സന്ദേശം ബലി പെരുന്നാൾ പതിപ്പ്
ദുൽഹജ്ജ് 10/1447
മെയ് 28/2026
الله اكبر ، الله اكبر ، الله أكبر لا اله إلا الله الله أكبر ، الله أكبر ولله الحمد الله أكبر كبيراً ، والحمد لله كثيراً وسبحان الله بكرة وأصيلاً لا اله إلا الله وحده ، صدق وعده ونصر عبده ، وأعز جنده وهزم الأحزاب وحده لا اله إلا الله ولا نعبد إلا إياه مخلصين له الدين ولو كره الكافرون
ഇബ്റാഹീമി പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുക
✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
വിവ: ഉസ്‌താദ് അബ്ദുശ്ശകൂർ ഖാസിമി
പരിശുദ്ധ ഖുർആനിൽ അല്ലാഹു ഉപദേശിക്കുന്നു: സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനോട് ഭയഭക്തി പുലർേത്തണ്ടതുപോലെ പുലർത്തുക. നിങ്ങളുടെ മരണം മുസ്‌ലിം (അനുസരണയുള്ളവൻ) ആയ നിലയിൽ മാത്രമായിരിക്കണം. നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. നിങ്ങൾ (പല വിഭാഗങ്ങളായി) ഭിന്നിക്കരുത്. നിങ്ങളുടെ മേൽ അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾ അനുസ്മരിക്കുക. നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നപ്പോൾ അല്ലാഹു നിങ്ങളുടെ മനസ്സുകൾക്കിടയിൽ ഇണക്കം നൽകി. അങ്ങനെ അല്ലാഹുവിന്റെ ഔദാര്യംകൊണ്ട് നിങ്ങൾ ഏകോദര സഹോദരങ്ങളായി. നിങ്ങൾ നരകത്തിന്റെ വക്കിൽ നിൽക്കുകയായിരുന്നു. അല്ലാഹു നിങ്ങളെ അതിൽ നിന്നും രക്ഷിച്ചു. നിങ്ങൾ സന്മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതിന് അല്ലാഹു ഇപ്രകാരം അവന്റെ വചനങ്ങൾ വ്യക്തമായി വിവരിക്കുന്നു. (ആലു ഇംറാൻ 102,103)
സഹോദരങ്ങളെ, അല്ലാഹു നാമെല്ലാവരുടെയും മേൽ ധാരാളം അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടുണ്ട്. അല്ലാഹു നമ്മെ സൃഷ്ടിക്കുകയും ഈ ലോകത്തേക്ക് അയക്കുകയും, മതപരവും ഭൗതികവുമായ ധാരാളം അനുഗ്രഹങ്ങൾ കനിഞ്ഞരുളുകയും ചെയ്തു. ഈ അനുഗ്രഹങ്ങളുടെയെല്ലാം അടിസ്ഥാനം അല്ലാഹു നമുക്ക് കനിഞ്ഞരുളിയ ജീവിതമാണ്. പടച്ചവൻ നമുക്ക് ജീവൻ നൽകി അയച്ചത് കൊണ്ട് മാത്രമാണ് അറിവും സത്യവിശ്വാസവും സമുന്നമായ അറിവും നമുക്ക് ലഭിച്ചത്.
അതെ, നമ്മുടെ മുഴുവൻ പുരോഗതികളുടെയും സമ്പൂർണ്ണതകളുടെയും മഹത്വങ്ങളുടെയും അടിസ്ഥാനം നമ്മുടെ ജീവിതമാണ്. ഈ മഹത്തായ അനുഗ്രഹത്തിന് നാം എല്ലാവരും നന്ദി രേഖപ്പെടുത്തുക. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമ്മുടെ മേൽ മഴപോലെ പെയ്തുകൊണ്ടിരിക്കുകയാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ പോലും നമുക്ക് സാധിക്കുകയില്ല.
അല്ലാഹു തന്നെ അറിയിക്കുന്നു: നിങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ എണ്ണിയാൽ തിട്ടപ്പെടുത്താൻ സാധിക്കുകയില്ല. (ഇബ്റാഹീം 32)
പടച്ചവൻ കനിഞ്ഞരുളിയ ജീവിതമാകുന്ന ഈ അനുഗ്രഹത്തിന് എത്ര നന്ദി രേഖപ്പെടുത്തിയാലും കുറവാണ്. കാരണം ഏറ്റവും വലിയ അനുഗ്രഹമായ സത്യവിശ്വാസവും, ഏറ്റവും വലിയ അന്തസ്സായ പടച്ചവൻ്റെ നാമം പറയലും, ഏറ്റവും വലിയ രസാനുഭൂതിയായ പടച്ചവനോടുള്ള സ്നേഹവും, ഏറ്റവും വലിയ തിരിച്ചറിവായ പടച്ചവൻ്റെ കടമകൾ മനസ്സിലാക്കലും എല്ലാം ഉണ്ടായത് ഈ ജീവിതത്തിലാണ്.
നാം ഈ ലോകത്ത് വരേണ്ടതില്ല എന്നായിരുന്നു പടച്ചവൻ്റെ തീരുമാനമെങ്കിൽ നമുക്ക് ഈ അനുഗ്രഹങ്ങളൊന്നും ലഭിക്കുകയില്ലായിരുന്നു. മാത്രമല്ല, ഇതിനേക്കാളും വലിയ ലോകമായ പരലോകത്തിലെ സ്വർഗീയ ജീവിതം നമുക്ക് നഷ്ടമാവുകയും ചെയ്യുമായിരുന്നു. ചുരുക്കത്തിൽ, പടച്ചവൻ്റെ ഔദാര്യം മാത്രമായ ജീവിതം പടച്ചവൻ നമുക്ക് നൽകുകയുണ്ടായി. ഈ ജീവിതത്തെ ശരിയായ നിലയിൽ ചിലവഴിക്കുന്നതിനും അദ്ധ്വാനിക്കുന്നതിനും ഇതിലൂടെ സ്വർഗ്ഗത്തിന്റെ ഉന്നത മഹത്വങ്ങൾ കരസ്ഥമാക്കുന്നതിനുമാണ് പടച്ചവൻ ഈ അനുഗ്രഹങ്ങൾ നമുക്ക് നൽകിയത്. ഈ അനുഗ്രഹങ്ങൾ യഥാർത്ഥത്തിൽ ഒരു പരീക്ഷണം കൂടിയാണ്. അല്ലാഹു പറയുന്നു: നിങ്ങളിൽ ആരാണ് ഏറ്റവും നല്ല കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരിശോധിക്കുന്നതിന് വേണ്ടി അല്ലാഹു മരണത്തെയും ജീവിതത്തെയും നിശ്ചയിച്ചു. (മുൽക് 2)
പടച്ചവൻ നമുക്ക് ഈ ലോകത്ത് ധാരാളം അനുഗ്രഹങ്ങൾ നൽകിയതിനോടൊപ്പം അനുഗ്രഹങ്ങളുടെയെല്ലാം അടിസ്ഥാനമായ ആത്മാവും നമ്മുടെ ശരീരത്തിൽ പ്രവേശിപ്പിച്ചു. ഈ ആത്മാവ് പടച്ചവൻ്റെ ഒരു രഹസ്യവും അദൃശ്യ ഖജനാവിലെ നിധിയുമാണ്. അല്ലാഹു അതിനെ നമ്മുടെ ശരീരത്തിൽ പ്രവേശിപ്പിച്ചപ്പോൾ നമുക്ക് ഈ ജീവിതം അനുഭവിക്കാനും പ്രയോജനപ്പെടുത്താനും ഉന്നതങ്ങളിലേക്ക് ഉയർത്താനും അവസരമുണ്ടായി.
എന്നാൽ, ഈ ആത്മാവിന്റെയും ആത്മാവായ മറ്റൊരു അനുഗ്രഹം കൂടി അല്ലാഹു നമ്മുടെ മേൽ ചൊരിഞ്ഞു. അതാണ് മഹാന്മാരായ നബിമാരുടെ ആഗമനവും സന്മാർഗ്ഗത്തിന്റെ ദർശനവും. ഒരു മനുഷ്യന് ഭൗതികമായ അനുഗ്രഹങ്ങളും ആത്മാവും എല്ലാം നൽകപ്പെട്ടെങ്കിലും ഈ ആത്മാവിൻ്റെ ആത്മാവ് നൽകപ്പെട്ടില്ലെങ്കിൽ അവൻ നഷ്ടവാളിയായിരിക്കും. അതില്ലാത്തവൻ മൃഗത്തെപ്പോലെ ജീവിക്കുന്നതാണ്. അതെ, ജീവനുണ്ടെങ്കിലും നിർജീവിയെ പോലെ കഴിയുന്നതാണ്. പരിശുദ്ധ ഖുർആൻ പറയുന്നു: ഒരാൾ ശവം (പോലെ വഴികെട്ടയാൾ) ആയിരുന്നു. ശേഷം അവന് നാം ജീവൻ കൊടുത്തു (മുസ്‌ലിമാക്കി) ഒരു പ്രകാശം (ഈമാൻ) നല്കി. അതുകാരണം ജനങ്ങൾക്കിടയിൽ (കുഴപ്പങ്ങളിൽ വീഴാതെ) നടക്കുന്നു. ഇവൻ, പുറത്തുകടക്കാൻ കഴിയാത്ത നിലയിൽ ഇരുളുകളിൽ അകപ്പെട്ടു കിടക്കുന്ന ഒരുവനെപ്പോലെയാകുമോ? ഇപ്രകാരം നിഷേധികളുടെ പ്രവർത്തനം അവർക്ക് നന്നായി തോന്നിപ്പിക്കപ്പെടുന്നു. (അൻആം: 122)
ഈ ആത്മാവുമായി മനുഷ്യന് ബന്ധമുണ്ടായാൽ മനുഷ്യനിൽ മഹൽഗുണങ്ങൾ ഉണ്ടായിത്തീരുന്നതാണ്. മനുഷ്യൻ അതിലൂടെ വിനയാന്വിതനായി തീരുകയും, പ്രശ്നങ്ങളിൽ നിന്നും അകന്നു കഴിയുകയും, നരകത്തെ കുറിച്ച് ഭയഭക്തി നിലനിർത്തുകയും, ജീവിതാനുഗ്രഹങ്ങൾ സൂക്ഷ്മതയോടെ ചിലവഴിക്കുകയും, പടച്ചവനെ പരിപൂർണ്ണമായ നിലയിൽ ആരാധിക്കുകയും, മുഴുവൻ മനുഷ്യരോടും ആദരവ് പുലർത്തുകയും, ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുകയും, പാഴ് കാര്യങ്ങളിൽ നിന്നും അകന്നു കഴിയുകയും, പടച്ചവൻ്റെ വചനങ്ങൾ സ്വീകരിക്കുകയും, കുടുംബത്തിൻ്റെ നന്മക്കുവേണ്ടി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്. അതിലൂടെ മനുഷ്യൻ ഔന്നിത്യം പ്രാപിക്കുന്നതുമാണ്.
ഈ ആത്മാവ് ഇല്ലാതാകുക എന്നത് മനുഷ്യൻ്റെ അധഃപതനമാണ്. ഈ ആത്മാവ് ഇല്ലാത്തവൻ ഒന്നുകിൽ സ്വന്തം ശരീരത്തെയും മനോച്ഛയേയും പൂജിക്കുന്നതാണ്. അല്ലെങ്കിൽ അവൻ തന്നെ കൊത്തിയുണ്ടാക്കുകയും തയ്യാറാക്കുകയും ചെയ്യുന്ന വസ്തുക്കളെ ആരാധിക്കുന്നതാണ്. ഇതൊന്നും പടച്ചവൻ്റെ ആദരവ് ഏറ്റുവാങ്ങിയ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒട്ടും യോജിച്ചതല്ല.
ചുരുക്കത്തിൽ, പ്രവാചക സന്ദേശവുമായിട്ടുള്ള ബന്ധം പടച്ചവൻ്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. കാരണം അതിലൂടെയാണ് നമുക്ക് പടച്ചവനെ മനസ്സിലാക്കാൻ കഴിഞ്ഞതും പടച്ചവൻ്റെ ഏകത്വവും കഴിവും കാരുണ്യവും അംഗീകരിക്കാൻ കഴിഞ്ഞതും. അതുകൊണ്ടു തന്നെ പ്രവാചകന്മാരുടെ ഉപകാരം മാതാപിതാക്കളുടെ ഉപകാരത്തേക്കാളും വലുതാണ്.
പ്രവാചകന്മാർ മനുഷ്യരെ സ്നേഹത്തോടെ സന്മാർഗത്തിലേക്ക് നയിക്കുകയും മനുഷ്യരിൽ ഉന്നത ഗുണങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു. അവരുടെ പ്രധാന സന്ദേശം ഓരോരുത്തരും നരകത്തിൽ നിന്നും രക്ഷപ്പെടുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അങ്ങനെ എല്ലാവരും പടച്ചവൻ്റെ മഹാകാരുണ്യമായ സ്വർഗീയ ജീവിതത്തിൽ എത്തിച്ചേരണമെന്നും അവർ ഉപദേശിക്കുന്നു.
മഹാന്മാരായ നബിമാരിലൂടെ പടച്ചവൻ ബഹുദൈവാരാധനയുടെ മാലിന്യത്തിൽ നിന്നും ഏകദൈവ വിശ്വാസത്തിന്റെ വിശുദ്ധിയിലേക്ക് നമ്മെ നയിച്ചത് പടച്ചവൻ്റെ അപാരമായ അനുഗ്രഹമാണ്. അതിലൂടെ ഊഹാപോഹങ്ങളിൽ നിന്നും നമ്മെപ്പോലുള്ള മനുഷ്യരെ ആരാധിക്കുന്നതിൽ നിന്നും പടച്ചവൻ രക്ഷിച്ചു, നമ്മുടെ മനസ്സിനെയും മസ്തിഷ്കത്തെയും പ്രകാശിപ്പിച്ചു, കണ്ണുകൾ തുറക്കുകയും ആരാധനക്കർഹൻ ആരാണെന്നും, ആരെയാണ് ഭയപ്പെടേണ്ടതെന്നും, ആരോടാണ് പ്രതീക്ഷ പുലർത്തേണ്ടതെന്നും, ആരോടാണ് ദുഃഖദൂരീകരണം അപേക്ഷിക്കേണ്ടതെന്നും, ആരെയാണ് ആഗ്രഹ സഫലീകരണത്തിന് വിളിക്കേണ്ടതെന്നും, ആരാണ് കടലിന്റെയും കരയുടെയും ഉടമയെന്നും, ആരാണ് ആകാശഭൂമികളുടെ പരിപാലകനെന്നും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉയർന്നുനിൽക്കുന്ന വ്യക്തിത്വമാണ് ഖലീലുല്ലാഹി ഇബ്റാഹീം അലൈഹിസ്സലാമിന്റേത്.
മഹാനായ ഇബ്റാഹീം (അ) ബഹുദൈവാരാധനയുടെ നാട്ടിലും വീട്ടിലുമാണ് ജനിച്ചത്. പക്ഷേ, ചെറുപ്പം മുതലേ സത്യം മനസ്സിലാക്കണമെന്ന നിഷ്കളങ്കമായ ആഗ്രഹം കാരണം പടച്ചവൻ അദ്ദേഹത്തെ ബഹുദൈവാരാധനയിൽ നിന്നും രക്ഷിക്കുകയും മനസ്സിനും മസ്തിഷ്കത്തിനും പ്രകാശം നൽകുകയും ചെയ്തു. അദ്ദേഹം വിഗ്രഹാലയത്തിൽ പടച്ചവനെ ആരാധിക്കാൻ തുടങ്ങി. ഏകദൈവ വിശ്വാസത്തിന്റെ ലഹരി നുകരുകയും അടിയുറച്ച വിശ്വാസം വളർത്തുകയും മുഴുവൻ ലോകത്തോടും ഒറ്റയ്ക്ക് പൊരുതുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തെക്കുറിച്ച് പറയുന്നു: തീർച്ചയായും ഇബ്‌റാഹീം നബി ഒരു സമുദായം പോലുള്ള വ്യക്തിയും അനുസരണയുള്ളവരും പടച്ചവനിലേക്ക് പൂർണമായി തിരിയുന്നവരുമായിരുന്നു. അദ്ദേഹം ശിർക്ക് പ്രവർത്തിച്ചവരിൽപ്പെട്ടിരുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിരേഖപ്പെടുത്തുന്നവരുമായിരുന്നു. അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും നേർമാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്തു. (നഹ്ൽ 120,121)
അതെ, ഇബ്റാഹീം (അ) ഒരു വ്യക്തിയായിരുന്നുവെങ്കിലും ഒരു പരമ്പരയുടെ നിർമ്മാതാവും ഒരു പുതിയ യുഗത്തിന്റെ തുടക്കക്കാരനും മാനവികതയുടെ പുതിയ മുന്നേറ്റത്തിന്റെ ചിഹ്നവും സാംസ്കാരിക നാഗരികതകളുടെ മഹത്തായ മാതൃകയുമായിരുന്നു. അദ്ദേഹം തൗഹീദിന്റെ പ്രബോധകനും വിശുദ്ധവിത്തുമായിരുന്നു. അതിലൂടെ കൃഷിയിടം മുഴുവനും ഹരിതപൂർണ്ണമായി തീർന്നു. അദ്ദേഹം ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് പ്രഖ്യാപിച്ചു: ഞാൻ പരിപൂർണ്ണമായി തിരിഞ്ഞിരിക്കുന്നത് എന്റെ രക്ഷിതാവിലേക്കാണ്, ഞാൻ ബഹുദൈവാരാധകനല്ല. (അൻആം 79) അദ്ദേഹം ഈ മഹൽഗുണത്തെ അടുത്ത തലമുറയ്ക്ക് ശേഷിപ്പായി നൽകി. (സുഖ്റുഫ് 28) അദ്ദേഹത്തിന്റെ സൽകീർത്തി പിൻഗാമികളിൽ നാം അവശേഷിപ്പിച്ചു. ഇബ്‌റാഹീം നബിയുടെ മേൽ അല്ലാഹുവിന്റെ സമാധാനം ഉണ്ടാകട്ടെ. നന്മനിറഞ്ഞവർക്ക് ഇപ്രകാരം നാം പ്രതിഫലം നൽകുന്നതാണ്. (സ്വാഫ്ഫാത്ത് 108-110)
അതെ, ഇബ്റാഹീം (അ) നട്ടുപിടിപ്പിച്ച തോട്ടം ഫലം കായ്ക്കുകയും ഒന്നിൽ നിന്ന് ഒന്നായി പൂവനം സ്ഥാപിക്കപ്പെടുകയും ചെയ്തു. അദ്ദേഹം വെട്ടിയ തോട് അരുവിയായും പുഴയായും പ്രവഹിക്കുകയും ലോകം മുഴുവൻ പരക്കുകയും ചെയ്തു. ഇബ്റാഹീം (അ) ന്റെ ഈ ഗുണം നാം എല്ലാവരും ഉണ്ടാക്കിയെടുക്കേണ്ടതാണ്.
ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ പരമ്പര ഇബ്റാഹീമി പരമ്പരയും നമ്മുടെ നാട് ഇന്ത്യയുമാണ് എന്നത് പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ല. ഇബ്‌റാഹീമി പരമ്പരയുടെ കടമകൾ നിർവഹിക്കുകയും സ്വരാജ്യത്തിന്റെ കർത്തവ്യങ്ങൾ പാലിക്കുകയും ചെയ്താൽ ഇത് രണ്ടും നമുക്ക് ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നതാണ്. അതെ, നാം ഈ നാട്ടുകാരാണ് എന്ന നിലയിൽ നമുക്ക് ഈ നാടിനോട് ചില കടമകളുണ്ട്. നാം ഈ രാജ്യത്തെ ഓരോ മണൽത്തരികളെയും സ്നേഹിക്കുകയും അതിനോട് ഇണക്കം പുലർത്തുകയും അതിന്റെ പുരോഗതിക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. ഈ രാജ്യത്തിന്റെ ഭാഷയെയും സാഹിത്യത്തെയും നാം ആദരിക്കുന്നു. എന്നാൽ നാം ഇബ്‌റാഹീമി പരമ്പരയിൽ പെട്ടവരാണ് എന്ന നിലയിൽ നമ്മുടെ ഏറ്റവും വലിയ സമ്പത്തായി തൗഹീദിനെ (ഏകദൈവ വിശ്വാസത്തെ) കാണുന്നു. തൗഹീദിലൂടെ നാം അങ്ങേയറ്റം സമ്പന്നരാണ്.
ബാഹ്യമായി നാം സാധുക്കളും തൊഴിലെടുക്കുന്നവരും പട്ടിണി പാവങ്ങളും വിശന്നവരുമാണെങ്കിലും നാം കാലഘട്ടത്തിലെ ഏറ്റവും വലിയ സമ്പന്നനും സൗഭാഗ്യവാനും ഏറ്റവും വലിയ മൂലധനം കൊണ്ടുനടക്കുന്നവരുമാണ്. അതെ, നമ്മുടെ മനസ്സുകളിൽ തൗഹീദിന്റെ അമാനത്തും തൗഹീദിന്റെ അമൂല്യ നിധിയുമുണ്ട്. ഇനി നമുക്ക് ബഹുദൈവാരാധനയുടെ അധപ്പതനത്തിലേക്ക് മറിഞ്ഞുവീഴേണ്ട യാതൊരു ആവശ്യവുമില്ല. നാം അല്ലാഹുവിനെ ആരാധിക്കുന്നവരും അല്ലാഹുവിന്റെ ആരാധനയുടെ സ്ഥാപനങ്ങളെ ആദരിക്കുന്നവരുമാണ്. കുറേ ഭവനങ്ങൾ ഉയർത്തി ആദരിക്കപ്പെടാനും അതിൽ അല്ലാഹുവിന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു കല്പിച്ചിരിക്കുന്നു. അതിൽ പ്രഭാതത്തിലും പ്രദോഷത്തിലും കുറേ ആളുകൾ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. (നൂർ 36) മസ്ജിദുകൾ അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിനോടൊപ്പം ആരെയും വിളിച്ചു പ്രാർത്ഥിക്കരുത്. (ജിന്ന് 18)
നാം ഒരിക്കലും ബഹുദൈവാരാധനയിലേക്ക് ആകൃഷ്ടരാകാൻ പാടില്ല. അതിനെ ആർത്തിയോടെ നോക്കാനും പാടില്ല. മൂസാ നബി (അ) യുടെ സമുദായത്തിന്റെ അവസ്ഥ നാം ഒരിക്കലും സ്വീകരിക്കരുത്. ബഹുദൈവാരാധനയുമായി ബന്ധപ്പെട്ടവരെ കണ്ടപ്പോൾ അവർക്കും അതുപോലെ ആകണമെന്ന് ആഗ്രഹം വന്നതിനെ പരിശുദ്ധ ഖുർആൻ വിമർശിക്കുന്നു: ബനൂഇസ്‌റാഈലിനെ സമുദ്രത്തിന്റെ മറുകരയിൽ നാം എത്തിച്ചു. അപ്പോൾ വിഗ്രഹാരാധനയിൽ മുഴുകിയിരുന്ന ഒരു സമൂഹത്തിന്റെ അരികിലൂടെ അവർ കടന്നുപോയി. തദവസരം അവർ പറഞ്ഞു: അല്ലയോ മൂസാ, അവർക്ക് പല വിഗ്രഹങ്ങൾ ഉള്ളതുപോലെ നമുക്കും ഒരു വിഗ്രഹം നിശ്ചയിച്ചുതരിക. മൂസാ നബി പറഞ്ഞു: നിങ്ങൾ വളരെ വിവരംകെട്ട ഒരു സമൂഹമാകുന്നു. തീർച്ചയായും ഇവർ മുഴുകിയിരിക്കുന്ന കാര്യത്തിനുള്ളിൽ കിടന്ന് ഇവർ നശിക്കുന്നതാണ്. ഇവർ പ്രവർത്തിക്കുന്ന കാര്യങ്ങളെല്ലാം കളവാണ്. മൂസാ നബി ചോദിച്ചു: അല്ലാഹുവല്ലാത്ത ആരെയെങ്കിലും ഞാൻ നിങ്ങൾക്ക് ആരാധ്യനായി അന്വേഷിച്ച് തരണമോ? അല്ലാഹു നിങ്ങളെ സർവ്വജനങ്ങളേക്കാളും ശ്രേഷ്ഠമാക്കിയിരിക്കുന്നു. (അഅ്റാഫ് 138-140)
റസൂലുല്ലാഹി ﷺ അരുളി: മൂന്ന് കാര്യങ്ങൾ ആർക്കെങ്കിലും ഉണ്ടായാൽ അവൻ സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിച്ചിരിക്കുന്നു. ഒന്ന്, അല്ലാഹുവും റസൂലും മറ്റെല്ലാത്തിനേക്കാളും പ്രിയങ്കരമാകണം. രണ്ട്, ആരെയെങ്കിലും സ്നേഹിക്കുന്നത് പടച്ചവനു വേണ്ടി ആകണം. മൂന്ന്, നിഷേധത്തിലേക്ക് മടങ്ങുന്നത് തീയിൽ ഇടപ്പെടുന്നതുപോലെ വെറുക്കണം. (ബുഖാരി)
ഈ പുണ്യ ഹദീസ് പഠിപ്പിക്കുന്നു: നമ്മിൽ മൂന്ന് ഗുണങ്ങൾ ഉണ്ടോ എന്ന് നാം നോക്കേണ്ടതാണ്. ഉണ്ടെങ്കിൽ സൗഭാഗ്യമായി കരുതുകയും നിലനിർത്താൻ പരിശ്രമിക്കുകയും വേണം. ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കണം.
ഒന്ന്, അല്ലാഹുവും ദൂതനും മറ്റു സർവ്വ സൃഷ്ടികളെക്കാളും പ്രിയങ്കരമാകണം. അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം മറ്റാരോടും ഉണ്ടാകരുത്. സന്താനങ്ങളെയും ഭാര്യാ മക്കളെയും കൂട്ടു കുടുംബങ്ങളെയും മാതാപിതാക്കളെയും സമ്പത്തിനെയും വസ്തുക്കളെയും സ്നേഹിക്കാവുന്നതാണ്. പക്ഷേ, പടച്ചവനോടും പ്രവാചകനോടുമുള്ള സ്നേഹം ഏറ്റവും ഉന്നതമായിരിക്കണം.
രണ്ട്, മറ്റുള്ളവരെ സ്നേഹിക്കുന്നത് പടച്ചവനു വേണ്ടി മാത്രമായിരിക്കണം. പടച്ചവന്റെ പൊരുത്തത്തെ കരുതിയും പൊരുത്തത്തിന്റെ രീതിയിലും ആയിരിക്കണം.
മൂന്ന്, നിഷേധത്തിലേക്കും വിഗ്രഹാരാധനയിലേക്കും മടങ്ങുന്നത് തീയിലേക്ക് മടങ്ങുന്നത് പോലെ ഭയവും അസ്വസ്ഥതയുമുള്ള കാര്യമായിരിക്കണം. ആരെയെങ്കിലും തീയിൽ ഇടപ്പെടുന്നതായി തോന്നലുണ്ടായാൽ തന്നെ നമുക്ക് ഭയമുണ്ടാകും. അതുപോലെ, നിഷേധത്തിലേക്കും ബഹുദൈവാരാധനയിലേക്കും മടങ്ങുന്നതും ഭയമുള്ള കാര്യമായിരിക്കണം. അത് ഓർക്കുമ്പോൾ തന്നെ ഹൃദയം പിടക്കുകയും ചിന്ത വർദ്ധിക്കുകയും വേണം.
ചുരുക്കത്തിൽ, ഇബ്റാഹീം നബി (അ) കത്തിച്ചുവെച്ച വിളക്ക് പരമ്പരകൾ കൈമാറി അവസാനം അന്ത്യപ്രവാചകൻ മുഹമ്മദ് റസൂലുല്ലാഹി ﷺ യുടെ കരങ്ങളിൽ എത്തുകയും, റസൂലുല്ലാഹി ﷺ അതിനെ സരളവും സുന്ദരവും സമ്പൂർണ്ണവുമായി പ്രകാശിപ്പിച്ച് നമുക്ക് നൽകുകയും ചെയ്തു.
നമ്മൾ പ്രവാചകന്മാരോട് നന്ദിയുള്ളവരായി ആ മാർഗ്ഗത്തിൽ ഉറച്ചുനിൽക്കുമെന്ന് തീരുമാനമെടുക്കുക. അതെ, ബുദ്ധിയും അറിവും സാമർത്ഥ്യവും ആത്മാർത്ഥതയും പഠനവും മാത്രം മതിയായതല്ല. രക്ഷയ്ക്ക് ഒരൊറ്റ മാർഗ്ഗമേയുള്ളൂ, മഹാന്മാരായ നബിമാരെ പിൻപറ്റുക. കാരണം, അവരിലൂടെ മാത്രമേ അല്ലാഹുവിനെയും അല്ലാഹുവിന് പൊരുത്തമായ ജീവിതത്തെയും അറിയാൻ സാധിക്കുകയുള്ളൂ. “ഇതിലേക്ക് ഞങ്ങളെ നയിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അവൻ ഞങ്ങൾക്ക് വഴികാണിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ സന്മാർഗ്ഗം പ്രാപിക്കുകയില്ലായിരുന്നു. നമ്മുടെ രക്ഷിതാവിന്റെ ദൂതന്മാർ സത്യവുമായി നമ്മുടെ അരികിലെത്തി. (ഞങ്ങൾ അത് സ്വീകരിച്ചു. അപ്പോൾ) അവരോട് വിളിച്ചുപറയപ്പെടും: നിങ്ങളുടെ പ്രവർത്തന ഫലമായി നിങ്ങൾക്ക് ഈ സ്വർഗ്ഗം നൽകപ്പെട്ടിരിക്കുകയാണ്.” (അഅ്റാഫ് 43)
റസൂലുല്ലാഹി ﷺ ഈ അനുഗ്രഹീത സന്ദേശം സ്വയം ഉൾക്കൊള്ളുകയും ലോകം മുഴുവനും പ്രചരിപ്പിക്കുകയും മുഴുവൻ ജനങ്ങൾക്കും പകർന്നു കൊടുക്കാൻ സ്വഹാബത്തിനെ സജ്ജമാക്കുകയും ചെയ്തു. അവർ പിൻഗാമികളെ സജ്ജമാക്കി. അങ്ങനെ പരമ്പര പരമ്പരയായ പരിശ്രമത്തിലൂടെ ഇപ്പോൾ ഈ അമൂല്യ സമ്പത്ത് നമ്മളിൽ എത്തിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തേക്ക് ഈ അനുഗ്രഹീത നിധിയെ എത്തിച്ചു തന്നവർ ആരാണെന്ന് നമുക്കറിയില്ല. അവരുടെ പേര് വിവരങ്ങൾ അജ്ഞാതമാണ്. തീർച്ചയായും അതൊന്നും അറിയണമെന്നില്ല. പക്ഷേ, അവർക്കുവേണ്ടി നാം പടച്ചവനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. അവർ വലിയ സേവനമാണ് നമുക്ക് ചെയ്തത്.
ആ മഹാത്മാക്കൾ പഠിപ്പിച്ച തൗഹീദിനെ നാം പഠിക്കുകയും അതിനെ ഉൾക്കൊള്ളുകയും അടുത്ത തലമുറയ്ക്ക് എത്തിച്ചുകൊടുക്കാൻ പരിശ്രമിക്കുകയും ചെയ്യുക. തീർച്ചയായും ആഹാരപാനീയങ്ങൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. കച്ചവടങ്ങളും തൊഴിലുകളും നടത്തേണ്ടതാണ്. അതിൽ നിന്നൊന്നും ആരും നമ്മെ തടയുന്നില്ല. പക്ഷേ, നമ്മുടെ പ്രഥമവും പ്രധാനവുമായ കർത്തവ്യം ഈ പറയപ്പെട്ട ഇബ്റാഹീമി മുഹമ്മദി അനന്തരവകാശം അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതാണ്. പ്രത്യേകിച്ച് സ്വന്തം മക്കളെ തൗഹീദ് പഠിപ്പിക്കുകയും അതിന്റെ വക്താക്കളാക്കി മാറ്റുകയും ചെയ്യുക. മക്കളെ തൗഹീദ് പഠിപ്പിക്കാതിരിക്കുന്നത് ഏറ്റവും വലിയ അക്രമവും ആത്മഹത്യയും വംശഹത്യയുമാണ്. ആകയാൽ, സന്താന പരമ്പരകൾക്ക് ഈ അമൂല്യ നിധി നാം നൽകുക. അവരോട് പറയുക: പടച്ചവനെ അറിയുകയും ആരാധിക്കുകയും പടച്ചവനോട് ഭയഭക്തി പുലർത്തുകയും ചെയ്യുക. അവസാനം നിങ്ങളുടെ മരണം പടച്ചവന് പൊരുത്തമായ നിലയിൽ മാത്രമായിരിക്കണം. അല്ലാഹു കാക്കട്ടെ! ഒരു മനുഷ്യന്റെ അന്ത്യം നിഷേധത്തിലും വഴികേടിലുമാണെങ്കിൽ, അവൻ ഈ ലോകത്തുനിന്ന് യാത്രയാകുന്നത് സത്യവിശ്വാസമില്ലാതെയാണെങ്കിൽ അത് ഏറ്റവും വലിയ ഭാഗ്യക്കേടാണ്. ഈ ഭാഗ്യക്കേട് നിരന്തരം അവനെ പിടികൂടുന്നതാണ്. ദാരിദ്ര്യം എന്നത് ഒന്നു രണ്ട് ദിവസത്തെ വിശപ്പാണ്. പക്ഷേ തൗഹീദ് ഇല്ലാതിരിക്കുക എന്നത് ആത്മീയ ദാരിദ്ര്യമാണ്. ഈ ദാരിദ്ര്യം ഒരിക്കലും മാറുന്നതല്ല. ശരീരത്തിന്റെ നോമ്പ് വൈകുന്നേരമാകുമ്പോൾ തുറക്കുന്നതാണ്. പക്ഷേ, തൗഹീദില്ലായ്മയുടെ ഈ ക്ഷാമം ഒരിക്കലും മാറുന്നതല്ല.
ഈ തൗഹീദിനെ പഠിപ്പിക്കാനാണ് മദ്റസകളും മക്തബുകളുമുള്ളത്. അതിനു വേണ്ടിയാണ് മഹാന്മാരുടെ സഹവാസവും പ്രബോധന പ്രവർത്തനങ്ങളും ആത്മസംസ്കരണ കേന്ദ്രങ്ങളുമുള്ളത്. പടച്ചവന്റെ ഉത്തമ ദാസന്മാർ വീടുവീടാന്തരം കയറിയിറങ്ങി നമ്മെ ഉൽബോധിപ്പിക്കുന്നതും ചെറുതും വലുതുമായ സദസ്സുകളിലൂടെ നമുക്ക് പഠിപ്പിച്ചുതരുന്നതും ഈ മഹത്തായ മൂല്യമാണ്. ഇതിനെ നാം വിലമതിക്കുകയും ഇതിനെ ഉൾക്കൊള്ളുകയും കഴിവിന്റെ പരമാവധി നാം മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക.! പടച്ചവൻ അനുഗ്രഹിക്കട്ടെ.!
(മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (റഹ്) വർഷങ്ങൾക്ക് മുൻപ് ബർമയിൽ വച്ച് നടത്തിയ ഈ പ്രഭാഷണം ഇന്ത്യൻ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ പ്രസക്തമാണ്. പടച്ചവൻ കൂടുതൽ പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും ഉതവി നൽകട്ടെ.)
ഇബ്റാഹീമി മുഹമ്മദീ സന്ദേശങ്ങൾ കൂടുതൽ പഠിക്കാൻ ദർസുൽ ഖുർആൻ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവുകയും, ദിവസവും നിങ്ങളിലേക്ക് എത്തിക്കപ്പെടുന്ന ഖുർആൻ സന്ദേശവും ആഴ്ചതോറും സന്ദേശം വെള്ളിയാഴ്ച പതിപ്പിലൂടെ നിങ്ങളിലേക്ക് എത്തിക്കപ്പെടുന്ന ഖുർആൻ ഹദീസുകളുടെ സന്ദേശങ്ങളും പഠിക്കാനും കുടുംബ മിത്രങ്ങളെ അതിൽ അംഗമാക്കാനും അഭ്യർത്ഥിക്കുന്നു.
ഗ്രൂപ്പിൽ പ്രവേശിക്കാൻ ഈ ലിങ്ക് പ്രയോജനപ്പെടുത്തുക👇
⭕ വാർത്ത
നദ്‌വി രചനകളുടെ പ്രസിദ്ധീകരണം റസൂൽ ഗഫൂർ സാഹിബിന്റെ നിലനിൽക്കുന്ന ദാനം - ഡോ. അബ്ദുസ്സമദ് സമദാനി എം.പി
കോഴിക്കോട്: നിരവധി സേവന പ്രവർത്തനങ്ങൾക്ക് സൗഭാഗ്യം സിദ്ധിച്ച വ്യക്തിത്വമായ റസൂൽ ഗഫൂർ സാഹിബിന്റെ അതിമഹത്തായ സേവനവും നിലനിൽക്കുന്ന ദാനവുമാണ് വിശ്വപണ്ഡിതൻ മൗലാനാ അലി മിയാന്റെ രചനകളുടെ പ്രസിദ്ധീകരണം എന്ന് ഡോ. അബ്ദുസ്സമദ് സമദാനി എം.പി. പ്രസ്താവിച്ചു. കോഴിക്കോട് എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ കൂടിയ റസൂൽ ഗഫൂർ അനുസ്മരണ ഗ്രന്ഥ പ്രകാശന സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗലാനാ അലി മിയാൻ എന്ന പേരിൽ അറിയപ്പെട്ട അറിയപ്പെടുകയും ലോകം മുഴുവനും വമ്പിച്ച പരിവർത്തനങ്ങൾക്ക് കാരണക്കാരനാവുകയും ചെയ്ത മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയുടെ രചനകളെല്ലാം മികവുറ്റതും പ്രതിഫലനം നിറഞ്ഞതുമാണ്. പ്രയോജനപ്രദമായ വിജ്ഞാനം ശരിയായ നിലയിൽ കരസ്ഥമാക്കുകയും ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയായതിനാൽ മൗലാനായുടെ വാക്കുകൾക്ക് വലിയ പ്രതിഫലന ശക്തിയുണ്ട്. കൂടാതെ മൗലാനായുടെ രചനകൾ സ്ഥലകാല ഭേദമന്യേ എല്ലാവർക്കും എക്കാലത്തും പ്രയോജനപ്രദവുമാണ്. ഇത്തരുണത്തിൽ മൗലാനാ മർഹൂമിനെയും മൗലാനയിലൂടെ വിശ്വപ്രസിദ്ധി ആർജ്ജിച്ച ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയെയും അതിയായി സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത റസൂൽ ഗഫൂർ സാഹിബ്, മുഫക്കിറുൽ ഇസ്‌ലാം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു മഹത്തായ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും അതിലൂടെ നിരവധി അമൂല്യ രചനകൾ കേരളീയർക്ക് സമ്മാനിക്കുകയും ചെയ്തു. ഈ പ്രവർത്തനം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും എല്ലാവരും ഇതിൽ സഹകരിച്ച് നിലനിൽക്കുന്ന ദാനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അബ്ദുസ്സുക്കൂർ ഖാസിമി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, കെ.ടി. ഹുസൈൻ നദ്‌വി, ഡോ. അനസ് കടലുണ്ടി, പി. മമ്മദ് കോയ, അഷ്‌റഫ് മൗലവി, അക്ബർ സാഹിബ്, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി, ഡോ. ഇസ്സുദ്ദീൻ നദ്‌വി, കോയാ മോൻ സാഹിബ്, മുതലായവർ പങ്കെടുത്തു. ശൈഖ് മുഹമ്മദ് അൻസാരി നദ്‌വി സ്വാഗതവും, ഹാരിസ് കൃതജ്ഞതയും നിർവ്വഹിച്ചു. മുഫക്കിറുൽ ഇസ്‌ലാം ജീവിതവും സന്ദേശവും, പ്രവാചകത്വവും പ്രവാചകന്മാരും ഖുർആൻ ഹദീസുകളുടെ വെളിച്ചത്തിൽ, സ്ത്രീകളുടെ സ്ഥാനവും കർത്തവ്യവും എന്നീ രചനകൾ വിശിഷ്ടാതിഥികളായ ഡോ. സയ്യിദ് ഹുദൈഫാ നദ്‌വി, ഡോ. ഹുസൈൻ മടവൂർ, ഡോ. അബ്ദുസ്സമദ് സമദാനി എന്നിർ പ്രകാശനം ചെയ്യുകയും പ്രകാശനം ചെയ്യുകയും യഥാക്രമം മാവൂർ യഅ്ഖൂബ് ഹാജി, ബിലാൽ റസൂൽ ഗഫൂർ, ക്യാപ്പിറ്റൽ കുഞ്ഞാലൻ ഹാജി എന്നിവർ ഏറ്റുവാങ്ങുകയും ചെയ്തു.
ഈ രചനകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ വിലയിൽ ഇവ ലഭിക്കുന്നതാണെന്നും താഴെ കൊടുക്കുന്ന വിലാസത്തിലോ, വാട്സാപ്പ് നമ്പറിലോ ബന്ധപ്പെട്ട് രചനകൾ ബുക്ക് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും കൺവീനർ സക്കീർ പ്രസ്താവിച്ചു.

