റമളാൻ 16/1447
മാർച്ച് 06/2026
ലക്കം: 252
 ഉള്ളടക്കം 

▪️മുഖലിഖിതം 
റമളാനുൽ മുബാറകും മാനവിക സാഹോദര്യവും
        ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

▪️ജുമുഅ സന്ദേശം 
മദ്റസകൾക്ക് സകാത്ത് നൽകാമോ?
       ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുല്‍ ഹാഖ:
ഖിയാമത്തിന്‍റെ ഭയാനകത, വിശ്വാസികളുടെ അന്ത്യം, നിഷേധികളുടെ നിന്ദ്യത, പടച്ചവന്‍റെ വചനങ്ങളുടെ മഹത്വം.
       ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
       ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
മനുഷ്യന്റെ അവകാശം മൂന്ന് കാര്യങ്ങളിലാണ്.!
       ✍️ മൗലാനാ മുഫ്തി അബുൽ ഖാസിം നുഅ്മാനി 

▪️ഇലാ റഹ്‌മത്തില്ലാഹ്...


▪️ഗ്രന്ഥ പരിചയം 
തഫ്സീറുൽ ഹസനി
🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

റമളാനുൽ മുബാറകും മാനവിക സാഹോദര്യവും.

          റമളാൻ മാസം ആത്മനിയന്ത്രണത്തിന്റെയും സഹാനുഭൂതിയുടെയും മാസമാണ്. ഈ മാസത്തിൽ നമ്മോട് വ്രതം അനുഷ്ഠിക്കാനും സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിക്കാനും അല്ലാഹുവിന്റെ മാർഗത്തിൽ ദാനം ചെയ്യാനും കൽപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും വൃത്തം പരിമിതമല്ല. ലോകത്തുള്ള മുഴുവൻ മനുഷ്യരും ഈ മാസത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ നല്ല പെരുമാറ്റത്തിന് അർഹരാണ്. ഈയൊരു സാഹചര്യത്തിൽ, ഈ വിശുദ്ധ മാസത്തിൽ നമ്മുടെ ഇതര മതസ്ഥരായ സഹോദരങ്ങളോട് നമ്മുടെ നിലപാട് എന്തായിരിക്കണം എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
        അടിസ്ഥാനപരമായ കാര്യം, മുസ്‌ലിം അമുസ്‌ലിം ഭേദമന്യേ, മാനുഷികമായ സാഹോദര്യം നമ്മെ ഏവരെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. മനുഷ്യകുലത്തിന്റെ മുഴുവൻ മാതാപിതാക്കൾ ആദം നബിയും ഹവ്വയുമാണെന്ന വ്യക്തമായ സങ്കൽപ്പമാണ് ഖുർആൻ നൽകുന്നത്. അതായത്, നമ്മളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. ഈ ബന്ധം നമ്മുടെ സഹോദരങ്ങളോട് നല്ല രീതിയിൽ പെരുമാറാൻ നമ്മെ പ്രേരിപ്പിക്കുന്നു. റമദാനിലും പെരുന്നാൾ വേളകളിലും നമ്മുടെ അമുസ്‌ലിം സഹോദരങ്ങളെ എങ്ങനെ പങ്കാളികളാക്കാം എന്ന് നാം ആലോചിക്കണം. 
        ഈമാനാണ് മനുഷ്യന്റെ മോചനത്തിനുള്ള ഏക പോംവഴിയെന്ന് നാം വിശ്വസിക്കുന്നു. വിശ്വാസമില്ലാത്തവർ മരണശേഷം അവരുടെ കർമ്മങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്നും, ആ കുറവ് കാരണം അവർ നരകാഗ്നിക്ക് ഇരയാകുമെന്നും നാം വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, സത്യപ്രകാശം ലഭിക്കാത്ത നമ്മുടെ സഹോദരങ്ങളിലേക്ക് ആ സത്യം എത്തിച്ചു കൊടുക്കുക എന്നതാണ് മാനുഷികമായ ഏറ്റവും വലിയ അനുകമ്പ. റമളാൻ അതിന് ഏറ്റവും നല്ല അവസരമാണ് നൽകുന്നത്. ഈ മാസത്തിലാണ് റസൂലുല്ലാഹി ﷺലൂടെ ഖുർആൻ അവതരണം ആരംഭിച്ചത്. ആ ഓർമ്മ പുതുക്കാനാണ് തറാവീഹ് നമസ്കാരം നിശ്ചയിക്കപ്പെട്ടത്. ഖുർആൻ അവതരണവുമായുള്ള ബന്ധം കാരണമാണ് ലൈലത്തുൽ ഖദ്റിന് ഇത്രയും വലിയ സ്ഥാനം ലഭിച്ചത്. ഈ മാസത്തിൽ ഖുർആനിന്റെയും ഹദീസുകളുടെയും വിവർത്തനങ്ങൾ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും നമ്മുടെ സഹോദരങ്ങളിലേക്ക് എത്തിക്കാൻ നാം ശ്രമിക്കണം. കാരണം, അല്ലാഹുവിന്റെ വചനങ്ങൾക്ക് ഹൃദയങ്ങളെ കീഴടക്കാനുള്ള കഴിവുണ്ട്; എത്ര എതിർപ്പുകൾക്കിടയിലും ആ ശക്തി ഇന്നും നിലനിൽക്കുന്നു.
        ഖുർആനിന്റെ വിവർത്തനമെങ്കിലും നമ്മുടെ സഹോദരങ്ങളിലേക്ക് എത്തിക്കാൻ നമുക്ക് സാധിച്ചാൽ, അല്ലാഹു വിചാരിച്ചാൽ ആ ചെറിയ ശ്രമം പോലും പലരുടെയും സന്മാർഗത്തിന് കാരണമായിത്തീരും.

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

മദ്റസകൾക്ക് സകാത്ത് നൽകാമോ?

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി  
(പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

        ഇന്ന് പലരും ചർച്ച ചെയ്യുന്നൊരു വിഷയമാണ് മദ്റസകൾക്ക് സകാത്തിൻ്റെ തുക നൽകുന്ന വിഷയം. ചിലർ പറയുന്നു: സകാത്തിൻ്റെ അവകാശികളെ അനുസ്മരിച്ച സ്ഥലത്ത് മദ്റസയുടെ ആളുകളെ പറഞ്ഞിട്ടില്ല. അതുകൊണ്ട് അവർക്ക് സകാത്ത് കൊടുക്കാൻ പാടുള്ളതല്ല. മറ്റു ചിലർ അനുവാദം ഉണ്ടെന്ന് പറയുക മാത്രമല്ല, സകാത്തിൻ്റെ തുക മദ്റസയുടെ സർവ്വ കാര്യങ്ങൾക്കും വിനിയോഗിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ മധ്യമവും സന്തുലിതവുമായ ഒരു കാഴ്ച്ചപ്പാട് തിരഞ്ഞെടുക്കേണ്ടതാണ്. സകാത്തിൻ്റെ അവകാശികൾ നിർണ്ണിതരാണ് എന്നതും അതിനാൽ മദ്‌റസകൾ എന്ന നിലയിൽ സകാത്തിന് അർഹതയില്ലെന്നതും ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, മദ്റസാ ഭാരവാഹികൾ സകാത്തിന് അർഹരായവരെ പരിപാലിക്കുന്നവരും അവരുടെ ചുമതലക്കാരമാണ് എന്ന നിലയിൽ സകാത്ത് വാങ്ങിക്കാനും അർഹരുടെ കാര്യങ്ങൾക്ക് ചെലവഴിക്കാനും അനുവാദമുണ്ട്. അതെ, മദ്റസകളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും  സക്കാത്തിൻ്റെ പ്രധാന അവകാശികളാണ്. ഇത് മനസ്സിലാക്കാൻ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഒന്ന്, സകാത്തിൻ്റെ ലക്ഷ്യമെന്താണ്? സകാത്ത് കൊടുക്കുമ്പോൾ പരിഗണിക്കേണ്ട മാനദണ്ഡം എന്താണ്? രണ്ട്, ഈ മാനദണ്ഡം മദ്റസകൾക്ക് സകാത്ത് നൽകുമ്പോൾ പാലിക്കാൻ കഴിയുന്നുണ്ടോ? 
        പരിശുദ്ധ ഖുർആനിൽ സകാത്തിൻ്റെ എട്ട് അവകാശികളെ പരാമർശിച്ചിരിക്കുന്നു. 1. നിർധനൻ, 2. അങ്ങേയറ്റത്തെ നിർധനൻ, 3. സകാത്ത് സമാഹരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ, 4. ഇസ്‌ലാമിൽ അടിയുറച്ച് നിൽക്കുന്നതിന് സമ്പത്ത് ആവശ്യമായ നവ മുസ്‌ലിം, 5. അടിമ, 6. കടബാധ്യതൻ, 7. ജിഹാദ് ചെയ്യുന്നവൻ, 8. വഴിയാത്രക്കാരൻ. (തൗബ 40) ഇതിൽ ദരിദ്രൻ, അതിദരിദ്രൻ, അടിമ, കടബാധ്യതൻ, വഴിയാത്രക്കാരൻ  എന്നീ അഞ്ചുപേർ സമ്പത്ത് ആവശ്യമുള്ളവരാണ്. നവ മുസ്‌ലിംകളെയും ജിഹാദ് ചെയ്യുന്നവരെയും ഉദ്യോഗസ്ഥരെയും പരിഗണിച്ചിരിക്കുന്നത് ദീനിന്റെ ഉയർച്ചയ്ക്കുവേണ്ടി അധ്വാനിക്കുന്നവർ എന്ന നിലയിലാണ്. ചുരുക്കത്തിൽ, സകാത്തിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങൾ സാധുക്കളെ സഹായിക്കലും ദീനിന് ശക്തി പകരലുമാണ്. ഈ രണ്ട് ലക്ഷ്യങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മദ്റസകളിലാണ്. മദ്റസകൾ വെറും വിദ്യാഭ്യാസ കേന്ദ്രങ്ങളല്ല. പ്രത്യേകിച്ചും ഇന്ത്യ രാജ്യത്ത് മദ്‌റസകളുടെ പിന്നിൽ വലിയൊരു പശ്ചാത്തലമുണ്ട്. 
       ഇന്ത്യയിൽ ആദ്യകാലത്ത് പാഠശാലകളിൽ കാലികമായ വിജ്ഞാനങ്ങളും മത വിഷയങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഇവിടെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ സാംസ്കാരികമായി എല്ലാവരെയും അടിമകളാക്കുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി. പ്രത്യേകിച്ചും അതിലൂടെ ഇസ്‌ലാമിനെക്കുറിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളും പരത്താൻ തുടങ്ങി. മറുഭാഗത്ത്, രാജ്യം മുഴുവനും ക്രൈസ്തവ മിഷനറിമാർ പരക്കുകയും അവർ ക്രിസ്തുമത പ്രബോധനം ശക്തിയാക്കുകയും ചെയ്തു. ഈ അവസ്ഥ കണ്ട് വേദനിച്ച പണ്ഡിതന്മാർ മുസ്‌ലിം ഭരണം അസ്തമിച്ച നിലയ്ക്ക് മുസ്‌ലിംകളുടെ വിശ്വാസ ആരാധനകൾ സംരക്ഷിക്കുന്നതിന് മദ്റസകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അതിലൂടെ ഒരു തലമുറയെ വാർത്തെടുക്കാനും അവർ വഴിയായി ഓരോ പ്രദേശത്തും ദീനി വിജ്ഞാനം സംരക്ഷിക്കാനും തീരുമാനിച്ചു. അങ്ങനെ രാജ്യം മുഴുവൻ മദ്റസകൾ സ്ഥാപിക്കപ്പെട്ടു. ഇതിൻ്റെ ചിലവുകൾക്ക് ഭരണകൂടത്തെ സമീപിക്കരുതെന്ന് അവർ ശക്തമായി ഉണർത്തിയിരുന്നു. മറിച്ച്, സമുദായത്തിലെ മുഴുവൻ അംഗങ്ങളുമായി ബന്ധപ്പെട്ട് മദ്റസകൾ നടത്തണമെന്ന് അവർ ഉണർത്തുകയും ചെയ്തു.  പടച്ചവന്റെ അനുഗ്രഹത്താൽ, ഈ പദ്ധതി വിജയിച്ചു. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇന്നുവരെയും ഇസ്‌ലാമിനെതിരിൽ ധാരാളം പ്രയാസ പ്രശ്നങ്ങൾ ഉയർത്തപ്പെട്ടപ്പോൾ മദ്റസകളുമായി ബന്ധപ്പെട്ടവരാണ് അതിനെ തന്ത്രജ്ഞതയോടെ നേരിട്ടത്. അവർ രാജ്യം മുഴുവൻ പടർന്ന പാതിരിമാരെ നേരിട്ടു. ആര്യ സമാജികർ മുസ്‌ലിംകൾക്കിടയിൽ ഹിന്ദുമതം പ്രചരിപ്പിച്ചപ്പോൾ അവർ അതിനെയും നേരിട്ടു. ബ്രിട്ടീഷുകാരുടെ പിന്തുണയോടെ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി ഇസ്‌ലാമിക വിശ്വാസം തകർക്കാൻ പരിശ്രമിച്ചപ്പോൾ അവർ അതിനെ വേരോടെ പിഴുതെറിഞ്ഞു. ഓറിയന്റലിസ്റ്റുകളിൽ ആകൃഷ്ടരായി ചിലർ ഹദീസിന്റെ പ്രാമാണികത നിരാകരിച്ചപ്പോൾ അവരുടെ കള്ളത്തരങ്ങൾ മദ്റസ വക്താക്കൾ തുറന്നുകാട്ടി. നിരീശ്വരവാദത്തിൻ്റെ പ്രളയത്തെയും അവർ തന്നെയാണ് നേരിട്ടത്. ശരീഅത്ത് നിയമങ്ങളെ ഭേദഗതി ചെയ്യാൻ ചിലർ മുന്നോട്ടു വന്നപ്പോൾ അവർ തന്നെയാണ് അതിനെയും പ്രതിരോധിച്ചത്. അതെ, പലരുടെയും ആക്ഷേപ അധിക്ഷേപങ്ങൾ സഹിച്ചുകൊണ്ടും യാതൊരുവിധ ലാഭവും നേടാതെയും ഇത്തരം സേവനങ്ങളെല്ലാം ചെയ്തത് മദ്റസ വക്താക്കളാണ്. രാഷ്ട്രീയ നേതാക്കന്മാർക്കും പ്രവർത്തകർക്കും രാഷ്ട്രീയമായി കുറെ ലാഭങ്ങൾ ഉണ്ടായി. ചിലർ മനസ്സാക്ഷിയെ തന്നെ വിൽക്കുകയും ചെയ്തു. വിദ്യാസമ്പന്നർ എന്ന് പറയപ്പെടുന്നവർ വലിയ സ്ഥാനങ്ങളും ഉദ്യോഗങ്ങളും വഴി ഉയർന്ന ശമ്പളം കൈപ്പറ്റി. എന്നാൽ, ദീനീ മദ്റസകൾ ഭൗതികമായ ധാരാളം ഞെരുക്കങ്ങളും പ്രയാസങ്ങളും പലപ്പോഴും നാശനഷ്ടങ്ങളും സഹിച്ചുകൊണ്ടും സേവനങ്ങളിൽ നിരതരായി. 
        അടുത്തതായി, രാജ്യം മുഴുവനും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക സംഘടനകളെയും പ്രസ്ഥാനങ്ങളെയും എടുക്കുക. അവയുടെയെല്ലാം അടിസ്ഥാനം മദ്റസകൾ തന്നെയാണ്. ഇവിടെ പഠിച്ചവരാണ് പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മദ്റസകൾ അവർക്ക് ഉത്തമ പ്രബോധകരെ നൽകിക്കൊണ്ടിരുന്നു. വൈജ്ഞാനിക ലോകത്ത് എല്ലാവരെയും മുന്നിട്ട നിലയിൽ രചനകൾ തയ്യാറാക്കിയത് മദ്റസകളുടെ സന്താനങ്ങളാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും മുസ്‌ലിംകളെ ദീനിൽ പിടിച്ചുനിർത്തുന്നത് ഭൂരിഭാഗവും മദ്റസയിൽ നിന്നും തയ്യാറാക്കപ്പെട്ടവരാണ്. ചുരുക്കത്തിൽ, മദ്റസ എന്നത് ഒരു പവർഹൗസ് ആണ്. അതുവഴി ദീനിന്റെ എല്ലാ ശാഖകൾക്കും ഊർജ്ജം ലഭിക്കുന്നു. അതുകൊണ്ടാണ്, മദ്റസകളുമായി ബന്ധപ്പെട്ടവർ തീർത്തും നിരപരാധികൾ ആയിരുന്നിട്ടും  വർഗീയവാദികൾ നിരന്തരം മദ്റസകളെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അതെ, മദ്‌റസകളും അതുവഴി തയ്യാറാക്കപ്പെടുന്ന പണ്ഡിതരും അവശേഷിക്കുന്ന കാലത്തോളം മുസ്‌ലിംകളെ ഇസ്‌ലാമിൽ നിന്ന് മാറ്റുക സാധ്യമല്ലെന്ന് അവർക്ക് നന്നായി അറിയാം. തുറന്നു പറയട്ടെ, ധാരാളം ഗൂഢാലോചനകൾ നടന്നിട്ടും ഇന്ത്യയിൽ സ്പെയിൻ ആവർത്തിക്കപ്പെടാത്തത് മദ്റസകൾ കാരണമായിട്ടാണ്. മാത്രമല്ല, ലോകത്ത് മറ്റവളെയും കാണാത്ത ദീനീ രോഷവും ഇസ്‌ലാമിക ആവേശവും ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്നത്  മദ്റസകൾ കാരണമായിട്ടാണ്. മറുഭാഗത്ത്, ഈ മദ്റസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം സാധു കുടുംബങ്ങളിൽ പെട്ടവരാണ്. ആകയാൽ, മദ്റസകൾക്ക് സകാത്ത് കൊടുക്കുന്നതിലൂടെ സകാത്തിൻ്റെ രണ്ട് ലക്ഷ്യങ്ങളും ഒരേസമയം പൂർത്തീകരിക്കപ്പെടുന്നു.
        ഇക്കാരണത്താൽ തന്നെ മുൻഗാമികളായ ഫുഖഹാ മഹത്തുക്കൾ വലിയ പoന ചിന്താ ഗവേഷണങ്ങൾക്ക് ശേഷം ആവശ്യക്കാരായ പണ്ഡിതരെയും വിദ്ധ്യാർത്ഥികളെയും സകാത്തിൽ പരിഗണിക്കണമെന്ന് പ്രേരിപ്പിക്കുകയുണ്ടായി. കൂടാതെ, അത് മഹത്തരമാണെന്നും അവർ ഉണർത്തി. സുപ്രസിദ്ധ മുഹദ്ദിസായ ഇമാം അബ്ദുല്ലാഹ് ഇബ്നുൽ മുബാറക്ക് (റ) അദ്ദേഹത്തിൻ്റെ സാമ്പത്തിക സഹായം പ്രധാനമായും നൽകിയിരുന്നത് പണ്ഡിതർക്കാണ്. പ്രവാചകത്വത്തിന്റെ സ്ഥാനത്തിന് ശേഷം ഏറ്റവും ഉയർന്ന സ്ഥാനം പാണ്ഡിത്യത്തിനാണെന്ന് അദ്ദേഹം പറയുമായിരുന്നു. (ഇത്തിഹാഫ്)
        പ്രസിദ്ധ ഫഖീഹായ അല്ലാമ ഹസ്കഫി കുറിക്കുന്നു: വിജ്ഞാന കാര്യങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവച്ചവർക്ക് സകാത്ത് കൊടുക്കാവുന്നതാണ്. കാരണം അവർക്ക് മറ്റ് ജീവിത മാർഗങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. (ദുർറുൽ മുഖ്താർ) ഇത് ഫിഖ്ഹ് പണ്ഡിതരുടെ സ്വന്തമായ അഭിപ്രായമല്ല, മറിച്ച് വിശുദ്ധ ഖുർആനിലൂടെ തന്നെ വ്യക്തമായ കാര്യമാണ്.
        അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ഒതുക്കപ്പെട്ട പട്ടിണിപ്പാവങ്ങൾ സാമ്പത്തിക സഹായങ്ങൾക്ക് പ്രത്യേക അർഹരാണ്. (സമ്പാദ്യത്തിന്) ഭൂമിയിൽ കറങ്ങി നടക്കാൻ അവർക്ക് സാധിക്കുന്നില്ല. എന്നാൽ യാചന നടത്താതെ പരിശുദ്ധി സ്വീകരിച്ചതിനാൽ വിവരമില്ലാത്തവർ അവരെ സമ്പന്നരായി ധരിക്കുന്നു. അവരുടെ അടയാളങ്ങളിലൂടെ അവരെ തിരിച്ചറിയാൻ സാധിക്കും. അവർ ജനങ്ങളോട് നിർബന്ധിച്ച് ഒന്നും ചോദിക്കാറില്ല. നിങ്ങൾ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനെ നന്നായി അറിയുന്നുണ്ട്. (ബഖറ 273)
        വൈജ്ഞാനിക പ്രബോധന സാംസ്കാരിക പ്രവർത്തനങ്ങൾ കാരണം പ്രത്യേകം സമ്പാദ്യത്തിലേക്ക് തിരിയാൻ സാധിക്കാത്ത സാധുക്കളെ ദാനധർമ്മങ്ങളിൽ വിശിഷ്ടമായി പരിഗണിക്കണമെന്ന് ഈ ആയത്ത് അറിയിക്കുന്നു.ഈ വചനത്തിന്റെ അവതരണ പശ്ചാത്തലവും വിജ്ഞാനവുമായി ബന്ധപ്പെട്ടതാണ്. റസൂലുല്ലാഹി ﷺയുടെ അരികിൽ മുഴുവൻ സമയവും താമസിച്ച് വിജ്ഞാനം സമ്പാദിച്ചിരുന്ന സുഫ്ഫ നിവാസികളായ സ്വഹാബാക്കളെ കുറിച്ചാണ് ഈ ആയത്ത് ഇറങ്ങിയത് എന്ന് പണ്ഡിതർ പറയുന്നു. (തഫ്സീറുൽ കബീർ - ഖുർത്വുബി)
    റസൂലുല്ലാഹി ﷺക്ക് ലഭിക്കുന്ന ദാനധർമ്മങ്ങളിലും റസൂലുല്ലാഹി ﷺ ഇവരെ പരിഗണിച്ചിരുന്നു. ചുരുക്കത്തിൽ, ഖുർആൻ ഹദീസിലൂടെ സ്ഥിരപ്പെടുകയും മുൻഗാമികളായ മഹത്തുക്കൾ മാർഗമായി സ്വീകരിക്കുകയും ചെയ്ത കാര്യമാണ്, വിജ്ഞാനവുമായി ബന്ധപ്പെട്ടവർക്ക് സകാത്ത് നൽകുക എന്നുള്ളത്. പ്രത്യേകിച്ചും, ഇന്ത്യ മഹാരാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ ഇസ്‌ലാമിൻ്റെ സംരക്ഷണത്തിനും നിലനിൽപ്പിനും മദ്റസകൾ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെയാണ് വർഗീയവാദികളും വർഗീയ പ്രസ്ഥാനങ്ങളും മദ്രസകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിലൂടെ മാത്രമേ, ഇസ്‌ലാമിക വ്യക്തിത്വങ്ങളെ ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് അവർക്ക് വ്യക്തമായിട്ട് അറിയാം.എന്നാൽ സമുദായം മദ്രസകളെ ശ്രദ്ധിക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയിലാണ് എന്ന കാര്യം ദുഃഖത്തോടെ പറയട്ടെ..
    ഒന്നാമതായി, സമുദായത്തിൽ സകാത്ത് കൊടുക്കുന്നവർ വളരെ കുറവാണ്. കൊടുക്കുന്നവരാകട്ടെ മദ്രസകളെ പരിഗണിക്കാറുമില്ല. ആകയാൽ, പടച്ചവൻ സമ്പത്ത് നൽകിയ സഹോദരങ്ങൾ സകാത്ത് കൊടുക്കാൻ ശ്രദ്ധിക്കണമെന്നും അതിൽ മദ്രസകളെ പ്രത്യേകം പരിഗണിക്കണമെന്നും ആത്മാർത്ഥമായി ഉണർത്തുന്നു.
    ഇതോടൊപ്പം മദ്റസയുമായി ബന്ധപ്പെട്ടവർ സകാത്തായി ലഭിക്കുന്ന സമ്പത്ത് സൂക്ഷ്മതയോടെ അതിനർഹമായ സ്ഥാനത്ത് ചിലവഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്. സകാത്ത് വാങ്ങുന്ന ആളുകളിൽ വീഴ്ചകൾ സംഭവിക്കുന്നത് പോലെ മദ്റസയുമായി ബന്ധപ്പെട്ട് സകാത്ത് വാങ്ങുന്ന ചിലരിൽ നിന്നും വീഴ്ച്ചകൾ സംഭവിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇത് പരിഹരിക്കാനുള്ള ഏകമാർഗ്ഗം സകാത്ത് നൽകുന്ന സഹോദരങ്ങൾ മദ്റസകളിൽ നേരിട്ട് പോയി അർഹരായവരെ കണ്ടെത്തി അവരെ സഹായിക്കലാണ്. ഇതിലൂടെ പണ്ഡിതന്മാർ സാമ്പത്തിക സ്വരൂപണത്തിനായി യാത്ര ചെയ്യുകയും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംസ്കരണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയാതെ വരുന്ന അവസ്ഥക്ക് മാറ്റമുണ്ടാകുന്നതാണ്. 
                പടച്ചവൻ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ഉതവി നൽകട്ടെ.!

🔹🔹🔹🔹🔹🔹🔹

മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുല്‍ ഹാഖ:

(52 ആയത്തുകള്‍, പദങ്ങള്‍ 256, അക്ഷരങ്ങള്‍ 1433, മക്കാമുകര്‍റമയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 78. പാരായണ ക്രമം 69. സൂറത്തുല്‍ മുല്‍കിന് ശേഷം അവതരണം)

ഖിയാമത്തിന്‍റെ ഭയാനകത, വിശ്വാസികളുടെ അന്ത്യം, നിഷേധികളുടെ നിന്ദ്യത, പടച്ചവന്‍റെ വചനങ്ങളുടെ മഹത്വം

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 1-35

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

ٱلۡحَآقَّةُ ۝١ مَا ٱلۡحَآقَّةُ ۝٢ وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ ۝٣ كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ ۝٤ فَأَمَّا ثَمُودُ فَأُهۡلِكُواْ بِٱلطَّاغِيَةِ ۝٥ وَأَمَّا عَادٞ فَأُهۡلِكُواْ بِرِيحٖ صَرۡصَرٍ عَاتِيَةٖ ۝٦ سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ ۝٧ فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٖ ۝٨ وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ ۝٩ فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً ۝١٠ إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ ۝١١ لِنَجۡعَلَهَا لَكُمۡ تَذۡكِرَةٗ وَتَعِيَهَآ أُذُنٞ وَٰعِيَةٞ ۝١٢ فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ ۝١٣ وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ ۝١٤ فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ ۝١٥ وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ ۝١٦ وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ ۝١٧ يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ ۝١٨ فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَٰبِيَهۡ ۝١٩ إِنِّي ظَنَنتُ أَنِّي مُلَٰقٍ حِسَابِيَهۡ ۝٢٠ فَهُوَ فِي عِيشَةٖ رَّاضِيَةٖ ۝٢١ فِي جَنَّةٍ عَالِيَةٖ ۝٢٢ قُطُوفُهَا دَانِيَةٞ ۝٢٣ كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ ۝٢٤ وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ ۝٢٥ وَلَمۡ أَدۡرِ مَا حِسَابِيَهۡ ۝٢٦ يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ ۝٢٧ مَآ أَغۡنَىٰ عَنِّي مَالِيَهۡۜ ۝٢٨ هَلَكَ عَنِّي سُلۡطَٰنِيَهۡ ۝٢٩ خُذُوهُ فَغُلُّوهُ ۝٣٠ ثُمَّ ٱلۡجَحِيمَ صَلُّوهُ ۝٣١ ثُمَّ فِي سِلۡسِلَةٖ ذَرۡعُهَا سَبۡعُونَ ذِرَاعٗا فَٱسۡلُكُوهُ ۝٣٢ إِنَّهُۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ ۝٣٣ وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ۝٣٤ فَلَيۡسَ لَهُ ٱلۡيَوۡمَ هَٰهُنَا حَمِيمٞ ۝٣٥ وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ ۝٣٦ لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ ۝٣٧ فَلَآ أُقۡسِمُ بِمَا تُبۡصِرُونَ ۝٣٨ وَمَا لَا تُبۡصِرُونَ ۝٣٩ إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ ۝٤٠ وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ ۝٤١ وَلَا بِقَوۡلِ كَاهِنٖۚ قَلِيلٗا مَّا تَذَكَّرُونَ ۝٤٢ تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٤٣ وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ ۝٤٤ لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ ۝٤٥ ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ ۝٤٦ فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَٰجِزِينَ ۝٤٧ وَإِنَّهُۥ لَتَذۡكِرَةٞ لِّلۡمُتَّقِينَ ۝٤٨ وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ ۝٤٩ وَإِنَّهُۥ لَحَسۡرَةٌ عَلَى ٱلۡكَٰفِرِينَ ۝٥٠ وَإِنَّهُۥ لَحَقُّ ٱلۡيَقِينِ ۝٥١ فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ۝٥٢
    സത്യമായി വരുന്ന കാര്യം.(1) സത്യമായി വരുന്ന കാര്യം എന്താണ്?(2) സത്യമായി വരുന്ന കാര്യം എന്താണെന്ന് താങ്കള്‍ക്ക് അറിയാമോ?(3) സമൂദ്, ആദ് ഗോത്രങ്ങള്‍ പിടിച്ച്കുലുക്കുന്ന സത്യമായ കാര്യത്തെ കളവാക്കി.(4) സമൂദ് ഗോത്രം ഘോരശബ്ദത്തിലൂടെ നശിപ്പിക്കപ്പെട്ടു.(5) ആദ് ഗോത്രം ശക്തിയും വേഗതയുമുള്ള കാറ്റിലൂടെ തകര്‍ക്കപ്പെട്ടു.(6) ഏഴ് രാവും എട്ട് പകലും തുടര്‍ച്ചയായി ആ കാറ്റിനെ അവരുടെമേല്‍ അയയ്ക്കപ്പെട്ടു. അകം പൊള്ളയായ ഈത്തപ്പന തടിപോലെ ആ ജനത വീണുകിടക്കുന്നതായി താങ്കള്‍ക്ക് കാണാം.(7) അവര്‍ക്ക് എന്തെങ്കിലും അവശേഷിച്ചതായി താങ്കള്‍ കാണുന്നുണ്ടോ?(8) ഫിര്‍ഔനും അവന് മുമ്പുള്ളവനും തലകീഴായി മറിക്കപ്പെട്ട നാട്ടുകാരും വലിയ പാപം ചെയ്തു.(9) അവരുടെ രക്ഷിതാവിന്‍റെ ദൂതന് അവര്‍ എതിര് പ്രവര്‍ത്തിച്ചു. അപ്പോള്‍ രക്ഷിതാവ് അവരെ കഠിനമായ രീതിയില്‍ പിടികൂടി.(10) ജലം പരിധിവിട്ട് ഉയര്‍ന്നപ്പോള്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി.(11) നിങ്ങള്‍ക്ക് ഒരു സ്മരണയാകാനും ഓര്‍മ്മവെയ്ക്കുന്ന ചെവികള്‍ അതിനെ ഓര്‍മ്മവെയ്ക്കാനുമാണ് അപ്രകാരം ചെയ്തത്.(12) അപ്പോള്‍ സൂര്‍ കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍.(13) ഭൂമിയും പര്‍വ്വതവും ഉയര്‍ത്തപ്പെട്ട് രണ്ടിനെയും തവിടുപൊടിയാക്കപ്പെട്ടാല്‍.(14) അന്നേദിവസം സംഭവിക്കുന്നത് സംഭവിക്കും.(15) ആകാശം പിളര്‍ന്ന് അന്നേ ദിവസം അത് വളരെ ബലഹീനമാകുന്നതാണ്.(16) മലക്ക് അതിന്‍റെ ഓരങ്ങളില്‍ ഉണ്ടായിരിക്കും. താങ്കളുടെ രക്ഷിതാവിന്‍റെ അര്‍ശ് അന്നേദിവസം അവര്‍ക്ക് മുകളില്‍ എട്ട് മലക്കുകള്‍ വഹിക്കുന്നതാണ്.(17) അന്നേ ദിവസം നിങ്ങളെ കൊണ്ടുവരപ്പെടും. നിങ്ങളില്‍ നിന്നും ഒന്നും മറയുന്നതല്ല.(18) അപ്പോള്‍ വലതുകൈയ്യില്‍ കര്‍മ്മപുസ്തകം നല്‍കപ്പെട്ടവര്‍ പറയും: നിങ്ങള്‍ എല്ലാവരും വരൂ, എന്‍റെ പുസ്തകം വായിക്കൂ.(19) എന്‍റെ വിചാരണ കാണാനുള്ളതാണെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.(20) അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(21) ഉന്നത സ്വര്‍ഗ്ഗത്തില്‍.(22) അതിന്‍റെ പഴങ്ങള്‍ ചാഞ്ഞുകിടക്കുന്നതാണ്.(23) കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലമായി സസന്തോഷം ആഹാരപാനീയങ്ങള്‍ നിങ്ങള്‍ ഉപയോഗിച്ചുകൊള്ളുക.(24) ഇടതുകൈയ്യില്‍ കര്‍മ്മപുസ്തകം നല്‍കപ്പെട്ടവന്‍ പറയും: എന്‍റെ കഷ്ടമേ, എനിക്ക് ഈ പുസ്തകം നല്‍കപ്പെടാതിരുന്നുവെങ്കില്‍ നന്നായിരുന്നു.(25) വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.(26) എന്‍റെ മരണം തന്നെ എന്‍റെ അന്ത്യം കുറിക്കുന്നതായിരുന്നെങ്കില്‍.(27) എന്‍റെ സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടില്ല.(28) എന്‍റെ അധികാരം മുഴുവനും എനിക്ക് ഇല്ലാതായി.(29) നിങ്ങള്‍ അവനെ പിടിക്കുക. എന്നിട്ട് വളയം ധരിപ്പിക്കുക.(30) ശേഷം അവനെ നിങ്ങള്‍ നരകത്തില്‍ കടത്തുക.(31) ശേഷം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ അവനെ നിങ്ങള്‍ കുടുക്കിയിടുക.(32) അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.(33) സാധുക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിച്ചിരുന്നില്ല.(34) അന്നേ ദിവസം അവന് ഒരു ആത്മസുഹൃത്തും ഉണ്ടായിരിക്കുന്നതല്ല.(35) നരക വാസികളുടെ പഴുപ്പ് അല്ലാതെ ഒരു ആഹാരവും കാണില്ല.(36) പാപികള്‍ മാത്രമേ അത് ഭക്ഷിക്കുകയുള്ളൂ.(37) അപ്പോള്‍ നിങ്ങള്‍ കാണുന്ന വസ്തുക്കളെക്കൊണ്ടും.(38) നിങ്ങള്‍ കാണാത്ത വസ്തുക്കളെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.(39) തീര്‍ച്ചയായും ഇത് ഒരു ആദരണീയ ദൂതന്‍റെ വാചകമാണ്.(40) ഇത് കവിയുടെ വാക്യമല്ല. നിങ്ങള്‍ അല്പം മാത്രമേ വിശ്വസിക്കുന്നുള്ളൂ.(41) ജോത്സ്യവചനവുമല്ല. നിങ്ങള്‍ അല്പം മാത്രമേ ചിന്തിക്കുന്നുള്ളൂ.(42) സര്‍വ്വലോക പരിപാലകനില്‍ നിന്നും അവതരിച്ചതാണിത്.(43) പ്രവാചകന്‍ നമ്മുടെമേല്‍ വല്ല വാചകവും പടച്ചുണ്ടാക്കി പറഞ്ഞിരുന്നെങ്കില്‍.(44) നാം അദ്ദേഹത്തെ വലതു കൈ കൊണ്ട് പിടിക്കുമായിരുന്നു.(45) ശേഷം ഹൃദയഞരമ്പ് മുറിച്ചുകളയുമായിരുന്നു.(46) ഇതില്‍ നിന്നും തടയാന്‍ നിങ്ങളില്‍ ആരും ഉണ്ടായിരിക്കുന്നതല്ല(47) തീര്‍ച്ചയായും ഇത് ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉണര്‍ത്തലാണ്.(48) നിങ്ങളില്‍ കളവാക്കുന്നവര്‍ ഉണ്ടെന്ന് നമുക്ക് നന്നായി അറിയാം.(49) തീര്‍ച്ചയായും ഇത് നിഷേധികള്‍ക്ക് വ്യസനമാണ്.(50) തീര്‍ച്ചയായും ഇത് പരിപൂര്‍ണ്ണമായും ഉറപ്പായ സത്യമാണ്.(51) ആകയാല്‍ മഹോന്നതനായ രക്ഷിതാവിന്‍റെ വിശുദ്ധി താങ്കള്‍ പ്രകീര്‍ത്തിക്കുക.(52)

വിവരണവും വ്യാഖ്യാനവും:
ഈ സൂറത്തില്‍ ലോകാവസാനത്തിന്‍റെ ഭയാനക സംഭവങ്ങളും പരലോകത്ത് സത്യവിശ്വാസികള്‍ക്കുള്ള പ്രതിഫല സന്തോഷങ്ങളും നിഷേധികള്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷാദു:ഖങ്ങളും വിവരിക്കപ്പെട്ടിരിക്കുന്നു. ലോകാവസാനത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആനില്‍ പല പേരുകളും വന്നിട്ടുണ്ട്. ഈ സൂറത്തില്‍ തന്നെ ഹാഖ, ഖാരിഅ,  വാഖിഅ എന്നീ നാമങ്ങള്‍ അനുസ്മരിച്ചിരിക്കുന്നു. ഹാഖ എന്നാല്‍ സത്യമെന്നും സ്ഥിരപ്പെട്ടതും എന്നുമാണ്. മറ്റ് കാര്യങ്ങളുടെ സത്യത്തെ സ്ഥിരപ്പെടുത്തുന്ന വസ്തുവിനും ഹാഖ എന്ന് പറയപ്പെടാറുണ്ട്. ഖിയാമത്തിന് ഈ രണ്ട് അര്‍ത്ഥങ്ങളുമുണ്ട്. ലോകാവസാനം സത്യമായ കാര്യമാണ്. അത് സംഭവിക്കുന്നമെന്നതില്‍ യാതൊരു സംശയവുമില്ല. കൂടാതെ, അത് സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗവും നിഷേധികള്‍ക്ക് നരകവും സ്ഥിരപ്പെടുത്തുന്നതാകുന്നു. ഇവിടെ ഈ നാമം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് ഈ മഹാസംഭവത്തിന്‍റെ ഗൗരവവം ഉണര്‍ത്തിയിരിക്കുന്നു. ഖാരിഅ എന്നതിന്‍റെ വാചകാര്‍ത്ഥം കുലുക്കുന്നത് എന്നാണ്. അതെ, ഖിയാമത്ത് ദിനം മുഴുവന്‍ മനുഷ്യരെയും പിടിച്ച് കുലുക്കുന്നതും അസ്വസ്ഥമാക്കുന്നതും സര്‍വ്വ വസ്തുക്കളെയും ചിന്നഭിന്നമാക്കുന്നതുമാണ്. 
ത്വാഗിയ ത്വുഗ്യാനില്‍ നിന്നും എടുക്കപ്പെട്ടതാണ്. പരിധിവിടുക എന്നാണ് അര്‍ത്ഥം. ഇതുകൊണ്ടുള്ള ഉദ്ദേശം മുഴുവന്‍ ശബ്ദങ്ങളെയും മറി കടക്കുന്നതും മനുഷ്യന്‍റെ മനസ്സും മസ്തിഷ്കവും തകര്‍ക്കുന്നതുമായ ഘോര ശബ്ദമാണ്. സമൂദ് ഗോത്രത്തിന്‍റെ ധിക്കാരം പരിധിവിട്ടപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷ അവരിലേക്ക് ഘോര ശബ്ദത്തിന്‍റെ രൂപത്തില്‍ അയക്കുകയുണ്ടായി. അത് ലോകം മുഴുവനുമുള്ള ഇടിയുടെയും മറ്റ് ശബ്ദങ്ങളുടെയും സമാഹാരമായിരുന്നു. അതിലൂടെ അവരുടെ നെഞ്ചുകള്‍ പൊട്ടിപ്പോയി. 
രീഹുന്‍ സര്‍സര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം കടുത്ത തണുപ്പുള്ള കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റിന്‍റെ ശിക്ഷ ഒരു ബുധനാഴ്ച രാവിലെ ആരംഭിക്കുകയും അടുത്ത ബുധനാഴ്ച രാത്രിവരെ എട്ട് പകലുകളിലും ഏഴ് രാത്രികളിലും തുടരുകയും ചെയ്തു. ഹുസൂം എന്നത് ഹാസിബിന്‍റെ ബഹുവചനമാണ്. മുറിക്കുകയും പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യുക എന്നാണ് ആശയം. ഈ കൊടുങ്കാറ്റ് അവരെ പൂര്‍ണ്ണമായി നശിപ്പിക്കുകയുണ്ടായി. 
മുഅ്തിഫികാത്ത് എന്നതിന്‍റെ അര്‍ത്ഥം പരസ്പരം കൂടിക്കലര്‍ന്നതും ചേര്‍ന്നതും എന്നാണ്. ലൂത്ത് നബി (അ)യുടെ സമുദായം താമസിച്ചിരുന്ന നാടുകള്‍ പരസ്പരം ചേര്‍ന്നതായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് ശിക്ഷ വരുകയും ആ നാടിനെ മുകളിലേക്ക് ഉയര്‍ത്തി തലകീഴായി മറിയ്ക്കപ്പെടുകയും ചെയ്തു. 
അപ്പോള്‍ സൂര്‍ കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍.(13) ഇബ്നു ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: സൂര്‍ കാഹളം കൊമ്പിന്‍റെ രൂപത്തിലുള്ള ഒന്നാണ്. അതില്‍ ഖിയാമത്ത് നാളില്‍ ഊതപ്പെടുന്നതാണ്. (തിര്‍മിദി). ഒരു ഊത്ത് ഊതപ്പെടും എന്നതിന്‍റെ ഉദ്ദേശം പൊടുന്നനെ ഇത് ഊതപ്പെടുമെന്നാണ്. എല്ലാവരും  മരിച്ച് വീഴുന്നതുവരെ ഈ ശബ്ദം നിലനില്‍ക്കുന്നതുമാണ്. ഖിയാമത്ത് ദിനം സൂര്‍ കാഹളത്തില്‍ രണ്ട് പ്രാവശ്യം ഊതപ്പെടുമെന്ന് ഖുര്‍ആന്‍ ഹദീസുകളിലൂടെ വ്യക്തമായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഒന്നാമത്തെ ഊത്തിന് നഫ്ഖത്തുസ്സഇഖ എന്ന് പറയപ്പെടുന്നു. ഇതിനെക്കുറിച്ച് അല്ലാഹു പറയുന്നു: (സുമര്‍ 68). രണ്ടാമത്തെ ഊത്തിന് നഫ്ഖത്തുല്‍ ബഅ്സ് എന്ന് പറയപ്പെടുന്നു. ബഅ്സിന്‍റെ അര്‍ത്ഥം എഴുന്നേല്‍ക്കുക എന്നാണ്. ഈ ഊത്ത് വഴിയായി മരണപ്പെട്ടവരെല്ലാം ജീവിച്ച് എഴുന്നേല്‍ക്കുന്നതാണ്. ഇതിനെക്കുറിച്ച് സുമര്‍ 68-ാം ആയത്തിന്‍റെ അവസാനത്തില്‍ പറയപ്പെട്ടിട്ടുണ്ട്. ചില നിവേദനങ്ങള്‍ അനുസരിച്ച് ഈ രണ്ട് ഊത്തുകള്‍ക്കിടയില്‍ ഫസഅ് എന്ന മറ്റൊരു ഊത്തുമുണ്ട്. എന്നാല്‍ നിവേദനങ്ങളില്‍ ചിന്തിക്കുമ്പോള്‍ ഇതും ഒന്നാം ഊത്തും തന്നെയാണ്. ഇതിന്‍റെ ആരംഭത്തിന് ഫസഅ് എന്നും അവസാനത്തിന് സഇഖ എന്നും പറയപ്പെടുന്നു. (മസ്ഹരി)
മലക്ക് അതിന്‍റെ ഓരങ്ങളില്‍ ഉണ്ടായിരിക്കും. താങ്കളുടെ രക്ഷിതാവിന്‍റെ അര്‍ശ് അന്നേദിവസം അവര്‍ക്ക് മുകളില്‍ എട്ട് മലക്കുകള്‍ വഹിക്കുന്നതാണ്.(17) ഖിയാമത്തിന് മുമ്പ് നാല് മലക്കുകളും ഖിയാമത്തിന് ശേഷം എട്ട് മലക്കുകളും അര്‍ഷിനെ വഹിക്കുന്നതാണെന്ന് ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. അല്ലാഹുവിന്‍റെ അര്‍ഷ് എന്താണ്? അതിന്‍റെ രൂപം എന്തായിരിക്കും? മലക്കുകള്‍ ഉയര്‍ത്തുന്നത് ഏത് രീതിയിലായിരിക്കും? എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മനുഷ്യ ബുദ്ധി അശക്തമാണ്. ഈ വിഷയങ്ങളില്‍ ചര്‍ച്ച നടത്താനും ചോദ്യങ്ങള്‍ ചോദിക്കാനും അനുവാദമില്ല. മുന്‍ഗാമികളായ സഹാബാ-താബിഉകള്‍ ഇതുപോലുള്ള വിഷയങ്ങളില്‍ പുലര്‍ത്തിയിരുന്ന സമീപനം ഇപ്രകാരമാണ്: ഇവകളെക്കുറിച്ച് അല്ലാഹു പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുക. ഇതിന്‍റെ യാഥാര്‍ത്ഥ്യവും രൂപവും നമുക്ക് അറിയില്ല. 
അന്നേ ദിവസം നിങ്ങളെ കൊണ്ടുവരപ്പെടും. നിങ്ങളില്‍ നിന്നും ഒന്നും മറയുന്നതല്ല.(18) അന്നേ ദിവസത്തിന്‍റെ വലിയൊരു പ്രത്യേകത ഇതാണ്: മഹ്ഷര്‍ മൈതാനത്തിലെ ഭൂമി മുഴുവന്‍ സമതലം ആക്കപ്പെടുന്നതാണ്. പര്‍വ്വതമോ ഗുഹയോ കെട്ടിടമോ വൃക്ഷമോ പോലുള്ള ഒരു മറയും കാണുന്നതല്ല. ഇഹലോകത്ത് ഇത്തരം വസ്തുക്കളുടെ പിന്നില്‍ ആളുകള്‍ ഒളിക്കാറുണ്ട്. എന്നാല്‍ അവിടെ ഇങ്ങനെ മറയാന്‍ ഒന്നും കാണുകയില്ല. 
അപ്പോള്‍ വലതുകൈയ്യില്‍ കര്‍മ്മപുസ്തകം നല്‍കപ്പെട്ടവര്‍ പറയും: നിങ്ങള്‍ എല്ലാവരും വരൂ, എന്‍റെ പുസ്തകം വായിക്കൂ.(19) ഹാഉം എന്നതിന്‍റെ അര്‍ത്ഥം പിടിക്കുക എന്നാണ്. അതായത് വലത് കൈയ്യില്‍ കര്‍മ്മപുസ്തകം ലഭിച്ചവര്‍ സന്തോഷാധിക്യം കാരണം അടുത്തുള്ളവരെ വിളിച്ച് പറയും: പിടിക്കൂ, എന്‍റെ കര്‍മ്മ പുസ്തകം വായിക്കൂ.
എന്‍റെ അധികാരം മുഴുവനും എനിക്ക് ഇല്ലാതായി.(29) സുല്‍ത്വാനിന്‍റെ അര്‍ത്ഥം അധികാരം എന്നാണ്. അതുകൊണ്ടാണ് ഭരണാധികാരിയ്ക്ക് സുല്‍ത്വാന്‍ എന്ന് പറയപ്പെടുന്നത്. ആശയമിതാണ്: ഇഹലോകത്ത് എനിയ്ക്ക് മറ്റുള്ളവരേക്കാള്‍ സ്ഥാനവും മേന്മയും ഉണ്ടായിരുന്നു. ഞാന്‍ വലിയവനായി ഗണിക്കപ്പെട്ടിരുന്നു. അത് ഇന്ന് യാതൊരു പ്രയോജനവും ചെയ്യുന്നില്ല. സുല്‍ത്വാന്‍ എന്നതിന് പ്രമാണം എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ആശയം ഇപ്രകാരമാണ്: കഷ്ടം, എന്‍റെ പക്കല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ യാതൊരു പ്രമാണവുമില്ല. 
നിങ്ങള്‍ അവനെ പിടിക്കുക. എന്നിട്ട് വളയം ധരിപ്പിക്കുക.(30) ഈ കല്‍പ്പന മലക്കുകളോടാണ്. പക്ഷേ, ഖുര്‍ആന്‍ വചനത്തില്‍ മലക്കുകളോടാണെന്ന് വന്നിട്ടില്ല. ചില നിവേദനങ്ങളില്‍ വന്നരിക്കുന്നു: ഈ കല്‍പ്പന പുറപ്പെട്ടാല്‍ ഉടന്‍ സര്‍വ്വ വസ്തുക്കളും അനുസരണയുള്ള ജോലിക്കാരെപ്പോലെ അക്രമികളെ പിടിക്കാന്‍ വേണ്ടി ചാടുന്നതാണ്.  
ശേഷം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ അവനെ നിങ്ങള്‍ കുടുക്കിയിടുക.(32) ഇതിന്‍റെ ഒരു ആശയം ചങ്ങലയില്‍ ബന്ധിപ്പിക്കുക എന്നതാണ്. മറ്റൊരു ആശയം നൂല് മുത്തുകള്‍ക്കിടയിലൂടെ കോര്‍ക്കുന്നതുപോലെ ഈ ചങ്ങല വായിലൂടെ അകത്തേക്ക് ഇറക്കി അടിയിലൂടെ പുറത്തേക്ക് കൊണ്ടുവരുന്നതാണ്. ഈ കാര്യം ചില ഹദീസുകളില്‍ വന്നിട്ടുമുണ്ട്. (മസ്ഹരി)
അന്നേ ദിവസം അവന് ഒരു ആത്മസുഹൃത്തും ഉണ്ടായിരിക്കുന്നതല്ല.(35) നരക വാസികളുടെ പഴുപ്പ് അല്ലാതെ ഒരു ആഹാരവും കാണില്ല.(36) ഹമീം എന്നാല്‍ ആത്മസുഹൃത്തെന്നും ഗിസ്ലീന്‍ എന്നാല്‍ മുറിവുകളും മറ്റും കഴുകപ്പെടുന്ന വെള്ളം എന്നുമാണ് ആശയം. അതായത് അന്നേദിവസം അവരെ പിന്തുണയ്ക്കാനും ശിക്ഷയില്‍ നിന്നും രക്ഷിക്കാനും ഒരു ആത്മസുഹൃത്തും ഉണ്ടാകുന്നതല്ല. നരകവാസികളുടെ പഴുപ്പും മറ്റും കലര്‍ന്ന വെള്ളമല്ലാതെ മറ്റൊന്നും കുടിക്കാനും ലഭിക്കുന്നതല്ല. ഇതുകൊണ്ടുള്ള ഉദ്ദേശം താല്‍പ്പര്യമുള്ള ഭക്ഷണങ്ങളൊന്നും ലഭിക്കുകയില്ലെന്നാണ്. ഇതുപോലെ വെറുക്കപ്പെട്ടതും രുചിയില്ലാത്തതുമായ ആഹാരം മാത്രമേ ലഭിക്കുകയുള്ളൂ. കാരണം മറ്റ് ആയത്തുകളില്‍ സഖൂം ആഹാരമായി നല്‍കപ്പെടുമെന്ന് വന്നിട്ടുണ്ട്. 
അപ്പോള്‍ നിങ്ങള്‍ കാണുന്ന വസ്തുക്കളെക്കൊണ്ടും.(38) നിങ്ങള്‍ കാണാത്ത വസ്തുക്കളെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.(39) അതായത് നിങ്ങള്‍ കാണുകയും നിങ്ങള്‍ക്ക് കാണാന്‍ കഴിയുകയും നിങ്ങള്‍ കാണാതിരിക്കുകയും നിങ്ങള്‍ക്ക് കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സര്‍വ്വ സൃഷ്ടികളെയും കൊണ്ട് സത്യം! ചിലര്‍ പറയുന്നു: കാണാത്തത് എന്നതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിന്‍റെ അസ്ഥിത്വവും തിരുഗുണങ്ങളുമാണ്. മറ്റുചിലര്‍ പറയുന്നു: കാണുന്നവ കൊണ്ടുള്ള ഉദ്ദേശം ഭൗതിക വസ്തുക്കളും കാണാത്ത വസ്തുക്കള്‍ കൊണ്ടുള്ള ഉദ്ദേശം പാരത്രിക വസ്തുക്കളുമാണ്. (മസ്ഹരി) 
പ്രവാചകന്‍ നമ്മുടെമേല്‍ വല്ല വാചകവും പടച്ചുണ്ടാക്കി പറഞ്ഞിരുന്നെങ്കില്‍.(44) നാം അദ്ദേഹത്തെ വലതു കൈ കൊണ്ട് പിടിക്കുമായിരുന്നു.(45) ശേഷം ഹൃദയഞരമ്പ് മുറിച്ചുകളയുമായിരുന്നു.(46) ഇതില്‍ നിന്നും തടയാന്‍ നിങ്ങളില്‍ ആരും ഉണ്ടായിരിക്കുന്നതല്ല(47) ഈ ആയത്തിലെ തഖവ്വലയുടെ അര്‍ത്ഥം എന്തെങ്കിലും കാര്യം പടച്ചുണ്ടാക്കിപ്പറയുക എന്നാണ്. വതീന്‍ എന്നാല്‍ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ഒരു ഞരമ്പാണ്. അതുവഴിയാണ് ആത്മാവ് മനുഷ്യശരീരത്തില്‍ പടരുന്നത്. അത് മുറിച്ചാലുടന്‍ മരണം സംഭവിക്കുന്നതാണ്. നിഷേധികള്‍ റസൂലുല്ലാഹി (സ)യെ കവിയെന്നും ജോത്സ്യനെന്നും പരിശുദ്ധ ഖുര്‍ആനിനെ കവിതയെന്നും ജോത്സ്യമമെന്നും ആരോപിച്ചിരുന്നു. ഈ ആയത്തുകളില്‍ അല്ലാഹു അതിനെ ഖണ്ഡിച്ചുകൊണ്ട് പറയുകയാണ്: ജോത്സ്യന്‍ പിശാചുക്കള്‍ എത്തിച്ചുകൊടുക്കുന്ന വാര്‍ത്തകളെയോ നക്ഷത്ര ഫലങ്ങളെയോ അവലംബിച്ചുകൊണ്ട് ഭാവികാല സംഭവങ്ങളെക്കുറിച്ച് ഓരോന്ന് വിളിച്ച് പറയാറുണ്ട്. റസൂലുല്ലാഹി (സ)യും ഇപ്രകാരം എന്തെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് അല്ലാഹുവിലേക്ക് ചേര്‍ത്ത് പറയുകയാണെന്ന് നിങ്ങള്‍ വിചാരിക്കുകയാണോ? ഒന്നാമതായി നിങ്ങളുടെ ഈ വാദം തന്നെ ശരിയല്ല. രണ്ടാമതായി ഈ പ്രവാചകന്‍ നമ്മിലേക്ക് വല്ല കളവുകളും ചേര്‍ത്ത് പറയുകയാണെങ്കില്‍ നാം അത് വെറുതെ കണ്ടുകൊണ്ടിരിക്കുമെന്നും സൃഷ്ടികളെ വഴി കെടുത്താന്‍ അദ്ദേഹത്തെ അഴിച്ചുവിടുമെന്നും നിങ്ങള്‍ വിചാരിക്കുകയാണോ? ഇത് നടക്കുമെന്ന് ഒരിക്കലും ബുദ്ധിയുള്ള ആരും പറയുകയില്ല. തുടര്‍ന്ന് ഈ കാര്യം ഒരു സാങ്കല്‍പ്പിക രീതിയില്‍ ഇപ്രകാരം വിവരിക്കുന്നു: ഈ പ്രവാചകന്‍ വല്ല കാര്യങ്ങളും സ്വയം പടച്ചുണ്ടാക്കി നമ്മിലേക്ക് ചേര്‍ത്ത് പറഞ്ഞിരുന്നെങ്കില്‍ നാം ഇദ്ദേഹത്തിന്‍റെ വലത് കൈ പിടിച്ച് ജീവനാഡി മുറിച്ച് കളയുമായിരുന്നു. അപ്പോള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ആരും ഉണ്ടാകുന്നതല്ല! ഇവിടെ ഇത്ര കടുത്ത ഈ പദങ്ങള്‍ ഉപയോഗിച്ചത് സാങ്കല്‍പ്പിക രീതിയിലും വിവരം കെട്ടവരെ ശക്തമായി ഉണര്‍ത്താനും വേണ്ടിയാണ്. വലത് കൈ പ്രത്യേകം പറഞ്ഞത് കുറ്റവാളികളെ വധിക്കാന്‍ പിടിക്കുമ്പോള്‍ കുറ്റവാളി വലത് കൈകൊണ്ട് അതിനെ തടയാന്‍ പരിശ്രമിക്കുകയും കൊല്ലുന്ന വ്യക്തി അദ്ദേഹത്തിന്‍റെ വലത് കൈ പിടിക്കുകയും ചെയ്യുന്ന കാരണത്താലാണ്. കുറിപ്പ്: ഇവിടെ ഇപ്രകാരം പറഞ്ഞത് മേല്‍ പറയപ്പെട്ട പ്രത്യേക സംഭവുമായി ബന്ധപ്പെട്ട് മാത്രമാണ്. ഇത് പൊതുനിയമമല്ല. അതായത് കള്ളപ്രവാചകത്വം വാദിക്കുന്നവരെ നശിപ്പിക്കുന്നതാണെന്ന് അല്ലാഹു ഇവിടെ പൊതുനിയമമായി പറഞ്ഞതല്ല. അതുകൊണ്ട് തന്നെയാണ് ഈ ലോകത്ത് ധാരാളം വ്യാജന്മാര്‍ കള്ളപ്രവാചകത്വം വാദിക്കുകയും അവരുടെ മേല്‍ പടച്ചവന്‍റെ ശിക്ഷ ഉണ്ടാകാതിരിക്കുകയും ചെയ്തിട്ടുള്ളത്. 
ആകയാല്‍ മഹോന്നതനായ രക്ഷിതാവിന്‍റെ വിശുദ്ധി താങ്കള്‍ പ്രകീര്‍ത്തിക്കുക.(52) റസൂലുല്ലാഹി (സ) സ്വന്തം ഭാഗത്ത് നിന്നും ഒന്നും പറയാറില്ലെന്നും പറയുന്നതെല്ലാം അല്ലാഹുവിന്‍റെ ഭാഷണവും ഭയഭക്തന്മാര്‍ക്കുള്ള ഉപദേശങ്ങളുമാണെന്ന് കഴിഞ്ഞ ആയത്തുകളില്‍ വ്യക്തമാക്കി. തുടര്‍ന്ന് അല്ലാഹു പറഞ്ഞു: ഉറപ്പായ ഈ സത്യവാര്‍ത്തകള്‍ മനസ്സിലാക്കിയിട്ടും ധാരാളം ആളുകള്‍ ഇതിനെ കളവാക്കുന്നുണ്ട്. തല്‍ഫലമായി പരലോകത്ത് അവര്‍ക്ക് വലിയ ദു:ഖവും ശാശ്വത ശിക്ഷയും ഉണ്ടാകുന്നതാണ്. ശേഷം പറയുന്നു: ഇത് തീര്‍ത്തും സത്യവും ഉറപ്പായതുമായ കാര്യമാണ്. ഇതില്‍ യാതൊരു സംശയത്തിനും സാധ്യതയില്ല. അവസാനമായി പറയുന്നു: ആകയാല്‍ മഹോന്നതനായ രക്ഷിതാവിന്‍റെ വിശുദ്ധി താങ്കള്‍ പ്രകീര്‍ത്തിക്കുക.(52) അതെ, താങ്കള്‍ ദുര്‍വാശിക്കാരുടെ വാക്കുകള്‍ ശ്രദ്ധിക്കരുത്. അതുകേട്ട് ദു:ഖിക്കുകയും അരുത്. മറിച്ച് സമുന്നതനായ രക്ഷിതാവിന്‍റെ വിശുദ്ധി പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുക. അതിലൂടെ സര്‍വ്വ ദു:ഖങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്. ഇതേ കാര്യം മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു: (ഹിജ്ര്‍ 97-99) ഉഖ്ബത്തുബ്നു ആമിര്‍ (റ) വിവരിക്കുന്നു: സൂറത്തുല്‍ ഹാഖയിലെ അവസാന ആയത്ത് അവതരിച്ചപ്പോള്‍ അതിനെ റുകൂഇല്‍ പ്രാവര്‍ത്തികമാക്കാനും സൂറത്തുല്‍ അഅ്ലയിലെ ആദ്യ ആയത്ത് അവതരിച്ചപ്പോള്‍ അതിനെ സുജൂദില്‍ പ്രാവര്‍ത്തികമാക്കാനും റസൂലുല്ലാഹി (സ) സഹാബത്തിനോട് നിര്‍ദ്ദേശിച്ചു. (അബൂദാവൂദ്) അതുകൊണ്ട് തന്നെ റുകൂഇലും സുജൂദിലും ഈ തസ്ബീഹുകള്‍ ചൊല്ലണമെന്ന് മുഴുവന്‍ മഹത്തുക്കളും പഠിപ്പിക്കുന്നു. ഭൂരിഭാഗം പേരും ഇതിനെ മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുന്നത് സുന്നത്താണെന്നും ചിലര്‍ നിര്‍ബന്ധമാണെന്നും പറഞ്ഞിരിക്കുന്നു. 
        അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ സൂറത്തുല്‍ ഹാഖ അവസാനിച്ചു.
 
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

175. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: എൻ്റെ രണ്ട് പുത്രിമാരെ ഉസ്മാന് വിവാഹം ചെയ്തു കൊടുക്കാൻ അല്ലാഹു വഹ്‌യിലൂടെ അറിയിക്കുകയുണ്ടായി. (ഇബ്‌നു അദിയ്യ്, ദാറു ഖുഥ്നി, ഇബ്നു അസാകിർ)

വിവരണം: റസൂലുല്ലാഹി ﷺ ഉസ്‌മാൻ (റ)ന് ആദ്യം തങ്ങളുടെ പുത്രി റുഖിയ്യ (റ)യെ വിവാഹം ചെയ്തു കൊടുത്തതും അല്ലാഹുവിൻ്റെ കല്പനപ്രകാരമാണെന്ന് ഈ ഹദീസിലൂടെ വ്യക്തമാവുന്നു. ഹിജ്റയുടെ രണ്ടാം വർഷം അവരുടെ വഫാത്തിന് ശേഷം മറ്റൊരു പുത്രി ഉമ്മുകുൽസൂം (റ)നെയും അദ്ദേഹത്തിന് വിവാഹം ചെയ്തു നൽകിയത് വഹ്‌യിലൂടെയുള്ള അല്ലാഹുവിൻ്റെ കൽപ്പന പ്രകാരമാണ്.

176. ഇസ്‌മത്ത് ഇബ്‌നു മാലിക് (റ) വിവരിക്കുന്നു: ഉസ്‌മാൻ (റ)ൻ്റെ ഭാര്യയായിരുന്ന ഉമ്മു കുൽസൂം (റ) വഫാത്തായപ്പോൾ ആദരവായ റസൂലുല്ലാഹി ﷺ അരുളി: നിങ്ങൾ ഉസ്മാന് വിവാഹം ചെയ്തു നൽകുക. എനിക്ക് മൂന്നാമതൊരു മകൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഉസ്മാന് വിവാഹം ചെയ്തു നൽകുമായിരുന്നു. എൻ്റെ രണ്ടു പുത്രിമാരെ ഉസ്മാന് വിവാഹം ചെയ്തു നൽകിയത് വഹ്‌യ് മുഖേനയുള്ള അല്ലാഹുവിൻ്റെ കൽപ്പനപ്രകാരമാണ്. (ഇബ്‌നു അസാകിർ)

വിവരണം: ആദരവായ റസൂലുല്ലാഹി ﷺ പ്രിയപുത്രി ഉമ്മു കുൽസൂം (റ)നെ ഹിജ്റ രണ്ടാം വർഷം അവരുടെ തന്നെ സഹോദരിയായ റുഖിയ്യ (റ)യുടെ വഫാത്തിന് ശേഷം ഉസ്‌മാൻ (റ)ന് വിവാഹം ചെയ്തു നൽകി. എന്നാൽ, ഹിജ്റ ഒമ്പതിൽ ഉമ്മു കുൽസൂം (റ)യും വഫാത്തായി. തദവസരം റസൂലുല്ലാഹി ﷺ സ്വഹാബാക്കളോട് അരുളി: നിങ്ങൾ നിങ്ങളുടെ പെൺമക്കളെയോ സഹോദരിമാരെയോ ഉസ്മാന് വിവാഹം ചെയ്തു നൽകുക. എനിക്ക് മൂന്നാമതൊരു മകൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഉസ്മാന് വിവാഹം ചെയ്തു നൽകുമായിരുന്നു. എൻ്റെ രണ്ട് പെൺമക്കളെയും ഉസ്മാന് വിവാഹം ചെയ്തു നൽകിയത് കേവലം എൻ്റെ താല്പര്യപ്രകാരം മാത്രമല്ല, വഹ്‌യ് മുഖേന അല്ലാഹുവിൻ്റെ കൽപ്പനയ അനുസരിച്ചാണെന്നും തങ്ങൾ ﷺ ഉണർത്തുകയുണ്ടായി.

റസൂലുല്ലാഹി ﷺയുടെ ഈ തിരുവചനത്തിലൂടെ അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിൻ്റെയും അടുക്കൽ ഉസ്മാൻ (റ)ൻ്റെ മഹത്വവും സ്ഥാനവും വ്യക്തമായിരിക്കുകയാണ്. റളിയല്ലാഹു അൻഹു...

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

മനുഷ്യന്റെ അവകാശം മൂന്ന് കാര്യങ്ങളിലാണ്.!

✍️ മൗലാനാ മുഫ്‌തി അബുൽ ഖാസിം നുഅ്മാനി
       (മുഹ്തമിം ദാറുൽ ഉലൂം ദയൂബന്ദ്)

വിവ : മുഫ്തി സാജിദ് നജ്മി അൽ ഖാസിമി ഈരാറ്റുപേട്ട

        ഉസ്മാൻ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ കാണാം അദ്ദേഹം പറയുന്നു: "ആദം സന്തതിക്ക് ഈ കാര്യങ്ങളിലല്ലാതെ (മറ്റൊന്നിലും) അവകാശമില്ല: താമസിക്കാൻ ഒരു വീട്, ഔറത്ത്  മറയ്ക്കാൻ ഒരു വസ്ത്രം, ഉണങ്ങിയ റൊട്ടിയും വെള്ളവും.( വിശപ്പടക്കാൻ ആവശ്യമായ ഭക്ഷണപാനീയങ്ങൾ )
    അതായത്, ആവശ്യത്തിനുള്ള ഭക്ഷണപാനീയങ്ങൾ , വസ്ത്രങ്ങള്‍ , പാർപ്പിടം എന്നിവയാണ് അവന്റെ അവകാശങ്ങൾ. ഇവയ്ക്ക് പുറമെ അല്ലാഹുവിന്റെ കൃപയാൽ ലഭിക്കുന്നതെല്ലാം അവന്റെ പ്രത്യേകമായ അനുഗ്രഹവും, ഔദാര്യവുമായാണ് കണക്കാക്കപ്പെടുക.
    ഈ പറയപ്പെട്ട അനുഗ്രഹങ്ങൾ ലഭിക്കാത്ത ഏത് മനുഷ്യനാണുള്ളത്? എന്നിട്ടും നമ്മൾ എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് നന്ദികേട് കാണിക്കുകയും പ്രയാസങ്ങളെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുന്നു....!

(റാഹേ സഫ-1/177)
      
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

ഈയാഴ്ച അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്കായി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

                                                            🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം

📓  റമളാൻ ഓഫർ





🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌