റമളാൻ 29/1447 മാർച്ച് 19/2026 ലക്കം: 254

 


റമളാൻ 29/1447
മാർച്ച് 19/2026
ലക്കം: 254


 ഉള്ളടക്കം 

▪️മുഖലിഖിതം

▪️ഈദുൽ ഫിത്ർ സന്ദേശം 

നന്മ നിറഞ്ഞ സുപ്രഭാതത്തിനായി പ്രാർത്ഥനകളോടെ പരിശ്രമിക്കുക
✍️ അബ്ദുശ്ശകൂർ ഖാസിമി
(എക്സിക്യൂട്ടീവ് മെമ്പർ, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

▪️കവർസ്റ്റോറി

ചെറിയ നോമ്പിൽ നിന്നും വലിയ നോമ്പിലേക്ക് പ്രവേശിക്കുക
✍️ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി





 മുഖലിഖിതം 

     റസൂലുല്ലാഹി (സ) തഹജ്ജുദ് സമയത്ത് ഒരു ദുആ ചെയ്തിരുന്നു. ഇക്കാലഘട്ടത്തിൽ നമ്മുടെ അവസ്ഥകൾക്ക് വളരെ അനുയോജ്യവും ആവശ്യവുമായ ആ അത്ഭുതകരമായ ദുആ ഇപ്രകാരമാണ്:

اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا، وَأَصْلِحْ ذَاتَ بَيْنِنَا، وَاهْدِنَا سُبُلَ السَّلَامِ، وَنَجِّنَا مِنَ الظُّلُمَاتِ إِلَى النُّورِ، وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ، وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا، وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

“അല്ലാഹുവേ! ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിൽ ഐക്യം ഉണ്ടാക്കണമേ, ഞങ്ങളുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കേണമേ, ഞങ്ങളെ നീ രക്ഷയുടെ മാർഗത്തിലൂടെ സഞ്ചരിപ്പിക്കേണമേ, ഇരുളുകളിൽ നിന്ന് വെളിച്ചത്തിലേക്ക് ഞങ്ങളെ രക്ഷിക്കണമേ, രഹസ്യവും പരസ്യവുമായ എല്ലാ മോശമായ അവസ്ഥകളിൽ നിന്നും ഞങ്ങളെ വിട്ടുനിർത്തണമേ, ഞങ്ങളുടെ കേൾവി, കാഴ്ച, ഹൃദയം, ഇണകൾ, സന്തതികൾ എന്നിവയിൽ അനുഗ്രഹം നൽകണമേ. ഞങ്ങളോടു പൊറുക്കണമേ; നീ തന്നെയാണ് ഏറെ തൗബ സ്വീകരിക്കുന്നവനും കരുണാനിധിയും.

________________________




🔖 ഈദുൽ ഫിത്ർ സന്ദേശം 1447 

നന്മ നിറഞ്ഞ സുപ്രഭാതത്തിനായി പ്രാർത്ഥനകളോടെ പരിശ്രമിക്കുക
✍️ ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
(എക്സിക്യൂട്ടീവ് മെമ്പർ, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

     അളവറ്റ ദയാലുവും മഹാ കാരുണികനുമായ പടച്ചവന്റെ അനുഗ്രഹത്താൽ ഹിജ്‌രി 1447-ലെ അനുഗ്രഹീത റമദാൻ മാസം അനുഭവിക്കാനുള്ള സൗഭാഗ്യം നമുക്ക് ലഭിച്ചു. പാപികളായ നമ്മെ സംബന്ധിച്ചിടത്തോളം റമദാൻ മാസം അങ്ങേയറ്റം അനുഗ്രഹപൂർണ്ണവും സമാധാന സന്തോഷങ്ങൾ നിറഞ്ഞതുമായിരുന്നുവെങ്കിലും അന്തർദേശീയ തലത്തിൽ ദുഃഖകരമായ അവസ്ഥകൾക്ക് ഈ മാസത്തിൽ തുടക്കം കുറിക്കപ്പെട്ടു എന്നത് വേദനാജനകമാണ്. ഇറാൻ, അമേരിക്ക, ഇസ്രായേൽ പോരാട്ടം ഗൾഫ് നാടുകളിലേക്ക് മാത്രമല്ല നമ്മളുടെ നാടുകളിലും വലിയ പ്രതിഫലനവും ദുഃഖകരമായ അവസ്ഥകളും ഉണ്ടാക്കിയിരിക്കുന്നു. അല്ലാഹു തആലാ എത്രയും പെട്ടെന്ന് ഈ യുദ്ധത്തെയും ഇതിന്റെ ദുഷ്ഫലങ്ങളെയും അവസാനിപ്പിക്കുമാറാകട്ടെ.

الله أكبر الله أكبر الله أكبر، لا إله إلا الله والله أكبر، الله أكبر ولله الحمد

     യഥാർത്ഥത്തിൽ ഇത്തരം അവസ്ഥകളെക്കുറിച്ച് അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുള്ളതാണ് എന്ന കാര്യം നാം ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അധ്യാപനങ്ങളിൽ ഒരു പ്രധാനപ്പെട്ട വിഷയമാണ് 'അൽ ഫിതൻ' (പ്രശ്നങ്ങൾ) എന്നത്. ഹദീസിന്റെ ഗ്രന്ഥങ്ങളിൽ ഇത് ഒരു പ്രത്യേക ഭാഗമായി തന്നെ വിവരിക്കപ്പെട്ടിട്ടുണ്ട്. ലോകം മുഴുവനും വലിയ പ്രശ്നങ്ങൾ നടക്കുമെന്നും അക്രമവും അനീതിയും പടരുമെന്നും യുദ്ധങ്ങളും കൊലകളും കൊള്ളകളും നടമാടുമെന്നും  റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം ഇതൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ മുൻകൂറായി അറിയിക്കുകയുണ്ടായി. എന്നാൽ പ്രവാചകൻ ഈ അറിയിപ്പുകൾ നൽകിയിട്ടുള്ളത് ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ വേണ്ടി കഴിവിന്റെ പരമാവധി പരിശ്രമിക്കണമെന്നും അവസ്ഥ ഉണ്ടായാൽ അതിൽ തികഞ്ഞ സൂക്ഷ്മത പുലർത്തണമെന്നും കഴിവിന്റെ പരമാവധി അതിൽ നിന്നും അകന്നു കഴിയണമെന്നും ഉണർത്താൻ വേണ്ടിയാണ്.

     കൂടാതെ ലോകം മുഴുവനും അക്രമങ്ങളും അനീതികളും പടരുമെന്ന് പ്രവചിച്ച പ്രവാചകൻ അവസാനം സുമനസ്സുകളുടെ ആത്മാർത്ഥമായ പരിശ്രമങ്ങളുടെയും പ്രാർത്ഥനകളുടെയും ഫലമായി ലോകം ഒരു നല്ല നേതൃത്വത്തിന് പിന്നിൽ അണിനിരക്കുമെന്നും ലോകം മുഴുവൻ ശാന്തിയും സമാധാനവും സ്നേഹവും ആദരവും പരക്കുമെന്നും പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. അതെ, ഇത്തരം സന്ദർഭങ്ങളിൽ പ്രശ്നങ്ങളിൽ ഇടപെടാതെ കഴിയണമെന്നും രക്ഷയുടെയും മുന്നേറ്റത്തിന്റെയും ആയുധമായ പരിശുദ്ധ ഖുർആനിന്റെ പാരായണ, പഠന, പ്രബോധനങ്ങൾ വർദ്ധിപ്പിക്കണമെന്നും റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം ഉണർത്തുകയുണ്ടായി. ആകയാൽ ഇന്ന് കാണപ്പെടുന്ന അവസ്ഥകൾ രൂക്ഷമാകാൻ സാധ്യതയുണ്ടെങ്കിലും അതെല്ലാം ഒരു സുപ്രഭാതത്തിന് മുമ്പുള്ള രാത്രിയുടെ കൂരിരുട്ടുകൾ മാത്രമാണെന്ന് മനസ്സിലാക്കുകയും നല്ല പ്രഭാതത്തിന് വേണ്ടി കഴിവിന്റെ പരമാവധി പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് എന്നോടും എല്ലാവരോടും അറിയിക്കാനുള്ളത്.

     റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം അരുളിയ ഒരു വചനം നമുക്ക് വഴിവിളക്കാകട്ടെ: 'ഫിത്‌നകളുടെ അഥവാ പ്രശ്നങ്ങളുടെ കാലഘട്ടത്തിൽ ആരാധനകളിലും നന്മകളിലും മുഴുകുക എന്നത് എന്നിലേക്ക് ഹിജ്‌റ (പലായനം) ചെയ്യുന്നത് പോലെയാണ്'. (ബുഖാരി) ആകയാൽ നമ്മുടെ വ്യക്തിജീവിതം നന്നാക്കാനും കുടുംബമിത്രങ്ങളെ സംസ്കരിക്കാനും നാടിന്റെയും നാട്ടുകാരുടെയും നന്മയ്ക്കും യോജിപ്പിനും അധ്വാനിക്കാനും സോഷ്യൽ മീഡിയ പോലുള്ള മാധ്യമങ്ങൾ അതിനായി ഉപയോഗിക്കാനും നാമെല്ലാവരും പരിശ്രമിക്കുക. അല്ലാഹു തൗഫീഖ് നൽകട്ടെ.

الله أكبر الله أكبر الله أكبر، لا إله إلا الله والله أكبر، الله أكبر ولله الحمد

     അന്താരാഷ്ട്ര അവസ്ഥകൾ ദുഃഖകരമായതിനോടൊപ്പം നമ്മുടെ മാതൃരാജ്യത്തിന്റെ അവസ്ഥയും വളരെയധികം വേദനാജനകം തന്നെയാണ്. വർഗീയത പത്തി വിടർത്തി വിഷം പടർത്തിക്കൊണ്ടിരിക്കുന്നു. സംസ്കാര ശൂന്യതയുടെ ചിത്രമായ നാലിൽപരം ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുകയുണ്ടായി. ആൾക്കൂട്ട കൊലപാതകങ്ങൾ എന്നത് സാധുക്കളായ പൊതുജനങ്ങളിലേക്ക് ചേർത്ത് പറയപ്പെടുന്ന നാമമാണെങ്കിലും അതിന്റെ അടിസ്ഥാന കാരണക്കാർ വർഗീയവാദികളും അവർക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയ, സാമൂഹിക, മാധ്യമ വ്യക്തിത്വങ്ങളുമാണ് എന്ന കാര്യം നാം നന്നായി ഉണരുക.

     ഇതിനിടയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വീണ്ടും ഏകീകൃത സിവിൽ കോഡിന്റെ (Uniform Civil Code) കാര്യം ഉയർത്തിയിരിക്കുകയാണ്. രാജ്യത്ത് പരിഹരിക്കപ്പെടേണ്ട ധാരാളം കാര്യങ്ങൾ ഉള്ളപ്പോൾ വെറും മാർഗനിർദ്ദേശക തത്വം മാത്രമായി പറയപ്പെട്ടിട്ടുള്ള ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ഇടയ്ക്കിടെ ഉണർത്തുന്നത് വളരെയധികം ദുഃഖകരമാണ്. ഇത് രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നതിന് ബന്ധപ്പെട്ടവർക്ക് വഴിയൊരുക്കുകയും ചെയ്യും. ഈ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നം എല്ലാവരെയും ഒരു നിയമത്തിന് കീഴിൽ കൊണ്ടുവരാത്തതാണോ? എല്ലാവരെയും ഒരു സിവിൽ നിയമത്തിന് കീഴിൽ കൊണ്ടുവന്നാൽ രാജ്യത്തിന്റെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമോ? ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടന്നത് ഒരേ മതസ്ഥർ എന്നു മാത്രമല്ല, ഈ മതത്തിനുള്ളിലുള്ള ഒരേ വിഭാഗത്തിൽപ്പെട്ടവർ തമ്മിലല്ലേ? ഇന്നും ഒരു മതത്തിൽപ്പെട്ട ആളുകൾ തന്നെ പരസ്പരം പോരടിക്കുകയും കൊല നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ മുസ്‌ലിംകളിലും ഹൈന്ദവരിലും ക്രൈസ്തവരിലും ഓരോ മതങ്ങളുടെയും വിവിധ സംഘങ്ങളിലും സംഘടനകൾക്കിടയിലും ഉണ്ടാകുന്നുണ്ട്.

     ആകയാൽ ഈ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നം ഏകീകൃത സിവിൽ കോഡല്ല. മറിച്ച് മനുഷ്യരുടെ മനസ്സുകളിൽ സാഹോദര്യവും വിശാലതയും ഇല്ലാതാകുന്നു എന്നതാണ്. പടച്ചവനോടുള്ള ഭയഭക്തിയും പടപ്പുകളോടുള്ള സ്നേഹാദരവുകളും മനസ്സിൽ രൂഢമൂലമായാൽ അവസ്ഥകൾ താനേ നന്നാവുന്നതാണ്. ഇത് സ്വന്തത്തോടും അല്ലാത്തവരോടും നല്ല നിലയിൽ വർത്തിക്കാൻ മാത്രമല്ല, തന്റെ അവകാശങ്ങൾ മാപ്പാക്കാനും മറ്റുള്ളവരുടെ അവകാശങ്ങൾ സന്തോഷത്തോടെ നൽകാനും മനുഷ്യനെ പ്രേരിപ്പിക്കുന്നതാണ്. അതുകൊണ്ട് ഏകീകൃത സിവിൽ കോഡിന്റെ ചർച്ചയിൽ നിന്നും മാറി രാജ്യത്തിന്റെ അടിയന്തര പ്രശ്നങ്ങളിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് എല്ലാ ബഹുമാനപ്പെട്ടവരോടും നാം അഭ്യർത്ഥിക്കുക. ആ വഴിയിൽ പരിശ്രമിക്കുകയും മാനവികതയുടെ സന്ദേശം അധികമായി പ്രചരിപ്പിക്കുകയും ചെയ്യുക.

الله أكبر الله أكبر الله أكبر، لا إله إلا الله والله أكبر، الله أكبر ولله الحمد

     നമ്മുടെ പ്രിയപ്പെട്ട നാടായ കേരളത്തിലേക്ക് വരിക. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ നമ്മുടെ വീടുകളിലേക്കും കടകളിലേക്കും വരാൻ തുടങ്ങി. നാം ഒരു പാർട്ടിയെയും നിന്ദിക്കാതെ എല്ലാവരെയും സ്വീകരിച്ചിരുത്തുക. പക്ഷേ അവർ പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിനോടൊപ്പം നിർബന്ധമായും അവരോട് നമുക്ക് പറയേണ്ട കാര്യങ്ങളും പറയുക. ഓരോ രാഷ്ട്രീയ പാർട്ടികളും നമ്മുടെ നാട്ടിൽ ഇന്ന് ശക്തമായ പ്രചാരണം നടത്തുന്നത് 'വികസനം' എന്ന കാര്യത്തെക്കുറിച്ചാണ്. റോഡുകളുടെയും പാലങ്ങളുടെയും ട്രെയിനുകളുടെയും ഒക്കെ ചിത്രങ്ങൾ കാട്ടി കഴിഞ്ഞകാല വികസനങ്ങളെ പൊലിപ്പിച്ചു കാട്ടുകയും വരാനിരിക്കുന്ന വികസനങ്ങളെക്കുറിച്ച് വാതോരാതെ പറയുകയും ചെയ്യുന്നു. തീർച്ചയായിട്ടും വികസനത്തെ നാം എല്ലാവരും വിലമതിക്കുന്നു.
പക്ഷേ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
 * വികസനം നാടിനെയും നാട്ടുകാരെയും മറന്നുകൊണ്ടാവരുത്. വലിയ റോഡുകൾ വരുന്നത് നല്ലതാണ്, പക്ഷേ ജനവാസ കേന്ദ്രങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും രണ്ടായി കീറിമുറിക്കുന്ന അവസ്ഥ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്.
 * വികസനങ്ങളോടൊപ്പം രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വ്യക്തികളുടെ പേരിലേക്ക് തീറെഴുതി കൊടുക്കുന്ന പ്രവണത ജാഗ്രതയോടെ കാണണം. തിരുവനന്തപുരം വിമാനത്താവളം പോലുള്ളവയെക്കുറിച്ച് നാം അഭിമാനിക്കുമ്പോഴും അത് ഒരു വ്യക്തിയുടെ സ്വത്തായി മാറിക്കഴിഞ്ഞു എന്ന കാര്യം അതീവ ഗൗരവകരമാണ്.
 * ബാഹ്യമായ വികസനത്തേക്കാൾ പ്രധാനം മനസ്സുകളുടെ വികസനമാണ്. കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതും വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നതുമൊക്കെ നല്ലതാണ്. പക്ഷേ അതിൽ യാത്ര ചെയ്യുന്നവർ മാതാപിതാക്കളെ സേവിക്കാനും ഭാര്യസന്താനങ്ങൾക്ക് വേണ്ടി സമ്പാദിക്കാനും നാടിനെയും നാട്ടുകാരെയും സഹായിക്കാനുമാണോ യാത്ര ചെയ്യുന്നത്, അതോ മറ്റുള്ളവരെ തല്ലാനും കൊല്ലാനും തകർക്കാനുമാണോ യാത്ര ചെയ്യുന്നത് എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. മനസ്സ് വിശുദ്ധവും വിശാലവുമാകാതെ റോഡ് മാത്രം വിശാലമാവുകയും വാഹന സൗകര്യങ്ങൾ കൂടുകയും ചെയ്താൽ, മുമ്പ് ഒരു വർഷം കൊണ്ട് നടന്നിരുന്ന വ്യഭിചാരങ്ങളും കൊലകളും അക്രമങ്ങളും ഒരു ദിവസം കൊണ്ടോ ഏതാനും മണിക്കൂറുകൾ കൊണ്ടോ നടക്കും എന്ന ഗുണം മാത്രമേയുള്ളൂ. അതിനാൽ വികസനത്തെ നാം വിലമതിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ പ്രധാനം നാടിന്റെ മനഃസ്ഥിതിയുടെ വികാസമാണ്. ദൗർഭാഗ്യവശാൽ കേരളത്തിൽ പരസ്പരമുള്ള അകൽച്ചകൾ വർദ്ധിക്കുന്നു എന്നത് വളരെയധികം ദുഃഖകരമാണ്.

     ആകയാൽ നമ്മൾ വ്യക്തികൾ തമ്മിലും കുടുംബങ്ങൾക്കിടയിലും സമുദായങ്ങൾക്കിടയിലും സ്നേഹസൗഹാർദ്ദ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ പരിശ്രമിക്കുക. അതിനുവേണ്ടി പരിശ്രമിക്കണമെന്ന് നാം സ്ഥാനാർത്ഥികളോടും അവരുടെ സഹായികളോടും വളരെ സ്നേഹത്തിൽ പറയുക. പ്രത്യേകിച്ചും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ ഒരു പ്രധാന സന്ദേശം നിങ്ങൾക്ക് മുമ്പാകെ സമർപ്പിക്കുകയാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരുടെയും സുഖദുഃഖങ്ങളിൽ നാം പങ്കാളികളാവുക. ആർക്കെങ്കിലും സുഖസന്തോഷങ്ങൾ ഉണ്ടായാൽ അവർക്ക് ആശംസകൾ നേരുക; ദുഃഖദുരിതങ്ങൾ സംഭവിച്ചാൽ അനുശോചനം രേഖപ്പെടുത്തുക. ഇത് പ്രത്യേകിച്ചും മതസ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്നും നിർവ്വഹിക്കാനും ശ്രദ്ധിക്കുക. ഉദാഹരണത്തിന് നമ്മുടെ മഹല്ലുകളിൽ ഒരു മുസ്‌ലിമിന്റെയോ അമുസ്‌ലിമിന്റെയോ മരണം സംഭവിച്ചാൽ നമ്മൾ അവിടെ പോവുകയും വ്യക്തിപരമായി അനുശോചനം രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. അതിനോടൊപ്പം ഒന്നുകിൽ നമ്മൾ ആരെയെങ്കിലും കൂട്ടിക്കൊണ്ടോ അല്ലെങ്കിൽ ഒറ്റയ്ക്കോ മരണം സംഭവിച്ച ആ സഹോദരന്റെ വീട്ടിൽ പോയി 'ഞാൻ ഇന്ന മഹല്ലിന്റെ പ്രതിനിധിയായി വരികയാണ്' എന്ന് പറഞ്ഞുകൊണ്ട് അവർക്ക് അനുശോചനം രേഖപ്പെടുത്തുക. ഇനി ആർക്കെങ്കിലും മഹല്ലിന്റെ പേര് പറയാൻ തടസ്സമുണ്ടെങ്കിൽ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെയോ പയാമെ ഇൻസാനിയത്തിന്റെയോ പേര് പറയാൻ പരിപൂർണ്ണ അനുവാദമുണ്ടെന്ന് മാത്രമല്ല, ഇവയുടെ ഒരു എളിയ സേവകൻ എന്ന നിലയിൽ അതിൽ അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

الله أكبر الله أكبر الله أكبر، لا إله إلا الله والله أكبر، الله أكبر ولله الحمد

     ആദ്യവും അവസാനവുമായുള്ള പ്രധാനപ്പെട്ട ഉപദേശം, പടച്ചവനോട് ഭയഭക്തി പുലർത്തുക എന്നത് തന്നെയാണ്. അതാണ് മുഴുവൻ നന്മകളുടെയും അടിസ്ഥാനം. അനുഗൃഹീത റമദാൻ മാസം കഴിഞ്ഞു, പക്ഷേ നന്മകളുടെ സുവർണ്ണാവസരങ്ങൾ കഴിഞ്ഞിട്ടില്ല. മരണം വരെയും അതിനുള്ള അവസരമാണെന്ന് ഓർക്കുക. മരണം ഏത് സമയവും കടന്നുവരാൻ സാധ്യതയുണ്ട്. ആകയാൽ പരിശുദ്ധ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും നമസ്കാരം ശരിയായി അനുഷ്ഠിക്കുകയും സക്കാത്ത് കൃത്യമായി കൊടുക്കുകയും ചെയ്യുക. നോമ്പുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് പിടിച്ചു വീട്ടാൻ ശ്രദ്ധിക്കുക. പരിശുദ്ധമായ ഹജ്ജ് നിർബന്ധമായവർ അതിനുവേണ്ടി തയ്യാറാവുക. മാതാപിതാക്കളോടും മിണ്ടാപ്രാണികളോടും മക്കളോടും അയൽവാസികളോടും കൂട്ടു കുടുംബത്തോടും ജാതിമത വ്യത്യാസമില്ലാതെ എല്ലാ സഹോദരീ സഹോദരന്മാരോടും സ്നേഹാദരവുകൾ പുലർത്തുക. റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം അരുളി: 'നിങ്ങൾ ജനങ്ങൾക്ക് ആഹാരം കൊടുക്കുക, ജനങ്ങൾ ഉറങ്ങിക്കഴിയുമ്പോൾ നിങ്ങൾ നമസ്കരിക്കുക, സ്വർഗ്ഗത്തിൽ നിങ്ങൾക്ക് സന്തോഷത്തോടെ പ്രവേശിക്കാൻ സാധിക്കും'. എല്ലാവരോടും നന്മ ഉപദേശിക്കുകയും തിന്മ തടയുകയും നാട്ടിലും വീട്ടിലും ഭയഭക്തിയുടെ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യുക. വിശിഷ്യാ ബന്ധുക്കളെയും സന്താനങ്ങളെയും മസ്ജിദുകളും മദ്റസകളുമായി ബന്ധിപ്പിക്കുക. പടച്ചവൻ നമ്മുടെ ജീവിതം നന്നാക്കട്ടെ, മരണം സുന്ദരമാക്കട്ടെ, പരലോകം വിജയകരമാക്കട്ടെ.

الله أكبر الله أكبر الله أكبر، لا إله إلا الله والله أكبر، الله أكبر ولله الحمد

     ഈ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിന് നാം എല്ലാവരും പരിശുദ്ധ ഖുർആനിന്റെ പാരായണവും പഠനവും അധികരിപ്പിക്കുക. നിങ്ങൾക്ക് വേണ്ടി എല്ലാ ദിവസവും രാവിലെ പരിശുദ്ധ ഖുർആനിന്റെ സന്ദേശം 15 മിനിറ്റ് പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. എല്ലാവരും അത് കേൾക്കണമെന്നും ഓരോ ആഴ്ചയിലും ഖുർആനിന്റെയും ഹദീസിന്റെയും പ്രധാനപ്പെട്ട സന്ദേശങ്ങൾ വാട്സാപ്പ് വഴി പ്രസിദ്ധീകരിക്കുന്നുണ്ട് അത് പ്രയോജനപ്പെടുത്തണമെന്നും താൽപ്പര്യപ്പെടുന്നു. ഓരോ വീടുകളിലും പ്രയോജനപ്രദമായ രചനകളുടെ ചെറിയ ലൈബ്രറി സജ്ജീകരിക്കുക, ഉത്തമ രചനകൾ പാരായണം ചെയ്യുക, മറ്റുള്ളവർക്കും നൽകുക.

     അവസാനമായി പറയട്ടെ, പടച്ചവൻ്റെ ധ്യാനം ഏറ്റവും വലുതാണ്. ദിക്റുകളും ദുആകളും സ്വലാത്തുകളും ഇസ്തിഗ്ഫാറുകളും അധികരിപ്പിക്കുക. അല്ലാഹുവിന്റെ ധ്യാനത്തിലായി ജീവിക്കാനും അതിലായി മരിക്കാനും അല്ലാഹു ഉതവി നൽകട്ടെ.

الله أكبر الله أكبر الله أكبر، لا إله إلا الله والله أكبر، الله أكبر ولله الحمد


🔗 for join DARSUL QURAN Watsapp group:

🔹🔹🔹🔹🔹🔹





 കവർസ്റ്റോറി 

ചെറിയ നോമ്പിൽ നിന്നും വലിയ നോമ്പിലേക്ക് പ്രവേശിക്കുക
✍ശൈഖ് സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി

     സർവ്വലോക പരിപാലകനായ അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താൽ ഐശ്വര്യപൂർണ്ണമായ ഒരു റമളാൻ കൂടി അനുഭവിക്കാൻ സൗഭാഗ്യമുണ്ടായി. റമളാൻ മാസം നോമ്പ്, തറാവീഹ്, ദിക്ർ - ദുആകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുടെ വസന്ത കാലമാണെന്നത് ശരി തന്നെയാണ്. എന്നാൽ ഈ നന്മകൾ പഠിക്കാനും പരിശീലിക്കാനുള്ള കാലം കൂടിയാണ്. അതെ, റമളാൻ അവസാനിച്ചു. പക്ഷേ റമളാനിലെ നന്മകൾ അവസാനിക്കാൻ പാടില്ല. മറ്റൊരു വാക്കിൽ പറഞ്ഞാൽ നോമ്പ് രണ്ട് വിഭാഗമാണ്: ചെറിയ നോമ്പും വലിയ നോമ്പും. റമളാൻ മാസം ചെറിയ നോമ്പും, ശവ്വാൽ മുതലുള്ള പതിനൊന്ന് മാസങ്ങൾ വലിയ നോമ്പുമാണ്. ചെറിയ നോമ്പ് എന്നത് കൊണ്ട് റമളാനുൽ മുബാറക്കിനെ നിസ്സാരമാക്കിയതല്ല. റമളാനിൽ പടച്ചവന്റെ പ്രത്യേകമായ അനുഗ്രഹ ഐശ്വര്യങ്ങൾ വർഷിക്കുന്നതിനാൽ നോമ്പും നമസ്കാരവും ദിക്റുകളും സേവനങ്ങളും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. എന്നാൽ റമളാൻ കഴിയുമ്പോൾ ഉത്തമ കാലഘട്ടത്തിന്റെ ഈ സഹവാസം നഷ്ടപ്പെടുന്നതിനാൽ നന്മകളിൽ ഉറച്ച് നിൽക്കാനും മുന്നേറാനും അൽപ്പം പ്രയാസം നേരിടേണ്ടി വരുന്നതാണ്. എന്നാൽ റമളാനിന്റെ പാഠങ്ങൾ ശരിയായ നിലയിൽ ഉൾക്കൊണ്ട് കൊണ്ട് നീങ്ങുന്നവർക്ക് ഈ വലിയ നോമ്പും വളരെ എളുപ്പമായി തീരുന്നതാണ്.

     കൂടാതെ അല്ലാഹു ചെറിയ നോമ്പിനെ കടുപ്പമുള്ളതാക്കുകയും വലിയ നോമ്പിനെ എളുപ്പമുള്ളതാക്കുകയും ചെയ്തിരിക്കുന്നു. വലിയ നോമ്പിൽ അനുവദനീയമായ ആഹാര പാനീയങ്ങളും, ഭാര്യ ഭർതൃ സംസർഗങ്ങളും ചെറിയ നോമ്പിൽ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. വലിയ നോമ്പിൽ ഇവ അനുവദനീയവും ചില വേള പുണ്യവുമാണ്. വലിയ നോമ്പിൽ മൂന്ന് കാര്യങ്ങൾ മാത്രമാണ് പാലിക്കേണ്ടത്. 1, ഫർള് (നിർബന്ധം) ആയ കാര്യങ്ങളെ ശക്തിയുക്തം മുറുകെ പിടിക്കുക. ഏത് സാഹചര്യത്തിലും ഈമാനിൽ ഉറച്ച് നിൽക്കുക. അഞ്ച് നേര നമസ്കാരങ്ങൾ തുടങ്ങി എല്ലാ ഇബാദത്തുകളിലും വലിയ ശ്രദ്ധ പുലർത്തുക. പുരുഷന്മാർ മസ്ജിദുകളിൽ വന്ന് ജമാഅത്തായി നമസ്കരിക്കുക. ബാങ്ക് കൊടുക്കപ്പെട്ട് കഴിഞ്ഞാൽ സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ജോലി നിസ്കാരത്തിന് വേണ്ടി ഒരുങ്ങി നിസ്കാരത്തിലേക്ക് തിരിയലാണ്. ഇപ്രകാരം സൽസ്വഭാവവും ഉത്തമബന്ധങ്ങളും. സമ്പത്ത് അനുവദനീയ മാർഗത്തിൽ തേടുകയും ചിലവഴിക്കുകയും ചെയ്യുക. 2, വലുതും ചെറുതുമായ സർവ്വ പാപങ്ങളും വർജിക്കുക. പടച്ചവനോട് ആരെയും പങ്ക് ചേർക്കരുത്. റസൂലുല്ലാഹി ﷺ യുടെ സ്ഥാനം അൽപ്പവും കുറച്ച് കാണരുത്. മാതാപിതാക്കളെയും മുതിർന്നവരെയും അനാദരിക്കരുത്. ആരോടും അക്രമം കാട്ടരുത്. താടി വടിക്കുക, നഗ്നത പ്രദർശിപ്പിക്കുകയും കാണുകയും ചെയ്യുക മുതലായ പാപങ്ങൾ ഉപേക്ഷിക്കുക. 3, ആദരവായ റസൂലുല്ലാഹി ﷺ യുടെ തിരുസുന്നത്തുകളെ ആദരിക്കുകയും കഴിയുന്നത്ര അനുകരിക്കുകയും ചെയ്യുക. ഒരു സുന്നത്തിനെയും നിസ്സാരമായി കാണാതെ കഴിയുന്നത്ര സുന്നത്തുകൾ പാലിക്കുക. മൗലാനാ അബ്റാറുൽ ഹഖ് സാഹിബ് പറയുന്നു: എല്ലാ സുന്നത്തുകളും പാലിക്കേണ്ടതാണെങ്കിലും മൂന്ന് സുനത്തുകൾ വളരെ എളുപ്പമുള്ളതായതിനോട് കൂടി മറ്റ് സുന്നത്തുകൾ പാലിക്കുന്നതിന് കാരണവുമാണ്. 1. അല്ലാഹുവിന്റെ ദിക്ർ വർദ്ധിപ്പിക്കുക. 2. ഉയർന്ന കാര്യങ്ങളിൽ വലതിനെയും താഴ്ന്ന കാര്യങ്ങളിൽ ഇടതിനെയും മുന്തിക്കുക. 3. സലാം അധികരിപ്പിക്കുക.

     ചുരുക്കത്തിൽ ചെറിയ നോമ്പിനെക്കാളും വലിയ നോമ്പ് വളരെ ലളിതമാണ്. എന്നാൽ റമളാനുൽ മുബാറക് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത കാര്യങ്ങൾ തന്നെയാണ് ഇവ പ്രാവർത്തികമാക്കാനുള്ള ലളിതവും ശക്തവുമായ മാർഗ്ഗം. അതായത് നോമ്പ് നഷ്ടപ്പെട്ടവർ ഖളാ വീട്ടുക. കഴിയുന്നത്ര സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുക. പരിശുദ്ധ ഖുർആൻ പാരായണവും പഠനവും പ്രചാരണവും പ്രധാന പ്രവർത്തനമാക്കുക. ദിക്ർ - ദുആകൾ അധികരിപ്പിക്കുക. അനാവശ്യ കാര്യങ്ങൾ വർജ്ജിക്കുക. മസ്ജിദുകളിലും നമസ്കാര സ്ഥലങ്ങളിലും അധികമായി കഴിച്ചു കൂട്ടുക. ഇക്കാര്യങ്ങൾ ചെയ്താൽ നാം വലിയ നോമ്പും അനുഷ്ഠിച്ചവരാകും. തൽഫലമായി രണ്ടിൽ ഒരു കാര്യം സംഭവിക്കും. ഒന്നുങ്കിൽ -അല്ലാഹു നമുക്ക് സൗഖ്യവും ദീർഘായുസ്സും നൽകട്ടെ- ഈ റമളാനിനേക്കാൾ കൂടുതൽ നല്ല അവസ്ഥയിൽ അടുത്ത റമളാനിൽ നാം എത്തിച്ചേരുന്നതാണ്. പാപങ്ങളിലൂടെ ഉണ്ടാകുന്ന ഭൗതിക നാശനഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടുന്നതും നന്മകൾ കാരണമായി ഇഹലോകത്ത് തന്നെ ധാരാളം ഗുണങ്ങൾ ലഭ്യമാകുന്നതുമാണ്. പ്രസ്തുത ഗുണങ്ങൾ ധാരാളമുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട 25 ഗുണങ്ങൾ ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി ഇപ്രകാരം വിവരിക്കുന്നു : നന്മകൾ കാരണമായി ഇഹലോകത്തുണ്ടാകുന്ന ചില ഗുണങ്ങൾ

1. ജീവിത വിഭവങ്ങളിൽ വർദ്ധനവുണ്ടാകും. 2. പലതരം ഐശ്വര്യങ്ങൾ ഉണ്ടാകും. 3. പ്രയാസ പ്രശ്നങ്ങൾ ദൂരീകരിക്കപ്പെ ടും. 4. ഉദ്ദേശങ്ങൾ എളുപ്പത്തിൽ സഫലമാകും. 5. ജീവിതത്തിൽ രസാനുഭൂതി ലഭിയ്ക്കും. 6. മഴ വർഷിക്കും. 7. നാശങ്ങൾ അകലും 8. അല്ലാഹുവിന്റെ സഹായമുണ്ടാകും. 9. മലക്കുകൾ മനസ്സിന് ശക്തിപകരും. 10. യഥാർത്ഥ അന്തസ്സ് ലഭിക്കും. 11. സ്ഥാനം ഉയരും. 12. ജനമനസ്സുകളിൽ സ്നേഹം ഉണ്ടാകും. 13. ഖുർആൻ അനുകൂലമായി സാക്ഷി നിൽക്കും. 14. നഷ്ടങ്ങൾക്ക് നല്ല പകരം ലഭിക്കും. 15. പ്രതിദിനം അനുഗ്രഹങ്ങൾ വർദ്ധിക്കും. 16. സമ്പത്ത് അധികരിക്കും. 17. മനസ്സമാധാനം ലഭിക്കും. 18. അടുത്ത തലമുറയ്ക്കും പ്രയോജനം ലഭിക്കും. 19. ജീവിതത്തിൽ അദൃശ്യമായ സന്തോഷ വാർത്തകൾ ലഭിക്കും. 20. മരണശേഷം മലക്കുകൾ സുവാർത്ത കേൾപ്പിക്കും. 21. ആവശ്യഘട്ടങ്ങളിൽ സഹായം ലഭിക്കും. 22. ആശക്കുഴപ്പങ്ങൾ മാറും. 23. അധികാരം നിലനിൽക്കും. 24. അല്ലാഹുവിന്റെ കോപത്തിൽ നിന്നും രക്ഷപെടും. 25. ആയുസ്സിന് വർദ്ധനവ് ഉണ്ടാകും. (ദീനീ പാഠങ്ങൾ, സയ്യിദ് ഹസനി അക്കാദമി)

     ഇനി അല്ലാഹു അടുത്ത റമളാനിന് മുമ്പ് നമ്മെ പരലോകത്തേക്ക് വിളിക്കുകയാണെങ്കിൽ അനുഗ്രഹീത നോമ്പിന്റെ തണലിലായി നാം യാത്രയാകുന്നതാണ്.

"ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും ശേഷം അതിൽ അടിയുറച്ച് നിൽക്കുകയും ചെയ്തവരുടെമേൽ മലക്കുകൾ ഇറങ്ങി ഇപ്രകാരം പറയുന്നതാണ്. നിങ്ങൾ ഭയക്കുകയോ വ്യസനിക്കുകയോ വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ട സ്വർഗ്ഗം കൊണ്ട് നിങ്ങൾ സന്തോഷിച്ചുകൊള്ളുക.(30) ഇഹത്തിലും പരത്തിലും നിങ്ങളുടെ കൂട്ടുകാർ ഞങ്ങളാണ്. നിങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും എല്ലാം നിങ്ങൾക്കവിടെ ലഭിക്കുന്നതാണ്.(31) വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ സൽകാരമാണത്.(32)" ( ഹാമീം സജദ)

     ഖബറിൽ ഈമാനിൽ ഉറച്ച് നിൽക്കാൻ സാധിക്കുന്നതാണ്.

"ഒരു ഉറച്ച വചനംകൊണ്ട് ഇഹത്തിലും പരത്തിലും അല്ലാഹു വിശ്വാസികളെ ഉറപ്പിക്കുന്നതാണ്. അക്രമികളെ അല്ലാഹു വഴി കെടുത്തുന്നതാണ്. അല്ലാഹു ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു.(27)" (സൂറത്തു ഇബ്റാഹീം)

     തുടർന്ന് സൂർ എന്ന കാഹളത്തിൽ ഊതപ്പെടുകയും സത്യവിശ്വാസികൾ പടച്ചവനിലേക്ക് യാത്രയാകുന്നതുമാണ്. വഴിയിൽ ഹൗളുൽ കൗസറിൽ നിന്നും പാനം ചെയ്യുന്നതും അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ തണലിലെത്തി ആഹാരം കഴിക്കുന്നതും അവസാനം സമുന്നത സ്വർഗ്ഗത്തിൽ ആദരവായ റസൂലുല്ലാഹി ﷺ യുടെ സാമീപ്യവും പടച്ചവന്റെ തിരു ദർശനവും ലഭിക്കുന്നതാണ്. അതെ, ചെറിയ നോമ്പും വലിയ നോമ്പും അനുഷ്ഠിക്കുന്ന ദാസൻ ഈമാനോടു കൂടിയുള്ള മരണത്തിലൂടെ യഥാർഥ നോമ്പിലേക്ക് കടക്കുന്നതാണ്. അതെ വിശപ്പും ദാഹവും ക്ഷീണവും നിരോധനങ്ങളും നിയന്ത്രണങ്ങളും ഒന്നുമില്ലാത്ത സുന്ദരവും ശാശ്വതവുമായ അനുഗ്രഹീത നോമ്പും മനോഹര തറാവീഹും നമ്മുടെ മുമ്പിൽ വരാനിരിക്കുന്നു. യഥാർഥത്തിൽ അതിന് വേണ്ടിയുള്ള ഒരുക്കമാണ് ചെറുതും വലുതുമായ ഇഹലോകത്തെ നോമ്പുകൾ. ഇതിലേക്ക് കൂടി സൂചിപ്പിച്ചു കൊണ്ടാണ് റസൂലുല്ലാഹി ﷺ അരുളിയത് നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. 1. ഒരു ദിവസത്തെ നോമ്പ് തുറക്കുമ്പോൾ, ഒരു മാസത്തെ നോമ്പിന് ശേഷം പെരുന്നാൾ ആഘോഷിക്കുമ്പോൾ. 2. നാളെ പരലോകത്ത് പടച്ചവനെ കണ്ടുമുട്ടുമ്പോൾ (ബുഖാരി, മുസ്‌ലിം) അതെ, ഒരു ദിവസത്തെ വൃതാനുഷ്ഠാനത്തിന് ശേഷം കാരക്കയും വെള്ളവും കുടിച്ച് നോമ്പു തുറക്കുമ്പോഴും ഒരു മാസത്തെ നോമ്പിന് ചെറിയ പെരുന്നാളിലേക്ക് കടക്കുമ്പോഴും മാനസികമായി അതിയായ സന്തോഷവും ശാരീരികമായി വലിയ ഉന്മേഷവും അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ചും അൽപ്പം വിശപ്പും ദാഹവുമുള്ള നോമ്പിന് ശേഷമുള്ള നോമ്പുതുറ ജീവിത കാലം മുഴുവൻ ഓർമ്മയുടെ ആനന്ദമായി നിലകൊള്ളുന്നതാണ്. പട്ടിണിക്കിടയിലുള്ള പെരുന്നാളുകളും മനസ്സിൽ നിന്നും മായുന്നതല്ല. ഇപ്രകാരം ജീവിതം മുഴുവൻ നോമ്പിന്റെ തണലിലായി ജീവിക്കുന്ന ദാസൻ നാളെ പടച്ചവനെ കണ്ടുമുട്ടുമ്പോൾ അതിയായ ആനന്ദത്തിലും സന്തോഷ സമാധാനങ്ങളിലും ആറാടുന്നതാണ്. അല്ലാഹു പറഞ്ഞത് സത്യം തന്നെ : മലക്ക് അതിന്റെ ഓരങ്ങളിൽ ഉണ്ടായിരിക്കും. താങ്കളുടെ രക്ഷിതാവിന്റെ അർശ് അന്നേദിവസം അവർക്ക് മുകളിൽ എട്ട് മലക്കുകൾ വഹിക്കുന്നതാണ്.(17) അന്നേ ദിവസം നിങ്ങളെ കൊണ്ടുവരപ്പെടും. നിങ്ങളിൽ നിന്നും ഒന്നും മറയുന്നതല്ല.(18) അപ്പോൾ വലതുകൈയ്യിൽ കർമ്മപുസ്തകം നൽകപ്പെട്ടവർ പറയും: നിങ്ങൾ എല്ലാവരും വരൂ, എന്റെ പുസ്തകം വായിക്കൂ.(19) എന്റെ വിചാരണ കാണാനുള്ളതാണെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.(20) അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(21) ഉന്നത സ്വർഗ്ഗത്തിൽ.(22) അതിന്റെ പഴങ്ങൾ ചാഞ്ഞുകിടക്കുന്നതാണ്.(23) കഴിഞ്ഞ നാളുകളിൽ നിങ്ങൾ ചെയ്ത കർമ്മങ്ങളുടെ ഫലമായി സസന്തോഷം ആഹാരപാനീയങ്ങൾ നിങ്ങൾ ഉപയോഗിച്ചുകൊള്ളുക.(24) (സൂറത്തുൽ ഹാഖ്ഖ ) തീർച്ചയായും ഭയഭക്തർ ആരാമങ്ങളിലും അരുവികളിലുമായിരിക്കും.(54) സർവ്വശക്തനായ രാജാവിന്റെ സമീപത്തുള്ള സമുന്നത സ്ഥാനത്ത്.(55) (സൂറത്തുൽ ഖമർ)

     അവസാനമായി റസൂലുല്ലാഹിﷺയുടെ ഏതാനും ദുആകൾ ഉദ്ധരിച്ച് ഈ രചനക്ക് സമാപനം കുറിക്കുന്നു:

അല്ലാഹുവേ, നീ അദൃശ്യമായതെല്ലാം അറിയുന്നു. സർവ്വകാര്യങ്ങളുടെ മേലും നിനക്ക് കഴിവുമുണ്ട്. ഇതിനെ മുൻനിർത്തി ഞാൻ നിന്നോടിരക്കുന്നു; ഞാൻ ജീവിച്ചിരിക്കുന്നത് നന്മയായിരിക്കുന്ന കാലമെല്ലാം എന്നെ ജീവിപ്പിക്കേണമേ. ഞാൻ മരിക്കുന്നത് ഉത്തമമായ സമയത്ത് എന്നെ മരിപ്പിക്കേണമേ. രഹസ്യത്തിലും പരസ്യത്തിലും നിന്നെ ഭയപ്പെടുക, തൃപ്തിയിലും കോപത്തിലും നീതിയുടെ വാക്കുകൾ പറയുക, വിശാലതയിലും ഞെരുക്കത്തിലും മധ്യ നില മുറുകെപ്പിടിക്കുക എന്നീ ഗുണങ്ങൾ ഉൾകൊളളാനുളള സൗഭാഗ്യം ഞാൻ നിന്നോടിരക്കുന്നു. അവസാനിക്കാത്ത സുഖം, നിലക്കാത്ത കൺകുളിർമ, നിന്റെ തിരുമുഖം ദർശിക്കുക, അതിനുള്ള ആഗ്രഹം എന്നിവ ഞാൻ നിന്നോടിരക്കുന്നു. എന്നെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും വഴികെടുത്തുന്ന നാശത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. അല്ലാഹുവേ, ഈമാൻ കൊണ്ട് ഞങ്ങളെ നീ അലങ്കരിക്കേണമേ.! ഞങ്ങളെ സന്മാർഗ്ഗികളും സന്മാർഗ്ഗദർശകരും ആക്കേണമേ.!

▪️▪️▪️▪️▪️▪️▪️




🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം - അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌