൻ പതിനഞ്ചിന്റെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട ഒരു നിവേദനവും ഉദ്ധരിച്ചിട്ടില്ല. തിർമിദി, ബൈഹഖി, ഇബ്നുമാജ, മുസ്നദ് അഹ്മദ്, മുഅ്ജം ത്വബ്റാനി, ഇബ്നു ഹിബ്ബാൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ കാണാം. എന്നാൽ അവ 'ളഈഫ്'  ആണ്, അവ 'സ്വഹീഹ്' എന്ന പദവിയിലേക്ക് എത്തുന്നില്ല.
    ഉദാഹരണത്തിന്, ബറാഅത്ത് രാവിൻ്റെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട് സാധാരണയായി ഉദ്ധരിക്കപ്പെടുന്ന ഹദീസ് ഇതാണ്: ആഇശ (റ) പറയുന്നു: “ശഅ്ബാൻ പതിനഞ്ചാം രാവിൽ റസൂലുല്ലാഹി ﷺയെ വിരിപ്പിൽ കണ്ടില്ല. ഞാൻ അന്വേഷിച്ചിറങ്ങി. അദ്ദേഹം ജന്നത്തുൽ ബഖീഇൽ ആയിരുന്നു. എന്നെ കണ്ടപ്പോൾ അവിടുന്ന് ചോദിച്ചു: അല്ലാഹുവും അവന്റെ റസൂലും നിന്നോട് അനീതി കാണിക്കുമെന്ന് നീ ഭയപ്പെട്ടുവോ? ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് വല്ല ഭാര്യമാരുടെ അടുത്തും പോയതായിരിക്കും എന്ന് ഞാൻ വിചാരിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാവിൽ അല്ലാഹു തആല ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരികയും ബനൂ കൽബ് ഗോത്രത്തിന്റെ ആടുകളുടെ രോമത്തേക്കാൾ കൂടുതൽ ആളുകൾക്ക് പൊറുത്തു കൊടുക്കുകയും ചെയ്യും."
ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം തിർമിദി തന്നെ വ്യക്തമാക്കിയത് ഇത് ‘ളഈഫ്'  ആണെന്നാണ്. 
    അതുപോലെ മഖ്ഹൂൽ കസീർ ബിൻ മുർറയിൽ നിന്ന് ഉദ്ധരിക്കുന്നു: റസൂലുല്ലാഹി ﷺ പറഞ്ഞു: “ശഅ്ബാൻ പകുതിയുടെ രാവിൽ അല്ലാഹു തആല ഭൂമിയിലുള്ള എല്ലാവർക്കും പൊറുത്തു കൊടുക്കും;  ബഹുദൈവാരാധകനും മനസ്സിൽ പക വെച്ചുപുലർത്തുന്നവനും ഒഴികെ." 
    ഇതേ ആശയത്തിലുള്ള നിവേദനങ്ങൾ ത്വബ്റാനി, മുസ്നദ് അഹ്‌മദ്, ഇബ്നു ഹിബ്ബാൻ എന്നിവയിലും വന്നിട്ടുണ്ട്. ഈ ഹദീസുകളെല്ലാം ഹദീസ് പണ്ഡിതർ ദുർബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദുർബലമായ നിവേദനങ്ങൾ കൊണ്ട് മതപരമായ ഒരു വിധി സ്ഥിരപ്പെടുകയില്ല. എങ്കിലും സ്ഥിരപ്പെട്ട ഒരു വിധിയെ ബലപ്പെടുത്താൻ അവ ഉപയോഗിക്കാവുന്നതാണ്. ഇക്കാരണത്താൽ ഹദീസ് പണ്ഡിതരിൽ വലിയൊരു വിഭാഗം ശഅ്ബാൻ പതിനഞ്ചിന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുന്നില്ല. ഈ രാത്രിയിലെ പ്രത്യേക അനുഷ്ഠാനങ്ങൾ സുന്നത്തിൽ സ്ഥിരപ്പെട്ടതല്ലെന്ന് അവർ കരുതുന്നു. കാരണം ഇതിന് പ്രാമാണികമായ  ഹദീസുകൾ ലഭ്യമല്ല.
    എങ്കിലും, ശഅ്ബാൻ പതിനഞ്ചിന്റെ മഹത്വത്തിൽ സ്വഹീഹായ ഹദീസുകൾ ഇല്ലെങ്കിലും, ലഭ്യമായ ഹദീസുകൾ പല വഴികളിലൂടെ വന്നതായതിനാൽ അവയുടെ ദൗർബല്യം കുറയുന്നുവെന്നും, അതിനാൽ ബറാഅത്ത് രാവിന് ചില പ്രാധാന്യങ്ങളുണ്ടെന്നും, ഈ രാവിൽ ആരാധനകളും ഖുർആൻ പാരായണവും മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും പുണ്യകരമാണെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്.
    ഇമാം ഇബ്നു തൈമിയ്യ എഴുതുന്നു: "ഭൂരിഭാഗം പണ്ഡിതന്മാരും നമ്മുടെ അസ്ഹാബിൽ പെട്ട ഭൂരിപക്ഷവും ബറാഅത്ത് രാവിന്റെ ശ്രേഷ്ഠത അംഗീകരിക്കുന്നവരാണ്. ഇമാം അഹ്മദ് ബിൻ ഹമ്പലിന്റെ അഭിപ്രായവും ഇതുതന്നെയാണെന്ന് മനസ്സിലാകുന്നു. കാരണം ഈ വിഷയത്തിൽ നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. മുൻഗാമികളുടെ വചനങ്ങളും ഇതിനെ ശരിവെക്കുന്നു. ഇതിന്റെ ചില മഹത്വങ്ങൾ മുസ്നദുകളിലും സുനനുകളിലും വന്നിട്ടുണ്ട്." ഇന്ത്യയിലെ പ്രശസ്ത ഹദീസ് പണ്ഡിതനായ മൗലാനാ അബ്ദുർ റഹ്‌മാൻ മുബാറക്പൂരിയും ഈ ഹദീസുകളെ തെളിവായി സ്വീകരിച്ചിട്ടുണ്ട്. ബറാഅത്ത് രാവിന്റെ കാര്യത്തിൽ ഈ രണ്ട് വീക്ഷണങ്ങളും എക്കാലത്തും നിലനിന്നിരുന്നു, ഇനിയും നിലനിൽക്കും. സാധാരണക്കാർ മനസ്സിലാക്കേണ്ട കാര്യം ഇതാണ്: ബറാഅത്ത് രാവിന്റെ മഹത്വം പറയുന്ന ഹദീസുകളിലെല്ലാം ഇതിനെ ആരാധനയുടെയും അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും രാത്രിയായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സുന്നത്ത് നിസ്കാരങ്ങളിലും തഹജ്ജുദിലും മുഴുകുക, ഖുർആൻ പാരായണവും ദിക്റുകളും നടത്തുക, മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുക. അതായത് റമദാനിൽ ലൈലത്തുൽ ഖദ്റിന് കൊടുക്കുന്ന പ്രാധാന്യം പോലെ ഈ രാവിൽ ആരാധനകൾക്ക് പ്രാധാന്യം നൽകാം. എന്നാൽ ശഅ്ബാൻ പതിനഞ്ചിന് ദീപാലങ്കാരം നടത്തുക, പടക്കം പൊട്ടിക്കുക, ഹൽവ ഉണ്ടാക്കുക, ആഘോഷങ്ങൾ സംഘടിപ്പിക്കുക എന്നിവ ഏറ്റവും ദുർബലമായ ഒരു ഹദീസിലൂടെ പോലും സ്ഥിരപ്പെട്ടതല്ല.
    തീ കത്തിക്കുന്നതും വെടിക്കെട്ടും അഗ്നിആരാധകരുടെയും ബഹുദൈവാരാധകരുടെയും സംസ്കാരമാണ്; ഇസ്‌ലാമിന്റേതല്ല. അഗ്നിആരാധകരുടെയും ബഹുദൈവാരാധകരുടെയും ആചാരങ്ങളെ മുസ്‌ലിംകൾ തങ്ങളുടെ സമൂഹത്തിലേക്ക് കടത്തിക്കൂട്ടിയിരിക്കുകയാണ്. അഗ്നിആരാധകർ അഗ്നിയെ ആരാധിക്കുന്നവരാണെന്നും ഹിന്ദുക്കൾ ദീപാവലി ആഘോഷിക്കുന്നവരാണെന്നും നമുക്കറിയാം. ബറാഅത്ത് രാവിൻ്റെ വേളയിൽ മുസ്‌ലിംകളിൽ കണ്ടുവരുന്ന വെടിക്കെട്ടും ആഘോഷങ്ങളും അബ്ബാസി ഭരണകൂടത്തിലെ ബർമകി മന്ത്രിമാരിൽ നിന്ന് തുടങ്ങിയതാണ്. ബർമകികൾ അബ്ബാസി ഭരണത്തിൽ മന്ത്രിമാരും പ്രഭുക്കന്മാരുമായിരുന്നു. അവർ ആദ്യം മജൂസികളായിരുന്നു. അവരുടെ മജൂസി പാരമ്പര്യത്തിന്റെ സ്വാധീനത്താൽ അവർ വെടിക്കെട്ട് ആചാരം മുസ്‌ലിംകൾക്കിടയിൽ കൊണ്ടുവന്നു. അവർ വഴിയാണ് ഇത് ഇന്ത്യയിലും എത്തിയത്. ചില മുസ്‌ലിം ഭരണാധികാരികൾ പോലും ശഅ്ബാൻ പതിനഞ്ചിന് വെടിക്കെട്ട് നടത്തുകയും അതിനായി വലിയ തോതിൽ വെടിമരുന്ന് ശേഖരിക്കുകയും ചെയ്തിരുന്നു.
    ബഹുദൈവാരാധകർ ദീപാവലി, ശിവരാത്രി തുടങ്ങിയ അവസരങ്ങളിൽ ദീപാലങ്കാരങ്ങളും വെടിക്കെട്ടും നടത്താറുണ്ട്. അവരോടൊപ്പം ജീവിക്കുന്നതിനാലും അവരുടെ രീതികൾ കാണുന്നതിനാലും മുസ്‌ലിംകളും വെടിക്കെട്ട് എന്ന അനാചാരം സ്വീകരിച്ചു. ഇന്ന് ശഅ്ബാൻ പതിനഞ്ചിന് മുസ്‌ലിം പ്രദേശങ്ങളിൽ വമ്പിച്ച ദീപാലങ്കാരങ്ങളും വെടിക്കെട്ടും പടക്കം പൊട്ടിക്കലും നടക്കുന്നത് കാണുമ്പോൾ ഇത് ആരാധനയുടെയും പ്രാർത്ഥനയുടെയും രാത്രിയല്ല, മറിച്ച് ശിവരാത്രിയോ ദീപാവലിയോ ആണെന്ന് തോന്നിപ്പോകും.
    റസൂലുല്ലാഹി ﷺ മുസ്‌ലിംകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: “ഏറ്റവും മികച്ച വചനം അല്ലാഹുവിന്റെ കിതാബാണ്. ഏറ്റവും നല്ല മാർഗ്ഗം മുഹമ്മദുർ  ﷺയുടെ മാർഗ്ഗമാണ്. കാര്യങ്ങളിൽ ഏറ്റവും മോശമായത് മതത്തിൽ പുതുതായി ഉണ്ടാക്കിയവയാണ്. എല്ലാ നൂതനാചാരങ്ങളും വഴികേടാണ്..."
    ഈ ദീപാലങ്കാരവും വെടിക്കെട്ടും ദീനിൽ പുതിയതായി ഉണ്ടാക്കിയ വഴിയാണ്. ഇത് വഴികേടിന് കാരണമാകുന്ന ബിദ്അത്താണ്. ഇതിൽ നിന്ന് വിട്ടുനിൽക്കേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാണ്. അല്ലാഹു നൽകിയ ദീൻ പൂർണ്ണമാണ്. അതിൽ കൂട്ടിച്ചേർക്കലോ കുറക്കലോ സാധ്യമല്ല. ഈ പൂർണ്ണമായ മതത്തെ ഉപേക്ഷിച്ചാൽ മനുഷ്യൻ പല വഴികളിലായി ചിതറിപ്പോകും. സുന്നത്തിന് വിരുദ്ധമായ വല്ല ആചാരങ്ങളും ഉണ്ടാക്കുന്നത് ഒരിക്കലും അനുവദനീയമല്ല. അത്തരക്കാർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് റസൂലുല്ലാഹി ﷺ പറഞ്ഞു: “ആരെങ്കിലും സന്മാർഗത്തിലേക്ക് ക്ഷണിച്ചാൽ അവനെ പിൻപറ്റിയവർക്ക് ലഭിക്കുന്ന പ്രതിഫലം അവനും ലഭിക്കും; അവരുടെ പ്രതിഫലത്തിൽ നിന്ന് ഒട്ടും കുറയുകയില്ല. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാൽ അവനെ പിൻപറ്റിയവരുടെ പാപഭാരം അവനുമുണ്ടാകും; അവരുടെ പാപത്തിൽ നിന്ന് ഒട്ടും കുറയുകയില്ല."
    ഈ വെടിക്കെട്ട് ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിന്റെ പ്രകൃതത്തിനും വിരുദ്ധമാണ്. ഇത് സാമൂഹികമായ കുഴപ്പങ്ങൾക്കും നാശത്തിനും കാരണമാകുന്നു. ഇന്ത്യയിലെ ചില നഗരങ്ങളിൽ വെടിക്കെട്ട് കാരണം വർഗീയ ലഹളകൾ ഉണ്ടായിട്ടുണ്ട്. ആരെങ്കിലും എറിഞ്ഞ പടക്കം മറ്റൊരാളുടെ വീട്ടിൽ വീഴുകയോ, തീ പിടിക്കുകയോ, ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്താൽ അത് വലിയ സംഘർഷത്തിലേക്ക് നയിച്ചേക്കാം. ദീനിനും ദുനിയാവിനും ദോഷകരമായ കാര്യങ്ങൾ തീർച്ചയായും ഉപേക്ഷിക്കണം.
    മുതിർന്നവരേക്കാൾ കുട്ടികളിലാണ് വെടിക്കെട്ടിനോടുള്ള ഭ്രമം കൂടുതൽ. കുട്ടികൾ അപക്വരും മതവിധികൾ അറിയാത്തവരുമാണ്. കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണ്. വെടിക്കെട്ടിൽ നിന്ന് അവരെ തടയുകയും ഇത് അഗ്നിയാരാധകരുടെയും ബഹുദൈവാരാധകരുടെയും ആചാരമാണെന്ന് അവർക്ക് പറഞ്ഞു കൊടുക്കുകയും വേണം. പല കച്ചവടക്കാരും ഈ അവസരത്തിൽ പടക്കങ്ങളും മറ്റും വിൽപ്പനക്കായി കൊണ്ടുവരുന്നു. ഇത് പാപകരമായ കച്ചവടമാണെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിൽ ബർകത്ത് ഉണ്ടാവില്ലെന്നും അവരെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. മുതിർന്നവരും വിവേകികളുമായ ആളുകൾ ഈ മോശം ആചാരത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇൻഷാ അല്ലാഹ് അതിന് ഫലമുണ്ടാകും; വെടിക്കെട്ട് കുറയുകയോ പൂർണ്ണമായും അവസാനിക്കുകയോ ചെയ്യും. മുസ്‌ലിംകൾ ഇതിനായി ശ്രമിച്ചിടത്തൊക്കെ ഈ അനാചാരം കുറഞ്ഞിട്ടുണ്ട്.
    അതുപോലെ ശഅ്ബാൻ പതിനഞ്ചിന് ഹൽവ ഉണ്ടാക്കി കഴിക്കുന്ന ഒരു പതിവും കണ്ടുവരുന്നു. ഇതിന് കാരണമായി പറയുന്നത്, ഉഹ്ദ് യുദ്ധത്തിൽ റസൂലുല്ലാഹി ﷺയുടെ പല്ല് പൊട്ടിയെന്നറിഞ്ഞപ്പോൾ ഉവൈസുൽ ഖർനി (റ) തന്റെ പല്ലുകൾ സ്വയം എടുത്തു കളയുകയും, പല്ലില്ലാത്തതിനാൽ ഹൽവ കഴിക്കുകയും ചെയ്തു എന്നാണ്. ശഅ്ബാനിലെ ഹൽവ ഇതിന്റെ സ്മരണയാണത്രെ. ഇത് തികച്ചും തെറ്റായ കാര്യമാണ്. ഒന്നാമതായി, ഉഹ്ദ് യുദ്ധം നടന്നത് ശഅ്ബാൻ മാസത്തിലല്ല. രണ്ടാമതായി, ഉവൈസുൽ ഖർനി പല്ല് പൊട്ടിച്ചെങ്കിൽ, ഹൽവ തിന്നുന്നവർ എന്തുകൊണ്ട് സ്വന്തം പല്ല് പൊട്ടിക്കുന്നില്ല? ഒരു ആചാരത്തിന് എന്ത് വ്യാഖ്യാനം നൽകിയാലും തെറ്റ് തെറ്റ് തന്നെയാണ്. അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കണം. ഇസ്‌ലാം ആചാരങ്ങളുടെ മതമല്ല. ഇസ്‌ലാമിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുകയും അതിന്റെ രൂപം വികൃതമാക്കുകയും ചെയ്യുന്ന ആചാരങ്ങൾ സ്വീകരിക്കരുത്. മറിച്ച് ഖുർആനിലും സുന്നത്തിലും ഉറച്ചുനിൽക്കുകയാണ് വേണ്ടത്.
മോശമായ ആചാരങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ശരിയായ ഇസ്‌ലാം അനുസരിച്ച് ജീവിക്കാനും അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ. (ആമീൻ)

🔹🔹🔹🔹🔹🔹🔹


മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുൽ ഖലം

(52 ആയത്തുകൾ, പദങ്ങൾ 300, അക്ഷരങ്ങൾ 1256, മക്കാമുകർറമയിൽ അവതരണം. എന്നാൽ 17-33, 48-50 ആയത്തുകൾ മദീനാ മുനവ്വറയിൽ അവതരിച്ചു. 3 റുകൂഅ്.  അവതരണ ക്രമം 2. പാരായണ ക്രമം 68. സൂറത്തുൽ അലഖിന് ശേഷം അവതരണം)

റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങൾ, സഹനതയ്ക്ക് പ്രേരണ, അഹങ്കാരത്തിന്റെ നിന്ദ്യത, ഭയഭക്തർക്ക് സുവാർത്ത, നിഷേധികളുടെ നിന്ദ്യത

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 1-35

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ ۝١ مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٖ ۝٢ وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٖ ۝٣ وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ ۝٤ فَسَتُبۡصِرُ وَيُبۡصِرُونَ ۝٥ بِأَييِّكُمُ ٱلۡمَفۡتُونُ ۝٦ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ۝٧ فَلَا تُطِعِ ٱلۡمُكَذِّبِينَ ۝٨ وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ ۝٩ وَلَا تُطِعۡ كُلَّ حَلَّافٖ مَّهِينٍ ۝١٠ هَمَّازٖ مَّشَّآءِۭ بِنَمِيمٖ ۝١١ مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٍ أَثِيمٍ ۝١٢ عُتُلِّۭ بَعۡدَ ذَٰلِكَ زَنِيمٍ ۝١٣ أَن كَانَ ذَا مَالٖ وَبَنِينَ ۝١٤ إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ ۝١٥   سَنَسِمُهُۥ عَلَى ٱلۡخُرۡطُومِ ۝١٦ إِنَّا بَلَوۡنَٰهُمۡ كَمَا بَلَوۡنَآ أَصۡحَٰبَ ٱلۡجَنَّةِ إِذۡ أَقۡسَمُواْ لَيَصۡرِمُنَّهَا مُصۡبِحِينَ ۝١٧ وَلَا يَسۡتَثۡنُونَ ۝١٨ فَطَافَ عَلَيۡهَا طَآئِفٞ مِّن رَّبِّكَ وَهُمۡ نَآئِمُونَ ۝١٩ فَأَصۡبَحَتۡ كَٱلصَّرِيمِ ۝٢٠ فَتَنَادَوۡاْ مُصۡبِحِينَ ۝٢١ أَنِ ٱغۡدُواْ عَلَىٰ حَرۡثِكُمۡ إِن كُنتُمۡ صَٰرِمِينَ ۝٢٢ فَٱنطَلَقُواْ وَهُمۡ يَتَخَٰفَتُونَ ۝٢٣ أَن لَّا يَدۡخُلَنَّهَا ٱلۡيَوۡمَ عَلَيۡكُم مِّسۡكِينٞ ۝٢٤ وَغَدَوۡاْ عَلَىٰ حَرۡدٖ قَٰدِرِينَ ۝٢٥ فَلَمَّا رَأَوۡهَا قَالُوٓاْ إِنَّا لَضَآلُّونَ ۝٢٦ بَلۡ نَحۡنُ مَحۡرُومُونَ ۝٢٧ قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ ۝٢٨ قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ۝٢٩ فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَلَٰوَمُونَ ۝٣٠ قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا طَٰغِينَ ۝٣١ عَسَىٰ رَبُّنَآ أَن يُبۡدِلَنَا خَيۡرٗا مِّنۡهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ ۝٣٢ كَذَٰلِكَ ٱلۡعَذَابُۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ۝٣٣ إِنَّ لِلۡمُتَّقِينَ عِندَ رَبِّهِمۡ جَنَّٰتِ ٱلنَّعِيمِ ۝٣٤ أَفَنَجۡعَلُ ٱلۡمُسۡلِمِينَ كَٱلۡمُجۡرِمِينَ ۝٣٥

    നൂൻ. തൂലികയും മലക്കുകൾ എഴുതുന്ന കാര്യങ്ങളും കൊണ്ട് സത്യം.(1) താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്താൽ താങ്കൾ ഭ്രാന്തനല്ല.(2) തീർച്ചയായും താങ്കൾക്ക് അവസാനിക്കാത്ത പ്രതിഫലമുണ്ട്.(3) തീർച്ചയായും താങ്കൾ സ്വഭാവത്തിന്റെ സമുന്നത സ്ഥാനത്താണ്.(4) അടുത്തു തന്നെ താങ്കളും അവരും കാണുന്നതാണ്.(5) നിങ്ങളിൽ ആരാണ് നാശത്തിൽ കുടുങ്ങിയതെന്ന്.(6) തീർച്ചയായും താങ്കളുടെ രക്ഷിതാവ് അവന്റെ മാർഗ്ഗത്തിൽ നിന്ന് പിഴച്ചത് ആരാണെന്ന് നന്നായി അറിയുന്നവനാണ്. സന്മാർഗികളെയും അവൻ നന്നായി അറിയുന്നവനാണ്.(7) ആകയാൽ കളവാക്കുന്നവർ പറയുന്നത് താങ്കൾ അനുസരിക്കരുത്.(8) താങ്കൾ വഴങ്ങിക്കൊടുത്താൽ അവരും വഴങ്ങാമെന്ന് അവർ മോഹിക്കുന്നു.(9) അധികമായി ആണയിടുന്നവനും നിന്ദ്യനുമായ ഒരുവനെയും താങ്കൾ അനുസരിക്കരുത്.(10) കുത്ത്വാക്ക് പറയുകയും ഏഷണിയുമായി നടക്കുകയും ചെയ്യുന്നവൻ.(11) നന്മ തടയുന്നവൻ, അതിക്രമം കാണിക്കുന്നവൻ. തിന്മ പ്രവർത്തിക്കുന്നവൻ.(12) ദുഃസ്വഭാവി, ഇവകൂടാതെ ഹീനജാതൻ.(13) അവൻ കൂടുതൽ സമ്പത്തും സന്താനങ്ങളും ഉള്ളവാനാണെന്നതിന്റെ പേരിലാണ് ഈ ദുസ്വഭാവങ്ങൾ കാട്ടുന്നത്.(14) നമ്മുടെ വചനങ്ങൾ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അവൻ പറയും: ഇത് മുൻഗാമികളുടെ കെട്ടുകഥകളാണ്.(15) അവന്റെ നീണ്ട മൂക്കിൽ നാം ഒരു അടയാളം ഇടുന്നതാണ്.(16) തോട്ടക്കാരെ നാം പരീക്ഷിച്ചതുപോലെ അവരെയും നാം പരീക്ഷിക്കുന്നതാണ്. പ്രഭാതത്തിൽ തന്നെ തോട്ടത്തിലെ പഴങ്ങൾ പറിക്കുമെന്ന് അവർ ആണയിട്ട് ഉറപ്പിച്ചപ്പോൾ.(17) അല്ലാഹു നിനച്ചാൽ എന്നവർ പറഞ്ഞില്ല.(18) അപ്പോൾ അവർ ഉറങ്ങിക്കിടക്കവെ നിന്റെ രക്ഷിതാവിന്റെ ഭാഗത്ത് നിന്നും ഒരു വിപത്ത് ആ തോട്ടത്തെ ബാധിച്ചു.(19) അങ്ങനെ ആ തോട്ടം കൊയ്യപ്പെട്ട കൃഷിയിടം പോലെയായി.(20) പ്രഭാതത്തിൽ പരസ്പരം അവർ വിളിച്ചുകൊണ്ട് പുറപ്പെട്ടു.(21) നിങ്ങൾ പഴം പറിക്കുന്നവരാണെങ്കിൽ കൃഷിയിടത്തിലേക്ക് രാവിലെ തന്നെ പോകൂ എന്ന് പറഞ്ഞു.(22) അങ്ങനെ രഹസ്യം പറഞ്ഞുകൊണ്ട് അവർ പോയി.(23) ഇന്നേ ദിവസം ഒരു സാധുവും നിങ്ങളുടെ അരികിൽ വരാൻ പാടില്ല എന്ന് പറഞ്ഞു.(24) അങ്ങനെ (സാധുക്കളെ) തടയാൻ കഴിവുള്ളവരാണെന്ന് വിചാരിച്ചുകൊണ്ട് അവർ പോയി.(25) അവർ അത് കണ്ടപ്പോൾ (ആദ്യം) അവർ പറഞ്ഞു: നമുക്ക് വഴിതെറ്റിപ്പോയി.(26) (ഉറപ്പായപ്പോൾ പറഞ്ഞു:) അല്ല, നാം ഫലം തടയപ്പെട്ടവരായിപ്പോയി.(27) അവരിൽ ഉത്തമനായ വ്യക്തിപറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ മഹത്വം വാഴ്ത്താമായിരുന്നല്ലോ എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?(28) അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് പരമ പരിശുദ്ധനാണ്. ഞങ്ങൾ അക്രമികളായിരുന്നു.(29) അവർ പരസ്പരം തിരിഞ്ഞ് ആക്ഷേപിക്കാൻ തുടങ്ങി.(30) അവർ പറഞ്ഞു: ഞങ്ങളുടെ നാശമേ, ഞങ്ങൾ പരിധി ലംഘിച്ചവരായിരുന്നു.(31) ഞങ്ങളുടെ രക്ഷിതാവ് ഇതിനേക്കാൾ ഉത്തമമായത് നമുക്ക് പകരം നൽകിയേക്കാം. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവിലേക്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നവരാകുന്നു.(32) ഇപ്രകാരമാണ് ശിക്ഷ. പരലോക ശിക്ഷ ഇതിനേക്കാൾ വലുതാണ്. ഈ ജനങ്ങൾ കാര്യം അറിഞ്ഞിരുന്നെങ്കിൽ!(33) തീർച്ചയായും ഭയഭക്തിയുള്ളവർക്ക് അവരുടെ രക്ഷിതാവിന്റെ അരികിൽ അനുഗ്രഹത്തിന്റെ തോട്ടങ്ങളുണ്ട്.(34) അനുസരണയുള്ളവരെ പാപികളെപ്പോലെ നാം ആക്കുമോ? (35)

ആശയ സംഗ്രഹം:

        നൂൻ. ഇതിന്റെ ആശയം അല്ലാഹുവിന് തന്നെ അറിയാം. വിധി കാര്യങ്ങൾ ലൗഹുൽ മഹ്ഫൂളിൽ എഴുതിയ തൂലികയും മലക്കുകൾ എഴുതുന്ന മനുഷ്യന്റെ നന്മ-തിന്മകളായ കാര്യങ്ങളും കൊണ്ട് സത്യം. താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്താൽ താങ്കൾ ഭ്രാന്തനല്ല. താങ്കൾ ഭ്രാന്തനാണെന്ന നിഷേധികളുടെ ജൽപ്പനം അസത്യമാണ്. ചുരുക്കത്തിൽ താങ്കൾ സത്യസന്ധനായ പ്രവാചകനാണ്. ഈ കാര്യം സമർത്ഥിക്കുന്നതിന് വേണ്ടി മേൽ പറയപ്പെട്ട സത്യങ്ങൾ ചെയ്തത് തീർത്തും അനുയോജ്യമാണ്. കാരണം ലൗഹുൽ മഹ്ഫൂളിൽ അല്ലാഹു രേഖപ്പെടുത്തിയ കാര്യങ്ങളിൽ ഖുർആനും ഉൾപ്പെട്ടതാണ്. അതെ, താങ്കളുടെ പ്രവാചകത്വം അല്ലാഹു മുൻകൂട്ടി തന്നെ അറിഞ്ഞതും തീരുമാനിച്ചതുമായ കാര്യമാണ്. കൂടാതെ, ഈ കാര്യം അംഗീകരിക്കാത്തവരുടെ നിഷേധങ്ങളും തിന്മകളും മലക്കുകൾ രേഖപ്പെടുത്തുന്നതിനാൽ ഇതിനെ ഭയന്ന് സത്യവിശ്വാസം സ്വീകരിക്കൽ നിർബന്ധമാണ്.  തീർച്ചയായും താങ്കൾക്ക് ഈ പ്രബോധനത്തിന്റെ പേരിൽ അവസാനിക്കാത്ത പ്രതിഫലമുണ്ട്. ഈ വചനം റസൂലുല്ലാഹി (സ)യുടെ പ്രവാചകത്വത്തെ സമർത്ഥിക്കുകയും ശത്രുക്കളുടെ ആക്ഷേപങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നതിനോടൊപ്പം റസൂലുല്ലാഹി (സ)യ്ക്ക് ആശ്വാസവും നൽകുന്നു. അതായത് താങ്കൾ ഏതാനും ദിവസം സഹിക്കുക. ഇതിന്റെ അന്ത്യം ഉത്തമ പ്രതിഫലമാണ്. തീർച്ചയായും താങ്കൾ സൽസ്വഭാവത്തിന്റെ സമുന്നത സ്ഥാനത്താണ്. താങ്കളുടെ ഓരോ പ്രവർത്തനങ്ങളും മദ്ധ്യമ നിലയിലുള്ളതും സമുന്നതനായ പടച്ചവന്റെ തൃപ്തിയ്ക്ക് അനുസൃതവുമാണ്. ഇതും റസൂലുല്ലാഹി (സ)യെക്കുറിച്ച് ആരോപണം ഉന്നയിച്ച ശത്രുക്കൾക്കുള്ള മറുപടിയാണ്. അടുത്തതായി റസൂലുല്ലാഹി (സ)യെ ആശ്വസിപ്പിച്ചുകൊണ്ട് അറിയിക്കുന്നു: താങ്കളെക്കുറിച്ച് അപരാധങ്ങൾ പറയുന്നത് കേട്ട് താങ്കൾ ദു:ഖിക്കരുത്. നിങ്ങളിൽ ആരാണ് ഭ്രാന്തിൽ കുടുങ്ങിയതെന്ന് അടുത്തു തന്നെ താങ്കളും അവരും കാണുന്നതാണ്. കാരണം ഭ്രാന്തെന്നാൽ ബുദ്ധി നീങ്ങിപ്പോകലാണ്. ബുദ്ധിയുടെ ലക്ഷ്യം ഉപകാരങ്ങളും ഉപദ്രവങ്ങളും തിരിച്ചറിയലാണ്. പ്രത്യേകിച്ചും ശാശ്വതമായ ഉപകാരങ്ങളും ഉപദ്രവങ്ങളും തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ബുദ്ധി. അപ്പോൾ ആരാണ് യഥാർത്ഥ ബുദ്ധിമാനെന്നും പ്രയോജനം കരസ്ഥമാക്കിയവനെന്നും നാളെ പരലോകത്ത് തിരിച്ചറിയുന്നതാണ്. ശാശ്വത നാശത്തിൽ കുടുങ്ങിയ അവർ തന്നെയാണ് ഭ്രാന്തന്മാരെന്നും വ്യക്തമാകും. തീർച്ചയായും താങ്കളുടെ രക്ഷിതാവ് അവന്റെ മാർഗ്ഗത്തിൽ നിന്ന് പിഴച്ചത് ആരാണെന്ന് നന്നായി അറിയുന്നവനാണ്. സന്മാർഗികളെയും അവൻ നന്നായി അറിയുന്നവനാണ്. അതുകൊണ്ട് ഓരോരുത്തർക്കും ഉചിതമായ രക്ഷാശിക്ഷകൾ നൽകുന്നതാണ്. യാഥാർത്ഥ്യം വ്യക്തമാകുമ്പോൾ ബുദ്ധിമാൻ ആരായിരുന്നുവെന്നും ഭ്രാന്തർ ആരാണെന്നും എല്ലാവരും മനസ്സിലാക്കുന്നതാണ്. അടുത്തതായി ധിക്കാരികളായ നിഷേധികളെക്കുറിച്ച് ഉണർത്തിക്കൊണ്ട് പറയുന്നു: താങ്കൾ സത്യവാനാകുകയും നിഷേധികൾ അസത്യത്തിലാവുകയും ചെയ്ത കാര്യം വ്യക്തമായതിനാൽ കളവാക്കുന്നവർ പറയുന്നത് താങ്കൾ അനുസരിക്കരുത്. താങ്കൾ ദൗത്യമായ പ്രബോധനത്തിൽ നിന്നും മാറി ബഹുദൈവരാധനയെ വിമർശക്കാതിരിന്നുകൊണ്ട് അവർക്ക് വഴങ്ങിക്കൊടുത്താൽ അവരും അവരും താങ്കളെ എതിർക്കാതെ വഴങ്ങാമെന്ന് അവർ മോഹിക്കുന്നു. പ്രത്യേകിച്ചും അധികമായി കള്ള സത്യം ചെയ്യുന്നവനും ദുസ്വഭാവങ്ങളിലൂടെ പടച്ചവന്റെ അരികിലും പടപ്പുകൾക്ക് മുന്നിലും നിന്ദ്യനുമായ ഒരുവനെയും താങ്കൾ അനുസരിക്കരുത്. അവൻ മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്നതിന് കുത്ത്വാക്ക് പറയുകയും ഏഷണിയുമായി നടക്കുകയും ചെയ്യുന്നവനാണ്. നന്മ തടയുന്നവനും പരിധി ലംഘിക്കുന്നവനും തിന്മ പ്രവർത്തിക്കുന്നവനും  ദുഃസ്വഭാവിയും ഇവകൂടാതെ ഹീനജാതനുമണ്. ഹീനജാതനെന്നാൽ സ്വഭാവ കർമ്മങ്ങൾ മ്ലേച്ഛവനായവനാണ്. വ്യഭിചാര സന്തതികളുടെ സ്വഭാവ കർമ്മങ്ങൾ സാധാരണ മോഷമാകുന്നതിനാൽ അവർക്കും ഈ പദം ഉപയോഗിക്കാറുണ്ട്. ചുരുക്കത്തിൽ പൊതു നിഷേധികൾ മൊത്തത്തിലും ദുസ്വഭാവികളായ ധിക്കാരികൾ പ്രത്യേകിച്ചും പറയുന്ന തിന്മകളെ താങ്കൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യരുത്. അവൻ കൂടുതൽ സമ്പത്തും സന്താനങ്ങളും ഉള്ളവാനാണെന്നതിന്റെ പേരിലാണ് ഈ ദുസ്വഭാവങ്ങൾ കാട്ടുന്നത്. നമ്മുടെ വചനങ്ങൾ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അവൻ പറയും: ഇത് മുൻഗാമികളുടെ കെട്ടുകഥകളാണ്. അങ്ങനെ അവൻ നമ്മുടെ വചനങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു. അടുത്തതായി ഇത്തരം ദുസ്വഭാവികളുടെ ശിക്ഷ വിവരിക്കുന്നു: അവന്റെ നീണ്ട മൂക്കിൽ നാം ഒരു അടയാളം ഇടുന്നതാണ്. അതായത് ഖിയാമത്ത് ദിനം അവന്റെ മുഖത്തും മൂക്കിലും നിഷേധത്തിന്റെ നിന്ദ്യമായ അടയാളം വ്യക്തമാക്കുന്നതിനാൽ അവൻ കൂടുതലായി നിന്ദ്യനാകുന്നതാണ്. ഇനി മക്കാ നിഷേധികളെ ഒരു സംഭവം കേൾപ്പിച്ചുകൊണ്ട് അവരുടെ തിന്മയിൽ നിന്നും ഉണർത്തുന്നു: നാം മക്കക്കാർക്ക് ധാരാളം ജീവിത സൗകര്യങ്ങൾ ചെയ്ത് കൊടുത്തിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ അവർ വഞ്ചിതരാകാതിരിക്കാൻ അവർ ശ്രദ്ധിക്കേണ്ടതാണ്. തോട്ടക്കാരെ നാം പരീക്ഷിച്ചതുപോലെ അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. നമ്മുടെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്യുകയാണോ? നന്ദികേടും നിഷേധവും കാട്ടുകയാണോ എന്നും ഇതിലൂടെ നാം അവരെ പരിശോധിക്കുകയാണ്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഈ തോട്ടം എത്യോപ്യയിലായിരുന്നു. സഈദുബ്‌നു ജുബൈർ (റ) പറയുന്നു: യമനിലായിരുന്നു. ഇവരുടെ സംഭവം മക്കക്കാർക്കിടയിൽ പ്രസിദ്ധമായിരുന്നു. സംഭവം ഇപ്രകാരമാണ്: ഒരു കുടുംബത്തിലെ പിതാവിന് ഒരു തോട്ടമുണ്ടായിരുന്നു. അതിന്റെ വരുമാനത്തിലെ വലിയൊരു ഭാഗം അദ്ദേഹം സാധുക്കൾക്ക് ദാനം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം മരണപ്പെട്ടപ്പോൾ മക്കൾ പറഞ്ഞു: പിതാവ് വിഡ്ഢിയായിരുന്നത് കൊണ്ടാണ് ഇപ്രകാരം സാധുക്കൾക്ക് കൊടുത്തിരുന്നത്. അതുകൊണ്ട് അവർ വരുന്നതിന് മുമ്പായി പഴങ്ങളെല്ലാം പറിച്ച് നമുക്ക് ഒഴിവാകാം. തുടർന്നുള്ള സംഭവങ്ങൾ അടുത്ത ആയത്തുകളിൽ അല്ലാഹു വിവരിക്കുന്നു:  പ്രഭാതത്തിൽ തന്നെ തോട്ടത്തിലെ പഴങ്ങൾ പറിക്കുമെന്ന് അവരിൽ ഭൂരിഭാഗം പേരും ആണയിട്ട് ഉറപ്പിച്ച സന്ദർഭം. അല്ലാഹു നിനച്ചാൽ എന്നവർ പറഞ്ഞില്ല. കാരണം അവർക്കതിൽ അത്ര ഉറപ്പുണ്ടായിരുന്നു. അപ്പോൾ അവർ ഉറങ്ങിക്കിടക്കവെ നിന്റെ രക്ഷിതാവിന്റെ ഭാഗത്ത് നിന്നും ഒരു വിപത്ത് ആ തോട്ടത്തെ ബാധിച്ചു. അതൊരു തീയായിരുന്നു. അങ്ങനെ ആ തോട്ടം കൊയ്യപ്പെട്ട കൃഷിയിടം പോലെ ശൂന്യമാവുകയും യാതൊരു ഫലവും ഇല്ലാത്തതാവുകയും ചെയ്തു. പ്രഭാതത്തിൽ പരസ്പരം അവർ വിളിച്ചുകൊണ്ട് പുറപ്പെട്ടു. നിങ്ങൾ പഴം പറിക്കുന്നവരാണെങ്കിൽ കൃഷിയിടത്തിലേക്ക് രാവിലെ തന്നെ പോകൂ എന്ന് പറഞ്ഞു. അങ്ങനെ രഹസ്യം പറഞ്ഞുകൊണ്ട് അവർ പോയി. ഇന്നേ ദിവസം ഒരു സാധുവും നിങ്ങളുടെ അരികിൽ വരാൻ പാടില്ലാത്ത നിലയിൽ പഴങ്ങളെല്ലാം പറിച്ചുകൊണ്ടു വരണം എന്ന് അവർ പറഞ്ഞു. അങ്ങനെ സാധുക്കളെ തടയാൻ കഴിവുള്ളവരാണെന്ന് സ്വയം വിചാരിച്ചുകൊണ്ട് അവർ പോയി. പിന്നീട് എവിടെ എത്തി അവർ തോട്ടത്തെ വല്ലാത്ത അവസ്ഥയിൽ കണ്ടപ്പോൾ ആദ്യം അവർ പറഞ്ഞു: നമുക്ക് വഴിതെറ്റിപ്പോയി. മറ്റെവിടെയോ വന്നിരിക്കുകയാണ്. ഇവിടെ തോട്ടമൊന്നുമില്ല. തുടർന്ന് അതിർത്തിയും മറ്റും കണ്ട് ഉറപ്പായപ്പോൾ പറഞ്ഞു: നാം മറന്നിട്ടില്ല. സ്ഥലം ഇതുതന്നെയാണ്. പക്ഷേ, നാം ഫലം തടയപ്പെട്ടവരായിപ്പോയി. അവരിൽ ഉത്തമനായ വ്യക്തിപറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ മഹത്വം വാഴ്ത്താമായിരുന്നല്ലോ എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ? ഇപ്രകാരം നിങ്ങൾ ലക്ഷ്യം വെക്കരുതെന്നും സാധുക്കൾക്ക് കൊടുക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുന്നതാണെന്നും ഞാൻ നിങ്ങളോട് പറഞ്ഞിരുന്നല്ലോ? പക്ഷേ, അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നെങ്കിലും അവരുടെ കൂട്ടത്തിൽ കൂടിയതുകൊണ്ടാണ് കഴിഞ്ഞ ആയത്തിൽ അവർ എല്ലാവരും പോയി എന്ന് പറഞ്ഞത്. എങ്കിലും അദ്ദേഹം ഇപ്പോൾ അവരെ പശ്ചാത്താപത്തിനും സൽക്കർമ്മത്തിനും പ്രേരിപ്പിച്ചു. കൂടുതൽ പാപം ചെയ്ത് ശിക്ഷ കൂട്ടരുതെന്ന് ഉണർത്തി. അപ്പോൾ അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് പരമ പരിശുദ്ധനാണ്. ഞങ്ങൾ അക്രമികളായിരുന്നു. അവർ പരസ്പരം തിരിഞ്ഞ് ആക്ഷേപിക്കാൻ തുടങ്ങി. ഓരോരുത്തരും മറ്റുള്ളവരെ കുറ്റപ്പെടുത്തി. തുടർന്ന് എല്ലാവരും ഏകോപിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങളുടെ നാശമേ, ഞങ്ങൾ എല്ലാവരും പരിധി ലംഘിച്ചവരായിരുന്നു. ഇത് ഒരാളുടെ കുറ്റമല്ല. അതുകൊണ്ട് പരസ്പരം കുറ്റപ്പെടുത്തുന്നത് വെറുതെയാണ്. എല്ലാവർക്കും ഒത്ത് ചേർന്ന് പശ്ചാത്തപിക്കാം. ഇപ്രകാരം ചെയ്യുന്നതിലൂടെ ഞങ്ങളുടെ രക്ഷിതാവ് ഇതിനേക്കാൾ ഉത്തമമായത് നമുക്ക് പകരം നൽകിയേക്കാം. തീർച്ചയായുംഷ ഇപ്പോൾ ഞങ്ങളുടെ രക്ഷിതാവിലേക്ക് ഞങ്ങൾ മടങ്ങുന്നവരാകുന്നു. ഞങ്ങൾ അവനോട് പശ്ചാത്തപിക്കുന്നു. പടച്ചവൻ ഇതിന് പകരം ഇഹലോകത്തോ പരലോകത്തോ ഉന്നത പകരം നൽകുന്നതാണ്. ഇബ്‌നു മസ്ഊദ് (റ) പറയുന്നു: അവർക്ക് ഇതിനേക്കാളും മെച്ചമായ ഒരു തോട്ടം നൽകപ്പെട്ടു. (റൂഹുൽ മആനി). അടുത്തതായി സംഭവത്തിന്റെ പ്രധാനപ്പെട്ട പാഠം അല്ലാഹു ഉണർത്തുന്നു: ധിക്കാരത്തിന്റെ പേരിൽ  ഇപ്രകാരമാണ് ശിക്ഷ. അതായത് മക്കക്കാരെ, നിങ്ങൾ ഇത്തരം ശിക്ഷയ്ക്ക് എന്നല്ല ഇതിനേക്കാൾ കൂടുതൽ ശിക്ഷയ്ക്ക് അർഹരാണ്. കാരണം മേൽ പറയപ്പെട്ടവർ പാപികളായിരുന്നെങ്കിലും സത്യവിശ്വാസികളായിരുന്നു. നിങ്ങൾ സത്യത്തെ നിഷേധിയ്ക്കുന്നവരാണ്. പരലോക ശിക്ഷ ഇഹലോക ശിക്ഷയേക്കാൾ വലുതാണ്. ഈ ജനങ്ങൾ കാര്യം അറിഞ്ഞിരുന്നെങ്കിൽ സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. അടുത്തതായി നിഷേധികൾക്കുള്ള ശിക്ഷയെ സമർത്ഥിക്കാനും ഞങ്ങൾ പരലോകത്തിലേക്ക് മടക്കപ്പെട്ടാൽ തന്നെ ഇഹലോകത്തേക്കാൾ മെച്ചമായത് അവിടെ കിട്ടുമെന്ന വാദത്തെ ഖണ്ഡിക്കാനും പറയുന്നു: തീർച്ചയായും ഭയഭക്തിയുള്ളവർക്ക് അവരുടെ രക്ഷിതാവിന്റെ അരികിൽ അനുഗ്രഹത്തിന്റെ തോട്ടങ്ങളുണ്ട്. അതായത് സ്വർഗ്ഗ പ്രവേശനത്തിന്റെ അടിസ്ഥാനം പടച്ചവനോടുള്ള ഭയഭക്തിയാണ്. നിഷേധികൾ അതിൽ നിന്നും ഒഴിവായവരാണ്. പിന്നെ അവർക്ക് സ്വർഗ്ഗം എങ്ങനെ ലഭിക്കാനാണ്? അനുസരണയുള്ളവരെ പാപികളെപ്പോലെ നാം ആക്കുമോ? അതായത് നിഷേധികൾക്ക് രക്ഷ നൽകുകയാണെങ്കിൽ അനുസരണയുള്ളവർക്കും ഇല്ലാത്തവർക്കുമിടയിൽ എന്ത് വ്യത്യാസമാണുള്ളത്?..... (സ്വാദ് 28) നിങ്ങൾക്ക് എന്തുപറ്റി? നിങ്ങൾ എങ്ങനെയാണ് വിധിക്കുന്നത്. നിങ്ങൾ ഇപ്രകാരം വായിക്കുന്ന വേദപുസ്തകം വല്ലതും നിങ്ങളുടെ പക്കലുണ്ടോ? നിങ്ങൾ ഇഷ്ടപ്പെടുന്നത് തീർച്ചയായും നിങ്ങൾക്ക് ഇവിടെ ലഭിക്കുമെന്ന് അതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങൾ വിധിക്കുന്ന പ്രതിഫലവും സ്വർഗ്ഗവും നിങ്ങൾക്ക് ലഭിക്കും എന്ന് അന്ത്യദിനം വരെ നിലനിൽക്കുന്ന വല്ല കരാറും നിങ്ങൾക്കുവേണ്ടി നമ്മുടെമേൽ ബാധ്യതയായിട്ടുണ്ടോ? ഈ വിഷയത്തിൽ ഉത്തരവാദിത്വം ഏൽക്കാൻ അവരിൽ ആരാണുള്ളത് എന്ന് അവരോട് ചോദിക്കുക. ഇനി അവർക്ക് സ്വർഗ്ഗം നൽകുമെന്ന് വാഗ്ദാനം ചെയ്ത പടച്ചവനോട് പങ്കാളികളായ ദൈവങ്ങൾ വല്ലതും ഉണ്ടോ? അവർ സത്യസന്ധരാണെങ്കിൽ അവരുടെ പങ്കുകാരെ അവർ കൊണ്ടുവരട്ടെ. ചുരുക്കത്തിൽ ഇങ്ങനെയൊരു വിഷയം മുൻകഴിഞ്ഞ വേദങ്ങളിലൊന്നുമില്ല. ഗതകാല വഹ്‌യിലൂടെ അല്ലാതെ അപ്രകാരം അവരോട് ഒന്നും സത്യം ചെയ്ത് പറഞ്ഞിട്ടുമില്ല. എന്നിട്ടും അവർ ഇപ്രകാരം വാദിക്കുന്നത് അടിസ്ഥാനരഹിതമായ വാദം മാത്രമാണ്.

🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

170. അബൂ സഹ്‌ലാ (റ) വിവരിക്കുന്നു: ഉസ്മാൻ (റ) വീട് ഉപരോധിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ദിവസം എന്നോട് പറഞ്ഞു. റസൂലുല്ലാഹി ﷺ എനിക്ക് ഒരു പ്രത്യേക ഉപദേശം നൽകിയിട്ടുണ്ട്. ഞാൻ സഹനതയോടെ ആ ഉപദേശം പാലിക്കാൻ തീരുമാനിച്ചിരിക്കുന്നു. (തിർമിദി) 

വിവരണം: അബൂ സഹ്‌ലാ (റ) ഉസ്മാൻ (റ) അടിമത്വ മോചനം നടത്തിയ വ്യക്തിയാണ്. ഉസ്‌മാൻ (റ)ൻ്റെ വീട് ഉപരോധിച്ച സമയം അദ്ദേഹം അരികിലുണ്ടായിരുന്നു. ഇതര സുഹൃത്തുക്കളെയും സേവകന്മാരെയും പോലെ ഉസ്മാൻ (റ) അവർക്കെതിരിൽ ശക്തി ഉപയോഗിക്കണമെന്ന് അദ്ദേഹവും ആഗ്രഹിച്ചു. അതുകൊണ്ട് അദ്ദേഹം ഇക്കാര്യം ഉസ്‌മാൻ (റ) നോട് പറഞ്ഞു. അതിനു മറുപടി എന്നോണം ഉസ്മാൻ (റ) ഖിലാഫത്തിൽ നിന്നും ഒഴിവാകാൻ തയ്യാറാവാതെ രക്തസാക്ഷിത്വം വരിച്ചോളാമെന്ന് പ്രസ്താവിച്ചു. ഈ കാര്യം റസൂലുല്ലാഹി ﷺ വിവിധ സന്ദർഭങ്ങളിൽ അരുളുകയും ചെയ്തിരുന്നു. 

171. ഇബ്‌നു ഉമർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺ ഒരിക്കൽ വലിയൊരു പ്രശ്നത്തെ അനുസ്മരിച്ചു. തദവസരം ഉസ്‌മാൻ (റ)ലേക്ക് ആംഗ്യം കാണിച്ചുകൊണ്ട് അരുളി: ആ പ്രശ്നത്തിനിടയിൽ ഇദ്ദേഹം മർദ്ദിതനായി രക്തസാക്ഷിയാവുന്നതാണ്. (തിർമിദി)

വിവരണം: തീർച്ചയായും ഇത് റസൂലുല്ലാഹി ﷺയുടെ ഒരു അമാനുഷികതയാണ്. റസൂലുല്ലാഹി ﷺയുടെ വിയോഗത്തിന് ഇരുപത്തി രണ്ട് വർഷത്തിന് ശേഷം നടക്കാനിരുന്ന ഒരു പ്രശ്നത്തെയും അതിൽ ഉസ്‌മാൻ (റ) മർദ്ദിതനായി രക്തസാക്ഷി ആവുന്നതിനെയും കുറിച്ച് റസൂലുല്ലാഹി ﷺ പ്രവചിച്ചു. ഈ പ്രവചനം അല്ലാഹുവിൻ്റെ വഹ്‌യ് പ്രകാരമായിരുന്നു എന്നത് വ്യക്തമാണ്.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

പരലോകത്തിന് ഇഹലോകത്തേക്കാൾ മുൻഗണന നൽകുക.

✍️ മൗലാനാ മുഫ്‌തി അബുൽ ഖാസിം നുഅ്മാനി
       (മുഹ്തമിം ദാറുൽ ഉലൂം ദയൂബന്ദ്)

വിവ : മുഫ്തി സാജിദ് നജ്മി അൽ ഖാസിമി ഈരാറ്റുപേട്ട

    നമ്മുടെ യഥാർത്ഥ ലക്ഷ്യം പരലോകമാണ്. അവിടുത്തെ വിജയത്തിനായി നാം പരിശ്രമിക്കണം. ഈ ലോകജീവിതത്തെ നമ്മുടെ ലക്ഷ്യമായി കാണരുത്; ഇതൊരു യാത്ര മാത്രമാണ്, ഒരു സ്ഥിരവാസ സ്ഥലമല്ല, മറിച്ച് ഒരു ഇടത്താവളമാണ്. നമ്മൾ ഇവിടെ വന്നിരിക്കുന്നത് പരലോകത്തിനുവേണ്ടി ഒരുങ്ങാനാണ്.
    നബി (സ) പറയുന്നു: "ആരെങ്കിലും തന്റെ ദുനിയാവിനെ സ്നേഹിച്ചാൽ, അവൻ തന്റെ ആഖിറത്തിന് നഷ്ടമുണ്ടാക്കും; ആരെങ്കിലും തന്റെ ആഖിറത്തിനെ സ്നേഹിച്ചാൽ, അവൻ തന്റെ ദുനിയാവിന് നഷ്ടമുണ്ടാക്കും. നശിച്ചുപോകുന്നതിനേക്കാൾ, നിലനിൽക്കുന്നതിന്  മുൻഗണന നൽകുക."   അതായത്, എന്നെന്നും നിലനിൽക്കുന്ന ഒന്നിന്, നശിച്ചുപോകുന്ന ഒന്നിനേക്കാൾ നിങ്ങൾ മുൻഗണന നൽകുക.
    രണ്ടു ലോകങ്ങളിലെയും നേട്ടങ്ങൾ ഒരേപോലെ നിലനിർത്തുക എന്നത് അസാധ്യമാണ്. അതായത്, ദുനിയാവിലെ ഒരു സുഖസൗകര്യങ്ങൾക്കും ഒരു കോട്ടവും സംഭവിക്കരുത്, യാതൊരു നഷ്ടവും സഹിക്കേണ്ടി വരരുത്, ഒരു വിഷമവും അനുഭവിക്കേണ്ടി വരരുത്, വലിയ സന്തോഷത്തിലും സ്വസ്ഥതയിലും പൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കണം, എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കണം, എല്ലാ സുഖങ്ങളും അനുഭവിക്കണം, എന്നാൽ ആഖിറത്തിൽ നൂറുശതമാനം വിജയവും, ജന്നത്തുൽ ഫിർദൗസിൽ ഉന്നതമായ സ്ഥാനവും വേണം. പക്ഷെ,ഇവിടെ യാതൊരു ത്യാഗത്തിനും തയ്യാറല്ലെങ്കിൽ, അവിടുന്ന് അരുളി: "ഇത് സാധ്യമല്ല. നശിച്ചുപോകുന്നതിനേക്കാൾ, നിലനിൽക്കുന്നതിനെ നിങ്ങൾ തിരഞ്ഞെടുക്കുക.
    ഇതൊരു ഉറച്ച കാര്യമാണ് – ഒരു തട്ട് താഴുമ്പോൾ മറ്റേത് ഉയരും. ഏത് തട്ടാണ് ഭാരമുള്ളതാക്കേണ്ടതെന്ന് ഇപ്പോൾ നിങ്ങൾ തീരുമാനിക്കുക. പരലോകത്തിൻ്റെ തട്ടാണോ ഭാരമുള്ളതാക്കേണ്ടത്, അതോ ഭൗതിക ലോകത്തിന്റെ തട്ടോ? നമ്മുടെ എല്ലാ പരിശ്രമങ്ങളും ദുനിയാവ് നേടുന്നതിനും, വിഭവങ്ങൾ ശേഖരിക്കുന്നതിനും, കച്ചവടം വികസിപ്പിക്കുന്നതിനും വേണ്ടി മാത്രമാണ്, അന്ത്യലോകത്തെക്കുറിച്ച് ഒരു ചിന്തയുമില്ല. അവിടുത്തെ വിജയത്തിനായി യാതൊരു പരിശ്രമവുമില്ല.    ജോലി ചെയ്യുമ്പോൾ ബാങ്ക് വിളിച്ചാൽ പോലും നമസ്കാരത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. കച്ചവടം ചെയ്യുമ്പോൾ, അതിൽ കളവും, വാഗ്ദാനലംഘനവും, അവിശ്വാസ്യതയും വഞ്ചനയും, ചതിയും കടന്നുവരുന്നു.
         ഈ എല്ലാ പ്രവർത്തനങ്ങളും തുടരുന്നു എന്തിന്? കുറച്ച് പണം കൈയിൽ വരാൻ വേണ്ടി. നാം ദുനിയാവിനെ ആഖിറത്തിനേക്കാൾ മുൻഗണന നൽകി. എന്നാൽ, ആഖിറത്തിന് മുൻഗണന നൽകാൻ എന്ത് ചെയ്യണം? അവിടുത്തെ വിജയത്തിന് ദോഷകരമാകുന്ന ഒരു കാര്യവും ചെയ്യരുത്, ഇവിടെ  കച്ചവടത്തിൽ നഷ്ടം സംഭവിച്ചാലും ശരി.

(റാഹേ സഫ-1/153 -154)        

🔹🔹🔹🔹🔹

 ക്ഷണക്കത്ത് 

ദാറുൽ ഉലൂം അൽഇസ്‌ലാമിയ്യ, ഓച്ചിറ
സനദ് ദാന മഹാ സമ്മേളനം
ഫെബ്രുവരി 6, 7 തിയതികളിൽ





ബഹുമാന്യരേ,
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ

പ്രബോധനം, സംസ്‌കരണം, വിജ്ഞാനപ്രചരണം എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടി മഹാനായ പരിഷ്‌കർത്താവ് അല്ലാമ സയ്യിദ് അബ്ദുല്ലാഹിൽ ഹസനിയുടെ അനുഗ്രഹീത കരങ്ങളാൽ സ്ഥാപിതമായ ദാറുൽ ഉലൂം അൽ ഇസ്ലാമിയ്യ 19 വർഷങ്ങൾ പിന്നിടുകയാണ്. പടച്ചവൻ്റെ കൃപ കൊണ്ട് ഈ വർഷം 11 വിദ്യാർത്ഥികൾ പരിശുദ്ധ ഖുർആൻ മനനം (ഹിഫ്‌സ്) പൂർത്തീകരിച്ചു. 27 സഹോദരങ്ങൾ ഇവിടെ നിന്നും പഠനം പൂർത്തിയാക്കി കേന്ദ്രസ്ഥാപനമായ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിലേക്ക് യാത്രയാവുകയാണ്. ഇവർക്കുള്ള സനദ് ദാനവും സുപ്രധാനമായ വിവിധ വിഷയങ്ങളെ അധികരിച്ചു കൊണ്ടുള്ള വാർഷിക മഹാ സമ്മേളനവും 1447 ശഅ്ബാൻ 18ന് (2026 ഫെബ്രുവരി 06 വെള്ളിയാഴ്ച്‌ച വൈകുന്നേരം മുതൽ 07 ശനി വൈകുന്നേരം വരെ) നടത്തപ്പെടുകയാണ്. ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിലെ ഉസ്‌താദുൽ ഹദീസ് ഹസ്രത്ത് മൗലാനാ അബ്ദുസ്സുബ്ഹാൻ നദ്‌വിയുടെയും ഇതര മഹത്തുക്കളുടെയും മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന ഈ പരിപാടിയിൽ താങ്കളും കുടുംബവും ആദ്യന്തം പങ്കെടുക്കണമെന്നും മറ്റുള്ളവരെ പങ്കെടുപ്പിക്കണമെന്നും അപേക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ! എല്ലാ നന്മകളും എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ!.

കാര്യപരിപാടികൾ

* മാനവികതാ സന്ദേശ സംഗമം 
 (06 വെള്ളി 04 PM) 
സാമൂഹിക സേവനത്തിന് നമുക്ക് ലഭിച്ച മഹത്തായ ഒരു വേദിയാണ് പയാമെ ഇൻസാനിയ്യത്ത് ഫോറം. ഇതിൻ്റെ പ്രവർത്തനങ്ങൾ സൃഷ്ടാവിനോടുള്ള കടമകൾക്കൊപ്പം സൃഷ്ടികളോടുള്ള കടമകളും പാലിക്കാൻ പ്രേരകമാകുന്നു. ഇതുമായി ബന്ധപ്പെട്ട വിവിധ മത സാമൂഹ്യ നേതാക്കൾ പങ്കെടുക്കുന്ന സുപ്രധാന മനവികതാ സന്ദേശ സംഗമം.

* സാമൂഹ്യ സംസ്ക‌രണ സദസ്സും പരിശുദ്ധ ഖുർആൻ വിരുന്നും 
 (06 വെള്ളി 07 PM) 
പടച്ചവനോടും പടപ്പുകളോടുമുള്ള ബന്ധം നന്നാക്കാൻ പ്രേരിപ്പിക്കുന്ന പരിശുദ്ധ ഖുർആനിൻ്റെ ഭാഗങ്ങൾ പാരായണം ചെയ്യുകയും വിവരണങ്ങൾ നൽകുകയും ചെയ്യുന്ന അനുഗ്രഹീത സദസ്സ്.

* ആത്മ സംസ്‌കരണ മജ്‌ലിസും ഖത്‌മുൽ ബുഖാരി ശരീഫും 
 (07 ശനി 06 AM) 
മനസ്സിന്റെ നന്മകളാണ് മനുഷ്യനെ ഉയർന്ന ഗുണങ്ങളിലേക്കും നല്ല പ്രവർത്തനങ്ങളിലേക്കും എത്തിക്കുന്നത്. അതിന് പ്രേരകമാകുന്ന സംസ്‌കരണ സദസ്സ്. ഇതിൽ ഈ വർഷത്തെ ദറസുകളുടെ സമാപനമെന്നോണം പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ ബുഖാരി ശരീഫിൻ്റെ പൂർത്തീകരണവും നടക്കുന്നതാണ്.

* സമ്മാന ദാനം 
 (07 ശനി 09 AM) 
സ്ഥാപനത്തിലും സംസ്ഥാന തലത്തിലും നടന്ന വിവിധ വൈജ്ഞാനിക-കലാ-കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള 3 സമ്മാനദാനം.

* ഹിഫ്‌സ് പൂർത്തികരണവും ദർസുൽ ഖുർആൻ സംഗമവും. 
 (07 ശനി 10AM) 
ഈ വർഷം പരിശുദ്ധ ഖുർആൻ മനനം പൂർത്തീകരിച്ച മക്കൾ അവസാന അദ്ധ്യായങ്ങൾ പാരായണം ചെയ്യുന്നു. 10 ദൗറ പൂർത്തീകരിച്ച ഹാഫിസുകൾക്ക് സനദ്‌ദാനവും. കൂട്ടത്തിൽ, ഈ വർഷം നമ്മിൽ നിന്നും വേർപിരിഞ്ഞ മഹാത്മാക്കളെ അനുസ്‌മരിക്കുകയും മർഹൂമുകൾക്ക് വേണ്ടി ദുആ ഇരക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ, ഈ സ്ഥാപനത്തിൽ നിന്നും ദിവസവും പ്രഭാതത്തിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിശുദ്ധ ഖുർആൻ ദർസ് ശ്രോതാക്കളുടെ സംഗമവും നടക്കുന്നു.

* സയ്യിദ് ഹസനി അക്കാദമി വാർഷികം 
 (07 ശനി 11 AM) 
സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനമായ സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചനകളുടെ പ്രകാശനവും പരിചയപ്പെടുത്തലും.

* സമാപന സമ്മേളനവും ഹാഫിസ്- ആലിം ഹുസ്‌നി സനദ് ദാനവും 
 (07 ശനി 02:30 PM) 
ഈ വർഷം പത്ത് ദൗറ പൂർത്തീകരിച്ച 11 ഹാഫിസുകൾക്കും, ആലിം കോഴ്‌സ് പൂർത്തീകരിച്ച 27 അൽ ഹുസ്‌നി ആലിമുകൾക്കും സനദ് ദാനവും, ഉപരിപഠനത്തിനായി നദ്‌വത്തുൽ ഉലമയിലേക്ക് യാത്ര അയപ്പും.

ഏവർക്കും സ്വാഗതം!
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

ഈയാഴ്ച അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായ ഉസ്താദ് സുലൈമാൻ കൗസരി അവർകളുടെ സഹോദരി സുലൈഖ മർഹൂമ, പന്തളം അൻഷാദ് സാഹിബിന്റെ മകൻ സഫ്രിൻ, ചാരുംമൂട് അഫ്സൽ സാഹിബിന്റെ മാതാവ്, കാഞ്ഞാർ അബ്ദുർറഷീദ് കൗസരിയുടെ മാതാവ്, കൊല്ലം സ്വലാഹുദ്ദീൻ സാഹിബിന്റെ മാതാവ് തുടങ്ങിയവർക്കായി മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

                                                            🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം

📓  ഇസ്‌ലാം ഒരു പരിചയം.
    


▫️ ഇസ്‌ലാം എന്നാൽ എന്ത്? - ₹80/-
▫️ ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - ₹110/-
▫️ ദീനി പാഠങ്ങൾ - ₹50/-
▫️ ഇസ്‌ലാമിലെ കടമകൾ - ₹23/-


🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌