മുഹർറം 03/1447
ജൂൺ 19/2026
ലക്കം: 265
ഉള്ളടക്കം
▪️മുഖലിഖിതം
പരീക്ഷണങ്ങളിൽ പതറാതെ മുന്നോട്ട് നീങ്ങുക
✍️ മൗലാനാ സയ്യിദ് അർഷദ് മദനി
▪️ജുമുഅ സന്ദേശം
ഹിജ്‌രി കലണ്ടർ: നമ്മുടെ സാമുദായിക സ്വത്വം
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
ആയത്ത് 57-63
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
മാനവികതാ പ്രവർത്തനങ്ങളിൽ മുന്നേറുക
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
▪️ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ
1) ചികിത്സകളിലെ കമ്മീഷനും മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട ഫിഖ്ഹി വിധികൾ
2) വിദ്യാഭ്യാസ, പ്രബോധന പ്രവർത്തനങ്ങൾക്കായി ഇന്റർനെറ്റ് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച വിധികൾ
3) നിലവിലെ കാലഘട്ടത്തിൽ 'ഫിസ്ഖ്'' (ദുർമാർഗ്ഗം) കൊണ്ടുള്ള വിവക്ഷയും അതുമായി ബന്ധപ്പെട്ട വിധികളും.
4) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ
5) സ്ത്രീകൾ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ
▪️ഗ്രന്ഥ പരിചയം
അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
പരീക്ഷണങ്ങളിൽ പതറാതെ മുന്നോട്ട് നീങ്ങുക
"ഇന്ത്യാ രാജ്യത്തിൻ്റെ ഓരോ തുണ്ട് ഭൂമിയും ഞങ്ങൾക്ക് പ്രിയങ്കരമാണ്. ഇവിടെ മുഴുവനും ഞങ്ങ ളുടെ മുൻഗാമികളായ മഹാത്മാക്കളുടെ കണ്ണീർകണങ്കളും വിയർപ്പ് തുള്ളികളും നിറഞ്ഞ് കിടക്കുന്നു. അവർ ഒഴുക്കിയ രക്തത്തിലൂടെയാണ് ഭാരതത്തിൻ്റെ പൂവനം യാഥാർത്ഥ്യമായത്. സർഹിന്ദ് മുതൽ മലബാർ വരെയുള്ള പ്രദേശങ്ങൾ അവരുടെ ത്യാഗങ്ങൾ ഇന്നും പാടിക്കൊണ്ടിരിക്കുന്നു. ചില പ്രദേശങ്ങൾ ഓരോ ദിവസവും തൂക്കിലേറ്റാൻ ഓരോ യുവാക്കളെ ഞങ്ങൾ നൽകുമെന്ന് പറഞ്ഞപ്പോൾ, മറ്റുചില പ്രദേശങ്ങളിലെ ഓരോ മരച്ചില്ലകളിലും മഹാത്മാക്കളെ തൂക്കിക്കൊല്ലപ്പെട്ടു. വേറെ ചില പ്രദേശങ്ങളിൽ അവരെ നാട് കടത്തപ്പെടുകയും ചെറിയ ഒരു മാപ്പ് അപേക്ഷ എഴുതി കൊടുത്താൽ സ്വതന്ത്രമാക്കപ്പെടാമെന്ന് പറയപ്പെടുകയും ചെയ്‌തപ്പോൾ ഒരിക്കലും ഞങ്ങൾ അതിന് സന്നദ്ധരല്ല എന്ന് പറഞ്ഞ് അവർ വലിയ ത്യാഗങ്ങൾക്ക് സന്നദ്ധരായി.
ചുരുക്കത്തിൽ, വലിയ ത്യാഗങ്ങൾക്ക് ശേഷം രാജ്യം സ്വതന്ത്രമായി. തുടർന്ന് മഹത്തായ ഒരു ഭരണഘടനയും തയ്യാറാക്കപ്പെട്ടു. അതായത് ഈ രാജ്യത്തെ പുനർനിർമ്മിക്കാനും സുന്ദര നാടാക്കാനും നമുക്ക് ഒരു വഴി തുറക്കപ്പെട്ടു. പക്ഷേ, അതിലും പലപ്പോഴും തടസ്സങ്ങൾ സൃഷ്‌ടിക്കപ്പെടുകയും വലിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ, ഒരു കാര്യം ഓർക്കുക: സത്യവിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഒരു നിബന്ധന പരീക്ഷണമാണ്. പരീക്ഷണത്തിൽ വിജയിക്കുന്നവർ ഏറ്റവും വലിയ വിജയിയാണ്. പരീക്ഷണത്തിൻ്റെ വിജയം നാം ഇഷ്ടപ്പെടുന്ന നിലയിലായിരിക്കണം എന്ന് നിർബന്ധം പിടിയ്ക്കരുത്. ഏത് അവസ്ഥയിലും പടച്ചവൻ്റെ പൊരുത്തം കരസ്ഥമാക്കുന്നതിനാണ് യഥാർത്ഥ വിജയമുള്ളത്. അതിന് പടച്ചവൻ്റെ വിധിവിലക്കുകൾ മുറുകെ പിടിയ്ക്കാനും പ്രവാചക പാതയിൽ ഉറച്ച് നിൽക്കാനും നാം തീരുമാനം എടുക്കുക."
✍️ മൗലാനാ സയ്യിദ് അർഷദ് മദനി
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
ഹിജ്‌രി കലണ്ടർ: നമ്മുടെ സാമുദായിക സ്വത്വം
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(അധ്യക്ഷൻ, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്)
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. أما بعد
فأعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
ഇസ്‌ലാമിക കലണ്ടർ 'ഹിജ്‌രി കലണ്ടർ' എന്നറിയപ്പെടുന്നു. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജീവിതത്തിലെ ചരിത്രപ്രധാനമായ 'ഹിജ്റ' (പലായനം) സംഭവത്തെ ആസ്പദമാക്കിയാണ് ഇതിന് ആ പേര് ലഭിച്ചത്. അറബി ഭാഷയിൽ 'ഹജ്‌ർ' എന്ന വാക്കിന്റെ അർത്ഥം 'ഉപേക്ഷിക്കുക' എന്നാണ്, അതിൽ നിന്നാണ് ഹിജ്റ എന്ന പദമുണ്ടായത്. വിശ്വാസത്തിന്റെ സംരക്ഷണത്തിനോ ദീനിന്റെ പ്രചാരണത്തിനോ വേണ്ടി സ്വന്തം ജന്മനാട് വെടിയുന്നതിനാണ് ഹിജ്റ എന്ന് പറയുന്നത്. ജന്മനാട് ഉപേക്ഷിച്ച് മറ്റു നാടുകളിലേക്ക് ചേക്കേറുന്നവർ ഇന്ന് ലോകത്ത് ധാരാളമുണ്ട്. എല്ലാ രാജ്യങ്ങളിലും ഇത്തരം ആളുകളെ കാണാം. വികസിത രാജ്യങ്ങളിൽ ഇവരുടെ എണ്ണം ആപേക്ഷികമായി കൂടുതലാണ്. സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ജന്മനാട് ഉപേക്ഷിച്ച ഇത്തരം ആളുകളെ ‘കുടിയേറ്റക്കാർ’ എന്ന് വിളിക്കാം. എന്നാൽ ഇവരെ 'മുഹാജിറുകൾ' എന്ന് വിളിക്കുന്നത് 'ഹിജ്റ' എന്ന പവിത്രമായ വാക്കിനോട് ചെയ്യുന്ന അനീതിയാണ്.
യഥാർത്ഥത്തിൽ ഹിജ്റ എന്നത് പ്രവാചകന്മാരുടെ തിരുചര്യയാണ്. ഹിജ്റ ചെയ്യേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രവാചകനും ചരിത്രത്തിൽ ഉണ്ടാകാനിടയില്ല. ഇബ്റാഹീം നബി (അ), മൂസാ നബി (അ), ലൂത് നബി (അ) തുടങ്ങിയവരുടെ ഹിജ്റയുടെ സംഭവങ്ങൾ വിശുദ്ധ ഖുർആനിൽ തന്നെ പരാമർശിച്ചിട്ടുണ്ട്. എങ്കിലും, ചരിത്രത്തിൽ തിരുനബി (സ) യുടെ ഹിജ്റയ്ക്ക് ലഭിച്ചത്ര പ്രസിദ്ധി മറ്റൊരു പ്രവാചകന്റെ ഹിജ്റയ്ക്കും ലഭിച്ചിട്ടില്ല. എ.ഡി. 571-ലാണ് നബി (സ) ജനിച്ചത്. കൃത്യം 40-ാം വയസ്സിൽ, അതായത് എ.ഡി. 611-ൽ അല്ലാഹു തങ്ങൾക്ക് നബുവ്വത്ത് നൽകി ആദരിച്ചു. തങ്ങളുടെ സത്യസന്ധതയും വിശ്വസ്തതയും ഉൽകൃഷ്ട സ്വഭാവഗുണങ്ങളും മക്കയിലുടനീളം പ്രശസ്തമായിരുന്നു. തങ്ങൾ (സ) ബാല്യവും യൗവനവും ചെലവഴിച്ചത് ഈ മക്കയിലായിരുന്നു. പ്രവാചകത്വ ലബ്ധിക്കുശേഷം ജനങ്ങൾ തങ്ങൾക്കെതിരെ എല്ലാവിധ പീഡനമുറകളും അഴിച്ചുവിട്ടു; എങ്കിലും തങ്ങളുടെ സ്വഭാവത്തിന് നേരെ വിരൽ ചൂണ്ടാനോ അവിടുത്തെ വിശുദ്ധിയെ ചോദ്യം ചെയ്യാനോ ആർക്കും സാധിച്ചില്ല.
മക്കയിൽ 13 വർഷക്കാലം അവിടുന്ന് ദീനീപ്രബോധനത്തിനായി കഠിനപ്രയത്നം നടത്തി. അല്ലാഹുവിന്റെ ദാസന്മാരെ അല്ലാഹുവുമായി അടുപ്പിക്കുന്നതിനും സന്മാർഗ്ഗത്തിലേക്ക് വഴികാട്ടുന്നതിനും രാപ്പകൽ അസ്വസ്ഥനായി നബി (സ) കഴിഞ്ഞുകൂടിയ 13 വർഷങ്ങളായിരുന്നു അവ. പകൽ മുഴുവൻ തെരുവുകളിലും അങ്ങാടികളിലും നടന്ന് പ്രബോധനം നടത്തി. ഓരോ വാതിലിലും മുട്ടി അവരുടെ ഹൃദയങ്ങളിൽ സത്യത്തിന്റെ വെളിച്ചമെത്തിക്കാൻ ശ്രമിച്ചു. എന്നാൽ വളരെ കുറച്ചുപേർ മാത്രമാണ് ആ വിളിക്ക് ഉത്തരം നൽകിയത്. ഭൂരിപക്ഷം ജനങ്ങൾക്കും സത്യത്തിന്റെ വെളിച്ചം ഉച്ചവെയിൽ പോലെ വ്യക്തമായിട്ടും, തങ്ങളുടെ പൂർവ്വികരുടെ മതം എന്ന കാരണത്താൽ അവർ വിഗ്രഹാരാധനയും അധർമ്മവും ഉപേക്ഷിക്കാൻ തയ്യാറായില്ല. ഈ കാലയളവിൽ അവിടുത്തേക്ക് ഏൽക്കേണ്ടി വരാത്ത പീഡനങ്ങളില്ലായിരുന്നു. തിരുദൂതരും കുടുംബവും സാമൂഹികമായി ബഹിഷ്കരിക്കപ്പെട്ടു. മുസ്‌ലിംകൾ അല്പം ഭക്ഷണത്തിനായി കൊതിച്ചു. അങ്ങനെ പ്രവാചകനും കുടുംബവും മരത്തിന്റെ ഇലകളും തൊലികളും വരെ തിന്ന് ജീവിക്കാൻ നിർബന്ധിതരായി. നമസ്കരിക്കുന്ന വേളയിൽ അവിടുത്തെ വിശുദ്ധ ശരീരത്തിൽ ഒട്ടകത്തിന്റെ കുടൽമാലയും മാലിന്യവും നിക്ഷേപിച്ചു. കഴുത്തിൽ തുണി മുറുക്കി ജീവൻ ഹനിക്കാൻ ശ്രമിച്ചു. പോകുന്ന വഴിയിൽ മുള്ളുകൾ വിതറി, പരിഹാസ ശരങ്ങൾ എയ്തു, കൈകൊട്ടി ചിരിച്ചു. അവിടുത്തെ ഭ്രാന്തനെന്നും മന്ത്രവാദിയെന്നും വിളിച്ച് ആക്ഷേപിച്ചു.
പ്രവാചകത്വത്തിന്റെ പത്താം വർഷം റസൂലുല്ലാഹി (സ) ത്വാഇഫിലേക്ക് തിരിച്ചു. ത്വാഇഫുകാർ ഇസ്‌ലാം സ്വീകരിച്ചേക്കാം എന്ന പ്രതീക്ഷയിലായിരുന്നു അത്. എന്നാൽ ത്വാഇഫിൻ്റെ മണ്ണ് മക്കയേക്കാൾ കഠിനമാണെന്ന് തെളിഞ്ഞു. അവർ സത്യത്തെ നിഷേധിക്കുക മാത്രമല്ല, അവിടുത്തെ ഉപദ്രവിക്കാൻ അവിവേകികളായ കുട്ടികളെ അഴിച്ചുവിടുകയും ചെയ്തു. അവർ തങ്ങൾ (സ) ക്ക് നേരെ കല്ലെറിഞ്ഞു, മണ്ണുവാരിയെറിഞ്ഞു, പരിഹസിച്ചു ചിരിച്ചു. തിരുശരീരം രക്തത്തിൽ കുളിച്ചു, തിരുരക്തം ഒലിച്ചിറങ്ങി അനുഗ്രഹീത ചെരുപ്പുകൾ ഒട്ടിപ്പിടിച്ചു, കാൽമുട്ടുകൾക്കും മുറിവേറ്റു. തങ്ങൾ (സ) തളർന്ന് ഇരുന്നുപോകുമ്പോൾ അവർ വീണ്ടും നിർബന്ധിച്ച് എഴുന്നേൽപ്പിച്ച് ഓടിച്ചു. കൂടെയുണ്ടായിരുന്ന സൈദ് ബിൻ ഹാരിസ (റ) തങ്ങളെ തോളിലേറ്റി ഒരു തോട്ടത്തിൽ അഭയം പ്രാപിച്ചു. തകർന്ന ഹൃദയവും ഈറനണിഞ്ഞ കണ്ണുകളുമായി അവിടുന്ന് അല്ലാഹുവിലേക്ക് തിരിഞ്ഞു. മനസ്സ് ശാന്തമായപ്പോൾ അല്ലാഹുവോട് പ്രാർത്ഥിച്ചു:
"അല്ലാഹുവേ! എന്റെ ബലഹീനതയും തന്ത്രക്കുറവും ജനങ്ങൾക്കിടയിലെ എന്റെ നിസ്സഹായാവസ്ഥയും ഞാൻ നിന്നോട് മാത്രം സങ്കടപ്പെടുന്നു. കാരുണ്യം കാണിക്കുന്നവരിൽ ഏറ്റവും വലിയ കാരുണ്യവാൻ നീയാണല്ലോ. അശരണരായ പാവങ്ങളുടെ രക്ഷിതാവ് നീയാണ്, നീയാണ് എന്റെ യജമാനൻ. നീ എന്നെ ആർക്കാണ് ഏൽപ്പിക്കുന്നത്? എന്നോട് ക്രൂരത കാണിക്കുന്ന ഏതെങ്കിലും അപരിചിതനോ, അതോ എന്റെ കാര്യങ്ങളിൽ മേൽക്കോയ്മയുള്ള ശത്രുവിനോ? നിനക്ക് എന്നോട് കോപമില്ലെങ്കിൽ എനിക്ക് യാതൊരു കുഴപ്പവുമില്ല. നിന്റെ പൊരുത്തമാണ് എനിക്ക് ഏറ്റവും വിശാലമായത്. നിന്റെ കോപം എന്റെ മേൽ പതിക്കുന്നതിൽ നിന്നും നിന്റെ ശിക്ഷ എന്നിൽ ഇറങ്ങുന്നതിൽ നിന്നും, ഇരുളുകളെ മുഴുവൻ പ്രകാശിപ്പിക്കുകയും ദുനിയാവിലെയും ആഖിറത്തിലെയും കാര്യങ്ങൾ നന്നാക്കുകയും ചെയ്യുന്ന നിന്റെ പ്രകാശത്തിന്റെ തണലിൽ ഞാൻ അഭയം തേടുന്നു. എനിക്ക് നിന്റെ പ്രീതിയും പൊരുത്തവും മാത്രമാണ് ആവശ്യം. നന്മ ചെയ്യാനും തിന്മയിൽ നിന്ന് വിട്ടുനിൽക്കാനുമുള്ള യാതൊരു ശക്തിയും നീയല്ലാതെ മറ്റാരിലുമില്ല."
അല്ലാഹുവിന്റെ അപാരമായ കഴിവ് നോക്കുക, മക്കയിലെയും ത്വാഇഫിലെയും മണ്ണിൽ നബി (സ) വിതച്ച വിശ്വാസത്തിന്റെ വിത്ത്, അല്ലാഹു മദീനക്കാരുടെ ഹൃദയങ്ങളിലാണ് മുളപ്പിച്ചത്. മഴ പെയ്തത് ഒരിടത്താണെങ്കിൽ ഈമാനാകുന്ന ജീവാമൃതം ശേഖരിക്കപ്പെട്ടത് മറ്റൊരിടത്തായിരുന്നു. ഹജ്ജ് വേളയിൽ മദീനയിലെ ജനങ്ങൾ മക്കയിലെത്തി, അവരുടെ കാതുകൾ പ്രവാചകന്റെ പ്രബോധനത്തിലേക്ക് തിരിഞ്ഞു. അവർ സത്യസന്ധരും സത്യാന്വേഷികളുമായിരുന്നു, അവരിൽ വാശിയോ അഹങ്കാരമോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആ സന്ദേശം കാതുകളിൽ നിന്ന് ഹൃദയങ്ങളിലേക്ക് അതിവേഗം ഇറങ്ങിച്ചെന്നു. അവർ ഇസ്‌ലാം സ്വീകരിക്കുകയും വിശ്വാസികൾക്ക് അഭയം നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. മക്കയിലെ മണ്ണ് വിശ്വാസികൾക്ക് ക്രമേണ ഇടുങ്ങിപ്പോയി. മക്കാ മുശ്‌രിക്കുകൾ ചില മുസ്‌ലിംകളുടെ കഴുത്തിൽ കയറിട്ട് ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചു, ചിലരെ കനലുകളിൽ കിടത്തി അവരുടെ ശരീരത്തിൽ നിന്ന് ഒലിച്ചിറങ്ങിയ ചോരയും കൊഴുപ്പും കൊണ്ട് ആ തീ അണഞ്ഞു. ചിലർക്ക് പുകയേൽപ്പിച്ച് പീഡിപ്പിച്ചു, ചിലരെ അതിക്രൂരമായി രക്തസാക്ഷികളാക്കി.
എന്നാൽ മുസ്‌ലിംകൾ തങ്ങളുടെ ക്ഷമ കൈവിട്ടില്ല, അല്ലാഹുവിന്റെ കല്പനയില്ലാതെ സ്വന്തം നിലയ്ക്ക് അവർ യാതൊരു തീരുമാനവും എടുത്തില്ല. ഒടുവിൽ, മുസ്‌ലിംകളോട് മക്ക വിട്ട് മദീനയിലേക്ക് പോകാൻ അല്ലാഹുവിന്റെ കൽപ്പനയുണ്ടായി. മുസ്‌ലിംകൾ പതുക്കെ മദീനയിലേക്ക് നീങ്ങാൻ തുടങ്ങി, പോകാൻ കഴിയാത്തവർ മാത്രം മക്കയിൽ അവശേഷിച്ചു. എന്നാൽ തങ്ങൾ (സ) അപ്പോഴും മക്കയിൽ തന്നെ തുടർന്നു, പടച്ചവൻ്റെ ഉത്തരവിനായി കാത്തിരുന്നു. ഇസ്‌ലാമിന്റെ ശത്രുക്കൾ അവിടുത്തെ വധിക്കാൻ പദ്ധതിയിട്ടു. ഓരോ ഗോത്രത്തിൽ നിന്നും ഓരോ പ്രതിനിധികളെ തിരഞ്ഞെടുത്ത് അവിടുത്തെ വീട് വളഞ്ഞു. എന്നാൽ അല്ലാഹു പ്രവാചകനെ ഈ സ്ഥിതിവിവരങ്ങൾ അറിയിച്ചു. പൂർണ്ണമായ സമാധാനത്തോടെ, ചില ഖുർആൻ വചനങ്ങൾ ഓതിക്കൊണ്ട്, ശത്രുക്കളുടെ നേരെ ഒരു പിടി മണ്ണ് വാരിയെറിഞ്ഞ് അവിടുന്ന് പുറത്തേക്ക് കടന്നു. ദിവസങ്ങളോളം ഒളിഞ്ഞും തെളിഞ്ഞും യാത്ര ചെയ്ത് അവിടുന്ന് മദീനയിലെത്തി. അവിടുത്തെ തലയ്ക്ക് ശത്രുക്കൾ ഇനാം പ്രഖ്യാപിച്ചിരുന്നു. പിന്തുടർന്നവർ അവിടുത്തെയും അവിടുത്തെ പ്രിയ സുഹൃത്ത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെയും ജീവനെടുക്കാൻ പരമാവധി ശ്രമിച്ചു, എന്നാൽ അല്ലാഹുവിന്റെ തന്ത്രത്തിന് മുന്നിൽ അവരുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടു. മക്കയിൽ ഉദിച്ചുയർന്ന പ്രവാചകത്വത്തിൻ്റെ സൂര്യൻ മദീനയിൽ നട്ടുച്ചവെളിച്ചമായി തിളങ്ങിവിളങ്ങി.
അവിടുന്ന് മദീനയിൽ പ്രവേശിച്ചപ്പോൾ അതൊരു ആഘോഷത്തിന്റെ അന്തരീക്ഷമായിരുന്നു. കുട്ടികളും വയോധികരും യുവാക്കളും സ്ത്രീകളും പുരുഷന്മാരും അടിമകളും ഉടമകളും ഒരുപോലെ അവിടുത്തെ സ്വീകരിക്കാൻ കാത്തുനിന്നു. അവരുടെ നാവുകളിൽ സ്വാഗതഗീതങ്ങൾ മുഴങ്ങി, അവരുടെ കണ്ണുകൾ പ്രവാചകനെ കാണാൻ കൊതിച്ചു. മക്കയിൽ വിശ്വാസികൾക്ക് ഭൂമി ഇടുങ്ങിയതായിരുന്നുവെങ്കിൽ, മദീനക്കാർ തങ്ങളുടെ ഹൃദയവും ജീവനും പ്രവാചകന്റെ വഴികളിൽ സമർപ്പിച്ചു. മുഹാജിറുകളുടെ സംഘങ്ങൾക്ക് മദീനയിലെ അൻസാറുകൾ സ്വന്തം വീടും സ്ഥലവും തോട്ടങ്ങളും നൽകി, അതിലുപരിയായി അളവറ്റ സ്നേഹവും കാരുണ്യവും നൽകി. അൻസാറുകൾ കാണിച്ച ആ ത്യാഗത്തിന് മനുഷ്യചരിത്രത്തിൽ മറ്റൊരു ഉദാഹരണവുമില്ല. മുഹാജിറുകളുടെ ത്യാഗവും കുറച്ചൊന്നുമായിരുന്നില്ല; അവർ വീടും നാടും ഉപേക്ഷിച്ചു, ബന്ധുക്കളുടെ സ്നേഹം ത്യജിച്ചു, തികച്ചും അപരിചിതമായ, ഭാവി പ്രവചനാതീതമായ ഒരു ലക്ഷ്യത്തിലേക്ക് അവർ യാത്ര തിരിച്ചു. അതുകൊണ്ടാണ് മക്കയിൽ നിന്ന് നാടുവിട്ടു വന്നവർക്ക് 'മുഹാജിറുകൾ' (ദീനിന് വേണ്ടി നാടുവിട്ടവർ) എന്നും മദീനാ നിവാസികൾക്ക് 'അൻസാറുകൾ' (സഹായികൾ) എന്നും നബി (സ) പേരിട്ടത്. മുസ്‌ലിംകളിൽ ഈ രണ്ട് വിഭാഗമല്ലാതെ മൂന്നാമതൊരു വിഭാഗമില്ല. ജാതിയോ, ഗോത്രമോ, വർഗ്ഗമോ, ഭാഷയോ അടിസ്ഥാനമാക്കിയുള്ള യാതൊരു വിഭജനവും അല്ലാഹുവിന് സ്വീകാര്യമല്ല.
ഹിജ്റ ഒരു ഭാഗത്ത് മുസ്‌ലിംകളുടെ ത്യാഗത്തിന്റെയും ദീനിന്റെ സംരക്ഷണത്തിനായി പ്രവാചകനും അനുചരന്മാരും ചെയ്ത സമർപ്പണത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. മറുഭാഗത്ത്, ഇസ്‌ലാമിന് പിൽക്കാലത്ത് ലഭിച്ച വിജയങ്ങളുടെയും നേട്ടങ്ങളുടെയും മുന്നോടിയാണ്. ഇത് കേവലം മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഒരു യാത്ര മാത്രമല്ലായിരുന്നു; മറിച്ച് പരാജയത്തിൽ നിന്ന് വിജയത്തിലേക്കും, അടിച്ചമർത്തലിൽ നിന്ന് ശക്തിയിലേക്കും പ്രതാപത്തിലേക്കുമുള്ള പ്രയാണമായിരുന്നു. ബാഹ്യമായി മുസ്‌ലിംകൾക്ക് ഭൂമി ഇടുങ്ങിയതായി തോന്നിയെങ്കിലും അല്ലാഹു ആ ഇടുക്കത്തിലാണ് ലോകത്തിന്റെ വിശാലത ഒളിപ്പിച്ചു വെച്ചിരുന്നത്. ഈ സംഭവം നിരാശകളിൽ പ്രത്യാശയുടെ കിരണം നൽകുന്നു, പ്രതികൂല സാഹചര്യങ്ങളിൽ ധൈര്യത്തിന്റെ വിളക്ക് കൊളുത്തുന്നു. അല്ലാഹുവിന്റെ ഈ ദീൻ എത്രത്തോളം ത്യാഗങ്ങളിലൂടെയാണ് ഉയർന്നുവന്നതെന്നും എത്രത്തോളം രക്തം ഒഴുക്കിയാണ് സത്യത്തിന്റെ ഈ തണൽമരം നനച്ചു വളർത്തിയതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
ഉമർ (റ) ന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മുന്നിൽ ഒരു ഫയൽ വന്നു, അതിൽ തിയതിയും മാസവും ഉണ്ടായിരുന്നുവെങ്കിലും വർഷം രേഖപ്പെടുത്തിയിരുന്നില്ല. അപ്പോഴാണ് മുസ്‌ലിംകൾക്ക് സ്വന്തമായി ഒരു കലണ്ടർ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചത്. അദ്ദേഹം കൂടിയാലോചന സമിതിയിൽ ഈ നിർദ്ദേശം വെക്കുകയും, അലിയ്യ് (റ) ന്റെ അഭിപ്രായപ്രകാരം ഇസ്‌ലാമിക കലണ്ടറിന് 'ഹിജ്റ' സംഭവത്തെ അടിസ്ഥാനമാക്കാൻ തീരുമാനിക്കുകയും ചെയ്തു. മാസങ്ങളുടെ ക്രമം ഇസ്‌ലാമിന് മുമ്പ് അറബികൾക്കിടയിൽ നിലവിലിരുന്നതുപോലെ തന്നെ നിലനിർത്തി (മുഹർറം മുതൽ ദുൽഹിജ്ജ വരെ). വർഷത്തിന്റെ തുടക്കം ഹിജ്റ നടന്ന വർഷമായി കണക്കാക്കുകയും ചെയ്തു. അങ്ങനെ ഇന്ന് ഹിജ്റ 1447 എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം പ്രവാചകന്റെ ഹിജ്റ നടന്നിട്ട് അത്രയും വർഷങ്ങൾ കഴിഞ്ഞു എന്നാണ്.
ഏതൊരു ജനതയുടെയും സ്വത്വത്തിന്റെ അടയാളമാണ് കലണ്ടർ. അതിനോട് ആ ജനതയുടെ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നു. ഹിജ്റ കലണ്ടറിലേക്ക് നോക്കിയാൽ, അതിലെ ഭൂരിഭാഗം മാസങ്ങളുടെയും പേരുകൾ ഇസ്‌ലാമിക ആരാധനകളിലേക്കും മുസ്‌ലിംകളുടെ മതപരമായ പാരമ്പര്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നവയാണ്. അപ്രകാരം മറ്റ് ജനവിഭാഗങ്ങളുടെ കലണ്ടറുകൾ അവരുടെ മതപരമായ ചിന്തകളുടെയും വിശ്വാസങ്ങളുടെയും പ്രതിഫലനമാണ്. ദിവസങ്ങളുടെയും മാസങ്ങളുടെയും പേരുകളുടെ പിന്നിലെ ചരിത്രവും ഇതുതന്നെയാണ്. ഉദാഹരണത്തിന്: 'Sunday', 'Monday' എന്നീ വാക്കുകൾ നോക്കുക. അവയുടെ അർത്ഥം സൂര്യന്റെ ദിവസം, ചന്ദ്രന്റെ ദിവസം എന്നാണ്; കാരണം ഗ്രീക്കുകാർക്കിടയിൽ ഒരു ദിവസം സൂര്യനെ ആരാധിക്കാനും ഒരു ദിവസം ചന്ദ്രനെ ആരാധിക്കാനും മാറ്റിവെച്ചിരുന്നു. വിവിധ ദേവന്മാരുടെ പേരുകളിലാണ് അവർ ദിവസങ്ങൾക്ക് പേരിട്ടത്. മാസങ്ങളുടെ പേരുകൾക്ക് പിന്നിലും സമാനമായ അർത്ഥങ്ങളുണ്ട്. അതുകൊണ്ടാണ് അക്കാലത്ത് നിലവിലിരുന്ന മറ്റ് കലണ്ടറുകളെ ഉമർ (റ) സ്വീകരിക്കാതിരുന്നത്.
ചുരുക്കത്തിൽ, ഇസ്‌ലാമിക കലണ്ടർ മുസ്‌ലിംകളുടെ സ്വന്തം സ്വത്വമാണ്. അതിനാൽ ഈ കലണ്ടർ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുകയും വരുംതലമുറകളെ ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ചും ഇതിന്റെ മതപരവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചും ബോധവാന്മാരാക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഹിജ്റ കലണ്ടറിന്റെ ഉപയോഗം നിലനിർത്തേണ്ടതും അത് പ്രചരിപ്പിക്കാൻ ശ്രമിക്കേണ്ടതും 'ഫർള് കിഫായ' (സാമൂഹിക ബാധ്യത) ആണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കലണ്ടർ നമ്മുടെ സ്വത്വത്തെ ഓർമ്മിപ്പിക്കുകയും ഹിജ്റ എന്ന മഹത്തായ സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു.
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്‌തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 58-63
وَإِذۡ قُلۡنَا ٱدۡخُلُواْ هَٰذِهِ ٱلۡقَرۡيَةَ فَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ رَغَدٗا وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا وَقُولُواْ حِطَّةٞ نَّغۡفِرۡ لَكُمۡ خَطَٰيَٰكُمۡۚ وَسَنَزِيدُ ٱلۡمُحۡسِنِينَ فَبَدَّلَ ٱلَّذِينَ ظَلَمُواْ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَنزَلۡنَا عَلَى ٱلَّذِينَ ظَلَمُواْ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَفۡسُقُونَ ۞وَإِذِ ٱسۡتَسۡقَىٰ مُوسَىٰ لِقَوۡمِهِۦ فَقُلۡنَا ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنفَجَرَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۖ كُلُواْ وَٱشۡرَبُواْ مِن رِّزۡقِ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نَّصۡبِرَ عَلَىٰ طَعَامٖ وَٰحِدٖ فَٱدۡعُ لَنَا رَبَّكَ يُخۡرِجۡ لَنَا مِمَّا تُنۢبِتُ ٱلۡأَرۡضُ مِنۢ بَقۡلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَاۖ قَالَ أَتَسۡتَبۡدِلُونَ ٱلَّذِي هُوَ أَدۡنَىٰ بِٱلَّذِي هُوَ خَيۡرٌۚ ٱهۡبِطُواْ مِصۡرٗا فَإِنَّ لَكُم مَّا سَأَلۡتُمۡۗ وَضُرِبَتۡ عَلَيۡهِمُ ٱلذِّلَّةُ وَٱلۡمَسۡكَنَةُ وَبَآءُو بِغَضَبٖ مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ ٱلۡحَقِّۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلنَّصَٰرَىٰ وَٱلصَّٰبِـِٔينَ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَعَمِلَ صَٰلِحٗا فَلَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ وَإِذۡ أَخَذۡنَا مِيثَٰقَكُمۡ وَرَفَعۡنَا فَوۡقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ ثُمَّ تَوَلَّيۡتُم مِّنۢ بَعۡدِ ذَٰلِكَۖ فَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ لَكُنتُم مِّنَ ٱلۡخَٰسِرِينَ
നാം അവരോട് നിർദ്ദേശിച്ച സന്ദർഭം ഓർക്കുക: നിങ്ങൾ ഈ പട്ടണത്തിൽ പ്രവേശിക്കുക. എന്നിട്ട്, നിങ്ങൾക്ക് ഇഷ്ടമുള്ളടത്തു നിന്നും യഥേഷ്ടം ഭക്ഷിച്ചുകൊള്ളുക, തല കുനിച്ച് വാതിലിലൂടെ പ്രവേശിക്കുകയും ഞങ്ങൾ പശ്ചാത്തപിക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക. എന്നാൽ, നിങ്ങളുടെ പാപങ്ങൾ ഞാൻ പൊറുത്തു തരാം. നന്മ നിറഞ്ഞവർക്ക് നാം കൂടുതൽ പ്രതിഫലം നൽകുന്നതാണ്.(58) എന്നാൽ, നിർദ്ദേശിക്കപ്പെട്ട വാചകത്തിനെതിരായ ഒരു വാചകം അക്രമികളായ അവർ ഉപയോഗിച്ചു. അങ്ങനെ കൽപ്പനക്ക് എതിർ പ്രവർത്തിച്ചതിനാൽ ആകാശത്തു നിന്നും കഠിനമായ ശിക്ഷ അക്രമികാരികളുടെ മേൽ നാം ഇറക്കി.(59) മൂസാ നബി തന്റെ ജനതക്കു വേണ്ടി ജലത്തിനായി പ്രാർത്ഥിച്ച സന്ദർഭം, അതിനെ തുടർന്ന് ‹കല്ലിൽ നിന്റെ വടികൊണ്ട് അടിക്കുക› എന്നു നാം നിർദ്ദേശം നൽകി. ഉടനെ അതിൽ നിന്നും പന്ത്രണ്ട് ഉറവകൾ പ്രവഹിച്ചു. ഓരോരുത്തരും കുടിക്കാനുള്ള സ്ഥാനം മനസ്സിലാക്കി. അല്ലാഹു നൽകിയ വിഭവങ്ങളിൽ നിന്നും നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. ലോകത്ത് നാശമുണ്ടാക്കി അഴിഞ്ഞാടരുത്.(60) നിങ്ങൾ ഇങ്ങനെ പറഞ്ഞ സന്ദർഭം; ഒരേ തരം ആഹാരം കഴിച്ചു കൊണ്ടിരിക്കാൻ ഞങ്ങൾക്കു കഴിയുകയില്ല. അതിനാൽ, ഞങ്ങൾക്കു വേണ്ടി താങ്കൾ ദുആ ഇരക്കുക. ഭൂമി ഉൽപാദിപ്പിക്കുന്ന ചീര, കക്കരി, ഗോതമ്പ്, പയർ, ഉള്ളി മുതലായവ ഞങ്ങൾക്ക് അവൻ ഉൽപ്പാദിപ്പിച്ചു തരുന്നതാണ്. മൂസാ നബി പറഞ്ഞു: ഉത്തമ വസ്തുക്കൾക്കു പകരമായി താഴ്ന്ന വസ്തുക്കളെ വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുകയാണോ? ഏതെങ്കിലും പട്ടണത്തിൽ നിങ്ങൾ ഇറങ്ങിക്കൊള്ളുക. അവിടെ നിങ്ങൾ ആവശ്യപ്പെട്ട വസ്തുക്കൾ നിങ്ങൾക്കു ലഭിക്കുന്നതാണ്. അവരുടെ മേൽ നിന്ദ്യതയും അധ:പതനവും അടിച്ചേൽപ്പിക്കപ്പെട്ടു. ഇലാഹീ കോപത്തിന് അവർ അർഹരായിത്തീർന്നു. അല്ലാഹുവിന്റെ വിധിവിലക്കുകൾ നിഷേധിക്കുകയും അന്യായമായി പ്രവാചകരെ വധിക്കുകയും അനുസരണക്കേട് കാണിക്കുകയും പരിധി ലംഘനം നടത്തുകയും ചെയ്തതിനാലാണ് അവർക്ക് ആ ദുർഗ്ഗതി ഉണ്ടായത്.(61)നിസ്സംശയം മുസ്‌ലിം, യഹൂദി, ക്രൈസ്തവൻ, സാബിഉകൾ എന്നിവരിൽ ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ അവരുടെ രക്ഷിതാവിങ്കൽ അവർക്ക് പ്രതിഫലമുണ്ട്. അവർ ഒന്നും ഭയപ്പെടുന്നതല്ല, ദു:ഖിക്കുന്നതുമല്ല.(62) നിങ്ങളിൽ നിന്നും നാം കരാർ വാങ്ങിയ സന്ദർഭം ഓർക്കുക. ‹തൂർ› മലയെ നിങ്ങൾക്കു മീതെ നാം ഉയർത്തി. (എന്നിട്ട് നാം പറഞ്ഞു:) നിങ്ങൾ ഭയഭക്തരാകാൻ വേണ്ടി ‹നിങ്ങൾക്കു നാം നൽകിയ ഗ്രന്ഥത്തെ മുറുകെ പിടിക്കുക. അതിലുള്ളതിനെ ഓർമ്മിക്കുകയും ചെയ്യുക›(63) പിന്നീട് ആ കരാറിനു ശേഷം നിങ്ങൾ പിൻമാറി. നിങ്ങൾക്ക് അല്ലാഹുവിന്റെ കരുണയും ഔദാര്യവും ഇല്ലായിരുന്നെങ്കിൽ ഉടനടി നിങ്ങൾ നശിച്ചു പോകുമായിരുന്നു.(64)
58. നാടുകളിലും വീടുകളിലും പ്രവേശിക്കുമ്പോള്‍ വിനയം പുലര്‍ത്തുക.
ഈ ആയത്തിലെ നാടുകൊണ്ടുള്ള ഉദ്ദേശം ബൈത്തുല്‍ മുഖദ്ദസാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം ഇന്ന് ജറീകോ എന്ന പേരില്‍ പ്രസിദ്ധമായ ഫലസ്തീനിന് അടുത്തുള്ള അരീഹ എന്ന നാടാണ്. കുനിഞ്ഞ നിലയില്‍ പ്രവേശിക്കുക എന്നതുകൊണ്ടുള്ള വിവക്ഷ ഇതാണ്: താഴ്മ പ്രകടിപ്പിച്ചുകൊണ്ട് പ്രവേശിക്കുക. പൊതു ജേതാക്കളെപ്പോലെ അഹങ്കാരത്തോടെ പ്രവേശിക്കരുത്. നാവുകൊണ്ടും വിനയം പ്രകടിപ്പിക്കേണ്ടതാണ്. അതായത് പടച്ചവനോട് പാപമോചനം തേടിക്കൊണ്ടിരിക്കുക.
59. അക്രമവും അഹങ്കാരവും കാട്ടുന്നവര്‍ക്ക് വലിയ ശിക്ഷ നല്‍കപ്പെടുന്നതാണ്.
ധിക്കാരികളായിരുന്ന ആ ജനങ്ങള്‍ പാപമോചനത്തെ സൂചിപ്പിക്കുന്ന ഹിത്വത്തുന്‍ എന്ന വാക്കിന് പകരം പരിഹാസം നിറഞ്ഞ വാചകങ്ങള്‍ പറയാന്‍ ആരംഭിച്ചു. തല്‍ഫലമായി പടച്ചവന്റെ ശിക്ഷയെന്നോണം അവര്‍ക്ക് പ്ലേഗ് രോഗം ബാധിക്കുകയും ധിക്കാരികളായ ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഇതാണ് ആകാശത്ത് നിന്നുമുള്ള ശിക്ഷകൊണ്ടുള്ള ഉദ്ദേശം.
60. അന്ന-പാനീയങ്ങള്‍ പടച്ചവന്റെ വലിയ അനുഗ്രഹമാണ്. അവ ഉപയോഗിച്ചുകൊണ്ട് നാശകാരികളായി അഴിഞ്ഞാടരുത്.
ഈജിപ്തിനും ഫലസ്തീനിനും ഇടയിലുള്ള സീനായ് മരുഭൂമിയിലാണ് ബനൂഇസ്‌റാഈല്‍ അവരുടെ കര്‍മ്മഫലമെന്നോണം നട്ടതിരിഞ്ഞ് കറങ്ങിയത്. അവിടെ വലിയ ജലക്ഷാമം അവര്‍ അനുഭവിച്ചു. അവരുടെ പ്രയാസം കണ്ട മൂസാ നബി (അ) പടച്ചവനോട് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പടച്ചവന്റെ കല്‍പ്പന പ്രകാരം പ്രത്യേകമായ ഒരു പാറക്കല്ലില്‍ മൂസാ നബി (അ) വടികൊണ്ട് അടിച്ചു. ബനൂഇസ്‌റാഈല്യരുടെ പന്ത്രണ്ട് ഗോത്രങ്ങള്‍ക്ക് വേണ്ടി പന്ത്രണ്ട് ഉറവകള്‍ പ്രവഹിച്ചു. ഈ ഉറവകളെക്കുറിച്ച് ധാരാളം ഗവേഷകരായ യാത്രികര്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ മൂസാ നബി (അ) വടികുത്തി പര്‍വ്വതത്തിന് മുകളിലേക്ക് കയറിയപ്പോള്‍ അവിടെ പന്ത്രണ്ട് ഉറവകള്‍ കണ്ടുവെന്ന് ചിലര്‍ ഇതിന് ആശയം പറയുന്നുണ്ട്. ഇത് ആയത്തിന്റെ ആശയത്തിനെതിരാണ്. കൂടാതെ, ഇങ്ങനെയാണെങ്കില്‍ ഇത് എടുത്ത് പറയേണ്ട ഒരു സംഭവമല്ല. മനുഷ്യരില്‍ നിന്നും ഇത്തരം കാര്യങ്ങളുണ്ടാവുക സാധ്യമല്ലെന്ന ധാരണയാണ് അവരുടെ ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം. എന്നാല്‍ മൂസാ നബി (അ)യുടെ ഈ പ്രവര്‍ത്തനം അല്ലാഹു പ്രകടമാക്കിയ അമാനുഷികതയാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം മനുഷ്യര്‍ക്ക് സാധ്യതയുള്ളതും സാധ്യതയില്ലാത്തതുമായ കാര്യങ്ങള്‍ എല്ലാം എളുപ്പമാണ്.
61. അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് മടുപ്പ് കാട്ടരുത്.
സ്വയം നന്നാകാന്‍ ആഗ്രഹിക്കാത്തവരെ അല്ലാഹു നന്നാക്കുന്നതല്ല. അല്ലാഹുവിന്റെ പാഠശാലയായ പ്രവാചകനില്‍ നിന്നും പാഠങ്ങള്‍ പഠിക്കാതെ നന്ദികേടും നിഷേധവും കാട്ടിയവരെ അല്ലാഹു ശപിക്കുന്നതാണ്.
ഈ ആയത്തിലെ ഒരു ആഹാരം എന്നതുകൊണ്ടുള്ള ഉദ്ദേശം ഒരു ആഹാരം എന്നല്ല. കാരണം അവര്‍ക്ക് മന്നും സല്‍വയും നല്‍കിയെന്ന് കഴിഞ്ഞ ആയത്തില്‍ പറയപ്പെട്ടു. അതുകൊണ്ട് ഇതിന്റെ ഉദ്ദേശം ഒരേ തരത്തിലുള്ള ആഹാരമെന്നാണ്. ഇതിനോട് അവര്‍ മടുപ്പ് പുലര്‍ത്തിയപ്പോള്‍ മൂസാ നബി (അ) ചോദിച്ചു: മന്നും സല്‍വയും പോലുള്ള ഉന്നതവും രുചികരവും സൗകര്യവുമായ ആഹാരത്തിന് പകരം സാധാരണ ആഹരാങ്ങളായ പച്ചക്കറികള്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണോ?
ഇത് കൂടാതെ അവര്‍ വേറെയും നന്ദികേടുകളും അക്രമങ്ങളും കാട്ടിയത് കാരണം അല്ലാഹു അവര്‍ക്ക് ദാരിദ്ര്യവും നിന്ദ്യതയും നല്‍കി. ഈ ദാരിദ്ര്യം കൊണ്ടുള്ള വിവക്ഷ സാമ്പത്തിക ഞെരുക്കവും എത്ര കിട്ടിയാലും മതിയാകാത്ത ആര്‍ത്തിയുമാണ്. അതെ, ഇന്ന് ലോകത്താര്‍ക്കുമില്ലാത്ത സമ്പത്ത് യഹൂദികളുടെ പക്കലുണ്ടെങ്കിലും എത്ര കിട്ടിയിട്ടും മതിയാകാത്ത ആര്‍ത്തിയില്‍ നിന്നും അവര്‍ ഇന്നുവരെ മോചിതരായിട്ടില്ല.
നബിമാരെ വധിച്ചുവെന്ന് പറഞ്ഞപ്പോള്‍ അന്യായമായി എന്ന് പറഞ്ഞത് സംഭവത്തിന്റെ വിവരണമെന്ന നിലയിലാണ്. പ്രവാചകന്മാരെ വധിക്കുന്നതെല്ലാം അന്യായം തന്നെയാണ്. യസ്ആ (അ), യര്‍മിയാഅ് (അ), സകരിയ്യാ (അ), യഹ്‌യാ (അ) എന്നിവരെ യഹൂദികള്‍ വധിച്ചതായി ബൈബിള്‍ വിവരിക്കുന്നു. മഹാനായ ഈസാ നബി (അ)യെയും വധിക്കാന്‍ അവര്‍ പരിശ്രമിച്ചു. നബിമാരോടും മറ്റും അവര്‍ പുലര്‍ത്തിയ മോശമായ പെരുമാറ്റങ്ങളും ഉപദ്രവങ്ങളും ബൈബിള്‍ തന്നെ വിശദമായി വിവരിക്കുന്നു.
62. നിന്ദ്യതയില്‍ നിന്നും രക്ഷ നേടുന്നതിന് സത്യ വിശ്വാസവും സല്‍കര്‍മ്മവും സ്വീകരിക്കുക. ഇവ വിജയത്തിലേക്കുള്ള മാര്‍ഗ്ഗമാണ്.
ഈ ആയത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1. ഇവിടെ നസ്രാണികള്‍ എന്നതുകൊണ്ടുള്ള വിവക്ഷ ഈസാ നബി (അ)യെ അല്ലാഹുവിന്റെ ദാസനും ദൂതനുമായി വിശ്വസിച്ചവരാണ്. യേശു ദൈവ പുത്രനാണെന്ന് വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഏകനായ രക്ഷിതാവില്‍ വിശ്വാസമില്ലാത്തവരാണ്. അവര്‍ ഏകനായ രക്ഷിതാവില്‍ വിശ്വസിക്കണമെന്ന് ഈ ആയത്ത് ഉണര്‍ത്തുന്നു. 2. സാബിഅ് എന്നതുകൊണ്ട് ആരാണ് ഉദ്ദേശമെന്നത് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് പല അഭിപ്രായങ്ങളുമുണ്ട്. ഏതോ പ്രവാചകനില്‍ വിശ്വസിക്കുകയും ഖുര്‍ആന്‍ അവതരണ കാലത്ത് ഉണ്ടായിരിക്കുകയും ചെയ്ത ഒരു വിഭാഗമെന്നാണ് അവയുടെയെല്ലാം രത്‌നച്ചുരുക്കം. 3. അല്ലാഹുവില്‍ വിശ്വസിക്കുക എന്നതില്‍ അല്ലാഹുവിന്റെ ദൂതന്മാരെയും വേദങ്ങളിലും വിശ്വസിക്കലും പെടുന്നുണ്ട്. അതെ, ഈ ആയത്തില്‍ പറയപ്പെട്ട മുസ്‌ലിംകളും യഹൂദികളും നസ്രാണികളും സാബിഉകളും പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവരാണ്. അതുകൊണ്ടാണ് ഈ രണ്ട് കാര്യങ്ങള്‍ പ്രത്യേകം പറയാതിരുന്നത്. 4. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ നിയോഗത്തിന് ശേഷം റസൂലുല്ലാഹി (സ)യുടെ ശരീഅത്തനുസരിച്ച് ജീവിക്കുക എന്നതാണ് സല്‍ക്കര്‍മ്മങ്ങള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം. അതെ, റസൂലുല്ലാഹി (സ)യുടെ നിയോഗത്തിന് ശേഷം യഹൂദ-ക്രൈസ്തവര്‍ ഏകദൈവ വിശ്വാസവും പരലോക വിശ്വാസവും സല്‍ക്കര്‍മ്മവും സ്വീകരിച്ചാല്‍ മാത്രം മതിയാകുന്നതല്ല. മുഹമ്മദീ ശരീഅത്തിനെ മാനിക്കലും പാലിക്കലും നിര്‍ബന്ധമാണ്. പ്രസ്തുത ശരീഅത്തിലെ പ്രഥമ കല്‍പ്പന റസൂലുല്ലാഹി (സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യലാണ്.
63. ഇലാഹീ സന്ദേശം മുറുകെ പിടിക്കുക.
ബനൂഇസ്‌റാഈല്‍ തൗറാത്ത് അനുസരിച്ച് ജീവിക്കാന്‍ തുടക്കത്തില്‍ തന്നെ പ്രയാസം പ്രകടിപ്പിച്ചു. അതിന്റെ പേരിലാണ് പടച്ചവന്റെ ശബ്ദം കേള്‍ക്കണമെന്നും കാണണമെന്നും അവര്‍ ആവശ്യപ്പെട്ടത്. ശേഷം അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ലാതെ വന്നപ്പോള്‍ ചില വിധിവിലക്കുകള്‍ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു. തെറ്റായ ഈ ആവശ്യത്തെത്തുടര്‍ന്ന് അല്ലാഹു ത്വൂര്‍ പര്‍വ്വതം അവരുടെ മേല്‍ എടുത്ത് ഉയര്‍ത്തുകയും തൗറാത്ത് സ്വീകരിക്കുക, അല്ലാത്തപക്ഷം ഈ പര്‍വ്വതത്തിനടയില്‍ ചതയ്ക്കപ്പെടുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. ഇവിടെ അവര്‍ തൗറാത്ത് സ്വീകരിച്ചു എന്ന് സമ്മതിച്ച് പറഞ്ഞു. ബൈബിളില്‍ ഈ സംഭവം പറയപ്പെട്ടിട്ടുണ്ടെങ്കിലും പര്‍വ്വതം ഇളകുകയും പൊടിപടലങ്ങള്‍ ഉയരുകയും ചെയ്തു എന്നാണ് വന്നിട്ടുള്ളത്. (പുറപ്പാട് 19/1718) എന്നാല്‍ പര്‍വ്വതം ഉയര്‍ത്തിയെന്ന് തന്നെ ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു.
മതത്തില്‍ നിര്‍ബന്ധമൊന്നുമില്ലായിരിക്കേ, ഇവിടെ എന്തിനാണ് നിര്‍ബന്ധം കാട്ടിയതെന്ന് സംശയം ഉണ്ടായേക്കാം. അതെ, മതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിക്കപ്പെടുന്നതല്ല. എന്നാല്‍ സ്വീകരിച്ച് കഴിഞ്ഞവര്‍ മതത്തിന്റെ കല്‍പ്പനകള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ്. ബനൂഇസ്‌റാഈല്‍ മതം സ്വീകരിച്ചിരുന്നു. എന്നാല്‍ മതത്തിന്റെ സര്‍വ്വ നിയമങ്ങളും പാലിക്കുന്നതില്‍ നിന്നും അവര്‍ അകന്നുമാറി. അപ്പോഴാണ് അവര്‍ നിര്‍ബന്ധിക്കപ്പെട്ടത്.
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
186. അലിയ്യ് (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: ഞാൻ തത്വജ്ഞാനത്തിന്റെ ഭവനവും അലിയ്യ് അതിന്റെ കവാടവുമാണ്. (തിർമിദി)
വിവരണം: അലിയ്യ് (റ) ചെറുപ്പകാലത്ത് തന്നെ റസൂലുല്ലാഹി ﷺയുടെ പ്രബോധനം സ്വീകരിച്ച് ഇസ്‌ലാമിൽ പ്രവേശിക്കുകയും തുടർന്ന് നിരന്തരം റസൂലുല്ലാഹി ﷺ യുടെ സഹവാസത്തിലും ശിക്ഷണത്തിലും കഴിഞ്ഞ വ്യക്തിയാണ്. അതുകൊണ്ട് തന്നെ റസൂലുല്ലാഹി ﷺ ശിക്ഷണത്തിൽ അലിയ്യ് (റ)വിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഈ അടിസ്ഥാനത്തിലാണ് റസൂലുല്ലാഹി ﷺ ഞാൻ തത്വജ്ഞാനത്തിന്റെ ഭവനവും അലിയ്യ് കവാടവുമാണ് എന്ന് പറഞ്ഞത്. എന്നാൽ, അലിയ്യ് (റ) വഴി റസൂലുല്ലാഹി ﷺ യിൽ നിന്നും വന്നിട്ടുള്ള സന്ദേശങ്ങൾ മാത്രമാണ് പ്രവാചക സന്ദേശങ്ങൾ എന്നും അലിയ്യ് (റ) അല്ലാത്ത ആർക്കും പ്രവാചക സന്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും ഈ ഹദീസിന് ആശയം കണ്ടെത്തുന്നത് അങ്ങേയറ്റത്തെ ബോധമില്ലായ്മയാണ്. അല്ലാഹു റസൂലുല്ലാഹി ﷺയെ ഉമ്മിയ്യ് നിരക്ഷരരായ ആളുകളിലേക്ക് പ്രവാചകനാക്കി നിയോഗിച്ചുവെന്നും റസൂലുല്ലാഹി ﷺ അവർക്ക് അല്ലാഹുവിൻ്റെ വചനങ്ങൾ ഓതി കേൾപ്പിക്കുകയും ഖുർആനും സുന്നത്തും പഠിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു എന്നും ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ അല്ലാഹു അറിയിച്ചിരിക്കുന്നു. റസൂലുല്ലാഹി ﷺ ഇതിനനുസരിച്ച് പ്രവർത്തിക്കുകയും ഓരോ സ്വഹാബികളും അവരവരുടെ കഴിവിനനുസരിച്ച് പ്രവാചക വിജ്ഞാനങ്ങൾ കരസ്ഥമാക്കുകയും റസൂലുല്ലാഹി ﷺ യിലൂടെ ലഭിച്ച വിജ്ഞാനങ്ങൾ പ്രചരിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്തു.
അലിയ്യ് (റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രായം എട്ട് അല്ലെങ്കിൽ പത്ത് വയസ്സായിരുന്നു. ഈ സമയത്ത് പ്രകൃതിപരമായി അദ്ദേഹത്തിന് സാധിക്കുന്ന നിലയിൽ റസൂലുല്ലാഹി ﷺയിൽ നിന്നും അദ്ദേഹം വിജ്ഞാനങ്ങൾ കരസ്ഥമാക്കി. എന്നാൽ, റസൂലുല്ലാഹി ﷺയുടെ പ്രവാചകത്വ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) 40 വയസ്സുകാരനായിരുന്നു. അതുകൊണ്ട് തന്നെ പ്രകൃതിപരമായ നിലയിൽ അതിനെ സമ്പൂർണ്ണമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് സൗഭാഗ്യമുണ്ടായി. അതുകൊണ്ട് തന്നെ റസൂലുല്ലാഹി ﷺ കൊണ്ടുവന്ന വിജ്ഞാന സന്ദേശങ്ങളിൽ മൊത്തത്തിൽ ഏറ്റവും കൂടുതൽ മുന്നിൽ നിന്നത് അബൂബക്ർ സിദ്ദീഖ് (റ) ആണ്. അതുകൊണ്ട് തന്നെയാണ് റസൂലുല്ലാഹി ﷺ വിയോഗ രോഗത്തിന്റെ സന്ദർഭത്തിൽ അബൂബക്ർ സിദ്ദീഖ് (റ)വിനെ മുഴുവൻ സമുദായത്തിന്റെയും ഇമാമത്ത് ഏൽപ്പിച്ചുകൊണ്ട് അദ്ദേഹം ഖുർആൻ ഹദീസ് വിജ്ഞാനത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്താണെന്ന ബിരുദം നൽകിയത്. ശേഷം മഹാന്മാരായ സ്വഹാബികൾ ഏകകണ്ഠേന റസൂലുല്ലാഹി ﷺ യുടെ ഖലീഫയും സമുദായത്തിന്റെ നായകനുമായി അദ്ദേഹത്തെ അംഗീകരിച്ചു.
ഇവിടെ ഒരു കാര്യം ഓർക്കുക, വിവിധ സ്വഹാബികളെ കുറിച്ച് റസൂലുല്ലാഹി ﷺ വിജ്ഞാനത്തിന്റെ വിവിധ മേഖലകളിൽ ഉന്നതരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം അവരുമായി ബന്ധപ്പെട്ട ഭാഗത്ത് വരുന്നതാണ്. അങ്ങനെ വിവിധ സ്വഹാബികളെ പിൻഗാമികളായ താബിഈങ്ങൾ പ്രയോജനപ്പെടുത്തുകയും അവരിൽ നിന്നും മുഹദ്ദിസീങ്ങൾ ഹദീസുകൾ സമാഹരിച്ച് ലോകാവസാനം വരെയുമുള്ള ജനങ്ങൾക്ക് മാർഗദർശനത്തിന് വഴിയൊരുക്കുകയും ചെയ്തു.
ഇവിടെയും ഒരു കാര്യം കൂടി ഓർക്കുക: ഇമാം ഇബ്നുൽ ജൗസി, ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ മുതലായ ഹദീസ് നിരീക്ഷകർ ഈ ഹദീസിനെ നിർമ്മിത ഹദീസായി പ്രഖ്യാപിച്ചിരിക്കുന്നു. ഇമാം തിർമിദി ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇത് ബലഹീനമായ ഹദീസാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
ഫിത്‌നകളുടെ കാലഘട്ടം
✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
(നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)
ഇന്ന് ഫിത്‌നകളുടെ കാലഘട്ടമാണ്. ഹദീസിൽ ഫിത്നയെ സംബന്ധിച്ച് പറയുമ്പോൾ : .... ആളുകൾ പ്രഭാതത്തിൽ മുസ്‌ലിമായിരുന്നു. എന്നാൽ, പ്രദോഷത്തിൽ കാഫിറാകുന്നു. മറ്റു ചിലയാളുകൾ പ്രദോഷത്തിൽ മുസ്‌ലിമായിരുന്നു. പ്രഭാതത്തിൽ കാഫിറാകുന്നു. ഇതാണ് ഇന്ന് നടക്കുന്നത്. ഇന്നുള്ള ഒരു പ്രധാന ഫിത്നയാണ് ദീനേ ഇബ്റാഹിം. ഇബ്റാഹീമി മതത്തിലേക്ക് മടങ്ങുക എന്ന പേരിൽ ആളുകളെ യഹുദികളും നസ്റാനികളും ആക്കുന്നു. ഇബ്റാഹീ മില്ലത്തിനെ പിന്തുടരാൻ ഖുർആനിന്റെ കൽപ്പനയാണ്. എന്നാൽ, മുഹമ്മദുർ റസൂലുല്ലാഹി ﷺ കൊണ്ടുവന്ന ദീനാണ് ഇന്നുള്ള യഥാർത്ഥ ഇബ്റാഹീമി മാർഗ്ഗം. അല്ലാതെ മറ്റേതെങ്കിലും മതങ്ങളല്ല. ഇന്ന് അറബ് ലോകം മുഴുവൻ ഈ ഫിത്ന വ്യാപിച്ചിരിക്കുന്നു. ഒരു യഹൂദി ഇമാറത്തിലെ ഒരു പള്ളിയിൽ പ്രഭാഷണം നടത്തുന്നത് കാണുകയുണ്ടായി. വലിയ പണ്ഡിതന്മാരും നേതാക്കളുമെല്ലാം അത് കേട്ടു കൊണ്ടിരിക്കുന്നു. അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്: ولن ترضى عنك اليهود والنصارى حتى تتبع ملتهم. ഫിത്നകൾ ഉണ്ടാവുമ്പോൾ അതിനെ കുറിച്ച് ബോധവാന്മാരാവേണ്ടതും സമൂഹത്തെ മനസ്സിലാക്കി കൊടുക്കലും പണ്ഡിതന്മാരുടെ കർത്തവ്യമാണ്. എന്നാൽ അവർ തന്നെ ഫിത്നകളിൽ കുടുങ്ങി കിടക്കുകയാണ്.
🔹🔹🔹🔹🔹
ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ
ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ 33-മത് ഫിഖ്ഹി സെമിനാർ തീരുമാനങ്ങൾ
ബീഹാറിലെ സീതാമഡിയിലെ ഒരു ഗ്രാമമായ ബാലാ സാത്തിലുള്ള ജാമിഅ ഇസ്‌ലാമിയ്യ ഖാസിമിയ്യയിൽ 2024 നവംബർ 9 മുതൽ 11 വരെ (1446 ജുമാദൽ ഈലാ 6–8) നടന്നു.
ഈ സെമിനാറിൽ രാജ്യത്തിനകത്ത് നിന്നും ഏകദേശം 300 പണ്ഡിതന്മാരും, ഗവേഷകരും പങ്കെടുത്തു. മൗലാനാ ഫാറൂഖ് അഹ്മദ് സാഹിബിന്റെ നേതൃത്വത്തിൽ ബ്രിട്ടനിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ചില പ്രമുഖ പണ്ഡിതന്മാരും പ്രത്യേകമായി പങ്കാളികളായി. അഞ്ച് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും അവയെക്കുറിച്ച് ആലോചിച്ച് താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
1) ചികിത്സകളിലെ കമ്മീഷനും മരുന്ന് വിൽപ്പനയിലുമായി ബന്ധപ്പെട്ട ഫിഖ്ഹി വിധികൾ
1. ഡോക്ടർമാർ രോഗിയുടെ ചികിത്സയ്ക്കായി ലബോറട്ടറി പരിശോധനകൾ നിർദേശിക്കുമ്പോൾ രോഗിയുടെ നന്മയും ആരോഗ്യപരമായ ആവശ്യകതയും മാത്രം പരിഗണിക്കണം. സ്വന്തം സാമ്പത്തിക ലാഭത്തിനുവേണ്ടി പ്രത്യേക കമ്പനിയുടെയോ മെഡിക്കൽ സ്റ്റോറിന്റെയോ മരുന്നുകൾ വാങ്ങാൻ രോഗിയെ നിർബന്ധിക്കുകയോ, ഒരു പ്രത്യേക ലബോറട്ടറിയിൽ പരിശോധന നടത്താൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.
2. മരുന്ന് എഴുതിക്കൊടുക്കുന്നതിനോ (Prescription) ലബോറട്ടറി പരിശോധന നിർദേശിക്കുന്നതിനോ പ്രതിഫലമോ കമ്മീഷനോ സ്വീകരിക്കുന്നത് അനുവദനീയമല്ല. അത്തരം വരുമാനം ഹലാൽ അല്ല. അബദ്ധത്തിൽ അത്തരം തുക ലഭിച്ചാൽ അത് ദാനമായി നൽകണം.
3. ഡോക്ടർ നിർദ്ദേശിച്ച സ്ഥാപനം അല്ല എന്നതിന്റെ പേരിൽ മാത്രം ഒരു വിശ്വസനീയ സ്ഥാപനത്തിന്റെ ലബോറട്ടറി റിപ്പോർട്ട് തള്ളിക്കളയുന്നത് അക്രമമാണ്. ഇപ്രകാരം ആവശ്യമൊന്നുമില്ലാതെ ടെസ്റ്റ് നടത്തിക്കുന്നതും മരുന്ന് കുറിച്ച് കൊടുക്കുന്നതും അന്യായവും ധാർമ്മികതയ്‌ക്ക് വിരുദ്ധവുമാണ്.
4. ഇന്നത്തെ കാലത്ത് മെഡിക്കൽ ടൂറിസം അനിവാര്യമായി മാറിയിരിക്കുന്നു. ശരിയായ ചികിത്സയ്ക്കും അനുയോജ്യമായ ആശുപത്രി കണ്ടെത്തുന്നതിനും പലപ്പോഴും ഇടനിലക്കാരെ ആവശ്യമായി വരാറുണ്ട്. ഇതിനുവേണ്ടി ഇടനിലക്കാർക്ക് ന്യായമായ കൂലി വാങ്ങാവുന്നതാണ്. എന്നാൽ, ഏതെങ്കിലും നിലയിൽ രോഗിയെ ദ്രോഹിക്കുന്നതും വഞ്ചിക്കുന്നതും നിഷിദ്ധമാണ്.
5. മരുന്നുകൾക്ക് നിശ്ചയിച്ചിരിക്കുന്ന ഉപയോഗാവധി (Expiry Date) കഴിഞ്ഞാൽ ആ മരുന്ന് വിൽക്കുന്നത് അനുവദനീയമല്ല.
6. ഉപയോഗാവധി കഴിഞ്ഞ ശേഷം ചില മരുന്നുകൾക്കും മറ്റു വസ്തുക്കൾക്കും ഉപയോഗ യോഗ്യതയിൽ വ്യത്യാസം ഉണ്ടാകാം. അതിനാൽ അത്തരം മരുന്നുകളിലും വസ്തുക്കളിലും ജാഗ്രത പാലിക്കണം. കൂടാതെ രാജ്യത്തെ നിയമങ്ങളും പാലിക്കേണ്ടതാണ്.
7. കാലാവധി കഴിഞ്ഞ മരുന്നുകൾ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് അത് വിൽക്കുന്നവൻ ഉത്തരവാദിയായിരിക്കും.
ആവശ്യ നിർദ്ദേശങ്ങൾ:
(A) രാജ്യത്തെ വിവിധ പണ്ഡിതന്മാരും വിവിധ ചിന്തകരും ഒരുമിച്ചു കൂടിയ ഈ യോഗം സർക്കാരിനോട് ആവശ്യപ്പെടുന്നത്:
ചികിത്സ മനുഷ്യന്റെ അടിസ്ഥാന ആവശ്യകതയും ഒരു സേവനവുമാണ്. അതിനെ ലാഭക്കച്ചവടത്തിന്റെ ഉപാധിയാക്കുന്നതിനെ തടയുകയും, ചികിത്സ ലഘുവാക്കാൻ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഈ മേഖലയിൽ പൊതുജനങ്ങളുടെ മേൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് തടയിടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട രാജ്യ നിയമങ്ങൾ ശക്തമായി നടപ്പിലാക്കേണ്ടതാണ്. കൂടാതെ, ആവശ്യാനുസൃതം പൊതുജന നന്മകൾക്കായി പുതിയ നിയമങ്ങൾ കൊണ്ടുവരികയും ചെയ്യേണ്ടതാണ്.
(B) ഈ യോഗം ഡോക്ടർമാരോടും ആവശ്യപ്പെടുന്നു: മനുഷ്യസേവനത്തിന്റെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതും ആദരണീയവുമായ ഒരു തൊഴിലുമായിട്ടാണ് പടച്ചവൻ നിങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ രോഗികളോട് നിങ്ങൾ സഹാനുഭൂതിയോടെയും ഗുണകാംക്ഷയോടെയും പെരുമാറണം, അവരെ അനാവശ്യമായി ഭാരം ഏൽപ്പിക്കരുത്. മതപരമായ പരിധികൾക്കുള്ളിൽ നിന്ന് സമ്പാദിക്കുന്ന വരുമാനം, അത് കുറവാണെങ്കിൽ പോലും അതിൽ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള അനുഗ്രഹവും പരലോകത്ത് ഗുണവും ഉണ്ടാകുമെന്ന കാര്യം എപ്പോഴും ഓർക്കണം.
(C) ആശുപത്രികൾ ചികിത്സാ കേന്ദ്രങ്ങളാണ്, രോഗികൾക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും ഒരിടത്ത് നൽകുക എന്നതാണ് അവയുടെ ഉത്തരവാദിത്തം. ഇതൊരു അനുവദനീയമായ ഉപജീവനമാർഗ്ഗമാണ്, ഇത്തരം കാര്യങ്ങളെ ശരീഅത്ത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അതിനാൽ, ആശുപത്രി ഉടമകൾ തങ്ങളുടെ തൊഴിലിന്റെ മാനുഷിക വശങ്ങൾ എപ്പോഴും മുൻനിർത്തണം. അനാവശ്യ പരിശോധനകൾ, പ്രത്യേക മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങാൻ നിർബന്ധിക്കൽ, ബെഡ് ലഭിക്കാൻ അമിത തുക ഈടാക്കൽ തുടങ്ങി രോഗികളെ ചൂഷണം ചെയ്യുന്ന പ്രവണതകൾ ഒഴിവാക്കുക. മതപരമായി അനുവദനീയമല്ലാത്തതും അനീതിയുടെ പരിധിയിൽ വരുന്നതുമായ കാര്യങ്ങളിൽ നിന്ന് അവർ വിട്ടുനിൽക്കേണ്ടതാണ്.
(D) ഇസ്‌ലാമിക തത്വങ്ങൾ പാലിച്ച് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾ കൂടുതലായി സ്ഥാപിക്കാൻ മുസ്‌ലിം സമുദായം പരിശ്രമിക്കണമെന്ന് ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ ഈ സെമിനാർ അഭ്യർത്ഥിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ അവർക്ക് ചികിത്സയുമായി ബന്ധപ്പെട്ട സാധ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണം. കേവലമൊരു കച്ചവടം എന്നതിലുപരി സേവന മനോഭാവത്തോടെയായിരിക്കണം ഇത് ചെയ്യേണ്ടത്.
2) വിദ്യാഭ്യാസ, പ്രബോധന പ്രവർത്തനങ്ങൾക്കായി ഇന്റർനെറ്റ് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച വിധികൾ
1. അനുവദനീയവും ഉത്തമവുമായ ആവശ്യങ്ങൾക്ക് ഡിജിറ്റൽ ചിത്രങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ട്.
2. വിദ്യാഭ്യാസം പോലെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് സ്ക്രീനിൽ റെക്കോർഡ് ചെയ്ത കാര്യങ്ങൾ വീഡിയോ രൂപത്തിൽ കാണിക്കാവുന്നതാണ്. എന്നാൽ ആ വീഡിയോ ധാർമ്മിക മൂല്യങ്ങളെ തകർക്കുന്നതാകരുത് എന്ന നിബന്ധനയുണ്ട്.
3. മതപരവും പ്രബോധനപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ട്. കൂടാതെ, മുസ്‌ലിം സമുദായത്തെ തെറ്റായ ചിന്താഗതികളിൽ നിന്നും സിദ്ധാന്തങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി, ആധികാരികവും ഉപകാരപ്രദവുമായ വിവരങ്ങൾ ഇന്റർനെറ്റിലൂടെ വീഡിയോ രൂപത്തിൽ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്, ഇത് ശരീഅത്ത് പ്രകാരം അനുവദനീയവുമാണ്.
4. പൊതുജന നന്മയ്ക്കായി ഉപകാരപ്രദവും നല്ലതുമായ ഏതെങ്കിലും പരിപാടികൾ ഇന്റർനെറ്റ് വഴി വീഡിയോ രൂപത്തിൽ സൂക്ഷിച്ച് വെക്കുന്നത് അനുവദനീയമാണ്.
5. ഭരണപരവും, വാണിജ്യപരവും, മതപരമായി ഉപകാരപ്രദവുമായ മീറ്റിംഗുകൾ സൂം (Zoom), ഗൂഗിൾ മീറ്റ് (Google Meet) തുടങ്ങിയവയിൽ നടത്തുന്നതിൽ യാതൊരു തെറ്റുമില്ല. കൂടാതെ അതിലെ മുഴുവൻ നടപടിക്രമങ്ങളും സേവ് ചെയ്യാനും റെക്കോർഡ് ചെയ്യാനും അനുവാദമുണ്ട്.
6. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ, മതപരമായും സാംസ്കാരികമായും ഇസ്‌ലാമിക വിരുദ്ധവും അധാർമ്മികവുമായ പരസ്യങ്ങൾ തടയാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്; ഇതിനായി എന്തെങ്കിലും ഫീസ് നൽകേണ്ടി വന്നാൽ പോലും അത് ചെയ്യണം.
7. അനുവദനീയമായ ഏതെങ്കിലും പരിപാടിയിൽ, ദൂരെ ഇരിക്കുന്ന ശ്രോതാക്കൾക്ക് ശ്രദ്ധയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതിനായി ടിവി സ്ക്രീൻ വെക്കുന്നതിൽ യാതൊരു തടസ്സവുമില്ല; ശ്രോതാക്കൾ പുരുഷന്മാരായാലും സ്ത്രീകളായാലും ശരി.
8. ചിത്രങ്ങളുള്ള ഏതെങ്കിലും വസ്തു ഉപയോഗിക്കുമ്പോൾ, ചിത്രം അതിലെ പ്രധാന ലക്ഷ്യമാകരുത്, മറിച്ച് ആ വസ്തു തന്നെയായിരിക്കണം ലക്ഷ്യം, കൂടാതെ ചിത്രങ്ങളുള്ള വസ്തുക്കൾ ചിത്രത്തിന് വേണ്ടിയല്ല, മറിച്ച് അത്യാവശ്യ സാധനങ്ങൾ ആയതുകൊണ്ട് വാങ്ങുകയാണെങ്കിൽ അതിന് അനുവാദമുണ്ട്.
9. പരസ്യങ്ങൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവയിൽ പ്രചാരണത്തിനായി ജീവനുള്ളവയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് അനുവദനീയമല്ല. ഈ വിധി പൊതുവായതാണ്, പ്രത്യേകിച്ച് മതസ്ഥാപനങ്ങളും സംഘടനകളും ഇതിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കേണ്ടത് അനിവാര്യമാണ്.
3) നിലവിലെ കാലഘട്ടത്തിൽ 'ഫിസ്ഖ്' (ദുർമാർഗ്ഗം) കൊണ്ടുള്ള വിവക്ഷയും അതുമായി ബന്ധപ്പെട്ട വിധികളും.
'ഫിസ്ഖ്' (ദുർമാർഗ്ഗം) എന്നത് തികച്ചും ഒരു ഇസ്‌ലാമിക കർമ്മശാസ്ത്ര പദമാണ്. കൂടാതെ കൃത്യമായി ഒരാളെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ അതീവ ജാഗ്രത ആവശ്യമാണ്. ഇത് തെളിയിക്കുന്നതിന് മതപരമായ തെളിവുകൾ നിർബന്ധമാണ്. കേവലം ഊഹങ്ങളുടെയും ധാരണകളുടെയും അടിസ്ഥാനത്തിൽ ഒരാളെ 'ഫാസിഖ്' എന്ന് വിധിക്കുന്നത് ശരിയല്ല.
1. വൻപാപങ്ങൾ ചെയ്യുകയോ അല്ലെങ്കിൽ ചെറുപാപങ്ങൾ ആവർത്തിച്ച് ചെയ്യുകയോ ചെയ്യുന്നതിനാണ് ഫിസ്ഖ് ബാധകമാകുന്നത്.
2. ഒരു ഫാസിഖിന്റെ സാക്ഷ്യത്തിൽ ന്യായാധിപന് തൃപ്തിയുണ്ടെങ്കിൽ, മാസപ്പിറവി കാണുന്നതിലോ മറ്റ് കാര്യങ്ങളിലോ അയാളുടെ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാവുന്നതാണ്.
3. മതസ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികളായി, മതനിഷ്ഠയുള്ളവരും ശരീഅത്ത് പാലിക്കുന്നവരുമായ ആളുകളെ മാത്രമേ നിയമിക്കാവൂ. എന്നാൽ, എന്തെങ്കിലും നന്മകൾ കാരണം ഫാസിഖായ ഒരാളെ നിയമിക്കുകയോ, അല്ലെങ്കിൽ അയാൾ സ്വയം ബലമായി ആ സ്ഥാനം ഏറ്റെടുക്കുകയോ ചെയ്താൽ, അനുവദനീയമായ കാര്യങ്ങളിൽ അയാളെ അനുസരിക്കേണ്ടതാണ്.
4. അഹ്‌ലുസ്സുന്ന വൽ ജമാഅത്തിന്റെ വിശ്വാസങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും വിശ്വാസം വെച്ചുപുലർത്തുന്നത് 'ഫിസ്ഖ് ഫിൽ അഖീദ' (വിശ്വാസപരമായ ഫിസ്ഖ്) ആണ്. അത്തരം ഒരാളുടെ വിശ്വാസം അവിശ്വാസത്തിന്റെ തലത്തിൽ എത്തിയിട്ടില്ലെങ്കിൽ, മറിച്ച് ഫിസ്ഖിൽ മാത്രം ഒതുങ്ങുകയും, സ്വന്തം അനുയായികൾക്ക് വേണ്ടി നുണ പറയുന്നത് അനുവദനീയമാണെന്ന് അയാൾ വിശ്വസിക്കാതിരിക്കുകയും ചെയ്താൽ അയാളുടെ സാക്ഷ്യം സ്വീകരിക്കാവുന്നതാണ്.
5. ഒരു ഫാസിഖ് തന്റെ ഫിസ്ഖിൽ നിന്ന് പശ്ചാത്തപിക്കുകയും, ന്യായാധിപന് അതിൽ തൃപ്തിവരികയും ചെയ്താൽ, അയാളുടെ സാക്ഷ്യത്തിൽ തീരുമാനമെടുക്കാവുന്നതാണ്.
6. റസൂലുല്ലാഹി ﷺ താടി വളർത്താൻ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ ചുരുങ്ങിയത് ഒരു പിടി നീളത്തിൽ താടി വെക്കൽ നിർബന്ധമാണ്. എന്നിരുന്നാലും, ചില പണ്ഡിതന്മാർ അവരുടെ വ്യാഖ്യാനത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ താടിക്ക് ഇത്ര അളവ് നിർബന്ധമില്ലെന്ന് കരുതുന്നുവെങ്കിൽ, അവരെ 'ഫാസിഖ്' എന്ന് വിളിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
4) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് ആധുനിക കണ്ടുപിടുത്തങ്ങളിൽ ഒന്നാണ്, ഇത് ഇപ്പോഴും വികസന ഘട്ടങ്ങളിലാണ്. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ശാഖയാണിത്. മനുഷ്യന് ഒരുപാട് ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യേണ്ടി വരുന്ന വിവരങ്ങൾ വളരെ വേഗത്തിൽ ഇതിലൂടെ ലഭ്യമാക്കാൻ സാധിക്കും. ആധുനിക കണ്ടുപിടുത്തങ്ങളുടെ കാര്യത്തിൽ ഇസ്‌ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാട് ഇതാണ്: ശരീഅത്തിന് വിരുദ്ധമല്ലാത്തതും മനുഷ്യർക്ക് ഹാനികരമല്ലാത്തതുമായ ഏത് കാര്യത്തിൽ നിന്നും പ്രയോജനം നേടുന്നത് അനുവദനീയമാണ്. എന്നാൽ, ശരീഅത്തിന് വിരുദ്ധമായതോ മനുഷ്യർക്ക് ദോഷകരമായതോ ആയ കാര്യങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. ഈ തത്വം മുൻനിർത്തി, താഴെ പറയുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കുന്നു:
1. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം അടിസ്ഥാനപരമായി അനുവദനീയമാണ്. അനുവദനീയമായ കാര്യങ്ങൾക്ക് വേണ്ടി ഇത് ഉപയോഗിക്കുന്നതിൽ തെറ്റില്ല; എന്നാൽ മതപരമായ നിയമ പരിധികളും നിയന്ത്രണങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്.
2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുമ്പോൾ താഴെ പറയുന്ന നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട്:
A, തെറ്റായതോ, അശ്ലീലമായതോ, അർത്ഥശൂന്യമായതോ ആയ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഇത് ഉപയോഗിക്കരുത്.
B, വഞ്ചനയും തട്ടിപ്പും പൂർണ്ണമായും ഒഴിവാക്കണം. മാത്രമല്ല, ഇത് നീതിക്കും, സാമൂഹിക-പാരിസ്ഥിതിക ഗുണങ്ങൾക്കും, മനുഷ്യന്റെ ക്ഷേമത്തിനും പുരോഗതിക്കും സഹായകമാകണം.
C, മതനിഷേധപരമായ വിവരങ്ങൾ ഇതിൽ ഫീഡ് ചെയ്യാൻ പാടില്ല.
D, കൊലപാതകങ്ങൾക്കും യുദ്ധങ്ങൾക്കും കുഴപ്പങ്ങൾക്കും ഇത് കാരണമാകരുത്.
E, സത്യസന്ധതയ്ക്കും രഹസ്യസ്വഭാവത്തിനും വിരുദ്ധമാകരുത്.
3. AI-യിൽ ലഭ്യമായ വിവരങ്ങൾ ഒരു പൊതുവായ വിജ്ഞാന സമ്പത്താണ്. അത് പ്രയോജനപ്പെടുത്തുന്നതിന് അക്കാദമികമായ കഴിവ് ആവശ്യമാണ്. അതിനാൽ, AI (ഉദാഹരണത്തിന് Chat GPT) ഉപയോഗിച്ച് തയ്യാറാക്കിയ ലേഖനത്തിലോ പുസ്തകത്തിലോ കംപൈലർ (ക്രോഡീകരിച്ച വ്യക്തി) എന്ന നിലയിൽ സ്വന്തം പേര് നൽകാൻ അനുവാദമുണ്ട്. കൂടാതെ, അതിൽ നിന്ന് ഏതെങ്കിലും ഉദ്ധരണി അതേപടി പകർത്തിയിട്ടുണ്ടെങ്കിൽ അതിൻ്റെ അവലംബം (reference) നൽകേണ്ടത് നിർബന്ധമാണ്. ആ വിവരങ്ങളുടെ അടിസ്ഥാന അവലംബം അവിടെ പരാമർശിച്ചിട്ടുണ്ടെങ്കിൽ അതും വ്യക്തമാക്കേണ്ടതാണ്. എന്നിരുന്നാലും, പണ്ഡിതന്മാർ പ്രത്യേകിച്ച് മതപരമായ വിഷയങ്ങളിൽ എഴുതുമ്പോൾ ഇതിനെ മാത്രം ആശ്രയിക്കാതെ അടിസ്ഥാന ഉറവിടങ്ങൾ തന്നെ പരിശോധിക്കേണ്ടതാണ്.
4. ബാങ്ക് കേവലം ഒരു അറിയിപ്പ് മാത്രമല്ല, അതൊരു ആരാധന കൂടിയാണ്. ഒരു യന്ത്രത്തിന് ആരാധന നിർവഹിക്കാൻ അർഹതയില്ല. അതിനാൽ ബാങ്ക് വിളിക്കുന്നതിനായി AI ഉപയോഗിക്കുന്നത് അനുവദനീയമല്ല.
5. AI മുഖേന, ഫോണിൽ ഒരു വ്യക്തി പറയാത്ത കാര്യങ്ങൾ പോലും അയാളുടെ സ്വന്തം ശബ്ദത്തിൽ കേൾപ്പിക്കാൻ സാധിക്കും. അതുപോലെ തന്നെ ഓഡിയോയിലും വീഡിയോയിലും എഡിറ്റിംഗ് നടത്താനും കഴിയും. അതിനാൽ, ഫോണിലെ ശബ്ദവും വീഡിയോ റെക്കോർഡിംഗുകളും അനുമാന തെളിവുകളായി (Presumptive evidence) മാത്രമേ പരിഗണിക്കുകയുള്ളൂ, അതിനനുസരിച്ചായിരിക്കും വിധികൾ നിർണ്ണയിക്കപ്പെടുക.
6. അധ്യാപകരും, അക്കാദമിക രംഗത്ത് പ്രവർത്തിക്കുന്നവരും, മറ്റ് ഉദ്യോഗസ്ഥരും AI ഉപയോഗപ്പെടുത്തി തങ്ങളുടെ ജോലി നിർവഹിച്ചാലും അവർക്ക് വേതനത്തിന് അർഹതയുണ്ടായിരിക്കും. എന്നാൽ, AI ഉപയോഗിക്കരുത് എന്ന് മുൻകൂട്ടി നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ അത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
5) സ്ത്രീകൾ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ
ഇസ്‌ലാം സ്ത്രീകൾക്ക് വലിയ ആദരവും ബഹുമാനവും നൽകിയിട്ടുണ്ട്. തൊഴിൽ വിഭജനത്തിന്റെ തത്വമനുസരിച്ച്, അടിസ്ഥാനപരമായി വീട്ടു കാര്യങ്ങളുടെ ഉത്തരവാദിത്തം സ്ത്രീകൾക്കും, വീടിന് പുറത്ത് ഉപജീവനം കണ്ടെത്തുക തുടങ്ങിയവയുടെ ഉത്തരവാദിത്തം പുരുഷന്മാരിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനാൽ, ശരീഅത്തിന്റെ കാഴ്ചപ്പാടിൽ സ്ത്രീകൾ അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നത് അഭികാമ്യമായ കാര്യമല്ല, അവരെ ഉപജീവനം കണ്ടെത്താൻ നിർബന്ധിക്കുന്നതും അനുവദനീയമല്ല.
എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി സ്ത്രീകൾക്കും വീടിന് പുറത്തിറങ്ങാനും യാത്ര ചെയ്യാനും നിർബന്ധിതരാകാറുണ്ട്. ഈ വശങ്ങൾ മുൻനിർത്തി താഴെ പറയുന്ന നിർദ്ദേശങ്ങൾ അംഗീകരിച്ചു:
1. ആവശ്യാനുസരണം സ്ത്രീകൾക്ക് വീടിന് പുറത്തിറങ്ങാനും യാത്ര ചെയ്യാനും അനുവാദമുണ്ട്.
2. സ്ത്രീകൾക്ക് ശരീഅത്ത് അനുശാസിക്കുന്ന പർദ്ദയോടുകൂടി പുറത്ത് നടക്കാൻ അനുവാദമുള്ളത് പോലെ തന്നെ, ആവശ്യഘട്ടങ്ങളിൽ ശരീഅത്തിന്റെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വന്തം വാഹനം, സ്കൂട്ടി, കാർ എന്നിവ ഓടിക്കുന്നതും അനുവദനീയമാണ്.
3. യാത്ര 'ശർഈ ദൂരം' (ഇസ്‌ലാമിക നിയമപ്രകാരം യാത്രക്കാരനായി പരിഗണിക്കപ്പെടുന്ന ദൂരം) ആണെങ്കിൽ, സ്കൂട്ടിയിലോ കാറിലോ ഭർത്താവോ മഹ്‌റമോ കൂടെയുണ്ടെങ്കിൽ, ആവശ്യഘട്ടത്തിൽ സ്ത്രീകൾക്ക് ഡ്രൈവിംഗിന് അനുവാദമുണ്ട്.
4. ഫിത്‌ന (കുഴപ്പം), പർദ്ദയില്ലായ്മ, ലജ്ജയ്ക്കും മാന്യതയ്ക്കും നിരക്കാത്തത് എന്നീ ഭയങ്ങളാലും, തെറ്റിലേക്കുള്ള വഴികൾ അടയ്ക്കുക എന്ന തത്വം പരിഗണിച്ചും, സ്ത്രീകൾ പബ്ലിക് ട്രാൻസ്പോർട്ട് (ഉദാഹരണത്തിന് ബസ്, ലോറി, ട്രെയിൻ, വിമാനം തുടങ്ങിയവ) ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെ തന്നെ സ്ത്രീകൾ ടി.ടി (ടിക്കറ്റ് പരിശോധകർ), കണ്ടക്ടർ എന്നീ ജോലികൾ ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു.
5. ശരീഅത്തിന്റെ പരിധികളും നിബന്ധനകളും പാലിക്കാൻ സാധിക്കുമെങ്കിൽ, സ്ത്രീകൾക്ക് റെയിൽവേ, വിമാന ടിക്കറ്റുകൾ നൽകുന്ന (ടിക്കറ്റിംഗ്) ജോലി ചെയ്യാൻ അനുവാദമുണ്ട്, അല്ലാത്തപക്ഷം പാടില്ല.
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.
1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ - 75
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും - 45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40
50. ഇസ്‌ലാമിലെ വിവാഹം - 20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40
61. ബുഖാറയിലൂടെ - 15
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് - 450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ - 40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90
കാറ്റലോഗിനായി ക്ലിക്ക് ചെയ്യുക: https://wa.me/c/918577858031
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹

