ശഅ്ബാൻ 18/1447
ഫെബ്രുവരി 6/2025
ലക്കം: 248

 ഉള്ളടക്കം 

▪️മുഖലിഖിതം 
കാഴ്ചപ്പാടിന്റെ ശക്തി
        ✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി

▪️ജുമുഅ സന്ദേശം 
സാമൂഹിക സംസ്‌കരണ പ്രവർത്തനങ്ങൾ സജീവമാക്കുക.
        ✍️ മൗലാനാ സയ്യിദ് അർഷദ് മദനി  

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുൽ ഖലം.
റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങൾ, സഹനതയ്ക്ക് പ്രേരണ, അഹങ്കാരത്തിന്റെ നിന്ദ്യത, ഭയഭക്തർക്ക് സുവാർത്ത, നിഷേധികളുടെ നിന്ദ്യത
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ 
മരണസമയം മറച്ചുവെക്കുന്നതിൽ വലിയ യുക്തിയുണ്ട്.
            ✍️ മൗലാന മുഫ്തി അബുൽ ഖാസിം നുഅ്മാനി 

▪️ഇലാ റഹ്‌മത്തില്ലാഹ്... 


▪️ഗ്രന്ഥ പരിചയം 
പുതിയ പ്രദ്ധികരണങ്ങൾ

🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

കാഴ്ചപ്പാടിന്റെ ശക്തി

       പാത്രങ്ങൾ നിർമ്മിക്കുന്നവർക്ക് തങ്ങൾ നിർമ്മിക്കുന്ന പാത്രങ്ങളിൽ അഭിമാനിക്കാമെങ്കിൽ, ദൈവത്തിന് അവൻ സൃഷ്ടിച്ച മനുഷ്യനിൽ അഭി മാനിച്ചു കൂടേ? ശരിയാണ്, ഞങ്ങളും അത് സമ്മതിക്കുന്നു. നിങ്ങൾ ഒരു പാത്രം ഉണ്ടാക്കിയാൽ, ഒരു മെഷീൻ ഉണ്ടാക്കിയാൽ, ഒരു തുണി തുന്നിയാൽ സന്തോഷിക്കുന്നു. എന്നാൽ, എല്ലാ വസ്തുക്കൾക്കും വിലയുണ്ടാകാൻ കാരണക്കാരനായ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അതിൽ സന്തോഷിക്കാൻ അവകാശമില്ലേ?
    അമേരിക്കയിലെ കമ്പ്യൂട്ടറിനും വിലയും നിലയുമുള്ളത് നമ്മുടെ കാഴ്ചപ്പാടിന്റെ ജാലവിദ്യയാണ്. നാം സ്വർണ്ണത്തെ ആദരവോടെ കണ്ടപ്പോൾ അത് സ്വർണ്ണമായി. “നമുക്ക് സ്വർണ്ണം വേണ്ട" എന്ന് ലോകം മുഴുവൻ തീരുമാനിച്ചാൽ സ്വർണ്ണവും മണ്ണും തുല്യമാകും. സ്വർണ്ണം സ്വയം ഒരു വലിയ കാര്യമല്ല, അത് നമ്മുടെ നോട്ടത്തിൻ്റെ കളിയാണ്. പൂവും മുള്ളും തമ്മിലുള്ള വ്യത്യാസമെന്താണ്? നിങ്ങൾ പൂവ് എന്ന് വിളിച്ചാൽ അത് പൂവാകും, മുള്ള് എന്ന് വിളിച്ചാൽ അത് മുള്ളാകും. നാം ഇന്ന് മുതൽ പൂവിനെ മുള്ളെന്നും മുള്ളിനെ പൂവെന്നും വിളിക്കാൻ തീരുമാനിച്ചാൽ അത് അങ്ങനെയാകും. ഇതെല്ലാം നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയാണ്.
    കമ്പോളത്തിൽ വില കൂടുന്നത് എന്തുകൊണ്ടാണ്? ഇന്നലെ ഉണ്ടായിരുന്ന അതേ സാധനം തന്നെയാണ് ഇന്നും. പക്ഷേ, ഇന്ന് നിങ്ങളുടെ ആവശ്യം കൂടി, ആഗ്രഹം കൂടി, അപ്പോൾ വിലയും കൂടി. നിങ്ങൾ അത് വാങ്ങില്ലെന്ന് തീരുമാനിച്ചാൽ അത് വിലയില്ലാത്തതാകും. ഫാഷൻ്റെ കാര്യവും അങ്ങനെ തന്നെ. പാരീസിലോ ലണ്ടനിലോ ഒരു പുതിയ ഫാഷൻ വരുന്നു, ആളുകൾ അത് ഇഷ്ടപ്പെടുന്നു. കുറച്ചുനാൾ കഴിയുമ്പോൾ അത് ധരിക്കുന്നവരെ ഭ്രാന്തനെന്ന് വിളിക്കുന്നു. എന്താണ് ഈ അപ്ഡേറ്റ് (Update)ൻ്റെയും 'ഔട്ട്-ഓഫ്-ഡേറ്റ്' (Out -of-date) ന്റെയും സത്യം? എല്ലാം നിങ്ങളാണ് തീരുമാനിക്കുന്നത്.
    ഈ ലോകത്ത് എല്ലാം നിങ്ങളാണ്. പക്ഷേ, നിങ്ങളുടെ പെരുമാറ്റം കണ്ടാൽ തോന്നുക, പടച്ചവൻ്റെ ഇഷ്ടത്തിൽ നിങ്ങൾക്ക് തൃപ്തിയില്ല എന്നാണ്. പടച്ചവൻ നന്നാക്കാൻ ആഗ്രഹിക്കുന്നു, നിങ്ങൾ നശിപ്പിക്കുന്നു. പടച്ചവൻ സമാധാനം ആഗ്രഹിക്കുന്നു, നിങ്ങൾ അത് തകർക്കാനും.

✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി
(മുൻ അധ്യക്ഷൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD 

 ജുമുഅ സന്ദേശം 

സാമൂഹിക സംസ്‌കരണ പ്രവർത്തനങ്ങൾ സജീവമാക്കുക. 

✍️ മൗലാനാ സയ്യിദ് അർഷദ് മദനി
(പ്രസിഡൻ്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)

            സർവ്വലോക പരിപാലകനായ അല്ലാഹു മാനവരാശിയുടെ സന്മാർഗ്ഗത്തിനും ഇരുലോക വിജയത്തിനും കനിഞ്ഞരുളിയ മഹത്തായ മാർഗ്ഗമാണ് ഇസ്‌ലാം. അന്ത്യപ്രവാചകർ മുഹമ്മദുർ റസൂലുല്ലാഹി ﷺയിലൂടെ സരളവും സുന്ദരവുമായ ഈ മാർഗ്ഗം സമ്പൂർണ്ണമാക്കപ്പെട്ടു. ഇസ്‌ലാമിൻ്റെ അടിസ്ഥാന സന്ദേശം രണ്ട് കാര്യങ്ങളാണ്: വിശ്വാസവും കർമ്മവും നന്നാക്കുക. വിശ്വാസമെന്നാൽ അല്ലാഹുവിനെ ഏക ഇലാഹായും മുഹമ്മദുർ റസൂലുല്ലാഹി ﷺയെ അന്ത്യപ്രവാചകനായും വിശ്വസിക്കുക. കർമ്മമെന്നാൽ നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, മുതലായ ഇബാദത്തുകൾ നന്നാക്കുകയും മാതാപിതാക്കൾ ഇണകൾ സന്താനങ്ങൾ ബന്ധുക്കൾ അയൽവാസികൾ മുസ്‌ലിംകൾ അമുസ്‌ലിംകൾ സർവ്വരോടുമുള്ള കടമകൾ പാലിക്കുക. ഇതോടൊപ്പം അന്ധവിശ്വാസം, അനാചാരം മുതലായ പാപങ്ങൾ വർജ്ജിക്കുകയും ചെയ്യുക. ഇത് വളരെ എളുപ്പമാണെങ്കിലും സാഹചര്യത്തിൻ്റെ സങ്കീർണ്ണതകളും മറ്റും കാരണമായി ഇവ വലിയ പ്രയാസകരമായി അനുഭവപ്പെടാറുണ്ട്. ഇതിൻ്റെ പരിഹാരത്തിന് പടച്ചവൻ തന്നെ കനിഞ്ഞരുളിയ മഹത്തായ പ്രവർത്തനമാണ് നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യുക എന്നുള്ളത്. ഇതിന് ഇസ്‌ലാഹേ മുആശറാ (സാമൂഹിക സംസ്കരണം എന്ന് പറയപ്പെടുന്നു.
            നന്മ ഉപദേശിക്കലും തിന്മ തടയലും എല്ലാ മുസ്‌ലിംകളുടെയും പൊതു ബാധ്യതയാണ്. വിശിഷ്യാ മത പണ്ഡിതരുടെയും മസ്ജിദ് ഇമാമുകളുടെയും പ്രധാന കർത്തവ്യമാണ്. സാമൂഹിക സംസ്‌കരണം കൂടാതെ, ഇഹലോകത്ത് അന്തസ്സും സമാധാനവും ലഭിക്കുന്നതല്ല. തിന്മകൾ നമ്മിലേക്കും തള്ളിക്കയറുകയും പരലോകം അപകടത്തിലാവുകയും ചെയ്യുന്നതുമാണ്. സാമൂഹിക സംസ്‌കരണം മൂന്ന് തലങ്ങളിലാണ്. ഒന്ന്, നാമോരോരുത്തരും സ്വയം നന്മയുള്ളവരാകാനും തിന്മകൾ ദൂരീകരിക്കാനും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. രണ്ട്, ഇണ, മക്കൾ സഹോദരങ്ങൾ കുടുംബാംഗങ്ങൾ ഇവരുടെ അവസ്ഥ നന്നാക്കാൻ പരിശ്രമിക്കുക. മൂന്ന്, സമൂഹത്തിൻ്റെ അവസ്ഥകൾ ശ്രദ്ധിക്കുകയും തിന്മകൾ തടയാനും നന്മകൾ വളർത്താനും പരിശ്രമിക്കുകയും ചെയ്യുക. ഈ മൂന്ന് തലങ്ങളിലും സംസ്‌കരണം സാധ്യമാക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു: 
1. ഖുർആൻ ഹദീസുകളുടെ ദർസുകൾ: പരിശുദ്ധ ഖുർആൻ പ്രതിഫലന ശക്തിയുള്ള സന്മാർഗ്ഗ ഗ്രന്ഥമാണ്. പുണ്യമായ ഹദീസുകൾ ഖുർആനിൻ്റെ പ്രധാന വിവരണവും സന്മാർഗ്ഗത്തിൻ്റെ നിധിശേഖരവുമാണ്. ഇവ രണ്ടിൻ്റെയും ദർസുകൾ സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്യുക. ദർസ് എടുക്കുന്നവർ ആധികാരിക രചനകൾ പാരായണം ചെയ്ത ശേഷം അത് നിർവ്വഹിക്കുക. അല്ലെങ്കിൽ മആരിഫുൽ ഖുർആൻ, മആരിഫുൽ ഹദീസ് മുതലായ രചനകളിൽ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങൾ വായിച്ച് കേൾപ്പിക്കുക. 
2. സംസ്‌കരണ സമ്മേളന പ്രഭാഷണങ്ങൾ: സാമൂഹിക സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ച് സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും പ്രഭാഷണ പരിപാടികൾ നടത്തുകയും ചെയ്യുക. ഇവ മസ്ജിദുകളിൽ നടത്തപ്പെടുന്നതിനോടൊപ്പം മൈതാനങ്ങളിലും പൊതു സ്ഥലങ്ങളിലും നടത്തുക. അതിലൂടെ മസ്ജിദുകളിൽ നിന്നും ദൂരെ കഴിയുന്നവരുടെ കാതുകളിൽ സത്യത്തിൻ്റെ ശബ്ദം എത്തുന്നതാണ്. ഈ പരിപാടിയിലെ പ്രഭാഷണങ്ങൾ നിർമ്മാണാത്മക നിലയിലുള്ളത് ആവാനും ഗുണകാംക്ഷ നിറഞ്ഞതാവാനും പ്രഭാഷകരും സംഘാടകരും ശ്രമിക്കേണ്ടതാണ്. 
3. പ്രത്യേക സദസ്സുകൾ: പൊതു പരിപാടികൾ കൂടാതെ പ്രത്യേക വിഭാഗങ്ങളെ ഒരുമിച്ച് കൂട്ടിയുള്ള സദസ്സുകളും സംഘടിപ്പിക്കേണ്ടതാണ്. ഉദാഹരണത്തിന് ഇന്ന് തിന്മകളിൽ ഏറ്റവും കൂടുതൽ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന വിഭാഗമായ യുവാക്കളെ ഓരോ മഹല്ലിൻ്റെയും കീഴിൽ ഒരുമിച്ച് കൂട്ടി അവരെ പ്രത്യേകമായി അഭിസംബോധന ചെയ്യുക. ഈ പ്രവർത്തനം നടത്തിയ സ്ഥലങ്ങളിൽ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സംസാരം കേൾക്കാൻ പോലും തയ്യാറാവുകയില്ലെന്ന് വിചാരിച്ച യുവാക്കൾ സശ്രദ്ധം ശ്രവിക്കുകയും ഉൾക്കൊള്ളുകയും ചെയ്തു. അതുപോലെ, ഏതാനം വീടുകളിലെ സ്ത്രീകളെ ഒരുമിച്ച് കൂട്ടി അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുന്നതും സ്ത്രീകൾക്കിടയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കേണ്ടതാണ്. അവരോട് സംസാരിക്കുന്ന വ്യക്തി ശരിയായ മറ സ്വീകരിക്കാനും സൂക്ഷ്മത പുലർത്താനും ശ്രദ്ധിക്കേണ്ടതാണ്. 
4. വാരാന്ത്യ മാസാന്ത്യ സംഗമങ്ങൾ: ആഴ്ച്ചയിൽ ഒരിക്കലോ, കുറഞ്ഞപക്ഷം മാസത്തിൽ ഒരിക്കലോ ഒരു സാമൂഹിക സംസ്‌കരണ സംഗമം സംഘടിപ്പിക്കുകയും അതിലേക്ക് ജനങ്ങളെ ഒരുമിച്ച് കൂട്ടാൻ പരിശ്രമിക്കുകയും ചെയ്യുക. അതിൽ ഓരോ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തുന്നതിലൂടെ ജനങ്ങൾ എളുപ്പത്തിൽ കാര്യം ഗ്രഹിക്കുകയും ഉൾക്കൊളളുകയും ചെയ്യുന്നതാണ്. വിവിധ സ്ഥലങ്ങളിൽ വെള്ളിയാഴ്ച അസറിന് ശേഷമോ മഗ്‌രിബിന് ശേഷമോ നടത്തപ്പെടുന്ന ഈ പരിപാടിയിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനേക്കാളും പ്രധാനമാണ് ജുമുഅ സംഗമങ്ങൾ യാതൊരു പരിശ്രമവും കൂടാതെ ധാരാളം സഹോദരങ്ങൾ ജുമുഅക്ക് വരുന്നു. ജുമുഅ നമസ്കാരത്തിന് മുമ്പോ ശേഷമോ ഏതെങ്കിലും സംസ്‌കരണ വിഷയത്തിൽ ചുരുങ്ങിയ നിലയിലും ലളിത ഭാഷയിലും നിർമ്മാണാത്മക ശൈലിയിലും പ്രഭാഷണം നടത്തുന്നത് നീണ്ട പ്രസംഗത്തെക്കാളും വലിയ സമ്മേളനങ്ങളെക്കാളും പ്രയോജനപ്രദമാണ്. 
5. പ്രയോജനപ്രദമായ രചനകളുടെ പ്രചാരണം: വീട്ടിലും നാട്ടിലും നന്മയുടെ അന്തരീക്ഷം ഉണ്ടാക്കുന്നതിൽ രചനകൾക്ക് വലിയ പങ്കുണ്ട്. ആകയാൽ, പ്രയോജനപ്രദമായ ചെറു രചനകൾ ഓരോ വീടുകളിലും സമാഹരിക്കേണ്ടതാണ്. അതിനെ ന്യായമായ വിലക്ക് എത്തിച്ചു കൊടുക്കാൻ ബന്ധപ്പെട്ടവരും ശ്രദ്ധിക്കേണ്ടതാണ്.
6. ഇസ്‌ലാഹേ മുആശറാ കമ്മിറ്റികൾ: ഓരോ പ്രദേശത്തും പണ്ഡിതരും നേതാക്കളും യുവാക്കളും അടങ്ങിയ സാമൂഹിക സംസ്കരണ കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്. ആഴ്ച്ചയിലോ മാസത്തിലോ അവർ കൂടുകയും അവസ്ഥകൾ വിലയിരുത്തുകയും ചെയ്യേണ്ടതാണ്. കൂടിയാലോചനകളിൽ പൊതുവായ വിഷയങ്ങളോടൊപ്പം പ്രത്യേക കാര്യങ്ങളെയും മുന്നിൽ വെച്ച് ആലോചിക്കേണ്ടതാണ്. ഉദാഹരണത്തിന് നഗ്നതാ പ്രദർശനം, വിവാഹത്തിലെ ദൂർത്ത്, മയക്കുമരുന്ന്, പ്രത്യേക ദിവസങ്ങളിലെ തെറ്റായ ആഘോഷങ്ങൾ മുതലായ കാര്യങ്ങളെ കുറിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയും ലഘുലേഖ പ്രചരിപ്പിക്കുകയും ചെയ്യുക. സമുദായത്തിനിടയിലും സഹോദര സമുദായങ്ങളുമായും ബന്ധം നന്നാക്കാനും ഇവർ പരിശ്രമിക്കേണ്ടതാണ്. പ്രത്യേകിച്ചും മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ പങ്കെടുത്ത് ആശംസകളും അനുശോചനങ്ങളും രേഖപ്പെടുത്തേണ്ടതാണ്. 
    അവസാനമായി പറയട്ടെ, മേൽ പറയപ്പെട്ട പ്രവർത്തനങ്ങൾ നടന്നാലും ഇല്ലെങ്കിലും ഓരോരുത്തരും അവരവരുടെ കഴിവനുസരിച്ച് നന്മ ഉപദേശിക്കാനും തിന്മ തടയാനും പരിശ്രമിക്കേണ്ടതാണ്. ഇതിന് പ്രത്യേകം നിയമങ്ങളൊന്നമില്ല. ആരെയും നിന്ദിക്കരുതെന്നും കടുപ്പം കാണിക്കരുതെന്നും മാത്രം. അതേ, കാരുണ്യവും ഗുണകാംക്ഷിയുമാണ് സാമൂഹിക സംസ്കരണത്തിന്റെ ചാലശക്തി. ഓരോ സഹോദരങ്ങളും വിപൂര്‍ണ്ണ ശ്രദ്ധയോടെയും ഉദ്ദേശശുദ്ധിയോടെയും പരിശ്രമിച്ചാൽ തീർച്ചയായും ഉത്തമ ഫലങ്ങൾ പ്രകടമാകുന്നതാണ്. അല്ലാഹു അനുഗ്രഹിക്കുകയും സഹായിക്കുകയും എളുപ്പമാക്കുകയും ചെയ്യട്ടെ!
          പടച്ചവൻ്റെ അനുഗ്രഹത്താൽ ഐശ്വര്യ സമ്പൂർണ്ണമായ റമളാൻ മാസം കടന്ന് വരികയാണ്. എല്ലാവരും മേൽ പറയപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും നോമ്പനുഷ്ഠിക്കുകയും തറാവീഹ് നമസ്‌കരിക്കുകയും ഇഅ്തികാഫ് അനുഷ്ഠിക്കുകയും ഖുർആൻ പാരായണ പഠന പ്രബോധനങ്ങൾ അധികരിപ്പിക്കുകയും ദിക്ർ ദുആകളിൽ മുഴുകുകയും പാപങ്ങളിൽ നിന്നും അകന്ന് കഴിയുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും വിശിഷ്യാ സകാത്തിൽ ശ്രദ്ധിക്കുകയും ചെയ്യുക. പ്രത്യേകിച്ചും ലോകത്തിനും ഇന്ത്യാ മഹാരാജ്യത്തിനും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിനും വിനീത സേവകർക്കും വേണ്ടി പടച്ചവനോട് താണ് കേണ് ദുആ ഇരക്കുക.  അല്ലാഹു ഉതവി നൽകട്ടെ!

🔹🔹🔹🔹🔹🔹🔹


മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുൽ ഖലം

(52 ആയത്തുകൾ, പദങ്ങൾ 300, അക്ഷരങ്ങൾ 1256, മക്കാമുകർറമയിൽ അവതരണം. എന്നാൽ 17-33, 48-50 ആയത്തുകൾ മദീനാ മുനവ്വറയിൽ അവതരിച്ചു. 3 റുകൂഅ്.  അവതരണ ക്രമം 2. പാരായണ ക്രമം 68. സൂറത്തുൽ അലഖിന് ശേഷം അവതരണം)

റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങൾ, സഹനതയ്ക്ക് പ്രേരണ, അഹങ്കാരത്തിന്റെ നിന്ദ്യത, ഭയഭക്തർക്ക് സുവാർത്ത, നിഷേധികളുടെ നിന്ദ്യത

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 1-35

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

مَا لَكُمۡ كَيۡفَ تَحۡكُمُونَ ۝٣٦ أَمۡ لَكُمۡ كِتَٰبٞ فِيهِ تَدۡرُسُونَ ۝٣٧ إِنَّ لَكُمۡ فِيهِ لَمَا تَخَيَّرُونَ ۝٣٨ أَمۡ لَكُمۡ أَيۡمَٰنٌ عَلَيۡنَا بَٰلِغَةٌ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ إِنَّ لَكُمۡ لَمَا تَحۡكُمُونَ ۝٣٩ سَلۡهُمۡ أَيُّهُم بِذَٰلِكَ زَعِيمٌ ۝٤٠ أَمۡ لَهُمۡ شُرَكَآءُ فَلۡيَأۡتُواْ بِشُرَكَآئِهِمۡ إِن كَانُواْ صَٰدِقِينَ ۝٤١ يَوۡمَ يُكۡشَفُ عَن سَاقٖ وَيُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا يَسۡتَطِيعُونَ ۝٤٢ خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞ وَقَدۡ كَانُواْ يُدۡعَوۡنَ إِلَى ٱلسُّجُودِ وَهُمۡ سَٰلِمُونَ ۝٤٣ فَذَرۡنِي وَمَن يُكَذِّبُ بِهَٰذَا ٱلۡحَدِيثِ سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ ۝٤٤ وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ ۝٤٥ أَمۡ تَسۡـَٔلُهُمۡ أَجۡرٗا فَهُم مِّن مَّغۡرَمٖ مُّثۡقَلُونَ ۝٤٦ أَمۡ عِندَهُمُ ٱلۡغَيۡبُ فَهُمۡ يَكۡتُبُونَ ۝٤٧ فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلۡحُوتِ إِذۡ نَادَىٰ وَهُوَ مَكۡظُومٞ ۝٤٨ لَّوۡلَآ أَن تَدَٰرَكَهُۥ نِعۡمَةٞ مِّن رَّبِّهِۦ لَنُبِذَ بِٱلۡعَرَآءِ وَهُوَ مَذۡمُومٞ ۝٤٩ فَٱجۡتَبَٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّٰلِحِينَ ۝٥٠ وَإِن يَكَادُ ٱلَّذِينَ كَفَرُواْ لَيُزۡلِقُونَكَ بِأَبۡصَٰرِهِمۡ لَمَّا سَمِعُواْ ٱلذِّكۡرَ وَيَقُولُونَ إِنَّهُۥ لَمَجۡنُونٞ ۝٥١ وَمَا هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ۝٥٢
    നിങ്ങൾക്ക് എന്തുപറ്റി? നിങ്ങൾ എങ്ങനെയാണ് വിധിക്കുന്നത്.(36) നിങ്ങൾ ഇപ്രകാരം വായിക്കുന്ന വേദപുസ്തകം വല്ലതും നിങ്ങളുടെ പക്കലുണ്ടോ?(37) നിങ്ങൾ ഇഷ്ടപ്പെടുന്നത് തീർച്ചയായും നിങ്ങൾക്ക് ഇവിടെ ലഭിക്കുമെന്ന്.(38) അല്ലെങ്കിൽ നിങ്ങൾ വിധിക്കുന്നത് നിങ്ങൾക്ക് ലഭിക്കും എന്ന് അന്ത്യദിനം വരെ നിലനിൽക്കുന്ന വല്ല കരാറും നിങ്ങൾക്കുവേണ്ടി നമ്മുടെമേൽ ബാധ്യതയായിട്ടുണ്ടോ?(39) ഈ വിഷയത്തിൽ ഉത്തരവാദിത്വം ഏൽക്കാൻ അവരിൽ ആരാണുള്ളത് എന്ന് അവരോട് ചോദിക്കുക.(40) ഇനി അവർക്ക് പങ്കാളികളാരെങ്കിലുമുണ്ടോ? അവർ സത്യസന്ധരാണെങ്കിൽ അവരുടെ പങ്കുകാരെ അവർ കൊണ്ടുവരട്ടെ.(41) കാലിന്റെ മടമ്പ് തുറക്കപ്പെട്ട് കഠിനമായ അവസ്ഥ സംജാതമാവുകയും സുജൂദ് ചെയ്യാൻ അവരെ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന ദിവസം. എന്നാൽ അവർക്ക് സുജൂദ് ചെയ്യാൻ കഴിയുന്നതല്ല(42) അവരുടെ കണ്ണുകൾ താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്. അവർ ആരോഗ്യവാന്മാരായിരിക്കവെ അവരെ സുജൂദിലേക്ക് വിളിക്കപ്പെട്ടിരുന്നു.(43) ഈ വൃത്താന്തത്തെ കളവാക്കുന്നവരെ എനിക്ക് വിട്ട് തന്നേക്കുക. അവർ അറിയാത്ത നിലയിൽ നാം അവരെ പതുക്കെ പതുക്കെ ശിക്ഷയിലേക്ക് കൊണ്ടുപോകുന്നതാണ്(44) ഞാൻ അവർക്ക് ഇളവ് നൽകുകയാണ്. എന്റെ തന്ത്രം അതിശക്തമാണ്.(45) ഇനി താങ്കൾ അവരോട് പ്രതിഫലം വല്ലതും ചോദിക്കുന്നുണ്ടോ? അതിന്റെ ഭാരത്തിൽ അവർ അമർന്ന് കഴിയുകയാണോ?(46) അതോ അവരുടെ പക്കൽ അദൃശ്യജ്ഞാനമുണ്ടോ? അതിനെ അവർ എഴുതുകയാണോ?(47) ആകയാൽ താങ്കളുടെ രക്ഷിതാവിന്റെ തീരുമാനംവരെ താങ്കൾ ക്ഷമിച്ചുകഴിയുക. താങ്കൾ മീൻകാരനെ(യൂനുസിനെ)പ്പോലെയാകരുത്. ദുഃഖം നിറഞ്ഞ നിലയിൽ അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം.(48) അദ്ദേഹത്തിന്റെ രക്ഷിതാവിങ്കൽ നിന്നുമുള്ള അനുഗ്രഹം അദ്ദേഹത്തെ ബാധിച്ചില്ലായിരുന്നുവെങ്കിൽ ആക്ഷേപിക്കപ്പെട്ട അവസ്ഥയിൽ തുറന്ന സ്ഥലത്ത് അദ്ദേഹം തള്ളപ്പെടുമായിരുന്നു.(49) എന്നാൽ അദ്ദേഹത്തെ രക്ഷിതാവ് തിരഞ്ഞെടുത്തു. അദ്ദേഹത്തെ അവൻ സുകൃതവാന്മാരിൽപ്പെടുത്തി.(50) ഉപദേശം കേൾക്കുമ്പോൾ നിഷേധികൾ കണ്ണുകൾകൊണ്ട് താങ്കളെ മറിച്ചിടുന്ന നിലയിൽ തുറിച്ചുനോക്കുന്നു. ഇദ്ദേഹം ഒരു ഭ്രാന്തൻ തന്നെയാണെന്ന് പറയുകയും ചെയ്യുന്നു.(51) എന്നാൽ ഇതുമുഴുവൻ മാലോകർക്കുമുള്ള ഒരു ഉപദേശം മാത്രമാണ്.(52)

ആശയ സംഗ്രഹം:
        അടുത്തതായി ഖിയാമത്ത് ദിനം അവർക്കുണ്ടാകുന്ന നിന്ദ്യതയെ ഉണർത്തിക്കൊണ്ട് പറയുന്നു: കാലിന്റെ മടമ്പ് തുറക്കപ്പെട്ട് കഠിനമായ അവസ്ഥ സംജാതമാവുകയും സുജൂദ് ചെയ്യാൻ അവരെ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന ദിവസത്തെ ഓർക്കുക. ഇതുമായി ബന്ധപ്പെട്ട സഹീഹായ ഹദീസിൽ അല്ലാഹു ഖിയാമത്ത് നാളിൽ മഹ്ഷർ വൻ സഭയിൽ  സാഖ് പ്രത്യക്ഷപ്പെടുത്തുന്നതാണെന്ന് വന്നിരിക്കുന്നു. സാഖ് എന്നാൽ കാലിന്റെ മടമ്പ് എന്നാണ് അർത്ഥം. പക്ഷേ, ഇത് അല്ലാഹുവിന്റെ ഏതോ പ്രത്യേക വിശേഷണമാണ്. എന്തോ ബന്ധം കാരണമായി കാലിന്റെ മടമ്പ് എന്ന് പറഞ്ഞിരിക്കുകയാണ്. ഇപ്രകാരം കൈ എന്ന പ്രയോഗവും ഖുർആനിൽ വന്നിട്ടുണ്ട്. ഇത് മുതശാബിഹ് (അർത്ഥം അവ്യക്തമായ കാര്യം)ആണ്. പ്രസ്തുത ഹദീസിൽ ഇപ്രകാരവുമുണ്ട്: പടച്ചവന്റെ ഈ പ്രകാശം ദൃശ്യമാകുമ്പോൾ സത്യവിശ്വാസികളെല്ലാം സുജൂദിലേക്ക് വീഴുന്നതാണ്. എന്നാൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സുജൂദ് ചെയ്തവരുടെ മുതുകുകൾ പലക പോലെ ആയിപ്പോകുന്നതാണ്. അവർക്ക് സുജൂദ് ചെയ്യാൻ സാധിക്കുന്നതല്ല. (ബുഖാരി). അവിടെ അവർ സുജൂദിലേക്ക് വിളിക്കപ്പെടും എന്നതിനെക്കുറിച്ച് പരലോകം കർമ്മത്തിന്റെ ലോകമാണോ എന്ന് സംശയിക്കേണ്ടതില്ല. കാരണം ഇവിടെ സുജൂദിലേക്ക് ക്ഷണിക്കപ്പെടുക എന്നതുകൊണ്ടുള്ള ഉദ്ദേശം സുജൂദ് ചെയ്യാൻ കൽപ്പിക്കലല്ല. മറിച്ച് എല്ലാവരും നിർബന്ധിതരായി സുജൂദ് ചെയ്യാൻ ആഗ്രഹിക്കുമെന്നാണ്. സത്യവിശ്വാസികൾക്ക് അതിന് കഴിവാകുന്നതാണെന്നും കപട വിശ്വാസികൾക്ക് അതിന് കഴിയാതെ ആകുന്നതുമാണ്. നിഷേധികൾക്ക് സാധിക്കുന്നതല്ല എന്ന കാര്യം കൂടുതൽ വ്യക്തമാണ്. ഈ കാര്യം അല്ലാഹു വ്യക്തമാക്കുന്നു:  നിഷേധികൾക്ക് സുജൂദ് ചെയ്യാൻ കഴിയുന്നതല്ല. അവരുടെ കണ്ണുകൾ ലജ്ജ കാരണം താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്. അവർ ഇഹലോകത്ത് ആരോഗ്യവാന്മാരായിരിക്കവെ അവരെ സത്യവിശ്വാസം സ്വീകരിക്കാനും സുജൂദ് ചെയ്യാനും വിളിക്കപ്പെട്ടിരുന്നു. ഇഹലോകം സത്യവിശ്വാസങ്ങളുടെയും സൽക്കർമ്മങ്ങളുടെയും ലോകമായിരുന്നു. അവിടെ കൽപ്പന അനുസരിക്കാത്തതിനാൽ ഇന്ന് ഇവിടെ ഈ നിന്ദ്യത പേറേണ്ടി വന്നു. പരലോകത്ത് നിഷേധികൾ കണ്ണുകൾ ഉയർത്തിപ്പിടിക്കുമെന്ന് ഖുർആനിൽ മറ്റൊരിടത്ത് പറഞ്ഞിട്ടുള്ളത് ഇതിന് എതിരല്ല. കാരണം രണ്ടും രണ്ട് അവസ്ഥകളിലാണ്. ചിലപ്പോൾ അന്ധംവിട്ട് അന്ധാളിച്ച് മുകളിലേക്ക് നോക്കുന്നതാണ്. ചിലപ്പോൾ സങ്കടപ്പെട്ട് താഴ്ഭാഗത്തേക്ക് നോക്കുന്നതാണ്. അടുത്തതായി ശിക്ഷ പിന്തുന്നത് ഞങ്ങൾ നല്ലവരാണ് എന്നതിന്റെ അടയാളമാണെന്ന് വാദിക്കുന്ന നിഷേധികൾക്ക് മറുപടിയും കൂട്ടത്തിൽ റസൂലുല്ലാഹി (സ)യ്ക്ക് ആശ്വാസവും നൽകിക്കൊണ്ട് പറയുന്നു: നിഷേധികൾ ശിക്ഷാർഹരാണ് എന്ന കാര്യം സ്ഥിരപ്പെട്ടതിനാൽ ഈ വൃത്താന്തത്തെ കളവാക്കുന്നവരെ എനിക്ക് വിട്ട് തന്നേക്കുക. ശിക്ഷ പിന്തുന്നതിന്റെ പേരിൽ അവർ അഹങ്കരിക്കുകയോ താങ്കൾ സങ്കടപ്പെടുകയോ ചെയ്യേണ്ടതില്ല. അവർ അറിയാത്ത നിലയിൽ നാം അവരെ പതുക്കെ പതുക്കെ ശിക്ഷയിലേക്ക് കൊണ്ടുപോകുന്നതാണ്. ഇഹലോകത്ത് ശിക്ഷ നൽകാതെ ഞാൻ അവർക്ക് ഇളവ് നൽകുകയാണ്. എന്റെ തന്ത്രം അതിശക്തമാണ്. പ്രവാചകത്വത്തെ അവർ നിഷേധിയ്ക്കുന്നതിനെക്കുറിച്ച് അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് ചോദിക്കുന്നു: ഇനി താങ്കൾ അവരോട് പ്രതിഫലം വല്ലതും ചോദിക്കുന്നുണ്ടോ? അതിന്റെ ഭാരത്തിൽ അവർ അമർന്ന് കഴിയുകയാണോ? അതുകൊണ്ടാണോ അവർ താങ്കളെ അനുസരിക്കുന്നതിൽ നിന്നും അകന്ന് കഴിയുന്നത്. അതോ അവരുടെ പക്കൽ അദൃശ്യജ്ഞാനമുണ്ടോ? അതിനെ അവർ എഴുതുകയാണോ? അതായത് അവർ വേറെ ഏതെങ്കിലും വഴിയിലൂടെ പടച്ചവന്റെ വിധിവിലക്കുകൾ മനസ്സിലാക്കുന്ന കാരണത്താൽ ഈ പുതിയ പ്രവാചകന്റെ ആവശ്യം ഇല്ലാത്തവരായിരിക്കുകയാണോ? ഇത് രണ്ടും ഉണ്ടായിട്ടില്ല. എന്നിട്ടും അവർ പ്രവാചകത്വത്തെ നിഷേധിയ്ക്കുന്നത് അത്ഭുതകരം തന്നെ. അടുത്തതായി റസൂലുല്ലാഹി (സ)യെ സമാശ്വസിപ്പിച്ചുകൊണ്ട് പറയുന്നു: നിഷേധത്തിന് ശിക്ഷ ഉറപ്പായതിനാൽ നിഷേധികൾക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. അവർക്ക് ഇളവ് നൽകപ്പെടുന്നത് അഴിച്ചുവിട്ട് പിടികൂടലാണ്. യഥാസമയത്ത് ശിക്ഷ ഉണ്ടാവുക തന്നെ ചെയ്യും. ആകയാൽ താങ്കളുടെ രക്ഷിതാവിന്റെ ഈ തീരുമാനം വരെ താങ്കൾ ക്ഷമിച്ചുകഴിയുക. താങ്കൾ മനസ്സ് ഞെരുങ്ങുന്ന വിഷയത്തിൽ മീനിന്റെ വയറ്റിനുള്ളിൽ എത്തിയ യൂനുസ് നബി (അ)യെപ്പോപ്പോലെയാകരുത്. ശിക്ഷ ഇറങ്ങാത്തത് കണ്ടപ്പോൾ മനസ്സ് ഇടുങ്ങുകയും നാട്ടിൽ നിന്ന് യാത്രയാവുകയും ചെയ്തു. ശേഷം ദുഃഖം നിറഞ്ഞ നിലയിൽ അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം ഓർക്കുക. ദു:ഖം നിറയാൻ കാരണം, ഒന്ന്, സമുദായം സത്യവിശ്വാസം സ്വീകരിക്കാതിരുന്നതാണ്. രണ്ട്, ശിക്ഷ മാറിയപ്പോയതാണ്. മൂന്ന്, അല്ലാഹുവിന്റെ വ്യക്തമായ അനുവാദമില്ലാതെ അവിടെ നിന്നും യാത്രയായതാണ്. നാല്, മത്സ്യത്തിന്റെ വയറ്റിൽ കിടന്നതാണ്. തദവസരം അദ്ദേഹം അല്ലാഹുവിനോട് താണുകേണ് പ്രാർത്ഥിച്ചു. അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രക്ഷിതാവിങ്കൽ നിന്നുമുള്ള അനുഗ്രഹം അദ്ദേഹത്തെ ബാധിയ്ക്കുകയും അങ്ങനെ അദ്ദേഹം മത്സ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്തേക്ക് വരുകയും ചെയ്തില്ലായിരുന്നുവെങ്കിൽ ആക്ഷേപിക്കപ്പെട്ട അവസ്ഥയിൽ തുറന്ന സ്ഥലത്ത് അദ്ദേഹം തള്ളപ്പെടുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടുള്ള ഉദ്ദേശം പശ്ചാതാപം സ്വീകരിക്കപ്പെടലാണ്. തുടർന്ന് അദ്ദേഹത്തെ മത്സ്യം കരയിൽ കൊണ്ടിട്ടെങ്കിലും പശ്ചാതാപം സ്വീകരിക്കപ്പെട്ട കാരണത്താൽ നിന്ദ്യതയൊന്നും ഉണ്ടായില്ല. മാത്രമല്ല, ശേഷം  അദ്ദേഹത്തെ രക്ഷിതാവ് കൂടുതലായി തിരഞ്ഞെടുത്തു. അദ്ദേഹത്തെ അവൻ കൂടുതൽ മഹത്വം നൽകി സുകൃതവാന്മാരിൽപ്പെടുത്തി. ചുരുക്കത്തിൽ പടച്ചവനിൽ ഭരമേൽപ്പിക്കുന്നത് അങ്ങേയറ്റം പ്രയോജനപ്രദമാണെന്ന് ഉണർത്തിക്കൊണ്ട് റസൂലുല്ലാഹി (സ)യും പടച്ചവനിൽ ഭരമേൽപ്പിച്ച് മുന്നോട്ട് നീങ്ങണമെന്ന് ഈ സംഭവം അറിയിക്കുന്നു. അടുത്തതായി റസൂലുല്ലാഹി (സ)യെക്കുറിച്ച് ഭ്രാന്തനെന്ന് ആക്ഷേപിച്ച നിഷേധികൾക്ക് സൂറത്തിന്റെ ആരംഭത്തിൽ മറുപടി പറഞ്ഞതുപോലെ ഇവിടെ മറ്റൊരു ശൈലിയിൽ മറുപടി പറഞ്ഞിരിക്കുന്നു. ഉപദേശം കേൾക്കുമ്പോൾ ശത്രുതയുടെ കടുപ്പം കാരണം നിഷേധികൾ കണ്ണുകൾകൊണ്ട് താങ്കളെ മറിച്ചിടുന്ന നിലയിൽ തുറിച്ചുനോക്കുന്നു. ഇന്ന വ്യക്തി എന്നെ തിന്നുന്നതുപോലെ നോക്കുന്നു എന്ന് പറയുന്നത് പോലുള്ള ഒരു പ്രയോഗമാണിത്. ശത്രുതയുടെ കാരണത്താൽ മോശമായ നിലയിൽ നോക്കുന്നു എന്നാണ് ആയത്തിന്റെ ആശയം. ഇദ്ദേഹം ഒരു ഭ്രാന്തൻ തന്നെയാണെന്ന് ശത്രുതയുടെ പേരിൽ പറയുകയും ചെയ്യുന്നു. എന്നാൽ റസൂലുല്ലാഹി (സ) പാരായണം ചെയ്യുന്ന ഈ ഗ്രന്ഥം മുഴുവൻ മാലോകർക്കുമുള്ള ഒരു ഉപദേശം മാത്രമാണ്. ഭ്രാന്തനിൽ നിന്നും ഇത്തര സുന്ദരമായ നന്മയുടെ സന്ദേശങ്ങൾ ഉണ്ടാവുക സാധ്യമല്ല.

🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

172. ഉസ്‌മാൻ (റ) അടിമത്ത മോചനം നടത്തിയ മുസ്‌ലിം (റ) വിവരിക്കുന്നു: ഉസ്‌മാൻ (റ) രക്തസാക്ഷിയായ ദിവസം ഇരുപത് അടിമകളെ മോചിപ്പിച്ചു. തുടർന്ന് പൈജാമ കൊണ്ടുവരാൻ പറയുകയും അത് മുറുക്കി ധരിക്കുകയും ചെയ്തു. ഇതിനു മുമ്പൊരിക്കലും ഇതുപോലെ അദ്ദേഹം ധരിച്ചിട്ടില്ല. തുടർന്ന് അരുളി: ഇന്നലെ രാത്രി ഉറക്കത്തിൽ റസൂലുല്ലാഹി ﷺയെ ഞാൻ സ്വപ്നം കണ്ടു. കൂട്ടത്തിൽ അബൂബക്ർ, ഉമർ (റ) ഇരുവരും ഉണ്ടായിരുന്നു. അവർ മൂവരും എന്നോട് പറഞ്ഞു: ഉസ്‌മാനേ, സഹനതയോടെ ഉറച്ചുനിൽക്കുക. നാളെ നമ്മുടെ അരികിൽ നോമ്പുതുറക്കാം.! ശേഷം പരിശുദ്ധ ഖുർആൻ കൊണ്ടുവരാൻ പറഞ്ഞു. അത് മുന്നിൽ തുറന്നു വെച്ച് പാരായണം ആരംഭിച്ചു. ഖുർആൻ മുന്നിൽ ഉണ്ടായിരിക്കവേ ശഹാദത്ത് വരിക്കുകയും ചെയ്തു. (അഹ്‌മദ്, അബൂ യഅ്ലാ)

വിവരണം: ഈമാനിക ഉൾക്കാഴ്ചയുടെയും അദൃശ്യ സൂചനകളുടെയും അടിസ്ഥാനത്തിൽ പ്രശ്നക്കാരുടെ ഈ കുഴപ്പം തൻ്റെ ശഹാദത്തിലേക്കുള്ള വഴിയാണെന്ന് ഉസ്മാൻ (റ) മനസ്സിലാക്കി. ഇതിനെക്കുറിച്ച് റസൂലുല്ലാഹി ﷺ പല സന്ദർഭങ്ങളിലും പ്രവചിക്കുകയും ചെയ്തിരുന്നു. ഈ ഹദീസിൽ തലേദിവസം ദർശിച്ച ഒരു സ്വപ്നത്തെക്കുറിച്ചാണ് പറയുന്നത്. ഉസ്‌മാൻ (റ) സ്വപ്നത്തിൽ റസൂലുല്ലാഹി ﷺയെയും സ്വാഹിബൈനിയെയും ദർശിച്ചു. അവർ അദ്ദേഹത്തോട് സഹനതയുടെയും സംതൃപ്‌തിയുടെയും പാതയിൽ ഉറച്ചുനിൽക്കാൻ ഉപദേശിച്ചു. ആ നാളുകളിൽ ഉസ്മാൻ (റ)ന് നോമ്പ് ആയിരുന്നു. അടുത്ത നോമ്പ് തുറ പ്രവാചക സന്നിധിയിൽ ആകാമെന്ന് അറിയിക്കുകയും ചെയ്തു. ഈ സ്വപ്നദർശനം വെള്ളിയാഴ്ച രാവിലായിരുന്നു. ഇതിനെ തുടർന്ന് ഉസ്‌മാൻ (റ) ശഹാദത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നോമ്പ് പിടിക്കുകയും ഇതര നന്മകൾ അനുഷ്‌ഠിക്കുകയും ചെയ്തു.  വിശിഷ്യാ ഇരുപത് അടിമകളെ മോചിപ്പിച്ചു. തുടർന്ന് പൈജാമ കൊണ്ടുവരാൻ പറഞ്ഞു. അറബികളുടെ പതിവുപോലെ, ഉസ്‌മാൻ (റ) പൈജാമ ധരിക്കാറില്ലായിരുന്നു. മുണ്ടാണ് ധരിച്ചിരുന്നത്. എന്നാൽ വലിയ ലജ്ജ പുലർത്തിയിരുന്ന മഹാനവർ രക്തസാക്ഷിത്വത്തെ തുടർന്ന് ശരീരഭാഗങ്ങൾ ഒന്നും പുറത്തു കാണാതിരിക്കാൻ പൈജാമ മുറുക്കി ധരിച്ചു. അവസാനം പരിശുദ്ധ ഖുർആൻ വരുത്തുകയും പാരായണം ആരംഭിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ ഭാഗ്യഹീനരായ അക്രമികൾ അവിടെ അതിക്രമിച്ചു കയറി അദ്ദേഹത്തെ ശഹീദാക്കി. ശഹാദത്തിന്റെ സമയത്ത് ഒന്നാം ജുസ്ഇൻ്റെ അവസാന ഭാഗമായിരുന്നു പാരായണം ചെയ്തിരുന്നത്. “താങ്കളുടെ ഭാഗത്തുനിന്നും അല്ലാഹു അവരെ കൈകാര്യം ചെയ്യുന്നതാണ്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.” എന്ന വചനത്തിന്റെ മേൽ മഹാനവരുടെ രക്തം വീണതായി നിവേദങ്ങളിൽ വരുന്നു. അതെ, പ്രസ്തുത അക്രമികളോട് പടച്ചവൻ തന്നെ പ്രതികാരം ചെയ്യുന്നതാണെന്ന് ഈ വചനം വിളിച്ചറിയിക്കുന്നു. 
    ഉസ്‌മാൻ (റ) മഹത്വങ്ങൾ വിവരിക്കുന്ന വിവിധ ഹദീസുകൾ ഇവിടെ ഉദ്ധരിച്ചെങ്കിലും അദ്ദേഹത്തിൻ്റെ രണ്ടു മഹത്വങ്ങളെ ഇതുവരെ പരാമർശിച്ചിട്ടില്ല. സഹാബാക്കളിൽ മറ്റാരും കരസ്ഥമാക്കിയിട്ടില്ലാത്ത രണ്ട് മഹത്വങ്ങളാണവ. ഒന്ന്, റസൂലുല്ലാഹി ﷺയുടെ രണ്ടു മക്കളെ, ഒന്നിന് പിറകെ ഒന്നായി അദ്ദേഹം വിവാഹം കഴിച്ചു. അതുകൊണ്ട് ദുനൂറൈൻ എന്ന് വിളിക്കപ്പെടുന്നു. രണ്ട്, റസൂലുല്ലാഹി ﷺയുടെ മകൾ റുഖിയ്യ (റ)യോടൊപ്പം രണ്ട് പ്രാവശ്യം ഹിജ്റ ചെയ്യുകയുണ്ടായി. ഒന്നാമതായി മക്കാ മുകർറമയിൽ നിന്നും എത്യോപ്യയിലേക്കും രണ്ടാമതായി മദീന മുനവ്വറയിലേക്കുമാണത്. വളരെ ഉന്നതമായ ഈ രണ്ടു മഹത്വങ്ങളെ കുറിച്ച് ഏതാനം ഹദീസുകൾ കൊടുക്കുന്നു.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ 

മരണസമയം മറച്ചുവെക്കുന്നതിൽ വലിയ യുക്തിയുണ്ട്.

✍️ മൗലാനാ മുഫ്‌തി അബുൽ ഖാസിം നുഅ്മാനി
       (മുഹ്തമിം ദാറുൽ ഉലൂം ദയൂബന്ദ്)

വിവ : മുഫ്തി സാജിദ് നജ്മി അൽ ഖാസിമി ഈരാറ്റുപേട്ട

    ആര്, എപ്പോൾ, എവിടെ, എങ്ങനെ മരിക്കുമെന്ന് അല്ലാഹുവിന്റെ അറിവിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. എന്നാൽ അവൻ ആ അറിവ് നമുക്ക് നൽകിയിട്ടില്ല എന്നത് നമുക്ക് ലഭിച്ച വലിയൊരു അനുഗ്രഹമാണ്.
    കാരണം, ഒരാൾ എപ്പോഴാണ് മരിക്കുക എന്ന് മുൻകൂട്ടി അറിഞ്ഞാൽ ജീവിതം ക്ലേശമായിത്തീരും. അന്നു മുതൽ മരണത്തിലേക്കുള്ള ദിനങ്ങള്‍ എണ്ണൽ  ആരംഭിക്കും. ഉദാഹരണത്തിന്, തനിക്ക് അറുപത് വയസ്സാണ് ആയുസ്സ് എന്ന് അറിഞ്ഞാൽ, അന്ന് മുതൽ  പിന്നോട്ട് എണ്ണാൻ തുടങ്ങും. 
    ഒരു ദിവസം കുറഞ്ഞു, രണ്ട് ദിവസം കുറഞ്ഞു, മൂന്ന് ദിവസം കുറഞ്ഞു, പത്ത് ദിവസം കുറഞ്ഞു, ഒരു വർഷം കുറഞ്ഞു എന്നിങ്ങനെ കണക്കുകൂട്ടാൻ തുടങ്ങും.
ഓരോ നിമിഷവും മരണഭയമായിരിക്കും. അപ്പോൾ മനുഷ്യന് ഭൗതികമോ അഭൗതികമോ ആയ ഒരു കാര്യവും ശരിയായി ചെയ്യാൻ കഴിയില്ല. അതിനാൽ, നമ്മുടെ മരണസമയം നമ്മളിൽ നിന്ന് മറച്ചുവെച്ചതിൽ അല്ലാഹുവിന്റെ വലിയ യുക്തിയും നമുക്കുള്ള വലിയ അനുഗ്രഹവുമുണ്ട്."
    അല്ലാഹു നൽകിയ ഈ ഹ്രസ്വമായ ജീവിതത്തിന് നാം വിലകൽപ്പിക്കുക, പരലോകത്തേക്ക് വേണ്ടി തയ്യാറെടുക്കുക, ശരീഅത്ത്  അനുസരിച്ച് ജീവിക്കുക. പ്രായപൂർത്തിയായ എല്ലാ പുരുഷന്മാരും അഞ്ച് നേരത്തെ നിസ്കാരം പള്ളിയിൽ വെച്ച് കൃത്യമായി നിർവ്വഹിക്കുക. വീട്ടിലെ സ്ത്രീകളോട് നിസ്കരിക്കാൻ പ്രത്യേകം നിർദ്ദേശിക്കുക.
നമ്മുടെ വീടുകളിൽ നിറഞ്ഞിരിക്കുന്ന അശ്ലീലതകളും തിന്മകളും - അത് ടെലിവിഷനായാലും, മൊബൈലിൽ കാണുന്ന സിനിമകളായാലും, മോശം ചിത്രങ്ങളായാലും - അതെല്ലാം എടുത്തുമാറ്റുക. അവയെല്ലാം ശിക്ഷ ലഭിക്കുന്ന കാര്യങ്ങളാണ്. അവ ജീവിതം ദുസ്സഹമാക്കും. ഇഹലോകത്ത് സമാധാനക്കുറവും, അസ്വസ്ഥതയും ഉണ്ടാക്കും, അതുപോലെ ഖബറിലും പരലോകത്തും പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരും.
    അല്ലാഹുവിൻ്റെ കല്പനകൾ പാലിച്ച് ജീവിക്കുക. കച്ചവടമോ, കൂലിപ്പണിയോ ചെയ്തോളൂ, അതൊന്നും ആരും തടഞ്ഞിട്ടില്ല. പക്ഷേ, ശരീഅത്തിൻ്റെ നിയമങ്ങൾ പാലിച്ചുകൊണ്ട്, നിസ്കരിച്ചുകൊണ്ട്, സത്യം മാത്രം പറഞ്ഞുകൊണ്ട്, മറ്റുള്ളവരുടെ അവകാശങ്ങൾ കൊടുത്തുകൊണ്ട് വേണം അത് ചെയ്യാൻ. അല്ലാഹുവിൻ്റെ അടിമകളോടും സൃഷ്ടികളോടും കരുണയോടും സ്നേഹത്തോടും കൂടി പെരുമാറുക, എല്ലാവരുടെയും അവകാശങ്ങൾ വക വെച്ച് നൽകുക. അങ്ങനെയെങ്കിൽ അല്ലാഹു നിങ്ങൾക്ക് എത്രത്തോളം സമാധാനവും ശാന്തിയും നൽകുമെന്ന് അനുഭവിച്ചറിയാം"
                "അവർക്ക് നാം പരിശുദ്ധമായ ഒരു ജീവിതം നൽകുന്നതാണ്".
    എന്നാൽ, അല്ലാഹുവിനോട് ധിക്കാരം കാണിച്ചാണ് ജീവിതം നയിക്കുന്നതെങ്കിൽ,  നിശ്ചയിക്കപ്പെട്ടതിനേക്കാൾ ഒരു രൂപ പോലും അധികം ലഭിക്കില്ല. ഒരു മണി ധാന്യം പോലും അധികമായി സമ്പാദിക്കാൻ കഴിയില്ല. സുഖസൗകര്യങ്ങൾക്കുള്ള സാധനങ്ങൾ ധാരാളമായി ഒരുക്കിവെക്കാൻ സാധിച്ചേക്കാം, പക്ഷേ യഥാർത്ഥ സുഖവും സമാധാനവും  ലഭിക്കില്ല.
നമ്മൾ പറയാറില്ലേ; പണം കൊണ്ട് കിടക്ക കിട്ടും , പക്ഷെ ഉറക്കം കിട്ടില്ല. പണം കൊണ്ട് മരുന്ന് വാങ്ങാം, പക്ഷെ രോഗശമനം ലഭിക്കില്ല. പരിശ്രമിക്കാനുള്ള മാർഗ്ഗങ്ങൾ  അല്ലാഹു നമ്മുടെ കൈകളിൽ തന്നിരിക്കുന്നു, എന്നാൽ അതിന്റെ ഫലം അവൻ തന്റെ കൈകളിൽ സൂക്ഷിച്ചിരിക്കുകയാണ്.
    നിങ്ങൾക്ക് സുഖസൗകര്യങ്ങൾ എത്ര വേണമെങ്കിലും ഒരുക്കാം, എന്നാൽ സമാധാനം നൽകുന്നവൻ അല്ലാഹുവാകുന്നു. അവൻ സമാധാനത്തെ ഈമാനിലും, സത്കർമ്മങ്ങളിലും ക്രമപ്പെടുത്തിയിരിക്കുന്നു. അതിനാൽ സത്കർമ്മങ്ങൾ ചെയ്യുക, വിശ്വാസികളാവുക. എങ്കിൽ കല്ലിന്മേൽ കിടന്നാലും നല്ല സുഖമുള്ള ഉറക്കം ലഭിക്കും. മറിച്ച്, എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും അല്ലാഹുവിന്റെ കാരുണ്യം  ലഭിച്ചിട്ടില്ലെങ്കിൽ, ശീതീകരിച്ച  മുറിയിൽ കിടന്നാൽ പോലും മനസ്സമാധാനത്തോടെയുള്ള ഉറക്കം ലഭിക്കില്ല.
അല്ലാഹു നമുക്കെല്ലാവർക്കും സൽക്കർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. മരിക്കുന്നതിന് മുൻപ് മരണത്തിനായി തയ്യാറെടുക്കാനുള്ള ഭാഗ്യം അവൻ നമുക്ക് നൽകട്ടെ."

(റാഹേ സഫ-1/161-162)      

🔹🔹🔹🔹🔹

 ക്ഷണക്കത്ത് 

ദാറുൽ ഉലൂം അൽഇസ്‌ലാമിയ്യ, ഓച്ചിറ
സനദ് ദാന മഹാ സമ്മേളനം
ഫെബ്രുവരി 6, 7 തിയതികളിൽ





ബഹുമാന്യരേ,
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ

പ്രബോധനം, സംസ്‌കരണം, വിജ്ഞാനപ്രചരണം എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടി മഹാനായ പരിഷ്‌കർത്താവ് അല്ലാമ സയ്യിദ് അബ്ദുല്ലാഹിൽ ഹസനിയുടെ അനുഗ്രഹീത കരങ്ങളാൽ സ്ഥാപിതമായ ദാറുൽ ഉലൂം അൽ ഇസ്ലാമിയ്യ 19 വർഷങ്ങൾ പിന്നിടുകയാണ്. പടച്ചവൻ്റെ കൃപ കൊണ്ട് ഈ വർഷം 11 വിദ്യാർത്ഥികൾ പരിശുദ്ധ ഖുർആൻ മനനം (ഹിഫ്‌സ്) പൂർത്തീകരിച്ചു. 27 സഹോദരങ്ങൾ ഇവിടെ നിന്നും പഠനം പൂർത്തിയാക്കി കേന്ദ്രസ്ഥാപനമായ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിലേക്ക് യാത്രയാവുകയാണ്. ഇവർക്കുള്ള സനദ് ദാനവും സുപ്രധാനമായ വിവിധ വിഷയങ്ങളെ അധികരിച്ചു കൊണ്ടുള്ള വാർഷിക മഹാ സമ്മേളനവും 1447 ശഅ്ബാൻ 18ന് (2026 ഫെബ്രുവരി 06 വെള്ളിയാഴ്ച്‌ച വൈകുന്നേരം മുതൽ 07 ശനി വൈകുന്നേരം വരെ) നടത്തപ്പെടുകയാണ്. ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിലെ ഉസ്‌താദുൽ ഹദീസ് ഹസ്രത്ത് മൗലാനാ അബ്ദുസ്സുബ്ഹാൻ നദ്‌വിയുടെയും ഇതര മഹത്തുക്കളുടെയും മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന ഈ പരിപാടിയിൽ താങ്കളും കുടുംബവും ആദ്യന്തം പങ്കെടുക്കണമെന്നും മറ്റുള്ളവരെ പങ്കെടുപ്പിക്കണമെന്നും അപേക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ! എല്ലാ നന്മകളും എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ!.

കാര്യപരിപാടികൾ

* മാനവികതാ സന്ദേശ സംഗമം 
 (06 വെള്ളി 04 PM) 
സാമൂഹിക സേവനത്തിന് നമുക്ക് ലഭിച്ച മഹത്തായ ഒരു വേദിയാണ് പയാമെ ഇൻസാനിയ്യത്ത് ഫോറം. ഇതിൻ്റെ പ്രവർത്തനങ്ങൾ സൃഷ്ടാവിനോടുള്ള കടമകൾക്കൊപ്പം സൃഷ്ടികളോടുള്ള കടമകളും പാലിക്കാൻ പ്രേരകമാകുന്നു. ഇതുമായി ബന്ധപ്പെട്ട വിവിധ മത സാമൂഹ്യ നേതാക്കൾ പങ്കെടുക്കുന്ന സുപ്രധാന മനവികതാ സന്ദേശ സംഗമം.

* സാമൂഹ്യ സംസ്ക‌രണ സദസ്സും പരിശുദ്ധ ഖുർആൻ വിരുന്നും 
 (06 വെള്ളി 07 PM) 
പടച്ചവനോടും പടപ്പുകളോടുമുള്ള ബന്ധം നന്നാക്കാൻ പ്രേരിപ്പിക്കുന്ന പരിശുദ്ധ ഖുർആനിൻ്റെ ഭാഗങ്ങൾ പാരായണം ചെയ്യുകയും വിവരണങ്ങൾ നൽകുകയും ചെയ്യുന്ന അനുഗ്രഹീത സദസ്സ്.

* ആത്മ സംസ്‌കരണ മജ്‌ലിസും ഖത്‌മുൽ ബുഖാരി ശരീഫും 
 (07 ശനി 06 AM) 
മനസ്സിന്റെ നന്മകളാണ് മനുഷ്യനെ ഉയർന്ന ഗുണങ്ങളിലേക്കും നല്ല പ്രവർത്തനങ്ങളിലേക്കും എത്തിക്കുന്നത്. അതിന് പ്രേരകമാകുന്ന സംസ്‌കരണ സദസ്സ്. ഇതിൽ ഈ വർഷത്തെ ദറസുകളുടെ സമാപനമെന്നോണം പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ ബുഖാരി ശരീഫിൻ്റെ പൂർത്തീകരണവും നടക്കുന്നതാണ്.

* സമ്മാന ദാനം 
 (07 ശനി 09 AM) 
സ്ഥാപനത്തിലും സംസ്ഥാന തലത്തിലും നടന്ന വിവിധ വൈജ്ഞാനിക-കലാ-കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള 3 സമ്മാനദാനം.

* ഹിഫ്‌സ് പൂർത്തികരണവും ദർസുൽ ഖുർആൻ സംഗമവും. 
 (07 ശനി 10AM) 
ഈ വർഷം പരിശുദ്ധ ഖുർആൻ മനനം പൂർത്തീകരിച്ച മക്കൾ അവസാന അദ്ധ്യായങ്ങൾ പാരായണം ചെയ്യുന്നു. 10 ദൗറ പൂർത്തീകരിച്ച ഹാഫിസുകൾക്ക് സനദ്‌ദാനവും. കൂട്ടത്തിൽ, ഈ വർഷം നമ്മിൽ നിന്നും വേർപിരിഞ്ഞ മഹാത്മാക്കളെ അനുസ്‌മരിക്കുകയും മർഹൂമുകൾക്ക് വേണ്ടി ദുആ ഇരക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ, ഈ സ്ഥാപനത്തിൽ നിന്നും ദിവസവും പ്രഭാതത്തിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിശുദ്ധ ഖുർആൻ ദർസ് ശ്രോതാക്കളുടെ സംഗമവും നടക്കുന്നു.

* സയ്യിദ് ഹസനി അക്കാദമി വാർഷികം 
 (07 ശനി 11 AM) 
സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനമായ സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചനകളുടെ പ്രകാശനവും പരിചയപ്പെടുത്തലും.

* സമാപന സമ്മേളനവും ഹാഫിസ്- ആലിം ഹുസ്‌നി സനദ് ദാനവും 
 (07 ശനി 02:30 PM) 
ഈ വർഷം പത്ത് ദൗറ പൂർത്തീകരിച്ച 11 ഹാഫിസുകൾക്കും, ആലിം കോഴ്‌സ് പൂർത്തീകരിച്ച 27 അൽ ഹുസ്‌നി ആലിമുകൾക്കും സനദ് ദാനവും, ഉപരിപഠനത്തിനായി നദ്‌വത്തുൽ ഉലമയിലേക്ക് യാത്ര അയപ്പും.

ഏവർക്കും സ്വാഗതം!
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്... 

ഈയാഴ്ച അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്കായി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

                                                                                                                            ചീഫ് എഡിറ്റർ

                                                            🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം 

📓 പുതിയ പ്രദ്ധികരണങ്ങൾ
    



▫️ ഇസാലത്തുശ്ശുകൂക് - ₹450/-
▫️ നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - ₹40/-
▫️ സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ - ₹40/-
▫️ വഴിവിളക്കുകൾ 4 - ₹40/-
▫️ പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും - ₹45/-
▫️ മയ്യിത്ത് സംസ്‌കരണം; ചില പ്രധാന അപേക്ഷകൾ - ₹50/-
▫️ നോമ്പ് സകാത്ത് കർമ്മ പഠനം - ₹90/-


🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌