ദുൽഹജ്ജ് 04/1447
മെയ് 22/2026
ലക്കം: 261
ഉള്ളടക്കം
▪️മുഖലിഖിതം
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുക.
✍️ മൗലാനാ സയ്യിദ് അർഷദ് മദനി
▪️ജുമുഅ സന്ദേശം
ഉള്ഹിയ്യ; ഇബ്റാഹീമീ ത്യാഗത്തിന്റെ സുന്ദര മാതൃക.
✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി
▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്‌തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
ആത്മസംസ്കരണത്തിൻ്റെ പ്രാധാന്യം.
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
▪️ഇലാ റഹ്‌മത്തില്ലാഹ്...
പ്രിയപ്പെട്ട റസൂൽ ഗഫൂർ സാഹിബ് മർഹൂം
▪️ഗ്രന്ഥ പരിചയം
അവധിക്കാലം അറിവിൻ്റേതാക്കാം
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുക
"പശുവിന് 'ദേശീയ മൃഗം' എന്ന പദവി നൽകണം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പശുവിനെ പവിത്രമായി കണക്കാക്കുക മാത്രമല്ല, മാതൃതുല്യമായ പദവി നൽകുകയും ചെയ്യുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ, പശുവിനെ 'ദേശീയ മൃഗമായി' പ്രഖ്യാപിക്കുന്നതിൽ നിന്ന് സർക്കാരിനെ തടയുന്ന രാഷ്ട്രീയ സമ്മർദ്ദം എന്താണെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. വെറുപ്പിന്റെ രാഷ്ട്രീയം, ആൾക്കൂട്ട കൊലപാതകങ്ങൾ, പശുവിന്റെ പേരിൽ നിരപരാധികളെ കൊല്ലുന്നത്, മുസ്‌ലിംകളെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണം എന്നിവ ഇനി അവസാനിക്കണം. പശുവിനെ 'ദേശീയ മൃഗമായി' പ്രഖ്യാപിക്കുകയും മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനും മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യാതിരിക്കാനും ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണുകയും ചെയ്താൽ ഞങ്ങൾ ആ തീരുമാനത്തെ തീർച്ചയായും സ്വാഗതം ചെയ്യും.
ഏറ്റവും അത്ഭുതകരമായ കാര്യം, ചില സംസ്ഥാനങ്ങളിൽ ഗോമാംസം പരസ്യമായി വിൽക്കപ്പെടുന്നുണ്ട്, എന്നിട്ടും അവിടെ അതിനെതിരെ പ്രതിഷേധങ്ങളോ ആൾക്കൂട്ട കൊലപാതകങ്ങളോ നടക്കുന്നില്ല എന്നതാണ്. എന്നാൽ, മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ പശുവിന്റെ പേരിൽ ചോര ചിന്തപ്പെടുന്നു. ഇത് ഭക്തിയല്ല; മറിച്ച് ഇരട്ടത്താപ്പും രാഷ്ട്രീയ കളിയുമാണ്. രാജ്യം ഒന്നാണെങ്കിൽ നിയമവും ഒന്നായിരിക്കണം എന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ ഏക വ്യക്തി നിയമത്തിന് (Uniform Civil Code) അനുകൂലമായി ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. എന്നിട്ടും, മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ നടപ്പിലാക്കുന്നില്ല. ഗോമാംസം പരസ്യമായി ഉപയോഗിക്കുന്നതും നിരോധനം ഇല്ലാത്തതുമായ പല സംസ്ഥാനങ്ങളും ഇവിടെയുണ്ട്. താൻ ഗോമാംസം കഴിക്കാറുണ്ടെന്ന് ഒരു കേന്ദ്രമന്ത്രി തന്നെ ഒരു അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. ഇതിലും വലിയ അത്ഭുതം എന്തെന്നാൽ, ആ സംസ്ഥാനങ്ങളിൽ പലതിലും ഭാരതീയ ജനതാ പാർട്ടിയാണ് അധികാരത്തിലുള്ളത് എന്നതാണ്. പശുവിന്റെ പേരിൽ രാജ്യത്തുടനീളം ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പ്രേരിപ്പിക്കുകയും മനുഷ്യ ജീവൻ അപഹരിക്കുകയും ചെയ്യുന്നവരുടെ മൗനം ഇതിലും ആശ്ചര്യജനകമാണ്.
ഈ വിവാദം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ പശുവിന് 'ദേശീയ മൃഗം' എന്ന പദവി നൽകണമെന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യം. ഇതിനായി ഏത് നിയമം നിർമ്മിച്ചാലും അത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യാതൊരു വിവേചനവുമില്ലാതെ ഒരുപോലെ നടപ്പിലാക്കണം. അത് നടപ്പിലാക്കുന്നതിൽ യാതൊരു വ്യത്യാസവും പാടില്ല. കാരണം അത് മാത്രമാണ് നീതിയുടെ യഥാർത്ഥ ആവശ്യം."
✍️ മൗലാനാ സയ്യിദ് അർഷദ് മദനി
🔹🔹🔹🔹🔹🔹🔹
ജുമുഅ സന്ദേശം
ALL INDIA MUSLIM PERSONAL LAW BOARD
ഉള്ഹിയ്യ; ഇബ്റാഹീമീ ത്യാഗത്തിന്റെ സുന്ദര മാതൃക
✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി
(സെക്രട്ടറി, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്)
{ إِنَّاۤ أَعۡطَیۡنَـٰكَ ٱلۡكَوۡثَرَ (1) فَصَلِّ لِرَبِّكَ وَٱنۡحَرۡ (2) إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ (3) }
തീര്‍ച്ചയായും താങ്കൾക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. ആകയാല്‍ താങ്കൾ താങ്കളുടെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും താങ്കളോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).
(സൂറത്തുൽ കൗസർ : 1-3)
മുഹമ്മദീ ഉമ്മത്തിന് 2 ആഘോഷങ്ങളാണ് അല്ലാഹു നൽകിയത്. ഒന്ന്, റമളാനിലെ ത്യാഗ നിർഭരമായ നോമ്പുകൾക്ക് ശേഷം സമ്മാനമായി നൽകിയ ഈദുൽ ഫിത്ർ ( ചെറിയ പെരുന്നാൾ). റമളാൻ എന്നാൽ കരിച്ച് കളയുന്നത് എന്നാണർത്ഥം. വ്രതമനുഷ്ഠിച്ചവന്റെ പാപക്കറകളെ കഴുകി കളയുന്നതിനാലാണ് പ്രസ്തുത പേര് ലഭിച്ചത്.
രണ്ടാമത്തെത് ദുൽഹജ്ജ് 10 നാണ്. അതിലെ പ്രധാന ഭാഗം ഖുർബാനി അഥവാ ബലി കർമ്മമാണ്. അതിനാലാണ് ബലി പെരുന്നാൾ എന്ന് ആ ദിവസത്തെ വിളിക്കാൻ കാരണം. ഖുർബാൻ എന്നാൽ അടുക്കുക എന്നർത്ഥം. പെരുന്നാൾ ദിനം റബ്ബിന് ഖുർബാനി നൽകി അവനിലേക്ക് അടുക്കുക എന്നതാണ് അതിന്റെ താല്പര്യം. അയ്യാമുന്നഹ്റിൽ (ദുൽഹജ്ജ് 10,11,12) ബലിയെക്കാൾ റബ്ബിന് ഇഷ്ടമുള്ള മറ്റൊരു അമലുമില്ലെന്ന് ഹദീസിൽ കാണാം.
ഉള്ഹിയ്യത്തിന്റെ സന്ദേശമെന്ത്?
പ്രപഞ്ചം ഉണ്ടായതുമുതൽ, അല്ലാഹു തിരഞ്ഞെടുത്ത നിരവധി ദാസന്മാർ ഇവിടെ സത്യദൂതുമായി വന്നിട്ടുണ്ട്. പ്രവാചകത്വ കിരീടം അണിയിക്കപ്പെട്ട മഹത്തുക്കൾ . അവരുടെ ജീവിതത്തിൽ ഒട്ടേറെ മാതൃകകൾ ഉണ്ടെന്ന് റബ്ബ് ഉണർത്തുന്നു.
{ لَقَدۡ كَانَ فِی قَصَصِهِمۡ عِبۡرَةࣱ لِّأُو۟لِی ٱلۡأَلۡبَـٰبِۗ مَا كَانَ حَدِیثࣰا یُفۡتَرَىٰ وَلَـٰكِن تَصۡدِیقَ ٱلَّذِی بَیۡنَ یَدَیۡهِ وَتَفۡصِیلَ كُلِّ شَیۡءࣲ وَهُدࣰى وَرَحۡمَةࣰ لِّقَوۡمࣲ یُؤۡمِنُونَ }
തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്. (സൂറത്തുൽ യൂസുഫ് : 111)
അല്ലാഹു ഖുർആനിൽ വിവിധയിടങ്ങളിലൂടെ പരിചയപ്പെടുത്തുന്ന പ്രവാചകനാണ് ഇബ്റാഹീം(അ). മുസ്ലിംകൾ, ക്രിസ്ത്യാനികൾ, യഹൂദികൾ എന്നീ 3 പ്രധാന മതവിഭാഗങ്ങളും ആദരിക്കുന്ന വ്യക്തിയാണദ്ദേഹം. മാത്രമല്ല അക്കാലത്ത് മക്കാ മുശ് രിക്കുകൾ വരെ അദ്ദേഹത്തിലേക്ക് ചേർത്ത് പറഞ്ഞിരുന്നു. എന്നാൽ ഇബ്റാഹീമീ സരണിക്ക് യഥാർത്ഥ അവകാശികൾ ആരാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു.
{ أَمۡ تَقُولُونَ إِنَّ إِبۡرَ ٰهِـۧمَ وَإِسۡمَـٰعِیلَ وَإِسۡحَـٰقَ وَیَعۡقُوبَ وَٱلۡأَسۡبَاطَ كَانُوا۟ هُودًا أَوۡ نَصَـٰرَىٰۗ قُلۡ ءَأَنتُمۡ أَعۡلَمُ أَمِ ٱللَّهُۗ وَمَنۡ أَظۡلَمُ مِمَّن كَتَمَ شَهَـٰدَةً عِندَهُۥ مِنَ ٱللَّهِۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعۡمَلُونَ }
അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇസ്ഹാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തൻ്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (സൂറത്തുൽ ബഖറ: 140)
{ مَا كَانَ إِبۡرَ ٰهِیمُ یَهُودِیࣰّا وَلَا نَصۡرَانِیࣰّا وَلَـٰكِن كَانَ حَنِیفࣰا مُّسۡلِمࣰا وَمَا كَانَ مِنَ ٱلۡمُشۡرِكِینَ }
ഇബ്രാഹീം യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം (ശിർക്കിൽ നിന്ന് പരിപൂർണമായി അകന്ന) ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്പെട്ട (മുസ്‌ലിമും) ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല. (സൂറത്തു ആലു ഇമ്രാൻ : 67)
ഉള്ഹിയത്ത് ഒരു വാർഷിക ആചാരമോ മാംസം വിതരണം ചെയ്യാനുള്ള പ്രക്രിയയോ അല്ല.മറിച്ച് അതിന്റെ അടിസ്ഥാന ലക്ഷ്യം റബ്ബ് ഖുർആനിലൂടെ വൃക്തമാക്കുന്നു. ഇബ്റാഹീം( അ) വളരെക്കാലം സന്താന സൗഭാഗ്യം ലഭിച്ചിരുന്നില്ല. മഹാനവർകളുടെ നീണ്ട കാലത്തെ ദുആക്ക് ശേഷം റബ്ബ് സന്താനത്തെ നൽകി. കുട്ടി വളർന്ന് ഓടി നടക്കുന്ന പ്രായമായപ്പോൾ അദ്ദേഹം ഒരു സ്വപ്നം കണ്ടു. കരളിൻ കഷ്ണമായ മകൻ ഇസ്മാഈലിനെ റബ്ബിന് വേണ്ടി ബലി നൽകാനുള്ള കൽപനയായിരുന്നു അത്. റബ്ബിന്റെ കൽപന നിരസിക്കാൻ കഴിയാത്തതിനാൽ അവർ 2 പേരും വിദൂര സ്ഥലത്ത് പോയി. യുവത്വം തുളുമ്പുന്ന മകനെ കിടത്തി വൃദ്ധ പിതാവ് കഠാര കഴുത്തിൽ വെച്ചു. ഇരുവരുടെയും നയനങ്ങൾ സജലമായിരുന്നു. എങ്കിലും റബ്ബിന്റെ കൽപന നിറവേറ്റാൻ സാധിച്ചതിൽ അവർ തൃപ്തരായിരുന്നു. തുടർന്ന് കഠാര ചലിപ്പിക്കാൻ തുടങ്ങിയപ്പോൾ റബ്ബിന്റെ ദൂതൻ സന്തോഷ വാർത്ത അറിയിച്ചു :
{ وَنَـٰدَیۡنَـٰهُ أَن یَـٰۤإِبۡرَ ٰهِیمُ (104) قَدۡ صَدَّقۡتَ ٱلرُّءۡیَاۤۚ إِنَّا كَذَ ٰلِكَ نَجۡزِی ٱلۡمُحۡسِنِینَ (105) }
നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ഹേ! ഇബ്രാഹീം,തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. (സൂറത്തുസ്വാഫാത്ത് : 104-105)
മഹാനവർകളുടെ ഈ ത്യാഗം അല്ലാഹുവിന് വളരെ ഇഷ്ടമാവുകയും ഖിയാമത്ത് നാൾ വരെയുള്ള സത്യവിശ്വാസികൾ ഇതിന് പ്രതീകാത്മകമായി മൃഗത്തെ ബലി കൊടുക്കുവാൻ നിർദേശിക്കുകയും ചെയ്തു. ചുരുക്കത്തിൽ ഇബ്റാഹീം(അ) ന്റെ അനുസരണ, ആത്മാർത്ഥത, കീഴ് വണക്കം, സ്നേഹം, സമർപ്പണം തുടങ്ങിയ ഗുണങ്ങളുടെ ലളിത ചിത്രമാണ് 'ഉള്ഹിയത്ത്.'
അനുസരണയുടെയും ആത്മാർത്ഥയുടെയും സന്ദേശം ;
ഇബ്റാഹീം (അ) ന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന പാഠമാണ് അനുസരണ . റബ്ബ് എന്താണോ കൽപ്പിക്കുന്നത് അത് പൂർണ്ണ അനുസരണയോടെയും തൃപ്തിയോടെയും നിർവ്വഹിക്കുന്നവനാകണം ഒരു വിശ്വാസി. ആദരവായ റസൂൽ (ﷺ) കാട്ടിത്തന്ന മാർഗ്ഗത്തിൽ ലവലേശം സംശയം കൂടാതെ അവൻ സഞ്ചരിക്കണം.
ഖേദകരമെന്ന് പറയട്ടെ, യുക്തിക്ക് നിരക്കുന്ന ദീനീ നിയമങ്ങൾ മാത്രം മുഖവിലക്കെടുക്കുകയും യുക്തിക്ക് നിരക്കാത്തവ അവഗണിക്കുകയും ചെയ്യുന്ന അതി ഗുരുതരമായ പ്രവണത വിശ്വാസികളിൽ കണ്ട് വരുന്നുണ്ട്. ഇത് തീർത്തും തെറ്റാണെന്ന് മാത്രമല്ല, റബ്ബിന്റെ കോപത്തിന് പാത്രമാകുവാനും ഇത് കാരണമാകും. സ്വയുക്തിക്ക് നിരക്കട്ടെ നിരക്കാതിരിക്കട്ടെ, കൽപന അതേപടി നിർവ്വഹിക്കുമ്പോഴാണ് ഒരു വിശാസി ഇബ്റാഹീമീ സരണി പുനർജ്ജീവിച്ചവനായിത്തീരുന്നത്.
ഉള്ഹിയത്തിനു പകരം സാധുക്കളെ സഹായിക്കാമെന്ന് ചിലർ പറയുന്നു. എങ്കിൽ നിസ്കാരം, നോമ്പ് എന്നിവ ഉപേക്ഷിച്ച് സാധുക്കളെ ഭക്ഷിപ്പിച്ചാൽ എന്ത് ലഭിക്കും? ഭക്ഷിപ്പിക്കുന്നതിന്റെ കൂലി കിട്ടും. എന്നാൽ നിർബന്ധ ബാധ്യത ഉപേക്ഷിച്ചതിനുള്ള കഠിന ശിക്ഷയും കൂടെ ലഭിക്കും. ഇത് പോലെ തന്നെയാണ് ഉള്ഹിയത്തിന്റെ കാര്യവും . അത്തരം ശിക്ഷകളിൽ നിന്ന് നാഥൻ നമ്മെ കാക്കട്ടെ.
ഉള്ഹിയത്തിന്റെ ശറഇ വിധിയെന്താണെന്നതിൽ ഉലമാഇന് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ ഒരു കാലത്തും സ്വഹാബത്തോ പണ്ഡിതരോ ഉള്ഹിയത്തിന് പകരമായി സ്വദഖ നൽകിയതായി കാണാൻ കഴിയില്ല. എത്ര കടുത്ത പരീക്ഷണത്തെയും പൂർണ്ണ മനസംതൃപ്തിയോടെയും സന്തോഷത്തോടെയും ചെയ്യുന്നതായിരുന്നു ഇബ്റാഹീമീ ശൈലി. അത് കൊണ്ടാണത്രെ അല്ലാഹു മഹാനെ ഖലീൽ ആക്കി മാറ്റിയത്.
{ وَٱتَّخَذَ ٱللَّهُ إِبۡرَ ٰهِیمَ خَلِیلࣰا }
അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. (സൂറത്തുന്നിസാഅ്: 125)
പ്രബോധന- നിശ്ചയദാർഢ്യത്തിന്റെ സന്ദേശം:
മഹാനവർകളുടെ പ്രബോധന ജീവിതം വളരെ നിർണ്ണായകമായിരുന്നു. തികച്ചും പ്രതികൂല സാഹചര്യത്തിലാണ് അദ്ദേഹം വളർന്നതും സത്യപ്രബോധനം നടത്തിയതും. ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും ജ്യോതിഷത്തിന്റെയും നാശത്തിൽ മുങ്ങിയ ദേശമായിരുന്നു അവരുടേത്. പ്രബലമായ റിപോർട്ടനുസരിച്ച്, അദ്ദേഹത്തിന്റെ പിതാവ് നഗരത്തിലെ വിഗ്രഹാരാധാനയുടെ ചുമതലക്കാരനും വലിയ വിഗ്രഹ കച്ചവടക്കാരനുമായിരുന്നു, എന്നാൽ അദ്ദേഹം വിഗ്രഹാരാധനയെ വെറുത്തു,അതിനെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരുന്നു, ഏകദൈവാരാധന പഠിപ്പിക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. അവസാനം പിതാവ് അദേഹത്തോട് നാട് വിടാൻ ഉത്തരവിട്ടു.
അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ ജനങ്ങളും ചക്രവർത്തിയുമടക്കം ഉത്തരംമുട്ടിയിരുന്നു. ഒടുവിൽ എല്ലാവരും ചേർന്ന് മഹാനെ തീകുണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞു.
ഇബ്രാഹീം (അ) ന്റെ ജ്ഞാനപൂർവകമായ ശൈലിയുള്ള പ്രബോധനം സമകാലിക സാഹചര്യങ്ങളിൽ വളരെ പ്രസക്തിയുള്ളതാണ്. ഇന്നിന്റെ പ്രബോധകനും മഹാനെ പോലെ നിശ്ചയദാർഢ്യം കൈമുതലാക്കി പ്രാർത്ഥനാനിർഭരനായി ക്ഷമയോടെ അനുകൂല ഫലത്തിനായി കാത്തിരിക്കേണ്ടതാണ്.
ക്ഷമയുടെയും അടിയുറപ്പിന്റെയും സന്ദേശം;
ഇവ രണ്ടുമാണ് ആ മഹനീയ ജീവിതത്തിലെ മറ്റ് പ്രധാന ഗുണങ്ങൾ. തന്റെ ഇലാഹിന്റെ കൽപന മാനിച്ച് വിശപ്പും ദാഹവും അവഗണിച്ച് ഭാര്യയെയും പിശ്ചുകുഞ്ഞിനെയും മരുഭൂമിയുടെ മണലാരുണ്യത്തിൽ ഉപേക്ഷിച്ച് പോയ ഇബ്റാഹീമീ ക്ഷമയും അചഞ്ചലമായ വിശ്വാസ ദാർഢ്യവും ഓരോ വിശ്വാസിക്കും പാഠപുസ്തകമാണ്.
സംഗ്രഹം:
നിലവിലെ സാഹചര്യത്തിൽ ഇബ്രാഹീമീ സ്വഭാവം സ്വജീവിതത്തിൽ സ്വീകരിക്കേണ്ടത് ഓരോ വിശ്വാസിക്കും അനിവാര്യമാണ്. തൗഹീദ് ഉയർത്തിപ്പിടിക്കാൻ സ്വജീവനും സമ്പത്തും ത്യജിച്ച് ഇസ്മാഈലീ സമർപ്പണം ഓരോ വിശ്വാസിയിലും ഉണ്ടാകണം. കുടുംബത്തോടുള്ള രക്ഷിതാവിന്റെ കൽപനകൾ നിറവേറ്റുന്നവനാകണം. ആയിരക്കണക്കിന് പ്രതിബന്ധങ്ങൾ മുമ്പിലുണ്ടായാലും റബ്ബിന്റെ നിർദേശത്തിൽ നിന്ന് വ്യതിചലിക്കില്ലെന്ന അചഞ്ചലമായ നിശ്ചയദാർഢ്യവുമുള്ളവനാകണം ഒരു വിശ്വാസി! നാഥൻ തുണക്കട്ടെ. ആമീൻ
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്‌തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 36-42
فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ
പിന്നീട് ഈ വൃക്ഷം മുഖേനെ അവരിരുവരെയും പിശാച് തെറ്റിൽ വീഴ്ത്തി. അവർ കഴിഞ്ഞിരുന്ന ജീവിതത്തിൽ നിന്നും അവൻ അവരെ പുറത്താക്കി. നാം പറഞ്ഞു: നിങ്ങൾ ഇറങ്ങിപ്പോകുക. നിങ്ങളിൽ ചിലർ മറ്റുചിലർക്ക് ശത്രുക്കളായിരിക്കും. ഭൂമിയിൽ കുറച്ചുകാലം നിങ്ങൾ കഴിച്ചു കൂട്ടുന്നതും നിർണ്ണിത കാലം വരെ ജീവിതോപാധികൾ ഉണ്ടായിരിക്കുന്നതുമാണ്.
36. പിശാചിനെ സൂക്ഷിക്കുക.!
അതില്‍ നിന്നും പിശാച് അവരെ തെറ്റിച്ചു എന്നതിന് രണ്ട് ആശയങ്ങള്‍ക്ക് സാധ്യതയുണ്ട്. 1. സ്വര്‍ഗ്ഗത്തില്‍ നിന്നും. 2. നിരോധിക്കപ്പെട്ട വൃക്ഷത്തില്‍ നിന്നും.
നബിമാര്‍ പാപങ്ങളില്‍ നിന്നും പരിശുദ്ധരാണ്. വന്‍പാപങ്ങളും മാന്യതയ്‌ക്കെതിരായ ചെറുപാപങ്ങളും നബിമാരില്‍ നിന്നും ഉണ്ടാകുന്നതല്ല. മാന്യതയ്‌ക്കെതിരല്ലാത്ത ചെറുപാപങ്ങള്‍ നബിമാരില്‍ നിന്നും ഉണ്ടാകാമോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ഉത്തമമായ കാര്യത്തിന് എതിരായതും നിസാര തെറ്റുകളും നബിമാരില്‍ നിന്നും ഉണ്ടാകാവുന്നതാണെന്നതാണ് പ്രബല അഭിപ്രായം. ഇതിലൂടെ നബിമാര്‍ മനുഷ്യര്‍ തന്നെയാണെന്ന ബോധം മനുഷ്യരില്‍ നിലനില്‍ക്കുന്നതും നബിമാരുടെ വിഷയത്തില്‍ പരിധിലംഘിക്കാതിരിക്കുന്നതുമാണ്. ആദം നബി (അ) ഈ വൃക്ഷത്തിന്റെ പഴം കഴിച്ചതും യൂനുസ് നബി (അ) സമയത്തിന് മുമ്പ് നൈനവയില്‍ നിന്നും പലായനം ചെയ്തതും മൂസാ നബി (അ) ഒരു ഖബ്തിയെ വധിച്ചതും റസൂലുല്ലാഹി (സ) ഒരിക്കല്‍ ഇന്‍ഷാ അല്ലാഹ് പറയാന്‍ മറന്ന് പോയതും ഈ വിഭാഗത്തില്‍ പെട്ടതാണ്. നബിമാര്‍ അല്ലാത്തവരില്‍ നിന്നും ഇത്തരം വീഴ്ചകളുണ്ടായാല്‍ പടച്ചവന്‍ അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്. എന്നാല്‍ നബിമാരുടെ സ്ഥാനം വളരെ മഹത്തരമായതിനാല്‍ ഇത്തരം ചെറിയ മറവികളുടെ പേരില്‍ പോലും പടച്ചവന്‍ അവരോട് ചിലപ്പോള്‍ കടുപ്പത്തില്‍ വര്‍ത്തിക്കുന്നതാണ്. അതെ, സ്ഥാനം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഗൗരവവും കൂടുന്നതാണ്.
فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَٰتٖ فَتَابَ عَلَيۡهِۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ
പിന്നീട്, തന്റെ രക്ഷിതാവിൽ നിന്ന് ചില വാചകങ്ങൾ ആദം നബി കരസ്ഥമാക്കി. അതുവഴി അദ്ദേഹത്തിന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു. നിസ്സംശയം അവൻ വളരെയധികം പശ്ചാത്താപം സ്വീകരിക്കുന്നവനും മഹാ കാരുണ്യവാനുമാണ്.(
37. ആദം (അ)ന്റെ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നു.
ആദം (അ)ന് പിഴവുകളെ കുറിച്ചു ബോധ്യം വന്നപ്പോൾ അദ്ദേഹം വല്ലാതെ ദുഃഖിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു. പക്ഷേ, പശ്ചാത്തപിക്കാനുള്ള വാചകങ്ങൾ എന്താണെന്ന് അറിയാതെ ബുദ്ധിമുട്ടി. ഇത്തരത്തിൽ അല്ലാഹു അദ്ദേഹത്തിന്റെ മേൽ കരുണ ചൊരിയുകയും പശ്ചാത്താപത്തിന്റെ വാക്കുകൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. അദ്ദേഹം അതുവഴി പശ്ചാത്തപിക്കുകയും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു.
പശ്ചാത്താപം എന്നാൽ അടിമ ഉടമയിലേക്കും മടങ്ങുകയും, ഉടമ അടിമയിലേക്കും മടങ്ങലാണ്. അപ്പോൾ ഉടമ അടിമയിലേക്ക് കാരുണ്യത്തോടെ തിരിയുന്നതാണ്. അതെ, പടച്ചവൻ പശ്ചാത്തപിക്കുന്ന അടിമയിലേക്ക് കരുണയോടെ തിരിയുകയും വലിയ സ്നേഹകാരുണ്യങ്ങൾ ചൊരിയുകയും ചെയ്യുന്നതാണ്.
അല്ലാഹു മുഴുവൻ പാപങ്ങളിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങാൻ ഉതവി നൽകട്ടെ.!
قُلْنَا اهْبِطُوا مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
നാം പറഞ്ഞു: ഈ സ്വർഗ്ഗത്തിൽ നിന്നും നിങ്ങൾ എല്ലാവരും ഇറങ്ങുക. ഇനി നിങ്ങളുടെ പക്കൽ നമ്മുടെ ഭാഗത്തു നിന്നും വല്ല ദർശനവും വന്നെത്തിയാൽ എന്റെ ദർശനം അനുധാവനം ചെയ്തവൻ യാതൊന്നും ഭയക്കുന്നതല്ല. അവൻ വ്യസനിക്കുന്നതുമല്ല.
38. പരീക്ഷണ ലോകത്തേക്ക് അയക്കപ്പെടുന്നു.
ആദം (അ)ന്റെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടു. പാപത്തിന്റെ പാട് പരിപൂർണ്ണമായി മായ്ക്കപ്പെട്ടു. ആ പാപത്തിന്റെ അംശങ്ങളിൽ നിന്ന് അദ്ദേഹവും മുഴുവൻ സന്താന പരമ്പരകളും ഒഴിവായി. ഇനി ആരും ആ പാപത്തിന്റെ ഭാരം പേറേണ്ടതില്ല. ആദം (അ)ന്റെ തൗബ പശ്ചാത്താപം സ്വീകരിക്കപ്പെടുക മാത്രമല്ല അദ്ദേഹത്തിന് പ്രവാചകത്വം നൽകപ്പെടുകയും സന്താന പരമ്പരകളെ നേർമാർഗത്തിലൂടെ നയിക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്തു. മറുഭാഗത്ത്, ആദം നബി (അ)യും മക്കളും ഭൂമിയിൽ പ്രതിനിധികളാക്കപ്പെട്ടിരുന്നു. അതുകൊണ്ട്, പരീക്ഷണ ലോകമായ ഇഹലോകത്തേക്ക് അയക്കപ്പെടാൻ പടച്ചവൻ തീരുമാനിച്ചു. ഇത്തരുണത്തിൽ ഇഹലോകത്തേക്ക് പോയി യാത്രയുടെ തുടക്കസ്ഥാനമായ സ്വർഗ്ഗലോകത്തേക്ക് മടങ്ങാനുള്ള മാർഗ്ഗവും അല്ലാഹു പറഞ്ഞു കൊടുത്തു. അല്ലാഹു പറഞ്ഞു: ഇപ്പോൾ താങ്കളും സന്താനങ്ങളും ഭൂമി ലോകത്തേക്ക് പോവുക. അവിടെ മനുഷ്യൻ പടച്ചവന്റെ മാർഗ്ഗദർശനത്തിന് ആവശ്യക്കാരനാണ്. അതിനനുസരിച്ച് പടച്ചവൻ ദർശനങ്ങൾ ഇറക്കി കൊണ്ടിരിക്കും. അതിനെ മാനിക്കുകയും പാലിക്കുകയും ചെയ്യുന്നവർക്ക് ഒരു ഭയവും വ്യസനവും ഉണ്ടാകുന്നതല്ല. വരാനിരിക്കുന്ന അപകടങ്ങളെ കുറിച്ചാണ് ഭയമെന്നും കഴിഞ്ഞുപോയ നഷ്ടങ്ങളെ കുറിച്ചുള്ള കാര്യങ്ങൾക്ക് ആണ് സങ്കടമെന്നും പറയപ്പെടുന്നത്. അതെ, പടച്ചവന്റെ മാർഗ്ഗദർശനം ഉൾക്കൊള്ളുന്നവർക്ക് ഇത് രണ്ടും ഉണ്ടാകുന്നതല്ല. മറിച്ചവർ അങ്ങേയറ്റം നിർഭയരായി ഇഹത്തിലും പരത്തിലും കഴിയുന്നതാണ്.
وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
എന്നാൽ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുന്നവർ നരകവാസികളാകുന്നു. അവർ അതിൽ കാലാകാലം കഴിയുന്നതുമാണ്.
39. പ്രതിനിധി ഉത്തരവാദിത്തം പൂർത്തീകരിച്ചാൽ സ്വർഗ്ഗീയ ജീവിതവും നിരാകരിക്കുന്ന പക്ഷം നരകീയ ജീവിതവും ലഭിക്കുന്നതാണ്.!
എന്നാൽ, പടച്ചവന്റെ സന്ദേശങ്ങൾ മാനിക്കുകയും പാലിക്കുകയും ചെയ്യാതെ നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും മാർഗ്ഗം സ്വീകരിച്ചവരുടെ അന്ത്യം നരകത്തിലായിരിക്കും അവിടെ അവർ കാലാകാലം കഴിയുന്നതാണ്. ഇവിടെ പടച്ചവന്റെ സന്ദേശങ്ങൾക്ക് ആയാത്ത് (ദൃഷ്ടാന്തങ്ങൾ) എന്നാണ് പറഞ്ഞിരിക്കുന്നത്. ദൃഷ്ടാന്തങ്ങൾ പടച്ചവന്റെ വചനങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും പ്രവാചകന്മാരുടെ അമാനുഷികതകളും ആണ്.
يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ
ഇസ്‌റാഈലിന്റെ (യഅ്ഖൂബ് നബിയുടെ) സന്തതികളേ, നിങ്ങൾക്ക് ഞാൻ ചെയ്തിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുക. നിങ്ങൾ എന്നോടു ചെയ്ത കരാർ നിറവേറ്റുക. എന്നാൽ നിങ്ങളോടു ചെയ്ത കരാർ ഞാനും പൂർത്തിയാക്കാം. എന്നെ മാത്രം നിങ്ങൾ ഭയക്കുക.
40. ബനൂ ഇസ്രാഈലിനെ പടച്ചവൻ അനുഗ്രഹിച്ചിരുന്നു.!
കഴിഞ്ഞ ആയത്തുകളിൽ മുഴുവൻ മനുഷ്യരെയും സംബോധന ചെയ്തുകൊണ്ട് നന്മയിലേക്ക് ക്ഷണിച്ചിരുന്നു. ഇപ്പോൾ പ്രത്യേകമായ നിലയിൽ ഇസ്രായേൽ സന്തതികളായ യഹൂദികളെ സംബോധന ചെയ്യുകയാണ്. ഇസ്രാഈൽ എന്നതിന്റെ അർത്ഥം പടച്ചവന്റെ ദാസൻ എന്നാണ്. ഇബ്രാഹിം നബി (അ)യുടെ ചെറുമകനും ഇസ്ഹാഖ് നബി (അ)യുടെ മകനുമായ യഅ്ഖൂബ് (അ)ന് ഇസ്രാഈൽ എന്ന അപരനാമം നൽകപ്പെട്ടിരിക്കുന്നത്. ഈ അപരനാമം പടച്ചവൻ തന്നെ നൽകിയതാണ്. അദ്ദേഹത്തിന്റെ പരമ്പരയ്ക്ക് ബനൂ ഇസ്രാഈൽ (ഇസ്രാഈൽ സന്തതികൾ) എന്ന് പറയപ്പെടുന്നു. യഅ്ഖൂബ് നബി (അ) മുതൽ ഈസാ നബി (അ) വരെ നാലായിരത്തിൽപരം നബിമാർ ഈ ലോകത്ത് വന്നിട്ടുണ്ടത്രേ. ഇവിടെ അല്ലാഹു അവരോട് ചെയ്ത അനുഗ്രഹങ്ങൾ അനുസ്മരിക്കാൻ ഉപദേശിക്കുന്നു. അതെ, പടച്ചവൻ അവരെ ലോകത്തിലെ നായകന്മാരും വഴികാട്ടികളുമാക്കി. അല്ലാഹു പറയുന്നു: ഈ അനുഗ്രഹങ്ങൾ നിങ്ങൾ ഓർക്കുക.! കൂടാതെ, സത്യവിശ്വാസത്തിന്റെയും സൽകർമ്മത്തിന്റെയും പേരിൽ അല്ലാഹു വാഗ്ദാനം ചെയ്ത ഇരുലോക അനുഗ്രഹങ്ങൾ നേടിയെടുക്കുന്നതിന് നിങ്ങൾ പടച്ചവനോട് ചെയ്ത കരാർ പാലിക്കുക. ഖേദകരം എന്ന് പറയട്ടെ, അന്നത്തെ ഇസ്രായേൽ സന്തതികൾ ഈ വാഗ്ദാനത്തെ മറന്നിരുന്നു. അതുകൊണ്ടു തന്നെ അന്ത്യപ്രവാചകനിൽ ഏറ്റവും കൂടുതലായി വിശ്വസിക്കാൻ സാധ്യത ഉണ്ടായിരുന്ന ആ സമൂഹം ഭൗതിക താല്പര്യങ്ങളുടെ പേരിൽ നിഷേധം തെരഞ്ഞെടുക്കുകയുണ്ടായി. ഈ ആയത്തുകൾ പോലുള്ള ആയത്തുകളുടെ ഒന്നാമത്തെ ഉദ്ദേശം, അവരും മറ്റുള്ളവരും പ്രവാചകന്മാരുടെ പ്രബോധനം ശരിയായ നിലയിൽ മനസ്സിലാക്കലാണ്. രണ്ടാമത്തെ ഉദ്ദേശം, അവരുടെ തെറ്റുകുറ്റങ്ങൾ വിശദീകരിച്ചുകൊണ്ട് അവരെ തിരുത്താൻ പരിശ്രമിച്ചു എന്ന പ്രമാണം സ്ഥാപിക്കലാണ്. മൂന്നാമത്തെ ഉദ്ദേശം, അവരുടേത് പോലുള്ള തെറ്റുകുറ്റങ്ങളിൽ നിന്നും മുസ്‌ലിം സമുദായത്തെ ഉണർത്തുകയും തിരുത്തുകയും ചെയ്യലാണ്.
قَالَ يَٰٓـَٔادَمُ أَنۢبِئۡهُم بِأَسۡمَآئِهِمۡۖ فَلَمَّآ أَنۢبَأَهُم بِأَسۡمَآئِهِمۡ قَالَ أَلَمۡ أَقُل لَّكُمۡ إِنِّيٓ أَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَأَعۡلَمُ مَا تُبۡدُونَ وَمَا كُنتُمۡ تَكۡتُمُونَ
അല്ലാഹു ആദമിനോടു പറഞ്ഞു: അല്ലയോ ആദം, അവയുടെ നാമങ്ങൾ അവർക്ക് അറിയിച്ചു കൊടുക്കുക. അങ്ങനെ അവർക്ക് അവയുടെ നാമങ്ങൾ അറിയിച്ചു കൊടുത്തപ്പോൾ അല്ലാഹു പറഞ്ഞു: ആകാശ ഭൂമികളിൽ മറഞ്ഞ കാര്യങ്ങളെയും നിങ്ങൾ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമെല്ലാം ഞാൻ അറിയുമെന്ന് നിങ്ങളോടു ഞാൻ പറഞ്ഞിട്ടില്ലയോ?
41. പടച്ചവന്റെ വേദങ്ങളുടെയെല്ലാം അടിസ്ഥാന പ്രബോധനമാണ്.!
പരിശുദ്ധ ഖുർആൻ കഴിഞ്ഞ വേദങ്ങളെ ശരിവെക്കുന്നു. ദീനിന്റെ അടിസ്ഥാന തത്വങ്ങൾ എല്ലാവരും ഒന്നു തന്നെയാണ് സന്ദേശിച്ചത്. ചില ശാഖാപരമായ നിയമങ്ങളിൽ മാത്രം വ്യത്യാസം വന്നിരുന്നു. ആകയാൽ, ഇസ്രാഈൽ സന്തതികൾ പ്രഥമവും പ്രധാനവുമായി ഖുർആനിനെ സ്വീകരിക്കേണ്ടതായിരുന്നു. പക്ഷേ ഖേദകരമെന്നു പറയട്ടെ, അവർ ഏറ്റവും മുമ്പിൽ നിന്ന് ഖുർആനിനെ നിഷേധിച്ചു. അവരുടെ ഈ നിഷേധം അറിവില്ലായ്മ കാരണമായിട്ടായിരുന്നു. അല്ലാഹു പറയുന്നു: നിങ്ങൾ മുൻ വേദങ്ങളെ ശരിവെക്കുന്ന ഖുർആനിൽ വിശ്വസിക്കുകയും സത്യവിശ്വാസം സ്വീകരിച്ച് മറ്റുള്ളവർക്ക് മാതൃക കാട്ടുകയും നിങ്ങൾ സത്യത്തിന് പകരം നിസ്സാരമായ വിലയെ സ്വീകരിക്കാതിരിക്കുകയും ചെയ്യുക.
وَآمِنُوا بِمَا أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوا أَوَّلَ كَافِرٍ بِهِ ۖ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا وَإِيَّايَ فَاتَّقُونِ
അറിയുന്നവരായിരിക്കെ നിങ്ങൾ സത്യത്തെ അസത്യവുമായി കൂട്ടിക്കലർത്തുകയും സത്യത്തെ മറച്ചു വെക്കുകയും ചെയ്യരുത്.
42. കുതന്ത്രം വെടിയുക.!
അന്നത്തെ അറബികൾ പൊതുവേ വിദ്യാഭ്യാസം ഇല്ലാത്തവരായിരുന്നു. യഹൂദികൾ വിദ്യാഭ്യാസം ഉള്ളവരും ആയിരുന്നു. വിശിഷ്യാ മദീനയിൽ ധാരാളം യഹൂദ ഗോത്രങ്ങൾ ഉണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസ അറിവുകൾ അവിടെയുള്ള മറ്റുള്ള ജനങ്ങളെ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അതുകൊണ്ട് തന്നെ അവരോട് ജനങ്ങൾ റസൂലുല്ലാഹി ﷺയെ കുറിച്ച് ചോദിക്കുമ്പോൾ അവർ സത്യവും അസത്യവും കൂട്ടിക്കുഴച്ച് പറയുകയും ജനങ്ങളുടെ മനസ്സിൽ സംശയങ്ങളും തെറ്റിദ്ധാരണകളും പാകുകയും ചെയ്തിരുന്നു. റസൂലുല്ലാഹി ﷺ അന്ത്യ പ്രവാചകൻ ആണെന്ന കാര്യവും അദ്ദേഹത്തിന്റെ സന്ദേശങ്ങൾ സത്യമാണെന്ന കാര്യവും അവർ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തിരുന്നു.
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ) യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
183. ഹുബ്ശി ബിൻ ജനാദഃ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: "അലിയ്യ് എന്നിൽ നിന്നും ഞാൻ അലിയ്യിൽ നിന്നുമാണ്. എൻ്റെ ഭാഗത്ത് നിന്നുമുള്ള സന്ദേശം ഞാനോ അലിയ്യോ അല്ലാതെ മറ്റാരും എത്തിക്കുന്നതല്ല." (തിർമിദി)
വിവരണം: ഈ ഹദീസിൻ്റെ ആശയം ശരിയായി ഉൾക്കൊള്ളാൻ, ഇത് അരുളിയ സാഹചര്യം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഹിജ്റ എട്ടാം വർഷത്തിലെ മക്കാവിജയത്തിന് ഒരു വർഷത്തിനു ശേഷം, അക്രമികളായ ബഹുദൈവാരാധകരെയും സത്യനിഷേധികളെയും സംബന്ധിച്ചുള്ള വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന 'സൂറത്ത് ബറാഅത്ത്' അവതരിച്ചു. ബഹുദൈവാരാധകരുമായി ചെയ്തിരുന്ന ഉടമ്പടികൾ അവരുടെ ഭാഗത്തുനിന്നുണ്ടായ ലംഘനങ്ങൾ കാരണം റദ്ദാക്കപ്പെട്ടുവെന്നും, വരുംവർഷം മുതൽ അവർ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ പാടില്ലെന്നുമുള്ള സുപ്രധാന വിധികൾ അതിലുണ്ടായിരുന്നു.
നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന ജനങ്ങളെ ഈ വിധികൾ അറിയിക്കുന്നതിനായി റസൂലുല്ലാഹി ﷺ അബൂബക്ർ സിദ്ദീഖ് (റ)നെ ഹജ്ജ് സംഘത്തിന്റെ നേതാവായി നിയോഗിച്ചു. അവിടുത്തെ കൽപ്പനപ്രകാരം സിദ്ദീഖ് (റ) ഒരു സംഘം തീർത്ഥാടകരുമായി മക്കയിലേക്ക് യാത്ര തിരിച്ചു.
എന്നാൽ, ഗോത്രത്തലവനോ അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗമോ നേരിട്ടറിയിച്ചാൽ മാത്രമേ കരാറുകൾ റദ്ദാക്കുന്നത് അറബികൾ അംഗീകരിക്കുകയുള്ളൂ എന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഇക്കാര്യം പരിഗണിച്ച്, റസൂലുല്ലാഹി ﷺ തന്റെ പിതൃസഹോദര പുത്രനും മകളുടെ ഭർത്താവുമായ അലിയ്യ് (റ)നെ ആ ദൗത്യം ഏൽപ്പിച്ച് മക്കയിലേക്ക് പറഞ്ഞയച്ചു. ഈ സന്ദർഭത്തിലാണ് റസൂലുല്ലാഹി ﷺ ഇപ്രകാരം അരുളിയത്. അബൂബക്ർ (റ)നെ അയച്ചതിനു ശേഷം അലിയ്യ് (റ)നെ കൂടി അയക്കാനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു ഇതിലൂടെ.
തുടർന്ന് അലിയ്യ് (റ), അബൂബക്ർ സിദ്ദീഖ് (റ)ന്റെ സംഘത്തിനൊപ്പം എത്തിച്ചേർന്നു. ഈ സമയം സിദ്ദീഖ് (റ) ചോദിച്ചു: "റസൂലുല്ലാഹി ﷺ താങ്കളെ നേതാവായാണോ അതോ അനുയായിയായാണോ അയച്ചിരിക്കുന്നത്?" അലിയ്യ് (റ) മറുപടി നൽകി: "നേതാവ് താങ്കൾ തന്നെയാണ്. എന്നെ ഈ പ്രത്യേക ദൗത്യം നിർവ്വഹിക്കാനായി മാത്രം താങ്കളുടെ അനുയായിയായി അയച്ചതാണ്."
ഇതെല്ലാം അല്ലാഹുവിന്റെ പ്രത്യേകമായ തീരുമാനപ്രകാരമാണ് സംഭവിച്ചത്. റസൂലുല്ലാഹി ﷺ തുടക്കത്തിൽ തന്നെ അലിയ്യ് (റ)നെ ഹജ്ജ് സംഘത്തിന്റെ നേതാവായി അയച്ചിരുന്നുവെങ്കിൽ, റസൂലുല്ലാഹി ﷺ ക്ക് ശേഷമുള്ള ഖിലാഫത്ത് അലിയ്യ് (റ)നാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായേനെ. ഈയൊരു സംശയം ഇല്ലാതാക്കാനാണ് ആദ്യം അബൂബക്ർ (റ)നെ നേതാവായി അയക്കാനും, പിന്നീട് അലിയ്യ് (റ)നെ ഒരു പ്രത്യേക ദൗത്യത്തിനായി അദ്ദേഹത്തിന്റെ കീഴിൽ നിയോഗിക്കാനുമുള്ള തീരുമാനം അല്ലാഹു റസൂലുല്ലാഹി ﷺ യുടെ മനസ്സിൽ തോന്നിപ്പിച്ചത്. റസൂലുല്ലാഹി ﷺക്ക് ശേഷം മുസ്‌ലിം ഉമ്മത്തിന്റെ നേതാവും ഖലീഫയും അബൂബക്ർ (റ) ആയിരിക്കുമെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ അല്ലാഹു നൽകിയത്. തൻ്റെ വിയോഗത്തിന് മുമ്പുള്ള രോഗശയ്യയിൽ വെച്ച്, നിസ്കാരത്തിന് നേതൃത്വം നൽകാൻ സാധിക്കാതെ വന്നപ്പോൾ അബൂബക്ർ സിദ്ദീഖ് (റ)നെ ഇമാമായി നിശ്ചയിക്കാൻ റസൂലുല്ലാഹി ﷺ ക്ക് തോന്നിയതും അല്ലാഹുവിന്റെ ഇതേ ഉദ്ദേശ്യപ്രകാരം തന്നെയാണ്.
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
ആത്മസംസ്കരണത്തിൻ്റെ പ്രാധാന്യം
✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
(നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)
'ഇഖ്റഅ്' എന്ന് അല്ലാഹു തുടങ്ങിയതിലൂടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത മനസ്സിലാകുന്നു. അറിവ് നേടലും പകർന്നു നൽകലും ആവശ്യവുമാണ്. നാം ഭൗതിക വിദ്യാഭ്യാസത്തെ വില കുറച്ച് കാണുന്നുമില്ല. എന്നാൽ, ഭൗതിക വിദ്യാഭ്യാസമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന വാദത്തെ അംഗീകരിക്കാൻ സാധിക്കില്ല. പ്രവാചകന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം ഈമാനും സൽസ്വഭാവ ഗുണങ്ങളുമാണ്. മക്കയിൽ അന്ന് പേനകൾ തന്നെ വിരളമായിരുന്നു. മദീനയിലും അക്ഷരാഭ്യാസം വ്യാപകമല്ലായിരുന്നില്ല. എന്നാൽ അവരിൽ ഈമാനും സൽസ്വഭാവ ഗുണങ്ങളും ഉണ്ടായിരുന്നു. ഈ രണ്ട് ഗുണങ്ങളാണ് സർവ്വ പുരോഗതിയുടെയും അടിസ്ഥാനം.
ഈമാനും സൽസ്വഭാവവും കാത്തു സൂക്ഷിച്ച കാലത്തോളം മുസ്‌ലിംകൾ ഉന്നതരായി നിലകൊണ്ടു. ആദ്യ നൂറ്റാണ്ടുകളിലെ സർവ്വ മേഖലകളിലെയും പുരോഗതിയുടെ അടിസ്ഥാനവും ഇതായിരുന്നു. ഈ ഗുണങ്ങളെ കൈവിട്ട അന്ന് മുതൽ മുസ്‌ലിംകളുടെ പരാജയം ആരംഭിച്ചു. മുസ്‌ലിം സ്പെയിനിന്റെ പഥനത്തിന് രണ്ട് കാര്യങ്ങളാണ് പറയപ്പെടുന്നത്. 1, മറ്റുള്ളവർക്ക് ദീനിനെ മനസ്സിലാക്കി കൊടുക്കുന്നതിൽ വീഴ്ച്ച വരുത്തി. 2, ഓരോ ചെറു സംഘങ്ങളായി തിരിഞ്ഞ് വഴക്കടിച്ചു. തന്റെ സഹോദരനെതിരിൽ ശത്രുവിന്റെ സഹായം തേടി. ഈ വീഴ്ച്ചകൾ ഇന്ത്യൻ മുസ്‌ലിംകളുടെ ചരിത്രത്തിലും നമുക്ക് കാണാൻ സാധിക്കും.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതല്ല. ഈമാനും സൽസ്വഭാവവും ഉണ്ടാക്കിയെടുക്കുന്നതിനോടൊപ്പം നമ്മുടെ സഹോദര സമുദായംഗങ്ങളോട് നല്ല നിലയിൽ വർത്തിക്കാൻ നാം തയ്യാറാവണം. ഇസ്‌ലാമിനെ നല്ല രീതിയിൽ പരിചയപ്പെടുത്താൻ സ്വന്തം ജീവിതം കൊണ്ട് നമുക്ക് സാധിക്കണം. ഇത് ഏതെങ്കിലും കുറച്ചു ആളുകൾ മാത്രം ചെയ്താൽ പ്രയോജനം ലഭിക്കുകയില്ല. സമൂഹം മുഴുവനും ഈ പ്രവർത്തനം ചെയ്യാൻ തയ്യാറായാൽ മാത്രമേ നിലവിലെ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം അവസ്ഥകൾ കൂടുതൽ കുഴപ്പത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. പടച്ചവൻ കാത്ത് രക്ഷിക്കട്ടെ !
🔹🔹🔹🔹🔹
ഇലാ റഹ്‌മത്തില്ലാഹ്...
പ്രിയപ്പെട്ട റസൂൽ ഗഫൂർ സാഹിബ് മർഹൂം
✍️ ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
കാരുണ്യവാനായ രക്ഷിതാവ് കനിഞ്ഞരുളിയ സമുന്നത ശേഷികൾ മുഴുവനും പടച്ചവന് പൊരുത്തമായ വഴിയിലും നന്മയുടെ പ്രചാരണത്തിനും സൃഷ്ടികളുടെ സേവനത്തിനും ചെലവഴിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് മർഹൂം ഗഫൂർ സാഹിബ്.
കോഴിക്കോട്ടെ ഇസ്‌ലാമിക അന്തരീക്ഷവുമായി ചെറുപ്പം മുതലേ ബന്ധപ്പെട്ട് വളർന്നുവന്ന അദ്ദേഹം വിവിധ സംഘടനകളുമായും പണ്ഡിതന്മാരുമായും ബന്ധം സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിശ്വപണ്ഡിതൻ അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയുടെ വിയോഗം സംഭവിക്കുന്നത്. തദവസരം കൂട്ടുകാരുമായി ആലോചിച്ച് മൗലാനാ മർഹൂമിന്റെ രചനകൾ നല്ല നിലയിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കുകയും വിതരണം നടത്തുകയും ചെയ്യാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായി. മൗലാനാ മർഹൂമിന്റെ പിൻഗാമികൾ അതിന് സന്തോഷത്തോടെ സമ്മതം നൽകി. തുടർന്ന് കോഴിക്കോട് കേന്ദ്രമാക്കി മുഫക്കിറുൽ ഇസ്‌ലാം ഫൗണ്ടേഷൻ എന്നൊരു സ്ഥാപനം സ്ഥാപിക്കുകയുണ്ടായി.
മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയെ കേരളീയർ മുമ്പ് തന്നെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ധാരാളം രചനകൾ കേരളത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും മൗലാനാ മർഹൂമിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം വേറിട്ട നിലയിൽ ഉയർന്നു വരികയുണ്ടായി. വിശ്വാസം ആരാധന സംസ്കരണം, കാരുണ്യത്തിന്റെ തിരുദൂതൻ, ഇസ്‌ലാമിലെ നവോത്ഥാന നായകർ - 3 ഭാഗങ്ങൾ, ഹസ്രത്ത് അലി, മൗലാനാ മുഹമ്മദ് ഇല്യാസ് ജീവിതവും ദൗത്യവും, ശൈഖുൽ ഹദീസ് മൗലാന മുഹമ്മദ് സകരിയ്യ, തസവ്വുഫ് ആത്മസംസ്കരണത്തിന്റെ സൗന്ദര്യം എന്നിങ്ങനെ ധാരാളം ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ വഴിക്ക് മർഹൂം ധാരാളം സമ്പത്ത് ചെലവഴിക്കുകയുണ്ടായി.
കൂടാതെ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി, മൗലാനാ സയ്യിദ് അബ്ദുല്ലാഹ് ഹസനി നദ്‌വി, മൗലാനാ നിസാമുദ്ദീൻ ഖാസിമി, മൗലാന സാലിം ഖാസിമി തുടങ്ങിയ മഹാന്മാരെ കേരളത്തിൽ കൊണ്ടുവരുന്നതിലും വലിയ പങ്കുവഹിച്ചു.
ഹുറുൽഈൻ പർദ്ദ അദ്ദേഹത്തിന്റെ സ്വന്തം സ്ഥാപനമായിരുന്നു. പർദ്ദ വിതരണ രംഗത്ത് അത് വിപ്ലവം സൃഷ്ടിച്ചു. പ്രത്യേകിച്ചും മഫ്ത എന്ന തട്ടം അദ്ദേഹത്തിലൂടെ പ്രചരിച്ച ഒരു കാര്യമാണ്. അതോടൊപ്പം വിവിധ സംഘടനകളുമായും വ്യത്യസ്ത പണ്ഡിതന്മാരുമായും പ്രവർത്തനങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. അല്ലാമാ നദ്‌വി മർഹൂമിൻ്റെ വ്യക്തിത്വവുമായിട്ടുള്ള ബന്ധം ഈ വിഷയത്തിൽ വലിയ പക്വതയും പാകതയും അദ്ദേഹത്തിന് നൽകി. എല്ലാ സംഘടനകളുമായും ബന്ധമാണെങ്കിലും പ്രധാന ബന്ധം തബ്‌ലീഗ് പ്രവർത്തനവും മുസ്‌ലിം സർവീസ് സൊസൈറ്റിയുമായിട്ടായിരുന്നു. അതിന്റെ നായകനായിരുന്ന മുഹമ്മദ് സാഹിബിനെ അതിയായി ആദരിക്കുകയും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കുകയും ഖുർആൻ ആശയം നിരന്തരം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
അല്ലാഹു സജീവമായതും ഉണർന്നതുമായ ഒരു മനസ്സും ചിന്തയും മർഹൂമിന് നൽകിയിരുന്നു. അതുകൊണ്ട് ഓരോ കാര്യങ്ങളും ശരിയായ നിലയിൽ വീക്ഷിക്കുകയും നിരൂപണം ചെയ്യുകയും ഞങ്ങളെപ്പോലുള്ളവരോട് ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ പറയുകയും ഞങ്ങൾ വീഴ്ചവരുത്തിയാൽ സ്വന്തം രീതിയിൽ തന്നെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന് മസ്ജിദുകൾക്ക് ചുറ്റും പൂന്തോട്ടം വെക്കുകയും വാഹനങ്ങൾ പാർക്ക് ചെയ്യുകയും ജനങ്ങൾക്ക് വരാനും പോകാനും സുഗമമായ വഴികൾ ഒരുക്കുകയും ചെയ്യുന്നതിന് പകരം വരുമാനം എന്ന പേരിൽ ധാരാളം കടകൾ ഉണ്ടാക്കി ഞെരുക്കമുണ്ടാക്കുന്നതിനെ എതിർത്തിരുന്നു. മസ്ജിദുകളുടെ മുന്നിൽ വാഹനങ്ങൾ തലങ്ങും വിലങ്ങുമായി പാർക്ക് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം മസ്ജിദ് ഭാരവാഹികൾക്കും വാഹനം ഉപയോഗിക്കുന്നവർക്കുമാണെന്ന് ഉണർത്തിയിരുന്നു. സ്ത്രീധന സമ്പ്രദായത്തിനെതിരിൽ ശക്തമായി ശബ്ദിക്കുകയും ആ വിഷയത്തിൽ ഒരു സുന്നി പണ്ഡിതൻ രചിച്ച രചന സ്വന്തം ചെലവിൽ പ്രസിദ്ധീകരിച്ച് ജനങ്ങൾക്കെല്ലാം വിതരണം നടത്തിയിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളും സാധുക്കളെ സഹായിക്കലും കുടുംബ പ്രശ്നങ്ങൾ പരിഹരിക്കലും ജനങ്ങളുടെ കച്ചവട കാര്യങ്ങൾ മറ്റും ശരിയാക്കി കൊടുക്കലും ഒരു ഹരമായിരുന്നു. മാതോട്ടത്തുള്ള ഒരു നമസ്കാര സ്ഥലം തയ്യാറാക്കുകയും അവിടെ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമായി നടത്തുകയും ചെയ്തിരുന്നു. കൂടാതെ വിവിധ മേഖലകളിൽ വളരെ ആവേശത്തോടെ പ്രവർത്തിച്ചിരുന്നു.
ആരോഗ്യകാര്യത്തിൽ വലിയ ശ്രദ്ധ പതിപ്പിക്കുകയും ഞങ്ങളെയെല്ലാം നിരന്തരം ഉപദേശിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ ഈ ദാസന് അവസാനം കഠിന രോഗം പിടിപെട്ടു. പക്ഷേ അതിലും വലിയ സഹനതയും തൃപ്തിയും കൈക്കൊണ്ടിരുന്നു.
ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞ കാര്യം: എനിക്ക് വന്നിരിക്കുന്ന രോഗം കഠിനമാണെങ്കിലും പടച്ചവൻ ക്യാൻസറിന്റെ ഒരു രോഗം എനിക്ക് വേണ്ടി തിരഞ്ഞെടുത്തതിൽ ഞാൻ തൃപ്തിപ്പെടുകയും പടച്ചവനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്യുകയാണ്. പടച്ചവൻ പെട്ടെന്ന് മരണപ്പെടുന്ന ഏതെങ്കിലും രോഗം നൽകിയിരുന്നെങ്കിൽ എന്റെ ധാരാളം ജോലികളും ആഗ്രഹങ്ങളും പെൻഡിങ്ങിലായി പോകുമായിരുന്നു. ഇവിടെ ഇപ്പോൾ ഞാൻ മരണത്തിന് വേണ്ടി പരിപൂർണ്ണമായി തയ്യാറെടുത്തു കഴിഞ്ഞു. എന്റെ പല കാര്യങ്ങളും നേരെയാക്കാൻ സാധിച്ചു. പ്രത്യേകിച്ചും കുടുംബ കാര്യങ്ങൾ വളരെ സന്തോഷത്തിലാക്കി. ഇനി നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് അവരുടെ മാത്രം കാര്യമാണ്.
അടുത്തത് നോക്കുക, ജീവിതവും സമ്പത്തും ധർമ്മത്തിന്റെ വഴിയിൽ വാരിക്കോരി ചെലവഴിച്ച ദാസൻ ജീവിതത്തിന്റെ അവസാന സമയത്ത് സാമ്പത്തികമായും വലിയ ഞെരുക്കത്തിലായി. പക്ഷേ അതാരോടും പറയാതെ തികഞ്ഞ സഹനത കൈക്കൊള്ളുകയും ഉപകാരികൾക്ക് കണ്ണീർ വാർത്തുകൊണ്ട് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നതും വളരെ ചിന്തനീയമായ കാഴ്ചയാണ്.
ഒരു റമദാൻ മാസം സുബഹിക്ക് കോഴിക്കോട് മസ്ജിദിൽ വെച്ച് കണ്ടപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന സഹായിയായ സുഹൃത്തിനെ പരിചയപ്പെടുത്തിക്കൊണ്ട് എന്റെ മുഴുവൻ സേവന സഹായങ്ങളും ചെയ്യുന്നത് ഇദ്ദേഹമാണെന്ന് കണ്ണീർ വാർത്തുകൊണ്ട് പറഞ്ഞു. ഉടനെ അദ്ദേഹം തിരിച്ചു പറഞ്ഞു: താങ്കൾ ഞങ്ങൾക്കും സാധുക്കൾക്കും ചെയ്ത സേവനങ്ങളിലേക്ക് നോക്കുമ്പോൾ ഈ സേവനങ്ങൾ ഒന്നുമല്ല.
ഇതിനിടയിൽ രോഗം വർദ്ധിച്ചുകൊണ്ടിരുന്നു. തദവസരം ഞങ്ങളെയും ആത്മസുഹൃത്തുക്കളായ ഏതാനും സഹോദരങ്ങളെ വിളിച്ചുകൂട്ടി മുഫക്കിറുൽ ഇസ്‌ലാം ഫൗണ്ടേഷന്റെ പ്രവർത്തനം വലിയൊരു ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് അതിന് എല്ലാവരും സഹകരിച്ച് നല്ല നിലയിൽ നടത്താൻ പരിശ്രമിക്കണമെന്ന് അതിന്റെ കാര്യങ്ങളെല്ലാം കൂട്ടുകാരെ ഏൽപ്പിച്ചു.
അല്ലാമാ നദ്‌വി മർഹൂമിന്റെ ജീവചരിത്രമടക്കം സുപ്രധാനമായ ഏതാനും രചനകൾ ഉടനെ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് തയ്യാറാക്കപ്പെട്ട് അദ്ദേഹത്തിന്റെ കരങ്ങൾ കൊണ്ട് പ്രകാശനം ചെയ്യണമെന്ന് ഞങ്ങളും അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, അല്ലാഹുവിന്റെ തീരുമാനം ഈ രചനകൾ പ്രിന്റിങ്ങിന് വേണ്ടി കൊടുത്തിരിക്കുന്ന ഈ സന്ദർഭത്തിൽ അല്ലാഹുവിന്റെ ദാസൻ പടച്ചവന്റെ കാരുണ്യത്തിലേക്ക് യാത്രയായിരിക്കുകയാണ്.
എന്നാലും ആ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ട് ജനങ്ങളുടെ കരങ്ങളിലെത്തുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. മാന്യ അനുവാചകർ വളരെ സുപ്രധാനമായ ഈ പ്രവർത്തനത്തിൽ മുഫക്കിറുൽ ഇസ്‌ലാം ഫൗണ്ടേഷനോട് സഹകരിക്കണമെന്ന് അതിന്റെ രചനകൾ വാങ്ങിക്കുകയും വായിക്കുകയും മറ്റുള്ളവർക്ക് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.
ഏതാനും ദിവസം മുമ്പ് വിളിച്ച് നല്ല ബുദ്ധിമുട്ടിലും പ്രയാസത്തിലുമാണ്, അടുത്ത് തന്നെ ഞാൻ യാത്രയാകുമെന്ന് അറിയിച്ചു. ഇൻഷാ അല്ലാഹ് ഗഫൂർ സാഹിബിനെ കൊണ്ട് അല്ലാഹു ആ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യിപ്പിക്കുന്നതാണെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം പ്രകടിപ്പിച്ചു. പക്ഷേ, അല്ലാഹുവിന്റെ തീരുമാനം ദുൽഖഅ്ദ് മാസം അവസാന നിമിഷങ്ങളിൽ അല്ലാഹുവിന്റെ ആ ദാസൻ നിരവധി ഗുണപാഠങ്ങൾ നിറഞ്ഞ ജീവിതത്തിന്റെ മാതൃകകളും നന്മകളുടെ പ്രവർത്തനങ്ങളും നമ്മെ ഏൽപ്പിച്ചുകൊണ്ട് അല്ലാഹുവിലേക്ക് യാത്രയായി.
കരുണാവാരിധിയായ രക്ഷിതാവ് എല്ലാ നന്മകളും സ്വീകരിക്കുകയും തെറ്റുകുറ്റങ്ങൾ മാപ്പാക്കുകയും ചെയ്യട്ടെ.! മഹാത്മാക്കളോടൊപ്പം സമുന്നതമായ ഇല്ലിയ്യീനിൽ ചേർത്തുതരട്ടെ.! പടച്ചവൻ വേർപാടിൽ വേദനിക്കുകയും ചെയ്യുന്ന കുടുംബത്തെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിക്കുകയും ഏറ്റവും നല്ല പകരക്കാരനായി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും കൂടുതൽ ഭംഗിയായി നടത്തുകയും ചെയ്യട്ടെ.!
പടച്ചവൻ പൊറുത്തു കൊടുക്കുകയും കരുണ കാണിക്കുകയും ചെയ്യട്ടെ.!
സ്വർഗ്ഗത്തിലെ ദറജകൾ ഉയർത്തി കൊടുക്കട്ടെ.!
അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 അവധിക്കാലം അറിവിൻ്റേതാക്കാം
▫️മാനവികതയുടെ പ്രവാചകൻ - ₹250/-
▫️ഇസ്‌ലാം എന്നാൽ എന്ത്? - ₹80/-
▫️ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - ₹110/-
▫️ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം - ₹160/-
▫️നമസ്കാരം മഹത്വവും യാഥാർത്ഥ്യവും - ₹60/-
▫️ദീനീ പാഠങ്ങൾ - ₹50/-
▫️സ്വഹാബത്തിൻ്റെ മഹത്വങ്ങൾ - ₹20/-
▫️മദനീ ജീവിത മര്യാദകൾ - ₹45/-
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
പഠിക്കുക, പകർത്തുക, പ്രചരിപ്പിക്കുക
🔹🔹🔹🔹🔹
.png)

.jpg)

