ദുൽഹജ്ജ് 25/1447
ജൂൺ 12/2026
ലക്കം: 264
ഉള്ളടക്കം
▪️മുഖലിഖിതം
മൊബൈലുകൾ താഴെ വെക്കുക; രചനകൾ കൈയ്യിൽ പിടിക്കുക
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
▪️ജുമുഅ സന്ദേശം
മുഹർറം മാസവും ഹിജ്‌റ വർഷവും
✍️ മൗലാനാ ഡോ. സഊദ് ആലം ഖാസിമി
▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
ആയത്ത് 50-57
✍️ മൗലാനാ മുഫ്തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
മാനവികതാ പ്രവർത്തനങ്ങളിൽ മുന്നേറുക
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
▪️ഇലാ റഹ്‌മത്തില്ലാഹ്...
▪️ഗ്രന്ഥ പരിചയം
ഹാജിമാർക്കുള്ള ഉപഹാരം
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
മൊബൈലുകൾ താഴെ വെക്കുക; രചനകൾ കൈയ്യിൽ പിടിക്കുക
"അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺയുടെ പ്രവർത്തനം ആരംഭിച്ചത് പടച്ചവന്റെ നാമത്തിൽ പടച്ചവന് പൊരുത്തമായ കാര്യങ്ങൾ അധികമായി പാരായണ പഠനങ്ങൾ നടത്തുക എന്ന സന്ദേശവുമായിട്ടായിരുന്നു. അല്ലാഹു പ്രവാചകന്മാരോട് കൽപ്പിക്കുകയും പ്രവാചകന്മാർ മാനവരാശിക്ക് നൽകുകയും ചെയ്ത ഒരു സുപ്രധാന സന്ദേശവും വിശുദ്ധ ഗ്രന്ഥം പാരായണ പഠന പ്രബോധനങ്ങൾ നടത്തി മുറുകെ പിടിക്കുക എന്നതായിരുന്നു. റസൂലുല്ലാഹി ﷺ ഈ ക്രമത്തിൽ സ്വഹാബത്തിനെ വാർത്തെടുക്കുകയും പിൻഗാമികളായ മഹത്തുക്കളെല്ലാം പ്രയോജനപ്രദമായ രചനകളും വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ട് കഴിയുകയും ചെയ്തു. മുൻഗാമികളുടെ അമൂല്യ നിധി ശേഖരങ്ങളായി ഇന്നും ആ രചനകൾ നിലകൊള്ളുന്നു.
പക്ഷേ ഖേദകരം എന്ന് പറയട്ടെ, ഇടയ്ക്ക് മൊബൈൽ കടന്നുവന്ന് അത് ഈ മഹത്തായ ഗുണത്തെ താറുമാറാക്കിയിരിക്കുകയാണ്. പഴയ കാലഘട്ടത്തിൽ മൂലയിൽ വെച്ചിരുന്ന ഫോണിന്റെ സൗകര്യമാണ് മൊബൈലായി രൂപാന്തരപ്പെട്ടത്. യാത്രയിൽ അത് പ്രയോജനപ്പെടുന്നതാണ് എന്ന് വെച്ചാൽ ബാക്കി അതിന്റെ സ്ഥാനം താഴെ വെക്കുക എന്ന് തന്നെയാണ്. പക്ഷേ, അതിനെ മനുഷ്യൻ വാരിപ്പുണരുകയും രാവും പകലും അതിലായി കഴിയുകയും ചെയ്തു. കൂട്ടത്തിൽ അധർമ്മത്തിന്റെ വക്താക്കൾ മൊബൈൽ അധർമ്മം പ്രചരിപ്പിക്കാനുള്ള ഒരു പ്രധാന മാധ്യമമാക്കുകയും ചെയ്തു. അങ്ങനെ മുഴുവൻ ജനങ്ങളും മൊബൈലിലേക്ക് തിരിയുകയും മൊബൈൽ ഭ്രാന്ത് പിടിച്ചവരായി വലിയൊരു വിഭാഗം മാറുകയും ചെയ്തിരിക്കുന്നു.
സ്കൂളുകളിലും ആരാധനാലയങ്ങളിലും മുഴുവൻ സ്ഥലങ്ങളിലും മൊബൈലിന്റെ അതിപ്രസരം ഇന്ന് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് നാം ഓരോരുത്തരും മൊബൈൽ മൂലയിൽ വെക്കുക ഗ്രന്ഥങ്ങൾ കയ്യിൽ പിടിക്കുക എന്ന സന്ദേശം അധികമായി പ്രചരിപ്പിക്കേണ്ടതാണ്. മൊബൈൽ ബന്ധങ്ങളെ തകർക്കുന്നു, മനുഷ്യനെ അന്തർമുഖനാക്കുന്നു, രാവും പകലും താറുമാറാക്കുന്നു. ഉത്തമ രചനകൾ ഉത്തമ മനുഷ്യനെ സൃഷ്ടിക്കുന്നു. തുടക്കം എന്ന നിലയിൽ സൂര്യാസ്തമയത്തിന് അരമണിക്കൂർ മുമ്പ് മുതൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വരെയും മൊബൈൽ ഉപയോഗം ഉപേക്ഷിക്കുക, വന്ന ഫോണുകൾ ശേഷം എടുത്ത് സംസാരിക്കുക, നന്മയല്ലാത്ത മറ്റൊന്നും മൊബൈൽ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക.."
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
മുഹർറം മാസവും ഹിജ്‌റ വർഷവും
✍️ മൗലാനാ ഡോ. സഊദ് ആലം ഖാസിമി
(എക്സിക്യൂട്ടീവ് മെമ്പർ, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്)
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. أما بعد
فأعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
﴿إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ.﴾
മുഹർറമുൽ ഹറാം ഹിജ്‌രി കലണ്ടറിലെ ആദ്യ മാസമാണ്. ഇസ്‌ലാമിക് ഹിജ്‌രി കലണ്ടർ വലിയ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ റസൂലുല്ലാഹി ﷺ മക്കത്തുൽ മുകർറമയിൽ നിന്നും മദീനത്തുൽ മുനവ്വറയിലേക്ക് ഹിജ്‌റ ചെയ്ത ചരിത്ര സംഭവത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ഇസ്‌ലാമിക ചരിത്രത്തിൽ ഹിജ്‌രി കലണ്ടറിന് ആദ്യമായി തുടക്കം കുറിച്ചത് രണ്ടാം ഖലീഫയായ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ആണ്. തന്റെ ഭരണകാലത്ത് ഹിജ്‌റ വർഷം 16 ജമാദുൽ ആഖിർ 20 വ്യാഴാഴ്ചയാണ് ഉമറുൽ ഫാറൂഖ് (റ) ഹിജ്‌റ കലണ്ടർ നടപ്പിലാക്കിയത്. ഇതിനുമുമ്പ് ഹിജ്‌രി വർഷഗണന ക്രമീകരിക്കപ്പെട്ടിരുന്നില്ല. സംഭവങ്ങളെ ഹിജ്‌റയുടെ അടിസ്ഥാനത്തിൽ നിർണ്ണയിച്ചിട്ടുമില്ലായിരുന്നു. പകരം, റസൂലുല്ലാഹി ﷺ ജനിച്ച വർഷം, അല്ലെങ്കിൽ അബ്റഹത്ത് ആനപ്പടയുമായി വന്ന് കഅബ പൊളിക്കാൻ ശ്രമിച്ച് നാശമടഞ്ഞ വർഷം (ആനക്കലഹം) എന്നിവയെ അടിസ്ഥാനമാക്കിയാണ് ദിവസങ്ങളും സംഭവങ്ങളും വിവരിച്ചിരുന്നത്. എന്നാൽ ഉമറുൽ ഫാറൂഖ് (റ) സ്വഹാബത്തുമായി കൂടിയാലോചിച്ച് നബി (സ) യുടെ ഹിജ്‌റയെ ഇസ്‌ലാമിക കലണ്ടറിന്റെ തുടക്കമായി നിശ്ചയിച്ചപ്പോൾ, മദീനയിലേക്കുള്ള ഹിജ്‌റയെ അല്ലാഹു സ്വീകരിച്ചതുപോലെ ഇതിനെയും അല്ലാഹു സ്വീകരിച്ചു.
ആകയാൽ ഇസ്‌ലാമിക് ഹിജ്‌രി വർഷത്തിലെ ആദ്യ മാസമായ മുഹർറം മാസം, മുഴുവൻ മനുഷ്യർക്കും വിശിഷ്യാ മുസ്‌ലിംകൾക്ക് ലോക മതചരിത്രത്തിന്റെ ഭൂപടം തന്നെ മാറ്റിവരച്ച മഹത്തായ ഹിജ്‌റ സംഭവത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് കടന്നുവരുന്നത്.
മുഹർറം ഒന്നിനാണ് ഉമറുൽ ഫാറൂഖ് (റ) ശഹാദത്ത് വരിച്ചത്. റസൂലുല്ലാഹി ﷺ യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനവർകൾ, ദുൽഹിജ്ജ 26-ന് നിസ്കരിച്ചുകൊണ്ടിരിക്കവെ ഫൈറൂസ് എന്ന ഇറാനിയൻ അടിമ അദ്ദേഹത്തെ കുന്തം കൊണ്ട് കുത്തുകയായിരുന്നു. അങ്ങനെ മുറിവേറ്റ് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹം ശഹാദത്ത് വരിച്ചത്.
റസൂലുല്ലാഹി ﷺ തുടർച്ചയായി 13 വർഷം മക്കയിലെ അവിശ്വാസികളെ തൗഹീദിലേക്ക് ക്ഷണിച്ചു. കുഫ്‌റും ശിർക്കും വെടിഞ്ഞ് ഏകനായ അല്ലാഹുവിൽ വിശ്വസിക്കാൻ ആഹ്വാനം ചെയ്യുകയും, അക്രമവും അനീതിയും ഉപേക്ഷിച്ച് നീതിയുടെ മാർഗ്ഗം സ്വീകരിക്കാൻ പഠിപ്പിക്കുകയും ചെയ്തു. ഇതിന് മറുപടിയായി കാഫിറുകൾ പ്രവാചകനെയും അവിടുത്തെ കുടുംബത്തെയും അനുചരന്മാരെയും അസഭ്യം പറയുകയും, കുറ്റാരോപണങ്ങൾ നടത്തുകയും, പീഡിപ്പിക്കുകയും, ശിഅബ് അബീത്വാലിബിൽ ഉപരോധിക്കുകയും, വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തു. തൗഹീദിന്റെ വചനത്തെയും അതുമായി കടന്നുവന്ന മുഹമ്മദ് ﷺ യെയും ഇല്ലായ്മ ചെയ്യാൻ അവർ തീരുമാനിച്ചു. പ്രസ്തുത സംഭവം ഖുർആൻ ഇപ്രകാരം വിവരിക്കുന്നു:
﴿ وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ﴾
"സത്യനിഷേധികൾ താങ്കളെ തടവിലാക്കാനോ വധിക്കാനോ നാടുകടത്താനോ താങ്കൾക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞിരുന്ന സന്ദർഭം (ഓർക്കുക). അവർ തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടിരുന്നു, അല്ലാഹുവും തന്ത്രങ്ങൾ പ്രയോഗിക്കുകയായിരുന്നു. തന്ത്രങ്ങൾ പ്രയോഗിക്കുന്നവരിൽ ഏറ്റവും മികച്ചവൻ അല്ലാഹുവാണ്." (അൻഫാൽ: 30)
അക്രമത്തിന്റെയും അജ്ഞതയുടെയും കൊടുങ്കാറ്റ് ആഞ്ഞുവീശിയിരുന്ന അന്തരീക്ഷത്തിൽ, റസൂലുല്ലാഹി ﷺ ആദ്യം തന്റെ അനുചരന്മാരോട് ഹബ്ശയിലേക്ക് (ഇപ്പോഴത്തെ എത്യോപ്യ) ഹിജ്‌റ ചെയ്യാൻ കൽപ്പിച്ചു. പിന്നീട് മുസ്‌ലിംകൾക്ക് ഈമാനിൽ ഉറച്ചുനിൽക്കാനും, ഇസ്‌ലാം അനുസരിച്ച് ജീവിക്കാനും, തൗഹീദ് പ്രചരിപ്പിക്കാനും, അക്രമത്തിനും അജ്ഞതയ്ക്കും ഇരയാകാതിരിക്കാനും വേണ്ടി അവിടുന്ന് സ്വഹാബത്തിനോടൊപ്പം മദീനയിലേക്ക് ഹിജ്‌റ ചെയ്തു. അല്ലാഹുവിന്റെ കല്പനപ്രകാരം റസൂലുല്ലാഹി (സ) ഉറ്റമിത്രമായ അബൂബക്ർ സിദ്ദീഖ് (റ) നൊപ്പം ഹിജ്‌റ ചെയ്യുകയും, കാഫിറുകളുടെ പ്രതിനിധികൾ അവിടുത്തെ തിരഞ്ഞു നടക്കുകയും ചെയ്ത രംഗം അല്ലാഹു വിവരിക്കുന്നു:
﴿ إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ﴾
"നിങ്ങൾ പ്രവാചകനെ സഹായിക്കുന്നില്ലെങ്കിൽ (അതുകൊണ്ട് പ്രവാചകന് ഒരു നഷ്ടവുമില്ല), കാഫിറുകൾ തങ്ങളെ പുറത്താക്കിയപ്പോൾ അല്ലാഹു തങ്ങളെ സഹായിച്ചിട്ടുണ്ട്. തങ്ങൾ രണ്ടുപേരിൽ ഒരാളായിരുന്നപ്പോൾ, അവർ രണ്ടുപേരും ഗുഹയിലായിരുന്നപ്പോൾ, തങ്ങൾ തങ്ങളുടെ കൂട്ടുകാരനോട് പറഞ്ഞപ്പോഴും: 'ദുഃഖിക്കേണ്ട, അല്ലാഹു നമ്മുടെ കൂടെയുണ്ട്.' അപ്പോൾ അല്ലാഹു തന്റെ പക്കൽ നിന്നുള്ള സമാധാനം തങ്ങൾക്ക് ഇറക്കിക്കൊടുത്തു. നിങ്ങൾക്ക് കാണാൻ കഴിയാത്ത സൈന്യങ്ങളെക്കൊണ്ട് തങ്ങളെ സഹായിക്കുകയും കാഫിറുകളുടെ വചനം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വചനമാണ് എപ്പോഴും ഉന്നതം. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാണ്.” (അത്തൗബ: 40)
മൂന്ന് രാത്രികൾ ആദരവായ റസൂലുല്ലാഹി ﷺ യും അബൂബക്ർ (റ) ഉം സൗർ ഗുഹയിൽ അഭയം പ്രാപിച്ചു. മക്കയിലെ സത്യനിഷേധികളുടെ ദൂതന്മാർ നൂറ് ഒട്ടകം സമ്മാനം മോഹിച്ച് അവരെക്കുറിച്ചുള്ള വിവരം ശേഖരിക്കാൻ നെട്ടോട്ടമോടുകയായിരുന്നു. സുറാഖത്ത് ബിൻ ജുഅ്ശും അവരുടെ അടുക്കൽ വരെ എത്തിച്ചേർന്നു, എന്നാൽ ഈമാനിന്റെ അടയാളങ്ങൾ കണ്ട് പ്രവാചകനിൽ നിന്നും പത്രം എഴുതി വാങ്ങി അയാൾ മടങ്ങിപ്പോയി.
മലനിരകളിലെ ആ മൂന്ന് രാത്രികളിൽ, അബൂബക്ർ (റ) ന്റെ ചെറിയ മകൾ അസ്മാഅ് (റ) പ്രയാസമേറിയ വഴികളിലൂടെ നടന്ന്, മക്കക്കാരോടുള്ള ഭയത്താൽ വിറച്ചുകൊണ്ട്, ഇരുട്ടിൽ ഭക്ഷണവും വെള്ളവുമായി പ്രവാചകന്റെ അടുക്കൽ എത്തിച്ചേരുമായിരുന്നു. ഇസ്‌ലാമിന്റെ ബദ്ധശത്രുവായ അബൂജഹൽ ഈ നിരപരാധിയായ പെൺകുട്ടിയെ പിടികൂടുകയും അവളുടെ പിതാവിന്റെയും മുഹമ്മദ് ﷺ ന്റെയും വിവരങ്ങളും വിലാസവും ചോദിക്കുകയും ചെയ്തു. എന്നാൽ ഇസ്‌ലാമിന്റെ ധീരപുത്രി ഒന്നും അറിയാത്തതുപോലെ നിന്നു. ശപിക്കപ്പെട്ട അബൂജഹൽ ആ മകളുടെ മുഖത്ത് അടിക്കുകയും അടിയുടെ ശക്തി കാരണം കാതിലെ കമ്മൽ തെറിച്ചുപോവുകയും ചെയ്തു. എന്നിട്ടും ആ ധീരപുത്രി ശത്രുവിന് പ്രവാചകന്റെ ഒളിത്താവളം പറഞ്ഞുകൊടുത്തില്ല.
മൂന്ന് ദിവസം സൗർ ഗുഹയിൽ താമസിച്ചതിന് ശേഷം റസൂലുല്ലാഹി ﷺ തന്റെ ജന്മനാടായ മക്ക ഉപേക്ഷിച്ച് മദീനയിലെത്തിയപ്പോൾ, മദീനയിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവിടുത്തേക്ക് ഉജ്ജ്വലമായ സ്വീകരണം നൽകി. മദീനയിലെ അൻസാറുകൾ നബി ﷺ ക്കും മുഹാജിറുകളായ മുസ്‌ലിംകൾക്കും ആതിഥ്യമരുളുന്നതിലും അവരെ പുനരധിവസിപ്പിക്കുന്നതിലും എല്ലാവിധ ത്യാഗങ്ങളും സഹിക്കുകയും, സ്വന്തം സഹോദരങ്ങളെയും ബന്ധുക്കളെയും ആദരിക്കുന്നതുപോലെ അവരെ ആദരിക്കുകയും ചെയ്തു. അതിലുപരി, ഈമാനിന്റെ ബന്ധം രക്തബന്ധത്തേക്കാൾ ശക്തവും പവിത്രവുമാണെന്ന് അൻസാറുകൾ തങ്ങളുടെ പ്രവൃത്തിയിലൂടെ തെളിയിച്ചു.
നബി ﷺ മദീനയിൽ മസ്ജിദുന്നബവി നിർമ്മിച്ച് ഒരു ഭാഗത്ത് മുസ്‌ലിംകൾക്ക് കേന്ദ്രവും ആരാധനാസ്ഥലവും ഒരുക്കി. മറുവശത്ത് ഓരോ മുഹാജിറിനും ഏതെങ്കിലും ഒരു അൻസാരിയുമായി സാഹോദര്യ ബന്ധം സ്ഥാപിച്ച് അവിഭാജ്യമായ ഒരു ഈമാനി സമൂഹം കെട്ടിപ്പടുത്തു. ഇന്ന് ലോകത്തെമ്പാടും അഭയാർത്ഥികളുടെ പ്രശ്നം വളരെ വലുതാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് വൻതോതിൽ അഭയാർത്ഥികൾ എത്തിയാൽ താമസസൗകര്യത്തോടൊപ്പം തൊഴിൽ പ്രശ്നങ്ങളും സാമൂഹിക അസമത്വങ്ങളും ഉണ്ടാകുന്നു. എന്നാൽ നബി ﷺ തന്റെ നബവി ദീർഘവീക്ഷണത്തോടെയും പ്രവാചക ഉൾക്കാഴ്ച്ചയോടെയും ഈ പ്രശ്നം പരിഹരിച്ച രീതി ഇന്നത്തെ ഭരണാധികാരികൾക്ക് ഒരു മാതൃകയാണ്.
റസൂലല്ലാഹി ﷺ യുടെ ഈ സാമൂഹിക ആസൂത്രണത്തിന് മദീനയിലെ അൻസാറുകൾ പൂർണ്ണ പിന്തുണ നൽകി. തങ്ങളുടെ കൂട്ടുകാരുടെ എല്ലാ സുഖസൗകര്യങ്ങളും അവർ ശ്രദ്ധിക്കുകയും, അവരെ തങ്ങളുടെ ജീവിതത്തിലും കച്ചവടത്തിലും പങ്കാളികളാക്കുകയും ചെയ്തു. അങ്ങനെ അവർ മദീനയെ തങ്ങളുടെ സ്വന്തം നാടാക്കി മാറ്റി. ഈ അൻസാറുകളുടെ ത്യാഗങ്ങളെ അല്ലാഹു സ്വീകരിച്ചത് ഖുർആൻ വിവരിക്കുന്നു:
﴿وَالَّذِينَ تَبَوَّؤُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ﴾
"ഈ മുഹാജിറുകളുടെ വരവിന് മുമ്പ് തന്നെ ഈമാൻ സ്വീകരിച്ച് ദാറുൽ ഹിജ്‌റയിൽ (മദീനയിൽ) താമസമാക്കിയിരുന്നവർ, തങ്ങളുടെ അടുക്കലേക്ക് ഹിജ്‌റ ചെയ്തു വന്നവരെ സ്നേഹിക്കുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെടുന്ന യാതൊന്നിനോടും തങ്ങളുടെ മനസ്സിൽ ഒരു ആവശ്യകതയും അവർക്ക് തോന്നുന്നില്ല. തങ്ങൾക്ക് തന്നെ ആവശ്യമുണ്ടെങ്കിൽ പോലും അവർ മറ്റുള്ളവർക്ക് മുൻഗണന നൽകുന്നു. ആർ സ്വന്തം മനസ്സിന്റെ പിശുക്കിൽ നിന്നും രക്ഷിക്കപ്പെടുന്നുവോ, അവർ തന്നെയാണ് വിജയം വരിച്ചവർ." (അൽ-ഹശ്ർ: 9)
റസൂലുല്ലാഹി ﷺ അൻസാറുകൾക്കും മുഹാജിറുകൾക്കുമിടയിൽ مؤاخاة (സാഹോദര്യബന്ധം) സ്ഥാപിച്ചതിന് ശേഷം, മദീനയിലെ ജനവിഭാഗങ്ങളുമായി, പ്രത്യേകിച്ച് ജൂത ഗോത്രങ്ങളുമായി ചേർന്ന് സമാധാനപരമായ സഹവർത്തിത്വത്തിനുള്ള ഒരു കരാർ ഉണ്ടാക്കി, ഇത് 'മീസാഖെ മദീന' (മദീന കരാർ) എന്ന പേരിൽ പ്രശസ്തമാണ്. അങ്ങനെ ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് അടിത്തറയിട്ടു. മക്കയിലെ സത്യനിഷേധികൾ മുസ്‌ലിംകളുടെ ഈ നാടിന് നേരെ ആക്രമണങ്ങൾ നടത്തിയപ്പോൾ അല്ലാഹു തആലാ അവരുടെ എല്ലാ ആക്രമണങ്ങളെയും പരാജയപ്പെടുത്തി. ബദ്ർ, ഉഹുദ്, ഖന്ദഖ് വരെയുള്ള അവരുടെ എല്ലാ ആക്രമണങ്ങളും പരാജയപ്പെടുകയും ഒടുവിൽ മക്ക വിജയിക്കപ്പെടുകയും ചെയ്തു.
മദീനയിലേക്കുള്ള ഹിജ്‌റ യഥാർത്ഥത്തിൽ മുസ്‌ലിംകളുടെ മേൽക്കോയ്മയുടെയും ഇസ്‌ലാമിക പ്രബോധനത്തിന്റെയും വാതിൽ തുറക്കലായിരുന്നു. മക്കാമുശ്‌രിക്കുകൾ അവരുടെ അക്രമ പീഡനങ്ങളാൽ മുസ്‌ലിംകളെ മക്ക വിട്ടുപോകാൻ നിർബന്ധിതരാക്കിയെങ്കിലും, അല്ലാഹു തആലാ തന്റെ സഹായവും വിജയവും ഹിജ്‌റയിലൂടെ നടപ്പിലാക്കി. അങ്ങനെ അല്ലാഹു തന്റെ റസൂലായ മുഹമ്മദ് ﷺ ന് നൽകിയ വാഗ്ദാനം പൂർത്തീകരിച്ചു:
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ. إِنَّهُمْ لَهُمُ الْمَنصُورُونَ. وَإِنَّ جُندَنَا لَهُمُ الْغَالِبُونَ
"നമ്മുടെ നിയോഗിതരായ ദാസന്മാർക്ക് വേണ്ടി നമ്മുടെ വചനം നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്; തീർച്ചയായും അവർ സഹായിക്കപ്പെടുന്നവർ തന്നെയാണ്, നമ്മുടെ സൈന്യം തന്നെയാണ് വിജയികൾ." (അസ്സ്വാഫ്ഫാത്ത്: 171-173)
ഹിജ്‌റ എന്നത് മഹത്തായ ഒരു ഇബാദത്ത് കൂടിയാണ്. റസൂലുല്ലാഹി ﷺ അരുളി: "തീർച്ചയായും ഇസ്‌ലാം അതിന് മുമ്പുള്ള എല്ലാ പാപങ്ങളെയും ഇല്ലാതാക്കുന്നു, ഹിജ്‌റ അതിന് മുമ്പുള്ള എല്ലാ പാപങ്ങളെയും ഇല്ലാതാക്കുന്നു." മക്ക വിജയത്തിന് ശേഷം റസൂലുല്ലാഹി ﷺ ക്ക് ഇനിയൊരു ഹിജ്‌റയുടെ ആവശ്യകത ഉള്ളതായി തോന്നിയില്ല. കാരണം ഇസ്‌ലാം കുഫ്‌റിന് മേൽ വിജയം വരിച്ചിരുന്നു. ഇനി എല്ലാ സ്ഥലങ്ങളിലും തൗഹീദിന്റെ വചനം ഉയർത്തുക എന്നത് എളുപ്പമായിക്കഴിഞ്ഞിരുന്നു. എങ്കിലും ഇസ്‌ലാമിക പ്രബോധനത്തിന് മുന്നിലുള്ള തടസ്സങ്ങൾ നീക്കുന്നതിനായി അവിടുന്ന് ജിഹാദിനെ നിലനിർത്തി. അവിടുന്ന് അരുളി:
لا هِجرةَ بَعدَ الفَتحِ، ولَكِن جِهادٌ ونيَّةٌ
"മക്ക വിജയത്തിന് ശേഷം ഇനി ഹിജ്‌റയില്ല, മറിച്ച് ജിഹാദും നിയ്യത്തും (മാത്രമേയുള്ളൂ)."
ഇന്നും ലോകത്ത് ആയിരക്കണക്കിന് ആളുകൾ ഹിജ്‌റ (പലായനം) ചെയ്യുന്നുണ്ട്. ഒട്ടനവധി ആളുകൾ അക്രമ പീഡനങ്ങൾ സഹിക്കവയ്യാതെ സ്വന്തം നാട് ഉപേക്ഷിക്കുന്നു. ഭൂരിഭാഗം ആളുകളും മെച്ചപ്പെട്ട ഉപജീവനവും ജോലിയും തേടിയാണ് പലായനം ചെയ്യുന്നത്. എന്നാൽ സ്വന്തം ദീനും ഈമാനും സംരക്ഷിക്കാൻ വേണ്ടി ഹിജ്‌റ ചെയ്യുന്നവർ വളരെ കുറവാണ്. യഥാർത്ഥ ഹിജ്‌റ എന്നത് തിന്മകളിൽ നിന്നും നന്മകളിലേക്ക് ഹിജ്‌റ ചെയ്യലാണ്, അജ്ഞതയിൽ നിന്നും വിജ്ഞാനത്തിലേക്ക് ഹിജ്‌റ ചെയ്യലാണ്, കുഫ്‌റിൽ നിന്നും ഈമാനിലേക്ക് ഹിജ്‌റ ചെയ്യലാണ്, നിരീശ്വരവാദത്തിൽ നിന്നും ഇസ്‌ലാമിലേക്ക് ഹിജ്‌റ ചെയ്യലാണ്.
അല്ലാഹു തആലാ നമുക്കും മുഹാജിറുകളും അൻസാറുകളുമായ സ്വഹാബത്തിനെപ്പോലെ ഈമാനിന്റെയും അമലിന്റെയും ആവേശം പ്രദാനം ചെയ്യുമാറാകട്ടെ (ആമീൻ).
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 50-56
وَإِذۡ فَرَقۡنَا بِكُمُ ٱلۡبَحۡرَ فَأَنجَيۡنَٰكُمۡ وَأَغۡرَقۡنَآ ءَالَ فِرۡعَوۡنَ وَأَنتُمۡ تَنظُرُونَ
നിങ്ങൾക്ക് നാം നദിയെ പിളർത്തി വഴിയൊരുക്കുകയും അങ്ങനെ നിങ്ങളെ മുങ്ങുന്നതിൽ നിന്നും രക്ഷിക്കുകയും നിങ്ങൾ നോക്കി നിൽക്കെ ഫിർഔനെയും കൂട്ടരെയും നാം മുക്കി നശിപ്പിക്കുകയും ചെയ്ത സന്ദർഭവും ഓർക്കുക.
50. പടച്ചവൻ നിങ്ങൾക്ക് മോചന മാർഗ്ഗം തുറന്നു തന്നു.
ബനൂ ഇസ്രായേലിന് അത്ഭുതകരമായ നിലയിൽ പടച്ചവൻ സമുദ്രത്തിൽ വഴി തുറന്നു കൊടുത്തു. മൂസാ നബി (അ) അവരെയും കൂട്ടി അത് മുറിച്ചുകടന്നു. മറുഭാഗത്ത്, അവരെ പിന്തുടർന്നു വന്ന ഫിർഔനും കൂട്ടരും അതിന്റെ നടുവിൽ എത്തുകയും നിങ്ങളുടെ കൺമുൻപിൽ വെച്ച് മുങ്ങി മരിക്കുകയും ചെയ്തു.
وَإِذۡ وَٰعَدۡنَا مُوسَىٰٓ أَرۡبَعِينَ لَيۡلَةٗ ثُمَّ ٱتَّخَذۡتُمُ ٱلۡعِجۡلَ مِنۢ بَعۡدِهِۦ وَأَنتُمۡ ظَٰلِمُونَ
നാം നാൽപ്പതു രാത്രികൾ മൂസാ നബിക്ക് നിർദ്ദേശിച്ചു കൊടുത്ത സന്ദർഭവും ഓർക്കുക. ശേഷം പശുക്കുട്ടിയെ ആരാധ്യനായി നിങ്ങൾ തിരഞ്ഞെടുക്കുകയും കടുത്ത അതിക്രമം ചെയ്യാൻ നിങ്ങൾ സന്നദ്ധരാകുകയും ചെയ്തു.
51. പടച്ചവൻ നിങ്ങൾക്ക് ഉത്തമ വാഗ്ദാനങ്ങൾ നൽകി.
പക്ഷേ, നിങ്ങൾ ബഹുദൈവാരാധനയിൽ കുടുങ്ങി. ഈജിപ്തിൽ നിന്നും രക്ഷപ്പെട്ട ബനൂ ഇസ്രായേൽ സീനാ മരുഭൂമിയിൽ എത്തിച്ചേർന്നു. ഇത്തരത്തിൽ അവർക്ക് മഹത്തായ സന്ദേശം നൽകുന്നതിന് മൂസാ നബി (അ)യോട് തൂർസീനാ പർവ്വതത്തിലേക്ക് വരാനും നാൽപതു ദിവസം നോമ്പുപിടിച്ച് ആരാധനകളിൽ മുഴുകാനും അല്ലാഹു നിർദ്ദേശിച്ചു. മൂസാ നബി (അ) അവിടെ പോയി മടങ്ങി വന്നപ്പോൾ കാണുന്നത് സ്വന്തം സമുദായം പശുക്കുട്ടിയെ ആരാധിക്കുന്നതിൽ കുടുങ്ങിയതായിട്ടാണ്. സാമിരി മാരണം വഴിയായി അവർക്ക് ഒരു പശുക്കുട്ടിയെ ഉണ്ടാക്കി കൊടുക്കുകയും അവർ അതിനെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. സൃഷ്ടാവായ പടച്ചവനെ വിട്ട് സൃഷ്ടിയെ ആരാധിക്കുന്നത് എത്ര വലിയ കടുപ്പമാണ്. പ്രത്യേകിച്ചും നിങ്ങൾക്ക് വലിയ അനുഗ്രഹം നൽകപ്പെടുമ്പോൾ നിങ്ങൾ കാണിക്കുന്ന നന്ദികേട് വളരെ മോശം തന്നെ.
ثُمَّ عَفَوۡنَا عَنكُم مِّنۢ بَعۡدِ ذَٰلِكَ لَعَلَّكُمۡ تَشۡكُرُونَ
എന്നിട്ടും നിങ്ങൾ നന്ദി കാട്ടുവാൻ വേണ്ടി നാം നിങ്ങൾക്ക് മാപ്പു നൽകി.
52. പടച്ചവൻ നിങ്ങൾക്ക് മാപ്പരുളി.
പശുക്കുട്ടിയെ ആരാധിക്കുക എന്നത് ഗുരുതരമായ പാപമായിരുന്നു. പക്ഷേ, മൂസാ നബി (അ)യുടെ പ്രേരണ പ്രകാരം നിങ്ങൾ പടച്ചവനോട് മാപ്പിരക്കുകയും പടച്ചവൻ നിങ്ങൾക്ക് മാപ്പ് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ പടച്ചവന് നന്ദി രേഖപ്പെടുത്തി നന്നായി ജീവിക്കേണ്ടതായിരുന്നു.
وَإِذۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَٱلۡفُرۡقَانَ لَعَلَّكُمۡ تَهۡتَدُونَ
നിങ്ങൾ സൻമാർഗ്ഗം പ്രാപിക്കുന്നതിന് മൂസാ നബിക്ക് ഗ്രന്ഥവും (തൗറാത്ത്) സത്യാസത്യങ്ങളുടെ വിവേചനവും നാം നൽകിയ സന്ദർഭവും ഓർക്കുക.
53. പടച്ചവൻ നിങ്ങൾക്ക് വിശുദ്ധ ഗ്രന്ഥം നൽകി.
കാരുണ്യവാനായ പടച്ചവൻ മൂസാ നബി (അ) വഴിയായി നിങ്ങൾക്ക് വിശുദ്ധ ഗ്രന്ഥവും സത്യാസത്യ വിവേചകമായ സന്ദേശങ്ങളും നൽകി. നിങ്ങൾ അവയെ ശരിയായി ഉൾക്കൊണ്ട് സന്മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതിനാണ് പടച്ചവൻ ഈ അനുഗ്രഹങ്ങൾ നൽകിയത്.
وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَٰقَوۡمِ إِنَّكُمۡ ظَلَمۡتُمۡ أَنفُسَكُم بِٱتِّخَاذِكُمُ ٱلۡعِجۡلَ فَتُوبُوٓاْ إِلَىٰ بَارِئِكُمۡ فَٱقۡتُلُوٓاْ أَنفُسَكُمۡ ذَٰلِكُمۡ خَيۡرٞ لَّكُمۡ عِندَ بَارِئِكُمۡ فَتَابَ عَلَيۡكُمۡۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ
മൂസാ നബി തന്റെ സമൂഹത്തോടു ഇപ്രകാരം പറഞ്ഞ സന്ദർഭം: എന്റെ സമൂഹമേ, ഈ പശുക്കുട്ടിയെ ആരാധ്യവസ്തുവായി തിരഞ്ഞെടുത്തതിലൂടെ നിങ്ങൾ നിങ്ങളോട് വലിയ അതിക്രമമാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ സ്രഷ്ടാവിലേക്ക് നിങ്ങൾ പശ്ചാത്തപിക്കുക. ശേഷം നിങ്ങൾ നിങ്ങളെ തന്നെ വധിക്കുക. അതാണ് സ്രഷ്ടാവിങ്കൽ നിങ്ങൾക്ക് ഉത്തമം. അങ്ങനെ, അല്ലാഹു കാരുണ്യത്തോടെ നിങ്ങളിലേക്കു തിരിഞ്ഞു. തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനും മഹാ കാരുണ്യവാനുമാകുന്നു.
54. പടച്ചവൻ പശ്ചാത്താപം സ്വീകരിച്ചു.
മൂസാ നബി (അ) പശു ആരാധകരായ സമൂഹത്തോട് പറഞ്ഞു: നിങ്ങൾ നിങ്ങളോട് തന്നെ വലിയ അക്രമമാണ് കാണിച്ചിരിക്കുന്നത്. ആകയാൽ, നിങ്ങൾ പടച്ചവനോട് പശ്ചാത്തപിക്കുക. പശ്ചാത്താപത്തിന്റെ പൂർത്തീകരണം എന്ന നിലയിൽ പശുക്കുട്ടിയെ ആരാധിക്കാത്തവർ ആരാധിച്ചവരെ വധിക്കുക. തീർച്ചയായും ഇതിൽ ധാരാളം നന്മകളുണ്ട്. അങ്ങനെ അവർ ഈ ശിക്ഷ ഏറ്റുവാങ്ങാനും അവരുടെ ബന്ധുക്കൾ ഈ ശിക്ഷ നൽകാനും തയ്യാറായി. പടച്ചവൻ അതിലൂടെ അവരുടെ പശ്ചാത്താപം സ്വീകരിച്ചു. പടച്ചവൻ വളരെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്.
وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نُّؤۡمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهۡرَةٗ فَأَخَذَتۡكُمُ ٱلصَّٰعِقَةُ وَأَنتُمۡ تَنظُرُونَ
അല്ലയോ മൂസാ, അല്ലാഹുവിനെ ഞങ്ങൾ നേരിട്ട് കാണുന്നതുവരെ നിങ്ങളുടെ പ്രസ്താവനയിൽ ഞങ്ങൾ വിശ്വസിക്കുകയില്ല› എന്ന് നിങ്ങൾ പറഞ്ഞ സന്ദർഭം. തന്നിമിത്തം നിങ്ങൾ നോക്കി നിൽക്കെ ഇടിത്തീ നിങ്ങളുടെ മേൽ വന്നുപതിച്ചു.
55. പടച്ചവനെ കാണണം എന്ന നിങ്ങളുടെ ദുർവാശി ശരിയായില്ല.
മൂസാ നബി (അ) ബനൂ ഇസ്രായേലിലെ 70 ആളുകളെയും കൊണ്ട് തൂർസീനാ പർവ്വതത്തിലേക്ക് വീണ്ടും പോയി. അല്ലാഹു ആ സമയം മൂസാ നബി (അ)ക്ക് വിശുദ്ധ സന്ദേശങ്ങൾ നൽകി. എന്നാൽ, അവരിൽ ചിലർ പറഞ്ഞു: ഞങ്ങൾ പടച്ചവനെ നേരിട്ട് കണ്ടാൽ മാത്രമേ ഈ സന്ദേശത്തിൽ വിശ്വസിക്കുകയുള്ളൂ. ഇതിന്റെ പേരിൽ പടച്ചവന് കോപം ഉണ്ടാവുകയും ഒരു ശക്തമായ ഇടിത്തീ എറിയുകയും അവർ മരിച്ചുവീഴുകയും ചെയ്തു.
ثُمَّ بَعَثۡنَٰكُم مِّنۢ بَعۡدِ مَوۡتِكُمۡ لَعَلَّكُمۡ تَشۡكُرُونَ
പിന്നെ നിങ്ങൾ നന്ദിയുള്ളവരായി തീരാൻ വേണ്ടി മരിച്ചതിനു ശേഷം നാം ജീവനോടെ എഴുന്നേൽപ്പിച്ചു.
56. മൂസാ നബി (അ)യുടെ പ്രാർത്ഥനയിലൂടെ അവർ വീണ്ടും ജീവിക്കുന്നു.
ധിക്കാരം കാരണം ശിക്ഷയേറ്റ് മരിച്ചുവീണ ആളുകളെക്കുറിച്ച് മൂസാ നബി (അ) പടച്ചവനോട് പ്രാർത്ഥിക്കുകയും അവർ ഇനിയെങ്കിലും നന്നാകാൻ വേണ്ടി പടച്ചവൻ അവർക്ക് വീണ്ടും ജീവൻ നൽകുകയും ചെയ്തു.
وَظَلَّلۡنَا عَلَيۡكُمُ ٱلۡغَمَامَ وَأَنزَلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
മേഘത്തെ നിങ്ങൾക്കു മീതെ നാം തണൽ വിരിച്ചു നിർത്തുകയും മന്നും സൽവയും നിങ്ങൾക്ക് ഇറക്കി തരികയും, നാം നൽകിയ പരിശുദ്ധ വസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക എന്ന് പറയുകയും ചെയ്തു. അവർ നമുക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. പക്ഷെ, അവരെ തന്നെ അവർ ദ്രോഹിച്ചുകൊണ്ടിരുന്നു.
57. പടച്ചവൻ തണലും ആഹാരവും നൽകി.
സീനാ മരുഭൂമിയിൽ കഴിഞ്ഞ ഇസ്രായേൽ സന്തതികൾക്ക് വെയിലേൽക്കാതിരിക്കാൻ പടച്ചവൻ മേഘത്തെക്കൊണ്ട് തണൽ വിരിച്ചു കൊടുത്തു. അവർക്ക് ആഹാരത്തിന് പടച്ചവൻ ആകാശഭാഗത്തുനിന്നും മന്നും സൽവയും ഇറക്കി കൊടുത്തു. ഇതേറ്റവും രുചികരമായ ആഹാരമായിരുന്നു. അതെ, താമസ സൗകര്യവും ആഹാരപാനീയവും പടച്ചവന്റെ വലിയ അനുഗ്രഹമാണ്. വർഷങ്ങളോളം അവർക്ക് ഈ ആഹാരം ലഭിച്ചുകൊണ്ടിരുന്നു. എന്നാൽ, അവസാനം അവർ നന്ദികേടും ധിക്കാരവും കാണിച്ചു. അത് അവർക്ക് തന്നെ തിരിച്ചടിയായി മാറി. അതെ, അക്രമികളുടെ അക്രമം അവർക്ക് തന്നെയാണ് നാശനഷ്ടങ്ങൾ വരുത്തിവെക്കുക.
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
185. അനസ് (റ) നിവേദനം: റസൂലുല്ലാഹി ﷺ യുടെ അരികിൽ ഭക്ഷിക്കാൻ വേണ്ടി തയ്യാറാക്കപ്പെട്ട ഒരു പറവ ഉണ്ടായിരുന്നു. ആ അവസരം റസൂലുല്ലാഹി ﷺ ഇപ്രകാരം പ്രാർത്ഥിച്ചു: അല്ലാഹുവേ, നിൻ്റെ സൃഷ്ടികളിൽ നിനക്ക് ഏറ്റവും പ്രിയങ്കരനായ വ്യക്തിയെ എൻ്റെ അരികിലേക്ക് അയക്കേണമേ.. അദ്ദേഹം ഈ ആഹാരത്തിൽ എന്നോടൊപ്പം പങ്കാളിയാകുന്നതാണ്. ഉടനെ അലിയ്യ് (റ) വരികയുണ്ടായി. അങ്ങനെ അദ്ദേഹം റസൂലുല്ലാഹി ﷺ യോടൊപ്പം അതിനെ ഭക്ഷിക്കുന്നതിൽ പങ്കാളിയായി. (തിർമിദി)
വിവരണം: വിവരണം : ശൈഖൈനി അബൂബക്ർ സിദ്ദീഖ് (റ), ഉമർ (റ) അടക്കമുള്ള അല്ലാഹുവിൻ്റെ മുഴുവൻ അടിമകളെക്കാളും അലിയ്യ് (റ) അല്ലാഹുവിന് പ്രിയങ്കരനായിരുന്നു എന്ന് ഈ ഹദീസ് കൊണ്ട് ശീഇകൾ തെളിവ് പിടിക്കുന്നു. എന്നാൽ, അല്ലാഹുവിൻ്റെ സൃഷ്ടികളിൽ റസൂലുല്ലാഹി ﷺയും പെടുന്നുണ്ട്. ഈ ഹദീസിന് അവർ പറയുന്ന ആശയം കണ്ടെത്തിയാൽ ശൈഖൈനിയെക്കാൾ എന്നല്ല റസൂലുല്ലാഹി ﷺ യെക്കാളും അലിയ്യ് (റ) ശ്രേഷ്ഠനും പ്രിയങ്കരനും ആണെന്ന് പറയേണ്ടിവരും. ഈ ഹദീസിന് ഹദീസ് വ്യാഖ്യാതാക്കൾ നൽകുന്ന ആശയം ഇപ്രകാരമാണ്: അല്ലാഹുവേ.. നിനക്ക് പ്രിയപ്പെട്ട ദാസന്മാരിൽ പെട്ട ഒരു വ്യക്തിയെ നീ ഇവിടേക്ക് അയക്കേണമേ.. എന്നാണ് ഈ പ്രാർത്ഥനയുടെ ആശയം തീർച്ചയായിട്ടും അലിയ്യ് (റ) അല്ലാഹുവിന് പ്രിയപ്പെട്ട ദാസന്മാരിൽ പെട്ട വ്യക്തിത്വം തന്നെയാണ്. എന്നാൽ, ഈ ഹദീസിനെ അല്ലാമ ഇബ്നുൽ ജൗസി മൗളൂഅ് നിർമ്മിത ഹദീസ് എന്ന് പറഞ്ഞിരിക്കുന്നു. പക്ഷേ, ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. എങ്കിലും ഹദീസ് ബലഹീനമാണെന്ന് അദ്ദേഹവും പറയുന്നു.
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
മാനവികതാ പ്രവർത്തനങ്ങളിൽ മുന്നേറുക
✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
(നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)
രാജ്യത്തുടനീളം നിരന്തരം യാത്ര ചെയ്യുകയും ആളുകളുമായി ഇടപഴകുന്നതിൻ്റെയും അനുഭവത്തിൽ പറയട്ടെ, രാജ്യത്തെ ഇരുപത് ശതമാനം ജനങ്ങളിലാണ് വർഗ്ഗീയതയുടെ വിഷമുള്ളത്. ബാക്കി എൺപത് ശതമാനം വരുന്ന ഭൂരിപക്ഷം ജനങ്ങളും അവരവരുടെ ഭൗതികമായ കാര്യങ്ങളിൽ മുഴുകിയവരാണ്. അവരിൽ പരസ്പര സ്‌നേഹവും, മാനവികതയും വളർത്താനാണ് നാം പരിശ്രമിക്കേണ്ടത്. ഇക്കൂട്ടർ അശ്രദ്ധയിലും ഉറക്കത്തിലും അകപ്പെട്ട് പോയവരാണ്. ഇവരെ ഉണർത്തലും എളുപ്പമാണ്. എന്നാൽ, ഉറക്കം നടിക്കുന്ന വരെ ഉണർത്തൽ പ്രയാസമാണ്.
രാജ്യത്തെ നിലവിലെ അവസ്ഥകൾ കണ്ട് നിരാശപ്പെടേണ്ടതില്ല. നിരാശയാകുന്ന ഇരുട്ടിൽ നിന്നും പ്രത്യാശയാകുന്ന വെളിച്ചത്തിലേക്ക് ജനങ്ങളെ നാം കൈപിടിച്ചു നടത്തുക. പ്രവർത്തിച്ചാൽ തീർച്ചയായും ഫലമുണ്ടാവുന്നതാണ്. ജനങ്ങൾക്കിടയിൽ പരസ്പര സ്‌നേഹവും ഐക്യവും സാഹോദര്യവും വളർത്താൻ പരിശ്രമിക്കുക. നിരാശയിൽ നിന്നും പ്രതീക്ഷയിലേക്കും നിഷ്‌ക്രിയതയിൽ നിന്നും ക്രിയാത്മകതയിലേക്കും മാറലാണ് നാം നേരിടുന്ന മുഴുവൻ പ്രശ്‌നങ്ങളുടെയും പരിഹാരം.
🔹🔹🔹🔹🔹
ഇലാ റഹ്‌മത്തില്ലാഹ്...
അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
🔹🔹🔹🔹🔹
വാർത്തകൾ
പയാമെ ഇൻസാനിയത്ത് ബോംബൈ സമ്മേളനം; പ്രതീക്ഷ പകരുന്ന പ്രവർത്തനം
✍️ ഹാഫിസ് ഇ. പി അബൂബക്ർ അൽഖാസിമി
ലോകം മുഴുവനും പൊതുവിലും നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് പ്രത്യേകിച്ചും ജനങ്ങൾ തമ്മിലുള്ള വെറുപ്പും വിദ്വേഷവും അധികരിച്ചു കൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന തിന്മകളും പാപങ്ങളും വർദ്ധിക്കുകയും ചെയ്യുന്നു. രാഷ്ട്രീയക്കാർ അവരുടെ ലാഭത്തിനുവേണ്ടി ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു. കച്ചവടക്കാർ അവരുടെ മുന്നേറ്റങ്ങൾക്കായി മയക്കുമരുന്നുകളും മറ്റും വ്യാപകമാക്കുന്നു. നമ്മുടെ നാട്ടിലും വീട്ടിലും ജീവിക്കേണ്ട അടുത്ത തലമുറ മയക്കുമരുന്നിന്റെയും മൊബൈൽ മാനിയയുടെയും കടുത്ത രോഗങ്ങളിൽ അകപ്പെട്ടു കഴിയുകയാണ്. ഓരോ പ്രശ്നങ്ങളിലും വർഗീയതകൾ ആളിക്കത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ചെറിയൊരു തീപ്പൊരി ഉയർന്നാൽ വലിയ സ്‌ഫോടനങ്ങൾ തന്നെ നടക്കുമോ എന്ന ഭയം ന്യായമായും എല്ലാ സ്ഥലങ്ങളിലും പടർന്നിരിക്കുന്നു. എന്നാൽ, ഇതിനെയെല്ലാം പരിഹരിക്കാൻ പരിശ്രമിക്കേണ്ടവർ അതിനുവേണ്ടി പരിശ്രമിക്കാതെ പലപ്പോഴും ഈ തിന്മകളുടെ തന്നെ പ്രചാരകരായിട്ടും മാറുന്നു എന്നുള്ളതാണ് ഇതിനേക്കാൾ വലിയ ദുഃഖകരമായ കാര്യം.
അതെ, മുഴുവൻ പ്രവാചകന്മാരും പ്രബോധകന്മാരും ഗുരുനാഥന്മാരും ഏകോപിച്ച് നടത്തിയ പ്രബോധനമാണ് പരസ്പരം സ്നേഹവും സാഹോദര്യവും പുലർത്തുക എന്നതും മയക്കുമരുന്ന് പോലുള്ള പാപങ്ങൾ വർജ്ജിക്കുക എന്നതും. ഈ വിഷയത്തിൽ ജാതിയും മതവും നോക്കാതെ അവർ പ്രവർത്തിക്കുകയും ജനങ്ങളെ പ്രവർത്തിപ്പിക്കാൻ ഉൽബോധിപ്പിക്കുകയും ചെയ്തു. പക്ഷേ ഈ ഭാഗത്തേക്ക് പൊതുവെ ശ്രദ്ധ ഉണ്ടാകുന്നില്ല എന്നത് വലിയൊരു ദുഃഖസത്യമാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് വിശ്വപണ്ഡിതനായ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് ശേഷം 'പയാമെ ഇൻസാനിയത്ത്' (Message of Humanity - മാനവികതയുടെ സന്ദേശം) എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
മൗലാനാ ആദ്യം ഇതിന് കൂടുതൽ അർഹരായ ആളുകളെ കാണുകയും അവരോട് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തുവെങ്കിലും അവരിൽ നിന്നും ശരിയായ മറുപടി ലഭിക്കാത്തതിനാലും രാജ്യം കൂടുതൽ അപകടത്തിലേക്ക് നീങ്ങുന്നത് കണ്ടതിനാലും ഈ പ്രവർത്തനത്തിന് സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് മുതലായ രാജ്യത്തിനകത്തും പുറത്തും പ്രസക്തമായ നിരവധി പ്രവർത്തനങ്ങൾ ഉണ്ടായിരുന്നിട്ടും മൗലാനാ അവർകൾ ഈ പ്രവർത്തനം വളരെ ശ്രദ്ധയോടുകൂടി നടത്തി. എന്നല്ല മേൽ പറയപ്പെട്ട പ്രവർത്തനങ്ങൾക്കിടയിലും മൗലാനാ ഈ പ്രവർത്തനം നടത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും താല്പര്യപ്പെടുകയും ചെയ്തിരുന്നു. മൗലാനായുടെ ഏതാണ്ട് എല്ലാ പ്രഭാഷണങ്ങളിലും ഈ വിഷയം പരാമർശിക്കുകയും മൗലാനാ യാത്ര ചെയ്യുന്ന പ്രദേശങ്ങളിൽ വിവിധ പരിപാടികളോടൊപ്പം ഈയൊരു പരിപാടി നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മൗലാനാ നടത്തിയ പ്രഭാഷണങ്ങൾ ഇന്നും വളരെയധികം ശ്രദ്ധേയമാണ്. നമ്മുടെ സ്ഥാപനമായ ദാറുൽ ഉലൂമിൽ പ്രവർത്തിക്കുന്ന സയ്യിദ് ഹസനി അക്കാദമി മൗലാനായുടെ പത്തിൽ പരം പ്രഭാഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൗലാനായുടെ വിയോഗത്തിന് ശേഷം പിൻഗാമികൾ ഈ പ്രവർത്തനത്തെ കൂടുതൽ ശക്തമായി മുന്നോട്ട് നയിച്ചു. ഇപ്പോൾ മൗലാനായുടെ ഉത്തമ പിൻഗാമിയായ മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വി മേൽ പറയപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം ഈ പ്രവർത്തനത്തെ വലിയൊരു ലക്ഷ്യവും മാർഗ്ഗവുമായി കണ്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇതിനുവേണ്ടി ധാരാളം യാത്രകൾ നടത്തുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്ത മൗലാനാ അവർകൾ ഈ കഴിഞ്ഞ ജൂൺ 5-ാം തിയതി മുംബൈയിൽ എത്തി. ആറാം തിയതി വിവിധ മത രാഷ്ട്രീയ സാമൂഹിക വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഡയലോഗ് മീറ്റിംഗ് നടത്തപ്പെട്ടു. അതിൽ പങ്കെടുത്ത വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർ അവർ ചെയ്യുന്ന വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. എൻജിനീയർ ഹുദൈഫ പയാമെ ഇൻസാനിയത്തിൻ്റെ പ്രവർത്തനങ്ങൾ വിവരിച്ചു. സമാപന പ്രഭാഷണം നടത്തിയ മൗലാനാ ബിലാൽ സാഹിബ് സദസ്സിൽ പരിചയപ്പെടുത്തിയ പ്രവർത്തനങ്ങളെ വാഴ്‌ത്തി പറയുകയും അതോടൊപ്പം പയാമെ ഇൻസാനിയത്തിൻ്റെ പ്രവർത്തനങ്ങളിലും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
അടുത്ത ദിവസം കുർലാ, കപാഡിയാ നഗറിലെ മസ്ജിദിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, തമിഴ്നാട്, ഗോവ, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തകരുടെ ദക്ഷിണേന്ത്യൻ കൂടിയാലോചന നടക്കുകയുണ്ടായി.
പടച്ചവന്റെ അനുഗ്രഹത്താൽ കേരളത്തിൽ നിന്നും വിനീതനും ഏതാനും കൂട്ടുകാർക്കും അതിൽ പങ്കെടുക്കാൻ സാധിച്ചു. സത്യത്തിൽ ഈ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ഈ പ്രവർത്തനത്തിന്റെ ആവശ്യകതയും ഗൗരവവും പ്രാധാന്യവും അതോടൊപ്പം ലാളിത്യവും മനസ്സിലാക്കാൻ കഴിഞ്ഞത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ ഓരോ സംസ്ഥാനങ്ങളിലെയും പ്രവർത്തനങ്ങളുടെ ഹ്രസ്വമായ വിവരണം നൽകപ്പെട്ടു.
ആദ്യം ഇന്ത്യ മുഴുവനും നടന്നുകൊണ്ടിരിക്കുന്ന പയാമെ ഇൻസാനിയത്ത് പ്രവർത്തനങ്ങളുടെ ചെറു ചിത്രവും കാലഘട്ടത്തിന്റെ സങ്കീർണ്ണതകളും എന്നാൽ, പയാമെ ഇൻസാനിയത്തിന്റെ ശക്തമായ പ്രതിഫലനവും ഈ പ്രവർത്തനത്തിനുവേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച മൗലാനാ ജുനൈദ് ഫാറൂഖി നദ്‌വി വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു: രാജ്യത്തെ അവസ്ഥ തീർച്ചയായും അതിസങ്കീർണ്ണവും സ്ഫോടനാത്മകവുമാണ്. ദിവസം ചെല്ലുന്തോറും ഇതിന്റെ കടുപ്പം കൂടിക്കൊണ്ടിരിക്കുന്നു. പക്ഷേ, പടച്ചവന്റെ അനുഗ്രഹത്താൽ ഇവയ്ക്കിടയിലും പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തനം വിജയകരമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിൽ ധാരാളം അമുസ്‌ലിം സഹോദരങ്ങൾ മാത്രമല്ല കടുത്ത നിലപാടുള്ളവരും ഈ പ്രവർത്തനവുമായി സഹകരിച്ചുകൊണ്ടിരിക്കുന്നു. മയക്കുമരുന്നിനെതിരിൽ ഞങ്ങൾ ചില സ്കൂളുകളിൽ പോയി ക്ലാസുകൾ നടത്തി. ആ ക്ലാസുകൾ സാകൂതം ശ്രദ്ധിച്ച് അടുത്ത സ്കൂളുകളിൽ അമുസ്‌ലിം സഹോദരങ്ങൾ അതേ ക്ലാസ് തന്നെ ശക്തമായി അവതരിപ്പിച്ചു.
ഗവൺമെന്റ് തലത്തിൽ മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു സഹോദരി ആ മയക്കുമരുന്നിന് അടിമയായ മകനെയും കൂട്ടി ഞങ്ങളുടെ അരികിൽ വന്നു. അവർ ഈ മകനെ ശുശ്രൂഷിച്ച് ശരിയാക്കാൻ നിങ്ങളെ ഏൽപ്പിക്കുന്നു എന്ന് പറഞ്ഞ് ഞങ്ങളെ ഏൽപ്പിച്ചത് ഞങ്ങൾക്ക് വലിയ അത്ഭുതം ഉണ്ടാക്കി. മൗലാനാ ഫാറൂഖിയുടെ ഓരോ വാക്കുകളും വളരെ വൈകാരികവും മനസ്സിൽ തുളച്ചുകയറുന്നതുമായിരുന്നു. ശേഷം ഓരോ സംസ്ഥാനത്തിന്റെയും പ്രതിനിധികൾ അതാത് സംസ്ഥാനങ്ങളിലെ റിപ്പോർട്ടുകൾ കേൾപ്പിക്കുകയുണ്ടായി. മദ്റസകൾ, സ്കൂളുകൾ മുതലായവ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ വമ്പിച്ച പരിവർത്തനങ്ങൾ ഉളവാക്കുന്നതായും ജനങ്ങൾക്ക് ഇത് വളരെയധികം പ്രയോജനപ്പെടുന്നതായും ഓരോരുത്തരും പറഞ്ഞു. കടുത്ത വർഗീയതയുടെയും വെറുപ്പിന്റെയും അവസ്ഥകൾക്ക് ഇതിലൂടെ മാറ്റം വന്നിട്ടുണ്ട്. പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്നു.
ഞങ്ങൾ സ്കൂളുകളിൽ പോയപ്പോൾ പ്രതീക്ഷയ്ക്ക് വിരുദ്ധമായി വലിയ സ്വീകരണമാണ് ലഭിച്ചത്. മയക്കുമരുന്നിന് അടിമകളായി തീർന്നിരിക്കുന്ന മക്കളുടെ അവസ്ഥയിൽ മനംനൊന്തിരിക്കുന്ന അവർക്ക് മുമ്പാകെ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞപ്പോൾ പലപ്പോഴും അധ്യാപകന്മാർ പൊട്ടിക്കരയുകയും വിദ്യാർത്ഥികൾ വൈകാരികമായി ഞങ്ങളുടെ സന്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതുപോലെ ഇന്നത്തെ വലിയൊരു പ്രശ്നമാണ് മൊബൈലിന്റെ ദുരുപയോഗം. മൊബൈൽ മാറ്റുക, പുസ്തകങ്ങൾ എടുക്കുക എന്ന പയാമെ ഇൻസാനിയത്തിന്റെ സന്ദേശം ഓരോ സ്ഥലങ്ങളിലും വലിയ സ്നേഹത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. വൈകുന്നേരം സൂര്യാസ്‌തമനത്തിന് അര മണിക്കൂർ മുമ്പ് മുതൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് വരെ മൊബൈൽ ഉപയോഗിക്കരുത് എന്ന തീരുമാനം എല്ലാവരും ഏകസ്വരത്തിൽ അംഗീകരിക്കുകയുണ്ടായി.
അഡ്വക്കേറ്റുകൾ ഡോക്ടർമാർ അധ്യാപകൻമാർ എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടവരെ പ്രത്യേകം ഇരുത്തി സംസാരിച്ചപ്പോൾ അവരെല്ലാവരും പയാമെ ഇൻസാനിയത്തിന്റെ ആവശ്യകത സമ്മതിച്ചു പറയുകയുണ്ടായി. പലരും പ്രവർത്തനം വളരെ വൈകിപ്പോയെന്നാണ് അഭിപ്രായപ്പെട്ടത്.
ഇതിനിടയിൽ പ്രത്യേക പ്രഭാഷണം നടത്തിയ റായ്ബറേലി ജാമിഅ ളിയാഉൽ ഉലൂം അധ്യാപകൻ മൗലാനാ സയ്യിദ് അബ്ദുൽ അലി ഹസനി നദ്‌വി വർഗ്ഗീയതയുടെയും പരസ്പര വിദ്വേഷത്തിൻ്റെയും പ്രവർത്തനങ്ങൾ ആസൂത്രിതമായും സംഘടിതമായും നടത്തപ്പെടുമ്പോൾ വ്യക്തിപരമായ നിലയിൽ വല്ലപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളും മാനവികതയുടെ പ്രചാരണങ്ങളും വല്ലപ്പോഴും ഒറ്റപ്പെട്ട നിലയിൽ നടത്തുന്നത് കൊണ്ട് വലിയ ഫലമുണ്ടാവുകയില്ലെന്നും പയാമെ ഇൻസാനിയത്തിൻ്റെ പ്രവർത്തനം ഒരു ലക്ഷ്യമായി സ്വീകരിച്ച് പ്രവർത്തിക്കുന്നവർ മുന്നോട്ട് വരികയും അവർ മറ്റ് സഹോദരങ്ങളെയും കൂടെ കൂട്ടി പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചു.
ളുഹർ നമസ്കാരത്തിന് ശേഷം അധ്യക്ഷന്റെ സംസാരമായിരുന്നെങ്കിലും ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ ശൂറാംഗവും മൗലാനാ അബുൽ ഹസൻ നദ്‌വിയുടെ ശിഷ്യനുമായ ജപ്പാനിൽ നിന്നും വന്ന മൗലാന സലീമുറഹ്മാൻ നദ്‌വിയെ രണ്ട് വാക്കുകൾ പറയാൻ അധ്യക്ഷൻ നിർബന്ധിച്ചു. അദ്ദേഹത്തിന്റെ സംസാരമാകട്ടെ വളരെ ശക്തവും വ്യക്തവുമായിരുന്നു. അദ്ദേഹം പറഞ്ഞു: മൗലാനാ അലി മിയാനും ഈ ഇരിക്കുന്ന മൗലാന ബിലാൽ സാഹിബിന്റെ പിതാവ് മൗലാനാ മുഹമ്മദുൽ ഹസനിയും കൂട്ടുകാരും പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തനം ഏറ്റവും ശക്തമായി നടത്തിയിരുന്ന നാളുകളിലാണ് ഞാൻ നദ്‌വത്തുൽ ഉലമയിൽ പഠിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഈ പ്രവർത്തനം എന്റെയും മനസ്സിൽ പതിയുകയും ഭാവികാല ജീവിതത്തിന് വലിയ വഴിവിളക്കാവുകയും ചെയ്തു. എന്റെ സഹോദരങ്ങളെല്ലാം സൗദി അറേബ്യയിലും മറ്റുമാണെങ്കിലും മൗലാനാ മർഹൂമിന്റെ പ്രത്യേകം നിർദ്ദേശപ്രകാരം ഞാൻ പോയത് ജപ്പാനിലാണ്. ജപ്പാനിൽ നിരന്തരം ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. ഞങ്ങൾ ആ സമയത്ത് പയാമെ ഇൻസാനിയത്തിന്റെ പ്രവർത്തനങ്ങൾ ശക്തമായ നിലയിൽ നിർവഹിക്കുകയും ജനങ്ങൾക്ക് വലിയ ആശ്വാസം ഉളവാക്കുകയും ചെയ്യുന്നു. ദുരന്തം നടക്കുന്ന സ്ഥലങ്ങളിൽ മാത്രമല്ല, ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം ഞങ്ങൾ തേടിപ്പിടിച്ച് പയാമെ ഇൻസാനിയത്തിന്റെ സേവനങ്ങൾ നടത്തുകയും അതിന്റെ സന്ദേശങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ട്. അവിടുള്ള യൂണിവേഴ്സിറ്റികളിലെ തലവന്മാർ പറയുന്നത് സലീമുറഹ്മാൻ ഏത് സമയം വേണമെങ്കിലും ഞങ്ങളുടെ സ്ഥാപനത്തിൽ വന്ന് അധ്യാപകരെയും കുട്ടികളെയും സംബോധന ചെയ്യാവുന്നതാണ് എന്നാണ്.
പക്ഷേ നമ്മുടെ പ്രവർത്തനങ്ങളിൽ ഉദ്ദേശശുദ്ധി ഉണ്ടായിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഞങ്ങളുടെ നാട്ടുകാരനും ധാരാളം മസ്ജിദുകളുടെയും മദ്രസകളുടെയും പാഠശാലകളുടെയും സ്ഥാപകനും കൂടിയായ മൗലാനാ ബർക്കത്തുള്ള ഭോപ്പാലി ഓരോ മസ്ജിദുകൾ സ്ഥാപിക്കുമ്പോഴും 85 ശതമാനം തുക സ്വന്തം ഭാഗത്തുനിന്നും എടുക്കുകയും 15 ശതമാനം പിരിവ് എടുക്കുകയും ചെയ്തിരുന്നു. 15 ശതമാനം മാത്രം താങ്കൾ എന്തിനാണ് പിരിവെടുക്കുന്നത് അതും കൂടി താങ്കൾക്ക് ചിലവഴിച്ചുകൂടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എന്റെ മരണത്തിന് ശേഷം എന്റെ മക്കൾ ഇത് വാപ്പയുടെ സ്വത്താണെന്ന് പറഞ്ഞ് വഴക്കുണ്ടാക്കാതിരിക്കാനാണ് ഞാൻ ഇപ്രകാരം ചെയ്യുന്നത്.!
അവസാനമായി അധ്യക്ഷൻ മൗലാനാ ബിലാൽ ഹസനി സംസാരിച്ചു. ചെറിയ ശബ്ദത്തിൽ ഈ പ്രവർത്തനത്തിന്റെ ആവശ്യകത വിവരിക്കുകയും ഇത് സുവർണ്ണാവസരമായി കണ്ട് പ്രവർത്തനങ്ങൾ സജീവമായി നടത്തുകയും ചെയ്യണമെന്ന് അദ്ദേഹം ഉപദേശിച്ചു. അതോടൊപ്പം ദീനി കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും മതപരമായ പരിപാടികളിൽ പങ്കെടുക്കുമ്പോൾ വളരെ സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം ഉണർത്തി. ബോംബെ സഹോദരങ്ങളുടെ സ്നേഹനിർഭരമായ സൽക്കാരത്തിന് ശേഷം വീണ്ടും സദസ്സ് കൂടുകയും ഭാവിയിൽ എന്ത് ചെയ്യാമെന്ന് ആലോചിക്കുകയും ചെയ്തു. കേരളത്തിൽ നിന്നും ബലഹീനനായ ഞങ്ങളോടൊപ്പം മൗലാനാ ബിലാൽ ഹസനി നദ്‌വിയുടെ മകനും പയാമെ ഇൻസാനിയത്തിന്റെ പ്രധാനപ്പെട്ട വക്താവുമായ മൗലാനാ അബ്ദുൽ അലി ഹസനി നദ്‌വിയും തെലങ്കാനയിലെ പ്രധാന പ്രവർത്തകനായ എൻജിനീയർ സഅ്ദിയും കൂടുകയുണ്ടായി. ഓരോ സദസ്സിന്റെ അരികിലും ഓടി നടന്നിരുന്ന മൗലാനാ ജുനൈദ് ഫാറൂഖി ഇടയ്ക്ക് ഞങ്ങളുടെ അരികിൽ വന്നിരുന്ന് ഇപ്രകാരം പറഞ്ഞു: ഇന്ത്യയിൽ ഓരോ പ്രദേശങ്ങൾക്കും മാതൃകയായ കേരളത്തിലെ വർഗീയതയുടെ വളർച്ച ഞങ്ങളെ എല്ലാവരെയും വളരെ അസ്വസ്ഥമാക്കുന്നുണ്ട്. ഒറീസയിൽ നാളുകൾക്ക് മുമ്പ് ഈ പ്രവർത്തനം ഏറ്റെടുക്കാൻ ഞങ്ങൾ സഹോദരങ്ങളോട് താണുകേണ് അപേക്ഷിച്ചു. പക്ഷേ, അവർ കേട്ടില്ല. ഇന്ന് അവിടുത്തെ അവസ്ഥ മഹാമോശമായി. കേരളത്തിലും ഈ പ്രവർത്തനം ശരിയായി നടത്തിയില്ലെങ്കിൽ അവസ്ഥ മോശമായതിനുശേഷം ദുഃഖിച്ചിട്ട് യാതൊരു കാര്യവും ഉണ്ടാകുകയില്ല.! കേരളത്തിൽ നടക്കുന്ന പലവിധമായ പ്രവർത്തനങ്ങളെ ഞങ്ങൾ വിവരിച്ചപ്പോൾ ഏറ്റവും വലിയ ആവശ്യം ഓരോ പ്രദേശങ്ങളിലും ഈ പ്രവർത്തനത്തെ ലക്ഷ്യമായി കാണുന്ന ഒന്ന് രണ്ട് പേരെങ്കിലും മുന്നോട്ട് വരണം എന്നതാണ് അവർ നൽകിയ നിർദ്ദേശം. ഈ വഴിയിൽ ആഗസ്റ്റ് മാസം ആരംഭത്തിൽ എൻജിനീയർ സഅ്ദി കേരളത്തിൽ അഞ്ചുദിവസം പര്യടനം നടത്താൻ തീരുമാനിച്ചു. എല്ലാ സഹോദരങ്ങളും ഇതിൽ പങ്കെടുത്ത് ഈ പ്രവർത്തനത്തെ മനസ്സിലാക്കുകയും പ്രവർത്തനത്തിൽ ബന്ധപ്പെടുകയും ചെയ്യണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.
വൈകുന്നേരം 3:45-ന് ഭോപ്പാൽ ഖാസി മുഷ്താഖ് നദ്‌വി സമാപന സന്ദേശം നൽകി. മാനവികതയുടെ പ്രവർത്തനം പ്രവാചകൻമാരുടെ സുപ്രധാന സന്ദേശമാണെന്ന് അദ്ദേഹം ഉണർത്തി. അവസാനം ദുആയ്ക്ക് മുമ്പ് മൗലാനാ സയ്യിദ് ബിലാൽ സാഹിബ് വീണ്ടും പ്രവർത്തനത്തിന്റെ ആവശ്യകത ഉണർത്തുകയും സാഹചര്യത്തിന്റെ സങ്കീർണ്ണത മനസ്സിലാക്കണമെന്ന് ഉൽബോധിപ്പിക്കുകയും ചെയ്തു. രാജ്യം വളരെ അപകടകരമായ ഒരു അവസ്ഥയിലാണെങ്കിലും ഇന്നും പടച്ചവന്റെ അനുഗ്രഹം കൊണ്ട് ഇവിടെ വലിയൊരു വിഭാഗം മാനവികതയെയും നന്മയെയും സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് നമ്മൾ നന്മ ലക്ഷ്യമിട്ട് നിരന്തരം പ്രവർത്തനങ്ങളിൽ മുഴുകണമെന്നും ഇതിൽ ലഭിക്കുന്ന ഒരു അവസരം പോലും പാഴാക്കരുതെന്നും എന്നാൽ പ്രവർത്തനത്തിലും വാചകങ്ങളിലും തികഞ്ഞ സൂക്ഷ്മത മുറുകെ പിടിക്കണമെന്നും അദ്ദേഹം ഉണർത്തി.
പടച്ചവൻ ഈ പ്രവർത്തനം പുനർജീവിപ്പിച്ച മൗലാനാ അലി മിയാനെയും മുൻഗാമികളായ എല്ലാ മഹത്തുക്കളെയും അനുഗ്രഹിക്കട്ടെ.! ഇപ്പോൾ ഇതിന് നേതൃത്വം നൽകുന്നവരെ പടച്ചവൻ സഹായിക്കട്ടെ നമുക്ക് അവരെ അനുസരിച്ച് ശരിയായി മുന്നോട്ട് ഗമിക്കാൻ ഉതവി നൽകട്ടെ.!
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹


