ദുൽഖഅ്ദ് 27/1447
മെയ് 15/2026
ലക്കം: 260
 ഉള്ളടക്കം 

▪️മുഖലിഖിതം 
അധിനിവേശകരുടെ കടന്ന് വരവിൻ്റെ കാരണം.
        ✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

▪️ജുമുഅ സന്ദേശം 
ഹജ്ജ്; എന്താണ് ലക്ഷ്യം.? 
       ✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി  

▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
       ✍️ മൗലാനാ മുഫ്‌തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി 

▪️ആരിഫുല്‍ ഹദീസ് 
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
       ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
ആത്മസംസ്കരണത്തിൻ്റെ പ്രാധാന്യം. 
       ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️ഇലാ റഹ്‌മത്തില്ലാഹ്...
മർഹൂം മുഹമ്മദ് സ്വാലിഹ് മൗലവി ഖാസിമി, പോരുവഴി

▪️ഗ്രന്ഥ പരിചയം 
അവധിക്കാലം അറിവിൻ്റേതാക്കാം
🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

അധിനിവേശകരുടെ കടന്ന് വരവിൻ്റെ കാരണം.

    "പടപ്പുകളോട് നമുക്ക് സ്നേഹമില്ലെങ്കിലും പടച്ചവന് വളരെ പ്രിയമാണ്. എല്ലാ നിർമ്മാതാവിനും തന്റെ നിർമ്മിതി ഇഷ്ടമാണല്ലോ? ഒരു ചട്ടി കച്ചവടക്കാരന് നിസ്സാരമായ ചട്ടിയോട് പോലും ഇഷ്ടമാണ്. പടച്ചവൻ്റെ സൃഷ്ടി ആരായിരുന്നാലും അവരുടെ മനസ്സ് വേദനിക്കുമ്പോഴല്ലാം പടച്ചവനും വേദനയുണ്ടാകുന്നതാണ്. മനുഷ്യത്വത്തെ ചവിട്ടി മെതിക്കപ്പെടുകയും മണ്ണിൽ വലിച്ചിഴക്കപ്പെടുകയും രക്തം ഒഴുക്കപ്പെടുകയും യാഥാർത്ഥ്യങ്ങൾ നിഷേ ധിക്കപ്പെടുകയും രാത്രിയെ പകലെന്നും പകലിനെ രാത്രിയെന്നും വ്യാഖ്യാനിക്കപ്പെടുകയും കുഞ്ഞുങ്ങളുടെ വായിൽ നിന്നും ഉരുള തട്ടിപ്പറിക്കപ്പെടുകയും വിധവകളെ വസ്ത്രാക്ഷേപം ചെയ്യപ്പെടുകയും സാധുവിൻ്റെ അടുപ്പിൽ നിന്നും പാത്രം തട്ടിമാറ്റപ്പെടുകയും ചെയ്യുമ്പോൾ ഞങ്ങളെ സഹായിക്കണേ, ഞങ്ങളെ സഹായിക്കണേ എന്ന ശബ്ദം അന്തരീക്ഷത്തിൽ ഉയരുന്നതാണ്. തദവസരം പടച്ചവൻ അവരെ സഹായിക്കുന്നതും എവിടെയെങ്കിലും നിന്നും ഒരു സഹായി വന്നത്തുന്നതുമാണ്. ഇത് മാനവ ചരിത്രത്തിൽ പല പ്രാവശ്യം അനുഭവപ്പെട്ടിട്ടുള്ള യാഥാർത്ഥ്യമാണ്.

        ഒരു രാജ്യത്ത് അക്രമം വ്യാപകമാവുകയും ജനജീവിതം ദുഷ്കരമാവുകയും ചെയ്യുമ്പോൾ മണ്ണും വിണ്ണും ഒരുപോലെ കണ്ണുനീർ വാർക്കുന്നതാണ്. ഞങ്ങളുടെ ആളുകൾ ഞങ്ങളെ ദ്രോഹിക്കുന്നുവെങ്കിൽ അന്യരായ ആരെയെങ്കിലും കൊണ്ടുവരണേ എന്ന അപേക്ഷ അന്തരീക്ഷത്തിൽ ഉയരുന്നതാണ്. ഈ സമയത്ത് പടച്ചവൻ അക്രമികളെ ശിക്ഷിക്കും സാധുക്കളെ സഹായിക്കും. മിക്കവാറും ഈ സമയത്താണ് വിദേശികൾ അധിനിവേശം നടത്തുന്നത്. അവർ രാജ്യം കൈയ്യടക്കുകയും ജനങ്ങൾക്ക് പ്രയോജനം നൽകുകയും സ്വയം പ്രയോജനപ്പെടുത്തുകയും ചെയ്യും. അധിനിവേശങ്ങളെക്കുറിച്ച് നാം എത്ര അത്ഭുതപ്പെട്ടാലും ചരിത്ര പഠനങ്ങ ളുടെവെളിച്ചത്തിൽ എനിക്ക് അത്ഭുതമൊന്നും ഇല്ല. പടച്ചവൻ പടപ്പുകളെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിന് നാട്ടുകാർ തയ്യാറല്ലെങ്കിൽ വിദേശികളെ പടച്ചവൻ ഇളക്കിവിടുന്നതാണ്. ഏതാണ്ട് എല്ലാ അധിനിവേശങ്ങളുടെയും അടിസ്ഥാനം സ്വന്തം നാട്ടുകാർ നാട്ടുകാരോട് നടത്തുന്ന അക്രമങ്ങളാണ്.."

 ✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

ഹജ്ജ്; എന്താണ് ലക്ഷ്യം.? 

✍️ മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്‌മാനി  
(സെക്രട്ടറി, ഓൾ ഇന്ത്യാ മുസ്‌ലിം ‌പേഴ്സനൽ ലോ ബോർഡ്)
       
وَأَذِّن فِی ٱلنَّاسِ بِٱلۡحَجِّ یَأۡتُوكَ رِجَالࣰا وَعَلَىٰ كُلِّ ضَامِرࣲ یَأۡتِینَ مِن كُلِّ فَجٍّ عَمِیقࣲ 
[Surah Al-Hajj: 27]
(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും.

        ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയിലൂടെയാണ് നാം കടന്ന് പോകുന്നത്. അതിലെ സുപ്രധാന ആദ്യ പത്തും നമ്മിൽ നിന്ന് കൊഴിഞ്ഞ് പോയി. ആ ദിനങ്ങളിലെ നമ്മുടെ ഇബാദത്തുകളെല്ലാം അല്ലാഹു സ്വീകരിക്കട്ടെ.
        അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളിലൊന്ന് ഹകീം (തന്ത്രജ്ഞൻ) എന്നാണ്. അവന്റെ വാക്കുകളിലും കൽപനകളിലും തന്ത്രജ്ഞത മറഞ്ഞ് കിടക്കുന്നു. അവൻ കൽപിച്ച ഫറാഇളിലും സുന്നത്തുകളിലും ആഴത്തിലുള്ള ഹിക്മത്തുകൾ കാണാൻ കഴിയും. യഥാർത്ഥ നിലയിൽ ഹജ്ജ് ചെയ്താൽ മാത്രമാണ് ഹജ്ജിന്റെ സമ്പൂർണ്ണ പ്രതിഫലം കരസ്ഥമാക്കുക.അല്ലാഹു പറയുന്നു

 وَأَذِّن فِی ٱلنَّاسِ بِٱلۡحَجِّ یَأۡتُوكَ رِجَالࣰا وَعَلَىٰ كُلِّ ضَامِرࣲ یَأۡتِینَ مِن كُلِّ فَجٍّ عَمِیقࣲ 
(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും.

ഹദീസുകളിലും ഹജ്ജിന്റെ വിവിധ മഹത്വങ്ങൾ വിവരിക്കുന്നതായി കാണാം:
            നബി (സ്വ) പറഞ്ഞു: “മബ്റൂറായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല”. “അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിര്‍വ്വഹിച്ചാല്‍ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളില്‍ നിന്ന് വിമുക്തമാകുന്നതാണ്”. “ഹജ്ജ് കര്‍മ്മം അതിന് മുമ്പ് വന്നുപോയ സര്‍വ്വ പാപങ്ങളും തകര്‍ത്ത് കളയുന്നതാണ്”. സ്ത്രീകളുടെ ജിഹാദ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജിഹാദിന് സമാനമാണ്. ഹജ്ജ് കര്‍മ്മമെന്ന് പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്. ബീവി ആഇശ(റ)യുടെ ഒരു ചോദ്യത്തിനുത്തരമായി അവിടുന്ന് പറയുകയുണ്ടായി. “ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, സ്ത്രീകള്‍ക്ക് ജിഹാദ് ബാധ്യതയുണ്ടോ?” അവിടുന്ന് പറഞ്ഞു: “അവര്‍ക്ക് പോരാട്ടമില്ലാത്ത ജിഹാദാണുള്ളത്. ഹജ്ജും ഉംറയും.” “മുഴുവന്‍ പക്ദുര്‍ബലര്‍ക്കുമുള്ള ജിഹാദാകുന്നു ഹജ്ജ്.” “മറ്റ് ആരാധനകളുടെയും ഹജ്ജിന്റെയും ശ്രേഷ്ഠതാവ്യത്യാസം ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും ഇടയിലുള്ള വ്യത്യാസം പോലെയാണ്”. “ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്റെ വിരുന്നുകാരാണ്. അവരെ അവന്‍ വിളിച്ചുവരുത്തിയതാണ്. അവര്‍ വല്ലതും ചോദിച്ചാല്‍ അവന്‍ സ്വീകരിക്കും. പശ്ചാതപിച്ചാല്‍ പൊറുത്തുകൊടുക്കും”. “ഹാജിക്കും ഹാജി ആര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവോ അവര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കും”.

        ഹജ്ജിന്റെ ലക്ഷ്യത്തെപ്പറ്റി പണ്ഡിതന്മാർ ധാരാളം വിശദീകരണങ്ങൾ നൽകിയിട്ടുണ്ട് മഹാനായ ഷാഹ് വലിയുല്ലാഹ് ദഹ്‌ലവി(റ) സുപ്രധാനമായ 4 ലക്ഷങ്ങൾ വിവരിക്കുന്നുണ്ട്.
1) ഹജ്ജ് മനുഷ്യനെ പാപങ്ങളിൽ നിന്നും മുക്തനാകുന്നു മനുഷ്യന്റെ ആന്തരികം പരിശുദ്ധമാക്കുന്നു.കാരണം തിന്മയിൽ വലിയ ഭാഗവും സംഭവിക്കുന്നത് അതുമായി ബന്ധപ്പെടുന്ന സ്ഥലങ്ങൾ പോകുമ്പോഴാണ് .ഹജ്ജ് പരിപൂർണ്ണമായി നന്മയുടെ സ്ഥലമാണ് അതിനാൽ അവിടെ തെറ്റുകൾ സംഭവിക്കൽ അസാധ്യമാണ്.
2) ഹജ്ജ് ഇലാഹി സ്മരണയും ഇലാഹി ആദരവും വർദ്ധിപ്പിക്കുകയാണ്.കാരണം അല്ലാഹുവിൻറെ വലിയ കഴിവുകൾ അവിടെ പ്രകടിതമാവുകയാണ്.
3) ഹജ്ജിലൂടെ മനുഷ്യൻ തന്റെ സ്നേഹഭാജനമായ റബ്ബിനെ കണ്ടെത്തുകയാണ്.കാരണം ഹജ്ജിന്റെ ഇബാദത്തുകളിലൂടെ മനുഷ്യൻറെ ഹൃദയം സമാധാനമടയുകയാണ് അത്തരം ഒരു സാഹചര്യത്തിൽ തന്റെ രക്ഷിതാവിനോട് അടുക്കൽ അവന് വളരെ എളുപ്പമായിത്തീരുന്നതാണ്.
4) ഹജ്ജ് കർമ്മം സമുദായത്തിന്റെ ഏകീകരണത്തിന്റെയും ഒത്തൊരുമയുടെയും ഒരു പ്രതീകം കൂടിയാണ്.കാരണം ഹജ്ജിന്റെ അമലുകൾ ലോകത്തിൻറെ പല കോണുകളിൽ നിന്നുള്ള ആളുകൾ ഒരുമിച്ചു കൂടി ഒത്തൊരുമിച്ചാണ് ചെയ്യുന്നത്. 

    യുക്തിപരമായി ചിന്തിച്ചാൽ തന്നെയും ഹജ്ജ് പോലെയുള്ള ഒരു കർമ്മം ഒരു മതവിഭാഗത്തിന് ഉണ്ടാകൽ അത്യാവശ്യമാണ്. കാരണം ലോകത്തുള്ള സകല മതവിഭാഗങ്ങൾക്കും പരിശുദ്ധമായ ചില സ്ഥലങ്ങൾ ഉണ്ടാകും.അവരുടെ കർമ്മങ്ങൾ നിർവഹിക്കാനായി അത്തരം സ്ഥലങ്ങളിൽ അവർ ഒരുമിച്ചു കൂടാറുണ്ട് അതിനാൽ തന്നെ ഇസ്ലാം എന്ന ശ്രേഷ്ഠമായ ഒരു മതവിഭാഗത്തിന് അവരുടെ രക്ഷിതാവിലേക്ക് അടുക്കുവാൻ ആയി ഒരു പരിശുദ്ധമായ സ്ഥലത്ത് ഒരുമിച്ചു കൂടൽ അത്യാവശ്യമാണ്.
        ഇസ്ലാമിനു മുമ്പും ഹജ്ജ് കർമ്മം നിലവിൽ ഉണ്ടായിരുന്നു എന്നാൽ അക്കാലത്ത് ധാരാളം മോശമായ ആചാരങ്ങളും പ്രവർത്തികളും ഹജ്ജിൽ നടപ്പായിരുന്നു എന്നാൽ ഇസ്‌ലാം അവയെല്ലാം തിരുത്തുകയാണ്. കൂടാതെ അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരു മാർഗ്ഗമായും അല്ലാഹുവിൻറെ തൃപ്തി കരസ്ഥമാക്കാനുള്ള വഴിയായും അതിനെ മാറ്റി.

من حديث جابر مرفوعًا: (الحج المبرور ليس له جزاء إلا الجنة) قيل يا رسول الله: ما بر الحج؟ قال: (إطعام الطعام، وإفشاء السلام)
റസൂൽ ﷺ അരുളി മബ്റൂറായ ഹജ്ജിന്റെ പ്രതിഫലം സ്വർഗ്ഗമാണ്. ചോദിക്കപ്പെട്ടു : എന്താണ് മബ്റൂറായ ഹജ്ജ്? തങ്ങൾ അരുളി ഭക്ഷിപ്പിക്കലും സലാമിനെ പ്രചരിപ്പിക്കലും.
        വർത്തമാനകാലത്ത് മുസ്ലിം സമൂഹത്തെ ഭിന്നമാക്കുവാനും ഇല്ലാതാക്കുവാനും ദുഷ്ട ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ പരിപാവനമായ ഹജ്ജിന്റെ ഐക്യവും ഒത്തൊരുമയും വലിയ പ്രതീക്ഷ നൽകുന്നതാണ്. 
        ഹജ്ജത്തുൽ വിദാഇല്‍ നബി(സ) വിളംബരം ചെയ്തു; നിങ്ങളുടെ രക്ഷിതാവ് ഒരുവനാണ് നിങ്ങളുടെ പിതാവ് ഒരാളാണ്.അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനേക്കാളോ യാതൊരു പരിഗണനയുമില്ല .തഖ്‌വയിലാണ് കാര്യം.! രക്ഷിതാവ് നമ്മുടെ ഹജ്ജിനെ മബ്റൂറും മഖ്ബൂലുമാക്കി മാറ്റുമാറാകട്ടെ ആമീൻ.

🔹🔹🔹🔹🔹🔹🔹

പരിശുദ്ധ ഖുർആൻ പ്രകാശം

സൂറത്തുല്‍ ബഖറ

✍️ മൗലാനാ മുഫ്‌തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

ആയത്ത് 22-28

هُوَ ٱلَّذِي خَلَقَ لَكُم مَّا فِي ٱلۡأَرۡضِ جَمِيعٗا ثُمَّ ٱسۡتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبۡعَ سَمَٰوَٰتٖۚ وَهُوَ بِكُلِّ شَيۡءٍ عَلِيم ۝
ഭൂമിയിലുള്ളതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായി സൃഷ്ടിച്ചവനാണ് അല്ലാഹു. ശേഷം ആകാശത്തിന്റെ ഭാഗത്തേക്ക് അവൻ ശ്രദ്ധ തിരിച്ചു. അങ്ങനെ, അതിനെ ഏഴ് ആകാശങ്ങളാക്കി ശരിപ്പെടുത്തി. അവൻ എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു.(29)

29. അനുഗ്രഹങ്ങള്‍ കനിഞ്ഞരുളിയ അല്ലാഹു എല്ലാം അറിയുന്നവനാണ്!
     ഭൂമുഖത്തുള്ള സർവ്വ അനുഗ്രഹങ്ങളും അല്ലാഹു നിങ്ങൾക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്നു. ആകാശഭൂമികളെയും ഇതര വസ്തുക്കളെയും സൃഷ്ടിച്ചതിൽ മറ്റാർക്കും യാതൊരു പങ്കുമില്ല. അല്ലാഹു ഇവകളെ പടച്ച് വെറുതെ വിട്ടുതരികയല്ല ചെയ്തത്. പ്രത്യുത ഓരോ കാര്യങ്ങളെ കുറിച്ചും പടച്ചവന് പരിപൂർണ്ണ അറിവുണ്ട്. ആകയാൽ, പ്രപഞ്ചത്തിലെ വസ്തുക്കളെയെല്ലാം ന്യായമായ നിലയിൽ ഉപയോഗിക്കുകയും പടച്ചവനെ ആരാധിക്കുകയും ചെയ്യുക. 
            ശരീഅത്ത് തടഞ്ഞതായി സ്ഥിരപ്പെട്ട വസ്തുക്കള്‍ ഒഴിച്ച് ലോകത്തുള്ള വസ്തുക്കളെല്ലാം അടിസ്ഥാനപരമായി അനുവദനീയമാണെന്ന് ഈ ആയത്ത് അറിയിക്കുന്നു. ഇടപാടുകളുടെ കാര്യവും ഇത് തന്നെ. അതായത്, ലോകത്ത് ഏതെങ്കിലും ഇടപാടുകള്‍ നടപ്പിലുണ്ടെങ്കില്‍ അതിനെക്കുറിച്ച് നിരോധനം വരാത്ത പക്ഷം അവ അനുവദനീയമാണ്. എന്നാല്‍ ആരാധനകളുടെ കാര്യം ഇങ്ങനെയല്ല. ഖുര്‍ആന്‍ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട ആരാധനകള്‍ മാത്രമേ ശരിയും സാധുവും ആവുകയുള്ളൂ. ഖുര്‍ആന്‍ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെടാത്ത ആരാധനകള്‍ ശരിയല്ല. മറിച്ച്, അവ ബിദ്അത്ത് (അനാചാരം) ആണ്. ഉദാഹരണത്തിന്, ഒറ്റയ്ക്ക് നിര്‍വ്വഹിക്കണമെന്ന് സ്ഥിരപ്പെട്ടിട്ടുള്ള ആരാധനകൾ സംഘടിതമായി ചെയ്യുന്നതും, പതുക്കെ ചൊല്ലിയതായി ഉദ്ധരിക്കപ്പെട്ട ദിക്‌റുകള്‍ ശബ്ദത്തിലാക്കുന്നതും, പുണ്യമാണെന്ന് പറയപ്പെട്ട നന്മകള്‍ക്ക് നിര്‍ബന്ധത്തിന്റെ സ്ഥാനം കൊടുക്കുന്നതും അനാചാരമാണ്. 

وَإِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّي جَاعِلٞ فِي ٱلۡأَرۡضِ خَلِيفَةٗۖ قَالُوٓاْ أَتَجۡعَلُ فِيهَا مَن يُفۡسِدُ فِيهَا وَيَسۡفِكُ ٱلدِّمَآءَ وَنَحۡنُ نُسَبِّحُ بِحَمۡدِكَ وَنُقَدِّسُ لَكَۖ قَالَ إِنِّيٓ أَعۡلَمُ مَا لَا تَعۡلَمُونَ ۝ 
നിശ്ചയമായും ഭൂമിയിൽ ഒരു പ്രതിനിധിയെ ഞാൻ നിയോഗിക്കുന്നതാണ്' എന്ന് താങ്കളുടെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം. അപ്പോൾ മലക്കുകൾ പറഞ്ഞു: ഭൂമിയിൽ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതിൽ നിയോഗിക്കുകയാണോ? ഞങ്ങൾ നിനക്ക് സ്തുതി-കീർത്തനങ്ങൾ നടത്തുകയും നിന്റെ പരിശുദ്ധി വിവരിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു പ്രതിവചിച്ചു: നിങ്ങൾക്ക് അറിയാത്തത് എനിക്കറിയാം.(30)  

30.  മനുഷ്യന്‍ പടച്ചവന്റെ പ്രതിനിധിയാണ്. പടച്ചവന് പൊരുത്തമായ നിലയില്‍ ജീവിക്കുക.! 
            അല്ലാഹു നിങ്ങൾക്ക് വേണ്ടി പ്രപഞ്ചത്തിലെ വസ്തുക്കളെ സൃഷ്ടിച്ചതിനോടൊപ്പം നിങ്ങളെ ഭൂമിയിൽ പടച്ചവന്റെ പ്രതിനിധിയാക്കുകയും ചെയ്തിരിക്കുന്നു. പ്രതിനിധി യഥാർത്ഥ ഉടമസ്ഥന്റെ വിധിവിലക്കുകൾ പാലിക്കേണ്ടതാണ്. ഉടമയ്ക്ക് എതിരായി ഒന്നും ചെയ്യാൻ പാടുന്നതല്ല. പ്രതിനിധി എന്ന വാക്കിൽ നിന്നും മനുഷ്യർക്ക് ഈ ലോകത്ത് ചില സ്വാതന്ത്ര്യങ്ങൾ നൽകപ്പെടുന്നതാണെന്ന് മലക്കുകൾ മനസ്സിലാക്കി. അതിലൂടെ മനുഷ്യരിൽ നിന്നും അക്രമങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അവർ തിരിച്ചറിഞ്ഞു. ഇത്തരുണത്തിൽ അവർ ചോദിച്ചു: അക്രമങ്ങൾ കാട്ടുന്ന ഒരു വിഭാഗത്തെ ഭൂലോകത്തേക്ക് അയക്കുന്നത് എന്തിനാണ്? നിന്നോടുള്ള ആരാധനകളും സ്തുതി കീർത്തനങ്ങളും ഞങ്ങൾ പരിപൂർണ്ണമായ നിലയിൽ ചെയ്യുന്നുണ്ടല്ലോ? അല്ലാഹു പറഞ്ഞു: മനുഷ്യനെ പ്രതിനിധി ആക്കുന്നതിന്റെ പിന്നിൽ നാം അറിയുന്ന തത്വങ്ങൾ നിങ്ങൾക്കറിയില്ല. നിങ്ങൾ പറഞ്ഞ നന്മകൾ അല്ലാത്ത മറ്റു ചില നന്മകൾ കൂടി മനുഷ്യരിൽ നിന്നും നാം ആഗ്രഹിക്കുന്നുണ്ട്.
            മലക്കുകള്‍ മനുഷ്യന്റെ ദുര്‍ഗുണങ്ങള്‍ വിവരിച്ചത് വിമര്‍ശനം എന്ന നിലയിലല്ലായിരുന്നു. മറിച്ച്, വിനയത്തോട് കൂടിയുള്ള ഒരു അഭിപ്രായം എന്ന രീതിയിലായിരുന്നു. അതായത്, ഞങ്ങള്‍ സര്‍വ്വതാ സ്തുതി കീര്‍ത്തനങ്ങളില്‍ മുഴുകിക്കഴിയുകയാണ്. ഞങ്ങളെ ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങളില്‍ ഞങ്ങള്‍ ഒരു കുറവും വരുത്തുന്നില്ല. എന്നാല്‍, ഭൂമിയില്‍ മനുഷ്യര്‍ക്ക് മുമ്പുണ്ടായിരുന്ന ജിന്നുകളുടെ അവസ്ഥ ഞങ്ങളെ അറിയിക്കുന്നത് ഭൂമിയുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ എല്ലാവരും നന്മ നിറഞ്ഞവര്‍ ആവുകയില്ലെന്നാണ്. അവരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരും രക്തം ചീന്തുന്നവരും ഉണ്ടാകാറുണ്ട്. ഇത്തരുണത്തില്‍ നൂറ് ശതമാനം അനുസരണാശീലരായ സൃഷ്ടികളുള്ളപ്പോള്‍ നന്മതിന്മകളുടെ ആളുകളുള്ള ഒരു സൃഷ്ടിയുടെ നിയോഗത്തില്‍ ഞങ്ങള്‍ വലിയ നന്മ കാണുന്നില്ല. 
            നിങ്ങള്‍ അറിയാത്ത പലതും ഞാന്‍ അറിയുന്നുണ്ടെന്ന് പറഞ്ഞതിന്റെ വിവക്ഷ ഇതാണ്: കുഴപ്പമുണ്ടാക്കുന്നവരുമായി ബന്ധപ്പെട്ട് പടച്ചവന് ധാരാളം നിയമങ്ങളുണ്ട്. നിയമപരമായ ശിക്ഷകളും പരലോകത്തിലെ നരകവും ഇതിന്റെ ഉദാഹരണമാണ്. അതുപോലെ പാപികളുടെ മേല്‍ പടച്ചവന്റെ ചില മഹല്‍ഗുണങ്ങളും പ്രകടമാകുന്നതാണ്. ഉദാഹരണത്തിന് പടച്ചവന്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് പൊറുത്ത് കൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും അവരുടെ തെറ്റുകള്‍ മറയ്ക്കുകയും ചെയ്യുന്നതാണ്. ഇത്തരുണത്തില്‍ സല്‍കര്‍മ്മികളോടൊപ്പം ദുഷ്‌കര്‍മ്മികളും ഉണ്ടാകാത്ത പക്ഷം പടച്ചവന്റെ ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ പറ്റുന്നതല്ല. അതുപോലെ പടച്ചവന്റെ ഉപരിയുക്ത മഹല്‍ ഗുണങ്ങള്‍ പ്രകടമാകുന്നതുമല്ല. അതുകൊണ്ട് നന്മതിന്മകളുടെ വിഷയത്തില്‍ പരീക്ഷിക്കപ്പെടാന്‍ യോഗ്യരായവരും നന്മയ്ക്കും തിന്മയ്ക്കും സാധ്യതയുള്ളവരുമായ ഒരു കൂട്ടം ആളുകളെ പടയ്‌ക്കേണ്ടത് ആവശ്യമായിരുന്നു. മലക്കുകള്‍ക്ക് തിന്മകള്‍ ചെയ്യാന്‍ കഴിവുപോലുമില്ല. ജിന്നുകളിലും നന്മയുടെ യോഗ്യത വളരെയധികം മികച്ചിരിക്കുന്നു. അതുകൊണ്ട് അവരും ഈ ആവശ്യം പൂര്‍ത്തീകരിക്കാന്‍ മതിയാകുമായിരുന്നില്ല. അങ്ങനെ നാം മനുഷ്യനെ പടയ്ക്കുകയുണ്ടായി.

 وَعَلَّمَ ءَادَمَ ٱلۡأَسۡمَآءَ كُلَّهَا ثُمَّ عَرَضَهُمۡ عَلَى ٱلۡمَلَٰٓئِكَةِ فَقَالَ أَنۢبِـُٔونِي بِأَسۡمَآءِ هَٰٓؤُلَآءِ إِن كُنتُمۡ صَٰدِقِينَ ۝٣١ قَالُواْ سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إِنَّكَ أَنتَ ٱلۡعَلِيمُ ٱلۡحَكِيمُ ۝ 
ആദമിന് സർവ്വ വസ്തുക്കളുടെയും നാമം അല്ലാഹു പഠിപ്പിച്ചു കൊടുത്തു. ശേഷം ആ വസ്തുക്കളെ മലക്കുകൾക്ക് മുമ്പാകെ അവതരിപ്പിച്ചു. എന്നിട്ട് പറഞ്ഞു: 'നിങ്ങൾ സത്യവാൻമാർ ആണെങ്കിൽ ഈ വസ്തുക്കളുടെ നാമങ്ങൾ എനിക്ക് പറഞ്ഞു തരിക'.(31)

31. വിജ്ഞാനം വലിയ മഹത്വം.!
              മനുഷ്യൻ ഭൂമിലോകത്ത് വെച്ച് ഇവിടെയുള്ള വസ്തുക്കളെ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആദം നബി (അ)ക്ക് വസ്തുക്കളുടെ നാമങ്ങളും പ്രത്യേകതകളും പഠിപ്പിച്ചു കൊടുത്തു. ശേഷം മലക്കുകളോട് ചോദിച്ചു: മനുഷ്യനെ പ്രതിനിധി ആക്കുന്നത് പ്രശ്നത്തിന് കാരണമാണ് എന്ന് നിങ്ങളുടെ വാദം സത്യസന്ധമാണെങ്കിൽ നിങ്ങൾ ഈ വസ്തുക്കളുടെ നാമങ്ങൾ പറയുക. അതെ, പടച്ചവൻ മനുഷ്യർക്ക് ചില സ്വാതന്ത്ര്യങ്ങൾ കൊടുത്തതിനോടൊപ്പം വിജ്ഞാനത്തിന്റെ സമുന്നത അനുഗ്രഹവും നൽകിയിരിക്കുന്നു. അറിവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ മനുഷ്യന് സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാൻ സാധിക്കുന്നതാണ്. 
                അറബി ഭാഷയില്‍ ഇസ്മ് എന്നതിന്റെ അര്‍ത്ഥം നാമം എന്ന് മാത്രമല്ല, അല്ലാമാ റാഗിബ് (റ) പറയുന്നു: ഇസ്മ് എന്നതിന്റെ ആശയം ഒരു വസ്തുവിനെക്കുറിച്ചുള്ള അറിവ് നല്‍കുന്ന കാര്യമാണ്. അതുകൊണ്ട് മുഫസ്സിറുകള്‍ പറയുന്നു: അല്ലാഹു ആദം നബി (അ)ക്ക് വെറും വസ്തുക്കളുടെ നാമം മാത്രമല്ല പഠിപ്പിച്ച് കൊടുത്തത്, വസ്തുക്കളുടെ യാഥാര്‍ത്ഥ്യവും പ്രത്യേകതയും പഠിപ്പിക്കുകയുണ്ടായി. അതെ, ഇന്നുവരെ പ്രപഞ്ചത്തില്‍ മറഞ്ഞുകിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയും അറിയാത്ത കാര്യങ്ങളെയും മനുഷ്യന്‍ അറിയുന്നത് പടച്ചവന്‍ ആദം നബി (അ)ക്ക് കനിഞ്ഞരുളിയ പ്രത്യേക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റൊരു നിലയ്ക്ക് നോക്കിയാല്‍ വസ്തുക്കള്‍ക്ക് പേര് വെക്കുന്നത് മനുഷ്യന്റെ മാത്രം ജോലിയാണ്. ഇതര സൃഷ്ടികള്‍ ഒന്നിനും പേര് വെക്കാറില്ല. ഇതും അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. ഉദാഹരണത്തിന് വിവിധ പഴങ്ങളുടെയും ആഹാരങ്ങളുടെയും മനുഷ്യരുടെയും പട്ടണങ്ങളുടെയും പേരുകള്‍ വെക്കാന്‍ മനുഷ്യന് കഴിവില്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരുമായിരുന്നു. ഹുമൈദ് വഴിയായി മദീനയില്‍ നിന്നും എനിക്ക് ഈത്തപ്പഴം എത്തിച്ച് തരുകയെന്ന് ഒരാള്‍ പറയുന്നതായി സങ്കല്‍പ്പിക്കുക. വസ്തുക്കളുടെ നാമങ്ങള്‍ പറയാന്‍ കഴിവില്ലായെങ്കില്‍ ഇത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ എത്ര ബുദ്ധിമുട്ടേണ്ടി വരുമായിരുന്നു. ചുരുക്കത്തില്‍ അല്ലാഹു ആദം നബി (അ) വഴി മുഴുവന്‍ മനുഷ്യര്‍ക്കും നാമങ്ങളിലൂടെ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള യോഗ്യത കനിഞ്ഞരുളി. 
            നിങ്ങള്‍ സത്യസന്ധനാണെങ്കില്‍ എന്ന ഈ വാക്കിന്റെ ആശയം, നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ എന്നാണ്. കാരണം മലക്കുകള്‍ക്ക് കളവ് പറയാന്‍ കഴിവ് തന്നെയില്ല. അറബി ഭാഷയില്‍ സിദ്ഖ് എന്ന പദത്തിന് ശരിയായ കാര്യമെന്നും അര്‍ത്ഥമുണ്ട്. 

قَالُواْ سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إِنَّكَ أَنتَ ٱلۡعَلِيمُ ٱلۡحَكِيمُ  ۝ 
മലക്കുകൾ പറഞ്ഞു: 'നീ പരമ പരിശുദ്ധനാണ്. നീ ഞങ്ങൾക്ക് നൽകിയ അറിവല്ലാതെ മറ്റൊരറിവും ഞങ്ങൾക്കില്ല. നിസ്സംശയം നീ വലിയ അറിവുള്ളവനും തന്ത്രജ്ഞനുമാണ്'.(32) 

32. അറിവില്ലായ്മ സമ്മതിക്കുക.!
       ആദം നബി (അ) മലക്കുകള്‍ക്ക് മുമ്പാകെ വസ്തുക്കളുടെ പേരുകള്‍ പറഞ്ഞുകൊടുത്തു. എന്നാല്‍, മലക്കുകള്‍ക്ക് അത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അതുകൊണ്ടാണ്  മലക്കുകളോട് ചോദിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് അറിയില്ലെന്ന് അവര്‍ തുറന്ന് പറഞ്ഞത്. അതെ, മലക്കുകളുടെ അറിവ് മറ്റുള്ളവരെ പിന്‍പറ്റിക്കൊണ്ടുള്ളത് മാത്രമാണ്. കാര്യങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ഗവേഷണങ്ങള്‍ നടത്താനും വിഷയങ്ങള്‍ കണ്ടെത്താനുമുള്ള യോഗ്യത അല്ലാഹു മനുഷ്യന് മാത്രമാണ് നല്‍കിയിട്ടുള്ളത്. 
        ഭൂമുഖത്ത് പടച്ചവന്റെ വിധിവിലക്കുകള്‍ നടപ്പിലാക്കുന്നതിന് അറിവും ഗ്രാഹ്യവും ആവശ്യമാണെന്നും നന്മയുടെ ജീവിതം മാത്രം മതിയാവുകയില്ലെന്നും ഇതില്‍ നിന്നും മലക്കുകള്‍ക്ക് മനസ്സിലായി. ഞങ്ങളില്‍ നന്മകളുണ്ടെങ്കിലും വിജ്ഞാന ഗ്രാഹ്യങ്ങള്‍ ഇല്ലായെന്ന് മലക്കുകള്‍ തുറന്ന് പറഞ്ഞു. ആരാധനയേക്കാള്‍ അറിവിന് മഹത്വമുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. ആരാധനയില്‍ മലക്കുകള്‍ മുന്നിലായിരുന്നു. എന്നാല്‍, മനുഷ്യന് ഇവിടെ ശ്രേഷ്ടത നല്‍കപ്പെട്ടത് അറിവിന്റെ അടിസ്ഥാനത്തിലാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ആരാധന സൃഷ്ടികളുടെ മഹല്‍ഗുണമാണ്. അറിവ് പടച്ചവന്റെ മഹോന്നത വിശേഷണവുമാണ്.   

 قَالَ يَٰٓـَٔادَمُ أَنۢبِئۡهُم بِأَسۡمَآئِهِمۡۖ فَلَمَّآ أَنۢبَأَهُم بِأَسۡمَآئِهِمۡ قَالَ أَلَمۡ أَقُل لَّكُمۡ إِنِّيٓ أَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَأَعۡلَمُ مَا تُبۡدُونَ وَمَا كُنتُمۡ تَكۡتُمُونَ ۝
അല്ലാഹു ആദമിനോടു പറഞ്ഞു: അല്ലയോ ആദം, അവയുടെ നാമങ്ങൾ അവർക്ക് അറിയിച്ചു കൊടുക്കുക. അങ്ങനെ അവർക്ക് അവയുടെ നാമങ്ങൾ അറിയിച്ചു കൊടുത്തപ്പോൾ അല്ലാഹു പറഞ്ഞു: ആകാശ ഭൂമികളിൽ മറഞ്ഞ കാര്യങ്ങളെയും നിങ്ങൾ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമെല്ലാം ഞാൻ അറിയുമെന്ന് നിങ്ങളോടു ഞാൻ പറഞ്ഞിട്ടില്ലയോ?(33)

33. അല്ലാഹു എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ്.!
            തുടർന്ന് അല്ലാഹു ആദമിനോട് പ്രസ്തുത വസ്തുക്കളുടെ നാമങ്ങളും പ്രത്യേകതകളും പറയാൻ നിർദ്ദേശിച്ചു. ആദം നബി (അ) അവ വിവരിക്കുകയും മലക്കുകളേക്കാൾ ഉന്നതരാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തു. അപ്പോൾ അല്ലാഹു അറിയിച്ചു: ആകാശഭൂമികളിലെ ഓരോ കാര്യങ്ങളും നമുക്കറിവുണ്ടെന്നും നിങ്ങൾ പരസ്യമായി പറയുന്നതും മനസ്സിൽ രഹസ്യമായി വെക്കുന്നതും നമുക്ക് നന്നായി അറിയാമെന്നും ഞാൻ പറഞ്ഞിരുന്നില്ലേ? 

وَقُلۡنَا يَٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ وَكُلَا مِنۡهَا رَغَدًا حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ۝ 
‘ആദമിനു സുജൂദ് ചെയ്യുക' എന്ന് എല്ലാ മലക്കുകളോടും നാം കൽപ്പിച്ചപ്പോൾ ഇബ്‌ലീസ് ഒഴികെ എല്ലാവരും സുജൂദിൽ വീണു. അവൻ അനുസരിച്ചില്ല. അഹങ്കരിച്ചു.  അങ്ങിനെ അവൻ നിഷേധികളിൽ പെട്ടവനായി തീർന്നു.(34)  

34. അഹങ്കാരം പിശാചിന്റെ ദുര്‍ഗുണമാണ്.!
            വിജ്ഞാനത്തിന്റെ വിഷയത്തിൽ ആദം നബിയുടെ മഹത്വവും പ്രതിനിധി ആകാനുള്ള യോഗ്യതയും സ്ഥിരപ്പെട്ട ശേഷം മലക്കുകളോടും ജിന്നുകളോടും ആദമിനെ ഖിബ്‌ലയാക്കി കൊണ്ട് സുജൂദ് ചെയ്യാനും മനുഷ്യൻ്റെ മഹത്വം സമ്മതിക്കാനും അല്ലാഹു നിർദ്ദേശിച്ചു. മലക്കുകൾ എല്ലാവരും കൽപ്പന പാലിച്ചു. എന്നാൽ, ഇബ്‌ലീസ് എന്ന പിശാച് വിസമ്മതിച്ചു. ഇബ്‌ലീസ് വലിയ പണ്ഡിതനും ഭക്തനുമായിരുന്നു. ജിന്നുകൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയപ്പോൾ അതിൽ നിന്നും ഒഴിഞ്ഞുമാറുകയും മലക്കുകളുടെ ശുപാർശയോടെ അവർക്കിടയിൽ കഴിയുകയും ചെയ്തു. ഭൂമിയിലെ അധികാരം തന്നെ ഏൽപ്പിക്കും എന്നായിരുന്നു അവന്റെ വിചാരം. എന്നാൽ, ആദം നബി (അ)യെ പ്രതിനിധി ആക്കിയ പ്രഖ്യാപനം അവൻ്റെ പ്രതീക്ഷകളെ തകർക്കുകയും അവൻ മനുഷ്യരോട് ശത്രുത പുലർത്തുകയും അക്കാരണത്താൽ സുജൂദിന് വിസമ്മതിക്കുകയും അങ്ങനെ ശപിക്കപ്പെട്ടവൻ ആവുകയും ചെയ്തു.
        ഈ ആയത്തിലെ സുജൂദ് കൊണ്ടുള്ള ഉദ്ദേശം നെറ്റി ഭൂമിയില്‍ വെച്ചുകൊണ്ടുള്ള സുജൂദല്ലെന്നും ആദം നബി (അ)യുടെ മഹത്വത്തെ അംഗീകരിക്കലാണെന്നും ചില പണ്ഡിതര്‍ പറയുന്നു. അറബി ഭാഷയില്‍ സുജൂദ് എന്ന പദം വിനയത്തിനും താഴ്മയ്ക്കും ഉപയോഗിക്കാറുമുണ്ട്. മറ്റുള്ളവര്‍ പറയുന്നു: ഇതുകൊണ്ടുള്ള ഉദ്ദേശം നെറ്റി ഭൂമിയില്‍ വെച്ചുകൊണ്ടുള്ള സുജൂദിന്റെ പ്രത്യേക രൂപം തന്നെയായിരുന്നു. പക്ഷേ, അത് ആരാധനയുടെ നിലയിലായിരുന്നില്ല. ആരാധനയുടെ നിലയിലുള്ള സുജൂദ് എല്ലാ ശരീഅത്തുകളിലും നിഷിദ്ധമാണ്. മറിച്ച്, ഇതുകൊണ്ടുള്ള ഉദ്ദേശം ആദരവിന്റെ സുജൂദാണ്. ഇത് കഴിഞ്ഞ സമുദായങ്ങളില്‍ അനുവദനീയമായിരുന്നുവെന്ന് യൂസുഫ് നബി (അ)ന്റെ സംഭവത്തില്‍ നിന്നും മനസ്സിലാകുന്നു. എന്നാല്‍, മുഹമ്മദീ ശരീഅത്തില്‍ ഇത് നിഷിദ്ധമാണ്. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു അല്ലാത്തവര്‍ക്ക് സുജൂദ് ചെയ്യാന്‍ വഴിയുണ്ടായിരുന്നുവെങ്കില്‍ ഭാര്യമാരോട് ഭര്‍ത്താക്കന്മാര്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നു. (മിശ്കാത്ത് 2/272) മറ്റുചിലര്‍ പറയുന്നു: മലക്കുകളുടെ സുജൂദും അല്ലാഹുവിന് തന്നെയായിരുന്നു. ആദം നബി (അ)യെ ഖിബ്‌ലയാക്കിക്കൊണ്ടാണ് അവര്‍ സുജൂദ് ചെയ്തത്. (തഫ്‌സീര്‍ ആയാത്തുല്‍ അഹ്കാം) 

ഈ ആയത്തിലെ കാന മിനല്‍ കാഫിരീന്‍ എന്നതിന് രണ്ടാശയം പറയപ്പെടുന്നു. 1. അവന്‍ നിഷേധികളില്‍ പെട്ടവനായി. 2. അവന്‍ നിഷേധിയായിരുന്നു. അതായത്, അകത്ത് നിഷേധം മറച്ച് വെച്ചിരുന്നു. ഈ കാര്യം സര്‍വ്വജ്ഞനായ പടച്ചവന്‍ നേരത്തെ അറിഞ്ഞിരുന്നു.

وَقُلۡنَا يَٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ وَكُلَا مِنۡهَا رَغَدًا حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ۝
നാം പറഞ്ഞു: ആദമേ, നിങ്ങളും നിങ്ങളുടെ ഇണയും സ്വർഗ്ഗത്തിൽ താമസിക്കുകയും നിങ്ങൾ യഥേഷ്ടം ഇഷ്ടമുള്ള സ്ഥലത്തു നിന്നും ഭക്ഷിക്കുകയും ചെയ്യുക. എന്നാൽ, ഈ വൃക്ഷത്തിന്റെ സമീപത്ത് നിങ്ങൾ പോകരുത്. സമീപിച്ചാൽ നിങ്ങൾ പരിധി ലംഘിച്ചവരിൽ പെടുന്നതാണ്.(35)

35. അനുസരണക്കേട് കാട്ടരുത്.! 
            ആദം നബിയെ പടച്ചതിനുശേഷം അദ്ദേഹത്തിൽ നിന്ന് തന്നെ ഇണയെയും സൃഷ്ടിച്ചു. ഭൂമിയിലേക്ക് പ്രതിനിധിയായി അയക്കപ്പെടുന്നതിനു മുമ്പ് പരീക്ഷണം എന്നോണം സ്വർഗ്ഗത്തിൽ താമസിപ്പിക്കുകയും ആഹാര പാനീയങ്ങൾ സമൃദ്ധമായി ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ, പരീക്ഷണത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി ഒരു വൃക്ഷത്തെ തിരഞ്ഞെടുക്കുകയും അതിനടുത്തേക്ക് പോകരുതെന്ന് നിർദ്ദേശിക്കുകയും പോയാൽ അപകടം സംഭവിക്കുമെന്ന് ഉണർത്തുകയും ചെയ്തു. 
        ആഹാര പാനീയങ്ങള്‍ ഉപയോഗിക്കുന്നതും വൈവാഹിക ജീവിതം നയിക്കുന്നതും മഹത്വത്തിനും ഭയഭക്തിക്കും മതപരമായ സമ്പൂര്‍ണ്ണതയ്ക്കും എതിരല്ലെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു.
        ഈ വൃക്ഷത്തിന്റെ നാമം ഖുര്‍ആനിലോ, സ്വഹീഹായ ഹദീസുകളിലോ വന്നിട്ടില്ല. ഗോതമ്പ് എന്ന് ചിലര്‍ പറയുന്നത് പൊതു പ്രസിദ്ധിയുടെ അടിസ്ഥാനത്തിലാണ്. അതിന് പരിഗണിനീയമായ തെളിവൊന്നുമില്ല. 
         അക്രമം എന്ന പദം ഖുര്‍ആനില്‍ തന്നെ ധാരാളം സ്ഥലങ്ങളില്‍ പാപം എന്ന അര്‍ത്ഥത്തില്‍ വന്നിട്ടുണ്ട്. പാപങ്ങള്‍ നബിമാരുടെ സമുന്നത സ്ഥാനത്തിന് യോജിച്ചതല്ല. അതുകൊണ്ട് ഇവിടെ അക്രമികള്‍ എന്നതിന്റെ ഉദ്ദേശം   തെറ്റുകാര്‍ എന്നാണ്.

🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

182. ഇംറാൻ ബിൻ ഹുസൈൻ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: അലിയ്യ് എന്നിൽ നിന്നുള്ളവനും ഞാൻ അലിയ്യിൽ നിന്നുള്ളതുമാണ്. അലിയ്യ് ഓരോ സത്യവിശ്വാസിയുടെയും വലിയ്യ് ആണ്. (തിർമിദി)

വിവരണം:  ഈ വചനം ഒരു സംഭവവുമായി ബന്ധപ്പെട്ടതാണ്. റസൂലുല്ലാഹി ﷺ അലിയ്യ് (റ)നെ നേതാവാക്കി കൊണ്ട് ഒരു സൈന്യത്തെ യാത്രയയച്ചു. പടച്ചവന്റെ അനുഗ്രഹത്താൽ അവർ വിജയം വരിച്ചു. പക്ഷേ, സൈന്യത്തിലുണ്ടായിരുന്ന ചിലർ അലിയ്യ് (റ)ന്റെ ഏതോ പ്രവർത്തനത്തെ ഇഷ്ടപ്പെട്ടില്ല. അവർ മടങ്ങിവന്ന ശേഷം റസൂലുല്ലാഹി ﷺയോട് ഇതിനെക്കുറിച്ച് പരാതി പറഞ്ഞു. റസൂലുല്ലാഹി ﷺക്ക് ഈ പരാതി വളരെ അനിഷ്ടമായി. കാരണം, അവരുടെ ഈ പരാതി ശരിയല്ലായിരുന്നു.  തെറ്റിദ്ധാരണയെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ളതായിരുന്നു. ഈ സമയം റസൂലുല്ലാഹി ﷺ പരാതി പറഞ്ഞവരോടുള്ള അതൃപ്തി ഈ വചനത്തിലൂടെ പ്രകടമാക്കി. അലിയ്യ് (റ)നോടുള്ള വിശ്വാസവും അടുപ്പവും സ്നേഹവും ഈ വചനത്തിലൂടെ വ്യക്തമാക്കി. റസൂലുല്ലാഹി ﷺ അലിയ്യ് (റ)നെ കുറിച്ച് ഇപ്രകാരമുള്ള വചനങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രത്യേകമായ അടുപ്പവും സ്നേഹവും പല ഘട്ടങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട്.
        അടുത്തത് എന്നാൽ, ഇവിടെ ഒരു കാര്യം ഓർക്കുക: റസൂലുല്ലാഹി ﷺ വിവിധ സ്വഹാബികളെക്കുറിച്ച് പ്രത്യേകമായ ബന്ധവും അടുപ്പവും സ്നേഹവും ഇതുപോലുള്ള വചനങ്ങളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. ഒരു പോരാട്ടത്തിൽ രക്തസാക്ഷിയായ ജുലൈബീബ് (റ)ന്റെ മൃതദേഹത്തിനരികിൽ നിന്നുകൊണ്ട് ജുലൈബീബ് എന്നിൽ പെട്ടയാളും ഞാൻ ജുലൈബീബിൽ പെട്ടയാളുമാണെന്ന് പ്രസ്താവിക്കുകയുണ്ടായി. (മുസ്‌ലിം)
        ഒരിക്കൽ റസൂലുല്ലാഹി ﷺ അശ്അരി ഗോത്രത്തെക്കുറിച്ച് പ്രസ്താവിച്ചു: അവർ യാത്രയിലും നാട്ടിലും ആഹാരം കഴിക്കുമ്പോൾ അടുത്തുള്ളവരെ ശ്രദ്ധിക്കുകയും എല്ലാവർക്കും തുല്യമായി വീതിക്കുകയും ചെയ്യുന്നു അവർ എന്നിൽ പെട്ടവരും ഞാൻ അവരിൽ പെട്ടവരുമാണ്. (മുസ്‌ലിം)
        അലിയ്യ് എല്ലാ സത്യവിശ്വാസികളുടെയും വലിയ്യ് ആണ് എന്ന വചനത്തിലെ വലിയ്യ് എന്നതിന്റെ അർത്ഥം സുഹൃത്ത്, സഹായി, നേതാവ് എന്നെല്ലാമാണ്. പരിശുദ്ധ ഖുർആനിലും വിവിധ സ്ഥലങ്ങളിൽ ഈ നാമം ഈ അർത്ഥങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ സുഹൃത്ത് എന്ന അർത്ഥത്തിലാണ് ഇവിടെ ഈ നാമം ഉപയോഗിച്ചിരിക്കുന്നത്. അതെ, എല്ലാ സത്യവിശ്വാസികളും അലിയ്യ് (റ)നെ സ്നേഹിക്കുകയും അദ്ദേഹവുമായി സൗഹൃദത്തിൽ കഴിയുകയും വേണം. അല്ലാഹു റസൂലുല്ലാഹി ﷺയുടെ അലിയ്യ് (റ) അടക്കമുള്ള പ്രവാചക സ്നേഹികളുടെയും സ്നേഹാദരവുകളുടെ ഒരംശം ഈ സാധുവിനും നാമെല്ലാവർക്കും നൽകട്ടെ. ആമീൻ!

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

ആത്മസംസ്കരണത്തിൻ്റെ പ്രാധാന്യം. 

✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
       (നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)

       'ഇഖ്റഅ്' എന്ന് അല്ലാഹു തുടങ്ങിയതിലൂടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത മനസ്സിലാകുന്നു. അറിവ് നേടലും പകർന്നു നൽകലും ആവശ്യവുമാണ്. നാം ഭൗതിക വിദ്യാഭ്യാസത്തെ വില കുറച്ച് കാണുന്നുമില്ല. എന്നാൽ, ഭൗതിക വിദ്യാഭ്യാസമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന വാദത്തെ അംഗീകരിക്കാൻ സാധിക്കില്ല. പ്രവാചകന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം ഈമാനും സൽസ്വഭാവ ഗുണങ്ങളുമാണ്. മക്കയിൽ അന്ന് പേനകൾ തന്നെ വിരളമായിരുന്നു. മദീനയിലും അക്ഷരാഭ്യാസം വ്യാപകമല്ലായിരുന്നില്ല. എന്നാൽ അവരിൽ ഈമാനും സൽസ്വഭാവ ഗുണങ്ങളും ഉണ്ടായിരുന്നു. ഈ രണ്ട് ഗുണങ്ങളാണ് സർവ്വ പുരോഗതിയുടെയും അടിസ്ഥാനം.

        ഈമാനും സൽസ്വഭാവവും കാത്തു സൂക്ഷിച്ച കാലത്തോളം മുസ്‌ലിംകൾ ഉന്നതരായി നിലകൊണ്ടു. ആദ്യ നൂറ്റാണ്ടുകളിലെ സർവ്വ മേഖലകളിലെയും പുരോഗതിയുടെ അടിസ്ഥാനവും ഇതായിരുന്നു. ഈ ഗുണങ്ങളെ കൈവിട്ട അന്ന് മുതൽ മുസ്‌ലിംകളുടെ പരാജയം ആരംഭിച്ചു. മുസ്‌ലിം സ്പെയിനിന്റെ പഥനത്തിന് രണ്ട് കാര്യങ്ങളാണ് പറയപ്പെടുന്നത്. 1, മറ്റുള്ളവർക്ക് ദീനിനെ മനസ്സിലാക്കി കൊടുക്കുന്നതിൽ വീഴ്ച്ച വരുത്തി. 2, ഓരോ ചെറു സംഘങ്ങളായി തിരിഞ്ഞ് വഴക്കടിച്ചു. തന്റെ സഹോദരനെതിരിൽ ശത്രുവിന്റെ സഹായം തേടി. ഈ വീഴ്ച്ചകൾ ഇന്ത്യൻ മുസ്‌ലിംകളുടെ ചരിത്രത്തിലും നമുക്ക് കാണാൻ സാധിക്കും.

   വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതല്ല. ഈമാനും സൽസ്വഭാവവും ഉണ്ടാക്കിയെടുക്കുന്നതിനോടൊപ്പം നമ്മുടെ സഹോദര സമുദായംഗങ്ങളോട് നല്ല നിലയിൽ വർത്തിക്കാൻ നാം തയ്യാറാവണം. ഇസ്‌ലാമിനെ നല്ല രീതിയിൽ പരിചയപ്പെടുത്താൻ സ്വന്തം ജീവിതം കൊണ്ട് നമുക്ക് സാധിക്കണം. ഇത് ഏതെങ്കിലും കുറച്ചു ആളുകൾ മാത്രം ചെയ്താൽ പ്രയോജനം ലഭിക്കുകയില്ല. സമൂഹം മുഴുവനും ഈ പ്രവർത്തനം ചെയ്യാൻ തയ്യാറായാൽ മാത്രമേ നിലവിലെ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം അവസ്ഥകൾ കൂടുതൽ കുഴപ്പത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. പടച്ചവൻ കാത്ത് രക്ഷിക്കട്ടെ !
      
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

മർഹൂം മുഹമ്മദ് സ്വാലിഹ് മൗലവി ഖാസിമി, പോരുവഴി

✍️ ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി

               എല്ലാവരും ഈ ലോകത്ത് നിന്നും യാത്രയാകാനുള്ളതാണ്. പടച്ചവന്റെ പൊരുത്തത്തെ കരുതി നിർവ്വഹിച്ച നന്മകൾ മാത്രം നിലനിൽക്കുന്നതാണ്. അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താൽ അൽഹാജ് മുഹമ്മദ് കുഞ്ഞ് സാർ, അൽഹാജ് അലിയാരു കുട്ടി സാർ മുതലായ ത്യാഗിവര്യന്മാരുടെ കുടുംബത്തിൽ ജനിക്കുകയും കായംകുളം ഹസനിയ മദ്റസയിൽ വിദ്യാർത്ഥിയായി പഠിക്കുകയും കൂട്ടത്തിൽ തബ്‌ലീഗിന്റെ പരിശ്രമം തുടക്കം മുതൽക്കേ നിർവ്വഹിക്കുകയും അവസാനം അസ്ഹറുൽ ഹിന്ദ് ദാറുൽ ഉലൂം ദേവ്ബന്ദിൽ നിന്നും അൽ ഖാസിമി ബിരുദം കരസ്ഥമാക്കി ദക്ഷിണ കേരളത്തിലെ വിവിധ മഹല്ലുകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും ചെയ്ത പ്രിയപ്പെട്ട സഹോദരൻ ഉസ്താദ് മൗലാനാ മുഹമ്മദ് സ്വാലിഹ് മൗലവി അൽ ഖാസിമി അള്ളാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി.

ഹസനിയ മദ്റസയുടെ മുറ്റത്തുവെച്ചാണ് മർഹൂമുമായി ബന്ധം ആരംഭിക്കുന്നത്. വലിയ ത്യാഗത്തോടെ പഠനം നടത്തിയിരുന്ന മർഹൂം ഓരോ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. കൂടാതെ, ഏതാണ്ട് എല്ലാ ആഴ്ചകളിലും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജമാഅത്തുകളെ തയ്യാറാക്കി കൊണ്ടുപോയിരുന്നു. മിക്കവാറും റമദാൻ അവധികളിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്തിരുന്നു. മദ്റസയിലേക്ക് വന്നിരുന്ന ഉർദു ജമാഅത്തുകളുടെ പരിഭാഷകനായി പരിസര മഹല്ലുകളിൽ പോവുകയും സുദീർഘമായ പ്രഭാഷണങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഗഷ്ത്ത്, മുലാഖാത്തുകളും വളരെ ഹൃദ്യവും മനോഹരവും ദീർഘമായതുമായിരുന്നു.

പിന്നീട് ദാറുൽ ഉലൂം ദേവ്ബന്ദിൽ പോയപ്പോൾ അവിടെ മഹാന്മാരായ സ്ഥാപകന്മാരുടെ മഹത്വം ശക്തമായി വിളിച്ചറിയിക്കുകയും അവരോടുള്ള ആദരവും ബന്ധവും അരക്കിട്ടുറപ്പിക്കുകയും ചെയ്തു. തുടർന്ന് കേരളത്തിലേക്ക് വന്ന് തൊടുപുഴ, കരുനാഗപ്പള്ളി, ശ്രീകാര്യം തുടങ്ങിയ മഹല്ലുകളിൽ ദീർഘകാലം ഖത്തീബായും മുദരിസായും സേവനം അനുഷ്ഠിച്ചു. അതോടൊപ്പം വിവിധ പ്രദേശങ്ങളിൽ യാത്ര ചെയ്ത് പ്രബോധന പ്രഭാഷണങ്ങളും നടത്തിയിരുന്നു. വിഷയങ്ങൾ അതി ലളിതമായും എന്നാൽ ശക്തമായും അവതരിപ്പിക്കാനുള്ള ശേഷി മർഹൂമിന്റെ ശേഷി അപാരമായിരുന്നു. വിവിധ സ്ഥലങ്ങളിലെ ദർസുകളിൽ ധാരാളം ശിഷ്യഗണങ്ങളുമുണ്ട്.
ആദ്യകാലത്ത് ഹസനിയ മദ്റസയിൽ ഉസ്താദായും സേവനം അനുഷ്ഠിച്ചു. ഈ സമയത്തും മദ്റസയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി നിലയുറപ്പിക്കുകയും പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ തർബിയത്തിലും തബ്‌ലീഗിന്റെ പ്രവർത്തനത്തിലും സത്വര ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നു.

മഹാനായ ഗുരുവര്യൻ മൗലാനാ മുഹമ്മദ് ഈസ മമ്പഈ (റഹ്)യുടെ നേതൃത്വത്തിൽ കായംകുളത്ത് നടന്ന ദേവ്ബന്ദ് ഉലമാക്കളെ കുറിച്ചുള്ള അപവാദങ്ങൾക്ക് മറുപടി നൽകിയ മഹാ സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ മർഹൂമായിരുന്നു. അവസാനകാലത്ത് ഇമാംസ് കൗൺസിലുമായി ബന്ധപ്പെട്ട് പരിശ്രമിക്കുകയും നേതൃത്വപരമായ സേവനങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. പലപ്പോഴും രോഗം ബാധിച്ചിരുന്നെങ്കിലും രോഗവും ക്ഷീണവും അല്പം വകവെക്കാതെയായിരുന്നു ത്യാഗ പരിശ്രമങ്ങളിൽ മുഴങ്ങിയിരുന്നത്. എന്നാൽ, അവസാനം മർഹൂം തീർത്തും രോഗിയായി കിടപ്പിലായി.

തീർച്ചയായും ഈ വലിയ ത്യാഗത്തിന് ശഹാദത്തിന്റെ ഉന്നതമായ പ്രതിഫലം ലഭിക്കുമെന്ന് ഞങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ മർഹൂമിന്റെ സേവനങ്ങൾ അങ്ങേയറ്റം സന്തോഷത്തോടെയും സ്നേഹത്തോടെയും നിർവ്വഹിച്ച കൂട്ടു കുടുംബാംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു. അങ്ങേയറ്റം ഉജ്ജ്വലമായ ഒരു മാതൃകയാണ് അവർ ഈ വിഷയത്തിൽ കാഴ്ചവെച്ചത്. റഹ്‌മാനായ റബ്ബ് അവർക്ക് ഉന്നതമായ പ്രതിഫലം നൽകുമാറാകട്ടെ.!
അവസാനം അള്ളാഹുവിന്റെ നിഷ്കളങ്കനായ ദാസൻ, സത്യദീനിന്റെ സമുന്നതിക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ച ത്യാഗിവര്യൻ ഉന്നതമായ മാതൃകകൾ നമുക്കെല്ലാവർക്കും സമ്മാനിച്ചുകൊണ്ട് പടച്ചവന്റെ വിശാലമായ കാരുണ്യത്തിലേക്ക് യാത്രയായി. അല്ലാഹു എല്ലാ നന്മകളും സ്വീകരിക്കുകയും ഉന്നതമായ സ്ഥാനം നൽകുകയും മഹാന്മാരായ നബിമാർ, സിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹീങ്ങളോടൊപ്പം സമുന്നത സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടുകയും ചെയ്യട്ടെ. മഹൽ ഗുണങ്ങളും മഹനീയ സേവനങ്ങളും ജാരിയായ സ്വദഖയായി നിലനിർത്തട്ടെ.! പ്രത്യേകിച്ചും മർഹൂമിന്റെ പ്രത്യേക ശ്രദ്ധയിലും സേവനത്തിലും സ്ഥാപിക്കപ്പെട്ട പോരുവഴി ഇഹ്യാഉസ്സുന്ന മസ്ജിദും മദ്റസയും അല്ലാഹു എന്നും പ്രകാശിപ്പിച്ചു നിലനിർത്തുകയും ഉത്തരോത്തരം വളർത്തുകയും ഉയർത്തുകയും മർഹൂമിന്റെ ഉന്നത ജാരിയായ സ്വദഖയായി നിലനിർത്തുകയും ചെയ്യട്ടെ.!

അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
                                                            🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം

📓 അവധിക്കാലം അറിവിൻ്റേതാക്കാം



▫️മാനവികതയുടെ പ്രവാചകൻ - ₹250/-
▫️ഇസ്‌ലാം എന്നാൽ എന്ത്? - ₹80/-
▫️ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - ₹110/-
▫️ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം - ₹160/-
▫️നമസ്കാരം മഹത്വവും യാഥാർത്ഥ്യവും - ₹60/- 
▫️ദീനീ പാഠങ്ങൾ - ₹50/-
▫️സ്വഹാബത്തിൻ്റെ മഹത്വങ്ങൾ - ₹20/-
▫️മദനീ ജീവിത മര്യാദകൾ - ₹45/-

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

 പഠിക്കുക, പകർത്തുക, പ്രചരിപ്പിക്കുക

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌