മുഹർറം 10/1448
ജൂൺ 26/2026
ലക്കം: 266
ഉള്ളടക്കം
▪️മുഖലിഖിതം
സഹാബത്തിനെ ആദരിക്കുക
✍️ മൗലാനാ സയ്യിദ് അർഷദ് മദനി
▪️ജുമുഅ സന്ദേശം
പ്രവാചക കുടുംബവും സഹാബാ മഹത്തുക്കളും
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
▪️മആരിഫുൽ ഖുർആൻ
സൂറത്തുല്‍ ഹുജുറാത്ത്
ആയത്ത് 9,10
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി ﷺയുടെ സ്വഹാബത്തിൻ്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
ശീഇയ്യത്ത്
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
▪️ഗ്രന്ഥ പരിചയം
സ്വഹാബികളുടെ മഹത്വം ഉൾകൊള്ളുക
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
عظمت صحابہ
സഹാബത്തിനെ ആദരിക്കുക
പരിശുദ്ധ ഹറമിന്റെ സന്ദേശം, ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദിന്റെ വേദിയിൽ നിന്നും...
ശൈഖ് അബ്ദുറഹ്മാൻ സുദൈസ് നടത്തിയ ഉജ്ജ്വല പ്രഭാഷണവും തുടർന്ന് ഇന്ത്യയിലെ സമുന്നത പണ്ഡിതർ നൽകിയ സന്ദേശങ്ങളും മുഖലിഖിതമായി വായിക്കുക.
(തയ്യാറാക്കിയത് : മുഹമ്മദ് സൽമാൻ ഹുസ്‌നി നദ്‌വി)
സ്വഹാബികളുടെ മഹത്വം ഹറമിൻ്റെ പ്രധാന സന്ദേശം
ശൈഖ് അബ്ദുർ റഹ്‌മാൻ അസ്സുദൈസ്
(ഇമാം മസ്ജിദുൽ ഹറാം, മക്കത്തുൽ മുകർറമ)
കരുണാമയനായ അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഈ വലിയ സമ്മേളനം സംഘടിപ്പിക്കുന്നതിൽ 'ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്' നടത്തിയ അനുഗൃഹീത പരിശ്രമത്തെ അല്ലാഹു സ്വീകരിക്കട്ടെ.! അവരുടെ ദീനിനോടുള്ള താല്പര്യവും സ്നേഹവും, അല്ലാഹുവിന്റെ റസൂലിന്റെ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചര്യയോടുള്ള അവരുടെ ആഭിമുഖ്യവും, പുണ്യവാന്മാരായ സ്വഹാബികളോടുള്ള അവരുടെ സ്നേഹവും വ്യക്തമായി തെളിയിക്കുന്നതാണ് ഈ മഹാ സമ്മേളനം.
പ്രിയപ്പെട്ടവരേ, ഈ മഹാ സമ്മേളനം വഴി നിങ്ങളോടും മുഴുവൻ ലോകത്തോടും ചില കാര്യങ്ങൾ ഞാൻ അറിയിക്കുകയാണ്.
ആദ്യമായി, ഇരു ഹറമുകളുടെയും സേവകരുടെ നന്ദിയും അഭിവാദ്യങ്ങളും ആദരവും ഞാൻ നിങ്ങളെ അറിയിക്കുന്നു. അവിടുത്തെ നേതാക്കന്മാർ, പണ്ഡിതന്മാർ, ഇമാമുമാർ, കൂടാതെ പ്രിയപ്പെട്ട നാട്ടുകാർ എന്നിവരുടെ നന്ദിയും ഞാൻ അറിയിക്കുന്നു; അവർ നിങ്ങളോട് അളറ്ററ്റ സ്നേഹവും ആദരവും വെച്ചുപുലർത്തുന്നവരാണ്.
ഈ അനുഗൃഹീത പരിശ്രമങ്ങൾക്കും ഈ നല്ല കൂട്ടായ്മയ്ക്കും ഞങ്ങൾ നിങ്ങളോട് നന്ദി പറയുന്നു. തീർച്ചയായും അല്ലാഹുവിനെ സാക്ഷി നിർത്തി ഞങ്ങൾ നിങ്ങളെ അല്ലാഹുവിനുവേണ്ടി സ്നേഹിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. മക്കത്തുൽ മുകർറമയിൽ നിന്നും, വഹ്‌യ് അവതരിച്ച മണ്ണിൽ നിന്നും, പ്രവാചക സന്ദേശത്തിന്റെ ഉറവിടത്തിൽ നിന്നും, ആദരണീയമായ കഅബയുടെ അരികിൽ നിന്നും ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. ഇന്ത്യയിലെ ഞങ്ങളുടെ സഹോദരങ്ങളെ ഞങ്ങൾ മറക്കില്ല. അവർ ഞങ്ങളെ സ്നേഹവും ആദരവും കൊണ്ട് മൂടിയിരിക്കുന്നു. ഇത് ഇസ്ലാമിനോടും സുന്നത്തിനോടും പണ്ഡിതന്മാരോടും മഹത്തുക്കളോടുമുള്ള അവരുടെ സ്നേഹം കൊണ്ടല്ലാതെ മറ്റൊന്നുമല്ല. അതിൽ അതിശയപ്പെടാനില്ല, കാരണം ഇത് ലോകത്തിലെ മുഴുവൻ മുസ്ലിംകളുടെയും രാജ്യമാണ്. അവർ തങ്ങളുടെ നമസ്കാരങ്ങളിലും എല്ലാ അവസ്ഥകളിലും ഈ മണ്ണിലേക്ക് തിരിയുന്നു. അത് അവർക്ക് മാതൃകയും അവരുടെ എല്ലാ കാര്യങ്ങളിലും അവർ ലക്ഷ്യം വെക്കുന്ന കേന്ദ്രവുമാണ്.
അല്ലാഹുവിലുള്ള സഹോദരങ്ങളേ, ഈ വലിയ സമ്മേളനത്തെക്കുറിച്ചുള്ള പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ, ഈ പ്രധാനപ്പെട്ട വിഷയത്തിൽ എനിക്ക് മുമ്പ് സംസാരിച്ച ബഹുമാന്യരായ സഹോദരന്മാർ ഇതിനെക്കുറിച്ച് പറയുകയുണ്ടായി. തീർച്ചയായും ഇത് ഈ കാലഘട്ടത്തിലെയും, ഇനി ഖിയാമത്ത് നാൾ വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും പ്രധാന വിഷയമാണ്. അല്ലാഹുവിന്റെ റസൂലിന്റെ (സ) സ്വഹാബികളെ സ്നേഹിക്കുക എന്നത് അല്ലാഹുവിലേക്ക് നാം അർപ്പിക്കുന്ന ദീനിന്റെ ഭാഗമാണ്. ഒരു മുസ്ലിമിനും ഇതിൽ നിന്ന് കൺചിമ്മുന്ന നേരത്തേക്ക് പോലും മാറിനിൽക്കാൻ കഴിയില്ല. അതിലുപരി, റസൂലുല്ലാഹിയുടെ (സ്വ) സ്വഹാബികളോടുള്ള സ്നേഹം ഓരോ മുസ്ലിമിന്റെയും ഹൃദയത്തിന്റെ ഉള്ളറകളിലാണ് ഉള്ളത്. അവരെ സ്നേഹിക്കാതെയും ആദരിക്കാതെയും ഒരാളുടെയും ഇസ്ലാം പൂർണ്ണമാവുകയില്ല.
അവരാണ് പ്രവാചകന്റെ അനുചരന്മാരും അദ്ദേഹത്തിന്റെ കൂട്ടാളികളും. അവരില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ഒരു മുസ്ലിം പോലും ഉണ്ടാകുമായിരുന്നില്ല.
അല്ലാഹുവിന് ശേഷം അവരില്ലായിരുന്നുവെങ്കിൽ ഭൂമി അതിന്റെ നിവാസികളുമായി ഇളകിപ്പോകുമായിരുന്നു. എന്നാൽ ഭൂമിയെ ഉറപ്പിച്ചു നിർത്തുന്ന ആപ്പുകളും തൂണുകളും അവരാണ്.
അവരില്ലായിരുന്നുവെങ്കിൽ ഭൂമി ഇരുളടഞ്ഞു പോകുമായിരുന്നു. എന്നാൽ അവരാണ് അതിലെ ചന്ദ്രന്മാരും നക്ഷത്രങ്ങളും.
അല്ലാഹു അവരെ അനുഗ്രഹിക്കുകയും അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യട്ടെ. ഈ പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചും ഈ സമ്മേളനത്തിന്റെ പ്രമേയത്തെക്കുറിച്ചും സംസാരിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പരാമർശിക്കാൻ ആഗ്രഹിക്കുന്നു...
1. ഈ വിഷയത്തിന്റെ പ്രാധാന്യം.
2. സ്വഹാബികൾ (റ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
3. അവരുടെ സൽഗുണങ്ങൾ.
4. പരിശുദ്ധ ഖുർആനിൽ നിന്നുള്ള അവരുടെ ശ്രേഷ്ഠതയുടെയും പദവിയുടെയും തെളിവുകൾ.
5. സുന്നത്തിൽ നിന്നുള്ള അവരുടെ പദവിയുടെ തെളിവുകൾ.
6. സ്വഹാബികളുടെ പദവിയും സ്ഥാനവും
7. അവരെ അസഭ്യം പറയുന്നതിന്റെയും അവരോട് ശത്രുത കാണിക്കുന്നതിന്റെയും വിധി.
8. അവരോടുള്ള മുസ്‌ലിംകളുടെ കടമ.
9. ഇതിന്റെ ഫലങ്ങൾ.
10. വിനയപൂർവ്വമായ ചില നിർദ്ദേശങ്ങൾ.
ഈ വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ അതായത് അല്ലാഹുവിന്റെ റസൂലിന്റെ (ﷺ) സ്വഹാബികളുടെ ശ്രേഷ്ഠതയെക്കുറിച്ചും അവരുടെ മഹത്തായ പദവിയെക്കുറിച്ചുമുള്ള സംസാരം—ചില പ്രധാന കാര്യങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.
ഒന്നാമതായി: അല്ലാഹുവിന്റെ കിതാബ് (ഖുർആൻ) അവർക്ക് ഉത്തമത്വത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ അവർക്ക് ഉത്തമത്വത്തിന് സാക്ഷ്യം നൽകിയ സ്ഥിതിക്ക് ഇനി മറ്റെന്താണ് വേണ്ടത്? ഖുർആനിനെ എതിർക്കുന്ന ഒരാളുടെ ഇസ്ലാമിൽ വലിയ തകരാറുണ്ടാകാതിരിക്കില്ല.
രണ്ടാമതായി: നമുക്ക് മാതൃകയായ അല്ലാഹുവിന്റെ റസൂൽ (ﷺ) അവരെക്കുറിച്ച് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട് (ഉപദേശിച്ചിട്ടുണ്ട്): "നിങ്ങൾ എന്റെ സ്വഹാബികളെ ചീത്ത പറയരുത്. എന്റെ സ്വഹാബികളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ ഭയപ്പെടുക. എനിക്ക് ശേഷം നിങ്ങൾ അവരെ ലക്ഷ്യമിടരുത് (ആക്രമിക്കരുത്). ആര് അവരെ സ്നേഹിക്കുന്നുവോ, എന്നോടുള്ള സ്നേഹം കൊണ്ടാണ് അവൻ അവരെ സ്നേഹിക്കുന്നത്..."
മൂന്നാമതായി: ഈ സമുദായത്തിലെ മുൻഗാമികളുടെ (സലഫുകളുടെ) വഴി അവരെ ആദരിക്കുകയും ബഹുമാനിക്കുകയും അവരുടെ പദവി കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു. അബ്ദുല്ല ബിൻ മസ്ഊദ് (റളിയല്ലാഹു അൻഹു) പറയുന്നു: *"തീർച്ചയായും അല്ലാഹു അടിമകളുടെ ഹൃദയങ്ങളിലേക്ക് നോക്കി. അപ്പോൾ മുഹമ്മദ് നബിയുടെ ഹൃദയത്തെ മനുഷ്യരുടെ ഹൃദയങ്ങളിൽ ഏറ്റവും ഉത്തമമായി അവൻ കണ്ടു. അങ്ങനെ അവൻ അദ്ദേഹത്തെ തനിക്കായി തിരഞ്ഞെടുക്കുകയും തന്റെ ദൗത്യവുമായി നിയോഗിക്കുകയും ചെയ്തു. പിന്നീട് മുഹമ്മദ് നബിയുടെ ഹൃദയത്തിന് ശേഷം അവൻ അടിമകളുടെ ഹൃദയങ്ങളിലേക്ക് നോക്കി. അപ്പോൾ അദ്ദേഹത്തിന്റെ സ്വഹാബികളുടെ ഹൃദയങ്ങളെ മനുഷ്യരുടെ ഹൃദയങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ ഹൃദയങ്ങളായി അവൻ കണ്ടു. അങ്ങനെ അവൻ അവരെ തന്റെ പ്രവാചകന്റെ സഹായികളാക്കി മാറ്റി."
നാലാമതായി: സ്വഹാബികളെ സ്നേഹിക്കുക എന്നത് ഈമാനിന്റെ (വിശ്വാസത്തിന്റെ) ഭാഗമാണ്. അവരെ പിന്തുടരുക എന്നത് ഈമാനിന്റെ പൂർണ്ണതയാണ്. അവരെക്കുറിച്ച് മോശമായി സംസാരിക്കുന്നത് ഈമാനിന് ഏൽക്കുന്ന കളങ്കമാണ്. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയിരിക്കുന്നു: "അൻസ്വാരികളെ ഒരു വിശ്വാസിയല്ലാതെ സ്നേഹിക്കുകയില്ല, ഒരു കപടവിശ്വാസിയല്ലാതെ അവരോട് ദേഷ്യം കാണിക്കുകയുമില്ല. ആര് അവരെ സ്നേഹിച്ചുവോ അവനെ അല്ലാഹു സ്നേഹിച്ചു, ആര് അവരോട് ദേഷ്യം കാണിച്ചുവോ അവനോട് അല്ലാഹുവും ദേഷ്യം കാണിച്ചു."
അഞ്ചാമതായി: നാമിന്ന് ജീവിക്കുന്ന ഈ കാലഘട്ടത്തിൽ നിരവധി വെല്ലുവിളികളുണ്ട്. അല്ലാഹുവിന്റെ റസൂലിന്റെ (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വഹാബികളുടെ പദവി മനസ്സിലാക്കിക്കൊണ്ടും അവരുടെ മാർഗ്ഗം മുറുകെപ്പിടിച്ചുകൊണ്ടും മാത്രമേ നമുക്ക് ഈ വെല്ലുവിളികളെ നേരിടാൻ സാധിക്കൂ.
ആറാമതായും അവസാനമായും: അല്ലാഹുവിന്റെ ശരീഅത്തിലേക്ക് പ്രവേശിക്കാനും റസൂലിന്റെ ചര്യ മനസ്സിലാക്കാനും സ്വഹാബികളിലൂടെയല്ലാതെ സാധ്യമല്ല. അവരാണ് അല്ലാഹുവിന്റെ റസൂലിന് ശേഷം നമുക്ക് വഹ്‌യ് എത്തിച്ചുതന്നത്. അവരാണ് നമുക്ക് സുന്നത്ത് വിവരിച്ചുതന്നത്. തങ്ങളുടെ പ്രവർത്തികളിലൂടെയും മാതൃകയിലൂടെയും റസൂലുള്ളാഹിയിലേക്കുള്ള പരമ്പരയിലൂടെയും ആ നേർവഴി അവർ നമുക്ക് കാണിച്ചുതന്നു.
ബഹുമാന്യരായ സഹോദരങ്ങളേ, 'സ്വഹാബികൾ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ റസൂലിനെ (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിശ്വാസിയായ അവസ്ഥയിൽ കണ്ടുമുട്ടുകയും വിശ്വാസിയായിക്കൊണ്ടുതന്നെ മരണപ്പെടുകയും ചെയ്ത ഏവരുമാണ്. ഇമാം ബുഖാരി (റഹിമഹുള്ള) സ്വഹാബിയെ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്: മുസ്ലിംകളിൽ പെട്ട ആരെങ്കിലും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം സഹവസിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ കാണുകയോ ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം സ്വഹാബികളിൽ പെട്ടവനാണ്." ഹാഫിസ് ഇബ്നു ഹജർ (റഹിമഹുള്ള) പറയുന്നു: "ഒരു സ്വഹാബി എന്നാൽ നബിയെ വിശ്വാസിയായി കണ്ട് മുട്ടുകയും ഇസ്ലാമിൽ തന്നെ മരണപ്പെടുകയും ചെയ്ത ആളാണ്. അതിൽ പ്രവാചകനോടൊപ്പം ദീർഘകാലം ജീവിച്ചവരും ചുരുങ്ങിയ കാലം ജീവിച്ചവരും ഉൾപ്പെടും. അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്തവരും ചെയ്യാത്തവരും, അദ്ദേഹത്തോടൊപ്പം യുദ്ധത്തിൽ പങ്കെടുത്തവരും പങ്കെടുക്കാത്തവരും ഇതിൽ ഉൾപ്പെടുന്നു. "ഇമാം അഹ്മദ് (റ) പറയുന്നു: "നബിയോടൊപ്പം ഒരു വർഷമോ, ഒരു മാസമോ, ഒരു ദിവസമോ, അല്ലെങ്കിൽ ഒരു മണിക്കൂറോ സഹവസിച്ചവർ അല്ലെങ്കിൽ അദ്ദേഹത്തെ കണ്ടവർ എല്ലാം സ്വഹാബികളാണ്."
വിശുദ്ധ ഖുർആനിൽ സ്വഹാബികളുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന നിരവധി ആയത്തുകളുണ്ട്. അല്ലാഹു തആല പറയുന്നു: "മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ അവിശ്വാസികളുടെ നേരെ കർക്കശമായി പെരുമാറുന്നവരാകുന്നു. അവർ അന്യോന്യം കാരുണ്യമുള്ളവരുമാകുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിട്ടും സാഷ്ടാംഗം പ്രണമിച്ചും പ്രാർത്ഥിക്കുന്നതായി നിനക്ക് കാണാം..." (സൂറത്തുൽ ഫത്ഹ്: 29).
സ്വഹാബികൾ ദീനിന്റെ അടയാളങ്ങൾ നിലനിർത്തുകയും മുസ്ലിംകളെ ഉപദേശിക്കുകയും ചെയ്തു. അങ്ങനെ ദീൻ ശക്തമായി നിലകൊണ്ടു. അല്ലാഹുവിന്റെ വചനം ഉന്നതമായിത്തീർന്നു. അല്ലാഹു പറയുന്നു: "തീർച്ചയായും സത്യവിശ്വാസികൾ ആ മരച്ചുവട്ടിൽ വെച്ച് നിന്നോട് ബൈഅത്ത് (കരാർ) ചെയ്ത സന്ദർഭത്തിൽ അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു."* (സൂറത്തുൽ ഫത്ഹ്: 18).
അബൂ അയ്യൂബ് അസ്സഖ്തിയാനി പറയുന്നു: *"ആര് അബൂബക്കറിനെ സ്നേഹിച്ചുവോ അവൻ ദീൻ നിലനിർത്തി, ആര് ഉമറിനെ സ്നേഹിച്ചുവോ അവൻ വഴി വ്യക്തമാക്കിക്കൊടുത്തു, ആര് ഉസ്മാനെ സ്നേഹിച്ചുവോ അവൻ അല്ലാഹുവിന്റെ പ്രകാശം കൊണ്ട് വെളിച്ചം നേടി, ആര് അലിയെ സ്നേഹിച്ചുവോ അവൻ ശക്തമായ പാശത്തിൽ മുറുകെപ്പിടിച്ചു. പ്രവാചകന്റെ സ്വഹാബികളെക്കുറിച്ച് നല്ലത് പറയുന്നവൻ കപടവിശ്വാസത്തിൽ നിന്ന് മുക്തനായി."*
ഇമാം മാലിക് (റഹിമഹുള്ള) പറയുന്നു: *"ആരെങ്കിലും പ്രവാചകന്റെ സ്വഹാബികളോട് ദേഷ്യം വെച്ചുപുലർത്തുന്നുവെങ്കിൽ അവന് മുസ്ലിംകളുടെ സമ്പത്തിൽ (ഫയ്യ്) യാതൊരു അവകാശവുമില്ല."* ഇമാം ത്വഹാവിയും (റഹിമഹുള്ള) തന്റെ അഖീദയിൽ സ്വഹാബികളോടുള്ള സ്നേഹം ഈമാനിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയും ഇബ്നുൽ ഖയ്യിമും സ്വഹാബികളുടെ പദവിയെയും അവരുടെ ഹൃദയവിശുദ്ധിയെയും കുറിച്ച് സമാനമായ രീതിയിൽ വിശദീകരിച്ചിട്ടുണ്ട്.
നീ സ്വഹാബികളെക്കുറിച്ച് നല്ലത് മാത്രം പറയുക.
അവരെ ആക്ഷേപിക്കുന്നവനും കുറ്റപ്പെടുത്തുന്നവനും ആകരുത്.
തീർച്ചയായും അവരുടെ ശ്രേഷ്ഠതയെക്കുറിച്ച് വഹ്‌യ് സംസാരിച്ചിട്ടുണ്ട്.
സൂറത്തുൽ ഫത്ഹിലും ഇതര സൂറത്തുകളിലും അല്ലാഹു അവരെ അധികമായി വാഴ്‌ത്തി പറഞ്ഞിരിക്കുന്നു: മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണ്. അദ്ദേഹത്തോടൊപ്പ മുള്ളവർ നിഷേധികളോട് കടുപ്പവും പരസ്പര കാരുണ്യവും ഉള്ളവരാണ്. അല്ലാഹുവിൻ്റെ ഔദാര്യവും പ്രീതിയും ആഗ്രഹി ച്ചുകൊണ്ട് റുകൂഅ് സുജൂദ് ചെയ്യുന്നവരായി അവരെ താങ്കൾ കാണുന്നതാണ്. അവർ സുജൂദ് ചെയ്യുന്നത് കാരണമായി അവരുടെ മുഖത്തും ചില അടയാളങ്ങൾ കാണാവുന്നതാണ്. ഇതാണ് തൗറാത്തിൽ അവരെക്കുറിച്ചുള്ള വിവരണം. ഇഞ്ചി ലിൽ അവരെ വർണിച്ചുകൊണ്ട് ഇപ്രകാരം വന്നിരിക്കുന്നു. കൃഷിപോലെയാണ്. പുറത്തുകൊണ്ടു വന്നു. ശേഷം കൃഷിക്കാരൻ അത്ഭുത പ്പെടുന്ന് നിലയിൽ ശക്തിപ്രാപിച്ചു. പിന്നെ അത് തടിച്ച് നേരെ നിന്നു. (ഇപ്രകാരം അവരെ അല്ലാഹു വളർത്തുന്നത്,) നിഷേധികളുടെ ഹൃദയം എരിയാനാണ്. അവരിൽ നിന്നും സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവർക്ക് അല്ലാഹു പാപമോചനവും വമ്പിച്ച പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (സൂറത്തുൽ ഫത്ഹ് 29)
അല്ലാഹു അവരെല്ലാവരെയും അനുഗ്രഹിക്കട്ടെ! അവരെ സ്‌നേഹിച്ചാദരിക്കാനും പിൻപറ്റാനും ഉതവി നൽകട്ടെ!
സ്വഹാബത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിക്കുക.
മൗലാനാ സയ്യിദ് അർഷദ് മദനി
(പ്രസിഡൻ്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്; സദ്‌റുൽ മുദരിസീൻ, ദാറുൽ ഉലൂം ദേവ്ബന്ദ്)
അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ പ്രവാചകത്വം ലഭിച്ചത് മുതൽ രാവും പകലും കഠിനമായ ത്യാഗ പരിശ്രമങ്ങൾ നടത്തി സ്വഹാബാ മഹത്തുക്കളെ വാർത്തെടുത്തു. ഒടുവിൽ അവരുമായി ഹജ്ജ് നിർവ്വഹിക്കുകയും ഹജ്ജിനിടയിൽ പരലോക യാത്രയെ സൂചിപ്പിച്ച ശേഷം അനുചരന്മാരോട് ചോദിച്ചു: "ഞാൻ നിങ്ങൾക്ക് അല്ലാഹുവിന്റെ അമാനത്ത് (സന്ദേശം) എത്തിച്ചു തന്നില്ലേ?"
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ റസൂലേ! അങ്ങ് അല്ലാഹുവിന്റെ അമാനത്ത് ഞങ്ങൾക്ക് എത്തിച്ചു തന്നു."
തദവസരം മൂന്ന് തവണ റസൂലുല്ലാഹി ﷺ വിരൽ ചൂണ്ടിക്കൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, നീ സാക്ഷിയാകണമേ! അല്ലാഹുവേ, നീ സാക്ഷിയാകണമേ! അല്ലാഹുവേ, നീ സാക്ഷിയാകണമേ!
ജനങ്ങൾക്ക് കൈമാറാൻ എന്നെ ഏൽപ്പിച്ച ആ അമാനത്ത് ഞാൻ എത്തിച്ചുകൊടുത്തു. സ്വഹാബത്ത് ഒരേ സ്വരത്തിൽ പറയുന്നു: "യാ റസൂലല്ലാഹ്, അങ്ങ് അമാനത്ത് നിറവേറ്റുന്നതിന്റെ കടമ പൂർണ്ണമായും നിർവ്വഹിച്ചിരിക്കുന്നു.!"
സ്വഹാബാ മഹത്തുക്കൾക്ക് ശേഷം, അന്ത്യനാൾ വരെ ഈ ലോകത്ത് അല്ലാഹുവിന്റെ പ്രവാചകൻ, സയ്യിദുൽ അമ്പിയാഇ വൽ മുർസലീൻ, യാതൊരു ഇടനിലക്കാരുമില്ലാതെ ദീനും ശരീഅത്തും പഠിപ്പിച്ചു കൊടുക്കുകയും ആവശ്യമായ ശിക്ഷണം നൽകുകയും ചെയ്ത സ്വഹാബാ മഹത്തുക്കളെ പോലെയുള്ള മറ്റൊരു സമൂഹം ഇനി ജനിക്കുകയില്ല.
പിന്നീട് അല്ലാഹുവിന്റെ പ്രവാചകൻ ഈ ലോകത്തോട് വിടപറഞ്ഞു. സ്വഹാബാ മഹത്തുക്കളെ ഈ ഉത്തരവാദിത്തം ഏൽപ്പിച്ചുകൊണ്ടാണ് റസൂലുല്ലാഹി ﷺ പോയത്. റസൂലുല്ലാഹി ﷺ പറഞ്ഞു: "ഇന്ന് എന്നിൽ നിന്ന് നേരിട്ട് ഈ ഇലാഹീ അമാനത്ത് സ്വീകരിക്കുന്നവർ, ഇന്ന് എന്റെ മുന്നിൽ ഇല്ലാത്തവരിലേക്ക് ഇത് എത്തിച്ചു കൊടുക്കട്ടെ."
സ്വഹാബാ കിറാം അല്ലാഹുവിന്റെ പ്രവാചകന്റെ ഈ അമാനത്തിനെ നെഞ്ചോടു ചേർത്തു.
അല്ലാഹുവിന് ശേഷം അവർക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിത്വം പ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ ആയിരുന്നു. പ്രവാചകൻ മദീന മുനവ്വറയിലെ മണ്ണിൽ മറഞ്ഞുപോയപ്പോൾ, എല്ലാ സഹാബികളും അവിടെത്തന്നെ കഴിയുകയും, "ഞങ്ങളും ഇവിടെത്തന്നെ മരിക്കുമെന്നും റസൂലുല്ലാഹി ﷺയുടെ പാദത്തിന് അരികിൽ ചെയ്യപ്പെടുമെന്നും" അവർ ആഗ്രഹിച്ചിരുന്നു.
എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. അല്ലാഹുവിന്റെ പ്രവാചകന് ശേഷം, പ്രവാചകന്റെ ഈ അമാനത്തുമായി ഓരോ സ്വഹാബിക്കും എവിടെയൊക്കെ വരെ പോകാൻ സാധിക്കുമായിരുന്നോ, അവിടെയൊക്കെ അവർ എത്തിച്ചേർന്നു. അവർ ആഫ്രിക്കയിലെ കാടുകളിലേക്ക് വരെ കടന്നുചെന്നു. അവരുടെ ഹൃദയങ്ങളിൽ അങ്ങനെയുള്ള ഈമാനും ആവേശവുമുണ്ടായിരുന്നു; അവർ എവിടെയൊക്കെ പോയോ, അവിടെയുള്ള ജനവിഭാഗങ്ങളും ഗോത്രങ്ങളും കൂട്ടത്തോടെ 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർ റസൂലുല്ലാഹ്' എന്ന് ചൊല്ലാൻ തുടങ്ങി.
ഖുർആനിലെ ധാരാളം വചനങ്ങൾ സ്വഹാബാ കിറാമിന്റെ പവിത്രതയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു ഇപ്രകാരം പ്രഖ്യാപിച്ച ഒരു സമൂഹമാണത്: "റളിയല്ലാഹു അൻഹും വറളൂ അൻഹ്" (അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു, അവർ അല്ലാഹുവെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു).
സ്വഹാബികളുടെ സ്ഥാനം എത്രത്തോളമാണെന്നുവെച്ചാൽ, അവർക്ക് ശേഷമുള്ളവരും മുഹദ്ദിസീങ്ങളും അഇമ്മത്തും ഏതെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ, സ്വഹാബികൾ എന്താണ് പറഞ്ഞിട്ടുള്ളത് എന്നാണ് നോക്കാറുള്ളത്. സഹാബികൾക്കിടയിൽ തന്നെ പരസ്പരം അഭിപ്രായവ്യത്യാസമുണ്ടായാൽ പോലും, അവരുടെ വാക്കും വിശ്വാസവും ഇപ്രകാരമാണ്: "അൽ-ഹഖു മഅസ്സ്വഹാബ" (സത്യം സഹാബികളുടെ കൂടെയാണ്) എന്ന തത്വത്തിൻ്റെ അടിസ്ഥാനത്തിൽ അതിൽ നിന്നുള്ള ഏതെങ്കിലും ഒരു അഭിപ്രായത്തിനാണ് അവർ മുൻഗണന നൽകിയിരുന്നത്. അതിൽ നിന്ന് അവർ പുറത്തുപോകാറില്ല.
ഇതിന്റെ അർത്ഥം, ദീനിനും ശരീഅത്തിനും ചുറ്റും സഹാബികൾ ഒരു കോട്ട കെട്ടിയിട്ടുണ്ട് എന്നാണ്. ശരീഅത്ത് ആ കോട്ടയ്ക്ക് പുറത്തല്ല. അതുകൊണ്ടുതന്നെ, സ്വഹാബികളോടുള്ള ആദരവ് ഈ ഉമ്മത്ത് ഈമാനിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.
ഏതൊരു അസത്യശക്തിയും മുന്നോട്ട് വരികയും ഇസ്‌ലാം ദീനിൽ വിള്ളൽ വീഴ്ത്താൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ആ അസത്യശക്തികൾ എപ്പോഴും ആ കോട്ട തകർക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇന്നും അത്തരം ആളുകൾ സ്വഹാബികളുടെ വ്യക്തിത്വത്തെ തരംതാഴ്ത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇത്തരുണത്തിൽ 1400 വർഷങ്ങൾക്ക് മുമ്പുള്ള നമ്മുടെ മുതിർന്നവർക്ക് സ്വഹാബികളോടുണ്ടായിരുന്ന ആ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഈ കോൺഫറൻസ് വിളിച്ചുകൂട്ടിയിരിക്കുന്നത്.
ഇതുപോലുള്ള ചെറുതും വലുതുമായ പരിപാടികൾ നടത്തുവാനും വാമൊഴിയായും വരമൊഴിയായും സ്വഹാബത്തിൻ്റെ മഹത്വങ്ങൾ പ്രചരിപ്പിക്കാനും ഈ അമൂല്യ വിശ്വാസം അടുത്ത തലമുറയ്ക്ക് എത്തിച്ചു കൊടുക്കാനും എല്ലാ സഹോദരങ്ങളെയും ഉപദേശിക്കുന്നു.
അതെ, സ്കൂളുകളിൽ പഠിക്കുന്നവരും ഗ്രാമങ്ങളിൽ ജീവിക്കുന്നവരുമായ നമ്മുടെ പുതിയ തലമുറയ്ക്ക് സ്വഹാബികളുടെ സ്ഥാനം എന്താണെന്ന് അറിയില്ല.
ശരിയായ ദീനും ശരിയായ വിശ്വാസവും ഉമ്മത്തിലേക്ക് എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്വഹാബികളുടെ കാര്യത്തിൽ 1400 വർഷങ്ങൾക്ക് മുമ്പ് അല്ലാഹുവിന്റെ പ്രവാചകൻ നമുക്ക് നൽകിയ വിശ്വാസം എന്തായിരുന്നുവെന്ന സന്ദേശം ഓരോ വീട്ടിലും നാം എത്തിച്ചു കൊടുക്കുക. നാം ഈ വിശ്വാസത്തെ നെഞ്ചോടു ചേർത്തിട്ടുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുക.
അവസാനമായി വീണ്ടും എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്: സ്വഹാബികളുടെ കാര്യത്തിൽ നിങ്ങളുടെ വിശ്വാസം ശരിയായി സൂക്ഷിക്കുക.
ഈ പ്രഖ്യാപനം ലോകം മുഴുവൻ എത്തിക്കാൻ നാം പരിശ്രമിക്കുക. അതിലൂടെ ഓരോ വീട്ടിലും വിശ്വാസപരമായ അടിത്തറ ശക്തമാകട്ടെ! സ്വഹാബികൾക്ക് നമ്മുടെ മേലുള്ള അവകാശം എന്താണെന്ന് ലോകം അറിയട്ടെ! നാമെല്ലാവരും പ്രാർത്ഥിക്കുക: അല്ലാഹുവിൻ്റെ മഹത്വം നമ്മുടെ മനസ്സിൽ ഉറക്കട്ടെ! റസൂലുല്ലാഹി ﷺയിലുള്ള വിശ്വാസം ശക്തമാകട്ടെ! സ്വഹാബികളെ സ്നേഹിച്ച് ആദരിക്കാൻ അല്ലാഹു ഉതവി നൽകട്ടെ!
സ്വഹാബത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിക്കുക
മൗലാനാ അസ്ഗർ ഇമാം മഹ്ദി സലഫി
(ജനറൽ സെക്രട്ടറി, ജംഇയ്യത്ത് അഹ്‌ലെ ഹദീസ്)
അല്ലാഹു പ്രവാചകന്മാർക്ക് ശേഷം ഏറ്റവും ഉന്നതമായ സ്ഥാനം നൽകി ആദരിച്ച പവിത്രമായ സമൂഹമാണ് സ്വഹാബാ മഹത്തുക്കൾ. അവരുടെ മഹത്വത്തിന്റെ പേരിലാണ് നമ്മൾ ഇവിടെ ഒത്തുചേർന്നിരിക്കുകയാണ്.
അല്ലാഹു സ്വഹാബത്തിനെ കുറിച്ച് "അല്ലാഹു അവരെ തൃപ്തിപ്പെട്ടു, അവർ അല്ലാഹുവിനെ പൂർണ്ണമായി തൃപ്തിപ്പെട്ടു" ഈ അവസ്ഥയിലാണ് അവർ ഈ ലോകത്ത് നിന്നും യാത്രയായത്.
അല്ലാഹു പരിശുദ്ധ ഖുർആനിൽ പ്രഖ്യാപിക്കുന്നു: നിങ്ങൾ ജനങ്ങൾക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാകുന്നു. (ആലു ഇംറാൻ) ഈ വചനത്തിന്റെ ആദ്യ അഭിസംബോധിതർ സ്വഹാബത്താണ്. യഥാർത്ഥത്തിൽ ഈ ഭൂമുഖത്ത് വെച്ച് ഏറ്റവും ഉത്തമമായ സമൂഹം സ്വഹാബത്താണ്.
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംഘടിപ്പിച്ച അസ്മത്തെ സ്വഹാബാ കോൺഫറൻസിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞത് എൻ്റെ വലിയ ഭാഗ്യമായി കാണുന്നു. അല്ലാഹുവിന്റെ ഏറ്റവും പവിത്രമായ ആ സമൂഹത്തെക്കുറിച്ച് ഇത്രയും വലിയൊരു കോൺഫറൻസ് വിളിച്ചുചേർത്തതിന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദിനെ ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഇതൊരു വലിയ ഭാഗ്യമാണ്, നമ്മൾ എല്ലാവരുടെയും ഭാഗത്തുനിന്നും ഈ ജംഇയ്യത്ത് നമ്മുടെ നന്ദിക്ക് അർഹരാണ്.
സ്വഹാബാ മഹത്തുക്കൾ പ്രവാചകന്റെയും സമുദായത്തിന്റെയും ഇടയിലുള്ള സുപ്രധാന മാധ്യമം
മൗലാനാ ശംസ് ഖാദിരി
(അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത്)
ലോകത്തിന്റെ നായകൻ, വിശ്വത്തിന്റെ വസന്തം, മുഴുവൻ നബിമാരുടെയും ഔലിയാക്കളുടെയും നായകൻ മുഹമ്മദ് റസൂലുല്ലാഹി ﷺ യുടെ അനുഗ്രഹീത ജീവിതം, ജീവിതവും സന്ദേശവും സമുദായത്തിന് ലഭിച്ചത് മഹാന്മാരായ സ്വഹാബത്ത് വഴിയാണ്. അങ്ങേയറ്റം സ്നേഹാദരങ്ങളോടെ അവർ റസൂലുല്ലാഹി ﷺ യുടെ രാവും പകലും പുഞ്ചിരിയും കണ്ണീരും കയ്യും കാലും നടത്തവും ഇരുത്തവും ആംഗ്യവും സൂചനയും ഓരോ വചനങ്ങളും ഒപ്പിയെടുക്കുകയും അവരെ സ്വന്തം ജീവിതത്തിൽ പകർത്തുകയും വളരെ സ്നേഹത്തോടെ സമുദായത്തിന് കൈമാറുകയും ചെയ്തു.
മഹാന്മാരായ സ്വഹാബികൾ മുഴുവൻ മഹത്തുക്കളും വിശ്വസ്തരും നീതിമാന്മാരുമാണ്. അവരെക്കുറിച്ചുള്ള വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ പരിശുദ്ധ ഖുർആനിലും ഹദീസിലും വിശ്വാസം ശരിയാവുകയുള്ളൂ. മഹാന്മാരായ സ്വഹാബത്തിന്റെ മഹത്വം ഉയർത്തുന്നതിന് പരിശ്രമിച്ച മഹാത്മാക്കളുടെ ഒരു കൂട്ടായ്മയാണ് ജംഇയ്യത്തുൽ ഉലമാ ഹിന്ദ് എന്ന് പറയുന്നതിൽ എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്.
മഹാന്മാരായ സ്വഹാബത്തിന്റെ മഹത്വം അതിനെ ഉൾക്കൊള്ളുകയും ഉയർത്തിപ്പിടിക്കുകയും ചെയ്ത ഒരുകൂട്ടം മഹാത്മാക്കളുടെ പിൻഗാമികളാകാൻ നമുക്ക് അവസരം ലഭിച്ചതിൽ സന്തോഷിക്കുക. നാമും അവരുടെ പരിശ്രമ വഴിയിൽ ഭാഗവാക്കാകുക.
സ്വഹാബത്ത് ഇസ്‌ലാമിക സന്ദേശങ്ങളുടെ അടിസ്ഥാനം.
മൗലാനാ സയ്യിദ് ജലാലുദ്ദീൻ ഉമരി
(മുൻ അമീർ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്)
ഞാൻ ആദ്യമായി എന്റെ ഭാഗത്തുനിന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ഭാഗത്തുനിന്നും മൗലാനാ അർഷദ് മദനി സാഹിബിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു; സ്വഹാബാ കിറാമിന്റെ മഹത്വവുമായി ബന്ധപ്പെട്ട് ഇത്തരമൊരു കോൺഫറൻസ് അദ്ദേഹം വിളിച്ചു കൂട്ടിയത് വളരെ ശ്ലാഘനീയമാണ്. അതെ, ഈ ദീൻ നമ്മളിലേക്ക് എത്തിച്ചേർന്നത് സ്വഹാബാ കിറാം വഴിയായിട്ടാണ്. അല്ലാഹു പരിശുദ്ധ ഖുർആനിൽ അറിയിക്കുന്നു: "നിങ്ങൾ ഉത്തമ സമൂഹമാകുന്നു."
തീർച്ചയായും ഇതിൽ പറയുന്ന കാര്യം ലോകത്തെ മുഴുവൻ മുസ്‌ലിംകൾക്കും ബാധകമാണ്. എന്നാൽ, ഇതിന്റെ ഏറ്റവും ആദ്യത്തെ അഭിസംബോധിതർ സ്വഹാബാ കിറാമാണ്. സ്വഹാബാ കിറാമിനെ പഠിക്കലും പകർത്തലും പ്രചരിപ്പിക്കലും കാലഘട്ടത്തിൻ്റെ വലിയൊരു ആവശ്യമാണ്. നാമെല്ലാവരും അതിനു സന്നദ്ധമാകണമെന്ന് ഞാൻ ആത്മാർത്ഥമായി ഉപദേശിക്കുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ!
സ്വഹാബത്തിൻ്റെ മഹത്വം മുൻഗാമികൾ ഏകോപിച്ച കാര്യം.
മൗലാനാ സയ്യിദ് ശാഹിദ് മളാഹിരി
(ജനറൽ സെക്രട്ടറി, ജാമിഅ മസാഹിറുൽ ഉലൂം, സഹാരൻപൂർ)
സ്വഹാബത്തിൻ്റെ മഹത്വം മുൻഗാമികളായ മഹാത്മാക്കൾ ഏകോപിച്ച കാര്യമാണ്.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പ്രസ്താവിക്കുന്നു: "അന്ത്യനാൾ വരെ മുസ്‌ലിംകൾക്ക് ലഭിക്കുന്ന എല്ലാ നന്മകളുടെയും അടിസ്ഥാനം സ്വഹാബാക്കളാണ്. ആ നന്മ ദീനിന്റെ ഏത് കാര്യവുമായി ബന്ധപ്പെട്ടതാണെങ്കിലും ശരി. ആരാധനകളോ, ഇടപാടുകളോ, സ്വഭാവ മര്യാദകളോ, സാമൂഹിക ജീവിതമോ എന്തുമാകട്ടെ, അതെല്ലാം സ്വഹാബെ കിറാമിന്റെ പരിശ്രമങ്ങളുടെ ഫലമാണ്. അതുകൊണ്ട് അന്ത്യനാൾ വരെ ഈ ഉമ്മത്തിൽ വരുന്ന ഓരോ വ്യക്തിയുടെ മേലും സ്വഹാബെ കിറാമിന്റെ വലിയ ഉപകാരം ഉണ്ട്."
പടച്ചവൻ അവരെ അനുഗ്രഹിക്കുകയും അവരെ പിൻപറ്റാൻ നമുക്ക് നൽകുകയും ചെയ്യട്ടെ!
PROGRAM LINK: https://youtu.be/uXyEXpJfxkA
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
പ്രവാചക കുടുംബവും സഹാബാ മഹത്തുക്കളും
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(അധ്യക്ഷൻ, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്)
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. أما بعد
فأعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
സ്ഥാനങ്ങൾ രണ്ടുതരം ഉണ്ട്. ഒന്ന്, ഇക്ത്തിസാബി. അതായത് ത്യാഗപരിശ്രമങ്ങളിലൂടെ കരസ്ഥമാക്കാൻ കഴിയുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തി ഇൽമിൽ പരിശ്രമിച്ച് ആലിമാവുന്നു. മറ്റൊരു വ്യക്തി സുന്നത്തുകളിൽ നിഷ്ട കാണിച്ചും പാപങ്ങളിൽ നിന്നും അകന്നുകഴിഞ്ഞ് വലിയ്യ് ആകുന്നു. രണ്ട്, ഇജ്തിബാഈ. അതായത് അല്ലാഹു ചില വ്യക്തിത്വങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുന്നതാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് പ്രവാചകന്മാരെ പ്രവാചകത്വത്തിന് തെരഞ്ഞെടുക്കുന്നത്. (ആലുഇംറാൻ 179). പ്രവാചകത്വം ആരുടെയും പരിശ്രമം കൊണ്ട് നേടിയെടുക്കാൻ പറ്റുന്ന കാര്യമല്ല. അല്ലാഹു അതിനുവേണ്ടി പ്രത്യേകമായി തെരഞ്ഞെടുക്കുന്നതാണ്. ഇതുപോലെ അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി ﷺ യുടെ ബന്ധുക്കളായ അഹ്‌ലുബൈത്തിനെയും സഹാബത്തിനെയും അല്ലാഹു തെരഞ്ഞെടുത്തതാണെന്ന് ഹദീസിൽ വന്നിരിക്കുന്നു. അതായത് ഇവർ റസൂലുല്ലാഹി ﷺ യോട് യാദൃശ്ചികമായി ബന്ധപ്പെട്ടതല്ല. റസൂലുല്ലാഹി ﷺ യുടെ സേവന സഹായങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും അല്ലാഹു ഇവരെ തെരഞ്ഞെടുത്തതാണ്. ഇബ്‌നു മസ്ഊദ് പ്രസ്താവിക്കുന്നു: അല്ലാഹു അടിമകളുടെ മനസ്സുകൾ പരിശോധിച്ചു. അതിൽ ഏറ്റവും ഉത്തമ മനസ്സ് റസൂലുല്ലാഹി ﷺ യുടേതാണെന്ന് കണ്ടെത്തി പ്രവാചകത്വം കനിഞ്ഞരുളി. ശേഷം മറ്റുള്ളവരുടെ മനസ്സുകളിലേക്ക് നോക്കിയപ്പോൾ സഹാബത്തിന്റെ മനസ്സിനെ ഉത്തമമായി കണ്ടെത്തുകയും അവരെ റസൂലുല്ലാഹി ﷺ യുടെ സഹായികളായി തെരഞ്ഞെടുക്കുകയും ചെയ്തു. (അഹ്മദ് 3600). സഹാബത്തിന്റെ മനസ്സ് വളരെ പരിശുദ്ധവും അറിവ് ആഴമേറിയതും ജീവിതം പ്രകടന രഹിതവുമായിരുന്നു. അല്ലാഹു തആല അവരെ റസൂലുല്ലാഹി ﷺ യുടെ സഹവാസത്തിന് തെരഞ്ഞെടുത്തു. (അഹ്മദ് 12398).
റസൂലുല്ലാഹി ﷺ യെ സത്യവിശ്വാസത്തോട് കൂടി ദർശിക്കുകയും ഈമാനിന്റെ അവസ്ഥയിൽ മരണപ്പെടുകയും ചെയ്തവരെല്ലാം സഹാബികളാണ്. ഇവരെക്കുറിച്ച് പരിശുദ്ധ ഖുർആനിലും ഹദീസിലും ധാരാളം മഹത്വങ്ങൾ പറയപ്പെട്ടിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് അഹ്‌ലുബൈത്ത്. അതായത് റസൂലുല്ലാഹി ﷺ യുമായി വിവാഹ കുടുംബ ബന്ധമുള്ളവർ. ഇവരും പൊതു സഹാബത്തും പരസ്പരം സ്‌നേഹാദരവുകളിലും സഹകരിച്ചുമാണ് കഴിഞ്ഞിരുന്നത്. കൂടാതെ, പ്രവാചക കുടുംബാംഗങ്ങളായ പവിത്ര പത്നിമാരും അനുഗ്രഹീത സന്താനങ്ങളും പരസ്പരം സമുന്നത ബന്ധമായിരുന്നു. ഈ വിഷയം പ്രത്യേകം പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതായതിനാൽ അൽപ്പം വിശദമായി ഇവിടെ കൊടുക്കുകയാണ്.
പ്രവാചക കുടുംബത്തിലെ തിളങ്ങുന്ന താരം സ്വർഗ്ഗ വനിതകളുടെ നായികയായ ഫാത്തിമത്തുസ്സഹ്‌റാഅ് ആണ്. മഹതിയുടെ മഹത്വങ്ങൾ വിവരിക്കുന്ന ഹദീസുകളിൽ ബഹുഭൂരിഭാഗവും നിവേദനം ചെയ്തിട്ടുള്ളത് ഉമ്മുൽ മുഅ്മിനീൻ ആഇശ ആണ്. ആഇശ തന്നെ പ്രസ്താവിക്കുന്നു: ഫാത്തിമയുടെ പിതാവ് റസൂലുല്ലാഹി ﷺ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ടയായ ഞാൻ കാണുന്നത് ഫാത്തിമയെയാണ്. (ത്വബ്‌റാനി). സംസാരങ്ങളിലും പെരുമാറ്റങ്ങളിലും റസൂലുല്ലാഹി ﷺ യോട് ഏറ്റവും വലിയ സാദൃശ്യമുണ്ടായിരുന്നത് ഫാത്തിമ യ്ക്കാണ്. (ഇസ്തിആബ്). ഫാത്തിമ യുടെ നടത്തം റസൂലുല്ലാഹി ﷺ യുടെ നടത്തം പോലെ തന്നെയായിരുന്നു. (ഇസാബാ).
മഹാന്മാരായ അബൂബക്ർ , അലിയ്യ് ഇരുവരും പരസ്പരം വലിയ സ്‌നേഹാദരവുകൾ പുലർത്തിയിരുന്നു. റസൂലുല്ലാഹി ﷺ യുടെ വഫാത്തിന് തൊട്ടുമുമ്പുള്ള നമസ്‌ക്കാരങ്ങൾക്ക് റസൂലുല്ലാഹി ﷺ യുടെ നിർദ്ദേശ പ്രകാരം ഇമാമത്ത് നിർവ്വഹിച്ചിരുന്നത് അബൂബക്ർ ആണ്. ഈ നമസ്‌ക്കാരങ്ങളിൽ അലിയ്യ് കൃത്യനിഷ്ടയോടെ പങ്കെടുത്തിരുന്നു. പ്രസിദ്ധ ചരിത്രകാരൻ ഇബ്‌നു കസീർ (റഹ്) പറയുന്നത് അനുസരിച്ച് സിദ്ദീഖ് ഖലീഫയാക്കപ്പെട്ട അന്നുതന്നെയോ അടുത്ത ദിവസമോ അലിയ്യ് മഹാനെ ബൈഅത്ത് ചെയ്യുകയും ആറുമാസത്തിന് ശേഷം അത് പുതുക്കുകയും ചെയ്തു. (അൽവിദായ 5/249). ഒരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: ഒരു വ്യക്തി അലിയ്യ് നെ സമീപിച്ച് ബൈഅത്ത് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു. താങ്കൾ ആഗ്രഹിച്ചാൽ മദീനയിൽ പ്രശ്‌നക്കാരെക്കൊണ്ട് നിറയ്ക്കാമെന്നും പറഞ്ഞു. അലിയ്യ് തടഞ്ഞുകൊണ്ട് അരുളി: അബൂബക്ർ അധികാരത്തിന് അർഹനല്ലായിരുന്നുവെങ്കിൽ സഹാബത്ത് അദ്ദേഹത്തിന് അധികാരം ഏൽപ്പിക്കുകയില്ലായിരുന്നു. (കൻസുൽ ഉമ്മാൽ 3/ 141). ഖിലാഫത്തിന്റെ ആദ്യ ഘട്ടത്തിൽ സിദ്ദീഖ് ഒരു പോരാട്ടത്തിനുവേണ്ടി മദീനയിൽ നിന്നും പുറപ്പെട്ടു. ഇത് അറിഞ്ഞ അലിയ്യ് സൈന്യത്തിലേക്ക് വരുകയും സിദ്ദീഖ് ന്റെ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: ഈ സങ്കീർണ്ണമായ സന്ദർഭത്തിൽ താങ്കൾ മദീനയിൽ നിന്നും പുറത്തേക്ക് പോകരുത്. അത് ഞങ്ങൾക്ക വലിയ വിഷമമുണ്ടാക്കും! ആത്മാർത്ഥ സ്‌നേഹമുള്ളവർ മാത്രമേ ഇത്തരം വാക്കുകൾ പറയുകയുള്ളൂ. വെറുപ്പുള്ളവർ ഒരിക്കലും ഇങ്ങനെ പറയുകയില്ല. ഇപ്രകാരം സിദ്ദീഖ് ന്റെ വിയോഗ വിവരം അറിഞ്ഞ ഉടനെ അലിയ്യ് സിദ്ദീഖ് ന്റെ വീട്ടിൽ എത്തി. തദവസരം അദ്ദേഹം പറഞ്ഞു: അബൂബക്‌റേ, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. അല്ലാഹുവിൽ സത്യം താങ്കൾ പ്രഥമ മുസ്‌ലിമാണ്. സമ്പൂർണ്ണ വിശ്വാസിയാണ്. അടിയുറപ്പുള്ള വ്യക്തിത്വമാണ്. ഏറ്റവും കൂടുതൽ ഭയഭക്തി പുലർത്തിയവരാണ്. റസൂലുല്ലാഹി ﷺ യെ വളരെയധികം പിൻപറ്റിയവരാണ്. റസൂലുല്ലാഹി ﷺ താങ്കളെ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു! തുടർന്ന് സുദീർഘമായ നിലയിൽ സിദ്ദീഖ് ന്റെ വിശേഷണങ്ങൾ വിവരിക്കുകയും ചെയ്തു. (അൽ മുർതസാ അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി 93). മറുഭാഗത്ത് അബൂബക്ർ സിദ്ദീഖ് നും അഹ്‌ലുബൈത്തിനോട് അത്യധികം ആദരവായിരുന്നു. ഒരിക്കൽ അസ്ർ നമസ്‌ക്കാരത്തിന് ശേഷം സിദ്ദീഖ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹസ്രത്ത് ഹസൻ കുട്ടികളോടൊപ്പം കളിക്കുന്നത് കണ്ടു. സിദ്ദീഖ് ഹസൻ നെ തോളിലേറ്റുകയും ഇപ്രകാരം പറയുകയും ചെയ്തു: ഹായ്, റസൂലുല്ലാഹി ﷺ യോട് നല്ല സാദൃശ്യമുണ്ട്, അലിയ്യ് വിനോട് ഇല്ല! ഹസ്രത്ത് അലിയ്യ് ഇത് കേട്ടുകൊണ്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. (ബുഖാരി).
ഇതേ സഹകരണവും സ്‌നേഹാദരവുകളും ഹസ്രത്ത് ഉമർ ഹസ്രത്ത് അലിയ്യ് ഇരുവർക്കുമിടയിലും ഉണ്ടായിരുന്നു. ഒരിക്കൽ സകാത്തിന്റെ മൃഗങ്ങളുടെ കണക്ക് എടുക്കുന്നതിന് ഇരുവരും ഒരുമിച്ച് പോയി. ഹസ്രത്ത് ഉസ്മാൻ അവിടെ ഒരു തണലിൽ കണക്ക് പുസ്തകവുമായിട്ട് ഇരുന്നു. ഹസ്രത്ത് അലിയ്യ് നെ അവിടെ ഇരുത്തി. ഹസ്രത്ത് ഉമർ ഓരോ മൃഗങ്ങളുടെയും നിറവും പല്ലും മറ്റും വിശദീകരിക്കുകയും ഹസ്രത്ത് അലിയ്യ് എണ്ണം പറഞ്ഞുകൊടുത്ത് എഴുതിക്കുകയും ചെയ്തുകൊണ്ടിരുന്നു. കടുത്ത വെയിലിൽ ഹസ്രത്ത് ഉമർ നടന്ന് പണിയെടുക്കുന്നത് കണ്ട് ഹസ്രത്ത് അലിയ്യ് ഖുർആനിലെ ഒരു ആയത്ത് ഓതിക്കൊണ്ട് പറഞ്ഞു: തീർച്ചയായും ഹസ്രത്ത് ഉമർ ശക്തിമാനും വിശ്വസ്തനുമാണ്. (കാമിൽ 3/55). ഹസ്രത്ത് ഉമർ പ്രധാനപ്പെട്ട ഒരു കാര്യവും ഹസ്രത്ത് അലിയ്യ് നോട് കൂടിയാലോചിക്കാതെ തീരുമാനിച്ചിരുന്നില്ല. അഭിപ്രായ ഭിന്നതയുടെ സന്ദർഭത്തിൽ അലിയ്യ് ന്റെ അഭിപ്രായത്തിനാണ് മുൻഗണന കൊടുക്കുന്നത്. പേർഷ്യൻ പോരാട്ടത്തിൽ ഇറാനികൾ ശക്തമായ ഒരുക്കം നടത്തിയപ്പോൾ ഹസ്രത്ത് ഉമർ ഇസ്‌ലാമിക സൈന്യത്തോടൊപ്പം പുറപ്പെടണം എന്ന് പല സഹാബികളും അഭിപ്രായപ്പെട്ടു. ഹസ്രത്ത് അലിയ്യ് പറഞ്ഞു: താങ്കൾ പോകരുത്. പകരം ആളെ അയക്കുക. താങ്കൾക്ക് വല്ലതും സംഭവിച്ചാൽ സമുദായത്തിന് മുഴുവൻ പ്രശ്‌നമാകും. ഹസ്രത്ത് ഉമർ പറഞ്ഞു: എന്റെ അഭിപ്രായവും ഇതുതന്നെ. (അൽ മുർതസാ 105). സിറിയൻ പോരാട്ടത്തിലും ഇതേ അഭിപ്രായം ഉയർന്നെങ്കിലും അവിടെയും ഹസ്രത്ത് അലിയ്യ് തടഞ്ഞുനിർത്തി. (അൽ മുർതസാ 106). എന്നാൽ ബൈത്തുൽ മുഖദ്ദസ് കീഴടങ്ങുകയും സന്ധി പത്രം എഴുതാൻ ഖലീഫ വരണമെന്ന് ക്രൈസ്തവർ ആവശ്യപ്പെടുകയും ചെയ്തപ്പോൾ ഹസ്രത്ത് ഉസ്മാൻ പോകരുതെന്നും ഹസ്രത്ത് അലിയ്യ് പോകണമെന്നും അഭിപ്രായപ്പെട്ടു. ഹസ്രത്ത് ഉമർ ഇത് സ്വീകരിക്കുകയും ഹസ്രത്ത് അലിയ്യ് നെ മദീനയിൽ പകരക്കാരനാക്കി യാത്ര തിരിക്കുകയും ചെയ്തു. ഹസ്രത്ത് ഉമറുൽ ഫാറൂഖ് അവർകളും അഹ്‌ലുബൈത്തിനെ അത്യധികം ആദരിച്ചിരുന്നു. ഒരിക്കൽ യമനിൽ നിന്നും വിലകൂടിയ ഏതാനും വസ്ത്രങ്ങൾ വന്നു. ഹസ്രത്ത് ഉമർ അത് ജനങ്ങൾക്ക് വീതിച്ചു. അൽപ്പം കഴിഞ്ഞ് ഹസൻ ഹുസൈൻ ഇരുവരും വന്നപ്പോൾ അവർക്ക് വസ്ത്രം കിട്ടിയില്ലെന്ന് മനസ്സിലായി. ഇതറിഞ്ഞ് ഹസ്രത്ത് ഉമർ വളരെ അസ്വസ്ഥമാവുകയും യമനിൽ നിന്നും ഉടനടി പ്രസ്തുത വസ്ത്രം വരുത്തുകയും അവരെ ധരിപ്പിക്കുകയും ചെയ്തു. (ഇസാബ 1/106). ഫാറൂഖീ യുഗത്തിൽ സാമ്പത്തിക വിശാലത ഉണ്ടായപ്പോൾ ഹസ്രത്ത് ഉമർ എല്ലാവർക്കും സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചു. ഇത് ആരിൽ നിന്നും തുടങ്ങണമെന്ന് ചോദിച്ചപ്പോൾ അബ്ദുർറഹ്മാൻ പറഞ്ഞു: താങ്കളുടെ കുടുംബത്തിൽ നിന്നും ആരംഭിക്കുക. ഹസ്രത്ത് ഉമർ പറഞ്ഞു: ഇല്ല. റസൂലുല്ലാഹി ﷺ യുടെ കുടുംബത്തിൽ നിന്നും തുടങ്ങാം. അങ്ങനെ ആദ്യം ഹസ്രത്ത് അബ്ബാസ് , തുടർന്ന് ഹസ്രത്ത് അലിയ്യ് , ശേഷം ഹസനൈൻ ഇരുവർക്കും നൽകി. ഇരുവരും കുട്ടികൾ ആയിരുന്നെങ്കിലും നബവീ ബന്ധം കാരണം അവർക്ക് നൽകുകയാണെന്ന് പ്രസ്താവിച്ചു. (കിതാബുൽ ഖറാജ് 24). ഇരുമഹാന്മാർക്കും ബദ്‌രീ സഹാബികൾക്ക് തുല്യമായ തുകയാണ് നൽകിയത്. (അൽ മുർതസാ 110). ഇടയ്ക്കിടെ തന്റെ അരികിൽ വരണമെന്ന് ഹസ്രത്ത് ഉമർ ഹസ്രത്ത് ഹുസൈൻ നോട് പറഞ്ഞിരുന്നു. ഒരിക്കൽ ചെന്നപ്പോൾ ഹസ്രത്ത് ഉമർ കൂടിയാലോചനയിലായിരുന്നു. മകൻ പ്രവേശിക്കാൻ ഉദ്ദേശിച്ചപ്പോൾ ഹസ്രത്ത് ഉമർ തടഞ്ഞു. ഇത് കണ്ട ഹസ്രത്ത് ഹുസൈൻ മടങ്ങി. പിന്നീട് കണ്ടപ്പോൾ വരാതിരുന്നതിന്റെ കാരണം തിരക്കി. ഹസ്രത്ത് ഹുസൈൻ കാരണം പറഞ്ഞു. ഹസ്രത്ത് ഉമർ പ്രസ്താവിച്ചു: ഉമറിന്റെ മകനേക്കാളും താങ്കൾക്ക് അർഹതയുണ്ട്. തുടർന്ന് തലയിൽ കൈവെച്ചുകൊണ്ട് അരുളി: ഇതിൽ ഈമാനിന്റെ ചെടി നട്ടുപിടിപ്പിക്കപ്പെട്ടത് നിങ്ങളുടെ കുടുംബം കാരണമായിട്ടാണ്. (ഇസാബി 1/135). ഹസ്രത്ത് ഉമർ ന് പ്രവാചക കുടുംബത്തോടുള്ള ഇതേ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായ വ്യത്യാസം ഉണ്ടായിരുന്നിട്ടും ഹസ്രത്ത് അലി ഹസ്രത്ത് ഫാത്തിമ ഇരുവരുടെയും മകളായ ഉമ്മുകുൽസൂം യെ വിവാഹ അഭ്യർത്ഥന നടത്തിയത്. പ്രവാചക കുടുംബവുമായി ബന്ധം ആഗ്രഹിക്കുന്നു എന്ന ഒരൊറ്റ കാരണം മാത്രമാണ് ഹസ്രത്ത് ഉമർ പറഞ്ഞത്. ഹസ്രത്ത് അലിയ്യ് ഈ അപേക്ഷ സ്വീകരിക്കുകയും വിവാഹം നടക്കുകയും ഇരുവരും വളരെ സന്തോഷത്തോടെ ജീവിക്കുകയും ഈ ബന്ധത്തിൽ സൈദ് ജനിക്കുകയും ചെയ്തു. ഹസ്രത്ത് ഉമർ വഫാത്തായപ്പോൾ അലിയ്യ് മുഖത്ത് നിന്നും വസ്ത്രം മാറ്റിയ ശേഷം ഇപ്രകാരം പറഞ്ഞു: അബൂ ഹഫ്‌സേ, അല്ലാഹുവിന്റെ അനുഗ്രഹം താങ്കളുടെ മേൽ ഉണ്ടാകട്ടെ. റസൂലുല്ലാഹി ﷺ കഴിഞ്ഞാൽ എന്റെ ആഗ്രഹം താങ്കളുടെ പ്രവർത്തനം പോലെയുള്ള പ്രവർത്തനം ഞാൻ ചെയ്യണമെന്നാണ്. (അഹ്മദ്). തദവസരം ഹസ്രത്ത് അലിയ്യ് വളരെക്കൂടുതലായി കരയുകയും ഹസ്രത്ത് ഉമർ ന്റെ വിയോഗം ലോകാവസാനംവരെയും തീരാത്ത നഷ്ടമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. (മുർതസാ 144).
ഹസ്രത്ത് ഉസ്മാൻ ഹസ്രത്ത് അലിയ്യ് ഇരുവർക്കിടയിൽ കുടുംബ ബന്ധത്തോടൊപ്പം റസൂലുല്ലാഹി ﷺ യുടെ മരുമക്കൾ എന്ന ബന്ധവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ വലിയ സ്‌നേഹവും സഹകരണവുമായിരുന്നു. ഇബ്‌നു സബഇന്റെ ആളുകൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ഹസ്രത്ത് ഉസ്മാൻ നെ അക്രമിക്കുകയും ചെയ്തപ്പോൾ ഹസ്രത്ത് ഉസ്മാൻ ന്റെ വീടിന് കാവൽ നിന്നത് ഹസൻ ഹുസൈൻ ഇരുവരുമാണ്. (അൽ ബിദായ 7/181). പ്രശ്‌നക്കാർക്കെതിരിൽ യുദ്ധം ചെയ്യട്ടെ എന്ന് അലിയ്യ് രണ്ട് പ്രാവശ്യം അനുമതി തേടിയെങ്കിലും ഹസ്രത്ത് ഉസ്മാൻ വിസമ്മതിച്ചു. അക്രമികൾ ഹസ്രത്ത് അലിയ്യ് നോട് ഇമാമത്ത് നിൽക്കാൻ ആവശ്യപ്പെട്ടങ്കിലും ഹസ്രത്ത് അലിയ്യ് സമ്മതിച്ചില്ല. അക്രമികൾ ഹസ്രത്ത് ഉസ്മാൻ ന് ദാഹജലം പോലും തടഞ്ഞപ്പോൾ അവരുടെ ആക്ഷേപങ്ങൾ പോലും വകവെക്കാതെ അലിയ്യ് ദാഹജലം എത്തിക്കുകയുണ്ടായി. (അൽ ബിദായ 7/187).
അഹ്‌ലുബൈത്തിനും ഇതര സഹാബികൾക്കുമിടയിൽ ഉത്തമ ബന്ധമായിരുന്നു എന്നതിനുള്ള ഒരു പ്രധാന അടയാളം ഇരുകൂട്ടർക്കും ഇടയിലുള്ള വിവാഹ ബന്ധങ്ങളാണ്. അബൂബക്ർ സിദ്ദീഖ് ചെറുമകളെ ഹസൻ ന് വിവാഹം കഴിച്ചുകൊടുത്തു. അഹ്‌ലുബൈത്തിലെ പ്രധാന വ്യക്തിത്വം ഹസ്രത്ത് മുഹമ്മദ് ബാഖിർ (റഹ്) വിവാഹം കഴിച്ചത് സിദ്ദീഖ് ന്റെ പൗത്രി ഉമ്മു ഫർവയെയാണ്. ഈ ഉമ്മു ഫർവാ യാണ് ഇമാം അബൂ ഹനീഫയുടെയും നിരവധി അഹ്‌ലുസ്സുന്ന ഫുഖഹാഇന്റെയും ഗുരുവര്യനായ ഹസ്രത്ത് ജഅ്ഫർ സ്വാദിഖ് (റഹ്) യുടെ മാതാവ്. ഹസ്രത്ത് ഉമർ ഉമ്മുകുൽസൂം യെ വിവാഹം കഴിച്ച കാര്യം സൂചിപ്പിച്ചുവല്ലോ. ഇതുകൂടാതെ, ഇവർക്കിടയിൽ വേറെയും ധാരാളം വിവാഹ ബന്ധങ്ങളുണ്ട്. (വിവരണത്തിന് കാന്ദലയിലെ മുഫ്തി ഇലാഹി ബഖ്ശ് അക്കാദമി പ്രസിദ്ധീകരിച്ച അഹ്‌ലുൽ ബൈത്തി വസ്സഹാബ സുഹ്ബത്തുൻ വ ഖറാബ എന്ന ലഘുലേഖ നോക്കുക). പരസ്പരം സ്‌നേഹമില്ലാത്തവർ കുടുംബ ബന്ധത്തിന് തയ്യാറാവുകയില്ലല്ലോ?
മറ്റൊരു പ്രധാന അടയാളം ഇരുവിഭാഗവും മക്കൾക്ക് മറ്റുള്ളവരുടെ നാമങ്ങൾ സ്വീകരിച്ചിരുന്നു. അലിയ്യ് ന്റെ ഒരു മകന്റെ പേര് അബൂബക്ർ എന്നാണ്. ഈ മഹാൻ കർബലയിൽ ശഹീദായി. ഹസൻ നും ഇതേ പേരുള്ള ഒരു മകനുണ്ടായിരുന്നു. ഇദ്ദേഹവും കർബലയിൽ ശഹീദായി. ഹുസൈൻ ന്റെ പരമ്പര മുമ്പോട്ട് നീങ്ങിയ മകൻ അലിയ്യിന്റെ അപരനാമം അബൂബക്ർ എന്നായിരുന്നു. ഹസ്രത്ത് അലിയ്യ് രിളായുടെ ഒരു മകന്റെ പേരും അബൂബക്ർ എന്നാണ്. ഇപ്രകാരം അലിയ്യ് ഹസൻ ഹുസൈൻ അലിയ്യ് സൈനുൽ ആബിദീൻ ഇവർ എല്ലാവരുടെയും ഒരു മകന്റെ പേര് ഉമർ എന്നായിരുന്നു. അലിയ്യ് അഖീൽ ഇരുവർക്കും ഉസ്മാൻ എന്ന പേരിൽ രണ്ട് മക്കളുണ്ടായിരുന്നു. മൂസാ ഖാളിം (റഹ്), ജഅ്ഫർ (റഹ്), അലിയ്യ് രിളാ (റഹ്) ഇവർക്ക് ആഇശ എന്ന പേരിൽ പെൺമക്കളുണ്ട്. (വിവരണത്തിന് അൽ അസ്മാഉ വൽ മുസാഹിറാത്ത് ബൈന അഹ്‌ലുൽ ബൈത്ത് വ സ്സഹാബാ എന്ന രചന നോക്കുക. ഇതും മുഫ്തി ഇലാഹീ ബഖ്ശ് അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.). ചെറിയ വെറുപ്പെങ്കിലുമുള്ളവരുടെ നാമം സ്വന്തം മക്കൾക്ക് ആരും ഇടുകയില്ലല്ലോ. ചുരുക്കത്തിൽ ഇവർ എല്ലാവരും നിഷ്‌കളങ്കമായ നിലയിൽ പരസ്പരം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അവരുടെ മനസ്സുകൾ ശത്രുത പകകളിൽ നിന്നും പരിശുദ്ധമായിരുന്നു. പരലോകത്തിലും അവർ അങ്ങനെ തന്നെയായിരുന്നു. നാമും അവരും പിൻപറ്റിക്കൊണ്ട് ഇരുവിഭാഗത്തെയും സ്‌നേഹിച്ച് ആദരിക്കുക. പരിശുദ്ധ ഖുർആൻ പറയുന്നു: സഹാബത്തിന് ശേഷം വരുന്നവർ ഇപ്രകാരം പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്ന ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ മനസ്സിൽ സത്യവിശ്വാസികളെക്കുറിച്ച് പകവയ്ക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, നീ വലിയ അലിവും കരുണയും ഉള്ളവനാണ്.(ഹഷ്ർ 10)
🔹🔹🔹🔹🔹🔹🔹
മആരിഫുൽ ഖുർആൻ
സൂറത്തുല്‍ ഹുജുറാത്ത്
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
സ്വഹാബത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണ ദൂരീകരിക്കുക, പരസ്പര ബന്ധങ്ങള്‍ നന്നാക്കുക
ആയത്ത് 9,10
وَإِن طَآئِفَتَانِ مِنَ ٱلۡمُؤۡمِنِينَ ٱقۡتَتَلُواْ فَأَصۡلِحُواْ بَيۡنَهُمَاۖ فَإِنۢ بَغَتۡ إِحۡدَىٰهُمَا عَلَى ٱلۡأُخۡرَىٰ فَقَٰتِلُواْ ٱلَّتِي تَبۡغِي حَتَّىٰ تَفِيٓءَ إِلَىٰٓ أَمۡرِ ٱللَّهِۚ فَإِن فَآءَتۡ فَأَصۡلِحُواْ بَيۡنَهُمَا بِٱلۡعَدۡلِ وَأَقۡسِطُوٓاْ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةٞ فَأَصۡلِحُواْ بَيۡنَ أَخَوَيۡكُمۡۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ
മുസ്ലിംകളിലെ രണ്ട് വിഭാഗം പരസ്പരം പോരടിച്ചാല്‍ അവര്‍ക്കിടയില്‍ നിങ്ങള്‍ യോജിപ്പുണ്ടാക്കുക. ഇനി ഒരുകൂട്ടര്‍ മറ്റുള്ളവരുടെമേല്‍ അതിക്രമം കാട്ടിയാല്‍ അക്രമികള്‍ അല്ലാഹുവിന്‍റെ കല്പനയിലേക്ക് മടങ്ങുന്നതുവരെ അവരോട് നിങ്ങള്‍ പോരാടുക. അപ്പോള്‍ അവര്‍ പിന്മാറിയാല്‍ അവര്‍ ഇരുവര്‍ക്കുമിടയില്‍ നീതിയോടെ യോജിപ്പുണ്ടാക്കുക. നീതി മുറുകെ പിടിക്കുക. തീര്‍ച്ചയായും നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. (9) തീര്‍ച്ചയായും സത്യവിശ്വാസികള്‍ സഹോദരന്മാരാണ്. ആകയാല്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുക. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടേക്കാം. (10)
ആശയ സംഗ്രഹം
മുസ്ലിംകളിലെ രണ്ട് വിഭാഗം പരസ്പരം പോരടിച്ചാല്‍ അവര്‍ക്കിടയില്‍ നിങ്ങള്‍ യോജിപ്പുണ്ടാക്കുക. അതായത് വഴക്കിന്‍റെ അടിസ്ഥാനത്തെ ദൂരീകരിച്ച് പോരാട്ടം നിര്‍ത്തലാക്കുക. യോജിപ്പിന് വേണ്ടി പരിശ്രമിച്ചതിന് ശേഷവും ഒരുകൂട്ടര്‍ മറ്റുള്ളവരുടെ മേല്‍ അതിക്രമം കാട്ടുകയും വഴക്ക് അവസാനിപ്പിക്കാതിരിക്കുകയും ചെയ്താല്‍ അക്രമികള്‍ അല്ലാഹുവിന്‍റെ കല്പനയായ പോരാട്ടം അവസാനിപ്പിക്കുന്നതിലേക്ക് മടങ്ങുന്നതുവരെ അവരോട് നിങ്ങള്‍ പോരാടുക. അപ്പോള്‍ അക്രമികളായര്‍ പടച്ചവന്‍റെ കല്‍പ്പനയിലേക്ക് മടങ്ങിയാല്‍ അതായത് പോരാട്ടം അവസാനിപ്പിച്ചാല്‍ അവര്‍ ഇരുവര്‍ക്കുമിടയില്‍ നീതിയോടെ യോജിപ്പുണ്ടാക്കുക. അതായത് ശരീഅത്ത് നിയമങ്ങള്‍ പാലിച്ചുകൊണ്ട് അവരുടെ പ്രശ്നം പരിഹരിക്കുക. വെറും പോരാട്ടം അവസാനിപ്പിച്ചാല്‍ മാത്രം മതിയാകുന്നതല്ല. പ്രശ്നം ഇല്ലാതാക്കിയില്ലെങ്കില്‍ വീണ്ടും പോരാട്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. നീതി മുറുകെ പിടിക്കുക. ആരുടെയും മാനസിക താല്‍പ്പര്യം വാഴാതിരിക്കാന്‍ ശ്രദ്ധിക്കുക. തീര്‍ച്ചയായും നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. തീര്‍ച്ചയായും സത്യവിശ്വാസികള്‍ എല്ലാവരും ആത്മീയ ബന്ധമായ ദീനിന്‍റെ വിഷയത്തില്‍ പരസ്പരം സഹോദരന്മാരാണ് എന്നതുകൊണ്ടാണ് പരസ്പരം യോജിപ്പിന്‍റെ കല്‍പ്പന നല്‍കിയിരിക്കുന്നത്. ആകയാല്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുക. അതിലൂടെ ഇസ്ലാമിക സാഹോദര്യം നിലവില്‍ വരുന്നതാണ്. യോജിപ്പുണ്ടാക്കുന്ന സമയത്ത് അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുകയും പടച്ചവന്‍റെ നിയമങ്ങളെ പാലിക്കുകയും ചെയ്യുക. അതിലൂടെ നിങ്ങള്‍ അനുഗ്രഹിക്കപ്പെടുന്നതാണ്.
വിവരണവും വ്യാഖ്യാനവും
ആയത്തുകള്‍ക്കിടയിലുള്ള ബന്ധം: കഴിഞ്ഞ ആയത്തുകളില്‍ റസൂലുല്ലാഹി (സ)യോടുള്ള കടമകളും മര്യാദകളും റസൂലുല്ലാഹി (സ)യ്ക്ക് ഉപദ്രവമുണ്ടാകുന്ന കാര്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന കല്‍പ്പനയും വിവരിക്കപ്പെട്ടു. അടുത്തതായി പൊതുജനങ്ങള്‍ക്കിടയില്‍ വ്യക്തിപരവും സാമൂഹികവുമായ പുലര്‍ത്തേണ്ട കടമകളും മര്യാദകളും വിവരിക്കുകയും ആരെയും ഒരു നിലയ്ക്കും ദ്രോഹിക്കരുതെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.
അവതരണ പശ്ചാത്തലം: ഈ ആയത്തിന്‍റെ അവതരണവുമായി ബന്ധപ്പെട്ട് മുഫസ്സിറുകള്‍ മുസ്ലിംകള്‍ക്കിടയില്‍ നടന്ന വിവിധ വഴക്കുകളെ വിവരിച്ചിട്ടുണ്ട്. അതെല്ലാം ഈ ആയത്തിന്റെ അവതരണ പശ്ചാത്തലമെന്ന് പറയാവുന്നതാണ്. അല്ലെങ്കില്‍ ഒരു സംഭവത്തിന്‍റെ പേരിലാണ് ഇത് അവതരിച്ചത്. ഇതര സംഭവങ്ങളും ഇതിനോട് യോജിച്ചതിനാല്‍ അത് അവതരണ പശ്ചാത്തലമായി വിവരിക്കപ്പെട്ടു. ഈ ആയത്തിന്‍റെ യഥാര്‍ത്ഥ സംബോധിതര്‍ പോരാട്ടത്തിന്‍റെ മാധ്യമങ്ങള്‍ കയ്യിലുള്ള കാര്യകര്‍ത്താക്കളും ഭരണാധികാരികളുമാണ്. (അല്‍ ബഹ്റുല്‍ മുഹീത്ത്) തുടര്‍ന്ന് ഈ കല്‍പ്പന മറ്റുള്ളവര്‍ക്കും ബാധകമാകുന്നതാണ്. അതായത്, ഈ പ്രവര്‍ത്തനത്തില്‍ അവര്‍ ഭരണാധികാരികളെ സഹായിക്കേണ്ടതാണ്. എവിടെയെങ്കിലും ഭരണാധികളോ, നേതാക്കളോ ഇല്ലായെങ്കില്‍ കഴിവിന്‍റെ പരമാവധി ഇരുവിഭാഗത്തിലും കാര്യം മനസ്സിലാക്കിക്കൊടുത്ത് പോരാട്ടത്തില്‍ നിന്നും പിന്തിരിക്കാന്‍ സമുദായം ശ്രദ്ധിക്കേണ്ടതാണ്. ഇരു കൂട്ടരും അംഗീകരിച്ചില്ലെങ്കില്‍ ഇരു വിഭാഗത്തില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്. ആരെയും അനുകൂലിക്കാനോ, എതിര്‍ക്കാനോ പാടുള്ളതല്ല. (ബയാനുല്‍ ഖുര്‍ആന്‍)
ഇതുമായി ബന്ധപ്പെട്ട ചില മസ്അലകള്‍: മുസ്ലിംകളിലെ രണ്ട് വിഭാഗങ്ങള്‍ക്കിടയിലുള്ള വഴക്കിന് ഏതാനും രൂപങ്ങളുണ്ട്. 1. ഇരു കൂട്ടരും മുസ്ലിം ഭരണത്തിന് കീഴില്‍ താമസിക്കുന്നവരാകുക. 2. ഒരു കൂട്ടര്‍ മുസ്ലിം ഭരണത്തിലും മറ്റൊരു കൂട്ടര്‍ അമുസ്ലിം ഭരണത്തിലുമാകുക. ഒന്നാമത്തെ രൂപത്തില്‍ പൊതു മുസ്ലിംകള്‍ അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കാനും പോരാട്ടം അവസാനിപ്പിക്കാനും പരിശ്രമിക്കേണ്ടതാണ്. എന്നിട്ടും അവസാനിപ്പിക്കുന്നില്ലെങ്കില്‍ ഭരണകൂടം യോജിപ്പിന് വേണ്ടി നിര്‍ബന്ധമായി പരിശ്രമിക്കേണ്ടതാണ്. അവരുടെ പരിശ്രമത്തിലൂടെ ഇരു വിഭാഗം പോരാട്ടത്തില്‍ നിന്നും പിന്മാറിയാല്‍ അവിടെ പ്രതിക്രിയയുടെയും നഷ്ട പരിഹാരത്തിന്‍റെയും നിയമങ്ങള്‍ നടപ്പിലാക്കേണ്ടതാണ്. ഇരുവരും പിന്മാറിയില്ലെങ്കില്‍ ഇരുവരോടും അതിക്രമകാരികളുടെ നയം സ്വീകരിക്കേണ്ടതാണ്. ഒരു കൂട്ടര്‍ പിന്മാറുകയും മറുവിഭാഗം അക്രമത്തല്‍ ഉറച്ച് നില്‍ക്കുകയും ചെയ്താല്‍ അക്രമത്തില്‍ ഉറച്ച് നില്‍ക്കുന്നവരോട് അക്രമികളെപ്പോലെ വര്‍ത്തിക്കേണ്ടതാണ്. അനുസരണയ്ക്ക് സന്നദ്ധരായവര്‍ നീതിമാന്മാര്‍ എന്ന് പറയപ്പെടുന്നതാണ്. അതിക്രമകാരികളുടെ നിയമങ്ങളുടെ വിവരണം ഫിഖ്ഹ് കിത്താബുകളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. അതിന്‍റെ രത്നച്ചുരുക്കം ഇതാണ്: അവരോട് യുദ്ധം നടത്തേണ്ടി വന്നില്ലെങ്കില്‍ അവരുടെ ആയുധങ്ങള്‍ പിടിച്ചെടുക്കപ്പെടുകയും പശ്ചാത്തപിക്കുന്നതുവരെ അവരെ തടവിലാക്കപ്പെടുകയും ചെയ്യുന്നതാണ്. യുദ്ധം നടത്തേണ്ടിവരുകയോ, യുദ്ധത്തിനിടയിലോ ആണെങ്കില്‍ അവരുടെ മക്കളെ അടിമകളാക്കപ്പെടുകയോ, അവരുടെ സമ്പത്ത് ഗനീമത്ത് ആക്കപ്പെടുകയോ ചെയ്യുന്നതല്ല. എന്നാല്‍ പശ്ചാത്തപിക്കുന്നതുവരെ അവരുടെ സമ്പത്ത് പിടിച്ച് വെക്കപ്പെടുന്നതും പശ്ചാത്താപത്തിന് ശേഷം മടക്കിക്കൊടുക്കപ്പെടുന്നതുമാണ്. അവര്‍ പിന്മാറിയാല്‍ അവര്‍ക്കിടയില്‍ നീതിയോടെ യോജിപ്പുണ്ടാക്കുക എന്ന് ആയത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ ആശയം ഇതാണ്: അക്രമകാരികള്‍ അക്രമത്തില്‍ നിന്നും പിന്മാറിയാല്‍ അതുകൊണ്ട് മാത്രം മതിയാക്കരുത്. മറിച്ച് യുദ്ധത്തിന്‍റെ കാരണങ്ങളും പരസ്പര പരാതികളും ദൂരീകരിക്കാന്‍ പരിശ്രമിക്കുകയും മനസ്സുകളില്‍ നിന്നും കോപവും ശത്രുതയും ദൂരീകരിക്കുകയും എന്നും സാഹോദര്യത്തിന്‍റെ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്യേണ്ടതാണ്. അവര്‍ മുസ്ലിം ഭരണാധികാരിക്കെതിരിലും യുദ്ധം ചെയ്തതിനാല്‍ അവരുടെ വിഷയത്തില്‍ പരിപൂര്‍ണ്ണമായ നീതി പുലര്‍ത്താന്‍ സാധ്യതയില്ലാത്തത് കൊണ്ട് കൂടിയാണ് ഇരു കൂട്ടര്‍ക്കും ഇടയില്‍ നീതിയോട് കൂടി സന്ധിയിലാക്കുക എന്ന് പറഞ്ഞിരിക്കുന്നത്. (ബയാനുല്‍ ഖുര്‍ആന്‍)
മസ്അല: മുസ്ലിംകളില്‍ ശക്തിയുള്ള വലിയൊരു വിഭാഗം ഭരണകൂടത്തെ അനുസരിക്കുന്നതില്‍ നിന്നും പുറത്തേക്ക് പോയാല്‍ ഭരണാധികാരി ആദ്യം അവരുടെ പരാതി കേള്‍ക്കുകയും അവരുടെ സംശയങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കുകയും ചെയ്യേണ്ടതാണ്. ഭരണകൂടത്തെ നിയമപരമായി അനുസരിക്കല്‍ ആവശ്യമില്ലാത്ത ന്യായങ്ങള്‍ അവര്‍ പറഞ്ഞാല്‍ അതായത്, ഭരണകൂടത്തിന്‍റെ അക്രമം സ്ഥിരപ്പെട്ടാല്‍ പൊതുമുസ്ലിംകള്‍ അവരെ സഹായിക്കുകയും ഭരണകൂടത്തെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഭരണകൂടത്തിന്‍റെ അക്രമം സംശയരഹിതമായ നിലയില്‍ സ്ഥിരപ്പെട്ടിരിക്കണമെന്ന് മാത്രം. (മസ്ഹരി) ഇനി അവരുടെ അനുസരണക്കേടിന് വ്യക്തമായ തെളിവൊന്നും പറയാതെ അവര്‍ ഭരണകൂടത്തിനെതിരില്‍ സംഘടിച്ചാല്‍ പൊതുജനങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്യാന്‍ അനുവാദമുണ്ടാകുന്നതാണ്. ഇമാം ശാഫിഈ (റ) പറയുന്നു: അവര്‍ യുദ്ധം ആരംഭിക്കുന്നതുവരെ മുസ്ലിംകള്‍ അവരോടുള്ള യുദ്ധം ആരംഭിക്കാന്‍ പാടുള്ളതല്ല. (മസ്ഹരി) മേല്‍ പറയപ്പെട്ട നിയമങ്ങള്‍ ഒരു സംഘത്തിന്‍റെ അക്രമം ഉറപ്പാകുന്ന രൂപത്തിലാണ്. ഇനി ഇരുവിഭാഗത്തിലും നിയമപരമായ തെളിവുണ്ടായിരിക്കുകയും അവരില്‍ ആരാണ് അക്രമിയെന്നും ആരാണ് നീതിമാനെന്നും മനസ്സിലാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ നീതിമാന്മാരാകാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗത്തെ സഹായിക്കേണ്ടതാണ്. അപ്രകാരം സാധ്യതയില്ലെങ്കില്‍ ജമല്‍, സിഫ്ഫീന്‍ പോരാട്ടങ്ങളുടെ സന്ദര്‍ഭത്തില്‍ സഹാബികളില്‍ വലിയൊരു വിഭാഗം ചെയ്തതുപോലെ രണ്ട് കൂട്ടരില്‍ നിന്നും അകന്ന് കഴിയേണ്ടതാണ്.
സഹാബാ മഹത്തുക്കളുടെ ഇടയിലുണ്ടായ പ്രശ്നങ്ങള്‍: ഇമാം അബൂബക്ര്‍ ബിന്‍ അറബി പ്രസ്താവിക്കുന്നു: ഈ ആയത്ത് മുസ്ലിംകള്‍ക്കിടയിലുള്ള പ്രശ്നങ്ങളുടെ എല്ലാ രൂപങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ഇരു വിഭാഗവും നിയമപരമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ പോരാട്ടത്തിന് ഇറങ്ങുന്ന രൂപവും ഇതില്‍ പെട്ടതാണ്. സഹാബാ മഹത്തുക്കള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങള്‍ അപ്രകാരമായിരുന്നു. (അഹ്കാമുല്‍ ഖുര്‍ആന്‍) ഇമാം ഖുര്‍തുബി (റ) ഇബ്നുല്‍ അറബിയുടെ മേല്‍ പറയപ്പെട്ട വാചകം ഉദ്ധരിച്ചുകൊണ്ട് സഹാബാ മഹത്തുക്കള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങളുടെ യാഥാര്‍ത്ഥ്യവും മുസ്ലിംകള്‍ അതിന് സ്വീകരിക്കേണ്ട സമീപനവും വിവരിച്ചിട്ടുണ്ട്. വിനീതന്‍ അവ വിശദമായ നിലയില്‍ അറബി ഭാഷയിലുള്ള അഹ്കാമുല്‍ ഖുര്‍ആനിലും ഉറുദുവിലുള്ള മഖാമെ സഹാബയിലും ഉദ്ധരിച്ചിരിക്കുന്നു. ഇവിടെ ഇതുമായി ബന്ധപ്പെട്ട് ഇമാം ഖുര്‍തുബി നടത്തിയ വിവരണത്തിന്‍റെ രത്നച്ചുരുക്കം മാത്രം കൊടുക്കുകയാണ്: ഏതെങ്കിലും സഹാബിയെക്കുറിച്ച് ഖണ്ഡിതമായ നിലയില്‍ തെറ്റ് ആരോപിക്കാന്‍ പാടുള്ളതല്ല. അവരെല്ലാവരും അവരുടെ സമീപനത്തിന്‍റെ വിഷയത്തില്‍ ഗവേഷണം നടത്തിയതായിരുന്നു. എല്ലാവരുടെയും ലക്ഷ്യം പടച്ചവന്‍റെ പൊരുത്തവുമായിരുന്നു. ആ മഹാന്മാരെല്ലാം നമ്മുടെ നായകരാണ്. അവര്‍ക്കിടയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് നാവിനെ നിയന്ത്രിക്കാനും അവരെക്കുറിച്ച് നന്മ മാത്രം പറയാനും നമ്മോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. സഹാബി ആകുക എന്നത് വളരെ ആദരവിന്‍റെ സ്ഥാനമാണ്. റസൂലുല്ലാഹി (സ) അവരെ ആക്ഷേപിക്കുന്നതിനെ തടഞ്ഞിട്ടുണ്ട്. അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുത്തതായും അവരില്‍ തൃപ്തിപ്പെട്ടതായും വാര്‍ത്ത അറിയിച്ചിരിക്കുന്നു. കൂടാതെ, വിവിധ പരമ്പരകളിലൂടെ ഈ ഹദീസ് സ്ഥിരപ്പെട്ടിട്ടുണ്ട്: ത്വല്‍ഹാ (റ)യെക്കുറിച്ച് റസൂലുല്ലാഹി (സ) അരുളി: ത്വല്‍ഹ ഭൂമുഖത്ത് കൂടി നടക്കുന്ന രക്തസാക്ഷിയാണ്. ഇത്തരുണത്തില്‍ ഹസ്രത്ത് അലിയ്യ് (റ)നെതിരില്‍ ത്വല്‍ഹാ (റ) പുറപ്പെട്ടത് പാപമാണെങ്കില്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന്‍റെ പേരില്‍ ശഹാദത്തിന്‍റെ സ്ഥാനം അദ്ദേഹത്തിന് ഒരിക്കലും ലഭിക്കുകയില്ലായിരുന്നു. ഇനി ത്വല്‍ഹാ (റ)ന്‍റെ ഈ പ്രവര്‍ത്തനത്തെ വ്യാഖ്യാനത്തിന്‍റെ പിഴവായും കര്‍ത്തവ്യ നിര്‍വ്വഹണത്തിലെ വീഴ്ചയായും പറയുകയാണെങ്കില്‍ അദ്ദേഹത്തെക്കുറിച്ച് ശഹീദെന്ന് പറയാന്‍ കഴിയാതെ വരുന്നതാണ്. കാരണം പടച്ചവന്‍റൈ അനുസരണയിലായി മരണപ്പെടുന്ന വ്യക്തിയ്ക്ക് മാത്രമേ ശഹാദത്തിന്‍റെ സ്ഥാനം ലഭിക്കുകയുള്ളൂ. അതുകൊണ്ട് ഈ വിഷയത്തെ മേല്‍ പറയപ്പെട്ട വിശ്വാസത്തിന്‍റെ മേല്‍ ചുമത്തല്‍ നിര്‍ബന്ധമാണ്. കൂടാതെ, അലിയ്യ് (റ) പറയുന്നു: സഫിയ്യയുടെ മകന്‍റെ കൊലയാളിയ്ക്ക് നരകം ലഭിക്കുമെന്ന് വാര്‍ത്ത അറിയിക്കുക എന്ന് റസൂലുല്ലാഹി (സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. (ഖുര്‍തുബി) ഹസ്രത്ത് ത്വല്‍ഹാ (റ), ഹസ്രത്ത് സുബൈര്‍ (റ) ഇരുവരും ഈ യുദ്ധത്തില്‍ പങ്കെടുത്തെങ്കിലും അവര്‍ പാപികളല്ലെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. കാരണം റസൂലുല്ലാഹി (സ) ത്വല്‍ഹാ (റ) ശഹീദാണെന്നും സുബൈര്‍ (റ)ന്‍റെ ഘാതകന്‍ നരകത്തിലാണെന്നും അറിയിച്ചിരിക്കുന്നു. അതുപോലെ ഈ രണ്ട് മഹാത്മാക്കളും സ്വര്‍ഗ്ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട പത്ത് പേരില്‍ പെട്ടവരാണെന്ന കാര്യം മുതവാതിര്‍ (പരമ്പരാഗതമായി സ്വീകാര്യം) ആയ നിലയില്‍ സ്ഥിരപ്പെട്ട വിഷയമാണ്. ഇപ്രകാരം ഈ യുദ്ധങ്ങളില്‍ നിന്നും അകലം പാലിച്ച സഹാബിവര്യന്മാരും കുറ്റക്കാരല്ല. കാരണം അവര്‍ പ്രസ്തുത സമീപനം സ്വീകരിച്ചത് അവരുടെ ഗവേഷണ പ്രകാരമായിരുന്നു. കാര്യം ഇങ്ങനെ ആയിരിക്കേ, ആ മഹാത്മാക്കളെ അതിക്ഷേപിക്കുന്നതും ശപിക്കുന്നതും അവരുമായി ബന്ധമില്ലെന്ന് പ്രഖ്യാപിക്കുന്നതും അവരെ ദുര്‍മാര്‍ഗ്ഗികളായി ചിത്രീകരിക്കുന്നതും അവരുടെ മഹത്വങ്ങളും ത്യാഗങ്ങളും സ്ഥാനങ്ങളും ഇല്ലാത്തത് പോലെ അവരെ നിന്ദിക്കുന്നതും ഒരു നിലയ്ക്കും ശരിയല്ല. ചില പണ്ഡിതരോട് ചോദിക്കപ്പെട്ടു: സഹാബാ മഹത്തുക്കളുടെ പ്രശ്നങ്ങള്‍ക്കിടയില്‍ ഒഴുക്കപ്പെട്ട രക്തത്തെക്കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നു? അവര്‍ പറഞ്ഞു: ............. (ബഖറ 134) മറ്റൊരു മഹാനോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു ആ രക്തത്തില്‍ നിന്നും എന്‍റെ കൈകളെ സംരക്ഷിച്ചു. ഇപ്പോള്‍ എന്‍റെ നാവിനെ അതുമായി ബന്ധിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതായത്, ഞാന്‍ ഏതെങ്കിലും വിഭാഗത്തെ സ്പഷ്ടമായ തെറ്റുകാരായി പ്രഖ്യാപിച്ചുകൊണ്ട് സ്വയം തെറ്റില്‍ അകപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അല്ലാമാ ഇബ്നുല്‍ ഫൗറക് പറയുന്നു: സഹാബാ മഹത്തുക്കള്‍ക്കിടയിലുണ്ടായ പ്രശ്നത്തിന്‍റെ ഉദാഹരണം യൂസുഫ് നബി (അ)ന്‍റെയും സഹോദരങ്ങളുടെയും ഇടയില്‍ ഉണ്ടായ സംഭവങ്ങള്‍ പോലെയാണ്. അവര്‍ക്കിടയില്‍ ഭിന്നതകളുണ്ടായിട്ടും അവരുടെ മഹത്വത്തിന്‍റെ സ്ഥാനങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടായില്ല. ഇതുപോലെ തന്നെയാണ് സഹാബികള്‍ക്കിടയിലുണ്ടായ സംഭവങ്ങളുടെയും കാര്യം. ഹസ്രത്ത് മുഹാസിബി പറയുന്നു: സഹാബത്തിനിടയിലുണ്ടായ യുദ്ധങ്ങളെക്കുറിച്ച് തീരുമാനമൊന്നും പറയാന്‍ കഴിയുന്നതല്ല. കാരണം അതിനെക്കുറിച്ച് സഹാബികള്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ടായിരിക്കുന്നു. ഹസന്‍ ബസ്വരി (റ)യോട് ഇതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ പ്രസ്താവിച്ചു: ആ പോരാട്ടങ്ങളില്‍ സഹാബികള്‍ പങ്കെടുത്തെങ്കിലും നാം ആരും അത് കണ്ടിട്ടില്ല. അന്നത്തെ അവസ്ഥകള്‍ നമുക്ക് അറിയുകയുമില്ല. ആകയാല്‍ സഹാബികള്‍ ഏകോപിച്ച വിഷയത്തില്‍ നാം അവരെ പിന്‍പറ്റുക. അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ നിശബ്ദത പുലര്‍ത്തുക. മുഹാസിബി (റ) പറയുന്നു: ഹസന്‍ ബസ്വരി (റ) പറഞ്ഞത് തന്നെയാണ് നാമും പറയുന്നത്. അതെ, സഹാബികള്‍ ബന്ധപ്പെട്ട കാര്യങ്ങളില്‍ അവര്‍ നമ്മേക്കാളും വളരെയധികം അറിവുള്ളവരായിരുന്നു. ആകയാല്‍ അവരെല്ലാവരും ഏകോപിച്ച കാര്യങ്ങളില്‍ നാം അവരെ പിന്‍പറ്റുക. അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ നാം നിശബ്ദത പുലര്‍ത്തുക. നമ്മുടെ ഭാഗത്ത് നിന്നും പുതിയ അഭിപ്രായങ്ങളൊന്നും ഉണ്ടാക്കേണ്ടതില്ല. അവരെല്ലാവരും ഗവേഷണം നടത്തിയവരും അല്ലാഹുവിന്‍റെ തൃപ്തി ആഗ്രഹിച്ചവരുമാണെന്ന് നമുക്ക് ഉറപ്പുണ്ട്. കാരണം ദീനിന്‍റെ വിഷയത്തില്‍ അവരെല്ലാവരും സംശയാതീതരാണ്. (ഖുര്‍തുബി)
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി ﷺയുടെ സ്വഹാബത്തിൻ്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
മഹാന്മാരുടെ മഹത്വങ്ങൾ വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ റസൂലുല്ലാഹി ﷺ യുടെ പ്രത്യേക അനുചരന്മാരായ സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട 10 പേർ, നാല് ഖലീഫമാർ, തിരു കുടുംബം അതായത് പവിത്ര പത്നിമാരും അനുഗ്രഹീത സന്താനങ്ങളും, ഹസൻ ഹുസൈൻ രണ്ട് പൗത്രന്മാർ എന്നിവരുടെ മഹത്വങ്ങൾ വിവരിക്കപ്പെട്ടു.
അടുത്തതായി ചില പ്രധാനപ്പെട്ട സഹാബികളുടെ മഹത്വങ്ങൾ വിവരിക്കുന്നതാണ്. മക്കാവിജയത്തിന് മുമ്പും ശേഷവും ഇസ്ലാമിലേക്ക് കടന്നുവന്ന് നന്മകൾ പ്രവർത്തിച്ച മഹത്തുക്കൾ ഒരുപോലെയല്ല, എന്നാൽ എല്ലാവർക്കും അല്ലാഹു സമുന്നത പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന ഖുർആനിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സഹാബികളുടെ സ്ഥാനങ്ങൾക്കിടയിൽ വ്യത്യാസമുണ്ട്. എങ്കിലും സഹാബി എന്ന വിഷയത്തിൽ എല്ലാവരും തുല്യരാണ്. ഈ മഹത്വം സഹാബികൾ അല്ലാത്ത ആർക്കും ലഭിക്കുന്നതല്ല. സഹാബി അല്ലാത്ത വ്യക്തി എത്ര ഉയർന്ന സ്ഥാനം കരസ്ഥമാക്കിയാലും സമുന്നതനല്ലാത്ത ഒരു സഹാബിയുടെ സ്ഥാനം പോലും പ്രാപിക്കുകയില്ല എന്ന വിഷയത്തിൽ മുൻഗാമികളായ മഹത്തുക്കൾ ഏകോപിച്ചിരിക്കുന്നു.
അടുത്തത്, മുസ്ലിമായിരിക്കുന്ന അവസ്ഥയിൽ റസൂലുല്ലാഹി ﷺ യെ കാണുകയോ സഹവസിക്കുകയോ, മുസ്ലിമായിരിക്കുന്ന അവസ്ഥയിൽ ഒരു നിമിഷമെങ്കിലും റസൂലുല്ലാഹി ﷺയെ ദർശിക്കുകയോ റസൂലുല്ലാഹി ﷺയോടൊപ്പം സഹവസിക്കുകയും ചെയ്തവരാണ് സഹാബി എന്ന് പറയപ്പെടുന്നത്. പരിശുദ്ധ ഖുർആനിലും പുണ്യ ഹദീസുകളിലും അവരുടെ മഹിത മഹത്വങ്ങളെ വളരെ കൂടുതലായി വിവരിച്ചിട്ടുണ്ട്. ഇവിടെ ആദ്യമായി ഏതാനും ആയത്തുകൾ കൊടുക്കുന്നു, തുടർന്ന് ചില പ്രധാന ഹദീസുകളും ഉദ്ധരിക്കുന്നതാണ്.
ഒന്ന്, ഇപ്രകാരം നിങ്ങളെ നാം ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകുന്നതിനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയാകുന്നതിനും വേണ്ടിയാണ് (ഈ സ്ഥാനം) കനിഞ്ഞരുളിയത്. താങ്കള്‍ ഏതാനും നാളുകള്‍ അഭിമുഖീകരിച്ചു നമസ്‌കാരം നിര്‍വ്വഹിച്ച ഖിബ്‌ലയെ നാം താങ്കളുടെ യഥാര്‍ത്ഥ ഖിബ്‌ല ആക്കിയിട്ടില്ലായിരുന്നു. (ബഖറ 143)
ഈ ആയത്തിൽ ഈ ആയത്തിനു മുമ്പ് ഖിബില മാറ്റത്തെക്കുറിച്ച് ഒന്നാമത് സ്മരണയായിരുന്നു. ആയത്തിന്റെ ആശയം ഇതാണ്: അല്ലാഹു നിങ്ങൾക്ക് നൽകിയിരിക്കുന്ന ഖിബില അങ്ങേയറ്റം മധ്യമമായതും സമുന്നതവുമാണ്. നിങ്ങൾക്കുള്ള ഖിബില അങ്ങേയറ്റം ശരിയും മധ്യമവുമാണ്. ഇപ്രകാരം നിങ്ങളും അതായത് സഹാബത്തും പിൻഗാമികളും അങ്ങേയറ്റം മധ്യമമായ സമുദായമാണ്. പരലോകത്തിൽ നിങ്ങൾ ഇതര സമുദായങ്ങളെ കുറിച്ച് സാക്ഷ്യം രേഖപ്പെടുത്തും. നിങ്ങളുടെ പ്രവാചകൻ നിങ്ങളുടെ വിഷയത്തിൽ സാക്ഷ്യം രേഖപ്പെടുത്തുന്നതാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ നിങ്ങൾ പ്രവാചകനിൽ നിന്നും സത്യത്തിന്റെ സന്ദേശങ്ങൾ പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു, ആ അടിസ്ഥാനത്തിൽ നിങ്ങൾ സത്യത്തിന്റെ സാക്ഷ്യമാണ്. ഈ ആയത്തിൽ പറയപ്പെട്ട വസത്ത് എന്നതിന്റെ അർത്ഥം ഏറ്റവും നേരായതും മധ്യമവുമായ മാർഗ്ഗം എന്നാണ്. അറബി ഭാഷയിൽ ഈ പദം വലിയ പ്രശംസയ്ക്കും വാഴ്ത്തലിനുമാണ് ഉപയോഗിക്കാറുള്ളത്.
രണ്ട്, ആ പ്രവാചകരിൽ വിശ്വസിക്കുകയും സ്‌നേഹിച്ചാദരിക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട പ്രകാശത്തെ പിൻപറ്റുകയും ചെയ്യുന്നവർ വിജയം വരിക്കുന്നവരാകുന്നു. (അഅ്റാഫ് 157)
ഈ വചനത്തിൽ പറയപ്പെട്ട സത്യവിശ്വാസികളെ കൊണ്ടുള്ള ഉദ്ദേശം പ്രധാന ഉദ്ദേശം മഹാന്മാരായ സഹാബത്താണ് കാരണം അവർ റസൂലുല്ലാഹി ﷺ യിൽ ആദ്യമായി വിശ്വസിക്കുകയും സമ്പൂർണ്ണമായി സ്നേഹിച്ചാദരിക്കുകയും അങ്ങേയറ്റം സഹായിക്കുകയും പരിപൂർണ്ണമായി പിൻപറ്റുകയും ചെയ്തവരാണ്. അതെ അവർ ഇഹത്തിലും പരത്തിലും ഉന്നത വിജയം കരസ്ഥമാക്കിയവരുമാണ്.
മൂന്ന്, അവരിൽ ഒരു വിഭാഗത്തിലേക്ക് താങ്കളെ അല്ലാഹു മടക്കുകയും (താങ്കളുടെ കൂട്ടത്തിൽ) പുറപ്പെടാൻ അവർ അനുമതി ചോദിക്കുകയും ചെയ്താൽ താങ്കൾ പറയുക; ഇനി എന്റെ കൂട്ടത്തിൽ നിങ്ങൾ ഒരിക്കലും പുറപ്പെടേണ്ട. എന്റെ കൂട്ടത്തിൽ ഒരു ശത്രുവിനോടും യുദ്ധം ചെയ്യുകയും വേണ്ട. കാരണം, ആദ്യതവണ യുദ്ധത്തിൽ നിന്നും ഒഴിഞ്ഞുമാറി ഇരിക്കുന്നതിൽ നിങ്ങൾ തൃപ്തിപ്പെട്ടു. ആകയാൽ പിന്നിലായവരുടെ കൂട്ടത്തിൽ നിങ്ങൾ ഇരുന്നുകൊള്ളുക. (തൗബ 83)
ഈ ആയത്തിനു മുമ്പ് മുനാഫിഖുകളെ പറ്റിയുള്ള അനുസ്മരണമായിരുന്നു അവർ വ്യാജ കാരണങ്ങൾ പറഞ്ഞ് ജിഹാദിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചു ഫലമായി പടച്ചവൻ അവരുടെ മനസ്സുകളിൽ മുദ്ര വെക്കുകയുണ്ടായി അതുകൊണ്ട് അവർ അവരുടെ ഉപകാര ഉപദ്രവങ്ങളെ പോലും തിരിച്ചറിയുന്നില്ല. തുടർന്ന് ഈ ആയത്തിൽ അല്ലാഹു സഹാബ മഹത്തുക്കളെ വർണ്ണിച്ചുകൊണ്ട് പറയുന്നു അവർ അവരുടെ ജീവനും സമ്പത്തും അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമർപ്പിച്ചു എല്ലാവിധ ത്യാഗത്തിനും അവർ സർവ്വദാ സന്നദ്ധരായിരുന്നു അതിന്റെ പ്രതിഫലം എന്നോണം അവർ ഇഹത്തിലും പരത്തിലും സമുന്നത വിജയം കരസ്ഥമാക്കി.
നാല്, മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും സത്യത്തിലേക്ക് മുൻകടന്നവരും നല്ലനിലയിൽ അവരെ പിൻപറ്റിയവരും, അല്ലാഹു അക്കൂട്ടരിൽ സംതൃപ്തരായിരിക്കുന്നു. അവരും അല്ലാഹുവിൽ സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വർഗ്ഗീയാരാമങ്ങൾ അവർക്കുവേണ്ടി അവൻ തയ്യാറാക്കിയിരിക്കുന്നു. അവരതിൽ ശാശ്വതരായിരിക്കും. അതാണ് ഏറ്റവും വലിയ വിജയം. (തൗബ 100)
ഈ ആയത്തിൽ ആദ്യമായി സത്യവിശ്വാസം സ്വീകരിച്ച സഹാബാ മഹത്തുക്കളെ അനുസ്മരിക്കുകയാണ് അവർ മക്കയിലെ മുഹാജിറുകളും മദീനയിലെ അൻസാറുകളും ആണ് കൂട്ടത്തിൽ അവസാനമായി സത്യവിശ്വാസം സ്വീകരിച്ച സഹാബാ മഹത്തുക്കളെയും അവർക്ക് ശേഷം വിശ്വാസികളായ ആളുകളെയും പടച്ചവൻ അവരിലേക്ക് ചേർക്കുകയും ചെയ്തിരിക്കുന്നു.
അഞ്ച്, സത്യവിശ്വാസികളിൽ അല്ലാഹുവിനോട് ചെയ്ത കരാറിനെ സത്യസന്ധമായി പുലർത്തിയ കുറേ ഉന്നതവ്യക്തികളുണ്ട്. അവരിൽ ചിലർ മരണം വരിച്ചു. ചിലർ പ്രതീക്ഷിച്ചു കഴിയുകയാണ്. അവർ ഒരു ഭേദഗതിയും വരുത്തിയിട്ടില്ല. (അഹ്സാബ് 23)
ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം ഇമാം തിർമുദി ഇപ്രകാരം വിവരിക്കുന്നു അനസ് റദിയള്ളാഹു അൻഹു പറയുന്നു എന്റെ പിതൃവ്യൻ അനസ് ബ്നു നളർ റദിയള്ളാഹു അൻഹു എന്തോ കാരണത്താൽ ബദർ പോരാട്ടത്തിൽ പങ്കെടുക്കുകയുണ്ടായില്ല അതിന്റെ പേരിൽ അദ്ദേഹത്തിന് വലിയ ദുഃഖമുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു അല്ലാഹു ഇനി എനിക്ക് ജിഹാദിന് ഒരു അവസരം നൽകിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് അല്ലാഹുവിന് മുമ്പാകെ ഞാൻ പ്രവർത്തിച്ചു കാണിക്കുന്നതാണ്. അടുത്ത വർഷം ഉഹ്ദിന്റെ സംഭവം ഉണ്ടായപ്പോൾ മഹാനവർകൾ അതിൽ പങ്കെടുക്കുകയും ജീവാർപ്പണം ചെയ്ത് രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ ശരീരത്തിൽ എൺപതിലേറെ വെട്ടുകൾ ഉണ്ടായിരുന്നു അവസാനം അദ്ദേഹത്തിന്റെ സഹോദരിയാണ് വിരൽ കണ്ട് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്, തിർമുദി. സഹാബത്തിൽ മറ്റു ചില മഹാത്മാക്കളും ഇതുപോലെ കരാർ ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും അവർക്ക് ശഹാദത്ത് ലഭിക്കാത്തതിനാൽ അവർ അതിനെ പ്രതീക്ഷിച്ചു കഴിയുകയാണ്. ഈ ആയത്തിൽ രണ്ട് വിഭാഗം സഹാബത്തിനെയും വാഴ്ത്തി പറയുന്നു.
ആറ്, വിശ്വാസികൾ വൃക്ഷച്ചുവട്ടിൽ വെച്ച് താങ്കളോട് പ്രതിജ്ഞ ചെയ്ത പ്പോൾ അവരിൽ അല്ലാഹു സംതൃപ്തനായിരിക്കുന്നു. അപ്പോൾ അവരുടെ മനസ്സിലുണ്ടായിരുന്ന കാര്യം അല്ലാഹു അറിഞ്ഞു. അങ്ങനെ അവരുടെമേൽ സമാധാനം ഇറക്കി. സമ്മാനമായി അടുത്തുതന്നെ ഒരു വിജയവും നൽകി. (ഫത്ഹ് 18)
ഈ ആയത്തിൽ രിള്വാൻ ബൈഅത്തിനെ പറ്റിയുള്ള അനുസ്മരണമാണ്. ഈ പ്രതിജ്ഞയെ പടച്ചവന്റെ പൊരുത്തം നിറഞ്ഞ പ്രതിജ്ഞ എന്ന് ഈ ആയത്തിൽ തന്നെ അല്ലാഹു അറിയിക്കുന്നു. ഹിജ്റി ആറാം വർഷം ദുൽഖഅദ മാസം റസൂലുല്ലാഹി ﷺ സഹാബത്തിന്റെ വലിയൊരു സംഘത്തോടൊപ്പം മദീനാ മുനവ്വറയിൽ നിന്നും ഉംറ നിർവഹിക്കുന്നതിന് മക്കാമുകർറമയിലേക്ക് യാത്രയായി. വലിയ ശത്രുക്കൾ അവരെ തടയും എന്ന വാർത്തയുണ്ടായി. റസൂലുല്ലാഹി ﷺ ഹുദൈബിയ എന്ന സ്ഥലത്ത് താമസിച്ചു. താമസിക്കുകയും മക്കക്കാരുമായി സന്ധി സംഭാഷണത്തിന് പ്രേരിപ്പിക്കാൻ ഉസ്മാൻ (റ)നെ മക്കയിലേക്ക് അയക്കുകയും ചെയ്തു. മക്കക്കാർ ഉസ്മാൻ (റ)നെ കുറച്ചു കൂടുതൽ സമയം പിടിച്ചു വെക്കുകയുണ്ടായി. ഉസ്മാൻ (റ) വരാൻ എന്തെന്ന് പിന്തിയപ്പോൾ അദ്ദേഹം കൊല്ലപ്പെട്ടു എന്ന് ഒരു കിംവദന്തി പടർന്നു. തദവസരം റസൂലുല്ലാഹി ﷺ സഹാബികളെ കൊണ്ട് പോരാട്ടത്തിന് പ്രതിജ്ഞ ചെയ്യിപ്പിച്ചു. യുദ്ധത്തിന്റെ അവസ്ഥ സംജാതമാവുകയാണെങ്കിൽ അന്ത്യശ്വാസം വരെയും പോരാടുമെന്നവർ ആവേശത്തോടെ പ്രതിജ്ഞ ചെയ്തു. അല്ലാഹു ഈ സംഭവത്തിൽ സംഭവത്തിന്റെ പേരിൽ അവരോട് സംതൃപ്തനായിരിക്കുന്നു എന്ന് ഈ ആയത്തിലൂടെ അറിയിച്ചിരിക്കുന്നു. ഈ ആയത്തിന് ശേഷമുള്ള ഏതാനും ആയത്തുകളും ഇതേ സംഭവത്തെ കുറിച്ചുള്ളതാണ് അതിലും അല്ലാഹു അവരെ വാഴ്ത്തി പറഞ്ഞിരിക്കുന്നു.
ഏഴ്, മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണ്. അദ്ദേഹത്തോടൊപ്പ മുള്ളവർ നിഷേധികളോട് കടുപ്പവും പരസ്പര കാരുണ്യവും ഉള്ളവരാണ്. അല്ലാഹുവിൻ്റെ ഔദാര്യവും പ്രീതിയും ആഗ്രഹി ച്ചുകൊണ്ട് റുകൂഅ് സുജൂദ് ചെയ്യുന്നവരായി അവരെ താങ്കൾ കാണുന്നതാണ്. അവർ സുജൂദ് ചെയ്യുന്നത് കാരണമായി അവരുടെ മുഖത്തും ചില അടയാളങ്ങൾ കാണാവുന്നതാണ്. ഇതാണ് തൗറാത്തിൽ അവരെക്കുറിച്ചുള്ള വിവരണം. ഇഞ്ചി ലിൽ അവരെ വർണിച്ചുകൊണ്ട് ഇപ്രകാരം വന്നിരിക്കുന്നു. കൃഷിപോലെയാണ്. പുറത്തുകൊണ്ടു വന്നു. ശേഷം കൃഷിക്കാരൻ അത്ഭുത പ്പെടുന്ന് നിലയിൽ ശക്തിപ്രാപിച്ചു. പിന്നെ അത് തടിച്ച് നേരെ നിന്നു. (ഇപ്രകാരം അവരെ അല്ലാഹു വളർത്തുന്നത്,) നിഷേധികളുടെ ഹൃദയം എരിയാനാണ്. അവരിൽ നിന്നും സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവർക്ക് അല്ലാഹു പാപമോചനവും വമ്പിച്ച പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഫത്ഹ് 29)
ഇത് രിള്വാൻ പ്രതിജ്ഞയെ കുറിച്ചുള്ള പരാമർശത്തിന്റെ അവസാന ഭാഗത്തുള്ള വചനമാണ് ഈ ആയത്തിന്റെ സന്ദേശം വ്യക്തമാണ് യാതൊരുവിധ വിശദീകരണവും ആവശ്യമില്ല.
എട്ട്, അവർ ആണത്തമുള്ളവരാണ്. കച്ചവടവും ക്രയവിക്രയങ്ങളും അല്ലാഹുവിന്റെ സ്മരണ, നമസ്‌കാരം മുറപ്രകാരം നിലനിർത്തുക, സകാത്ത് കൊടുക്കുക എന്നിവയിൽ നിന്നും അവരെ വിസ്മൃതിയിലാക്കുന്നില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ദിനത്തെ അവർ ഭയപ്പെടുന്നു. (നൂർ 37)
ഈ ആയത്തിനു മുമ്പുള്ള വചനത്തിൽ മസ്ജിദുകളെ പറ്റിയുള്ള അനുസ്മരണമായിരുന്നു ഈ ആയത്തിൽ മസ്ജിദുകളെ സജീവമാക്കുന്ന ഭയഭക്തന്മാരെ അനുസ്മരിച്ചുകൊണ്ട് പറയുന്നു അവർ മസ്ജിദുകളെ സജീവമാക്കുകയും മസ്ജിദിന് പുറത്ത് സ്വന്തം ജോലികളിൽ വ്യാപൃതരാകുമ്പോഴും അല്ലാഹുവിന്റെ സ്മരണ നിലനിർത്തുകയും കൃത്യമായി നമസ്കാര ദാനധർമ്മങ്ങളിൽ പരിപൂർണ്ണ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു കാരണം അവർ പരലോകത്തെ ഭയന്ന് കഴിയുന്നവരാണ്. ഇത് മഹാന്മാരായ സഹാബികളുടെ മഹൽഗുണമായിരുന്നു സഹാബാ മഹത്തുക്കളെ കുറിച്ച് ഉള്ള വർണ്ണന പരിശുദ്ധ ഖുർആനിൽ ഇതല്ലാതെയും വേറെയും ധാരാളം ആയത്തുകളിൽ വന്നിട്ടുണ്ട് ദൈർഘ്യം ഭയന്നുകൊണ്ട് ഇവിടെ ഇത്രയും ആയത്തുകൾ മാത്രം ചുരുക്കുകയാണ് ശേഷം സഹാബത്തിന്റെ മഹത്വങ്ങളും സ്ഥാന സമുന്നതികളും വിവരിക്കുന്ന ഏതാനും ഹദീസുകൾ കൊടുക്കുന്നു.
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
ശീഇയ്യത്ത്
✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
(നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)
മറ്റൊരു ഫിത്ന ശീഇയ്യത്താണ്. ഹസ്രത്ത് മുആവിയ (റ)യെ മോശക്കാരനാക്കി തുടങ്ങി അവസാനം ശൈഖൈനിയെ ഉൾപ്പെടെ എല്ലാ സ്വഹാബികളെയും മോശക്കാരാക്കുന്നതും അവരെ അസഭ്യം പറയുന്നതുമാണ് ഇതിന്റെ ശൈലി. സ്വഹാബികൾ ഈ സമുദായത്തിലെ ഉത്തമരാണ്. അതിന് അവരെ അർഹരാക്കിയത് പ്രവാചക സഹവാസമാണ്. അവരുടെ വിഷയത്തിൽ ആവശ്യമില്ലാത്ത അഭിപ്രായം പറയുന്നവൻ അവസാനം അപകടത്തിലാവും. മുആവിയ (റ) സ്വഹാബികളിലെ കവാടമാണ്. മഹാനവർകളാവുന്ന കവാടത്തെ പൊളിച്ചവൻ ഉറപ്പായും മുഴുവൻ സ്വഹാബികളെയും തൊടുമെന്ന് മുൻഗാമികൾ പറഞ്ഞതാണ്.
സാധാരണ കുട്ടികൾ വഴക്കിടും, എന്നാൽ നിമിഷങ്ങൾ കഴിഞ്ഞ് അവർ പിന്നെയും കൂട്ടു കൂടി നടക്കുന്നത് കാണാൻ സാധിക്കും. ഇത് അവരുടെ നിഷ്കളങ്കതയാണ്. ഇനി മുതിർന്നവർ ആരെങ്കിലും അതിൽ ഇടപെടാൻ പോയാൽ അവർ അതിന്റെ പേരിൽ വഴക്കാവും, കുട്ടികൾ പിന്നെയും കൂട്ടാവും. ഇതേ വിഷയമാണ് സ്വഹാബാക്കളുടേത്. അവർ ഇഖ്‌ലാസുള്ളവരാണ്. അതിനാൽ മറ്റുള്ളവർ അതിൽ ഇടപെട്ടാൽ അവർക്കത് നാശമാണ്. ഉമർ ബിൻ അബ്ദിൽ അസീസ് (റ) പറഞ്ഞതു പോലെ: സ്വഹാബാക്കളുടെ രക്തത്തിൽ നിന്നും അല്ലാഹു നമ്മുടെ വാളുകളെ രക്ഷിച്ചു, ഇനി നമ്മൾ എന്തിന് നാവുകളെ അതിൽ പ്രവേശിപ്പിക്കണം!? ചരിത്രത്തിൽ കാണാം: ഹസ്രത്ത് അലിയുടെ പക്ഷക്കാർ യുദ്ധത്തിന്റെ ഇടവേളകളിലും മറ്റും ഹസ്രത്ത് മുആവിയയുടെ അടുക്കൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. എന്നാൽ ഹസ്രത്ത് മുആവിയ (റ) ഒരിക്കലും അവരെ തടഞ്ഞിരുന്നില്ല. അലി (റ) യും ഇത് തടഞ്ഞില്ല. ശേഷം അവർ പഴയ പോലെ അലി പക്ഷത്ത് വന്ന് യുദ്ധം ചെയ്യും. ഇതവരുടെ ഇഖ്‌ലാസാണ് അറിയിക്കുന്നത്. ഇതുപോലെ ധാരാളം സംഭവങ്ങൾ.
മുആവിയ (റ) പ്രശ്നക്കാരനായിരുന്നെങ്കിൽ ഒരിക്കലും ഹസൻ (റ) അദ്ദേഹത്തെ അധികാരം ഏൽപ്പിക്കുമായിരുന്നില്ല. അദ്ദേഹം മുആവിയ (റ)യെ അധികാരമേൽപ്പിച്ചതും പ്രവാചക വചനത്തിന്റെ പുലർച്ചയാണ്. ഹുസൈൻ (റ), മുആവിയ (റ)ക്കെതിരെയല്ല യുദ്ധം ചെയ്തത്. അദ്ദേഹത്തിന്റെ ഭരണം അക്രമമായിരുന്നെങ്കിൽ ഹുസൈൻ (റ) മിണ്ടാതിരിക്കുമോ? ഇതൊക്കെ മുആവിയ (റ) സത്യത്തിന്റെ പക്ഷത്താണെന്നതിനുള്ള തെളിവുകളാണ്. സ്വഹാബാക്കിടയിൽ സ്ഥാന വ്യത്യാസങ്ങൾ ഉണ്ടാവും. അബൂബക്കർ (റ)ന്റെ ഈമാനിന്നെ സംബന്ധിച്ചുള്ള ഹദീസുകൾ ഇത് വ്യക്തമാക്കുന്നു. എന്നാൽ എല്ലാവരും ഈമാനിന്റെ അവസ്ഥയിൽ പ്രവാചകരെ കണ്ടുമുട്ടിയവരാണ്. അവരുടെ സ്ഥാനത്തെത്താൻ പിന്നീടുള്ള ആർക്കും സാദ്ധ്യമാകുന്നതല്ല. അവരെ ആദരിക്കാനും പിന്തുടരാനുമാണ് നമ്മോട് കൽപ്പിക്കപ്പെട്ടിരിക്കുന്നത്.
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 സ്വഹാബികളുടെ മഹത്വം ഉൾകൊള്ളുക
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹
വാർത്തകൾ
അസ്‌മത്തു സ്വഹാബാ കോൺഫറൻസ്
അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യെ നേരില്‍ കാണുകയും വിശ്വസിക്കുകയും സഹവസിക്കുകയും സ്നേഹിച്ച് ആദരിക്കുകയും സഹായിക്കുകയും പരിപൂര്‍ണ്ണമായി പിന്‍പറ്റുകയും ചെയ്ത സുവര്‍ണ്ണ തലമുറയാണ് സഹാബാ മഹത്തുക്കള്‍.
* നന്മയുടെ പ്രചരണത്തിനായി അവര്‍ നടത്തിയ ത്യാഗങ്ങള്‍ അതുല്യമാണ്.
* റസൂലുല്ലാഹി (സ)യോടുള്ള സ്വഹാബാക്കളുടെ സ്നേഹവും അനുസരണയും അത്ഭുതകരമായിരുന്നു.
* റസൂലുല്ലാഹി (സ)യുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ പരിപൂര്‍ണമായി മാനിക്കുകയും പാലിക്കുകയും ചെയ്തു.
* അവര്‍ സ്വന്തം സമ്പത്തും ജീവനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ചു.
* സ്വഹാബികള്‍ പരസ്പര ഐക്യവും സ്നേഹാദരവുകളും പുലര്‍ത്തിയിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടും സഹോദരത്വം നിലനിര്‍ത്തി.
* അവര്‍ ജനങ്ങള്‍ക്ക് മാതൃകയായ ഏകതാബോധം പുലര്‍ത്തുകയും ത്യാഗ മനസ്ഥിതിയും സേവന മനോഭാവവും മുറുകെപിടിക്കുകയും ചെയ്തു.
* സഹാബത്തിനെ മനസ്സിലാക്കുകയും സ്നേഹിച്ച് ആദരിക്കുകയും പിന്‍പറ്റുകയും ചെയ്യുക. അവരെ നിന്ദിക്കുകയും നിസാരപ്പെടുത്തുകയും ചെയ്യരുത്.
കാലിക പ്രസക്തമായ ഈ സന്ദേശങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന സന്ദേശവുമായി ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ദേശീയ ആദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി ആരംഭിച്ച عظمة الصحابة (സഹാബത്തിനെ ആദരിക്കുക) എന്ന പ്രവര്‍ത്തനത്തെ അനുകരിച്ച് കൊണ്ട് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ഓച്ചിറ കമ്മിറ്റിയും ദാറുല്‍ ഉലൂം അറബിക് കോളേജും സയ്യിദ് ഹസനി അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അസ്മത്തെ സഹാബ (സഹാബത്തിനെ ആദരിക്കുക) ഓണ്‍ലൈന്‍ പ്രഭാഷണം
മുഹര്‍റം 11 (ജൂണ്‍ 27) ശനിയാഴ്ച രാത്രി 09 മണിക്ക് ആരംഭിക്കുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന അദ്ധ്യക്ഷന്‍ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അദ്ധ്യക്ഷത വഹിക്കുന്നതും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന അദ്ധ്യക്ഷന്‍ ശൈഖുനാ അബ്ദുറഹ്മാന്‍ ഹസ്റത്ത് ഉത്ഘാടനം ചെയ്യുന്നതുമാണ്. ഒരു മണിക്കൂര്‍ മാത്രം നീളുന്ന ഈ സുപ്രധാന പരിപാടി കേരളത്തിലെ പ്രഗത്ഭ പണ്ഡിത മഹത്തുക്കള്‍ സന്ദേശങ്ങള്‍ നല്‍കുന്നതാണ്. അടുത്ത വെള്ളിയാഴ്ച വരെ തുടരുന്ന ഈ മഹത്തായ ഓണ്‍ലൈന്‍ സംഗമത്തില്‍ കുടുംബ സമേതം പങ്കെടുത്ത് സത്യവിശ്വാസം സംരക്ഷിക്കാനും സല്‍ഗുണങ്ങള്‍ ഉള്‍കൊള്ളാനും മുന്നോട്ട് വരണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
🔹🔹🔹🔹🔹


