ശവ്വാൽ 29/1447
ഏപ്രിൽ 16/2026
ലക്കം: 256
ഉള്ളടക്കം
▪️മുഖലിഖിതം
റബ്ബാനികളായ മുജദ്ദിദുകളുടെ കർത്തവ്യം.
✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി
▪️ജുമുഅ സന്ദേശം
ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുക
✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി
▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ ഹിലാൽ ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
ദിക്റിലൂടെ ഇലാഹീ അനുരാഗം ഹൃദയത്തിൽ നിറയ്ക്കുക
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
▪️ഇലാ റഹ്‌മത്തില്ലാഹ്...
▪️ഗ്രന്ഥ പരിചയം
ഹാജിമാർക്കുള്ള ഉപഹാരം
🔹🔹🔹🔹🔹🔹🔹
അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺയുടെ അനുഗ്രഹീത രിസാലത്തിൻ്റെ മടത്തട്ടിൽ സമുന്നത സംസ്‌കരണത്തിന് സൗഭാഗ്യം സിദ്ധിച്ച സ്വഹാബാ മഹത്തുക്കളുടെ മഹത്വങ്ങളും അവരുടെ സ്ഥാന സമുന്നതിയും മനസ്സിലാക്കുന്നതിനും അവരെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതിനും ഈ സുപ്രധാന രചനകൾ പാരായണം ചെയ്യുക.
* അസ്ഹാബു റസൂലില്ലാഹ് ﷺ - അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വി
* സ്വഹാബത്തിൻ്റെ മഹത്വങ്ങൾ - ശൈഖുൽ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ
* സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങൾ - ഡോ. സയ്യിദ് മുഹമ്മദ് വാളിഹ് റഷീദ് നദ്‌വി
* ഹസ്രത്ത് മുആവിയ ചരിത്ര യാഥാർത്ഥ്യങ്ങൾ - മൗലാനാ മുഫ്തി മുഹമ്മദ് തഖി ഉസ്മാനി
കോപ്പികൾക്ക് ബന്ധപ്പെടുക: 8577858031
മുഖലിഖിതം
റബ്ബാനികളായ മുജദ്ദിദുകളുടെ കർത്തവ്യം.
"ഓരോ കാല ഘട്ടത്തെയും സ്ഥലത്തേയും സാഹചര്യത്തേയും മുന്നിൽ വെച്ച് കൊണ്ട് ഓരോ മഹാൻമാർ പ്രബോധന പ്രവർത്തനങ്ങൾക്ക് ഓരോ രൂപങ്ങൾ കണ്ടെത്തുന്നതാണ്. ഈ രൂപം ആ കാലത്തേക്ക് തീർത്തും അനുയോജ്യമായിരിക്കും എന്നാൽ 50 വർ ഷങ്ങൾക്ക് ശേഷം അറിവും ബോധവുമുള്ള മറ്റ് ചില മഹത്തുക്കൾ കൂടുതൽ പഠനങ്ങൾക്കും ആലോചനകൾക്കും ശേഷം മറ്റൊരു രൂപം കൊണ്ട് വരുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. ഇത്തരുണത്തിൽ നമ്മുടെ പഴയ മഹാൻമാർ പറഞ്ഞത് മാത്രമാണ് ശരി എന്ന് പറയു ന്നത് വെറും ദുർവാശി മാത്രമാണ്. ചിലരാകട്ടെ കൂടുതൽ തീവ്രത കാട്ടുകയും പഴയ മഹാൻമാരുടെ ശൈലിയിൽ അല്ലാത്തതെല്ലാം അനാ വശ്യവും തെറ്റുമാണെന്ന് വാദിക്കാറുമുണ്ട്. ഇത്തരം വാദങ്ങൾ നബി മാരുടെ മധ്യമ രീതിക്ക് വിരുദ്ധവും അത്യന്തം അപകടകരവുമാണ്. ഇത്തരം ചിന്താഗതികളാണ് വിവിധ മതങ്ങളെയും വിഭാഗങ്ങളെയും സ്രിഷ്ടിക്കുന്നത്.
യഥാർത്ഥത്തിൽ ഓരോ മഹാൻമാരും അവരുടെ സാഹചര്യങ്ങളും അവസ്ഥകളും മുന്നിൽ വെച്ച് ദീനീ പ്രബോധനത്തിന് ഒരു മാർഗ്ഗം കണ്ടെത്തുന്നു. അത് പ്രയോജനകരമായി അനുഭവപ്പെടുന്ന കാലങ്ങളിലും സ്ഥലങ്ങളിലും അത് അനുകരിക്കപ്പെടാവുന്നതാണ്. എന്നാൽ മുഴുവൻ കാലത്തും സ്ഥലത്തും അത് മാത്രമേ പാടുള്ളു എന്ന് വാദിക്കുന്നതിലൂടെ പുതിയ ഒരു ആചാരം മാത്രമല്ല അനാചാരം തന്നെ ഉണ്ടാകുന്നതും പലപ്പോഴും അത് പുതിയ ഒരു മതമായി രുപാന്തരപ്പെടുന്നതുമാണ്. ഇത്തരുണത്തിൽ ഇതിനെ തിരുത്താനും ശരിയായ ലക്ഷ്യത്തിലേക്കും മാർഗ്ഗത്തിലേക്കും കൊണ്ട് വരാനും പരിശ്രമിക്കേണ്ടത് റബ്ബാനികളായ പരിഷ്കർത്താക്കളുടെ പ്രധാന ബാധ്യതയാണ്. രൂപവും യാഥാർത്ഥ്യവും സുന്നത്തും ബിദ്അത്തും നിർബന്ധവും അനുവദനീയവും തിരിച്ചറിയേണ്ടത് ദീനീ സേവനവുമായി ബന്ധപ്പെട്ടവരുടെ പ്രഥമ ബാധ്യതയാണ്. അതെ, ഇത് തിരിച്ചറിഞ്ഞി ല്ലങ്കിൽ ദീനിന് പകരം ദീനില്ലായ്മ ഉണ്ടായിത്തീരുന്നതാണ്."
✍️മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഹസനി നദ്‌വി
(മുൻ ചെയർമാൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുക.
✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി
(എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)
അല്ലാഹു അരുളുന്നു: "സത്യവിശ്വാസികളേ, സ്ത്രീകളെ ബലൽക്കാരമായി അനന്തരാവകാശമായി എടുക്കൽ നിങ്ങൾക്ക് അനുവദനീയമല്ല. അവർക്ക് നിങ്ങൾ നൽകിയ മഹ്‌റിൽ (വിവാഹമൂല്യം) നിന്ന് ഒരു ഭാഗം തട്ടിയെടുക്കാൻ വേണ്ടി നിങ്ങൾ അവരെ പ്രയാസപ്പെടുത്തുകയും ചെയ്യരുത്. അവർ വ്യക്തമായ വല്ല നീചവൃത്തിയും ചെയ്താലല്ലാതെ. അവരോട് നിങ്ങൾ നല്ല നിലയിൽ വർത്തിക്കുക." (നിസാഅ് 19)
മനുഷ്യജീവിതത്തിന്റെയും സമൂഹത്തിന്റെ സ്വസ്ഥമായ നിലനിൽപ്പിൻ്റെയും അടിസ്ഥാനം ഭാര്യ ഭർത്താക്കന്മാർക്കിടയിലുള്ള പരിശുദ്ധമായ ബന്ധമാണ്. ഈ ബന്ധം സന്തോഷകരമാണെങ്കിൽ കുടുംബത്തിൽ അച്ചടക്കവും ഭദ്രതയുമുണ്ടാകും. എന്നാൽ അസ്വാരസ്യങ്ങളും തർക്കങ്ങളുമാണെങ്കിൽ കുടുംബം തകരുകയും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകലുകയും ചെയ്യും. അല്ലാഹു സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം നൽകുകയും രണ്ടുപേർക്കും അവരവരുടെ ഉത്തരവാദിത്തങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. പുരുഷൻ കുടുംബത്തിന്റെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ഉത്തരവാദിയാണെങ്കിൽ, സ്ത്രീ വീടിന്റെയും കുട്ടികളുടെയും സംരക്ഷണത്തിന് ഉത്തരവാദിയാണ്.
റസൂൽ (സ) പറഞ്ഞു: "പുരുഷൻ തന്റെ കുടുംബത്തിന്റെ സംരക്ഷകനാണ്, സ്ത്രീ തന്റെ ഭർത്താവിന്റെ വീടിന്റെയും കുട്ടികളുടെയും സംരക്ഷകയാണ്. നിങ്ങളെല്ലാവരും ഭരണാധികാരികളാണ് (ഉത്തരവാദിത്തപ്പെട്ടവരാണ്), തന്റെ കീഴിലുള്ളവരെക്കുറിച്ച് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടും."
അല്ലാഹു സ്ത്രീ പുരുഷന്മാരെ പരസ്പരം പൂരകങ്ങളും സമാധാനത്തിൻ്റെ മാർഗ്ഗവുമാക്കിയിരിക്കുന്നു. ഇരുവർക്കുമിടയിൽ പരസ്പരം കടമകളും നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: അവരുടെ മേൽ (സ്ത്രീകള്‍ക്ക്) ബാധ്യതകളുള്ളതുപോലെത്തന്നെ അവരോടും ബാധ്യതകളുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഒരു പദവി കൂടുതലുണ്ട് താനും. (ബഖറ 228)
ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഒരുപോലെ പരസ്പരം കടമകളും കടപ്പാടുകളും നിശ്ചയിച്ചതോടൊപ്പം തന്നെ, അല്ലാഹു തആലാ ഭർത്താവിന് ഭാര്യയേക്കാൾ ഒരു പദവി നൽകിയിട്ടുണ്ട്. പുരുഷൻ തന്റെ ഭാര്യയുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ഉത്തരവാദിയാണ് എന്നതാണ് ഇതിന്റെ കാരണമെന്ന് മറ്റൊരു ആയത്തിൽ വിവരിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവർക്ക് തങ്ങളുടെ കീഴിലുള്ളവരേക്കാൾ ശ്രേഷ്ഠത ഉണ്ടായിരിക്കുന്നത് സ്വാഭാവികമാണ്. അല്ലാഹു പറയുന്നു: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. (നിസാഅ് 34)
ഭർത്താവ് വീടിന്റെ കാര്യസ്ഥനും നടത്തിപ്പുകാരനുമാണെങ്കിലും, വീട്ടുകാരുമായി കൂടിയാലോചിച്ചാണ് അദ്ദേഹം വീട്ടുകാര്യങ്ങൾ തീരുമാനിക്കേണ്ടത്. സ്വേച്ഛാധിപതിയായി പെരുമാറരുത്. വീട്ടിലെ ആളുകൾക്ക് വിലകൽപ്പിക്കുകയും ബഹുമാനിക്കുകയും വേണം. ആ വിഷയത്തിൽ അല്ലാഹുവിന്റെയും റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെയും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം. ഇസ്‌ലാമിന് മുമ്പ് ലോകത്ത് സ്ത്രീകളെ ബഹുമാനിച്ചിരുന്നില്ല, അവരോട് മോശമായി പെരുമാറുകയും അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇസ്‌ലാം ഈ സമ്പ്രദായം അവസാനിപ്പിക്കുകയും സ്ത്രീകൾക്ക് അർഹമായ ബഹുമാനവും പദവിയും നൽകുകയും ചെയ്തു. റസൂൽ (സ) പറഞ്ഞു: "നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ കുടുംബത്തോട് നന്നായി പെരുമാറുന്നവനാണ്." "സത്യവിശ്വാസികളിൽ പൂർണ്ണമായ ഈമാനുള്ളവൻ സൽസ്വഭാവിയായവനാണ്. നിങ്ങളിൽ മികച്ചവൻ തന്റെ സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണ്."
ചിലരെ നാം കാണാറുണ്ട്; അവർ പുറംലോകത്ത് ജനങ്ങൾക്കിടയിലും ഓഫീസുകളിലും മറ്റും വലിയ പരിഷ്ക്കാരിയും പക്വമതിയും മാന്യനുമായിരിക്കും. എന്നാൽ വീട്ടിൽ ഭാര്യാ മക്കളോട് മോശമായി പെരുമാറുകയും അവരുടെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്യും. ബാഹ്യമായി ദീനി ബോധമുള്ള ചിലരിൽ നിന്ന് പോലും ഇപ്രകാരം സംഭവിക്കാറുണ്ട്. എന്നാൽ ഇതെല്ലാം ഇസ്‌ലാം ശക്തമായി തടഞ്ഞ സംസ്കാര ശൂന്യതകളാണ്.
ഇയാസ് ബിൻ അബ്ദില്ല (റ) പറയുന്നു: "അല്ലാഹുവിന്റെ ദാസിമാരെ നിങ്ങൾ അടിക്കരുത്" എന്ന് പറഞ്ഞുകൊണ്ട് റസൂലുല്ലാഹി (ﷺ) സ്വഹാബത്തിനെ അവരുടെ ഭാര്യമാരെ അടിക്കുന്നത് വിലക്കി. ഉമർ (റ) പ്രവാചകൻ (ﷺ) ൻ്റെ അടുക്കൽ വന്ന്: "സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരോട് ശാഠ്യം പിടിക്കുന്നു.” എന്ന് പറയുകയും അവരെ ശിക്ഷിക്കാൻ അനുവാദം ചോദിക്കുകയും ചെയ്തു." പ്രവാചകൻ (ﷺ) അനുമതി നൽകി. പിന്നീട് നിരവധി സ്ത്രീകൾ പ്രവാചകൻ (ﷺ) യുടെ അടുക്കൽ വന്ന് തങ്ങളുടെ ഭർത്താക്കന്മാരോടുള്ള മോശമായ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടു. തുടർന്ന് പ്രവാചകൻ (ﷺ) സ്വഹാബത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: മുഹമ്മദിന്റെ വീട്ടിൽ നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട് കറങ്ങിനടക്കുന്നു; ആ പുരുഷന്മാർ നിങ്ങളുടെ കൂട്ടത്തിൽ നല്ലവരല്ല.
ഹജ്ജത്തുൽ വിദാഇൻ്റെ പ്രഭാഷണത്തിലും റസൂലുല്ലാഹി (സ) സ്ത്രീകളോടുള്ള സൽപ്പെരുമാറ്റത്തെ സംബന്ധിച്ച് ശക്തമായ നിർദ്ദേശം നൽകി. തങ്ങൾ (സ) അരുളി:
اتَّقوا اللهَ في النساءِ؛ فإنَّكم أخذتُموهنَّ بأمانةِ الله، واستحلَلْتُم فروجَهنَّ بكلمةِ الله،
ഭാര്യമാരുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. പടച്ചവനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ അവരെ സ്വന്തമാക്കിയത്. അവന്റെ നാമത്തിലാണ് അവരുടെ ഗുഹ്യ ഭാഗങ്ങളെ നിങ്ങൾ അനുവദനീയമാക്കിയത്.
ദീനി വിദ്യാഭ്യാസത്തിന്റെ അഭാവവും മാന്യതയില്ലായ്മയും നിമിത്തം പല മുസ്‌ലിം സഹോദരങ്ങളും ഇന്നും ഭാര്യമാരോട് മോശമായി പെരുമാറുന്നു. പല ഭർത്താക്കന്മാരും സ്വന്തം ഭാര്യമാരെ സ്നേഹിക്കാതെ പാപകരമായ കാര്യങ്ങളിലേക്ക് തിരിയുന്നു, പല ഭർത്താക്കന്മാരും ഭാര്യമാർക്ക് ചെലവിന് നൽകുന്നില്ല, പല ഭർത്താക്കന്മാരും ഭാര്യമാരെ അവരുടെ വീട്ടിൽ കൊണ്ടു ചെന്ന് ഉപേക്ഷിക്കുന്നു, പല ഭർത്താക്കന്മാരും ദീർഘകാലമായി ഭാര്യമാരുടെ അടുക്കൽ പോകുന്നില്ല, അവരെ സംരക്ഷിക്കുകയോ മോചിപ്പിക്കുകയോ ചെയ്യാതെ തടവുകാരെപ്പോലെ പിടിച്ചു വെക്കുന്നു, പല ഭർത്താക്കന്മാരും ഭാര്യമാരുടെ യൗവനത്തിൽ അവരെ മുതലെടുക്കുകയും അവർ വാർദ്ധക്യത്തിലാകുമ്പോഴോ രോഗികളാകുമ്പോഴോ അവരോട് അനാദരവോടെ പെരുമാറുകയും ചെയ്യുന്നു. ഈ പ്രവൃത്തികളെല്ലാം മനുഷ്യത്വരഹിതവും ഇസ്‌ലാമിക അധ്യാപനങ്ങളുടെ വ്യക്തമായ ലംഘനവുമാണ്.
രണ്ടുപേർ ദീർഘമായി ഒരുമിച്ചു താമസിക്കുമ്പോൾ സ്വാഭാവികമായും ചില ആസ്വാരസ്യങ്ങൾ ഉണ്ടാവും. പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്ത ചില സാഹചര്യങ്ങൾ ഉണ്ടാകാം. ചില ശീലങ്ങൾ പരസ്പരം ഇഷ്ടപ്പെടണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ക്ഷമ അവലംബിക്കുകയും തന്ത്രപൂർവ്വം തിരുത്താൻ ശ്രമിക്കുകയും ചെയ്യാനാണ് അല്ലാഹുവിന്റെ കൽപ്പന. അല്ലാതെ അവരെ വെറുക്കാനോ അവരോട് തൻ്റെ മാന്യതയ്ക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിക്കാനോ പാടില്ല. റസൂലുല്ലാഹി (ﷺ) അരുളി: ഒരു വിശ്വാസിയായ പുരുഷൻ വിശ്വാസിയായ ഭാര്യയെ വെറുക്കരുത്. അവളുടെ ചില ശീലങ്ങൾ അയാൾക്ക് ഇഷ്ടമല്ലെങ്കിൽ, മറ്റു ചില ശീലങ്ങൾ ഇഷ്ടമുള്ളതായിരിക്കും.
ഭാര്യമാരുടെ ബലഹീനതകളെ കണ്ടില്ലെന്നു നടിക്കലും അവരോട് പരുഷമായി പെരുമാറാതിരിക്കലും, അവരോട് ദയയോടെയും മാന്യതയുടെയും പെരുമാറലും ഒരു വിവരമുള്ള വ്യക്തിയുടെയും സംസ്കാരമുള്ള സമൂഹത്തിന്റെയും മുഖമുദ്രയാണ്.
അല്ലാഹു പുരുഷനെ സ്ത്രീയുടെയും സ്ത്രീയെ പുരുഷന്റെയും വസ്ത്രമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: “അവർ നിങ്ങൾക്കുള്ള വസ്ത്രവും നിങ്ങൾ അവർക്കുള്ള വസ്ത്രവുമാണ്.”
വസ്ത്രത്തിന് മൂന്ന് പ്രധാന ഗുണങ്ങളുണ്ട്: (1) അത് മനുഷ്യശരീരത്തെ സംരക്ഷിക്കുന്നു, (2) നഗ്നതയും ന്യൂനതകളും മറയ്ക്കുന്നു, (3) അലങ്കാരവും സൗന്ദര്യവും നൽകുന്നു.
ഇപ്രകാരം ഭാര്യ ഭർത്താക്കന്മാരും പരസ്പരം സംരക്ഷകരും, കുറവുകളും ന്യൂനതകളും മറക്കുന്നവരും, പരസ്പരം അലങ്കാരം പകരുന്നവരുമാകണം.
ഇന്ന് പലരും സ്ത്രീകളുടെ അനന്തരാവകാശങ്ങൾ നിഷേധിക്കുന്നു. മാതാപിതാക്കളുടെ സ്വത്തിൽ പുരുഷന്മാർക്കുള്ളതുപോലെ സ്ത്രീകൾക്കും അല്ലാഹു ഓഹരി നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീധനം എന്ന പേരിൽ മകൾക്ക് കുറച്ചെന്തെങ്കിലും നൽകിയിട്ട് ബാക്കി മുഴുവൻ മകന് നൽകാറുണ്ട്. ആൺമക്കൾ സ്വത്ത് മുഴുവൻ കൈക്കലാക്കി പെൺമക്കൾക്ക് സ്വത്തവകാശം നിഷേധിക്കാറുണ്ട്. ഇതെല്ലാം തെറ്റാണ്. അല്ലാഹു പറയുന്നു: മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തിൽ പുരുഷൻമാർക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തിൽ സ്ത്രീകൾക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിർണയിക്കപ്പെട്ട ഓഹരിയാകുന്നു. (നിസാഅ് 7)
സ്ത്രീകൾക്ക് സ്വത്തവകാശം നൽകാതെ കൈവശപ്പെടുത്തി ഉപയോഗിക്കുന്നത് മറ്റൊരാളുടെ ഭൂമി കൈയേറുന്നതിന് തുല്യമായ പാപമാണ്.
ചുരുക്കത്തിൽ, മുസ്‌ലിംകൾ സ്ത്രീകളെ ആദരിക്കുകയും ഇസ്‌ലാമിക നിയമങ്ങൾ പാലിച്ച് അവർക്ക് അർഹമായ അവകാശങ്ങൾ നൽകുകയും വേണം. അല്ലാഹു ഉതവി നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ഇത് പരിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ അദ്ധ്യായമാണ്. ഇതിന്റെ ഭൂരിഭാഗവും റസൂലുല്ലാഹി (സ)യുടെ മദനീ ജീവിതത്തിന്റെ പ്രഥമ ഘട്ടത്തിലാണ് അവതരിച്ചത്. അല്‍പ്പഭാഗങ്ങള്‍ അവസാന ഘട്ടത്തിലുമാണ് ഇറങ്ങിയത്. ഖുര്‍ആനില്‍ അവസാനമായി ഇറങ്ങിയ ആയത്തും ഖുർആനിലെ ഏറ്റവും വലിയ ആയത്തും ഈ സൂറത്തിൻ്റെ അവസാന ഭാഗത്താണുള്ളത്. വിശ്വാസങ്ങളും കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ ഏതാണ്ട് എല്ലാ അദ്ധ്യാപനങ്ങളും ഇതില്‍ വന്നിട്ടുണ്ട്. ഇത് പരിശുദ്ധഖുര്‍ആനിലെ ഏറ്റവും വലിയ അദ്ധ്യായമാണ്. സൂറത്തുല്‍ ഫാത്തിഹ അവസാനിപ്പിച്ച വിഷയം ഈ സൂറത്ത് വിവരിച്ച് തുടങ്ങുന്നു. അതായത് പടച്ചവന്റെ പൊരുത്തം കരസ്ഥമാക്കിയവരുടെ മഹല്‍ ഗുണങ്ങളും പടച്ചവന്റെ കോപം ഇറങ്ങാനും വഴിപിഴക്കാനും കാരണമാകുന്ന ദുര്‍ഗുണങ്ങളും ഈ സൂറത്ത് വിവരിക്കുന്നു. ഇടയില്‍ വിലയേറിയ ധാരാളം ഉപദേശങ്ങളും ഉണര്‍ത്തലുകളും വന്നിരിക്കുന്നു.
നന്മയുടെ അടിസ്ഥാന തത്വങ്ങള്‍, വിശ്വാസവും ബന്ധവും ആരാധനകളും ഇടപാടുകളും സ്വഭാവങ്ങളും നന്നാക്കലാണെന്ന് മദ്ധ്യഭാഗത്ത് സമര്‍ത്ഥിക്കുകയും തുടര്‍ന്ന് അതിന്റെ വിവിധ ശാഖകള്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു.
ഹദീസില്‍ ഈ സൂറത്തിൻ്റെ ധാരാളം മഹത്വങ്ങള്‍ വന്നിരിക്കുന്നു. റസൂലുല്ലാഹി ﷺ അരുളി: സൂറത്തുല്‍ ബഖറ പാരായണം ചെയ്യപ്പെടുന്ന വീടുകളില്‍ നിന്നും പിശാച് വിരണ്ടോടുന്നതാണ്.(മുസ്ലിം)
الٓمٓ
അലിഫ് ലാം മീം.(1)
1. അലിഫ് ലാം മീം!
ഈ അക്ഷരങ്ങള്‍ക്ക് മുഖത്വആത്ത് എന്ന് പറയപ്പെടുന്നു. ഇതിന്റെ ആശയം അല്ലാഹുവിന് മാത്രമേ അറിയൂ. എന്നാല്‍ മധുരമായ ഈ ശബ്ദം ഓതുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഉണര്‍വ്വ് പ്രധാനം ചെയ്യുന്നു. കൂട്ടത്തില്‍ അടുത്ത് പറയാന്‍ പോകുന്ന കാര്യങ്ങളെ ശ്രദ്ധിക്കണമെന്ന് അറിയിക്കുകയും ചെയ്യുന്നു. ഇത്തരം ആയത്തുകൾക്ക് ശേഷം സാധാരണ ഖുർആനിൻ്റെ മഹത്വങ്ങളും പ്രധാന്യങ്ങളുമാണ് പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ഈ ശബ്ദം പരിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയും സൂചിപ്പിക്കുന്നു. അതെ, അറബി ഭാഷയില്‍ സാധാരണ ഉപയോഗിക്കാറുള്ള ഈ അക്ഷരങ്ങളിലൂടെയാണ് ഖുര്‍ആന്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് തുല്യമായത് കൊണ്ടുവരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അല്ലാഹു ഖുർആനിൻ്റെ മഹത്വം ഉൾക്കൊള്ളാൻ നമുക്ക് ഉതവി നൽകട്ടെ!
ذَٰلِكَ ٱلۡكِتَٰبُ لَا رَيۡبَۛ فِيهِۛ هُدٗى لِّلۡمُتَّقِينَ
ഈ ഗ്രന്ഥത്തിൽ യാതൊരു സംശയവുമില്ല. ഭയഭക്തിയുള്ളവർക്ക് ഈ ഗ്രന്ഥം നേർമാർഗ്ഗത്തിലേക്ക് വഴി കാട്ടിയാകുന്നു.(2)
2. ഖുര്‍ആന്‍ സന്മാര്‍ഗ്ഗത്തിന്റെ വഴിവിളക്കാകുന്നു!
പരിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ്. അല്ലാഹുവിന്റെ ഭാഷണമായ ഈ ഗ്രന്ഥം വളരെ സൂക്ഷ്മമായ നിലയില്‍ അവതരിക്കപ്പെട്ടതിനാല്‍ ഇതില്‍ യാതൊരു സംശയത്തിനും സാധ്യത പോലും ഇല്ല. ഇതില്‍ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധവും ഉറപ്പുള്ളതുമാണ്. ഈ ഗ്രന്ഥം എല്ലാ മനുഷ്യര്‍ക്കും സമ്പൂര്‍ണ്ണ മാര്‍ഗ്ഗദര്‍ശനമാണ്. എന്നാല്‍ സത്യാന്വേഷണവും നന്മതിന്മകള്‍ തിരിച്ചറിയാനുള്ള ആഗ്രഹവും ഭയഭക്തിയുള്ളവര്‍ മാത്രമാണ് ഇതിനെ യഥാവിധി പ്രയോജനപ്പെടുത്തുന്നത്. അല്ലാഹു നമ്മുടെ മനസ്സുകൾക്ക് ഭയഭക്തി നൽകട്ടെ!
ٱلَّذِينَ يُؤۡمِنُونَ بِٱلۡغَيۡبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ
അവർ അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്നു. നമസ്‌കാരം മുറപ്രകാരം നിർവ്വഹിക്കുന്നു. നാം അവർക്ക് നൽകിയതിൽ നിന്ന് നന്മയുടെ മാർഗ്ഗത്തിൽ ചെലവഴിക്കുകയും ചെയ്യുന്നു.(3)
3. മൂന്ന് മഹല്‍ ഗുണങ്ങള്‍ ഭയഭക്തിയുടെ അടയാളങ്ങളും ചാലക ശക്തിയുമാണ്.
ഒന്ന്, അദൃശ്യങ്ങളിലുള്ള വിശ്വാസം. അതായത് മനുഷ്യന്റെ പഞ്ചേന്ത്രിയങ്ങളില്‍ നിന്നും മറഞ്ഞതും പ്രവാചകന്മാര്‍ അറിയിച്ചതുമായ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുക. ഈ ലോകത്ത് നാം കണ്ണുകള്‍ കൊണ്ട് കാണാത്തെ എത്രയോ കാര്യങ്ങള്‍ പറയുന്നവരോടുള്ള വിശ്വാസത്തിന്റ പേരില്‍ അംഗീകരിക്കുന്നുണ്ട്. ഇത്തരുണത്തില്‍ മലക്കുകളുടെ അസ്തിത്വം, പരലോകത്തിലെ അവസ്ഥകള്‍ മുതലായ കാര്യങ്ങള്‍ സത്യസന്ധരായ വ്യക്തിത്വങ്ങളെ അവലംബിച്ചുകൊണ്ട് വിശ്വസിക്കുന്നത് ഒരിക്കലും ബുദ്ധിയ്ക്ക് എതിരല്ല. ചുരുക്കത്തിൽ, ഭയഭക്തർ സത്യവിശ്വാസം സ്വീകരിച്ചവരാണ്.
രണ്ട്, മുറപ്രകാരമുള്ള നമസ്‌കാരം. അതായത് ജീവിതം വിശ്വാസത്തില്‍ മാത്രം ഒതുക്കാതെ കര്‍മ്മത്തിലൂടെ വിശ്വാസം ഉറപ്പിക്കുകയും ചെയ്യുക. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നമസ്‌കാരം. മരണം വരെയും അത് നിലനിര്‍ത്തുകയും കഴിവിന്റെ പരമാവധി സൂക്ഷ്മതയോടെ നിര്‍വ്വഹിക്കുകയും ചെയ്യുക.
മൂന്ന്, ദാനധര്‍മ്മം. നമസ്‌കാരത്തിലൂടെ പടച്ചവന്റെ അടിമത്വം കാര്‍മ്മികമായി അംഗീകകരിക്കുന്നവരോടൊപ്പം സാമ്പത്തിക ആരാധനയായ ദാനധര്‍മ്മത്തിലും പിന്നിലാകരുത്. പടച്ചവന്‍ നല്‍കിയ സമ്പത്ത് പടച്ചവന് പൊരുത്തമായ നിലയില്‍ ചിലവഴിക്കുക. അല്ലാഹു ഈമാനും നമസ്കാരവും ദാനധർമ്മങ്ങളും നിലനിർത്തി തരട്ടെ!
وَٱلَّذِينَ يُؤۡمِنُونَ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ وَبِٱلۡأٓخِرَةِ هُمۡ يُوقِنُونَ
അവർ താങ്കളിലേക്ക് ഇറക്കപ്പെട്ട സന്ദേശത്തിലും താങ്കൾക്ക് മുമ്പ് അവതീർണ്ണമായ സന്ദേശങ്ങളിലും വിശ്വസിക്കുന്നവരാണ്. പരലോക ജീവിതത്തിൽ ദൃഢമായി വിശ്വസിക്കുന്നവരുമാണ്.(4)
4. ഇലാഹി സന്ദേശത്തില്‍ വിശ്വസിക്കുക, പരലോക ബോധം നിലനിര്‍ത്തുക.!
അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ മേല്‍ പ്രത്യേകം അവതരിക്കുകയും ഇതര പ്രവാചകന്മാരുടെ മേല്‍ പൊതുവില്‍ അവതീര്‍ണ്ണമാവുകയും ചെയ്ത സന്ദേശങ്ങളിലും വിശ്വസിക്കുക. എല്ലാ പ്രവാചകന്മാരും അടിസ്ഥാനപരമായി ഒരു സന്ദേശമാണ് നല്‍കിയിട്ടുള്ളത്. കൂടാതെ പരിശുദ്ധ ഖുർആൻ ഇതര നബിമാരുടെ സന്ദേശം സൂക്ഷ്മമായി വിവരിക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ, എല്ലാ നബിമാരുടെ സന്ദേശങ്ങളിൽ വിശ്വസിക്കുക. ഉത്തമ സന്ദേശങ്ങള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ വംശം, വിഭാഗം മുതലായ തടസ്സങ്ങളൊന്നും ഉണ്ടാകരുത്. കൂട്ടത്തില്‍ പരലോക വിശ്വാസം ശക്തമായി നിലനിര്‍ത്തുക. അതെ, പരലോകത്തെ കുറിച്ചുള്ള വിശ്വാസം ഇസ്‌ലാമിന്റെ അടിസ്ഥാന സന്ദേശമാണ്. ഈ വിശ്വാസം സാധാരണ നിലയിലല്ല യഖീനായ നിലയിലാക്കുക. അതായത് മനസ്സില്‍ അടിയുറക്കുകയും നിരന്തരം നിലനില്‍ക്കുകയും വേണം. പരലോകമെന്നാല്‍ മരണത്തിന് ശേഷമുള്ള കാലാകാല ജീവിതമാണ്. മരിക്കുന്നവര്‍ എല്ലാവരും ഒരു നിര്‍ണ്ണിത സമയത്ത് പുനര്‍ജ്ജീവിക്കപ്പെടും. നന്മ തിന്മകള്‍ വിചാരണ ചെയ്യപ്പെടുന്നതും സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളും നരക ശിക്ഷകളും നല്‍കപ്പെടുന്നതുമാണ്. അല്ലാഹു സത്യ സന്ദേശങ്ങളിൽ വിശ്വസക്കാൻ പരലോകത്തെ ലക്ഷ്യമാക്കാനും ഉതവി നൽകട്ടെ!
أُوْلَٰٓئِكَ عَلَىٰ هُدٗى مِّن رَّبِّهِمۡۖ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ
അവരുടെ രക്ഷിതാവിൽ നിന്ന് ലഭിച്ച സൻമാർഗ്ഗത്തിൽ നിലയുറപ്പിച്ചവർ അവരാണ്. പരിപൂർണ്ണ വിജയികളും അവർ തന്നെ.(5)
5. സന്മാര്‍ഗികള്‍ യഥാര്‍ത്ഥ വിജയികളാണ്.!
പ്രവാചകന്മാര്‍ അറിയിച്ച അദ്യശ്യ കാര്യങ്ങളിലുള്ള വിശ്വാസം, നമസ്‌കാരത്തിലുള്ള ശ്രദ്ധ, അധികരിച്ച ദാനധര്‍മ്മം, വിശുദ്ധ വേദങ്ങളിലുള്ള വിശ്വാസം, പരലോകത്തെക്കുറിച്ചുള്ള ഉറച്ച ബോധം എന്നീ ഗുണങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് സൂക്ഷ്മതയോടെ ജീവിക്കുന്നവര്‍ സന്മാര്‍ഗ്ഗികളും സന്മാര്‍ഗ്ഗ സന്ദേശങ്ങളെ പ്രയോജനപ്പെടുത്തുന്നവരും അവസാനം അതിന്റെ ഗുണഫലങ്ങളില്‍ എത്തിച്ചേരുന്നവരുമാണ്. അവർ വഴി തെറ്റുകയോ അവരുടെ സന്മാർഗ്ഗ സഞ്ചാരം ഇടയ്ക്ക് വെച്ച് മുറിഞ്ഞ് പോവുകയും ചെയ്യുന്നതല്ല. അല്ലാഹു നാമെല്ലാവരെയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ!
إِنَّ ٱلَّذِينَ كَفَرُواْ سَوَآءٌ عَلَيۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا يُؤۡمِنُونَ
തീർച്ചയായും സത്യനിഷേധം തിരഞ്ഞെടുത്തവരെ സംബന്ധിച്ചിടത്തോളം താങ്കൾ അവർക്ക് മുന്നറിയിപ്പ് നൽകലും നൽകാതിരിക്കലും സമമാണ്, അവർ വിശ്വസിക്കുകയില്ല(6)
6. നിഷേധികള്‍ക്ക് ഉപദേശം നിഷ്ഫലമായിരിക്കും!
ഈ ആയത്തിലെ നിഷേധിച്ചവര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം നിഷേധത്തിന്റെ മേല്‍ വാശി പിടിച്ച് ഉറച്ച് നില്‍ക്കുന്നവര്‍ എന്നാണെന്ന് ഇബ്‌നു അബ്ബാസ് (റ) പറയുന്നു. അതായത് സത്യത്തെ അറിയാതിരിക്കുകയും അത് കാരണമായി നിഷേധിക്കുകയും ചെയ്ത ധാരാളം ആളുകള്‍ക്ക് പിന്നീട് സത്യവിശ്വാസം സ്വീകരിക്കാനുള്ള സൗഭാഗ്യം സിദ്ധിക്കുന്നതാണ്. എന്നാല്‍ മന:പ്പൂര്‍വ്വം സത്യത്തെ നിഷേധിക്കുകയും സത്യം മനസ്സിലാക്കിയിട്ടും നിഷേധത്തില്‍ വാശിപിടിച്ച് ഉറച്ച് നില്‍ക്കുകയും ചെയ്ത അബൂജഹ്‌ല് അബൂലഹബിനെ പോലുള്ളവരില്‍ പ്രബോധനത്തിന്റെ ഒരു പരിശ്രമവും വിജയപ്രദമാകുന്നതല്ല.
ഈ ആയത്തില്‍ നിഷേധികളെ സംബന്ധിച്ചിടത്തോളം എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. അതെ, മുന്നറിയിപ്പ് നല്‍കലും നല്‍കാതിരിക്കലും നിഷേധികളെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്. എന്നാല്‍ അവരെ പ്രബോധനം ചെയ്യുന്ന പ്രവാചകന്മാരെയും പ്രബോധകന്മാരെയും സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അതെ, പ്രബോധനത്തെ നിരാകരിക്കുന്നവര്‍ക്ക് അവരുടെ നിഷേധം വലിയ ഭാഗ്യക്കേടാണ്. എന്നാല്‍ പ്രബോധകന് ഉന്നത പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും.
സത്യത്തെ മനസ്സിലാക്കിയിട്ടും വെറും ദുര്‍വാശി കാരണം അംഗീകരിക്കാതിരിക്കുകയും സത്യനിഷേധം തിരഞ്ഞെടുക്കുകയും ചെയ്തവരുടെ നന്ദികേടും നിഷേധവും സത്യത്തിന്റെ സരണിയില്‍ അവര്‍ക്ക് വലിയ തടസ്സമാണ്. ഇത് കാരണം അവര്‍ സത്യം സ്വീകരിക്കാനുള്ള യോഗ്യത ഇല്ലത്തവരായി. അവര്‍ക്ക് എത്ര മുന്നറിയിപ്പ് നല്‍കിയാലും അവര്‍ ഉണരുകയില്ല. അവരോട് എന്തെങ്കിലും പറയുന്നതും പറയാതിരിക്കുന്നതും സമമാണ്. അല്ലാഹു നന്ദികേടിൽ നിന്നും നിഷേധത്തിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ!
خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَعَلَىٰ سَمۡعِهِمۡۖ وَعَلَىٰٓ أَبۡصَٰرِهِمۡ غِشَٰوَةٞۖ وَلَهُمۡ عَذَابٌ عَظِيمٞ
അവരുടെ മനസ്സുകളിലും കാതുകളിലും അല്ലാഹു മുദ്ര വച്ച് അടച്ചിരിക്കുന്നു. അവരുടെ കണ്ണുകളിൽ വലിയ മറയുണ്ട്. മഹാ ശിക്ഷയാണ് അവർക്കുള്ളത്.(7)
7. നിഷേധികളുടെ മനസ്സും കേള്‍വിയും കാഴ്ചയും ഫലശൂന്യമാണ്!
അല്ലാഹു ഓരോരുത്തരുടെയും മനസ്സില്‍ സത്യം സ്വീകരിക്കാന്‍ പ്രകൃതിപരമായി ഒരു യോഗ്യത വെച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്‍ ദുര്‍വാശി കാരണം അത് അംഗീകരിക്കാതെ നിഷേധത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ ഈ യോഗ്യത അല്‍പ്പാല്‍പ്പമായി ഇല്ലാതായിത്തീരുന്നതാണ്. അങ്ങനെ യഥാര്‍ത്ഥ്യങ്ങള്‍ സ്വീകരിക്കാനുള്ള ശേഷി തീര്‍ത്തും ഇല്ലാതാകും. കാതുണ്ടെങ്കിലും അതില്‍ പതിയുന്ന സത്യത്തിന്റെ ശബ്ദം മനസ്സുവരെയും എത്തുന്നതല്ല. കണ്ണുണ്ടെങ്കിലും പടച്ചവന്റെ ദൃഷ്ടാന്തങ്ങള്‍ കാണാന്‍ അതിന് കഴിവില്ലാതാകും. ഈ ഒരു അവസ്ഥയാണ് ഈ ആയത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പടച്ചവന്‍ മുദ്ര അടിച്ചതിനാല്‍ അവര്‍ നിഷേധത്തില്‍ ഉറച്ച് നിന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. അതെ, അവര്‍ മന:പ്പൂര്‍വ്വം നിഷേധം തിരഞ്ഞെടുക്കുകയും ദുര്‍വാശി കാട്ടുകയും ചെയ്തപ്പോള്‍ അല്ലാഹു മുദ്ര അടിക്കുകയും അവരുടെ ഭാഗ്യം ഇല്ലാതാവുകയും ചെയ്തു. ചുരുക്കത്തില്‍ അവരുടെ നിഷേധം ഭാഗ്യക്കേടിന്റെ അടിസ്ഥാന കാരണമാണ്.
പടച്ചവന്‍ അവര്‍ക്ക് കനിഞ്ഞരുളിയ സത്യം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ ശരിയായി ഉപയോഗിച്ചില്ല. അവര്‍ നിഷേധത്തിന്റെ മാര്‍ഗ്ഗം തിരഞ്ഞെടുത്തത് കാരണം അല്ലാഹു അവരുടെമേല്‍ മുദ്രവെച്ചിരിക്കുന്നു. സത്യം കേള്‍ക്കുന്നതില്‍ നിന്നും അവര്‍ ബധിരന്മാരാണ്. പടച്ചവന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ പോലും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. അല്ലാഹു നിഷേധത്തിൻ്റെ ദുഷ്ഫലങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ!
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
178. സാബിത് ബിൻ ഉബൈദ് (റ) നിവേദനം: ഒരു വ്യക്തി അലിയ്യ് (റ)നോട് ചോദിച്ചു: ഞാൻ മദീനയിലേക്ക് പോവുകയാണ്. അവിടെയുള്ളവർ ഉസ്‌മാൻ (റ)നെ പറ്റി ചോദിച്ചാൽ ഞാൻ എന്ത് മറുപടിയാണ് പറയേണ്ടതെന്ന് അങ്ങ് പറഞ്ഞ് തന്നാലും? അലിയ്യ് (റ) പറഞ്ഞു: "സത്യവിശ്വാസം വളർത്തുകയും സുകൃതങ്ങൾ അനുഷ്ഠിക്കുകയും വീണ്ടും ഭയഭക്തി മുറുകെപ്പിടിക്കുകയും വിശ്വാസത്തിൽ നിലയുറപ്പിക്കുകയും വീണ്ടും സൂക്ഷ്മത പുലർത്തുകയും നന്മകളിൽ മുന്നേറുകയും ചെയ്താൽ മുമ്പ് ഭക്ഷിച്ചതിന്റെ പേരിൽ യാതൊരു കുഴപ്പവുമില്ല. നന്മ നിറഞ്ഞവരെ അല്ലാഹു ഇഷ്ടപ്പെടുന്നു." എന്ന് അല്ലാഹു ഖുർആനിൽ പരാമർശിച്ച ഗണത്തിൽ പെട്ടവരാണ് ഉസ്‌മാൻ (റ)വും. (ഇബ്നു മർദവിയ്യ, ഇബ്നു അസാകിർ)
വിവരണം: ഹസ്രത്ത് അലിയ്യ് (റ) കൂഫയെ തന്റെ ഭരണതലസ്ഥാനമാക്കിയ ചരിത്രം പ്രസിദ്ധമാണ്. ഹദീസിൽ പറയപ്പെട്ട മദീനയിലേക്ക് പോകാൻ ഒരുങ്ങിയ അലി (റ)യോട് ഒരു ചോദ്യം ചോദിച്ച വ്യക്തി അലി(റ)യോട് അടുത്ത ബന്ധമുള്ള ആളായിരുന്നുവെന്ന് വ്യക്തമാണ്. മദീനയിലെത്തുമ്പോൾ ഹസ്രത്ത് ഉസ്മാനെ (റ) കുറിച്ച് ജനങ്ങൾ ചോദിച്ചാൽ താൻ എന്ത് മറുപടിയാണ് നൽകണമെന്നതായിരുന്നു ചോദ്യത്തിന്റെ ലക്ഷ്യം.
(ഹസ്രത്ത് ഉസ്മാന്റെ (റ) വ്യക്തിത്വം വിവാദമാക്കപ്പെടുകയും അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തെ വധിച്ച വിമതരാകട്ടെ ഹസ്രത്ത് അലിയോടുള്ള സ്നേഹം നടിച്ച് കൂടെയുണ്ടായിരുന്നു താനും).
ഈ സാഹചര്യത്തിലാണ് ചരിത്രരേഖകളിൽ കാണുന്ന ആ മറുപടി ഹസ്രത്ത് അലി നൽകിയത്.
യഥാർത്ഥത്തിൽ, സൂറത്തുൽ മാഇദയിലെ 93-ാം സൂക്തത്തിന്റെ സാരമാണ് അദ്ദേഹം മറുപടിയായി നൽകിയത്. വിശ്വാസം, സൽകർമ്മങ്ങൾ, തഖ്‌വ, ഇഹ്‌സാൻ എന്നിവ നിറഞ്ഞ ജീവിതം നയിക്കുന്നവരോട് പരലോകത്ത് വെച്ച് പിഴവുകളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുകയില്ലെന്നും അവർ അല്ലാഹുവിന്റെ പ്രിയപ്പെട്ടവരാണെന്നുമാണ് ആ വചനത്തിന്റെ പൊരുൾ. ഹസ്രത്ത് ഉസ്മാൻ (റ) അല്ലാഹുവിന്റെ അത്തരം പ്രിയപ്പെട്ടവരിലും സ്വീകാര്യരായ ദാസന്മാരിലും പെട്ടയാളായിരുന്നുവെന്ന് അലി (റ) ഇതിലൂടെ വ്യക്തമാക്കുന്നു.
ഇവിടെ പരാമർശിക്കപ്പെട്ട 'ഇഹ്‌സാൻ' എന്ന സാങ്കേതിക പദത്തിൻ്റെ അർത്ഥം: അല്ലാഹുവിനെ നേരിൽ കാണുന്നു എന്ന ബോധ്യത്തോടെ, അഥവാ അവൻ നമ്മെ കാണുന്നു എന്ന പൂർണ്ണമായ വിശ്വാസത്തോടെ അല്ലാഹുവിനെ ആരാധിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക എന്നതാണ്. റസൂലുല്ലാഹി ﷺ തന്നെ ഒരു ഹദീസിലൂടെ ഇത് വിശദീകരിച്ചിട്ടുണ്ട്. നിസ്സംശയം, വിശ്വാസത്തിന്റെ ഏറ്റവും ഉന്നതമായ പദവിയാണത്. അല്ലാഹു തആല ഈ വരികൾ എഴുതുന്നവർക്കും വായിക്കുന്നവർക്കും ആ 'ഇഹ്‌സാനി'ന്റെ ഒരംശമെങ്കിലും നൽകുമാറാകട്ടെ. ആമീൻ.
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
ദിക്റിലൂടെ ഇലാഹീ അനുരാഗം ഹൃദയത്തിൽ നിറയ്ക്കുക.
✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
(നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)
മനുഷ്യ ഹൃദയം ഒരു യന്ത്രം പോലെയാണ്. അതിന് ഇന്ധനം ആവശ്യമാണ്. സാധാരണ പെട്രോളിൽ കരടുകൾ അധികരിച്ചാൽ യന്ത്രം തകരാറിലാവും , ഇതുപോലെ തന്നെയാണ് ഹൃദയവും. ഹൃദയത്തിന്റെ ഇന്ധനം ഇലാഹി അനുരാഗമാണ്. അതിൽ പാപങ്ങളാകുന്ന കരടുകൾ നിറഞ്ഞാൽ യന്ത്രം തകരാറിലാവും. ദുൻയാവിനോടുള്ള ആഗ്രഹം പാപങ്ങൾ അധികരിപ്പിക്കും. അതിനാൽ ഇലാഹി അനുരാഗം ഹൃദയത്തിൽ നിറയ്ക്കുക. അതിന് രണ്ട് മാർഗ്ഗങ്ങളാണുള്ളത്. 1, ദിക്റുല്ലാഹ് 2, സജ്ജനങ്ങളോടുള്ള സഹവാസം.ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. തീർച്ചയായും നല്ല സഹവാസത്തിലൂടെ പ്രതിഫലനം ഉണ്ടാകുന്നതാണ്.
• ദുൻയാവിനോടുള്ള ആഗ്രഹം ഹൃദയത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയാൽ ദുൻയാവ് പുറകെ വരുന്നതാണ്. ഉന്നത സ്ഥാനങ്ങളിലെത്തിയ മഹാന്മാരെല്ലാവരും തന്നെ ആദ്യ കാലങ്ങളിൽ വളരെയധികം പ്രയാസങ്ങൾ അനുഭവിച്ചവരാണ്. അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിക്ക് വളരെ കുറഞ്ഞ ശമ്പളമാണ് ആദ്യ സമയം നദ്‌വത്തുൽ ഉലമയിൽ നിന്നും ലഭിച്ചിരുന്നത്. അത് തന്നെ പിന്നീട് മൗലാനാ വേണ്ടെന്ന് വെക്കുകയുണ്ടായി. ഭക്ഷണ വിഭവങ്ങൾ കൂടുന്നതിനോട് കടുത്ത വിയോജിപ്പായിരുന്നു. ധൂർത്ത് കാണിക്കരുതെന്ന് ഉണർത്തുമായിരുന്നു. അവസാന സമയത്ത് ദുബൈ, ബ്രൂണേയ് അവാർഡുകളിലൂടെ വൻ തുകയാണ് മൗലാനാക്ക് വന്ന് ചേർന്നത്. ആ സമ്പത്ത് മുഴുവൻ അല്ലാഹുവിന് തൃപ്തിപ്പെട്ട വഴിയിൽ ചിലവഴിച്ചു. പഴയ അവസ്ഥയിൽ തന്നെ മരണം വരെ ജീവിക്കുകയുണ്ടായി.
🔹🔹🔹🔹🔹
ഇലാ റഹ്‌മത്തില്ലാഹ്...
അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായ കീഴ്മാട് കാഷിഫുൽ ഉലൂം ചെയർമാൻ ഉസ്‌താദ് യൂസുഫ് ഖാസിമിക്കും, ഈരാറ്റുപേട്ട സിറാജുദ്ദീൻ കൗസരിക്കും മറ്റും മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 ഹാജിമാർക്കുള്ള ഉപഹാരം
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹



