റമളാൻ 03/1447
ഫെബ്രുവരി 20/2025
ലക്കം: 250

 ഉള്ളടക്കം 

▪️മുഖലിഖിതം 
റമളാനുൽ മുബാറകിൻ്റെ സന്ദേശം
        ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

▪️ജുമുഅ സന്ദേശം 
റമളാനുൽ മുബാറകും പരിശുദ്ധ ഖുർആനും
        ✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുൽ ഖലം.
റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങൾ, സഹനതയ്ക്ക് പ്രേരണ, അഹങ്കാരത്തിന്റെ നിന്ദ്യത, ഭയഭക്തർക്ക് സുവാർത്ത, നിഷേധികളുടെ നിന്ദ്യത
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
ആവശ്യത്തിലധികമുള്ള നിർമ്മാണത്തിന് പ്രതിഫലമില്ല.
     ✍️ മൗലാന മുഫ്തി അബുൽ ഖാസിം നുഅ്മാനി 

▪️ഇലാ റഹ്‌മത്തില്ലാഹ്...


▪️ഗ്രന്ഥ പരിചയം 
തഫ്സീറുൽ ഹസനി
🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 

റമളാനുൽ മുബാറകിൻ്റെ സന്ദേശം

പടച്ചവനുമായുള്ള ബന്ധം ദൃഢമാക്കാനും, മനുഷ്യരോട് കാരുണ്യം കാണിക്കാനും, പരീക്ഷണങ്ങളെ സഹിക്കാനും, സാമൂഹിക ബന്ധങ്ങളിൽ ക്ഷമയും സഹിഷ്ണുതയും പാലിക്കാനും റമളാൻ നമ്മെ പഠിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എല്ലാ മുസ്‌ലിംകൾക്കും റമളാൻ ആശംസകൾ നേരുന്നു.
അതോടൊപ്പം ഈ മാസത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു:
• ഈ മാസത്തെ ക്ഷമയുടെയും ഭയഭക്തിയുടെയും പരിശീലന കാലഘട്ടമാക്കുക.
•സ്വയം വിശപ്പ് സഹിച്ചുകൊണ്ട് മറ്റുള്ളവരെ ഊട്ടാൻ പഠിക്കുകയും ആത്മനിയന്ത്രണം ശീലിക്കുകയും ചെയ്യുക.
• അക്രമം, അനീതി, നിഷിദ്ധമായ സമ്പാദ്യം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക.
• സമുദായത്തിനുള്ളിൽ ഐക്യം നിലനിർത്തുക.
• ഏത് സാഹചര്യത്തിലും ശരീഅത്ത് നിയമങ്ങളിൽ ഉറച്ചുനിൽക്കുമെന്ന ബോധം സ്വയവും മറ്റുള്ളവരിലും ഉണ്ടാക്കാൻ പരിശ്രമിക്കുക. 
• വിവാഹങ്ങളിൽ ലാളിത്യം പാലിക്കുക.
•പരിശുദ്ധ ഖുർആൻ നിർദ്ദേശിച്ച പ്രകാരം പെൺകുട്ടികൾക്ക് അനന്തരാവകാശത്തിൽ അർഹമായ വിഹിതം നൽകുക.
• സമൂഹത്തിലെ ഒരു വിഭാഗത്തോടും അക്രമം നടക്കാൻ അനുവദിക്കാതിരിക്കുക.
• പരിശുദ്ധ ഖുർആനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക.
• വഖ്ഫ് സ്വത്തുക്കൾ അന്യായമായി കൈയേറുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, കൈയേറ്റക്കാരിൽ നിന്ന് വഖഫ് സ്വത്തുക്കളെ സംരക്ഷിക്കുകയും ചെയ്യുക.
• ഈ റമളാനുൽ മുബാറക് എല്ലാ സഹോദരങ്ങൾക്കും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിനും നന്മയ്ക്കും ഐശ്വര്യത്തിനും കാരണമാകട്ടെ !

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

റമളാനുൽ മുബാറകും പരിശുദ്ധ ഖുർആനും

✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി  
(എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

അല്ലാഹു പറയുന്നു: “മനുഷ്യർക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്തമായ തെളിവുകളായിക്കൊണ്ടും ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതിനാൽ നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാകുകയോ യാത്രയിലാകുകയോ ചെയ്താൽ പകരം അത്രയും എണ്ണം മറ്റ് ദിവസങ്ങളിൽ നോൽക്കേണ്ടതാണ്." (അൽ ബഖറ: 185)

റമളാനുൽ മുബാറകിൻ്റെ ശ്രേഷ്ഠതയ്ക്ക് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, ഇത് നോമ്പിന്റെ മാസമാണ്. ഈ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നത് എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമാണ്. യാത്രയോ രോഗമോ കാരണം നോമ്പനുഷ്ഠിക്കാൻ കഴിയാത്തവർ മറ്റ് ദിവസങ്ങളിൽ അത് നോൽക്കേണ്ടതാണ്. അറിഞ്ഞുകൊണ്ട് ഒരു നോമ്പ് ഉപേക്ഷിച്ചാൽ പ്രായശ്ചിത്തമായി തുടർച്ചയായി അറുപത് ദിവസം നോമ്പനുഷ്ഠിക്കണം.

റമളാനിന്റെ ശ്രേഷ്ഠതയ്ക്കുള്ള രണ്ടാമത്തെ കാരണം, ഇത് ഖുർആൻ അവതരിച്ച മാസമാണ് എന്നതാണ്. മനുഷ്യജീവിതത്തിനുള്ള മാർഗ്ഗരേഖയും കർമ്മപദ്ധതിയുമായ പരിശുദ്ധ ഖുർആൻ ഈ അനുഗ്രഹീത മാസത്തിലാണ് നൽകപ്പെട്ടത്. ഖുർആൻ മാത്രമല്ല, അല്ലാഹു തന്റെ പ്രവാചകന്മാർക്ക് അവതരിപ്പിച്ച എല്ലാ ദിവ്യഗ്രന്ഥങ്ങളും റമദാൻ മാസത്തിലാണ് അവതരിപ്പിച്ചത്.

വിശുദ്ധ ഖുർആൻ അവതരിച്ചതിനെക്കുറിച്ച് മറ്റ് രണ്ട് സ്ഥലങ്ങളിൽ കൂടി ഖുർആനിൽ വ്യക്തമാക്കിയിട്ടുണ്ട്. സൂറത്ത് അദ്-ദുഖാനിൽ പറയുന്നു: “ഹാ-മീം. കാര്യങ്ങൾ വ്യക്തമാക്കുന്ന ഈ ഗ്രന്ഥം തന്നെയാണ സത്യം. തീർച്ചയായും നാം ഇതിനെ ഒരു അനുഗ്രഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും നാം മുന്നറിയിപ്പ് നൽകുന്നവനാകുന്നു. ആ രാത്രിയിൽ യുക്തിപൂർണ്ണമായ എല്ലാ കാര്യങ്ങളും വേർതിരിച്ച് വിവരിക്കപ്പെടുന്നു. നമ്മുടെ പക്കൽ നിന്നുള്ള കൽപ്പന പ്രകാരം. തീർച്ചയായും നാം ദൂതന്മാരെ നിയോഗിക്കുന്നവനാകുന്നു." (അദ്ദുഖാൻ: 1-5).

സൂറത്ത് അൽഖദ്റിലും ഇക്കാര്യം പറയുന്നു:
“തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) ഖദ്‌റിന്റെ രാത്രിയിൽ (വിധിനിർണ്ണയത്തിന്റെ രാത്രി) അവതരിപ്പിച്ചിരിക്കുന്നു. ഖദ്‌റിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? ഖദ്‌റിന്റെ രാത്രി ആയിരം മാസങ്ങളേക്കാൾ ഉത്തമമാകുന്നു." (അൽ-ഖദ്ർ: 1-3).

ഈ വാക്യങ്ങൾ ഖുർആൻ അവതരണത്തിന്റെ സമയവും ചരിത്രവും വ്യക്തമാക്കുന്നു. റമളാനിലെ അനുഗ്രഹീത രാത്രിയായ 'ലൈലത്തുൽ ഖദ്റി'ലാണ് ഖുർആൻ അവതരിച്ചത്. ലൗഹുൽ മഹ്ഫൂസിൽ നിന്ന് ഒന്നാം ആകാശത്തേക്ക് ലൈലത്തുൽ ഖദ്റിലും, അവിടെ നിന്ന് ജിബ്‌രീൽ (അ) മുഖേന റസൂലുല്ലാഹി ﷺ ക്ക് അതേ രാത്രിയിലുമാണ് ഖുർആൻ അവതരിച്ചതെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നു. അതിനാൽ റമളാനും ഖുർആനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. റസൂലുല്ലാഹി ﷺ അരുളി: “നോമ്പും ഖുർആനും അന്ത്യനാളിൽ വിശ്വസിയായ ദാസന് വേണ്ടി ശുപാർശ ചെയ്യും!"
നോമ്പ് അല്ലാഹുവിനോടുള്ള ആരാധനയും, ഖുർആൻ പാരായണം അല്ലാഹുവുമായുള്ള സംഭാഷണവുമാണ്. നോമ്പ് അല്ലാഹുവിനോട് ഇപ്രകാരം പറയും: “അല്ലാഹുവേ, ഈ ദാസൻ നിനക്ക് വേണ്ടി വിശപ്പും ദാഹവും സഹിച്ചു, അതിനാൽ നീ അവനോട് പൊറുക്കണമേ." ഖുർആൻ പറയും: "അല്ലാഹുവേ, ഈ ദാസൻ നിനക്ക് വേണ്ടി എന്നെ പാരായണം ചെയ്യുന്നതിൽ മുഴുകി, അതിനാൽ നീ അവന് മാപ്പ് നൽകണമേ."

റമളാൻ ഖുർആൻ അവതരിച്ച മാസം മാത്രമല്ല, അതിന്റെ സംരക്ഷണത്തിന്റെയും പ്രചാരണത്തിന്റെയും മാസം കൂടിയാണ്. എല്ലാ വർഷവും റമദാനിൽ ജിബ്‌രീൽ (അ) റസൂലുല്ലാഹി ﷺ യുടെ അടുക്കൽ വരികയും ഖുർആൻ പൂർണ്ണമായി ഓതിക്കേൾപ്പിക്കുകയും ചെയ്യുമായിരുന്നു. റസൂലുല്ലാഹി ﷺ വഫാത്തായ വർഷം ജിബ്‌രീൽ (അ) രണ്ടുതവണ ഖുർആൻ പൂർണ്ണമായി ഓതിക്കേൾപ്പിച്ചു. അതിൽ നിന്ന് അല്ലാഹു തന്നെ തിരിച്ചുവിളിക്കാൻ പോകുകയാണെന്ന് റസൂലുല്ലാഹി ﷺ മനസ്സിലാക്കി. റമളാനിൽ റസൂലുല്ലാഹി ﷺയും ജിബ്‌രീലും (അ) തമ്മിലുണ്ടായിരുന്ന ഈ ഖുർആൻ പാരായണമാണ് തറാവീഹ് നമസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിനും കേൾക്കുന്നതിനുമുള്ള സുന്നത്തിന് അടിസ്ഥാനമായത്.

മുൻ വേദഗ്രന്ഥങ്ങളിൽ മാറ്റത്തിരുത്തലുകൾ സംഭവിച്ചെങ്കിലും, ഖുർആനിന്റെ സംരക്ഷണ ചുമതല അല്ലാഹു തന്നെ നേരിട്ട് ഏറ്റെടുത്തിരിക്കുന്നു: “തീർച്ചയായും നാമാണ് ഈ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നവരുമാണ്." (അൽ-ഹിജ്ർ: 9).

ലോകത്ത് ഖുർആൻ മനഃപാഠമാക്കിയ അത്രയും ആളുകൾ വേറെ ഒരു ഗ്രന്ഥവും മനഃപാഠമാക്കിയിട്ടില്ല. അക്ഷരസ്ഫുടതയോടെയാണ് അവർ ഖുർആൻ പാരായണം ചെയ്യുന്നത്. അവരിൽ നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഉടൻ തന്നെ മറ്റൊരു ഹാഫിസ് അത് തിരുത്തിക്കൊടുക്കും. ഖുർആൻ സംരക്ഷിക്കുന്നതിനുള്ള അല്ലാഹുവിന്റെ ഒരു സംവിധാനമാണിത്. തറാവീഹിലും തഹജ്ജുദിലും ഖുർആൻ പാരായണം ചെയ്യുന്നതിന് പുറമെ, റമദാനിൽ ഒന്നിലധികം തവണ ഖുർആൻ പൂർണ്ണമായി ഓതിത്തീർക്കാനും മുസ്‌ലിംകൾ ശ്രമിക്കാറുണ്ട്.

അല്ലാഹു ഖുർആനിനെ മനുഷ്യർക്കുള്ള മാർഗദർശനം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചിന്താപരവും കർമ്മപരവുമായ വഴിപിഴവുകളിൽ നിന്ന് രക്ഷനേടാനും അന്ധകാരം മാറ്റാനും മനുഷ്യൻ ഖുർആൻ സ്വന്തമാക്കണം. ഖുർആൻ അവന് ആരാധനയും, പ്രകാശവും, ഭരണഘടനയും, ലക്ഷ്യസ്ഥാനവുമാണ്.
“മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ പ്രമാണം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാം നിങ്ങൾക്ക് അവതരിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു." (അന്നിസാഅ്: 174).

ഏതൊരു യന്ത്രത്തിനൊപ്പവും അത് എങ്ങനെ ഉപയോഗിക്കണമെന്ന് കാണിക്കുന്ന ഒരു ഗൈഡ് ബുക്ക് ഉണ്ടാകാറുണ്ട്. അതുപോലെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് അല്ലാഹു മനുഷ്യനെ ഏൽപ്പിക്കുമ്പോൾ, ഇത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും നശിക്കാതെ കാത്തുസൂക്ഷിക്കണമെന്നും നിർദ്ദേശിക്കുന്ന ഒരു മാർഗ്ഗരേഖയായി നൽകിയതാണ് ഖുർആൻ.
ഖുർആൻ മനസ്സിലാക്കലും പ്രാവർത്തികമാക്കലും ഖുർആൻ പാരായണം ചെയ്യുന്നതിനോടൊപ്പം അത് മനസ്സിലാക്കാനും ചിന്തിക്കാനും അതിന്റെ ആശയങ്ങൾ പ്രാവർത്തികമാക്കാനും ശ്രമിക്കുമ്പോൾ മാത്രമേ അതിൽ നിന്ന് പൂർണ്ണമായ മാർഗദർശനം ലഭിക്കുകയുള്ളൂ. മറ്റൊരു ഭാഷയിലുള്ള ഒരു കത്ത് ലഭിച്ചാൽ നാം അത് വിവർത്തനം ചെയ്ത് മനസ്സിലാക്കും. എന്നാൽ അല്ലാഹുവിന്റെ സന്ദേശമായ ഖുർആൻ നാം സ്വയം മനസ്സിലാക്കാനോ പണ്ഡിതന്മാരോട് ചോദിച്ചറിയാനോ ശ്രമിക്കുന്നില്ല.

അവിശ്വാസികളെക്കുറിച്ച് അല്ലാഹു പറയുന്നു:
“അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അതല്ല, അവരുടെ ഹൃദയങ്ങൾക്ക് താഴുകളിട്ടിരിക്കുകയാണോ?" (മുഹമ്മദ്: 24).

ഖുർആൻ മനസ്സിലാക്കേണ്ടത് പണ്ഡിതന്മാരുടെ മാത്രം ജോലിയാണെന്ന് ചിലർ പറയുന്നത് അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ആളുകളെ അകറ്റാനുള്ള ഒരു ദുർബോധനമാണ്. സാധാരണക്കാർക്ക് മനസ്സിലാക്കാൻ വേണ്ടി ലോകത്തിലെ മിക്ക ഭാഷകളിലേക്കും ഖുർആൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഖുർആൻ വചനങ്ങൾ മനസ്സിലാക്കി ചിന്തിച്ച് മുന്നോട്ട് പോകുക എന്നതായിരുന്നു സ്വഹാബികളുടെ രീതി. പത്ത് ആയത്തുകൾ പഠിച്ചാൽ, അതിലെ അറിവും കർമ്മവും പൂർണ്ണമായി മനസ്സിലാക്കാതെ അവർ അടുത്ത ആയത്തിലേക്ക് കടക്കുമായിരുന്നില്ല എന്ന് അബ്ദുല്ലഹിബ്നു മസ്ഊദ് (റ), ഉസ്മാൻ ബിൻ അഫ്ഫാൻ (റ) എന്നിവർ പറഞ്ഞിട്ടുള്ളതായി കാണാം.

കർമ്മ വിശ്വാസങ്ങളെയും ഹലാൽ-ഹറാമുകളെയും സാമ്പത്തിക സാമൂഹിക കാര്യങ്ങളെയും സംബന്ധിച്ച ഖുർആനിന്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തേണ്ടത് അനിവാര്യമാണ്. വ്യക്തിജീവിതവും സമൂഹവും ഖുർആനിന്റെ പാഠങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്തുന്നത് വരെ ഖുർആനിനോടുള്ള ബാധ്യത നിറവേറ്റിയതായി കണക്കാക്കാനാകില്ല. പരലോകത്ത് മനുഷ്യന്റെ കർമ്മങ്ങൾ അളക്കപ്പെടുന്നത് ഖുർആൻ എന്ന അളവുകോലിലായിരിക്കും.

അമുസ്‌ലിംകളിലേക്ക് ഖുർആനിന്റെ സന്ദേശം എത്തിക്കുക എന്നതും അനിവാര്യമാണ്. എല്ലാവർക്കും വിജയത്തിന്റെയും സന്മാർഗ്ഗത്തിന്റെയും വഴി കാണിച്ചുകൊടുക്കണം. നമ്മൾ ഖുർആൻ പാരായണം ചെയ്യുകയും മനസ്സിലാക്കി പ്രവർത്തിക്കുകയും മറ്റുള്ളവരിലെത്തിക്കുകയും ചെയ്താൽ ഇരുലോകത്തും നാം വിജയികളാകും. അല്ലെങ്കിൽ അത് പരലോകത്ത് നമുക്കെതിരെയുള്ള തെളിവായി മാറും. റസൂലുല്ലാഹി ﷺ അല്ലാഹുവിനോട് പരാതിപ്പെടും: “റസൂൽ പറയും: എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനത ഈ ഖുർആനിനെ ഉപേക്ഷിക്കപ്പെട്ട ഒരു വസ്തുവാക്കിക്കളഞ്ഞുവല്ലോ." (അൽ-ഫുർഖാൻ: 30).

നമ്മുടെ ഹൃദയത്തിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വെളിച്ചമായി ഖുർആനിനെ മാറ്റാൻ നാം ശ്രദ്ധിക്കണം. ഖുർആൻ പാരായണം ചെയ്യാനും മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.! ആമീൻ

🔹🔹🔹🔹🔹🔹🔹

മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുൽ ഖലം

(52 ആയത്തുകൾ, പദങ്ങൾ 300, അക്ഷരങ്ങൾ 1256, മക്കാമുകർറമയിൽ അവതരണം. എന്നാൽ 17-33, 48-50 ആയത്തുകൾ മദീനാ മുനവ്വറയിൽ അവതരിച്ചു. 3 റുകൂഅ്.  അവതരണ ക്രമം 2. പാരായണ ക്രമം 68. സൂറത്തുൽ അലഖിന് ശേഷം അവതരണം)

റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങൾ, സഹനതയ്ക്ക് പ്രേരണ, അഹങ്കാരത്തിന്റെ നിന്ദ്യത, ഭയഭക്തർക്ക് സുവാർത്ത, നിഷേധികളുടെ നിന്ദ്യത

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 1-35

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ ۝١ مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٖ ۝٢ وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٖ ۝٣ وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ ۝٤ فَسَتُبۡصِرُ وَيُبۡصِرُونَ ۝٥ بِأَييِّكُمُ ٱلۡمَفۡتُونُ ۝٦ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ۝٧ فَلَا تُطِعِ ٱلۡمُكَذِّبِينَ ۝٨ وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ ۝٩ وَلَا تُطِعۡ كُلَّ حَلَّافٖ مَّهِينٍ ۝١٠ هَمَّازٖ مَّشَّآءِۭ بِنَمِيمٖ ۝١١ مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٍ أَثِيمٍ ۝١٢ عُتُلِّۭ بَعۡدَ ذَٰلِكَ زَنِيمٍ ۝١٣ أَن كَانَ ذَا مَالٖ وَبَنِينَ ۝١٤ إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ ۝١٥   سَنَسِمُهُۥ عَلَى ٱلۡخُرۡطُومِ ۝١٦ إِنَّا بَلَوۡنَٰهُمۡ كَمَا بَلَوۡنَآ أَصۡحَٰبَ ٱلۡجَنَّةِ إِذۡ أَقۡسَمُواْ لَيَصۡرِمُنَّهَا مُصۡبِحِينَ ۝١٧ وَلَا يَسۡتَثۡنُونَ ۝١٨ فَطَافَ عَلَيۡهَا طَآئِفٞ مِّن رَّبِّكَ وَهُمۡ نَآئِمُونَ ۝١٩ فَأَصۡبَحَتۡ كَٱلصَّرِيمِ ۝٢٠ فَتَنَادَوۡاْ مُصۡبِحِينَ ۝٢١ أَنِ ٱغۡدُواْ عَلَىٰ حَرۡثِكُمۡ إِن كُنتُمۡ صَٰرِمِينَ ۝٢٢ فَٱنطَلَقُواْ وَهُمۡ يَتَخَٰفَتُونَ ۝٢٣ أَن لَّا يَدۡخُلَنَّهَا ٱلۡيَوۡمَ عَلَيۡكُم مِّسۡكِينٞ ۝٢٤ وَغَدَوۡاْ عَلَىٰ حَرۡدٖ قَٰدِرِينَ ۝٢٥ فَلَمَّا رَأَوۡهَا قَالُوٓاْ إِنَّا لَضَآلُّونَ ۝٢٦ بَلۡ نَحۡنُ مَحۡرُومُونَ ۝٢٧ قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ ۝٢٨ قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ۝٢٩ فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَلَٰوَمُونَ ۝٣٠ قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا طَٰغِينَ ۝٣١ عَسَىٰ رَبُّنَآ أَن يُبۡدِلَنَا خَيۡرٗا مِّنۡهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ ۝٣٢ كَذَٰلِكَ ٱلۡعَذَابُۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ۝٣٣ إِنَّ لِلۡمُتَّقِينَ عِندَ رَبِّهِمۡ جَنَّٰتِ ٱلنَّعِيمِ ۝٣٤ أَفَنَجۡعَلُ ٱلۡمُسۡلِمِينَ كَٱلۡمُجۡرِمِينَ ۝٣٥

    നൂൻ. തൂലികയും മലക്കുകൾ എഴുതുന്ന കാര്യങ്ങളും കൊണ്ട് സത്യം.(1) താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്താൽ താങ്കൾ ഭ്രാന്തനല്ല.(2) തീർച്ചയായും താങ്കൾക്ക് അവസാനിക്കാത്ത പ്രതിഫലമുണ്ട്.(3) തീർച്ചയായും താങ്കൾ സ്വഭാവത്തിന്റെ സമുന്നത സ്ഥാനത്താണ്.(4) അടുത്തു തന്നെ താങ്കളും അവരും കാണുന്നതാണ്.(5) നിങ്ങളിൽ ആരാണ് നാശത്തിൽ കുടുങ്ങിയതെന്ന്.(6) തീർച്ചയായും താങ്കളുടെ രക്ഷിതാവ് അവന്റെ മാർഗ്ഗത്തിൽ നിന്ന് പിഴച്ചത് ആരാണെന്ന് നന്നായി അറിയുന്നവനാണ്. സന്മാർഗികളെയും അവൻ നന്നായി അറിയുന്നവനാണ്.(7) ആകയാൽ കളവാക്കുന്നവർ പറയുന്നത് താങ്കൾ അനുസരിക്കരുത്.(8) താങ്കൾ വഴങ്ങിക്കൊടുത്താൽ അവരും വഴങ്ങാമെന്ന് അവർ മോഹിക്കുന്നു.(9) അധികമായി ആണയിടുന്നവനും നിന്ദ്യനുമായ ഒരുവനെയും താങ്കൾ അനുസരിക്കരുത്.(10) കുത്ത്വാക്ക് പറയുകയും ഏഷണിയുമായി നടക്കുകയും ചെയ്യുന്നവൻ.(11) നന്മ തടയുന്നവൻ, അതിക്രമം കാണിക്കുന്നവൻ. തിന്മ പ്രവർത്തിക്കുന്നവൻ.(12) ദുഃസ്വഭാവി, ഇവകൂടാതെ ഹീനജാതൻ.(13) അവൻ കൂടുതൽ സമ്പത്തും സന്താനങ്ങളും ഉള്ളവാനാണെന്നതിന്റെ പേരിലാണ് ഈ ദുസ്വഭാവങ്ങൾ കാട്ടുന്നത്.(14) നമ്മുടെ വചനങ്ങൾ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അവൻ പറയും: ഇത് മുൻഗാമികളുടെ കെട്ടുകഥകളാണ്.(15) അവന്റെ നീണ്ട മൂക്കിൽ നാം ഒരു അടയാളം ഇടുന്നതാണ്.(16) തോട്ടക്കാരെ നാം പരീക്ഷിച്ചതുപോലെ അവരെയും നാം പരീക്ഷിക്കുന്നതാണ്. പ്രഭാതത്തിൽ തന്നെ തോട്ടത്തിലെ പഴങ്ങൾ പറിക്കുമെന്ന് അവർ ആണയിട്ട് ഉറപ്പിച്ചപ്പോൾ.(17) അല്ലാഹു നിനച്ചാൽ എന്നവർ പറഞ്ഞില്ല.(18) അപ്പോൾ അവർ ഉറങ്ങിക്കിടക്കവെ നിന്റെ രക്ഷിതാവിന്റെ ഭാഗത്ത് നിന്നും ഒരു വിപത്ത് ആ തോട്ടത്തെ ബാധിച്ചു.(19) അങ്ങനെ ആ തോട്ടം കൊയ്യപ്പെട്ട കൃഷിയിടം പോലെയായി.(20) പ്രഭാതത്തിൽ പരസ്പരം അവർ വിളിച്ചുകൊണ്ട് പുറപ്പെട്ടു.(21) നിങ്ങൾ പഴം പറിക്കുന്നവരാണെങ്കിൽ കൃഷിയിടത്തിലേക്ക് രാവിലെ തന്നെ പോകൂ എന്ന് പറഞ്ഞു.(22) അങ്ങനെ രഹസ്യം പറഞ്ഞുകൊണ്ട് അവർ പോയി.(23) ഇന്നേ ദിവസം ഒരു സാധുവും നിങ്ങളുടെ അരികിൽ വരാൻ പാടില്ല എന്ന് പറഞ്ഞു.(24) അങ്ങനെ (സാധുക്കളെ) തടയാൻ കഴിവുള്ളവരാണെന്ന് വിചാരിച്ചുകൊണ്ട് അവർ പോയി.(25) അവർ അത് കണ്ടപ്പോൾ (ആദ്യം) അവർ പറഞ്ഞു: നമുക്ക് വഴിതെറ്റിപ്പോയി.(26) (ഉറപ്പായപ്പോൾ പറഞ്ഞു:) അല്ല, നാം ഫലം തടയപ്പെട്ടവരായിപ്പോയി.(27) അവരിൽ ഉത്തമനായ വ്യക്തിപറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ മഹത്വം വാഴ്ത്താമായിരുന്നല്ലോ എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?(28) അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് പരമ പരിശുദ്ധനാണ്. ഞങ്ങൾ അക്രമികളായിരുന്നു.(29) അവർ പരസ്പരം തിരിഞ്ഞ് ആക്ഷേപിക്കാൻ തുടങ്ങി.(30) അവർ പറഞ്ഞു: ഞങ്ങളുടെ നാശമേ, ഞങ്ങൾ പരിധി ലംഘിച്ചവരായിരുന്നു.(31) ഞങ്ങളുടെ രക്ഷിതാവ് ഇതിനേക്കാൾ ഉത്തമമായത് നമുക്ക് പകരം നൽകിയേക്കാം. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവിലേക്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നവരാകുന്നു.(32) ഇപ്രകാരമാണ് ശിക്ഷ. പരലോക ശിക്ഷ ഇതിനേക്കാൾ വലുതാണ്. ഈ ജനങ്ങൾ കാര്യം അറിഞ്ഞിരുന്നെങ്കിൽ!(33) തീർച്ചയായും ഭയഭക്തിയുള്ളവർക്ക് അവരുടെ രക്ഷിതാവിന്റെ അരികിൽ അനുഗ്രഹത്തിന്റെ തോട്ടങ്ങളുണ്ട്.(34) അനുസരണയുള്ളവരെ പാപികളെപ്പോലെ നാം ആക്കുമോ? (35)

വിവരണവും വ്യഖ്യാനവും:

        അടുത്ത ആയത്തുകളിൽ ആദ്യമായി ഭയഭക്തരായ ദാസന്മാർക്കുള്ള പ്രതിഫലം വിവരിച്ചിരിക്കുന്നു. തുടർന്ന് മക്കയിലെ ബഹുദൈവരാധകരായ നിഷേധികളുടെ ഒരു തെറ്റായ വാദത്തിന് മറുപടി പറയുകയാണ്. അവർ ഇപ്രകാരം പറഞ്ഞിരുന്നു: ഒന്നാമതായി പരലോകം തന്നെ വരുന്നതല്ല. ഇനി പരലോകവും വിചാരണയും രക്ഷാശിക്ഷകളും വെറും കെട്ടുകഥകൾ മാത്രമാണ്. ഇനി സാങ്കൽപ്പികമായി പരലോകം ഉണ്ടായാൽ തന്നെ നമുക്ക് ഇഹലോകത്ത് ലഭിച്ചതുപോലെയുള്ള അനുഗ്രഹങ്ങൾ പരലോകത്ത് ലഭിക്കുന്നതാണ്. അല്ലാഹു വിവിധ ആയത്തുകളിലൂടെ ഇതിന് മറുപടികൾ നൽകുന്നു. അല്ലാഹു നല്ലവരെയും പാപികളെയും തുല്യമാക്കുമോ? ഇത് വളരെ അത്ഭുതകരമായ ഒരു വിധിയാണ്. ഇതിന് യാതൊരു രേഖയും തെളിവും വേദഗ്രന്ഥങ്ങളുടെ അടിസ്ഥാനവും അല്ലാഹുവിന്റെ ഭാഗത്തുനിന്നുമുള്ള വാഗ്ദാനവും ഇല്ല തന്നെ. 
 പരലോകത്തിനുള്ള ബുദ്ധിപരമായ തെളിവ്: ഖിയാമത്ത് നാൾ സംഭവിക്കുന്നതും വിചാരണയുണ്ടാകുന്നതും നന്മ-തിന്മകളുടെ പ്രതിഫലം ലഭിക്കുന്നതും ബുദ്ധിപരമായും നിർബന്ധമാണെന്നും ഈ ആയത്തുകളിലൂടെ വ്യക്തമാകുന്നു. കാരണം ഇഹലോകത്ത് പൊതുവായ നിലയിൽ തെമ്മാടികളും നിഷേധികളും അക്രമികളും കള്ളന്മാരും കൊള്ളക്കാരും സുഖരസങ്ങളിൽ കഴിയുന്നതായി നാം കാണുന്നുണ്ട്. മാന്യനായ ഒരു വ്യക്തി ജീവിതം കാലം സമ്പാദിച്ചാലും കഴിയാത്ത അത്രയും സമ്പത്ത് ഒരു കള്ളനും കൊള്ളക്കാരനും ഒരു രാത്രിയിലെ ഏതാനും മണിക്കൂറിനുള്ളിൽ സമ്പാദിക്കാറുണ്ട്. അവർക്ക് പടച്ചവനോട് ഭക്തിയോ, പരലോക ഭയമോ അൽപ്പം പോലുമില്ല. മനസ്സിന്റെ ഇച്ഛകളെല്ലാം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ മാന്യനായ വ്യക്തി ഒന്നാമതായി പടച്ചവനെ ഭയക്കുന്നു. ഭയമില്ലെങ്കിൽ തന്നെ ജനങ്ങളെക്കുറിച്ച് ലജ്ജ പുലർത്തുന്നതാണ്. ചുരുക്കത്തിൽ ലോകത്ത് തിന്മ നിറഞ്ഞവർ വിജയികളായി വാഴുകയും നന്മ നിറഞ്ഞവർ പരാജിതരായി കഴിയുകയും ചെയ്യുന്നതായിട്ടാണ് പൊതുവിൽ കാണപ്പെടുന്നത്. ഇത്തരുണത്തിൽ സത്യത്തെയും അസത്യത്തെയും നീതിയോടെ വിചാരണ ചെയ്യാനും ഇരുകൂട്ടർക്കും രക്ഷാ ശിക്ഷകൾ നൽകാനും ഒരു സമയം നിശ്ചയിക്കപ്പെട്ടില്ലെങ്കിൽ ഏതെങ്കിലും തിന്മയെക്കുറിച്ച് തിന്മയും പാപവുമെന്ന് പറയുന്നത് വെറുതെയാകുന്നതാണ്. കൂടാതെ, നീതിയ്ക്കും ന്യായത്തിനും ഒരു അർത്ഥവും ഉണ്ടാകുന്നതല്ല. പ്രത്യേകിച്ചും പടച്ചവനുണ്ടെന്ന് പറയുന്നവരെ സംബന്ധിച്ചിടത്തോളം പടച്ചവന്റെ നീതി ഒരു ചോദ്യ ചിഹ്നമായി മാറുന്നതാണ്. 
 ഇഹലോകത്ത് തന്നെ ചില സന്ദർഭങ്ങളിൽ പാപികൾ പിടിയ്ക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ഇവിടെയും നല്ലവർ ആദരിക്കപ്പെടുകയും ഭരണകൂടങ്ങൾ നീതിയുടെ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യാറുണ്ടെന്ന് ഒരു സംശയം ഉണ്ടായേക്കാം. ഈ സംശയം അസ്ഥാനത്താണ്. കാരണം ഒന്നാമതായി എല്ലാ സമയങ്ങളിലും സ്ഥലങ്ങളിലും ഭരണകൂടത്തിന്റെ നോട്ടം ഉണ്ടാകുന്നതല്ല. എവിടെയെങ്കിലും ഉണ്ടെങ്കിൽ തന്നെ നീതിയോട് കൂടിയുള്ള വിധി വളരെ പ്രയാസകരമാണ്. വിധികർത്താക്കൾക്ക് മുന്നിൽ വ്യക്തമായ രേഖകൾ ഉണ്ടായിരുന്നിട്ടും കൈക്കൂലിയും ശുപാർശയും സമ്മർദ്ധവും കാരണം നിരവധി കുറ്റവാളികൾ രക്ഷപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തിൽ ഭരണകൂടങ്ങൾ അക്രമികൾക്ക് ശരിയായ ശിക്ഷ നൽകുമെന്ന് വിഡ്ഢികൾ മാത്രമേ വിശ്വസിക്കുകയുള്ളൂ. കൈക്കൂലി കൊടുക്കാതിരിക്കുകയും ആരും സഹായിക്കാതിരിക്കുകയും ചെയ്യുന്ന ചില കുറ്റവാളികൾ ഒഴിച്ച് മറ്റെല്ലാ കുറ്റവാളികളും ലോകത്ത് കറങ്ങി നടക്കുകയാണ്. ഇത്തരുണത്തിൽ അല്ലാഹു ചോദിക്കുന്നു: അനുസരണയുള്ളവരെ പാപികളെപ്പോലെ നാം ആക്കുമോ?(35) അതെ, എല്ലാവർക്കും വിചാരണയുണ്ടാവുകയും പാപികൾക്കും രക്ഷപ്പെടാൻ വഴി ലഭിക്കാതിരിക്കുകയും നീതി നിറഞ്ഞ് നിൽക്കുകയും നല്ലവരും ചീത്തവരും വ്യക്തമായി വേർതിരിക്കപ്പെടുകയും ചെയ്യുന്ന ഒരു സമയമുണ്ടാവുക എന്നത് നിർബന്ധമാണ്. ഇങ്ങനെയൊന്ന് ഇല്ലെങ്കിൽ ഇഹലോകത്ത് ഒരു തിന്മയും തിന്മയല്ലെന്നും ഒരു അക്രമവും അക്രമമല്ലെന്നും പടച്ചവന്റെ നീതിയും ന്യായവും അർത്ഥ ശൂന്യമാണെന്നും പറയേണ്ടി വരുന്നതാണ്. ചുരുക്കത്തിൽ പരലോകവും രക്ഷാ ശിക്ഷകളും നിർബന്ധമായ കാര്യമാണ്. ഈ കാര്യം സമർത്ഥിച്ച ശേഷം പരലോകത്തിന്റെ ചില ഭയാനക ചിത്രങ്ങൾ അടുത്ത ആയത്തുകളിൽ വിവരിച്ചിരിക്കുന്നു. അതിന്റെ വിവരണം ആശയ സംഗ്രഹത്തിൽ കടന്നുകഴിഞ്ഞു. 
 ഈ വൃത്താന്തത്തെ കളവാക്കുന്നവരെ എനിക്ക് വിട്ട് തന്നേക്കുക! അതായത് പരലോകത്തെ നിഷേധിയ്ക്കുന്നവരെയും എന്നെയും വിട്ടേക്കുക. അവരോട് എന്ത് ചെയ്യണമെന്ന് നാം തീരുമാനിച്ചുകൊള്ളാം. വിട്ടേക്കുക എന്ന ഇവിടുത്തെ പ്രയോഗത്തിന്റെ ഉദ്ദേശം ഈ കാര്യങ്ങളെല്ലാം അല്ലാഹുവിനെ ഏൽപ്പിച്ച് പടച്ചവനിൽ ഭരമേൽപ്പിക്കുക എന്നതാണ്. ഞങ്ങൾ പടച്ചവന്റെ അരികിൽ യഥാർത്ഥ പാപികളായിരിക്കുകയും പടച്ചവൻ നമ്മെ ശിക്ഷിക്കാൻ കഴിവുള്ളവനായിരിക്കുകയും ചെയ്താൽ പിന്നെ എന്തുകൊണ്ടാണ് പടച്ചവൻ ഞങ്ങളെ ശിക്ഷിക്കാത്തതെന്ന് നിഷേധികൾ നിരന്തരം ചോദിച്ചിരുന്നു. മനസ്സ് വേദനിപ്പിക്കുന്ന ഈ ചോദ്യങ്ങൾ കാരണം റസൂലുല്ലാഹി (സ)യുടെ മനസ്സിൽ അവരെ ശിക്ഷിക്കണമെന്ന ചിന്ത ഇടയ്ക്ക് ഉണ്ടാകുമായിരുന്നു. ഇവരുടെ മേൽ ശിക്ഷയുണ്ടായാൽ മറ്റുള്ളവർ നന്നാകാൻ സാധ്യതയുണ്ടെന്ന് വിചാരിച്ച് ചിലവേള ഈ ശിക്ഷ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അല്ലാഹു ഉണർത്തുന്നു: നമ്മുടെ തന്ത്രത്തെ ഏറ്റവും നന്നായി നമുക് തന്നെ അറിയാം. നാം ഒരു പരിധിവരെ അവർക്ക് ഇളവ് നൽകുന്നതാണ്. ഉടനടി ശിക്ഷ നൽകുന്നതല്ല. ഇതിലൂടെ അവർ പരീക്ഷിക്കപ്പെടുന്നതാണ്. കൂട്ടത്തിൽ അവർക്ക് സത്യം സ്വീകരിക്കാൻ കുറച്ച് അവസരം കൂടി നൽകപ്പെടുന്നു. 
 അവസാനമായി യൂനുസ് നബി (അ)യുടെ സംഭവം അനുസ്മരിച്ചുകൊണ്ട് റസൂലുല്ലാഹി (സ)യെ ഉപദേശിക്കുന്നു: യൂനുസ് നബി (അ) ജനങ്ങളുടെ വെല്ലുവിളികളിൽ മനസ്സ് ഞെരുങ്ങി പടച്ചവന്റെ ശിക്ഷയ്ക്കാൻ പ്രാർത്ഥിച്ചു. അങ്ങനെ ശിക്ഷയുടെ അടയാളങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങി. ഇതുകണ്ട യൂനുസ് നബി (അ) അവിടെ നിന്നും മറ്റൊരു നാട്ടിലേക്ക് പോയി. ഇതിനിടയിൽ സമുദായം മുഴുവനും വലിയ വിനയ വണക്കങ്ങളോട് ആത്മാർത്ഥമായി പശ്ചാത്തപിച്ചു. അപ്പോൾ അല്ലാഹു അവർക്ക് പൊറുത്ത് കൊടുക്കുകയും ശിക്ഷ മാറ്റുകയും ചെയ്തു. ഇപ്പോൾ യൂനുസ് നബി (അ) ലജ്ജിച്ചു. ഞാൻ വ്യാജനായി മുദ്ര കുത്തപ്പെടുമെന്ന് ഭയന്നു. ഈ കാരണത്താൽ പടച്ചവന്റെ വ്യക്തമായ അനുമതി കൂടാതെ, സ്വന്തം ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ അവിടെ നിന്നും യാത്ര തിരിച്ചു. ഇതിന്റെ പേരിൽ അല്ലാഹു അദ്ദേഹത്തെ ഉണർത്താൻ വേണ്ടി കടൽ യാത്രയ്ക്കിടയിൽ മത്സ്യം വിഴുങ്ങുന്ന സംഭവം നടത്തി. യൂനുസ് നബി (അ) ഉണരുകയും പാപമോചനം തേടുകയും ചെയ്തപ്പോൾ പടച്ചവൻ പഴയെ അനുഗ്രഹങ്ങളുടെ കവാടം വീണ്ടും തുറന്ന് കൊടുത്തു. ഈ സംഭവം സൂറത്ത് യൂനുസിലും മറ്റ് സ്ഥലങ്ങളിലും വന്നിട്ടുണ്ട്. ഈ സംഭവത്തിലൂടെ അല്ലാഹു റസൂലുല്ലാഹി (സ)യെ ഉപദേശിക്കുന്നു: ജനങ്ങളുടെ ഇത്തരം വെല്ലുവിളികൾ കേട്ട് താങ്കൾ മനസ്സ് ഇടുങ്ങുകയും അവരുടെ മേൽ ശിക്ഷയുണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യരുത്. നമ്മുടെ തത്വങ്ങൾ നമുക്കറിയാം. താങ്കൾ നമ്മുടെ മേൽ ഭരമേൽപ്പിക്കുക. ഈ ആയത്തിൽ യൂനുസ് നബി (അ)നെ മീൻകാരൻ എന്ന് പറഞ്ഞ് മഹാനവർകൾ കുറഞ്ഞ നാളുകൾ മത്സ്യത്തിന്റെ വയറ്റിൽ കിടന്നതുകൊണ്ടാണ്. 
 ഉപദേശം കേൾക്കുമ്പോൾ നിഷേധികൾ കണ്ണുകൾകൊണ്ട് താങ്കളെ മറിച്ചിടുന്ന നിലയിൽ തുറിച്ചുനോക്കുന്നു. ഇദ്ദേഹം ഒരു ഭ്രാന്തൻ തന്നെയാണെന്ന് പറയുകയും ചെയ്യുന്നു.(51) അതായത് നിഷേധികൾ താങ്കളെ അങ്ങേയറ്റത്തെ കോപത്തോടെ തുറിച്ച് നോക്കുന്നു. താങ്കളുടെ സ്ഥാനത്ത് നിന്നും താങ്കളെ തള്ളിയിടുകയും മാറ്റിക്കളയുകയും ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നു. അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുമ്പോൾ ഇതൊരു ഭ്രാന്തനാണെന്ന് അവർ പറയുന്നു. എന്നാൽ ഇതു മുഴുവൻ മാലോകർക്കുമുള്ള ഒരു ഉപദേശം മാത്രമാണ്.(52) എന്നാൽ പരിശുദ്ധ ഖുർആൻ സർവ്വ മനുഷ്യർക്കും ഉപദേശവും വിജയ നന്മകളിലേക്കുള്ള വഴിയുമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ഭ്രാന്തന്മാർക്ക് പറയാൻ സാധിക്കുന്നതല്ല. ഈ സൂറത്തിന്റെ ആരംഭത്തിൽ നിഷേധികളുടെ ഭ്രാന്താരോപണത്തിന് മറുപടി പറയുന്നതുപോലെ സമാപനത്തിലും മറ്റൊരു ശൈലിയിൽ മറുപടി പറഞ്ഞിരിക്കുന്നു. ഇമാം ബഗവി (റ) മുതലായവർ ഇവിടെ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്: കണ്ണേറ് ബാധിക്കുന്നതാണെന്നും അതിലൂടെ ബുദ്ധിമുട്ടുകളും രോഗങ്ങളും മാത്രമല്ല, മരണം വരെ ഉണ്ടാകുന്നതാണെന്നും സ്ഥിരപ്പെട്ടിട്ടുണ്ട്. കണ്ണേറ് സത്യമാണെന്ന് സഹീഹായ ഹദീസുകളിലും വന്നിരിക്കുന്നു. അറേബ്യയിൽ കണ്ണേറിന്റെ വിഷയത്തിൽ പ്രസിദ്ധരായ ഒരു വ്യക്തിയുണ്ടായിരുന്നു. ഒട്ടകങ്ങളെയും ഇതര മൃഗങ്ങളെയും അയാൾ നോക്കിയാൽ ഉടനടി അവ ചത്ത് പോകുമായിരുന്നു മക്കാ നിഷേധികൾ റസൂലുല്ലാഹി (സ)യോട് കടുത്ത ശത്രുത പുലർത്തിയിരുന്നു. റസൂലുല്ലാഹി (സ)യെ വധിക്കാനും ഏതെങ്കിലും നിലയിൽ ഉപദ്രവിക്കാനും അവർ പരിശ്രമിച്ചിരുന്നു. ഈ വഴിയിൽ റസൂലുല്ലാഹി (സ)യെ അയാൾ നോക്കണമെന്ന് അവർ ആഗ്രഹിച്ചു. അതിനുവേണ്ടി അയാളെ പിടിച്ചുകൊണ്ട് വന്നു. അദ്ദേഹം കണ്ണെറിയാൻ വളരെയധികം പരിശ്രമിച്ചെങ്കിലും അല്ലാഹു റസൂലുല്ലാഹി (സ)യെ സംരക്ഷിച്ചു. ഈ ആയത്ത് ഇതുമായി ബന്ധപ്പെട്ടാണ് അവതരിച്ചത്. കുറിപ്പ്: ഇമാം ഹസൻ ബസ്വരി (റ) പറയുന്നു: കണ്ണേറ് ബാധിച്ചവരുടെ മേൽ ഈ രണ്ട് ആയത്തുകൾ ഓതി ഊതിയാൽ കണ്ണേറിന്റെ പ്രതിഫലനങ്ങൾ ഇല്ലാതാകുന്നതാണ്. 
 1399 റജബ് ആറ് ഞയറാഴ്ച സൂറത്തുൽ ഖലം അവസാനിച്ചു.
 
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

173. അനസ് (റ) വിവരിക്കുന്നു: മുസ്‌ലിംകളിൽ നിന്നും ഏറ്റവും ആദ്യമായി ഹബ്ഷയിലേക്ക് ഹിജ്റ ചെയ്ത വ്യക്തി ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) ആയിരുന്നു. അദ്ദേഹത്തിന്റെ പ്രിയ പത്നി റസൂലുല്ലാഹി ﷺയുടെ മകൾ റുഖിയ്യ (റ)യോടൊപ്പം അദ്ദേഹം ഹബ്ഷയിലേക്ക് യാത്രയായി.
പിന്നീട് ദീർഘ നാളുകൾ റസൂലുല്ലാഹി ﷺക്ക് അവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. റസൂലുല്ലാഹി ﷺ പുറത്തേക്ക് വരുകയും അവരുടെ വാർത്തകൾ അറിയാൻ പ്രതീക്ഷയോടെ നിൽക്കുകയും എവിടെ നിന്നെങ്കിലും വാർത്ത അറിയാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ ഖുറൈശികളിലെ ഒരു സ്ത്രീ ഹബ്ഷയിൽ നിന്നും മക്കയിലേക്ക് വന്നു. റസൂലുല്ലാഹി ﷺ ആ സ്ത്രീയോട് അവരെപ്പറ്റി ചോദിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞു: "അല്ലയോ അബുൽ ഖാസിം, ഞാൻ അവർ രണ്ടുപേരെയും കാണുകയുണ്ടായി."
റസൂലുല്ലാഹി ﷺ ചോദിച്ചു: “എന്താവസ്ഥയിലാണ് കണ്ടത്?"
അവർ പറഞ്ഞു: “ഉസ്മാൻ അങ്ങയുടെ മകൾ റുഖിയ്യയെ പതുക്കെ നടക്കുന്ന ഒരു കഴുതപ്പുറത്ത് യാത്ര ചെയ്യിപ്പിക്കുകയും, അദ്ദേഹം കാൽനടയായി യാത്ര ചെയ്യുകയും ചെയ്യുന്നത് ഞാൻ കണ്ടു."
അപ്പോൾ റസൂലുല്ലാഹി ﷺ അരുളി: “അല്ലാഹു തആല അവരെ കാത്തുരക്ഷിക്കട്ടെ." ശേഷം അരുളി: “അല്ലാഹുവിന്റെ ദൂതൻ ലൂത്ത് നബി (അ)ക്ക് ശേഷം ഭാര്യയോടൊപ്പം അല്ലാഹുവിന്റെ ഭാഗത്തേക്ക് പലായനം ചെയ്ത ആദ്യ വ്യക്തി ഉസ്മാൻ ആണ്." (ത്വബ്റാനി, ബൈഹഖി, ഇബ്നു അസാക്കിർ)

വിവരണം: റസൂലുല്ലാഹി ﷺയുടെ ആദ്യ ഭാര്യയായ ഉമ്മുൽ മുഅ്മിനീൻ ഖദീജ (റ)യിൽ നിന്നും നാല് പെൺമക്കൾ ജനിച്ചു. സൈനബ് (റ), റുഖിയ്യ (റ), ഉമ്മു കുൽസൂം (റ), ഫാത്തിമ (റ). ഇതുകൂടാതെ രണ്ടോ മൂന്നോ ആൺകുട്ടികളും ജനിച്ചു എന്നും ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു എന്നും നിവേദനങ്ങൾ പറയുന്നു. ഇവരിൽ സൈനബ്(റ)യുടെ വിവാഹം റസൂലുല്ലാഹി ﷺ അബുൽ ആസ് ബിൻ റബീഉമായി നടത്തി. റുഖിയ്യ, ഉമ്മു കുൽസൂം ഇരുവരെയും റസൂലുല്ലാഹി ﷺയുടെ പിതൃവ്യൻ അബൂലഹബിന്റെ രണ്ട് മക്കൾ ഉത്ബയും ഉതൈബയും വിവാഹം കഴിച്ചു. വിവാഹം നടന്നെങ്കിലും വീടുകൂടേണ്ട അവസ്ഥ ഉണ്ടായില്ലായിരുന്നു. ഇതിനിടയിൽ റസൂലുല്ലാഹി ﷺ പ്രബോധനം ആരംഭിക്കുകയും അബൂലഹബും ഭാര്യ ഉമ്മു ജമീലും അതിനെ കഠിനമായി എതിർക്കാനും തുടങ്ങി. അവസാനം ഇതുമായി ബന്ധപ്പെട്ട് സൂറത്തുൽ ലഹബ് അവതരിച്ചു. അതിൽ അബൂലഹബിന്റെയും അബൂലഹബിന്റെ ഭാര്യയുടെയും ദുരന്തപൂർണ്ണമായ പരിണതി അല്ലാഹു പ്രഖ്യാപിക്കുകയുണ്ടായി. ഇത് കേട്ട് കോപാന്ധരായ അബൂലഹബും ഭാര്യയും രണ്ട് മക്കളെയും വിവാഹമോചനം നടത്താൻ നിർബന്ധിച്ചു. ഇരുവരും അപ്രകാരം പ്രവർത്തിച്ചു. യഥാർത്ഥത്തിൽ ഇത് പടച്ചവന്റെ ഭാഗത്ത് നിന്നുള്ള വളരെ തന്ത്രപരമായ നീക്കമായിരുന്നു. ഇതിലൂടെ പരിശുദ്ധരായ രണ്ട് മക്കൾ അശുദ്ധി നിറഞ്ഞ വീട്ടിൽ നിൽക്കാൻ ഇടയുണ്ടായില്ല.
ശേഷം റസൂലുല്ലാഹി ﷺ ഇരുവരിൽ മൂത്ത മകളായ റുഖിയ്യ (റ)യുടെ വിവാഹം ഉസ്മാൻ(റ)വുമായി നടത്തി. ഉസ്മാൻ (റ) തുടക്കത്തിൽ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും നബി ﷺയുടെ ആത്മസുഹൃത്തുക്കളിൽ പെടുകയും ചെയ്തിരുന്നു. ഈ വിവാഹം അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു എന്ന് ചില നിവേദനങ്ങളിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
ഇസ്‌ലാമിക പ്രബോധനത്തിന്റെ ആരംഭഘട്ടത്തിൽ മക്കയിലെ അക്രമികളും കഠിനഹൃദയരുമായ നിഷേധികൾ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ മേൽ കഠിനമായ മർദ്ദന പീഡനങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇതിനിടയിൽ ഹബ്ഷയിലെ രാജാവ് ക്രൈസ്തവരും വിശാല ഹൃദയനും നീതിമാനും ആണെന്ന് റസൂലുല്ലാഹി ﷺക്ക് വിവരം കിട്ടി. റസൂലുല്ലാഹി ﷺ സത്യവിശ്വാസം സ്വീകരിച്ച കൂട്ടുകാരോട് ഹബ്ഷയിലേക്ക് പോകാൻ കഴിവുള്ളവർ പോകണമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ ഏതാനും സ്വഹാബികൾ ഇതിന് സന്നദ്ധരായി. ഇതിൽ ഏറ്റവും ആദ്യമായി സന്നദ്ധമായി മുന്നോട്ട് വന്നത് ഉസ്മാൻ (റ) ആയിരുന്നു. അദ്ദേഹം റസൂലുല്ലാഹി ﷺയുടെ അഭിപ്രായപ്രകാരം പവിത്ര പത്നിയായ റുഖിയ്യ (റ)യേയും കൂട്ടി ഹബ്ഷയിലേക്ക് പലായനം ചെയ്തു.
അനസ് (റ) പറയുന്നു: അവർ ഹബ്ഷയിൽ എത്തി കുറേക്കാലം അവരെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. അപ്പോൾ റസൂലുല്ലാഹി ﷺ അവരെക്കുറിച്ച് നിരന്തരം ആലോചിക്കുകയും അവരുടെ അവസ്ഥ അറിയാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. നീണ്ട നാളുകൾക്ക് ശേഷം ഒരു ഖുറൈശി സ്ത്രീ അവിടെ നിന്നും മക്കയിലേക്ക് വന്നു. റസൂലുല്ലാഹി ﷺ അവരോട് ഇരുവരെയും കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "ഞാൻ ഇരുവരെയും കണ്ടു." എന്താവസ്ഥയിലാണെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "അവർ ഭാര്യയെ ഒരു വാഹനപ്പുറത്ത് യാത്ര ചെയ്യിപ്പിക്കുകയും സ്വയം നടക്കുകയും ചെയ്യുന്നതായി കണ്ടു." ഭാര്യക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് വാഹനം പതുക്കെ സഞ്ചരിപ്പിച്ചത്. ഇത് കേട്ടപ്പോൾ റസൂലുല്ലാഹി ﷺക്ക് വലിയ സമാധാനമായി. അല്ലാഹുവിന്റെ സാമീപ്യവും സംരക്ഷണവും ഇരുവർക്കും ലഭിക്കട്ടെ എന്ന് ദുആ ചെയ്തുകൊണ്ട് അരുളി: “അല്ലാഹുവിന്റെ ദൂതനായ ലൂത്ത് നബി (അ)ക്ക് ശേഷം സഖിയേയും കൂട്ടിക്കൊണ്ട് അല്ലാഹുവിന്റെ ഭാഗത്തേക്ക് അതായത് പടച്ചവന്റെ പൊരുത്തം കരസ്ഥമാക്കാൻ നാടും വീടും കൂട്ടുകുടുംബാദികളെയും വിട്ട് ആദ്യമായി യാത്രയാകുന്ന വ്യക്തി ഉസ്മാനും ഭാര്യയുമാണ്.!"
അക്കാലഘട്ടത്തിൽ മക്കയിൽ നിന്നും ഹബ്ഷയിലേക്ക് ഹിജ്റ ചെയ്യുന്നത് എത്ര വലിയ ത്യാഗമായിരുന്നു എന്ന കാര്യം സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്. ഇവിടെ ഒരു കാര്യം മനസ്സിലാക്കുക, ഈ ഹദീസിൽ പറയപ്പെട്ട പലായനം ഇസ്‌ലാമിലെ ആദ്യത്തെ പലായനമായിരുന്നു. ഇതിൽ കുറഞ്ഞ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം വലിയൊരു സംഘം ഹബ്ഷയിലേക്ക് പലായനം ചെയ്തു. അവരെല്ലാവരും ഹബ്ഷയിൽ വർഷങ്ങളോളം താമസിച്ചു. എന്നാൽ, ഉസ്മാൻ (റ) ഏതാനും വർഷം താമസിച്ച് മക്കയിലേക്ക് മടങ്ങി.
പക്ഷേ, അപ്പോൾ റസൂലുല്ലാഹി ﷺ മദീനയിലേക്ക് പലായനം ചെയ്തു കഴിഞ്ഞിരുന്നു. അങ്ങനെ ഉസ്മാൻ (റ) ഭാര്യയോടൊപ്പം മദീനയിലേക്ക് ഹിജ്റ ചെയ്തു. ഹബ്ഷയിൽ വെച്ച് ജനിച്ച അബ്ദുള്ള എന്ന ഒരു കുട്ടിയും അവരോടൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ ഉസ്മാൻ (റ)വിന് ‘സാഹിബുൽ ഹിജ്റത്തൈൻ' (രണ്ട് ഹിജ്റകളുടെ വക്താവ്) എന്ന് പറയപ്പെടുന്നു. സച്ചരിതരായ ഖലീഫമാരിൽ ഈ സ്ഥാനം നേടിയ വ്യക്തി ഉസ്മാൻ (റ) മാത്രമാണ്.
മദീന മുനവ്വറയിലേക്ക് ഹിജ്റ ചെയ്തതിന് ശേഷം രണ്ട് വർഷം കഴിഞ്ഞപ്പോൾ റുഖിയ്യ (റ) രോഗിയായി. റസൂലുല്ലാഹി ﷺ ബദ്റിലേക്ക് പുറപ്പെട്ടപ്പോൾ ഉസ്മാൻ(റ)വും കൂട്ടത്തിൽ കൂടാൻ ആഗ്രഹിച്ചു. റസൂലുല്ലാഹി ﷺ അരുളി: “ഭാര്യയെ ശുശ്രൂഷിക്കുന്നതിന് നിങ്ങൾ ഇവിടെത്തന്നെ താമസിക്കുക. അല്ലാഹു ഈ യാത്രയിലെ മുജാഹിദുകൾക്ക് നൽകുന്ന പ്രതിഫലവും ഗനീമത്തും നിങ്ങൾക്കും നൽകുന്നതാണ്." ഉസ്മാൻ (റ) നിർദ്ദേശപ്രകാരം മദീനയിൽ തന്നെ താമസിച്ചു. എന്നാൽ, അവരുടെ രോഗം ഭേദമായില്ല. റസൂലുല്ലാഹി ﷺ മദീനയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് അവർ ഇഹലോകവാസം വെടിഞ്ഞു.
യാത്രക്കിടയിൽ കരളിന്റെ കഷ്ണമായ മകളുടെ വേർപാട് അറിഞ്ഞ് റസൂലുല്ലാഹി ﷺ വളരെയധികം വേദനിച്ചു. ഉസ്മാൻ(റ)വിന്റെ അവസ്ഥ അടുത്ത ഹദീസിൽ വിവരിക്കുന്നുണ്ട്.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

ആവശ്യത്തിലധികമുള്ള നിർമ്മാണത്തിന് പ്രതിഫലമില്ല.

✍️ മൗലാനാ മുഫ്‌തി അബുൽ ഖാസിം നുഅ്മാനി
       (മുഹ്തമിം ദാറുൽ ഉലൂം ദയൂബന്ദ്)

വിവ : മുഫ്തി സാജിദ് നജ്മി അൽ ഖാസിമി ഈരാറ്റുപേട്ട


ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:
​ അനസ് (റ) നിവേദനം ചെയ്യുന്നു: റസൂൽﷺ അരുളി : "_നിർമ്മാണമൊഴികെയുള്ള മറ്റെല്ലാ ചെലവുകളും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ളതാണ്. എന്നാൽ (ആവശ്യത്തിലധികമുള്ള) നിർമ്മാണത്തിൽ യാതൊരു നന്മയുമില്ല._" (തിർമിദി)

​ സ്വന്തം കുടുംബത്തിന് വേണ്ടിയോ, തനിക്ക് വേണ്ടിയോ, വീട്ടുകാർക്ക് വേണ്ടിയോ അത്യാവശ്യ കാര്യങ്ങൾക്കായി ചെലവഴിക്കുന്നതെല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കുന്നതിന് തുല്യമാണ്, അതിന് പ്രതിഫലം ലഭിക്കും. എന്നാൽ "നിർമ്മാണമൊഴികെ" എന്ന് പറഞ്ഞിടത്ത് വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നത് "അതിൽ നന്മയില്ല" എന്നാണ്.
​ഇതിനർത്ഥം ഒരാൾ ഫുട്പാത്തിലോ, മോശം വീടുകളിലോ, വാടക വീടുകളിലോ തന്നെ താമസിക്കണമെന്നല്ല. അത് കൊണ്ട്‌ ആണ്‌ അത്യാവശ്യം എന്ന് ഉപാധി വെച്ചത്. 
 അത്യാവശ്യത്തിന് വേണ്ടി നിർമ്മിക്കുന്ന വീട് ഇതിൽ ഉൾപ്പെടില്ല. എന്നാൽ നമ്മുടെ ആവശ്യം എത്രത്തോളമാണെന്നും അത് എങ്ങനെ പൂർത്തിയാക്കാമെന്നും നമുക്ക് നന്നായി അറിയാം.​" അതായത്, ആവശ്യത്തിന് പുറമെ നിർമ്മാണത്തിനായി ചെലവഴിക്കുന്ന കാര്യങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇന്ന് പലപ്പോഴും പണം എവിടെ ചെലവഴിക്കണം എന്ന് അറിയാതെ അനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളിൽ പണം ഒഴുക്കാറുണ്ട്. ഇത് ആവശ്യത്തിന്റെ പരിധിയിൽ വരികയില്ല. അത്യാവശ്യ സൗകര്യങ്ങളുള്ള ലളിതവും ഉറപ്പുള്ളതുമായ ഒരു വീട് ആവശ്യമാണ്. എന്നാൽ അമിതമായ അലങ്കാരങ്ങൾക്കും , ആഡംബരങ്ങൾക്കുമായി പണം വാരിയെറിയുന്നത് ഒരുതരത്തിലും ആവശ്യമായി കണക്കാക്കാൻ കഴിയില്ല.
​അത്തരം കാര്യങ്ങൾ "لَا خَيْرَ فِيهِ" (അതിൽ നന്മ ഇല്ല) എന്നതിന്റെ പരിധിയിൽ വരുന്നു; അതായത് അതിൽ യാതൊരു നന്മയുമില്ല. അതെ, താമസിക്കാൻ ഉറപ്പുള്ള വീട്, കിടപ്പുമുറി, അതിഥി മുറി, ശുചിമുറി, കുളിമുറി, അടുക്കള തുടങ്ങി അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കുന്നതിൽ തെറ്റില്ല. എന്നാൽ ആവശ്യം കഴിഞ്ഞിട്ടും ആഡംബരത്തിനും, അലങ്കാരത്തിനുമായി പണം ദുർവ്യയം ചെയ്യുന്നത് നന്മയുടെ ഭാഗമല്ല.
​ഇതിന്റെ മറ്റൊരു ദോഷഫലം എന്തെന്നാൽ, അത്തരം കാര്യങ്ങളോട് മനുഷ്യന് അനാവശ്യമായ താൽപ്പര്യവും സ്നേഹവും ഉണ്ടാവുകയും ഹൃദയം അതിൽ കുടുങ്ങിപ്പോവുകയും ചെയ്യും എന്നതാണ്. ദുൻയാവിലെ വസ്തുക്കളോട് അമിതമായ മാനസിക ബന്ധം ഉണ്ടാവരുത്. പ്രവാചകൻ ﷺ സ്വഹാബികളെ എത്ര ഉന്നതമായ നിലവാരത്തിലാണ് വളർത്തിയെടുത്തത്! നമുക്ക് ആ നിലവാരത്തിലേക്ക് എത്താൻ പോലും കഴിയില്ല.

 (റാഹേ സഫ-1/173 -174)
      
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

ഈയാഴ്ച അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്കായി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

                                                            🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം

📓  തഫ്സീറുൽ ഹസനി
    
🔗 https://wa.me/p/9809713785760355/918577858031

🪙 ₹ 650/-

* പരിശുദ്ധ ഖുർആൻ ആശയവും വിവരണവും
* പരിശുദ്ധ ഖുർആൻ ലളിതമായ ആശയം
* ഓരോ പേജിലും പ്രധാനപ്പെട്ട വ്യാഖ്യാനക്കുറിപ്പുകൾ
* പരിശുദ്ധ ഖുർആൻ വചനങ്ങളുടെ അവതരണ പശ്ചാത്തലങ്ങളും തിരുവചനങ്ങളുടെ പരസ്‌പര ബന്ധങ്ങളും അതിമഹത്തായ സന്ദേശങ്ങളും വിവരിക്കുന്ന അമൂല്യ രചന.


🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌