ദുൽഖഅ്ദ് 06/1447
ഏപ്രിൽ 24/2026
ലക്കം: 257
ഉള്ളടക്കം
▪️മുഖലിഖിതം
ഇന്ത്യയുടെ ആവശ്യം
✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി
▪️ജുമുഅ സന്ദേശം
സന്തോഷ സന്താപങ്ങളിൽ വിശ്വാസിയുടെ നിലപാട്
✍️ സോഷ്യൽ മീഡിയ ഡെസ്‌ക്
▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ ഹിലാൽ ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
ഏറ്റവും ദൃഢമായ ബന്ധം
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
▪️ഇലാ റഹ്‌മത്തില്ലാഹ്...
മർഹൂം സിറാജുദ്ദീൻ കൗസരി
✍️ ചുനക്കര ആഷിഖ് ഹുസ്നി
▪️ഗ്രന്ഥ പരിചയം
ഹാജിമാർക്കുള്ള ഉപഹാരം
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
ഇന്ത്യയുടെ ആവശ്യം
"എല്ലാ വ്യക്തികളെയും വിലക്കുവാങ്ങുവാൻ പറ്റും എന്നതാണ് ഈ കാലഘട്ടത്തിലെ ഒരു വലിയ നാശം. ഇത്ര വിലയ്ക്ക് അല്ലെങ്കിൽ അത്ര വിലയ്ക്ക് അയാളെ വാങ്ങാം എന്ന കമ്പോള നില എവിടെയും വ്യാപകമായിരിക്കുന്നു. എന്നാൽ, ഒരു വിലയിലും വീഴ്ത്താൻ പറ്റാത്ത ദൈവദാസൻമാർ എക്കാലത്തും ഉണ്ടായിരുന്നു. ഇനിയും അവർ ഉണ്ടായിരിക്കണം. ഏതെല്ലാം വലവീശിയാലും അവർ കുടുങ്ങുകയില്ല. വലിയ വലിയ സ്ഥാനമാനങ്ങൾ മുന്നിൽ കണ്ടാലും അവർ കുലുങ്ങുകയില്ല. ഇവർ മാനവികതയുടെ അഭിമാനമാണ്. ഇന്നത്തെ നമ്മുടെ രാജ്യത്തിനും ചക്ര ശ്വാസം വലിക്കുന്ന സമൂഹത്തിനും മഹാപണ്ഡിതരേയും ബുദ്ധിജീവികളേയുംകാൾ കൂടുതൽ ആവശ്യം, ഇത്തരം ധീരതയുളള ത്യാഗികളെയാണ്. അലിഗർ മുസ്ലീം യുണിവേഴ്സിറ്റിയിൽ നിന്നും ഇത്തരം ആളുകൾ ഉദയം ചെയ്യുമെന്നാണ് പ്രതീക്ഷ. കാരണം, ഒരു കാലത്ത് മുഹമ്മദ് അലി ജൗഹറിനെപ്പോലുളള സന്താനങ്ങളെ നാടിന് നൽകിയ സ്ഥാപനമാണിത്. ഈ രാജ്യത്ത് പൊതുജനങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമാണ്. ഗാന്ധിജിയെ മൈതാനത്തിൽ കൊണ്ടുവന്നതും അദ്ദേഹം തന്നെ. മൗലാന മുഹമ്മദ് അലി, ഈ രാജ്യത്ത് സ്വാതന്ത്ര്യ സ്നേഹത്തിന്റെയും സാമൂഹ്യ-മത രോഷത്തിന്റെയും തീപ്പൊരികൾ ഉയർത്തി. ഖിലാഫത്ത് പ്രസ്ഥാനത്തിലും സ്വാതന്ത്രസമരത്തിലും അതുല്യമായ പങ്കുവഹിച്ചു. ഇന്ന്, അദ്ദേഹത്തെപോലുളളവരെ വീണ്ടും ഇന്ത്യ തേടുകയാണ് . ഇന്ത്യയുടെ ഒരു പ്രതിനിധി എന്നോണം പറയട്ടെ, ഈ നാടിന് കുറച്ച് പട്ടാളക്കാരെ ആവശ്യമുണ്ട്. സ്വതന്ത്ര്യസമര ആവേശം ആളിക്കത്തിക്കാൻ പട്ടാളക്കാരെ വേണ്ടി വന്നപ്പോൾ അലി സഹോദരൻമാർ രംഗത്തിറങ്ങി. എന്നാൽ, ഇന്നത്തെ പട്ടാളക്കാരുടെ ജോലി അതല്ല. രാജ്യത്തെ സ്വയം തകർച്ചയിൽ നിന്നും രക്ഷിക്കലും മാനവികതയുടെ മാതൃജീവിതം നയിക്കുകയും ചെയ്യുന്ന പട്ടാളക്കാരെയാണ് ഇന്നത്തെ ആവശ്യം."
✍️മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി
(മുൻ ചെയർമാൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
സന്തോഷ സന്താപങ്ങളിൽ വിശ്വാസിയുടെ നിലപാട്
✍️ സോഷ്യൽ മീഡിയ ഡെസ്‌ക്
ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
الْحَمْدُ لِلَّهِ نحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ، وَنَعُوذُ بِاللهِ مِنْ شُرُورِ أَنْفُسِنَا مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ وَمَنْ يُضْلِلْ فَلَا هَادِيَ لَهُ، وَأَشْهَدُ أَنْ لَّا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كَثِيرًا . اما بعد!
قَالَ اللهُ تَعَالَى: " لِكَيْلَا تَأْسَوْا عَلَى مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ " (الحديد: ٢٣)
وَقَالَ رَسُولُ اللهِ ﷺ: "عَجَبًا لِأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ " (رواه مسلم )
സർവ്വശക്തനായ അല്ലാഹു ഈ പ്രപഞ്ചത്തെ ചില ലക്ഷ്യങ്ങളോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യൻ ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തിന്നാനും കുടിക്കാനും, ഉറങ്ങാനും ഉണരാനും, ഭൗതിക വിഭവങ്ങൾ ശേഖരിക്കാനും വേണ്ടിയല്ല. മറിച്ച് അല്ലാഹു നമ്മെ ഒരു പരീക്ഷണത്തിനായിട്ടാണ് ഇവിടെ അയച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: "നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവൃത്തി ചെയ്യുന്നതെന്ന് നിങ്ങളെ പരീക്ഷിക്കാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാണവൻ."
പരീക്ഷണം എന്നാൽ ദുഃഖം, വേദന അല്ലെങ്കിൽ കഷ്ടപ്പാട് എന്നിവ മാത്രമല്ല എന്ന കാര്യം നാം നന്നായി മനസ്സിലാക്കണം. ഇസ്‌ലാമിക വീക്ഷണത്തിൽ, സന്തോഷവും ഒരു പരീക്ഷണമാണ്, ദുഃഖവും ഒരു പരീക്ഷണമാണ്. അല്ലാഹു നമുക്ക് ആരോഗ്യവും സമ്പത്തും സന്താനങ്ങളും വിജയങ്ങളും നൽകുന്നത്, എന്റെ ദാസൻ എന്നോട് നന്ദി കാണിക്കുമോ അതോ ഈ അനുഗ്രഹങ്ങൾ ലഭിച്ചതിനുശേഷം അവൻ അഹങ്കാരിയും നിഷേധിയുമായി മാറുമോ എന്ന് നോക്കുന്നതിനു വേണ്ടിയാണ്. മറുഭാഗത്ത് എന്തെങ്കിലും ചെറിയ വേദനകളും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അല്ലാഹു നൽകുന്നത്, എന്റെ ദാസൻ എന്നോട് പരാതിപ്പെടുന്നുണ്ടോ അതോ ക്ഷമ അവലംബിച്ച് എന്റെ തീരുമാനത്തിൽ സംതൃപ്തി പുലർത്തുകയാണോ എന്ന് നോക്കുന്നതിനു വേണ്ടിയാണ്. വിശുദ്ധ ഖുർആൻ ഈ വസ്തുത വളരെ വ്യക്തമായി വിശദീകരിക്കുന്നു: ഭയം, വിശപ്പ്, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമാശീലർക്ക് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. (ബഖറ 155)
ഈ ആയത്തിൽ ഒന്ന് വിചിന്തനം നടത്തുക! ജീവിതം ചിലപ്പോൾ ഭയത്തിന്റെ നിഴലിലായി മാറുമെന്നും, ചിലപ്പോൾ വിശപ്പും ദാരിദ്ര്യവും നേരിടേണ്ടിവരുമെന്നും, ചിലപ്പോൾ ബിസിനസ്സിലും സമ്പത്തിലും നഷ്ടമുണ്ടാകുമെന്നും, ചിലപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം നിങ്ങളുടെ ഹൃദയങ്ങൾക്ക് മുറിവേൽപ്പിക്കുമെന്നും അല്ലാഹു പറയുന്നു. ഇതെല്ലാം ഒരു വ്യക്തിയുടെ തനി സ്വഭാവം തുറന്നുകാട്ടുന്ന ജീവിത ഘട്ടങ്ങളാണ്. സന്തോഷ ഘട്ടങ്ങളിൽ മാത്രം പടച്ചവനെ ഓർക്കുന്നവനല്ല യഥാർത്ഥ വിശ്വാസി, മറിച്ച് ദുഃഖത്തിന്റെയും പ്രയാസത്തിന്റെയും ഘട്ടങ്ങളിലും തന്റെ നാഥനിൽ അഭയം പ്രാപിക്കുന്നവനാണ് വിശ്വാസി.
ലൗകിക പരീക്ഷകളിൽ ഒരാൾ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. എന്നാൽ ഇസ്‌ലാം നമുക്ക് നൽകിയിരിക്കുന്നത് ഒരു ജീവിതപദ്ധതിയാണ്. അത് പാലിക്കുന്ന ഒരു യഥാർത്ഥ വിശ്വാസി ഒരിക്കലും പരാജയപ്പെടുകയില്ല. വിശ്വാസിക്ക് ലഭിക്കുന്ന ഈ അനുഗ്രഹത്തെ സംബന്ധിച്ച് റസൂലുല്ലാഹി (സ) അരുളി: “ഒരു സത്യവിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരം! തീർച്ചയായും അവന്റെ എല്ലാ കാര്യങ്ങളും അവന് നന്മയാണ്.” അതായത്, അവന് ഒരു അനുഗ്രഹം ലഭിക്കുകയും അവൻ അതിന് നന്ദി കാണിക്കുകയും ചെയ്താൽ അത് അവന് ഗുണകരമാകും, അവന്റെ പദവികൾ ഉയർത്തപ്പെടും. അവന് ഒരു പ്രയാസം നേരിടുകയും അവൻ അതിൽ ക്ഷമ കാണിക്കുകയും ചെയ്താൽ അതും അവന് ഗുണകരമാകും, കാരണം അത് നിമിത്തം അവന്റെ പാപങ്ങൾ പൊറുക്കപ്പെടുകയും അവൻ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നു.
സന്തോഷ വേളകളിലെ ഇസ്‌ലാമിക മര്യാദകൾ
നേരത്തെ സൂചിപ്പിച്ചതുപോലെ, സന്തോഷം അല്ലാഹുവിൽ നിന്നുള്ള ഒരു അനുഗ്രഹവും അവന്റെ പരീക്ഷണവുമാണ്. അല്ലാഹു സന്തോഷം നൽകുമ്പോൾ, ഒരു യഥാർത്ഥ വിശ്വാസി സ്വീകരിക്കേണ്ട ശൈലി സമൂഹത്തിലെ സാധാരണക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കണം. സന്തോഷം ആഘോഷിക്കുന്നതിൽ നിന്ന് ഇസ്‌ലാം നമ്മെ വിലക്കുന്നില്ല. മറിച്ച്, സന്തോഷത്തെ എങ്ങനെ അർത്ഥവത്താക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു. സന്താനങ്ങൾ, വീട്, മറ്റെന്തെങ്കിലും വിജയങ്ങൾ ഇങ്ങനെ ഏതൊരു സന്തോഷവും വരുമ്പോൾ, ഒരു വിശ്വാസിയുടെ നാവിലെ ആദ്യ വാക്ക് അൽഹംദുലില്ലാഹ് എന്നായിരിക്കണം. ഇത് ഒരു അംഗീകാരമാണ്: "അല്ലാഹുവേ! ഇത് എന്റെ കഴിവല്ല, മറിച്ച് നിന്റെ ഔദാര്യമാണ്." ഖുർആൻ പറയുന്നു: അതുകൊണ്ട് എന്നെ നിങ്ങൾ ഓർക്കുക, ഞാൻ നിങ്ങളെ ഓർക്കും, എന്നോട് നന്ദിയുള്ളവരായിരിക്കുക, നന്ദികേട് കാണിക്കരുത്. (ബഖറ) നന്ദി കാണിക്കുന്നതിലൂടെ അനുഗ്രഹങ്ങൾ ശാശ്വതമാകും, നന്ദികേട് കാണിച്ചാൽ അനുഗ്രഹങ്ങൾ നഷ്ടപ്പെടും.
ഇന്ന് നമ്മുടെ സമൂഹത്തിൽ വിവാഹങ്ങൾ സന്തോഷത്തേക്കാൾ കൂടുതൽ പ്രകടനത്തിന്റെയും ആർഭാടത്തിന്റെയും ഉറവിടമായി മാറിയിരിക്കുന്നു. ഓർമ്മിക്കുക! ഒരു വിവാഹത്തിൽ ലാളിത്യം എത്രത്തോളം ഉണ്ടോ അത്രത്തോളം അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾ ഉണ്ടാകും. ധൂർത്തടിക്കുന്നവരെ ഖുർആൻ പിശാചിൻ്റെ സഹോദരന്മാരായി പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനും, ആഡംബര ലൈറ്റുകൾക്കും, അനാവശ്യ ഭക്ഷണത്തിനും വേണ്ടി ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നത് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ അവമതിക്കലാണ്. നൃത്തം, മഹ്‌റമുകൾ അല്ലാത്ത സ്ത്രീ പുരുഷന്മാരുടെ കൂടിക്കലരൽ, ആഡംബര ചടങ്ങുകൾ എന്നിവ നമ്മുടെ സന്തോഷത്തിൽ നിന്ന് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഇല്ലാതാക്കുന്നു. അല്ലാഹു കോപിക്കാത്തതിലാണ് ഒരു മുഅ്മിനിന്റെ സന്തോഷം.
അതുപോലെ, ഒരാൾ ഒരു രാഷ്ട്രീയ വിജയം നേടുമ്പോഴോ ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോഴോ അതിനെ വെറും ആഘോഷമായോ ലൗകിക നേട്ടത്തിന്റെ ഉറവിടമായോ കണക്കാക്കരുത്. കാരണം അത് അവന്റെ ചുമലിലുള്ള ഭാരിച്ച ബാധ്യതയും അല്ലാഹു നൽകിയ വലിയ ഉത്തരവാദിത്വവുമാണ്. ഈ വിജയം അഭിമാനിക്കാനോ സന്തോഷിക്കാനോ ഉള്ള ഒരു അവസരമല്ല, മറിച്ച് അത് ഒരു പരീക്ഷണമാണ്. വിചാരണയുടെ നാളിൽ എല്ലാ അടിച്ചമർത്തപ്പെട്ട വ്യക്തിയുടെയും, വിധവയുടെയും, അനാഥന്റെയും, ദരിദ്രന്റെയും അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടും. ഈ സ്ഥാനം നേടിയതിനുശേഷം അഹങ്കാരത്തിന്റെയും വിവരക്കേടിന്റെയും ഫലമായി ഉണ്ടാകുന്ന തെറ്റായ മനോഭാവത്തിൽ നിന്ന് അകന്നു നിൽക്കുക എന്നതാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ കടമ; വിജയത്തിനുശേഷം സാധാരണക്കാർക്ക് അസൗകര്യവും, ഗതാഗതം തടസ്സവും, രോഗികൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ശബ്ദവും ശല്യവും ഉണ്ടാക്കുന്നതും, എതിരാളികളെ അപമാനിക്കുന്നതും പരിഹസിക്കുന്നതുമായ ഘോഷയാത്രകൾ നടത്തുന്നതും ഒരു തരത്തിലും ഒരു ഇസ്‌ലാമിക നടപടിക്രമമല്ല. മക്ക കീഴടക്കലിന്റെ മഹത്തായ ദിവസം നാം ഓർക്കണം. അന്ന് ലോക ജേതാവായ തിരുമേനി (സ) മക്കാ നഗരത്തിൽ പ്രവേശിച്ചപ്പോൾ അല്ലാഹുവിന്റെ മുമ്പാകെ താഴ്മയും എളിമയും കൊണ്ട് തങ്ങളുടെ തല കുനിഞ്ഞിരുന്നു. അധികാരം ലഭിക്കുമ്പോൾ ഒരു വിശ്വാസി അഭിമാനത്തോടെ തല ഉയർത്തുകയല്ല വേണ്ടത്, മറിച്ച് എളിമയോടെയും നന്ദിയോടെയും തലകുനിക്കണം എന്ന സന്ദേശമാണ് ഇത് ലോകത്തിന് നൽകുന്നത്.
വിജയത്തിനു ശേഷമുള്ള രണ്ടാമത്തെ പ്രധാന ഘട്ടം എതിരാളികളോടുള്ള മനോഭാവമാണ്, അവിടെ ഇസ്‌ലാം പ്രതികാരത്തിന് പകരം ക്ഷമയുടെയും ഉയർന്ന ധാർമ്മികതയുടെയും പാത നമുക്ക് കാണിച്ചുതരുന്നു. ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അധികാരമേൽക്കുമ്പോൾ, അയാൾ ഇനി തന്റെ വോട്ടർമാരുടെയോ പാർട്ടിക്കാരുടെയോ മാത്രം പ്രതിനിധിയല്ല, മറിച്ച് മുഴുവൻ ജനങ്ങളുടെയും സേവകനായി മാറുന്നു. തനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം അയാൾക്കുണ്ട്. ഇത്തരുണത്തിൽ ഒരു വിശ്വാസി തന്റെ ശക്തിയും അധികാരവും ജനങ്ങളെ ഭയപ്പെടുത്താനോ സ്വന്തം ആളുകളെ പ്രീതിപ്പെടുത്താനോ തന്റെ കഴിവ് തെളിയിക്കാനോ ഉപയോഗിക്കുന്നതിനുപകരം, ജനങ്ങളെ സേവിക്കുന്നതിനും സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ വളർച്ചയ്ക്കും വേണ്ടി വിനിയോഗിക്കണം. അധികാരത്തിന്റെ യഥാർത്ഥ ലക്ഷ്യം കസേരയുടെ തിളക്കമോ പ്രോട്ടോക്കോളിന്റെ പ്രകടനമോ അല്ല, മറിച്ച് നീതിയും ന്യായവും സ്ഥാപിക്കലും മനുഷ്യരാശിയുടെ നിസ്വാർത്ഥ നന്മയുമാണ്. അതിനാൽ, ഒരു മുസ്‌ലിം നേതാവ് തന്റെ വിജയം അല്ലാഹുവിന്റെ പ്രീതിക്കും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി സമർപ്പിക്കണം. എങ്കിൽ അത് ഈ ലോകത്തും പരലോകത്തും വിജയത്തിന് ഹേതുവാകും.
സന്തോഷ വേളകളിൽ ഇസ്‌ലാം പഠിപ്പിക്കുന്ന മറ്റൊരു പ്രധാന മര്യാദ; നിങ്ങളുടെ സന്തോഷം നിങ്ങളുടെ വീടിന്റെ നാല് ചുവരുകൾക്കുള്ളിലോ നിങ്ങളുടെ ചില പ്രത്യേക ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിലോ മാത്രമായി പരിമിതപ്പെടുത്തരുത്, മറിച്ച് അത് സമൂഹത്തിൽ എല്ലാവരുടെയും സന്തോഷത്തിന് കാരണമാക്കണം എന്നതാണ്. അല്ലാഹുവിൽ നിന്ന് എന്തെങ്കിലും സന്തോഷം ലഭിക്കുമ്പോഴെല്ലാം, സാധാരണയായി അവഗണിക്കപ്പെടുന്ന സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. പ്രത്യേകിച്ച് വലീമ, അഖീഖ പോലുള്ള ചടങ്ങുകളിൽ, പണവും പത്രാസമുള്ളവരെ മാത്രം നോക്കി വിളിക്കാൻ പാടില്ല. കാരണം പാവപ്പെട്ടവരെയും ദരിദ്രരെയും അവഗണിക്കുകയും സമ്പന്നരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്ന സൽക്കാരം ഏറ്റവും മോശമായ സൽക്കാരമാണെന്ന് റസൂലുല്ലാഹി (സ) അരുളിയിരിക്കുന്നു.
അതിനാൽ, സന്തോഷ വേളകളിൽ ചെലവഴിക്കുന്ന സമ്പത്തിന്റെ ഒരു ഭാഗം അയൽപക്കത്തുള്ള വിധവകൾക്കും, അനാഥർക്കും, ദരിദ്രരായ സഹോദരന്മാർക്കും വേണ്ടി നീക്കിവയ്ക്കണം. പാതിവൃത്യം കാരണം അവർക്ക് ചോദിക്കാൻ മടിയുണ്ടാകും. പക്ഷേ അവരും സന്തോഷിക്കാൻ ആഗ്രഹമുള്ളവരാണ്. നാം അവരെ ആശ്വസിപ്പിക്കുമ്പോൾ അവരും നമ്മുടെ സന്തോഷങ്ങളിൽ പൂർണ്ണമനസ്സോടെ പങ്കുചേരും. അവരുടെ ഹൃദയങ്ങളിൽ നിന്ന് വരുന്ന പ്രാർത്ഥനകൾ നമ്മുടെ സന്തോഷ വേളകളെ കൂടുതൽ പ്രകാശിതമാക്കും.
ചുരുക്കത്തിൽ, എന്തെങ്കിലും അനുഗ്രഹം ഉണ്ടാകുമ്പോൾ യഥാർത്ഥ അനുഗ്രഹ ദാതാവായ അല്ലാഹുവിനെ ഒരിക്കലും മറക്കരുത് എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന അടിസ്ഥാന പാഠം. തദവസരം ഒരു വ്യക്തി വിനയവും നന്ദിയും മറ്റുള്ളവരോട് സഹാനുഭൂതിയും കാണിച്ചാൽ സന്തോഷം പോലും അല്ലാഹുവിനുള്ള ആരാധനയായി മാറുന്നു. നേരെമറിച്ച്, ഈ അവസരങ്ങളിൽ ഒരാൾ അനാവശ്യമായ ധൂർത്ത്, മറ്റുള്ളവരെ അപമാനിക്കുക, അല്ലാഹുവിന്റെ പരിധികൾ ലംഘിക്കുക തുടങ്ങിയ മനോഭാവം സ്വീകരിക്കുകയാണെങ്കിൽ അതേ അനുഗ്രഹം തന്നെ ആ വ്യക്തിക്ക് ശാപമായി മാറുകയും പരലോകത്ത് കഠിനമായ ബാധ്യതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
അതുകൊണ്ട്, ഒരു വിശ്വാസിയുടെ പൂർണ്ണത അവന്റെ എല്ലാ സന്തോഷങ്ങളെയും അല്ലാഹുവിന്റെ പ്രീതിക്കും അവന്റെ ദാസന്മാരുടെ ആശ്വാസത്തിനും കാരണമാക്കുക എന്നതാണ്. അതിലൂടെ അവന്റെ സന്തോഷങ്ങൾ ഒരു താൽക്കാലിക സന്തോഷം എന്നതിലുപരി പരലോക വിജയത്തിനും കാരണമായി മാറുന്നു.
ദുഃഖ വേളകളിൽ ക്ഷമിക്കുക
മനുഷ്യ ജീവിതത്തിൽ മഴയും വെയിലുമുണ്ടാകും. പൂക്കളുള്ള ചെടിയിൽ മുള്ളുകളുമുണ്ട്. ചിരിയുള്ളിടത്ത് കരച്ചിലുമുണ്ടാകും. ഇസ്‌ലാം ഒരു പ്രകൃതി മതമാണ്; ദുഃഖസമയത്ത് കല്ലായി മാറാൻ അത് നമ്മോട് കൽപ്പിക്കുന്നില്ല. മറിച്ച് ദുഃഖ വേള എങ്ങനെ ആരാധനയാക്കി മാറ്റാമെന്നാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്. ഓർക്കുക! ക്ഷമയെന്നാൽ ഒരാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുക്കാതിരിക്കലോ അയാളുടെ ഹൃദയത്തിൽ അല്പവും ദുഃഖം ഉണ്ടാകാതിരിക്കലോ അല്ല. മറിച്ച് ദുഃഖത്തിന്റെ ആഘാതത്തിൽ പോലും അല്ലാഹുവിന്റെ മഹത്വത്തിനെതിരായ ഒരു വാക്കും നാവിൽ നിന്ന് പുറത്തുവരാതിരിക്കലും, പടച്ചവന്റെ തൃപ്തിക്ക് എതിരായ ഒരു പ്രവർത്തിയും ഉണ്ടാകാതിരിക്കലുമാണ് ക്ഷമ. നബി (സ) തന്റെ പ്രിയപ്പെട്ട മകൻ ഇബ്‌റാഹീമിൻ്റെ മരണത്തിൽ കണ്ണുനീർ പൊഴിച്ചപ്പോൾ അനുയായികൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അങ്ങ് കരയുന്നോ!? നബി (സ) പ്രതിവചിച്ചു: തീർച്ചയായും കണ്ണുകൾ കരയുകയും ഹൃദയം ദുഃഖിക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ രക്ഷിതാവിന് തൃപ്തിയുള്ളത് മാത്രമേ നാവു കൊണ്ട് പറയൂ. (ബുഖാരി)
ദുഃഖ സമയത്ത് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ” ചൊല്ലലാണ്. ഇത് വെറുമൊരു വാചകമല്ല, മറിച്ച് ഒരു മാനസികാവസ്ഥയാണ്. ‘അല്ലാഹുവേ! ഈ കാര്യം (അത് സമ്പത്തായാലും പ്രിയപ്പെട്ടവരായാലും) നീ ഞങ്ങളെ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ്. നീ നിന്റെ സൂക്ഷിപ്പു മുതൽ തിരിച്ചുപിടിച്ചു. ഒരു ദിവസം ഞാനും നിന്നിലേക്ക് മടങ്ങിവരും’ എന്നാണ് ഇത് അർത്ഥമാക്കുന്നത്. ദാസൻ ഇപ്രകാരം മനസ്സുകൊണ്ട് സമ്മതിച്ചു പറയുമ്പോൾ അവന്റെ ഭാരം പകുതിയായി കുറയുന്നു.
ഇസ്‌ലാം ദുഃഖാവസ്ഥയിൽ ക്ഷമ പാലിക്കാൻ ഉപദേശിച്ചത് പോലെ തന്നെ, അത്തരം ഘട്ടത്തിൽ വിവരക്കേടുകളും ദുരാചാരങ്ങളും പ്രവർത്തിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു. ആരെങ്കിലും മരിച്ചാൽ അട്ടഹസിച്ച് നെഞ്ചത്തടിച്ചു കരയുക മുതലായ കാര്യങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ദുഃഖത്തിന്റെ പേരിൽ നിരവധി അനിസ്‌ലാമിക ആചാരങ്ങൾ നാം ശീലമാക്കിയിട്ടുണ്ട്. പലതും ദുഃഖിതരായ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക ബാധ്യത കൂടിയാണ്, ഇത് ചിലപ്പോൾ അവരെ കടത്തിലാക്കുന്നു. ഓർക്കുക! മരിച്ചയാൾക്ക് നിങ്ങളുടെ ആഡംബര ഭക്ഷണങ്ങളും വിരുന്നുകളും ആവശ്യമില്ല, അദ്ദേഹത്തിനുള്ള യഥാർത്ഥ ഉപഹാരം ആത്മാർത്ഥമായ പ്രാർത്ഥനകളാണ്.
ദുരിതമനുഭവിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും സമാധാനിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക എന്നതും വിശ്വാസികളുടെ കടമയാണ്. ജഅ്ഫർ (റ) ൻ്റെ രക്തസാക്ഷിത്വ വാർത്ത വന്നപ്പോൾ, ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണം തയ്യാറാക്കാൻ തങ്ങൾ (സ) സഹാബത്തിനോട് പറഞ്ഞു. കാരണം വലിയ വിഷമങ്ങളിൽ പെട്ടവർക്ക് സ്വന്തം ഭക്ഷണത്തിന്റെയോ മറ്റോ കാര്യത്തെപ്പറ്റി ചിന്ത ഉണ്ടാവുകയില്ല. എന്നാൽ നിർഭാഗ്യവശാൽ, ഇന്ന് അനുശോചനത്തിന്റെ പേരുപറഞ്ഞ് ദുഃഖിതരായ കുടുംബങ്ങളിൽ അതിഥികളായി നാം കടന്നു ചെല്ലുന്നു. ഇത് സുന്നത്തിന് വിരുദ്ധമാണ്, കൂടാതെ ധാർമികതയ്ക്ക് യോജിച്ചതുമല്ല.
ദുഃഖിതരായ കുടുംബത്തെ സമീപിച്ച് അവർക്ക് ധൈര്യം പകരുകയും, ക്ഷമിക്കാൻ ഉപദേശിക്കുകയും, അവരുടെ ഭക്ഷണത്തിന്റെയും മറ്റും ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് ഒരു വിശ്വാസിയുടെ യഥാർത്ഥ ധർമ്മം, കാരണം തകർന്ന ഹൃദയങ്ങൾക്ക് ശക്തി പകരുകയും ആവശ്യ സമയത്ത് സഹായിക്കുകയും ചെയ്യുന്നത് അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ട പ്രവൃത്തിയാണ്.
അതുപോലെ, ബുദ്ധിമുട്ടുണ്ടാകുന്ന ആദ്യസമയത്ത് തന്നെ ക്ഷമിക്കണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. റസൂലുല്ലാഹി (സ) അരുളി: യഥാർത്ഥ ക്ഷമ പ്രയാസത്തിന്റെ ആദ്യഘട്ടത്തിലുള്ളതാണ്.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ സന്തോഷിക്കേണ്ടതുപോലെ സന്തോഷിക്കാനും, പരീക്ഷണങ്ങളിൽ ക്ഷമിക്കേണ്ടതു പോലെ ക്ഷമിക്കാനും അവൻ ഉതവി നൽകട്ടെ.
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 08-14
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلۡيَوۡمِ ٱلۡأٓخِرِ وَمَا هُم بِمُؤۡمِنِينَ
അല്ലാഹുവിലും അന്ത്യദിനത്തിലും ഞങ്ങൾ വിശ്വസിച്ചു എന്ന് ചിലർ നാവ് കൊണ്ട് പറയുന്നു. എന്നാൽ അവർ യഥാർത്ഥ വിശ്വാസികളല്ല.
8. കപട വിശ്വാസം വര്‍ജ്ജിക്കുക!
ഇവിടെ നിന്നും പതിമൂന്ന് ആയത്തുകള്‍ മുനാഫിഖുകളെ കുറിച്ചുള്ളതാണ്. റസൂലുല്ലാഹി ﷺ മക്കയില്‍ പ്രബോധനം നടത്തിയപ്പോള്‍ നിഷേധികള്‍ ശക്തരായിരുന്നു. അതുകൊണ്ട് അവര്‍ ഇസ്‌ലാമിനോട് പരസ്യമായ നിലയില്‍ ശത്രുത പുലര്‍ത്തി. എന്നാല്‍ റസൂലുല്ലാഹി (സ) മദീനയിലെത്തിയപ്പോള്‍ നിഷേധികള്‍ക്ക് അതുപോലെ എതിര്‍ക്കാന്‍ ശക്തിയുണ്ടായില്ല. അതുകൊണ്ട് അവരില്‍ ഒരു വിഭാഗം ബാഹ്യമായി ഇസ്‌ലാമിനെ പ്രകടിപ്പിക്കുകയും ആന്തരികമായി നിഷേധം പുലര്‍ത്തുകയും ചെയ്തു. ഇവര്‍ക്ക് മുനാഫിഖുകള്‍ എന്ന് പറയപ്പെടുന്നു. ഇവര്‍ നിഷേധികളിലെ അങ്ങേയറ്റം നിന്ദ്യമായ വിഭാഗമാണ്. ഇവരുടെ ദുര്‍ഗുണങ്ങള്‍ ഖുര്‍ആന്‍ ധാരാളമായി ഉണര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് മുഴുവന്‍ സത്യവിശ്വാസികളും പ്രസ്തുത ദുര്‍ഗുണങ്ങളില്‍ നിന്നും അകന്ന് കഴിയാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ഒന്നാമത്തെ ദുര്‍ഗുണം, മനസ്സിലൊന്ന് പുലര്‍ത്തുകയും നാവുകൊണ്ട് മറ്റൊന്ന് പറയുകയും ചെയ്യലാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു എന്ന് പറയുന്നെങ്കിലും പ്രസ്തുത വിശ്വാസം ഇല്ലാതെ അപ്രകാരം പറയുന്നത് വലിയ കുറ്റമാണ്.
يُخَٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُواْ وَمَا يَخۡدَعُونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ
അല്ലാഹുവിനെയും സത്യവിശ്വാസികളെയും വഞ്ചിക്കാൻ അവർ ശ്രമിക്കുന്നു. യഥാർത്ഥത്തിൽ സ്വന്തം ശരീരങ്ങളെയല്ലാതെ മറ്റൊന്നിനെയും അവർ വഞ്ചിക്കുന്നില്ല. എന്നാലവർക്ക് അതറിയുകയുമില്ല.
9. വഞ്ചന മഹാപാപമാണ്!
റസൂലുല്ലാഹി ﷺയെയും സത്യവിശ്വാസികളെയും വഞ്ചിക്കുന്നവര്‍ അല്ലാഹുവിനെ വഞ്ചിക്കാന്‍ പരിശ്രമിക്കുന്നവരാണ്. എല്ലാം അറിയുന്ന പടച്ചവനെ വഞ്ചിക്കാന്‍ പരിശ്രമിക്കുന്നത് സ്വയം വഞ്ചനയാണ്. അതിന്റെ നഷ്ടം ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് സംഭവിക്കുന്നതാണ്.
കാരണം, അല്ലാഹു അവരുടെ വഞ്ചനകളെ നന്നായി അറിയുന്നുണ്ട്. അല്ലാഹു അറിയിച്ചു കൊടുക്കുന്നതിലൂടെ റസൂലുല്ലാഹി ﷺയും മുസ്‌ലിംകളും അവരുടെ വഞ്ചനകള്‍ അറിയുന്നതുമാണ്. യഥാര്‍ത്ഥത്തില്‍ വഞ്ചനയുടെ തിരിച്ചടി അവർക്ക് തന്നെ ലഭിക്കുന്നതാണ്. പക്ഷേ, അവര്‍ അത് തിരിച്ചറിയുന്നില്ല.
فِي قُلُوبِهِم مَّرَضٞ فَزَادَهُمُ ٱللَّهُ مَرَضٗاۖ وَلَهُمۡ عَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡذِبُونَ
അവരുടെ മനസ്സുകളിൽ മാരകമായ രോഗമുണ്ട്. അങ്ങനെ അവരുടെ രോഗത്തെ അല്ലാഹു വർദ്ധിപ്പിച്ചു. അവർ നുണ പറഞ്ഞിരുന്നതിനാൽ അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്.
10. അസൂയയും മാനസിക പാപങ്ങളും ഉപേക്ഷിക്കുക!
ഈ ആയത്തിലെ രോഗം കൊണ്ടുള്ള ഉദ്ദേശം അവര്‍ മറച്ചുവെച്ചിരിക്കുന്ന നിഷേധവും കാപട്യവുമാണ്. ഇസ്‌ലാമിന്റെ പ്രചാരണം വര്‍ദ്ധിക്കുകയും മുഹമ്മദീ വടവൃക്ഷം വളരുകയും ചെയ്യുന്നതിനനുസരിച്ച് കപടന്മാരുടെ അസൂയയും എരിച്ചിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.അവര്‍ നുണ പറയുന്നു എന്നതുകൊണ്ടുള്ള ഉദ്ദേശം മുസ്‌ലിമാണെന്ന അവരുടെ വാദമാണ്.
അവരുടെ മനസ്സില്‍ അസൂയയും പകയും നിറഞ്ഞിരിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ക്ക് സഹായം ലഭിക്കുന്നതിലൂടെ അവരുടെ രോഗം വര്‍ദ്ധിക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ കാപട്യത്തിന്റെയും കളവുകളുടെയും ഫലമായി അവര്‍ വേദനാജനകമായ ശിക്ഷയില്‍ കുടുങ്ങുന്നതാണ്. താല്‍ക്കാലികമായി പടച്ചവന്‍ നല്‍കിയിരിക്കുന്ന ഇളവിന്റെ പേരില്‍ അവരുടെ കുതന്ത്രങ്ങളെല്ലാം വിജയിച്ചുവെന്ന് അവര്‍ മനസ്സിലാക്കാതിരിക്കട്ടെ.!
إِذَا قِيلَ لَهُمۡ لَا تُفۡسِدُواْ فِي ٱلۡأَرۡضِ قَالُوٓاْ إِنَّمَا نَحۡنُ مُصۡلِحُونَ
ഭൂമിയിൽ നാശമുണ്ടാക്കരുതെന്ന് അവരോടു പറയപ്പെട്ടാൽ ഞങ്ങൾ നന്മ പരത്തുന്നവർ മാത്രമാണെന്ന് അവർ പറയും.
11. നാട്ടില്‍ നാശമുണ്ടാക്കുകയും നന്മ ചെയ്യുന്നുവെന്ന് വാദിക്കുകയും ചെയ്യുന്നത് കടുത്ത കുറ്റമാണ്.!
വിശ്വാസ കര്‍മ്മങ്ങളിലെ സര്‍വ്വവിധ കുഴപ്പങ്ങളുടെയും അടിസ്ഥാനം നിഷേധമാണ്. നിഷേധികളും കപടവ വിശ്വാസികളും ഇസ്‌ലാമിനെയും പ്രവാചകനെയും മുസ്‌ലിംകളെയും കുറിച്ച് പലവിധ ഗൂഢാലോചനകള്‍ നടത്തുകയും പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ചാണ് ഇവിടെ നാശം എന്ന് പറയപ്പെട്ടിരിക്കുന്നത്. എല്ലാ കാലത്തും നാശമുണ്ടാക്കുന്നവരുടെ ഒരു ശൈലിയും കൂടിയാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. അവര്‍ നാശമുണ്ടാക്കുകയും അതിന് നന്മയുണ്ടാക്കാനുള്ള പരിശ്രമമെന്ന് പേര് വെക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ തെറ്റായ വിശ്വാസ കര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഇതേ മാര്‍ഗ്ഗമാണ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. അതെ, നന്മയുണ്ടാക്കാന്‍ പരിശ്രമിക്കുന്നു എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. മറിച്ച് അവരെക്കുറിച്ച് ശരിയായ അന്വേഷണം അത്യാവശ്യമാണ്. മിന്നുന്നതെല്ലാം പൊന്നല്ല.
أَلَآ إِنَّهُمۡ هُمُ ٱلۡمُفۡسِدُونَ وَلَٰكِن لَّا يَشۡعُرُونَ
അറിഞ്ഞുകൊള്ളുക: നിസ്സംശയം അവർ നാശകാരികൾ തന്നെയാണ്. പക്ഷെ, അവർ അത് ഗ്രഹിക്കുന്നില്ല.
12. നാശകാരികളില്‍ നിന്നും ജാഗ്രത പുലര്‍ത്തുക!
കപടവിശ്വാസികള്‍ നാശം പരത്തുന്നവരാണ്. എന്നാല്‍ അവരുടെ അഹങ്കാരം കാരണം അവര്‍ക്ക് അതിനെക്കുറിച്ചോ അതിന്റെ നാശകരമായ പരിണിത ഫലങ്ങളെ സംബന്ധിച്ചോ യാതൊരു ബോധവുമില്ല. ആകയാല്‍ അവരുടെ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തുക. റസൂലുല്ലാഹി ﷺ അരുളി: ഒരു വിശ്വാസി ഒരു മാളത്തിൽ നിന്നും രണ്ട് പ്രാവശ്യം ദംശനം ഏൽക്കുന്നതല്ല.
وَإِذَا قِيلَ لَهُمۡ ءَامِنُواْ كَمَآ ءَامَنَ ٱلنَّاسُ قَالُوٓاْ أَنُؤۡمِنُ كَمَآ ءَامَنَ ٱلسُّفَهَآءُۗ أَلَآ إِنَّهُمۡ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعۡلَمُونَ
മറ്റു ജനങ്ങൾ വിശ്വസിച്ചതു പോലെ നിങ്ങളും വിശ്വസിക്കുക എന്ന് അവരോടു പറയപ്പെട്ടാൽ അവർ പറയും: വിഡ്ഢികൾ വിശ്വസിച്ചതു പോലെ ഞങ്ങൾ വിശ്വസിക്കാനോ? ഓർത്തുകൊള്ളുക, നിസ്സംശയം ഇവർ തന്നെയാണ് വിഡ്ഢികൾ. പക്ഷെ, അവർക്ക് കാര്യം അറിയില്ല.
13. കാപട്യം ഒരിക്കലും വിജയിക്കുന്നതല്ല!
കപടവിശ്വാസികള്‍ സാധുക്കളായ മുസ്‌ലിംകളെ കാണുന്ന ചിലവേളകളില്‍ അവരുടെ മനസ്സില്‍ മറച്ചുവെച്ചിരിക്കുന്ന കാപട്യത്തിന്റെ രോഗം പ്രകടമാക്കുന്നതാണ്. ഇത് കാണുമ്പോള്‍ മുസ്‌ലിംകള്‍ അവരെ ഇപ്രകാരം ഉപദേശിക്കുമായിരുന്നു: നിങ്ങള്‍ സഹാബികളെപ്പോലെ ആത്മാര്‍ത്ഥതയോടെ സത്യവിശ്വാസം സ്വീകരിക്കുക! അപ്പോള്‍ കപടന്മാര്‍ പറഞ്ഞിരുന്നു: അവരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ വിഡ്ഢികളാണോ? അല്ലാഹു അവരെക്കുറിച്ച് പ്രതികരിക്കുന്നു: കാപട്യത്തിന്റെ വലിയ നാശനഷ്ടങ്ങള്‍ തിരഞ്ഞെടുത്ത അവരാണ് വലിയ വിഡ്ഢികള്‍! അതെ, ദീനിന്റെ വിഷയത്തില്‍ സംശയങ്ങളുടെ മുള്ളുകള്‍ മനസ്സുകളില്‍ മറച്ചുവെക്കുകയും തെറ്റുകള്‍ നിറഞ്ഞ ബുദ്ധിയുടെ ത്രാസുകൊണ്ട് അല്ലാഹുവിന്റെയും ദൂതന്റെയും വിധിവിലക്കുകളുടെ ന്യായവും അന്യായവും തീരുമാനിക്കുകയും കുടുംബപരമോ സാമൂഹികമോ ആയ സാഹചര്യങ്ങളുടെ പേരില്‍ പരസ്യമായ നിലയില്‍ ഇസ്‌ലാമിനോടുള്ള എതിര്‍പ്പ് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരും ഇതേ ശൈലിയാണ് എന്നും സ്വീകരിക്കാറുള്ളത്. പടച്ചവന്റെ എല്ലാവിധി വിലക്കുകളും സന്തോഷത്തോടെ സ്വീകരിക്കുന്ന ഭയഭക്തന്മാരായ മുസ്‌ലിംകളെ അവര്‍ വിഡ്ഢികളും പിന്തിരിപ്പന്മാരുമായും അവര്‍ മുദ്ര കുത്തുന്നു.
റസൂലുല്ലാഹി (സ)യുടെ മടിത്തട്ടില്‍ സംസ്‌കരണത്തിന് സൗഭാഗ്യം സിദ്ധിച്ച സഹാബത്തിനെപ്പോലെ സത്യത്തെ സ്വീകരിക്കുകയും അതില്‍ ആത്മാര്‍ത്ഥതയോടെ നിലയുറപ്പിക്കുകയും ചെയ്യുക എന്ന് പറയപ്പെടുമ്പോള്‍ കപടന്മാര്‍ അതിനെ വിഡ്ഢിത്തമായി കാണുന്നു. എന്നാല്‍ യഥാര്‍ത്ഥ വിഡ്ഢിത്തം കാപട്യമാണ്. കാപട്യം ഒരിക്കലും വിജയിക്കുന്നതല്ല. ഇഹലോകത്ത് കപടന്മാരുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതും പരലോകത്ത് പരാജയം പൂര്‍ണ്ണമാകുന്നതുമാണ്.
وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ إِلَىٰ شَيَٰطِينِهِمۡ قَالُوٓاْ إِنَّا مَعَكُمۡ إِنَّمَا نَحۡنُ مُسۡتَهۡزِءُونَ
സത്യവിശ്വാസം സ്വീകരിച്ചവരെ കാണുമ്പോൾ കപടൻമാർ പറയുന്നു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. എന്നാൽ തങ്ങളുടെ (പൈശാചിക) നേതാക്കളുമായി തനിച്ചാകുമ്പോൾ അവർ പറയുന്നു: ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെയാണ്. ഞങ്ങൾ (മുസ്‌ലിംകളെ) പരിഹസിക്കുകയായിരുന്നു.
14. ഇരട്ട മുഖം കാട്ടരുത്!
അബൂബക്ര്‍ സിദ്ദീഖ് (റ), ഉമറുല്‍ ഫാറൂഖ് (റ) പോലുള്ള സ്ഥാനമാനങ്ങളുള്ള സത്യവിശ്വാസികളെ കപടവിശ്വാസികള്‍ കാണുമ്പോള്‍ ഇസ്‌ലാമിന്റെ ബാഹ്യമായ പ്രയോജനങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിന് അവരില്‍ പെട്ടവരായി അഭിനയിക്കുന്നു. എന്നാല്‍, കപടന്മാരുടെ നേതാക്കളും കൂട്ടുകാരുമായി തനിച്ചാകുമ്പോള്‍ നിങ്ങളോടൊപ്പം തന്നെയാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. പിന്നെ ഞങ്ങള്‍ മുസ്‌ലിംകളോടൊപ്പം നിൽക്കുന്നതായി അഭിനയിച്ചത് ജീവനും സമ്പത്തും രക്ഷിക്കാനും ഇതര ഭൗതിക ലാഭങ്ങള്‍ നേടുന്നതിനും വേണ്ടിയാണ്. ഇത്തരം ഇരട്ട മുഖങ്ങള്‍ വലിയ പാപമാണ്.
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
179. സഹ്ൽ ഇബ്‌നു സഅ്ദ് (റ) നിവേദനം: റസൂലുല്ലാഹി ﷺ ഖൈബർ ദിവസം ഇപ്രകാരം അരുളി: നാളെ ഞാൻ ഈ കൊടി നൽകുന്ന വ്യക്തിയുടെ കരങ്ങളിലൂടെ അല്ലാഹു ഖൈബറിൽ വിജയം നൽകുന്നതാണ്. അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നു. അല്ലാഹുവും റസൂലും അദ്ദേഹത്തെയും സ്‌നേഹിക്കുന്നു. പ്രഭാതമായപ്പോൾ സ്വഹാബികൾ തിരുസന്നിധിയിൽ ഹാജരായി. അവരോരുത്തരും റസൂലുല്ലാഹി ﷺ തങ്ങൾക്ക് ആ കൊടി നൽകണമെന്ന് ആശിച്ചു. തദവസരം റസൂലുല്ലാഹി ﷺ ചോദിച്ചു: അലിയ്യ് എവിടെ? സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ.. അദ്ദേഹത്തിൻ്റെ കണ്ണുകൾക്ക് അസുഖം ബാധിച്ചതിനാൽ അദ്ദേഹം വന്നിട്ടില്ല. അദ്ദേഹത്തെ വിളിക്കാൻ ആളെ വിടാൻ റസൂലുല്ലാഹി ﷺ കൽപ്പിച്ചു. അദ്ദേഹം വന്നപ്പോൾ റസൂലുല്ലാഹി ﷺ അൽപ്പം ഉമിനീര് അദ്ദേഹത്തിൻ്റെ ഇരു കണ്ണുകളിലും പുരട്ടി. നേരത്തെ രോഗമുണ്ടായതിൻ്റെ യാതൊരു ലക്ഷണവുമില്ലാത്ത നിലയിൽ അദ്ദേഹത്തിൻ്റെ രോഗം ഭേദമായി. ശേഷം കൊടി അദേഹത്തിന് നൽകി. തദവസരം അലിയ്യ് (റ) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, അവർ ഞങ്ങളെ പോലെ ഇസ്‌ലാം സ്വീകരിക്കുന്നത് വരെ അവരോട് പോരുതുന്നതാണ്. റസൂലുല്ലാഹി ﷺ അരുളി: താങ്കൾ അവരുടെ അതിർത്തി വരെ പോവുക. ശേഷം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം അവരുടെ മേൽ നിർബന്ധമാവുന്ന അല്ലാഹുവിനോടുള്ള കടമകൾ അവർക്ക് അറിയിച്ച് നൽകുക. അല്ലാഹുവിൽ സത്യം! താങ്കളിലൂടെ അല്ലാഹു ഒരാൾക്ക് സന്മാർഗ്ഗം കനിഞ്ഞരുളുന്നത് യുദ്ധാർജ്ജിത സമ്പത്തിൽ ചുവന്ന ഒട്ടകങ്ങളെ താങ്കൾക്ക് ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ്. (ബുഖാരി, മുസ്‌ലിം)
വിവരണം: മദീനയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന യഹൂദികളുടെ കേന്ദ്രമായ പ്രദേശമാണ് ഖൈബർ. മുമ്പ് ശാമിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ഇവിടെ വന്ന് താമസമാക്കിയിരുന്നു. അവർ വലിയ സമ്പന്നരായിരുന്നു. അവിടെ അവർ വലിയ കോട്ടകൾ പണിതിരുന്നു. അക്കാലത്ത് ധാരാളം യുദ്ധക്കോപ്പുകളും അവർ കൈവശം വെച്ചിരുന്നു. പച്ചപ്പുള്ളതും അതീവ ഫലഭൂയിഷ്ഠവുമായിരുന്നു ഈ പ്രദേശം.
മദീനയുടെ സമീപത്തുണ്ടായിരുന്ന യഹൂദികളെ അവരുടെ വഞ്ചനയും കുഴപ്പങ്ങളും കാരണം പുറത്താക്കിയപ്പോൾ അവരും ഇവിടെ വന്നു താമസമാക്കി. ഇവർ മുസ്‌ലിംകളോട് കടുത്ത ശത്രുത പുലർത്തുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. മദീന മുനവ്വറ റസൂലുല്ലാഹി ﷺയുടെ ഹിജ്റയുടെ കേന്ദ്രവും മുസ്‌ലിംകളുടെ ഭരണ കേന്ദ്രവുമായതിനാൽ ഇക്കൂട്ടർ എന്നും വലിയ വെല്ലുവിളിയായിരുന്നു.
ഹിജ്റ 6-ാം വർഷം അവസാനം റസൂലുല്ലാഹി ﷺ മക്കക്കാരുമായി പത്ത് വർഷത്തേക്ക് യുദ്ധം വിരാമത്തിന് ഹുദൈബിയ സന്ധി ചെയ്തതിന് ശേഷം മദീന മുനവ്വറയിൽ മടങ്ങിയെത്തി. ദുൽഹജ്ജ് മാസം പൂർണ്ണമായും മദീനയിൽ തന്നെ കഴിഞ്ഞു. ഹിജ്റ 7-ാം വർഷം മുഹർറം മാസത്തിൽ ഖൈബറിലെ ശത്രുക്കളുടെ അക്രമത്തിൽ നിന്നും മോചനത്തിനായി കേവലം ആയിരത്തി അഞ്ഞൂറ് സ്വഹാബികളോടൊപ്പം ഖൈബറിലേക്ക് പുറപ്പെടുകയും ഖൈബറിന്റെ അടുത്ത് അനുയോജ്യമായ സ്ഥലത്ത് തമ്പടിക്കുകയും ചെയ്തു. പതിവനുസരിച്ച് റസൂലുല്ലാഹി ﷺ ഖൈബറിലെ യഹൂദികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അതിപ്പോൾ സ്വീകാര്യമല്ലെങ്കിൽ ജിസ്‌യ നൽകണമെന്നും ഇവ രണ്ടും സ്വീകാര്യമല്ലെങ്കിൽ പടച്ചവൻ്റെ കൽപ്പന പ്രകാരം യുദ്ധം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. ഖൈബറിലെ യഹൂദി നേതാക്കൾ ഇവ നിരസിക്കുകയും യുദ്ധത്തിന് തയ്യാറാവുകയും ചെയ്തു.
മേൽ സൂചിപ്പിച്ച പോലെ ഇവരുടെ കോട്ടകളിൽ യുദ്ധ സാമഗ്രികൾ കൂടാതെ അന്ന പാനീയങ്ങളുടെ വലിയ ശേഖരമുണ്ടായിരുന്നു. അതിനാൽ മുസ്‌ലിംകൾ തങ്ങളുടെ മേൽ വിജയം വരിക്കുകയില്ലെന്ന് അവർ കരുതിയിരുന്നു. യുദ്ധം ആരംഭിക്കുകയും മുസ്‌ലിംകൾ അവരുടെ വിവിധ കോട്ടകൾ കീഴടക്കി. എന്നാൽ, ഒരു കോട്ട വളരെ ശക്തമായിരുന്നു. അതിൻ്റെ സംരക്ഷണത്തിനായി പ്രത്യേക സജ്ജീകരണങ്ങളും ചെയ്തിരുന്നു. ധാരാളം പോരാട്ടങ്ങൾ നടത്തിയിട്ടും മുസ്‌ലിംകൾക്ക് ആ കോട്ട കീഴടക്കാൻ കഴിഞ്ഞില്ല.
ഇത്തരുണത്തിൽ റസൂലുല്ലാഹി ﷺ അരുളി: ഞാൻ ഈ കൊടി നാളെ ഒരു വ്യക്തിക്ക് നൽകുന്നതാണ് അദ്ദേഹം അല്ലാഹുവിനെയും ദൂതനെയും സ്നേഹിക്കുന്നു അദ്ദേഹവും അല്ലാഹുവിനെയും ദൂതനെയും സ്നേഹിക്കുന്നു. അദ്ദേഹത്തിൻ്റെ കരങ്ങളിലൂടെ അതായത് അദ്ദേഹത്തിൻ്റെ പോരാട്ടത്തിലൂടെ പടച്ചവൻ ഈ വിജയം സമ്പൂർണ്ണമാക്കുന്നതാണ്, അങ്ങനെ ഈ യുദ്ധം വിജയകരമായി പര്യവസാനിക്കുന്നതാണ്. ഇവിടെയുള്ള യഹൂദികൾ ഒന്നുങ്കിൽ കീഴടങ്ങുകയോ അല്ലെങ്കിൽ സത്യവിശ്വാസം സ്വീകരിക്കുകയോ ചെയ്യുന്നതാണ്. റസൂലുല്ലാഹി ﷺ ഇത് ആരാണെന്ന് വ്യക്തമാക്കിയില്ല.
അദ്ദേഹത്തിൻ്റെ ഗുണവിശേഷണങ്ങളായ പടച്ചവൻ്റെയും പ്രവാചകൻ്റെയും സ്നേഹവും പടച്ചവനോടും പ്രവാചകനോടുമുള്ള സ്നേഹവും മാത്രം വിവരിച്ചു. തീർച്ചയായിട്ടും ഇത് വലിയ മഹത്വവും സൗഭാഗ്യവും ആയിരുന്നു അതുകൊണ്ട് നാളെ ഈ കൊടി തനിക്ക് കിട്ടണമെന്ന് ഓരോ സ്വഹാബികളും ആഗ്രഹിക്കുകയുണ്ടായി.
ഹസ്രത്ത് അലിയ്യ് (റ) ആ സമയത്ത് അവിടെ ഇല്ലായിരുന്നു. അടുത്ത പ്രഭാതമായപ്പോൾ റസൂലുല്ലാഹി ﷺ അലിയ്യ് എവിടെ എന്ന് ചോദിച്ചു. ജനങ്ങൾ പറഞ്ഞു: അദ്ദേഹത്തിൻ്റെ കണ്ണിന് പ്രയാസമായതിനാൽ അദ്ദേഹം ഇവിടെ ഹാജരില്ല. റസൂലുല്ലാഹി ﷺ അദ്ദേഹത്തെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. അദ്ദേഹം പ്രവാചക സന്നിധിയിൽ ഹാജരായപ്പോൾ അദ്ദേഹത്തിന് രണ്ട് കണ്ണുകൾക്കും രോഗമായിരുന്നു. റസൂലുല്ലാഹി ﷺ അനുഗ്രഹീതമായ ഉമിനീർ അദ്ദേഹത്തിൻ്റെ രണ്ട് കണ്ണുകളിലും പുരട്ടുകയും ഉടനടി അദ്ദേഹത്തിൻ്റെ ബുദ്ധിമുട്ട് ഭേദമാവുകയും യാതൊരു പ്രയാസവും ബാധിക്കാത്തതുപോലെ അദ്ദേഹം ഉന്മേഷത്തിലാവുകയും ചെയ്തു.
റസൂലുല്ലാഹി ﷺ അദ്ദേഹത്തിന് കൊടി കൊടുത്തു. ഇത് അദ്ദേഹം ഇന്ന് യുദ്ധത്തിന് നേതൃത്വം വഹിക്കും എന്നതിന്റെ സൂചനയായിരുന്നു അലിയ്യ് (റ) കൊടി കയ്യിൽ പിടിച്ചുകൊണ്ട് റസൂലുല്ലാഹി ﷺയോട് ചോദിച്ചു: യഹൂദികൾ ഇസ്ലാം സ്വീകരിക്കുന്നത് വരെ ഞാൻ അവരോട് യുദ്ധം ചെയ്യണമോ? റസൂലുല്ലാഹി ﷺ അരുളി: അല്ലാഹു നിങ്ങൾ കാരണം ഒരാൾക്ക് സന്മാർഗം നൽകുകയും സത്യവിശ്വാസത്തിന്റെ അനുഗ്രഹം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് സമരാർജ്ജിത സമ്പത്തായി ധാരാളം ചുവന്ന ഒട്ടകങ്ങൾ കിട്ടുന്നതിനേക്കാൾ ഉത്തമമാണ്. അക്കാലഘട്ടത്തിൽ ചുവന്ന ഒട്ടകങ്ങൾ അറബികൾക്ക് അങ്ങേയറ്റം പ്രിയങ്കരമായിരുന്നു. അതായത് റസൂലുല്ലാഹി ﷺ അരുളി: നമ്മളുടെ പോരാട്ടത്തിന്റെ ഉദ്ദേശം ശത്രുക്കളുടെ മേൽ വിജയം വരിച്ച് കുറേ സമ്പത്തുകൾ സമ്പാദിക്കലല്ല യഥാർത്ഥ ലക്ഷ്യം. പടച്ചവൻ്റെ അടിമകൾ സന്മാർഗം പ്രാപിക്കലാണ്. പോരാട്ടം നടത്തുമ്പോൾ ഈ ലക്ഷ്യം മുന്നിൽ വെക്കുകയും ഇതിൻ്റെ പ്രേരണക്കനുസരിച്ച് സമീപനം സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
ഈ ഹദീസിൽ മേൽ പറയപ്പെട്ട മേൽ വിവരിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് വന്നിട്ടുള്ളത്. തുടർന്നുള്ള പോരാട്ടത്തിൽ അലിയ്യ് (റ) വിജയം കരസ്ഥമാക്കിയോ ഇല്ലയോ എന്ന കാര്യം ഈ ഹദീസിൽ വിവരിക്കപ്പെട്ടിട്ടില്ല. അക്കാര്യം പ്രവാചക ചരിത്രത്തിൻ്റെയും പ്രവാചക ചരിത്രത്തിൻ്റെ ഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയും ഇത്രയും വിവരണം കൊണ്ട് അവസാനിപ്പിക്കുന്നു.
ഈ ഹദീസിൽ റസൂലുല്ലാഹി ﷺയുടെ രണ്ട് മുഅ്ജിസത്തുകൾ അമാനുഷികതകൾ പ്രകടമായിരിക്കുന്നു. ഒന്ന്: അലിയ്യ് (റ)ന്റെ രണ്ട് കണ്ണുകൾക്കും കടുത്ത രോഗം ഉണ്ടായിരുന്നു. റസൂലുല്ലാഹി ﷺ അനുഗ്രഹീതമായ ഉമിനീര് പുരട്ടിയപ്പോൾ അത് ഉടനെ ബുദ്ധിമുട്ടുകൾ മാറുകയും യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തതുപോലെ ആവുകയും ചെയ്തു. രണ്ട്: നാളത്തെ വിജയത്തെക്കുറിച്ച് റസൂലുല്ലാഹി ﷺ നടത്തിയ പ്രവചനമാണ്.
സഹ്ൽ (റ) നിവേദനം ചെയ്ത ഈ ഹദീസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം അലിയ്യ് (റ) അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു എന്നും അല്ലാഹുവും റസൂലും അലിയ്യ് (റ)നെ സ്നേഹിക്കുന്നു എന്നുമാണ്. പടച്ചവൻ്റെ അനുഗ്രഹത്താൽ നാം അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ആളുകളും മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിഭാഗവും ഇതേ വിശ്വാസം തന്നെയാണ് പുലർത്തുന്നത്. എന്നാൽ, ഇതിൻ്റെ വെളിച്ചത്തിൽ ഈ ഗുണം വേറെ ആർക്കുമില്ല എന്ന വാദം ഉന്നയിക്കാൻ പാടുള്ളതല്ല അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഓരോരുത്തരിലും ഈ ഗുണം ചെറിയ നിലയിലെങ്കിലും കാണപ്പെടുന്നുണ്ട്. പരിശുദ്ധ ഖുർആനിൽ സൂറത്ത് ആലു ഇമ്രാനിൽ അല്ലാഹു അറിയിക്കുന്നു: താങ്കൾ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ പിൻപറ്റുക. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരുന്നതുമാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്. (31)
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
ഏറ്റവും ദൃഢമായ ബന്ധം.
✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
(നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)
രക്ത ബന്ധം, ദേശ ബന്ധം, ഇൽമീ ബന്ധം, ഈമാനിയായ ബന്ധം എന്നിങ്ങനെ ബന്ധങ്ങൾ പല വിധമാണ്. ഇതിൽ ഏറ്റവും ശക്തവും സുന്ദരവുമായ ബന്ധം ഈമാനിയായ ബന്ധമാണ്. ഇതിലൂടെ ദുൻയാവിലും ആഖിറത്തിലും പ്രയോജനം ലഭിക്കും. ഇതിന്റെ മികച്ച ഉദാഹരണങ്ങൾ സ്വഹാബ കിറാമാണ്. അവരുടെ ഈമാനിയായ ബന്ധം ദൃഢമായതിന്റെ പേരിൽ രക്ത ബന്ധുക്കളോട് പോലും ഇസ്‌ലാമിന്റെ സംരക്ഷണത്തിനായി പൊരുതി. ബദ്ർ പോരാട്ടം ഇതിന് ഏറ്റവും ഉത്തമമായ ഉദാഹരണമാണ്. എന്നാൽ ഈ ബന്ധം വെറും കൂടിക്കാഴ്ച്ചയുടെ പേരിൽ ലഭിക്കുന്നതല്ല. അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടത് ആവശ്യമാണ്.
🔹🔹🔹🔹🔹
ഇലാ റഹ്‌മത്തില്ലാഹ്...
മർഹൂം സിറാജ് മൗലവി കൗസരി :
“നിശബ്ദ സേവനത്തിന്റെ സ്വർഗ്ഗീയ ഗന്ധം”
✍️ ചുനക്കര ആഷിഖ് ഹുസ്നി
സിറാജ് ഉസ്താദിന്റെ വിയോഗവാർത്ത അറിഞ്ഞത് മുതൽ പലരും എഴുതിയ കുറിപ്പുകൾ വായിച്ച് സ്തംഭിച്ചു നിൽക്കുകയായിരുന്നു.
വിരൽത്തുമ്പുകൾ ചലിക്കാൻ മടിച്ച നിമിഷങ്ങൾ...
എഴുതാൻ വൈകിയത് വാക്കുകൾ കിട്ടാഞ്ഞിട്ടല്ല,
മറിച്ച് ഹ്രസ്വമായ ഒരു ആയുസ്സിനെ വിവിധ മേഖലകളിലായി എത്ര മനോഹരമായാണ് അദ്ദേഹം കോർത്തിണക്കിയതെന്ന അത്ഭുതത്തിലാണ്.
കുടുംബം, മദ്രസ, സംഘടന, ഔദ്യോഗിക പദവികൾ, ഇതിനിടയിലെല്ലാം ആ പുഞ്ചിരി എങ്ങനെ ബാക്കിയായി?
ഓരോരുത്തരുടെയും കുറിപ്പുകളിൽ വിരിയുന്ന ഉസ്താദിന്റെ വ്യത്യസ്തമായ നന്മകൾ കണ്ടപ്പോൾ, ഞാൻ അറിഞ്ഞതിനേക്കാൾ വലിയൊരു കടലായിരുന്നു ആ മനുഷ്യൻ എന്ന് തിരിച്ചറിയുകയായിരുന്നു..
സിറാജ് ഉസ്താദ് എന്ന സ്നേഹസ്വരൂപന്റെ വിയോഗവാർത്ത വെളുപ്പിനെ 3:45 നാണ് ഉസ്താദ് ഷെബീർ മൗലവി മനാരി വിളിച്ചു പറഞ്ഞത്.
പിന്നീട് ഉള്ളിലുണ്ടായ ശൂന്യതയ്ക്ക് വിവരണങ്ങളില്ല.
വെളുത്ത പുഞ്ചിരി തൂകി നടന്ന ആ മനുഷ്യൻ ബാക്കിവെച്ചുപോയത് ആർക്കും പകരം വെക്കാനാവാത്ത കർമ്മധീരതയുടെ ചരിത്രമാണ്.
"മൗത്ത് ഉസ് കി ഹേ ജിസ് കാ സമാനാ കരേ അഫ്‌സൂസ്,
യൂം തോ ദുനിയാ മേം സഭീ ആയേ ഹേ മർനേ കേ ലിയേ..."
(ലോകം മുഴുവൻ ആരുടെ വിയോഗത്തിൽ ദുഃഖിക്കുന്നുവോ, അവരുടേതാണ് യഥാർത്ഥ മരണം. അല്ലാതെ എല്ലാവരും മരിക്കാൻ വേണ്ടി മാത്രം ജനിക്കുന്നവരാണല്ലോ...)
എത്ര വലിയ അസുഖത്തിന്റെ പിടിയിലായിരിക്കുമ്പോഴും ഉസ്താദിന്റെ നാവൊരിക്കലും പരാതി പറഞ്ഞിട്ടില്ല.
പ്രമേഹം തളർത്തിയ ശരീരവും വേദനിക്കുന്ന പാദങ്ങളുമായി കർമ്മപഥത്തിൽ ഓടിനടക്കുമ്പോഴും ചോദിക്കുന്നവരോട് ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. പരിഭവങ്ങളില്ലാത്ത ആ ജീവിതം മരണത്തോടും പോരാടിയത് ആ പുഞ്ചിരി കൊണ്ടായിരുന്നു. ജീവിതത്തിൽ അദ്ദേഹം എല്ലാവരോടും എങ്ങനെ പുഞ്ചിരിച്ചുവോ, അതിനേക്കാൾ സുന്ദരമായി പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം മരണശേഷവും കിടന്നത്. “ഞാൻ എന്റെ റബ്ബിലേക്ക് പൂർണ്ണ സന്തോഷത്തോടെയാണ് മടങ്ങുന്നതെന്ന്.”
ആ മുഖത്തെ പ്രകാശം വിളിച്ചുപറയുന്നുണ്ടായിരുന്നു.
"ഹുബ്ബെ നബി കാ ജാം പിലാക്കർ ചലേ ഗയേ,
ഖിദ്‌മത്ത് കാ ഏക് നയാ ചിരാഗ് ജലാക്കർ ചലേ ഗയേ..."
(പ്രവാചക സ്നേഹത്തിന്റെ പാനപാത്രം പകർന്നു നൽകി, സേവനത്തിന്റെ പുതിയൊരു ദീപം തെളിച്ചാണ് അദ്ദേഹം മടങ്ങിയത്...)
എക്സാം ബോർഡ് കൺവീനർ എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുമ്പോൾ ഉസ്താദ് പുലർത്തിയ ആ പക്വത എങ്ങനെ മറക്കാനാകും? പ്രായത്തിലും അനുഭവസമ്പത്തിലും അദ്ദേഹത്തേക്കാൾ എത്രയോ പിന്നിലായിരുന്നിട്ടും, നൽകുന്ന നിർദ്ദേശങ്ങളെ വിലമതിക്കാനും പ്രാവർത്തികമാക്കാനും അദ്ദേഹം കാണിച്ചിരുന്ന താല്പര്യം, വിനയം എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട്.
'ഹവന്നഫ്‌സ്' (അഹംഭാവം) എന്റെ ഇഖ്‌ലാസിനെ കീഴടക്കാൻ ശ്രമിക്കുമ്പോഴെല്ലാം എന്റെ ആത്മാവിനെ ചികിത്സിക്കാൻ ഞാൻ ഉപയോഗിച്ചിരുന്ന പാഠപുസ്തകമായിരുന്നു മർഹൂം സിറാജ് ഉസ്താദ്.
അധികാര മോഹമില്ലായ്മയുടെയും എളിമയുടെയും ആൾരൂപം. കസേരകൾക്കും പദവികൾക്കും വേണ്ടി മനുഷ്യർ പരസ്പരം പോരടിക്കുമ്പോൾ, വിനയം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ മാന്ത്രികനായിരുന്നു അദ്ദേഹം.
മദ്രസ കഴിഞ്ഞാൽ മറ്റൊരിടത്തും നിൽക്കാതെ രോഗിയായ പിതാവിനെ പരിചരിക്കാൻ ഓടിയെത്തുന്ന ആ മകൻ... കൂടെയുള്ളവരുടെ വസ്ത്രങ്ങൾ പോലും അലക്കി നൽകുന്ന ആ വലിയ മനസ്സ്... ഇതൊക്കെ ഇനി ഓർമ്മകളായി അവശേഷിക്കുന്നു.
"സിറാജ് മൗലവിയാണ്..." എന്ന് പറഞ്ഞ് ഫോണിൽ എത്തുന്ന ആ വിനീതമായ ശബ്ദം ഇനി നിലച്ചുപോയിരിക്കുന്നു.
ഏത് വഴക്കും ഒരു വാത്സല്യച്ചിരിയിൽ ഒതുക്കുമായിരുന്നു അദ്ദേഹം.
ദേഷ്യമോ വെറുപ്പോ ആ മുഖത്ത് ആരും കണ്ടിട്ടില്ല. ആരെയും വേദനിപ്പിക്കാത്ത വാക്കുകൾ, ആരോടും പരാതിയില്ലാത്ത ജീവിതം. നിശബ്ദനായി വരിക, ഏൽപ്പിച്ച ജോലി കൃത്യമായി തീർക്കുക, ആരെയും അറിയിക്കാതെ നന്മകൾ ചെയ്യുക.
എത്ര വ്യത്യസ്തമായിരുന്നു ആ ശൈലി.
"ഹസാർ ഭാരേ ഗുൽഷൻ മേം ഗുൽ ഗുലാബ് ഹോത്ത ഹേ,
ലാഖോം ചെഹ്‌രോം മേം ഏക് ഹീ ലാജവാബ് ഹോത്ത ഹേ..."
(പൂന്തോട്ടത്തിൽ ആയിരം പൂക്കളുണ്ടാകാം, പക്ഷെ റോസാപ്പൂവ് ഒന്നേയുള്ളൂ. ലക്ഷക്കണക്കിന് മുഖങ്ങൾക്കിടയിൽ പകരം വെക്കാനില്ലാത്ത ഒരേയൊരു മുഖമേയുള്ളൂ...)
അതെ, അത്തരം ഒരു മുഖമായിരുന്നു ഈരാറ്റുപേട്ട സിറാജ് ഉസ്താദിന്റേതും.
ചുട്ടുപൊള്ളുന്ന ആ വെയിലിലും ഉസ്താദിന്റെ മയ്യിത്ത് സംസ്കരണത്തിന് ഒഴുകിയെത്തിയ ആ വലിയ ജനാവലി അതിന് ഒരു സാക്ഷ്യമായിരുന്നു. ജനഹൃദയങ്ങളിലേക്ക് അദ്ദേഹം എത്രത്തോളം ആഴത്തിൽ പടർന്നിറങ്ങിയിരുന്നു എന്നതിന്റെ സാക്ഷ്യം. ആ വെയിലിന്റെ ചൂടിനേക്കാൾ വലിയതായിരുന്നു ആ ജനഹൃദയങ്ങളിലെ നോവ്. വിനയം കൊണ്ട് അദ്ദേഹം സമ്പാദിച്ച യഥാർത്ഥ നിക്ഷേപം ആ ജനങ്ങളുടെ കണ്ണുനീരായിരുന്നു.
പ്രിയപ്പെട്ട ഉസ്താദേ,
ഇനിയുള്ള മഷൂറകളിൽ ആ ഒഴിഞ്ഞ കസേര ഞങ്ങളെ നോക്കി തേങ്ങും.
നിങ്ങൾ പോയത് കേവലം മണ്ണിലേക്കല്ല, ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിലേക്കാണ്.
അധികാരത്തിന്റെ ഗർവില്ലാതെ, പരീക്ഷണങ്ങളോട് പരിഭവമില്ലാതെ വേദനകളെ പുഞ്ചിരിയോടെ നേരിട്ട് എങ്ങനെ റബ്ബിലേക്ക് മടങ്ങണമെന്ന് ജീവിതം കൊണ്ടും മരണം കൊണ്ടും നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചു.
നാഥാ... ആ പുഞ്ചിരിക്കുന്ന മുഖത്തെ നീ ആഖിറത്തിലും സന്തോഷിപ്പിക്കേണമേ.
വീഴ്ചകൾ പൊറുത്തുനൽകി, സജ്ജനങ്ങളോടൊപ്പം ജന്നത്തുൽ ഫിർദൗസിന്റെ അത്യുന്നത പദവി നൽകി അനുഗ്രഹിക്കേണമേ...
"കൗൻ കഹ്താ ഹേ കി മൗത്ത് ആയി തോ മർ ജാഊംഗാ,
മേം തോ ദരിയാ ഹൂം സമുന്ദർ മേം ഉതർ ജാഊംഗാ..."
(മരണം വന്നാൽ ഞാൻ മരിക്കുമെന്ന് ആര് പറഞ്ഞു? ഞാൻ ഒരു പുഴയാണ്, സമുദ്രത്തിലേക്കാണ് ഞാൻ ലയിച്ചു ചേരുന്നത്...)
സിറാജ് ഉസ്താദ് എന്ന പുഴയും ലയിച്ചു ചേർന്നത് അല്ലാഹുവിന്റെ അനന്തമായ കാരുണ്യത്തിന്റെ സമുദ്രത്തിലേക്കാണ്...
വിട... നിശബ്ദമായി പെയ്തുതീർന്ന ആ സ്നേഹമഴയ്ക്ക്...!!🤲
അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായ മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 ഹാജിമാർക്കുള്ള ഉപഹാരം
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹


