ജൂലൈ 31/2026
ലക്കം: 271
ഉള്ളടക്കം
▪️മുഖലിഖിതം
മശൂറയുടെ പ്രാധാന്യം
✍️ മൗലാനാ സയ്യിദ് മുഹമ്മദ് യൂസുഫ് ബിന്നൂരി
▪️ജുമുഅ സന്ദേശം
ഭിക്ഷാടനവും നമ്മുടെ സമീപനവും
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
ആയത്ത് 124 - 141
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
ഇൽമിൻ്റെ മാർഗം ത്യാഗത്തിന്റെയും സഹനതയുടേതുമാണ്.
✍️ മൗലാനാ മുഫ്തി അഹ്‌മദ് ഖാൻപൂരി
▪️ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ
1. അന്യമതസ്ഥരുമായുള്ള സാദൃശ്യവുമായി (തശബ്ബുഹ്) ബന്ധപ്പെട്ട വിഷയങ്ങൾ
2. ഹറാമായ സമ്പാദ്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ
3. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില പുതിയ രീതികൾ
▪️ഗ്രന്ഥ പരിചയം
അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
മശൂറയുടെ പ്രാധാന്യം
"അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള ഭിന്നതകൾ മുൻകാല മഹത്തുക്കൾക്കിടയിലും ഉണ്ടായിരുന്നു. എന്നാൽ അപവാദങ്ങൾ, വ്യാജ ആരോപണങ്ങൾ, അസഭ്യവർഷങ്ങൾ, ശാപവാക്കുകൾ എന്നിവയുടെ വലിയൊരു കൊടുങ്കാറ്റാണ് ഇന്ന് പരസ്പരം ആഞ്ഞടിക്കുന്നത്; അത് അങ്ങേയറ്റം വേദനാജനകമാണ്. ആരുടെയും അഭിമാനത്തിനും അന്തസ്സിനും വില കൽപ്പിക്കപ്പെടാത്ത, ജീവനും സ്വത്തും സുരക്ഷിതമല്ലാത്ത ഒരു അവസ്ഥയാണ് രൂപാന്തരപ്പെട്ടിരിക്കുന്നത്. സമുദായത്തിന്റെ മുഴുവൻ സമാധാനവും സ്വസ്ഥതയും നശിച്ചിരിക്കുന്നു.
അങ്ങേയറ്റം ആത്മാർത്ഥതയുള്ളവരുടെ അഭിപ്രായം പോലും ചിലപ്പോൾ തെറ്റാകാം. ആത്മാർത്ഥതയുള്ളവരെല്ലാം ശരിയായ അഭിപ്രായം ഉള്ളവരാകണമെന്നില്ല. നേരെമറിച്ച്, ചിലവേള അത്ര ആത്മാർത്ഥതയില്ലാത്തവരുടെ അഭിപ്രായം കൂടുതൽ ഉചിതമായിരിക്കും. ഇതെല്ലാം സർവ്വാംഗീകൃതമായ കാര്യങ്ങളാണ്.
ഈ പോരായ്മ പരിഹരിക്കുന്നതിന് വേണ്ടിയാണ് ശരീഅത്ത് "ശൂറ" (കൂടിയാലോചന) എന്ന രീതി നിർദ്ദേശിച്ചത്. അതായത്, എന്ത് തീരുമാനമെടുക്കുമ്പോഴും അത് സജ്ജനങ്ങളുടെയും ജ്ഞാനികളുടെയും കൂടിയാലോചനയോടെ ആയിരിക്കണം. എന്നാൽ സങ്കടകരമെന്നു പറയട്ടെ, സ്വാർത്ഥതയുടെയും വ്യക്തിതാല്പര്യങ്ങളുടെയും പേരിൽ ഈ അനുഗ്രഹവും സമുദായത്തിന് കൈമോശം വന്നിരിക്കുന്നു. ഇതിന്റെ ഫലമായി സമുദായത്തിന്റെ ഐക്യം തകർന്നിരിക്കുകയാണ്. ഓരോ വിഭാഗവും തങ്ങളുടെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഓരോ വ്യക്തിയും തന്നെത്തന്നെ സർവ്വജ്ഞാനിയായി കരുതുന്നു. ഇതുമൂലം ദിനംപ്രതി സംഘടനകൾ പിളർന്ന് വീണ്ടും വീണ്ടും സംഘടനകളുണ്ടാകുന്ന പ്രക്രിയ തുടർന്നുകൊണ്ടിരിക്കുകയാണ്.
റസൂലുല്ലാഹി ﷺ ഫിത്‌നകളിൽ നിന്ന് രക്ഷ ചോദിക്കുന്ന കൂട്ടത്തിൽ ഈ പ്രാർത്ഥനയും നടത്തുമായിരുന്നു:
"واذا أردت بقوم فتنة فتوفني غیر مفتون"
"അല്ലാഹുവേ! നീ ഏതെങ്കിലും ജനതയെ കുഴപ്പത്തിൽ അകപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ കുഴപ്പത്തിൽ അകപ്പെടുത്താതെ എന്നെ നീ തിരികെ മരിപ്പിക്കേണമേ."
✍️ മൗലാനാ സയ്യിദ് മുഹമ്മദ് യൂസുഫ് ബിന്നൂരി
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
ഭിക്ഷാടനവും നമ്മുടെ സമീപനവും
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(അധ്യക്ഷൻ, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്)
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. أما بعد
فأعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
ഭിക്ഷാടകരുടെ തിരക്കും അവരുടെ ദീന രോദനങ്ങളും ഇക്കാലത്ത് നമ്മുടെ മസ്ജിദുകളുടെയും മതപരമായ സ്ഥലങ്ങളുടെയും മതസമ്മേളനങ്ങളുടെയും ഒരു പ്രധാന അടയാളമായി മാറിയിരിക്കുകയാണ്. അവരിൽ ചിലർക്ക് ആളുകളെ നിർബന്ധിക്കാനുള്ള കഴിവ് കൂടുതലായതിനാൽ, അവരെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോവുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ചിലരുടെ ധാർഷ്ട്യം നിറഞ്ഞ ധൈര്യം കാണേണ്ടതുതന്നെയാണ്; അവർക്ക് ഭിക്ഷ നൽകാതിരിക്കുകയോ, അല്ലെങ്കിൽ അവർ ഉദ്ദേശിച്ച തുക നൽകാതിരിക്കുകയോ ചെയ്താൽ ദേഷ്യത്തിൽ തുറിച്ച് നോക്കും. ചിലർ തെറിയും പറയാറുണ്ട്. നമ്മൾ എന്തോ കടം കൊടുക്കാനുണ്ടെന്ന് കാണുന്നവർക്ക് തോന്നിപ്പോകുന്ന രീതിയിലാണ് ചിലർ ചോദിക്കുന്നത്. മതപരമായ സ്ഥലങ്ങൾക്ക് പുറമെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വാഹനങ്ങൾ നിർത്തേണ്ടി വരുന്ന ട്രാഫിക് സിഗ്നലുകൾ എന്നിവ ഇക്കൂട്ടരുടെ പ്രിയപ്പെട്ട വരുമാന കേന്ദ്രങ്ങളാണ്. അതുകൊണ്ട് തന്നെ ഇവിടെ അവരുടെ വൻ സാന്നിധ്യം കാണാം എന്ന് മാത്രമല്ല; പൂർണ്ണമായ ആത്മാർത്ഥതയോടും സ്ഥിരതയോടും കൂടി അതിരാവിലെ മുതൽ അർദ്ധരാത്രി വരെ അവർ തങ്ങളുടെ താവളങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. പോലീസുകാരുടെ ഫൈനും ചിലപ്പോഴൊക്കെയുള്ള ലാത്തിച്ചാർജ്ജും കൊടുക്കുന്നവരുടെ ചീത്തവിളിയുമൊന്നും അവരുടെ മനസ്സിനെ വിഷമിപ്പിക്കുകയോ അവരുടെ ഈ സ്ഥിരതയ്ക്ക് യാതൊരു ഇളക്കമോ വരുത്തുന്നില്ല. ഈ അർത്ഥത്തിൽ, ദൃഢതയുടെ കാര്യത്തിൽ അവർ ഒരു മാതൃകയാണ്.
ഭിക്ഷക്കാർ പലതരക്കാരുണ്ട്; ചിലർ ആരോഗ്യവും കഴിവുമുള്ളവർ, മറ്റുചിലർ യഥാർത്ഥ രോഗികൾ. എന്നാൽ ഭൂരിഭാഗവും വ്യാജ രോഗികളാണ്. രോഗികളും അംഗവൈകല്യമുള്ളവരും പൊതുവെ ഒന്നിനും കൊള്ളാത്തവരായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഈ രംഗത്ത് അവർ വളരെ ഉപകാരപ്രദവും ഫലപ്രദവുമാണ്. അതുകൊണ്ട് തന്നെ ആരോഗ്യവന്മാരായ പല ഭിക്ഷക്കാരും അന്ധരുടെയും ഭിന്നശേഷിക്കാരുടെയും സഹായം തേടുകയും പരസ്പരം സഹായിച്ചുകൊണ്ട് കഠിനഹൃദയരെപ്പോലും അലിയിപ്പിക്കുന്ന തരത്തിൽ ജോലി നിർവഹിക്കുകയും ചെയ്യുന്നു. ഇവരിൽ കുട്ടികളുണ്ട്, യുവാക്കളുണ്ട്, വൃദ്ധരുണ്ട്, പുരുഷന്മാരുണ്ട്, സ്ത്രീകളുമുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും യുവതികളും പ്രായമായ സ്ത്രീകളും ഉൾപ്പെടെ എല്ലാത്തരം ആളുകളും ഈ പ്രൊഫഷനിലുണ്ട്. ഗ്രാമങ്ങളിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുവന്ന് അവരെ വൈകല്യമുള്ളവരാക്കി ഭിക്ഷാടനം നടത്തിക്കുന്ന സംഘങ്ങൾ പോലും പിടിക്കപ്പെട്ടിട്ടുണ്ട്. കാലം പുരോഗമിച്ചതോടെ ഭിക്ഷാടനത്തിനായി ആധുനിക മാർഗ്ഗങ്ങളും ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ചില ഭിക്ഷാടകർ ഇന്റർനെറ്റിന്റെ സഹായത്തോടെ ആഗോളതലത്തിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഭിക്ഷാടനത്തെ വളരെ എളുപ്പമുള്ളതും സൗകര്യപ്രദവുമായ ഒരു ഉപജീവനമാർഗ്ഗമായാണ് ഈ കൂട്ടർ കാണുന്നതെന്ന് തോന്നുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഹൈദരാബാദിലെ ഭിക്ഷക്കാരുടെ ശരാശരി പ്രതിമാസ വരുമാനം മൂവായിരം മുതൽ നാലായിരം രൂപ വരെയാണെന്ന് പത്രങ്ങളിൽ വാർത്ത വന്നിരുന്നു. (കേരളത്തിൽ ഇത് പ്രതിദിന വരുമാനമാണ്. -വിവ:) റമദാൻ, പെരുന്നാൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ ഇതിലും കൂടുതലാണ്. അവർ ഈ തൊഴിൽ ഉപേക്ഷിക്കാൻ ഒരു തരത്തിലും തയ്യാറല്ല എന്നതാണ് ഇതിന്റെ ഫലം. അവരോട് ജോലി ചെയ്യാൻ പറയുകയോ ജോലിക്ക് വിളിക്കുകയോ ചെയ്താൽ അവരെ അപമാനിച്ചതുപോലെയാണ്. ചുരുക്കത്തിൽ, അവർ തങ്ങളുടെ തൊഴിലിൽ തൃപ്തരും സന്തുഷ്ടരുമാണ്, അവർക്ക് ഇതിൽ യാതൊരു നാണക്കേടോ അപകർഷതാബോധമോ ഇല്ല. ഈ കൂട്ടരിൽ ഗണ്യമായ ഒരു വിഭാഗം നമ്മുടെ മുസ്‌ലിം സഹോദരങ്ങളാണെന്നത് കൂടുതൽ സങ്കടമുണ്ടാക്കുന്നു. ഏതൊരു സമുദായത്തോടാണോ എല്ലാറ്റിനേക്കാളും ഉപരിയായി സ്വാശ്രയത്വവും അന്തസ്സും പുലർത്താൻ കൽപ്പിച്ചത്, അവരാണ് ഈ ധാർമ്മിക രോഗത്തിൽ മുന്നിൽ നിൽക്കുന്നത്.
ഇസ്‌ലാമിന് മുമ്പ് ചില മതങ്ങളിൽ മത പുരോഹിതർക്ക് ഉപജീവനമാർഗ്ഗങ്ങളിൽ ഏർപ്പെടാൻ അനുവാദമില്ലായിരുന്നു. ആളുകളുടെ മുന്നിൽ കൈനീട്ടിയും അവരുടെ വഴിപാടുകൾ സ്വീകരിച്ചുമാണ് ഇക്കൂട്ടർ ജീവിച്ചിരുന്നത്. ഹൈന്ദവ സഹോദരന്മാർക്കിടയിൽ, ബ്രാഹ്മണർക്ക് ദാനം നൽകുക എന്നത് ജനങ്ങളുടെ കടമകളിൽ ഉൾപ്പെട്ടിരുന്നു. ബുദ്ധമതക്കാർക്കിടയിൽ മതനേതാക്കൾക്കും ഭിക്ഷുക്കൾക്കും ഉപജീവനമാർഗ്ഗം തേടുന്നതിന് വിലക്കുണ്ടായിരുന്നു, അവർ ജനങ്ങളുടെ ദക്ഷിണയിലാണ് ജീവിച്ചിരുന്നത്. ക്രിസ്ത്യാനികൾക്കിടയിൽ പൗരോഹിത്യവും സന്യാസവും പ്രചാരം നേടിയപ്പോൾ മതനേതാക്കൾ മാത്രമല്ല, ഭൗതിക വിരക്തരായ പൊതുജനങ്ങളും ഉപജീവനമാർഗ്ഗം ഉപേക്ഷിച്ച് ജനങ്ങൾ നൽകുന്നതുകൊണ്ട് ജീവിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതി. എന്നാൽ ഇസ്‌ലാം ആദ്യ ദിവസം മുതൽ തന്നെ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത് ശക്തമായി പ്രേരിപ്പിച്ചു. അല്ലാഹുവിനുള്ള ഇബാദത്തുകളിൽ നിന്ന് വിരമിച്ച ശേഷം ഉപജീവനത്തിനായി ശ്രമിക്കണമെന്ന് ഖുർആൻ പ്രസ്താവിച്ചു. സമ്പത്തിനെ 'അല്ലാഹുവിന്റെ ഔദാര്യം’ എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത്. (ജുമുഅ: 10) പ്രവാചകൻ ﷺ സ്വയം കച്ചവടം നടത്തി. അബൂബക്ർ (റ), ഉമർ (റ), ഉസ്മാൻ (റ) തുടങ്ങിയ പ്രമുഖ സ്വഹാബികൾ കച്ചവടം ചെയ്തു. അലിയ്യ് (റ) ഉം മറ്റ് പല സ്വഹാബികളും കഠിനാധ്വാനം ചെയ്ത് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ഉപജീവനമാർഗ്ഗം തേടുന്നതിനെ പ്രശംസിക്കുകയും ചെയ്തു.
ഇസ്‌ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കൽ പഠിപ്പിച്ചു എന്നത് ശരിയാണ്; എന്നാൽ ആളുകൾ തങ്ങളുടെ നിഷ്‌ക്രിയത്വത്തിനും കടമകളിൽ നിന്നുള്ള ഒളിച്ചോട്ടത്തിനും 'തവക്കുൽ' എന്ന് പേരിട്ടതിനെ ഇസ്‌ലാം തിരുത്തുകയുണ്ടായി. ലൗകിക മാർഗ്ഗങ്ങൾ ഉപേക്ഷിക്കുക എന്നതല്ല തവക്കുൽ എന്ന് ഇസ്‌ലാം പഠിപ്പിച്ചു; മറിച്ച്, സാധ്യമായ മാർഗ്ഗങ്ങൾ സ്വീകരിച്ച ശേഷം അതിന്റെ ഫലം അല്ലാഹുവിൽ ഏൽപ്പിക്കലാണത്. അതിനാൽ ഉപജീവനത്തിനായി ശ്രമിക്കുന്നത് തവക്കുലിന് വിരുദ്ധമല്ല. മനുഷ്യൻ അധ്വാനത്തിൽ നിന്ന് ഒളിച്ചോടുമ്പോഴാണ് ഭിക്ഷാടനം ഉണ്ടാകുന്നത്. ഇത് തടയാൻ പ്രവാചകൻ ﷺ ഒരു വശത്ത് ഉപജീവനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ഭിക്ഷാടനത്തിന്റെ യഥാർത്ഥ കാരണം ഇല്ലാതാക്കാൻ ശ്രമിച്ചു. മറുവശത്ത് യാചനയെ ശക്തമായി അപലപിക്കുകയും അത് കർശനമായി വിലക്കുകയും ചെയ്തു. ഒരാൾ പ്രവാചകന്റെ ﷺ സന്നിധിയിൽ വന്ന് എന്തെങ്കിലും ചോദിച്ചു. തങ്ങൾ ﷺ ചോദിച്ചു: "നിന്റെ പക്കൽ എന്താണുള്ളത്?" അദ്ദേഹം പറഞ്ഞു: "എന്റെ പക്കൽ ഒരു ചാക്കും ഒരു പാത്രവും മാത്രമേയുള്ളൂ." തങ്ങൾ ﷺ അവ രണ്ടും കൊണ്ടുവരാൻ ആവശ്യപ്പെടുകയും ലേലം വിളിക്കുകയും ചെയ്തു. ഒരാൾ ഒരു ദിർഹം വില പറഞ്ഞു, മറ്റൊരാൾ രണ്ട് ദിർഹം പറഞ്ഞു. തിരുദൂതർ ﷺ അത് രണ്ട് ദിർഹമിന് വിറ്റു. ശേഷം ഒരു ദിർഹമിന് ഒരു കോടാലി വാങ്ങാൻ ആവശ്യപ്പെടുകയും അതിൽ ഒരു മരക്കഷ്ണം ഘടിപ്പിച്ച് കോടാലിയാക്കി അദ്ദേഹത്തിന് നൽകുകയും ചെയ്തു. ശേഷം മറ്റേ ദിർഹം അദ്ദേഹത്തിന് നൽകിക്കൊണ്ട് പറഞ്ഞു: "ഇതുകൊണ്ട് നിന്റെ ആവശ്യങ്ങൾ നിറവേറ്റുക, കോടാലി ഉപയോഗിച്ച് വിറക് വെട്ടി കൊണ്ടുവന്ന് വിൽക്കുക. ഒരു മാസത്തേക്ക് നിന്നെ ഇവിടെ ഭിക്ഷ യാചിക്കുന്നതായി കാണരുത്." ആ മനുഷ്യൻ ഈ നിർദ്ദേശം പാലിച്ചു. ഒരു മാസത്തിന് ശേഷം തിരികെ വന്നപ്പോൾ അദ്ദേഹത്തിന്റെ പക്കൽ പല ദിർഹമുകൾ ഉണ്ടായിരുന്നു. അദ്ദേഹം ഭیക്ഷാടനം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. (സുനൻ അബീദാവൂദ്: 143, സുനൻ ഇബ്നു മാജ: 2198, അനസ് (റ) വിൽ നിന്ന്). നബി ﷺ അരുളി: "നിങ്ങളിൽ ഒരാൾ വിറക് കെട്ടുകൾ ചുമന്ന് കൊണ്ടുവന്ന് വിൽക്കുന്നത്, ജനങ്ങളോട് കൈനീട്ടുന്നതിനേക്കാൾ ഉത്തമമാണ്; അവർ നൽകിയാലും ഇല്ലെങ്കിലും." (ബുഖാരി, കിതാബുസ്സകാത്ത് 402, സുബൈർ ബിൻ അൽ-അവ്വാം (റ) വിൽ നിന്ന്). ഇതുപോലുള്ള മറ്റ് ചില സംഭവങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: രണ്ടുപേർ പ്രവാചക സന്നിധിയിൽ വന്ന് സഹായം ചോദിച്ചു. പ്രവാചകൻ ﷺ അവരോട് കാട്ടിൽ പോയി വിറക് വെട്ടി വിൽക്കാൻ നിർദ്ദേശിച്ചു. അവർ അങ്ങനെ തന്നെ ചെയ്തു. ആദ്യം വിറക് വിറ്റ് ഭക്ഷണസാധനങ്ങൾ വാങ്ങി, പിന്നീട് സ്വർണ്ണം വാങ്ങി, പിന്നീട് യാത്രയ്ക്കായി കഴുതകളെ വാങ്ങി. അവർ പറഞ്ഞു: "അല്ലാഹു പ്രവാചകന്റെ ﷺ കൽപ്പനയിൽ ഞങ്ങൾക്ക് ബറകത്ത് നൽകി." (മജ്മഉസ്സവാഇദ്: 3/94).
ആളുകളോട് ചോദിക്കുന്നതിൽ നിന്ന് പ്രവാചകൻ ﷺ സ്വഹാബികളെ എത്രത്തോളം വിലക്കിയിരുന്നുവെന്നാൽ, അവർ ചെറിയ കാര്യങ്ങൾ പോലും മറ്റുള്ളവരോട് ചോദിക്കാൻ മടിച്ചിരുന്നു. അബൂബക്ർ (റ) ഒട്ടകപ്പുറത്തിരിക്കുമ്പോൾ അതിന്റെ കടിഞ്ഞാൺ താഴെ വീണാൽ ഒട്ടകത്തെ ഇരുത്തി അദ്ദേഹം സ്വയം ഇറങ്ങി അത് എടുക്കുമായിരുന്നു. അത് എടുത്തുതരാൻ പോലും മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്നില്ല. (മജ്മഉസ്സവാഇദ്: 3/94) ഇത് റസൂലുല്ലാഹി ﷺ യുടെ ശിക്ഷണത്തിന്റെ ഫലമായിരുന്നു. അബൂദർറ് ഗിഫാരി (റ), സൗബാൻ (റ) എന്നിവർ പ്രസ്താവിക്കുന്നു: ആരോടും ഒന്നും ചോദിക്കില്ലെന്ന് അവരിൽ നിന്ന് പ്രവാചകൻ ﷺ കരാർ വാങ്ങിയിരുന്നു, ചാട്ട താഴെ വീണാൽ പോലും അത് മറ്റൊരാളോട് ചോദിക്കരുതെന്ന് കൽപ്പിച്ചിരുന്നു. (മജ്മഉസ്സവാഇദ്: 3/94)
അലിയ്യ് (റ) ൽ നിന്ന് നിവേദനം: നബി ﷺ അരുളി: "ആവശ്യത്തിന് തൻ്റെ പക്കലുള്ളവൻ വീണ്ടും യാചിച്ചാൽ അവൻ നരകത്തിലെ തീക്കനലുകളാണ് വർദ്ധിപ്പിക്കുന്നത്." ചോദിക്കപ്പെട്ടു: "ആവശ്യത്തിന് ഉള്ളവൻ എന്നാൽ ആരാണ്?" പ്രവാചകൻ ﷺ പറഞ്ഞു: "രാത്രിയിലെ ഭക്ഷണം കൈവശമുള്ളവൻ." (മജ്മഉസ്സവാഇദ്: 3/94) അതായത്, ഒരു നേരത്തെ ഭക്ഷണം കൈവശമുള്ള ഒരാൾക്ക് കൈനീട്ടാൻ അനുവാദമില്ല. അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു: "യാചന എന്നത് പരലോകത്ത് യാചകന്റെ മുഖത്ത് ഒരു പോറലായി പ്രത്യക്ഷപ്പെടും. ഇനി ആർക്ക് വേണമെങ്കിലും അത് തന്റെ മുഖത്ത് നിലനിർത്താം." (മജ്മഉസ്സവാഇദ്: 96) ഹബ്ശി ബിൻ ജുനാദ (റ) യുടെ നിവേദനത്തിൽ നബി ﷺ അരുളുന്നു: "ദാരിദ്ര്യമില്ലാതിരുന്നിട്ടും യാചിക്കുന്നവൻ തീക്കനൽ തിന്നുന്നവന് തുല്യനാണ്." (മജ്മഉസ്സവാഇദ്: 3/96) സൗബാൻ (റ) ന്റെ നിവേദനത്തിൽ, പണമുണ്ടായിട്ടും യാചിക്കുന്നത് പുനരുഥാന നാളിൽ അവന്റെ മുഖത്ത് ഒരു വൈകല്യമായി മാറുന്നതാണ് എന്ന് കാണാം. (മജ്മഉസ്സവാഇദ്: 3/96)
ചിന്തിക്കുക, ഈ താൽക്കാലിക ലൗകിക ജീവിതത്തിൽ മുഖത്ത് ഒരു ചെറിയ പാട് ഉണ്ടായാൽ അത് മാറ്റാൻ മനുഷ്യൻ എത്രമാത്രം കഷ്ടപ്പെടുന്നു! പരലോകത്തെ ശാശ്വത ജീവിതത്തിൽ സ്വർഗ്ഗവാസികൾ ഏറ്റവും മനോഹരമായ രൂപത്തിലായിരിക്കുമ്പോൾ, സ്വന്തം മുഖത്തെ വൈകല്യവും പാടും കണ്ട് മനുഷ്യൻ എത്രമാത്രം ലജ്ജിക്കും! പ്രത്യേകിച്ചും, പ്രകാശപൂരിതമായ സ്വർഗ്ഗത്തിൽ ആരും യാദൃശ്ചികമായോ ജന്മനായോ വിരൂപികളല്ലെന്നും, ആരെങ്കിലും വിരൂപികളാകുന്നത് അവരുടെ ചീത്തപ്രവൃത്തികളുടെ ഫലമാണെന്നും ജനങ്ങൾക്ക് അറിയാമെന്നിരിക്കെ! സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന മനുഷ്യൻ ഈ ശാശ്വതമായ വിരൂപതയെക്കുറിച്ച് ചിന്തിക്കാത്തത് എത്ര വിചിത്രമാണ്!
ഭിക്ഷാടനം എന്നത് ദാരിദ്ര്യത്തിന്റെ ഫലമല്ല; മറിച്ച് അത് അലസതയുടെയും അധ്വാനമില്ലാതെ തിന്നാനുള്ള ആഗ്രഹത്തിന്റെയും ഫലമാണ്. ലജ്ജയുടെയും അന്തസ്സിന്റെയും മൂടുപടം കീറിയെറിയുന്നതാണ് ഇതിന് കാരണം. മനുഷ്യന് ഇച്ഛാശക്തിയും ആത്മാഭിമാനവും ഉണ്ടെങ്കിൽ, സ്വന്തം അന്തസ്സ് വിലപ്പെട്ടതാണെങ്കിൽ, അവന് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാൻ കഴിയില്ല. നബി ﷺ അരുളി: "ആരാണോ അന്തസ്സോടെ ജീവിക്കാൻ ആഗ്രഹിക്കുന്നത് അവനെ അല്ലാഹു അന്തസ്സുള്ളവനാക്കും. ആരാണോ സ്വാശ്രയത്വം ആഗ്രഹിക്കുന്നത് അവന് അല്ലാഹു ഐശ്വര്യം നൽകും." ((മജ്മഉസ്സവാഇദ്: 3/95, മുസ്നദ് അഹ്മദ്). ഈ സ്വാശ്രയ പ്രകൃതം നിലനിർത്താനാണ് ഇസ്‌ലാം സകാത്തിന്റെ സാമൂഹിക സംവിധാനം സ്ഥാപിച്ചത്. അഥവാ ജനങ്ങൾ ബൈത്തുൽമാലിൽ (പൊതുഖജനാവ്) സകാത്ത് സമാഹരിക്കുകയും ബൈത്തുൽമാൽ ആവശ്യക്കാരെ സഹായിക്കുകയും ചെയ്യണം. കാരണം ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് സഹായം ലഭിക്കുമ്പോൾ മനുഷ്യന്റെ ആത്മാഭിമാനം നഷ്ടപ്പെടുന്നില്ല, അവന്റെ ലജ്ജ നിലനിൽക്കുന്നു. എന്നാൽ മനുഷ്യൻ പരസ്പരം യാചിക്കാൻ തുടങ്ങുമ്പോൾ, ആദ്യം അവന്റെ നാവ് തുറക്കില്ല, ഹൃദയത്തിൽ കല്ലുവെച്ചാണ് അവൻ ചോദിക്കുന്നത്. എന്നാൽ പിന്നീട് കണ്ണുകളിൽ ലജ്ജയോ, ചോദിക്കുന്നതിൽ നാവിന് മടിയോ, കൈനീട്ടുന്നതിൽ യാതൊരു നാണക്കേടോ ഉണ്ടാകില്ല.
സമൂഹത്തിന്റെ ഭാവിയായ ചെറിയ കുട്ടികളും, സമൂഹത്തിൻ്റെ സ്വത്തായ അധ്വാനിക്കാൻ ശേഷിയുള്ള യുവാക്കളും യുവതികളും നിഷ്‌ക്രിയരും ബോധമില്ലാത്തവരുമായി മാറുന്നത് ഏതൊരു സമൂഹത്തിനും അങ്ങേയറ്റം നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. അതിനേക്കാൾ ദുഃഖകരമായ കാര്യം മറ്റെന്താണുള്ളത്!
ഭിക്ഷാടനം നിർമാർജനം ചെയ്യാൻ അനുകൂലവും പ്രതികൂലവുമായ നടപടികൾ ആവശ്യമാണ്. അനുകൂല നടപടികളെന്നാൽ, ഇത്തരം കുട്ടികളെ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന നിരവധി സർക്കാർ, ഇതര സ്ഥാപനങ്ങളുണ്ട്. അവരെ അവിടെ എത്തിക്കണം. ജോലി ചെയ്യാൻ ശേഷിയുള്ള സ്ത്രീകളെയും പുരുഷന്മാരെയും അധ്വാനത്തിലേക്ക് തിരിച്ചുവിടണം. ഇക്കാലത്ത് ഒരുപാട് പേർ തൊഴിലാളികളെ അന്വേഷിക്കുന്നുണ്ട്. ഇന്ന് പഠിപ്പുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഉദ്യോഗം ലഭിക്കാൻ പ്രയാസം. എന്നാൽ ഭിക്ഷാടന രംഗത്തുള്ള ഭൂരിഭാഗം ആളുകളും നിരക്ഷരരാണ്. അവരെ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കാം. ശാരീരികമായി പൂർണ്ണമായും വൈകല്യമുള്ളവർക്കായി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കണം. അല്ലെങ്കിൽ ഗവൺമെന്റിന്റെ ക്ഷേമ സ്ഥാപനങ്ങളിൽ അവരെ എത്തിക്കണം.
ഭിക്ഷാടനത്തെ നിരുത്സാഹപ്പെടുത്തുക എന്നതാണ് പ്രതികൂല നടപടി. പള്ളികളുടെയും ദർഗകളുടെയും ഭാരവാഹികൾ അവരെ അവിടെ ഇരുന്ന് ഭിക്ഷ യാചിക്കുന്നതിൽ നിന്ന് തടയണം. മതസമ്മേളനങ്ങൾ, ജുമുഅ, പെരുന്നാൾ ദിവസങ്ങളിൽ അവരെ ഭിക്ഷ യാചിക്കുന്നതിൽ നിന്ന് വിലക്കുകയും നിരുത്സാഹപ്പെടുത്തുകയും വേണം. അവർക്ക് ഭിക്ഷ നൽകരുത്, അവർ ഭിക്ഷ ചോദിച്ചാൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കണം. അങ്ങനെ അവരുടെ ആവേശം കെടുത്തുകയും അവരെ അന്തസ്സോടെ ജീവിക്കാൻ ശീലിപ്പിക്കുകയും വേണം. പലരും ജുമുഅ ദിവസങ്ങളിൽ ചില്ലറകളുമായി വന്ന് ഓരോ ഭിക്ഷക്കാരനും ഒന്നോ രണ്ടോ രൂപ വീതം നൽകുന്നു. ബാഹ്യമായി ഇത് പുണ്യപ്രവൃത്തിയാണെങ്കിലും, പരോക്ഷമായി ഇത് സ്വന്തം സമുദായത്തിലെ ഒരു വിഭാഗത്തെ ഭിക്ഷാടനത്തിന് ശീലിപ്പിക്കുകയാണ്; അതിനാൽ ഇതിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് സമുദായത്തിന്റെ താൽപ്പര്യത്തിന് നല്ലത്.
പ്രവാചകന്റെ ﷺ മാതൃക നമ്മുടെ മുന്നിലുണ്ട്. ഒരു വശത്ത് അവിടുന്ന് യാചകർക്ക് നൽകാൻ വിസമ്മതിക്കുകയും, മറുവശത്ത് അവരെ കഠിനാധ്വാനം ചെയ്ത് ജീവിക്കാൻ പ്രേരിപ്പിക്കുകയും അതിനുള്ള വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. നമ്മുടെ സമുദായത്തെ ഈ ശാപത്തിൽ നിന്ന് രക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, സ്വന്തം ചോരയും നീരും ഒഴുക്കി സമ്പാദിക്കാനും പട്ടിണി കിടന്നാലും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടി അന്തസ്സ് കളയാതിരിക്കാനുമുള്ള ഒരു മനോഭാവം നമ്മൾ അവരിൽ വളർത്തിയെടുക്കേണ്ടതുണ്ട്!!
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 124 - 141
۞وَإِذِ ٱبۡتَلَىٰٓ إِبۡرَٰهِـۧمَ رَبُّهُۥ بِكَلِمَٰتٖ فَأَتَمَّهُنَّۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامٗاۖ قَالَ وَمِن ذُرِّيَّتِيۖ قَالَ لَا يَنَالُ عَهۡدِي ٱلظَّٰلِمِينَ ١٢٤ وَإِذۡ جَعَلۡنَا ٱلۡبَيۡتَ مَثَابَةٗ لِّلنَّاسِ وَأَمۡنٗا وَٱتَّخِذُواْ مِن مَّقَامِ إِبۡرَٰهِـۧمَ مُصَلّٗىۖ وَعَهِدۡنَآ إِلَىٰٓ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ أَن طَهِّرَا بَيۡتِيَ لِلطَّآئِفِينَ وَٱلۡعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ ١٢٥ وَإِذۡ قَالَ إِبۡرَٰهِـۧمُ رَبِّ ٱجۡعَلۡ هَٰذَا بَلَدًا ءَامِنٗا وَٱرۡزُقۡ أَهۡلَهُۥ مِنَ ٱلثَّمَرَٰتِ مَنۡ ءَامَنَ مِنۡهُم بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلٗا ثُمَّ أَضۡطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِۖ وَبِئۡسَ ٱلۡمَصِيرُ ١٢٦ وَإِذۡ يَرۡفَعُ إِبۡرَٰهِـۧمُ ٱلۡقَوَاعِدَ مِنَ ٱلۡبَيۡتِ وَإِسۡمَٰعِيلُ رَبَّنَا تَقَبَّلۡ مِنَّآۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ ١٢٧ رَبَّنَا وَٱجۡعَلۡنَا مُسۡلِمَيۡنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةٗ مُّسۡلِمَةٗ لَّكَ وَأَرِنَا مَنَاسِكَنَا وَتُبۡ عَلَيۡنَآۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ ١٢٨ رَبَّنَا وَٱبۡعَثۡ فِيهِمۡ رَسُولٗا مِّنۡهُمۡ يَتۡلُواْ عَلَيۡهِمۡ ءَايَٰتِكَ وَيُعَلِّمُهُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَيُزَكِّيهِمۡۖ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ ١٢٩ وَمَن يَرۡغَبُ عَن مِّلَّةِ إِبۡرَٰهِـۧمَ إِلَّا مَن سَفِهَ نَفۡسَهُۥۚ وَلَقَدِ ٱصۡطَفَيۡنَٰهُ فِي ٱلدُّنۡيَاۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّٰلِحِينَ ١٣٠ إِذۡ قَالَ لَهُۥ رَبُّهُۥٓ أَسۡلِمۡۖ قَالَ أَسۡلَمۡتُ لِرَبِّ ٱلۡعَٰلَمِينَ ١٣١ وَوَصَّىٰ بِهَآ إِبۡرَٰهِـۧمُ بَنِيهِ وَيَعۡقُوبُ يَٰبَنِيَّ إِنَّ ٱللَّهَ ٱصۡطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسۡلِمُونَ ١٣٢ أَمۡ كُنتُمۡ شُهَدَآءَ إِذۡ حَضَرَ يَعۡقُوبَ ٱلۡمَوۡتُ إِذۡ قَالَ لِبَنِيهِ مَا تَعۡبُدُونَ مِنۢ بَعۡدِيۖ قَالُواْ نَعۡبُدُ إِلَٰهَكَ وَإِلَٰهَ ءَابَآئِكَ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ إِلَٰهٗا وَٰحِدٗا وَنَحۡنُ لَهُۥ مُسۡلِمُونَ ١٣٣ تِلۡكَ أُمَّةٞ قَدۡ خَلَتۡۖ لَهَا مَا كَسَبَتۡ وَلَكُم مَّا كَسَبۡتُمۡۖ وَلَا تُسۡـَٔلُونَ عَمَّا كَانُواْ يَعۡمَلُونَ ١٣٤ وَقَالُواْ كُونُواْ هُودًا أَوۡ نَصَٰرَىٰ تَهۡتَدُواْۗ قُلۡ بَلۡ مِلَّةَ إِبۡرَٰهِـۧمَ حَنِيفٗاۖ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ١٣٥ قُولُوٓاْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيۡنَا وَمَآ أُنزِلَ إِلَىٰٓ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَمَآ أُوتِيَ مُوسَىٰ وَعِيسَىٰ وَمَآ أُوتِيَ ٱلنَّبِيُّونَ مِن رَّبِّهِمۡ لَا نُفَرِّقُ بَيۡنَ أَحَدٖ مِّنۡهُمۡ وَنَحۡنُ لَهُۥ مُسۡلِمُونَ ١٣٦ فَإِنۡ ءَامَنُواْ بِمِثۡلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا هُمۡ فِي شِقَاقٖۖ فَسَيَكۡفِيكَهُمُ ٱللَّهُۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ١٣٧ صِبۡغَةَ ٱللَّهِ وَمَنۡ أَحۡسَنُ مِنَ ٱللَّهِ صِبۡغَةٗۖ وَنَحۡنُ لَهُۥ عَٰبِدُونَ ١٣٨ قُلۡ أَتُحَآجُّونَنَا فِي ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمۡ وَلَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡ وَنَحۡنُ لَهُۥ مُخۡلِصُونَ ١٣٩ أَمۡ تَقُولُونَ إِنَّ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطَ كَانُواْ هُودًا أَوۡ نَصَٰرَىٰۗ قُلۡ ءَأَنتُمۡ أَعۡلَمُ أَمِ ٱللَّهُۗ وَمَنۡ أَظۡلَمُ مِمَّن كَتَمَ شَهَٰدَةً عِندَهُۥ مِنَ ٱللَّهِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ١٤٠ تِلۡكَ أُمَّةٞ قَدۡ خَلَتۡۖ لَهَا مَا كَسَبَتۡ وَلَكُم مَّا كَسَبۡتُمۡۖ وَلَا تُسۡـَٔلُونَ عَمَّا كَانُواْ يَعۡمَلُونَ ١٤١
ഇബ്‌റാഹീം നബിയുടെ രക്ഷിതാവ്, അദ്ദേഹത്തെ ചില കാര്യങ്ങളിൽ പരീക്ഷിച്ച സന്ദർഭം. അപ്പോൾ അദ്ദേഹം അവയെ പരിപൂർണ്ണമായി നിർവ്വഹിച്ചു. അപ്പോൾ അല്ലാഹു പറഞ്ഞു: നിങ്ങളെ ഞാൻ ജനങ്ങളുടെ നായകനാക്കുന്നതാണ്. അദ്ദേഹം പറഞ്ഞു: എന്റെ സന്താനങ്ങളിൽ നിന്നും (നായകരെ ആക്കേണമേ!) അല്ലാഹു പറഞ്ഞു: അക്രമികൾക്ക് എന്റെ വാഗ്ദാനം ലഭിക്കുന്നതല്ല.(124) കഅ്ബാലയത്തെ ജനങ്ങളുടെ സംഗമ സ്ഥാനവും, അഭയ കേന്ദ്രവുമായി നാം നിശ്ചയിച്ച സന്ദർഭം ഓർക്കുക. ഇബ്‌റാഹീം നബി നിന്ന സ്ഥലത്തെ നമസ്‌കരിക്കാനുള്ള സ്ഥലമാക്കുക. ത്വവാഫ് ചെയ്യുന്നവർക്കും ഇഅ്തികാഫ് ഇരിക്കുന്നവർക്കും (അല്ലെങ്കിൽ വിദേശികൾക്കും സ്വദേശികൾക്കും) റുകൂഅ്-സുജൂദുകൾ അനുഷ്ഠിക്കുന്നവർക്കുമായി എന്റെ വീടിനെ നിങ്ങൾ നന്നായി വൃത്തിയാക്കുകയും ചെയ്യുക എന്ന് ഇബ്‌റാഹീം നബിയോടും ഇസ്മാഈൽ നബിയോടും നാം കല്പിക്കുകയും ചെയ്തു.(125) ഇബ്‌റാഹീം നബി ഇപ്രകാരം പറഞ്ഞ സന്ദർഭവും സ്മരണീയമാണ്. എന്റെ രക്ഷിതാവേ, ഈ നാടിനെ നിർഭയമായ സ്ഥലമാക്കേണമേ, ഇവിടുത്തുകാരിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് എല്ലാ ഫലവർഗ്ഗങ്ങളിൽ നിന്നും കനിഞ്ഞരുളേണമേ! അല്ലാഹു പറഞ്ഞു: നിഷേധികൾക്ക് നാം അൽപ്പം സുഖം നൽകും. ശേഷം അവനെ നരക ശിക്ഷയിലേക്കു തള്ളിക്കയറ്റും. അത് ഏറെ മോശമായ സ്ഥലമാകുന്നു.(126)കഅ്ബാലയത്തിന്റെ അടിത്തറ ഇബ്‌റാഹീം നബിയും ഇസ്മാഈൽ നബിയും കെട്ടിയുയർത്തിയ സന്ദർഭം ഓർക്കുക. (അവർ പറഞ്ഞു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണമേ. തീർച്ചയായും നീ കേൾക്കുന്നവനും അറിയുന്നവനുമാണ്(127) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നിനക്ക് അനുസരണയുള്ളവരാേക്കണമേ. ഞങ്ങളുടെ സന്താനങ്ങളിൽ നിന്നും അനുസരണയുള്ള ഒരു സംഘത്തെ ഉണ്ടാക്കേണമേ. ഞങ്ങൾക്ക് ഹജ്ജിന്റെയും മറ്റ് ആരാധനകളുടെയും നിയമങ്ങൾ പഠിപ്പിച്ചു തരേണമേ. ഞങ്ങൾക്കു മാപ്പരുളേണമേ. തീർച്ചയായും നീ പശ്ചാത്താപം വളരെയധികം സ്വീകരിക്കുന്നവനും കരുണയുള്ളവനുമാണ്.(128) ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നിന്റെ വചനങ്ങൾ ഓതി കേൾപ്പിക്കുകയും വിശുദ്ധ ഗ്രന്ഥവും പുണ്യവിജ്ഞാനങ്ങളും അവരെ പഠിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നും തന്നെ അവരിലേക്ക് നീ അയക്കേണമേ. തീർച്ചയായും നീ അജയ്യനും തന്ത്രജ്ഞനുമാണ്. (129) സ്വയം വിഡ്ഢിയായവൻ മാത്രമേ ഇബ്‌റാഹീം നബിയുടെ സരണിയെ അവഗണിക്കുകയുള്ളൂ. അദ്ദേഹത്തെ (ആ സൽഗുണങ്ങൾ കാരണമായി) നാം ഇഹലോകത്ത് തെരഞ്ഞെടുത്തു. പരലോകത്ത് അദ്ദേഹം സത്കർമ്മികളായ മഹത്തുക്കളോടൊപ്പമായിരിക്കും.(130) അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് ‹›എന്നെ നിങ്ങൾ അനുസരിക്കുക›› എന്ന് അരുളിയ സന്ദർഭം ഓർക്കുക. അദ്ദേഹം പറഞ്ഞു: സർവ്വലോക പരിപാലകനെ ഞാൻ അനുസരിച്ചിരിക്കുന്നു.(131) ഇതേ സരണിയിൽ തന്നെ നിലനിൽക്കണമെന്ന ഉപദേശം ഇബ്‌റാഹീം നബി തന്റെ സന്താനങ്ങൾക്ക് നൽകിയിരുന്നു. യഅ്ഖൂബ് നബിയും തന്റെ മക്കളോട് ഇപ്രകാരം പറഞ്ഞിരുന്നു: എന്റെ മക്കളെ, അല്ലാഹു നിങ്ങൾക്ക് ഈ ദീൻ തെരഞ്ഞെടുത്തു നൽകിയിരിക്കുന്നു. നിങ്ങൾ മരിക്കുന്നത് അനുസരണയുള്ളവരായി മാത്രമായിരിക്കണം.(132) യഅ്ഖൂബ് നബി മരണാസന്നനായപ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരുന്നോ? അദ്ദേഹം മക്കളോട് ചോദിച്ച സന്ദർഭം: എന്റെ മരണശേഷം നിങ്ങൾ എന്തിനെയായിരിക്കും ആരാധിക്കുക? അവർ ഒരുമിച്ച് പറഞ്ഞു: താങ്കളും താങ്കളുടെ പിതാമഹൻ ഇബ്‌റാഹീം നബി, ഇസ്മാഈൽ നബി, ഇസ്ഹാഖ് നബി എന്നിവരും ആരാധിച്ചിരുന്ന ഏകനായ ആരാധ്യനെതന്നെ ഞങ്ങൾ ആരാധിക്കുന്നതാണ്. ഞങ്ങൾ അവനു തന്നെ പരിപൂർണ്ണമായി വഴിപ്പെട്ടു കഴിയുന്നതാണ്.(133) അത് മഹാത്മാക്കളുടെ ഒരു സംഘമാണ്. (അവരുടെ ഘട്ടത്തിൽ) അവർ കഴിഞ്ഞ് കടന്നു പോയി. അവരുടെ കർമ്മം അവർക്കും നിങ്ങളുടെ കർമ്മം നിങ്ങൾക്കും (ഫലപ്പെടുന്നതാണ്.) അവർ ചെയ്തതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടുന്നതല്ല.(134)അവർ പറയുന്നു: നിങ്ങൾ യഹൂദരോ ക്രൈസ്തവരോ ആകുക. എന്നാൽ സന്മാർഗ്ഗം പ്രാപിച്ചവരാകും. താങ്കൾ പറയുക: ഇല്ല മറിച്ച് വക്രത ഇല്ലാത്ത ശുദ്ധമനസ്സുള്ള ഇബ്‌റാഹീം നബിയുടെ മാർഗ്ഗത്തിലൂടെ ഞങ്ങൾ സഞ്ചരിക്കുന്നതാണ്. അദ്ദേഹം ഒരിക്കലും ബഹുദൈവ ആരാധകരിൽ ഉൾപ്പെട്ടിരുന്നില്ല.(135) നിങ്ങൾ പറയുക: ഞങ്ങൾ അല്ലാഹുവിലും, ഞങ്ങളിലേയ്ക്ക് അവതീർണ്ണമായ സന്ദേശത്തിലും വിശ്വസിച്ചിരിക്കുന്നു. ഇബ്‌റാഹീം നബി, ഇസ്മാഈൽ നബി, ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി, അദ്ദേഹത്തിന്റെ (പ്രവാചകന്മാരായ) സന്താനങ്ങൾ, എന്നിവർക്കിറക്കപ്പെട്ട സന്ദേശത്തിലും മൂസാ നബിക്കും, ഈസാ നബിക്കും നൽകപ്പെട്ടതിലും എല്ലാ നബിമാർക്കും അവരുടെ രക്ഷിതാവിൽ നിന്നും നൽകപ്പെട്ട സന്ദേശത്തിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവർക്കിടയിൽ ഞങ്ങൾ വിവേചനം കാണിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിനെ പരിപൂർണ്ണമായി വഴിപ്പെട്ട് കഴിയുന്നവരാകുന്നു(136) നിങ്ങൾ വിശ്വസിച്ചതു പോലെ അവരും വിശ്വസിച്ചാൽ അവർ സന്മാർഗ്ഗം പ്രാപിക്കുന്നതാണ്. ഇനി അവർ പിന്തിരിയുകയാണെങ്കിൽ അവർ ശത്രുതയിൽ കഴിയുന്നവരാണെന്ന് മനസ്സിലാക്കുക. അവരിൽ നിന്നുള്ള സംരക്ഷണത്തിന് അല്ലാഹു താങ്കൾക്ക് മതിയാകുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനുമാണ്.(137) ഞങ്ങൾ അല്ലാഹു നൽകിയ വർണ്ണം(ദീൻ) സ്വീകരിച്ചിരിക്കുന്നു. അവനേക്കാൾ നന്നായി വർണ്ണം നൽകുന്നവൻ ആരാണുള്ളത്? ഞങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാകുന്നു.(138) ചോദിക്കുക: നിങ്ങൾ ഞങ്ങളോട് അല്ലാഹുവിന്റെ വിഷയത്തിൽ തർക്കിക്കുകയാണോ? എന്നാൽ ഞങ്ങളുടെയും നിങ്ങളുടെയും പരിപാലകൻ അവനാണ്. ഞങ്ങൾക്കു ഞങ്ങളുടെ കർമ്മങ്ങൾ. നിങ്ങൾക്ക് നിങ്ങളുടെ കർമ്മങ്ങൾ. ഞങ്ങൾ അല്ലാഹുവിനെ മാത്രം നിഷ്‌കളങ്കമായി ആരാധിക്കുന്നവരാകുന്നു.(139) ഇബ്‌റാഹീം നബി, ഇസ്മാഈൽ നബി, ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി അദ്ദേഹത്തിന്റെ മക്കൾ, ഇവർ യഹൂദികളോ, ക്രിസ്ത്യാനികളോ ആയിരുന്നുവെന്ന് നിങ്ങൾ പറയുകയാണോ? ചോദിക്കുക: നിങ്ങളാണോ അല്ലാഹുവാണോ ഏറ്റവും അറിവുള്ളവൻ? അല്ലാഹുവിന്റെ ഭാഗത്തുനിന്നും തന്റെ പക്കൽ സൂക്ഷിക്കപ്പെട്ട സാക്ഷ്യത്തെ മറച്ചുവെയ്ക്കുന്നവനേക്കാൾ വലിയ അക്രമി ആരാണുള്ളത്? നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല.(140) അത് മഹാത്മാക്കളുടെ ഒരു സംഘമാണ്. (അവരുടെ കാലഘട്ടത്തിൽ) അവർ കഴിഞ്ഞ് കടന്നു പോയി. അവരുടെ കർമ്മം അവർക്കും നിങ്ങളുടെ കർമ്മം നിങ്ങൾക്കും (ഫലപ്പെടുന്നതാണ്.) അവർ ചെയ്തതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടുന്നതല്ല.(141)
124. ഇബ്‌റാഹീമീ ഗുണങ്ങളിലൂടെ നായകത്വം ലഭിക്കുന്നതാണ്. * ഇബ്‌റാഹീം നബി (അ)യോട് അല്ലാഹു ധാരാളം കൽപ്പനകൾ നൽകി. ഇബ്‌റാഹീം നബി (അ) അതെല്ലാം പാലിച്ചു. മഹാനർക്ക് നിരവധി പരീക്ഷണങ്ങളുണ്ടായി. ഇബ്‌റാഹീം നബി (അ) അതിനെയെല്ലാം വിജയകരമായി അതിജീവിച്ചു. തൽഫലമായി മുഴുവൻ മാനവരാശിയുടെയും നായനായി പ്രഖ്യാപിക്കപ്പെട്ടു. ഇബ്‌റാഹീം നബി (അ) സന്താനങ്ങളിലും ഈ നായകത്വം നിലനിൽക്കണമെന്ന് ആഗ്രഹിച്ചു. അല്ലാഹു അറിയിച്ചു: നീതിയോടെ മാതൃകാ ജീവിതം നയിക്കുന്നവർക്ക് നായകത്വം ലഭിക്കും. അക്രമങ്ങളിൽ കുടുങ്ങിയവർക്ക് അത് ലഭിക്കുന്നതുമല്ല.
125. കഅ്ബാ ശരീഫ് അഭയ കേന്ദ്രമാണ്. * അല്ലാഹുവിന്റെ പ്രഥമ ഭവനമായ കഅ്ബാ ശരീഫ മാനവരാശിയുടെ അഭയ കേന്ദ്രവും സംഗമ സ്ഥാനവുമാണ്. അവിടെയാണ് പുണ്യഹജ്ജ് നടക്കുന്നത്. അതുകൊണ്ട് തന്നെ അത് സമാധാനത്തിന്റെ കേന്ദ്രവും കൂടിയാണ്. ലോകാരംഭം മുതലേ നിലനിൽക്കുന്ന കഅ്ബാ ശരീഫ ഇബ്‌റാഹീം നബി (അ) പുതുക്കിപ്പണിയുകയും കുടുംബത്തെ അതിനടുത്ത് താമസിക്കുകയും ചെയ്തു. തദവസരം ഇബ്‌റാഹീം നബി (അ) നിന്ന് നിർമ്മാണം നടത്തിയ കല്ലിന് മഖാമെ ഇബ്‌റാഹീം (ഇബ്‌റാഹീമീ സ്മാരകം) എന്ന് പറയുന്നു. അതിന് പിന്നിൽ നിന്ന് നമസ്‌കരിക്കുന്നത് പ്രിയങ്കരമാണ്. പടച്ചവന്റെ ഭവനത്തെ ആന്തരികവും ബാഹ്യവുമായ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കാൻ അല്ലാഹു ഇബ്‌റാഹീം നബി (അ)യോടും മകൻ ഇസ്മാഈൽ നബി (അ)യോടും കൽപ്പിക്കുകയും ഇരുവരും അത് പാലിക്കുകയും ചെയ്തു. അതെ, പടച്ചവന്റെ ഭവനം നിർമ്മിക്കുന്നതും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അത് വൃത്തിയായി സൂക്ഷിക്കുന്നതും ഇബ്‌റാഹീമീ ഗുണങ്ങളാണ്.
126. നാടിന്റെ നന്മക്ക് പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. * കഅ്ബാ ശരീഫയുടെ നിർമ്മാണ-ശുചീകരണങ്ങൾ നടത്തിയ ഇബ്‌റാഹീം നബി (അ) അത് നിലനിൽക്കുന്ന നാടിന്റെയും നാട്ടുകാരുടെയും നന്മയ്ക്കും ശാന്തിയ്ക്കും സമൃദ്ധിയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തു.
127. സ്വീകാര്യതക്ക് പ്രാർത്ഥിക്കുക. * കഅ്ബാ ശരീഫ ആദം നബി (അ)ന്റെ കാലത്ത് നിർമ്മിക്കപ്പെട്ട അതേ അടിവാരത്തിന്റെ മേൽ തന്നെയാണ് ഇബ്‌റാഹീം നബി (അ), ഇസ്മാഈൽ നബി (അ) ഇരുവരും നിർമ്മിച്ചത്. തദവസരം അവർ പുലർത്തിയ വിനയവും ആത്മാർത്ഥതയും ശ്രദ്ധേയമാണ്. അതെ, വാചകങ്ങൾ കേൾക്കുകയും അവസ്ഥകൾ അറിയുകയും ചെയ്യുന്ന പടച്ചവനോട് ഈ കർമ്മം സ്വീകരിക്കാൻ അവർ താണുകേണ് ഇരന്നു.
128. സൽഗുണങ്ങൾ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. * ഇരുമഹത്തുക്കളും നന്മകളിൽ അടിയുറച്ച് നിൽക്കാനും സന്താന പരമ്പരകളെ നന്മയുള്ളവരാക്കാനും എല്ലാം നന്മകളും വിശിഷ്യാ ഹജ്ജ് കർമ്മങ്ങൾ പഠിപ്പിച്ച് തരണമെന്നും പാപങ്ങളെല്ലാം പൊറുക്കണമെന്നും പടച്ചവനോട് പ്രാർത്ഥിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു.
129. മുഹമ്മദീ നിയോഗം ഇബ്‌റാഹീമീ പ്രാർത്ഥനയുടെ ഫലമാണ്. * പടച്ചവന്റെ ഗ്രന്ഥം പാരായണം ചെയ്ത് ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുകയും അതിന്റെ സന്ദേശങ്ങളും പ്രവാചക ചര്യകളും പഠിപ്പിക്കുകയും ആന്തരികവും ബാഹ്യവുമായ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രവാചകന്റെ നിയോഗത്തിന് ഇബ്‌റാഹീം നബി (അ) പ്രാർത്ഥിക്കുകയും ചെയ്തു. അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) ഈ ഇബ്‌റാഹിമീ പ്രാർത്ഥനയുടെ സുന്ദര പുലർച്ചയാണ്. കൂട്ടത്തിൽ തിന്മകളും ദൂരീകരിക്കപ്പെടാനും നന്മകൾ വളരാനും പ്രവാചക പ്രവർത്തനങ്ങളായ ഈ മൂന്ന് പ്രവർത്തനങ്ങൾ നടത്തണമെന്നും ഈ ആയത്ത് അറിയിക്കുന്നു.
130. ഇബ്റാഹീം നബി (അ) എല്ലാവർക്കും മാതൃകായോഗ്യനാണ്. * ഇബ്‌റാഹീം നബി (അ)യുടെ മഹൽ ഗുണങ്ങളും മഹനീയ സേവനങ്ങളും അങ്ങേയറ്റം മാതൃകാ യോഗ്യമാണ്. യഥാർത്ഥ ബുദ്ധിമാന്മാർ അവ പഠിപ്പിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്വയം വിഡ്ഢിത്തരത്തിലും വിവരക്കേടിലും കഴിയാൻ തീരുമാനിച്ചവർ മാത്രമേ അതിനെ അവഗണിക്കുകയുള്ളൂ. മഹൽ ഗുണങ്ങൾ കാരണം ഇബ്‌റാഹീം നബി (അ) ഈ ലോകത്തും മാതൃകാപുരുഷനായി തിരഞ്ഞെടുക്കപ്പെട്ടു. പരലോകത്ത് ഉന്നത ദാസന്മാരിൽ പെടുന്നതുമാണ്.
131. പടച്ചവന് സർവ്വസവും സമർപ്പിക്കുക * ഇബ്‌റാഹീം നബി (അ)യുടെ മഹൽ ഗുണങ്ങളുടെ ചാലക ശക്തി ഇസ്‌ലാം ആയിരുന്നു. അതായത്, അദ്ദേഹം പടച്ചവനെ പരിപൂർണ്ണമായി അനുസരിച്ചു. സർവ്വസവും പടച്ചവന് മുന്നിൽ സമർപ്പിച്ചു. അല്ലാഹുവിന്റെ വിധിവിലക്കുകളെല്ലാം പരിപൂർണ്ണമായി പാലിച്ചു.
132. എല്ലാ നബിമാരുടെയും സന്ദേശവും ഇസ്‌ലാം തന്നെ. * പടച്ചവനെ പരിപൂർണ്ണമായി അനുസരിക്കുക എന്ന ഇസ്‌ലാം ലോകാരംഭം മുതലുള്ള എല്ലാ നബിമാരുടെയും മാർഗ്ഗമാണ്. ഇതനുസരിച്ച് അവർ പരിപൂർണ്ണമായി ജീവിക്കുകയും സന്താനങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ചും ഇബ്‌റാഹീം (അ), യഅ്ഖൂബ് (അ) ഇരുവരും അവരുടെ സന്താനങ്ങളെ സത്യസരണിയിൽ ഉറച്ച് നിൽക്കാൻ ഉപദേശിച്ചു. ഈ ആയത്തിൽ ഇസ്‌ലാമിനെക്കുറിച്ച് ദീൻ എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇതിന് സാധാരണ മതമെന്ന് അർത്ഥം പറയാറുണ്ടെങ്കിലും ഈ അർത്ഥം ഈ പദത്തെ പരിപൂർണ്ണമായി ഉൾക്കൊള്ളുന്നില്ലെന്നതാണ് വസ്തുത. ദീൻ എന്നാൽ മനുഷ്യന്റെ മനസ്സുകളെയും പ്രവാചക കർമ്മങ്ങളെയും എല്ലാം ഉൾക്കൊള്ളുന്ന സമ്പൂർണ്ണമായ ജീവിത വ്യവസ്ഥിതിയാണ്. ചുരുക്കത്തിൽ മഹാന്മാർ സന്താനങ്ങളുടെ ധാർമ്മിക അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും അവരെ ആത്മാർത്ഥമായി ഉപദേശിക്കുകയും ചെയ്തു.
133. നബിമാർ വിയോഗ നേരത്തും ഉപദേശിക്കുന്നു. * മഹാന്മാരായ നബിമാർ വിയോഗ നേരത്തും സന്താനങ്ങൾ സൽസരണിയിൽ ജീവിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. വിശിഷ്യാ യഅ്ഖൂബ് നബി (അ) വിയോഗ നേരത്ത് എനിയ്ക്ക് ശേഷം നിങ്ങൾ എന്തിനെ ആരാധിക്കുമെന്ന് സന്താനങ്ങളോട് ചോദിച്ചത് വളരെയധികം ചിന്തനീയവും മാതൃകാപരവുമാണ്.
134. മുൻഗാമികളെ പഠിക്കുകയും പകർത്തുകയും ചെയ്യുക. * മുൻഗാമികളുമായി കുടുംബ ബന്ധം ഉണ്ടായത് കൊണ്ട് മാത്രം യാതൊരു ഗുണവുമില്ല. അവരുടെ മഹൽ ഗുണങ്ങളെ ഉൾക്കൊണ്ടാൽ മാത്രമേ ഉന്നത കുടുംബം കൊണ്ട് ഗുണമുള്ളൂ. റസൂലുല്ലാഹി (സ) ആരുടെ കർമ്മങ്ങൾ അവനെ പിന്നോട്ട് അടിച്ചോ അവന്റെ കുടുംബ മഹിമ അവനെ മുന്നിലേക്ക് കൊണ്ടുപോകുന്നതല്ല.
135. ഇബ്റാഹീമീ സരണി കറ കളഞ്ഞ തൗഹീദാണ്. * വേദക്കാരായ ആളുകൾ ഇബ്‌റാഹീം നബി (അ)യെയും ഇതര മഹാത്മാക്കളെയും ആദരിക്കുന്നെങ്കിലും അവരുടെ യഥാർത്ഥ സന്ദേശങ്ങളെ വിശിഷ്യാ ഏകദൈവ വിശ്വാസത്തെ അംഗീകരിക്കാതെ ജനങ്ങളെ അവരിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നു. പടച്ചവൻ പറയുന്നു: മഹാന്മാരായ മുൻഗാമികളുടെ വിശിഷ്യാ ഇബ്‌റാഹീം നബി (അ)യുടെയും മഹാത്മാക്കളുടെയും പ്രഥമവും പ്രധാനവുമായ ഗുണം ഏകദൈവ വിശ്വാസമാണ്. അവർ അസ്ഥിത്വത്തിലും തിരുഗുണങ്ങളിലും പടച്ചവനെ ഏകനായി കാണുകയും പടച്ചവന് മാത്രം ആരാധനകൾ അർപ്പിക്കുകയും പടച്ചവനെ പരിപൂർണ്ണമായി അനുസരിക്കുകയും ചെയ്തിരുന്നു. ആകയാൽ പടച്ചവനോട് ആരെയും ഒന്നിനെയും പങ്ക് ചേർക്കാതെ പടച്ചവനെ മാത്രം ആരാധിക്കുകയും പരിപൂർണ്ണമായി അനുസരിക്കുകയും ചെയ്യുക.
136. ഇസ്ലാം ആഗോള ദർശനമാണ്. * പടച്ചവനെ മാത്രം ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന ഇസ്‌ലാമിക ദർശനം മുഴുവൻ പ്രവാചകന്മാരുടെയും വിശുദ്ധ വേദങ്ങളുടെയും സന്ദേശമാണ്. ആദിപിതാവായ ആദം നബി (അ) ഈ സന്ദേശമാണ് സന്താനങ്ങൾക്ക് നൽകിയത്. ശേഷം വന്ന മഹാപുരുഷന്മാരായ ഇബ്‌റാഹീം നബി (അ), ഇസ്മാഈൽ (അ), ഇസ്ഹാഖ് (അ), യഅ്ഖൂബ് (അ), മൂസാ (അ), ഈസാ (അ) മുതലായ സർവ്വ നബിമാരും അവർക്ക് നൽകപ്പെട്ട വേദങ്ങളും ഇതേ പരിശ്രമം തന്നെയാണ് പകർന്ന് നൽകിയത്. ഇതേ സന്ദേശം തന്നെയാണ് അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യും പരിശുദ്ധ ഖുർആനും സന്ദേശിക്കുന്നത്. നാം അവയിൽ വിശ്വസിക്കുകയും പടച്ചവനെ പരിപൂർണ്ണമായി അനുസരിക്കാനും ആരാധിക്കാനും സന്നദ്ധമാവുകയും ചെയ്യുക.
137. സന്മാർഗ്ഗമാണ് ഉത്തമം. തർക്കം വെടിയുക. * മഹാന്മാരായ പ്രവാചകന്മാർ സംയുക്തമായി സന്ദേശിച്ച മഹൽഗുണങ്ങൾ ഉൾക്കൊണ്ടവർ സന്മാർഗ്ഗികളാണ്. അതിൽ നിന്നും അകന്നുമാറി തർക്കവഴക്കുകളിൽ കഴിയുന്നവരിൽ നിന്നും അകലം പാലിക്കുക. അവരുടെ ഉപദ്രവങ്ങളെ പടച്ചവൻ നേരിടുന്നതാണ്. പടച്ചവൻ എല്ലാം അറിയുന്നവനാണ്.
138. അല്ലാഹുവിന്റെ നിറം സ്വീകരിക്കുക. * സന്മാർഗ്ഗം എന്ന് പറയുന്നത് എന്തെങ്കിലും ആചാരങ്ങളും ചടങ്ങുകളുമല്ല. വിശ്വാസ കർമ്മങ്ങൾ നന്നാക്കാതെ പ്രത്യേക ജലം കൊണ്ട് ശരീരം കഴുകുകയും വെളുത്ത നിറം സ്വീകരിക്കുകയും ചെയ്യുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. പടച്ചവന് പൊരുത്തമായ ഗുണങ്ങളെ നിറവും വളവുമായി സ്വീകരിക്കുകയും പടച്ചവനോടുള്ള ആരാധനയും അനുസരണയും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നതാണ് യഥാർത്ഥ സന്മാർഗ്ഗം.
139. എല്ലാവരുടെയും രക്ഷിതാവ് ഒരുവൻ തന്നെ. * ഏകനായ പടച്ചവൻ ഞങ്ങളുടെയും നിങ്ങളുടെയും എല്ലാവരുടെയും രക്ഷിതാവാണ്. അവനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് നാം എല്ലാവരുടെയും കർത്തവ്യമാണ്. എന്നിട്ടും ഇത്രയും ലളിതമായ കാര്യത്തിൽ തർക്കവിതർക്കങ്ങൾ നടത്തുന്നത് എന്തിനാണ്? മനുഷ്യൻ ഉദ്ദേശ ശുദ്ധിയുള്ളവനാണെങ്കിൽ അനാവശ്യ തർക്കവിതർക്കങ്ങളിൽ നിന്നും അകന്ന് കഴിയുകയും നന്മകളിൽ മുഴുകുകയും ചെയ്യുന്നതാണ്.
140. പുത്തൻ മതങ്ങൾക്ക് പ്രവാചകൻമാരുമായി ബന്ധമില്ല. * മഹാന്മാരുടെ മാർഗ്ഗത്തിൽ നിന്നും അകന്ന് പുതിയ കാര്യങ്ങൾ പടച്ചുണ്ടാക്കിയവർക്ക് മഹാന്മാരുമായി ഒരു ബന്ധവുമില്ല. ഇബ്‌റാഹീം നബി (അ), ഇസ്മാഈൽ നബി (അ), ഇസ്ഹാഖ് നബി (അ), യഅ്ഖൂബ് നബി (അ) മുതലായവരെല്ലാം സന്മാർഗ്ഗത്തിലൂടെ സഞ്ചരിച്ച മഹാത്മാക്കളാണ്. വേദക്കാരായ പണ്ഡിതന്മാർക്ക് ഈ യാഥാർത്ഥ്യം നന്നായി അറിയാം. ഇതിനെ മറച്ചുവെക്കുകയും ജനങ്ങളെ തെറ്റിദ്ധാരണകളിൽ കുടുക്കി ഇടുകയും ചെയ്യുന്നവർ വലിയ അക്രമികളാണ്.
141. ഓരോരുത്തരോടും അവരുടെ കർമ്മങ്ങളെക്കുറിച്ച് ചോദിക്കപ്പെടും. * ചുരുക്കത്തിൽ പടച്ചവൻ എല്ലാ ഓരോരുത്തരോടും അവരവരുടെ വിശ്വാസ കർമ്മങ്ങളെക്കുറിച്ച് ചോദിക്കുന്നതാണ്. ഓരോരുത്തരും അവരവരുടെ വിശ്വാസ കർമ്മങ്ങളുടെ ഉത്തരവാദിയാണ്
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
194 അലി (റ) വിവരിക്കുന്നു. എന്നോട് റസൂലുല്ലാഹി ﷺ അരുളി: "അല്ലയോ അലീ, നിനക്ക് ഈസബ്നു മർയമിനോട് പ്രത്യേക സാദൃശ്യമുണ്ട്. യഹൂദികൾ അദ്ദേഹത്തോട് ശത്രുത പുലർത്തുകയും അദ്ദേഹത്തിന്റെ മാതാവിനെക്കുറിച്ച് വ്യഭിചാരത്തിന്റെ അപവാദം പറയുകയും ചെയ്തു. നസ്രാണികൾ അദ്ദേഹത്തെ പരിധിവിട്ട് സ്നേഹിക്കുകയും അദ്ദേഹത്തിന് ഇല്ലാത്ത സ്ഥാനം നൽകുകയും ചെയ്തു." റസൂലുല്ലാഹി ﷺ യുടെ ഈ വചനം ഉദ്ധരിച്ച ശേഷം അലി (റ) പ്രസ്താവിച്ചു: "തീർച്ചയായും ഇപ്രകാരം തന്നെ സംഭവിക്കുന്നതാണ്. എന്റെ വിഷയത്തിൽ രണ്ടു കൂട്ടം ആളുകൾ നശിക്കും. ഒന്ന്, സ്നേഹത്തിൽ പരിധി വിടുന്നവർ. അവർ എന്നിൽ ഇല്ലാത്ത മഹത്വങ്ങൾ എന്നിലേക്ക് ചേർത്ത് പറയുന്നതാണ്. മറ്റൊന്ന് എന്നോട് പരിധിവിട്ട കോപം പുലർത്തുന്നവർ. അവരുടെ ശത്രുത എന്റെ മേൽ അപവാദം പറയാൻ അവരെ പ്രേരിപ്പിക്കുന്നതാണ്." (അഹ്മദ്).
വിവരണം: ഈ ഹദീസിൽ റസൂലുല്ലാഹി ﷺ അരുളുകയും അരുളിയ കാര്യങ്ങൾ അലി (റ) വിന്റെ കാലഘട്ടത്തിൽ അതേ നിലയിൽ സംഭവിക്കുകയുണ്ടായി. ഖവാരിജുകൾ വിഭാഗം അദ്ദേഹത്തോടുള്ള ശത്രുതയിൽ എല്ലാ പരിധിയും ലംഘിക്കുകയും അദ്ദേഹത്തെ മതം പൊളിക്കുന്ന ആളും നിഷേധിയും കൊല നിർബന്ധമായ വ്യക്തിയുമായി പ്രഖ്യാപിച്ചു. അവരിൽപ്പെട്ട ഒരു ഭാഗ്യഹീനൻ അബ്ദുറഹ്മാൻ ഇബ്നു മുൽജിം മഹാനവർകളെ രക്തസാക്ഷിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ നിന്ദ്യമായ പ്രവർത്തനത്തെ അവർ ഏറ്റവും വലിയ ജിഹാദും സ്വർഗ്ഗപ്രവേശനത്തിനുള്ള മാധ്യമവുമായി കണ്ടു. മറുഭാഗത്ത് അലി (റ) വിനോടുള്ള സ്നേഹത്തിൽ പരിധി ലംഘിച്ചവരുമുണ്ടായി. അവർ അദ്ദേഹത്തിന് ദൈവികതയുടെ സ്ഥാനം വരെ എത്തിച്ചു. മറ്റു ചിലർ പ്രവാചകത്വത്തിന് യഥാർത്ഥ അർഹൻ അലി (റ) ആയിരുന്നുവെന്നും, അല്ലാഹു അദ്ദേഹത്തിലേക്കാണ് ജിബ്‌രീലിനെ അയച്ചതെന്നും, എന്നാൽ സംശയം ഉണ്ടായി മുഹമ്മദ് ഇബ്നു അബ്ദില്ലായുടെ അരികിൽ എത്തിയതാണെന്നും വാദിച്ചു. മറ്റു ചിലർ പറഞ്ഞു, അദ്ദേഹം റസൂലുല്ലാഹി ﷺ യുടെ യഥാർത്ഥ ഉത്തരാധികാരിയും ഖലീഫയും ഇമാമുമാണ്. റസൂലുല്ലാഹി ﷺ യെപ്പോലെ പാപപരിശുദ്ധനും അനുസരണം നിർബന്ധമായ വ്യക്തിയുമാണ്. ഇവർ നബിമാരെക്കാളും ശ്രേഷ്ഠരും പ്രപഞ്ചത്തിൽ പ്രപഞ്ചത്തിന്റെ കാര്യകർതൃത്വം കയ്യാളുന്ന വ്യക്തികളും അദൃശ്യകാര്യങ്ങൾ അറിയുന്നവരുമാണെന്ന് വാദിച്ചു. അലി (റ) വിന്റെ വിഷയത്തിൽ തീവ്രത കാണിക്കുന്ന ഈ ജനങ്ങൾ വിവിധ വിഭാഗങ്ങളായി പിരിഞ്ഞു.
വിവിധ വിഭാഗങ്ങളുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങൾ വായിച്ചാൽ ഇവർ അമ്പതോളം വിഭാഗങ്ങളായി പിരിഞ്ഞുവെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇവരിൽ അധികം വിഭാഗങ്ങളുടെയും പേരുകൾ ഇന്ന് പുസ്തകങ്ങളിൽ മാത്രമേയുള്ളൂ. ഇന്ന് അവരിൽ പലരും നിലവിലില്ല. എന്നാൽ ഇന്ന് നിലവിലുള്ള ഏറ്റവും വലിയ വിഭാഗം ഷിയാ ഇസ്നാ അശരിയ്യ ആണ്. അവർക്ക് ഇമാമിയ്യ എന്നും പറയപ്പെടുന്നു. അവരെ തന്നെയാണ് ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും ഷിയാ എന്ന പേരിൽ പറയുന്നത്. ഇവർ അലി (റ) വിന് ശേഷം അദ്ദേഹത്തിന്റെ പരമ്പരയിൽ 11 പേരെ അദ്ദേഹത്തെപ്പോലെ അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്നും നിശ്ചയിക്കപ്പെട്ട ഇമാം ഭരണാധികാരിയും പാപപരിശുദ്ധരും അനുസരണം നിർബന്ധമായവരും എല്ലാ നബിമാരെക്കാളും ശ്രേഷ്ഠരുമാണെന്ന് വിശ്വാസം പുലർത്തുന്നു. ഈ വിഭാഗത്തിന്റെ വിശ്വാസങ്ങളുടെ വിവരണങ്ങൾ മനസ്സിലാക്കുന്നതിന് ഷാ അബ്ദുൽ അസീസ് ദഹ്‌ലവിയുടെ അതുല്യ ഗ്രന്ഥം തുഹ്ഫ ഇസ്നാ അശരിയ്യ വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടാതെ മൗലാനാ അബ്ദുശ്ശക്കൂർ ഫാറൂഖിയുടെ ഇതുമായി ബന്ധപ്പെട്ട രചനകളും വിനീതന്റെ ഇറാൻ വിപ്ലവം, ഇമാം ഖുമൈനി, ശീഇസം എന്ന രചനയും വായിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
ഇൽമിൻ്റെ മാർഗം ത്യാഗത്തിന്റെയും സഹനതയുടേതുമാണ്.
✍️ മൗലാനാ മുഫ്തി അഹ്‌മദ് ഖാൻപൂരി
അടുത്ത കാര്യം നമ്മുടെ ഈ മാർഗ്ഗത്തെ കുറിച്ച് ഹസ്രത്ത് മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (റ) പറഞ്ഞു: ആദ്യദിനം മുതൽ തന്നെ ത്യാഗവും സഹനതയും ആവശ്യമാണ്. നിങ്ങൾ ഏതെങ്കിലും മദ്റസയിൽ പ്രവേശന ഫോം പൂരിപ്പിച്ച് നൽകിയ ദിവസം മുതൽ, അല്ലാഹുവേ, നിൻ്റെ ദീനി വിജ്ഞാനം കരസ്ഥമാക്കാൻ ഞാൻ പോവുകയാണ്. വിജ്ഞാനം കരസ്ഥമാക്കിയ ശേഷം ഇതിൻ്റെ ലക്ഷ്യങ്ങളായ പഠിച്ചതനുസരിച്ച് സ്വന്തം പ്രവർത്തിക്കുമെന്നും നിൻ്റെ മറ്റ് അടിമകൾക്ക് എത്തിച്ചു കൊടുക്കുമെന്നും അതിനാൽ നീ ഞങ്ങളുടെ ഈ കരാർ അവസാന ശ്വാസം നടപ്പിലാക്കണേ... എന്ന് അല്ലാഹുവുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്.
فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ ۖ
സത്യവിശ്വാസികളിൽ അല്ലാഹുവിനോട് ചെയ്ത കരാറിനെ സത്യസന്ധമായി പുലർത്തിയ കുറേ ഉന്നതവ്യക്തികളുണ്ട്. അവരിൽ ചിലർ മരണം വരിച്ചു. ചിലർ പ്രതീക്ഷിച്ചു കഴിയുകയാണ്.
(അഹ്സാബ് 23)
ഈ മാർഗത്തിൽ മുൻഗാമികളുടെ ജീവിതവും ചരിത്രവും നമ്മുടെ മുന്നിലുണ്ട്. അവർ സ്വയം ഈ വഴിയിലായി ജീവിതത്തെ സമർപ്പിച്ചു കൊണ്ട് അല്ലാഹുവുമായുള്ള ഈ വൈജ്ഞാനിക കാർമ്മിക കരാർ പൂർണ്ണമായും പൂർത്തീകരിക്കുകയുണ്ടായി. ഇനി നാം ഈ കരാർ പൂർത്തീകരിക്കുമോ ഇല്ലയോ എന്ന് അല്ലാഹു വീക്ഷിക്കുകയാണ്. ആ മഹത്തുക്കൾ [فَمِنْهُم مَّن قَضَىٰ نَحْبَهُ] എന്നതിൽ പെട്ടവരും, നാം [وَمِنْهُم مَّن يَنتَظِرُ] എന്നതിലുമാണ്. നാം നമ്മുടെ കരാർ പൂർത്തിയാക്കാതിരുന്നാൽ (അങ്ങനെ ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ) നാളെ മഹ്ശറയിൽ നാം നമ്മുടെ പൂർവ്വികരുടെ മുന്നിൽ മുഖം കാണിക്കാൻ സാധിക്കുകയില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതിനെ തൊട്ട് സൂക്ഷിക്കലും നിർബന്ധമാണ്.
🔹🔹🔹🔹🔹
ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ
ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ 32-മത് ഫിഖ്ഹി സെമിനാർ തീരുമാനങ്ങൾ
ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ 32-ാമത് ഫിഖ്ഹി സെമിനാർ ജാമിഅ ഉസ്വത്തുൽ ഹസന ശരീഅത്ത് കോളേജ്, പള്ളപ്പട്ടി, കരൂർ ജില്ല, തമിഴ്നാടിൽ ജമാദുൽ അവ്വൽ 3 മുതൽ 5 വരെ, 1445 (18-20 നവംബർ 2023) നടന്നു. ഈ സെമിനാറിൽ രാജ്യത്തിനകത്തു നിന്നുള്ള മുന്നൂറോളം പണ്ഡിതന്മാരും മുഫ്തിമാരും വിദഗ്ധരും പങ്കെടുത്തതിന് പുറമെ, വിദേശത്ത് നിന്നുള്ള നിരവധി പണ്ഡിതന്മാരും പങ്കെടുത്തു. ഈ സെമിനാറിൽ 3 പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുകയും, ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം താഴെ പറയുന്ന ഐകകണ്‌ഠ്യേനയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു:
1. അന്യമതസ്ഥരുമായുള്ള സാദൃശ്യവുമായി (തശബ്ബുഹ്) ബന്ധപ്പെട്ട വിഷയങ്ങൾ
അല്ലാഹു ഓരോ മനുഷ്യനിലും തൻ്റെ വ്യക്തിത്വം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ആഗ്രഹം നിക്ഷേപിച്ചിട്ടുണ്ട്. ഇസ്ലാം ഈ ആഗ്രഹത്തിന് വലിയ പ്രാധാന്യം നൽകുന്നു. അതിനാൽ, അമുസ്ലിം സഹോദരങ്ങൾക്ക് അവരുടെ മതപരമോ സാംസ്കാരികമോ ആയ വ്യക്തിത്വം നിലനിർത്താൻ താല്പര്യമുണ്ടെങ്കിൽ, അതിൽ തടസ്സം നിൽക്കാനോ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനോ ഇസ്ലാം മുസ്ലീങ്ങളെ അനുവദിക്കുന്നില്ല (അത് മറ്റുള്ളവർക്ക് ഉപദ്രവകരമല്ലാത്ത കാലത്തോളം). അതുപോലെ തന്നെ, തങ്ങളുടെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്നും, തങ്ങളുടെ മതപരവും ദേശീയവുമായ വ്യക്തിത്വത്തെ ബാധിക്കുന്ന തരത്തിൽ മറ്റു സമുദായങ്ങളുടെ സ്വാധീനം സ്വീകരിക്കരുതെന്നും ഇസ്ലാം മുസ്ലീങ്ങളോടും ആവശ്യപ്പെടുന്നു. നബി (സ്വ) പറഞ്ഞു: "ഏതെങ്കിലും ജനതയുമായി ആരെങ്കിലും സാദൃശ്യം പുലർത്തിയാൽ അവൻ അവരിൽ പെട്ടവനാണ്." ഈ നബിവചനം ആധികാരികമായി സ്ഥിരീകരിക്കപ്പെട്ടതാണ്. അതിനാൽ ഇത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന കാര്യത്തിൽ സമുദായത്തിൽ ഏകാഭിപ്രായമുണ്ട്. ഇക്കാര്യങ്ങൾ മുൻനിർത്തി, തശബ്ബുഹ് (അന്യമതസ്ഥരുമായുള്ള സാദൃശ്യം പുലർത്തൽ) സംബന്ധിച്ച ചർച്ചകൾക്ക് ശേഷം ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യയുടെ ഈ സെമിനാറിൽ താഴെ പറയുന്ന തീരുമാനങ്ങൾ അംഗീകരിച്ചു:
* ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം അടയാളമായി കണക്കാക്കപ്പെടുന്ന കാര്യങ്ങൾ ബോധപൂർവ്വം ഒരു വ്യക്തിയോ സംഘമോ തിരഞ്ഞെടുക്കുന്നതാണ് 'തശബ്ബുഹ്' (സാദൃശ്യം പുലർത്തൽ).
* പതിവായി ചെയ്തുവരുന്നതും ഇസ്ലാം വിലക്കാത്തതുമായ കാര്യങ്ങൾ അതേ രീതിയിൽ ചെയ്യുന്നതിൽ സാദൃശ്യം പുലർത്തൽ ഉൾപ്പെടുന്നില്ല.
* പുതിയ കണ്ടുപിടുത്തങ്ങൾ, ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റുള്ളവരെ അനുകരിക്കുന്നത് അനുവദനീയമാണ്.
* ഏതെങ്കിലും സമുദായത്തെയോ മതത്തെയോ തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേക ചിഹ്നങ്ങളെ 'ഷിആർ' (മതചിഹ്നം) എന്ന് വിളിക്കുന്നു. ഇത്തരം മതചിഹ്നങ്ങൾ സ്വീകരിക്കാൻ പാടുള്ളതല്ല.
* ഒരു സമുദായത്തിന്റെ ഏതെങ്കിലും ആചാരം വളരെ വ്യാപകമാവുകയും, അത് ആ സമുദായത്തിന്റെ മാത്രം അടയാളമല്ലാതായി മാറുകയുമാണെങ്കിൽ, അതിലെ സാദൃശ്യത്തിന്റെ സ്വഭാവം ഇല്ലാതാകുന്നതാണ്.
* വിശ്വാസം, ആരാധനകൾ, അല്ലെങ്കിൽ മതപരമായ ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റുള്ളവരുമായി സാദൃശ്യം പുലർത്തുന്നത് നിഷിദ്ധമാണ് (ഹറാം). ചില സാഹചര്യങ്ങളിൽ ഇത് അവിശ്വാസത്തിലേക്ക് (കുഫ്ർ) നയിക്കാനും സാധ്യതയുണ്ട്.
* കുരിശ് ധരിക്കുക, പൂണൂൽ ധരിക്കുക, പൊട്ടുകുത്തുക, ഹോളി ആഘോഷിക്കുക, ദീപാവലിക്ക് വിളക്ക് കത്തിക്കുക, ക്രിസ്മസിൽ പങ്കെടുക്കുക, മതപരമായ രീതിയിൽ യോഗ ചെയ്യുക തുടങ്ങിയവയെല്ലാം മതപരമായ സാദൃശ്യത്തിന്റെ പരിധിയിൽ വരുന്നതും നിഷിദ്ധവുമാണ്.
* സരസ്വതി വന്ദന, സൂര്യനമസ്കാരം, വന്ദേമാതരം, ബൈബിളിൽ നിന്നോ ഗീതയിൽ നിന്നോ ഉള്ള ശിർക്ക് (ബഹുദൈവാരാധന) കലർന്ന പ്രാർത്ഥനകൾ ചൊല്ലുക, ദേവീദേവൻമാർക്ക് മുന്നിൽ കൈകൂപ്പുക, അവരുടെ പേരിൽ മുദ്രാവാക്യം വിളിക്കുക, ഈസാ നബിയുടെയോ മറ്റോ പ്രതിമകൾക്കും ഫോട്ടോകൾക്കും മുന്നിൽ കൈകൂപ്പി നിൽക്കുക എന്നിവയെല്ലാം മറ്റ് മതങ്ങളുടെ ചിഹ്നങ്ങളാണ്. ഇവ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇവ ചെയ്യുന്നത് വഴി ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്തുപോകാൻ സാധ്യതയുണ്ട്.
* വസ്ത്രധാരണത്തിൽ, നഗ്നത മറയ്ക്കുക എന്ന അടിസ്ഥാന നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം മറ്റു സമുദായങ്ങളുടെ വസ്ത്രധാരണ രീതികളുടെ അനുകരണമാവാനും പാടില്ല. സാരി, ധോത്തി (മുണ്ട്) എന്നിവ അമുസ്ലീങ്ങളുടെ മാത്രം വസ്ത്രമല്ലാത്ത നാടുകളിൽ, അവ നഗ്നത കൃത്യമായി മറയ്ക്കുന്നതാണെങ്കിൽ ഉപയോഗിക്കാവുന്നതാണ്. അതുപോലെ കോട്ട്, പാന്റ്സ്, ടൈ എന്നിവ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റേത് അല്ലാത്തതിനാൽ അവയും ഉപയോഗിക്കാൻ അനുവദനീയമാണ്.
* പൊട്ട്, സിന്ദൂരം എന്നിവയുടെ ഉപയോഗം അമുസ്ലീങ്ങളുടെ മാത്രം അടയാളമായ പ്രദേശങ്ങളിൽ മുസ്ലിം സ്ത്രീകൾ അവ ഉപയോഗിക്കാൻ പാടുള്ളതല്ല.
* മറ്റ് സമുദായങ്ങളെ അനുകരിച്ചുകൊണ്ടോ, അല്ലെങ്കിൽ ഗുണമോ ദോഷമോ ലഭിക്കുമെന്ന വിശ്വാസത്തിലോ കൈകളിലും മറ്റും ചരട് കെട്ടുന്നത് നിഷിദ്ധവും ശിർക്കുമാണ്.
* ജന്മദിനം, വിവാഹ വാർഷികം എന്നിവ ആഘോഷിക്കുന്നത് ഇസ്ലാമികമല്ലാത്ത രീതിയായതിനാൽ അത് ഒഴിവാക്കേണ്ടതാണ്.
* വീട് നിർമ്മിക്കുമ്പോഴോ വാങ്ങുമ്പോഴോ വാസ്തുശാസ്ത്രം നോക്കുന്നത് നിർബന്ധമായി കണക്കാക്കുന്നതും, വീടിന്റെ വാതിലുകളിലും പുതിയ വാഹനങ്ങളിലും നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കുന്നതും ശിർക്കാണ്.
* പുതുവർഷം ആഘോഷിക്കുന്നത് ഇസ്ലാമിക വിരുദ്ധമായ ഒരു പ്രവൃത്തിയാണ്.
* നുണയുടെയും വഞ്ചനയുടെയും അടിസ്ഥാനത്തിലുള്ള 'ഏപ്രിൽ ഫൂൾ' ആചരിക്കുന്നത് തികച്ചും നിഷിദ്ധമാണ്.
* പുരുഷന്മാരെ അനുകരിച്ചുകൊണ്ട് സ്ത്രീകൾ മുടി വളരെ ചെറുതായി മുറിക്കുന്നത് അനുവദനീയമല്ല.
* പുരുഷന്മാർ ചെവിയിലും കഴുത്തിലും ആഭരണങ്ങൾ ധരിക്കുന്നതും, കൈകളിൽ സ്വർണ്ണം, വെള്ളി അല്ലെങ്കിൽ ഇരുമ്പ് വളകൾ (കഡ) ധരിക്കുന്നതും ഹറാമാണ്.
* സ്ത്രീകൾ ധരിക്കുന്നതുപോലെ തിളക്കമുള്ളതും കടുംനിറത്തിലുള്ളതുമായ വസ്ത്രങ്ങൾ പുരുഷന്മാർ ധരിക്കുന്നത് സാദൃശ്യം വരുന്നതിനാൽ ഒഴിവാക്കേണ്ടതാണ്.
* അമിതമായ അലങ്കാരങ്ങൾ പുരുഷന്മാർക്ക് യോജിച്ചതല്ല. അതിനാൽ അമിതമായ ചിത്രപ്പണികളുള്ള രാജസ്ഥാനി ഷെർവാണി പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് അനുചിതമാണ്.
* ഭംഗിക്ക് വേണ്ടി പുരുഷന്മാർ കൈകാലുകളിൽ മൈലാഞ്ചി അണിയുന്നത് അനുവദനീയമല്ല.
2. ഹറാമായ സമ്പാദ്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ
* പലിശ, അപഹരണം, കൈക്കൂലി, മോഷണം, ചൂതാട്ടം, ഊഹക്കച്ചവടം, അസാധുവായ കരാറുകൾ എന്നിവയിലൂടെ ലഭിക്കുന്ന സമ്പത്ത് പൂർണ്ണമായും ഹറാമാണ്. അത് യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകുക എന്നതാണ് ഇതിന്റെ വിധി. യഥാർത്ഥ ഉടമയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, പ്രതിഫലം ആഗ്രഹിക്കാതെ പാവങ്ങൾക്ക് ദാനം ചെയ്യേണ്ടത് നിർബന്ധമാണ്.
* ഇത്തരം ഹറാമായ സമ്പത്ത് അനന്തരാവകാശമായി ലഭിക്കുകയും അതിന്റെ യഥാർത്ഥ ഉടമയെ അറിയുകയും ചെയ്താൽ അത് തിരികെ ഏൽപ്പിക്കണം. ഉടമയെ അറിയില്ലെങ്കിലോ തിരികെ നൽകാൻ സാധ്യമല്ലെങ്കിലോ ആ തുകയും പാവങ്ങൾക്ക് ദാനം ചെയ്യണം.
* അനന്തരാവകാശമായി ലഭിച്ച ഹറാമായ പണം ഉപയോഗിച്ച് ഒരു അവകാശി കച്ചവടം നടത്തിയാൽ, അതിൽ നിന്നുള്ള ലാഭം ഹലാലാണ്. എന്നാൽ ഉപയോഗിച്ച ഹറാമായ മൂലധനത്തിന് തുല്യമായ തുക ദാനം ചെയ്യേണ്ടത് നിർബന്ധമാണ്.
* ഭർത്താവിന്റെയോ മകൻ്റെയോ വരുമാനം പൂർണ്ണമായോ കൂടുതലോ ഹറാമാണെങ്കിൽ, ജീവിതച്ചെലവിന് മറ്റു വഴികളില്ലാത്ത സാഹചര്യത്തിൽ ഭാര്യക്കും ആശ്രിതർക്കും ഗത്യന്തരമില്ലാതെ ആ സമ്പത്ത് ഉപയോഗിക്കാൻ അനുവാദമുണ്ട്.
* ഒരാളുടെ വിദ്യാഭ്യാസം ഹറാമായ പണം ഉപയോഗിച്ചാണ് നടന്നതെങ്കിൽ, പഠനശേഷം അയാൾ ചെയ്യുന്ന അനുവദനീയമായ ജോലിയുടെ വരുമാനം ഹലാലാണ്. എങ്കിലും, ആ ഹറാമായ പണത്തിന് പ്രായശ്ചിത്തമായി തത്തുല്യമായ തുക സ്വന്തം വരുമാനത്തിൽ നിന്ന് ദാനം ചെയ്യുന്നതാണ് ഉത്തമം.
* ഒരാളുടെ പക്കൽ ഹലാലും ഹറാമുമായ സമ്പത്തുണ്ടാവുകയും, അവ രണ്ടും വെവ്വേറെ സൂക്ഷിക്കുകയും ചെയ്യുമ്പോൾ, അയാൾ ഹലാലായ സമ്പത്തിൽ നിന്നാണ് ചിലവാക്കുന്നതെന്ന് ഉറപ്പാണെങ്കിൽ അയാളുടെ ക്ഷണം സ്വീകരിക്കാനും സമ്മാനങ്ങൾ വാങ്ങാനും പാടുള്ളതാണ്. എന്നാൽ ഹറാമായ പണത്തിൽ നിന്നാണ് സൽക്കാരം നടത്തുന്നതെന്ന് വ്യക്തമായി അറിയാമെങ്കിൽ അത് സ്വീകരിക്കാൻ പാടില്ല.
* ഹലാലും ഹറാമും കൂടിക്കലർന്ന അവസ്ഥയിലാണെങ്കിൽ, അയാൾ തൻ്റെ ഹലാലായ വിഹിതത്തിൽ നിന്ന് നൽകുന്നത് സ്വീകരിക്കാം. എന്നാൽ ഏതാണെന്ന് തിരിച്ചറിയാൻ കഴിയാതിരിക്കുകയും, ഹറാമായ സമ്പത്താണ് കൂടുതലെന്ന് മനസ്സിലാവുകയും ചെയ്താൽ അയാളുടെ ക്ഷണം സ്വീകരിക്കാനോ സമ്മാനം വാങ്ങാനോ പാടില്ല.
* ക്ഷണിക്കുന്ന ആളുടെ സമ്പത്ത് ഹറാമാണെന്ന് അറിയാതെ ഭക്ഷണം കഴിക്കുകയും പിന്നീട് അത് മനസ്സിലാവുകയും ചെയ്താൽ, അല്ലാഹുവിനോട് പൊറുക്കലിനെ തേടുക (തൗബയും ഇസ്തിഗ്ഫാറും ചെയ്യുക). കഴിച്ച ഭക്ഷണത്തിന്റെ മൂല്യത്തിന് തുല്യമായ തുക ദാനം ചെയ്യുന്നത് ഉത്തമമാണ്.
* ഒരാളുടെ പക്കൽ ഹറാമായ പണമേ ഉള്ളൂ, അയാൾക്ക് ഹലാലായ കച്ചവടം തുടങ്ങാൻ താല്പര്യമുണ്ട്, എന്നാൽ പലിശരഹിത വായ്പകൾ ലഭ്യമല്ല, ആ പണം മുഴുവൻ ദാനം ചെയ്യുന്നത് അയാൾക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുമെങ്കിൽ, ആ പണം ഉപയോഗിച്ച് കച്ചവടം ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ പിന്നീട് ആ തുക മുഴുവൻ ദാനം ചെയ്യേണ്ടത് നിർബന്ധമാണ്.
* ഒരു ജോലിയിൽ ഹലാലും ഹറാമുമായ കാര്യങ്ങൾ ചെയ്യേണ്ടി വരികയും, ഹറാമായ ഭാഗം ഒഴിവാക്കാൻ കഴിയില്ലെന്നുമിരിക്കെ ആ ജോലി ചെയ്യുന്നത് നിഷിദ്ധമാണ്.
* വരുമാനമാർഗ്ഗം പൂർണ്ണമായും ഹറാമായ ഒരാളിൽ നിന്ന് വിറ്റ സാധനത്തിന്റെ വില, വീടിന്റെയോ വാഹനത്തിന്റെയോ വാടക, ഫീസ് എന്നിവ ഈടാക്കുന്നത് അനുവദനീയമാണ്.
* പലിശപ്പണം വ്യക്തിപരമായ ഒരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടുള്ളതല്ല.
3. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില പുതിയ രീതികൾ
സമ്പത്ത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യമാണ്, ചില ആരാധനകൾ സാമ്പത്തികവുമായി ബന്ധപ്പെട്ടതുമാണ്. അതിനാൽ ഉപജീവനം കണ്ടെത്തുക എന്നത് ഇസ്ലാമിന്റെ ദൃഷ്ടിയിൽ നല്ലതും ചില സാഹചര്യങ്ങളിൽ നിർബന്ധവുമാണ്. എന്നാൽ അല്ലാഹുവിന്റെ തൃപ്തിക്ക് വിരുദ്ധമാവാതിരിക്കാനും മറ്റുള്ളവർക്ക് ദ്രോഹമാവാതിരിക്കാനും ഇസ്ലാം ഇതിൽ ഹലാലിന്റെയും ഹറാമിന്റെയും അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, ഇന്നത്തെ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഇസ്ലാം കർശനമായി വിലക്കിയ പല കാര്യങ്ങളും അടങ്ങിയിരിക്കുന്നു. ഇത് സമൂഹത്തിന് ദോഷകരവും ചൂഷണവുമാണ്. ഈ സാഹചര്യം മുൻനിർത്തി, ശരീയത്തിന്റെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ആധുനിക പണ്ഡിതന്മാർ പുതിയ നിക്ഷേപ രീതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ സെമിനാർ ഈ രീതികൾ ചർച്ച ചെയ്യുകയും താഴെ പറയുന്ന തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തു:
* *തുടർച്ചയായ മുദാറബ (മളാറബത്ത് ഇസ്തിംറാരി):* മുദാറബ (പങ്കാളിത്ത കച്ചവടം) കരാറിൽ നിക്ഷേപത്തിന്റെ കാലാവധി മുൻകൂട്ടി നിശ്ചയിക്കാതിരിക്കുന്നതും, വർഷങ്ങൾക്കിടയിൽ പുതിയ നിക്ഷേപകർ കടന്നുവരുന്നതും, നിക്ഷേപകർക്ക് ആവശ്യമുള്ളപ്പോൾ തങ്ങളുടെ മൂലധനവും ലാഭവുമെടുത്ത് പിന്മാറുന്നതും ഇസ്ലാമിക നിയമങ്ങൾക്ക് അനുസൃതമാണ്. ഇത് സാധാരണ മുദാറബ പോലെ തന്നെ അനുവദനീയമാണ്.
* *തൻദീദ് തഖ്ദീരി (Constructive Liquidation):* കമ്പനിയുടെ പണവും മറ്റ് ആസ്തികളും കണക്കാക്കി ലാഭനഷ്ടങ്ങൾ നിർണ്ണയിക്കുന്ന രീതിയാണിത്. പലിശരഹിത ധനകാര്യ സ്ഥാപനങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന ഈ രീതി അനുവദനീയമാണ്.
* *നിയമപരമായ വ്യക്തിത്വം (Legal Entity):* ഒരു കമ്പനിയെ നിയമപരമായ ഒരു വ്യക്തിത്വമായി കണക്കാക്കുന്നത് ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമല്ല. അതിനാൽ കമ്പനിയുമായി മുദാരിബ് (നടത്തിപ്പുകാരൻ) അല്ലെങ്കിൽ റബ്ബുൽ മാൽ (നിക്ഷേപകൻ) എന്ന നിലയിൽ ഇടപാടുകൾ നടത്തുന്നത് ശരിയാണ്.
* *ശിർക്കത്ത് മുതനാഖിസ (Diminishing Musharakah):* ഒരു ധനകാര്യ സ്ഥാപനവുമായോ വ്യക്തിയുമായോ ചേർന്ന് ഒരു വസ്തു വാങ്ങുകയും, പങ്കാളിയുടെ വിഹിതം വാടകയ്‌ക്കെടുക്കുകയും, അതിനൊപ്പം കൂടുതൽ തുക നൽകി ക്രമേണ ആ വിഹിതത്തിന്റെ ഉടമസ്ഥാവകാശം നേടിയെടുക്കുകയും ചെയ്യുന്ന രീതിയാണിത്. ഉടമസ്ഥാവകാശം വർദ്ധിക്കുന്നതനുസരിച്ച് വാടക കുറഞ്ഞുവരുന്ന ഈ രീതി അനുവദനീയമാണ്.
* *മുറാബഹ (Murabaha) നിലവിലെ രീതി:* ധനകാര്യ സ്ഥാപനം ഉപഭോക്താവിനെ തന്നെ സാധനം വാങ്ങാൻ ഏജൻ്റായി ചുമതലപ്പെടുത്തുകയും, ഉപഭോക്താവ് സാധനം വാങ്ങി തൻ്റെ പേരിൽ ബില്ല് വാങ്ങുകയും, സ്ഥാപനത്തെ വിവരമറിയിച്ച ശേഷം സ്ഥാപനത്തിൽ നിന്ന് അത് കടമായി വാങ്ങുന്ന രീതി നിലവിലെ ഇസ്ലാമിക ബാങ്കിംഗിൽ ഉപയോഗിക്കുന്നുണ്ട്. ഈ രീതി അനുവദനീയമാണ്.
* *ഓഹരി നിക്ഷേപം:* അടിസ്ഥാനപരമായി ഹലാലായ ബിസിനസ്സ് ചെയ്യുന്ന ഒരു കമ്പനി, ഭാഗികമായി ഹറാമായ കാര്യങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിൽ അവരുടെ ഓഹരികൾ വാങ്ങാൻ വ്യവസ്ഥകളോടെ അനുവാദമുണ്ട്. ഹറാമായ ബിസിനസ്സിലുള്ള നിക്ഷേപം കമ്പനിയുടെ മൊത്തം മൂലധനത്തിന്റെ മൂന്നിലൊന്നിൽ (1/3) താഴെയായിരിക്കണം. കൂടാതെ, ഈ ഹറാമായ നിക്ഷേപത്തോട് നിക്ഷേപകൻ തന്റെ എതിർപ്പ് രേഖപ്പെടുത്തുകയും, ഹറാമായ മാർഗ്ഗത്തിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ദാനം (സ്വദഖ) ചെയ്യുകയും വേണം.
ഇലാ റഹ്‌മത്തില്ലാഹ്...
മൗലാനാ ആലിക്കുട്ടി മുസ്‌ലിയാർ: അറിവിന്റെയും വിനയത്തിന്റെയും ഉദാത്ത മാതൃക
✍️ ഹാഫിസ് അബ്‌ദുശ്ശകൂർ ഖാസിമി
കാരുണ്യവാനായ രക്ഷിതാവ് കേരളീയ സമൂഹത്തിന് പ്രത്യേകിച്ച് കനിഞ്ഞരുളിയ ഒരു വലിയ അനുഗ്രഹമായിരുന്നു ആദരണീയനായ ഉസ്താദ് മൗലാനാ ആലിക്കുട്ടി മുസ്‌ലിയാർ മർഹൂം അവർകൾ. ആഴമേറിയ അറിവും ഉന്നത സ്ഥാനമാനങ്ങളും ഉണ്ടായിരുന്നതോടൊപ്പം അങ്ങേയറ്റത്തെ വിനയവും കരുണയും പുലർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മുപ്പത് വർഷങ്ങൾക്കു മുമ്പ് മറ്റ് പണ്ഡിത മഹത്തുക്കളോടൊപ്പം അദ്ദേഹത്തെ കാണുമ്പോൾത്തന്നെ വലിയ സ്ഥാനങ്ങളും പ്രവർത്തനങ്ങളും നടത്തിയിരുന്ന അദ്ദേഹം വളരെ വിനയാന്വിതനായാണ് എല്ലാവരുമായി ഇടപെട്ടിരുന്നത്.
ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ ആദ്യ മെമ്പറായും തുടർന്ന് വർക്കിംഗ് കമ്മിറ്റി അംഗമായും അദ്ദേഹം ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബോർഡിന്റെ പൊതുയോഗങ്ങളിൽ അദ്ദേഹം വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും, യോഗങ്ങൾക്ക് മുമ്പും ശേഷവും എല്ലാവരെയും പരിചയപ്പെടുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നത് പതിവായിരുന്നു. വിഷയങ്ങൾ വരുമ്പോൾ അറബിയിലും ഇംഗ്ലീഷിലുമായി കാര്യങ്ങൾ വിശദമായിത്തന്നെ അദ്ദേഹം സംസാരിച്ചിരുന്നു.
ബാബരി മസ്ജിദ് വിധിയെത്തുടർന്ന് ലഖ്‌നൗവിൽ ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ അപ്പീലിന് പോകണമോ വേണ്ടയോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ, ഉസ്താദ് ഇംഗ്ലീഷിലും അറബിയിലുമായി എഴുന്നേറ്റുനിന്ന് നടത്തിയ ശക്തമായ ഉൽബോധനം ഒരു വലിയ വഴിത്തിരിവായി. തുടർന്ന് ആദരണീയ അധ്യക്ഷൻ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി അപ്പീലിന് പോകാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. "കഴിവിന്റെ പരമാവധി പരിശ്രമിക്കാൻ നാം ബാധ്യസ്ഥരാണ്, തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് അല്ലാഹുവാണ്. എന്നാൽ കഴിയുന്ന കാര്യങ്ങൾ നാം ചെയ്തില്ലെങ്കിൽ പടച്ചവന്റെ മുന്നിൽ നാം കുറ്റക്കാരായിത്തീരും" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പ്രബോധകന്മാർക്ക് വലിയ സമാധാനവും കരുത്തും നൽകുന്നതായിരുന്നു. ശേഷം, അപ്പീലിന് പോകുക തന്നെ വേണം എന്ന അഭിപ്രായം കേരളീയ സഹോദരങ്ങളുടേത് കൂടിയാണെന്ന് പറഞ്ഞത് കൂടുതൽ ശക്തിക്ക് കാരണമായി.
ബാബരി മസ്ജിദ് കേസിന്റെയും ഇതര കേസുകളുടെയും കനത്ത ഭാരം ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിനുണ്ടായപ്പോൾ, ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാഗത്ത് നിന്നും ഉസ്താദ് വലിയൊരു തുക ബോർഡിന് എത്തിച്ചു കൊടുത്തത് ഇത്തരുണത്തിൽ വളരെ നന്ദിയോടെയും പ്രാർത്ഥനയോടെയും അനുസ്മരിക്കുകയാണ്.
ഒരു പ്രാവശ്യം ദക്ഷിണ കേരളത്തിൽ വന്ന മർഹൂം, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിനോടുള്ള താല്പര്യത്തിന്റെ പേരിൽ ഓച്ചിറ ദാറുൽ ഉലൂമിലും വരുകയുണ്ടായി. അന്നത്തെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് ചേലക്കുളം മൗലാനാ അബുൽ ബുഷ്റ ബാഖവി മർഹൂം ആദരവോടെ സ്വീകരിച്ചു, തുടർന്ന് ഇരുവരും മറ്റു നേതാക്കളും ഒത്തുചേർന്ന് നടത്തിയ ശരീഅത്ത് സമ്മേളനത്തിൽ ഇസ്ലാമിക ശരീഅത്താണ് എല്ലാ നന്മകളുടെയും അടിസ്ഥാനമെന്നും, അതിനെ പഠിക്കലും പകർത്തലും പ്രചരിപ്പിക്കലുമാണ് നമ്മുടെ ലക്ഷ്യമായി കാണണമെന്ന് സരസമായി ഉൽബോധിപ്പിച്ചു.
അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വിയും മൗലാനാ ഡോക്ടർ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് നദ്‌വിയും അവസാനമായി കേരളത്തിൽ വന്ന സന്ദർഭത്തിൽ, ഇരുവരെയും കൂട്ടത്തിലുള്ളവരെയും വളരെ സ്നേഹത്തോടെ ജാമിഅഃ നൂരിയ്യഃ സനദ് ദാന മഹാസമ്മേളനത്തിലേക്ക് ക്ഷണിച്ചു. അവിടെ എത്തിയ മൗലാനായെയും സംഘത്തെയും വളരെ ആദരവോടെ മർഹൂം സ്വീകരിക്കുകയും ചെയ്തു. മഹാസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മൗലാനായുടെ പ്രഭാഷണം, പ്രിയപ്പെട്ട സഹോദരൻ ഡോ. അബ്ദുസ്സമദ് സമദാനി എം.പി. യാണ് പരിഭാഷപ്പെടുത്തിയത്. ഇസ്‌ലാമിക ശരീഅത്തിന്റെ മഹത്വം നാം ഉൾക്കൊള്ളുകയും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ബോർഡ് പ്രസിഡൻ്റിന്റെ പ്രസ്താവന തന്നെയാണ് സമ്മേളനത്തിന്റെ മുഖ്യ സന്ദേശം എന്ന് മർഹൂം അടിവരയിട്ട് പറയുകയും ചെയ്തു.
ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ ടിക്കറ്റ് ശരിയായിരുന്നില്ലെങ്കിലും അദ്ദേഹം യാതൊരു പരാതിയുമില്ലാതെ വിനീതന്റെ കുറഞ്ഞ ബർത്തിൽ കിടന്നുറങ്ങി. തഹജ്ജുദ് നമസ്കാരത്തിനായി എഴുന്നേറ്റ സമയത്തെ അദ്ദേഹത്തിന്റെ സംസാരങ്ങളും ലളിതമായ പെരുമാറ്റവും ഏവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ശേഷം നിസാമുദ്ദീനിലേക്ക് വന്ന് തബ്‌ലീഗ് മർക്കസിൽ സുബ്ഹി നമസ്കാരത്തിൽ പങ്കെടുത്തു. അവിടെ നടന്ന നീണ്ട നമസ്കാരത്തിന് ശേഷം: "ഈ നമസ്കാരം വളരെ റാഹത്തായിരിക്കുന്നു" എന്ന് പ്രതികരിച്ചു. ഈജിപ്റ്റിലേക്കും മറ്റും ഉപരിപഠനത്തിന് പോകേണ്ടിയിരുന്ന ശിഷ്യന്മാരോട് അവരോടെല്ലാം നിസാമുദ്ദീനിൽ വരാനാണ് പറഞ്ഞിരുന്നത്. അവരോടൊപ്പം ഞങ്ങൾ എല്ലാവരും ഒരുമിച്ച് ചായ കുടിക്കുകയും, ഇവിടെ വന്നതുപോലെ ദാറുൽ ഉലൂമിലും മറ്റും പോകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ കേരളത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഉസ്താദിന്റെ പൂർണ്ണ സഹകരണവും പിന്തുണയും പ്രാർത്ഥനയും വലിയ അനുഗ്രഹമായിരുന്നു. ബോർഡിന്റെ പ്രധാന പ്രസിദ്ധീകരണമായ 'നികാഹ് നാമ' മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിൽ അദ്ദേഹം ക്ഷീണിതനായിരുന്നിട്ടുപോലും വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.
ഒരിക്കൽ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി കേരളത്തിൽ വന്നപ്പോൾ ഉസ്താദ് യാത്രയിലായിരുന്നു. എങ്കിലും യാത്രാമധ്യേ ഇ-മെയിലിലൂടെ സന്ദേശമയക്കുകയും, 'ഇബ്‌നുൽ മുത്വീഅ്' (അനുസരണയുള്ള മകൻ) എന്ന് സ്വന്തത്തെ വിശേഷിപ്പിച്ചുകൊണ്ട് കത്തെഴുതുകയും ചെയ്തത് അദ്ദേഹത്തിന്റെ സ്നേഹവും അദബും എടുത്തുകാണിക്കുന്നു.
ഇപ്രകാരം മൗലാനാ സയ്യിദ് മുസ്‌തഫാ രിഫാഈ ജീലാനി ഒരിക്കൽ മലപ്പുറത്ത് എത്തിയപ്പോൾ ജാമിഅയിലേക്ക് ക്ഷണിക്കുകയും ആദരവോടെ സ്വീകരിക്കുകയും വലിയ ഹാളിൽ വിദ്യാർത്ഥികളെ ഒരുമിച്ച് കൂട്ടി മൗലാനാക്ക് സ്വീകരണം നൽകുകയും ചെയ്തു.
ഇത് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോബോഡുമായി മർഹൂം പുലർത്തിയ സൂക്ഷ്മവും സുന്ദരവുമായ ബന്ധമായിരുന്നു. ഇതേ നിലയിൽ തന്നെയാണ് ഇതര പ്രസ്ഥാനങ്ങളോടും സ്ഥാപനങ്ങളോടുമെല്ലാം മർഹൂം ബന്ധപ്പെട്ടിരുന്നത്.
അവസാന നാളുകളിൽ രോഗബാധിതനായി കഴിയുമ്പോഴും സന്ദർശിക്കാൻ പോയപ്പോൾ ബോർഡിന്റെ കാര്യങ്ങൾ താല്പര്യത്തോടെ തിരക്കുകയും പ്രവർത്തനങ്ങൾക്ക് പിന്തുണ പകരുകയും ചെയ്തു. ശൈഖുനാ മർഹൂമിന്റെ വിയോഗവിവരം വളരെ ദുഃഖത്തോടെയാണ് ശ്രവിച്ചത്. ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് നേതാക്കളെ വിവരമറിയിച്ചപ്പോൾ അവരും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുആ ഇരക്കുകയും ചെയ്തു. ശൈഖുനാ മർഹൂം യാത്രയായെങ്കിലും കാരുണ്യത്തിന്റെയും വിനയത്തിന്റെയും സഹകരണത്തിന്റെയും ഉന്നതമായ ഒരു മാതൃക പകർന്നു തന്നുകൊണ്ടാണ് യാത്രയായത്. പിൻഗാമികളായ നാം ഓരോരുത്തർക്കും ഈ ഗുണങ്ങൾ ജീവമായി നിലനിർത്താൻ പടച്ചവൻ ഉദവി നൽകട്ടെ!
കാരുണ്യവാനായ റബ്ബ് ഉസ്താദിന് ഉന്നതമായ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.! ഈ വേർപാടിലൂടെ ഉണ്ടായ നഷ്ടങ്ങളെ തരണം ചെയ്യാൻ പടച്ചവൻ സമുദായത്തിന് കരുത്ത് നൽകട്ടെ.! ഉത്തമമായ സ്മരണകളും മാതൃകകളും ഉൾക്കൊണ്ട് ജീവിക്കാൻ ഏവർക്കും നാഥൻ തൗഫീഖ് നൽകട്ടെ, ആമീൻ.!
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.
1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ - 75
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും - 45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40
50. ഇസ്‌ലാമിലെ വിവാഹം - 20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40
61. ബുഖാറയിലൂടെ - 15
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് - 450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ - 40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90
കാറ്റലോഗിനായി ക്ലിക്ക് ചെയ്യുക: https://wa.me/c/918577858031
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹

