ദുൽഖഅ്ദ് 13/1447
മെയ് 01/2026
ലക്കം: 258
 ഉള്ളടക്കം 

▪️മുഖലിഖിതം 
ശത്രുത മനോഭാവം പുലർത്തവരോട് എങ്ങനെ വർത്തിക്കണം? 
        ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️ജുമുഅ സന്ദേശം 
ദുഃഖിതരോട്....
       ✍️ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ ഖാസിം  

▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
       ✍️ മൗലാനാ ഹിലാൽ ഉസ്മാനി 

▪️ആരിഫുല്‍ ഹദീസ് 
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
       ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
മുത്വാലഅയുടെ പ്രാധാന്യം
       ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️ഇലാ റഹ്‌മത്തില്ലാഹ്...


▪️ഗ്രന്ഥ പരിചയം 
ഹാജിമാർക്കുള്ള ഉപഹാരം
🔹🔹🔹🔹🔹🔹🔹



 മുഖലിഖിതം 

ശത്രുത മനോഭാവം പുലർത്തവരോട് എങ്ങനെ വർത്തിക്കണം?

          "സഹോദരാ സമുദായങ്ങൾ നമ്മോട് ശത്രുത പുലർത്തുകയും നമ്മെ തകർക്കാൻ പരിശ്രമിക്കുകയും ചെയ്യുമ്പോൾ നാം അവരോട് നല്ല നിലയിൽ പെരുമാറണോ എന്ന് പലരും ചോദിക്കാറുണ്ട്. നാം മനസ്സിലാക്കുക: സഹോദസമുദായത്തിൽ ശത്രുതാമനോഭാവമുള്ളവർ ഉണ്ട് എന്നുള്ളത് ശരിതന്നെ. വെറും ശത്രുതയല്ല ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇല്ലാ താക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി സ്പെയിനിന്റെയും മറ്റും ചരിത്രങ്ങൾ പഠിച്ച് പദ്ധതികൾ തയ്യാറാക്കിയവരും അവരിലുണ്ട്. എന്നാൽ അവർ വളരെ ന്യൂനപക്ഷമാണ്. മാനവികതയുടെ പ്രവർത്തനം നടത്താതിരിക്കുന്നത് അവർക്ക് ശക്തിപകരുക മാത്രമാണ് ചെയ്യുന്നത്. മാനവികതയുടെ പ്രവർത്തനം അവരിൽ പെട്ട സുമനസ്സുകളെ മാറ്റിചി ന്തിപ്പിക്കാനും നമ്മോടുള്ള ശത്രുത ഇല്ലാതാക്കാനും ഉപകരിക്കുന്നതാണ്.

ഇവിടെ ഒരു കാര്യം ഓർക്കുക, ഇസ്‌ലാം അനുവദിക്കുകയും പ്രേരിപ്പി ക്കുകയും ചെയ്തിട്ടുള്ള കാര്യമായ സഹോദര സമുദായങ്ങളുമായിട്ടുള്ള നമ്മടെ ബന്ധം വളരെ കുറവും പരിമിതവുമാണ്. നമ്മിൽ വലിയ ഒരു വിഭാഗം മസ്‌ജിദുകളിലും മദ്റസകളിലും മാത്രം ഒതുങ്ങുകയും സ്വന്തം കാര്യങ്ങൾ നോക്കുകയും ചെയ്യുന്നവരാണ്. നാടും നാട്ടുകാരുമായി ഒരു ബന്ധവും ഇല്ല. ഇത് കാരണം നാം ഒതുങ്ങുകയും തൽപ്പരകക്ഷികൾ നമ്മെ ഒതുക്കുകയും അവരുടെ ലക്ഷ്യങ്ങൾ സുഖമമായി പൂർത്തീകരി ക്കപ്പെടുകയും ചെയ്യുന്നതാണ്. വർഗ്ഗീയതയുടെ കൊടുങ്കാറ്റിന് ഇടയിൽ നമ്മുടെ ചെറിയ കോട്ടകളൊന്നും പ്രതിരോധിച്ച് നിൽക്കുന്നതല്ല എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയുക."

 ✍️മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
(സെക്രട്ടറി, ആൾ ഇന്ത്യാ പയാമെ ഇൻസാനിയത്ത് ഫോറം)

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

ദുഃഖിതരോട്....

✍️ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ ഖാസിം  
ഇമാം മസ്ജിദുന്നബവി
       
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. അവന്റെ ജീവിതകാര്യങ്ങളും കര്‍മ്മങ്ങളും സമ്പത്തും സന്താനങ്ങളും ആയുസ്സും എല്ലാം വിധിച്ചു. ഈ വിധിയിലുള്ള വിശ്വാസം ഈമാനിന്റെ ഒരു പ്രധാന ഘടകമാണ്. ഈ ലോകത്തുള്ള സകല ചലനങ്ങളും അല്ലാഹുവിന്റെ വിധിപ്രകാരം മാത്രമാണ്. 'അല്ലാഹു മരണത്തെയും ജീവിതത്തെയും പടച്ചു. നിങ്ങളില്‍ ആരാണ് സല്‍കര്‍മ്മി എന്നു പരീക്ഷിച്ചറിയാന്‍ വേണ്ടി.' (സൂറതുല്‍ മുല്‍ക്)

അല്ലാഹു ഈ ലോകത്തെ പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് നിറച്ചിരിക്കുന്നു. 'എല്ലാ മനുഷ്യരും അതിലൂടെ കടന്നുപോകേണ്ടവരാണ്. ഭയം, വിശപ്പ്, സാമ്പത്തിക - ശാരീരിക നഷ്ടങ്ങള്‍ എന്നിവയില്‍ ചിലതുകൊണ്ട് നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. സഹനശീലര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത നല്‍കുക.' (സൂറതുല്‍ ബഖറ -155)

പ്രയാസ - പ്രശ്‌നങ്ങള്‍ ഒരു അളവുകോലാണ്. സത്യവാനും വ്യാജനും അതിലൂടെ വേര്‍തിരിയും. പരീക്ഷണങ്ങളിലൂടെ മനസ്സ് ശുദ്ധീകരിക്കപ്പെടുന്നു. പ്രയാസങ്ങളിലൂടെ ഗുണവാന്മാര്‍ പ്രകടമാകും. ഇബ്‌നുല്‍ ജൗസി (റ) പ്രസ്താവിക്കുന്നു. പ്രയാസ പ്രശ്‌നങ്ങളേതുമില്ലാതെ എന്നും സുഖവും സന്തോഷവും മാത്രമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ അല്ലാഹുവിന്റെ വിധിവിലക്കുകളെക്കുറിച്ച് അറിവില്ലാത്തവനാണ്. വിശ്വാസിയാകട്ടെ, നിഷേധിയാകട്ടെ, എല്ലാവര്‍ക്കും പ്രയാസങ്ങള്‍ നേരിടേണ്ടിവരും. അനുഗ്രഹങ്ങളുടെയും പരീക്ഷണങ്ങളുടെയും അവസ്ഥകള്‍ എല്ലാവര്‍ക്കും മാറിമാറി വരുന്നതാണ്. എന്നാല്‍ സത്യവിശ്വാസിക്കുണ്ടാകുന്ന പരീക്ഷണം അവനെ സംസ്‌കരിക്കാനുള്ളതാണ്. ശിക്ഷിക്കാനുള്ളതല്ല. (അഅ്‌റാഫ്-167) 

ദു:ഖങ്ങള്‍ ചിലപ്പോള്‍ സന്തോഷങ്ങള്‍ നല്‍കും. സന്തോഷങ്ങള്‍ ചിലവേള ദു:ഖത്തിലേക്ക് വഴിമാറും. സന്തോഷ സന്ദര്‍ഭങ്ങളില്‍ ദു:ഖത്തില്‍ നിന്നും നിര്‍ഭയനാകരുത്. ദു:ഖ ഘട്ടത്തില്‍ സന്തോഷത്തിന്റെ പ്രതീക്ഷ കൈവെടിയുകയുമരുത്. നിങ്ങള്‍ വെറുക്കുന്ന കാര്യം ചിലപ്പോള്‍ നിങ്ങള്‍ക്ക് നന്മ ആയിരിക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ചിലപ്പോള്‍ നിങ്ങള്‍ക്ക് നാശമായേക്കാം. 'അല്ലാഹു അറിയുന്നവനാണ്, നിങ്ങള്‍ അറിയാത്തവരും' (ബഖറ 216), ആകയാല്‍ പ്രയാസങ്ങള്‍ സംഭവിക്കുന്നതിന് മുമ്പു തന്നെ അതിനായി ഒരുങ്ങിയിരിക്കുക. എന്നാല്‍, അത് സംഭവിക്കുമ്പോള്‍ കാര്യം എളുപ്പമാകും. ബുദ്ധിമുട്ടുകളില്‍ വെപ്രാളപ്പെടരുത്. എല്ലാ പ്രയാസങ്ങള്‍ക്കും ഒരു പരിധിയുണ്ട്. വാചകങ്ങളിലൂടെ അസ്വസ്ഥത പ്രകടിപ്പിക്കരുത്. നാവില്‍ ഉദിക്കുന്ന പല വാചകങ്ങളും മനുഷ്യനെ നാശത്തില്‍ കൊണ്ട് ചെന്നെത്തിക്കാറുണ്ട്. അടിയുറച്ച മുഅ്മിന്‍ പ്രയാസ പര്‍വ്വതങ്ങള്‍ക്ക് മുന്നില്‍ പതറുകയില്ല. പ്രയാസവേളയില്‍ മനസ്സിന് പ്രതിഫല വാര്‍ത്തകള്‍ കേള്‍പ്പിക്കുക, പരാതികള്‍ മാറിപ്പോകുന്നതാണ്.

പ്രയാസങ്ങളോടൊപ്പം ശത്രുക്കളുടെ സന്തോഷവും കൂടി വലിച്ചുകയറ്റരുത്. പ്രയാസം പ്രകടമാക്കിയാല്‍ ശത്രു സന്തോഷിക്കും. മിത്രം ദുഖിക്കും. ശത്രു സന്തോഷിക്കാതിരിക്കാന്‍ പ്രയാസ സമയത്ത് മനക്കരുത്ത് പ്രകടമാക്കലാണ് ബുദ്ധിമാന്റെ മാര്‍ഗ്ഗം. ഏതാനും ദിവസത്തെ ക്ഷമ മാത്രമാണ് . പിന്നെ ഉയര്‍ന്ന പ്രതിഫലമാണ്. 'സഹനശീലര്‍ക്ക് നാം പ്രതിഫലം നല്‍കുകതന്നെ ചെയ്യും.' (നഹ്ൽ - 96)
അവര്‍ക്ക് ഒരു പ്രതിഫലമല്ല, ഇരട്ടി പ്രതിഫലമാണ്. (ഖസസ് 54) 
എന്നല്ല, കണക്കില്ലാത്ത പ്രതിഫലമാണ് (സുമര്‍ 10) 
അല്ലാഹു അവരോടൊപ്പമാണ്. (ബഖറ 153) സഹായമവര്‍ക്കുറപ്പാണ്.

പ്രയാസം അനുഭവിക്കുന്ന സഹോദരാ, അല്ലാഹു നിനക്ക് പ്രതിഫലം നല്‍കാനാണ് നിന്നെ പരീക്ഷിക്കുന്നത്. നിന്നെ സുഖിപ്പിക്കാനാണ് പ്രയാസപ്പെടുത്തുന്നത്. നിന്നെ തിരഞ്ഞെടുക്കാനാണ് ബുദ്ധിമുട്ടിക്കുന്നത്. അനുഗ്രഹങ്ങള്‍ പരീക്ഷണങ്ങളാണ്. പരീക്ഷണം അനുഗ്രഹമാണ്. അല്ലാഹു ഏറ്റെടുത്ത കാര്യത്തെക്കുറിച്ച് വ്യാകുലപ്പെട്ട് നിന്റെ ജീവിതത്തെ പാഴാക്കരുത്. ജീവിതമുളള കാലത്തോളം ദുഃഖങ്ങളും വന്നുകൊണ്ടിരിക്കും. 'ഈ ഭൂമുഖത്തുള്ള സകല ജീവികളുടേയും ആഹാര കാര്യം അല്ലാഹു ഏറ്റിരിക്കുന്നു.' (ഹൂദ് 6) അല്ലാഹു നിനക്ക് ഒരു വഴി അടച്ചാല്‍ അതിനേക്കാള്‍ ഉത്തമമായ മാര്‍ഗ്ഗം അവന്‍ തുറന്നുതരാതിരിക്കില്ല.

പരീക്ഷണങ്ങള്‍ മഹത്വത്തെ വര്‍ദ്ധിപ്പിക്കും. സ്ഥാനങ്ങള്‍ ഉയര്‍ത്തും. സഅ്ദ് (റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ഏറ്റവും വലിയ പരീക്ഷണം ആര്‍ക്കാണ്. റസൂലുല്ലാഹി ﷺ അരുളി: നബിമാര്‍ക്ക് ശേഷം സദ്‌വൃത്തര്‍ക്ക്, അതിനുശേഷം അവരോട് അടുത്തവര്‍ക്ക്, ഓരോരുത്തരുടേയും ദീനിന് അനുസരിച്ച് പരീക്ഷിക്കപ്പെടും. ഒരു മുഅ്മിന്‍ പാപങ്ങളൊന്നും ഇല്ലാത്തവനാകും വരെ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. (ബുഖാരി)

ആദം (അ) പരീക്ഷണത്തില്‍ ക്ഷീണിച്ചു. ഇബ്‌റാഹീം (അ) അഗ്‌നിയില്‍ എറിയപ്പെട്ടു. ഇസ്മാഈല്‍ (അ) അറുക്കാന്‍ കിടത്തപ്പെട്ടു. യൂനുസ് (അ) മത്സ്യത്തിന്റെ വയറ്റിലെത്തി. അയ്യൂബ് (അ) രോഗപീഢ അനുഭവിച്ചു. യൂസുഫ് (അ) കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെട്ടു. പാപമൊന്നും ചെയ്യാതെ കിണറ്റിലും തടവറയിലും കിടന്നു. നമ്മുടെ നബി മുഹമ്മദ് മുസ്തഫ ﷺ പലതരം പ്രയാസങ്ങള്‍ സഹിച്ചു. ദുഃഖിതനായ സഹോദരാ, താങ്കള്‍ അവരുടെ പാതയിലാണ്. അല്ലാഹു നന്മയുദ്ദേശിക്കുന്നവനെ പരീക്ഷിക്കുന്നതാണ് (ബുഖാരി).

സ്വര്‍ഗ്ഗത്തിലേക്ക് സഞ്ചരിക്കുന്നവന് പരീക്ഷണം ഉറപ്പാണ്. പരീക്ഷണം ഒരിക്കലും നാശമല്ല. ദീനില്ലാതാക്കുന്നത് മാത്രമാണ് നാശം. പ്രതിഫലം നഷ്ടപ്പെടുന്നവനാണ് ഭാഗ്യഹീനന്‍. പരീക്ഷണങ്ങള്‍ മുഴുവന്‍ സ്ഥാനസമുന്നതിക്കുള്ളതും പാപമോചനത്തിനുള്ളതുമാണ്. ദുന്‍യാവ് നഷ്ടപ്പെട്ടതില്‍ നീ ഒരിക്കലും വ്യസനിക്കരുത്. ദുന്‍യാവ് തന്നെ വ്യസനസങ്കേതമാണ്. അതുമായി ബന്ധപ്പെടുന്നവരെല്ലാം ബന്ധത്തിനനുസരിച്ച് വ്യസനിക്കുന്നവരാണ്. അതിന്റെ സുഖങ്ങള്‍ വേദനകളെ പ്രസവിക്കും. സന്തോഷങ്ങള്‍ വേദനകളെ അവശേഷിപ്പിക്കും. അബുദ്ദര്‍ദാഅ് (റ) പ്രസ്താവിക്കുന്നു: പാപം ചെയ്യപ്പെടുന്ന സ്ഥലം എന്നതുതന്നെ ദുന്‍യാവിന്റെ നിസ്സാരതയ്ക്ക് തെളിവാണ്. അതുകൊണ്ട് നിങ്ങള്‍ പ്രയോജനകരമായ കാര്യങ്ങളില്‍ മുഴുകുക. നഷ്ടപ്പെട്ടുപോയ നന്മകള്‍ ചെയ്യാനും വീഴ്ച്ചകള്‍ പരിഹരിക്കാനും ലോക രക്ഷിതാവിന്റെ മുന്നില്‍ നിന്ന് സഹായമിരക്കാനും ശ്രദ്ധിക്കുക. പ്രയാസങ്ങള്‍ ഉടനെ തീരുമെന്ന് ഓര്‍ക്കുക. പ്രയാസത്തിന്റെ വേദനയിലാണ് സ്വസ്ഥതയുടെ അരുണോദയം. ജനങ്ങളുടെ കൈകളില്‍ നിന്നും തീര്‍ത്തും നിരാശ്രയനാവുക, എങ്കിൽ നീ ഏറ്റവും വലിയ സമ്പന്നനാകും. രക്ഷിതാവിനോട് നിരാശപ്പെടരുത്, നിന്ദ്യത പേറേണ്ടിവരും, നിന്റെ മേലുള്ള അനുഗ്രഹങ്ങളുടെ ആധിക്യം അനുസ്മരിക്കുക, വിധിയിലുള്ള സംതൃപ്തികൊണ്ട് ദുഃഖത്തെ ദൂരീകരിക്കുക. രാത്രിയുടെ ദൈര്‍ഘ്യം പ്രഭാത കിരണങ്ങളിലേക്കുള്ള സൂചനയാണ്. ദുഃഖത്തിന്റെ അന്ത്യം സന്തോഷത്തിന്റെ ആരംഭമാണ്. കാലം എന്നും ഒരേ അവസ്ഥയിലായിരിക്കില്ല. എല്ലാ പ്രയാസങ്ങള്‍ക്കുശേഷവും എളുപ്പമുണ്ട്. അല്ലാഹുവിലേക്ക് വിനയാന്വിതനാവുക. എന്നാല്‍, അവന്‍ വേഗത്തില്‍ ആശ്വാസം കനിയും. സഹനതയുടെ പാനപാത്രം കുടിച്ചിറക്കുന്ന വിശ്വാസിയുടെ മോചനം തൊട്ടടുത്താണ്.
യഅ്ഖൂബ് (അ) ന് ഒരു മകന്‍ നഷ്ടപ്പെട്ടിട്ടും നിരാശ ബാധിച്ചില്ല. മറ്റൊരു മകനെക്കൂടി നഷ്ടപ്പെട്ടപ്പോഴും ഏകനാഥനില്‍ നിന്നും പ്രതീക്ഷ മുറിഞ്ഞില്ല. ''അല്ലാഹു അവര്‍ ഇരുവരേയും കൊണ്ട് വന്നേയ്ക്കും'' എന്ന് പറഞ്ഞ് ആശ്വസിച്ചു.

 സര്‍വ്വസ്തുതിയും ഏകനായ രക്ഷിതാവിനുമാത്രം! പരാതികളെല്ലാം അവനിലേക്കുതന്നെ. പ്രയാസങ്ങളും പ്രശ്‌നങ്ങളും മാറ്റാന്‍ അവനല്ലാത്തവരെ പ്രതീക്ഷിക്കരുത്. ദിനങ്ങളിലെ പ്രശ്‌നങ്ങള്‍ നിങ്ങളെ കടിച്ചുകീറിയാല്‍, രാത്രിയുടെ കാളിമ നിങ്ങള്‍ക്കുനേരെ തള്ളിക്കയറിയാല്‍ നിങ്ങളുടെ വിറയാര്‍ന്ന കൈകള്‍ ഔദാര്യവാനായ അല്ലാഹുവിലേക്ക് ഉയര്‍ത്തുക. പ്രതീക്ഷയോടെയും ഹൃദയ സാന്നിദ്ധ്യത്തോടെയും പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു അത് സ്വീകരിക്കും. 'ഗതിമുട്ടിയവന്‍ വിളിക്കുമ്പോള്‍ അതിന് ഉത്തരം നല്‍കുകയും പ്രയാസം ദൂരീകരിക്കുകയും ചെയ്യുന്നവനാരാണ്?' (നംല് - 62)

സര്‍വ്വശക്തനില്‍ ഭരമേല്‍പിക്കുക. വിനയം നിറഞ്ഞ മനസ്സോടെ അവനെ സമീപിക്കുക. കരുണയുടെ കവാടം തുറക്കപ്പെടുക തന്നെ ചെയ്യും. ഫുദൈല്‍ ഇബ്‌നു ഇയാദ് (റ) പ്രസ്താവിക്കുന്നു. സൃഷ്ടികളില്‍ നിന്നും തീര്‍ത്തും നിരാശപ്പെടുകയും അവരില്‍ നിന്നും ഒന്നും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ നീ ആഗ്രഹിക്കുന്നതെല്ലാം നിന്റെ നാഥന്‍ നിനക്ക് നല്‍കുന്നതാണ്. ഇബ്‌റാഹീം (അ) ഇണയേയും മകനേയും മലഞ്ചെരുവില്‍ ഉപേക്ഷിച്ചപ്പോഴും, യൂനുസ് (അ) മത്സ്യത്തിന്റെ വായില്‍ നിന്നും കരയിലെത്തിയപ്പോഴും അല്ലാഹുവിനോട് അര്‍ത്ഥിച്ചു. അവരുടെ വിളികളൊന്നും പാഴായില്ല. 
യൂനുസ് (അ) ന്റെ പ്രാര്‍ത്ഥന ഏതെങ്കിലുമൊരു ദുഃഖിതന്‍ പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു അവന്റെ ദുഃഖം ദൂരീകരിക്കുന്നതാണ്. ഇബ്‌നു ഖയ്യിം (റ) പറയുന്നു. അയ്യൂബ് (അ)ന്റെ ദുആ (لا الله الا انت سبحانك اني كنت من الظالمين ) ഏഴു പ്രാവശ്യം ഓതിയാല്‍ അല്ലാഹു പ്രയാസങ്ങള്‍ മാറ്റിയതായി ധാരാളം അനുഭവങ്ങളുണ്ട്.

ചുരുക്കത്തില്‍, അല്ലാഹുവിന് മുമ്പാകെ കുനിയുക . പ്രതീക്ഷകള്‍ അവനോട് ബന്ധിപ്പിക്കുക. മോചനത്തിനും ആശ്വാസത്തിനും അപേക്ഷിക്കുക. ദുആ സ്വീകരിക്കപ്പെടുന്ന സമയങ്ങള്‍ ശ്രദ്ധിക്കുക. പരീക്ഷണകാലം നീളുന്നതിനാല്‍ ദുആകള്‍ നിര്‍ത്തരുത്. നിങ്ങള്‍ക്ക് വല്ല ബുദ്ധിമുട്ടുകളും അല്ലാഹു നല്‍കിയാല്‍ അവനല്ലാതെ മറ്റാര്‍ക്കും അത് ദൂരീകരിക്കുവാന്‍ കഴിയില്ല. സകരിയ്യ (അ) യുടെ വാര്‍ദ്ധക്യകാലത്ത് ഉത്തമ നബിയെ മകനായി നല്‍കി.
പ്രശ്‌നങ്ങള്‍ ദൂരീകരിക്കപ്പെട്ടാല്‍ അല്ലാഹുവിനോടുള്ള സ്തുതി കീര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക. സന്തോഷത്തിലുള്ള അഹങ്കാരം ഏറ്റവും വലിയ പരീക്ഷണമാണ്. ശിക്ഷ പിന്തിയാലും അഹങ്കാരി വലിയ നാശത്തിലാണ്. തഖ്‌വയാണ് വിജയമുദ്ര. സമ്പന്നന് തഖ്‌വ അലങ്കാരമാണ്. ദരിദ്രനെ തഖ്‌വ സമ്പന്നനാക്കും. പരീക്ഷണത്തില്‍ ആശ്വാസം നല്‍കും. ആകയാല്‍ ഏതവസ്ഥയിലും തഖ്‌വ ഉള്ളവരാകുക. എന്നാല്‍, രോഗത്തില്‍ സൗഖ്യവും ദാരിദ്ര്യത്തില്‍ സമ്പന്നതയും ലഭിക്കും. വിധിയെ മാറ്റാനോ വിധിക്കപ്പെടുന്നത് തടയാനോ തന്ത്രങ്ങളൊന്നുമില്ല. സംതൃപ്തിയും അല്ലാഹുവില്‍ ഭരം ഏല്പിക്കലും വിധിയുടെ ചിറകുകളായി ആശ്വാസമരുളും. നാം നമ്മെക്കുറിച്ച് തന്ത്രങ്ങള്‍ ഒരുക്കുന്നതിനേക്കാള്‍ ഉത്തമം അല്ലാഹു നമ്മുടെ കാര്യങ്ങള്‍ നോക്കി നടത്തലാണ്. അല്ലാഹു നമ്മോട് നമ്മെക്കാള്‍ കരുണയുള്ളവനാണ്.

ദാവൂദ് (റ) പ്രസ്താവിക്കുന്നു: മൂന്നു കാര്യങ്ങള്‍ തഖ്‌വ ഉണ്ടെന്നതിന്റെ തെളിവാണ്. ലഭിക്കാത്തതില്‍ ഭരം ഏല്‍പിക്കുക. ലഭിച്ചതില്‍ തൃപ്തിപ്പെടുക. നഷ്ടപ്പെട്ടതില്‍ ക്ഷമിക്കുക. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തനായവന്‍ സ്തുതിക്കപ്പെടും! അതൃപ്തനായവന്‍ നിന്ദിക്കപ്പെടും. ശുറയ്ഹ് (റ) പ്രസ്താവിക്കുന്നു: ഓരോ ഭൗതിക നഷ്ടത്തിലും മൂന്ന് അനുഗ്രഹങ്ങള്‍ ഉണ്ട്. ഒന്ന്; ദീന്‍ നഷ്ടപ്പെട്ടില്ലല്ലോ! രണ്ട്; ഇതിനേക്കാള്‍ വലുതായില്ലല്ലോ! മൂന്ന്; സംഭവിക്കാനുള്ളത് സംഭവിച്ചല്ലോ!
മഹോന്നതനായ അല്ലാഹു, നാം ഏവരുടേയും പ്രയാസം മാറ്റിത്തരട്ടെ! ദുഃഖം ദൂരീകരിക്കട്ടെ! നഷ്ടം പരിഹരിക്കട്ടെ! നഷ്ടപ്പെട്ടതിനേക്കാള്‍ ഉത്തമമായത് പകരം നല്കട്ടെ! അതുമൂലം ഇരുലോകത്തും സ്ഥാനങ്ങള്‍ ഉയര്‍ത്തട്ടെ!

🔹🔹🔹🔹🔹🔹🔹

പരിശുദ്ധ ഖുർആൻ പ്രകാശം

സൂറത്തുല്‍ ബഖറ

✍️ മൗലാനാ ഹിലാൽ ഉസ്മാനി

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

ആയത്ത് 15-21
ٱللَّهُ يَسۡتَهۡزِئُ بِهِمۡ وَيَمُدُّهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ۝
അല്ലാഹുവും അവരെ പരിഹസിക്കുന്നതാണ്. അവരുടെ വഴികേടിൽ പരിഭ്രമിച്ച് നട്ടം തിരിയുന്ന നിലയിൽ അല്ലാഹു അവരെ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നതാണ്.

15. പടച്ചവന്‍ ശിക്ഷ പിന്തിക്കാമെങ്കിലും തെറ്റിക്കുന്നതല്ല!
            കപടന്മാര്‍ കളിയാക്കട്ടെ, എന്നാല്‍ ഒന്ന് ഓര്‍ക്കുക: അവരുടെ പരിഹാസം അവര്‍ക്ക് തന്നെ എതിരായിട്ടുള്ളതാണ്. പടച്ചവന്‍ ഉടനടി ശിക്ഷിക്കാത്തതില്‍ അവര്‍ വഞ്ചിതരാകേണ്ടതില്ല. പടച്ചവന്‍ തന്ത്രജ്ഞതയുടെ പേരില്‍ ശിക്ഷയെ അല്‍പ്പ സമയത്തേക്ക് പിന്തിക്കുകയാണ് യഥാസമയത്ത് പടച്ചവന്‍ അവരെ പിടികൂടുന്നതാണ്. ഈ ആയത്തില്‍ അല്ലാഹു അവരെ പരിഹസിക്കുന്നു എന്ന് പറഞ്ഞത് അവരുടെ പരിഹാസത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന് പകരമെന്നോണമാണ്. ഖുര്‍ആനില്‍ തന്നെ മറ്റൊരു സ്ഥലത്ത് അക്രമത്തിന്റെ ഫലം അതുപോലുള്ള അക്രമമാണെന്ന് പറഞ്ഞിട്ടുണ്ട്. അക്രമത്തിന് തിരിച്ചടി കൊടുക്കുന്നത് അക്രമമല്ലായെന്ന കാര്യം വ്യക്തമാണ്. ഇപ്രകാരം അല്ലാഹു അവരെ പരിഹസിക്കുന്നു എന്ന് പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശം അവരുടെ പരിഹാസത്തിന് ശിക്ഷ കൊടുക്കലാണ്. അല്ലാതെ തിരിച്ച് പരിഹസിക്കലല്ല.

أُوْلَٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلضَّلَٰلَةَ بِٱلۡهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمۡ وَمَا كَانُواْ مُهۡتَدِينَ ۝ 
സൻമാർഗ്ഗത്തിനു പകരമായി വഴികേടിനെ തിരഞ്ഞെടുത്തവരാണ് ഇക്കൂട്ടർ. എന്നാൽ, ഈ കച്ചവടം അവർക്ക് ലാഭകരമായില്ല. അവർ ശരിയായ വഴിയിൽ സഞ്ചരിച്ചതുമില്ല. 

16. കപടന്മാരുടെ കച്ചവടം നഷ്ടം തന്നെ! 
            അതെ, അവര്‍ വഴികേടിനെ തിരഞ്ഞെടുക്കുകയും ജീവിതമാകുന്ന അമൂല്യ വില നല്‍കി നിന്ദ്യമായ ചരക്ക് വാങ്ങുകയും ചെയ്തു. തരംതാഴ്ന്ന വസ്തുക്കള്‍ വാങ്ങിയ ആരെങ്കിലും താന്‍ വിജയിയാണെന്ന് വിചാരിക്കുമോ? ഇത്തരം കച്ചവടങ്ങള്‍ ലാഭകരമാകുന്നത് പോകട്ടെ, സ്വന്തം മൂലധനം പോലും നഷ്ടപ്പെടുത്തുന്നതാണ്.

مَثَلُهُمۡ كَمَثَلِ ٱلَّذِي ٱسۡتَوۡقَدَ نَارٗا فَلَمَّآ أَضَآءَتۡ مَا حَوۡلَهُۥ ذَهَبَ ٱللَّهُ بِنُورِهِمۡ وَتَرَكَهُمۡ فِي ظُلُمَٰتٖ لَّا يُبۡصِرُونَ ۝ 
അവരുടെ ഉപമ ഒരാളെ പോലെയാണ്. അദ്ദേഹം ഒരിടത്ത് തീ കത്തിച്ചു. ആ തീ അദ്ദേഹത്തിനു ചുറ്റും പ്രകാശം പരത്തിയപ്പോൾ അല്ലാഹു അവരുടെ തീ കെടുത്തുകയും ഒന്നും കാണാനാവാതെ ഇരുട്ടിൽ അവരെ അകപ്പെടുത്തുകയും ചെയ്തു.

17. സന്മാര്‍ഗ്ഗം അടിച്ചേല്‍പ്പിക്കപ്പെടുന്നതല്ല!
              കപടവിശ്വാസികളുടെ ഉദാഹരണം മനസ്സിലാക്കുക: അല്ലാഹുവിന്റെ ഒരു ദാസന്‍ തീ കത്തിച്ച് പരിസരം പ്രകാശിപ്പിച്ചു. സത്യാസത്യങ്ങള്‍ വിവേചിച്ച് കാണിച്ച് തന്നു. സന്മാര്‍ഗ്ഗവും ദുര്‍മാര്‍ഗ്ഗവും വ്യക്തമാക്കി. സന്മാര്‍ഗ്ഗത്തിന്റെ സകല വഴികളും തുറന്ന് കൊടുത്തു. അല്‍പ്പമെങ്കിലും ആഗ്രമുള്ളവര്‍ക്കെല്ലാം സത്യത്തെ സ്വീകരിക്കാന്‍ പറ്റുന്ന നിലയിലാക്കി. പക്ഷേ, മനസ്സിനെ പൂജിക്കുന്ന അന്ധനായ കപടന്‍ സന്മാര്‍ഗ്ഗം തിരഞ്ഞെടുത്തില്ല. എന്നാല്‍ അല്ലാഹു സന്മാര്‍ഗ്ഗം ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നതുമല്ല. അവര്‍ സ്വയം സന്മാര്‍ഗ്ഗത്തെ ഉപേക്ഷിച്ച് അസത്യത്തിന്റെ ഇരുളുകളെ പുണര്‍ന്നപ്പോള്‍ അവര്‍ അങ്ങനെ തന്നെ നീങ്ങട്ടെ എന്ന് അല്ലാഹുവും തീരുമാനിച്ചു. സത്യത്തെ ആഗ്രഹമില്ലാത്തവരില്‍ നിന്നും പടച്ചവന്‍ ഉള്‍ക്കാഴ്ച എടുത്ത് മാറ്റുന്നതാണ്. 

صُمُّۢ بُكۡمٌ عُمۡيٞ فَهُمۡ لَا يَرۡجِعُونَ ۝ 
അവർ ബധിരരും ഊമകളും അന്ധരുമാണ്. ഇനി അവർ(സന്മാർഗത്തിലേക്ക്) മടങ്ങുകയില്ല.

18. കപടന്മാര്‍ സത്യത്തിന്റെ വിഷയത്തില്‍ അന്ധരും ബധിരരും മൂകരുമാണ്!.
       ഇസ്‌ലാമിന്റെ വിഷയത്തില്‍ കപടന്മാര്‍ എല്ലാവരും ഒരുപോലെയല്ല. ചിലര്‍ സത്യം സ്വീകരിക്കാന്‍ അല്‍പ്പവും തയ്യാറല്ലായിരുന്നു. അവര്‍ക്ക് കാതുണ്ടെങ്കിലും സത്യം സ്വീകരിച്ചിരുന്നില്ല. നാവുണ്ടെങ്കിലും സത്യം സമ്മതിച്ചിരുന്നില്ല. കണ്ണുണ്ടെങ്കിലും സത്യം കണ്ടിരുന്നില്ല. ഈ വിഭാഗം നിഷേധത്തില്‍ വളരെ കഠിനമായിരുന്നു. കഴിഞ്ഞ ഉദാഹരണം അവരെക്കുറിച്ചുള്ളതാണ്. അതെ, മുഹമ്മദീ നുബുവ്വത്തിന്റെ പ്രകാശം അവരുടെ മുന്നില്‍ മദ്യാഹ്ന സൂര്യനെപ്പോലെ പ്രകാശിച്ചിട്ടും അവര്‍ ആ പ്രകാശത്തെ അല്‍പ്പം പോലും പ്രയോജനപ്പെടുത്തിയില്ല.  

  أَوۡ كَصَيِّبٖ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٞ وَرَعۡدٞ وَبَرۡقٞ يَجۡعَلُونَ أَصَٰبِعَهُمۡ فِيٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلۡمَوۡتِۚ وَٱللَّهُ مُحِيطُۢ بِٱلۡكَٰفِرِينَ ۝
അല്ലെങ്കിൽ അവരുടെ ഉപമ ആകാശ ഭാഗത്തു നിന്നും പെയ്യുന്ന പേമാരി പോലെയാണ്. അതിൽ ഇരുളുകളും ഇടിമിന്നലുകളുമുണ്ട്. (ഈ മഴക്കിടയിലൂടെ നടക്കുന്നവർ) ഇടിയുടെ ഭയങ്കര മുഴക്കം കാരണം മരണത്തെ ഭയന്ന് വിരൽ അവരുടെ ചെവിയിൽ തിരുകി കയറ്റുന്നു. അല്ലാഹു എപ്പോഴും നിഷേധികളെ വലയം ചെയ്തിരിക്കുന്നു. 

19. വിശ്വാസത്തിലെ ബലഹീനത അപകടകരമാണ്!
            അല്ലാഹു അവതരിപ്പിച്ച സത്യസന്മാര്‍ഗ്ഗം മാനവരാശിയെ സംബന്ധിച്ചിടത്തോളം ശക്തമായ മഴപോലെയാണ്. മഴയ്ക്കിടയില്‍ ഇടിയും മിന്നലും ഉണ്ടാകുന്നത് പോലെ സത്യത്തിന്റെ സരണിയില്‍ അസത്യവുമായി പ്രശ്‌നങ്ങള്‍ അരങ്ങേറുന്നതാണ്. സത്യവിശ്വാസി ഈ പ്രയാസ പ്രശ്‌നങ്ങളെ സത്യവിശ്വാസത്തിന്റെ മന:ക്കരുത്ത് കൊണ്ട് നേരിടുന്നതാണ്. മരണത്തില്‍ നിന്നും ഭയക്കുന്നവര്‍ ചെവിയില്‍ വിരലുകള്‍ വെക്കുന്നതുപോലെ പ്രയാസ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുക സാധ്യമല്ല. അല്ലാഹുവിന്റെ ദീന്‍ സര്‍വ്വജ്ഞനും സര്‍വ്വ ശക്തനുമായ പടച്ചവന്റെ സന്ദേശമാണ്. സത്യത്തെ നിഷേധിക്കുന്നവര്‍ ഒരിക്കലും രക്ഷപ്പെടുന്നതല്ല. വിശ്വാസത്തിലെ ബലഹീനത ചിലപ്പോള്‍ അപകടത്തില്‍ ചാടിക്കുന്നതാണ്.  

 يَكَادُ ٱلۡبَرۡقُ يَخۡطَفُ أَبۡصَٰرَهُمۡۖ كُلَّمَآ أَضَآءَ لَهُم مَّشَوۡاْ فِيهِ وَإِذَآ أَظۡلَمَ عَلَيۡهِمۡ قَامُواْۚ وَلَوۡ شَآءَ ٱللَّهُ لَذَهَبَ بِسَمۡعِهِمۡ وَأَبۡصَٰرِهِمۡۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِير ۝ 
അവരുടെ കാഴ്ചകളെ നശിപ്പിച്ചു കളയുമാറ് കടുപ്പമാണ് മിന്നൽപ്പിണർ. അത് അവർക്കു വെളിച്ചം നൽകുമ്പോഴെല്ലാം അവർ ആ വെളിച്ചത്തിൽ നടക്കും. ഇരുട്ടാകുമ്പോൾ നിന്നുപോകും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ കേൾവിയും കാഴ്ചയും പരിപൂർണ്ണമായി നശിപ്പിച്ചു കളയുമായിരുന്നു. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.  

20. കപടന്‍ ഭയന്ന് പിന്നോട്ട് നടക്കുന്നവരാണ്!
         ഇവിടെ കപടന്മാരുടെ മറ്റൊരു വിഭാഗത്തെ അനുസ്മരിക്കുകയാണ്: അവര്‍ മുസ്‌ലിംകളുടെ വിജയ മുന്നേറ്റങ്ങള്‍ കാണുമ്പോള്‍ അവരോടൊപ്പം ഒന്നുരണ്ട് ചുവടുകള്‍ മുന്നോട്ട് വെക്കുന്നു. എന്നാല്‍, അല്ലാഹുവിന്റെ ഭാഗത്ത് നിന്നും പരീക്ഷണ പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ പിന്നിലേക്ക് വലിയുന്നു. അവര്‍ സത്യത്തിലേക്ക് വരുന്നത് ഭൗതിക താല്‍പ്പര്യത്തിന്റെ പേരിലാണ്. പിന്നിലേക്ക് പോകുന്നതും ഭൗതിക വസ്തുക്കള്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്നതിനാലാണ്. ആത്മാര്‍ത്ഥയില്ലാതിരിക്കുകയും സംശയങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നവര്‍ എന്നും ഈ ശൈലി സ്വീകരിക്കുന്നതാണ്.

يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ ۝
ജനങ്ങളേ, നിങ്ങളെയും നിങ്ങൾക്കു മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക. നിങ്ങൾ ഭയഭക്തരാകുന്നതാണ്.

21. നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച പടച്ചവനെ ആരാധിക്കുക! 
                ഭയഭക്തന്‍, നിഷേധി, കപടന്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ആയത്തുകളില്‍ വിവരിക്കപ്പെട്ടത്. ശേഷം മൂന്ന് വിഭാഗത്തെയും സംബോധന ചെയ്തുകൊണ്ട് ജീവിതം മുഴുവന്‍ പടച്ചവന്റെ അടിമത്വത്തിലായി കഴിച്ച് കൂട്ടാന്‍ ഉപദേശിക്കുകയാണ്. അതെ, അല്ലാഹു നിഷേധികളെയും കപടന്മാരെയും വിമർശിച്ചത് അവരും മറ്റുള്ളവരും തെറ്റുകൾ തിരുത്തി നന്നാവാനാണ്. അന്ധമായി വിമർശിക്കാനോ നിന്ദിക്കാനോ അല്ല. അതുകൊണ്ട് അതിന് ശേഷം അല്ലാഹു സ്നേഹത്തോടെ ക്ഷണിക്കുന്നു: ജീവിതം മുഴുവന്‍ പരിപൂര്‍ണ്ണ മനസ്സോടെ പടച്ചവനെ ആരാധിക്കുകയും അനുസരിക്കുകയും വിധിവിലക്കുകള്‍ മാനിക്കുകയും പാലിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ പാപങ്ങളില്‍ നിന്നും പടച്ചവന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതാണ്. അല്ലാഹു നിങ്ങളുടെയും മുന്‍ഗാമികളായ മുഴുവന്‍ മനുഷ്യരുടെയും സര്‍വ്വ ചരാചരങ്ങളുടെയും പടച്ചവനും പരിപാലകനുമാണ്. സര്‍വ്വവിധ ആരാധനകള്‍ക്കും അര്‍ഹന്‍ അല്ലാഹു മാത്രമാണ്. അല്ലാഹുവേ, തൗഹീദിനെ കുറിച്ചുള്ള അറിവ് ഞങ്ങൾക്ക് നൽകേണമേ..
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

180. ​സിർറ് ഇബ്നു ഹുബൈഷ് (റ) പറയുന്നു: അലിയ്യ് (റ) പ്രസ്താവിച്ചു: "ധാന്യത്തെ പൊട്ടിച്ച് മുളപ്പിക്കുകയും ജീവികളെ സൃഷ്ടിക്കുകയും ചെയ്ത അല്ലാഹുവാണെ സത്യം, ഉമ്മിയ്യായ പ്രവാചകൻ എന്നോട് പ്രത്യേകമായ നിലയിൽ അറിയിച്ചു; സത്യസന്ധനായ വിശ്വാസി മാത്രമേ എന്നെ സ്നേഹിക്കുകയുള്ളൂ, കപടവിശ്വാസി എന്നോട് കോപം പുലർത്തുന്നതാണ്." (മുസ്‌ലിം)

വിവരണം: തീർച്ചയായും അലിയ്യുൽ മുർതളാ (റ) അല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങൾക്ക് അർഹനാവുകയും നിരവധി മഹത്വങ്ങൾ നൽകപ്പെടുകയും ചെയ്ത വ്യക്തിത്വമാണ്. ഉദാഹരണത്തിന് റസൂലുല്ലാഹി ﷺയുടെ പ്രബോധനം സ്വീകരിച്ച് ഏറ്റവും ആദ്യമായി ഇസ്ലാം സ്വീകരിച്ചവരിൽ പെട്ടു. റസൂലുല്ലാഹി ﷺയുടെ പിതൃവ്യ പുത്രനായിരുന്നു. റസൂലുല്ലാഹി ﷺ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. പ്രിയപ്പെട്ട മകൾ ഫാത്തിമത്തുസ്സഹ്‌റാ (റ)യെ വിവാഹം കഴിച്ചു കൊടുത്തു. റസൂലുല്ലാഹി (റ)യുടെ അധികം പോരാട്ട യാത്രകളിലും കൂട്ടത്തിലുണ്ടായിരുന്നു. പല പോരാട്ട ഘട്ടങ്ങളിലും ജീവൻ പണയപ്പെടുത്തിക്കൊണ്ട് വലിയ സേവനങ്ങൾ കാഴ്ചവെച്ചു. വിശിഷ്യാ ഖൈബർ പോരാട്ടത്തിൽ അല്ലാഹുവിനോടുള്ള സ്നേഹവും അല്ലാഹു അദ്ദേഹത്തോട് പുലർത്തുന്ന സ്നേഹവും റസൂലുല്ലാഹി ﷺ പ്രസ്താവിച്ചു.

ചുരുക്കത്തിൽ, ഇങ്ങനെയുള്ള ധാരാളം മഹത്വങ്ങൾ ഉള്ളതിന്റെ പേരിൽ ഓരോ സത്യവിശ്വാസിയും അദ്ദേഹത്തെ സ്നേഹിക്കേണ്ടതാണ്. അദ്ദേഹത്തോട് വെറുപ്പും വിദ്വേഷവും പുലർത്തുന്നവർ തീർച്ചയായും സത്യവിശ്വാസത്തിന്റെ യാഥാർത്ഥ്യം നഷ്ടപ്പെടുകയും കാപട്യത്തിന്റെ രോഗത്തിൽ അകപ്പെടുകയും ചെയ്തവരാണ്.
​എന്നാൽ ഇവിടെ ഒരു കാര്യം ഓർക്കുക, ഈ ഹദീസിൽ പറയപ്പെട്ട സ്നേഹം കൊണ്ടുള്ള ഉദ്ദേശം അല്ലാഹുവും റസൂലും അംഗീകരിക്കുകയും ശരീഅത്തിന്റെ പരിധിക്കുള്ളിൽ നിലയുറപ്പിക്കുകയും ചെയ്ത സ്നേഹമാണ്. അതെ, അലിയ്യ് (റ)നോട് സ്നേഹം വാദിക്കുന്നവരിൽ ഏറ്റവും മുൻപന്തിയിലുള്ളത് അദ്ദേഹത്തെ ദൈവമായി അംഗീകരിക്കുകയും അംഗീകരിക്കുന്നവരാണ്. രണ്ടാം സ്ഥാനത്തുള്ളവർ അദ്ദേഹത്തിന് പ്രവാചകത്വത്തിന്റെ അർഹതയുണ്ടായിരുന്നു എന്നും, ജിബ്‌രീൽ (അ) അദ്ദേഹത്തിലേക്കാണ് പോയതെങ്കിലും തെറ്റുപറ്റി മുഹമ്മദ് ഇബ്നു അബ്ദില്ലായുടെ അരികിൽ എത്തിയതാണെന്നും വാദിക്കുന്നവരാണ്. അതുപോലെ അദ്ദേഹത്തോടുള്ള സ്നേഹം വാദിക്കുന്ന ശീഇകളിലെ ഇസ്മായിലിയ്യ, നുസൈരിയ്യ മുതലായ വിഭാഗങ്ങൾ വിഭാഗങ്ങളുടെ വിശ്വാസം, അലിയ്യ് (റ) പടച്ചവന്റെ പ്രതിരൂപമാണെന്നും പടച്ചവന്റെ ഗുണവിശേഷണങ്ങൾ ഉൾക്കൊണ്ടവരാണെന്നുമാണ്.
​ശീഈ ഇസ്നാ അശരി വിഭാഗം, അലിയ്യ് (റ)വിന്റെ പരമ്പരയിൽ പെട്ട 12 ഇമാമുകൾ പാപമുക്തരും അനുസരണ നിർബന്ധമായവരും മുഴുവൻ നബിമാരുടെ മഹത്വങ്ങളെക്കാളും ഔന്നിത്യം പ്രാപിച്ചവരും വഹ്‌യ് നൽകപ്പെടുന്നവരും പ്രപഞ്ചത്തിന്റെ അധികാരികളാണെന്നും വിശ്വസിക്കുന്നു. ഇത്തരം വിശ്വാസങ്ങൾ നസ്രാണികൾ ഈസാ (അ)യുടെ വിഷയത്തിൽ നടത്തുന്നു പുലർത്തുന്നുണ്ട്. തൽഫലമായി അവർ ബഹുദൈവാരാധകരായി മാറിയിരിക്കുന്നു.

ചുരുക്കത്തിൽ, അലിയ്യ് (റ)നെ ഇപ്രകാരം സ്നേഹിക്കുന്ന വിഭാഗങ്ങൾ പടച്ചവന്റെ ദൈവികതയിലും റസൂലുല്ലാഹി ﷺയുടെ പ്രവാചകത്വത്തിലും പങ്കുചേർത്തവരാണ്. അലിയ്യ് (റ) ഇത്തരം ആളുകളിൽ നിന്നും പരിപൂർണ്ണമായി ഒഴിവാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും അരികിൽ സ്വീകാര്യമായ നിലയിൽ അലിയ്യ് (റ)നോടും അദ്ദേഹത്തിന്റെ സമുന്നത സന്താനങ്ങളോടും യഥാർത്ഥ സ്‌നേഹം പുലർത്തുന്നത് അഹ്‌ലുസ്സുന്ന വൽ ജമാഅത്ത് തന്നെയാണ്.

​ഈ ഹദീസിൽ അലിയ്യ് (റ)നോട് കോപം പുലർത്തുന്നവരെ കപടൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇതുകൊണ്ടുള്ള വിവക്ഷ ഖവാരിജ്, നാസിബീ വിഭാഗങ്ങളാണ്. ഈ രണ്ട് വിഭാഗങ്ങൾ അലിയ്യ് (റ)ന്റെ മേൽ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും, അദ്ദേഹം ഖുർആനിൽ നിന്നും മുഖം തിരിച്ച വ്യക്തിയാണെന്ന് വാദിക്കുകയും വഴികെട്ട ആളാണെന്ന് ചിത്രീകരിക്കുകയും ചെയ്യുന്നു. ഇവരിൽ പെട്ട ഒരു ഭാഗ്യഹീനൻ അബ്ദുറഹ്മാൻ ഇബ്നു മുൽജിം ആണ് മഹാനവർകളെ രക്തസാക്ഷിയാക്കിയത്.

​ഉസ്മാൻ (റ)ന്റെ ശഹാദത്തിന് ശേഷം സ്വഹാബത്തിനിടയിൽ ചില ഭിന്നതകൾ ഉണ്ടായി. അങ്ങനെ ജമൽ, സ്വിഫ്ഫീൻ മുതലായ പോരാട്ടങ്ങളും സംഭവിച്ചു. ഈ ഭിന്നതകൾ ചില തെറ്റിദ്ധാരണകളുടെ പേരിൽ ഉണ്ടായതാണ്. സ്വഹാബികളിൽ ആരും തന്നെ അലിയ്യ് (റ)നെ മതപരമായ നിലയിൽ വഴികെട്ട വ്യക്തിയായി കാണുകയോ അദ്ദേഹത്തോട് കോപം പുലർത്തുകയോ ചെയ്തിട്ടില്ല. അവരുടെ ഭിന്നത ഗവേഷണാത്മകമായ വിഷയങ്ങളിലുള്ള ഭിന്നതയായിരുന്നു. ഓരോരുത്തരും മറ്റുള്ളവരെ സത്യവിശ്വാസിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പിൽക്കാലത്ത് ഈ പോരാട്ടത്തെക്കുറിച്ച് അവർ ഓർത്ത് സങ്കടപ്പെടുകയും ദുഃഖിക്കുകയും ചെയ്തു.

​ഇതിനെല്ലാം ശേഷം മഹാനായ ഹസൻ (റ) മുആവിയ (റ)മായി രഞ്ജിപ്പിലായി കൊണ്ട് അവരുടെ ശത്രുത മുഴുവനും ഗവേഷണപരമായിരുന്നു എന്ന് വ്യക്തമായി പ്രഖ്യാപിക്കുകയും ഉണ്ടായി. അതുകൊണ്ട് തന്നെ റസൂലുല്ലാഹി ﷺ ഹസൻ (റ)നെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: "എന്റെ ഈ മകൻ വളരെ മഹത്വമുള്ള നായകനാണ്. അല്ലാഹു ഈ മകനിലൂടെ മുസ്‌ലിംകളിലെ രണ്ട് വിഭാഗങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." 
ആശ്ചര്യകരമെന്ന് പറയട്ടെ, അതെ അവർ ഇരു വിഭാഗവും മുസ്‌ലിംകളിൽ പെട്ടവർ തന്നെയാണെന്നും അവരിൽ കപടന്മാർ ആരുമില്ലെന്നും ഇത് വ്യക്തമാക്കുന്നു.

​അവസാനമായി ഒരു കാര്യം കൂടി പറയട്ടെ, സ്വഹീഹ് മുസ്‌ലിമിൽ നിവേദനം ചെയ്യപ്പെട്ട ഈ ഹദീസിന് തൊട്ടുമുമ്പ് വിവിധ മഹാന്മാർ മറ്റൊരു ഹദീസും നിവേദനം ചെയ്തിട്ടുണ്ട്. റസൂലുല്ലാഹി ﷺ അരുളി: "അൻസാറുകളെ സ്നേഹിക്കുന്നത് ഈമാനിന്റെ അടയാളവും അവരോട് കോപിക്കുന്നത് നിഫാഖിന്റെ കാപട്യത്തിന്റെ അടയാളവുമാണ്." 

ബറാഅ് (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: "അൻസാറുകളോട് സത്യവിശ്വാസി മാത്രമേ സ്നേഹം പുലർത്തുകയുള്ളൂ. അവരോട് കോപം പുലർത്തുന്നവർ കപടന്മാർ തന്നെയാണ്. ആര് അവരെ സ്നേഹിക്കുന്നോ അല്ലാഹു അവരെ സ്നേഹിക്കുന്നതാണ്. അവരോട് കോപിക്കുന്നവരോട് പടച്ചവനും കോപിക്കുന്നതാണ്."

​റസൂലുല്ലാഹി ﷺ വ്യത്യസ്ത സന്ദർഭങ്ങളിൽ വിവിധ സ്വഹാബികളെക്കുറിച്ച് അവരോടുള്ള സ്നേഹം സത്യവിശ്വാസത്തിന്റെ അടയാളമാണെന്നും അവരോടുള്ള കോപം കാപട്യത്തിന്റെ ലക്ഷണമാണെന്നും അറിയിച്ചിട്ടുണ്ട്. തീർച്ചയായും ഈ വിഷയത്തിൽ അലിയ്യ് (റ)ന് വലിയ സ്ഥാനമുണ്ട്. അല്ലാഹു അല്ലാഹുവിനോടും പുണ്യ റസൂലിനോടും മുഴുവൻ മഹാത്മാക്കളോടുമുള്ള സ്നേഹം അല്ലാഹു നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.!

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

മുത്വാലഅയുടെ പ്രാധാന്യം

✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
       (നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)

       ഇൽമ് കരസ്ഥമാകാൻ പരിശ്രമം ആവശ്യമാണ്. പ്രധാനമായും മുതാലഅ അധികരിപ്പിക്കണം. സാധാരണ ധാരാളം മുതാലഅ ചെയ്യുന്നവരെ ആളുകൾ ഭ്രാന്തനെ പോലെ കാണാറുണ്ട്. ധാരാളമായി മുതാലഅ ചെയ്യുമ്പോൾ ഓർമ്മ നിൽക്കില്ലായിരിക്കും. പക്ഷേ ജീവിതത്തിന്റെ ആവശ്യ ഘട്ടത്തിൽ മുമ്പ് മുതാലഅ ചെയ്തതിന്റെ പ്രയോജനം ഉറപ്പായും ലഭിക്കും. ഒന്നുങ്കിൽ അത് ഓർമ്മ വരും അല്ലെങ്കിൽ അതിന്റെ ഗുണം കരസ്ഥമാകും. ഒരിക്കലും മുതാലഅ ചെയ്തതിന്റെ പേരിൽ ദുഃഖിക്കേണ്ടി വരില്ല. അതിനാൽ മുതാലഅ വർദ്ധിപ്പിക്കുക. 

• മുതാലഅയ്ക്ക് മശൂറ ആവശ്യമാണ്. ഇല്ലെങ്കിൽ വഴി തെറ്റി പോകാൻ സാധ്യതയുണ്ട്. നിരീശ്വരവാദികളുടെയും നാസ്തികരുടെയും പുസ്തകങ്ങൾ അപകടം മനസ്സിലാക്കാതെ വായിക്കും അവസാനം ദീനിൽ നിന്നും തന്നെ പുറത്ത് പോകുന്ന അവസ്ഥയുണ്ടാകും. ഇനി മശൂറ ഇല്ലാതെയാണ് മുതാലഅ എങ്കിൽ ആദർശ വ്യതിയാനം സംഭവിക്കില്ലെന്ന് ഉറപ്പുള്ള മഹാന്മാരുടെ കിതാബുകൾ മാത്രം വായിക്കുക. മൗലാനാ സയ്യിദ് സുലൈമാൻ നദ്‌വി, മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി, മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ നദ്‌വി തുടങ്ങി വിശ്വാസമുള്ളവരുടെ കിതാബുകൾ തിരഞ്ഞെടുക്കുക. 

• മുതാലഅയ്ക്ക് തിരഞ്ഞെടുക്കുന്ന കിതാബുകൾ നമ്മുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. കൂടുതലായി വായിക്കുന്ന ഗ്രന്ഥകർത്താവിന്റെ ശൈലിയും ഭാഷയും നമ്മുടെ എഴുത്തിലും സംസാരത്തിലുമെല്ലാം പ്രകടമാകും. അതിനാൽ കിതാബുകൾ തിരഞ്ഞെടുക്കുന്നതിൽ തികഞ്ഞ സൂക്ഷ്മത പുലർത്തുക. അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വി, മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി ഇരുവരുയുടെയും കിതാബുകൾ ധാരാളമായി വായിക്കുക. ചിന്തയിലും ഭാഷയിലും അത് മികച്ച പരിവർത്തനമുളവാക്കും. കായിൽ നിന്നും വീണു പോയ ധാന്യങ്ങളെ പോലെയാണ് അറിവ്. അത് പെറുക്കിയെടുക്കും തോറും വർദ്ധനവ് ഉണ്ടാകുമെന്നത് ഉറപ്പായ കാര്യമാണ്‌.
      
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
                                                            🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം

📓  ഹാജിമാർക്കുള്ള ഉപഹാരം



🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌