ശവ്വാൽ 21/1447
ഏപ്രിൽ 09/2026
ലക്കം: 255
ഉള്ളടക്കം
▪️മുഖലിഖിതം
പരസ്പര വിശ്വാസവും സ്‌നേഹ ബഹുമാനങ്ങളും നിലനിർത്തുക
✍️ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി
▪️ജുമുഅ സന്ദേശം
മാതാപിതാക്കളോടും ബന്ധുക്കളോടുമുള്ള പെരുമാറ്റം
✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി
▪️പരിശുദ്ധ ഖുർആൻ ലളിതമായ ആശയങ്ങൾ
സൂറത്തുല്‍ ഫാത്തിഹ
▪️മആരിഫുല്‍ ഹദീസ്
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
ദിക്റിലൂടെയുള്ള അനുഭൂതി
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
▪️ഇലാ റഹ്‌മത്തില്ലാഹ്...
▪️ഗ്രന്ഥ പരിചയം
ഹാജിമാർക്കുള്ള ഉപഹാരം
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
പരസ്പര വിശ്വാസവും സ്‌നേഹ ബഹുമാനങ്ങളും നിലനിർത്തുക.
"ഒരു വീട്ടിൽ സൗകര്യങ്ങൾ വളരെ കുറവാണ്, പക്ഷേ വീട്ടിലുള്ളവർക്കിടയിൽ പരസ്പര വിശ്വാസവും സ്നേഹവുമുണ്ട്. മറ്റൊരു വീട്ടിൽ സൗകര്യങ്ങൾ വളരെ കൂടുതലും വലിയ വിശാലതയിലുള്ളതുമാണ്, പക്ഷേ വീട്ടുകാർക്കിടയിൽ വിശ്വാസമോ സ്നേഹാദരവുകളോ ഇല്ല. ഇതിൽ ഒന്നാമത്തെ വീട് ഈ ലോകത്തെ സ്വർഗ്ഗവും രണ്ടാമത്തെ വീട് ഈ ലോകത്തെ നരകവുമാണ്.
യഥാർത്ഥത്തിൽ മുൻകാലഘട്ടങ്ങളിൽ ഇന്ത്യയിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു, പക്ഷേ പരസ്പര വിശ്വാസവും സ്നേഹാദരവുമുണ്ടായിരുന്നു. അതിന്റെ പേരിൽ മുൻഗാമികൾ ഈ രാജ്യത്തെ സ്വർഗ്ഗീയമായി കണ്ടിരുന്നു. എന്നാൽ ഇന്ന് സൗകര്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു, വികാസങ്ങൾ വർദ്ധിക്കുന്നു, പക്ഷേ പരസ്പര വിശ്വാസവും സ്നേഹബഹുമാനങ്ങളും കുറഞ്ഞു തെറ്റിദ്ധാരണകളും വെറുപ്പുകളും അധികരിക്കുന്നു. ഇത് രാജ്യത്തിനും രാജ്യനിവാസികൾക്കും നല്ലതാണോ ചീത്തയാണോ എന്ന് ഓരോ രാജ്യസ്നേഹിയും ചിന്തിക്കുക."
✍️മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി
(മുൻ ചെയർമാൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
മാതാപിതാക്കളോടും ബന്ധുക്കളോടുമുള്ള പെരുമാറ്റം
✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി
(എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
അല്ലാഹു പരിശുദ്ധ ഖുർആനിൽ ഇപ്രകാരം അരുളിച്ചെയ്യുന്നു: "നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു: അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്, മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും. നിന്റെ അടുക്കൽ വെച്ച് അവരിൽ ഒരാളോ അല്ലെങ്കിൽ രണ്ടുപേരുമോ വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് 'ഉഫ്' (സീ) എന്ന് പോലും പറയരുത്; അവരെ ശകാരിക്കരുത്. അവരോട് മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടു കൂടി വിനയത്തിന്റെ ചിറക് നീ അവർക്ക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. 'എന്റെ രക്ഷിതാവേ, അവർ എന്നെ ചെറുപ്പത്തിൽ വളർത്തിയതുപോലെ നീ അവരോട് കരുണ കാണിക്കണമേ' എന്ന് നീ പ്രാർത്ഥിക്കുകയും ചെയ്യുക." (സൂറത്തു ബനീ ഇസ്രായീൽ: 23-24)
അല്ലാഹുവിന് ശേഷം ഏറ്റവും കൂടുതൽ സൽസ്വഭാവത്തിനും സേവനത്തിനും അനുസരണത്തിനും അർഹരായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് മാതാപിതാക്കളെയാണ്. ഈ ലോകത്ത് പകരം വെക്കാനില്ലാത്ത അനുഗ്രഹമാണ് മാതാപിതാക്കൾ. മനുഷ്യന് സമ്പത്തും മക്കളും ഉൾപ്പെടെ മറ്റെന്തും നേടിയെടുക്കാം, എന്നാൽ മാതാപിതാക്കളെന്ന അനുഗ്രഹം ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കില്ല. ഒരു ചെടി അതിന്റെ തുടക്കത്തിൽ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ അത് ഉണങ്ങിപ്പോകുകയോ നശിക്കുകയോ ചെയ്യുന്നതുപോലെ, ഒരു കുട്ടി നിസ്സഹായനായിരിക്കുന്ന ബാല്യകാലത്ത് മാതാപിതാക്കൾ നൽകുന്ന പരിചരണവും സ്നേഹവുമാണ് അവനെ വളർത്തുന്നത്. അതിനാൽ മാതാപിതാക്കൾ വൃദ്ധരാകുമ്പോൾ, കരുത്തരായ മക്കൾ അവരെ പരിചരിക്കുകയും അവരോട് ആദരവോടെയും മൃദുവായും സംസാരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അവരെ വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും പറയരുത്, മറിച്ച് വിനയത്തോടെ അവർക്കായി പ്രാർത്ഥിക്കണം.
മാതാപിതാക്കൾ ജീവിച്ചിരിക്കെ അവരെ സേവിക്കാനും സ്വർഗ്ഗം നേടിയെടുക്കാനും കഴിയാത്തവൻ വലിയ നിർഭാഗ്യവാനാണ്. റസൂലുല്ലാഹി ﷺ അരുളിച്ചെയ്തു: "ഒരാളുടെ മാതാപിതാക്കളോ അല്ലെങ്കിൽ അവരിൽ ഒരാളോ വാർദ്ധക്യത്തിൽ അവന്റെ അടുക്കൽ ഉണ്ടായിരിക്കുകയും, അവരെ സേവിച്ച് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്താൽ അവന്റെ മൂക്ക് മണ്ണിൽ ഉരസട്ടെ (അവൻ നശിക്കട്ടെ)."
മാതാപിതാക്കളെ അനുസരിക്കാതിരിക്കുന്നതും അവരോട് മോശമായി പെരുമാറുന്നതും ഇസ്‌ലാം വൻപാപങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. ഒരിക്കൽ റസൂലുല്ലാഹി ﷺ ചോദിച്ചു: "ഏറ്റവും വലിയ പാപങ്ങളെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ?" സ്വഹാബികൾ പറഞ്ഞു: "അതേ പ്രവാചകരെ." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കലും മാതാപിതാക്കളെ ദ്രോഹിക്കലുമാണത്."
മാതാപിതാക്കളെ ധിക്കരിക്കുന്നവരോട് അല്ലാഹു കോപിക്കുന്നു. അവരുടെ ഉപജീവനത്തിലും ആയുസ്സിലും ബറകത്ത് ഇല്ലാതാകുന്നു. എന്നാൽ അവരെ അനുസരിക്കുന്നവരുടെ പാപങ്ങൾ അല്ലാഹു പൊറുക്കുകയും അവർക്ക് ഐശ്വര്യം നൽകുകയും ചെയ്യുന്നു. മാതാപിതാക്കളുടെ പ്രീതിയിലാണ് അല്ലാഹുവിന്റെ പ്രീതിയുള്ളത്.
ഇസ്‌ലാം മാതാപിതാക്കളുടെ സേവനത്തിന് ജിഹാദിനേക്കാൾ പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരാൾ പ്രവാചകന്റെ ﷺ അടുത്ത് വന്ന് ഹിജ്‌റക്കും ജിഹാദിനും അനുവാദം ചോദിച്ചപ്പോൾ, നിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പ്രവാചകൻ ചോദിച്ചു. ഉണ്ടെന്ന് മറുപടി നൽകിയപ്പോൾ പ്രവാചകൻ പറഞ്ഞു: "എങ്കിൽ നീ അവരുടെ അടുത്തേക്ക് മടങ്ങിപ്പോകുക, അവരെ സേവിക്കുന്നതിലൂടെ പുണ്യം തേടുക."
മാതാപിതാക്കളിൽ തന്നെ മാതാവിനാണ് ഏറ്റവും കൂടുതൽ അവകാശമുള്ളത്. ഗർഭധാരണത്തിലും പ്രസവത്തിലും വളർത്തലിലും മാതാവ് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ പിതാവിനേക്കാൾ കൂടുതലായതിനാലാണിത്. ഖുർആൻ പറയുന്നു: "മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം വസ്വിയ്യത്ത് നൽകിയിരിക്കുന്നു. അവന്റെ മാതാവ് ക്ഷീണത്തിന്മേൽ ക്ഷീണമായിട്ടാണ് അവനെ ഗർഭം ചുമന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ട് വർഷം കൊണ്ടുമാണ്. (അതുകൊണ്ട് നാം നിർദ്ദേശിച്ചു:) നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദിയുള്ളവനായിരിക്കുക." (സൂറത്തു ലുഖ്മാൻ: 14)
മാതാപിതാക്കൾ അമുസ്‌ലിംകളാണെങ്കിൽ പോലും അവരോട് നല്ല രീതിയിൽ പെരുമാറണം. എന്നാൽ അല്ലാഹുവിനെ ധിക്കരിക്കാൻ അവർ ആവശ്യപ്പെട്ടാൽ ആ കാര്യത്തിൽ അവരെ അനുസരിക്കരുത്. കാരണം, "സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിയെയും അനുസരിക്കാൻ പാടില്ല."
മാതാപിതാക്കളുടെ മരണശേഷവും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും, അവർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനും, അവരുടെ സുഹൃത്തുക്കളെ ആദരിക്കാനും മക്കൾ ബാധ്യസ്ഥരാണ്.
മാതാപിതാക്കൾ കഴിഞ്ഞാൽ അടുത്ത ബന്ധുക്കൾക്കാണ് മുൻഗണന നൽകേണ്ടത്. കുടുംബബന്ധം ചേർക്കുന്നതിനെ ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ബന്ധുക്കളോട് മോശമായി പെരുമാറുന്നവർക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കില്ല. ബന്ധുക്കളുമായി നല്ല നിലയിൽ കഴിയുന്നത് ആയുസ്സും ഐശ്വര്യവും വർദ്ധിപ്പിക്കുമെന്ന് റസൂലുല്ലാഹി ﷺ പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു നമുക്കെല്ലാവർക്കും മാതാപിതാക്കളെയും ബന്ധുക്കളെയും സേവിക്കാൻ തൗഫീഖ് നൽകട്ടെ. (ആമീൻ)
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ ലളിതമായ ആശയങ്ങൾ
സൂറത്തുല്‍ ഫാത്തിഹ
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
* ഫാത്തിഹ എന്നതിന്റെ അര്‍ത്ഥം തുടക്കമെന്നാണ്. പരിശുദ്ധ ഖുര്‍ആനിന്റെ ക്രമമനുസരിച്ച് ഇത് പ്രഥമ സൂറത്തായതുകൊണ്ട് ഇതില്‍ അല്‍ ഫാത്തിഹ എന്ന നാമകരണം ചെയ്യപ്പെട്ടു. * ആദ്യമായി അവതരിച്ച സമ്പൂര്‍ണ്ണ സൂറത്താണിത്. ഇതിന് മുമ്പ് അലഖ്, മുദ്ദസ്സിര്‍, മുസ്സമ്മില്‍ എന്നീ സൂറത്തുകളിലെ ഏതാനും ആയത്തുകള്‍ മാത്രമാണ് അവതരിച്ചിരുന്നത്. * ഈ സൂറത്തില്‍ പരിശുദ്ധ ഖുര്‍ആനിന്റെ സാരാംശവും പടച്ചവനോടുള്ള പ്രധാനപ്പെട്ട പ്രാര്‍ത്ഥനയും പഠിപ്പിക്കപ്പെട്ടിരിക്കുന്നു. * ഏഴ് ആയത്തുകള്‍ അടങ്ങിയ ഈ സൂറത്തിന് സബ്ഉല്‍ മസാനി (പല പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന) എന്നും ശിഫാഅ് (മാനസിക, ശാരീരിക രോഗങ്ങള്‍ക്കുള്ള ഔഷധം) എന്നും പേരുകളുണ്ട്. * ഇതിന്റെ ആദ്യത്തെ ആയത്തുകള്‍ പടച്ചവനോടുള്ള പ്രശംസകളാണ്. തുടര്‍ന്ന് പടച്ചവനും അടിമയും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുന്നു. അവസാന ആയത്തുകളില്‍ മനുഷ്യന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ട ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചിരിക്കുന്നു.
1. സര്‍വ്വ കാര്യങ്ങളും കാരുണ്യവാനായ അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുക. * ഇത് പരിശുദ്ധ ഖുര്‍ആനിലെ തൗബ സൂറത്ത് ഒഴിച്ചുള്ള എല്ലാ സൂറത്തുകളുടെയും പ്രഥമ വചനമാണ്. സൂറത്തുന്നംല് 30-ാം ആയത്തില്‍ ഇത് വന്നതിനാല്‍ 114 സ്ഥാനങ്ങളില്‍ ഇത് ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. എല്ലാ വേദങ്ങളും പടച്ചവന്റെ നാമത്തിലാണ് ആരംഭിക്കപ്പെട്ടിരിക്കുന്നത്. വേദഗ്രന്ഥ പാരായണം മുതല്‍ ഓരോ കാര്യങ്ങളും ചെയ്യേണ്ടത് പടച്ചവന്റെ നാമത്തിലായിരിക്കണമെന്ന് ഈ വചനം പഠിപ്പിക്കുന്നു. ഇതിലൂടെ പ്രസ്തുത കാര്യങ്ങളില്‍ പടച്ചവന്റെ നാമത്തിന്റെ ഐശ്വര്യം ഉണ്ടാകുന്നതാണ്. * അല്ലാഹ് എന്ന തിരുനാമത്തിന്റെ അര്‍ത്ഥം തന്നെ അങ്ങേയറ്റം അലിവും കരുണയുമുള്ളവനെന്നാണ്. അല്ലാഹ് എന്ന തിരുനാമം പരിശുദ്ധ ഖുര്‍ആനില്‍ 2697 പ്രാവശ്യം വന്നിട്ടുണ്ട്. ഇതോടൊപ്പം റഹ്മാന്‍, റഹീം എന്നീ കാരുണ്യം വിളിച്ചറിയിക്കുന്ന നാമങ്ങളും കൂടി ഇതില്‍ ചേര്‍ന്ന് വന്നത് പടച്ചവന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. * അതുകൊണ്ട് തന്നെ റസൂലുല്ലാഹി (സ) ജീവിതത്തിലെ സര്‍വ്വ കാര്യങ്ങളും പടച്ചവന്റെ നാമത്തില്‍ ആരംഭിക്കുമായിരുന്നു. താഇഫിലെ പ്രബോധന യാത്ര കഴിഞ്ഞ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ദു:ഖിതനായി മടങ്ങിയ റസൂലുല്ലാഹി (സ) ഒരു മുന്തിരിത്തോട്ടത്തിന്റെ തണലില്‍ ഇരുന്നു. ഇതുകണ്ട തോട്ടം ഉടമകളായ ഉത്ബത്തും ശൈബത്തും ഒരു ക്രൈസ്തവ അടിമയായ അദ്ദാസിന്റെ പക്കല്‍ കുറച്ച് മുന്തിരി കൊടുത്തുവിട്ടു. റസൂലുല്ലാഹി (സ) അല്ലാഹുവിന്റെ നാമത്തില്‍ അത് വാങ്ങി ഭക്ഷിക്കുകയുണ്ടായി. അത്ഭുതപ്പെട്ട് നിന്ന അദ്ദാസിന്റെ നാടിനെക്കുറിച്ച് റസൂലുല്ലാഹി (സ) ചോദിച്ചു. അദ്ദേഹം നൈനവ എന്നാണെന്ന് അറിയിച്ചു. റസൂലുല്ലാഹി (സ) അരുളി: താങ്കള്‍ അല്ലാഹുവിന്റെ ഉത്തമ ദാസന്‍ യൂനുസ് നബിയുടെ നാട്ടുകാരനാണ്. അത് എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്, ഞാനും അല്ലാഹുവിന്റെ ദൂതനാണ്! ഇത് കേട്ട അദ്ദാസ് തിരുകരം ഗ്രഹിച്ച് ഇസ്‌ലാം സ്വീകരിച്ചു.
2. സര്‍വ്വലോക പരിപാലകനായ അല്ലാഹുവിനെ സര്‍വ്വദാ സ്തുതിക്കുക. * ഈ ലോകത്ത് കാണപ്പെടുന്ന സര്‍വ്വ മഹത്വങ്ങളുടെയും പ്രഭവ കേന്ദ്രം സര്‍വ്വലോക പരിപാലകനാണ്. ആകയാല്‍ സകല സ്തുതികളും അര്‍ഹിക്കുന്നത് പടച്ചവന്‍ മാത്രമാണ്. പടച്ചവനെ സ്തുതിക്കുന്നതിലൂടെ സൃഷ്ടി പൂജയുടെ വേരുകള്‍ അറുക്കപ്പെടുന്നതാണ്. പടച്ചവനോടുള്ള സ്തുതി ഹൃദയംഗമായ നന്ദിയാണ്. അതോടൊപ്പം ഈ സ്തുതി അറിയിക്കുന്നു: സര്‍വ്വവിധ ഐശ്വര്യ നന്മകളും പടച്ചവന്റെ ഭാഗത്ത് നിന്നുമുള്ളതാണ്. പടച്ചവന്റെ സമ്പൂര്‍ണ്ണതകള്‍ പടച്ചവനില്‍ സ്വയം തന്നെ ഉള്ളതാണ്. ഒരിക്കലും അവസാനിക്കുന്നതല്ല. പടപ്പുകളുടെ മേന്‍മകള്‍ പടച്ചവന്‍ നല്‍കുന്നതാണ്. ആകയാല്‍ പടച്ചവന് എപ്പോഴും നന്ദിയുള്ള ദാസനാവുക. * അല്ലാഹു സര്‍വ്വ വസ്തുക്കളെയും പടച്ചു എന്നതിനോടൊപ്പം റബ്ബ് (പരിപാലകന്‍) കൂടിയാണ്. സൃഷ്ടികളുടെ എല്ലാ ആവശ്യങ്ങളും അറിയുകയും നിര്‍വ്വഹിച്ച് കൊടുക്കുകയും ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുകയും ചെയ്യുന്നവനുമാണ്. * സൃഷ്ടികളുടെ മുഴുവന്‍ കൂട്ടായ്മയ്ക്ക് ലോകം എന്ന് പറയുന്നു. ഇവിടെ ലോകങ്ങള്‍ എന്ന് പറഞ്ഞത് മനുഷ്യലോകവും ജീന്ന് ലോകവും മലക്കുകളുടെ ലോകവും എല്ലാം പരിപാലിക്കുന്നത് അല്ലാഹുവാണെന്ന് അറിയിക്കാനാണ്. കൂട്ടത്തില്‍ പടച്ചവന്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ മാത്രം രക്ഷിതാവല്ല, മുഴുവന്‍ സൃഷ്ടികളുടെയും രക്ഷിതാവാണെന്നും അറിയിക്കുന്നു.
3. അല്ലാഹു എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമാണ്. * റഹ്മത്ത് (കാരുണ്യം) പടച്ചവന്റെ നിരന്തരമായ മഹല്‍ഗുണമാണ്. ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങളും പടച്ചവന്റെ കാരുണ്യമാണ്. റഹ്മാന്‍, റഹീം എന്നീ രണ്ട് പദങ്ങളും പടച്ചവന്റെ ആഴമേറിയ കാരുണ്യത്തെ വിളിച്ചറിയിക്കുന്നു. കൂട്ടത്തില്‍ റഹ്മാന്‍ എന്നത് പടച്ചവന്‍ ഇഹലോകത്ത് എല്ലാവരോടും കരുണയുള്ളവനാണെന്നും റഹീം എന്നത് പടച്ചവന്റെ കാരുണ്യം ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തുന്നവരെ പടച്ചവന്‍ പരലോകത്ത് ഏറ്റവും കൂടുതലായി അനുഗ്രഹിക്കുമെന്നും വ്യക്തമാക്കുന്നു.
4. അല്ലാഹു തികഞ്ഞ നീതിമാനുമാണ്! * അതെ, പടച്ചവന്‍ അളവറ്റ ദയാലുവായതിനോടൊപ്പം തികഞ്ഞ നീതിമാന്‍ കൂടിയാണ്. കാരുണ്യത്തോടെയുള്ള കടമ നിര്‍വ്വഹിച്ചവര്‍ക്ക് പരലോകത്ത് ഉന്നത അനുഗ്രഹങ്ങളും ധിക്കാരികള്‍ക്ക് ശിക്ഷയും നല്‍കുന്നതാണ്. അന്നേ ദിവസം പടച്ചവന്‍ നീതിയുടെ കോടതി സ്ഥാപിക്കുന്നതും അവിടെ നീതിപൂര്‍വ്വം വിധി നടത്തുന്നതുമാണ്. അന്ന് ഇഹലോകത്തെ ബാഹ്യമായ ഭരണകൂടങ്ങളെല്ലാം ഇല്ലാതാകും. യഥാര്‍ത്ഥ വിധികര്‍ത്താവായ പടച്ചവന്‍ ഏകനായി വിധി നടത്തുന്നതാണ്.
5. അല്ലാഹുവിനെ മാത്രം ആരാധിക്കുക, സര്‍വ്വ സഹായങ്ങളും പടച്ചവനോട് ഇരക്കുക! * പടച്ചവനെ സര്‍വ്വലോക പരിപാലകനും അളവറ്റ ദയാനിധിയും തികഞ്ഞ നീതിമാനുമായി വിശ്വസിക്കുന്ന ദാസന്റെ മനസ്സിന്റെ ശബ്ദമാണിത്. സര്‍വ്വവിധ ആരാധനകളും പടച്ചവന് മാത്രം അനുഷ്ടിക്കുന്നതാണ്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, സല്‍സ്വഭാവം, ഉത്തമ ബന്ധങ്ങള്‍, ന്യായമായ ഇടപാടുകള്‍ ഇതെല്ലാം പടച്ചവന് വേണ്ടി മാത്രമായും പടച്ചവന്റെ പൊരുത്തത്തിന് അനുസൃതമായും നിര്‍വ്വഹിക്കുന്നതാണ്. കൂടാതെ, പടച്ചവന്റെ സകല വിധിവിലക്കുകളും നിരുപാധികമായ നിലയില്‍ അനുസരിക്കുകയും ചെയ്യുന്നു. * ആരാധനകളും ആരാധനകളുടെ സര്‍വ്വ രൂപങ്ങളും പടച്ചവനല്ലാത്ത ആര്‍ക്കും നിര്‍വ്വഹിക്കാന്‍ പാടില്ല. റുകൂഅ് ചെയ്യുന്നതുപോലെ കുനിയുക, ഭൂമിയില്‍ ശിരസ്സ് വെക്കുക, ത്വവാഫ് ചെയ്യുക, നേര്‍ച്ച നേരുക, ആവശ്യങ്ങള്‍ ഇരക്കുക, നോമ്പ് പിടിക്കുക, ബലി അറുക്കുക, പ്രയാസ സമയത്ത് വിളിക്കുക ഇവയെല്ലാം ആരാധനകളുടെ രൂപങ്ങളാണ്. ആരാധനകള്‍ പടച്ചവന് മാത്രമേ പാടുള്ളൂ. ആരാധനയുടെ ഉദ്ദേശമില്ലാതെ ആദരവിന്റെ പേരിലും ഈ കാര്യങ്ങള്‍ ആര്‍ക്കും ചെയ്യാന്‍ പാടുള്ളതല്ല. ഉദാഹരണത്തിന് ആദരവിന്റെ പേരില്‍ അല്ലാഹു അല്ലാത്ത ആര്‍ക്കും സുജൂദ് ചെയ്യാന്‍ പാടില്ല. * ഇതുപോലെ ആഹാരം, സന്താനം പോലെ പടച്ചവന്റെ നിയന്ത്രണത്തില്‍ മാത്രമുള്ള കാര്യങ്ങള്‍ക്ക് അല്ലാഹു അല്ലാത്ത ആരോടും സഹായം ഇരക്കാന്‍ പാടുള്ളതല്ല. പ്രത്യുത ചെറുതും വലുതുമായ സര്‍വ്വ കാര്യങ്ങളിലും പടച്ചവനില്‍ മാത്രം പരിപൂര്‍ണ്ണമായി പ്രതീക്ഷ അര്‍പ്പിക്കുകയും പടച്ചവനോട് സര്‍വ്വ കാര്യങ്ങളും താണുകേണ് ഇരക്കുകയും ചെയ്യുക.
6. സന്മാര്‍ഗ്ഗത്തിനായി ആഗ്രഹിക്കുകയും അപേക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുക! * സര്‍വ്വ കാര്യങ്ങളും പടച്ചവനോടാണ് ഇരക്കേണ്ടതെങ്കിലും പ്രഥമവും പ്രധാനവുമായി പടച്ചവനോട് അപേക്ഷിക്കേണ്ട വിഷയം സന്മാര്‍ഗ്ഗമാണ്. എണ്ണമറ്റ വഴികള്‍ക്കിടയില്‍ പടച്ചവന്റെ പൊരുത്തത്തിലേക്ക് എത്തിച്ചേരുന്ന നേര്‍മാര്‍ഗ്ഗത്തില്‍ ജീവിത രീതിയ്ക്കുമാണ് സന്മാര്‍ഗ്ഗമെന്ന് പറയപ്പെടുന്നത്. ഇതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം പരിശ്രമിക്കുകയും വേണം.
7. പടച്ചവന്റെ പ്രീതിക്കും അനുഗ്രഹത്തിനും അര്‍ഹരായ നബിമാര്‍, സിദ്ദീഖുകള്‍ പോലുള്ളവരുടെ ഗുണങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുക! * ഇതാണ് അപകടങ്ങളൊന്നുമില്ലാത്ത നേര്‍മാര്‍ഗ്ഗം. ഈ വഴിയല്‍ സഞ്ചരിക്കുന്നതിലൂടെ ഇരുലോക വിജയങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ്. പടച്ചവന്റെ കോപം ഉണ്ടാവുകയും വഴികെടുകയും ചെയ്തവരുടെ ദുര്‍ഗുണങ്ങള്‍ വര്‍ജ്ജിക്കുക! ഇവരുടെ ദുര്‍ഗുണങ്ങള്‍ താല്‍ക്കാലിക സുഖവും തിളക്കവും കാണിക്കുമെങ്കിലും പടച്ചവനോടുള്ള ധിക്കാരങ്ങള്‍ കാരണം പടച്ചവന്റെ കോപവും പരിധിലംഘനങ്ങള്‍ കാരണം വഴികേടും സംഭവിക്കുന്നതാണ്. * ആമീന്‍. ഈ സൂറത്തിന്റെ അവസാനത്തില്‍ ആമീന്‍ എന്ന് പറയുന്നത് സുന്നത്താണ്. പടച്ചവനേ, ഇങ്ങനെതന്നെ ആക്കണേ എന്നാണ് ആശയം. അതായത് നല്ലവരുടെ മാര്‍ഗ്ഗം സ്വീകരിക്കാനും തെറ്റായ മാര്‍ഗ്ഗം വര്‍ജ്ജിക്കാനും ഉതവി നല്‍കണേ.
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
177. ഉസ്മാൻ (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺയുടെ രണ്ടാമത്തെ ഉമ്മുകുൽസൂം (റ) ഇഹലോകവാസം വെടിഞ്ഞപ്പോൾ റസൂലുല്ലാഹി ﷺ എന്നോട് അരുളി: ഉസ്മാനേ, എനിക്ക് പത്ത് മക്കൾ ഉണ്ടായിരുന്നെങ്കിൽ അവരിൽ ഓരോരുത്തരെയും ഒന്നിന് പിറകെ ഒന്നായി ഞാൻ താങ്കൾക്ക് വിവാഹം കഴിച്ചു തരുമായിരുന്നു. കാരണം, ഞാൻ താങ്കളിൽ വളരെയധികം സംതൃപ്തനാണ്. (ത്വബ്റാനി, ദാറുഖുഥ്നി, ഇബ്നു അസാകിർ)
വിവരണം: ഹദീസിന്റെ ആശയം വളരെ വ്യക്തമാണ്. ഇതിന് മുമ്പ് ഉദ്ധരിച്ച ഉസൈമ (റ)യുടെ നിവേദനത്തിൽ വന്നത്; എനിക്ക് മൂന്നാമതൊരു മകൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ആ മകളെ ഉസ്മാന് വിവാഹം കഴിച്ചു കൊടുക്കുമായിരുന്നുവെന്നാണ്. ആ ഹദീസിനും ഈ ഹദീസിനും ഇടയിൽ വൈരുദ്ധ്യം ഒന്നുമില്ല. കഴിഞ്ഞ ഹദീസിൽ റസൂലുല്ലാഹി ﷺ സംബോധന ചെയ്തത് സ്വഹാബികളെയാണ്. ഈ ഹദീസിൽ സംബോധന ചെയ്തിരിക്കുന്നത് ഉസ്മാൻ (റ)നെ നേരിട്ടാണ്. രണ്ടിന്റെയും ഉദ്ദേശം അദ്ദേഹത്തെ സമാശ്വസിപ്പിക്കലാണ്. ഉമ്മുകുൽസൂം (റ)യുടെ വിയോഗം സംഭവിച്ചപ്പോൾ ഉസ്മാൻ (റ)ന് അസാധാരണമായ ദുഃഖമുണ്ടായി. അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതിനും സമാധാനിപ്പിക്കുന്നതിനും റസൂലുല്ലാഹി ﷺ സ്വീകരിച്ച ഈ ശൈലി റസൂലുല്ലാഹി ﷺയുടെ സമുന്നത സ്വഭാവത്തിന് തീർത്തും യോജിച്ചതാണ്. മറ്റു ചില ഹദീസുകളിൽ ഇതിനേക്കാൾ കൂടുതൽ എണ്ണവും വന്നിട്ടുണ്ട്. അവയ്ക്കിടയിലും യാതൊരു വൈരുദ്ധ്യവുമില്ല. ഉദ്ദേശം മേൽ പറയപ്പെട്ട തന്നെയാണ്.
കുറിപ്പ്: ഇക്കാലഘട്ടത്തിലെ ചില ശീഈ പണ്ഡിതന്മാർ റസൂലുല്ലാഹി ﷺക്ക് ഫാത്തിമ (റ) എന്ന ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് വാദിക്കുന്നുണ്ട്. സൈനബ് (റ), റുഖിയ്യ (റ), ഉമ്മുകുൽസൂം (റ), മൂന്ന് മഹതികളും ഖദീജ (റ)യുടെ ആദ്യ ഭർത്താവിൽ നിന്നുള്ള മക്കളാണെന്ന് അവർ വാദിക്കുന്നു. അവരുടെ ഈ വാദം അവരുടെ തന്നെ പരിശുദ്ധ ഇമാമുകളുടെ പ്രസ്താവനകൾക്കും ശീഈ പണ്ഡിതരുടെ ഗവേഷണങ്ങൾക്കും വിരുദ്ധമാണ്.
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
ദിക്റിലൂടെയുള്ള അനുഭൂതി
✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
(നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)
ദിക്റിലൂടെ അനുഭൂതി പെട്ടെന്ന് ലഭിക്കാത്തതിനാൽ ചിലർ ദിക്ർ ഉപേക്ഷിക്കാറുണ്ട്. അനുഭൂതി ലഭിക്കാത്തപ്പോഴും നിരന്തരമായി ചെയ്തു കൊണ്ടിരിക്കുക. അതിലൂടെ അല്ലാഹുവിൻ്റെ കൂടുതൽ സാമീപ്യം കരസ്ഥമാകുന്നതാണ്. ദിക്റിലൂടെ അനുഭൂതിയുള്ളവൻ ദിക്ർ ചൊല്ലുന്നത് അല്ലാഹു അവന് ചെയ്ത ആ അനുഗ്രഹത്തലാണ്. എന്നാൽ, അനുഭൂതിയില്ലാത്തവൻ പിന്നെയും ദിക്ർ ചൊല്ലുമ്പോൾ അവന് അല്ലാഹുവിൻ്റെ തൃപ്തിയും കാരുണ്യവും ലഭിക്കുന്നതാണ്.
വ്യാജ ത്വരീഖത്തുകാർക്ക് ദിക്റിലൂടെ പെട്ടെന്ന് ഉണ്ടാവുന്ന അനുഭൂതി അത് ഇടക്ക് നഷ്ടമായി പോവുന്നതാണ്. എന്നാൽ, കാലതാമസം നേരിട്ടാലും നിരന്തരമായ ദിക്റിലൂടെ ലഭ്യമാവുന്ന അനുഭൂതി ശാശ്വതമായി നിലനിൽക്കുന്നതാണ്. ദിക്റിൻ്റെ അടിസ്ഥാനം അനുഭൂതി ഉണ്ടാവലല്ല. മറിച്ച്, ഓരോ നിമിഷവും അല്ലാഹുവിൻ്റെ സ്മരണയിൽ കഴിയലാണ്. ചിലപ്പോൾ നല്ലതെന്ന് സ്വപ്നങ്ങളും കാണും. എന്നാൽ, ശരീഅത്തിന് നിരക്കാത്ത, ബിദ്അത്ത് ഖുറാഫാത്തുകളിലേക്ക് കൊണ്ടുപോകുന്ന സ്വപ്നങ്ങളാവും അത്. അവ ശൈത്വാൻ്റെ ഭാഗത്ത് നിന്നുമുള്ളതാണ്. അത് തിരിച്ചറിയാനാണ് ഹഖിൻ്റെ അഹ്‌ലുകാരനായ മുർശിദിനെ സ്വീകരിക്കുന്നത്. അല്ലെങ്കിൽ വഴിപിഴച്ച് പോവാൻ സാധ്യതയുണ്ട്.
🔹🔹🔹🔹🔹
ഇലാ റഹ്‌മത്തില്ലാഹ്...
ഈയാഴ്ച അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്കായി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 ഹാജിമാർക്കുള്ള ഉപഹാരം
മആരിഫുൽ ഹദീസ് ഭാഗം - 4
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹


