റമളാൻ 23/1447
മാർച്ച് 13/2026
ലക്കം: 253
ഉള്ളടക്കം
▪️മുഖലിഖിതം
റമളാനുൽ മുബാറകും മാനവിക സാഹോദര്യവും
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
▪️ജുമുഅ സന്ദേശം
മദ്റസകൾക്ക് സകാത്ത് നൽകാമോ?
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുല്‍ മആരിജ്
ഖിയാമത്തിന്‍റെ ഭയാനകത, വിശ്വാസികളുടെ അന്ത്യം, നിഷേധികളുടെ നിന്ദ്യത, പടച്ചവന്‍റെ വചനങ്ങളുടെ മഹത്വം.
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
മനുഷ്യന്റെ അവകാശം മൂന്ന് കാര്യങ്ങളിലാണ്.!
✍️ മൗലാനാ മുഫ്തി അബുൽ ഖാസിം നുഅ്മാനി
▪️ഇലാ റഹ്‌മത്തില്ലാഹ്...
▪️ഗ്രന്ഥ പരിചയം
തഫ്സീറുൽ ഹസനി
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
റമളാനുൽ മുബാറകും മാനവിക സാഹോദര്യവും.
റമളാൻ മാസം ആത്മനിയന്ത്രണത്തിന്റെയും സഹാനുഭൂതിയുടെയും മാസമാണ്. ഈ മാസത്തിൽ നമ്മോട് വ്രതം അനുഷ്ഠിക്കാനും സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിക്കാനും അല്ലാഹുവിന്റെ മാർഗത്തിൽ ദാനം ചെയ്യാനും കൽപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും വൃത്തം പരിമിതമല്ല. ലോകത്തുള്ള മുഴുവൻ മനുഷ്യരും ഈ മാസത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ നല്ല പെരുമാറ്റത്തിന് അർഹരാണ്. ഈയൊരു സാഹചര്യത്തിൽ, ഈ വിശുദ്ധ മാസത്തിൽ നമ്മുടെ ഇതര മതസ്ഥരായ സഹോദരങ്ങളോട് നമ്മുടെ നിലപാട് എന്തായിരിക്കണം എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
അടിസ്ഥാനപരമായ കാര്യം, മുസ്‌ലിം അമുസ്‌ലിം ഭേദമന്യേ, മാനുഷികമായ സാഹോദര്യം നമ്മെ ഏവരെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. മനുഷ്യകുലത്തിന്റെ മുഴുവൻ മാതാപിതാക്കൾ ആദം നബിയും ഹവ്വയുമാണെന്ന വ്യക്തമായ സങ്കൽപ്പമാണ് ഖുർആൻ നൽകുന്നത്. അതായത്, നമ്മളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. ഈ ബന്ധം നമ്മുടെ സഹോദരങ്ങളോട് നല്ല രീതിയിൽ പെരുമാറാൻ നമ്മെ പ്രേരിപ്പിക്കുന്നു. റമദാനിലും പെരുന്നാൾ വേളകളിലും നമ്മുടെ അമുസ്‌ലിം സഹോദരങ്ങളെ എങ്ങനെ പങ്കാളികളാക്കാം എന്ന് നാം ആലോചിക്കണം.
ഈമാനാണ് മനുഷ്യന്റെ മോചനത്തിനുള്ള ഏക പോംവഴിയെന്ന് നാം വിശ്വസിക്കുന്നു. വിശ്വാസമില്ലാത്തവർ മരണശേഷം അവരുടെ കർമ്മങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്നും, ആ കുറവ് കാരണം അവർ നരകാഗ്നിക്ക് ഇരയാകുമെന്നും നാം വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, സത്യപ്രകാശം ലഭിക്കാത്ത നമ്മുടെ സഹോദരങ്ങളിലേക്ക് ആ സത്യം എത്തിച്ചു കൊടുക്കുക എന്നതാണ് മാനുഷികമായ ഏറ്റവും വലിയ അനുകമ്പ. റമളാൻ അതിന് ഏറ്റവും നല്ല അവസരമാണ് നൽകുന്നത്. ഈ മാസത്തിലാണ് റസൂലുല്ലാഹി ﷺലൂടെ ഖുർആൻ അവതരണം ആരംഭിച്ചത്. ആ ഓർമ്മ പുതുക്കാനാണ് തറാവീഹ് നമസ്കാരം നിശ്ചയിക്കപ്പെട്ടത്. ഖുർആൻ അവതരണവുമായുള്ള ബന്ധം കാരണമാണ് ലൈലത്തുൽ ഖദ്റിന് ഇത്രയും വലിയ സ്ഥാനം ലഭിച്ചത്. ഈ മാസത്തിൽ ഖുർആനിന്റെയും ഹദീസുകളുടെയും വിവർത്തനങ്ങൾ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും നമ്മുടെ സഹോദരങ്ങളിലേക്ക് എത്തിക്കാൻ നാം ശ്രമിക്കണം. കാരണം, അല്ലാഹുവിന്റെ വചനങ്ങൾക്ക് ഹൃദയങ്ങളെ കീഴടക്കാനുള്ള കഴിവുണ്ട്; എത്ര എതിർപ്പുകൾക്കിടയിലും ആ ശക്തി ഇന്നും നിലനിൽക്കുന്നു.
ഖുർആനിന്റെ വിവർത്തനമെങ്കിലും നമ്മുടെ സഹോദരങ്ങളിലേക്ക് എത്തിക്കാൻ നമുക്ക് സാധിച്ചാൽ, അല്ലാഹു വിചാരിച്ചാൽ ആ ചെറിയ ശ്രമം പോലും പലരുടെയും സന്മാർഗത്തിന് കാരണമായിത്തീരും.
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
മദ്റസകൾക്ക് സകാത്ത് നൽകാമോ?
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
(പ്രസിഡൻ്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
ഇന്ന് പലരും ചർച്ച ചെയ്യുന്നൊരു വിഷയമാണ് മദ്റസകൾക്ക് സകാത്തിൻ്റെ തുക നൽകുന്ന വിഷയം. ചിലർ പറയുന്നു: സകാത്തിൻ്റെ അവകാശികളെ അനുസ്മരിച്ച സ്ഥലത്ത് മദ്റസയുടെ ആളുകളെ പറഞ്ഞിട്ടില്ല. അതുകൊണ്ട് അവർക്ക് സകാത്ത് കൊടുക്കാൻ പാടുള്ളതല്ല. മറ്റു ചിലർ അനുവാദം ഉണ്ടെന്ന് പറയുക മാത്രമല്ല, സകാത്തിൻ്റെ തുക മദ്റസയുടെ സർവ്വ കാര്യങ്ങൾക്കും വിനിയോഗിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ മധ്യമവും സന്തുലിതവുമായ ഒരു കാഴ്ച്ചപ്പാട് തിരഞ്ഞെടുക്കേണ്ടതാണ്. സകാത്തിൻ്റെ അവകാശികൾ നിർണ്ണിതരാണ് എന്നതും അതിനാൽ മദ്‌റസകൾ എന്ന നിലയിൽ സകാത്തിന് അർഹതയില്ലെന്നതും ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, മദ്റസാ ഭാരവാഹികൾ സകാത്തിന് അർഹരായവരെ പരിപാലിക്കുന്നവരും അവരുടെ ചുമതലക്കാരമാണ് എന്ന നിലയിൽ സകാത്ത് വാങ്ങിക്കാനും അർഹരുടെ കാര്യങ്ങൾക്ക് ചെലവഴിക്കാനും അനുവാദമുണ്ട്. അതെ, മദ്റസകളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും സക്കാത്തിൻ്റെ പ്രധാന അവകാശികളാണ്. ഇത് മനസ്സിലാക്കാൻ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഒന്ന്, സകാത്തിൻ്റെ ലക്ഷ്യമെന്താണ്? സകാത്ത് കൊടുക്കുമ്പോൾ പരിഗണിക്കേണ്ട മാനദണ്ഡം എന്താണ്? രണ്ട്, ഈ മാനദണ്ഡം മദ്റസകൾക്ക് സകാത്ത് നൽകുമ്പോൾ പാലിക്കാൻ കഴിയുന്നുണ്ടോ?
പരിശുദ്ധ ഖുർആനിൽ സകാത്തിൻ്റെ എട്ട് അവകാശികളെ പരാമർശിച്ചിരിക്കുന്നു. 1. നിർധനൻ, 2. അങ്ങേയറ്റത്തെ നിർധനൻ, 3. സകാത്ത് സമാഹരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ, 4. ഇസ്‌ലാമിൽ അടിയുറച്ച് നിൽക്കുന്നതിന് സമ്പത്ത് ആവശ്യമായ നവ മുസ്‌ലിം, 5. അടിമ, 6. കടബാധ്യതൻ, 7. ജിഹാദ് ചെയ്യുന്നവൻ, 8. വഴിയാത്രക്കാരൻ. (തൗബ 40) ഇതിൽ ദരിദ്രൻ, അതിദരിദ്രൻ, അടിമ, കടബാധ്യതൻ, വഴിയാത്രക്കാരൻ എന്നീ അഞ്ചുപേർ സമ്പത്ത് ആവശ്യമുള്ളവരാണ്. നവ മുസ്‌ലിംകളെയും ജിഹാദ് ചെയ്യുന്നവരെയും ഉദ്യോഗസ്ഥരെയും പരിഗണിച്ചിരിക്കുന്നത് ദീനിന്റെ ഉയർച്ചയ്ക്കുവേണ്ടി അധ്വാനിക്കുന്നവർ എന്ന നിലയിലാണ്. ചുരുക്കത്തിൽ, സകാത്തിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങൾ സാധുക്കളെ സഹായിക്കലും ദീനിന് ശക്തി പകരലുമാണ്. ഈ രണ്ട് ലക്ഷ്യങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മദ്റസകളിലാണ്. മദ്റസകൾ വെറും വിദ്യാഭ്യാസ കേന്ദ്രങ്ങളല്ല. പ്രത്യേകിച്ചും ഇന്ത്യ രാജ്യത്ത് മദ്‌റസകളുടെ പിന്നിൽ വലിയൊരു പശ്ചാത്തലമുണ്ട്.
ഇന്ത്യയിൽ ആദ്യകാലത്ത് പാഠശാലകളിൽ കാലികമായ വിജ്ഞാനങ്ങളും മത വിഷയങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഇവിടെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ സാംസ്കാരികമായി എല്ലാവരെയും അടിമകളാക്കുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി. പ്രത്യേകിച്ചും അതിലൂടെ ഇസ്‌ലാമിനെക്കുറിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളും പരത്താൻ തുടങ്ങി. മറുഭാഗത്ത്, രാജ്യം മുഴുവനും ക്രൈസ്തവ മിഷനറിമാർ പരക്കുകയും അവർ ക്രിസ്തുമത പ്രബോധനം ശക്തിയാക്കുകയും ചെയ്തു. ഈ അവസ്ഥ കണ്ട് വേദനിച്ച പണ്ഡിതന്മാർ മുസ്‌ലിം ഭരണം അസ്തമിച്ച നിലയ്ക്ക് മുസ്‌ലിംകളുടെ വിശ്വാസ ആരാധനകൾ സംരക്ഷിക്കുന്നതിന് മദ്റസകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അതിലൂടെ ഒരു തലമുറയെ വാർത്തെടുക്കാനും അവർ വഴിയായി ഓരോ പ്രദേശത്തും ദീനി വിജ്ഞാനം സംരക്ഷിക്കാനും തീരുമാനിച്ചു. അങ്ങനെ രാജ്യം മുഴുവൻ മദ്റസകൾ സ്ഥാപിക്കപ്പെട്ടു. ഇതിൻ്റെ ചിലവുകൾക്ക് ഭരണകൂടത്തെ സമീപിക്കരുതെന്ന് അവർ ശക്തമായി ഉണർത്തിയിരുന്നു. മറിച്ച്, സമുദായത്തിലെ മുഴുവൻ അംഗങ്ങളുമായി ബന്ധപ്പെട്ട് മദ്റസകൾ നടത്തണമെന്ന് അവർ ഉണർത്തുകയും ചെയ്തു. പടച്ചവന്റെ അനുഗ്രഹത്താൽ, ഈ പദ്ധതി വിജയിച്ചു. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇന്നുവരെയും ഇസ്‌ലാമിനെതിരിൽ ധാരാളം പ്രയാസ പ്രശ്നങ്ങൾ ഉയർത്തപ്പെട്ടപ്പോൾ മദ്റസകളുമായി ബന്ധപ്പെട്ടവരാണ് അതിനെ തന്ത്രജ്ഞതയോടെ നേരിട്ടത്. അവർ രാജ്യം മുഴുവൻ പടർന്ന പാതിരിമാരെ നേരിട്ടു. ആര്യ സമാജികർ മുസ്‌ലിംകൾക്കിടയിൽ ഹിന്ദുമതം പ്രചരിപ്പിച്ചപ്പോൾ അവർ അതിനെയും നേരിട്ടു. ബ്രിട്ടീഷുകാരുടെ പിന്തുണയോടെ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി ഇസ്‌ലാമിക വിശ്വാസം തകർക്കാൻ പരിശ്രമിച്ചപ്പോൾ അവർ അതിനെ വേരോടെ പിഴുതെറിഞ്ഞു. ഓറിയന്റലിസ്റ്റുകളിൽ ആകൃഷ്ടരായി ചിലർ ഹദീസിന്റെ പ്രാമാണികത നിരാകരിച്ചപ്പോൾ അവരുടെ കള്ളത്തരങ്ങൾ മദ്റസ വക്താക്കൾ തുറന്നുകാട്ടി. നിരീശ്വരവാദത്തിൻ്റെ പ്രളയത്തെയും അവർ തന്നെയാണ് നേരിട്ടത്. ശരീഅത്ത് നിയമങ്ങളെ ഭേദഗതി ചെയ്യാൻ ചിലർ മുന്നോട്ടു വന്നപ്പോൾ അവർ തന്നെയാണ് അതിനെയും പ്രതിരോധിച്ചത്. അതെ, പലരുടെയും ആക്ഷേപ അധിക്ഷേപങ്ങൾ സഹിച്ചുകൊണ്ടും യാതൊരുവിധ ലാഭവും നേടാതെയും ഇത്തരം സേവനങ്ങളെല്ലാം ചെയ്തത് മദ്റസ വക്താക്കളാണ്. രാഷ്ട്രീയ നേതാക്കന്മാർക്കും പ്രവർത്തകർക്കും രാഷ്ട്രീയമായി കുറെ ലാഭങ്ങൾ ഉണ്ടായി. ചിലർ മനസ്സാക്ഷിയെ തന്നെ വിൽക്കുകയും ചെയ്തു. വിദ്യാസമ്പന്നർ എന്ന് പറയപ്പെടുന്നവർ വലിയ സ്ഥാനങ്ങളും ഉദ്യോഗങ്ങളും വഴി ഉയർന്ന ശമ്പളം കൈപ്പറ്റി. എന്നാൽ, ദീനീ മദ്റസകൾ ഭൗതികമായ ധാരാളം ഞെരുക്കങ്ങളും പ്രയാസങ്ങളും പലപ്പോഴും നാശനഷ്ടങ്ങളും സഹിച്ചുകൊണ്ടും സേവനങ്ങളിൽ നിരതരായി.
അടുത്തതായി, രാജ്യം മുഴുവനും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക സംഘടനകളെയും പ്രസ്ഥാനങ്ങളെയും എടുക്കുക. അവയുടെയെല്ലാം അടിസ്ഥാനം മദ്റസകൾ തന്നെയാണ്. ഇവിടെ പഠിച്ചവരാണ് പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മദ്റസകൾ അവർക്ക് ഉത്തമ പ്രബോധകരെ നൽകിക്കൊണ്ടിരുന്നു. വൈജ്ഞാനിക ലോകത്ത് എല്ലാവരെയും മുന്നിട്ട നിലയിൽ രചനകൾ തയ്യാറാക്കിയത് മദ്റസകളുടെ സന്താനങ്ങളാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും മുസ്‌ലിംകളെ ദീനിൽ പിടിച്ചുനിർത്തുന്നത് ഭൂരിഭാഗവും മദ്റസയിൽ നിന്നും തയ്യാറാക്കപ്പെട്ടവരാണ്. ചുരുക്കത്തിൽ, മദ്റസ എന്നത് ഒരു പവർഹൗസ് ആണ്. അതുവഴി ദീനിന്റെ എല്ലാ ശാഖകൾക്കും ഊർജ്ജം ലഭിക്കുന്നു. അതുകൊണ്ടാണ്, മദ്റസകളുമായി ബന്ധപ്പെട്ടവർ തീർത്തും നിരപരാധികൾ ആയിരുന്നിട്ടും വർഗീയവാദികൾ നിരന്തരം മദ്റസകളെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അതെ, മദ്‌റസകളും അതുവഴി തയ്യാറാക്കപ്പെടുന്ന പണ്ഡിതരും അവശേഷിക്കുന്ന കാലത്തോളം മുസ്‌ലിംകളെ ഇസ്‌ലാമിൽ നിന്ന് മാറ്റുക സാധ്യമല്ലെന്ന് അവർക്ക് നന്നായി അറിയാം. തുറന്നു പറയട്ടെ, ധാരാളം ഗൂഢാലോചനകൾ നടന്നിട്ടും ഇന്ത്യയിൽ സ്പെയിൻ ആവർത്തിക്കപ്പെടാത്തത് മദ്റസകൾ കാരണമായിട്ടാണ്. മാത്രമല്ല, ലോകത്ത് മറ്റവളെയും കാണാത്ത ദീനീ രോഷവും ഇസ്‌ലാമിക ആവേശവും ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്നത് മദ്റസകൾ കാരണമായിട്ടാണ്. മറുഭാഗത്ത്, ഈ മദ്റസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം സാധു കുടുംബങ്ങളിൽ പെട്ടവരാണ്. ആകയാൽ, മദ്റസകൾക്ക് സകാത്ത് കൊടുക്കുന്നതിലൂടെ സകാത്തിൻ്റെ രണ്ട് ലക്ഷ്യങ്ങളും ഒരേസമയം പൂർത്തീകരിക്കപ്പെടുന്നു.
ഇക്കാരണത്താൽ തന്നെ മുൻഗാമികളായ ഫുഖഹാ മഹത്തുക്കൾ വലിയ പoന ചിന്താ ഗവേഷണങ്ങൾക്ക് ശേഷം ആവശ്യക്കാരായ പണ്ഡിതരെയും വിദ്ധ്യാർത്ഥികളെയും സകാത്തിൽ പരിഗണിക്കണമെന്ന് പ്രേരിപ്പിക്കുകയുണ്ടായി. കൂടാതെ, അത് മഹത്തരമാണെന്നും അവർ ഉണർത്തി. സുപ്രസിദ്ധ മുഹദ്ദിസായ ഇമാം അബ്ദുല്ലാഹ് ഇബ്നുൽ മുബാറക്ക് (റ) അദ്ദേഹത്തിൻ്റെ സാമ്പത്തിക സഹായം പ്രധാനമായും നൽകിയിരുന്നത് പണ്ഡിതർക്കാണ്. പ്രവാചകത്വത്തിന്റെ സ്ഥാനത്തിന് ശേഷം ഏറ്റവും ഉയർന്ന സ്ഥാനം പാണ്ഡിത്യത്തിനാണെന്ന് അദ്ദേഹം പറയുമായിരുന്നു. (ഇത്തിഹാഫ്)
പ്രസിദ്ധ ഫഖീഹായ അല്ലാമ ഹസ്കഫി കുറിക്കുന്നു: വിജ്ഞാന കാര്യങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവച്ചവർക്ക് സകാത്ത് കൊടുക്കാവുന്നതാണ്. കാരണം അവർക്ക് മറ്റ് ജീവിത മാർഗങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. (ദുർറുൽ മുഖ്താർ) ഇത് ഫിഖ്ഹ് പണ്ഡിതരുടെ സ്വന്തമായ അഭിപ്രായമല്ല, മറിച്ച് വിശുദ്ധ ഖുർആനിലൂടെ തന്നെ വ്യക്തമായ കാര്യമാണ്.
അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ഒതുക്കപ്പെട്ട പട്ടിണിപ്പാവങ്ങൾ സാമ്പത്തിക സഹായങ്ങൾക്ക് പ്രത്യേക അർഹരാണ്. (സമ്പാദ്യത്തിന്) ഭൂമിയിൽ കറങ്ങി നടക്കാൻ അവർക്ക് സാധിക്കുന്നില്ല. എന്നാൽ യാചന നടത്താതെ പരിശുദ്ധി സ്വീകരിച്ചതിനാൽ വിവരമില്ലാത്തവർ അവരെ സമ്പന്നരായി ധരിക്കുന്നു. അവരുടെ അടയാളങ്ങളിലൂടെ അവരെ തിരിച്ചറിയാൻ സാധിക്കും. അവർ ജനങ്ങളോട് നിർബന്ധിച്ച് ഒന്നും ചോദിക്കാറില്ല. നിങ്ങൾ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനെ നന്നായി അറിയുന്നുണ്ട്. (ബഖറ 273)
വൈജ്ഞാനിക പ്രബോധന സാംസ്കാരിക പ്രവർത്തനങ്ങൾ കാരണം പ്രത്യേകം സമ്പാദ്യത്തിലേക്ക് തിരിയാൻ സാധിക്കാത്ത സാധുക്കളെ ദാനധർമ്മങ്ങളിൽ വിശിഷ്ടമായി പരിഗണിക്കണമെന്ന് ഈ ആയത്ത് അറിയിക്കുന്നു.ഈ വചനത്തിന്റെ അവതരണ പശ്ചാത്തലവും വിജ്ഞാനവുമായി ബന്ധപ്പെട്ടതാണ്. റസൂലുല്ലാഹി ﷺയുടെ അരികിൽ മുഴുവൻ സമയവും താമസിച്ച് വിജ്ഞാനം സമ്പാദിച്ചിരുന്ന സുഫ്ഫ നിവാസികളായ സ്വഹാബാക്കളെ കുറിച്ചാണ് ഈ ആയത്ത് ഇറങ്ങിയത് എന്ന് പണ്ഡിതർ പറയുന്നു. (തഫ്സീറുൽ കബീർ - ഖുർത്വുബി)
റസൂലുല്ലാഹി ﷺക്ക് ലഭിക്കുന്ന ദാനധർമ്മങ്ങളിലും റസൂലുല്ലാഹി ﷺ ഇവരെ പരിഗണിച്ചിരുന്നു. ചുരുക്കത്തിൽ, ഖുർആൻ ഹദീസിലൂടെ സ്ഥിരപ്പെടുകയും മുൻഗാമികളായ മഹത്തുക്കൾ മാർഗമായി സ്വീകരിക്കുകയും ചെയ്ത കാര്യമാണ്, വിജ്ഞാനവുമായി ബന്ധപ്പെട്ടവർക്ക് സകാത്ത് നൽകുക എന്നുള്ളത്. പ്രത്യേകിച്ചും, ഇന്ത്യ മഹാരാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ ഇസ്‌ലാമിൻ്റെ സംരക്ഷണത്തിനും നിലനിൽപ്പിനും മദ്റസകൾ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെയാണ് വർഗീയവാദികളും വർഗീയ പ്രസ്ഥാനങ്ങളും മദ്രസകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിലൂടെ മാത്രമേ, ഇസ്‌ലാമിക വ്യക്തിത്വങ്ങളെ ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് അവർക്ക് വ്യക്തമായിട്ട് അറിയാം.എന്നാൽ സമുദായം മദ്രസകളെ ശ്രദ്ധിക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയിലാണ് എന്ന കാര്യം ദുഃഖത്തോടെ പറയട്ടെ..
ഒന്നാമതായി, സമുദായത്തിൽ സകാത്ത് കൊടുക്കുന്നവർ വളരെ കുറവാണ്. കൊടുക്കുന്നവരാകട്ടെ മദ്രസകളെ പരിഗണിക്കാറുമില്ല. ആകയാൽ, പടച്ചവൻ സമ്പത്ത് നൽകിയ സഹോദരങ്ങൾ സകാത്ത് കൊടുക്കാൻ ശ്രദ്ധിക്കണമെന്നും അതിൽ മദ്രസകളെ പ്രത്യേകം പരിഗണിക്കണമെന്നും ആത്മാർത്ഥമായി ഉണർത്തുന്നു.
ഇതോടൊപ്പം മദ്റസയുമായി ബന്ധപ്പെട്ടവർ സകാത്തായി ലഭിക്കുന്ന സമ്പത്ത് സൂക്ഷ്മതയോടെ അതിനർഹമായ സ്ഥാനത്ത് ചിലവഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്. സകാത്ത് വാങ്ങുന്ന ആളുകളിൽ വീഴ്ചകൾ സംഭവിക്കുന്നത് പോലെ മദ്റസയുമായി ബന്ധപ്പെട്ട് സകാത്ത് വാങ്ങുന്ന ചിലരിൽ നിന്നും വീഴ്ച്ചകൾ സംഭവിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇത് പരിഹരിക്കാനുള്ള ഏകമാർഗ്ഗം സകാത്ത് നൽകുന്ന സഹോദരങ്ങൾ മദ്റസകളിൽ നേരിട്ട് പോയി അർഹരായവരെ കണ്ടെത്തി അവരെ സഹായിക്കലാണ്. ഇതിലൂടെ പണ്ഡിതന്മാർ സാമ്പത്തിക സ്വരൂപണത്തിനായി യാത്ര ചെയ്യുകയും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംസ്കരണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയാതെ വരുന്ന അവസ്ഥക്ക് മാറ്റമുണ്ടാകുന്നതാണ്.
പടച്ചവൻ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ഉതവി നൽകട്ടെ.!
🔹🔹🔹🔹🔹🔹🔹
മആരിഫുൽ ഖുര്‍ആന്‍
സൂറത്തുല്‍ മആരിജ്
(44 ആയത്തുകള്‍, പദങ്ങള്‍ 929, അക്ഷരങ്ങള്‍ 224, മക്കാമുകര്‍റമയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 79. പാരായണ ക്രമം 70. സൂറത്തുല്‍ ഹാഖക്ക് ശേഷം അവതരണം)
ഖിയാമത്ത് ദിനം നിഷേധികളുടെ നിന്ദ്യത, സത്യവിശ്വാസികളുടെ മഹല്‍ഗുണങ്ങള്‍, ദുര്‍വാശിക്കാരുടെ അവസ്ഥകള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 1-44
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
സംഭവിക്കാനിരിക്കുന്ന ശിക്ഷയെകുറിച്ച് ഒരു ചോദ്യകര്‍ത്താവ് ചോദിച്ചിരിക്കുന്നു.(1) നിഷേധികള്‍ക്ക് സംഭവിക്കുന്ന ശിക്ഷ, അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല.(2) കയറിപ്പോകുന്ന പടികളുടെ ഉടമസ്ഥനായ അല്ലാഹുവില്‍ നിന്നും സംഭവിക്കുന്ന ശിക്ഷയാണത്.(3) ആ പടികളിലൂടെ മലക്കുകളും ആത്മാവും ഒരു ദിവസം അല്ലാഹുവിങ്കലേക്ക് കയറിപ്പോകുന്നതാണ്. ആ ദിവസത്തിന്‍റെ അളവ് അന്‍പതിനായിരം വര്‍ഷമാണ്.(4) ആകയാല്‍ താങ്കള്‍ സുന്ദരമായ നിലയില്‍ സഹിക്കുക.(5) നിശ്ചയം അവര്‍ ഈ ദിവസത്തെ വിദൂരമായി കാണുന്നു.(6) നാം അതിനെ അടുത്തതായി കാണുന്നു.(7) ആകാശം ഉരുകിയ ഈയം പോലെ ആകുന്ന ദിനം.(8) പര്‍വ്വതങ്ങള്‍ കടഞ്ഞപഞ്ഞിപോലെയായി മാറും.(9) ഒരു മിത്രവും മിത്രത്തെക്കുറിച്ച് ചോദിക്കുന്നതല്ല.(10) അവര്‍ പരസ്പരം കാണുന്നതാണ്. പാപിയായ മനുഷ്യന്‍ സന്താനങ്ങളെപ്പോലും കൊടുത്ത് ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ പരിശ്രമിക്കുന്നതാണ്.(11) ഇണയെയും സഹോദരനെയും.(12) അവര്‍ കഴിഞ്ഞിരുന്ന കുടുംബത്തെയും.(13) ഭൂമിയിലുള്ള എല്ലാവരെയും കൊടുത്ത് സ്വശരീരത്തെ രക്ഷിക്കാന്‍ ശ്രമിക്കും.(14) പക്ഷേ, അത് ഒരിക്കലും നടക്കില്ല. നരകം ആളിക്കത്തുന്ന അഗ്നിയാണ്.(15) തൊലിയെ ഊരിയെടുക്കുന്നതാണ്.(16) സത്യത്തില്‍ നിന്നും പിന്തിരിഞ്ഞവരെയും മുഖംതിരിച്ചവരെയും അത് വിളിച്ചുവരുത്തും.(17) സമ്പത്ത് ഒരുമിച്ച് കൂട്ടി സൂക്ഷിച്ചവനെയും വിളിക്കും.(18) മനുഷ്യന്‍ വലിയ കഴിവുകെട്ടവനായിട്ടാണ് പടക്കപ്പെട്ടിട്ടുള്ളത്.(19) ബുദ്ധിമുട്ടുള്ള വല്ലതും ബാധിച്ചാല്‍ വെപ്രാളത്തോടെ ഓടിനടക്കും.(20) നല്ല അവസ്ഥയുണ്ടായാല്‍ പിശുക്കനായി മാറും.(21) എന്നാല്‍ (ഏതാനും ഗുണങ്ങള്‍ ഉള്ളവര്‍ ഇപ്രകാരമായിരിക്കില്ല) നമസ്കാരക്കാര്‍(22) അവര്‍ നമസ്കാരത്തില്‍ കൃത്യനിഷ്ഠയുള്ളവരാണ്.(23) സ്വന്തം സമ്പത്തുകളില്‍ അറിയപ്പെട്ട അവകാശമുള്ളവര്‍.(24) അതായത് യാചകര്‍ക്കും യാചിക്കാത്ത ആവശ്യക്കാര്‍ക്കും(25) പ്രതിഫല ദിവസത്തെ സത്യമായി മനസ്സിലാക്കുന്നവര്‍.(26) അവരുടെ രക്ഷിതാവിന്‍റെ ശിക്ഷയില്‍ നിന്നും ഭയന്നുകഴിയുന്നവര്‍.(27) തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരില്ലെന്ന്) സമാധാനിക്കാന്‍ സാധിക്കാത്തതാണ്.(28) ഗുഹ്യസ്ഥാനത്തെ സംരക്ഷിക്കുന്നവര്‍.(29) അവരുടെ ഭാര്യമാരില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും ഒഴികെ. അവര്‍ ആക്ഷേപിക്കപ്പെടുന്നവരല്ല.(30) ഇതല്ലാത്ത മാര്‍ഗ്ഗം തേടുന്നവര്‍ പരിധിലംഘിച്ചവരാണ്.(31) വിശ്വസ്ത മുതലുകളും കരാറുകളും ശ്രദ്ധിക്കുന്നവര്‍.(32) അവരുടെ സാക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍.(33) നമസ്കാരത്തെ സൂക്ഷിച്ച് നിര്‍വ്വഹിക്കുന്നവര്‍. (ഇവര്‍ ഉന്നത മനക്കരുത്തോടെ ജീവിക്കുന്നതാണ്.)(34) ഇവര്‍ സ്വര്‍ഗ്ഗത്തില്‍ ആദരണീയരായിരിക്കും.(35) നിഷേധികള്‍ക്ക് എന്തുപറ്റി? അവര്‍ താങ്കളിലേക്ക് ഓടിവരുന്നല്ലോ.(36) ഇടത്തുനിന്നും വലത്തുനിന്നും സംഘടിച്ചുവരികയാണല്ലോ.(37) അവരെ സുഖകേന്ദ്രമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുമെന്ന് അവര്‍ ഓരോരുത്തരും മോഹിക്കുന്നുണ്ടോ.(38) അത് ഒരിക്കലും നടക്കില്ല. അവര്‍ അറിയുന്ന വസ്തുക്കളില്‍ നിന്നുമാണ് നാം അവരെ സൃഷ്ടിച്ചത്.(39) ഉദയാസ്തമന സ്ഥാനങ്ങളുടെ ഉടമസ്ഥനില്‍ സത്യം. നാം കഴിവുള്ളവനാണ്.(40) അവരേക്കാളും ഉത്തമരെ പകരംകൊണ്ടുവരാന്‍ നാം കഴിവുള്ളവരാണ്. നാം പരാജയപ്പെടില്ല.(41) ആകയാല്‍ അവരെ വിട്ടേക്കുക. അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ട ദിവസം നേരില്‍ കാണുന്നതുവരെ അവര്‍ അനാവശ്യങ്ങളില്‍ മുഴുകുകയും കളിക്കുകയും ചെയ്യട്ടെ.(42) ഖബറുകളില്‍ നിന്നും ധൃതിയില്‍ അവര്‍ പുറപ്പെടുന്ന ദിവസം. അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ഓടിപ്പോകുന്നതുപോലെ ആയിരിക്കും.(43) അവര്‍ കണ്ണുകള്‍ താഴ്ത്തുന്നതും നിന്ദ്യത അവരെ മൂടുന്നതുമാണ്. അതാണ് അവര്‍ വാഗ്ദാനം ചെയ്യപ്പെട്ട ദിവസം.(44)
ആശയ സംഗ്രഹം:
സംഭവിക്കാനിരിക്കുന്ന ശിക്ഷയെകുറിച്ച് ഒരു ചോദ്യകര്‍ത്താവ് നിഷേധത്തിന്‍റെ നിലയില്‍ അത് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നിഷേധികള്‍ക്ക് സംഭവിക്കുന്ന ആ ശിക്ഷ തീര്‍ച്ചയായും സംഭവിക്കുന്നതാണ്. അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല. കയറിപ്പോകുന്ന പടികളുടെ അതായത് ആകാശങ്ങളുടെ ഉടമസ്ഥനായ അല്ലാഹുവില്‍ നിന്നും സംഭവിക്കുന്ന ശിക്ഷയാണത്. ആ പടികളിലൂടെ മലക്കുകളും സത്യവിശ്വാസികളുടെ ആത്മാവും ഒരു ദിവസം അല്ലാഹുവിങ്കലേക്ക് കയറിപ്പോകുന്നതാണ്. അല്ലാഹുവിങ്കലേക്ക് എന്നതുകൊണ്ടുള്ള ഉദ്ദേശം അവകള്‍ എത്തിച്ചേരാന്‍ നിശ്ചയിക്കപ്പെട്ട ഉപരിലോകമാണ്. അതിലേക്കുള്ള വഴി ആകാശങ്ങളിലൂടെയാണ്. അതുകൊണ്ടാണ് ആകാശങ്ങള്‍ക്ക് പടികളെന്ന് പറഞ്ഞത്. പ്രസ്തുത ശിക്ഷ ഒരു മഹാ ദിവസം സംഭവിക്കുന്നതാണ്. ആ ദിവസത്തിന്‍റെ അളവ് ഇഹലോകത്തെ അന്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണ്. ഇതുകൊണ്ടുള്ള ഉദ്ദേശം ഖിയാമത്ത് ദിനമാണ്. ആ ദിവസത്തിന്‍റെ കാഠിന്യം കാരണം നിഷേധികള്‍ക്ക് ആ ദിവസം വളരെ നീണ്ടതായി അനുഭവപ്പെടുന്നതാണ്. കടുത്ത നിഷേധികള്‍ക്ക് അമ്പതിനായിരം വര്‍ഷമായും കുറഞ്ഞ നിഷേധികള്‍ക്ക് സൂറത്തുല്‍ ഹജ്ജിലെ 47-ാം ആയത്തില്‍ പറയപ്പെട്ടതുപോലെ ആയിരം വര്‍ഷങ്ങളായും അനുഭവപ്പെടുന്നതാണ്. എന്നാല്‍ സത്യവിശ്വാസികള്‍ക്ക് രണ്ട് റക്അത്ത് നമസ്കാരം പോലെ അത് ലഘുവായിരിക്കുന്നതാണ്. (ദുര്‍റുല്‍ മന്‍സൂര്‍) ചുരുക്കത്തില്‍ ശിക്ഷ വരുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. ആകയാല്‍ അവരുടെ എതിര്‍പ്പുകളെ താങ്കള്‍ സുന്ദരമായ നിലയില്‍ സഹിക്കുക. അതായത് അവരുടെ നിഷേധങ്ങളും എതിര്‍പ്പുകളും കണ്ട് മനസ്സിടുങ്ങുകയും പരാതി പറയുകയും ചെയ്യരുത്. മറിച്ച് അവര്‍ക്ക് ശിക്ഷ ലഭിക്കുന്നതാണെന്ന് മനസ്സിലാക്കി സഹിക്കുക. നിശ്ചയം അവര്‍ ഈ പ്രതിഫല ദിവസത്തില്‍ വിശ്വസിക്കാത്തതിനാല്‍ ഇതിന്‍റെ സംഭവത്തെ വിദൂരമായി കാണുന്നു. എന്നാല്‍ നമുക്ക് പൂര്‍ണ്ണ ഉറപ്പുള്ളതിനാല്‍ നാം അതിനെ അടുത്തതായി കാണുന്നു. ആകാശം ഉരുകിയ ഈയത്തിന്‍റെ നിറം പോലെ ആകുന്ന ദിനത്തില്‍ അത് സംഭവിക്കുന്നതാണ്. ചുമന്ന നിറത്തില്‍ ആകുന്നതാണെന്ന് വേറൊരു ആയത്തില്‍ വന്നിട്ടുണ്ട്. ഒന്നുങ്കില്‍ കടുത്ത നിറം കാരണമായി രണ്ട് നിറത്തിലും തോന്നിക്കുന്നതായിരിക്കാം. അല്ലെങ്കില്‍ ആദ്യം ഒരു നിറവും ശേഷം മറ്റൊരു നിറവും ഉണ്ടാകുമായിരിക്കാം. ചുരുക്കത്തില്‍ ആകാശം കറുക്കുകയും ശേഷം പൊട്ടുകയും ചെയ്യുന്നതാണ്. പര്‍വ്വതങ്ങള്‍ കടഞ്ഞ പഞ്ഞിപോലെയായി മാറും. അതായത് അത് പറന്ന് നടക്കുന്നതാണ്. അന്നേ ദിവസം ഒരു മിത്രവും മറ്റൊരു മിത്രത്തെക്കുറിച്ചും ചോദിക്കുന്നതല്ല. അവര്‍ പരസ്പരം കാണുന്നതുമാണ്. അതായത് എല്ലാവരും പരസ്പരം കാണുമെങ്കിലും ആര്‍ക്കും ആരോടും യാതൊരു സഹാനുഭൂതിയും ഉണ്ടാകുന്നതല്ല. സൂറത്ത് സ്വഫ്ഫാത്തില്‍ പരസ്പരം ചോദിക്കുമെന്ന് പറഞ്ഞത് തര്‍ക്കത്തിന്‍റെ പേരിലുള്ള ചോദ്യമാണ്. അന്നേ ദിവസം പാപിയായ മനുഷ്യന്‍ അതായത് നിഷേധി സന്താനങ്ങളെപ്പോലും കൊടുത്ത് ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ പരിശ്രമിക്കുന്നതാണ്. ഇണയെയും സഹോദരനെയും, അവര്‍ കഴിഞ്ഞിരുന്ന കുടുംബത്തെയും, ഭൂമിയിലുള്ള എല്ലാവരെയും പകരമായി കൊടുത്ത് സ്വശരീരത്തെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കും. അതായത് അന്നേ ദിവസം ഓരോരുത്തരും അവരവരെക്കുറിച്ചുള്ള ചിന്തയില്‍ മാത്രമായി മുഴുകുന്നതാണ്. ഇന്നലെവരെ ജീവന്‍ കൊടുത്തും സഹായിച്ചിരുന്ന ആളുകളെ സ്വന്തം രക്ഷപ്പെടുന്നതിന് വേണ്ടി ശിക്ഷയില്‍ ഇടാന്‍ ആഗ്രഹിക്കുന്നതാണ്. പക്ഷേ, ഇത് ഒരിക്കലും നടക്കില്ല. അതായത് അവര്‍ക്ക് നരക ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതല്ല. നരകം ആളിക്കത്തുന്ന അഗ്നിയാണ്. തൊലിയെ വരെ ഊരിയെടുക്കുന്നതാണ്. ഇഹലോകത്ത് സത്യത്തില്‍ നിന്നും പിന്തിരിഞ്ഞവരെയും അനുസരണയില്‍ നിന്നും മുഖംതിരിച്ചവരെയും അത് വിളിച്ചുവരുത്തും. മറ്റുള്ളവരോട് അക്രമം കാണിച്ചോ ആര്‍ത്തി മൂലമോ സമ്പത്ത് ഒരുമിച്ച് കൂട്ടുകയും ശേഷം അതിനെ മാറ്റിവെച്ച് സൂക്ഷിച്ചവനെയും വിളിക്കും. അതായത് അവര്‍ പടച്ചവനോടുള്ള കടമകളോ പടപ്പുകളോടുള്ള കര്‍ത്തവ്യങ്ങളോ നിര്‍വ്വഹിക്കാത്തവനാണ്. അല്ലെങ്കില്‍ വിശ്വാസവും കര്‍മ്മ സ്വഭാവങ്ങളും നാശമായവരാണ്. ആയത്തിന്‍റെ ആശയ സംഗ്രഹം ഇപ്രകാരമാണ്: ഇത്തരം ദു:സ്വഭാവങ്ങള്‍ നരകത്തില്‍ കൊണ്ടെത്തിക്കുന്നതാണ്. ഈ ദുസ്വഭാവങ്ങളുള്ള പാപികള്‍ നരകത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാനാണ്? ഇവിടെയൊരു കാര്യം ഓര്‍ക്കുക: നരകശിക്ഷയുടെ അടിസ്ഥാന കാരണം നിഷേധമാണ്. മറ്റ് പാപങ്ങള്‍ കാരണമായി ശിക്ഷയില്‍ വര്‍ദ്ധനവുണ്ടാകുന്നതാണ്. അടുത്തതായി ശിക്ഷയ്ക്ക് കാരണമാകുന്ന മറ്റുചില ദുസ്വഭാവങ്ങള്‍ കൂടി വിവരിക്കുന്നു. മനുഷ്യന്‍ വലിയ കഴിവുകെട്ടവനായിട്ടാണ് പടക്കപ്പെട്ടിട്ടുള്ളത്. അതായത് മനുഷ്യന്‍റെ അകത്ത് ബലഹീനതയുടെ അംശം ചെറുപ്പം മുതല്‍ തന്നെ അടങ്ങിയിട്ടുണ്ട്. അതിനെ പ്രായപൂര്‍ത്തിയ്ക്ക് ശേഷം ദൂരീകരിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവന്‍ അതില്‍ കുടുങ്ങുകയും നന്മകളില്‍ നിന്നും അകന്ന് കഴിയുകയും ചെയ്യുന്നതാണ്. ബുദ്ധിമുട്ടുള്ള വല്ലതും ബാധിച്ചാല്‍ പരിധിവിട്ട വെപ്രാളത്തോടെ ഓടിനടക്കും. നല്ല അവസ്ഥയുണ്ടായാല്‍ ന്യായമായ കടമകളില്‍ നിന്നും പിശുക്കനായി മാറും. എന്നാല്‍ ഏതാനും ഗുണങ്ങളുള്ള സത്യവിശ്വാസികള്‍ ശിക്ഷയ്ക്ക് കാരണമാകുന്ന ഈ ദുര്‍ഗുണങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുന്നതാണ്. അവര്‍ നമസ്കാരക്കാരാകുന്നു. അതായത് അവര്‍ നമസ്കാരത്തില്‍ കൃത്യനിഷ്ഠയുള്ളവരാണ്. അങ്ങനെ നമസ്കാരത്തിന്‍റെ ബാഹ്യവും ആന്തരികവുമായ മര്യാദകള്‍ പാലിക്കുന്നവരാകുന്നു. സ്വന്തം സമ്പത്തുകളില്‍ അറിയപ്പെട്ട അവകാശമുള്ളവരുമാകുന്നു. അതായത് യാചകര്‍ക്കും യാചിക്കാത്ത ആവശ്യക്കാര്‍ക്കും അവരുടെ സമ്പത്തില്‍ അവകാശമുണ്ടായിരിക്കുന്നതാണ്. പ്രതിഫല ദിവസത്തെ സത്യമായി മനസ്സിലാക്കുന്നവരുമാകുന്നു. അവരുടെ രക്ഷിതാവിന്‍റെ ശിക്ഷയില്‍ നിന്നും ഭയന്നുകഴിയുന്നവരുമാകുന്നു. തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ വരില്ലെന്ന് സമാധാനിക്കാന്‍ സാധിക്കാത്തതാണ്. ഗുഹ്യസ്ഥാനത്തെ പാപങ്ങളില്‍ നിന്നും സംരക്ഷിക്കുന്നവരാകുന്നു. അവരുടെ ഭാര്യമാരില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും അവര്‍ സൂക്ഷിക്കുന്നതല്ല. കാരണം അവര്‍ ആക്ഷേപിക്കപ്പെടുന്നവരല്ല. ഇതല്ലാത്ത മാര്‍ഗ്ഗം വികാര പൂര്‍ത്തീകരണത്തിന് തേടുന്നവര്‍ നിയമത്തിന്‍റെ പരിധിലംഘിച്ചവരാണ്. അവരെ ഏല്‍പ്പിക്കപ്പെട്ട വിശ്വസ്ത മുതലുകളും കരാറുകളും ശ്രദ്ധിക്കുന്നവരാകുന്നു. അവരുടെ സാക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരുമാകുന്നു. അതില്‍ അവര്‍ കുറവുകളൊന്നും വരുത്തുന്നതല്ല. അവര്‍ നിര്‍ബന്ധ നമസ്കാരത്തെ സൂക്ഷിച്ച് നിര്‍വ്വഹിക്കുന്നവരുമാകുന്നു. ഇവര്‍ സ്വര്‍ഗ്ഗത്തില്‍ ആദരണീയരായി പ്രവേശിക്കുന്നതാകുന്നു. ഈ ഗുണങ്ങളുടെ വിവരണം സൂറത്തുല്‍ മുഅ്മിനൂന്‍ തുടക്കത്തില്‍ കഴിഞ്ഞിട്ടുണ്ട്. അടുത്തതായി നിഷേധികളുടെ അവസ്ഥകള്‍ വിവരിക്കുന്നു: വിജയ പരാജയങ്ങളുടെ കാരണങ്ങള്‍ വ്യക്തമായിട്ടും അവയെ നിഷേധിക്കുന്നവര്‍ക്ക് എന്തുപറ്റി? അവര്‍ ഇവയെ നിഷേധിക്കുന്നതിന് വേണ്ടി താങ്കളിലേക്ക് ഓടിവരുന്നല്ലോ. ഇടത്തുനിന്നും വലത്തുനിന്നും സംഘടിച്ചുവരികയാണല്ലോ. അതായത് ഇവര്‍ മേല്‍ പറയപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ, അവര്‍ ഇവയെ നിഷേധിക്കുന്നതിനും പരിഹസിക്കുന്നതിനും വേണ്ടി താങ്കളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അവരെ സുഖകേന്ദ്രമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുമെന്ന് അവര്‍ ഓരോരുത്തരും മോഹിക്കുന്നുണ്ടോ. അത് ഒരിക്കലും നടക്കില്ല. കാരണം നരകത്തിലേക്ക് കൊണ്ടെത്തിക്കുന്ന ദുര്‍ഗുണങ്ങളുള്ളവര്‍ സ്വര്‍ഗ്ഗത്തില്‍ എങ്ങനെ പ്രവേശിക്കാനാണ്? അവരുടെ ദുര്‍ഗുണങ്ങളുടെ അടിസ്ഥാനം പരലോക നിഷേധമായിരുന്നതുകൊണ്ട് പരലോകത്തെക്കുറിച്ച് പറയുന്നു: അവര്‍ അറിയുന്ന വസ്തുക്കളില്‍ നിന്നുമാണ് നാം അവരെ സൃഷ്ടിച്ചത്. അതായത് ഇന്ദ്രിയത്തില്‍ നിന്നുമാണ് അവര്‍ പടയ്ക്കപ്പെട്ടതെന്ന് അവര്‍ക്ക് നന്നായിട്ടറിയാം. നിര്‍ജ്ജീവമായ ഇന്ദ്രിയത്തില്‍ നിന്നും മനുഷ്യനുണ്ടായത് അത്ഭുതകരമാണെങ്കിലും കാര്യം യാഥാര്‍ത്ഥ്യം തന്നെയാണ്. പരലോകത്തിന്‍റെ സംഭവ്യം ഇത്രമാത്രം ആശ്ചര്യകരമല്ല. കാരണം മുമ്പ് ജീവനുണ്ടായിരുന്ന അവയങ്ങള്‍ക്ക് രണ്ടാമതും ജീവന്‍ നല്‍കല്‍ തരതമ്യേനെ എളുപ്പമായ കാര്യമാണ്. അടുത്തതായി മറ്റൊരു നിലയില്‍ പരലോകത്തിന്‍റെ സംഭവ്യത സമര്‍ത്ഥിക്കുന്നു: ഉദയാസ്തമന സ്ഥാനങ്ങളുടെ ഉടമസ്ഥനില്‍ സത്യം, അവരേക്കാളും ഉത്തമരെ ഇഹലോകത്ത് തന്നെ പകരം കൊണ്ടുവരാന്‍ നാം കഴിവുള്ളവരാണ്. ഇഹലോകത്ത് ഇപ്രകാരം നാം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരുണത്തില്‍ പരലോകത്ത് ഇപ്രകാരം അവരെ തന്നെ കൊണ്ടുവരാന്‍ നമുക്ക് അല്‍പ്പം പോലും ബുദ്ധിമുട്ടില്ല. ഇനി ഈ രേഖകളെല്ലാം കേട്ടിട്ടും അവര്‍ നിഷേധത്തില്‍ നിന്നും പിന്മാറുന്നില്ലെങ്കില്‍ അവരെ വിട്ടേക്കുക. അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ട ദിവസം നേരില്‍ കാണുന്നതുവരെ അവര്‍ അനാവശ്യങ്ങളില്‍ മുഴുകുകയും കളിക്കുകയും ചെയ്യട്ടെ. ഖബറുകളില്‍ നിന്നും ധൃതിയില്‍ അവര്‍ പുറപ്പെടുന്ന ദിവസം. അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ഓടിപ്പോകുന്നതുപോലെ ആയിരിക്കും. അവര്‍ കണ്ണുകള്‍ താഴ്ത്തുന്നതും നിന്ദ്യത അവരെ മൂടുന്നതുമാണ്. അതാണ് അവര്‍ വാഗ്ദാനം ചെയ്യപ്പെട്ട ദിവസം. അന്നേ ദിവസം ലോകാവസാനം സംഭവിക്കുന്നതാണ്.
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
175. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: എൻ്റെ രണ്ട് പുത്രിമാരെ ഉസ്മാന് വിവാഹം ചെയ്തു കൊടുക്കാൻ അല്ലാഹു വഹ്‌യിലൂടെ അറിയിക്കുകയുണ്ടായി. (ഇബ്‌നു അദിയ്യ്, ദാറു ഖുഥ്നി, ഇബ്നു അസാകിർ)
വിവരണം: റസൂലുല്ലാഹി ﷺ ഉസ്‌മാൻ (റ)ന് ആദ്യം തങ്ങളുടെ പുത്രി റുഖിയ്യ (റ)യെ വിവാഹം ചെയ്തു കൊടുത്തതും അല്ലാഹുവിൻ്റെ കല്പനപ്രകാരമാണെന്ന് ഈ ഹദീസിലൂടെ വ്യക്തമാവുന്നു. ഹിജ്റയുടെ രണ്ടാം വർഷം അവരുടെ വഫാത്തിന് ശേഷം മറ്റൊരു പുത്രി ഉമ്മുകുൽസൂം (റ)നെയും അദ്ദേഹത്തിന് വിവാഹം ചെയ്തു നൽകിയത് വഹ്‌യിലൂടെയുള്ള അല്ലാഹുവിൻ്റെ കൽപ്പന പ്രകാരമാണ്.
176. ഇസ്‌മത്ത് ഇബ്‌നു മാലിക് (റ) വിവരിക്കുന്നു: ഉസ്‌മാൻ (റ)ൻ്റെ ഭാര്യയായിരുന്ന ഉമ്മു കുൽസൂം (റ) വഫാത്തായപ്പോൾ ആദരവായ റസൂലുല്ലാഹി ﷺ അരുളി: നിങ്ങൾ ഉസ്മാന് വിവാഹം ചെയ്തു നൽകുക. എനിക്ക് മൂന്നാമതൊരു മകൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഉസ്മാന് വിവാഹം ചെയ്തു നൽകുമായിരുന്നു. എൻ്റെ രണ്ടു പുത്രിമാരെ ഉസ്മാന് വിവാഹം ചെയ്തു നൽകിയത് വഹ്‌യ് മുഖേനയുള്ള അല്ലാഹുവിൻ്റെ കൽപ്പനപ്രകാരമാണ്. (ഇബ്‌നു അസാകിർ)
വിവരണം: ആദരവായ റസൂലുല്ലാഹി ﷺ പ്രിയപുത്രി ഉമ്മു കുൽസൂം (റ)നെ ഹിജ്റ രണ്ടാം വർഷം അവരുടെ തന്നെ സഹോദരിയായ റുഖിയ്യ (റ)യുടെ വഫാത്തിന് ശേഷം ഉസ്‌മാൻ (റ)ന് വിവാഹം ചെയ്തു നൽകി. എന്നാൽ, ഹിജ്റ ഒമ്പതിൽ ഉമ്മു കുൽസൂം (റ)യും വഫാത്തായി. തദവസരം റസൂലുല്ലാഹി ﷺ സ്വഹാബാക്കളോട് അരുളി: നിങ്ങൾ നിങ്ങളുടെ പെൺമക്കളെയോ സഹോദരിമാരെയോ ഉസ്മാന് വിവാഹം ചെയ്തു നൽകുക. എനിക്ക് മൂന്നാമതൊരു മകൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഉസ്മാന് വിവാഹം ചെയ്തു നൽകുമായിരുന്നു. എൻ്റെ രണ്ട് പെൺമക്കളെയും ഉസ്മാന് വിവാഹം ചെയ്തു നൽകിയത് കേവലം എൻ്റെ താല്പര്യപ്രകാരം മാത്രമല്ല, വഹ്‌യ് മുഖേന അല്ലാഹുവിൻ്റെ കൽപ്പനയ അനുസരിച്ചാണെന്നും തങ്ങൾ ﷺ ഉണർത്തുകയുണ്ടായി.
റസൂലുല്ലാഹി ﷺയുടെ ഈ തിരുവചനത്തിലൂടെ അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിൻ്റെയും അടുക്കൽ ഉസ്മാൻ (റ)ൻ്റെ മഹത്വവും സ്ഥാനവും വ്യക്തമായിരിക്കുകയാണ്. റളിയല്ലാഹു അൻഹു...
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
മനുഷ്യന്റെ അവകാശം മൂന്ന് കാര്യങ്ങളിലാണ്.!
✍️ മൗലാനാ മുഫ്തി അബുൽ ഖാസിം നുഅ്മാനി
(മുഹ്തമിം ദാറുൽ ഉലൂം ദയൂബന്ദ്)
വിവ : മുഫ്തി സാജിദ് നജ്മി അൽ ഖാസിമി ഈരാറ്റുപേട്ട
ഉസ്മാൻ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ കാണാം അദ്ദേഹം പറയുന്നു: "ആദം സന്തതിക്ക് ഈ കാര്യങ്ങളിലല്ലാതെ (മറ്റൊന്നിലും) അവകാശമില്ല: താമസിക്കാൻ ഒരു വീട്, ഔറത്ത് മറയ്ക്കാൻ ഒരു വസ്ത്രം, ഉണങ്ങിയ റൊട്ടിയും വെള്ളവും.( വിശപ്പടക്കാൻ ആവശ്യമായ ഭക്ഷണപാനീയങ്ങൾ )
അതായത്, ആവശ്യത്തിനുള്ള ഭക്ഷണപാനീയങ്ങൾ , വസ്ത്രങ്ങള്‍ , പാർപ്പിടം എന്നിവയാണ് അവന്റെ അവകാശങ്ങൾ. ഇവയ്ക്ക് പുറമെ അല്ലാഹുവിന്റെ കൃപയാൽ ലഭിക്കുന്നതെല്ലാം അവന്റെ പ്രത്യേകമായ അനുഗ്രഹവും, ഔദാര്യവുമായാണ് കണക്കാക്കപ്പെടുക.
ഈ പറയപ്പെട്ട അനുഗ്രഹങ്ങൾ ലഭിക്കാത്ത ഏത് മനുഷ്യനാണുള്ളത്? എന്നിട്ടും നമ്മൾ എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് നന്ദികേട് കാണിക്കുകയും പ്രയാസങ്ങളെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുന്നു....!
(റാഹേ സഫ-1/177)
🔹🔹🔹🔹🔹
ഇലാ റഹ്‌മത്തില്ലാഹ്...
ഈയാഴ്ച അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്കായി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 റമളാൻ ഓഫർ
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹


