റബീഉൽ അവ്വൽ 01/1447
ആഗസ്‌റ്റ് 14/2026
ലക്കം: 272

ഉള്ളടക്കം

▪️മുഖലിഖിതം
മാനവികതയുടെ പ്രതിജ്ഞ

▪️ജുമുഅ സന്ദേശം
സ്വാതന്ത്ര്യം ഇസ്‌ലാമിക വീക്ഷണത്തിൽ
       ✍️ മൗലാനാ ഫൈസൽ അഹ്മദ് നദ്‌വി 
 
▪️കവർ സ്റ്റോറി
സ്വാതന്ത്ര്യത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും സമുന്നത സന്ദേശം
       ✍️ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
സ്വാതന്ത്ര്യസമരം: ചരിത്രവും സന്ദേശവും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 
       ✍️ ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി
സ്വാതന്ത്ര്യസമരം; നാവഴികൾ
       ✍️ മൗലാനാ സയ്യിദ് അസ്ജദ് മദനി

▪️ഓർമ്മക്കുറിപ്പ് 
നീതിയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായി രക്തപ്പുഴയിലൂടെ ഒരു യാത്ര
       ✍️ മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി


                                                            🔹🔹🔹🔹🔹🔹🔹



മുഖലിഖിതം

മാനവികതയുടെ പ്രതിജ്ഞ

സ്വാതന്ത്ര്യ ദിനം പോലുള്ള ഘട്ടങ്ങളിൽ നാം ഓരോരുത്തരും പരസ്പരം പ്രഖ്യാപിക്കേണ്ട ഒരു സുപ്രധാന പ്രതിജ്ഞ : മൗലാനാ സയ്യിദ് അബ്ദുൽ ഹസൻ അലി നദ്‌വി

സമുന്നതനും ഉടമസ്ഥനുമായ സ്രഷ്ടാവിന്റെ നാമത്തിൽ ഞാൻ ഇപ്രകാരം പ്രതിജ്ഞ ചെയ്യുന്നു: 

1. ഞാൻ വിദ്യാർത്ഥിയാണെങ്കിൽ എന്റെ ലക്ഷ്യം വൈജ്ഞാനിക പുരോഗതിയും സാമൂഹിക നന്മയും മാനവികതയുടെ സേവനവും ആയിരിക്കും. ഭാവിയിൽ രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ യോഗ്യതയുള്ള ഒരു ഉത്തമ പൗരനായിത്തീരുന്നതാണ്. ഞാൻ അക്രമവും നിയമലംഘനവും സൂക്ഷിച്ചുകൊണ്ട് എന്റെ ആയുസ്സും യുവത്വവും അറിവും യോഗ്യതയും ജനസേവനത്തിന് ചിലവഴിക്കുന്നതാണ്. 

2. ഞാൻ ഒരു ജോലിക്കാരനാണെങ്കിൽ എന്റെ തത്വം അധ്വാനവും വിശ്വസ്തതയും പൊതുജനങ്ങളുടെ സേവനവുമായിരിക്കും. കൈക്കൂലി, സ്വജനപക്ഷപാതിത്വം, ജോലിയിൽ അലസത, വിശ്വാസ വഞ്ചന മുതലായ കാര്യങ്ങളിൽ നിന്നും അകന്ന് കഴിയുന്നതാണ്. 

3. ഞാൻ ഒരു വ്യാപ്യാരിയാണെങ്കിൽ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അന്യായലാഭം, പൊതുജനങ്ങളുടെ സാമ്പത്തിക ഉന്മൂലനം പോലുള്ളവ സൂക്ഷിക്കുന്നതാണ്. 

4. ഞാൻ ഒരു അദ്ധ്യാപകനോ, പത്രപ്രവർത്തകനോ, സാഹിത്യകാരനോ, കവിയോ ആണെങ്കിൽ മനുഷ്യർക്കിടയിൽ സ്‌നേഹ-വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന ചിന്താവീക്ഷണങ്ങൾ പ്രചരിപ്പിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ആ വഴിയിൽ എന്റെ ശേഷി ചിലവഴിക്കുകയും ചെയ്യുന്നതാണ്. മനസ്സിന്റെയും സാഹചര്യത്തിന്റെയും തെറ്റായ പ്രേരണകൾ, വൈകാരിക പ്രകടനങ്ങൾ, പരസ്പര വെറുപ്പ്, വ്യക്തിഹത്യ, മാനവ വിരോധം, സംഹാര ശൈലി എന്നിവയിൽ നിന്നും അകലം പാലിക്കുന്നതാണ്. 

5. എന്നെ ഏൽപ്പിക്കപ്പെട്ട കാര്യം എന്തെങ്കിലും സ്ഥാനമാണെങ്കിൽ അതിന്റെ പരിധിയിൽ നിൽക്കാനും കർത്തവ്യം നീതിയോടെ നിർവ്വഹിക്കാനും അവകാശികൾക്ക് അവകാശം നൽകാനും ആത്മാർത്ഥമായി പരിശ്രമിക്കുന്നതാണ്. 

6. ഞാൻ സമൂഹത്തിലെ ഏത് വിഭാഗവുമായി ബന്ധപ്പെട്ട ആളാണെങ്കിലും ഈ രാജ്യത്തെ സ്വദേശമായി കണ്ടുകൊണ്ട് ഇവിടെയുള്ള ഓരോ പൗരനോടും സ്‌നേഹവും സഹാനുഭൂതിയും സഹകരണവും സാഹോദര്യവും പുലർത്തുന്നതാണ്. 

7. ഈ രാജ്യത്തെ സ്വഭാവത്തകർച്ച, മാനവ അധ:പതനം എന്നിവയിൽ നിന്നും രക്ഷിക്കുന്നതിന് അഖിലേന്ത്യാ പയാമെ ഇൻസാനിയത്ത് ഫോറം നടത്തുന്ന പ്രവർത്തനങ്ങളും പദ്ധതികളുമായി പരിപൂർണ്ണ താൽപ്പര്യം പുലർത്തുകയും കഴിവിന്റെ പരമാവധി സഹകരിക്കുകയും ചെയ്യുന്നതാണ്. 

പേര്: .....................................................................................................................................................................

വയസ്സ്: ....................... മുബൈൽ/വാട്ട്‌സ് ആപ്പ് നമ്പർ..........................................................................

വിലാസം: ...........................................................................................................................................................

ഒപ്പ്:.................................................................................................. തീയതി: ..................................................."     


🔹🔹🔹🔹🔹🔹🔹


ജുമുഅ സന്ദേശം

സ്വാതന്ത്ര്യം ഇസ്‌ലാമിക വീക്ഷണത്തിൽ

✍️ മൗലാനാ ഫൈസൽ അഹ്മദ് നദ്‌വി
(ഉസ്താദ്, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമാ, ലക്‌നൗ)

1. മനുഷ്യന്റെ സ്ഥാനം.
മനുഷ്യൻ പ്രകൃതിപരമായി സ്വതന്ത്രൻ
        മനുഷ്യൻ പ്രകൃതിപരമായി ഒരു സ്വതന്ത്ര സൃഷ്ട‌ിയാണ്. പടച്ചവൻ മനുഷ്യനെ സ്വതന്ത്രനായി പടച്ചിരിക്കുന്നു. ഈ അടി സ്ഥാനത്തിൽ മനുഷ്യൻ സ്വതന്ത്രനായി തന്നെയാണ് കഴിയേണ്ട ത്. മനുഷ്യർക്ക് ഇതര സൃഷ്‌ടികൾക്കിടയിൽ പല പ്രത്യേകതകളും നൽകിയിരിക്കുന്നു. മനുഷ്യൻ എല്ലാ സൃഷ്‌ടികളെക്കാളും അന്തസ്സു ള്ളവനും ആദരണീയനുമാണ്. “ആദം സന്തതികൾക്ക് നാം ആദ രവ് നൽകിയിരിക്കുന്നു. അവരെ കരയിലും കടലിലും നാം യാത്ര ചെയ്യിപ്പിക്കുകയും അവർക്ക് പരിശുദ്ധമായ ധാരാളം വസ്തുക്കൾ നൽകുകയും നാം സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാൾ അവരെ ശ്രേഷ്ഠരാക്കുകയും ചെയ്‌തിരിക്കുന്നു” (ബനൂ ഇസ്റാഈൽ 70).
        സൂര്യനും ചന്ദ്രനും മനുഷ്യനു വേണ്ടിയാണ് പടക്കപ്പെട്ടത്. രാവും പകലും മനുഷ്യനുള്ളതുതന്നെ. കാറ്റ് അടിച്ചുവീശുന്നതും ജലം പ്രവഹിക്കുന്നതും മാനവ നന്മയ്ക്കാണ്. “അല്ലാഹുവാണ് ആകാശ ഭൂമികളെ സൃഷ്ടിച്ചത്. ആകാശത്തു നിന്ന് അല്ലാഹു ജലം ഇറക്കി. അതിലൂടെ നിങ്ങൾക്ക് ആഹാരത്തിനു വ്യത്യസ്‌ത ഫലവർഗങ്ങൾ പുറപ്പെടുവിച്ചു. അല്ലാഹുവിൻ്റെ അനുമതി പ്രകാരം സമുദ്രത്തിൽ സഞ്ചരിക്കുന്നതിന് നിങ്ങൾക്ക് കപ്പൽ കീഴ്പെടുത്തിത്തന്നു. നദികളും നിങ്ങൾക്കു കീഴ്പെടുത്തിത്തന്നു. തുടർച്ചയായി സഞ്ചരിക്കുന്ന നിലയിൽ സൂര്യനെയും ചന്ദ്രനെയും നിങ്ങൾക്ക് കീഴ്പെടുത്തിത്ത അവൻ്റെ ഭാഗത്തുനിന്നു നിങ്ങൾക്ക് കീഴ്പെടുത്തിത്തന്നു. തീർച്ച ന്നു. രാവിനെയും പകലിനെയും നിങ്ങൾക്കു കീഴ്പെടുത്തിത്തന്നു" (ഇബ്റാഹീം 32, 33). "ആകാശഭൂമികളിലെ സർവ വസ്‌തുക്കളും യായും അതിൽ ചിന്തിക്കുന്നവർക്ക് വലിയ ദൃഷ്ടാന്തങ്ങളുണ്ട്" (ജാസിയ 13). "അല്ലാഹു ആകാശഭൂമികളിലുള്ള സകല വസ്‌തുക്കളും നിങ്ങൾക്ക് കീഴ്പ്‌പെടുത്തിത്തന്നതും അല്ലാഹുവിൻ്റെ ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങൾ നിങ്ങളുടെ മേൽ സമൃദ്ധമാക്കിയതും നിങ്ങൾ കണ്ടില്ലേ? യാതൊരു വിവരവും മാർഗദർശനവും പ്രകാശിക്കുന്ന ഗ്രന്ഥവും ഇല്ലാതെ അല്ലാഹുവിനെക്കുറിച്ച് തർക്കിക്കിക്കുന്ന ചിലർ ജനങ്ങളിലുണ്ട്” (ലുഖ്‌മാൻ 20). മനുഷ്യൻ സർവ്വവിധ അടിമത്തങ്ങളിൽ നിന്നും സ്വതന്ത്രനായി ഏകനായ പടച്ചവന്റെ ആരാധനയിൽ മുഴുകേണ്ടവനാണെന്ന് ഇവ അറിയിക്കുന്നു.

മൂസാ നബിയുടെ നിയോഗം: 
        സ്വാതന്ത്യത്തിനു തടസ്സം സൃഷ്‌ടിക്കപ്പെടുകയും മനുഷ്യൻ മനുഷ്യനെ വേട്ടയാടുകയും സ്വന്തം സഹോദരങ്ങളെ അടിമയായി കാണുകയും ചെയ്യുന്നത് പടച്ചവന് ഇഷ്ടമല്ല. ഇത്തരം സന്ദർഭങ്ങളിൽ മർദിതരുടെ മോചനത്തിനു പടച്ചവൻ പ്രിയപ്പെട്ട ഏതെ ങ്കിലും ദാസനെ നിയോഗിക്കുന്നതാണ്. മഹാനായ മൂസാ നബി (അ) യുടെ നിയോഗത്തിന്റെ ഒരു പ്രധാന ലക്ഷ്യം ബനൂഇസ്റാഈലിനെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കലായിരുന്നു. ഫിർഔൻ ബനൂഇസ്റാഈലിനെ മർദിക്കുകയും അടിമത്തത്തിൽ വരിഞ്ഞുമുറുക്കുകയും ചെയ്തപ്പോൾ പടച്ചവൻ മൂസാ നബി (അ) യെ നിയോഗിച്ചു. പ്രസ്തുത നിയോഗലക്ഷ്യം ഖുർആൻ വിവരിക്കുന്നു: “തീർച്ചയായും ഫിർഔൻ ഭൂമിയിൽ അഹങ്കാരം കാട്ടി. ജനങ്ങളെ പല വിഭാഗങ്ങളാക്കി അതിൽ ഒരു കൂട്ടത്തെ മർദിച്ചു. അവരുടെ ആൺകുട്ടികളെ കൊല്ലുകയും സ്ത്രീകളെ ജീവനോടെ നിലനിർത്തുകയും ചെയ്തു. അവൻ നാശകാരികളിൽ പെട്ടവൻ തന്നെയായിരുന്നു. ഭൂമിയിൽ മർദ്ദിതരുടെ മേൽ ഔദാര്യം ചെയ്യാനും അവരെ നായകരും അനന്തരാവകാശികളുമാക്കാനും നാം ഉദ്ദേശിക്കുന്നു. അവർക്ക് ഭൂമിയിൽ അധികാരം നൽകാനും ഫിർഔനും ഹാമാനും അവരുടെ സൈന്യവും ഭയപ്പെട്ടിരുന്ന കാര്യത്തെ അവർക്ക് കാണിച്ചുകൊടുക്കാനും നാം ആഗ്രഹിക്കുന്നു” (ഖസ്വസ് 4-6).

    മൂസാ നബി (അ) ഒരു സമുന്നത പ്രവാചകനാണ്. അദ്ദേഹം വന്ന് ഫിർഔനിനോട് പ്രഥമമായി ഉന്നയിച്ച ഒരാവശ്യം ബനൂഇസ്‌റാഈലിനെ മോചിപ്പിക്കുക എന്നതായിരുന്നുവെന്ന് ഖുർആൻ പല സ്ഥലങ്ങളിൽ ആവർത്തിച്ചിരിക്കുന്നു: "അല്ലാഹുവിൻ്റെ പേരിൽ സത്യമല്ലാത്തതൊന്നും പറയാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ട്. നിങ്ങളുടെ രക്ഷിതാവിൽ നിന്നു വ്യക്തമായ ദൃഷ്ടാന്തവുമായി നിങ്ങളുടെ അരികിൽ ഞാൻ വന്നിരിക്കുന്നു. ആകയാൽ എന്നോടൊപ്പം ഇസ്റാഈൽ സന്തതികളെ നിങ്ങൾ വിട്ടയക്കുക" (അഅ്റാഫ് 105). "നിങ്ങൾ അവൻ്റെ അരികിലേക്കു പോയി ഇപ്രകാരം പറയുക: ഞങ്ങൾ നിങ്ങളുടെ രക്ഷിതാവിൻ്റെ ദൂതന്മാരാണ്. ഞങ്ങളോടൊപ്പം ബനൂഇസ്‌റാഈലിനെ വിട്ടയക്കുക. അവരെ ദ്രോഹിക്കരുത്. നിങ്ങളുടെ നാഥൻ്റെ പക്കൽ നിന്നു ദൃഷ്ടാന്തവുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്. സന്മാർഗം പിൻപറ്റുന്നവന്റെ മേൽ രക്ഷ യുണ്ടാകട്ടെ” (ത്വാഹാ 47). "ബനൂഇസ്‌റാഈല്യരെ ഞങ്ങളോടൊപ്പം വിടുക.” (അശ്ശുഅറാഅ് 17) ഇതിന്റെ അർഥം മൂസാ നബി (അ) യുടെ നിയോഗലക്ഷ്യം ഇതു മാത്രമായിരുന്നു എന്നുമല്ല. ഫിർഔനെ നേർവഴിയിലേക്കു നയിക്കുക എന്നതായിരുന്നു പ്രഥമവും പ്രധാനവുമായ ലക്ഷ്യം. നിനക്ക് ഞാൻ നിൻ്റെ രക്ഷിതാവിൻ്റെ മാർഗം കാട്ടിത്തരാം. ആകയാൽ നീ അവനെ ഭയക്കുക. അല്ലാഹു അവനു വലിയ ദൃഷ്ടാന്തങ്ങൾ കാട്ടിക്കൊടുത്തു” (നാസിആത്ത് 19, 20). “നിങ്ങൾ ഇരുവരും ഫിർഔൻ്റെ അടുക്കൽ പോവുക. അവൻ പരിധി വിട്ടിരിക്കുന്നു. ഫിർഔനോടും മയമായ വാചകം പറയുക. അവൻ ഉപദേശം സ്വീകരിക്കുകയോ ഭയക്കുകയോ ചെയ്തേക്കാം.” (ത്വാഹാ 43, 44) എന്നാൽ ഇതോടൊപ്പം ബനൂഇസ്റാഈലിനെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കലും ഒരു പ്രധാന ലക്ഷ്യമായിരുന്നു. അങ്ങനെ മൂസാ നബി (അ), ദൈവികത വാദിക്കുകയും അടിമുടി പാപങ്ങളിൽ മുഴുകുകയും ചെയ്തിരുന്ന ഫിർഔനോട്, മർദ്ദിതരായ ബനൂഇസ്റാഈലിനെ തന്നെ ഏൽപിക്കണമെന്നും അവരുടെ കാലുകളിൽ വീണിരുന്ന അടിമത്തത്തിൻ്റെ ചങ്ങല അഴിച്ചുമാറ്റണമെന്നും ആവശ്യ പ്പെട്ടു. “മൂസാ നബി ഫിർഔനോട് പറഞ്ഞു: അല്ലാഹുവിന്റെ അടിമകളെ എന്നെ ഏൽപിക്കുക” (ദുഖാൻ). അല്ലാഹുവിന്റെ അടിമകൾ എന്ന ഈ പ്രയോഗത്തിനുള്ളിൽ വലിയൊരു സൂചനയുണ്ട്: മനുഷ്യൻ പടച്ചവൻ്റെ അടിമ മാത്രമേ ആകാൻ പാടുള്ളൂ. നിന്റെ അടിമയാകാൻ പാടില്ല. ആകയാൽ അവരെ എന്നെ ഏൽപിക്കുക. ഞാൻ പടച്ചവനോടുള്ള അടിമത്തം അവരെ പഠിപ്പിക്കാം. മൂസാ നബി (അ) ഫിർഔൻ്റെ അരികിൽ പോയി പടച്ചവനിലേക്കു ക്ഷണിക്കുകയും ബനൂഇസ്‌റാഈലിനെ വിട്ടുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തപ്പോൾ മൂസാ നബി (അ) യോട് ഫിർഔൻ മുമ്പ് ചെയ്‌ത അനുഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞു. ഉടനെ മൂസാ നബി (അ) പ്രതികരിച്ചു: "നിങ്ങൾ ഒരു സമുദായത്തെ മുഴുവൻ അടിമയാക്കി വെച്ചിരുന്നു. അവർ മുഴുവൻ നിങ്ങളുടെ അക്രമങ്ങളുടെ ആട്ടുകല്ലിൽ ചതഞ്ഞരയുകയായിരുന്നു. ഇതിനിടയിൽ അവരിൽ ഒരാളെ അറിയാതെ വളർത്തിയെന്നത് എന്ത് ഉപകാരമാണ്?” (ശുഅറാഅ് 22).

    ഫിർഔൻ്റെ ആളുകൾ ബനൂഇസ്‌റാഈലിനോട് കാട്ടിക്കൂട്ടിയിരുന്ന അക്രമങ്ങളും മർദനപീഡനങ്ങളും വളരെ ശക്തവും വ്യക്തവുമായിരുന്നതുകൊണ്ടാണ് അവരിൽപ്പെട്ട ഒരാൾ ഒരു ബനൂഇസ്റാഈലുകാരനെ മർദ്ദിക്കുന്നത് കണ്ടപ്പോൾ അന്വേഷണമൊന്നും കൂടാതെ മൂസാ നബി (അ) അയാളെ അടിച്ചത്.

അന്ത്യപ്രവാചകൻ അടിമത്തത്തിനെതിരെ
        മൂസാ നബി (അ) ബനൂഇസ്റാഈലിനെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കാൻ വന്നതുപോലെ അന്ത്യപ്രവാചകൻ മുഹമ്മദുർറ സൂലുല്ലാഹി (സ) മുഴുവൻ മാനവരാശിയെയും സർവവിധ അടിമത്തങ്ങളിൽ നിന്നും രക്ഷിക്കാൻ പരിശ്രമിക്കുകയുണ്ടായി. മുഹമ്മദ് നബി (സ) യുടെ കാലത്ത് ബൈസന്റൈൻ-സാസാനി ഭരണകൂടങ്ങൾ ഭരണീയരെ അടിമകളായി കാണുകയും അവരുടെ മേൽ കടുത്ത നികുതികൾ ചുമത്തുകയും കൈക്കൂലിയും കൈമടക്കും നിർബന്ധിച്ചു വാങ്ങുകയും ചെയ്‌തിരുന്നു. മാനവികതയുടെ മുതുകിൽ അടിമത്തത്തിൻ്റെ നുകം മനുഷ്യൻ തന്നെ ചുമത്തിയിരുന്നതിനാൽ ജനങ്ങൾ വല്ലാത്ത കഷ്ട്ടപ്പാടിലായിരുന്നു. അവരുടെ അലമുറകൾ അന്തരീക്ഷത്തിൽ ഉയർന്നിരുന്നു. അടിമത്തത്തിന്റെ ഭയാനക അന്തരീക്ഷത്തിലാണ് അന്ന് മനുഷ്യർ ശ്വാസം വിട്ടിരുന്നത്. എല്ലാവരും അടിമത്തത്തിൻ്റെ ജയിലറകളിൽ തള്ളപ്പെട്ടിരുന്നു. ഇത്തരം നാശനഷ്ടങ്ങൾ നിറഞ്ഞ ഒരു അവസരത്തിലാണ് മുഹമ്മദ് നബി (സ) ആഗതനായത്. മുഹമ്മദ് നബി (സ) മാനവരാശിയെ മനുഷ്യരുടെ അടിമത്തത്തിൽ നിന്നു രക്ഷിച്ച് ഏകനായ പടച്ചവന്റെ അടിമത്വത്തിലേക്കും ആരാധനയിലേക്കും ക്ഷണിച്ചു. മനുഷ്യന്റെ പിരടിയിൽ നിന്നും മർദ്ദന പീഡനങ്ങളുടെ നുകം വലിച്ചെറിഞ്ഞു. അടിമത്വത്തിന്റെ ചങ്ങലകൾ പൊട്ടിച്ചുകളഞ്ഞു. മനുഷ്യൻ മറന്നുപോയ സ്വാതന്ത്ര്യത്തിന്റെ സരണിയിലൂടെ നടത്തിച്ചു.

2. സ്വാതന്ത്യത്തിൻ്റെ പ്രാധാന്യം
        മുഹമ്മദ് നബി (സ) പ്രബോധനം ചെയ്‌ത മാർഗമായ ഇസ്‌ലാം സ്വാതന്ത്ര്യത്തിൻ്റെ ദർശനമാണ്. ഇസ്‌ലാമിൻ്റെ പ്രകൃതിയിൽ തന്നെ സ്വാതന്ത്ര്യത്തോടുള്ള സ്നേഹം അലിഞ്ഞുചേർന്നിരിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അടിമത്വത്തിൽ നിന്നു മനുഷ്യനെ മോചിപ്പിക്കാൻ ഇസ്‌ലാം പരിശ്രമിച്ചു. അന്ന് ലോകം മുഴുവനും പടർന്നു പന്തലിച്ചിരുന്ന അടിമത്തത്തിൽ നിന്നു മോചനം നൽകാൻ ഇസ്‌ലാം പടിപടിയായി പല പരിശ്രമങ്ങളാണ് ചെയ്തത്. ആദ്യമായി അടിമകൾക്ക് അധികമായി ദാനധർമങ്ങൾ ചെയ്യാനും അവരോട് നല്ല നിലയിൽ വർത്തിക്കാനും ഖുർആൻ ഉപദേശിച്ചു. “നന്മ എന്നാൽ നിങ്ങളുടെ മുഖം കിഴക്കോ പടിഞ്ഞാറോ തിരിക്കുന്നതു മാത്രമല്ല. (മറിച്ച് ഏറ്റവും വലിയ നന്മ ഒരു വ്യക്തിയു ടെ ഗുണങ്ങളാണ്). അദ്ദേഹം അല്ലാഹുവിൽ വിശ്വസിച്ചു. അന്ത്യ ദിനത്തിലും മലക്കുകളിലും എല്ലാ വേദഗ്രന്ഥങ്ങളിലും മുഴുവൻ നബിമാരിലും വിശ്വസിച്ചു. സമ്പത്തിനോട് സ്നേഹം ഉണ്ടായിരുന്നിട്ടും ബന്ധുക്കൾക്കും അനാഥർക്കും സാധുക്കൾക്കും യാത്രികർക്കും യാചകർക്കും അടിമമോചനത്തിനും സമ്പത്ത് കൊടുക്കുന്നു. നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത് കൊടുത്തു വീട്ടുകയും ചെയ്യുന്നു. ഇത്തരം ആളുകൾ ഏതെങ്കിലും കരാർ ചെയ്താൽ പാലിക്കുന്നവരുമാകുന്നു. ഞെരുക്കത്തിലും രോഗത്തിലും പോരാട്ടത്തിലും സഹനത മുറുകെപ്പിടിക്കുന്നവരുമാകുന്നു. ഇവരാണ് സത്യസന്ധന്മാർ. ഇവരാണ് ഭയഭക്തിയുള്ളവർ" (ബഖറ 177). “തീർച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും, ഉള്ളത് തികയാത്ത സാധുവിനും, സകാത്തിൻ്റെ ഉദ്യോഗസ്ഥർക്കും, (ഇസ്‌ലാമി ലേക്ക്) മനസ്സ് ഇണക്കപ്പെട്ടവർക്കും, അടിമത്തമോചനത്തിനും, കട ബാധ്യതയുള്ളവർക്കും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ളവർക്കും, വഴിയാത്രികർക്കും നൽകപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കൽ നിന്നുമുള്ള നിർബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്” (തൗബ 60). “അല്ലാഹുവിനെ നിങ്ങൾ ആരാധിക്കുക. അവനോട് ഒന്നിനെയും പങ്കുചേർക്കരുത്. മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുക. ബന്ധുക്കൾ, അനാഥർ, സാധുക്കൾ, അടുത്തുള്ള അയൽവാസി, അകന്ന അയൽവാസി, സഹകാരി, യാത്രികൻ, നിങ്ങളുടെ കീഴിലുള്ളവർ എന്നിവരോടും നല്ല നിലയിൽ വർത്തിക്കുക. സ്വയം വലിയവനായി കരുതുകയും വീമ്പു പറയുകയും ചെയ്യുന്നവനെ അല്ലാഹുവിനു ഇഷ്ടമല്ല" (നിസാഅ് 36). "സത്യവിശ്വാസിനികളോട് ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യസ്ഥാനം സൂക്ഷിക്കാനും പറയുക. അവരുടെ അലങ്കാരത്തിൽ നിന്നു വെളിവായിപ്പോകുന്നതൊഴിച്ച് ഒന്നും അവർ വെളിവാക്കരുതെന്നും പറയുക. അവരുടെ മുഖമക്കനകൾ നെഞ്ചു വരെ താഴ്ത്തിയിടട്ടെ. അവരുടെ ഭർത്താവ്, പിതാവ്, ഭർതൃപിതാവ്, പുത്രന്മാർ, ഭർത്താവിൻ്റെ പുത്രന്മാർ, സഹോദരങ്ങൾ, സഹോദരപുത്രന്മാർ, സഹോദരീപുത്രന്മാർ, അടുത്ത സ്ത്രീകൾ, അടിമകൾ, വികാര താൽപര്യങ്ങളില്ലാത്ത പുരുഷവേലക്കാർ, സ്ത്രീരഹസ്യങ്ങൾ അറിയാത്ത ആൺകുട്ടികൾ ഇവരുടെ മുന്നിലല്ലാതെ അവരുടെ സൗന്ദര്യം ഒന്നും വെളിവാക്കരുത്. മറഞ്ഞ അലങ്കാരങ്ങൾ അറിയപ്പെടുന്നതിന് കാലുകൾ ശബ്ദത്തിൽ അടിക്കരുത്. സത്യവിശ്വാസികളേ, വിജയം വരിക്കുന്നതിന് അല്ലാഹുവിലേക്ക് നിങ്ങളെല്ലാവരും പശ്ചാത്തപിച്ച് മടങ്ങുക” (നൂർ 31). “വിവാഹത്തിനു വകയില്ലാത്തവൻ, അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്നും അവരെ അല്ലാഹു സമ്പന്നരാക്കുന്നതുവരെ ക്ഷമയോടെ സൂക്ഷിച്ചുകഴിയട്ടെ. നിങ്ങളുടെ അടിമകളിൽ നിന്നും മോചനപത്രം ആഗ്രഹിക്കുന്നവരിൽ നിങ്ങൾ നന്മ കാണുകയാണെങ്കിൽ അവർക്ക് മോചനപത്രം എഴുതിക്കൊടുക്കുക. അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്പത്തിൽ നിന്ന് അവർക്ക് നൽകുകയും ചെയ്യുക. നിങ്ങളുടെ അടിമസ്ത്രീകൾ പാതിവൃത്യം ആഗ്രഹിക്കുമ്പോൾ ഭൗതികലാഭം ആഗ്രഹിച്ചു കൊണ്ട് അവരെ വേശ്യാവൃത്തിക്ക് നിങ്ങൾ നിർബന്ധിക്കരുത്. ആരെങ്കിലും അവരെ നിർബന്ധിച്ചാൽ അവരുടെ നിർബന്ധത്തിനു ശേഷം അല്ലാഹു (ആ സ്ത്രീകൾക്ക്) പൊറുക്കുന്നവനും കാരുണ്യവാനുമാണ്” (നൂർ 33). “എന്നാൽ അവൻ ദുർഘടപാത മുറിച്ചുകടന്നില്ല. ദുർഘടപാത എന്നാൽ എന്താണെന്ന് അറിയാമോ? അടിമയെ മോചിപ്പിക്കുക” (ബലദ് 11-13). "ഒരു വിശ്വാസിയെ അബദ്ധവശാലല്ലാതെ വധിക്കുന്നത് ഒരു വിശ്വാസിയുടെ സ്വഭാവമല്ല. ആരെങ്കിലും അബദ്ധത്തിൽ ഒരു വിശ്വാസിയെ വധിച്ചാൽ വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കലും വധിക്കപ്പെട്ടവൻ്റെ കുടുംബം മാപ്പാക്കിയില്ലെങ്കിൽ നഷ്ടപരിഹാരം കൊടുത്തുവീടലും നിർബന്ധമാണ്. കൊല്ലപ്പെട്ട വ്യക്തി വിശ്വാസിയും നിങ്ങളുടെ ശത്രുക്കളിൽപ്പെട്ട ആളുമായിരുന്നാൽ വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. ഇനി വധിക്കപ്പെട്ടവൻ നിങ്ങളോട് കരാർ ചെയ്തിട്ടുള്ള സമൂഹത്തിൽപ്പെട്ട ആളാണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് ഏൽപിക്കപ്പെടുന്ന നഷ്ടപരിഹാരവും ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കലും നിർബന്ധമാണ്. ഇനി അടിമയെ ലഭിച്ചില്ലെങ്കിൽ രണ്ടു മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അല്ലാഹുവിങ്കൽ നിന്നു നിശ്ചയിക്കപ്പെട്ട പശ്ചാത്താപമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും തന്ത്രജ്ഞനുമാണ് (നിസാഅ് 92). “നിങ്ങളുടെ ശപഥങ്ങളിൽ വന്ന പാഴ്‌വാക്കുകളുടെ പേരിൽ അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. മറിച്ച്, നിങ്ങൾ മനഃപൂർവം ശപഥം ചെയ്‌തതിൻ്റെ പേരിൽ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്. അപ്പോൾ അതിന്റെ പരിഹാരം സ്വന്തം കുടുംബക്കാർക്ക് നൽകാറുള്ള മധ്യമ ആഹാരത്തിൽ നിന്നു പത്തു സാധുക്കളെ ആഹരിപ്പിക്കലാണ്. അല്ലെങ്കിൽ വസ്ത്രം നൽകലാണ്. അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കലാണ്. ഇവ ലഭിക്കാത്തവൻ മൂന്നു ദിവസം നോമ്പു പിടിക്കണം. നിങ്ങൾ ശപഥം പൊളിച്ചാലുള്ള പരിഹാരം ഇതാണ്. നിങ്ങളുടെ ശപഥങ്ങളെ സൂക്ഷിക്കുക. അല്ലാഹു അവന്റെ വചനങ്ങൾ ഇപ്രകാരം നിങ്ങൾക്ക് വിവരിച്ചുതരുന്നത് നിങ്ങൾ നന്ദി രേഖപ്പെടുത്തുന്നതിനാണ്” (മാഇദ 89). “തങ്ങളുടെ ഭാര്യമാരെ ളിഹാർ ചെയ്യുകയും അവർ പറഞ്ഞതിൽ നിന്നു പിന്മാറുകയും ചെയ്ത‌വർ പരസ്‌പരം സംസർഗത്തിനു മുമ്പ് ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. ഇതു നിങ്ങളോട് ഉപദേശിക്കപ്പെടുന്ന കാര്യമാണ്. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി അറിയുന്നവനാകുന്നു” (മുജാദില 3).
        രണ്ടാമതായി ഇസ്‌ലാം അടിമകൾക്കും അഭിപ്രായ സ്വാതന്ത്ര്യം നൽകി. അവകാശങ്ങളുടെ വിഷയത്തിൽ എല്ലാവരും തുല്യരാണെന്നു പ്രഖ്യാപിച്ചു. ഇതിൻ്റെ വിവരണം കുറിക്കാൻ തുടങ്ങിയാൽ ധാരാളം താളുകൾ ആവശ്യമായി വരും. പ്രവാചക ചരിത്രത്തിൽ ഇതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. മുഹമ്മദ് നബി (സ) അടിമകളായ പുരുഷന്മാർക്കു മാത്രമല്ല, സ്ത്രീകൾക്കു പോലും അഭിപ്രായം പറയാൻ അവസരം നൽകിയിരുന്നു. അവരിൽ പലരും നബി (സ) യോട് തുറന്നു സംസാരിക്കുകയും ചിലപ്പോഴൊക്കെ സ്നേഹാദരങ്ങളോടെ സംവദിക്കുകയും ചെയ്യുമായിരുന്നു. ഉദാഹരണത്തിന് ബരീറ (റ) യുടെ സംഭവം മാത്രം നോക്കുക: നബി (സ) അവരോട് ഒരു കാര്യം അഭിപ്രായപ്പെട്ടപ്പോൾ അവർ ചോദിച്ചു: അല്ലാഹുവിൻ്റെ ദൂതരേ, ഇത് കൽപനയാണോ? കൽപനയാണെങ്കിൽ ഞാൻ ഉറപ്പായും സ്വീകരിക്കും. നബി (സ) അരുളി: കൽപനയല്ല, ശുപാർശ മാത്രമാണ്. അവർ പറഞ്ഞു: എന്നാൽ ഞാൻ ഇതു സ്വീകരിക്കുന്നതല്ല. (ബുഖാരി)
                ഹദീസ് ഗ്രന്ഥങ്ങളിലെ ഒരു പ്രധാന അധ്യായമാണ് ഇത്ഖ് അഥവാ അടിമമോചനം. ഈ വിഷയത്തിൽ സഹാബിമാർ വളരെ താൽപര്യം പുലർത്തിയിരുന്നു. വിശിഷ്യാ, രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ) ഇസ്‌ലാമിൻ്റെ താൽപര്യത്തെ കൂടുതൽ ശക്തമായി ഉൾക്കൊള്ളുകയും അടിമത്തം ഇല്ലാതാക്കാൻ പരിശ്രമിക്കുകയും ചെയ്‌തു. യുദ്ധത്തടവുകാരെ അക്കാലത്ത് അടിമകളാക്കിയിരുന്നു. ഉമർ (റ) ഇത്തരം ധാരാളം അടിമകളെ കൂട്ടംകൂട്ടമായി അവരുടെ രാജ്യത്തേക്കു മടക്കി അയക്കുകയുണ്ടായി (അൽഫാറൂഖ്, അല്ലാമാ ശിബ്‌ലി നുഅ്മാനി) ഉമർ (റ) എല്ലാ അടിമകളോടും മോചനപത്രം എഴുതാനും ഉടമകളോട് അത് സ്വീകരിക്കാനും നിർദേശിച്ചിരുന്നു. ഒരു അടിമയുടെ മോചനപത്രം സ്വീകരിക്കാതിരുന്നപ്പോൾ ഉമർ (റ) നിർബന്ധിച്ച് അത് സ്വീകരിക്കാൻ ആവശ്യപ്പെട്ടു. രോഗം ബാധിച്ച അടിമകളെ സന്ദർശിക്കാൻ പോകാത്തതിൻ്റെ പേരിൽ ഉമർ (റ) ഏതാനും ഗവർണർമാരെ സ്ഥാന ഭ്രഷ്ടരാക്കുകയുണ്ടായി. മുസ്‌ലിംകളിൽ പെട്ട ഏതെങ്കിലും അടിമ ഒരു സമുദായത്തിന് അഭയം നൽകിയാൽ അത് പാലിക്കാൻ സർവ മുസ്‌ലിംകളും ബാധ്യസ്ഥരാണെന്നു പ്രഖ്യാപിച്ചു (അൽഫാറൂഖ്). ഈജിപ്ത് വിജയത്തിനു നേതൃത്വം നൽകിയ അംറുബ്നുൽ ആസിൻ്റെ മകൻ ഒരിക്കൽ ഒരാളെ അന്യായമായി അടിച്ചു. അദ്ദേഹം ഉമറി (റ) നോട് പരാതി പറഞ്ഞു. മകനെയും കൂട്ടിക്കൊണ്ടുവരാൻ ഉമർ ഉടനെ അംറിനു കത്തെഴുതി. അവർ വന്നു. കൂട്ടത്തിൽ ഈജിപ്‌തുകാരനെയും വിളിച്ചു. തുടർന്ന് ഈജിപ്തുകാരനോട് ലഭിച്ച പോലുള്ള അടി തിരിച്ചടിക്കാൻ കൽപിച്ചു. അദ്ദേഹം പരിക്കേൽക്കുന്ന നിലയിൽ ശക്തമായൊരു അടി കൊടുത്തു. ഉമർ (റ) പറഞ്ഞു: അടുത്തതായി അംറിനെയും അടിക്കുക. പിതാവിന്റെ സ്ഥാനത്തിൻ്റെ പേരിലാണല്ലോ മകൻ അടിച്ചത്. അദ്ദേഹം ഒഴിഞ്ഞുമാറി. ഈ സമയത്ത് ഉമർ (റ) ചരിത്രപ്രസിദ്ധമായ ഈ വാചകം പറഞ്ഞു: ജനങ്ങളെ അവരുടെ മാതാക്കൾ സ്വതന്ത്രരായി പ്രസവിച്ചിരിക്കേ നിങ്ങൾ എപ്പോഴാണ് അവരെ അടിമകളാക്കിയത്?

3. രാഷ്ട്രസ്വാതന്ത്ര്യവും രാജ്യസ്നേഹവും
            മനുഷ്യരുടെ സ്വാതന്ത്ര്യത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നൽകുന്നു. വ്യക്തികളുടെ സ്വാതന്ത്യം പോലെ ഒരു നാടിൻ്റെ സ്വാതന്ത്ര്യവും വളരെ മുഖ്യമായതാണ്. മുഹമ്മദ് നബി(സ)യുടെ നിയോഗലക്ഷ്യമായി ഖുർആൻ പറയുന്നു: “റസൂലുല്ലാഹ് ജനങ്ങളിൽ നിന്നു ഭാരത്തെ ഇറക്കിവെക്കുകയും അവരുടെ ചങ്ങലകളെ അഴിച്ചുമാറ്റുകയും ചെയ്യുന്നു" (അഅ്റാഫ് 157). മനുഷ്യരുടെ അടിമത്വത്തിൽ നിന്നു ജനങ്ങളെ മോചിപ്പിക്കാൻ ഇസ്‌ലാം മുസ്‌ലിംകളോട് കൽപിക്കുന്നു. ലോകത്തിൻ്റെ അവസ്ഥകൾ നിരീക്ഷിക്കാനും നന്മകൾ പ്രചരിപ്പിക്കാനും കൽപിക്കപ്പെട്ടവർ നാടിൻ്റെയും നാട്ടുകാരുടെയും അടിമത്തത്തെ നോക്കിനിൽക്കാൻ പാടില്ല. മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദി കുറിക്കുന്നു: അടിമത്തം ഒരു മാരക രോഗമാണ്. പരസ്യമായി നിന്ദ്യത സഹിക്കുക മാത്രമല്ല, നിന്ദ്യതയെ അഭിമാനമായി കാണാനും അടിമത്തം പ്രേരിപ്പിക്കുന്നു. മനുഷ്യരെ താഴ്ച‌കളിൽ നിന്ന് ഉന്നതങ്ങളിലേക്ക് ഉയർത്താൻ പരിശ്രമിക്കുന്ന ഇസ്‌ലാം, മനുഷ്യർ നിന്ദ്യതയുടെ അഗാധ ഗർത്തങ്ങളിലേക്ക് പതിക്കുന്നതിനെ ഒരിക്കലും സമ്മതിക്കുന്നതല്ല. ഉമർ (റ) ന്റെ കാലത്ത് അനറബികളായ ജനങ്ങൾ ഇസ്‌ലാമിലേക്ക് കടന്നുവന്നപ്പോൾ അവർ അറബികളെ അമിതമായി ആദരിക്കുന്നതിനെ പോലും ഉമർ (റ) ശക്തമായി വിലക്കുകയുണ്ടായി. മൗലാനാ അബുൽ കലാം ആസാദ് പ്രസ്‌താവിച്ചു: ലോകത്ത് സത്യത്തിൻ്റെ സംസ്ഥാപനത്തിനും അടിമത്തത്തിൻ്റെ നിർമാർജ്ജനത്തിനും പരിശ്രമിക്കേണ്ടത് ഇസ്‌ലാമിന്റെ പ്രധാന സ്വഭാവമാണ്. വ്യക്തികൾക്കോ ഏതാനും ആളുകൾക്കോ അധികാരത്തിൻ്റെ പേരിൽ ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കാൻ ഇസ്‌ലാം ആരെയും അനുവദിക്കില്ല. മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിച്ച അധികാര കേന്ദ്രങ്ങളെ ഇല്ലാതാക്കണമെന്നാണ് ഇസ്‌ലാം നിർദേശിക്കുന്നത്.
                ഇസ്‌ലാം മുസ്‌ലിംകൾക്ക് ലോകത്തിൻ്റെ നേതൃത്വം നൽകിയത്, ശക്തിയുപയോഗിച്ച് അധികാരം സ്ഥാപിക്കാനും ജനങ്ങളെ അടിമകളാക്കാനും വേണ്ടിയല്ല. മറിച്ച്, മർദന പീഡനങ്ങളിൽ കുടുങ്ങി വേദനിക്കുകയും കഷ്‌ടപ്പെടുകയും ചെയ്യുന്ന മാനവരാശിയെ പടച്ചവന്റെ നീതിപൂർണമായ വ്യവസ്ഥിതിയിലേക്ക് കൊണ്ടുവന്ന് ആശ്വസിപ്പിക്കുക എന്നതാണ് മുസ്‌ലിംകളുടെ ദൗത്യം. സഹാബിമാർ ഈ യാഥാർഥ്യം നന്നായി മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തിരുന്നു. ഇറാനിയൻ സേനാനായകൻ റുസ്‌തം, നിങ്ങൾ എന്തിനാണ് വന്നതെന്ന് ചോദിച്ചതിനു മറുപടിയായി ഒരു സാധാരണ സഹാബിയായ രിബ്ഇയ്യുബ്‌നു ആമിർ (റ) നൽകിയ മറുപടി ഇപ്രകാരമാണ്: അടിമകളെ ആരാധിക്കുന്നതിൽ നിന്നും ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും, ഭൗതിക ഞെരുക്കത്തിൽ നിന്നു വിശാലതയിലേക്കും, തെറ്റായ മതങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ഇസ്‌ലാമിൻ്റെ നീതിയിലേക്കും അല്ലാഹു ഉദ്ദേശിക്കുന്നവരെ പുറപ്പെടുവിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു ഞങ്ങളെ നിയോഗിച്ചത്.
            ഇസ്‌ലാം യുദ്ധം അനുവദിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്‌തിരിക്കുന്നത് നീതിയുടെ സംസ്ഥാപനത്തിനും അക്രമ-അനീതികളിൽ നിന്നു ജനങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടി മാത്രമാണ്. ഒരുകൂട്ടം ജനങ്ങൾ ആക്രമിക്കപ്പെടുകയും സ്വാതന്ത്യത്തിനു വേണ്ടി നിലവിളിക്കുകയും ചെയ്യുമ്പോൾ കൈയും കെട്ടി കാഴ്ചക്കാരായി നിൽക്കാൻ മുസ്‌ലിംകൾക്ക് സാധ്യമല്ല. ഇവിടെ മുസ്‌ലിംകളെ പിടിച്ചുകുലുക്കിക്കൊണ്ട് ഖുർആൻ ചോദിക്കുന്നു: “പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങിയ ബലഹീനന്മാർക്കു വേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ പോരാടാതിരിക്കാൻ നിങ്ങൾക്ക് എന്തു ന്യായമാണുള്ളത്? ആ സാധുക്കൾ ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കുന്നു: രക്ഷിതാവേ, നാട്ടുകാർ അക്രമികളായ ഈ നാട്ടിൽ നിന്നു ഞങ്ങളെ നീ രക്ഷിക്കേണമേ. നിന്റെ ഭാഗത്തു നിന്ന് ഒരു സംരക്ഷകനെയും സഹായിയെയും ഞങ്ങൾക്കായി നീ നിശ്ചയിച്ചു നൽകേണമേ" (നിസാഅ് 75). "ഇപ്രകാരം ആരെയെങ്കിലും സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കപ്പെടുകയും അടുത്തവരിൽ നിന്ന് അകറ്റുകയും ചെയ്‌താൽ പോരാടാനുള്ള സ്വാതന്ത്ര്യം മുമ്പുള്ളവർക്കും അല്ലാഹു നൽകിയിരുന്നു" (ബഖറ 246).
            സ്വന്തം നാടിനോടുള്ള സ്നേഹം പ്രകൃതിപരമായ ഒരു യാഥാർഥ്യമാണ്. ഇസ്‌ലാം ഇതിനെ തള്ളിപ്പറയുന്നില്ലെന്നു മാത്രമല്ല, പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ കൂട്ടത്തിൽ അതിന്റെ ലക്ഷ്യവും മാർഗവും ശരിയാക്കണമെന്നും ഉണർത്തുന്നു. അതെ, ഇസ്‌ലാം രാജ്യത്തെ ആരാധിക്കാനല്ല, സ്നേഹിച്ച് ആദരിക്കാനാണ് പഠിപ്പിക്കുന്നത്. സ്വരാജ്യത്തോടുള്ള സ്നേഹാദരവുകൾ സത്യവിശ്വാസത്തിന്റെ ഭാഗമാണ്. നബി (സ) ക്ക് ജന്മനാടായ മക്കാ മുകർറമയോട് വലിയ സ്നേഹമായിരുന്നു. പലായനത്തിന്റെ സമയത്ത് മക്കയെ നോക്കിക്കൊണ്ട് കണ്ണീരോടെ മൊഴിഞ്ഞു: മക്ക, നീ വളരെ പരിശുദ്ധ നാടാണ്. നീ എനിക്ക് വളരെ പ്രിയങ്കരമാണ്. എന്റെ ആളുകൾ എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും പുറത്തുപോകില്ലായിരുന്നു. പിന്നീട് മദീനാ മുനവ്വറയിൽ താമസമാക്കിയപ്പോൾ റസൂലുല്ലാഹി (സ) മദീനയെയും സ്നേഹിച്ചു. റസൂലുല്ലാഹി (സ) പ്രാർഥിച്ചു: അല്ലാഹുവേ, മക്കയെ പോലെ, എന്നല്ല അതിനേക്കാൾ കൂടുതൽ മദീനയോട് ഞങ്ങൾക്ക് സ്നേഹം നൽകേണമേ. മദീനയിലെ ഓരോ വസ്‌തുക്കളുടെയും ഐശ്വര്യത്തിനു വേണ്ടി നബി (സ) പ്രാർത്ഥിക്കുമായിരുന്നു. മദീനയിലെ ഓരോ പ്രദേശങ്ങളും നബി (സ) ക്ക് പ്രിയങ്കരമായിരുന്നു. ഉഹ്ദ് മലയെ നോക്കിക്കൊണ്ട് അരുളി: ഇത് നമ്മെയും നാം ഇതിനെയും സ്നേഹിക്കുന്നു. സ്വരാജ്യസ്നേഹം ഈ നിലയിൽ പുലർത്തിയ ഒരു പ്രവാചകൻ്റെ അനുയായികൾ സ്വന്തം രാജ്യത്തെ സ്നേഹിക്കാതിരിക്കുമോ? രാജ്യത്തോടും രാജ്യനിവാസികളോടുമുള്ള ഗുണകാംക്ഷ, അവരുടെ താൽപര്യങ്ങളുടെ സംരക്ഷണം, രാഷ്ട്ര ശക്തിയെക്കുറിച്ചുള്ള ചിന്ത, രാജ്യനിവാസികളുടെ സംരക്ഷണത്തിനുള്ള ത്യാഗപരിശ്രമങ്ങൾ എന്നിവയാണ് സ്വരാജ്യസ്നേഹം കൊണ്ടുള്ള വിവക്ഷയെങ്കിൽ ഇസ്‌ലാം ഇതിനെ ശക്തിയുക്തം പിന്തുണയ്ക്കുന്നുണ്ട്.
          സാമൂഹിക സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം മുന്നിൽ വെച്ചുകൊണ്ട് ഇസ്‌ലാം രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനു വേണ്ടി വളരെയധികം പ്രേരണ നൽകുന്നു. കാരണം സ്വാതന്ത്ര്യമുണ്ടെങ്കിൽ മാത്രമേ ജനങ്ങൾക്ക് സമാധാനത്തോടെ ഇസ്‌ലാമിൻ്റെ വിധിവിലക്കുകൾ പാലിക്കാൻ കഴിയുകയുള്ളൂ. സ്വതന്ത്ര സ്ഥലത്ത് മാത്രമേ ഇസ്‌ലാമിക ചിഹ്നങ്ങളോടുള്ള ആദര-ബഹുമാനങ്ങൾ സംരക്ഷിക്കാനും സാധിക്കുകയുള്ളൂ. ഇതുകൊണ്ടുതന്നെ ആരെങ്കിലും അതിർത്തിയിൽ ആക്രമിച്ചാൽ അതിനെ നേരിടാനും സംരക്ഷിക്കാനും ഇസ്‌ലാം കൽപിക്കുന്നു. ഇസ്‌ലാമിൻ്റെ അതിർത്തിയെ സംരക്ഷിക്കാനും ശത്രുക്കൾ കടന്നുവരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉരുക്കുഭിത്തി പോലെ ജാഗ്രതയോടെ നിലയുറപ്പിക്കാനും ഖുർആൻ കൽപിച്ചിരിക്കുന്നു. “സത്യവിശ്വാസികളേ, നിങ്ങൾ സഹനത മുറുകെ പിടിക്കുക. (പോരാട്ടത്തിൽ) സഹനതയോടെ ഉറച്ചുനിൽക്കുക. ജാഗ്രതയോടെ നിലയുറപ്പിക്കുക. അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക. നിങ്ങൾ വിജയം വരിക്കുന്നതാണ്” (ആലുഇംറാൻ 200). ഹദീസിൻ്റെ കിതാബുകളിലും അതിർത്തി സംരക്ഷണത്തിൻ്റെ മഹത്വം ധാരാളമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ഒരു ദിവസം അതിർത്തി സംരക്ഷിക്കുന്നത് ഒരു മാസം നോമ്പു പിടിക്കുന്നതിനു തുല്യമാണെന്നും ആയിരം രാവുകൾ ഇബാദത്തിൽ മുഴുകുന്നതു പോലെയാണെന്നും ഖബറിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയാണെന്നും ഹദീസുകളിൽ വന്നിരിക്കുന്നു. ജീവന്റെയും സമ്പത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണത്തിനു വേണ്ടി സ്വാതന്ത്യ സമരം നടത്തേണ്ടതാണ്. ഈ വഴിയിൽ കൊല്ലപ്പെടുന്നത് ശഹാദത്ത് (രക്തസാക്ഷിത്വം) ആണെന്ന് റസൂലുല്ലാഹി (സ) അരുളുകയുണ്ടായി (നസാഈ).
        ചുരുക്കത്തിൽ, അക്രമങ്ങൾ തടയാനും സ്വാതന്ത്ര്യം കരസ്ഥമാക്കാനും പോരാടണമെന്നത് ഇസ്‌ലാമിന്റെ പ്രധാന പ്രേരണയാണ്. സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തി ജീവിക്കാൻ മുസ്‌ലിംകൾക്ക് അനുവാദമില്ല. ജീവിക്കുന്നെങ്കിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ് ഇസ്ലാമിന്റെ വ്യക്തമായ കാഴ്‌ചപ്പാട്. സ്വദ്ർ അല്ലെങ്കിൽ ഖബ്ർ (സ്വതന്ത്രമായ ജീവിതം അല്ലെങ്കിൽ മരണം) ഇതാണ് നമ്മുടെ മുദ്രാവാക്യം.

4. അധിനിവേശം
        സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ശക്തവും വ്യക്തവുമായ ഇസ്‌ലാമിന്റെ ഉപരിസൂചിത അധ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ കാലഘട്ടത്തിലും മുസ്‌ലിം ലോകം അധിനിവേശങ്ങളെ വലിയ അപകടമായി കണ്ടത്. മുൻഗാമികളായ പണ്ഡിതപടുക്കൾ ഫ്രഞ്ചുകാരുടെയും മറ്റും അധിനിവേശങ്ങളെ അനുസ്‌മരിച്ചിരിക്കുന്നത് വളരെ അസ്വസ്ഥതയോടെയാണ്. ഹാഫിസ് ഇബ്‌നു കസീർ ഫ്രഞ്ചുകാരുടെ കടന്നുകയറ്റത്തെയും അതിനെതിരിൽ ഇസ്‌ലാമിക പണ്ഡിതർ നടത്തിയ ചെറുത്തുനിൽപിനെയും കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. ഹിജ്റ 767ൽ ഫ്രഞ്ചുകാർ അലക്‌സാൻഡ്രിയ ആക്രമിച്ചപ്പോൾ പണ്ഡിതരെല്ലാവരും വളരെ അസ്വസ്ഥരായി. ഇമാം ഇബ്നു കസീർ തന്നെ ദമസ്കസിലെ അമീറിന് അയച്ച വിശദമായ കത്ത് അൽ ഇജ്തിഹാദ് എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
        ഇന്ത്യൻ പണ്ഡിതരും തുടക്കം മുതൽക്കേ അധിനിവേശത്തെ അതീവ ഗൗരവത്തിൽ നോക്കിക്കണ്ടിരുന്നു. മുജദ്ദിദ് അൽഫ് ഥാനി ശൈഖ് അഹ്‌മദ് സർഹിന്ദിയുടെ കാലത്തും ഫ്രഞ്ചുകാർ മുസ്‌ലിം ലോകത്തെയും ഇന്ത്യാ രാജ്യത്തെയും കീഴടക്കാൻ പരിശ്രമിച്ചിരുന്നു. മുജദ്ദിദ് ഇതിൽ അസ്വസ്ഥനാവുകയും വിവിധ കത്തുകളിൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്‌തു.
            അതെ, ഇസ്‌ലാമിക ചിഹ്നങ്ങൾ നിന്ദിക്കപ്പെടുകയും അക്രമം പരക്കുകയും അഭിമാനം തകർക്കപ്പെടുകയും ചെയ്യുമ്പോൾ മുസ്‌ലിം പണ്ഡിതർ എങ്ങനെ സമാധാനപ്പെട്ടിരിക്കാനാണ്? വിശുദ്ധ ഖുർആനിന്റെയും പുണ്യ ഹദീസിൻ്റെയും വചനങ്ങൾ അവരെ പിടിച്ചുകുലുക്കുന്നു. മുൻഗാമികളുടെ മാതൃകകൾ അവരെ ഉണർത്തുന്നു. എല്ലാ കാലഘട്ടത്തിലും പണ്ഡിതന്മാരിൽ വലിയൊരു വിഭാഗം അധിനിവേശത്തിന് എതിരായ സൈന്യത്തിൽ അണിനിരന്നിരുന്നു. ഇബ്നു കസീർ കുറിക്കുന്നു: അധിനിവേശവിരുദ്ധ പോരാട്ടത്തിൽ പ്രഗൽഭ താബിഉകളും ഔലിയാ-ഉലമാ-സ്വാലിഹീങ്ങളും പങ്കെടുത്തിരുന്നു. അവർ കാരണമായി അല്ലാഹു അവൻ്റെ ദീനിനെ സഹായിച്ചു. പണ്ഡിതരെല്ലാവരും അക്രമങ്ങൾക്കെതിരിൽ ചാടി യെഴുന്നേൽക്കുകയും സാധിക്കുന്ന പരിശ്രമങ്ങളെല്ലാം നടത്തുകയും ചെയ്യുന്നു. ഓരോ കാലഘട്ടങ്ങളിലും ഇതിൻ്റെ നിരവധി മാതൃകാ സംഭവങ്ങൾ കാണാൻ കഴിയും.
            19-ാം നൂറ്റാണ്ടിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അധിനിവേശങ്ങൾ ഉണ്ടായപ്പോൾ പണ്ഡിതമഹത്തുക്കൾ സാമ്രാജ്യത്വത്തിനെതിരിൽ നടത്തിയ ചിന്താ-പരിശ്രമ പോരാട്ടങ്ങൾ ചരിത്രത്തിലെ അവിസ്‌മരണീയ അധ്യായമാണ്. പ്രത്യേകിച്ചും ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ അമീർ അബ്‌ദുൽ ഖാദിർ ജസാഇരിയും ശൈഖ് അബ്ദുൽ ഹമീദും ശൈഖ് സയ്യിദ് അഹ്‌മദ് സനൂസിയും പിന്നീട് ഇന്ത്യാ മഹാരാജ്യത്ത് ഇന്ത്യൻ പണ്ഡിതരും നടത്തിയ ത്യാഗത്തിന്റെ ഇതിഹാസങ്ങൾ ആര് മറന്നാലും മറപ്പിച്ചാലും മറക്കാൻ കഴിയാത്ത കാര്യങ്ങളാണ്. ഇസ്‌ലാം ഒരിക്കലും സാമ്രാജ്യത്വത്തെ അംഗീകരിക്കില്ലെന്ന് അവർ വിളിച്ചറിയിച്ചു. ശൈഖ് ശകീബ് അർസലാൻ പറഞ്ഞത് സത്യം തന്നെ; ഇസ്‌ലാമും സാമ്രാജ്യത്വത്തോടുള്ള ചായ്‌വും ഒരു മനസ്സിൽ ഒരിക്കലും ഒരുമിച്ചുകൂടുന്നതല്ല.

                                                    🔹🔹🔹🔹🔹🔹🔹

കവർ സ്റ്റോറി 

സ്വാതന്ത്ര്യസമര യാത്രയെ കുറിച്ചുള്ള ഒരു സുപ്രധാന രചന

ഇന്ത്യൻ സ്വാതന്ത്ര്യസമരം; നാൽവഴികൾ
✍️ മൗലാനാ സയ്യിദ് അസ്ജദ് മദനി
(അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)

സ്വതന്ത്ര വിവർത്തനം : ഹാഫിസ് അബ്‌ദുശ്ശകൂർ ഖാസിമി
അവതാരിക മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
                                            (പ്രസിഡന്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് - കേരള)
സന്ദേശം: ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി
                            (ജനറൽ സെക്രട്ടറി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള)





അവതാരിക

സ്വാതന്ത്ര്യത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും സമുന്നത സന്ദേശം
✍️ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
(പ്രസിഡന്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് - കേരള)

ഇന്ത്യ മഹാരാജ്യം ബാഹ്യമായ പ്രൗഢിയുടെ പ്രകടനങ്ങളില്ലാതിരുന്നപ്പോഴും സമ്പൽ സമൃദ്ധിയും വൈവിധ്യവും ആത്മീയ പാരമ്പര്യവും നിറഞ്ഞ മഹത്തായ ഭൂമിയായിരുന്നു. ആദി പിതാവായ ആദം നബി  (അ)യുടെ ആഗമനത്താൽ അനുഗ്രഹീതമായ ഈ നാടിലേക്ക് അനേകം പ്രവാചകന്മാർ വന്നിട്ടുണ്ടാകാമെന്ന് ചരിത്രപരമായ പാരമ്പര്യങ്ങൾ സൂചിപ്പിക്കുന്നു. വിശുദ്ധ ഖുർആനും ഓരോ ജനവിഭാഗത്തിലേക്കും ദൈവദൂതന്മാർ നിയോഗിക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു. പ്രവാചകന്മാരുമായും മഹാത്മാക്കളുമായും ബന്ധപ്പെട്ട അനേകം മഹനീയ വ്യക്തിത്വങ്ങളും പണ്ഡിതന്മാരും ആത്മീയാചാര്യന്മാരും ഈ രാജ്യത്തിന്റെ അമൂല്യ പൈതൃകമാണ്. അവരുടെ ത്യാഗങ്ങളും സേവനങ്ങളും ആത്മീയ-സാംസ്കാരിക സംഭാവനകളും ചേർന്നാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യം രൂപപ്പെട്ടത്.

കാല ക്രമത്തിൽ വിവിധ ഭരണാധികാരികൾ ഇന്ത്യ ഭരിച്ചു. അവരുടെ നന്മകളും ഭരണ നൈപുണ്യവും രാജ്യത്തിന്റെ പുരോഗതിക്ക് കാരണമായപ്പോൾ, ദുർഭരണവും ആഭ്യന്തര ഭിന്നതകളും രാജ്യത്തിന്റെ അധഃപതനത്തിനും വഴിയൊരുക്കി. മുഗൾ ഭരണകാലത്തും ഇന്ത്യയുടെ ചരിത്രത്തിൽ നിരവധി സാംസ്കാരികവും ഭരണപരവുമായ നേട്ടങ്ങൾ ഉണ്ടായി.വിശിഷ്യാ ഔറംഗസേബ് ആലംഗീറിന്റെ കാലഘട്ടത്തിൽ രാജ്യം ഉന്നതിയിലേക്കുയർന്നു. എന്നാൽ,  അദ്ദേഹത്തിന് ശേഷം സാമ്രാജ്യം ദുർബലമാകുകയും ആഭ്യന്തര രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബ്രിട്ടീഷ് ശക്തികൾ ക്രമേണ ഇന്ത്യയുടെ മേൽ ആധിപത്യം സ്ഥാപിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്ത് റെയിൽവേ, തപാൽ, തുടങ്ങിയ ചില സംവിധാനങ്ങൾ വികസിച്ചുവെങ്കിലും, അവയെ മാത്രം അടിസ്ഥാനമാക്കി അധിനിവേശത്തിന്റെ സ്വഭാവം വിലയിരുത്താനാവില്ല. ഇന്ത്യയുടെ സാമ്പത്തിക ചൂഷണവും രാഷ്ട്രീയ അടിച്ചമർത്തലും ജനങ്ങളുടെ സ്വാതന്ത്ര്യ നിഷേധവും അധിനിവേശത്തിന്റെ യാഥാർഥ്യമായിരുന്നു. അതിലുപരി, 'വിഭജിച്ച് ഭരിക്കുക' എന്ന രാഷ്ട്രീയ തന്ത്രത്തിലൂടെ മത-സാമുദായിക ഭിന്നതകളെ പലപ്പോഴും ഭരണപരമായും രാഷ്ട്രീയമായും ഉപയോഗപ്പെടുത്തിയതും ചരിത്രത്തിൽ കാണാം. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും പ്രദേശത്തിന്റെ പേരിലും സമൂഹങ്ങളെ തമ്മിൽ അകറ്റുന്ന പ്രവണതകൾ വളർന്നപ്പോൾ, അതിനെതിരെ രാജ്യസ്നേഹികളായ മഹാത്മാക്കൾ ശക്തമായി രംഗത്തുവന്നു.
അവർ ജനങ്ങളോട് പറഞ്ഞു:
“നമ്മുടെ ഭിന്നതകളെ മുതലെടുത്താണ് അധിനിവേശശക്തികൾ ഈ രാജ്യത്ത് തങ്ങളുടെ ആധിപത്യം നിലനിർത്തുന്നത്. അതിനാൽ സ്വാതന്ത്ര്യത്തിനായി നാം ഒന്നിക്കണം.” ഇതായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ആത്മാവ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ പങ്ക് ഈ പശ്ചാത്തലത്തിൽ പ്രത്യേകം ഓർക്കേണ്ടതാണ്. മതവിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ദേശീയ ഐക്യത്തിനും വേണ്ടി പോരാടിയ പണ്ഡിതന്മാരുടെ ശക്തമായ വേദിയായിരുന്നു ജംഇയ്യത്ത്.
ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ, മൗലാനാ അബുൽ കലാം ആസാദ്, മൗലാനാ ഹുസൈൻ അഹ്‌മദ് മദനി തുടങ്ങി നിരവധി പണ്ഡിതന്മാർ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ സംഭാവനകൾ നൽകി. വ്യത്യസ്ത മതവിശ്വാസങ്ങളുള്ള ഇന്ത്യക്കാർക്ക് ഒരുമിച്ച് ഒരു രാഷ്ട്രത്തിന്റെ പൗരന്മാരായി ജീവിക്കാനാകില്ലെന്ന വാദത്തെ അവർ നിരസിച്ചു. അവരുടെ നിലപാട് വ്യക്തമായിരുന്നു: മതം വ്യത്യസ്തമായിരിക്കാം; എന്നാൽ രാജ്യം പൊതുവായതാണ്. ആരാധനാ രീതികൾ വ്യത്യസ്തമായിരിക്കാം; എന്നാൽ പൗരാവകാശങ്ങൾ എല്ലാവർക്കും തുല്യമാണ്.

ഈ ആശയമാണ് പിന്നീട് മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി ശക്തമായി അവതരിപ്പിച്ച 'മുത്തഹിദ ഖൗമിയ്യത്ത്' എന്ന സിദ്ധാന്തത്തിൽ കൂടുതൽ വ്യക്തമായ രൂപം കൈവരിച്ചത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ബഹുസ്വര സ്വഭാവമായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും മറ്റു മത-സാമുദായിക വിഭാഗങ്ങളും വിവിധ ഘട്ടങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ ചരിത്രവും ഇതിന് ശക്തമായ തെളിവാണ്. മലബാറിലെ ഖിലാഫത്ത്–കോൺഗ്രസ് സഹകരണത്തിൽ നിന്ന് വൈക്കം സത്യാഗ്രഹത്തിലേക്കും ഉപ്പു സത്യാഗ്രഹത്തിലേക്കും തിരുവിതാംകൂറിലെ ഉത്തരവാദിത്ത ഭരണ പ്രക്ഷോഭങ്ങളിലേക്കും ദേശീയപ്രസ്ഥാനം വളർന്നപ്പോൾ, വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ അതിൽ പങ്കാളികളായി. മലബാർ സമരത്തെക്കുറിച്ചുള്ള ചരിത്രവായനയിലും ഈ വിശാലമായ പശ്ചാത്തലം മറക്കരുത്. അതിന്റെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രതിരോധത്തെയും ഖിലാഫത്ത്–കോൺഗ്രസ് സഹകരണത്തെയും ദേശീയ സ്വാതന്ത്ര്യ ബോധത്തെയും അവഗണിച്ചു കൊണ്ട് മുഴുവൻ സമരത്തെയും ഒരു വർഗീയ ലഹളയായി ചുരുക്കുന്നതും ചരിത്രത്തിന്റെ സങ്കീർണ്ണതയെ ലളിതവൽക്കരിക്കുന്നതാണ്.

മലബാറിന്റെ മണ്ണിൽ ഉയർന്ന സ്വാതന്ത്ര്യബോധം പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ദേശീയ പ്രസ്ഥാനങ്ങളിലേക്കും പടർന്നു. അവയിൽ മുസ്‌ലിംകൾക്കൊപ്പം ഹിന്ദുക്കളും ക്രൈസ്തവരും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പങ്കെടുത്തത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വിശാലമായ ദേശീയ സ്വഭാവത്തെ കൂടുതൽ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യം ഒരു മതത്തിന്റെ മാത്രം നേട്ടമായിരുന്നില്ല; ഇന്ത്യയിലെ വിവിധ മതവിശ്വാസികളും സമൂഹങ്ങളും ചേർന്ന് നേടിയെടുത്ത പൊതുവായ ദേശീയവിജയമായിരുന്നു.

സ്വാതന്ത്ര്യസമരത്തിന്റെ ഓരോ ഘട്ടത്തിലും രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. പ്രസ്ഥാനങ്ങളെ ലഹളകളായി ചിത്രീകരിക്കാനും ജനങ്ങൾക്കിടയിൽ സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കാനും അധിനിവേശ ഭരണകൂടം പലപ്പോഴും ശ്രമിച്ചു. എന്നാൽ, ധർമ്മബോധമുള്ള രാജ്യസ്നേഹികൾ അതിനെ ചെറുത്തുനിന്നു. ദീർഘകാല സമരങ്ങൾക്കും ത്യാഗങ്ങൾക്കും തടവുകൾക്കും പീഡനങ്ങൾക്കും ശേഷം ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തി.

എന്നാൽ, സ്വാതന്ത്ര്യത്തിന്റെ ആ സുവർണ്ണ നിമിഷം ഒരേസമയം വലിയൊരു ദുരന്തത്തിന്റെയും സാക്ഷിയായി. ഇന്ത്യ വിഭജിക്കപ്പെട്ടു. നൂറ്റാണ്ടുകളായി ഒരുമിച്ച് ജീവിച്ചിരുന്ന മനുഷ്യർ അതിർത്തികളുടെ ഇരുവശങ്ങളിലേക്ക് പിരിഞ്ഞു. അനേകം കുടുംബങ്ങൾ തകർന്നു. ലക്ഷക്കണക്കിന് മനുഷ്യർ അഭയാർത്ഥികളായി. നിരപരാധികൾ കൊല്ലപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾക്കൊപ്പം കണ്ണീരിന്റെയും രക്തത്തിന്റെയും കഥകളും എഴുതപ്പെട്ടു. എങ്കിലും ആ ഇരുണ്ട കാലത്തും മനുഷ്യസ്നേഹത്തിന്റെ വെളിച്ചം അണഞ്ഞില്ല. ഹിന്ദുക്കൾ മുസ്‌ലിംകളെ രക്ഷിച്ചു. മുസ്‌ലിംകൾ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിച്ചു. സിഖുകാർ മുസ്‌ലിംകളെ രക്ഷിച്ച സംഭവങ്ങളും ചരിത്രത്തിലുണ്ട്. മനുഷ്യൻ മനുഷ്യനുവേണ്ടി നിലകൊണ്ട അനേകം സംഭവങ്ങൾ വിഭജനത്തിന്റെ രക്തരൂക്ഷിത ചരിത്രത്തിനിടയിലും പ്രതീക്ഷയുടെ കിരണങ്ങളായി നിലനിന്നു.

ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും ശക്തമായ അടിത്തറ സംയുക്ത ദേശീയതയാണ്.
മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി മുന്നോട്ടുവെച്ച മുത്തഹിദ ഖൗമിയ്യത്ത് എന്ന ആശയത്തിന്റെ അടിസ്ഥാനതത്വം ഇതാണ്:
നാം വ്യത്യസ്ത മതവിശ്വാസങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഉള്ളവരായിരിക്കാം. ഓരോരുത്തർക്കും സ്വന്തം മതവിശ്വാസം സ്വതന്ത്രമായി അനുഷ്ഠിക്കാനുള്ള അവകാശമുണ്ട്. ആരും മറ്റൊരാളെ തന്റെ മതത്തിലേക്കോ സംസ്കാരത്തിലേക്കോ നിർബന്ധിക്കരുത്.
അതേസമയം, നാം എല്ലാവരും ഈ രാജ്യത്തിന്റെ പൗരന്മാരാണ്.
അതിനാൽ പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും സഹകരണത്തിലും സാഹോദര്യത്തിലും ജീവിക്കുക എന്നത് നമ്മുടെ പൊതുബാധ്യതയാണ്. മത സ്വാതന്ത്ര്യവും ദേശീയ ഐക്യവും പരസ്പരവിരുദ്ധമല്ല. മറിച്ച്, പരസ്പര മത ബഹുമാനത്തിലൂടെയാണ് യഥാർത്ഥ ദേശീയ ഐക്യം സാധ്യമാകുന്നത്.

ഇന്ന് നമ്മുടെ രാജ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഭിന്നതകളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റാനുള്ള പ്രവണതയാണ്. ഏതെങ്കിലും മതത്തെയോ സമൂഹത്തെയോ ലക്ഷ്യമാക്കി വിദ്വേഷം വളർത്തുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ആത്മാവിന് വിരുദ്ധമാണ്. ഇന്ത്യയുടെ പൈതൃകം ഒരു മതത്തിന്റെയോ ഒരു ഭാഷയുടെയോ ഒരു സമൂഹത്തിന്റെയോ മാത്രം പൈതൃകമല്ല. ഇത് എല്ലാവരുടെയും ഇന്ത്യയാണ്.

ഈ വൈവിധ്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. അതിനാൽ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ ആദരിക്കണമെങ്കിൽ അവരുടെ ഏറ്റവും വലിയ സന്ദേശം നാം ജീവിതത്തിൽ പകർത്തണം: സാഹോദര്യം, സഹകരണം.
മതസ്വാതന്ത്ര്യം, ദേശീയ ഐക്യം, പരസ്പര ബഹുമാനം, ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത.

ജംഇയ്യത്തു ഉലമായെ ഹിന്ദിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തിഹാദ്  (ഐക്യം) എന്ന സന്ദേശവും ഇതേ ആശയത്തിന്റെ പ്രായോഗിക രൂപമാണ്. വ്യത്യസ്ത വിശ്വാസങ്ങളുള്ള മനുഷ്യർ പരസ്പരം ബഹുമാനിച്ചു കൊണ്ട് രാജ്യത്തിന്റെ പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന മഹത്തായ ദർശനമാണത്. സ്വാതന്ത്ര്യസമരത്തിന്റെ ഈ സമുന്നത സന്ദേശം വിവിധ ഭാഗങ്ങളായി അവതരിപ്പിച്ച ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ ഉപാധ്യക്ഷൻ മൗലാനാ സയ്യിദ് അസ്ജദ് മദനിയുടെ ചരിത്രാവതരണങ്ങളും അതിനെ മലയാളത്തിലേക്ക് സ്വതന്ത്രമായി പരിഭാഷപ്പെടുത്തി ജനങ്ങളിലെത്തിച്ച പ്രിയ സഹോദരൻ അബ്ദുശ്ശക്കൂർ മൗലവി അൽ ഖാസിമിയുടെ പരിശ്രമവും ഈ സന്ദർഭത്തിൽ പ്രത്യേകം സ്മരിക്കേണ്ടതാണ്.

ഇവ വെറും ചരിത്രക്കുറിപ്പുകളല്ല.
നമ്മുടെ വർത്തമാനത്തിനുള്ള മാർഗദർശനവും ഭാവിക്കുള്ള മുന്നറിയിപ്പുമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിക്കുന്ന ഈ സുവർണ്ണ വേളയിൽ നാം ഒരു പ്രതിജ്ഞയെടുക്കുക: മതത്തിന്റെ പേരിൽ വിദ്വേഷം വളർത്തുകയില്ല ! സമുദായത്തിന്റെ പേരിൽ മനുഷ്യരെ അകറ്റുകയില്ല ! ചരിത്രത്തെ പകയ്ക്കുള്ള ആയുധമാക്കുകയില്ല ! പകരം, സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട ഐക്യവും സാഹോദര്യവും സംരക്ഷിക്കും ! നമ്മുടെ പൂർവികർ രക്തവും കണ്ണീരും ത്യാഗവും നൽകി നേടിയ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ സംരക്ഷണം അതാണ് ! സാഹോദര്യത്തിലൂടെ രാജ്യം ശക്തിപ്പെടട്ടെ ! ഐക്യത്തിലൂടെ ഇന്ത്യ വളരട്ടെ ! പരസ്പര ബഹുമാനത്തിലൂടെ സമാധാനം പുഷ്ടിപ്പെടട്ടെ ! നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ നമ്മുടെ ദേശീയജീവിതത്തിന്റെ അടിത്തറയാകട്ടെ ! 
അല്ലാഹു ഈ രാജ്യത്തെയും രാജ്യനിവാസികളെയും അനുഗ്രഹിക്കട്ടെ !  ഇന്ത്യ ലോകത്തിന് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും മഹത്തായ മാതൃകയായി ഉയരട്ടെ ! 

ഇന്ത്യൻ മണ്ണിൽ മഹത്തായ കാലടയാളങ്ങൾ പതിപ്പിച്ച്, 1920-കളിൽ പ്രയാണം ആരംഭിച്ച പ്രബലമായ ബഹുജന പ്രസ്ഥാനമാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്.
ഈ മഹത് പ്രസ്ഥാനത്തിന്റെ മുൻ സാരഥിയും ശൈഖുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി (റ)യുടെ പ്രധാന ശിഷ്യനുമായ മൗലാനാ ശൈഖ് ഹസൻ ഹസ്രത്ത് (റ) ആണ്. കേരളത്തിൽ ജംഇയ്യത്തിന് തുടക്കം കുറിച്ചത്. തൻ്റെ ജീവിതത്തിലെ സുപ്രധാന ഘട്ടമായ 1944 മുതൽ 1949 വരെയുള്ള കാലയളവിൽ മദനിയോടൊപ്പം നിരന്തരം സഹവസിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.
തുടർന്ന് ബാഖിയാത്തു സ്വാലിഹാത്തിൽ സദർ മുദരിസും ശൈഖുൽ ഹദീസുമായി സേവനമനുഷ്ഠിച്ചു കൊണ്ട് കേരളത്തിലെ അടക്കം പ്രഗത്ഭരായ പണ്ഡിതർക്ക് അറിവ് പകർന്നു നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഗുരുവര്യന്മാരുടെ വഴിയെ പിൻപറ്റി ജാമിഅത്തുൽ ഹസനിയ്യ ഉൾപ്പെടെയുള്ള വിജ്ഞാന സ്ഥാപനങ്ങൾ സ്ഥാപിച്ച അദ്ദേഹം, തന്റെ ഗുരുവിന്റെ പ്രസ്ഥാനമായ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് കേരള മണ്ണിൽ വിത്തുപാകി.

അദ്ദേഹത്തിനു ശേഷം മൗലാനാ മുഹമ്മദ് നൂഹ് അൽ ഖാസിമി, മൗലാനാ കോയ അൽഖാസിമി, മൗലാനാ ഹുസൈൻ മസാഹിരി തുടങ്ങിയ വന്ദ്യവയോധികരായ പണ്ഡിത ശ്രേഷ്ഠന്മാർ നേതൃത്വം നൽകിയ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, ഇന്ന് കേരളത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ദേശീയ അധ്യക്ഷൻ മൗലാനാ സയ്യിദ് അർഷദ് മദനിയുടെ നേതൃത്വത്തിൽ, രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി സമജ്ജ്വലമായ ത്യാഗപരിശ്രമങ്ങളാണ് പ്രസ്ഥാനം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിന്റെ നിർണ്ണായകമായ ഈ സന്ധിയിൽ, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിൽ അംഗങ്ങളാകാനും പ്രസ്ഥാനത്തിന്റെ സന്ദേശവാഹകരായി മാറാനും ഇത് വായിക്കുന്ന ഓരോ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു. പടച്ചവൻ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. ജയ് ഹിന്ദ്!

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ ✨

    
                                                    🔹🔹🔹🔹🔹🔹🔹

സന്ദേശം:

സ്വാതന്ത്ര്യസമരം: ചരിത്രവും സന്ദേശവും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 
✍️ ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി
(ജനറൽ സെക്രട്ടറി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള)

സ്വാതന്ത്ര്യസമരം: ചരിത്രവും സന്ദേശവും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 

ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി
(ജനറൽ സെക്രട്ടറി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള)

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികളിലൂടെ നാം നടത്തിയ ഈ യാത്ര ഇവിടെ സമാപിക്കുകയാണ്. എന്നാൽ, ചരിത്രത്തിന്റെ ഈ അധ്യായങ്ങൾ അവസാനിക്കുന്നിടത്ത് അതിന്റെ സന്ദേശം അവസാനിക്കുന്നില്ല. മറിച്ച്, അത് നമ്മുടെ കാലത്തോട് കൂടുതൽ ശക്തമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യസമരം കേവലം ആവേശം പകരുന്ന ഒരു ചരിത്രകഥയല്ല. ത്യാഗത്തിന്റെയും ധീരതയുടെയും ദേശസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും മഹത്തായ പാഠപുസ്തകമാണ്. തലമുറകൾക്ക് പഠിക്കാനും ചിന്തിക്കാനും ജീവിതത്തിൽ പകർത്താനും ഒട്ടേറെ സന്ദേശങ്ങൾ അതിലുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്കുവഹിച്ച ജംഇയ്യത്തു ഉലമായെ ഹിന്ദിന്റെ ഉപാധ്യക്ഷനും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലാനാ സയ്യിദ് ഹുസൈൻ അഹമ്മദ് മദനിയുടെ പുത്രnumaya മൗലാനാ സയ്യിദ് അസ്ജദ് മദനി രചിക്കുകയും, പ്രിയ സഹോദരൻ അബ്ദുശ്ശുക്കൂർ ഖാസിമി സ്വതന്ത്രമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത “സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികൾ” എന്ന രചന ഈ ചരിത്രബോധത്തിലേക്കുള്ള ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ്.

ഈ പരമ്പരയുടെ സമാപനത്തിൽ പ്രത്യേകമായി ഓർക്കേണ്ട രണ്ട് പ്രധാന ചരിത്രവസ്തുതകളുണ്ട്.
1. ചരിത്രത്തെ ഏകപക്ഷീയമായി വായിക്കരുത്
            1921-ലെ മലബാർ സമരം കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായകമായ ഒരു അധ്യായമാണ്. അതിനെക്കുറിച്ച് വ്യത്യസ്ത ചരിത്രവായനകളും വിലയിരുത്തലുകളും നിലനിൽക്കുന്നുണ്ട്. ഖിലാഫത്ത് പ്രസ്ഥാനവും അസഹകരണ പ്രസ്ഥാനവും ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യവും മലബാറിലെ ജനകീയ പ്രതിരോധത്തിന് വലിയ സ്വാധീനം ചെലുത്തിയിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പ്രതിഷേധവും കർഷകസമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളും ഈ കാലഘട്ടത്തിലെ അസ്വസ്ഥതകൾക്ക് പശ്ചാത്തലമായി. അന്ന് ചില സാമൂഹ്യദ്രോഹികൾ അക്രമങ്ങൾ കാട്ടി എന്ന് ചിലർ പറയുന്നു. ഒന്നാമതായി ഇതിന് വലിയ ആധികാരികയില്ല. ഇതര സ്വാതന്ത്ര്യസമരങ്ങളെക്കുറിച്ചും ബ്രിട്ടീഷുകാർ ഇപ്രകാരം പ്രചരിപ്പിച്ചിട്ടുണ്ട്. രണ്ടാമതായി, നടന്നെങ്കിൽ തന്നെയും അതിന് സമരവുമായി യാതൊരു ബന്ധവുമില്ല.
 ഈ സംഭവങ്ങളെ മാത്രം മുൻനിർത്തി മുഴുവൻ മലബാർ സമരത്തെയും ഒരു വർഗീയ ലഹളയായി ചുരുക്കുന്നതും ചരിത്രത്തിന്റെ സമഗ്രതയെ നഷ്ടപ്പെടുത്തുന്നതാണ്. ചരിത്രത്തെ അതിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, മതപരമായ പശ്ചാത്തലങ്ങളോടൊപ്പം പഠിക്കേണ്ടതുണ്ട്. മലബാറിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനവും ഖിലാഫത്ത്–കോൺഗ്രസ് സഹകരണവും ഉണ്ടായിരുന്നുവെന്നത് നിഷേധിക്കാനാവില്ല. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ദേശീയബോധം വ്യാപിക്കുന്നതിൽ ഈ കാലഘട്ടം സ്വാധീനം ചെലുത്തി.

മലബാറിന്റെ ചരിത്രം നമ്മോട് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതാണ്:
        ചരിത്രത്തെ പ്രചാരണങ്ങളുടെ കണ്ണാടിയിലൂടെ മാത്രമല്ല, തെളിവുകളുടെയും രേഖകളുടെയും സമകാലിക സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ വായിക്കണം. കേരളത്തിന്റെ മണ്ണിൽ ദേശീയ ഐക്യത്തിന്റെ പടയോട്ടം മലബാറിൽ ഉയർന്ന ദേശീയപ്രസ്ഥാനത്തിന്റെ ചലനങ്ങൾ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും വിവിധ രൂപങ്ങളിൽ പ്രതിഫലിച്ചു. ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും ഉൾപ്പെടെ വിവിധ മതസമൂഹങ്ങളിൽപ്പെട്ടവർ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക പരിഷ്കാരത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും പോരാട്ടങ്ങളിൽ പങ്കാളികളായി. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മൊയ്തു മൗലവി, കെ.പി. കേശവ മേനോൻ, കെ. കേളപ്പൻ, ടി.കെ. മാധവൻ, അക്കമ്മ ചെറിയാൻ തുടങ്ങി നിരവധി നേതാക്കളുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ ദേശീയചരിത്രത്തിന് പുതിയ ദിശ നൽകി. വൈക്കം സത്യാഗ്രഹം മുതൽ ഉപ്പുസത്യാഗ്രഹം വരെയും, തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭങ്ങൾ മുതൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ പ്രതിധ്വനികൾ വരെയും, മതത്തിന്റെ അതിരുകൾക്കപ്പുറം ദേശീയബോധം വളർന്നുവന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളചരിത്രത്തിലുണ്ട്. പ്രത്യേകിച്ച് ക്രൈസ്തവ സഹോദരങ്ങളിൽപ്പെട്ട നിരവധി ദേശീയപ്രവർത്തകരുടെ പങ്കാളിത്തവും കേരളത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ വിശാലമായ ജനകീയ സ്വഭാവത്തിന് തെളിവാണ്. അതിനാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ മാത്രം പോരാട്ടമായിരുന്നില്ല. അത് ഇന്ത്യക്കാരുടെ പൊതുസ്വാതന്ത്ര്യത്തിനായുള്ള മഹത്തായ ജനകീയ മുന്നേറ്റമായിരുന്നു.

ജംഇയ്യത്ത് ഉയർത്തിപ്പിടിച്ച സംയുക്ത ദേശീയത
        ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ പങ്ക് പ്രത്യേകം ഓർക്കേണ്ടതാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയതിനൊപ്പം തന്നെ ഹിന്ദു–മുസ്‌ലിം ഐക്യവും സംയുക്ത ദേശീയതയും ജംഇയ്യത്ത് ശക്തമായി ഉയർത്തിപ്പിടിച്ചു. വിശേഷിച്ച് മൗലാനാ സയ്യിദ് ഹുസൈൻ അഹമ്മദ് മദനി മുന്നോട്ടുവെച്ച “മുത്തഹിദ ഖൗമിയ്യത്ത്” — സംയുക്ത ദേശീയത എന്ന ആശയം ഈ ചരിത്രത്തിലെ പ്രധാനപ്പെട്ട ചിന്താധാരയാണ്. മതവിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കാം. ആരാധനാരീതികൾ വ്യത്യസ്തമായിരിക്കാം. സംസ്കാരങ്ങളിലും ആചാരങ്ങളിലും വൈവിധ്യമുണ്ടാകാം. എന്നാൽ ഒരു രാജ്യത്തിന്റെ പൗരന്മാർ എന്ന നിലയിൽ എല്ലാവരും തുല്യരാണ്. “മതം ഓരോരുത്തരുടെയും വിശ്വാസമാണ്; രാജ്യം എല്ലാവരുടെയും പൊതുസ്വത്താണ്” എന്ന വിശാലമായ ചിന്തയായിരുന്നു ഇതിന്റെ അന്തഃസത്ത.അതുകൊണ്ടുതന്നെ ഹിന്ദുവിന് ഹിന്ദുവായും മുസ്‌ലിമിന് മുസ്‌ലിമായും ക്രൈസ്തവന് ക്രൈസ്തവനായും ജീവിക്കാം; എന്നാൽ രാജ്യത്തിന്റെ കാര്യത്തിൽ എല്ലാവരും ഒരേ പൗരന്മാരായി കൈകോർക്കണം.
ഇന്നത്തെ ഇന്ത്യക്കും ഏറെ പ്രസക്തമായ സന്ദേശമാണിത്.

2. 1947-ലെ സ്വാതന്ത്ര്യം ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാനകരമായ നിമിഷമായിരുന്നെങ്കിലും അതിന്റെ നിഴലിൽ ഇന്ത്യാ വിഭജനത്തിന്റെ ദുരന്തം നിലകൊണ്ടിരുന്നു.

വിഭജനം ഒരു ഭൂപടത്തിലെ അതിർത്തിരേഖ മാത്രമായിരുന്നില്ല. അത് വീടുകളുടെ വിഭജനമായിരുന്നു. കുടുംബങ്ങളുടെ വേർപാടായിരുന്നു. സൗഹൃദങ്ങളുടെ തകർച്ചയായിരുന്നു. അനേകം മനുഷ്യജീവിതങ്ങളുടെ ദുരന്തമായിരുന്നു. മുസ്‌ലിംകളും ഹിന്ദുക്കളും സിഖുകാരും ഉൾപ്പെടെ അനേകം നിരപരാധികൾ കൂട്ടക്കൊലകൾക്കും കൊള്ളകൾക്കും കുടിയൊഴിപ്പിക്കലുകൾക്കും ഇരയായി. ഇന്ത്യാ വിഭജനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഒരു സമുദായത്തിന്റെ മേൽ മാത്രം ചുമത്തുന്ന ചരിത്രവായന അപൂർണ്ണമാണ്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ “ഭിന്നിപ്പിച്ച് ഭരിക്കുക” എന്ന നയവും വിവിധ രാഷ്ട്രീയ ശക്തികളുടെ നിലപാടുകളും വർധിച്ചുവരുന്ന സാമുദായിക ധ്രുവീകരണവും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഈ ദുരന്തത്തിലേക്ക് നയിച്ചു. ഈ വിഭജനത്തെ ശക്തമായി എതിർത്തവരിൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിലെ പണ്ഡിതന്മാർ മുൻനിരയിലുണ്ടായിരുന്നു.
ജനപ്രീതിയേക്കാൾ ചരിത്രസത്യത്തിനും ദേശീയ ഐക്യത്തിനും പ്രാധാന്യം നൽകിയ അവരുടെ നിലപാട് പിന്നീട് സംഭവിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമായി.

വിദ്വേഷത്തിന് പകരം സാഹോദര്യം
        വിഭജനത്തിന്റെ കാലത്തുപോലും മനുഷ്യത്വത്തിന്റെ വെളിച്ചം അണഞ്ഞിരുന്നില്ല. കലാപത്തിന്റെ തീ പടർന്നപ്പോൾ സ്വന്തം ജീവൻ പണയംവെച്ച് അന്യസമുദായക്കാരെ രക്ഷിച്ച ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും ഉണ്ടായിരുന്നു. ഇതാണ് ഇന്ത്യയുടെ മറ്റൊരു മുഖം. മതം മനുഷ്യരെ തിരിച്ചറിയാനുള്ള അടയാളമാകാം; എന്നാൽ മനുഷ്യനെ രക്ഷിക്കാനുള്ള കാരണം മനുഷ്യത്വമാണ്. വിദ്വേഷം വളർത്താൻ ശ്രമിച്ച കാലത്തുപോലും സ്നേഹത്തിന്റെ കൈ നീട്ടിയവർ ഉണ്ടായിരുന്നു. അത്തരം മനുഷ്യരുടെ കഥകളാണ് ഇന്ത്യയുടെ യഥാർത്ഥ പൈതൃകം. ചരിത്രം നമ്മോട് ആവശ്യപ്പെടുന്ന ഉത്തരവാദിത്വം ഇന്ന് സ്വാതന്ത്ര്യസമര ചരിത്രം പഠിക്കുമ്പോൾ നമ്മുടെ ലക്ഷ്യം ആരെയെങ്കിലും കുറ്റപ്പെടുത്തുക മാത്രമാകരുത്. ചരിത്രത്തിൽ നിന്ന് സത്യവും പാഠവും കണ്ടെത്തുകയാണ് വേണ്ടത്. നമ്മുടെ മുൻഗാമികൾ ജയിലിലടയ്ക്കപ്പെട്ടു. അവർ പീഡനങ്ങൾ സഹിച്ചു. അവർ സമ്പത്തും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു. അവർ ജീവൻ നൽകി. എന്തിനുവേണ്ടി? നാം സ്വതന്ത്രമായി ജീവിക്കാനും പരസ്പരം സഹോദരങ്ങളായി കഴിയാനും വേണ്ടി. അതുകൊണ്ട് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ഏറ്റവും നല്ല മാർഗം അവർ സ്വപ്നം കണ്ട ഇന്ത്യയെ സംരക്ഷിക്കുകയാണ് വേണ്ടത്. മതസ്വാതന്ത്ര്യം സംരക്ഷിക്കുക. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക. പരസ്പര ബഹുമാനം വളർത്തുക. വിദ്വേഷത്തെ ചെറുക്കുക. ദേശീയ ഐക്യം ശക്തിപ്പെടുത്തുക. ദുർബലരുടെ അവകാശങ്ങൾ സംരക്ഷിക്കുക. ഇതാണ് അവരുടെ ത്യാഗങ്ങൾക്ക് യഥാർത്ഥ ആദരം. നമ്മുടെ മുൻഗാമികൾ വിദേശാധിപത്യത്തിനെതിരെ ഒന്നിച്ചുനിന്നു. ഇന്ന് നമ്മുടെ ദൗത്യം മറ്റൊന്നാണ് — വിദ്വേഷത്തിനെതിരെ ഒന്നിച്ചുനിൽക്കുക. അവർ സ്വാതന്ത്ര്യത്തിനായി പോരാടി. നാം സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കണം. അവർ ഒരു സ്വതന്ത്ര ഇന്ത്യ സ്വപ്നം കണ്ടു. നാം സമാധാനപരവും നീതിപൂർണ്ണവും സാഹോദര്യപൂർണ്ണവുമായ ഇന്ത്യ കെട്ടിപ്പടുക്കണം.

നമുക്ക് ആ സന്ദേശം പഠിക്കാം.
പകർത്താം.
പ്രചരിപ്പിക്കാം.
ജീവിതത്തിൽ നടപ്പാക്കാം.
രാജ്യം ഐക്യത്തോടെ വളരട്ടെ.
സാഹോദര്യത്തോടെ മനോഹരമാകട്ടെ.
നീതിയിലൂടെ ശക്തമാകട്ടെ.
സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശം തലമുറകളിലൂടെ നിലനിൽക്കട്ടെ.
ജയ് ഹിന്ദ്!

                                                        🔹🔹🔹🔹🔹🔹🔹


ഇന്ത്യൻ സ്വാതന്ത്ര്യസമരം; നാൽവഴികൾ

✍️ മൗലാനാ സയ്യിദ് അസ്ജദ് മദനി
(അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)


ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പോരാട്ടവും ദഹ്‌ലവി ചിന്താധാരയും
        ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രസ്ഥാനങ്ങളിലൊന്നാണ് ശാഹ് വലിയുല്ലാഹ് ദഹ്‌ലവി (റഹി) വിഭാവനം ചെയ്ത വൈജ്ഞാനിക-വിപ്ലവ ധാര. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉലമാക്കളും സാധാരണ ജനങ്ങളും നടത്തിയ പോരാട്ടങ്ങൾ ഭാരതത്തിന്റെ സ്വാതന്ത്ര്യചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്.
        ക്രിസ്തുവർഷം 1600-ൽ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി. 1608-ഓടെ കമ്പനിയുടെ പ്രതിനിധികൾ ഭാരതത്തിലെത്തി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ചു. എന്നാൽ, ഭരണാധികാരികളുടെ രാഷ്ട്രീയ അജ്ഞതയും ആഭ്യന്തര ഭിന്നതകളും മുതലെടുത്ത് അവർ ക്രമേണ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രാജ്യത്തിന്റെ വിശാലമായ ഭാഗങ്ങൾ കമ്പനിയുടെ നിയന്ത്രണത്തിലായി.
    ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ കാലഘട്ടത്തിലാണ് (1703) മഹാനായ ചിന്തകനും നവോത്ഥാന നായകനുമായ ശാഹ് വലിയുല്ലാഹ് ദഹ്‌ലവി (റഹി) ജനിച്ചത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ വ്യാപനവും നേരിൽ കണ്ട അദ്ദേഹം, സമൂഹത്തിലും ഭരണരംഗത്തും സമഗ്രമായ നവോത്ഥാനത്തിനും അനീതിനിർമാർജനത്തിനും ആഹ്വാനം ചെയ്തു. നിലവിലുള്ള അടിച്ചമർത്തൽ വ്യവസ്ഥിതികളെ പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകത അദ്ദേഹം ശക്തമായി ഉന്നയിച്ചു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ ഹുജ്ജത്തുല്ലാഹിൽ ബാലിഗയിൽ ഈ സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
        പിതാവിന്റെ ആശയപാരമ്പര്യം ഏറ്റെടുത്ത ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി (റഹി), 1803-ൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ചരിത്രപ്രസിദ്ധമായ ഫത്‌വ പുറപ്പെടുവിച്ചു. വിദേശ അധിനിവേശം രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ അവകാശങ്ങളും തകർക്കുന്നതാണെന്നും അതിനെതിരെ ജനങ്ങൾ ഐക്യപ്പെടേണ്ടത് മതപരവും ദേശീയവുമായ കടമയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഫത്‌വ രാജ്യത്താകമാനം വലിയ ഉണർവിനും പ്രതിരോധചൈതന്യത്തിനും വഴിവെച്ചു.
            ശാഹ് അബ്ദുൽ അസീസിന്റെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടിപ്പു സുൽത്താനും നവാബ് സിറാജുദ്ദൗളയും ഉൾപ്പെടെ നിരവധി ഭരണാധികാരികൾ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ധീരമായി പോരാടി രക്തസാക്ഷിത്വം വരിച്ചു.
                തുടർന്ന്, സയ്യിദ് അഹ്മദ് ശഹീദ് (റഹി), ശാഹ് ഇസ്മാഈൽ ശഹീദ് (റഹി) എന്നിവരുടെ നേതൃത്വത്തിൽ സംഘടിതമായ നവോത്ഥാന-വിപ്ലവ പ്രസ്ഥാനം രൂപം കൊണ്ടു. ആത്മീയതയും ദേശസ്നേഹവും കൈകോർത്ത ഈ പ്രസ്ഥാനം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും പ്രാദേശിക അടിച്ചമർത്തലുകൾക്കെതിരെയും ശക്തമായ പ്രതിരോധം സംഘടിപ്പിച്ചു. എന്നാൽ, 1831 മെയ് മാസത്തിൽ ബാലാക്കോട്ടിൽ നടന്ന പോരാട്ടത്തിൽ സയ്യിദ് അഹ്മദ് ശഹീദും ശാഹ് ഇസ്മാഈൽ ശഹീദും അവരുടെ അനേകം അനുയായികളും രക്തസാക്ഷികളായി.

1857 ലെ സ്വാതന്ത്ര്യ സമരം
        1857-ൽ പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യസമരം ഭാരതീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. ബ്രിട്ടീഷ് ചരിത്രകാരന്മാർ ഇതിനെ "ശിപായി ലഹള" എന്ന് വിശേഷിപ്പിച്ചെങ്കിലും, ഇത് പതിറ്റാണ്ടുകളായി നടന്നുവന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ സ്വാഭാവിക തുടർച്ചയായിരുന്നു.
            ബഹദൂർ ശാഹ് സഫറിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭത്തിൽ ഝാൻസി റാണി ലക്ഷ്മീ ഭായി, നാനാ സാഹിബ്, താന്തിയാ തോപ്പി, കുൻവർ സിംഗ്, മംഗൾ പാണ്ഡെ തുടങ്ങിയ ഹൈന്ദവ നേതാക്കളും, ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി, മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി, മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹി, ഹാഫിസ് ളാമിൻ ശഹീദ് തുടങ്ങിയ മുസ്‌ലിം നേതാക്കളും തോളോടുതോൾ ചേർന്ന് പോരാടി.
        ആദ്യഘട്ടത്തിൽ സംഘാടനത്തിന്റെ അഭാവം മൂലം പ്രമുഖ പണ്ഡിതന്മാർ സമരത്തിൽ നേരിട്ട് പങ്കാളികളായിരുന്നില്ല. എന്നാൽ, ഥാനാ ഭവനിലുണ്ടായ ഒരു സംഭവം അവരുടെ നിലപാടിൽ മാറ്റം വരുത്തി. 
            ഥാനാ ഭവനിലെ ഖാളി ഇനായത്ത് അലിയുടെ സഹോദരൻ അബ്ദുർ റഹീമും സംഘവും സാഹാറൻപൂരിലേക്ക് യാത്ര ചെയ്യവേ, ബ്രിട്ടീഷ് സൈന്യത്തെ ആക്രമിക്കാൻ വന്നവരാണെന്ന തെറ്റായ ആരോപണത്തിൽ ജില്ലാ കളക്ടർ അവരെ യാതൊരു വിചാരണയും കൂടാതെ തൂക്കിലേറ്റി.
          ഈ അനീതിക്കെതിരെ ഥാനാ ഭവനിൽ ഹാജി ഇംദാദുല്ലാഹിയുടെ നേതൃത്വത്തിൽ പണ്ഡിതന്മാർ യോഗം ചേർന്നു. മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി, ഹാഫിസ് ളാമിൻ ശഹീദ് തുടങ്ങിയവർ ശക്തമായി വാദിച്ചതിനെ തുടർന്ന്, അധിനിവേശത്തിനെതിരെ പോരാടാൻ അവർ തീരുമാനിച്ചു. ഥാനാ ഭവനിലെ വിപ്ലവ സർക്കാരിന്റെ  നായകൻ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കിയും പോരാട്ടനായകന്‍ ഹാഫിസ് ളാമിൻ ശഹീദും സൈനിക മേധാവി മൗലാനാ മുഹമ്മദ് ഖാസിം നാനൂതവിയും പ്രധാന ഉപദേശകൻ മൗലാനാ റശീദ് അഹ്മദ് ഗംഗോഹിയും ആയിരുന്നു. പോരാളികള്‍ ഷേർ അലി തോട്ടത്തിന് സമീപത്തുവെച്ച് ബ്രിട്ടീഷ് സൈന്യത്തെ വധിക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, ദൽഹിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശാംലിയിലേക്ക് മാർച്ച് നടത്തി. ഉഗ്രമായ ശാംലി യുദ്ധത്തിൽ മൗലാനാ നാനൂതവിയുടെ വീരോചിതമായ പോരാട്ട വീര്യത്തിലും പോരാളികളുടെ പ്രത്യാക്രമണത്തിലും ബ്രിട്ടീഷ് സൈന്യം കോട്ടയ്ക്കുള്ളിലേക്ക് പിൻവാങ്ങി. തുടർന്ന് കോട്ടവാതിലിന് തീ കൊളുത്തി മുജാഹിദുകൾ അകത്തുകടന്ന് വിജയം വരിച്ചെങ്കിലും, ഒളിച്ചിരുന്ന ബ്രിട്ടീഷ് ഭടന്റെ വെടിയേറ്റ് സേനാ നായകൻ ഹാഫിസ് ളാമിൻ ശഹീദ് രക്തസാക്ഷിത്വം വരിച്ചു.
        സമരാനന്തരം ദൽഹി ചക്രവർത്തി അറസ്റ്റ് ചെയ്യപ്പെടുകയും ബ്രിട്ടീഷുകാർ നഗരം പൂർണ്ണമായി കീഴടക്കുകയും ചെയ്തതോടെ ഈ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞു. തുടർന്ന് ഥാനാ ഭവൻ അടിച്ചുതകർത്ത ബ്രിട്ടീഷ് സൈന്യം നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഹാജി ഇംദാദുല്ലാഹ് മക്കി ഹിജാസിലേക്ക്  ഹിജ്‌റ പോയി. മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി അറസ്റ്റിലാവുകയും മാസങ്ങളോളം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി പോലീസിന്റെ നിരന്തരമായ തിരച്ചിലുകൾക്കിടയിലും ഒളിവിലിരുന്നുകൊണ്ട് പ്രവർത്തനം തുടർന്നു. പ്രവാചകചര്യ പിന്തുടർന്ന് സൗർ ഗുഹയിലെ ഓർമ്മക്കായി മൂന്ന് ദിവസം മാത്രം ഒളിവിലിരുന്ന ശേഷം അദ്ദേഹം പൊതുരംഗത്തിറങ്ങി പോലീസിനെ തന്ത്രപരമായി വെട്ടിച്ച് സഞ്ചരിച്ചു. ഒടുവിൽ 1858-ൽ വിക്ടോറിയ രാജ്ഞിയുടെ പൊതുമാപ്പ് പ്രഖ്യാപനത്തോടെയാണ് ഈ വേട്ടയാടലുകൾക്ക് താൽക്കാലിക ശമനമുണ്ടായത്.

പ്രധാന ഗുരുവും പ്രഥമ ശിഷ്യനും നയിച്ച സ്വാതന്ത്ര്യസമര ചുവടുകൾ
            1878-ൽ, ഹസ്രത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂതവിയുടെ നിർദേശപ്രകാരം, ദാറുൽ ഉലൂം ദേവ്ബന്ദിന്റെ വീര സന്തതിയായ ഹസ്രത്ത് ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ 'സമറതുത്തർബിയത്' എന്ന പേരിൽ മദ്‌റസാ അനുഭാവികളുടെ ഒരു സംഘടന രൂപീകരിച്ചു. സ്വാതന്ത്ര്യസമരത്തിനായി സമർപ്പിതരായ പോരാളികളെ വാർത്തെടുക്കുക എന്നതായിരുന്നു ഇതിന്റെ യഥാർഥ ലക്ഷ്യം. പിന്നീട് പ്രസിദ്ധമായ 'പട്ടുതൂവാല പ്രസ്ഥാനം' (Silk Letter Movement) എന്നറിയപ്പെട്ട വിപ്ലവ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു ഈ സംഘടന. ആരംഭത്തിൽ 19 അംഗങ്ങളുണ്ടായിരുന്ന ഈ സംഘത്തിലെ എല്ലാവരും ഹസ്രത്ത് നാനൂത്തവിയുടെ ശിഷ്യരായിരുന്നു.
     1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടു. സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ കോൺഗ്രസുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് 1888-ൽ മുന്നൂറിലധികം ഉലമാക്കൾ ആഹ്വാനം പുറപ്പെടുവിച്ചു.
            1909-ൽ, ശൈഖുൽ ഹിന്ദ് 'ജംഇയ്യത്തുൽ അൻസാർ' എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. മൗലാനാ ഉബൈദുല്ലാഹ് സിന്ധിയായിരുന്നു അതിന്റെ പ്രഥമ സെക്രട്ടറി. 1911-ൽ മൗലാനാ അഹ്‌മദ് ഹസൻ അംറോഹിയുടെ അധ്യക്ഷതയിൽ മുറാദാബാദിൽ പ്രഥമ സമ്മേളനം ചേർന്നു. ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ഈ പ്രസ്ഥാനം ഏകദേശം മൂന്ന് പതിറ്റാണ്ടോളം സജീവമായി നിലനിന്നു.
            1912-ൽ, മൗലാനാ അബുൽ കലാം ആസാദ് തന്റെ 'അൽ-ഹിലാൽ' പത്രത്തിലൂടെ സ്വാതന്ത്ര്യസമരത്തിന് ശക്തമായ ആഹ്വാനം നൽകി. അദ്ദേഹത്തിന്റെ തീപാറുന്ന ലേഖനങ്ങൾ രാജ്യത്ത് സ്വാതന്ത്ര്യ ബോധം ആളിക്കത്തിക്കാൻ വലിയ പങ്കുവഹിച്ചു.
                1913-ൽ, ശൈഖുൽ ഹിന്ദും മൗലാനാ ഉബൈദുല്ലാഹ് സിന്ധിയും ദേവ്ബന്ദിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറ്റി. ഫത്ഹ്പൂരി മസ്ജിദിൽ 'നദ്‌വത്തുൽ മആരിഫിൽ ഖുർആനിയ്യ' എന്ന കേന്ദ്രം സ്ഥാപിച്ചു. ഖുർആനിക ദർശനങ്ങളുടെ അടിസ്ഥാനത്തിൽ വിപ്ലവകാരികളെ വളർത്തിയെടുക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
                1915-ൽ, നാല് പതിറ്റാണ്ടോളം നീണ്ട രഹസ്യ തയ്യാറെടുപ്പുകൾക്ക് ശേഷം ശൈഖുൽ ഹിന്ദ് ബ്രിട്ടീഷ് സാമ്രാജ്യത്തെ അട്ടിമറിക്കാൻ വിപുലമായ പദ്ധതി ആവിഷ്കരിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള സായുധ മുന്നേറ്റങ്ങൾ അതിന്റെ ഭാഗമായിരുന്നു. 
                   1917 ഫെബ്രുവരി 19-നായിരുന്നു നിർണായക നടപടികൾക്ക് തീയതി നിശ്ചയിച്ചത്.
പദ്ധതിയുടെ ഭാഗമായി മൗലാനാ ഉബൈദുല്ലാഹ് സിന്ധിയെ കാബൂളിലേക്ക് അയച്ചു. അദ്ദേഹം 1915 ഒക്ടോബർ 15-ന് കാബൂളിലെത്തി. ഡിസംബർ 1-ന് അവിടെ സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക സർക്കാർ രൂപീകരിക്കപ്പെട്ടു. രാജാ മഹേന്ദ്ര പ്രതാപ് പ്രസിഡന്റായി ചുമതലയേറ്റു. തുടർന്ന് തുർക്കി, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പിന്തുണ തേടി പ്രതിനിധിസംഘങ്ങളെയും അയച്ചു.
                ഇതിനിടെ, 1915 സെപ്റ്റംബർ 18-ന് ശൈഖുൽ ഹിന്ദ് ഹിജാസിലേക്ക് യാത്ര തിരിച്ചു. അവിടെ ഗാലിബ് പാഷ, അൻവർ പാഷ എന്നിവരുമായി നിർണായക ധാരണകൾ ഉണ്ടാക്കി. എന്നാൽ, ദൗർഭാഗ്യവശാൽ പ്രസ്ഥാനത്തിന്റെ രഹസ്യങ്ങൾ ബ്രിട്ടീഷുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് പ്രസ്ഥാനവുമായി ബന്ധപ്പെട്ട 223 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. ശൈഖുൽ ഹിന്ദിനെയും അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ഖൈശുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി, മൗലാനാ അസീസുൽ ഗുൽ, ഹകീം നുസ്റത്ത് ഹുസൈൻ, മൗലാനാ വഹീദ് അഹ്മദ് എന്നിവരെയും ഹിജാസിൽ വെച്ച് അറസ്റ്റ് ചെയ്ത് മാൾട്ടയിലെ ജയിലിൽ തടവിലാക്കി. 1920-ലാണ് അവർ മോചിതരായത്. അതേ കാലഘട്ടത്തിൽ മൗലാനാ അബുൽ കലാം ആസാദിനെ റാഞ്ചിയിൽ തടവിലാക്കിയപ്പോൾ, മൗലാനാ ഉബൈദുല്ലാഹ് സിന്ധിയും മൗലാനാ മുഹമ്മദ് മിയാൻ അൻസാരിയും ഉൾപ്പെടെയുള്ള നേതാക്കൾ വർഷങ്ങളോളം സ്വദേശപരിത്യാഗം ചെയ്യേണ്ടിവന്നു. ചരിത്രത്തിൽ 'പട്ടുതൂവാല പ്രസ്ഥാനം' (Silk Letter Movement) എന്ന പേരിൽ പ്രശസ്തമായ ഈ വിപ്ലവ മുന്നേറ്റത്തിൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ദേശസ്നേഹികളും വിവിധ രീതികളിൽ പങ്കാളികളായിരുന്നു.

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രംഗത്തേക്ക്...
        1916-ൽ, ചില ഭരണപരിഷ്കാരങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ തയ്യാറായെങ്കിലും, അതോടൊപ്പം വർഗ്ഗീയ ചേരിതിരിവ് വളർത്താനുള്ള നീക്കങ്ങളും ശക്തിപ്പെട്ടു. ഈ സാഹചര്യത്തിൽ ദാറുൽ ഉലൂം ദേവ്ബന്ദിലെ പണ്ഡിതന്മാർ മുസ്‌ലിം-ഹിന്ദു ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
                1916 ഡിസംബറിൽ, മുഹമ്മദ് അലി ജിന്നയുടെ അധ്യക്ഷതയിൽ ലഖ്‌നൗവിൽ മുസ്‌ലിം ലീഗിന്റെ സമ്മേളനം ചേർന്നു. ഈ സമ്മേളനത്തോടനുബന്ധിച്ച് കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിൽ ചില ധാരണകൾ രൂപപ്പെട്ടു. എന്നാൽ, പ്രാദേശിക ഭരണക്രമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ന്യൂനതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മൗലാനാ മുഫ്തി കിഫായത്തുല്ലാഹ് ശക്തമായ വിമർശനം ഉന്നയിച്ചു.
       1917-ൽ, ലോർഡ് മോണ്ടാഗു ഇന്ത്യയിലെത്തിയപ്പോൾ, 'സാമൂഹിക-മതാവകാശങ്ങളുടെ സംരക്ഷണം' എന്ന പേരിൽ മുഫ്തി കിഫായത്തുല്ലാഹ് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. ഇന്ത്യയ്ക്ക് സ്വയം ഭരണാവകാശം അനുവദിക്കണമെന്ന് അതിലൂടെ അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
        1918-ൽ, മൗലാനാ മുഫ്തി കിഫായത്തുല്ലാഹ് 'തടവുകാരുടെ സംഘടന' എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. പ്രശസ്ത ദേശ സ്നേഹിയും വൈദ്യനുമായ ഹകീം അജ്മൽ ഖാൻ ആയിരുന്നു അതിന്റെ രക്ഷാധികാരി.
   1919 നവംബർ 13-ന്, ഡൽഹിയിൽ ചേർന്ന ഖിലാഫത്ത് കോൺഫറൻസിൽ ബ്രിട്ടീഷ് ഭരണത്തോട് നിസ്സഹകരണം പ്രഖ്യാപിക്കണമെന്ന പ്രമേയം മൗലാനാ മുഫ്തി കിഫായത്തുല്ലാഹ് അവതരിപ്പിച്ചു. നിരവധി ഉലമാക്കളും മഹാത്മാ ഗാന്ധിയുൾപ്പെടെയുള്ള ദേശീയ നേതാക്കളും ഈ പ്രമേയത്തെ പിന്തുണച്ചു.
    1919 നവംബറിൽ നടന്ന ഖിലാഫത്ത് കോൺഫറൻസിലാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഔപചാരികമായി രൂപം കൊണ്ടത്. മൗലാനാ മുഫ്തി കിഫായത്തുല്ലാഹ് സംഘടനയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സായുധ വിപ്ലവ മാർഗ്ഗം ഉപേക്ഷിച്ച് അഹിംസയുടെയും ജനകീയ പ്രക്ഷോഭത്തിന്റെയും പാത സ്വീകരിക്കാൻ സമ്മേളനം തീരുമാനിച്ചു.
       1919 ഡിസംബറിൽ, അമൃത്സറിൽ ജംഇയ്യത്ത് ഉലമാ-എ-ഹിന്ദിന്റെ പ്രഥമ പൊതുസമ്മേളനം നടന്നു. മൗലാനാ അബ്ദുൽ ബാരി ഫിറംഗി മഹലി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസനും മറ്റു സ്വാതന്ത്ര്യസമര സേനാനികളും അനുഭവിച്ചിരുന്ന തടവിനെയും ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തൽ നയങ്ങളെയും ശക്തമായി അപലപിക്കുന്ന പ്രമേയങ്ങൾ പാസാക്കി.

ശൈഖുല്‍ ഹിന്ദ് വീണ്ടും സമര നേതൃത്വത്തിലേക്ക് 
   മാൾട്ടയിലെ തടവറയിൽ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസനും സഹപ്രവർത്തകരും അനുഭവിച്ച പീഡനങ്ങളും ത്യാഗങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിലൊന്നാണ്. ശാരീരികമായും മാനസികമായും കഠിനമായ പീഡനങ്ങൾ സഹിച്ചിട്ടും ബ്രിട്ടീഷ് ഭരണകൂടത്തോട് അനുകൂലമായ ഒരു പ്രസ്താവന പോലും നടത്താൻ അദ്ദേഹം തയ്യാറായില്ല.
                ശൈഖുൽ ഹിന്ദിന്റെ വഫാത്തിനുശേഷം അദ്ദേഹത്തിന്റെ പുണ്യ ശരീരം കുളിപ്പിച്ചവർ ശരീരമാസകലം മർദ്ദനത്തിന്റെ പാടുകൾ കണ്ട് അത്ഭുതപ്പെട്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ശൈഖുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി പറഞ്ഞത് ചരിത്രത്തിലെ അവിസ്മരണീയമായ സാക്ഷ്യമാണ്: മാൾട്ട ജയിലിൽ വെച്ച് ബ്രിട്ടീഷ് അധികാരികൾ ശൈഖുൽ ഹിന്ദിനോട് ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുന്ന ഒരു പ്രസ്താവന നടത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം അത് ദൃഢമായി നിരസിച്ചപ്പോൾ അതിക്രൂരമായി മർദിച്ചു. ആ മർദനത്തിന്റെ അടയാളങ്ങളാണ് പിന്നീട് അദ്ദേഹത്തിന്റെ ശരീരത്തിൽ കാണപ്പെട്ടത്.
        1920 ജൂൺ 8-ന്, ദീർഘകാല തടവിന് ശേഷം ശൈഖുൽ ഹിന്ദും സഹപ്രവർത്തകരും ബോംബൈയിലെത്തി. അവരെ സ്വീകരിക്കാൻ മൗലാനാ അബ്ദുൽ ബാരി ഫിറംഗി മഹലി, ഹകീം അജ്മൽ ഖാൻ, ഡോ. മുഖ്താർ അഹ്‌മദ് അൻസാരി, മൗലാനാ മുഫ്തി കിഫായത്തുല്ലാഹ്, മഹാത്മാ ഗാന്ധി തുടങ്ങി ദേശീയ പ്രസ്ഥാനത്തിന്റെ പ്രമുഖർ എത്തിയിരുന്നു. തുടർന്ന് നടന്ന കൂടിയാലോചനകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നൽകി.
        ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം തുർക്കിയോടും ഉസ്മാനിയ്യ ഖിലാഫത്തിനോടും ബ്രിട്ടീഷ് സഖ്യശക്തികൾ സ്വീകരിച്ച നയം ഇന്ത്യൻ മുസ്‌ലിംകളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. എന്നാൽ, ഇന്ത്യയിൽ ഖിലാഫത്ത് പ്രക്ഷോഭം ഒരു മതപ്രശ്നത്തിൽ ഒതുങ്ങിയില്ല.! അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ പ്രക്ഷോഭമായി വളർന്നു. മുസ്‌ലിംകളുടെ മതവികാരത്തെ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയ മഹാത്മാ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഖിലാഫത്ത് പ്രസ്ഥാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ ഇന്ത്യൻ ചരിത്രത്തിൽ അപൂർവമായ ഒരു കാഴ്ച രൂപപ്പെട്ടു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിലെ ഉലമാക്കളും കോൺഗ്രസ് നേതാക്കളും ഒരേ വേദി പങ്കിട്ടു. മഹാത്മാ ഗാന്ധി, മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, സി.ആർ. ദാസ്, ലാലാ ലജ്പത് റായ് തുടങ്ങിയ നേതാക്കൾ ഖിലാഫത്ത് സമ്മേളനങ്ങളിൽ പങ്കെടുത്തു. മറുവശത്ത് മൗലാനാ അബുൽ കലാം ആസാദ്, മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി, മൗലാനാ മുഫ്തി കിഫായത്തുല്ലാഹ്, ഹകീം അജ്മൽ ഖാൻ, ഡോ. അൻസാരി തുടങ്ങിയ മുസ്‌ലിം നേതാക്കൾ കോൺഗ്രസ് വേദികളിലും ദേശീയ പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹിന്ദുക്കളും മുസ്‌ലിംകളും തോളോടുതോൾ ചേർന്ന് ജാഥകളിലും സമ്മേളനങ്ങളിലും അണിനിരന്നത് ദേശീയ ഐക്യത്തിന്റെ അപൂർവ മാതൃകയായി മാറി.
    ഈ ഐക്യമാണ് ബ്രിട്ടീഷ് ഭരണകൂടത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അവർ "ഭിന്നിപ്പിച്ച് ഭരിക്കുക" (Divide and Rule) എന്ന നയം കൂടുതൽ ശക്തമായി നടപ്പിലാക്കി. വർഗീയ ചേരിതിരിവ് വളർത്തുന്ന പ്രചാരണങ്ങൾ, പ്രത്യേക രാഷ്ട്രീയ ആനുകൂല്യങ്ങൾ, വേർതിരിച്ച തിരഞ്ഞെടുപ്പ് സംവിധാനം, പരസ്പര അവിശ്വാസം വളർത്തുന്ന ഭരണനടപടികൾ എന്നിവയിലൂടെ ദേശീയ ഐക്യം തകർക്കാൻ അവർ ശ്രമിച്ചു. എന്നാൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും കോൺഗ്രസ് നേതൃത്വവും ഈ ഗൂഢനീക്കങ്ങളെ തുറന്നുകാട്ടി, മതസൗഹാർദവും ദേശീയ ഐക്യവുമാണ് സ്വാതന്ത്ര്യത്തിന്റെ അടിത്തറയെന്ന് രാജ്യത്തുടനീളം പ്രചരിപ്പിച്ചു.
    1920 ജൂൺ 9-ന്, ഇലാഹാബാദിൽ ചേർന്ന ഖിലാഫത്ത് കോൺഫറൻസ് ബ്രിട്ടീഷ് ഭരണത്തിനെതിരെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു. തുടർന്ന് ജൂലൈ 19-ന് ശൈഖുൽ ഹിന്ദ് നിസ്സഹകരണത്തിന് ചരിത്ര പ്രസിദ്ധമായ ആഹ്വാനം നൽകി. മൗലാനാ അബുൽ മഹാസിൻ സജ്ജാദ് അതിനെ ക്രോഡീകരിച്ച് 484 ഉലമാക്കളുടെ ഒപ്പുകളോടെ പ്രസിദ്ധീകരിച്ചു. ഖിലാഫത്ത് കമ്മിറ്റിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും കൈകോർത്തതോടെ നിസ്സഹകരണ പ്രസ്ഥാനം രാജ്യ വ്യാപകമായി ശക്തിപ്പെട്ടു.
    1920 സെപ്റ്റംബർ 6-ന്, മൗലാനാ താജ് മഹ്‌മൂദ് സിന്ധിയുടെ അധ്യക്ഷതയിൽ കൽക്കത്തയിൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ പ്രത്യേക സമ്മേളനം ചേർന്നു. മൗലാനാ അബുൽ കലാം ആസാദ് അവതരിപ്പിച്ച നിസ്സഹകരണ പ്രമേയം ഇരുനൂറിലധികം ഉലമാക്കൾ ഐക്യകണ്ഠേന അംഗീകരിച്ചു. ഇതോടെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സംഘടിത നേതൃത്വത്തിൽ കൂടുതൽ ശക്തമായി രംഗത്തിറങ്ങി. ഖിലാഫത്ത്–നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ മറ്റൊരു ചരിത്രനേട്ടമായിരുന്നു ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ ഉദയം. ബ്രിട്ടീഷ് വിദ്യാഭ്യാസ സംവിധാനത്തിന് ബദലായി സ്വതന്ത്ര ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപീകരിക്കണമെന്ന ആശയം ശക്തിപ്പെട്ടു. അതിന്റെ ഫലമായി 1920 ഒക്ടോബർ 29-ന് അലീഗഢിൽ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സ്ഥാപിതമായി. മാൾട്ട തടവിൽ നിന്ന് മോചിതനായി മടങ്ങിയെത്തിയ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസനാണ് ഈ ദേശീയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ഹകീം അജ്മൽ ഖാൻ, ഡോ. മുഖ്താർ അഹ്മദ് അൻസാരി, മൗലാനാ മുഹമ്മദ് അലി ജൗഹർ, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ ദേശീയ നേതാക്കൾ ജാമിഅയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. പിന്നീട് മഹാത്മാ ഗാന്ധിയും ഈ സ്ഥാപനത്തെ ദേശീയ വിദ്യാഭ്യാസത്തിന്റെ മാതൃകയായി വിശേഷിപ്പിക്കുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്തു.ജാമിഅ മില്ലിയ ഇസ്‌ലാമിയ ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമായിരുന്നില്ല; സ്വാതന്ത്ര്യ ബോധവും ദേശീയ ആത്മാഭിമാനവും മതസൗഹാർദവും സ്വാശ്രയബോധവും വളർത്തിയെടുത്ത ഒരു ദേശീയ നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്നു അത്.
        ഖിലാഫത്ത് പ്രക്ഷോഭം രാഷ്ട്രീയമായി അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയില്ലെങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അത് പുതിയ ദിശ നൽകി. ജാതിയും മതവും ഭാഷയും മറികടന്ന് ഒരു ജനത സ്വാതന്ത്ര്യത്തിനായി എങ്ങനെ കൈകോർക്കാമെന്ന് ഇന്ത്യയെ പഠിപ്പിച്ച മഹത്തായ അനുഭവമായിരുന്നു അത്. ദേശീയ ഐക്യം തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന സന്ദേശം ചരിത്രത്തിൽ അനശ്വരമായി രേഖപ്പെടുത്തിയ സുവർണ്ണ അധ്യായമായി ഖിലാഫത്ത് പ്രക്ഷോഭം ഇന്നും നിലകൊള്ളുന്നു.

ശൈഖുൽ ഇസ്‌ലാം സ്വാതന്ത്ര്യ സമരത്തിൻ്റെ നായകത്വത്തിലേക്ക്...
        ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ആവേശവും ദേശീയ ബോധവും ഇന്ത്യയിലുടനീളം ശക്തിപ്രാപിച്ച സാഹചര്യത്തിൽ, 1920 ആഗസ്റ്റ് 1-ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം ഔദ്യോഗികമായി ആരംഭിച്ചു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, ഈ പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ പോരാട്ടം മാത്രമായല്ല; ദേശീയവും മതപരവുമായ കടമയായാണ് കണ്ടത്. ബ്രിട്ടീഷ് ഭരണകൂടവുമായി സഹകരിക്കാതിരിക്കുക, സർക്കാർ വിദ്യാലയങ്ങളും കോടതികളും നിയമസഭകളും ബഹിഷ്‌കരിക്കുക, വിദേശവസ്തുക്കൾ ഉപേക്ഷിക്കുക, സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യസമരം ജനകീയ മുന്നേറ്റമായി വളർന്നു.
               ഈ കാലഘട്ടത്തിൽ ഹിന്ദു–മുസ്‌ലിം ഐക്യം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ ശക്തിയായി മാറി. മഹാത്മാ ഗാന്ധി, പണ്ഡിറ്റ് മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, സി. ആർ. ദാസ്, ലാലാ ലജ്പത് റായ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും മൗലാനാ അബുൽ കലാം ആസാദ്, മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി, ഹകീം അജ്മൽ ഖാൻ, ഡോ. മുഖ്താർ അഹ്‌മദ് അൻസാരി, മൗലാനാ മുഫ്തി കിഫായത്തുല്ലാ തുടങ്ങി ജംഇയ്യത്തുമായി ബന്ധപ്പെട്ട ദേശീയ നേതാക്കളും ഒരേ ലക്ഷ്യത്തിനുവേണ്ടി കൈകോർത്തു. മതം വ്യത്യസ്തമായിരുന്നെങ്കിലും രാജ്യം ഒന്നാണെന്നും സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണെന്നുമുള്ള സന്ദേശം രാജ്യത്തിന്റെ ഓരോ കോണിലും എത്തി.
             ഈ ജനകീയ മുന്നേറ്റത്തെ തകർക്കാൻ ബ്രിട്ടീഷ് സർക്കാർ വ്യാപകമായ അറസ്റ്റുകളും അടിച്ചമർത്തൽ നടപടികളും ആരംഭിച്ചു. പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സേനാനികൾ ജയിലിലടയ്ക്കപ്പെട്ടു. അവരിൽ ഗണ്യമായൊരു വിഭാഗം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിലെ ഉലമാക്കളും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകരുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വില തടവും പീഡനവും ത്യാഗവുമാണെന്ന് അവർ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.
            1920 നവംബർ 19 മുതൽ 21 വരെ ഡൽഹിയിൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ രണ്ടാം പൊതുസമ്മേളനം ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസന്റെ അധ്യക്ഷതയിൽ ചേർന്നു. തന്റെ ചരിത്രപ്രസിദ്ധമായ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ഹിന്ദു–മുസ്‌ലിം ഐക്യം ദേശീയ വിമോചനത്തിന്റെ അനിവാര്യ ഉപാധിയാണെന്ന് ഊന്നിപ്പറഞ്ഞു. പരസ്പര വിശ്വാസങ്ങളും വികാരങ്ങളും ആദരിച്ചു കൊണ്ട്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ച് പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ സമ്മേളനത്തിൽ ബ്രിട്ടീഷ് ഭരണകൂടവുമായി സഹകരിക്കുന്നത് ശരീഅത്തിന്റെ കാഴ്ചപ്പാടിൽ അനുവദനീയമല്ലെന്ന പ്രമേയവും പാസാക്കി. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ സ്വാതന്ത്ര്യസമര പ്രതിബദ്ധതയെ വ്യക്തമായി പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനമായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിന്റെ തീ രാജ്യമെങ്ങും പടർന്നുനിൽക്കുന്ന ഈ ഘട്ടത്തിലാണ് ശൈഖുൽ ഹിന്ദ് ഇഹലോകവാസം വെടിഞ്ഞത്. എന്നാൽ, അദ്ദേഹം തെളിച്ച സ്വാതന്ത്ര്യ ദീപം അണഞ്ഞില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരും സഹപ്രവർത്തകരും ആ ദൗത്യം കൂടുതൽ ശക്തിയോടെ ഏറ്റെടുത്തു.
    ശൈഖുൽ ഹിന്ദിൻ്റെ അരുമ ശിഷ്യനും, ദാറുൽ ഉലൂമിൻ്റെ ശൈഖുൽ ഹദീസുമായ ശൈഖുൽ ഇസ്‌ലാം മൗലാന സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നേതൃനിരയിൽ സജീവമായി നിലകൊണ്ടു. ശൈഖുൽ ഇസ്‌ലാമിന്റെ ജീവിതം അത്ഭുതകരമായിരുന്നു. പുലർകാലത്ത് എഴുന്നേറ്റ് പടച്ചവനോട് താണുകേണ് പ്രാർത്ഥിക്കും. സുബ്ഹി നമസ്കാരം കഴിഞ്ഞ് ദാറുൽ ഉലൂമിലെ ഹദീസിന്റെ പാഠങ്ങൾ എടുക്കും. കൂട്ടത്തിൽ സ്ഥാപനത്തിന്റെ വിവിധ കാര്യങ്ങൾ അന്വേഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യും. തുടർന്ന് വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത് സ്വാതന്ത്ര്യ സമര സമ്മേളനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു. പാതിരാത്രി വൈകി വീട്ടിലെത്തുന്ന മഹാൻ, അടുത്ത പുലർകാലം മുതൽ അടുത്ത ദിനം ആരംഭിച്ചിരുന്നു.
        1921 ജൂലൈ 8-ന് കറാച്ചിയിൽ ചേർന്ന അഖിലേന്ത്യാ ഖിലാഫത്ത് സമ്മേളനത്തിൽ ശൈഖുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി നടത്തിയ പ്രഖ്യാപനം ബ്രിട്ടീഷ് ഭരണകൂടത്തെ നടുക്കി: "ബ്രിട്ടീഷ് ഗവൺമെന്റിനെ സഹായിക്കുന്നതും അവരുടെ കീഴിൽ ഉദ്യോഗം ചെയ്യുന്നതും ഹറാമാണ്." ഈ പ്രഖ്യാപനത്തെ തുടർന്ന് പ്രസിദ്ധമായ കറാച്ചി വിചാരണ നടന്നു. വിചാരണയ്ക്കിടെ ജഡ്ജി ചോദിച്ചു: "ബ്രിട്ടീഷ് ഭരണവുമായി സഹകരിക്കുന്നത് ഹറാമാണെന്ന് നിങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടോ?" മൗലാനാ മദനി നിർഭയമായി മറുപടി പറഞ്ഞു: "അതെ. ഞാൻ അന്ന് പ്രഖ്യാപിച്ചു; ഇന്നും അതുതന്നെയാണ് പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് ഭരണവുമായി സഹകരിക്കുന്നതും അവരുടെ കീഴിൽ ജോലി ചെയ്യുന്നതും ഹറാമാണ്." ഈ ധീരമായ നിലപാടിന്റെ പേരിൽ മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി, മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി, പീർ ഗുലാം മുജദ്ദിദ്, ഡോ. സൈഫുദ്ദീൻ കിച്ച്ലു എന്നിവരോടൊപ്പം വിവിധ മത പശ്ചാത്തലങ്ങളിൽ നിന്നുള്ള ദേശീയ നേതാക്കളും വിചാരണ നേരിടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മതവും ജാതിയും മറികടന്ന ദേശീയ ഐക്യത്തിന്റെ ശക്തമായ പ്രതീകമായിരുന്നു ഈ വിചാരണ.
            1921 ആഗസ്റ്റ് 8-ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് പ്രസിദ്ധീകരിച്ച നിസ്സഹകരണ ഫത്‌വ ബ്രിട്ടീഷ് സർക്കാർ നിരോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ ജംഇയ്യത്ത് അതിനെ വീണ്ടും വീണ്ടും പ്രസിദ്ധീകരിച്ചു. ആശയങ്ങളെ അടിച്ചമർത്താൻ അധികാരത്തിന് കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിന്റെ പ്രകടനമായിരുന്നു അത്.
                1921 നവംബർ 18 മുതൽ 20 വരെ ലാഹോറിൽ ചേർന്ന ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ മൂന്നാം പൊതുസമ്മേളനത്തിൽ മൗലാനാ അബുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് നിരോധനം അവഗണിച്ച് നിസ്സഹകരണ ഫത്‌വ വീണ്ടും പ്രസിദ്ധീകരിക്കാനും ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ പൂർണമായും ബഹിഷ്‌കരിക്കാനും സമ്മേളനം തീരുമാനിച്ചു. സ്വാതന്ത്ര്യം നേടുന്നതുവരെ സമരം തുടരുമെന്ന ദൃഢപ്രതിജ്ഞയായിരുന്നു അത്.
     എന്നാൽ, 1922 ഫെബ്രുവരി 5-ന് ഉത്തരപ്രദേശിലെ ചൗരി ചൗറയിൽ നടന്ന അക്രമസംഭവത്തെ തുടർന്ന്, അഹിംസയുടെ തത്വം സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാടിൽ മഹാത്മാ ഗാന്ധി 1922 ഫെബ്രുവരി 12-ന് നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു. പ്രസ്ഥാനം അവസാനിച്ചെങ്കിലും അതിലൂടെ ഉണർന്ന ദേശീയ ബോധവും ജനകീയ ഐക്യവും സ്വാതന്ത്ര്യ സമരത്തിന്റെ തീ അണയാൻ അനുവദിച്ചില്ല. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും കോൺഗ്രസ് നേതൃത്വവും മറ്റു ദേശ സ്നേഹ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതു വരെ പോരാട്ടം തുടരുകയും ചെയ്തു.
നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയെ ഒരു വലിയ സത്യം പഠിപ്പിച്ചു: സ്വാതന്ത്ര്യം നേടാനുള്ള ഏറ്റവും വലിയ ശക്തി ആയുധങ്ങളല്ല, മറിച്ച് ദേശീയ ഐക്യവും ജനങ്ങളുടെ ത്യാഗസന്നദ്ധതയുമാണ്.
            ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും മറ്റ് സമൂഹങ്ങളും ഒരുമിച്ച് എഴുതിച്ചേർത്ത ഈ ചരിത്രം, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നായി എന്നും ഓർമിക്കപ്പെടും.

മുത്തഹിദഃ ഖൗമിയ്യത്ത്: സ്വാതന്ത്ര്യസമരത്തിന്റെ ആത്മാവ്, ഇന്നത്തെ ഇന്ത്യയുടെ അനിവാര്യത.
            സ്വാതന്ത്ര്യം എന്നത് വിദേശ ഭരണത്തിൽ നിന്ന് മോചനം നേടുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ജനങ്ങളുടെ ഹൃദയങ്ങളിൽ പരസ്പര വിശ്വാസവും സാഹോദര്യവും വളർത്തിയെടുക്കുകയും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു രാഷ്ട്ര ബോധം രൂപപ്പെടുത്തുകയും ചെയ്യുന്നതും സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഭാരതീയ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ മഹാന്മാർ രാഷ്ട്രീയ പോരാട്ടത്തോടൊപ്പം ദേശീയ ഐക്യത്തിനും സൗഹാർദ്ദത്തിനും അതീവ പ്രാധാന്യം നൽകിയത്. ഈ പശ്ചാത്തലത്തിലാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും അതിന്റെ മഹാന്മാരായ നേതാക്കളും ഉയർത്തിപ്പിടിച്ച 'മുത്തഹിദഃ കൗമിയ്യത്ത്' എന്ന ആശയം ചരിത്രപരമായ പ്രാധാന്യം നേടുന്നത്.
             1922-ൽ ഗയയിൽ ചേർന്ന ജംഇയ്യത്തിന്റെ നാലാം പൊതുസമ്മേളനം ഈ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. മൗലാനാ ഹബീബുർ റഹ്‌മാൻ ഉസ്മാനിയുടെ അധ്യക്ഷതയിൽ ചേർന്ന ഈ സമ്മേളനം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സംവിധാനങ്ങളോടുള്ള സഹകരണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ജനകീയ സമരത്തിലൂടെയാണ് സ്വാതന്ത്ര്യം നേടേണ്ടതെന്ന ഉറച്ച നിലപാട് സമ്മേളനം സ്വീകരിച്ചു.
     എന്നാൽ, സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ചപ്പോൾ ബ്രിട്ടീഷ് ഭരണകൂടം മറ്റൊരു അപകടകരമായ തന്ത്രം പ്രയോഗിച്ചു. ഭാരതീയരുടെ ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടെ അവർ മതപരമായ വികാരങ്ങളെ രാഷ്ട്രീയ ആയുധമാക്കി. ശുദ്ധി പ്രസ്ഥാനം ഉൾപ്പെടെയുള്ള വിവിധ നീക്കങ്ങൾ സമൂഹത്തിൽ സംശയവും ഭിന്നിപ്പും വളർത്താൻ ഉപയോഗിക്കപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
      ഈ സാഹചര്യത്തിൽ ജംഇയ്യത്തിന്റെ ഉലമാക്കൾ നിശ്ശബ്ദരായിരുന്നില്ല. അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. അവർ രണ്ട് പ്രവർത്തനങ്ങൾ സജീവമാക്കി. ഒന്നമതായി, ഇസ്‌ലാഹേ മുആശറാ (സാമുദായിക സംസ്‌കരണം) എന്ന പേരിൽ സമുദായത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ട് എല്ലാവരുടെയും വിശ്വാസ കർമ്മങ്ങൾ നന്നാക്കാനും ഉറപ്പിക്കാനും പരിശ്രമിച്ചു. ഓരോ സ്ഥലങ്ങളിലേക്കും സംഘങ്ങളായി ചെന്ന് ജനങ്ങളെ സംസ്കരിക്കുകയും ചെറുതും വലുതുമായ കൂട്ടങ്ങൾ സംഘടിപ്പിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും ധർമ്മത്തിൽ ഉറപ്പിച്ചു നിർത്താൻ തന്ത്രജ്ഞതയോടെ ശ്രമിക്കുകയും ചെയ്തു.
                രണ്ടാമതായി, മുത്തഹിദ ഖൗമിയത്ത് (സാമൂഹിക ഐക്യം) എന്ന പേരിൽ വ്യത്യസ്ത മതസ്ഥരായ ജനങ്ങളെല്ലാവരും ഒരു നാട്ടുകാരും ഒരു സമൂഹവുമാണ് എന്ന സന്ദേശം ഉയർത്തി എല്ലാവരും പരസ്പരം ഐക്യപ്പെട്ട് സമൂഹത്തിൻ്റെയും നാടിൻ്റെയും നന്മയ്ക്ക് വേണ്ടി നിലയുറപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. പള്ളികളിലും ക്ഷേത്രങ്ങൾക്ക് സമീപവും പൊതുസമ്മേളനങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. കലാപങ്ങൾ അവസാനിപ്പിക്കാനും മനുഷ്യജീവൻ സംരക്ഷിക്കാനും ഹിന്ദു–മുസ്‌ലിം സൗഹാർദ്ദം പുനഃസ്ഥാപിക്കാനും അവർ അശ്രാന്തമായി പരിശ്രമിച്ചു. അവരുടെ കാഴ്ചപ്പാടിൽ ദേശീയ ഐക്യമില്ലാതെ സ്വാതന്ത്ര്യം അസാധ്യമായിരുന്നു. 
            ഈ ചരിത്രാനുഭവങ്ങളിൽ നിന്നാണ് മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി (റഹ്) തന്റെ പ്രസിദ്ധ ഗ്രന്ഥമായ "മുത്തഹിദഃ കൗമിയ്യത്ത് ഔർ ഇസ്ലാം" മുഖേന സംയുക്ത ദേശീയതയുടെ ആശയം വിശദീകരിച്ചത്. അദ്ദേഹം വ്യക്തമാക്കിയ ഒരു അടിസ്ഥാന സത്യമുണ്ട്: മതവും ദേശീയതയും ഒരേ ആശയമല്ല. മതം വിശ്വാസത്തിന്റെയും ആരാധനയുടെയും വിഷയമാണ്. ദേശീയത ഒരു ദേശത്ത് ഒരുമിച്ച് ജീവിക്കുന്ന ജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ബന്ധമാണ്. അതിനാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവർക്ക് ഒരേ രാജ്യത്തിന്റെ പൗരന്മാരായി ഒരുമിച്ച് ജീവിക്കാനും പൊതു ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനും ഇസ്‌ലാം തടസ്സമല്ല. ഈ ആശയത്തിന് അദ്ദേഹം ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ചരിത്രത്തിൽ നിന്നും തെളിവുകൾ അവതരിപ്പിച്ചു. പ്രത്യേകിച്ച് പ്രവാചകൻ മുഹമ്മദ് ﷺ മദീനയിൽ രൂപപ്പെടുത്തിയ മീസാഖുൽ മദീന (മദീനാ ഭരണഘടന) ഒരു രാഷ്ട്രത്തിലെ വിവിധ മതവിഭാഗങ്ങൾ പരസ്പര ബഹുമാനത്തോടെ ജീവിക്കുന്നതിനുള്ള ലോകത്തിലെ ആദ്യകാല സാമൂഹിക ഉടമ്പടികളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിംകളും ജൂതരും മറ്റു ഗോത്രങ്ങളും വ്യത്യസ്ത മതവിശ്വാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ഒരു രാഷ്ട്രീയ സമൂഹമായി അവിടെ അംഗീകരിക്കപ്പെട്ടു.
ഇതാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ ദേശീയ കാഴ്ചപ്പാടിന്റെ അടിത്തറ.
        സ്വാതന്ത്ര്യസമര കാലത്ത് മഹാത്മാ ഗാന്ധി, മൗലാനാ അബുൽ കലാം ആസാദ്, ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി, മൗലാനാ ഹുസൈൻ അഹ്‌മദ് മദനി തുടങ്ങി നിരവധി ദേശീയ നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞത് ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യവും ഐക്യവുമാണെന്നായിരുന്നു.
        സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ആ സന്ദേശത്തിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല. മറിച്ച്, വർഗീയ ധ്രുവീകരണവും വിദ്വേഷ പ്രചാരണങ്ങളും സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മുത്തഹിദഃ കൗമിയ്യത്ത് കൂടുതൽ അനിവാര്യമായ ദേശീയ ആശയമായി മാറിയിരിക്കുന്നു. ഈ മഹത്തായ പാരമ്പര്യം ജനങ്ങളിലേക്ക് വീണ്ടും എത്തിക്കുന്നതിനാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ 'കൗമി ഏക്‌താ' സമ്മേളനങ്ങളും 'ഹിന്ദു–മുസ്‌ലിം ഇത്തിഹാദ്' പ്രചാരണങ്ങളും സംഘടിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും ജൈനരും ബൗദ്ധരും ഉൾപ്പെടെ വിവിധ മതവിഭാഗങ്ങളിലെ ആത്മീയ നേതാക്കളും സാമൂഹിക പ്രവർത്തകരും ബുദ്ധിജീവികളും ഈ വേദികളിൽ പങ്കുചേരുന്നു. ഈ സമ്മേളനങ്ങൾ പറയുന്ന സന്ദേശം വളരെ ലളിതമാണ്: വിദ്വേഷം ഒരു രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയില്ല; സ്നേഹവും നീതിയും സാഹോദര്യവുമാണ് രാഷ്ട്രത്തിന്റെ യഥാർത്ഥ ശക്തി. പരസ്പരം അറിയുകയും മനസ്സിലാക്കുകയും സഹകരിക്കുകയും ചെയ്യുമ്പോഴാണ് തെറ്റിദ്ധാരണകൾ ഇല്ലാതാകുന്നത്. ഭരണഘടന സംരക്ഷിക്കപ്പെടുന്നത് കോടതികളിൽ മാത്രമല്ല; ജനങ്ങളുടെ ഹൃദയങ്ങളിൽ സാഹോദര്യം വളരുമ്പോഴാണ്. മഹാന്മാരായ നമ്മുടെ പൂർവികർ സ്വന്തം രക്തവും വിയർപ്പും സമർപ്പിച്ച് നമുക്ക് കൈമാറിയ ദേശീയ ഐക്യത്തിന്റെ ഈ പൈതൃകം സംരക്ഷിക്കേണ്ടത് നമ്മുടെ തലമുറയുടെ ഉത്തരവാദിത്തമാണ്. സ്വാതന്ത്ര്യസമരത്തിന്റെ യഥാർത്ഥ സന്ദേശം അതുതന്നെയാണ്. അതുകൊണ്ടാണ് ഇന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രാജ്യത്തിന്റെ എല്ലാ കോണുകളിലും ദേശീയ ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശം പ്രചരിപ്പിക്കുന്നത്. ഈ മഹത്തായ ദൗത്യത്തിൽ എല്ലാ മതവിഭാഗങ്ങളിലെയും സുമനസ്സുകളുടെ സഹകരണവും പിന്തുണയും ഞങ്ങൾ വിനയപൂർവം അഭ്യർഥിക്കുന്നു. നമ്മുടെ രാജ്യം സമാധാനത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും പാതയിൽ മുന്നേറട്ടെ.! അല്ലാഹു തആലാ നമ്മുടെ പരിശ്രമങ്ങൾ സ്വീകരിക്കുകയും ഭാരതത്തെ ഐക്യത്തിന്റെയും സമാധാനത്തിന്റെയും മാതൃകയാക്കുകയും ചെയ്യട്ടെ.! ആമീൻ.

സമരപോരാട്ടങ്ങൾ ശക്തിപ്രാപിക്കുന്നു
            ഇന്ത്യൻ സ്വാതന്ത്ര്യസമരം ഓരോ ഘട്ടം പിന്നിടുമ്പോഴും അതിന്റെ ലക്ഷ്യവും പോരാട്ട രീതികളും കൂടുതൽ വ്യക്തവും ശക്തവുമായിത്തീർന്നു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഈ ചരിത്രപരമായ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ സമ്പൂർണ സ്വാതന്ത്ര്യം  എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നതിലും ജംഇയ്യത്തിന്റെ സമ്മേളനങ്ങളും പ്രമേയങ്ങളും ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനമാണ് വഹിച്ചത്.
            1924 ജനുവരിയിൽ കാകിനാടയിൽ ചേർന്ന ജംഇയ്യത്തിന്റെ അഞ്ചാം പൊതുസമ്മേളനം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ഹസ്രത്ത് മൗലാനാ ഹുസൈൻ അഹ്‌മദ് മദനിയുടെ അധ്യക്ഷതയിൽ നടന്ന ഈ സമ്മേളനം, ഇന്ത്യയുടെ ലക്ഷ്യം ഭരണപരിഷ്‌കാരങ്ങളോ പരിമിത സ്വയംഭരണമോ അല്ല, മറിച്ച് സമ്പൂർണ സ്വാതന്ത്ര്യമാണെന്ന് വ്യക്തമായി പ്രഖ്യാപിച്ചു. പിന്നീട് ദേശീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്ത ഈ ആവശ്യം ജംഇയ്യത്ത് വളരെ നേരത്തെ തന്നെ ശക്തമായി ഉയർത്തിയിരുന്നു.
         1924 സെപ്റ്റംബർ 26-ന് ഡൽഹിയിൽ പണ്ഡിറ്റ് മദൻമോഹൻ മാളവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ ഐക്യസമ്മേളനത്തിൽ ജംഇയ്യത്തിന്റെ പ്രമുഖ നേതാക്കളായ മൗലാനാ ഹുസൈൻ അഹ്‌മദ് മദനി, മുഫ്തി കിഫായത്തുല്ലാഹ്, മൗലാനാ സഈദ് ദഹ്‌ലവി, മൗലാനാ അബുൽ കലാം ആസാദ് എന്നിവർ സജീവമായി പങ്കെടുത്തു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ സമൂഹത്തിൽ വളർന്നു വന്ന ഭിന്നതകൾ അവസാനിപ്പിച്ച് ദേശീയ ഐക്യം ശക്തിപ്പെടുത്തുക എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
                തുടർന്ന് 1925-ൽ മുറാദാബാദിലും 1926-ൽ കൽക്കത്തയിലും ചേർന്ന ജംഇയ്യത്തിന്റെ പൊതുസമ്മേളനങ്ങൾ രാജ്യത്തെ വിവിധ മുസ്‌ലിം സംഘടനകളെ ഒരേ ദേശീയ ലക്ഷ്യത്തിന് കീഴിൽ അണിനിരത്തുകയും പൂർണ്ണ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം വീണ്ടും ശക്തമായി ആവർത്തിക്കുകയും ചെയ്തു.

സൈമൺ കമ്മീഷനെതിരായ ശക്തമായ പ്രതിഷേധം
                ഇന്ത്യക്കാരുടെ അഭിപ്രായം പോലും തേടാതെ ബ്രിട്ടീഷ് സർക്കാർ നിയമിച്ച സൈമൺ കമ്മീഷനെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ശക്തമായി എതിർത്തു. 1927 ഡിസംബറിൽ പെഷാവറിൽ ചേർന്ന എട്ടാം പൊതുസമ്മേളനം കമ്മീഷനെ പൂർണമായി ബഹിഷ്‌കരിക്കാൻ രാജ്യത്തോട് ആഹ്വാനം ചെയ്തു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇതേ നിലപാട് സ്വീകരിച്ചു.
     1928 ഫെബ്രുവരി 3-ന് സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ കോൺഗ്രസിന്റെയും ജംഇയ്യത്തിന്റെയും സംയുക്ത ആഹ്വാനപ്രകാരം രാജ്യമൊട്ടാകെ ചരിത്രപ്രസിദ്ധമായ ഹർത്താലും പ്രതിഷേധപ്രകടനങ്ങളും നടന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ ഏറ്റവും ശക്തമായ ജനകീയ പ്രതിഷേധങ്ങളിലൊന്നായി അത് മാറി.
                1928-ൽ ലഖ്നൗവിൽ ചേർന്ന അഖിലകക്ഷി സമ്മേളനത്തിൽ ജംഇയ്യത്ത് സജീവമായി പങ്കെടുത്തു. അവിടെ തയ്യാറാക്കിയ നെഹ്‌റു റിപ്പോർട്ടിലെ ചില നിർദേശങ്ങളെ അവർ വിമർശനാത്മകമായി സമീപിച്ചെങ്കിലും ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതിബദ്ധതയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയില്ല. പിന്നീട് 1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനം പൂർണ്ണ സ്വരാജ് ദേശീയ ലക്ഷ്യമായി പ്രഖ്യാപിച്ചതോടെ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം ലഭിച്ചു.
        1930-ൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ജനകീയമായ പോരാട്ടങ്ങളിലൊന്നായിരുന്നു. ഈ സമരത്തിലും ജംഇയ്യത്തിന്റെ നേതാക്കൾ മുൻനിരയിൽ അണിനിരന്നു. മൗലാനാ ഹിഫ്‌സുർ റഹ്‌മാൻ, മുഫ്തി അതീഖുർ റഹ്‌മാൻ തുടങ്ങിയവർ സമരത്തിൽ സജീവമായി പങ്കെടുത്തു.
        തുടർന്ന് മൗലാനാ അബുൽ കലാം ആസാദ്, മൗലാനാ ഫഖ്റുദ്ദീൻ, മൗലാനാ സയ്യിദ് മുഹമ്മദ് മിയാൻ, മൗലാനാ ബശീർ അഹ്‌മദ് തുടങ്ങി നിരവധി നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. തടവും പീഡനങ്ങളും അവരുടെ ദേശ സ്നേഹത്തെ തളർത്തിയില്ല.
        1930 ഏപ്രിൽ 23-ന് പെഷാവറിലെ കിസ്സ ഖ്വാനി ബസാറിൽ ബ്രിട്ടീഷ് സൈന്യം നിരായുധരായ സ്വാതന്ത്ര്യസമര പ്രവർത്തകർക്കുനേരെ നടത്തിയ വെടിവെപ്പ് രാജ്യത്തെ നടുക്കി. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതിനായി ജംഇയ്യത്തിന്റെ പ്രസിഡന്റ് മൗലാനാ കിഫായത്തുല്ലായുടെ നേതൃത്വത്തിൽ അന്വേഷണ സംഘം നിയോഗിക്കപ്പെട്ടു.
        ബ്രിട്ടീഷ് ഭരണകൂടം പെഷാവറിലേക്ക് പ്രവേശനം നിഷേധിച്ചെങ്കിലും സംഘം റാവൽപിണ്ടിയിൽ നിന്ന് സാക്ഷിമൊഴികളും തെളിവുകളും ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കി. ബ്രിട്ടീഷ് സർക്കാർ പിന്നീട് ആ റിപ്പോർട്ട് കണ്ടുകെട്ടിയെങ്കിലും, അവരുടെ ക്രൂരതയുടെ ചരിത്രസാക്ഷ്യമായി അത് നിലനിന്നു.

സ്വാതന്ത്ര്യസമരാഗ്നി കേരളീയ മണ്ണിൽ
        ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം ഡൽഹിയിലെയും ബോംബെയിലെയും കൊൽക്കത്തയിലെയും വലിയ രാഷ്ട്രീയ വേദികളിൽ മാത്രം പരിമിതമല്ല. രാജ്യത്തിന്റെ ഓരോ മണ്ണിലും, ഓരോ ഗ്രാമത്തിലും, ഓരോ മനുഷ്യ ഹൃദയത്തിലും സ്വാതന്ത്ര്യത്തിന്റെ വിത്തുകൾ പാകപ്പെട്ടിരുന്നു. ആ മഹത്തായ പോരാട്ടത്തിന്റെ ചരിത്രം പൂർണമാകുന്നത് അതിന്റെ പ്രാദേശിക അധ്യായങ്ങൾ കൂടി ചേർത്തുവായിക്കുമ്പോഴാണ്. വിശിഷ്യാ  കേരളത്തിന്റെ മണ്ണും അതിൽ നിർണായകമായൊരു അധ്യായം എഴുതി. പ്രത്യേകിച്ച് മലബാറിന്റെ മണ്ണിൽ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളും ജനകീയ പ്രക്ഷോഭങ്ങളും ദേശീയബോധവും ശക്തമായ രൂപം കൈവരിച്ചു. മതത്തിന്റെയും ജാതിയുടെയും സാമൂഹിക വ്യത്യാസങ്ങളുടെയും അതിരുകൾ മറികടന്ന് അനേകം മനുഷ്യർ സ്വാതന്ത്ര്യത്തിനും നീതിക്കും ആത്മാഭിമാനത്തിനും വേണ്ടി രംഗത്തിറങ്ങി.
        ആ പോരാട്ടത്തിന്റെ ചരിത്രത്തിൽ ചില പേരുകൾ വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചരിത്രത്തിന്റെ അരികുകളിൽ നിൽക്കുന്ന അനേകം മനുഷ്യരുടെ ത്യാഗങ്ങളും വേദനകളും ഇന്നും നമ്മുടെ ഓർമകളിലേക്ക് പൂർണമായി എത്തിയിട്ടില്ല. ആ മറന്നുപോയ മണൽത്തരികളെ കൂടി ചേർത്തുവായിക്കുമ്പോഴാണ് കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ യഥാർത്ഥ ചിത്രം തെളിയുന്നത്. ധർമ്മനിഷ്ഠയും രാജ്യസ്നേഹവും ജീവിതദർശനമാക്കിയ മഹാത്മാക്കളുടെ പ്രവർത്തനങ്ങൾ ഒരു വിളക്കിൽ നിന്ന് മറ്റൊരു വിളക്കിലേക്ക് ജ്വാല പകരുന്നതുപോലെ രാജ്യത്തുടനീളം വ്യാപിച്ചു.  
            1921-ലെ മലബാർ സമരം കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണായകവുമായ അധ്യായങ്ങളിലൊന്നാണ്. ഒരു വശത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന അഹങ്കാരവുമായി ബ്രിട്ടീഷ് ഭരണകൂടം. മറുവശത്ത് അധിനിവേശത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും സാമൂഹിക അനീതികളുടെയും ഭാരമേറ്റ സാധാരണ ജനങ്ങൾ. ഈ സാഹചര്യത്തിലാണ് മലബാറിൽ പ്രതിഷേധവും ചെറുത്തുനിൽപ്പും ശക്തമായത്.
            ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയപ്രസ്ഥാനവും ഒരു ഘട്ടത്തിൽ പരസ്പരം കൈകോർത്തു. കെ. മാധവൻ നായർ, എം. പി. നാരായണ മേനോൻ, കെ. പി. കേശവ മേനോൻ തുടങ്ങിയ ദേശീയ നേതാക്കളും ആലി മുസ്‌ലിയാർ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ ഖിലാഫത്ത് നേതാക്കളും തങ്ങളുടെ വഴികളിലൂടെ ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചു. 
            ഗാന്ധിജിയുടെയും മൗലാനാ ശൗകത്തലിയുടെയും കോഴിക്കോട് സന്ദർശനത്തെ തുടർന്ന് മലബാറിൽ ഖിലാഫത്ത് പ്രക്ഷോഭവും സ്വാതന്ത്ര്യസമരവും കൂടുതൽ ശക്തിപ്പെട്ടു.
ധീരരും രാജ്യസ്നേഹികളുമായ മാപ്പിളമാർ പല ഘട്ടങ്ങളിലും ബ്രിട്ടീഷ് സൈന്യവുമായി നേർക്കുനേർ പോരാട്ടം നടത്തി. പൂക്കോട്ടൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ യുദ്ധങ്ങൾ തന്നെ നടന്നു. ഇതിനിടയിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ഒരു ഭരണകൂടം സ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാൽ,  ബ്രിട്ടീഷ് പട്ടാളം ഈ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും പോരാളികളെ ദ്രോഹിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ധാരാളം രാജ്യസ്നേഹികൾ കൊല്ലപ്പെടുകയുണ്ടായി. നിരവധി ആളുകൾ ആന്തമാനിലേക്കും മറ്റും നാടുകടത്തപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തു. ഈ പരമ്പരയിലുണ്ടായ ഏറ്റവും ദാരുണമായ സംഭവമായിരുന്നു വാഗൺ ട്രാജഡി.
            തടവുകാരെ അടച്ചുപൂട്ടിയ ചരക്കുവാഗണിൽ തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയപ്പോൾ അനേകർ ശ്വാസംമുട്ടി മരിച്ചു. സാധാരണയായി 64 മരണങ്ങളാണ് ഈ ദുരന്തവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്നത്. അവരുടെ മരണം ഒരു സമരത്തിന്റെ മാത്രം കഥയല്ല. മനുഷ്യ ജീവിതത്തിന്റെ വില മറന്ന അധിനിവേശ ഭരണത്തിന്റെ ക്രൂരതയുടെ സാക്ഷ്യമാണ് അത്. ഈ സംഭവത്തെ ഓർക്കുമ്പോൾ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം മരിച്ച മനുഷ്യരുടെ വേദനയെ ഓർക്കുകയാണ് വേണ്ടത്.
          1921-ലെ മലബാർ സമരത്തിനുശേഷം സംഭവങ്ങളുടെ യഥാർത്ഥ സ്വഭാവവും ഇരകളുടെ ദുരിതങ്ങളും മനസ്സിലാക്കാൻ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അന്വേഷണം നടത്തിയത് ശ്രദ്ധേയമാണ്. 1922 ഒക്ടോബർ 2-ന് ഡൽഹിയിൽ ചേർന്ന ജംഇയ്യത്തിന്റെ മജ്‌ലിസെ മുൻതസിമ യോഗത്തിൽ മലബാറിലെ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടു. മൗലാനാ ആസാദ് സുബ്ഹാനിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രദേശങ്ങൾ സന്ദർശിക്കുകയും ഇരകളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിൽ ബ്രിട്ടീഷ് അടിച്ചമർത്തലിൽ ദുരിതമനുഭവിച്ച ജനങ്ങളുടെ അവസ്ഥ രേഖപ്പെടുത്തി. ദുരിതബാധിതർക്കായി സഹായപ്രവർത്തനങ്ങളും പുനരധിവാസശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയും സംഘടന മുന്നോട്ടുവച്ചു. കൂടാതെ അന്നത്തെ 50000 രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഇതിലൂടെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ വിലയിരുത്തുമ്പോൾ അതിലെ സാധാരണ മനുഷ്യരുടെ കണ്ണീരും വേദനയും പ്രത്യേകം പരിഗണിക്കണമെന്ന പ്രധാന സന്ദേശം ജംഇയ്യത്ത് നൽകി. 
         പിന്നീട് മലബാറിന് പുറത്തേക്കും ഈ സമരത്തിന്റെ സന്ദേശം വ്യാപിച്ചു. വൈക്കം സത്യാഗ്രഹം അതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. ജാതി വിവേചനത്തിനെതിരായ ഈ സമരം അടിസ്ഥാനപരമായി സാമൂഹിക സമത്വത്തിനായുള്ള പോരാട്ടമായിരുന്നു.  അതിന് കേരളത്തിലെ വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിച്ചു. ടി. കെ. മാധവൻ, കെ. കേളപ്പൻ തുടങ്ങിയ നേതാക്കൾ ദേശീയപ്രസ്ഥാനത്തെയും സാമൂഹിക പരിഷ്കരണത്തെയും പരസ്പരം ബന്ധിപ്പിച്ചു.
                വിദേശാധിപത്യത്തിൽ നിന്ന് മോചനം നേടുന്നതുപോലെ തന്നെ അനീതികളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന ഒരു വലിയ സത്യം ഇതിലൂടെ കേരളീയ സമൂഹം തിരിച്ചറിഞ്ഞു. കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന ദേശീയസ്വരങ്ങൾ കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മലബാറിനൊപ്പം തിരുവിതാംകൂറും കൊച്ചിയും തങ്ങളുടേതായ അധ്യായങ്ങൾ എഴുതി. വക്കം അബ്ദുൽ ഖാദിർ മൗലവിയുടെ വിദ്യാഭ്യാസ-പത്രപ്രവർത്തന പ്രവർത്തനങ്ങൾ മുസ്‌ലിം സമൂഹത്തിലെ നവോത്ഥാനത്തിന് ശക്തി നൽകി. മൊയ്തു മൗലവി ദേശീയബോധവും വിദ്യാഭ്യാസവും വളർത്തുന്നതിൽ പ്രവർത്തിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പത്രപ്രവർത്തനത്തിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും ദേശീയപ്രസ്ഥാനത്തിന് ശക്തി നൽകി. കെ. കേളപ്പൻ അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചു. ടി. കെ. മാധവൻ സാമൂഹിക സമത്വത്തിനും ദേശീയ സ്വാതന്ത്ര്യത്തിനുമായി പ്രവർത്തിച്ചു. അക്കമ്മ ചെറിയാൻ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് ധീരമായ നേതൃത്വം നൽകി. എ. കെ. ഗോപാലൻ സ്വാതന്ത്ര്യസമരകാലത്തെ ജനകീയ പ്രവർത്തനങ്ങളിൽ സജീവമായി. (മേൽമുറി പി.ടി. അബ്‌ദുശ്ശുകൂർ ഹുസ്‌നിയുടെ സഹായത്താൽ തയ്യാറാക്കിയത് - എഡിറ്റർ)

 നിയമലംഘന പ്രക്ഷോഭവും ജംഇയ്യത്തിന്റെ ത്യാഗപൂർണ്ണ പോരാട്ടങ്ങളും
             1930-ലെ ദണ്ഡി യാത്രയോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരം പുതിയ വഴിത്തിരിവിലെത്തി. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിയമലംഘന പ്രക്ഷോഭം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനീതി നിയമങ്ങൾ അഹിംസാപരമായി ലംഘിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിനായുള്ള ജനകീയ മുന്നേറ്റത്തെ രാജ്യവ്യാപകമാക്കി.
         ഈ സമരത്തെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഒരു രാഷ്ട്രീയ പ്രക്ഷോഭമായി മാത്രമല്ല, അനീതിക്കും അധിനിവേശത്തിനുമെതിരായ ധാർമിക പ്രതിരോധമായും വിലയിരുത്തി. ഈ ചരിത്രപരമായ സാഹചര്യത്തിലാണ് 1930 മെയ് 3 മുതൽ 5 വരെ ഉത്തരപ്രദേശിലെ അംറോഹയിൽ ജംഇയ്യത്തിന്റെ ഒമ്പതാം പൊതുസമ്മേളനം മൗലാനാ മുഈനുദ്ദീൻ അജ്മീരിയുടെ അധ്യക്ഷതയിൽ ചേർന്നത്. സ്വാതന്ത്ര്യസമരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി യോജിച്ച് ദേശീയ വിമോചന പ്രസ്ഥാനത്തിൽ സജീവമായി പങ്കാളികളാകുന്നതിനുമുള്ള ചരിത്ര പ്രധാനമായ തീരുമാനങ്ങളാണ് സമ്മേളനം കൈക്കൊണ്ടത്.
            കോൺഗ്രസുമായി സഹകരണം കൂടുതൽ ശക്തമാക്കണമെന്ന പ്രമേയം മൗലാനാ ഹിഫ്സുർറഹ്മാൻ അവതരിപ്പിക്കുകയും സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. ഈ തീരുമാനങ്ങൾ പ്രമേയങ്ങളിൽ മാത്രം ഒതുങ്ങിയില്ല. ജംഇയ്യത്തിന്റെ ഉലമാക്കളും പ്രവർത്തകരും നിയമലംഘന പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് ഇറങ്ങി. വിദേശ വസ്തുക്കളുടെ ബഹിഷ്കരണം, ബ്രിട്ടീഷ് നിയമങ്ങൾക്കെതിരായ അഹിംസാപരമായ പ്രതിഷേധങ്ങൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, ജനകീയ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയിൽ അവർ സജീവമായി നേതൃത്വം നൽകി. സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തിക്കുന്നതിൽ ജംഇയ്യത്തിന്റെ പ്രവർത്തകർ ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഈ മുന്നേറ്റം ശക്തമായതോടെ ബ്രിട്ടീഷ് ഭരണകൂടം ജംഇയ്യത്തിന്റെ നേതൃത്വത്തെ ലക്ഷ്യമാക്കി വ്യാപകമായ അറസ്റ്റ് നടപടികൾ ആരംഭിച്ചു.
            പ്രസിഡന്റ് മുഫ്തി കിഫായത്തുല്ലായെയും ജനറൽ സെക്രട്ടറി മൗലാനാ അഹ്‌മദ് സഈദ് ദഹ്‌ലവിയെയും 'സമാധാനഭംഗം' എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ, ഈ അറസ്റ്റുകൾ സമരത്തിന്റെ ആവേശം കുറച്ചില്ല; മറിച്ച് സ്വാതന്ത്ര്യത്തിനായുള്ള ജനങ്ങളുടെ പ്രതിജ്ഞയെ കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു.
            1932-ൽ നിയമലംഘന പ്രക്ഷോഭം പുനരാരംഭിച്ചപ്പോൾ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അതിലും ശക്തമായ ഒരുക്കങ്ങളോടെയാണ് രംഗത്തിറങ്ങിയത്. സമരത്തെ ഏകോപിപ്പിക്കുന്നതിനായി സംഘടനയുടെ കീഴിൽ പ്രത്യേക സമരമുന്നണി രൂപീകരിക്കപ്പെടുകയും അതിന്റെ നേതൃത്വം മൗലാനാ അബുൽ മഹാസിൻ സജ്ജാദ് ഏറ്റെടുക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിച്ച് അഹിംസാപരമായ സമരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതായിരുന്നു ഈ മുന്നണിയുടെ പ്രധാന ദൗത്യം.
            1932 മാർച്ച് 11-ന് മുഫ്തി കിഫായത്തുല്ലായുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിക്കപ്പെട്ടു. പതിനായിരക്കണക്കിന് സന്നദ്ധപ്രവർത്തകർ അണിനിരന്ന ഈ മാർച്ച് ബ്രിട്ടീഷ് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തി. മാർച്ചിന് നേതൃത്വം നൽകിയ മുഫ്തി കിഫായത്തുല്ലാഹ് അറസ്റ്റ് ചെയ്യപ്പെട്ടു. അതേ സമയം, സമരത്തിന് നേതൃത്വം നൽകാൻ ഡൽഹിയിലേക്ക് യാത്ര ചെയ്തിരുന്ന ഹസ്രത്ത് മൗലാനാ ഹുസൈൻ അഹ്‌മദ് മദനിയെയും വഴിമധ്യേ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നേതാക്കളെ അറസ്റ്റ് ചെയ്താൽ പ്രക്ഷോഭം തകരുമെന്നായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, സംഭവിച്ചത് അതിന് നേർവിപരീതമായിരുന്നു. സുബ്ഹാനുൽ ഹിന്ദ് മൗലാനാ അഹ്‌മദ് സഈദ് ദഹ്‌ലവി, മുജാഹിദുൽ മില്ലത്ത് മൗലാനാ ഹിഫ്സുർറഹ്മാൻ, സയ്യിദുൽ മില്ലത്ത് മൗലാനാ മുഹമ്മദ് മിയാൻ, ഇമാമുൽ അഹ്റാർ മൗലാനാ ഹബീബുർറഹ്മാൻ തുടങ്ങി പ്രമുഖ ഉലമാക്കളും ദേശീയ നേതാക്കളും ഒന്നിന് പിന്നാലെ ഒന്നായി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഒരാളെ അറസ്റ്റ് ചെയ്താൽ മറ്റൊരാൾ മുന്നോട്ട് വരിക എന്ന ആത്മത്യാഗത്തിന്റെ അപൂർവ മാതൃകയാണ് ജംഇയ്യത്തിന്റെ നേതൃത്വം രാജ്യത്തിന് മുന്നിൽ കാഴ്ചവെച്ചത്.
            ഈ പ്രക്ഷോഭത്തിനിടെ പതിനായിരക്കണക്കിന് മുസ്‌ലിംകൾ ബ്രിട്ടീഷ് ജയിലുകളിൽ അടയ്ക്കപ്പെട്ടു. ചരിത്രരേഖകൾ പ്രകാരം, ഏകദേശം മുപ്പതിനായിരത്തോളം മുസ്‌ലിംകൾ വിവിധ ജയിലുകളിൽ തടവിലാക്കപ്പെട്ടിരുന്നു. അവരിൽ വലിയൊരു വിഭാഗം ജംഇയ്യത്ത് ഉലമാ-എ-ഹിന്ദിന്റെ പ്രവർത്തകരും അനുഭാവികളുമായിരുന്നു. ജയിലുകളിലെ കഠിന പീഡനങ്ങളും ദുരിതങ്ങളും അവർ ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും നേരിട്ടു. അവരുടെ ത്യാഗം സ്വാതന്ത്ര്യസമരത്തിന്റെ തീജ്വാല അണയാതെ നിലനിർത്താൻ വലിയ പ്രചോദനമായി.
        നിയമലംഘന പ്രക്ഷോഭത്തിലെ ഈ അധ്യായം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഒരു മതസംഘടന മാത്രമായിരുന്നില്ലെന്നും, ദേശീയ വിമോചനസമരത്തിന്റെ മുൻനിര പോരാളികളിൽ ഒന്നായിരുന്നുവെന്നും വ്യക്തമായി തെളിയിക്കുന്നു. ത്യാഗവും ആത്മസമർപ്പണവും ദേശ സ്നേഹവും സമന്വയിച്ച അവരുടെ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അനശ്വര അധ്യായമായി എന്നും ഓർമിക്കപ്പെടും.

 ഇന്ത്യാ വിഭജനം : കണ്ണീരിൽ കുതിർന്ന അധ്യായം.
        ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം ത്യാഗത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉജ്ജ്വല അധ്യായങ്ങളാൽ സമ്പന്നമാണ്. ആ ചരിത്രത്തിൽ 1857 -ലെ പ്രധാന സ്വാതന്ത്ര്യസമരം മുതൽ 1942 -ലെ 'ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനവും ആയിരക്കണക്കിന് ദേശ സ്നേഹികളുടെ ത്യാഗവും സ്വർണ്ണലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ മഹത്തായ സമരത്തിന്റെ അവസാനഘട്ടത്തിൽ മനുഷ്യരാശിയെ നടുക്കിയ മറ്റൊരു കാഴ്ചയും ചരിത്രം രേഖപ്പെടുത്തി : 1947-ലെ ഇന്ത്യാ വിഭജനം.
        ഒരു ഭാഗത്ത് ഇന്ത്യാ മഹാരാജ്യം സ്വാതന്ത്ര്യത്തിൻ്റെ സുവർണ്ണ നിമിഷങ്ങളിലേക്ക് അടുത്തു കൊണ്ടിരുന്നു. മറുഭാഗത്ത്, വിഭജനത്തിന്റെ ദുരന്ത പൂർണ്ണമായ ചർച്ചകളും ചൂടുപിടിച്ചു. അതെ, ആ മഹത്തായ സ്വാതന്ത്ര്യം എല്ലാവർക്കും ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നില്ല. പലർക്കും അത് കണ്ണീരിന്റെയും അനാഥത്വത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും വേർപിരിയലിന്റെയും ദിനമായിരുന്നു. നൂറ്റാണ്ടുകളായി ഒരുമിച്ച് ജീവിച്ചിരുന്ന ജനങ്ങൾ  രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമായി അതിർത്തികളുടെ ഇരുവശങ്ങളിലേക്ക് പിരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ പതാക ഉയർന്നപ്പോൾ അനേകം വീടുകളിൽ ഉയർന്നത് പുകയായിരുന്നു. ദേശീയഗാനം മുഴങ്ങിയപ്പോൾ പല കുടുംബങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ ആയിരുന്നു.
          സ്വാതന്ത്ര്യത്തിന് ഏതാനം നാളുകൾക്ക് മുമ്പ് വലിയൊരു ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ പാകിസ്താൻ വാദമുയർന്നു. ബ്രിട്ടീഷുകാർ രഹസ്യമായും പരസ്യമായും ഇതിന് പിന്തുണ നൽകി. എന്നല്ല, ഈ വിഭജനത്തിന്റെ ഉപജ്ഞാതാക്കൾ തന്നെ അവരായിരുന്നു. കാരണം, അഫ്ഗാനിസ്ഥാൻ മുതൽ ശ്രീലങ്ക വരെയും പടർന്നുപന്തലിച്ചു കിടന്ന അഖണ്ഡ ഭാരതത്തെ പല കാരണങ്ങൾ പറഞ്ഞ് പലതായി വിഭജിച്ച ഒരു പാരമ്പര്യമാണ് അവർക്കുള്ളത്. അവസാനം 1940 കളിൽ പാകിസ്ഥാൻ വാദവും അവർ തന്നെ ഉയർത്തുകയും അതിന് പലവിധ ഉപജാപങ്ങൾ നടത്തുകയും ചെയ്തു. 
            ദൗർഭാഗ്യവശാൽ വിദ്യാഭ്യാസത്തിലും മറ്റും അറിയപ്പെട്ട കുറേയാളുകൾ ഇതിൻ്റെ വക്താക്കളായി രംഗത്ത് വരികയും ശക്തമായ പ്രചാരണങ്ങൾ നടത്തുകയും ചെയ്തു. അവരുടെ പ്രചാരണത്തിൽ ധാരാളം പൊതുജനങ്ങളും അകപ്പെട്ടു. ഇവിടെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് എഴുന്നേറ്റ് നിന്ന് ഇതിനെ അതിശക്തമായി എതിർക്കുകയും ഇതൊരു മഹാ അബദ്ധമാണെന്നും ഇതിൻ്റെ ഫലം അക്രമവും അരാചകത്വവും മാത്രവുമാണെന്നും ശക്തിയുക്തം ഉണർത്തുകയും ചെയ്തു. കൂടാതെ, ലോകം മുഴുവൻ പടച്ചവൻ പരിശുദ്ധമാക്കിയ ഭൂപ്രദേശമാണ് എന്ന് തിരുദൂതർ ﷺ  പ്രഖ്യാപിച്ചിരിക്കെ, ഭൂമിയിലെ ഒരു പ്രത്യേക ഭാഗം മാത്രം (പാകിസ്ഥാൻ) പരിശുദ്ധ നാടാണെന്ന് വാദിക്കുന്നത് തെറ്റാണെന്ന് അവർ ശക്തമായി വാദിച്ചു. 
             ആരംഭത്തിൽ അന്നത്തെ ഏറ്റവും ശക്തമായ ബഹുജന പ്രസ്ഥാനമായ കോൺഗ്രസ്സും ജംഇയ്യത്തിനോടൊപ്പമായിരുന്നു. പക്ഷേ, കോൺഗ്രസ്സും പതുക്കെ അഭിപ്രായം മാറ്റുന്നതും വിഭജനത്തെ അനുകൂലിക്കുന്നതുമായ കാഴ്ച്ചയാണ് പിന്നീട് കണ്ടത്. പക്ഷേ, ജംഇയ്യത്ത് നിലപാടിൽ അൽപ്പം പോലും മാറ്റം വരുത്താതെ ഒറ്റയ്ക്കാണെങ്കിലും വിഭജനത്തിനെതിരിൽ പോരാടുമെന്ന് തീരുമാനിച്ചു. കോൺഗ്രസ്സിൻ്റെ വർക്കിംഗ് കമ്മിറ്റിയംഗം കൂടിയായ ജംഇയ്യത്ത് ജനറൽ സെക്രട്ടറി മൗലാനാ ഫിഫ്‌സുർ റഹ്‌മാൻ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ കണ്ണീർ വാർത്തു കൊണ്ടാണ് സംസാരിച്ചത്. എന്നാൽ, ഹൈക്കമാൻഡ് ഇതിനെ കുറിച്ച് പ്രതികരിക്കാതെ വിഭജനത്തെ അനുകൂലിച്ചു. കോൺഗ്രസ്സ് നേതാക്കളിൽ നിന്നും ശ്രീ. പുരുഷോത്തം ടണ്ടൻ മാത്രമാണ്  ജംഇയ്യത്തിനെ അനുകൂലിച്ചത്. 
            ജംഇയ്യത്തിന്റെ ഈ ആശയത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി. ഇന്ത്യക്കാരുടെ, വിശിഷ്യാ മുസ്‌ലിംകളുടെ ഭാവി വേറിട്ട രാഷ്ട്രത്തിലല്ല, മറിച്ച് എല്ലാവർക്കും തുല്യാവകാശമുള്ള അഖണ്ഡ ഭാരതത്തിലാണെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. "മുത്തഹിദേ ഖൗമിയത്ത്" എന്ന പേരിൽ പ്രസിദ്ധമായ ഈ ആശയം അദ്ദേഹം രാജ്യത്തുടനീളം പ്രചരിപ്പിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാ വിഭാഗങ്ങളുമായും സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
       മത വ്യത്യാസങ്ങൾ രാഷ്ട്രീയ വൈരത്തിലേക്ക് നയിക്കരുതെന്നും രാജ്യം സംരക്ഷിക്കുകയും വളർത്തുകയും ചെയ്യേണ്ടത്  എല്ലാവരുടെയും പൊതുബാധ്യതയാണെന്നും അദ്ദേഹം പ്രസംഗങ്ങളിൽ നിരന്തരം ഓർമ്മിപ്പിച്ചു. ഈ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഈ പണ്ഡിതർക്ക് വലിയ വില നൽകേണ്ടി വന്നു. എന്തൊരു കഷ്ടമാണ്, രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി പോരാടിയ ഈ മഹത്തുക്കൾക്ക് ഇരട്ട പീഡനങ്ങൾ സഹിക്കേണ്ടി വന്നു.  ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ജയിലും പീഡനവും ഒരുവശത്തുണ്ടായിരുന്നു. മറുവശത്ത്, വിഭജനത്തെ പിന്തുണച്ചിരുന്ന  വിഭാഗങ്ങളിൽ നിന്നുമുള്ള വിമർശനങ്ങളും അപവാദങ്ങളും സാമൂഹിക സമ്മർദങ്ങളും അവർ നേരിട്ടു. മൗലാനാ മദനിയും കൂട്ടരും രാവും പകലും ഓടി നടന്ന് സ്വാതന്ത്ര്യത്തെ വിഭജനത്തെ എതിർത്തും സംസാരിച്ച് കൊണ്ടിരുന്നു. കൽക്കട്ട, മുൽത്താൻ, പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കും യാത്ര ചെയ്ത മൗലാനാ മദനി ശക്തമായ വാദമുഖങ്ങൾ നിരത്തി. ഡൽഹിയിലും ഉത്തർപ്രദേശിലും ഹരിയാനയിലും ഈ മഹത്തുക്കൾ നിരന്തരം ഓടി നടന്നിരുന്നു. വിഭജനം സ്വന്തം കാലുകളെ കോടാലി കൊണ്ട് വെട്ടലാണെന്നും ഇതിൻ്റെ ഫലം പൂർവ്വികരിലൂടെ ലഭിച്ച അമൂല്യ സമ്പത്തുകളും സ്വന്തം ജീവനും നഷ്ടപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം ഉണർത്തി. ഒരു യോഗത്തിന്റെ ഇടയിൽ തന്നെ അക്രമികൾ മുദ്രാവാക്യങ്ങൾ വിളിച്ച് വേദിയിലേക്ക് വരികയും മൗലാനായുടെ വസ്ത്രം വലിച്ചു കീറുകയും തൊപ്പിയും തലപ്പാവും ചവിട്ടി തേക്കുകയും ചെയ്തു. വേറൊരു സ്ഥലത്ത് മൗലാനായെ ബലപ്രയോഗത്തിലൂടെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി വധിക്കാൻ പരിശ്രമിച്ചു. ഹിന്ദുക്കളിൽ പണം വാങ്ങിച്ചവൻ, സമുദായ വഞ്ചകൻ, വല്ലവന്റെയും പണം തിന്നു ജീവിക്കുന്നവൻ എന്നിങ്ങനെ ഒരു മടിയും കൂടാതെ മുദ്രാവാക്യങ്ങളിൽ മുഴങ്ങിക്കേട്ടു. മൗലാനാ യാത്ര ചെയ്യുന്ന ട്രെയിനിനെ പറ്റിയുള്ള വിവരം പരസ്പരം കൈമാറുകയും ഓരോ സ്റ്റേഷനുകളിലും ആളുകൾ തടിച്ചു കൂടുകയും പലരും ബോഗിയിലേക്ക് തള്ളി കയറി മൗലാനായെ പിടിച്ചു വലിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. പക്ഷേ, മൗലാനായും കൂട്ടരും നിലപാടുകളിൽ അല്പംപോലും മാറ്റമോ മയമോ വരുത്തിയില്ല. കാരണം, അവരുടെ മുന്നിൽ നടക്കാനിരിക്കുന്ന സംഭവങ്ങൾ വളരെ വ്യക്തമായിരുന്നു. പല സംഭവങ്ങളും ആരംഭിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ചും 1947 ആഗസ്റ്റ് 15 യും അതിനുശേഷമുള്ള ദിനങ്ങൾ അതിഭയാനകമായിരുന്നു. 15 -ന് മുമ്പ് തന്നെ വർഗ്ഗീയ കലാപങ്ങൾ ആരംഭിച്ചിരുന്നു. ആഗസ്റ്റ് മാസം അനുഗ്രഹീത റമളാൻ മാസം കൂടിയായിരുന്നു. രാത്രി മുഴുവൻ മസ്ജിദിന് ചുറ്റും മുദ്രാവാക്യങ്ങളുടെ ശബ്ദ കോലാഹലങ്ങൾ മുഴങ്ങിയിരുന്നതായി ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ പ്രസ്താവിക്കുന്നു. ഞങ്ങൾ മരിച്ചാലും ഞങ്ങൾ പറയുന്നത് ഞങ്ങൾക്ക് വേണം. ഇതിന് വേണ്ടി ഞങ്ങൾ മരിക്കാനും കൊല്ലാനും അടിക്കാനും അടികൊള്ളാനും തയ്യാറാണ് എന്നതായിരുന്നു അവരുടെ ഒരു മുദ്രാവാക്യം. അദ്ദേഹം ആളുകളെ വിട്ട് പ്രക്ഷോഭകരോട് പറഞ്ഞു: നിങ്ങൾ ബഹളങ്ങൾ ഉണ്ടാക്കാതെയും മോശമായ മുദ്രാവാക്യങ്ങൾ വിളിക്കാതെയും ഈ അനുഗ്രഹീത രാവുകളിൽ നന്മയ്ക്കുവേണ്ടി പടച്ചവനോട് പ്രാർത്ഥിക്കുക. ഇത് വളരെ അനുഗ്രഹീത സമയങ്ങളാണ്. പ്രത്യേകിച്ചും, സ്വീകാര്യതയുടെ ഈ സമയങ്ങളിൽ നിങ്ങൾ പറയുന്നതും ശപിക്കുന്നതും അതുപോലെ നടക്കാൻ സാധ്യതയുണ്ട്. ഉടനെ അവർ പ്രതികരിച്ചു: മുല്ലാക്കക്ക് ഇതിൽ എന്ത് കാര്യം! അവർക്ക് രാഷ്ട്രവും രാഷ്ട്രീയവും ഒന്നുമറിയില്ല.! 
                    പക്ഷേ, രാഷ്ട്രീയ നേതാക്കന്മാർക്കും അണികൾക്കും രാഷ്ട്രവും രാഷ്ട്രീയവും അല്പവും അറിയില്ലായിരുന്നുവെന്നും അല്ലെങ്കിൽ അവർ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുകയായിരുന്നെന്നും സ്വാത്വികരായ പണ്ഡിതരുടെ ഉദ്ബോധനങ്ങൾ ആയിരുന്നു സത്യമെന്നും തുടർന്നാളുകൾ അറിയിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ വിഭജനം തീരുമാനമായി. ഒരുഭാഗത്ത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുസ്‌ലിംകൾ പാകിസ്ഥാനിലേക്ക് ഒഴുകാൻ തുടങ്ങി. ഡൽഹിയായിരുന്നു ഇതിൻ്റെ കേന്ദ്ര സ്ഥാനം. നാടും വീടും മാത്രമല്ല, കൈ കുഞ്ഞുങ്ങളെ പോലും വലിച്ചെറിഞ്ഞാണ് ആളുകൾ തിങ്ങി നിറഞ്ഞ ട്രെയിനുകളിൽ യാത്ര ചെയ്തത്. ശൈഖുൽ ഹദീസ് മൗലാനാ സകരിയ്യ കുറിക്കുന്നു: ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ട്രെയിനിലേക്ക് തള്ളിക്കയറുന്ന ഉമ്മമാരോട് ഈ മക്കളെ നിങ്ങൾ കൂട്ടത്തിൽ കൂട്ടൂ എന്ന് പറഞ്ഞു: ഞങ്ങളുടെ ജീവൻ പോലും അപകടത്തിലാണ്. ഞങ്ങളൊന്ന് രക്ഷപ്പെട്ടു കൊള്ളട്ടെ.! ട്രെയിനിനകത്ത് മാത്രമല്ല, ട്രെയിനിന് മുകളിലും ജനങ്ങൾ തിങ്ങിനിറഞ്ഞ പുറപ്പെട്ടിരുന്ന ട്രെയിൻ ലാഹോറിൽ എത്തുമ്പോൾ പലപ്പോഴും ശൂന്യമായിരുന്നു. അതെ, അതിനിടയിലുള്ള കൊള്ളയിലും കൊലയിലും സാധുക്കൾ മരിച്ചു വീണു. 
                കേരളത്തിൻ്റെ പുത്രൻ മർഹൂം മൂസാ മൗലാനാ ഒരിക്കൽ കണ്ണീർ വാർത്തു കൊണ്ട് പറഞ്ഞു: ഒരിക്കൽ  എല്ലാം വിട്ടെറിഞ്ഞ് പോകുന്ന പാവങ്ങൾ ഖുർആനിനോടുള്ള സ്‌നേഹം കാരണം അത് മാത്രം നെഞ്ചോട് അണച്ചു പിടിച്ച് ഓടിയിരുന്നു. എന്നാൽ, വഴിയിൽ വെച്ച് തന്നെ അവർ കൊല്ലപ്പെട്ടു. ഞാൻ ബീഹാറിൽ ഒരു മസ്ജിദിൽ ജമാഅത്ത് പോയപ്പോൾ ഇമാം രാത്രിയിൽ മസ്ജിദിന്റെ ദൂരെ സ്ഥലങ്ങളിലേക്ക് പോകരുതെന്ന് നിർദ്ദേശിച്ചു. പക്ഷേ, കേരളീയ സ്വഭാവമനുസരിച്ച് ഞാൻ അല്പം ദൂരെ പോയി. എന്നാൽ അവിടെ മുഴുവൻ കടലാസ് കഷ്ണങ്ങൾ ചിതറി കിടക്കുന്നതായി കണ്ടപ്പോൾ അതിൽ ചിലത് എടുത്തു കൊണ്ടുവന്നു. രാത്രി ഇരുട്ടത്ത് ഒന്നും കാണാൻ കഴിഞ്ഞില്ല. രാവിലെ നേരം വെളുത്തു നോക്കിയപ്പോൾ അത് പരിശുദ്ധ ഖുർആനിൻ്റെ കടലാസുകളായിരുന്നു. ഇമാമിനോട് ചോദിച്ചപ്പോൾ അദ്ദേഹം സംഭവം വിവരിക്കുകയും ഇതെല്ലാം വിഭജനത്തിന്റെ മുറിവുകളാണെന്ന് പറയുകയും അതുകൊണ്ടാണ് ദൂരേക്ക് പോകരുതെന്ന് ഉണർത്തിയതെന്നും പറഞ്ഞു. (എഡിറ്റർ)
                മറുഭാഗത്ത്, പാകിസ്ഥാനിൽ നിന്നും സാധുക്കളായ അമുസ്‌ലിം സഹോദരങ്ങളും നാടും വീടുമെല്ലാം വിട്ടറിഞ്ഞ് ഇന്ത്യയിലേക്കും പ്രവഹിച്ചു. അവർക്കും ധാരാളം യാതനകളും പീഡനങ്ങളും സഹിക്കേണ്ടി വന്നിരുന്നു. 
                ചുരുക്കത്തിൽ, വിഭജനം ഒരു വലിയ മുറിവായിരുന്നു. അതിൻ്റെ ചോരച്ചാലുകൾ വിഭജനത്തിന് മുമ്പ് തന്നെ ഒഴുകാൻ ആരംഭിച്ചു. ഇന്നും അതിന്റെ ദുരന്തങ്ങൾ ഇരു രാജ്യക്കാരും അനുഭവിച്ചു കൊണ്ടിരിക്കുന്നു. നടന്നുപോയ കാര്യങ്ങളെല്ലാം മറക്കുകയും ഈ രാജ്യത്തിൻ്റെ പൂർവ്വിക സമ്പത്തായ പരസ്പര സാഹോദര്യം നിലനിർത്തലും ഭരണഘടനയെ സംരക്ഷിക്കലും അതിനനുസൃതമായി ജീവിക്കാൻ നേതാക്കളും അനുയായികളും സർവ്വോപരി ഭരണകർത്താക്കളും ഉന്നത വ്യക്തിത്വങ്ങളും തയ്യാറാവുക മാത്രമാണ് ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗം.

സ്വാതന്ത്ര്യത്തിന്റെ അരുണോദയം
        അവസാനം 1947 ആസ്റ്റ് 15 ന് അർദ്ധരാത്രിയിൽ ഭാരതത്തിന്റെ ചക്രവാളത്തിൽ സ്വാതന്ത്ര്യത്തിന്റെ അരുൺ ഉദിച്ചുയർന്നു. അന്ന് റമദാൻ മാസം 27-ാം രാവ് കൂടിയായിരുന്നു. അങ്ങനെ ഇന്ത്യൻ പൂവനത്തിൽ സ്വാതന്ത്ര്യത്തിന്റെ വസന്തം പൂത്തുലഞ്ഞു. പക്ഷേ, വിഭജനത്തിന്റെ ദുരന്തപൂർണ്ണമായ അവസ്ഥകൾ സമുന്നതമായ ഈ സന്തോഷത്തിനിടയിൽ കടുത്ത ദുഃഖവും നിരാശയും പടർത്തി. അതെ, രാജ്യ തലസ്ഥാനത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുമ്പോൾ നാടുമുഴുവൻ അശാന്തി പടർന്നിരിക്കുകയായിരുന്നു. രാജ്യം സ്വാതന്ത്ര്യ സമരത്തിൽ വിജയിക്കുകയും ദേശീയ പതാക വാനോളം ഉയരുകയും ചെയ്തെങ്കിലും ഇവിടെ മാനവികത നിലവിളിക്കുകയായിരുന്നു. 
        അക്രമങ്ങളുടെ ഏറ്റവും വേദനാജനകമായ ചിത്രം അരങ്ങേറിയത് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ തന്നെയായിരുന്നു. ഇവിടെയും പരിസരങ്ങളിലും സാധുക്കളായ  ജനങ്ങളുടെ രക്തം വാർന്നൊഴുകുകയും പാവങ്ങളുടെ മൃതദേഹങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. ഇവിടെയും സ്വാതന്ത്ര്യ സമരഭടന്മാർ നിശബ്ദമായിരുന്നില്ല. ഒരുഭാഗത്ത്, പുണ്യമായ ഈ രാവിലും പതിവുപോലെ അവർ പടച്ചവനോട് താണുകേണ് നന്മകൾക്കായി പ്രാർത്ഥിച്ചു. തുടർന്ന് അവർ ഓരോ പ്രദേശങ്ങളിലും യാത്ര ചെയ്ത് ജനങ്ങളെ സമാധാനിപ്പിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശ്രമിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ഏറ്റവും മുമ്പിൽ നിന്നത് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അധ്യക്ഷൻ മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനിയും, ജനറൽ സെക്രട്ടറി മൗലാനാ ഹിഫ്‌സുർറഹ്‌മാനും കൂട്ടുകാരുമായിരുന്നു. 
            തബ്‌ലീഗ് പ്രവർത്തകർ ഇതിനോട് പൂർണ്ണമായും സഹകരിച്ചു എന്ന കാര്യം നന്ദിയോടെ സ്മരിക്കുന്നു. ഡൽഹിയിലെ മുസ്‌ലിംകൾ പൊതുവിൽ വീടെല്ലാം നഷ്‌ടപ്പെട്ട് അഭയാർത്ഥികളായിരുന്നു. അവർക്ക് വേണ്ടി വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു. അന്നത്തെ അമീറായിരുന്ന മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവി ഈ ക്യാമ്പുകളിലേക്ക് നിരന്തരം ജമാഅത്തുകൾ അയക്കുകയും സേവന പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തു. 
                ഇതോടൊപ്പം, ജംഇയ്യത്ത് നേതാക്കൾ രാജ്യ നിവാസികളുടെ പുതിയ ഭരണകൂടത്തിന് ആശംസകൾ നേരുകയും രാജ്യ നിവാസികളെയെല്ലാം സ്നേഹത്തിൻ്റെയും നീതിയുടെയും കണ്ണ് കൊണ്ട് നോക്കണമെന്ന് ഉണർത്താനും ആരംഭിച്ചു. ജംഇയ്യത്തിനെ കുറിച്ച് നന്നായി അറിയാവുന്ന പ്രധാനമന്ത്രി ശ്രീ. ജവഹർലാൽ നെഹ്റു മന്ത്രിസഭയിലേക്ക് ജംഇയ്യത്ത് നായകൻ മൗലാനാ സയ്യിദ് ഹുസൈൻ അഹ്‌മദ് മദനിയെ ക്ഷണിച്ചെങ്കിലും മൗലാനാ അബുൽ കലാം ആസാദിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് മൗലാനാ മദനി അതിൽ നിന്നും പിന്മാറുകയും അവരുടെ യഥാർത്ഥ പ്രവർത്തനമായ ധർമ്മ സംരക്ഷണത്തിലും സാമൂഹിക സേവനത്തിലും മുഴുകുകയും ചെയ്തു.
                ചുരുക്കത്തിൽ, നീണ്ട ത്യാഗ പരിശ്രമങ്ങൾക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ചതോടെ ഒരു സുവർണ്ണ അധ്യായം അവസാനിച്ചതിനോടൊപ്പം വളരെ സുപ്രധാനമായ അടുത്ത അധ്യായം ആരംഭിക്കുക കൂടിയായിരുന്നു. അതിൻ്റെ വിവരണം പിന്നീട് നടത്തുന്നതാണ്. ഇവിടെ സുദീർഘമായ ഈ സുവർണ്ണ പരമ്പര ചിന്തനീയമായ ഒരു സംഭവം സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
                മൗലാനാ അബ്ദുല്ലാഹ് എന്ന് പേരുള്ള ഒരു സാധു പണ്ഡിതൻ വിവരിക്കുന്നു: ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച എന്നെ, മാതാപിതാക്കൾ പ്രമുഖ പണ്ഡിതനായ മൗലാനാ ഹബീബുർറഹ്മാൻ സാഹിബിന്റെ കീഴിലാണ് പഠനത്തിനായി ഏൽപ്പിച്ചത്. ഖുർആൻ-ഹദീസ് വിജ്ഞാനത്തോടൊപ്പം സ്വാതന്ത്ര്യസമരത്തോടുള്ള ആവേശവും ഉസ്താദ് ഞങ്ങളിൽ പകർന്നുതന്നു. ധർമ്മസംസ്ഥാപനത്തിനും നാടിന്റെ മോചനത്തിനും വേണ്ടിയുള്ള ആഗ്രഹത്തോടെ ഞങ്ങൾ പഠനം പൂർത്തിയാക്കി.
                പഠനത്തിനുശേഷം അധ്യാപനത്തോടൊപ്പം സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിലും ഞാൻ സജീവമായി. അതിനിടയിൽ വിവാഹവും കഴിഞ്ഞു. ഒരു കുട്ടിയുണ്ടാവുകയും രണ്ടാമത്തെ കുഞ്ഞിനെ ഭാര്യ ഗർഭം ധരിക്കുകയും ചെയ്തിരിക്കുന്ന സമയത്താണ് ബ്രിട്ടീഷ് പോലീസ് എന്നെ അറസ്റ്റ് ചെയ്യുന്നത്. പഞ്ചാബിലെ വിജനമായ ഒരു ജയിലിലേക്കാണ് എന്നെ അയച്ചത്.
                    നീണ്ട പത്ത് വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് ഞാൻ ജയിൽ മോചിതനായത്. വീട്ടിലെത്തിയ എന്നെ നിറകണ്ണുകളോടെയും പുഞ്ചിരിയോടെയുമാണ് ഭാര്യയും വളർന്നുവലുതായ മക്കളും സ്വീകരിച്ചത്. യാത്ര കഴിഞ്ഞ് ക്ഷീണിതനായ എനിക്ക് രാത്രി ആഹാരത്തിന് പകരം കുടിക്കാൻ അല്പം വെള്ളം മാത്രമാണ് ഭാര്യ നൽകിയത്.
            "വാപ്പയുടെ മരണശേഷം എന്നും രാത്രി ഞങ്ങളുടെ ആഹാരം ഇതുതന്നെയാണ്..." ഭാര്യ അത് പറഞ്ഞപ്പോൾ എനിക്ക് നിയന്ത്രണം വിട്ടു, ഞാൻ പൊട്ടിക്കരഞ്ഞുപോയി. മദ്റസയിൽ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന ഉച്ചഭക്ഷണം മാത്രമാണ് കുടുംബത്തിന്റെ ആകെയുള്ള അത്താണമെന്നറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. എങ്കിലും, "ഉന്നതമായ ഒരു ലക്ഷ്യത്തിന് വേണ്ടി പട്ടിണി സഹിക്കുന്നത് മഹാത്മാക്കളുടെ മാർഗ്ഗമാണ്" എന്ന് പറഞ്ഞ് ഞാൻ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു.
            രാത്രി ഉറങ്ങാൻ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. എന്റെ ജയിൽവാസത്തിന്റെ ദുഃഖം താങ്ങാനാവാതെ കരഞ്ഞു മരിച്ച മാതാപിതാക്കളുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുനിന്നു. പട്ടിണിയിലായ കുടുംബവും തളർന്നുറങ്ങുന്ന മക്കളും എന്നെ അസ്വസ്ഥനാക്കി. എങ്ങനെയെങ്കിലും അധ്വാനിച്ച് കുടുംബത്തെ പോറ്റണം എന്ന ചിന്ത ശക്തിപ്പെട്ടു.ആരും അറിയാതെ പാതിരാത്രിയിൽ ഞാൻ വീട്ടിൽ നിന്നിറങ്ങി. ചുറ്റുപാടുകളെല്ലാം മാറിയിരിക്കുന്നു. എങ്ങോട്ട് പോകണം, എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ ദൂരെയൊരു ട്രെയിനിന്റെ ശബ്ദം കേട്ടു. ഉടൻ തന്നെ ഒരു ബുദ്ധി ഉദിച്ചു—റെയിൽവേ സ്റ്റേഷനിൽ പോയി കൂലിപ്പണി ചെയ്യാം! പക്ഷേ, നാട്ടിലറിയപ്പെടുന്ന ഒരു പണ്ഡിതൻ കൂലിപ്പണി ചെയ്യുന്നത് പരിചയക്കാർ ആരെങ്കിലും കണ്ടാലോ? അതിനും ഞാൻ വഴികണ്ടെത്തി; എന്റെ തലപ്പാവിന്റെ അറ്റം കൊണ്ട് വായയും മൂക്കും മറച്ചുപിടിച്ചു.
              അങ്ങനെ ഞാൻ പാഠാൻകോട്ട് റെയിൽവേ സ്റ്റേഷനിൽ എത്തി. പാതിരാത്രി കഴിഞ്ഞ് ഒരു വണ്ടി വന്നുനിന്നു. കൂലിക്കാർ ഓരോരുത്തരായി സാധനങ്ങൾ ചുമക്കാനായി ഓടിക്കയറി. പരിചയമില്ലാത്തതിനാൽ ഞാൻ അവരുടെ പിന്നാലെ മെല്ലെ നടന്നു. മറ്റു കൂലിക്കാരുമായി തർക്കിച്ച് മാറിനിന്ന ഒരു സർദാർജിയുടെ അടുത്തേക്ക് ഞാൻ ചെന്നു. കൂലിവേല ചെയ്യട്ടെയോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം വളരെ കുറഞ്ഞ കൂലിയാണ് പറഞ്ഞത്. എങ്കിലും മക്കളുടെ പട്ടിണി ഓർത്ത് ഞാൻ അതിന് സമ്മതിച്ചു.
            മദ്റസയിൽ വെച്ച് ഗോതമ്പ് ചാക്കുകൾ എടുത്തിട്ടുള്ള പരിചയത്തിൽ അദ്ദേഹത്തിന്റെ വലിയ ഭാരമുള്ള കെട്ടുകൾ ഞാൻ തലയിലേറ്റാൻ ശ്രമിച്ചു. എന്നാൽ പത്തുവർഷത്തെ ജയിൽവാസം നൽകിയ ശാരീരിക ക്ഷീണം ഞാൻ മറന്നുപോയിരുന്നു. ഭാരം കാരണം എന്റെ തലകറങ്ങി, എല്ലുകൾ പൊട്ടുന്നതുപോലെ തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും ദിക്റുകൾ ചൊല്ലിക്കൊണ്ട് ഞാൻ ആ സർദാർജിക്ക് പിന്നാലെ നടന്നു.
            പിന്നീടുള്ള ദിവസങ്ങളിൽ ഇതാരു പതിവായി മാറി. പാതിരാത്രി വീട്ടിൽ നിന്നിറങ്ങും, സ്റ്റേഷനിൽ പോയി കൂലിപ്പണി ചെയ്യും. കിട്ടുന്ന തുച്ഛമായ പണവുമായി തഹജ്ജുദ് നിസ്കാരത്തിന്റെ സമയത്ത് വീട്ടിൽ തിരിച്ചെത്തും. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ എന്റെ ഒരു സുഹൃത്ത് ഈ വിവരമറിയുകയും കാര്യം ഉസ്താദ് മൗലാനാ ഹബീബുർറഹ്മാനെ അറിയിക്കുകയും ചെയ്തു. ഉസ്താദ് ഉടൻ തന്നെ എന്നെ വിളിച്ചുവരുത്തി, കണ്ണീരോടെ എന്നെ ആലിംഗനം ചെയ്തു:
"ഞാൻ ജീവിച്ചിരിക്കുമ്പോൾ നീ ഇത്തരം കഷ്ടപ്പാടുകൾ സഹിക്കാൻ പാടില്ലായിരുന്നു..."
അദ്ദേഹം തന്റെ കയ്യിൽ നിന്ന് സാമ്പത്തികസഹായം നൽകുകയും,  ഒരു മദ്റസയിൽ എനിക്ക് അധ്യാപകനായി ജോലിയും വാങ്ങിത്തന്നു.
    ചിന്തിക്കുക! നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പിന്നിൽ രേഖപ്പെടുത്തപ്പെടാതെ പോയ ഇതുപോലത്തെ എത്രയോ കണ്ണീർക്കഥകളുണ്ട്! ത്യാഗികളുടെ ഈ ചരിത്രം തലമുറകളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണ്. (അൽഫുർഖാൻ മാസിക - മൗലാനാ സജ്ജാദ് നുഅ്മാനി)

                                                        🔹🔹🔹🔹🔹🔹🔹

ഓർമ്മക്കുറിപ്പ് 

നീതിയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായി രക്തപ്പുഴയിലൂടെ ഒരു യാത്ര
✍️ മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സ്വതന്ത്രമായപ്പോൾ നടന്ന സംഭവങ്ങൾ അറിയാവുന്ന മാന്യ അനുവാചകർക്ക് ഭാരതം സ്വതന്ത്രമാവുകയും ഇന്ത്യയിലും പാകിസ്ഥാനിലും സ്വതന്ത്രഭരണങ്ങൾ നിലവിൽ വരുകയും ചെയ്തതിനോടനുബന്ധിച്ച് അരങ്ങേറിയ സംഭവങ്ങൾ ഓർമ്മയുണ്ടായിരിക്കുമല്ലോ? ഇരുരാജ്യങ്ങളിലും കലാപത്തിന്റെ അണക്കെട്ട് പൊട്ടിപ്പുറപ്പെട്ടു. അവിടെ നിരപരാധികളായ ഹിന്ദുക്കളും സിക്കുകാരും ഇവിടെ നിർദ്ദോഷികളായ മുസ്‌ലിംകളും മൃഗീയമായി കൊല്ലപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത നാളുകൾ നിരവധി കഴിഞ്ഞിട്ടും ഇന്നും അക്കാര്യങ്ങൾ ഓർക്കുമ്പോൾ മനുഷ്യഹൃദയം നടുങ്ങിപ്പോകുന്നു.

മനുഷ്യ മനസ്സുകളിൽ നിന്നും മനുഷ്യാത്മാവ് നീങ്ങിപ്പോകുകയും മനുഷ്യക്കോലങ്ങളിൽ ചെന്നായ്, സർപ്പം, തേൾ മുതലായ ക്ഷുദ്ര ജന്തുക്കളുടെ ആത്മാക്കൾ കടന്നുകൂടുകയും ചെയ്തുവെന്ന് തോന്നുന്ന വിധത്തിലായി സംഭവങ്ങളുടെ ഗതിവിഗതികൾ. അബലകളായ സ്ത്രീകളും പിഞ്ചു പൈതങ്ങളും നിർദ്ദയം വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടു. ചീറിപ്പായുന്ന ട്രെയിനുകളിൽ നിന്നും മനുഷ്യർ കല്ലുകളും മൺകട്ടകളും പോലെ പുറത്തെറിയപ്പെട്ടു. ഉത്തരേന്ത്യയിൽ നിരവധി സ്ഥലങ്ങളിൽ മുസ്‌ലിംകൾ തീവണ്ടിയാത്ര മാറ്റിവെച്ചു. അതിനെ തുടർന്ന് എല്ലാ ട്രെയിനിലും ഒന്നോ രണ്ടോ കംപാർട്ട്‌മെന്റുകൾ മുസ്‌ലിംകൾക്ക് മാത്രം യാത്ര ചെയ്യാൻ സർക്കാർ സജ്ജീകരണം ചെയ്തു. അവയിൽ സായുധ പോലീസിന്റെ കാവൽ ഏർപ്പെടുത്തിയിരുന്നു. ഈ സമയത്ത് നടന്ന ഒരു സംഭവമാണ് ചുവടെ ചേർക്കുന്നത്.

എനിക്ക് ലഖ്നൗവിൽ നിന്നും സഹാറൻപൂർ വഴി ദിയോബന്ദിലേക്കും, അവിടെ നിന്നും ഡൽഹിയിലേക്കും പോകേണ്ട ഒരാവശ്യം നേരിട്ടു. അന്നത്തെ പതിവനുസരിച്ച് മുസ്‌ലിംകൾക്ക് മാത്രമുള്ള കംപാർട്ട്‌മെന്റിൽ ഞാൻ കയറി. മുസ്‌ലിംകൾക്കായി ട്രെയിനിൽ പ്രത്യേക സജ്ജീകരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞിരുന്നെങ്കിലും ഇത് നേരിട്ടുള്ള അനുഭവമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ട്രെയിൻ പുറപ്പെട്ടു. മുസ്‌ലിം യാത്രക്കാർ അതിലെ സ്ഥലസൗകര്യത്തെക്കാൾ കൂടുതലായിരുന്നതിനാൽ കംപാർട്ട്‌മെന്റ് ആകെ തിങ്ങിനിറഞ്ഞിരുന്നു.
ഞാൻ നിശബ്ദനായി ഇങ്ങനെ ചിന്തിക്കുകയായിരുന്നു: ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അനുഷ്ഠിച്ച ത്യാഗ പരിശ്രമങ്ങളിൽ നാം മുസ്‌ലിംകൾ വലിയ ഒരു പങ്ക്‌വഹിച്ചിട്ടുണ്ട്. ഇതിനുവേണ്ടി നമ്മുടെ മഹാൻമാർ കണക്കറ്റ വേദനകൾക്കും യാതനങ്ങൾക്കും ഇരയായിട്ടുണ്ട്. എന്നാൽ ആ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇന്ന് നമ്മുടെ അവസ്ഥ എന്താണ്? ലഖ്നൗവിൽ നിന്നും സഹാറൻപൂർവരെ പോകാൻ അടച്ചുപൂട്ടപ്പെട്ട കംപാർട്ട്‌മെന്റിൽ സായുധപോലീസിന്റെ ആവശ്യം നേരിടുക! ഇത് ഓർത്ത് എനിക്ക് വലിയ ദുഃഖമുണ്ടായി.
കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യുന്ന മുസ്‌ലിംകൾ ഈ വിഷയത്തിൽ നടത്തുന്ന ചർവ്വിത ചർവ്വണങ്ങൾ കേട്ടപ്പോൾ എന്റെ ദുഃഖത്തിന്റെ ആഴം കൂടുകയാണ് ചെയ്തത്. ഈ അവസ്ഥാ വിശേഷങ്ങളുടെ ഭൗതികവും ബാഹ്യവുമായ കാരണങ്ങളെക്കുറിച്ച് പോലും അവർക്ക് വിവരമില്ലെന്നും ഇതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗത്തെക്കുറിച്ച് ചിന്തയില്ലെന്നും അല്ലാഹുവുമായി തങ്ങളുടെ ബന്ധം ബലപ്പെടുത്തി അവന്റെ സഹായം നേടിയെടുക്കാനുള്ള ഒരു വിചാരവും ഇല്ലെന്നും ഞാൻ മനസ്സിലാക്കി.

കുറച്ചുകഴിഞ്ഞപ്പോൾ വണ്ടി "ഹർദോയി" സ്റ്റേഷനിലെത്തി. ഞാൻ "അസർ" നമസ്കരിക്കാനായി താഴെ പ്ലാറ്റ്‌ഫോമിലേക്കിറങ്ങാൻ തയ്യാറായി. എന്നാൽ അതിലുണ്ടായിരുന്ന മുസ്‌ലിം സഹോദരങ്ങളെല്ലാം എന്നെ ശക്തമായി തടഞ്ഞു. ഞാൻ താഴെ ഇറങ്ങിയാലുടൻ കൊല്ലപ്പെടും എന്നായിരുന്നു അവരുടെ ഭയം. ഞാൻ അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ വളരെ ശ്രമിച്ചിട്ടും അവർ കാര്യം മനസ്സിലാക്കാതിരിക്കുകയും ഞാൻ താഴെ ഇറങ്ങരുതെന്ന് ശഠിക്കുകയും ചെയ്തു. അവരിൽ ചിലർ എന്നോട് കോപിക്കാനും തുടങ്ങി. അവരുടെ ഈ ഭീരുത്വം കണ്ടപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി പ്ലാറ്റ്‌ഫോമിൽ നിന്ന് നമസ്കരിക്കൽ ആവശ്യം തന്നെയാണെന്ന് ഞാൻ മനസ്സിലാക്കി.

അവസാനം ഞാൻ ഇറങ്ങി. പൈപ്പ് ദൂരത്തായിരുന്നു. ഞാൻ അവിടെ പോയി വെള്ളം കൊണ്ടുവന്നു. സമാധാനമായി വുളൂഅ് ചെയ്തു പ്ലാറ്റ്‌ഫോമിൽ മുസ്വല്ല വിറിച്ച് നമസ്കരിച്ചു തുടങ്ങി. നമസ്കാരം കഴിഞ്ഞയുടനെ വണ്ടി പുറപ്പെട്ടു. ഞാൻ ഉടനെ കംപാർട്ട്‌മെന്റിൽ കയറി. തുടർന്ന് ഞാൻ അവരോട് പറഞ്ഞു: എനിക്ക് കംപാർട്ട്‌മെന്റിന് അകത്തുവെച്ച് നമസ്കരിക്കാമായിരുന്നു. പക്ഷേ നിങ്ങളുടെ ഭയം ദൂരീകരിക്കാൻ വണ്ടിയിൽ നിന്നിറങ്ങി നമസ്കരിക്കൽ വളരെ ആവശ്യമായി ഞാൻ കരുതി. ഞാൻ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി നമസ്കരിച്ചതും, ദൂരെപ്പോയി വെള്ളം എടുത്തുകൊണ്ടുവന്നതും നിങ്ങൾ കണ്ടുകഴിഞ്ഞല്ലോ? നിങ്ങൾക്ക് ഈ രാജ്യത്ത് ജീവിക്കാനാഗ്രഹമുണ്ടെങ്കിൽ ഇത്തരം ഭയം നിങ്ങളുടെ മനസ്സിൽ നിന്നും മാറ്റിവയ്ക്കുക. അല്ലെങ്കിൽ മരണത്തിന് ഒരിക്കലും നിങ്ങളെ പിടികൂടാൻ കഴിയാത്ത ഒരു ലോകത്ത് പോയി താമസിക്കുക.

ഇതിനുശേഷം ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ദാസൻമാരേ! ഈ ലോകത്ത് ഓരോ സമൂഹത്തിനും ഭീഷണികൾ നിറഞ്ഞ കടുത്ത അവസ്ഥകൾ ഉണ്ടാകുക സാധാരണമാണ്. പക്ഷേ ഇത്തരം ഘട്ടങ്ങളിൽ ഉറച്ചുനിൽക്കുകയും ഭീഷണികൾക്കെതിരിൽ ചിന്തിച്ചാലോചിച്ച് ശരിയായ പാത തിരഞ്ഞെടുക്കുകയും ചെയ്താൽ അവസ്ഥകൾ മാറിമറിയുന്നതാണ്. നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള അവസ്ഥകളും കഴിഞ്ഞനാളുകളിൽ നിങ്ങൾ കാട്ടിക്കൂട്ടിയതും പരിണിതഫലം ചിന്തിക്കാതെ നേതാക്കൾ നിങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചതുമായ വിഡ്ഢിത്തങ്ങളും തെറ്റുകുറ്റങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക. ഇനിമുതൽ ശരിയായ പാത തെരഞ്ഞെടുക്കുകയും ചെയ്യുക. ഇതോടൊപ്പം, എന്നല്ല ഏറ്റവും ആദ്യമായിട്ട് യഥാർത്ഥ മുസ്‌ലിമായി തീരുകയും അല്ലാഹുവുമായിട്ടുള്ള ബന്ധം ഉറപ്പിക്കുകയും ചെയ്യുക. കാരണം ഇതുകൂടാതെ അല്ലാഹുവിന്റെ സഹായം തേടുക സാദ്ധ്യമല്ല. ചുരുക്കത്തിൽ ആ സമയത്ത് അല്ലാഹു എന്റെ മനസ്സിൽ തോന്നിപ്പിച്ച കാര്യങ്ങൾ ഞാൻ അവരോട് പറഞ്ഞു. എന്റെ വാക്ക് അവരിൽ എന്ത് പ്രതികരണമാണുണ്ടാക്കിയതെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.
ഇതിനുശേഷം അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോൾ താഴെയിറങ്ങിത്തന്നെ മഗ്‌രിബ് നമസ്കരിക്കുമെന്നും ഞാൻ തീരുമാനിച്ചു. തോക്കുകളുമേന്തി നിൽക്കുന്ന സുരക്ഷാഭടൻമാരുമായി ഇങ്ങനെ അടച്ചുപൂട്ടപ്പെട്ട കംപാർട്ട്‌മെന്റിൽ യാത്രചെയ്യുന്നത് നിന്ദ്യമാണെന്ന് എനിക്ക് തോന്നി. അഥവാ ഇക്കാര്യം ഇങ്ങനെതന്നെ തുടരുകയാണെങ്കിൽ മുസ്‌ലിംകൾ ഈ നാട്ടിൽ എന്നും ഭീരുക്കളായി ജീവിക്കേണ്ടിവരും. എന്തായാലും ഞാൻ അതിനുതന്നെ തീരുമാനമെടുത്തു.
അങ്ങനെ ട്രെയിൻ "ഷാജഹാൻപൂർ" സ്റ്റേഷനിൽ നിർത്തി. മഗ്‌രിബിന്റെ സമയമായിക്കഴിഞ്ഞിരുന്നു. ഞാൻ എന്റെ തീരുമാനമനുസരിച്ച് താഴെയിറങ്ങി. മുസ്വല്ല വിരിച്ച് നമസ്കാരമാരംഭിച്ചു. വേറൊരു കംപാർട്ട്‌മെന്റിൽ പോയിരിക്കാൻ സായുധപോലീസ് എന്നെ അനുവദിക്കുകയില്ലെന്ന് ഞാൻ അനുമാനിച്ചു. അതുകൊണ്ട് ട്രെയിൻ വിടുന്നതുവരെയും നമസ്കരിച്ചുകൊണ്ടേയിരിക്കാനും ട്രെയിൻ വിട്ടുകഴിഞ്ഞാലുടൻ ഓടിപ്പോയി വേറൊരു കംപാർട്ട്‌മെന്റിൽ ഇരിക്കാനും തീരുമാനിച്ചു. അങ്ങനെ ട്രെയിൻ വിടുന്നതുവരെ ഞാൻ നമസ്കാരം നിർത്തിയില്ല. ട്രെയിൻ വിട്ടപ്പോൾ ഞാൻ വേഗത്തിൽ ഓടിപ്പോയി വേറൊരു കംപാർട്ട്‌മെന്റിൽ കയറി. പാവം പോലീസുകാർ ശബ്ദവും ബഹളവും ഉണ്ടാക്കിയെങ്കിലും ഞാൻ കേൾക്കാത്തതുപോലെ നടിച്ചു.

ഒരു മുസ്‌ലിം അതും മൗലവി വേഷം ധരിച്ചു താടിവെച്ച ഒരു മുസ്‌ലിം ഇങ്ങനെ പൊതു കംപാർട്ട്‌മെന്റിൽ കയറുന്നതുകണ്ട് അതിലുള്ള യാത്രക്കാരെല്ലാം അത്ഭുതപ്പെട്ടു. എല്ലാവരും എന്നെത്തന്നെ നോക്കാൻ തുടങ്ങി. അക്കൂട്ടത്തിൽ നല്ലവരും മാന്യരുമായ ചില ഹിന്ദുക്കൾ എന്നെ അനുകമ്പയോടുകൂടി നോക്കുന്നതായി ഞാൻ കണ്ടു. ഇതുകണ്ട ഞാൻ ഉടനെതന്നെ അവരോട് പറഞ്ഞു: നിങ്ങൾ സമാധാനമായി ഇരിക്കുക. ഞാൻ മറന്നോ തെറ്റിയോ ഇവിടെവന്ന് കയറിയതല്ല. ഞാൻ ഇത്രനേരം മുസ്‌ലിംകളുടെ കംപാർട്ട്‌മെന്റിൽ തന്നെയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്റെ സാധനസാമഗ്രികൾ ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷേ ഇങ്ങനെ യാത്ര ചെയ്യൽ തികച്ചും തെറ്റാണെന്ന് എന്റെ മനസ്സ് വിളിച്ചുപറഞ്ഞു. നാം ഇങ്ങനെ യാത്രചെയ്തുകഴിഞ്ഞാൽ ഈ വണ്ടിയിൽ മനുഷ്യരല്ല ക്ഷുദ്രജന്തുക്കളാണ് യാത്രചെയ്യുന്നതെന്ന് പറയേണ്ടിവരും. എന്റെ മനസ്സ് അതനുവദിച്ചില്ല. ഇക്കാര്യം തെറ്റാണെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാൻ വന്നത്. മാന്യൻമാരായ നിങ്ങൾ എന്റെ അഭിപ്രായത്തോടു യോജിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

മറ്റൊരു കാര്യം ഇതാണ്; എനിക്കൊരു വിശ്വാസമുണ്ട്. അതായത് എന്നെ പടച്ചവൻ ഞാൻ ഈ ലോകത്ത് ജീവിക്കുവാൻ വിധിച്ചിട്ടുള്ള സമയം കഴിയുന്നതിനുമുമ്പ് എന്റെ ജീവിതം ആർക്കും അവസാനിപ്പിക്കുവാൻ സാധ്യമല്ല. എന്റെ മരണത്തിന്റെ സമയമായിക്കഴിഞ്ഞാൽ എന്നെ മരണത്തിൽ നിന്നും രക്ഷിക്കാനും ആർക്കും കഴിയുകയില്ല. അതുകൊണ്ട് ഞാൻ ശരിക്കും ചിന്തിച്ച് മനസ്സിലാക്കി ജീവൻ പണയംവച്ചിട്ടാണ് ഇങ്ങോട്ട് വന്നത്.
ഞാൻ ഇക്കാര്യങ്ങൾ ട്രെയിനിൽ കയറിയ ഉടനെ നിന്നുകൊണ്ടാണ് പറഞ്ഞത്. ഇരിക്കാൻ ഒഴിഞ്ഞസ്ഥലമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ ഈ വാക്കുകൾ അസാധാരണമായ പ്രതികരണമുളവാക്കി. ഏതാണ്ട് എല്ലാവരും തങ്ങളുടെ അരികിൽ സ്ഥലം ശരിപ്പെടുത്തി ഇരിക്കാനപേക്ഷിച്ചു. ഞാൻ അക്കൂട്ടത്തിൽ മുതിർന്ന ഒരാളുടെ അരികിൽ പോയി ഇരുന്നു. തുടർന്ന് അവരിൽ ഓരോരുത്തരും അന്ന് കത്തിക്കയറിക്കൊണ്ടിരുന്ന കലാപകലുഷിതമായ അന്തരീക്ഷത്തെയും മനുഷ്യത്വമില്ലാത്ത പ്രവർത്തനങ്ങളെയും കുറിച്ച് അവരവരുടെ ശൈലിയിൽ എതിർപ്പും വെറുപ്പും പ്രകടിപ്പിക്കാൻ തുടങ്ങി.

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി ബറേലി സ്റ്റേഷനിൽ എത്തി. ഷാജഹാൻപൂർ സ്റ്റേഷനിൽവച്ച് ഞാൻ ഓടിക്കയറിയ കംപാർട്ട്‌മെന്റ് പോലീസുകാർ കണ്ടുവെച്ചിരുന്നു. ബറേലി സ്റ്റേഷനിൽ വണ്ടി നിർത്തിയ ഉടനെ ഒരു പോലീസുകാരൻ പരിഭ്രമവും കോപവും നിറഞ്ഞ നിലയിൽ ഓടിവന്നു. അദ്ദേഹം പറഞ്ഞു: നിങ്ങൾ ഞങ്ങളെ പരിഭ്രമിപ്പിച്ചുകളഞ്ഞു. നിങ്ങളുടെ സംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ഞാൻ സന്തോഷത്തോടെ സമാധാനത്തോടെ ഇവിടെയിരിക്കുന്നത് നിങ്ങൾ കണ്ടില്ലേ? നിങ്ങൾ സമാധാനപ്പെടുക. ഞാൻ സുഖമായി ഇവിടെത്തന്നെ ഇരുന്നുകൊള്ളാം. എങ്കിലും ഞാൻ അവിടെനിന്നും എഴുന്നേറ്റ് പഴയ കംപാർട്ട്‌മെന്റിൽ പോയി ഇരിക്കണമെന്ന് അദ്ദേഹം നിർബന്ധംപിടിച്ചു. എന്നാൽ ഈ കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന ഹൈന്ദവരും സിക്കുകാരുമായ യാത്രക്കാർ ഒന്നടങ്കം എന്നെ വിടാൻ പറ്റുകയില്ലെന്ന് പറയുകയുണ്ടായി. മാത്രമല്ല അവരിൽ ഒരാൾ പോലീസുകാരനോടൊപ്പം പോയി എന്റെ സാധനങ്ങൾ അവിടെനിന്നും എടുത്തുകൊണ്ടു വരികയും ചെയ്തു.
ഈ അനുഭവത്തിനുശേഷം ഓരോ സ്റ്റേഷനിലും ഇങ്ങനെ കംപാർട്ട്‌മെന്റ് മാറിമാറിയിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായി. പക്ഷേ അവിടെയുണ്ടായിരുന്നവരുടെ നിഷ്കളങ്കതയും സ്നേഹവും കണക്കിലെടുത്തുകൊണ്ടും കൂടാതെ രാത്രി യാത്രക്കാർക്ക് ഉറങ്ങാനുള്ള സമയമായതിനാലും ഞാൻ ആ തീരുമാനം മാറ്റിവെച്ചു.

രാത്രി ഏകദേശം 3 മണിക്ക് വണ്ടി സഹാറൻപൂരിൽ എത്തിച്ചേർന്നു. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.
സ്റ്റേഷനിൽ ഇറങ്ങിയ ഞാൻ നേരെ വെയിറ്റിംഗ് റൂമിലേക്കുപോയി. പഞ്ചാബിൽ നിന്നും സഹാറൻപൂർ വഴി ഡൽഹിയിലേക്ക് പോകുന്ന വണ്ടിയിലായിരുന്നു എനിക്ക് ദയൂബന്ദിലേക്ക് പോകേണ്ടിയിരുന്നത്. പ്രസ്തുത വണ്ടി രാവിലെ കൃത്യസമയത്തുതന്നെ എത്തിച്ചേർന്നു. അക്കാലത്ത് പഞ്ചാബ് ഭാഗത്തുനിന്നും വരുന്ന ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രികരിൽ ബഹുഭൂരിഭാഗവും പടിഞ്ഞാറൻ പാകിസ്ഥാനിലെ പ്രദേശങ്ങളായ ഫ്രണ്ടിയർ, സിന്ധ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നും പാലായനം ചെയ്തുവരുന്ന ഹൈന്ദവരും സിക്കുകാരുമായിരുന്നു. സ്വന്തം ബന്ധുമിത്രാദികൾ വധിക്കപ്പെടുന്ന കാഴ്ച നേരിൽ കണ്ടവരും മർദ്ദനപീഡനങ്ങൾ അനുഭവിച്ചവരും വെട്ടുകളും മുറിവുകളും ഏറ്റവരുമായിരുന്നു അവരിൽ കൂടുതലും. ഇക്കാരണത്താൽ മുസ്‌ലിംകൾക്കെതിരിൽ അവരുടെ അകതാരിൽ ആളിക്കത്തിയിരുന്ന വെറുപ്പും വിദ്വേഷവും അനുമാനിക്കാവുന്നതേയുള്ളൂ. ഇതുകൊണ്ടുതന്നെ ആ ട്രെയിനുകളിൽ മുസ്‌ലിംകൾക്കുള്ള സുരക്ഷാ ഏർപ്പാടുകൾ കൂടുതൽ ശക്തമാക്കിയിരുന്നു.
എനിക്ക് ഈ വിവരം അറിവുണ്ടായിട്ടും ആ വണ്ടിയിലും പൊതുബോഗിയിൽ തന്നെ കയറണമെന്ന് ഞാൻ തീരുമാനിച്ചു. ഈ തീരുമാനത്തിനായി എന്റെ മനസ്സിനെ വളരെയധികം പിടിച്ചുകെട്ടുകയും പരിശുദ്ധ ഖുർആന്റെ നിരവധി ആയത്തുകൾ കൊണ്ട് മനസ്സിന്റെ ഉള്ളറകൾ നിറയ്ക്കുകയും ചെയ്തു. ചുരുക്കത്തിൽ ട്രെയിൻ പുറപ്പെടുമ്പോൾ ഇവിടെനിന്നും ഓടിച്ചെന്ന് ഒരു പൊതു കംപാർട്ട്‌മെന്റിൽ തന്നെ കയറാൻ തീരുമാനിച്ചുറച്ചു. അങ്ങനെ ഞാൻ വെയിറ്റിംഗ് റൂമിൽ ട്രെയിൻ പുറപ്പെടുന്നത് പ്രതീക്ഷിക്കാൻ തുടങ്ങി. അവസാന വിസിലുമടിച്ച് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഞാൻ ഓടിച്ചെന്ന് ഒരു കംപാർട്ട്‌മെന്റിൽ കയറി. ആ കംപാർട്ട്‌മെന്റിൽ നല്ല തിരക്കുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് നിൽക്കേണ്ടിവന്നു. ചില യാത്രക്കാരുടെ കണ്ണിൽ അത്ഭുതവും മറ്റുചിലരിൽ കത്തിജ്വലിക്കുന്ന രോഷവും ഞാൻ കണ്ടു. പാകിസ്ഥാനിൽ നിന്നും വരുന്ന ഹിന്ദുക്കളും സിക്കുകാരുമായിരുന്നു ആ കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്നത്. അവരിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. സിക്കുകാർ നാലഞ്ച് പേർ മാത്രം.

രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞുകാണും മുകളിൽ ഒരു സീറ്റിൽ കിടന്നിരുന്ന ഒരാൾ എന്നെ നോക്കി അലറാൻ തുടങ്ങി. ഈ മുസ്‌ലിംകൾ ഇവിടെ ഇങ്ങനെ സ്വതന്ത്രമായി വിരാജിച്ച് കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിലാകട്ടെ നമ്മുടെ മേൽ ഭയങ്കരമായ കൊള്ളയും കൊലയും നടന്നു കൊണ്ടിരിക്കുന്നു. എനിക്ക് അദ്ദേഹത്തിന്റെ വാക്കുകൾ ശരിക്കോർമ്മയില്ല. പക്ഷേ ആശയം മുകളിൽ പറഞ്ഞതുതന്നെയാണ്. പകുതി പഞ്ചാബിയും പകുതി ഉറുദുവും കലർന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഷ.
ഞാൻ തലയുയർത്തി അദ്ദേഹത്തിന്റെ നേരെനോക്കി. മുറിവുകളേറ്റ ഒരു ഹിന്ദുവായിരുന്നു അദ്ദേഹം. പല സ്ഥലങ്ങളിലും മുറിവുവെച്ചുകെട്ടിയിരുന്നു. അദ്ദേഹത്തിന്റെ പരാതി നിറഞ്ഞ വാക്കുകൾ ഭൂരിഭാഗം യാത്രക്കാരെയും എനിക്കെതിരിൽ ഇളക്കിവിട്ടു. അന്തരീക്ഷം കലുഷിതമായി. എന്റെ അവസാനസമയം അടുത്തെന്ന് എനിക്ക് തോന്നി. അന്തരീക്ഷം ആകെ ഇളകിമറിഞ്ഞതോടെ ചിലർ എന്റെ അടുക്കലേക്ക് നീങ്ങിത്തുടങ്ങി. ഞാൻ നിന്നിരുന്ന സ്ഥലത്തിനരുകിൽ മധ്യവയസ്കരായ രണ്ട് സിക്കുകാർ ഇരുന്നിരുന്നു. അവർ എന്റെ കൈ പിടിച്ചുവലിച്ച് അവരുടെ ഇടയിൽ ഇരുത്തി. അവരുടെ കൃപാണുകളിൽ കൈവെച്ചുകൊണ്ട് ശബ്ദത്തിൽ അവർ ഇങ്ങനെ മുന്നറിയിപ്പു നൽകി: "ആരെങ്കിലും ഇദ്ദേഹത്തെ ഉപദ്രവിക്കുകയാണെങ്കിൽ ഞങ്ങൾ തിരിച്ചടിക്കും. ഞങ്ങളുടെ ജീവൻ പോയാലും ശരി നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ നിങ്ങളെ ഉപദ്രവിച്ചവരോട് പോയി നിങ്ങൾ പകരം വീട്ടുക. ഇദ്ദേഹം നിങ്ങളെ എന്താണ് ചെയ്തത്?"

അല്ലാഹുതആലായുടെ അപാരമായ കഴിവും ശേഷിയും മാത്രമാണിത്. കാരണം മുസ്‌ലിംകൾക്കെതിരിൽ അവർ നടത്തിയ കൊള്ളയ്ക്കും കൊലയ്ക്കും യാതൊരു കണക്കുമില്ലായിരുന്നു. എന്തായാലും ഈ രണ്ട് സിക്ക് സഹോദരങ്ങൾ ഗർജ്ജിച്ചുകൊണ്ട് ഇക്കാര്യം പറയുകയും എന്നെ അവരുടെ ഇടയിൽ പിടിച്ചിരുത്തുകയും ചെയ്തിരുന്നതിനാൽ എന്റെ അരികിലേക്ക് നടന്നു നീങ്ങിയവർക്ക് എന്നിലേക്ക് എത്താൻ കഴിഞ്ഞില്ല. കുറേ നേരത്തേക്ക് കംപാർട്ട്‌മെന്റിൽ നിശബ്ദത നിറഞ്ഞുനിന്നു.

അവസരം മുതലെടുത്തുകൊണ്ട് മുകൾ സീറ്റിൽ കിടന്നിരുന്ന ആ യാത്രികനെ നോക്കി ഞാൻ പറഞ്ഞു: "എന്റെ സഹോദരാ! നിരപരാധിയായ നിങ്ങൾ പീഡിപ്പിക്കപ്പെടുകയും മർദ്ദിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. നിങ്ങളുടെ കോപം തികച്ചും സ്വാഭാവികമാണ്. പക്ഷേ ഒരു കാര്യം നിങ്ങൾ ചിന്തിക്കുക. ഇവിടെ നടക്കുന്ന അക്രമങ്ങൾക്ക് അവിടെയുള്ള ഹൈന്ദവരോടും അവിടെ നടക്കുന്ന അക്രമങ്ങൾക്ക് ഇവിടുത്തെ മുസ്‌ലിംകളോടും പ്രതികാരം ചെയ്യാൻ തുടങ്ങുകയും ഈ പൈശാചിക പ്രവൃത്തി ഇതേ നിലയിൽ തുടരുകയും ചെയ്താൽ എന്റെയും നിങ്ങളുടെയും അന്ത്യം എങ്ങനെയായിരിക്കും? നമ്മെ പിടികൂടിയിരിക്കുന്ന ഭ്രാന്ത് ഇരുഭാഗത്തുമുള്ള ലക്ഷോപലക്ഷം കുടുംബങ്ങളെ തകർത്ത് തരിപ്പണമാക്കിക്കഴിഞ്ഞു. നമുക്കിനിയെങ്കിലും വിവേകം ഉദിക്കേണ്ടിയിരിക്കുന്നു."

ഇതിനുശേഷം ഞാൻ പൊതു യാത്രികരെ സംബോധനചെയ്തുകൊണ്ട് പറഞ്ഞു: "എന്തെങ്കിലും മറവിയോ തെറ്റോ സംഭവിച്ചതുകൊണ്ടല്ല ഞാൻ ഈ കംപാർട്ട്‌മെന്റിൽ കയറിയത്. മറിച്ച് ഞാൻ എന്റെ ജീവനെ പണയം വെച്ചിട്ടാണ് ഇങ്ങോട്ട് വന്നത്. എന്നെ ആരാണോ പടച്ചത് അവൻ എനിക്ക് മരണത്തിന് ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. അതിനുമുമ്പ് ആർക്കും എന്നെ മരിപ്പിക്കാൻ കഴിയുകയില്ല. എന്റെ മരണസമയം സമാഗതമായിക്കഴിഞ്ഞാൽ ആർക്കും എന്നെ മരണത്തിൽ നിന്നും രക്ഷിക്കാനും കഴിയുകയില്ല. ഇതെന്റെ ഉറച്ച വിശ്വാസമാണ്. നിങ്ങളുടെ വിശ്വാസവും ഇങ്ങനെതന്നെ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്."

തുടർന്ന് ഞാൻ ആ രണ്ട് സിക്ക് സഹോദരങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: "എനിക്ക് ഇവരെ അറിയില്ല. ഇവർക്ക് എന്നെക്കുറിച്ചും അറിവ് ഉണ്ടായിരിക്കുകയില്ല. പക്ഷേ എന്റെ മരണസമയം സമാഗതമാകാത്തതുകൊണ്ട് അല്ലാഹുതആല ഇവരെ എന്നെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും കാരണക്കാരാക്കി."

പ്രസ്തുത കംപാർട്ട്‌മെന്റിൽ ഖദർ ജൂബ്ബയും ഗാന്ധിത്തൊപ്പിയും അണിഞ്ഞിരുന്ന ഒരു വയോധികൻ ഒരു ഭാഗത്തിരിപ്പുണ്ടായിരുന്നു. എന്റെ ഈ സംസാരത്തിനു ശേഷം അദ്ദേഹം എഴുന്നേറ്റ് നിന്ന് പ്രതികാരദാഹം നിറഞ്ഞുതുളുമ്പുന്ന ഈ പൈശാചിക പരമ്പരകൾക്കെതിരെ നല്ല ശൈലിയിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞു. പ്രഥമദൃഷ്ട്യാ ഏതോ നേതാവിന്റെ രീതിയും ശൈലിയുമുള്ള അദ്ദേഹം പ്രസംഗിച്ച് ശീലമുള്ള ആളാണെന്ന് തോന്നുന്നു. എങ്കിലും കംപാർട്ട്‌മെന്റിലെ കലുഷിത അന്തരീക്ഷം കെട്ടടങ്ങിയതിനുശേഷമാണ് ആ മനുഷ്യൻ ഇത്തരം ഒരു ഉപദേശത്തിന് ധൈര്യം കാട്ടിയത്. സഹാറൻപൂരിനും ദയൂബന്ദിനും ഇടയിൽ സ്റ്റോപ്പുകളൊന്നും ഇല്ലാത്ത ഈ വണ്ടി അരമണിക്കൂറിനകം ദിയോബന്ദിൽ എത്തിച്ചേർന്നു. ഞാൻ അവിടെ ഇറങ്ങി.

രണ്ടുമൂന്ന് ദിവസം ദയൂബന്ദിൽ നിന്നതിനുശേഷം ഡൽഹിയിലേക്ക് പോകാനായിരുന്നു പരിപാടി. ദയൂബന്ദിൽ നിന്ന് ഡൽഹിവരെയും ഏതുതരം കംപാർട്ട്‌മെന്റിലാണ് ഞാൻ യാത്രചെയ്തതെന്ന് എനിക്ക് ഇപ്പോൾ ഓർമ്മയില്ല. എങ്ങനെയായാലും ഞാൻ ഡൽഹിയിൽ എത്തിച്ചേർന്നു. ഒന്നോ രണ്ടോ പ്രത്യേക പ്രദേശങ്ങൾ ഒഴികെ മറ്റെവിടെയും മുസ്‌ലിംകൾക്ക് സ്വതന്ത്രമായി നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു അന്ന് ഡൽഹിയിൽ നിലനിന്നിരുന്നത്.
എനിക്ക് ഖാസിംജാൻ സ്ട്രീറ്റിലൂടെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ഓഫീസിലേക്കാണ് പോകേണ്ടിയിരുന്നത്. സ്റ്റേഷനിൽനിന്നും ചാന്ദ്നി ചൗക്ക്, ബില്ലീമാരാൻ വഴി ഖാസിംജാൻ സ്ട്രീറ്റിലേക്ക് നടന്നുപോകാൻ ഞാൻ തീരുമാനിച്ചു. മുസ്‌ലിംകൾ ഇങ്ങനെ ഭീതിയോടുകൂടി കഴിയുന്നതിന് പകരം പരസ്യമായി കമ്പോളങ്ങളിലും മറ്റും നടക്കാൻ സമയമായിരിക്കുന്നു എന്നായിരുന്നു എന്റെ വിചാരം. എന്റെ ഈ നടത്തം ചില സഹോദരങ്ങൾക്ക് പ്രേരണ പകരുമെന്നും അവർ അല്ലാഹുവിൽ ഭരമേൽപ്പിച്ച് സധൈര്യം സഞ്ചരിക്കാൻ സന്നദ്ധരാകുമെന്നും ഞാൻ കരുതി.
ഞാൻ സ്റ്റേഷനിൽനിന്ന് പുറത്തുവന്നു. എന്റെ സാധനങ്ങൾ ഖാസിംജാൻ വരേയും കൊണ്ടു പോകുന്നതിന് ഒരു കൂലിക്കാരനുമായി സംസാരിക്കുകയും സാധനം അദ്ദേഹത്തിന്റെ ചുമലിൽ എടുത്തുവെക്കുകയും നടക്കുകയും ചെയ്തു. കുതിരവണ്ടിക്കാരായ ചില മുസ്‌ലിംകൾ അവരുടെ വണ്ടികളുമായി തദവസരം അവിടെയുണ്ടായിരുന്നു. അവർ പറഞ്ഞു: "നിങ്ങൾ വണ്ടിയിൽ കയറിയിരിക്കുക. ഞങ്ങൾ നിങ്ങളെ കൊണ്ടാക്കിത്തരാം." ഞാൻ പറഞ്ഞു: "ഞാൻ നടന്നുപോകാനാണ് ആഗ്രഹിക്കുന്നത്." എനിക്ക് അവിടുത്തെ അവസ്ഥകൾ അജ്ഞാതമാണെന്ന് ധരിച്ച അവർ എന്നോട് സ്നേഹപൂർവ്വം പറഞ്ഞു: "വഴി അപകടം നിറഞ്ഞതാണ്. ഒരു മുസ്‌ലിം ഒറ്റയ്ക്ക് നടന്നു പോകൽ ഒട്ടും അനുയോജ്യമല്ല." ഞാൻ അവരുടെ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു: "എനിക്ക് അവസ്ഥ അറിയാം. പക്ഷേ, ഞാൻ നടന്നുപോകാനാണ് ആഗ്രഹിക്കുന്നത്. ഇൻശാ അല്ലാഹ് ഒരപകടവും പറ്റുകയില്ല."

എന്റെയടുക്കൽ പൈസയില്ലാത്തതുകൊണ്ടോ ചിലവഴിക്കാൻ മടിയുള്ളതുകൊണ്ടോ ആണ് ഞാൻ ഇങ്ങനെ പറയുന്നതെന്ന് ധരിച്ചതായ അവരിൽ ഒരാൾ എന്നോട് പറഞ്ഞു: "നിങ്ങൾ പൈസയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഇഷ്ടമുള്ളത് തന്നാൽ മതി. എങ്കിലും അല്ലാഹുവിനെ ഓർത്ത് വണ്ടിയിൽ കയറി ഇരിക്കുക."
ഞാൻ പറഞ്ഞു: "എന്റെ സഹോദരാ! പൈസ ചിലവഴിക്കാൻ യാതൊരു മടിയുമില്ല. അല്ലാഹുതആല പൈസ തന്നിട്ടുമുണ്ട്. അത് ചിലവഴിക്കുന്നുമുണ്ട്. പക്ഷേ എനിക്കിപ്പോൾ നടന്നാണ് പോകേണ്ടത്."
അക്കൂട്ടത്തിൽ എന്നോട് വളരെയധികം സ്നേഹം കാണിച്ച ഒരു വൃദ്ധൻ ദേഷ്യപ്പെട്ടുകൊണ്ടു പറഞ്ഞു: "ഹേ, മുല്ലാക്കാ നിങ്ങൾ വലിയ പിശുക്കൻമാരാണെന്നറിയാം. നിങ്ങൾ ഒരു പൈസയും തരേണ്ടതില്ല. പക്ഷേ നിങ്ങൾ എന്റെ വണ്ടിയിൽ കയറിയിരിക്കൂ, ഞാൻ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം."
ഞാൻ ആ പാവത്തിന്റെ വാക്കിന് മറുപടിയൊന്നും കൊടുക്കാതെ നീങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ മരണസമയമായിട്ടുണ്ടെങ്കിൽ ഞങ്ങൾ എന്തു ചെയ്യാനാണ്."
ഞാൻ ആ നല്ലവരുടെ സ്നേഹത്തിന് ഒരിക്കൽക്കൂടി നന്ദിപറഞ്ഞുകൊണ്ട് നടന്നുനീങ്ങി. അന്ന് ആ സമയത്ത് എന്റെ മനസ്സിൽ നിറഞ്ഞുനിന്ന അവസ്ഥ ജീവിതത്തിൽ മറ്റൊരിക്കലും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ ഈ നടത്തം ജനങ്ങളെല്ലാം ആശ്ചര്യപൂർവ്വം വീക്ഷിക്കുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പക്ഷേ അശുഭകരമായ ഒരു വാക്കുപോലും കേൾക്കേണ്ടിവന്നില്ല. ചുരുക്കത്തിൽ ചാന്ദ്നി ചൗക്ക്, ബില്ലീമാരാൻ വഴി ഖാസിംജാൻ സ്ട്രീറ്റിലുള്ള ജംഇയ്യത്ത് ഓഫീസിൽ ഞാൻ എത്തിച്ചേർന്നു. ഡൽഹിയിൽ ഞാൻ ഒന്നോ രണ്ടോ ദിവസം താമസിച്ചു. അതിരാവിലെ ഡൽഹിയിൽനിന്നും പുറപ്പെടുന്ന ട്രെയിനിൽ യാത്രതിരിക്കാനായിരുന്നു എന്റെ ഉദ്ദേശ്യം. മടക്കത്തിൽ സ്റ്റേഷൻവരെ നടന്നുതന്നെ പോകുവാൻ ഞാൻ തീരുമാനിച്ചു. സുബഹ് നമസ്കാരാനന്തരം ഒരു കൂലിക്കാരനെ അന്വേഷിച്ച് ഞാൻ പുറത്തേക്കിറങ്ങി. അവിടെ അടുത്തെങ്ങും ആരെയും കാണാത്തതിനാൽ ചാന്ദ്നി ചൗക്കുവരേയും പോകേണ്ടിവന്നു.

അതിർത്തി പ്രദേശത്ത് താമസിക്കുന്ന പഠാണികളുടെ വേഷമായ സൽവാറും ഖമീസും പഠാണി തലപ്പാവും അണിഞ്ഞ രണ്ട് ചെറുപ്പക്കാരെ കണ്ടുമുട്ടി. മുസ്‌ലിംകളുടെ അരികിൽ വരാൻപോലും മടി കാണിക്കുന്ന ഡൽഹിയിലെ ഈ പ്രദേശങ്ങളിൽ അവർ ഇങ്ങനെ നിൽക്കുന്നത് കണ്ട് എനിക്ക് ആശ്ചര്യം തോന്നി. പക്ഷേ അവരുമായി സംസാരിച്ചപ്പോൾ പെഷവാർ ജില്ലയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഹിന്ദുക്കളാണ് അവരെന്ന് മനസ്സിലായി. കൊള്ളയും കൊലയും നിമിത്തം നാടുവിട്ട് ഓടിവന്ന അഭയാർത്ഥികളായിരുന്നു അവർ. അഭയാർത്ഥി ക്യാമ്പിൽ അവർക്ക് റേഷൻ കിട്ടിയിരുന്നെങ്കിലും അത് ഒരു നേരത്തെ വയർ നിറയ്ക്കാൻ പോലും തികഞ്ഞിരുന്നില്ല. ഞാൻ അവരോട് എനിക്ക് സ്റ്റേഷൻവരെ പോകാൻ ഒരു കൂലിക്കാരനെ ആവശ്യമുണ്ടെന്നറിയിച്ചു. "ഞങ്ങൾ വരാൻ തയ്യാറാണ്" എന്ന് അവർ പറഞ്ഞു. ഞാൻ അവരോട് കൂലി തിരക്കിയപ്പോൾ "താങ്കൾക്ക് ഇഷ്ടമുള്ളത് തന്നാൽ മതി" എന്നവർ പറഞ്ഞു. ഞാൻ പറഞ്ഞു: "എന്റെ സാധനങ്ങൾ വളരെ കുറച്ചേയുള്ളൂ. നിങ്ങളിലൊരാൾ എന്റെ കൂട്ടത്തിൽ വന്നാൽ മതി." അവർ പറഞ്ഞു: "ഞങ്ങൾ ഇരുവരും ഒരുമിച്ചുതന്നെ വരുവാനാണ് ആഗ്രഹിക്കുന്നത്."

ഞാൻ അവരെയും കൂട്ടി ജംഇയ്യത്തുൽ ഉലമായുടെ ഓഫീസിൽ എത്തുകയും സാധനങ്ങൾ എടുത്ത് സ്റ്റേഷനിലേക്ക് പുറപ്പെടുകയും ചെയ്തു. വഴിമധ്യേ അവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അവരുടെ വിശേഷവിവരങ്ങൾ ആരാഞ്ഞു. എന്റെ സാധനങ്ങൾ തലയിൽ ചുമന്നിരുന്ന അവരിലൊരാൾ പറഞ്ഞു: "ഞങ്ങൾ രണ്ടുപേരും ഒരു നാട്ടുകാരാണ്. ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. പക്ഷേ ഇദ്ദേഹം വലിയ സമ്പന്നന്റെ മകനാണ്. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരേ അവസ്ഥയിൽതന്നെയാണ്. ഇദ്ദേഹത്തിന് ജോലി ഒന്നും ചെയ്യാൻ കഴിയില്ല. ഞാൻ ഏതെങ്കിലും കൂലിവേല ചെയ്യും. കിട്ടുന്നതുകൊണ്ട് ഞങ്ങൾ രണ്ടുപേരും കഴിഞ്ഞുകൂടും." അദ്ദേഹം തുടർന്നു പറഞ്ഞു: "എനിക്ക് എന്റെ വിഷയത്തിൽ യാതൊരു പ്രയാസവുമില്ല. പക്ഷേ ഇവന്റെ പ്രയാസം എന്നെക്കൊണ്ട് സഹിക്കാൻ സാധിക്കുന്നില്ല. ഞങ്ങളുടെ നാട്ടിലെ മുസ്‌ലിംകൾക്ക് ഞങ്ങളോട് വലിയ അനുകമ്പയായിരുന്നു. പോലീസുകാർ ഞങ്ങളെ ഞങ്ങളുടെ വീട്ടിൽനിന്നും പുറത്താക്കാൻ വന്നപ്പോൾ അവർ അതിനെ ശക്തമായി എതിർക്കുകയും ഈ വിഷയത്തിൽ സംഘട്ടനത്തിന് മുതിരുകയും ചെയ്തു. അങ്ങനെ അവർ മടങ്ങിപ്പോയെങ്കിലും ഒരു രാത്രി സൈനിക വാഹനങ്ങളുമായി പട്ടാളക്കാർ വന്നപ്പോൾ ഞങ്ങൾ നാടുവിട്ട് ഓടുവാൻ നിർബന്ധിതരായി. ഞങ്ങൾ നാടുവിട്ടപ്പോൾ മുസ്‌ലിംകൾ എല്ലാവരും പ്രസ്തുത രംഗം കണ്ട് കരയുകയായിരുന്നു. ഈ കുട്ടിയുടെ പിതാവ് വഴിയിൽവെച്ച് വധിക്കപ്പെട്ടു. അപ്പോൾ മുതൽ അവൻ എന്നെയും ഞാൻ അവനേയും സഹോദരനായി തിരഞ്ഞെടുത്തു."

ആ കുട്ടിയുടെ ഈ വാക്കുകൾ കേട്ട് എന്റെ മനസ്സ് തേങ്ങിപ്പോയി. എന്റെ കണ്ണുകളിൽ ബാഷ്പകണങ്ങൾ ഉതിർന്നുവീണു. അവരെ സഹായിക്കാൻ എന്റെയടുക്കൽ അത്ര വലിയ തുകയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും യാത്രച്ചിലവ് കഴിച്ച് ബാക്കിയുള്ളതെല്ലാം അവരുടെ മുമ്പിൽ സമർപ്പിച്ചു. (മനുഷ്യത്വം മരിച്ചിട്ടില്ല : പ്രസിദ്ധീകരണം സയ്യിദ് ഹസനി അക്കാദമി)

                                                        🔹🔹🔹🔹🔹🔹🔹


📑 സന്ദേശം വെള്ളിയാഴ്ച പതിപ്പ് 

സയ്യിദ് ഹസനി അക്കാദമി എല്ലാ വെള്ളിയാഴ്ചകളിലും പരിശുദ്ധ ഖുർആൻ സന്ദേശങ്ങൾ, മആരിഫുൽ ഹദീസ്, മറ്റ് ലേഖനങ്ങൾ ഇതിലൂടെ പ്രസിദ്ധീകരിക്കുന്നു.

സന്ദേശം വെള്ളിയാഴ്ച പതിപ്പ് ലഭിക്കുവാൻ ഈ ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/KKy3UpL7Wt6BVlx8i4hpgU

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌