ദുൽഖഅ്ദ് 20/1447
മെയ് 08/2026
ലക്കം: 259
 ഉള്ളടക്കം 

▪️മുഖലിഖിതം 
നിയമസഭാ സമാജികരായി തിരഞ്ഞെടുക്കപ്പെട്ടവരോട്...
        ✍️ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

▪️ജുമുഅ സന്ദേശം 
മഹത്വങ്ങൾ നിറഞ്ഞ ഹജ്ജും ഉള്ഹിയ്യത്തും 
       ✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി  

▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
       ✍️ മൗലാനാ ഹിലാൽ ഉസ്മാനി 

▪️ആരിഫുല്‍ ഹദീസ് 
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
       ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
ഉള്ഹിയത്ത് അല്ലാഹുവിന് വേണ്ടിയുള്ള ത്യാഗമാണ്
       ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️ഇലാ റഹ്‌മത്തില്ലാഹ്...


▪️ഗ്രന്ഥ പരിചയം 
ഹാജിമാർക്കുള്ള ഉപഹാരം
🔹🔹🔹🔹🔹🔹🔹



 മുഖലിഖിതം 

നിയമസഭാ സമാജികരായി തിരഞ്ഞെടുക്കപ്പെട്ടവരോട്...

          "നിയമസഭ സാമാജികരായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ മഹത്തുക്കൾക്കും ആദരവോടെ ആശംസകൾ നേരുന്നതിനോടൊപ്പം കർത്തവ്യങ്ങൾ ഉണർന്ന് പ്രവർത്തിക്കാൻ എല്ലാവരും സന്നദ്ധമാകണമെന്നും അവരെ അതിന് പ്രേരിപ്പിക്കാൻ സഹപ്രവർത്തകരും സമ്മതിദായകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു. 

തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുകയും നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തതോടെ ഓരോ സ്ഥാനാർത്ഥികളും നാടിൻ്റെ സേവനത്തിനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിജയപരാജയങ്ങൾ ഒന്നിനെയും പരിഗണിക്കാതെ എല്ലാവരും നാടിൻ്റെ സേവനത്തിന് മുന്നോട്ട് വരേണ്ടതാണ്. പ്രത്യേകിച്ചും വിജയം വരിച്ചവർ ഇതിൽ അതീവ ശ്രദ്ധയുള്ളവരാകണം. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങളും സത്യപ്രതിജ്ഞയും പാലിച്ച് മുമ്പോട്ട് നീങ്ങിയാൽ മാത്രം ഒരു നല്ല സാമാജികനാകാൻ സാധിക്കുന്നതാണ്.

കേരളത്തിൻ്റെ വികസനമാണ് എല്ലാവരും വാഗ്ദാനം ചെയ്ത സുപ്രധാന വിഷയം. തീർച്ചയായും ഇത് കേരളത്തിൻ്റെ വലിയ ഒരാവശ്യം തന്നെയാണ്. യാത്രാസൗകര്യങ്ങളും ജീവിതത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളും വികസിപ്പിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. അതോടൊപ്പം വഴിയുടെയും യാത്രയുടെയും മറ്റും വികസനത്തേക്കാൾ പ്രധാനപ്പെട്ടത് മനസ്സുകളുടെ വികസനമാണെന്ന് മനസ്സിലാക്കി ജനങ്ങളെ പരസ്പര സാഹോദര്യത്തോടെ നടത്താനും നയിക്കാനും ശ്രദ്ധിക്കേണ്ടതാണ്. മനസ്സിൽ വികസനം ഉണ്ടാകാതെ വാഹനത്തിലും വഴിയിലും മാത്രം വികസനം ഉണ്ടായാൽ മുമ്പ് ദിവസങ്ങൾ കഷ്ടപ്പെട്ട് മാത്രം നടന്നിരുന്ന അക്രമങ്ങൾ വളരെ എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ടും നടത്താൻ സാധിക്കും എന്ന ഫലം മാത്രമേയുള്ളൂ. ദൗർഭാഗ്യവശാൽ കേരളം അപ്രകാരം നീങ്ങുന്നു എന്ന് പറയുന്നതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. പക്ഷേ ഇതൊരു യാഥാർത്ഥ്യമാണ്. വർഗ്ഗീയമായ വാചകങ്ങളും പ്രവർത്തനങ്ങളും സാധാരണക്കാർ മാത്രമല്ല, ഉത്തരവാദിത്വപ്പെട്ടവർ പോലും ഉയർത്തി പിടിക്കുന്നത് നാടിനും നാട്ടുകാർക്കും അങ്ങേയറ്റം അപകടകരമാണ്. ആകയാൽ പരസ്പര സാഹോദര്യത്തിനും സഹകരണത്തിനും എല്ലാവരെയും പ്രേരിപ്പിക്കേണ്ടതാണ്.

തീർച്ചയായും ജനപ്രതിനിധികൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരാണെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതോടെ അവർ അവിടെയുള്ള മുഴുവൻ ജനങ്ങളുടെയും പ്രതിനിധികളായിരിക്കുന്നു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുകയും ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും സേവനത്തിനും സംരക്ഷണത്തിനും ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതാണ്.."

 ✍️ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

മഹത്വങ്ങൾ നിറഞ്ഞ ഹജ്ജും ഉള്ഹിയ്യത്തും 

✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി  
(സെക്രട്ടറി, ഓൾ ഇന്ത്യാ മുസ്‌ലിം ‌പേഴ്സനൽ ലോ ബോർഡ്)
       

{ وَأَذِّن فِی ٱلنَّاسِ بِٱلۡحَجِّ یَأۡتُوكَ رِجَالࣰا وَعَلَىٰ كُلِّ ضَامِرࣲ یَأۡتِینَ مِن كُلِّ فَجٍّ عَمِیقࣲ ° لِّیَشۡهَدُوا۟ مَنَـٰفِعَ لَهُمۡ وَیَذۡكُرُوا۟ ٱسۡمَ ٱللَّهِ فِیۤ أَیَّامࣲ مَّعۡلُومَـٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِیمَةِ ٱلۡأَنۡعَـٰمِۖ فَكُلُوا۟ مِنۡهَا وَأَطۡعِمُوا۟ ٱلۡبَاۤىِٕسَ ٱلۡفَقِیرَ°" 

(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ താങ്കൾ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ താങ്കളുടെയടുത്ത് വന്നു കൊള്ളും.

അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. 
(സൂറത്തുൽ ഹജ്ജ് : 27-28) 

മഹാനായ ഇബ്റാഹീം(അ) കഅ്ബാലയം  നിർമ്മിച്ചപ്പോൾ അല്ലാഹു കൽപ്പിച്ചു: മാലോകരെ ഹജ്ജിനായി ഇവിടേക്ക് ക്ഷണിക്കുക. ഇബ്റാഹീം(അ) മല മുകളിൽ കയറി മാലോകരെ വിളിച്ചു, സൗഭാഗ്യം സിദ്ധിച്ച ആത്മാക്കളെ അല്ലാഹു അത് കേൾപ്പിച്ചു. വർഷാവർഷം ഭാഗ്യവാന്മാർ കഅ്ബാലയത്തെ ലക്ഷ്യം വെച്ച് അവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി. അന്ത്യനാൾ വരെ അത് തുടർന്നുകൊണ്ടേയിരിക്കും.
      ഇന്ന് ഹജ്ജ് വളരെ എളുപ്പത്തിൽ നിർവ്വഹിക്കാൻ കഴിയും. ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും മക്ക മുകർ റമയിൽ എത്തിച്ചേരാൻ സാധിക്കും. പഴയ കാലങ്ങളിൽ അവയെല്ലാം വളരെ ശ്രമകരമായിരുന്നു. കാൽ നടയായോ മൃഗസവാരിയിലൂടെയോ ധാരാളം നാളുകൾക്ക് ശേഷമായിരുന്നു ആളുകൾ അവിടെത്തിച്ചേർന്നിരുന്നത്.
           മഹാനായ ഇബ്റാഹീം(അ) ന്റെ ത്യാഗ സമർപ്പണത്തിന്റെ ഒരംശം അതിലൂടെ അവർക്കും ലഭിച്ചിരുന്നു. ഇറാഖിൽ നിന്നും കുടുംബത്തെ ഉപേക്ഷിച്ച് മക്കയിലേക്ക് പലായനം ചെയ്ത ഇബ്റാഹീം(അ) ന്റെ ലക്ഷ്യം ഏകനായ ഇലാഹിനെ ആരാധിക്കലും അവന്റെ ഭവനം സജീവമാക്കലുമായിരുന്നു. പ്രസ്തുത സംഭവം സൂറ: ഇബ്റാഹിമീലൂടെ അല്ലാഹു വിവരിക്കുന്നുണ്ട്. 
     ഹജ്ജ് മറ്റ് ഇബാദത്തുകളിൽ നിന്ന് വ്യത്യസ്തമാകുന്നതിന് കാരണമിതാണ്, നിസ്കാരം നോമ്പ് തുടങ്ങിയവ ശാരീരിക ഇബാദത്തുകളും, സകാത്ത് പോലുള്ളവ സാമ്പത്തിക ഇബാദത്തുകളാണ് . എന്നാൽ, ഹജ്ജ് ശാരീരിക-സാമ്പത്തിക ഉബാദത്തുകളുടെ സമന്വയരൂപമാണ്. അതിനാൽ തന്നെ ഏതെങ്കിലും നിലയിൽ മക്കയിൽ വന്ന് ഇബാദത്തുകൾ നിർവ്വഹിക്കാൻ കഴിവുള്ളവർക്കാണ് ഹജ്ജ് നിർബന്ധമാവുക. അതും ജീവിതത്തിൽ ഒരു തവണ മാത്രമാണ് നിർബന്ധമാകുന്നത്. അല്ലാഹു പറയുന്നു: 

{ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَیۡتِ مَنِ ٱسۡتَطَاعَ إِلَیۡهِ سَبِیلࣰاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِیٌّ عَنِ ٱلۡعَـٰلَمِینَ } 
  ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു. (സൂറത്തു ആലു ഇമ്രാൻ :97) 

      യുവത്വ കാലങ്ങളിൽ അല്ലാഹു സമ്പത്തും ആരോഗ്യവും നൽകിയിട്ടും അധികമാളുകളും വാർദ്ധക്യ കാലത്ത് ജീവിത തിരക്കുകൾ ഒഴിഞ്ഞതിനു ശേഷം പോകുവാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരം രീതിയിലൂടെ ഹജ്ജിന്റെ പരിപൂർണ്ണതയും അന്തസത്തയും കൈവരിക്കാൻ അവർക്ക് സാധിക്കില്ല. 
       സാമ്പത്തിക - യാത്ര സൗകര്യമുള്ളപ്പോൾ ഓരോ മുസ്‌ലിമിനും ഹജ്ജ് നിർബന്ധമാണ്. കാരണം മറ്റെന്തെങ്കിലും പകരം നൽകാൻ സാധിക്കാത്തത്ര മഹത്തരമായ ഇബാദത്താണ് ഹജ്ജ് . ശാരീരിക-മാനസിക-സാംസ്കാരിക പാഠശാല കൂടിയാണ് ഹജ്ജ് . കാരണം മനുഷ്യർക്ക് അനഭിലഷണീയമായ മുഴുവൻ കാര്യങ്ങളെയും അല്ലാഹു ഹജ്ജിന്റെ സമയത്ത് നിരോധിച്ചിരിക്കുന്നു. 

{ فَمَن فَرَضَ فِیهِنَّ ٱلۡحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِی ٱلۡحَجِّۗ } 
ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. (സൂറത്തുൽ ബഖറ :197) 

       ഹജ്ജിലൂടെ വിശ്വാസിക്ക് രക്ഷിതാവിനോടുള്ള വിധേയത്വവും സ്നേഹാനുരാഗവും നിറഞ്ഞ ആത്മീയത നേടിയെടുക്കാൻ സാധിക്കുന്നു. അത്തരമൊരു അനുഭവം  മറ്റൊരു ഇബാദത്തിലൂടെയും കരസ്ഥമാക്കാൻ കഴിയില്ല.
           ഇഹ്‌റാമിന്റെ രണ്ട് വെള്ള തുണികൾ ചുറ്റി കഅ്ബാലയത്തെ വലയം ചെയ്ത് സ്വഫാമർവാ കുന്നുകൾക്കിടയിലൂടെ ഓടി അറഫയിലെ തുറന്ന മൈതാനത്തിൽ പകലന്തിയോളം പ്രാർത്ഥനയിൽ മുഴുകി മുസ്ദലിഫയിൽ രാപാർത്ത് പിശാചിനെ കല്ലെറിഞ്ഞോടിച്ച്  ബലി കർമ്മം നിർവ്വഹിച്ച് തലമുടി വടിച്ച് കളഞ്ഞ് വീണ്ടും കഅ്ബയുടെ ചാരത്ത് വന്ന് ദിക്ർ ദുആ തിലാവത്തിലായി കഴിഞ്ഞ് കൂടുന്ന, മനസ്സും ശരീരവും റബ്ബിന്റെ രിളായിലായി ചിലവഴിക്കുന്ന ചില കുറഞ്ഞ ദിനങ്ങൾ, അതാണ് ഹജ്ജ്. 

      ഹജ്ജ് നിർവ്വഹിക്കാൻ ഉതവി ലഭിച്ച സഹോദരങ്ങൾക്കറിയാം, ഈ കുറഞ്ഞ സമയത്തിൽ റബ്ബ് നൽകുന്ന ആത്മീയ നിർവൃതി. ഇതിനാൽ തന്നെയാണ് റസൂൽ(ﷺ) അരുളിയത് :
العُمرةُ إلى العُمرةِ كفَّارةٌ لِما بينَهُما والحجُّ المبرورُ ليسَ لَهُ جزاءٌ إلَّا الجنَّةُ. (البخاري :  العلل الكبير)
ഉംറകൾ അവക്കിടയിലുള്ള കാലത്തെ പാപങ്ങൾ പൊറുപ്പിക്കുന്നതാണ്. മബ്റൂറായ ഹജ്ജിന്റെ പ്രതിഫലം സ്വർഗ്ഗം മാത്രമാണ്. (ബുഖാരി ) 

          ബലികർമ്മത്തിന്റെ ദിനങ്ങളായ ദുൽഹജ്ജ് 10, 11,12 കളിൽ ലോകത്ത് ഒരു ഭാഗത്ത് ഹാജിമാർ ദിക്ർ ദുആകളിൽ മുഴുകുന്നു, മറുഭാഗത്ത് വിശ്വാസികൾ ബലികർമ്മം നിർവ്വഹിച്ച് റബ്ബിന്റെ കൽപന നിറവേറ്റുന്നു.
          ഹജ്ജ് നിർവ്വഹിക്കപ്പടുന്നത് മക്കയിലും പ്രാന്തപ്രദേശങ്ങളിലും മാത്രമാണ്. എന്നാൽ ബലി കർമ്മം ലോകത്ത് മുഴുവൻ നടത്തപ്പെടുന്നു. അതിനൊപ്പം വിശ്വാസികൾ അയ്യാമുത്തശ് രീഖിന്റെ ദിനങ്ങളിൽ തൽബിയ്യത്തുകളിൽ മുഴുകുന്നു.ഇതിലൂടെ ഹജ്ജ് നിർവ്വഹിക്കാൻ സാധിക്കാതെ പോയ വിശ്വാസികളും വിശുദ്ധ ഹജ്ജിന്റെ ഒരു ഭാഗമായിത്തീരുന്നു. 
        വിശുദ്ധ ഹജ്ജ് പോലെ തന്നെ ഉള്ഹിയ്യത്തും ഇബ്റാഹീമീ സ്മരണയാണ്. പിതാവ് ഇബ്റാഹീം(അ) തന്റെ മകൻ ഇസ്മാഈൽ(അ) നെ റബ്ബിന് ബലി കൊടുക്കണമെന്ന് സ്വപ്നം കാണുന്നു, തുടർച്ചയായി കണ്ട സ്വപ്നം റബ്ബിന്റെ കൽപനയാണെന്ന് മനസ്സിലാക്കി മകനോട് കാര്യം പറയുന്നു. റബ്ബിന്റെ കൽപനക്ക് തൃപ്തനാണെന്ന മറുപടി കേട്ട് രണ്ട് പേരും വിദൂര സ്ഥലത്തേക്ക് പോകുന്നു. മകനെ ചരിച്ച് കിടത്തി കഠാര കഴുത്തിൽ വെക്കുന്നു. തൽക്ഷണം റബ്ബിന്റെ ദൂതൻ വരുന്നു. കഠിന പരീക്ഷണത്തിൽ ഇബ്റാഹീമും മകനും(അ) വിജയിച്ചെന്ന സന്തോഷവാർത്ത അറിയിക്കുന്നു. പകരം ഒരു ആടിനെ അവർ ബലി നൽകുന്നു. ഇതാണ് ലോക മുസ്‌ലിംകൾ ഇന്ന് വരെ നിർവ്വഹിച്ച് പോരുന്ന ഉള്ഹിയ്യത്തിന്റെ അടിസ്ഥാന സംഭവം. ഈ സംഭവം ഖുർആനിൽ വിവരിച്ചതിനു ശേഷം അല്ലാഹു പറയുന്നു:

{ فَلَمَّاۤ أَسۡلَمَا وَتَلَّهُۥ لِلۡجَبِینِ (103) وَنَـٰدَیۡنَـٰهُ أَن یَـٰۤإِبۡرَ ٰ⁠هِیمُ (104) قَدۡ صَدَّقۡتَ ٱلرُّءۡیَاۤۚ إِنَّا كَذَ ٰ⁠لِكَ نَجۡزِی ٱلۡمُحۡسِنِینَ (105) إِنَّ هَـٰذَا لَهُوَ ٱلۡبَلَـٰۤؤُا۟ ٱلۡمُبِینُ (106) وَفَدَیۡنَـٰهُ بِذِبۡحٍ عَظِیمࣲ (107) وَتَرَكۡنَا عَلَیۡهِ فِی ٱلۡـَٔاخِرِینَ (108) سَلَـٰمٌ عَلَىٰۤ إِبۡرَ ٰ⁠هِیمَ (109) 
"അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്‌) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു:
ഹേ! ഇബ്രാഹീം, തീര്‍ച്ചയായും താങ്കൾ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ (ഇബ്രാഹീമിന്‍റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
ഇബ്രാഹീമിന് സമാധാനം"!!  (സൂറത്തുസ്സ്വാഫാത്ത് : 103-109) 

       ഉള്ഹിയ്യത് റബ്ബിലേക്ക് അടുക്കാനുള്ള ദിവ്യകർമ്മമാണ്. തന്റെ ജീവനും സമ്പാദ്യവും റബ്ബിനായി സമർപ്പിക്കാൻ തയ്യാറാണെന്ന് ഇതിലൂടെ അവൻ അറിയിക്കുകയാണ്. ഇത്തരമൊരു സമർപ്പണ ബോധത്തിൽ  നിർവ്വഹിച്ചാൽ മാത്രമേ ഉള്ഹിയ്യത് യാഥാർത്ഥ്യമാവുകയുള്ളൂ. അല്ലാത്ത പക്ഷം ബാധ്യത വീട്ടപ്പെട്ടും, ഇബ്റാഹീമീചര്യ പൂർത്തിയാകില്ല.

അല്ലാഹു പറയുന്നു:
{ لَن یَنَالَ ٱللَّهَ لُحُومُهَا وَلَا دِمَاۤؤُهَا وَلَـٰكِن یَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ كَذَ ٰ⁠لِكَ سَخَّرَهَا لَكُمۡ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمۡۗ وَبَشِّرِ ٱلۡمُحۡسِنِینَ } 
"അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തിത്തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് താങ്കൾ സന്തോഷവാര്‍ത്ത അറിയിക്കുക." (സൂറത്തുൽ ഹജ്ജ് :37) 

        ഈദുൽ അള്ഹ നിസ്കാരം നിർവ്വഹിച്ചതിനു ശേഷമാണ് ഉള്ഹിയ്യത് നൽകേണ്ടത്. നബിചര്യ അപ്രകാരമാണ്. വിശ്വാസി തഖ് വ നിറഞ്ഞ മനസ്സോടെ വിശ്വാസ-സ്വഭാവ ന്യൂനതകളിൽ നിന്ന് സുരക്ഷിതനും ബലിമൃഗം ആരോഗ്യത്തോടെ ശാരീരിക ന്യൂനതകളിൽ നിന്ന് സുരക്ഷിതവുമായിരിക്കണം. അങ്ങനെയെങ്കിൽ അവന്റെ ഉള്ഹിയ്യത്  സ്വീകാര്യമാകും.(ഇൻഷാ അല്ലാഹ്) 

റസൂൽ (ﷺ) അരുളി: 4 രീതിയിലുള്ള മൃഗങ്ങൾ ഉള്ഹിയ്യതിന് യോജിച്ചവയല്ല. ഒറ്റക്കണ്ണുള്ള മൃഗം, രോഗിയായ മൃഗം, മുടന്തുള്ള മൃഗം, പ്രായാധിക്യത്താൽ അവശയായ മൃഗം. (അഹ്മദ്) 

ഉള്ഹിയ്യത്തിൽ വലിയ മൃഗങ്ങളായ ഒട്ടകം, പോത്ത്, പശു, കാള എന്നിവയിൽ 7 പേർക്ക് പങ്കാളികളാകാം. ചെറിയ മൃഗങ്ങളായ ആട് പോലുള്ളവ ഒരു വ്യക്തിക്ക് മാത്രമേ മതിയാവുകയുള്ളു. ബലി കൊടുക്കാൻ സാമ്പത്തിക കഴിവുള്ള എല്ലാവർക്കും അത് വാജിബും (ഹനഫീ മദ്ഹബ് പ്രകാരം), ബലവത്തായ സുന്നത്തുമാണ് ( ശാഫിഈ മദ്ഹബ് പ്രകാരം ) .

പ്രായപൂർത്തിയാകാത്തവരും ചെറിയ കുട്ടികളും ഉള്ഹിയ്യത് കൊടുക്കേണ്ടതില്ല. ഉള്ഹിയ്യത് നിർവ്വഹിക്കുന്ന വേളയിൽ താഴെ പറയുന്ന ദുആ ചൊല്ലണം. 

إِنَّ صَلَاتِی وَنُسُكِی وَمَحۡیَایَ وَمَمَاتِی لِلَّهِ رَبِّ ٱلۡعَـٰلَمِینَ ، لَا شَرِیكَ لَهُۥۖ وَبِذَ ٰ⁠لِكَ أُمِرۡتُ وَأَنَا۠ أَوَّلُ ٱلۡمُسۡلِمِینَ . 
"തീര്‍ച്ചയായും എന്‍റെ നമസ്കാരവും, എന്‍റെ ബലികര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്.‌" (സൂറത്തുൽ അൻആം : 162-163) 

          ഉള്ഹിയ്യതിന്റെ മാംസം സ്വയം ഭക്ഷിക്കുകയും കുടുംബക്കാർ, അയൽവാസികൾ, ദരിദ്രർ, ആലംബഹീനർ, ഭവന രഹിതർക്കിടയിൽ വിതരണം ചെയ്യുക. ഒപ്പം തന്നെ ഉള്ഹിയ്യത് സ്വീകരിക്കപ്പെടാൻ റബ്ബിനോട് പ്രാർത്ഥിക്കുകയും ചെയ്യുക. 

       രക്ഷിതാവ് നമ്മുടെ മുഴുവൻ സത്കർമ്മങ്ങളെ, വിശിഷ്യാ ഉള്ഹിയ്യതിനെ പരിപൂർണ്ണമായി സ്വീകരിക്കട്ടെ.." ആമീൻ യാ റബ്ബൽ ആലമീൻ...

🔹🔹🔹🔹🔹🔹🔹

പരിശുദ്ധ ഖുർആൻ പ്രകാശം

സൂറത്തുല്‍ ബഖറ

✍️ മൗലാനാ ഹിലാൽ ഉസ്മാനി

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

ആയത്ത് 22-28

ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ ۝
അല്ലാഹു നിങ്ങൾക്ക് ഭൂമിയെ വിരിപ്പും ആകാശത്തെ മേൽക്കൂരയുമാക്കുകയും, ആകാശത്തു നിന്നും ജലമിറക്കിയതിലൂടെ നിങ്ങൾക്ക് ആഹാരത്തിനായി ഫലങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്തവനാണ്. ആകയാൽ, നിങ്ങൾ അറിയുന്നവരായിരിക്കെ അല്ലാഹുവിന് തുല്യരെ ആക്കരുത്.

22. ആകാശ-ഭൂമികളിലൂടെ ധാരാളം അനുഗ്രഹങ്ങള്‍ കനിഞ്ഞരുളിയ അല്ലാഹുവിനോട് ആരെയും തുല്യമാക്കരുത്.!
            നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ അല്ലാഹു വിരിപ്പാക്കി. അതായത് താമസിക്കാന്‍ സൗകര്യപ്രദമുള്ളതാക്കി. ചില നക്ഷത്രങ്ങളുടെ ഉപരിതലത്തെക്കുറിച്ച് പറയപ്പെടുന്നതുപോലെ ഭൂമുഖവും ഇളക്കമുള്ളതായിരുന്നെങ്കില്‍ ഇവിടെ മനുഷ്യന് താമസിക്കാന്‍ കഴിയുകയില്ലായിരുന്നു. ആകാശത്തെ മേല്‍ക്കൂരയാക്കി. ആകാശം എന്നതില്‍ അതിന് കീഴിലുള്ള അന്തരീക്ഷവും പെടുന്നതാണ്. മേല്‍ക്കൂരയുടെ ജോലി സംരക്ഷണമാണ്. ഇപ്രകാരം അന്തരീക്ഷത്തിലുള്ള വിവിധ നക്ഷത്രങ്ങളും പ്രത്യേകിച്ചും സൂര്യനും കാരണം ഭൂമുഖത്തേക്കുള്ള നാശകരമായ ധാരാളം മാലിന്യങ്ങളെ ദൂരീകരിക്കപ്പെടുന്നു. ഭൂമുഖത്തുള്ള സൃഷ്ടികളെ സംരക്ഷിക്കാനുള്ള അല്ലാഹുവിന്റെ ഈ പദ്ധതിയുടെ പേരിലാണ് ആകാശത്തെക്കുറിച്ച് മേല്‍ക്കൂരയെന്ന് പറയപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ആകാശ ഭാഗത്ത് നിന്നും  ജീവജലത്തെ ഇറക്കിത്തരുകയും ചെയ്തു. അറബിയില്‍ സമാഅ് (ആകാശം) എന്ന പദം മേഘത്തിന് ഉപയോഗിക്കാറുണ്ട്. ഇപ്രകാരം സൗകര്യങ്ങള്‍ ചെയ്ത  പടച്ചവനല്ലാതെ ആരാണ് ആരാധനയ്ക്കര്‍ഹന്‍? പരിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാന സന്ദേശം പടച്ചവന്റെ തൗഹീദ് (ഏകത്വം) ആണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും പടച്ചവന്റെ ഏകത്വത്തിന്റെ തെളിവാണ്. പടച്ചവന്‍ ഏകനാണെന്ന് അവയെല്ലാം വിളിച്ചറിയിക്കുന്നു. അതുകൊണ്ട് തന്നെ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ പ്രപഞ്ചത്തിന്റെ ഈ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുകൊണ്ട് പടച്ചവന്റെ ഏകത്വത്തെ സമര്‍ത്ഥിച്ചിരിക്കുന്നു. കണ്ണുള്ളവരെല്ലാം രാവും പകലും  കാണുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. അല്ലാഹുവേ, നിന്നോട് വല്ലതിനെയും പങ്ക് ചേർക്കുന്നതിൽ നിന്നും ഞങ്ങൾ നിന്നോട് കാവൽ ഇരക്കുന്നു.

وَإِن كُنتُمۡ فِي رَيۡبٖ مِّمَّا نَزَّلۡنَا عَلَىٰ عَبۡدِنَا فَأۡتُواْ بِسُورَةٖ مِّن مِّثۡلِهِۦ وَٱدۡعُواْ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ ۝ 
നമ്മുടെ വിശിഷ്ട അടിമയുടെ മേൽ നാം അവതരിപ്പിച്ച ഗ്രന്ഥത്തെ കുറിച്ച് നിങ്ങൾക്ക് വല്ല സംശയവുമുണ്ടെങ്കിൽ അതിന് തത്തുല്യമായ ഒരു അദ്ധ്യായം നിങ്ങൾ ഉണ്ടാക്കിക്കൊണ്ടുവരിക. നിങ്ങൾ സത്യസന്ധരാണെങ്കിൽ അല്ലാഹുവിനെ കൂടാതെയുള്ള നിങ്ങളുടെ സഹായികളെ നിങ്ങൾ വിളിച്ചുകൊള്ളുക. 

23.  അതുല്യ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ ദൃഷ്ടാന്തമാണ്.! 
            പടച്ചവന്‍ മാത്രമാണ് ആരാധനക്കര്‍ഹനാണെന്ന് ബുദ്ധിയും പ്രകൃതിയും തെളിവുകളും വിളിച്ചറിയിക്കുന്നു. ഇത്തരുണത്തില്‍ പടച്ചവനെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് മനസ്സിലാക്കേണ്ടതാണ്. അതിനുള്ള പരിഗണിനീയമായ മാധ്യമമാണ് പ്രവാചകന്മാര്‍. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) നബിമാരില്‍ പ്രധാന വ്യക്തിത്വമാണ്. റസൂലുല്ലാഹി (സ)യുടെ പ്രവാചകത്വത്തിനുള്ള പ്രധാന തെളിവ് അല്ലാഹുവിന്റെ ഭാഷണമായ ഖുര്‍ആനാണ്. ഈ വാദത്തില്‍ നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ ഖുര്‍ആനിലേത് പോലുള്ള ഒരു സൂറത്തെങ്കിലും ഉണ്ടാക്കിക്കൊണ്ട് വരുക. ഖുര്‍ആന്‍ സന്ദേശങ്ങളും സാഹിത്യങ്ങളും വളരെ ഉന്നത നിലയിലുള്ളതാണ്. അതുപോലുള്ളത് കൊണ്ടുവരുക. ഈ വെല്ലുവിളി ഇന്നും തുടരുന്നു. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പടച്ചവന്‍ ഒഴികെയുള്ള മുഴുവന്‍ സഹായികളെയും ഒരുമിച്ച് കൂട്ടുക. ഖുര്‍ആനിന്റെ വിഷയത്തില്‍ നിങ്ങളുടെ സംശയം അല്‍പ്പമെങ്കിലും സത്യസന്ധമാണെങ്കില്‍ നിങ്ങള്‍ ഈ വെല്ലുവിളി സ്വീകരിച്ച് കൊള്ളുക.

فَإِن لَّمۡ تَفۡعَلُواْ وَلَن تَفۡعَلُواْ فَٱتَّقُواْ ٱلنَّارَ ٱلَّتِي وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُۖ أُعِدَّتۡ لِلۡكَٰفِرِينَ ۝ 
ഇനി, നിങ്ങൾക്ക് അക്കാര്യം ചെയ്യാൻ കഴിവില്ലെങ്കിൽ അതു ചെയ്യാൻ ഒരിക്കലും നിങ്ങൾക്ക് കഴിയുകയില്ല. പിന്നെ നരകത്തെ സൂക്ഷിക്കുക. മനുഷ്യരും കല്ലുകളുമാണ് അതിന്റെ ഇന്ധനം. നിഷേധികൾക്ക് വേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു.

24. നരകത്തെ സൂക്ഷിക്കുക.!
              ഖുര്‍ആനിലേത് പോലുള്ള ഒരു അദ്ധ്യായം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്നത് തന്നെയാണ് സത്യം. കാരണം ഖുര്‍ആന്‍ സ്രഷ്ടാവിന്റെ ഭാഷണമാണ്. ഇത്തരുണത്തില്‍ നിങ്ങള്‍ ഖുര്‍ആനിക പ്രബോധനം സ്വീകരിക്കുകയും പരലോക ശിക്ഷയ്ക്ക് കാരണമാകുന്ന കാര്യങ്ങളില്‍ നിന്നും അകന്ന് കഴിയുകയും ചെയ്യുക. പരലോക ശിക്ഷയില്‍ ഏറ്റവും കഠിനം നരകാഗ്നിയാണ്. അതില്‍ നിഷേധിയായ മനുഷ്യനും കല്ലുകൊണ്ടുള്ള വ്യാജദൈവങ്ങളും കത്തിക്കപ്പെടുന്നതാണ്. പടച്ചവന്റെ മാര്‍ഗ്ഗദര്‍ശനത്തെ നിഷേധിക്കുന്നവര്‍ക്ക് വേണ്ടി നരക ശിക്ഷ തയ്യാറാക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവേ ഞങ്ങളെ നരകത്തിൽ നിന്നും കാത്ത് രക്ഷിക്കണേ.. 

وَبَشِّرِ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أَنَّ لَهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ كُلَّمَا رُزِقُواْ مِنۡهَا مِن ثَمَرَةٖ رِّزۡقٗا قَالُواْ هَٰذَا ٱلَّذِي رُزِقۡنَا مِن قَبۡلُۖ وَأُتُواْ بِهِۦ مُتَشَٰبِهٗاۖ وَلَهُمۡ فِيهَآ أَزۡوَٰجٞ مُّطَهَّرَةٞۖ وَهُمۡ فِيهَا خَٰلِدُونَ ۝ 
സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് താങ്കൾ സന്തോഷ വാർത്ത അറിയിക്കുക: നിസ്സംശയം അവർക്ക് ആരാമങ്ങളുണ്ട്. അതിനടിയിൽ കൂടി അരുവികൾ ഒഴുകുന്നതാണ്. അതിൽ നിന്നും ഏതെങ്കിലും പഴവർഗ്ഗം അവർക്ക് നൽകപ്പെടുമ്പോഴെല്ലാം ഇത് ഇതിനു മുമ്പും ഞങ്ങൾക്കു നൽകപ്പെട്ടത് തന്നെയാണല്ലോ എന്ന് അവർ പറയും. പരസ്പരം സാദൃശ്യമുള്ള നിലയിൽ അവർക്ക് നൽകപ്പെടുന്നതാണ്. അവർക്കായി സ്വർഗ്ഗത്തിൽ പരിശുദ്ധ ഇണകളുണ്ട്. അവർ അതിൽ കാലാകാലം വസിക്കുന്നതാണ്.

25. സ്വര്‍ഗ്ഗം മാടി വിളിക്കുന്നു.!
       സത്യനിഷേധികള്‍ക്കെതിരില്‍ സത്യവിശ്വാസികളുടെ അന്തിമസ്ഥാനം സ്വര്‍ഗ്ഗമാണ്. സത്യവിശ്വാസികളെന്നാല്‍ സത്യസന്ധമായ മനസ്സോടെ അല്ലാഹുവിലും ദൂതരിലും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ കൊണ്ട് ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്തവരാണ്. ഖുര്‍ആനില്‍ പറയപ്പെട്ട സല്‍കര്‍മ്മങ്ങള്‍ കൊണ്ടുള്ള വിവക്ഷ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരമുള്ളതും റസൂലുല്ലാഹി ﷺയുടെ മാര്‍ഗ്ഗം പിന്‍പറ്റിക്കൊണ്ടുള്ളതും പടച്ചവന്റെ പൊരുത്തം ലക്ഷ്യമാക്കിയതുമായ കര്‍മ്മമാണ്. പടച്ചവന്റെ കല്‍പ്പനയ്ക്ക് വിരുദ്ധമായ കര്‍മ്മം ബാഹ്യമായി എത്ര നന്നായി കാണപ്പെട്ടാലും സല്‍കര്‍മ്മമല്ല. പെരുന്നാള്‍ ദിവസത്തിലെ നോമ്പും നിരോധിക്കപ്പെട്ട സമയങ്ങളിലെ നിസ്‌കാരവും വലിയ പെരുന്നാള്‍ കഴിഞ്ഞുള്ള മൂന്ന് ദിവസങ്ങളിലെ ഉംറകളും ഇതിന് ഉദാഹരണമാണ്. ഇപ്രകാരം പടച്ചവന്റെ കല്പ്പനയ്ക്കനുസൃതമാണെങ്കിലും സുന്നത്തിന് എതിരാണെങ്കില്‍ അതും സല്‍കര്‍മ്മമല്ല. ഇന്ന് നടപ്പിലുള്ള അനാചാരങ്ങളെല്ലാം ഈ വിഭാഗത്തില്‍ പെട്ടതാണ്. പടച്ചവന്റെ കല്‍പ്പനയും പ്രവാചക ചര്യയും ഉണ്ടെങ്കിലും ലക്ഷ്യം മറ്റുള്ളവരെ കാണിക്കാനും കേള്‍പ്പിക്കാനുമുള്ളതാണെങ്കില്‍ അതും സല്‍കര്‍മ്മമല്ല.

സാദൃശ്യമായ പഴങ്ങള്‍ എന്നത് കൊണ്ടുള്ള വിവക്ഷ ഒന്നുങ്കില്‍ ഇഹലോകത്തെ പഴങ്ങളെപ്പോലുള്ളതായിരിക്കും എന്നതാണ്. അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലെ പഴങ്ങള്‍ തന്നെ രൂപത്തില്‍ ഒരുപോലുള്ളതായിരിക്കും എന്നതാണ്. എന്നാൽ, അവയുടെ രുചികള്‍ക്കിടയില്‍ വലിയ വ്യത്യാസങ്ങള്‍ കാണപ്പെടുന്നതാണ്. 

ഭൗതിക അനുഗ്രഹങ്ങളില്‍ രണ്ടാല്‍ ഒരു കുഴപ്പം കാണപ്പെടുന്നതാണ്. ഒന്നുങ്കില്‍ മനുഷ്യന്‍ ജീവിച്ചിരിക്കുന്നതും അനുഗ്രഹം ഉയര്‍ത്തപ്പെടുന്നതുമാണ്. അല്ലെങ്കില്‍ അനുഗ്രഹം നിലനില്‍ക്കുന്നതും മനുഷ്യന്‍ ഈ ലോകത്ത് നിന്നും യാത്രയാകുന്നതുമാണ്. ചുരുക്കത്തില്‍, മനുഷ്യനും ഭൗതിക അനുഗ്രഹങ്ങളും ഈ ലോകത്ത് ഇല്ലാതാകുന്നതാണ്. എന്നാല്‍, പരലോകത്ത് മനുഷ്യന്റെ ജീവിതം ശാശ്വതമായിരിക്കുന്നതും അനുഗ്രഹങ്ങള്‍ അനന്തമാകുന്നതുമാണ്. അല്ലാഹുവേ ഞങ്ങൾക്ക് സ്വർഗ്ഗം നൽകേണമേ...  

إِنَّ ٱللَّهَ لَا يَسۡتَحۡيِۦٓ أَن يَضۡرِبَ مَثَلٗا مَّا بَعُوضَةٗ فَمَا فَوۡقَهَاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَيَعۡلَمُونَ أَنَّهُ ٱلۡحَقُّ مِن رَّبِّهِمۡۖ وَأَمَّا ٱلَّذِينَ كَفَرُواْ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۘ يُضِلُّ بِهِۦ كَثِيرٗا وَيَهۡدِي بِهِۦ كَثِيرٗاۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلۡفَٰسِقِينَ ۝
ഉദാഹരണം ഏതായിരുന്നാലും അതിനെ വിവരിക്കാൻ തീർച്ചയായും അല്ലാഹു ലജ്ജിക്കുന്നില്ല. ഉദാഹരിക്കപ്പെടുന്ന വസ്തു കൊതുകോ അതിനേക്കാൾ നിസാരമായതോ ആയിരുന്നാലും ശരി. അത് അല്ലാഹുവിങ്കൽ നിന്ന് യഥാസ്ഥാനത്ത് തന്നെ സംഭവിച്ചതാണെന്ന് സത്യവിശ്വാസികൾ മനസ്സിലാക്കുന്നതാണ്. എന്നാൽ, ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിച്ചത് എന്ന് സത്യനിഷേധികൾ ചോദിച്ചുകൊണ്ടിരിക്കും. അങ്ങനെ ഈ ഉപമ മുഖേന അല്ലാഹു ധാരാളം ആളുകളെ വഴികേടിലും ധാരാളം പേരെ സൻമാർഗ്ഗത്തിലുമാക്കുന്നു. അനുസരണയില്ലാത്തവരെ അല്ലാതെ മറ്റാരെയും അല്ലാഹു ഇതുമൂലം വഴികെടുത്തുന്നില്ല.

26. പടച്ചവന്‍ പറഞ്ഞ കാര്യങ്ങളും ഉദാഹരണങ്ങളും സത്യം മാത്രമാണ്!
            ഈ ആയത്തിലെ ഉയര്‍ന്നത് എന്നതുകൊണ്ടുള്ള ഉദ്ദേശം നിന്ദ്യതയില്‍ ഈച്ചയേക്കാളും ഉയര്‍ന്നത് എന്നതാണ്. ഖുര്‍ആന്‍ പടച്ചവന്റെ ഗ്രന്ഥമാണെങ്കില്‍ അതില്‍ പടച്ചവന്റെ സ്ഥാനത്തിനും ഗ്രന്ഥത്തിന്റെ മഹത്വത്തിനും എതിരായ കൊതുക്, ഈച്ച പോലുള്ളവയെ പറയപ്പെട്ടിരിക്കുന്നത് എന്തിനാണെന്ന് ചില നിഷേധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ വിര്‍ശനത്തിന്റെ അന്യായം വളരെ വ്യക്തമാണ്. കാരണം അ നിസ്സാരമായ കാര്യങ്ങളെക്കുറിച്ച് നിസ്സാരമായ ഉദാഹരണങ്ങളെ പറയാന്‍ സാധിക്കുകയുള്ളൂ. വിഗ്രഹങ്ങളുടെയും പ്രതിമകളുടെയും കഴിവില്ലായ്മ വ്യക്തമാക്കുന്നതിന് ഈച്ചയെ പറഞ്ഞിരിക്കുന്നത് തീര്‍ത്തും സുന്ദരമായ ഉദാഹരണമാണ്. ഈച്ചയ്ക്ക് പകരം ആനയെയും പുലിയെയും പറഞ്ഞിരുന്നെങ്കില്‍ അത് ലക്ഷ്യത്തിന് വിരുദ്ധമാകുമായിരുന്നു.
            അല്ലാഹു പറയുന്നു: നിഷേധികള്‍ ഈ ഉദാഹരണത്തിന്റെ ന്യായത്തെ എതിര്‍ക്കുന്നത് അവരുടെ വഴികേടിന് കാരണമായി. സത്യവിശ്വാസികള്‍ അതിനെ അംഗീകരിച്ചപ്പോള്‍ അത് അവരുടെ ഈമാനിന്റെ വര്‍ദ്ധനവിനും നിമിത്തമായി. അല്ലാഹു നമുക്ക് ഖുർആൻ ശരിയായി മനസ്സിലാക്കാൻ ഉതവി നൽകട്ടെ!  

ٱلَّذِينَ يَنقُضُونَ عَهۡدَ ٱللَّهِ مِنۢ بَعۡدِ مِيثَٰقِهِۦ وَيَقۡطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفۡسِدُونَ فِي ٱلۡأَرۡضِۚ أُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝ 
അവർ അല്ലാഹുവിനോട് കരാർ ഉറപ്പിച്ച ശേഷം അതു പൊളിക്കുകയും യോജിപ്പിക്കാൻ അല്ലാഹു കൽപ്പിച്ച ബന്ധങ്ങൾ മുറിക്കുകയും ഭൂമിയിൽ നാശം ഉണ്ടാക്കുകയും ചെയ്യുന്നു. അവർ മഹാ നഷ്ടവാളികളാകുന്നു.  

27. കരാറുകള്‍ പൊളിക്കുന്നതും ബന്ധങ്ങള്‍ തകര്‍ക്കുന്നതും നാശങ്ങള്‍ ഉണ്ടാക്കുന്നതും നഷ്ടവാളികളുടെ ദുര്‍ഗുണങ്ങളാണ്.!
         ആദം നബി (അ)യെ സൃഷ്ടിച്ചതിന് ശേഷം അല്ലാഹു മുഴുവന്‍ ആദം സന്തതികളെയും ആദം നബിയുടെ മുതുകില്‍ ഒരുമിച്ച് കൂട്ടുകയും അവരെക്കൊണ്ട് പടച്ചവന്റെ ഏകത്വം സമ്മതിപ്പിച്ച് പറയിക്കുകയും ചെയ്തു. ഈ കാര്യം പരിശുദ്ധ ഖുര്‍ആനില്‍ പറയപ്പെട്ടിട്ടുണ്ട്. (അഅ്‌റാഫ് 172) അതുകൊണ്ടായിരിക്കാം മനുഷ്യന്‍ പ്രകൃതിപരമായി പടച്ചവനിലേക്ക് എപ്പോഴും തിരിയുന്നത്. അതെ, മനുഷ്യന്‍ സാമൂഹികവും കുടുംബപരവുമായ സമ്മര്‍ദ്ധങ്ങളില്‍ നിന്നും സ്വതന്ത്രനായി പ്രാപഞ്ചിക വ്യവസ്ഥിതിയില്‍ അല്ലെങ്കില്‍ സ്വന്തം അവസ്ഥയില്‍ തന്നെ ചിന്തിച്ചാല്‍ ഇതിന്റെ പിന്നില്‍ പടച്ചവനുണ്ടെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതനാകുന്നതാണ്. ഇതും മനുഷ്യന്റെ ഈ കരാറിലേക്ക് സൂചിപ്പിക്കുന്നു. എന്നാല്‍ മനുഷ്യന്‍ നിഷേധിയായി മാറി ഈ കരാറിനെ ലംഘിക്കുന്നു. 
    ബന്ധം കൊണ്ടുള്ള വിവക്ഷ പടച്ചവന്‍ ചേര്‍ക്കണമെന്നും നിലനിര്‍ത്തണമെന്നും കല്‍പ്പിച്ചിട്ടുള്ള ബന്ധങ്ങളാണ്. അല്ലാഹുവും അടിമയും തമ്മിലുള്ള ബന്ധം, പ്രവാചകന്മാരും സമുദായങ്ങളും തമ്മിലുള്ള ബന്ധം, മനുഷ്യന് മനുഷ്യനുമായിട്ടുള്ള ബന്ധം എന്നിവ ഇതില്‍ പെടുന്നതാണ്. റസൂലുല്ലാഹി (സ)യോടും അനുയായികളോടും നിഷേധികള്‍ പുലര്‍ത്തുന്ന സമീപനവും ഈ ബന്ധവിച്ഛേദനത്തില്‍ പെട്ടതാണ്. 
         നാശം കൊണ്ടുള്ള ഉദ്ദേശം പാപങ്ങളിലോടുള്ള താൽപര്യവും സത്യത്തോടുള്ള എതിർപ്പും നിരപരാധികളെ അക്രമിക്കലുമാണ്. റസൂലുല്ലാഹി ﷺ അരുളി: ബന്ധങ്ങൾ മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല.! അല്ലാഹു കരാറുകൾ പാലിക്കാനും ബന്ധങ്ങൾ ചേർക്കാനും പാപങ്ങളിൽ നിന്നും അകന്ന് കഴിയാനും ഉതവി നൽകട്ടെ! 

كَيۡفَ تَكۡفُرُونَ بِٱللَّهِ وَكُنتُمۡ أَمۡوَٰتٗا فَأَحۡيَٰكُمۡۖ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡ ثُمَّ إِلَيۡهِ تُرۡجَعُونَ ۝
അല്ലാഹുവിനെ നിങ്ങൾ നിഷേധിക്കുന്നത് എങ്ങനെയാണ്? നിങ്ങൾ നിർജ്ജീവികളായിരുന്നു. എന്നിട്ട്, അവൻ നിങ്ങളെ ജീവനുള്ളവരാക്കി. പിന്നീട്, അവൻ നിങ്ങളെ മരിപ്പിക്കുകയും ശേഷം ജീവിപ്പിക്കുകയും ചെയ്യുന്നതാണ്. തുടർന്ന്, അവങ്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നതുമാണ്.

28. സ്രഷ്ടാവിനെ നിഷേധിക്കരുത്.! 
                അതായത് നിങ്ങള്‍ മുമ്പ് ജീവനില്ലാത്ത ഇന്ദ്രിയമായിരുന്നു. ശേഷം രക്തപിണ്ഡവും തുടര്‍ന്ന് മാംസപിണ്ഡവുമായി. അതില്‍ നിന്നും സംസാരിക്കുകയും കാണുകയും കേള്‍ക്കുകയും നടക്കുകയും ചെയ്യുന്ന മനുഷ്യനെ അല്ലാഹു ഉണ്ടാക്കി. അറിയുക: ഇതേ പടച്ചവന്‍ നിങ്ങളെ പരലോകത്ത് രണ്ടാമതും ജീവിപ്പിക്കുന്നതാണ്. 
            സത്യവിശ്വാസം സല്‍ക്കര്‍മ്മത്തിന്റെ അടിസ്ഥാനമാണ്. വിശ്വാസത്തില്‍ നിന്നാണ് കര്‍മ്മങ്ങളുടെ ശിഖരങ്ങള്‍ പുറപ്പെടുന്നത്. പരലോക വിശ്വാസം സത്യവിശ്വാസത്തിന്റെയും സല്‍ക്കര്‍മ്മങ്ങളുടെയും ചാലക ശക്തിയാണ്. പരലോകത്തെക്കുറിച്ച് ആഗ്രഹവും ഭയവും ഇല്ലെങ്കില്‍ നന്മകളിലേക്കൊന്നും താല്‍പ്പര്യമോ തിന്മയില്‍ നിന്നും അകലാനുള്ള അവസരമോ ഉണ്ടാകുന്നതല്ല. അതുകൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ സത്യവിശ്വാസ സല്‍ക്കര്‍മ്മങ്ങളെ പ്രേരിപ്പിക്കുകയോ നിഷേധ പാപങ്ങളെ തടയുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ പരലോകത്തിന്റെ സ്മരണ ഉണര്‍ത്തുകയും ചെയ്യാറുണ്ട്.
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

181. സഅ്ദ് ബിൻ അബീ വഖാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺ തബൂക്കിലേക്ക് പുറപ്പെടുന്ന വേളയിൽ അലിയ്യ് (റ)നെ മദീനയിലെ പ്രതിനിധിയായി നിശ്ചയിച്ചപ്പോൾ അദ്ദേഹം ചോദിച്ചു: അങ്ങ് കുട്ടികളുടെയും സ്ത്രീകളുടെയും മേൽനോട്ടക്കാരനായി എന്നെ ഇവിടെ നിർത്തുകയാണോ? റസൂലുല്ലാഹി ﷺ അരുളി: എനിക്ക് ശേഷം മറ്റൊരു പ്രവാചകൻ വരാത്തതിനാൽ പ്രവാചകത്വം ഇനി ആർക്കും ലഭിക്കുന്നതല്ല.! ഇത് ഒഴികെ ഹാറൂൻ നബിക്ക് മൂസാ നബിയുടെ അടുക്കലുള്ള സ്ഥാനത്ത് എൻ്റെയടുക്കൽ താങ്കൾ ആവുന്നതിനെ ഇഷ്ടപ്പെടുന്നില്ലേ? (ബുഖാരി, മുസ്‌ലിം)

വിവരണം:  തബൂക്ക് പോരാട്ടവും അതിൻ്റെ പ്രാധാന്യവും കഴിഞ്ഞ അധ്യായത്തിൽ വിവരിക്കുകയുണ്ടായി. ഇത് റസൂലുല്ലാഹി ﷺയുടെ അവസാന പോരാട്ട യാത്രയായിരുന്നു. മറ്റു പല കാരണങ്ങളാലും അതീവ പ്രാധാന്യമുള്ളതുമായിരുന്നു. നിവേദനങ്ങൾ അനുസരിച്ച് മുപ്പതിനായിരത്തോളം സ്വഹാബികൾ റസൂലുല്ലാഹി ﷺയോടൊപ്പം ഉണ്ടായിരുന്നു. മദീനയിലെ സ്വഹാബികളിൽ കഴിവുള്ള എല്ലാവരും സൈന്യത്തിൽ ചേർന്നു. കപട വിശ്വാസികൾ ഒഴിവുകഴിവുകൾ പറഞ്ഞ് അതിൽ നിന്നും പിന്മാറി. കൂടാതെ വിശ്വാസികളിൽ മൂന്നാലു പേർ പങ്കെടുക്കാൻ തീരുമാനിച്ചെങ്കിലും ചില കാരണങ്ങളാൽ അവർക്ക് പോകാൻ കഴിഞ്ഞില്ല. റസൂലുല്ലാഹി ﷺയുടെ പവിത്ര പത്നിമാർ, പ്രിയപുത്രി ഫാത്തിമ, അവരുടെ മക്കളും, പോരാട്ടത്തിനായി പോകുന്ന സ്വഹാബികളുടെ കുടുംബവും മദീനയിൽ അവശേഷിച്ചു. തബൂക്ക് മദീനയിൽ നിന്നും വിദൂരത്താണ് സ്ഥിതി ചെയ്തിരുന്നത്. അതിനാൽ . മടങ്ങിവരവും താമസിക്കുമായിരുന്നു. ഈ സാഹചര്യത്തിൻ്റെ ആവശ്യകത മനസ്സിലാക്കി റസൂലുല്ലാഹി ﷺ ഇക്കാലയളവിലേക്ക് ഒരു പ്രതിനിധിയെ മദീനയിൽ നിർത്താൻ തീരുമാനിച്ചു. തങ്ങളുടെ അഭാവത്തിൽ പുറത്തുനിന്നോ ഉള്ളിൽ നിന്നോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മദീനയിൽ കഴിയുന്നവരെയും ദീനിനെയും സംരക്ഷിക്കുന്നതാണ്. റസൂലുല്ലാഹി ﷺ ഇതിന് ഏറ്റവും യോഗ്യനായി അലിയ്യ് (റ)നെ കാണുകയും അദ്ദേഹത്തോട് യുദ്ധത്തിന് വരാതെ മദീനയിൽ തന്നെ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു.

പോരാട്ടത്തിൽ പങ്കെടുക്കാൻ അലിയ്യ് (റ)ന് അർഹതയില്ലാത്തതിനാലാണ് റസൂലുല്ലാഹി ﷺ അദ്ദേഹത്തെ കൊണ്ടുപോകാതെ സ്ത്രീകളുടെയും കുട്ടികളുടെയും ചുമതല ഏൽപ്പിച്ചു മദീനയിൽ നിർത്തിയതെന്ന് ചില കപട വിശ്വാസികൾ പ്രചരിപ്പിക്കാൻ തുടങ്ങി. അലിയ്യ് (റ) പ്രവാചക സന്നിധിയിൽ വന്നു ചോദിച്ചു: അങ്ങ് കുട്ടികളുടെയും സ്ത്രീകളുടെയും മേൽനോട്ടക്കാരനായി എന്നെ ഇവിടെ നിർത്തുകയാണോ? റസൂലുല്ലാഹി ﷺ അരുളി: എനിക്ക് ശേഷം മറ്റൊരു പ്രവാചകൻ വരാത്തതിനാൽ പ്രവാചകത്വം ഇനി ആർക്കും ലഭിക്കുന്നതല്ല.! ഇത് ഒഴികെ ഹാറൂൻ നബിക്ക് മൂസാ നബിയുടെ അടുക്കലുള്ള സ്ഥാനത്ത് എൻ്റെയടുക്കൽ താങ്കൾ ആവുന്നതിനെ ഇഷ്ടപ്പെടുന്നില്ലേ? 

സൂറത്തുൽ അഅ്റാഫിലെ 142-ാം ആയത്തിൽ ഈ സംഭവം വിവരിക്കുന്നുണ്ട്. റസൂലുല്ലാഹി ﷺ പരിശുദ്ധ ഖുർആൻ അവതരണത്തിന് മുമ്പ് ഹിറാ ഗുഹയിൽ അല്ലാഹുവിൻ്റെ സ്മരണയിലും ആരാധനകളിലും കഴിഞ്ഞതുപോലെ 40 ദിവസങ്ങൾ കഴിച്ച് കൂട്ടാനും മൂസാ നബി (അ)ക്ക് തൗറാത്ത് നൽകുന്നതിനായി തൂർ സീനാ പർവ്വതത്തിലേക്ക് അല്ലാഹു വിളിക്കുകയുണ്ടായി. മൂസാ നബി (അ) തൻ്റെ ജനതയായ ബനീ ഇസ്‌റാഈലിൻ്റെ സംസ്‌കരണത്തിനും കുഴപ്പങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുമായി ഹാറൂൻ നബി (അ)യെ പ്രതിനിധിയായി അവരുടെ അടുക്കൽ നിർത്തുയിരുന്നു. റസൂലുല്ലാഹി ﷺ ഇതിലേക്ക് സൂചിപ്പിച്ചുകൊണ്ടാണ് അലിയ്യ് (റ)ന് മറുപടി നൽകിയത്. മൂസാ നബി (അ) ഹാറൂൻ നബി (അ)യെ തൻറെ പ്രതിനിധിയാക്കി സ്വന്തം ജനതയുടെ അടുക്കൽ നിർത്തിയത് പോലെ എൻ്റെ അഭാവത്തിൽ എൻ്റെ പ്രതിനിധിയാക്കി നിന്നെയും മദീനയിൽ നിർത്തുകയാണ്. റസൂലുല്ലാഹി ﷺ യാത്രാവേളയിൽ അലിയ്യ് (റ)നെ പ്രതിനിധിയാക്കി എന്നുള്ളത് അദ്ദേഹത്തിൻ്റെ മഹത്വം തന്നെയാണ്. റസൂലുല്ലാഹി ﷺയുടെ കുടുംബ ബന്ധം കാരണമായും ഇവിടെ വിശദീകരണം ആവശ്യമില്ലാത്ത മറ്റ് ചില പ്രത്യേകതകളുടെയും കാരണത്താൽ ഇതിന് ഏറ്റവും അനുയോജ്യൻ അലിയ്യ് (റ) തന്നെയായിരുന്നു. ഇവിടെ ഒരു കാര്യം ഓർക്കുക: ശൈഖൈനിയെ പോലെയുള്ള പ്രധാന വ്യക്തിത്വങ്ങൾ റസൂലുല്ലാഹി ﷺയോടൊപ്പം തന്നെ കഴിയുകയും സുപ്രധാന വിഷയങ്ങളിൽ കൂടിയാലോചനകൾ നടത്തുന്നതിന് വേണ്ടി റസൂലുല്ലാഹി ﷺ അവരെ കൂട്ടത്തിൽ നിർത്താൻ താല്പര്യപ്പെടുകയും ചെയ്തിരുന്നു.

ഇവിടെ ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്: ശീഈ പണ്ഡിതന്മാരും ഗ്രന്ഥകർത്താക്കളും തബൂക്കിലെ ഈ സംഭവം തെളിവായി ഉദ്ധരിച്ചുകൊണ്ട് റസൂലുല്ലാഹി ﷺ തിരു ജീവിത കാലഘട്ടത്തിൽ തന്നെ തങ്ങളുടെ പ്രതിനിധിയാക്കിയതിനാൽ ഖിലാഫത്തിന് ഏറ്റവും അനുയോജ്യൻ അലിയ്യ് (റ) ആണെന്ന് വാദിക്കാറുണ്ട്. ഇത് തെളിവായി ഉദ്ധരിക്കുന്നതിൻ്റെ ബുദ്ധിശ്യൂനത മനസ്സിലാക്കാൻ വലിയ തെളിവിൻ്റെയൊന്നും ആവശ്യമില്ലായെന്നതാണ് യാഥാർത്ഥ്യം. യാത്ര പോലുള്ള ചെറിയ കാലയളവിലേക്ക് ആരെയെങ്കിലും താൽക്കാലികമായി പ്രതിനിധിയാക്കുന്നതും റസൂലുല്ലാഹി ﷺയുടെ വഫാത്തിന് ശേഷമുള്ള ഖിലാഫത്തും ഉമ്മത്തിൻ്റെ നായകത്വവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതാണ്. 

ഇനി മൂസാ നബി (അ)ക്ക് ശേഷം ഖിലാഫത്തും അദ്ദേഹത്തിൻ്റെ ജനതയുടെ നായകത്വവും ഹാറൂൻ നബി (അ)ക്ക് ലഭിച്ചിരുന്നെങ്കിലും ഇത് ഏതെങ്കിലും തരത്തിലുള്ള തെളിവാകുമായിരുന്നു. എന്നാൽ, മൂസാ നബി (അ)യുടെ വഫാത്തിന് നാൽപ്പത് വർഷം മുമ്പ് തന്നെ ഹാറൂൻ നബി (അ) വഫാത്താവുകയും മൂസാ നബി (അ)യുടെ പിൻഗാമിയായി യൂശഅ് നബി (അ) ആവുകയും ചെയ്തുവെന്നത് നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ട കാര്യമാണ്.

ഇവിടെ ഒരു കാര്യം കൂടി പ്രത്യേകം സ്മരണീയമാണ്: റസൂലുല്ലാഹി ﷺ തബൂക്കിന്റെ വേളയിൽ മദീനയിൽ അലിയ്യ് (റ)നെ പ്രതിനിധി ആക്കിയെങ്കിലും മസ്ജിദുന്നബവിയിൽ ഇമാമത്തിൻ്റെ ഉത്തരവാദിത്വം അബ്ദുല്ലാഹിബ്നു ഉമ്മി മക്‌തൂം (റ)നാണ് നൽകപ്പെട്ടത്. അലിയ്യ് (റ) അദ്ദേഹത്തെക്കാൾ കൂടുതൽ ശ്രേഷ്ഠൻ തന്നെയാണെന്നിരിക്കെ, റസൂലുല്ലാഹി ﷺ ഇപ്രകാരം ചെയ്തത്, അലിയ്യ് (റ)ൻ്റെ പ്രാതിനിധ്യം പിന്നീട് ഖിലാഫത്തിന് തെളിവാക്കപ്പെടാതിരിക്കാനാണ് എന്നാണ് വിനീതന്റെ അഭിപ്രായം.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

ഉള്ഹിയത്ത് അല്ലാഹുവിന് വേണ്ടിയുള്ള ത്യാഗമാണ്.

✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
       (നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)

       ഈദുൽ അള്ഹായിലെ പ്രധാന കർമ്മം ബലിയറുക്കലാണ്. വലിയ പെരുന്നാൾ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പാഠങ്ങളാണ് നൽകുന്നത്. ഇബ്റാഹിം നബി (അ) ന്റെ ത്യാഗം സ്നേഹത്തിന്റെ ത്യാഗമായിരുന്നു. പൊന്നുമോനെ അല്ലാഹുവിനായി ബലി നൽകാൻ പരിപൂർണ്ണ സന്നദ്ധനായി. മകൻ നടക്കാൻ തുടങ്ങിയപ്പോൾ എന്നല്ല ഖുർആൻ പറഞ്ഞത്. പിതാവിന്റെ പിറകെ ഓടാനും കൂടെ പോകാനുമൊക്കെ തുടങ്ങിയപ്പോഴാണ് പടച്ചവന്റെ കൽപ്പന വന്നത്. ഈ സമയം കുട്ടികളുമായി പിതാക്കന്മാർക്ക് വലിയ ആത്മബന്ധമുണ്ടാവുന്ന സമയാണ്. എന്നിട്ടും ഇബ്റാഹിം നബി (അ) ത്യാഗം ചെയ്യാൻ തയ്യാറായി. അത് നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുകയില്ല. എന്നാൽ, ഇന്ന് ആളുകൾ മറ്റുളളവരെ കാണിക്കാൻ വേണ്ടി വില കൂടിയ മൃഗങ്ങളെ വാങ്ങി അറുക്കുന്നതിൽ മത്സരിക്കുകയാണ്. പേരിനും പെരുമയ്ക്കും വേണ്ടി ചെയ്യുന്ന ഇതിൽ എങ്ങനെ ത്യാഗമുണ്ടാവാനാണ്.
      
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
                                                            🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം

📓  ഹാജിമാർക്കുള്ള ഉപഹാരം



🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌