ശഅ്ബാൻ 25/1447
ഫെബ്രുവരി 13/2025
ലക്കം: 249

 ഉള്ളടക്കം 

▪️മുഖലിഖിതം 
വന്ദേമാതരം ഗവൺമെന്റ് തലത്തിൽ നിർബന്ധമാക്കിയത് ഭരണഘടനാ വിരുദ്ധവും അസ്വീകാര്യവുമാണ്. ഗവൺമെന്റ് നോട്ടിഫിക്കേഷൻ പിൻവലിക്കുക.
        ✍️ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്

▪️ജുമുഅ സന്ദേശം 
യുവപണ്ഡിതരോടും മദ്റസാ ഭാരവാഹികളോടും.
        ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുൽ ഖലം.
റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങൾ, സഹനതയ്ക്ക് പ്രേരണ, അഹങ്കാരത്തിന്റെ നിന്ദ്യത, ഭയഭക്തർക്ക് സുവാർത്ത, നിഷേധികളുടെ നിന്ദ്യത
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
അവിശ്വാസിയുടെയും, കപട വിശ്വാസിയുടെയും സമൃദ്ധിയിൽ അസൂയപ്പെടരുത്.
     ✍️ മൗലാന മുഫ്തി അബുൽ ഖാസിം നുഅ്മാനി 

▪️ഇലാ റഹ്‌മത്തില്ലാഹ്...


▪️ഗ്രന്ഥ പരിചയം 
ഇസ്‌ലാം ഒരു പരിചയം.

🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 

വന്ദേമാതരം ഗവൺമെന്റ് തലത്തിൽ നിർബന്ധമാക്കിയത് ഭരണഘടനാ വിരുദ്ധവും അസ്വീകാര്യവുമാണ്. ഗവൺമെന്റ് നോട്ടിഫിക്കേഷൻ പിൻവലിക്കുക: ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്.

       കേന്ദ്ര ഗവൺമെന്റ് വന്ദേമാതരം ആലപിക്കുന്നത്, വന്ദേമാതരത്തിന്റെ മുഴുവൻ ഗാനവും ആലപിക്കുന്നത് ഗവൺമെന്റ് പരിപാടികളിലും സ്കൂളുകളിലും ‘ജനഗണമന'ക്ക് മുമ്പായി പാടണമെന്ന് നിർബന്ധമാക്കിയിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പ്രസ്താവിച്ചു. ഇത് ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് എതിരുമാണ്.
ഭരണകൂടത്തിന്റെ ഈ തീരുമാനം ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും സെക്യുലർ മൂല്യങ്ങൾക്കും വിരുദ്ധവും, സുപ്രീം കോടതിയുടെ വിധിക്ക് എതിരും, മുസ്ലിങ്ങളുടെ വിശ്വാസത്തിന് കടകവിരുദ്ധവുമാണ്. അതുകൊണ്ട് ഇത് ഒരിക്കലും സ്വീകാര്യമല്ല.
രവീന്ദ്രനാഥ ടാഗോറിന്റെ അഭിപ്രായപ്രകാരം കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ ചർച്ചയ്ക്ക് ശേഷം ഇതിന്റെ രണ്ട് വരികൾ മാത്രം പാടിയാൽ മതിയെന്ന് സംയുക്തമായി തീരുമാനിക്കപ്പെട്ടതാണ്. ഒരു സെക്യുലർ ഭരണകൂടം ഏതെങ്കിലും മതത്തിന്റെ പ്രത്യേക വിശ്വാസ അദ്ധ്യാപനങ്ങൾ മറ്റു വിഭാഗങ്ങളുടെ മേൽ നിർബന്ധിച്ച് അടിച്ചേൽപ്പിക്കുന്നത് അല്ല.
കൂടാതെ, ഈ ഗാനം ബംഗാളിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. ഇത് ദുർഗ്ഗയെയും മറ്റും ദേവീദേവന്മാരായി ചിത്രീകരിക്കുകയും അവരെ ആരാധിക്കാൻ ആഹ്വാനം നടത്തുകയും ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിൽ ഇലക്ഷൻ നടക്കാനിരിക്കുന്നതിന് മുമ്പ് ഇത് നിയമം കൊണ്ടുവന്ന ബി.ജെ.പി ഗവൺമെന്റിന്റെ ലക്ഷ്യം എന്താണെങ്കിലും മുസ്‌ലിംകൾക്ക് ഇത് സ്വീകാര്യമല്ല.
ഇത് ഇസ്ലാമിക വിശ്വാസങ്ങൾക്ക് എതിരാണ്. മുസ്‌ലിംകൾ ഏകദൈവം, പടച്ചവനെ മാത്രമാണ് ആരാധിക്കുന്നത്. പടച്ചവന്റെ അസ്തിത്വത്തിൽ യാതൊരുവിധ പങ്കുചേർക്കലും ഇസ്ലാം അനുവദിക്കുന്നില്ല.
രാജ്യത്തെ വിവിധ കോടതികൾ ഇതിന്റെ പല വരികളെയും സെക്യുലർ മൂല്യങ്ങൾക്ക് എതിരാണെന്ന് പറഞ്ഞിട്ടുള്ളതാണ്. പല കോടതികളും ഇത് പാടുന്നതിനെ നിരോധിക്കുകയും ചെയ്തു.
ആകയാൽ എത്രയും പെട്ടെന്ന് ഈ നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ബോർഡ് കോടതിയെ സമീപിക്കുന്നതാണെന്നും ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസലുറഹീം മുജദ്ദിദി അറിയിച്ചു.

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

യുവപണ്ഡിതരോടും മദ്റസാ ഭാരവാഹികളോടും

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
(എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ശഅ്ബാൻ മാസത്തിന് ഒരു പ്രത്യേക പാരമ്പര്യമുണ്ട്. കാരണം, മദ്‌റസകളുടെ അധ്യയനം ശവ്വാൽ മാസത്തിലാണ് ആരംഭിക്കുന്നത്. ശഅ്ബാനിൽ പഠനവും കണക്കെടുപ്പുകളും അവസാനിക്കുന്നു. പ്രാഥമിക പഠനം നൽകുന്ന മദ്‌റസകളിൽ നിന്ന് ഒരു നിശ്ചിത അളവ് വിദ്യാഭ്യാസം നേടിയ ശേഷം വിദ്യാർത്ഥികൾ താരതമ്യേന വലിയ മദ്‌റസകളിലേക്ക് മാറുന്നു. ഹിഫ്‌സ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ ഇത് പഠന പൂർത്തീകരണത്തിന്റെ സമയമാണ്. ദൗറത്തുൽ ഹദീസ് വരെയോ തഖസ്സുസ് വരെയോ പഠന സൗകര്യമുള്ളയിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ സനദ് കരസ്ഥമാക്കുന്നു. ഇത് അവരുടെ ജീവിതത്തിലെ ഒരു പുതിയ ഘട്ടവും പുതിയ വഴിത്തിരിവുമാണ്. ഇനി അവർക്ക് സമുദായത്തിൻ്റെ വിവിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.

സാധാരണയായി ഇമാമത്ത്, പ്രസംഗം, മക്തബ് അധ്യാപനം അല്ലെങ്കിൽ ഉയർന്ന ക്ലാസുകളിലെ അധ്യാപനം എന്നിവയാണ് ഇവരുമായി ബന്ധപ്പെട്ട് വരാറുള്ളത്. എന്നാൽ അവരുടെ പ്രവർത്തന മണ്ഡലം ഇതിൽ മാത്രം ഒതുങ്ങുന്നില്ല. ഈ ജോലികൾ ചെയ്യുന്നതോടൊപ്പം മറ്റ് കാര്യങ്ങളും അവർ നിർവ്വഹിക്കുന്നു. സമുദായത്തിന്റെ മറ്റ് മതപരമായ ആവശ്യങ്ങളും ഇവരിൽ നിന്നാണ് നിറവേറ്റപ്പെടുന്നത്. മുസ്‌ലിംകൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ അവർക്കിടയിൽ ഒത്തുതീർപ്പുണ്ടാക്കുക, സമൂഹത്തിൽ എന്ത് പ്രശ്‌നങ്ങൾ ഉണ്ടായാലും അതിൽ ശരിയായ മതവിധി നിർദ്ദേശിക്കുക, സമൂഹത്തെ നന്മയിലേക്ക് ക്ഷണിക്കുകയും തിന്മയിൽ നിന്ന് തടയുകയും ചെയ്യുക എന്നിവ ഓരോ പണ്ഡിതനും തന്റെ കടമയായി കരുതുന്നു. തങ്ങളുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ച് അവർ അത് നിർവ്വഹിക്കുകയും ചെയ്യുന്നു. ഈ വീക്ഷണത്തിൽ അവരുടെ ഉത്തരവാദിത്തങ്ങൾ വളരെ വലുതാണ്. മൊത്തത്തിൽ, ഉമ്മത്തിനെ ഇസ്‌ലാമുമായി ബന്ധിപ്പിച്ചു നിർത്തുന്നതിലും അവരുടെ കെട്ടുറപ്പ് തകരാതെ കാക്കുന്നതിലും ഈ പണ്ഡിതന്മാർക്ക് വലിയ പങ്കുണ്ട്.

ഈ മദ്‌റസകളുടെ സംവിധാനം ലളിതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലളിതമായ കെട്ടിടം, ലളിതമായ ജീവിതരീതി, ലളിതമായ ഭക്ഷണ ക്രമീകരണം, വസ്ത്രധാരണത്തിലെ ലാളിത്യം; എല്ലാത്തരം ആഡംബരങ്ങളിൽ നിന്നും സുഖലോലുപതകളിൽ നിന്നും അകന്നുനിൽക്കുന്ന രീതി. തുടക്കം മുതൽക്കേ ഈ മദ്‌റസകളുടെ പ്രകൃതം ഇതായിരുന്നു. പല മതപഠനശാലകളും അതത് കാലത്തെ ജീവിതനിലവാരമനുസരിച്ച് ഇതേ പാതയിലാണ് നിലകൊള്ളുന്നത്. മദ്‌റസ പ്രസ്ഥാനത്തിന്റെ സ്ഥാപകർ ബോധപൂർവ്വം ഇങ്ങനെയൊരു രീതി സ്വീകരിച്ചതാണെന്ന് തോന്നുന്നു. കാരണം, ഈ മദ്‌റസകളിൽ പഠിക്കുന്നവർ പ്രയാസകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ശീലിച്ചവരും ദീനിന്റെ സേവനം നിർവ്വഹിക്കാൻ പ്രാപ്തരുമായിരിക്കണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. നമ്മുടെ പണ്ഡിതന്മാർ എല്ലായ്പ്പോഴും ഇത് മനസ്സിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
തന്റെ ദീനിന്റെ കാര്യങ്ങൾ ആരെക്കൊണ്ടാണോ നിർവ്വഹിപ്പിക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നത്, അവരുടെ പരിശീലനത്തിനുള്ള സംവിധാനവും അവൻ ഒരുക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, കഷ്ടപ്പാടുകൾ സഹിക്കാനും മനസ്സിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ക്ഷമിക്കാനും അവർക്ക് ശീലമുണ്ടാകുക എന്നതാണ്. ഖുർആൻ പ്രവാചകന്മാരുടെ സംഭവങ്ങൾ വിശദമായി വിവരിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും പ്രവാചകന്മാരും അവരുടെ ജനതയും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചും സത്യത്തെ എതിർക്കുന്നവർ ഏൽപ്പിച്ച ഉപദ്രവങ്ങളെക്കുറിച്ചുമാണ്.

മുഹമ്മദുർറസൂലുല്ലാഹി ﷺ അവസാനത്തെ പ്രവാചകനും മനുഷ്യകുലത്തിന് പൂർണ്ണ മാതൃകയുമായിരുന്നു. അതിനാൽ അവിടുന്ന് കൂടുതൽ പരീക്ഷണങ്ങളിലൂടെ കടന്നുപോയി. മറ്റുള്ളവരേക്കാൾ കൂടുതലായി പരീക്ഷണങ്ങളുടെ തീച്ചൂളയിൽ അവിടുന്ന് ശുദ്ധീകരിക്കപ്പെട്ടു. ഒന്ന് ആലോചിച്ചു നോക്കൂ! മക്കാ വിജയത്തിന് ശേഷം ലഭിച്ച ആധിപത്യം പ്രവാചകത്വത്തിന്റെ ആദ്യ ദിവസം തന്നെ നൽകാൻ അല്ലാഹുവിന് കഴിയില്ലായിരുന്നോ? ഹിജ്റ എട്ടാം വർഷത്തിൽ പ്രവാചകന്റെ പ്രതാപം കണ്ട് തലകുനിച്ചവരെ ആദ്യ ദിവസം തന്നെ ഇസ്‌ലാമിന് മുന്നിൽ തലകുനിപ്പിക്കാൻ അല്ലാഹുവിന് കഴിയുമായിരുന്നില്ലേ? പക്ഷേ അത് സംഭവിച്ചില്ല. അവിടുന്ന് കല്ലേറ് കൊണ്ടു, ചീത്തവിളികൾ കേട്ടു, പരിക്കുകൾ സഹിച്ചു, പട്ടിണി കിടന്നു, ത്വാഇഫിലെ തെരുവുകളിലൂടെ ഓടിക്കപ്പെട്ടു, ബദറിലെയും ഉഹ്ദിലെയും യുദ്ധക്കളങ്ങളിൽ പരീക്ഷിക്കപ്പെട്ടു, തിരുമുഖത്ത് മുറിവേറ്റു, മദീനയിലെ കപടവിശ്വാസികളുടെ ഉപദ്രവങ്ങളും ചതികളും സഹിക്കേണ്ടി വന്നു. അതിനുശേഷമാണ് ഇസ്‌ലാമിന് വിജയവും നേട്ടവും കൈവന്നത്. ആദ്യ ദിവസം തന്നെ മക്കക്കാരുടെ ഹൃദയങ്ങൾ പ്രവാചകന് വേണ്ടി മയപ്പെടുത്താനും അവരെ വിശ്വസികളാക്കാനും അല്ലാഹുവിന് കഴിയില്ലായിരുന്നോ? തീർച്ചയായും അല്ലാഹു അതിന് കഴിവുള്ളവനായിരുന്നു. എന്നാൽ, ഇതിലൂടെ പരിശീലനത്തിന്റെയും പരീക്ഷണത്തിന്റെയും ഘട്ടങ്ങളിലൂടെ പ്രവാചകനെ കൊണ്ടുപോകാനാണ് അവൻ ഉദ്ദേശിച്ചത്.

പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാർ എന്നതിനാൽ, തീർച്ചയായും അവരും പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വരും. സാധാരണ ഭക്ഷണം, സാധാരണ പാനീയം, സാധാരണ വീട്, സാധാരണ വസ്ത്രം, സാധാരണ ജീവിതരീതി എന്നിവയ്ക്ക് മാത്രം ഇടമുള്ള ലളിതമായ ഒരു ജീവിതശൈലി അവർ രൂപപ്പെടുത്തേണ്ടി വരും. ആളുകളുടെ പരിഹാസങ്ങൾ കേൾക്കേണ്ടി വരും, വേദനിപ്പിക്കുന്ന വാക്കുകൾ സഹിക്കേണ്ടി വരും, ജീവിതത്തിലെ പല സുഖസൗകര്യങ്ങളിൽ നിന്നും സ്വയം അകന്നുനിൽക്കാൻ മനസ്സിനെ പാകപ്പെടുത്തേണ്ടി വരും. ഈ കഷ്ടപ്പാടുകൾ മറ്റുള്ളവർക്ക് കഷ്ടപ്പാടാണെങ്കിലും, പടച്ചവൻ്റെ പ്രീതി കാംഷിക്കുന്നവർക്ക് അത് ജീവിതത്തിന്റെ നേട്ടമാണ്. 

ഇഖ്ബാൽ പറഞ്ഞതുപോലെ:
“ഈ ജീവിതമാകുന്ന വീഞ്ഞ് എനിക്ക് വിഷമാണെന്ന് ഞാൻ ആരോട് പറയും?
പ്രപഞ്ചത്തിന്റെ സദസ്സ് പഴയതാണ്, എന്നാൽ എന്റെ അനുഭവങ്ങൾ പുതിയതാണ്.
ഇബ്രാഹിം നബി (അ)യുടെ സത്യസന്ധതയും ഇഷ്ഖ് ആണ്, ഹുസൈൻ(റ)വിന്റെ ക്ഷമയും ഇഷ്ഖ് ആണ്, ജീവിത സമരത്തിൽ ബദ്റും ഹുനൈനും ഇഷ്ഖ് തന്നെയാകുന്നു.

ഈ ആദർശത്തെ സംരക്ഷിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അന്തരീക്ഷം മുഴുവൻ ഭൗതികതയുടെ ആരാധകരും അതിൽ മുഴുകിയവരുമായിരിക്കുമ്പോൾ, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക (ഖനാഅത്ത്), അല്ലാഹുവിൽ ഭരമേൽപ്പിക്കുക (തവക്കുൽ) തുടങ്ങിയ കാര്യങ്ങൾ പരിഹാസ്യമായി തോന്നാം. എന്നാൽ, ‘ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക' എന്നതിന്റെ അടിത്തറയിലാണ് ഈ മദ്‌റസകൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് എന്നത് ഒരു സത്യമാണ്. ഇന്നലെ ഇതിന് എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നോ, അതിനേക്കാൾ കൂടുതൽ പ്രാധാന്യം ഇന്നുണ്ട്.

ഇന്നത്തെ അവസ്ഥ എന്തെന്നാൽ, പട്ടണത്തിന്റെ പളപളപ്പുകളിൽ നിന്നും സുഖസൗകര്യങ്ങളിൽ നിന്നും അകലെയായി പല പ്രദേശങ്ങളുണ്ട്. അവിടെ നമ്മുടെ സമുദായത്തിന്റെ ഒരു വിഭാഗം താമസിക്കുന്നു. അവരിൽ ചിലർ ഇന്നുവരെ “അല്ലാഹു അക്ബർ" എന്ന ശബ്ദം പോലും കേട്ടിട്ടില്ലാത്തവരാണ്. അജ്ഞത കാരണം അല്ലാഹുവിന്റെയും റസൂലിന്റെയും പേര് പോലും ശരിയായ രീതിയിൽ ഉച്ചരിക്കാൻ അവരുടെ നാവുകൾക്ക് കഴിയുന്നില്ല. നമ്മുടെ യുവ പണ്ഡിതന്മാർ അവിടെ പ്രവർത്തിക്കാൻ മടിക്കുന്നു. കാരണം, അവിടെ സൗകര്യങ്ങളില്ല, സാമ്പത്തികമായും അവിടത്തെ അവസ്ഥ വളരെ മോശമാണ്. എന്നാൽ, ഈ സ്ഥലങ്ങളിൽ ചെന്ന് നാം നമ്മുടെ ജനതയെ സേവിച്ചില്ലെങ്കിൽ, ആരാണ് അവരുടെ വിശ്വാസം സംരക്ഷിക്കുക? അവരെ ഇസ്‌ലാമിൽ നിലനിർത്താൻ എങ്ങനെ സാധിക്കും? ഇത്തരം സ്ഥലങ്ങളിൽ ക്രിസ്ത്യൻ മിഷണറിമാരും ഖാദിയാനികളും എത്തിച്ചേർന്നാൽ, പരാതിപ്പെടാൻ നമുക്ക് യാതൊരു അർഹതയുമില്ല. ഒരു വിഭാഗത്തെ നിങ്ങൾ അവഗണിക്കുകയും, എന്നാൽ മറ്റാരും അവരെ ഏറ്റെടുക്കരുത് എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് എങ്ങനെ ശരിയാകും?

രണ്ടാമത്തെ പ്രധാന കാര്യം: പണ്ഡിതന്മാർക്ക് ഉമ്മത്തുമായുള്ള ബന്ധം കേവലം ഒരു നിയമപരമായ ബന്ധമല്ല; മറിച്ച് അത് ആത്മീയവും ഈമാനികവുമായ ബന്ധമാണ്. നിയമപരമായ ബന്ധത്തിൽ മനുഷ്യൻ തന്നെത്തന്നെ തന്റെ ജോലിയിൽ പരിമിതപ്പെടുത്തുന്നു. നിശ്ചയിക്കപ്പെട്ട ജോലിക്കപ്പുറം മറ്റൊരു ജോലിയും ചെയ്യാൻ അവൻ ആഗ്രഹിക്കുന്നില്ല; കാരണം അതിന് അവന് പ്രതിഫലം ലഭിക്കില്ല. എന്നാൽ, അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ദീനിന്റെ സംരക്ഷണത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു കാവൽക്കാരന്റെ സ്ഥാനമാണ് പണ്ഡിതനുള്ളത്. അവൻ ഉദ്യോഗസ്ഥനല്ല, മറിച്ച് ഒരു സന്നദ്ധപ്രവർത്തകനാണ്. അവന്റെ കടമകൾക്ക് അതിരുകളില്ല. അവന്റെ സേവന മണ്ഡലം വളരെ വിശാലമാണ്. ആരെങ്കിലും വിശ്വാസപരമായ പിഴവുകളിൽ അകപ്പെട്ടാൽ അവന്റെ വിശ്വാസം തിരുത്തുക, നമസ്കരിക്കാത്തവനാണെങ്കിൽ അവനെ നമസ്കാരത്തിലേക്ക് ക്ഷണിക്കുക, ആരെങ്കിലും തിന്മയിൽ ഏർപ്പെട്ടാൽ അവനെ അതിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുക, മുസ്‌ലിം കുടുംബങ്ങൾക്കിടയിലോ ഭാര്യാഭർത്താക്കന്മാർക്കിടയിലോ തർക്കങ്ങളുണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുക, കുട്ടികൾക്കും മുതിർന്നവർക്കും വിദ്യാഭ്യാസത്തിന് സൗകര്യമില്ലെങ്കിൽ അതിന് ഏർപ്പാടുണ്ടാക്കുക, എന്തെങ്കിലും പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ ജനങ്ങളെ സഹായിക്കാൻ എഴുന്നേറ്റ് നിൽക്കുക, തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുസ്‌ലിംകളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ജനങ്ങൾക്ക് വഴികാട്ടുക, അവിടെ സഹോദര സമുദായങ്ങളുണ്ടെങ്കിൽ അവരുമായി നല്ല ബന്ധം സ്ഥാപിക്കുക, വർഗീയ വിദ്വേഷം പടരുന്നുണ്ടെങ്കിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുക തുടങ്ങി അല്ലാഹുവിന് ഈ ഉമ്മത്തിൽ നിന്ന് എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം അവന്റെ കടമകളിൽ ഉൾപ്പെടുന്നു.

ചുരുക്കത്തിൽ, ഉമ്മത്തിന് എന്ത് പ്രശ്നമുണ്ടായാലും, ഭൗതികമായ ലാഭങ്ങളൊന്നും ആഗ്രഹിക്കാതെ, കേവലം സമുദായത്തിന്റെ നന്മയും ദീനിന്റെ താല്പര്യവും മുൻനിർത്തി എഴുന്നേൽക്കുക എന്നത് പണ്ഡിതന്റെ കടമയാണ്. ഇത് വളരെ പ്രധാനപ്പെട്ട ആവശ്യമാണ്. ഇതായിരുന്നു മുൻഗാമികളായ പണ്ഡിതന്മാരുടെ രീതി. എന്നാൽ, നിർഭാഗ്യവശാൽ ഇന്ന് മദ്‌റസകളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ തങ്ങളുടെ പ്രവർത്തനമണ്ഡലം പള്ളിയിലും മദ്‌റസയിലും മാത്രമായി ഒതുക്കിയിരിക്കുന്നു. ഇതിന്റെ ഫലമായി മുസ്‌ലിംകൾക്കിടയിൽ നല്ലതും നിസ്വാർത്ഥവുമായ നേതൃത്വത്തിന്റെ വിടവ് ഉണ്ടായിരിക്കുന്നു. ചിലയിടങ്ങളിൽ വിവരമില്ലാത്തവരും സാമൂഹിക വിരുദ്ധരും മുസ്‌ലിംകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അവരുടെ ഇടപെടലുകൾ കൊണ്ട് എന്ത് ഫലമാണോ പ്രതീക്ഷിക്കാവുന്നത്, അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മൂന്നാമത്തെ പ്രധാന കാര്യം: യുക്തിപൂർവ്വമായ സമീപനവും കാലഘട്ടത്തെ മനസ്സിലാക്കലുമാണ്. നമ്മുടെ യുവ പണ്ഡിതന്മാരിൽ പ്രായത്തിന്റെ ആവേശം കാരണം എടുത്തുചാട്ടവും പെട്ടെന്നുള്ള ദേഷ്യവും കൂടുതലായിരിക്കുന്നു. മണ്ണ് പാകപ്പെടുത്തുന്നതിന് മുമ്പ് ചെടി നടാൻ അവർ ശ്രമിക്കുന്നു. മണ്ണ് ഉഴുത് മൃദുവാക്കാതെ വിത്ത് വിതച്ചാൽ, ചട്ടി ചൂടാകുന്നതിന് മുമ്പ് അതിൽ റൊട്ടി ചുട്ടാൽ, പഴം പാകമാകുന്നതിന് മുമ്പ് അത് കൃത്രിമമായി പഴുപ്പിക്കാൻ ശ്രമിച്ചാൽ, പൂർണ്ണമായ ഫലം ലഭിക്കില്ല. അതുപോലെ, ഏതെങ്കിലും തിന്മ വേരുറച്ചുപോയതാണെങ്കിൽ, ദീർഘകാലമായി അത് ശീലമായി മാറിയിട്ടുണ്ടെങ്കിൽ, ഒറ്റ നിമിഷം കൊണ്ട് അത് തിരുത്താൻ കഴിയില്ല. അത്തരം തിരുത്തൽ കൊണ്ട് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാകാനാണ് സാധ്യത. അതുകൊണ്ടാണ് ശരീഅത്തിന്റെ വിധികളിൽ ‘പടിപടിയായുള്ള മാറ്റം' (തദ്രീജ്) എന്ന തത്വം പാലിക്കപ്പെട്ടിട്ടുള്ളത്. മിക്ക നിഷിദ്ധ കാര്യങ്ങളും പടിപടിയായാണ് നിരോധിക്കപ്പെട്ടത്. മദ്യത്തിന്റെ കാര്യം വളരെ വ്യക്തമാണ്; അത് മൂന്ന് ഘട്ടങ്ങളിലായാണ് നിരോധിക്കപ്പെട്ടത്. അതുകൊണ്ട്, യുക്തിയും ഗുണകാംക്ഷയും എല്ലായ്‌പ്പോഴും പരിഗണിക്കേണ്ടത് ആവശ്യമാണ്. മനുഷ്യൻ പറയുന്നത് സത്യമായിരിക്കണം; എന്നാൽ എല്ലാ സത്യവും എല്ലാ സമയത്തും പറയണമെന്നില്ല. ചിലപ്പോൾ ഘട്ടം ഘട്ടമായി സത്യം തുറന്നുപറയുന്നതാണ് കൂടുതൽ ഫലപ്രദമാവുക. പണ്ഡിതന്മാർ ഈ കാര്യം ശ്രദ്ധിച്ചാൽ, പള്ളികളിലും മതപരമായ കാര്യങ്ങളിലും ഉണ്ടാകുന്ന പല തർക്കങ്ങളും ഒഴിവാക്കാൻ സാധിക്കും.

നാലാമത്തെ പ്രധാന കാര്യം: ഉമ്മത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുകയും ചിന്നി ചിതറലിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഐക്യത്തിന്റെ ആവശ്യം എപ്പോഴാണ് ഇല്ലാതിരുന്നത്? എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യം വർദ്ധിച്ചിരിക്കുന്നു. രാഷ്ട്രീയ, കുടുംബ, ബിസിനസ്സ് തുടങ്ങിയ വിവിധ കാരണങ്ങളാൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ മതപരമായ ഭിന്നതകൾ മുസ്‌ലിം സമൂഹത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഇതിന്റെ ഏറ്റവും സങ്കടകരമായ വശം എന്തെന്നാൽ, പള്ളികൾ, മതപഠനശാലകൾ, മതപരമായ യോഗങ്ങൾ, ചടങ്ങുകൾ എന്നിവ ഉമ്മത്തിന്റെ ഐക്യത്തിന്റെയും യോജിപ്പിന്റെയും മാതൃകയാകേണ്ടതായിരുന്നു. എന്നാൽ, അവ തന്നെ ഭിന്നതയുടെയും ചിതറലിന്റെയും കാരണമായി മാറുന്നു. ഉമ്മത്തിനെ ഒന്നിപ്പിക്കാൻ പ്രവർത്തിക്കേണ്ടവർ തന്നെ ഭിന്നതയുടെ വക്താക്കളായി മാറുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ, ചിതറിപ്പോയ തസ്ബീഹ് മണികളെ കോർക്കാനും, മുറിവേറ്റ ഹൃദയങ്ങളിൽ മരുന്ന് പുരട്ടാനും ആരാണുള്ളത്?
നമ്മുടെ പണ്ഡിതന്മാർ ഇതിൽ തീർച്ചയായും ശ്രദ്ധ ചെലുത്തണം. അവർ ഉമ്മത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം നേതാക്കന്മാരല്ല; മറിച്ച് മുഴുവൻ ഉമ്മത്തിനും ആശ്വാസം പകരേണ്ടവരാണ്. അവർ എല്ലാ മുസ്‌ലിംകളെയും മുസ്‌ലിംകൾ എന്ന നിലയിൽ സ്നേഹിക്കണം. തങ്ങളുടെ നാവും പേനയും ഒരിടത്തും ഉമ്മത്തിൽ ഭിന്നതയുണ്ടാക്കാൻ കാരണമാകാതിരിക്കാൻ അവർ ശ്രമിക്കണം.

അഞ്ചാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ കാര്യം: ഉമ്മത്തിന്റെ വലിയൊരു വിഭാഗം ആധുനിക വിദ്യാഭ്യാസം നേടിയവരാണ്. നമ്മുടെ മതപണ്ഡിതന്മാരെ എത്രത്തോളം ആവശ്യമുണോ, അതുപോലെ തന്നെ ഭൗതിക വിദ്യാഭ്യാസത്തിൽ വൈദഗ്ധ്യം നേടിയവരും നമുക്ക് വലിയൊരു ആവശ്യമാണ്. അവരുടെ പ്രാധാന്യം നമുക്ക് അവഗണിക്കാനാവില്ല. അവർ സമുദായത്തിന്റെ വലിയ സമ്പത്താണ്. സാധാരണയായി അവർ ഇസ്‌ലാമിനോട് ആത്മാർത്ഥതയുള്ളവരുമാണ്. ദീനിന്റെ പ്രകൃതത്തിനും രീതിക്കും വിരുദ്ധമായ എന്തെങ്കിലും കാര്യങ്ങൾ ചിലർ സംസാരിക്കുന്നുണ്ടെങ്കിൽ, അത് കൂടുതലും അവരുടെ അറിവില്ലായ്മയും വിവരക്കുറവും കൊണ്ടാണ്. പരസ്പരമുള്ള തെറ്റിദ്ധാരണകൾ കാരണം പണ്ഡിതന്മാരും ആധുനിക വിദ്യാഭ്യാസം നേടിയവരും തമ്മിൽ ഒരു വിടവ് രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് വളരെ ഖേദകരമാണ്. ഇതിൽ കൂടുതലും പരസ്പരമുള്ള അകലവും തെറ്റിദ്ധാരണയുമാണ് കാരണം. ഈ വിഭാഗത്തെ ഉമ്മത്തിന്റെ മികച്ച അമാനത്തായി കണ്ട് അവരെ അടുപ്പിക്കേണ്ടത് പണ്ഡിതന്മാരുടെ കടമയാണ്. അവരുടെ സംശയങ്ങൾ ക്ഷമയോടെ കേൾക്കുകയും സ്നേഹത്തോടെ ആ സംശയങ്ങളുടെ മുള്ളുകൾ അവരുടെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യുകയും വേണം. ചിന്താപരമായി നേരായ പാതയിൽ നിന്ന് വ്യതിചലിച്ചവരോട് നമ്മുടെ പെരുമാറ്റം, വിവരമില്ലാത്ത ഒരു രോഗിയോട് കർത്തവ്യബോധമുള്ള ഒരു ഡോക്ടർ പെരുമാറുന്നതുപോലെ ആയിരിക്കണം. അവരോടുള്ള നമ്മുടെ സമീപനം എതിരാളിയുടേതോ ശത്രുവിന്റേതോ ആകരുത്; മറിച്ച് കൂട്ടുകാരന്റേയും ആത്മാർത്ഥ സുഹൃത്തിന്റേയും പോലെ ആയിരിക്കണം.
ഈ വഴിയിലൂടെ യുവ പണ്ഡിതന്മാരേക്കാൾ അല്പം മുമ്പേ സഞ്ചരിച്ച അവരുടെ ഒരു സഹോദരന്റെ അപേക്ഷകളാണിത്. കാലത്തിൻ്റെ വലിയ തേട്ടങ്ങളാണിവ. ഇതിൽ നിന്ന് മുഖം തിരിക്കുന്നത് സമുദായത്തിനും പണ്ഡിതന്മാർക്കും ഒരുപോലെ ദോഷകരമാണ്. അല്ലാഹു നല്ല രീതിയിൽ പ്രവർത്തിക്കാൻ നാം ഓരോരുത്തർക്കും ഉതവി നൽകട്ടെ!

🔹🔹🔹🔹🔹🔹🔹

ആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുൽ ഖലം

(52 ആയത്തുകൾ, പദങ്ങൾ 300, അക്ഷരങ്ങൾ 1256, മക്കാമുകർറമയിൽ അവതരണം. എന്നാൽ 17-33, 48-50 ആയത്തുകൾ മദീനാ മുനവ്വറയിൽ അവതരിച്ചു. 3 റുകൂഅ്.  അവതരണ ക്രമം 2. പാരായണ ക്രമം 68. സൂറത്തുൽ അലഖിന് ശേഷം അവതരണം)

റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങൾ, സഹനതയ്ക്ക് പ്രേരണ, അഹങ്കാരത്തിന്റെ നിന്ദ്യത, ഭയഭക്തർക്ക് സുവാർത്ത, നിഷേധികളുടെ നിന്ദ്യത

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 1-35

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ ۝١ مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٖ ۝٢ وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٖ ۝٣ وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ ۝٤ فَسَتُبۡصِرُ وَيُبۡصِرُونَ ۝٥ بِأَييِّكُمُ ٱلۡمَفۡتُونُ ۝٦ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ۝٧ فَلَا تُطِعِ ٱلۡمُكَذِّبِينَ ۝٨ وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ ۝٩ وَلَا تُطِعۡ كُلَّ حَلَّافٖ مَّهِينٍ ۝١٠ هَمَّازٖ مَّشَّآءِۭ بِنَمِيمٖ ۝١١ مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٍ أَثِيمٍ ۝١٢ عُتُلِّۭ بَعۡدَ ذَٰلِكَ زَنِيمٍ ۝١٣ أَن كَانَ ذَا مَالٖ وَبَنِينَ ۝١٤ إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ ۝١٥   سَنَسِمُهُۥ عَلَى ٱلۡخُرۡطُومِ ۝١٦ إِنَّا بَلَوۡنَٰهُمۡ كَمَا بَلَوۡنَآ أَصۡحَٰبَ ٱلۡجَنَّةِ إِذۡ أَقۡسَمُواْ لَيَصۡرِمُنَّهَا مُصۡبِحِينَ ۝١٧ وَلَا يَسۡتَثۡنُونَ ۝١٨ فَطَافَ عَلَيۡهَا طَآئِفٞ مِّن رَّبِّكَ وَهُمۡ نَآئِمُونَ ۝١٩ فَأَصۡبَحَتۡ كَٱلصَّرِيمِ ۝٢٠ فَتَنَادَوۡاْ مُصۡبِحِينَ ۝٢١ أَنِ ٱغۡدُواْ عَلَىٰ حَرۡثِكُمۡ إِن كُنتُمۡ صَٰرِمِينَ ۝٢٢ فَٱنطَلَقُواْ وَهُمۡ يَتَخَٰفَتُونَ ۝٢٣ أَن لَّا يَدۡخُلَنَّهَا ٱلۡيَوۡمَ عَلَيۡكُم مِّسۡكِينٞ ۝٢٤ وَغَدَوۡاْ عَلَىٰ حَرۡدٖ قَٰدِرِينَ ۝٢٥ فَلَمَّا رَأَوۡهَا قَالُوٓاْ إِنَّا لَضَآلُّونَ ۝٢٦ بَلۡ نَحۡنُ مَحۡرُومُونَ ۝٢٧ قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ ۝٢٨ قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ۝٢٩ فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَلَٰوَمُونَ ۝٣٠ قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا طَٰغِينَ ۝٣١ عَسَىٰ رَبُّنَآ أَن يُبۡدِلَنَا خَيۡرٗا مِّنۡهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ ۝٣٢ كَذَٰلِكَ ٱلۡعَذَابُۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ۝٣٣ إِنَّ لِلۡمُتَّقِينَ عِندَ رَبِّهِمۡ جَنَّٰتِ ٱلنَّعِيمِ ۝٣٤ أَفَنَجۡعَلُ ٱلۡمُسۡلِمِينَ كَٱلۡمُجۡرِمِينَ ۝٣٥

    നൂൻ. തൂലികയും മലക്കുകൾ എഴുതുന്ന കാര്യങ്ങളും കൊണ്ട് സത്യം.(1) താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്താൽ താങ്കൾ ഭ്രാന്തനല്ല.(2) തീർച്ചയായും താങ്കൾക്ക് അവസാനിക്കാത്ത പ്രതിഫലമുണ്ട്.(3) തീർച്ചയായും താങ്കൾ സ്വഭാവത്തിന്റെ സമുന്നത സ്ഥാനത്താണ്.(4) അടുത്തു തന്നെ താങ്കളും അവരും കാണുന്നതാണ്.(5) നിങ്ങളിൽ ആരാണ് നാശത്തിൽ കുടുങ്ങിയതെന്ന്.(6) തീർച്ചയായും താങ്കളുടെ രക്ഷിതാവ് അവന്റെ മാർഗ്ഗത്തിൽ നിന്ന് പിഴച്ചത് ആരാണെന്ന് നന്നായി അറിയുന്നവനാണ്. സന്മാർഗികളെയും അവൻ നന്നായി അറിയുന്നവനാണ്.(7) ആകയാൽ കളവാക്കുന്നവർ പറയുന്നത് താങ്കൾ അനുസരിക്കരുത്.(8) താങ്കൾ വഴങ്ങിക്കൊടുത്താൽ അവരും വഴങ്ങാമെന്ന് അവർ മോഹിക്കുന്നു.(9) അധികമായി ആണയിടുന്നവനും നിന്ദ്യനുമായ ഒരുവനെയും താങ്കൾ അനുസരിക്കരുത്.(10) കുത്ത്വാക്ക് പറയുകയും ഏഷണിയുമായി നടക്കുകയും ചെയ്യുന്നവൻ.(11) നന്മ തടയുന്നവൻ, അതിക്രമം കാണിക്കുന്നവൻ. തിന്മ പ്രവർത്തിക്കുന്നവൻ.(12) ദുഃസ്വഭാവി, ഇവകൂടാതെ ഹീനജാതൻ.(13) അവൻ കൂടുതൽ സമ്പത്തും സന്താനങ്ങളും ഉള്ളവാനാണെന്നതിന്റെ പേരിലാണ് ഈ ദുസ്വഭാവങ്ങൾ കാട്ടുന്നത്.(14) നമ്മുടെ വചനങ്ങൾ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അവൻ പറയും: ഇത് മുൻഗാമികളുടെ കെട്ടുകഥകളാണ്.(15) അവന്റെ നീണ്ട മൂക്കിൽ നാം ഒരു അടയാളം ഇടുന്നതാണ്.(16) തോട്ടക്കാരെ നാം പരീക്ഷിച്ചതുപോലെ അവരെയും നാം പരീക്ഷിക്കുന്നതാണ്. പ്രഭാതത്തിൽ തന്നെ തോട്ടത്തിലെ പഴങ്ങൾ പറിക്കുമെന്ന് അവർ ആണയിട്ട് ഉറപ്പിച്ചപ്പോൾ.(17) അല്ലാഹു നിനച്ചാൽ എന്നവർ പറഞ്ഞില്ല.(18) അപ്പോൾ അവർ ഉറങ്ങിക്കിടക്കവെ നിന്റെ രക്ഷിതാവിന്റെ ഭാഗത്ത് നിന്നും ഒരു വിപത്ത് ആ തോട്ടത്തെ ബാധിച്ചു.(19) അങ്ങനെ ആ തോട്ടം കൊയ്യപ്പെട്ട കൃഷിയിടം പോലെയായി.(20) പ്രഭാതത്തിൽ പരസ്പരം അവർ വിളിച്ചുകൊണ്ട് പുറപ്പെട്ടു.(21) നിങ്ങൾ പഴം പറിക്കുന്നവരാണെങ്കിൽ കൃഷിയിടത്തിലേക്ക് രാവിലെ തന്നെ പോകൂ എന്ന് പറഞ്ഞു.(22) അങ്ങനെ രഹസ്യം പറഞ്ഞുകൊണ്ട് അവർ പോയി.(23) ഇന്നേ ദിവസം ഒരു സാധുവും നിങ്ങളുടെ അരികിൽ വരാൻ പാടില്ല എന്ന് പറഞ്ഞു.(24) അങ്ങനെ (സാധുക്കളെ) തടയാൻ കഴിവുള്ളവരാണെന്ന് വിചാരിച്ചുകൊണ്ട് അവർ പോയി.(25) അവർ അത് കണ്ടപ്പോൾ (ആദ്യം) അവർ പറഞ്ഞു: നമുക്ക് വഴിതെറ്റിപ്പോയി.(26) (ഉറപ്പായപ്പോൾ പറഞ്ഞു:) അല്ല, നാം ഫലം തടയപ്പെട്ടവരായിപ്പോയി.(27) അവരിൽ ഉത്തമനായ വ്യക്തിപറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ മഹത്വം വാഴ്ത്താമായിരുന്നല്ലോ എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?(28) അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് പരമ പരിശുദ്ധനാണ്. ഞങ്ങൾ അക്രമികളായിരുന്നു.(29) അവർ പരസ്പരം തിരിഞ്ഞ് ആക്ഷേപിക്കാൻ തുടങ്ങി.(30) അവർ പറഞ്ഞു: ഞങ്ങളുടെ നാശമേ, ഞങ്ങൾ പരിധി ലംഘിച്ചവരായിരുന്നു.(31) ഞങ്ങളുടെ രക്ഷിതാവ് ഇതിനേക്കാൾ ഉത്തമമായത് നമുക്ക് പകരം നൽകിയേക്കാം. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവിലേക്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നവരാകുന്നു.(32) ഇപ്രകാരമാണ് ശിക്ഷ. പരലോക ശിക്ഷ ഇതിനേക്കാൾ വലുതാണ്. ഈ ജനങ്ങൾ കാര്യം അറിഞ്ഞിരുന്നെങ്കിൽ!(33) തീർച്ചയായും ഭയഭക്തിയുള്ളവർക്ക് അവരുടെ രക്ഷിതാവിന്റെ അരികിൽ അനുഗ്രഹത്തിന്റെ തോട്ടങ്ങളുണ്ട്.(34) അനുസരണയുള്ളവരെ പാപികളെപ്പോലെ നാം ആക്കുമോ? (35)

വിവരണവും വ്യഖ്യാനവും:

        സൂറത്ത് മുൽകിൽ അല്ലാഹുവിന്റെ അസ്ഥിത്വവും ഏകത്വവും അറിവും കഴിവും വിവിധ തെളിവുകളിലൂടെ വിവരിക്കുകയും നിഷേധികൾക്ക് കടുത്ത ശിക്ഷകൊണ്ട് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ സൂറത്തിൽ റസൂലുല്ലാഹി (സ)യുടെ മേൽ ആരോപണങ്ങൾ ഉന്നയിച്ച നിഷേധികൾക്കുള്ള മറുപടികളാണ്. അല്ലാഹു നിയോഗിച്ചവരും വിജ്ഞാന-വിവേകങ്ങൾ സമ്പൂർണ്ണമായവരും മഹത്വങ്ങൾ നിറഞ്ഞവരുമായ റസൂലുല്ലാഹി (സ)യെ ഭ്രാന്തനെന്ന് ആരോപിച്ചതായിരുന്നു അവരുടെ ഒന്നാമത്തെ ആരോപണം. റസൂലുല്ലാഹി (സ)യുടെ മേൽ വഹ്‌യുമായി മലക്ക് വരുമ്പോൾ ഉണ്ടായിരുന്ന അസ്വസ്ഥതകളെ അവർ ഭ്രാന്തായി വിശേഷിപ്പിച്ചിരുന്നു. മറ്റുചിലർ റസൂലുല്ലാഹി (സ)യുടെ സന്ദേശമായ തൗഹീദിനെയും ബഹുദൈവരാധനയുടെ ഖണ്ഡനത്തെയും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളെയും ഭ്രാന്തായി കണ്ടിരുന്നു. ഈ സൂറത്തിലെ ആദ്യത്തെ ആയത്തുകളിൽ അവരുടെ ഈ വീക്ഷണത്തെ ശക്തിയുക്തം ഖണ്ഡിച്ചിരിക്കുകയാണ്: നൂൻ. തൂലികയും മലക്കുകൾ എഴുതുന്ന കാര്യങ്ങളും കൊണ്ട് സത്യം.(1) താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്താൽ താങ്കൾ ഭ്രാന്തനല്ല.(2)
 തൂലിക കൊണ്ടുള്ള ഉദ്ദേശവും തൂലികയുടെ മഹത്വവും: ഈ ആയത്തുകളിലെ നൂൻ എന്ന പദം മുഖത്വആത്തിൽ പെട്ടതാണ്. ഇതുപോലുള്ള അക്ഷരങ്ങൾ പരിശുദ്ധ ഖുർആനിലെ നിരവധി സൂറത്തുകളുടെ ആരംഭത്തിൽ വന്നിട്ടുണ്ട്. ഇതിന്റെ ആശയം അല്ലാഹുവിന് മാത്രം അല്ലെങ്കിൽ റസൂലുല്ലാഹി (സ)യ്ക്കും മാത്രമേ അറിയൂ. സമുദായം ഇതിന്റെ ഗവേഷണങ്ങളിൽ വ്യാപൃതരാകാൻ പാടുള്ളതല്ല. തൂലിക എന്നതുകൊണ്ടുള്ള ഉദ്ദേശം പൊതു തൂലികയും വിധികൾ എഴുതുന്നതിനോ മലക്കുകൾ നന്മ-തിന്മകൾ രേഖപ്പെടുത്തുന്നതിനോ ഉപയോഗിക്കുന്ന തൂലികയും ആകാവുന്നതാണ്. വിധി രേഖപ്പെടുത്തിയ തൂലികയെക്കുറിച്ച് ഉബാദത്ത് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു തൂലികയെ പടച്ചു. ശേഷം അതിനോട് എഴുതാൻ പറഞ്ഞു. അത് ചോദിച്ചു: എന്ത് എഴുതും? അല്ലാഹു പറഞ്ഞു: വിധിയുടെ കാര്യങ്ങൾ എഴുതുക. അങ്ങനെ അല്ലാഹുവിന്റെ കൽപ്പന പ്രകാരം നടക്കാനിരിക്കുന്ന സകല കാര്യങ്ങളും അത് എഴുതുകയുണ്ടായി. (തിർമിദി). അബ്ദുല്ലാഹുബ്‌നു അംറ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആകാശ-ഭൂമികൾ പടയ്ക്കുന്നതിന് അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് അല്ലാഹു സർവ്വ സൃഷ്ടികളുടെയും വിധികൾ രേഖപ്പെടുത്തുകയുണ്ടായി. (തിർമിദി). ഖതാദ (റ) പറയുന്നു: തൂലിക അല്ലാഹു ദാസന്മാരുടെ മേൽ ചെയ്ത വലിയ അനുഗ്രഹമാണ്. അല്ലാഹു ആദ്യം വിധിയ്ക്കുവേണ്ടി ഒരു തൂലികയുണ്ടാക്കി. അത് വിധിയുടെ സർവ്വ കാര്യങ്ങളും രേഖപ്പെടുത്തി. ശേഷം ഭൂ നിവാസികൾക്ക് വേണ്ടി മറ്റൊരു തൂലികയുണ്ടാക്കി. അതിനെക്കുറിച്ചാണ് ഇഖ്‌റഅ് സൂറത്തിൽ അല്ലാഹു പറഞ്ഞത്: ... (അലഖ് 3-4). ഈ സൂറത്തിലെ തൂലിക എന്നതുകൊണ്ട് ഈ രണ്ട് തൂലികയും ഉദ്ദേശിക്കാവുന്നതാണ്. വിധിയുടെ തൂലിക എന്ന ആശയം വെച്ചാൽ അതിന്റെ മഹത്വം വ്യക്തമാണ്. അതിനെ ഉപയോഗിച്ച് സത്യം ചെയ്യുന്നത് അനുയോജ്യവുമാണ്. എല്ലാ തൂലികയും ഉദ്ദേശമാണെന്നും പറയാവുന്നതാണ്. കാരണം ലോകത്ത് വലിയ കാര്യങ്ങൾ നടക്കുന്നത് തൂലികയിലൂടെയാണ്. രാജ്യങ്ങൾ കീഴടക്കപ്പെടുന്നതുപോലും വാളുകളേക്കാളും തൂലികയെ പ്രധാനമായും ഉപയോഗിച്ചുകൊണ്ടാണ്. അബൂഹാത്തിം (റ) പറയുന്നു: ധീരന്മാർ ആയുധങ്ങളെക്കൊണ്ട് ആണയിടുകയും അതിനെ അന്തസ്സിന്റെയും ആദരവിന്റെയും മാർഗ്ഗമായി കാണുകയും ചെയ്യുമ്പോൾ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം കാലാകാലം ഏറ്റവും വലിയ അന്തസ്സും അഭിമാനവുമായി തൂലിക മതിയായതാണ്. കാരണം അല്ലാഹു തൂലികയെക്കൊണ്ടാണ് സത്യം ചെയ്തിട്ടുള്ളത്. (ഖുർതുബി) ചുരുക്കത്തിൽ ഈ ആയത്തിലെ തൂലിക എന്നതുകൊണ്ട് വിധിയുടെ തൂലികയെയും പൊതുതൂലികയെയും ഉദ്ദേശമാക്കാവുന്നതാണ്. എഴുതിയത് എന്നതുകൊണ്ടുള്ള ഉദ്ദേശം തൂലികകൾ ഇതുവരെ എഴുതിയതും ഇനി എഴുതാനുള്ളതുമായ കാര്യങ്ങളാണ്. അല്ലാഹു ഇവ രണ്ടിനെയും കൊണ്ട് സത്യം ചെയ്ത ശേഷം നിഷേധികളുടെ ഭ്രാന്താരോപണത്തിന് മറുപടി പറയുന്നു: അല്ലാഹുവിന്റെ അനുഗ്രഹത്താൽ താങ്കൾ ഒരിക്കലും ഭ്രാന്തനല്ല. ഇവിടെ അല്ലാഹുവിന്റെ അനുഗ്രഹത്തെ എടുത്ത് പറഞ്ഞുകൊണ്ട് ഉണർത്തുന്നു: അല്ലാഹുവിന്റെ വിശിഷ്ട അനുഗ്രഹങ്ങളുണ്ടായ ഒരു വ്യക്തി ഒരിക്കലും ഭ്രാന്തനല്ല. മറിച്ച് ആ വ്യക്തിയെ ഭ്രാന്തനായി കാണുന്നവർ ഭ്രാന്തനാണ്. 
 കുറിപ്പ്: പരിശുദ്ധ ഖുർആനിൽ അല്ലാഹു സത്യം ചെയ്യാൻ ഉപയോഗിച്ച വസ്തുക്കളിലും സത്യം ചെയ്യപ്പെട്ട കാര്യങ്ങൾക്കുമിടയിൽ വലിയ ബന്ധമുണ്ടായിരിക്കുന്നതാണ്. ഇവിടെ അല്ലാഹു തൂലിക കൊണ്ട് എഴുതപ്പെട്ടതും ഇനി എഴുതപ്പെടുന്നതുമായ ലോക ചരിത്രത്തെ മുൻ നിർത്തിക്കൊണ്ട് അല്ലാഹു അറിയിക്കുന്നു: ലോക ചരിത്രത്തിലേക്ക് നോക്കുക. ഇത്രമാത്രം ഉന്നത കർമ്മങ്ങളും സ്വഭാവമുള്ളവർ ഭ്രാന്തന്മാർ ആകുമോ? ഇവർ മറ്റുള്ളവരുടെ ബുദ്ധിയും ബോധവും നേരെ ആക്കുന്നവരാണ്. ശേഷം ഇതേ വിഷയത്തെ കൂടുതൽ ബലപ്പെടുത്തിക്കൊണ്ട് പറയുന്നു: തീർച്ചയായും താങ്കൾക്ക് അവസാനിക്കാത്ത പ്രതിഫലമുണ്ട്.(3) അതെ, നിഷേധികൾ ഭ്രാന്ത് ആരോപിക്കുന്ന റസൂലുല്ലാഹി (സ) അല്ലാഹുവിങ്കൽ സൽക്കർമ്മങ്ങൾ നിറഞ്ഞവരും അതിന്റെ പേരിൽ സമുന്നത പ്രതിഫലം നൽകപ്പെടുന്നവരും പ്രസ്തുത പ്രതിഫലം ഒരിക്കലും നിലയ്ക്കാതെ തുടരുന്നതുമാണ്. തുടർന്ന് ഇതേ കാര്യത്തെ കൂടുതൽ ബലപ്പെടുത്തിക്കൊണ്ട് പ്രസ്താവിക്കുന്നു: തീർച്ചയായും താങ്കൾ സ്വഭാവത്തിന്റെ സമുന്നത സ്ഥാനത്താണ്.(4) ഈ ആയത്തിൽ അല്ലാഹു റസൂലുല്ലാഹി (സ)യുടെ സമ്പൂർണ്ണവും സമുന്നതവുമായ സ്വഭാവത്തിൽ ചിന്തിക്കാൻ ഉണർത്തിക്കൊണ്ട് പറയുന്നു: ഏതെങ്കിലും ഭ്രാന്തന്മാർക്ക് ഇതുപോലെ സമുന്നത സ്വഭാവം ഉണ്ടാകുമോ? 
 റസൂലുല്ലാഹി (സ)യുടെ സമുന്നത സ്വഭാവം: ഇബ്‌നു അബ്ബാസ് (റ) പറയുന്നു: സമുന്നത സ്വഭാവം കൊണ്ടുള്ള ഉദ്ദേശം സമുന്നത ധർമ്മമാണ്. അല്ലാഹുവിങ്കൽ ഏറ്റവും പ്രിയങ്കരമായ ധർമ്മം ഇസ്‌ലാമാണ്. ആഇശ (റ) പറയുന്നു: റസൂലുല്ലാഹി (സ)യുടെ സ്വഭാവം ഖുർആനായിരുന്നു. (അഹ്മദ്) അതായത് ഖുർആൻ പഠിപ്പിക്കുന്ന സമുന്നത കർമ്മങ്ങളും സ്വഭാവങ്ങളും റസൂലുല്ലാഹി (സ)യിൽ പരിപൂർണ്ണമായി കാണപ്പെട്ടിരുന്നു. അലിയ്യ് (റ) പറയുന്നു: റസൂലുല്ലാഹി (സ) പരിശുദ്ധ ഖുർആൻ പഠിപ്പിച്ച മര്യാദ രീതികൾ പരിപൂർണ്ണമായി ഉൾക്കൊണ്ടിരുന്നു. റസൂലുല്ലാഹി (സ)യുടെ അനുഗ്രഹീത ജീവിതത്തിൽ അല്ലാഹു മഹനീയ ഗുണങ്ങളെല്ലാം സമ്മേളിപ്പിച്ചിരുന്നു. റസൂലുല്ലാഹി (സ) തന്നെ അരുളി: സമുന്നത സ്വഭാവങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടി ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. (ബഹ്‌റുൽ മുഹീത്ത്). 
 അനസ് (റ) വിവരിക്കുന്നു: ഞാൻ റസൂലുല്ലാഹി (സ)യെ പത്ത് വർഷം സേവനം ചെയ്തു. എന്തിനാണത് ചെയ്തത്? എന്തുകൊണ്ട് അത് ചെയ്തില്ലെന്ന് എന്നോട് റസൂലുല്ലാഹി (സ) എന്നോട് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. (ബുഖാരി, മുസ്‌ലിം) അനസ് (റ) വിവരിക്കുന്നു: മദീനയിലെ അടിമ സ്ത്രീ റസൂലുല്ലാഹി (സ)യുടെ കയ്യിൽ പിടിച്ച് ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുന്ന നിലയിൽ റസൂലുല്ലാഹി (സ)യുടെ സ്വഭാവം മയമായിരുന്നു. (ബുഖാരി) ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) സ്വന്തം കൈകൊണ്ട് ആരെയും അടിച്ചിട്ടില്ല. എന്നാൽ പോരാട്ടത്തിന്റെ സമയത്ത് റസൂലുല്ലാഹി (സ) അടിച്ചിട്ടുണ്ട്. അല്ലാത്ത സന്ദർഭങ്ങളിൽ റസൂലുല്ലാഹി (സ) ഏതെങ്കിലും സേവനകനെയോ, സ്ത്രീയെയോ അടിച്ചിട്ടില്ല. ആരോടും പ്രതികാരം ചെയ്തിട്ടുമില്ല. എന്നാൽ പടച്ചവന്റെ കൽപ്പനയ്ക്ക് എതിരായി ആരെങ്കിലും പ്രവർത്തിക്കുമ്പോൾ അവരുടെ മേൽ ശിക്ഷ നടപ്പാക്കുമായിരുന്നു. (മുസ്‌ലിം) ജാബിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ)യോട് വല്ലതും ചോദിക്കപ്പെട്ടാൽ ഇല്ലായെന്ന് പറഞ്ഞിട്ടില്ല. (ബുഖാരി) ആഇശ (റ) പറയുന്നു: റസൂലുല്ലാഹി (സ) മ്ലേച്ഛമായ വാക്കുകൾ പറയുകയോ, പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. കമ്പോളത്തിൽ ശബ്ദം ഉണ്ടാക്കിയിരുന്നില്ല. തിന്മയെ തിന്മകൊണ്ട് നേരിട്ടിരുന്നില്ല. മറിച്ച് വിട്ടുവീഴ്ച ചെയ്യുമായിരുന്നു. (തിർമിദി) അബുദർദ്ദാഅ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നന്മയുടെ തട്ടിൽ ഏറ്റവും കൂടുതൽ ഭാരം നൽകുന്നത് സൽസ്വഭാവമാണ്. അസഭ്യങ്ങൾ പറയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (തിർമിദി) ആഇശ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഒരു സത്യവിശ്വാസി അദ്ദേഹത്തിന്റെ സൽസ്വഭാവം കാരണം രാത്രിയെല്ലാം നമസ്‌കരിക്കുകയും പകലുകളിൽ നോമ്പ് അനുഷ്ടിക്കുകയും ചെയ്യുന്ന വ്യക്തിയുടെ സ്ഥാനം കരസ്ഥമാക്കുന്നതാണ്. (അബൂദാവൂദ്) മുആദ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) എന്നെ യമനിലേക്ക് ഗർവർണ്ണറായി അയച്ചപ്പോൾ നൽകിയ അവസാനത്തെ ഉപദേശം: മുആദേ, ജനങ്ങളോടുള്ള നിന്റെ സ്വഭാവം നന്നാക്കുക എന്നതായിരുന്നു. (മാലിക്) 
 അടുത്തു തന്നെ താങ്കളും അവരും കാണുന്നതാണ്.(5) നിങ്ങളിൽ ആരാണ് ഭ്രാന്തിൽ കുടുങ്ങിയതെന്ന്.(6) ഈ ആയത്തിലെ മഫ്തൂൻ എന്നതിന്റെ ആശയം ഭ്രാന്തൻ എന്നാണ്. റസൂലുല്ലാഹി (സ)യുടെ മേൽ ഭ്രാന്ത് ആരോപിച്ചവർക്ക് കഴിഞ്ഞ ആയത്തിൽ മറുപടി പറയുകയുണ്ടായി. ഈ ആയത്തിൽ ഒരു പ്രവചനമെന്നോണം അറിയിക്കുന്നു: റസൂലുല്ലാഹി (സ) ഭ്രാന്തനായിരുന്നോ? റസൂലുല്ലാഹി (സ)യെ ഭ്രാന്തനെന്ന് വിളിക്കുന്നവർ ഭ്രാന്തനായിരുന്നോ എന്ന കാര്യം അടുത്ത് തന്നെ എല്ലാവരും കാണുന്നതാണ്. അതെ, നാളുകൾക്കകം ഈ കാര്യം വ്യക്തമായി. റസൂലുല്ലാഹി (സ)യെ ഭ്രാന്തനെന്ന് വിളിച്ചവരിൽ ഭാഗ്യം കെട്ടവർ നിന്ദ്യരായി. സൗഭാഗ്യവാന്മാർ സത്യം സ്വീകരിച്ച് റസൂലുല്ലാഹി (സ)യുടെ അനുയായികളായി. 
 ആകയാൽ കളവാക്കുന്നവർ പറയുന്നത് താങ്കൾ അനുസരിക്കരുത്.(8) താങ്കൾ വഴങ്ങിക്കൊടുത്താൽ അവരും വഴങ്ങാമെന്ന് അവർ മോഹിക്കുന്നു.(9) അതായത് താങ്കൾ സത്യത്തിന്റെ പ്രബോധനം ഉപേക്ഷിക്കുകയും വിഗ്രഹാരാധനയെ വിമർശിക്കാതിരിക്കുകയും ചെയ്താൽ താങ്കളുടെ മേലുള്ള ആക്ഷേപങ്ങൾ അവസാനിപ്പിക്കാമെന്ന് നിഷേധികൾ പറയുന്നു. ഇത് താങ്കൾ അംഗീകരിക്കരുത്. ഞങ്ങൾ നിങ്ങളെയൊന്നും പറയുന്നതല്ല, അതുകൊണ്ട് നിങ്ങളും ഞങ്ങളെയൊന്നും പറയരുത് എന്നിങ്ങനെ നിഷേധികളും തെമ്മാടികളുമായി സന്ധി ആകരുതെന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു. (മസ്ഹരി). അതായത് നിർബന്ധിത സാഹചര്യത്തിലല്ലാതെ ഇത്തരം കാര്യം കരാർ ചെയ്യാൻ പാടുള്ളതല്ല. 
 അധികമായി ആണയിടുന്നവനും നിന്ദ്യനുമായ ഒരുവനെയും താങ്കൾ അനുസരിക്കരുത്.(10) ഈ ആയത്ത് മുതൽ പതിമൂന്നാം ആയത്തുവരെ ഒരു വ്യക്തിയുടെ ദുസ്വഭാവങ്ങൾ പറഞ്ഞ് അദ്ദേഹത്തെ മത വിഷയത്തിൽ അനുസരിക്കരുതെന്ന് അല്ലാഹു ഉണർത്തിയിരിക്കുന്നു. കഴിഞ്ഞ ആയത്തിൽ പൊതുനിഷേധികളെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ ഈ ആയത്തുകളിളും ഇതിന് ശേഷമുള്ള ഏതാനു ആയത്തുകളിലും ഒരു പ്രത്യേക നിഷേധിയായ വലീദുബ്‌നു മുഗീറയെക്കുറിച്ചാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്. അയാളുടെ വിവിധ ദുർഗുണങ്ങൾ വിവരിച്ച ശേഷം അല്ലാഹു പറയുന്നു: അവന്റെ നീണ്ട മൂക്കിൽ നാം ഒരു അടയാളം ഇടുന്നതാണ്.(16) അതായത് ഖിയാമത്ത് നാളിൽ അവന്റെ മൂക്കിൽ ഒരു അടയാളം ഇടുന്നതാണ്. അതുകണ്ട് മുൻഗാമികളും പിൻഗാമികളുമായ എല്ലാവരും അവനെ നിന്ദിക്കുന്നതാണ്. 
 തോട്ടക്കാരെ നാം പരീക്ഷിച്ചതുപോലെ അവരെയും നാം പരീക്ഷിക്കുന്നതാണ്. കഴിഞ്ഞ ആയത്തുകളിൽ മക്കാനിഷേധികൾ റസൂലുല്ലാഹി (സ)യെക്കുറിച്ച് പറഞ്ഞ ആരോപണങ്ങൾക്കുള്ള മറുപടികളായിരുന്നു. ഈ ആയത്തുകളിൽ അല്ലാഹു കഴിഞ്ഞ കാലത്തെ ഒരു സംഭവം അനുസ്മരിച്ചുകൊണ്ട് മക്കക്കാരെ ഉണർത്തുകയും ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരു തോട്ടക്കാരെ അല്ലാഹു ധാരാളം അനുഗ്രഹിച്ചു. പക്ഷേ അവരുടെ നന്ദികേട് കാരണം അനുഗ്രഹം മാറ്റപ്പെടുകയും ശിക്ഷ നൽകപ്പെടുകയും ചെയ്തു. ഇപ്രകാരം അല്ലാഹു റസൂലുല്ലാഹി (സ)യെ അയച്ചുകൊണ്ട് മക്കക്കാരുടെ മേൽ വലിയൊരു ഉപകാരം ചെയ്തു. കൂടാതെ, അവരുടെ കച്ചവടങ്ങളിൽ ഐശ്വര്യം നൽകുകയും അവരെ സമ്പന്നരാക്കുകയും ചെയ്തു. എന്നാൽ അവരിൽ ഈ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തി സത്യവിശ്വാസം സ്വീകരിക്കുന്നതിന് പകരം നിഷേധത്തിൽ ഉറച്ച് നിൽക്കുകയുണ്ടായി. അല്ലാഹു ഉണർത്തുന്നു: നന്ദികേട് കാരണം അവർക്കുണ്ടായതുപോലെയുള്ള ശിക്ഷ മക്കക്കാരും ഭയക്കേണ്ടതാണ്. ഈ വിവരണം ഈ സൂറത്ത് മക്കിയ്യാണ് എന്ന അഭിപ്രായം അനുസരിച്ചാണ്. എന്നാൽ ചില മുഫസ്സിറുകൾ ഈ സൂറത്ത് മദീനയിൽ അവതരിച്ചതാണെന്ന് പറയുന്നു. റസൂലുല്ലാഹി (സ) മദീനയിൽ വന്നതിന് ശേഷവും മക്കാനിഷേധികൾ അക്രമങ്ങൾ തുടർന്നു. തദവസരം അവരുടെ മേൽ ക്ഷാമം ഉണ്ടാകുന്നതിന് റസൂലുല്ലാഹി (സ) പ്രാർത്ഥിക്കുകയും തൽഫലമായി അവർ കടുത്ത വിശപ്പിൽ അകപ്പെടുകയും ശവങ്ങളെ ഭക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. 
 തോട്ടക്കാരുടെ സംഭവം: ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഈ സംഭവം യമനിലാണ് നടന്നത്. സഈദുബ്‌നു ജുബൈർ (റ) യമനിലെ പ്രസിദ്ധ പട്ടണമായ സൻആയിലാണ് ഇത് സംഭവിച്ചത്. ചിലർ എത്യോപ്യയിലാണെന്ന് പറഞ്ഞിരിക്കുന്നു. ഈ നാട്ടുകാർ വേദക്കാരായിരുന്നു. ഈസാ നബി (അ)യ്ക്ക് ശേഷം കുറഞ്ഞ നാളുകൾക്കുള്ളിലാണ് ഈ സംഭവം നടന്നത്. ഇവരെക്കുറിച്ച് തോട്ടക്കാർ എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും അവരുടെ പക്കൽ കൃഷിയിടവും ഉണ്ടായിരുന്നു. പക്ഷേ, തോട്ടം വളരെ വലുതായിരുന്നതിനാൽ അവരെക്കുറിച്ച് തോട്ടക്കാർ എന്ന് പറയപ്പെട്ടു. ഇബ്‌നു അബ്ബാസ് (റ) ഇതിന്റെ സംഭവം ഇപ്രകാരം വിവരിക്കുന്നു: യമനിലെ സൻആഅ് പട്ടണത്തിൽ നിന്നും ആറ് മൈലുകൾ ദൂരത്തായി സിർവാൻ എന്ന ഒരു തോട്ടമുണ്ടായിരുന്നു. ഇതിന്റെ ഉടമ ഒരു സൽക്കർമ്മിയായിരുന്നു. വിളവെടുപ്പിന്റെ സന്ദർഭത്തിൽ അതിന്റെ ഒരു ഭാഗം സാധുക്കൾക്ക് വേണ്ടി ഉപേക്ഷിക്കുമായിരുന്നു. ഇപ്രകാരം കൃഷി ആരംഭിക്കുമ്പോഴും അദ്ദേഹം സാധുക്കൾക്ക് കുറേ ധാന്യങ്ങൾ നൽകിയിരുന്നു. ഇതിനിടയിൽ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു. അദ്ദേഹത്തിന്റെ മൂന്ന് മക്കൾ തോട്ടത്തിന്റെയും ഭൂമിയുടെയും അനന്തരവകാശികളായി. അവർ പരസ്പരം സംസാരിച്ചു: ഇപ്പോൾ നമ്മുടെ കുടുംബ ഭാരം അധികരിച്ചിരിക്കുകയാണ്. വരുമാനം കുറയുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് പട്ടിണി പാവങ്ങൾക്ക് ഇത്രയും നൽകാൻ കഴിയുന്നതല്ല. ചില നിവേദനങ്ങളിലുണ്ട്: അവർ ഇപ്രകാരവും പറഞ്ഞു: നമ്മുടെ പിതാവ് വിഡ്ഢിയായിരുന്നു. അതുകൊണ്ടാണ് ഇത്രയും സമ്പത്ത് ജനങ്ങൾക്ക് കൊടുത്തത്. നമുക്ക് ഈ പരിപാടി അവസാനിപ്പിക്കാം! അടുത്തതായി അവരുടെ സംഭവം ഖുർആൻ തന്നെ വിവരിക്കുന്നു: പ്രഭാതത്തിൽ തന്നെ തോട്ടത്തിലെ പഴങ്ങൾ പറിക്കുമെന്ന് അവർ ആണയിട്ട് ഉറപ്പിച്ചപ്പോൾ.(17) അല്ലാഹു നിനച്ചാൽ എന്നവർ പറഞ്ഞില്ല.(18) അതെ, അവരുടെ പദ്ധതിയെക്കുറിച്ച് അവർക്ക് പരിപൂർണ്ണ ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ഇൻ ഷാ അല്ലാഹ് എന്ന് പറയാൻ പോലും അവർ കൂട്ടാക്കിയില്ല. എന്ത് കാര്യങ്ങൾ ചെയ്യുന്നെങ്കിലും ഇൻ ഷാ അല്ലാഹ് എന്ന് പറയുന്നത് പ്രധാന സുന്നത്താണ്. ചില മുഫസ്സിറുകൾ പതിനെട്ടാം ആയത്തിന് ഇപ്രകാരം ആശയം പറയുന്നു: നാം പഴങ്ങളും ഫലങ്ങളും പരിപൂർണ്ണമായി എടുക്കുന്നതാണെന്ന് അവർ പറഞ്ഞു. സാധുക്കൾക്കുള്ള ഓഹരി മാറ്റിവെക്കാൻ അവർ തയ്യാറായില്ല. (മസ്ഹരി).  
 അപ്പോൾ അവർ ഉറങ്ങിക്കിടക്കവെ നിന്റെ രക്ഷിതാവിന്റെ ഭാഗത്ത് നിന്നും ഒരു വിപത്ത് ആ തോട്ടത്തെ ബാധിച്ചു.(19) വിപത്ത് കൊണ്ടുള്ള ഉദ്ദേശം അത് നശിക്കാൻ കാരണമായ ഏത് വിപത്തുമാകാം. അതിനെ മുഴുവൻ കത്തിച്ച് ചാമ്പലാക്കിയ ഒരു തീയാണെന്ന് ചില നിവേദനങ്ങളിൽ വന്നിരിക്കുന്നു. അവരെല്ലാവരും രാത്രിയിൽ ഗാഢനിദ്രയിലായിരിക്കവേയാണ് ഈ ശിക്ഷ ഇറങ്ങിയത്. അങ്ങനെ ആ തോട്ടം കൊയ്യപ്പെട്ട കൃഷിയിടം പോലെയായി.(20) സരീം എന്നതിന്റെ അർത്ഥം കൊയ്യപ്പെട്ട കൃഷിയെന്നാണ്. കൃഷി കൊയ്തുകഴിഞ്ഞാൽ ഭൂമി ശുദ്ധമായി കിടക്കുന്നതുപോലെ ആ തോട്ടത്തിന്റെ ഭൂമിയായി. സരീമിന് രാത്രി എന്നും അർത്ഥമുണ്ട്. അതായത് രാത്രിയുടെ ഇരുള് പോലെ ഈ കൃഷിയിടവും കറുത്തിരുണ്ടതായി. (മസ്ഹരി).  
 പ്രഭാതത്തിൽ പരസ്പരം അവർ വിളിച്ചുകൊണ്ട് പുറപ്പെട്ടു.(21) അവർ പുലർക്കാലത്ത് പരസ്പരം വിളിച്ച് എഴുന്നേൽപ്പിച്ചുകൊണ്ട് പുറപ്പെട്ടു. അങ്ങനെ രഹസ്യം പറഞ്ഞുകൊണ്ട് അവർ പോയി.(23) എന്നാൽ അവർ പുറപ്പെട്ട സന്ദർഭത്തിൽ സാധുക്കളാരും ഈ വിവരം അറിയരുതെന്ന് പരസ്പരം രഹസ്യം പറയുകയും ചെയ്തു. അങ്ങനെ (സാധുക്കളെ) തടയാൻ കഴിവുള്ളവരാണെന്ന് വിചാരിച്ചുകൊണ്ട് അവർ പോയി.(25) ഇതിലെ ഹർദ് എന്നതിന്റെ അർത്ഥം തടയുക, കോപം പ്രകടിപ്പിക്കുക എന്നാണ്. അതായത് സാധുക്കൾക്ക് ഒന്നും കൊടുക്കാതിരിക്കാൻ കഴിവുള്ളവനാണെന്നും വല്ലവരും വന്നാൽ തന്നെ അവരെ തടയുന്നതാണെന്നും വിചാരിച്ചുകൊണ്ടാണ് അവർ പോയത്.  
 അവർ അത് കണ്ടപ്പോൾ (ആദ്യം) അവർ പറഞ്ഞു: നമുക്ക് വഴിതെറ്റിപ്പോയി.(26) കൃഷിയിടത്തെ അവർ വിചാരിക്കാത്ത നിലയിൽ കണ്ടപ്പോൾ ഇത് നമുക്ക് വഴി തെറ്റിപ്പോയതാണ്. ഇത് നമ്മുടെ തോട്ടമൊന്നുമല്ലെന്ന് അവർ ആദ്യം പറഞ്ഞു. ശേഷം അടയാളങ്ങളും മറ്റും കണ്ട് തിരിച്ചറിഞ്ഞപ്പോൾ അവർ സങ്കടപ്പെട്ടു. അവരിൽ ഉത്തമനായ വ്യക്തിപറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ മഹത്വം വാഴ്ത്താമായിരുന്നല്ലോ എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?(28) ഉത്തമ വ്യക്തി എന്നതുകൊണ്ടുള്ള ഉദ്ദേശം പിതാവിനെപ്പോലെ ദാനധർമ്മത്തിൽ സന്തോഷിച്ചിരുന്ന വ്യക്തി എന്നാണ്. ഇദ്ദേഹം മറ്റുള്ളവരെപ്പോലെ പിശുക്കനും കഠിനമാനസനുമായിരുന്നില്ല. അദ്ദേഹം പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ മഹത്വം വാഴ്ത്താതിരുന്നത് എന്തുകൊണ്ടാണ്? അതായത് അല്ലാഹു ധർമ്മത്തിന് പകരം തരുകയില്ല എന്ന് വിചാരിച്ചതുകൊണ്ടാണ് നിങ്ങൾ സാധുക്കൾക്ക് കൊടുക്കാതിരിക്കാൻ പദ്ധതിയിട്ടത്. എന്നാൽ അല്ലാഹു ഇതിൽ നിന്നും പരിശുദ്ധനാണ്. ദാനധർമ്മം ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്നും കൂടുതലായി നൽകുന്നതാണ്. (മസ്ഹരി) അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് പരമ പരിശുദ്ധനാണ്. ഞങ്ങൾ അക്രമികളായിരുന്നു.(29) ആ സഹോദരൻ മുമ്പു പറഞ്ഞത് അവർ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ എല്ലാവരും അത് അംഗീകരിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരമ പരിശുദ്ധനാണ്. സാധുക്കളുടെ അവകാശം അപഹരിക്കാൻ തീരുമാനിച്ച നാം വലിയ അക്രമികൾ തന്നെയാണ്. കുറിപ്പ്: ശരിയായ കാര്യം പറഞ്ഞ ഈ വ്യക്തി മറ്റുള്ളവരേക്കാളും ഉത്തമരായിരുന്നുവെങ്കിലും മുമ്പ് ഇപ്രകാരം പറഞ്ഞതിന് ശേഷവും അവരുടെ കൂട്ടത്തിൽ കൂടുകയും അവരുടെ തെറ്റായ പ്രവർത്തനത്തിൽ സഹകരിക്കുകയും ചെയ്തു. അതുകാരണം അവരുടെ നാശം ഇദ്ദേഹത്തിനും ബാധകമായി. മറ്റുള്ളവരെ തിന്മയിൽ നിന്നും തടയുന്നെങ്കിലും തിന്മയിൽ സഹകരിക്കുന്ന വ്യക്തി തിന്മയിൽ പങ്കാളികളാകുന്നതാണെന്നും അവർക്കുണ്ടാകുന്ന നാശം തടയുന്ന വ്യക്തിയ്ക്കും ബാധകമാകുന്നതാണെന്നും ഇതിൽ നിന്നും മനസ്സിലാകുന്നു. അതുകൊണ്ട് തിന്മ തടയുന്നതിനോടൊപ്പം തിന്മയിൽ നിന്നും അകന്ന് കഴിയാനും ശ്രദ്ധിക്കേണ്ടതാണ്.  
 അവർ പരസ്പരം തിരിഞ്ഞ് ആക്ഷേപിക്കാൻ തുടങ്ങി.(30) അവർ തെറ്റ് സമ്മതിച്ചെങ്കിലും ആദ്യം ഈ അഭിപ്രായം പറഞ്ഞത് നിങ്ങളാണെന്നും നിങ്ങൾ കാരണമായിട്ടാണ് നാശമുണ്ടായതെന്നും പറഞ്ഞ് അവർ പരസ്പരം പഴിക്കാൻ തുടങ്ങി. എന്നാൽ ഈ പാപത്തിൽ ആരും ഒറ്റയ്ക്കല്ലായിരുന്നു. എല്ലാവരും അല്ലെങ്കിൽ ഭൂരിഭാഗം ആളുകളും അതിൽ സഹകരിച്ചിരുന്നു. കുറിപ്പ്: പരസ്പരം പഴി ചാരുന്ന ഈ ദുസ്വഭാവം ഈ കാലത്ത് വ്യാപകമായിരിക്കുകയാണ്. എല്ലാവരുടെയും പ്രവർത്തന ഫലമായി ഉണ്ടായ പരാജയത്തിന്റെയും നാശത്തിന്റെയും ആരോപണം പരസ്പരം പഴി ചാരാറുണ്ട്. ഇത് വെറും സമയം പാഴാക്കലാണ്. 
 അവർ പറഞ്ഞു: ഞങ്ങളുടെ നാശമേ, ഞങ്ങൾ പരിധി ലംഘിച്ചവരായിരുന്നു.(31) അങ്ങനെ ആദ്യത്തിൽ അവർ പരസ്പരം പഴിചാരിയെങ്കിലും പിന്നീട് ചിന്തിച്ചപ്പോൾ എല്ലാവരും തെറ്റുകാരാണെന്ന് മനസ്സിലാക്കുകയും എല്ലാവരും ലജ്ജിക്കുകയും തെറ്റ് സമ്മതിച്ച് പറയുകയും ചെയ്തു. ഇതുതന്നെയാണ് ഒരുതരം പശ്ചാത്താപമായിരുന്നു. ഈ കാരണത്താൽ പടച്ചവൻ ഇതിനേക്കാളും ഉത്തമമായത് പകരം നൽകുമെന്ന് അവർക്ക് പ്രതീക്ഷയുണ്ടായി. ഇബ്‌നു മസ്ഊദ് (റ) പറയുന്നു: അല്ലാഹു അവർക്ക് അതിനേക്കാൾ ഉത്തമമായ തോട്ടങ്ങൾ നൽകി. അതിലെ ഒരു മുന്തിരിക്കൊല ചുമക്കാൻ മാത്രം ഒരു കോവർ കഴുത ആവശ്യമായി വന്നിരുന്നു. (മസ്ഹരി)
 ഇപ്രകാരമാണ് ശിക്ഷ. പരലോക ശിക്ഷ ഇതിനേക്കാൾ വലുതാണ്. ഈ ജനങ്ങൾ കാര്യം അറിഞ്ഞിരുന്നെങ്കിൽ!(33) തോട്ടക്കാരുടെ സംഭവം വിവരിച്ചുകൊണ്ട് അല്ലാഹു മക്കക്കാരെ ഉണർത്തുന്നു: ഇത് അല്ലാഹുവിന്റെ പൊതുവായ നടപടി ക്രമമാണ്. പടച്ചവന്റെ ശിക്ഷ വരുമ്പോൾ ഇങ്ങനെയാണ് വരുന്നത്. എന്നാൽ ഇഹലോകത്തുള്ള ശിക്ഷയുടെ പേരിൽ പരലോക ശിക്ഷ ഒഴിവാക്കപ്പെടുമെന്ന് ആരും വിചാരിക്കേണ്ടതില്ല. പരലോക ശിക്ഷ ഇതിനേക്കാൾ കഠിനമായ നിലയിൽ വരാനിരിക്കുന്നു. 
 
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

173. അനസ് (റ) വിവരിക്കുന്നു: മുസ്‌ലിംകളിൽ നിന്നും ഏറ്റവും ആദ്യമായി ഹബ്ഷയിലേക്ക് ഹിജ്റ ചെയ്ത വ്യക്തി ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) ആയിരുന്നു. അദ്ദേഹത്തിന്റെ പ്രിയ പത്നി റസൂലുല്ലാഹി ﷺയുടെ മകൾ റുഖിയ്യ (റ)യോടൊപ്പം അദ്ദേഹം ഹബ്ഷയിലേക്ക് യാത്രയായി.
പിന്നീട് ദീർഘ നാളുകൾ റസൂലുല്ലാഹി ﷺക്ക് അവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. റസൂലുല്ലാഹി ﷺ പുറത്തേക്ക് വരുകയും അവരുടെ വാർത്തകൾ അറിയാൻ പ്രതീക്ഷയോടെ നിൽക്കുകയും എവിടെ നിന്നെങ്കിലും വാർത്ത അറിയാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ ഖുറൈശികളിലെ ഒരു സ്ത്രീ ഹബ്ഷയിൽ നിന്നും മക്കയിലേക്ക് വന്നു. റസൂലുല്ലാഹി ﷺ ആ സ്ത്രീയോട് അവരെപ്പറ്റി ചോദിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞു: "അല്ലയോ അബുൽ ഖാസിം, ഞാൻ അവർ രണ്ടുപേരെയും കാണുകയുണ്ടായി."
റസൂലുല്ലാഹി ﷺ ചോദിച്ചു: “എന്താവസ്ഥയിലാണ് കണ്ടത്?"
അവർ പറഞ്ഞു: “ഉസ്മാൻ അങ്ങയുടെ മകൾ റുഖിയ്യയെ പതുക്കെ നടക്കുന്ന ഒരു കഴുതപ്പുറത്ത് യാത്ര ചെയ്യിപ്പിക്കുകയും, അദ്ദേഹം കാൽനടയായി യാത്ര ചെയ്യുകയും ചെയ്യുന്നത് ഞാൻ കണ്ടു."
അപ്പോൾ റസൂലുല്ലാഹി ﷺ അരുളി: “അല്ലാഹു തആല അവരെ കാത്തുരക്ഷിക്കട്ടെ." ശേഷം അരുളി: “അല്ലാഹുവിന്റെ ദൂതൻ ലൂത്ത് നബി (അ)ക്ക് ശേഷം ഭാര്യയോടൊപ്പം അല്ലാഹുവിന്റെ ഭാഗത്തേക്ക് പലായനം ചെയ്ത ആദ്യ വ്യക്തി ഉസ്മാൻ ആണ്." (ത്വബ്റാനി, ബൈഹഖി, ഇബ്നു അസാക്കിർ)

വിവരണം: റസൂലുല്ലാഹി ﷺയുടെ ആദ്യ ഭാര്യയായ ഉമ്മുൽ മുഅ്മിനീൻ ഖദീജ (റ)യിൽ നിന്നും നാല് പെൺമക്കൾ ജനിച്ചു. സൈനബ് (റ), റുഖിയ്യ (റ), ഉമ്മു കുൽസൂം (റ), ഫാത്തിമ (റ). ഇതുകൂടാതെ രണ്ടോ മൂന്നോ ആൺകുട്ടികളും ജനിച്ചു എന്നും ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു എന്നും നിവേദനങ്ങൾ പറയുന്നു. ഇവരിൽ സൈനബ്(റ)യുടെ വിവാഹം റസൂലുല്ലാഹി ﷺ അബുൽ ആസ് ബിൻ റബീഉമായി നടത്തി. റുഖിയ്യ, ഉമ്മു കുൽസൂം ഇരുവരെയും റസൂലുല്ലാഹി ﷺയുടെ പിതൃവ്യൻ അബൂലഹബിന്റെ രണ്ട് മക്കൾ ഉത്ബയും ഉതൈബയും വിവാഹം കഴിച്ചു. വിവാഹം നടന്നെങ്കിലും വീടുകൂടേണ്ട അവസ്ഥ ഉണ്ടായില്ലായിരുന്നു. ഇതിനിടയിൽ റസൂലുല്ലാഹി ﷺ പ്രബോധനം ആരംഭിക്കുകയും അബൂലഹബും ഭാര്യ ഉമ്മു ജമീലും അതിനെ കഠിനമായി എതിർക്കാനും തുടങ്ങി. അവസാനം ഇതുമായി ബന്ധപ്പെട്ട് സൂറത്തുൽ ലഹബ് അവതരിച്ചു. അതിൽ അബൂലഹബിന്റെയും അബൂലഹബിന്റെ ഭാര്യയുടെയും ദുരന്തപൂർണ്ണമായ പരിണതി അല്ലാഹു പ്രഖ്യാപിക്കുകയുണ്ടായി. ഇത് കേട്ട് കോപാന്ധരായ അബൂലഹബും ഭാര്യയും രണ്ട് മക്കളെയും വിവാഹമോചനം നടത്താൻ നിർബന്ധിച്ചു. ഇരുവരും അപ്രകാരം പ്രവർത്തിച്ചു. യഥാർത്ഥത്തിൽ ഇത് പടച്ചവന്റെ ഭാഗത്ത് നിന്നുള്ള വളരെ തന്ത്രപരമായ നീക്കമായിരുന്നു. ഇതിലൂടെ പരിശുദ്ധരായ രണ്ട് മക്കൾ അശുദ്ധി നിറഞ്ഞ വീട്ടിൽ നിൽക്കാൻ ഇടയുണ്ടായില്ല.
ശേഷം റസൂലുല്ലാഹി ﷺ ഇരുവരിൽ മൂത്ത മകളായ റുഖിയ്യ (റ)യുടെ വിവാഹം ഉസ്മാൻ(റ)വുമായി നടത്തി. ഉസ്മാൻ (റ) തുടക്കത്തിൽ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും നബി ﷺയുടെ ആത്മസുഹൃത്തുക്കളിൽ പെടുകയും ചെയ്തിരുന്നു. ഈ വിവാഹം അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു എന്ന് ചില നിവേദനങ്ങളിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
ഇസ്‌ലാമിക പ്രബോധനത്തിന്റെ ആരംഭഘട്ടത്തിൽ മക്കയിലെ അക്രമികളും കഠിനഹൃദയരുമായ നിഷേധികൾ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ മേൽ കഠിനമായ മർദ്ദന പീഡനങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇതിനിടയിൽ ഹബ്ഷയിലെ രാജാവ് ക്രൈസ്തവരും വിശാല ഹൃദയനും നീതിമാനും ആണെന്ന് റസൂലുല്ലാഹി ﷺക്ക് വിവരം കിട്ടി. റസൂലുല്ലാഹി ﷺ സത്യവിശ്വാസം സ്വീകരിച്ച കൂട്ടുകാരോട് ഹബ്ഷയിലേക്ക് പോകാൻ കഴിവുള്ളവർ പോകണമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ ഏതാനും സ്വഹാബികൾ ഇതിന് സന്നദ്ധരായി. ഇതിൽ ഏറ്റവും ആദ്യമായി സന്നദ്ധമായി മുന്നോട്ട് വന്നത് ഉസ്മാൻ (റ) ആയിരുന്നു. അദ്ദേഹം റസൂലുല്ലാഹി ﷺയുടെ അഭിപ്രായപ്രകാരം പവിത്ര പത്നിയായ റുഖിയ്യ (റ)യേയും കൂട്ടി ഹബ്ഷയിലേക്ക് പലായനം ചെയ്തു.
അനസ് (റ) പറയുന്നു: അവർ ഹബ്ഷയിൽ എത്തി കുറേക്കാലം അവരെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. അപ്പോൾ റസൂലുല്ലാഹി ﷺ അവരെക്കുറിച്ച് നിരന്തരം ആലോചിക്കുകയും അവരുടെ അവസ്ഥ അറിയാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. നീണ്ട നാളുകൾക്ക് ശേഷം ഒരു ഖുറൈശി സ്ത്രീ അവിടെ നിന്നും മക്കയിലേക്ക് വന്നു. റസൂലുല്ലാഹി ﷺ അവരോട് ഇരുവരെയും കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "ഞാൻ ഇരുവരെയും കണ്ടു." എന്താവസ്ഥയിലാണെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "അവർ ഭാര്യയെ ഒരു വാഹനപ്പുറത്ത് യാത്ര ചെയ്യിപ്പിക്കുകയും സ്വയം നടക്കുകയും ചെയ്യുന്നതായി കണ്ടു." ഭാര്യക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് വാഹനം പതുക്കെ സഞ്ചരിപ്പിച്ചത്. ഇത് കേട്ടപ്പോൾ റസൂലുല്ലാഹി ﷺക്ക് വലിയ സമാധാനമായി. അല്ലാഹുവിന്റെ സാമീപ്യവും സംരക്ഷണവും ഇരുവർക്കും ലഭിക്കട്ടെ എന്ന് ദുആ ചെയ്തുകൊണ്ട് അരുളി: “അല്ലാഹുവിന്റെ ദൂതനായ ലൂത്ത് നബി (അ)ക്ക് ശേഷം സഖിയേയും കൂട്ടിക്കൊണ്ട് അല്ലാഹുവിന്റെ ഭാഗത്തേക്ക് അതായത് പടച്ചവന്റെ പൊരുത്തം കരസ്ഥമാക്കാൻ നാടും വീടും കൂട്ടുകുടുംബാദികളെയും വിട്ട് ആദ്യമായി യാത്രയാകുന്ന വ്യക്തി ഉസ്മാനും ഭാര്യയുമാണ്.!"
അക്കാലഘട്ടത്തിൽ മക്കയിൽ നിന്നും ഹബ്ഷയിലേക്ക് ഹിജ്റ ചെയ്യുന്നത് എത്ര വലിയ ത്യാഗമായിരുന്നു എന്ന കാര്യം സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്. ഇവിടെ ഒരു കാര്യം മനസ്സിലാക്കുക, ഈ ഹദീസിൽ പറയപ്പെട്ട പലായനം ഇസ്‌ലാമിലെ ആദ്യത്തെ പലായനമായിരുന്നു. ഇതിൽ കുറഞ്ഞ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം വലിയൊരു സംഘം ഹബ്ഷയിലേക്ക് പലായനം ചെയ്തു. അവരെല്ലാവരും ഹബ്ഷയിൽ വർഷങ്ങളോളം താമസിച്ചു. എന്നാൽ, ഉസ്മാൻ (റ) ഏതാനും വർഷം താമസിച്ച് മക്കയിലേക്ക് മടങ്ങി.
പക്ഷേ, അപ്പോൾ റസൂലുല്ലാഹി ﷺ മദീനയിലേക്ക് പലായനം ചെയ്തു കഴിഞ്ഞിരുന്നു. അങ്ങനെ ഉസ്മാൻ (റ) ഭാര്യയോടൊപ്പം മദീനയിലേക്ക് ഹിജ്റ ചെയ്തു. ഹബ്ഷയിൽ വെച്ച് ജനിച്ച അബ്ദുള്ള എന്ന ഒരു കുട്ടിയും അവരോടൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ ഉസ്മാൻ (റ)വിന് ‘സാഹിബുൽ ഹിജ്റത്തൈൻ' (രണ്ട് ഹിജ്റകളുടെ വക്താവ്) എന്ന് പറയപ്പെടുന്നു. സച്ചരിതരായ ഖലീഫമാരിൽ ഈ സ്ഥാനം നേടിയ വ്യക്തി ഉസ്മാൻ (റ) മാത്രമാണ്.
മദീന മുനവ്വറയിലേക്ക് ഹിജ്റ ചെയ്തതിന് ശേഷം രണ്ട് വർഷം കഴിഞ്ഞപ്പോൾ റുഖിയ്യ (റ) രോഗിയായി. റസൂലുല്ലാഹി ﷺ ബദ്റിലേക്ക് പുറപ്പെട്ടപ്പോൾ ഉസ്മാൻ(റ)വും കൂട്ടത്തിൽ കൂടാൻ ആഗ്രഹിച്ചു. റസൂലുല്ലാഹി ﷺ അരുളി: “ഭാര്യയെ ശുശ്രൂഷിക്കുന്നതിന് നിങ്ങൾ ഇവിടെത്തന്നെ താമസിക്കുക. അല്ലാഹു ഈ യാത്രയിലെ മുജാഹിദുകൾക്ക് നൽകുന്ന പ്രതിഫലവും ഗനീമത്തും നിങ്ങൾക്കും നൽകുന്നതാണ്." ഉസ്മാൻ (റ) നിർദ്ദേശപ്രകാരം മദീനയിൽ തന്നെ താമസിച്ചു. എന്നാൽ, അവരുടെ രോഗം ഭേദമായില്ല. റസൂലുല്ലാഹി ﷺ മദീനയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് അവർ ഇഹലോകവാസം വെടിഞ്ഞു.
യാത്രക്കിടയിൽ കരളിന്റെ കഷ്ണമായ മകളുടെ വേർപാട് അറിഞ്ഞ് റസൂലുല്ലാഹി ﷺ വളരെയധികം വേദനിച്ചു. ഉസ്മാൻ(റ)വിന്റെ അവസ്ഥ അടുത്ത ഹദീസിൽ വിവരിക്കുന്നുണ്ട്.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

അവിശ്വാസിയുടെയും, കപട വിശ്വാസിയുടെയും സമൃദ്ധിയിൽ അസൂയപ്പെടരുത്.

✍️ മൗലാനാ മുഫ്‌തി അബുൽ ഖാസിം നുഅ്മാനി
       (മുഹ്തമിം ദാറുൽ ഉലൂം ദയൂബന്ദ്)

വിവ : മുഫ്തി സാജിദ് നജ്മി അൽ ഖാസിമി ഈരാറ്റുപേട്ട


ഒരിക്കലും ഒരു അവിശ്വാസിയുടെ ഭൗതികമായ അനുഗ്രഹങ്ങളും സന്തോഷവും പുരോഗതിയും കണ്ട് അസൂയപ്പെടരുത്, ആഗ്രഹിക്കരുത്.
"ആ വ്യക്തി എത്ര സുഖത്തിലും സന്തോഷത്തിലുമാണ്, അവൻ്റെ ബിസിനസ്സ് നോക്കൂ, എത്ര പുരോഗമിക്കുന്നു, എത്ര ഉന്നതിയിലാണ്, അവൻ മണ്ണിൽ തൊട്ടാൽ അത് സ്വർണ്ണമാകുന്നു, എന്നാൽ അതിന് വിപരീതമായി നമ്മൾ പ്രയാസത്തിലാണ്, നമ്മുടെ ബിസിനസ്സ് താഴോട്ട് പോകുന്നു, നമ്മുടെ അവസ്ഥ മോശമാണ് " എന്നൊന്നും ചിന്തിച്ച് ഒരു അവിശ്വാസിയുടെ ഭൗതികമായ അവസ്ഥകൾ കണ്ട് അസൂയപ്പെടരുത്.

അവിശ്വാസിയുടെ കാര്യത്തിൽ മാത്രമല്ല ഒരു പാപിയായ, ദുർമാർഗ്ഗിയായ, അനുസരണയില്ലാത്ത ഒരു മുസ്‌ലിമിൻ്റെ ഏതെങ്കിലും ഭൗതിക പുരോഗതി കണ്ട് പോലും അസൂയപ്പെടരുത്.

തിരുവചനത്തിൽ കാണാം 
റസൂലുല്ലാഹി (ﷺ) വ്യക്തമായി ഇപ്രകാരം അരുളി: "ഒരിക്കലും ഒരു പാപിയുടെ (ഫാജിറിൻ്റെ) ഏതെങ്കിലും അനുഗ്രഹത്തിൽ നിങ്ങൾ അസൂയപ്പെടരുത്, ആഗ്രഹം വെക്കരുത്." എന്തുകൊണ്ട്...? കാരണം അല്ലാഹുവിൻ്റെ ഭാഗത്ത് നിന്ന് അവന് വേണ്ടി ഒരു ഘാതകൻ ഉണ്ട്, അതായത് മരണം.
മരണം വരുമ്പോൾ, എല്ലാ ലഹരിയും ഇറങ്ങിപ്പോകും. അതിനുശേഷം അവൻ അഭിമുഖീകരിക്കാൻ പോകുന്ന സാഹചര്യങ്ങൾ, ദുനിയാവിലെ അനുസരണക്കേടുകളുടെ രുചി അവൻ അറിയുമ്പോൾ, അത് വളരെ വേദനാജനകമായിരിക്കും,

ഖുർആനിൽ അല്ലാഹു ഖാറൂന്റെ സംഭവം വിവരിക്കുന്നുണ്ട്. ഖാറൂൻ മൂസാ നബിയുടെ സമൂഹത്തിൽപ്പെട്ടവനായിരുന്നു. അല്ലാഹു അവന് ധാരാളം സമ്പത്ത് നൽകിയിരുന്നു. എത്രത്തോളം സമ്പത്തായിരുന്നു അവനുള്ളതെന്നാൽ:

_"അവന് നാം ധാരാളം നിധികൾ നൽകിയിരുന്നു. അതിന്റെ താക്കോലുകൾ ചുമക്കാൻപോലും കരുത്തുള്ള ഒരു സംഘത്തിന് പ്രയാസകരമായിരുന്നു."_
(സൂറ: അൽ-ഖസസ്, 76)

അവന്റെ നിധികൾ സൂക്ഷിച്ചിരുന്ന അറകളുടെ താക്കോലുകൾ ഒരുമിച്ചുചേർത്താൽ, കരുത്തരായ ഒരു കൂട്ടം ആളുകൾ അത് ചുമക്കുമ്പോൾ ക്ഷീണിച്ചു പോകുമായിരുന്നു. 
വളരെ ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ വിവരിക്കപ്പെട്ടിരിക്കുന്നു. അവന്റെ ഖജനാവുകൾ സുരക്ഷിതമാക്കുന്ന പൂട്ടുകളും താക്കോലുകളും ഒരുമിച്ച് കൂട്ടിയാൽ, ശക്തമായ ഒരു സംഘം അത് ചുമന്ന് ക്ഷീണിച്ചു പോകുമായിരുന്നു. അത്രയധികം സമ്പത്ത് അവന്റെ കൈവശമുണ്ടായിരുന്നു.
ഖുർആനിൽ ഇതും വിവരിച്ചിട്ടുണ്ട്: ഒരു ദിവസം ഖാറൂൻ വലിയ ഗാംഭീര്യത്തോടെയും, പ്രതാപത്തോടെയും പുറത്തിറങ്ങിയപ്പോൾ, ചില ആളുകൾ അത് കണ്ട് ആഗ്രഹത്തോടെ പറഞ്ഞു: _"ഈ സൗഭാഗ്യം ഞങ്ങൾക്കും ലഭിച്ചിരുന്നെങ്കിൽ! ഈ സമ്പത്ത് ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ!"_ അപ്പോൾ, അല്ലാഹുവിനെ ഭയപ്പെട്ടിരുന്ന ചില വിശ്വാസികൾ ഉടനെ അവരോട് പറഞ്ഞു: "നിങ്ങൾ എന്താണ് ചെയ്യുന്നത്? എന്ത് ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്?  

_" അല്ലാഹുവിന്റെ പ്രതിഫലമാണ് ഉത്തമം"._ അല്ലാഹു പരലോകത്ത് നൽകുന്ന പ്രതിഫലം ഇതിനേക്കാൾ എത്രയോ ഉത്തമം.
അവന്റെ (ഖാറൂന്റെ) സമ്പത്തിന്മേൽ നിങ്ങൾ ആഗ്രഹം വെക്കരുത്."
മറ്റൊരു വശത്ത്, ഖാറൂനോട് ഇങ്ങനെ പറയപ്പെട്ടപ്പോൾ:
 
_"അല്ലാഹു നിനക്ക് നൽകിയ സമ്പത്ത് കൊണ്ട് നീ പരലോകം നേടാൻ ശ്രമിക്കുക. നിന്റെ ഐഹിക വിഹിതം നീ മറക്കാതിരിക്കുക. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും (മറ്റുള്ളവരോട്) നന്മ ചെയ്യുക."_
(സൂറ: അൽ-ഖസസ്, 77)

അതായത്, അല്ലാഹു നിങ്ങൾക്ക് നൽകിയ ഈ സമ്പത്ത് ഉപയോഗിച്ച് പരലോകം നേടാൻ ശ്രമിക്കുക, അല്ലാഹു നിങ്ങളെ ധനം കൊണ്ട് അനുഗ്രഹിച്ചതുപോലെ, നിങ്ങൾ അല്ലാഹുവിന്റെ സൃഷ്ടികളോട് നന്മ ചെയ്യുക - അപ്പോൾ അവൻ അഹങ്കാരത്തോടെ പറഞ്ഞു:
_"ഇത് എന്റെ അറിവ് കൊണ്ട് എനിക്ക് ലഭിച്ചതാണ്."_ 
(സൂറ: അൽ-ഖസസ്, 78)

ഇതിൽ മറ്റാർക്കാണ് ഇടപെടാനുള്ളത്?
അതായത്, അങ്ങേയറ്റം ധനികനായിരുന്നിട്ടും, ചില നല്ല കാര്യങ്ങൾക്കായി ചെലവഴിക്കാൻ അവൻ തയ്യാറായില്ല. അതിന്റെ ഫലം എന്തായിരുന്നു?
അല്ലാഹു അവനെ അവന്റെ എല്ലാ സമ്പാദ്യങ്ങളോടും കൂടി ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു. അവൻ ഭൂമിയിൽ ആഴ്ത്തപ്പെട്ടപ്പോൾ, ഇന്നലെ വരെ അവന്റെ സമ്പത്തും ധനവും കണ്ട് ആഗ്രഹിക്കുകയും, അസൂയപ്പെടുകയും ചെയ്തിരുന്ന ആളുകൾ പറഞ്ഞു: _"അല്ലാഹുവിന്റെ കാരുണ്യം ഞങ്ങളുടെ മേൽ ഉണ്ടായിരുന്നില്ലെങ്കിൽ, ഞങ്ങളുടെയും ഗതി ഇന്ന് ഇതുപോലെ ആകുമായിരുന്നു."_

ഇതിൽ നിന്ന് മനസ്സിലാക്കാം, ദുർമാർഗ്ഗിയും തെറ്റുകാരനുമായ ഒരാളുടെ ഐഹികമായ സൗഭാഗ്യമോ, അവന്റെ സമ്പത്തോ, കെട്ടിടങ്ങളോ, വാഹനങ്ങളോ, സാമൂഹിക സ്ഥാനമോ കണ്ട് ഒരിക്കലും അസൂയപ്പെടരുത്.

(റാഹേ സഫ-1/168 -169)      
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

ഈയാഴ്ച അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്കായി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

                                                            🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം

📓  ഇസാലത്തുശ്ശുകൂക്.
    


സ്വന്തം മതം പ്രചരിപ്പിക്കാൻ ന്യായമായ നന്മകൾ പ്രചരിപ്പിക്കുന്നതിനു പകരം ഇസ്‌ലാമിൻ്റെ മേൽ അപവാദങ്ങളും ദുരാരോപണങ്ങളും നടത്തിയ ക്രൈസ്‌തവ മിഷണറിമാരുടെ ജൽപ്പനങ്ങൾക്കുളള മറുപടി. ക്രൈസ്തവ മിഷണറിമാർ അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺയെ കുറിച്ച് നടത്തിയ അന്ധമായ ആരോപണങ്ങൾക്ക് പ്രമാണബദ്ധമായ ഖണ്ഡനം.​ ദൃഢമായ വിശ്വാസവും പ്രവാചക പ്രേമവും മനസ്സുകളിൽ പാകാൻ പര്യാപ്തമായ രചന.


🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹


ഇസ്‌ലാഹെ മുആശറ സദസ്സ് സംഘടിപ്പിച്ചു.

കോഴിക്കോട്: 02.10.2026. ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇസ്‌ലാഹെ മുആശറ (സാമൂഹ്യ സംസ്കരണ) സദസ്സ് സംഘടിപ്പിച്ചു. കൊളത്തറ വലിയ ജുമാഅത്ത് പള്ളിയിൽ വെച്ച് നടന്ന പ്രസ്തുത സദസ്സ് മഹല്ല് നിവാസികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

കൊളത്തറ മഹല്ല് ജുമാഅത്ത് പള്ളി പ്രസിഡന്റ് എൻ.സി. കോയക്കുട്ടി അധ്യക്ഷത വഹിച്ചു. റഹ്മാൻ ബസാർ ടൗൺ സുന്നി ജുമാമസ്ജിദ് പ്രസിഡന്റ് മുല്ലവീട്ടിൽ വീരൻകോയ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. ബോർഡിന്റെ ലക്ഷ്യങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് അൽ സലാം ട്രസ്റ്റ് ചെയർമാൻ സക്കീർ വിരിപ്പക്കിൽ സംസാരിച്ചു.

മഹല്ല് ഖത്തീബ് സഫ്‌വാൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഇസ്ലാമിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്തി സമുദായത്തെ നന്മയിലേക്ക് നയിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വഖഫ് നിയമങ്ങളെയും വസ്‌തുക്കളെയും കുറിച്ചുള്ള ബോധവൽക്കരണ പ്രഭാഷണം റിട്ടേർഡ് ഡിവിഷണൽ ഓഫീസർ റഹ്മത്തുള്ള നലകത്ത് നിർവ്വഹിച്ചു. വഖഫ് സംരക്ഷിക്കേണ്ടതിന്റെ ഗൗരവം അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. ജനാബ് സക്കീർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. രാത്രി 9:45-ന് ചായ സൽക്കാരത്തോടെ പരിപാടി സമാപിച്ചു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌