മുഹർറം 24/1447
ജൂലൈ 09/2026
ലക്കം: 268
 ഉള്ളടക്കം 

▪️മുഖലിഖിതം 
ഹിജ്‌രി കലണ്ടർ; മുസ്‌ലിംകളുടെ സത്വം
        ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

▪️ജുമുഅ സന്ദേശം 
അഹ്‌ലു ബൈത്തും അഹ്‌ലുസ്സുന്നത്തും 
ഭാഗം 2
       ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി  

▪️പരിശുദ്ധ ഖുർആൻ പ്രകാശം 
സൂറത്തുല്‍ ബഖറ
ആയത്ത് 75 - 91
       ✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി

▪️ആരിഫുല്‍ ഹദീസ് 
സ്വഹാബത്തിന്റെ മഹത്വങ്ങൾ
       ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ 
അറിവും അഹങ്കാരവും
       ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ 
1. മൈക്രോ ഫിനാൻസിന്റെ ഇസ്ലാമിക നിയമങ്ങൾ
2. കണ്ണിന്റെ കോർണിയ
3. മെഡിക്കൽ ഇൻഷുറൻസിനെക്കുറിച്ചുള്ള മുൻ തീരുമാനത്തിന്റെ പുനരവലോകനം
4. എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള ഓൺലൈൻ പഠനവും അധ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

▪️ഗ്രന്ഥ പരിചയം 
അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ

🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 

ഹിജ്‌രി കലണ്ടർ; മുസ്‌ലിംകളുടെ സത്വം

          "ഏതൊരു ജനതയുടെയും സ്വത്വത്തിന്റെ അടയാളമാണ് കലണ്ടർ. അതിനോട് ആ ജനതയുടെ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നു. ഹിജ്റ കലണ്ടറിലേക്ക് നോക്കിയാൽ, അതിലെ ഭൂരിഭാഗം മാസങ്ങളുടെയും പേരുകൾ ഇസ്‌ലാമിക ആരാധനകളിലേക്കും മുസ്‌ലിംകളുടെ മതപരമായ പാരമ്പര്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നവയാണ്. അപ്രകാരം മറ്റ് ജനവിഭാഗങ്ങളുടെ കലണ്ടറുകൾ അവരുടെ മതപരമായ ചിന്തകളുടെയും വിശ്വാസങ്ങളുടെയും പ്രതിഫലനമാണ്. ദിവസങ്ങളുടെയും മാസങ്ങളുടെയും പേരുകളുടെ പിന്നിലെ ചരിത്രവും ഇതുതന്നെയാണ്. ഉദാഹരണത്തിന്: 'Sunday', 'Monday' എന്നീ വാക്കുകൾ നോക്കുക. അവയുടെ അർത്ഥം സൂര്യന്റെ ദിവസം, ചന്ദ്രന്റെ ദിവസം എന്നാണ്; കാരണം ഗ്രീക്കുകാർക്കിടയിൽ ഒരു ദിവസം സൂര്യനെ ആരാധിക്കാനും ഒരു ദിവസം ചന്ദ്രനെ ആരാധിക്കാനും മാറ്റിവെച്ചിരുന്നു. വിവിധ ദേവന്മാരുടെ പേരുകളിലാണ് അവർ ദിവസങ്ങൾക്ക് പേരിട്ടത്. മാസങ്ങളുടെ പേരുകൾക്ക് പിന്നിലും സമാനമായ അർത്ഥങ്ങളുണ്ട്. അതുകൊണ്ടാണ് അക്കാലത്ത് നിലവിലിരുന്ന മറ്റ് കലണ്ടറുകളെ ഉമർ (റ) സ്വീകരിക്കാതിരുന്നത്.

        ചുരുക്കത്തിൽ, ഇസ്‌ലാമിക കലണ്ടർ മുസ്‌ലിംകളുടെ സ്വന്തം സ്വത്വമാണ്. അതിനാൽ ഈ കലണ്ടർ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുകയും വരുംതലമുറകളെ ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ചും ഇതിന്റെ മതപരവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചും ബോധവാന്മാരാക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഹിജ്റ കലണ്ടറിന്റെ ഉപയോഗം നിലനിർത്തേണ്ടതും അത് പ്രചരിപ്പിക്കാൻ ശ്രമിക്കേണ്ടതും 'ഫർള് കിഫായ' (സാമൂഹിക ബാധ്യത) ആണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കലണ്ടർ നമ്മുടെ സ്വത്വത്തെ ഓർമ്മിപ്പിക്കുകയും ഹിജ്റ എന്ന മഹത്തായ സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു."

 ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

     ٢- اہل بیت اور اہل سنت

مولانا خالد سیف اللہ رحمانی

അഹ്‌ലു ബൈത്തും അഹ്‌ലുസ്സുന്നത്തും 

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(അധ്യക്ഷൻ, ഓൾ ഇന്ത്യാ മുസ്‌ലിം ‌പേഴ്സനൽ ലോ ബോർഡ്)
       
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. أما بعد

فأعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا

റസൂലുല്ലാഹി ﷺ പൊതുവായ നിലയിൽ അഹ്‌ലുബൈത്തിന്റെ ശ്രേഷ്ഠതകൾ വിവരിച്ച സ്ഥിതിക്ക്, ഒരു സത്യവിശ്വാസിക്കും അഹ്‌ലുബൈത്തിനെ വിലകുറച്ചു കാണാനോ അവരുടെ പദവിയെ അധിക്ഷേപിച്ചു സംസാരിക്കാനോ സാധിക്കുകയില്ല. സൈദ് ബിൻ അർഖം (റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള 'ഖും' എന്ന സ്ഥലത്തു വെച്ച് പ്രവാചകൻ ﷺ പ്രഭാഷണം നടത്തവെ അരുളി: "ജനങ്ങളേ! ഞാൻ നിങ്ങൾക്കിടയിൽ ഭാരമേറിയ രണ്ട് കാര്യങ്ങൾ ഉപേക്ഷിച്ചാണ് പോകുന്നത്. ഒന്ന്: അല്ലാഹുവിന്റെ കിതാബ്, അതിൽ സന്മാർഗ്ഗവും വെളിച്ചവുമുണ്ട്. അതിനാൽ നിങ്ങൾ അല്ലാഹുവിന്റെ കിതാബിനെ മുറുകെ പിടിക്കുക. രണ്ട്: എൻ്റെ അഹ്‌ലുബൈത്ത്" തുടർന്ന് തങ്ങൾ ﷺ മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞു: "എന്റെ അഹ്‌ലുബൈത്തിന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ അല്ലാഹുവെ ഓർമ്മിപ്പിക്കുന്നു." (മുസ്‌ലിം: 2408). ഹജ്ജിന്റെ വലിയ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറഫാ ദിനത്തിൽ ഒട്ടകപ്പുറത്തിരുന്ന് പ്രവാചകൻ ﷺ ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി: "ജനങ്ങളേ! ഞാൻ നിങ്ങൾക്കിടയിൽ രണ്ട് കാര്യങ്ങൾ ഉപേക്ഷിച്ചുപോകുന്നു; അവയെ നിങ്ങൾ മുറുകെ പിടിച്ചാൽ ഒരിക്കലും വഴിപിഴച്ചു പോകുകയില്ല. ഒന്ന്: അല്ലാഹുവിന്റെ കിതാബ്, രണ്ട്: എന്റെ കുടുംബം അല്ലെങ്കിൽ അഹ്‌ലുബൈത്ത്." (തിർമിദി: 3766).

അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ പണ്ഡിതന്മാർ എപ്പോഴും അഹ്‌ലുബൈത്തിനെ തങ്ങളുടെ കൺകുളിർമ്മയായിട്ടാണ് കണ്ടിട്ടുള്ളത്. അവർ അലിയ്യ് (റ) നെ സച്ചരിത ഖലീഫയായി അംഗീകരിച്ചു. മുആവിയ (റ) യുടെ വിഷയത്തിൽ, അലിയ്യ് (റ) നെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാട് ഇജ്തിഹാദിൽ സംഭവിച്ച പിഴവായിരുന്നു എന്നാണ് അഹ്‌ലുസ്സുന്ന വീക്ഷിക്കുന്നത്. ഇജ്തിഹാദിലുണ്ടാകുന്ന പിഴവുകൾ കുറ്റകരമല്ല എന്നതിനാൽ അതിന്റെ പേരിൽ അദ്ദേഹത്തെ ആക്ഷേപിക്കാൻ പാടുള്ളതല്ല. അതുപോലെ മുആവിയ (റ) തന്റെ മകനായ യസീദിനെ പിൻഗാമിയായി നിശ്ചയിച്ചതും അദ്ദേഹത്തിനു പറ്റിയ ഒരു ഇജ്തിഹാദി പിഴവായിരുന്നു. എന്നാൽ യസീദിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, മുൻകാല പണ്ഡിതന്മാരിൽ ആരും തന്നെ അയാളുടെ ഭരണം നീതിപൂർവ്വമായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. മറിച്ച്, സലഫുകളിൽ പെട്ട വലിയൊരു വിഭാഗം യസീദിനെ ശപിക്കുന്നത് അനുവദനീയമായി കണ്ടിട്ടുണ്ട്; ഇമാം അഹ്മദ് ബിൻ ഹൻബൽ (റഹ്) ന്റെ ഒരു അഭിപ്രായവും ഇതാണ്. ചില പണ്ഡിതന്മാർ ഈ വിഷയത്തിൽ മൗനം പാലിച്ചിരിക്കുന്നു. ബനൂ ഉമയ്യ - അബ്ബാസിയ്യ കാലഘട്ടങ്ങളിൽ ഭരണാധികാരികൾ അഹ്‌ലുബൈത്തുമായി ഏറ്റുമുട്ടിയപ്പോഴൊക്കെയും അക്കാലത്തെ യഥാർത്ഥ പണ്ഡിതന്മാരുടെ പിന്തുണ അഹ്‌ലുബൈത്തിനൊപ്പമായിരുന്നു. ഇതിനൊരു ഉത്തമ ഉദാഹരണമാണ് ഇമാം അബൂഹനീഫ (റ).

കർബല സംഭവത്തിന് ശേഷം അഹ്‌ലുബൈത്ത് ഭൗതികമായ അധികാരങ്ങളിൽ നിന്ന് അകന്നു നിന്നെങ്കിലും, ആത്മീയമായ അധികാരം എപ്പോഴും അവർക്കൊപ്പം തന്നെയായിരുന്നു. അവർ ജനങ്ങളുടെ ഹൃദയങ്ങളിൽ ഭരണം നടത്തി. ഇതുമായി ബന്ധപ്പെട്ട് ഇപ്രകാരം ഒരു സംഭവം കാണാം: ഹിശാം ഇബ്നു അബ്ദിൽ മലിക് തന്റെ പിതാവിന്റെ ഭരണകാലത്ത് കഅ്ബ തവാഫ് ചെയ്ത ശേഷം ഹജറുൽ അസ്‌വദ് ചുംബിക്കാൻ തുനിഞ്ഞു. എന്നാൽ ജനത്തിരക്ക് കാരണം അദ്ദേഹത്തിന് അതിന് സാധിച്ചില്ല. തുടർന്ന് അദ്ദേഹം അവിടെ ഒരു കസേരയിട്ട് അതിലിരുന്ന് ജനങ്ങളെ വീക്ഷിക്കാൻ തുടങ്ങി. സിറിയയിലെ പ്രമുഖരായ ചില വ്യക്തികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആ സമയത്താണ് ഹുസൈൻ (റ) ന്റെ പൗത്രൻ സൈനുൽ ആബിദീൻ (റഹ്) അവിടെ ആഗതനായത്. അദ്ദേഹം തവാഫ് ചെയ്ത് ഹജറുൽ അസ്‌വദിന് അരികിലെത്തിയപ്പോൾ, അദ്ദേഹത്തോടുള്ള ആദരവ് കാരണം ജനക്കൂട്ടം തനിയെ വഴിമാറിക്കൊടുത്തു. അദ്ദേഹം അനായാസം ഹജറുൽ അസ്‌വദ് ചുംബിച്ചു. ഈ ദൃശ്യം കണ്ട് അത്ഭുതപ്പെട്ട സിറിയക്കാർ ഹിശാമിനോട് ചോദിച്ചു: "ജനങ്ങൾ ഇത്രയധികം ആദരിക്കുന്ന ഈ വ്യക്തി ആരാണ്?" സത്യം പറഞ്ഞാൽ സിറിയക്കാർ സൈനുൽ ആബിദീനിലേക്ക് ആകർഷിക്കപ്പെടുമോ എന്ന് ഭയന്ന് ഹിശാം കള്ളം പറഞ്ഞു: "എനിക്ക് ഇദ്ദേഹത്തെ അറിയില്ല." ഈ സമയം അവിടെയുണ്ടായിരുന്ന പ്രശസ്ത കവി ഫറസ്ദഖിന് ഇത് സഹിച്ചില്ല. അദ്ദേഹം അപ്പോൾ തന്നെ സൈനുൽ ആബിദീൻ (റഹ്) നെ പ്രശംസിച്ചുകൊണ്ട് ദീർഘമായൊരു കവിത ആലപിച്ചു. അതിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: "ഇദ്ദേഹം ആരാണെന്ന് മക്കയിലെ ഓരോ മണൽത്തരികൾക്കും അറിയാം, കഅ്ബയ്ക്കും ഹില്ലിനും ഹറമിനും ഇദ്ദേഹത്തെ അറിയാം. അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമരായ പ്രവാചകന്റെ മക്കളാണിവർ. ഇദ്ദേഹം തഖ്‌വയുടേയും പരിശുദ്ധിയുടേയും പ്രതീകവും ജനങ്ങളുടെ നേതാവുമാണ്. ഇദ്ദേഹം ഫാത്തിമ (റ) യുടെ മകനാണ്. നിനക്കറിയില്ലെങ്കിൽ അറിഞ്ഞുകൊള്ളുക, ഇദ്ദേഹത്തിന്റെ പിതാമഹനോടെയാണ് പ്രവാചക ശൃംഖല അവസാനിച്ചത്. ഇദ്ദേഹത്തിന്റെ മഹത്വം അറബികൾക്കും അനറബികൾക്കും ഒരുപോലെ സുപരിചിതമാണ്." ഈ യാഥാർത്ഥ്യ വിവരണം ഇഷ്ടപ്പെടാതിരുന്ന ഹിശാം ഫറസ്ദഖിനെ തടവിലാക്കാൻ ഉത്തരവിട്ടു. (ദീവാനു ഫറസ്ദഖ്: 511-512). മുസ്‌ലിംകളുടെ ഹൃദയങ്ങളിൽ അല്ലാഹു അഹ്‌ലുബൈത്തിനോടുള്ള സ്നേഹം എത്രത്തോളം ആഴത്തിൽ നിക്ഷേപിച്ചിരിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണിത്. ഇതിന്റെയൊക്കെ സ്വാധീനം കൊണ്ടായിരിക്കാം, ഇന്നും തസവ്വുഫിൻ്റെ മിക്ക പരമ്പരകളും പ്രവാചക കുടുംബ പരമ്പരയിൽപ്പെട്ട സാദാത്തുക്കളായ ശൈഖുമാരുമായി ബന്ധപ്പെട്ടു കിടക്കുന്നത്.

അഹ്‌ലുസ്സുന്നയുടെ ആളുകൾ സ്വഹാബികളെ മാത്രമേ അംഗീകരിക്കുകയുള്ളൂ, അഹ്‌ലുബൈത്തിനെ അംഗീകരിക്കുന്നില്ല എന്ന തരത്തിൽ വലിയൊരു തെറ്റായ പ്രചാരണം നിലനിൽക്കുന്നുണ്ട്. ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. ഖുലഫാഉർറാശിദീങ്ങൾക്ക് ശേഷം അഹ്‌ലുസ്സുന്നയുടെ ഗ്രന്ഥങ്ങളിൽ ഏറ്റവും കൂടുതൽ ആദരവോടെ പരാമർശിക്കപ്പെടുന്നത് അഹ്‌ലുബൈത്തിനെക്കുറിച്ചാണ്. കാരണം അവർക്ക് പ്രവാചകനുമായി സാധാരണ സ്വഹാബികളേക്കാളുപരിയായി കുടുംബബന്ധം കൂടിയുണ്ട്. എല്ലാ സ്വഹാബികളും ആദരവിനും ബഹുമാനത്തിനും അർഹരാണ് എന്നതാണ് ശരിയായ നിലപാട്. ഒരു സ്വഹാബിയെയും അധിക്ഷേപിക്കുന്നത് ശരിയല്ല. അതേസമയം അഹ്‌ലുബൈത്തിനോട് അനീതി കാണിക്കുന്നതും ശരിയല്ല. ഹുസൈൻ (റ) നെതിരെ യസീദ് ചെയ്ത ക്രൂരതകളെ ന്യായീകരിക്കുന്നതും ബനൂ ഉമയ്യ ഭരണാധികാരികളുടെ അതിക്രമങ്ങളെ വെള്ളപൂശുന്നതും 'നാസ്വിബി'കളുടെ (അഹ്‌ലുബൈത്തിനെ വെറുക്കുന്നവരുടെ) ചിന്താഗതിയാണ്. പല കാലഘട്ടങ്ങളിലായി ചില എഴുത്തുകാർ ഈ വഴിപിഴച്ച ചിന്താഗതി പ്രചരിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തും ചിലർ യസീദിന്റെ പേരിനൊപ്പം "റദിയല്ലാഹു അൻഹു", "റഹ്മത്തുല്ലാഹി അലൈഹി" എന്നൊക്കെ പ്രയോഗിക്കാറുണ്ട്; ഇത് തീർച്ചയായും അഹ്‌ലുൽ ബൈത്തിനോടുള്ള വിദ്വേഷത്തിന്റെ പ്രകടനമാണ്. ബനൂ ഉമയ്യ വംശത്തിൽ ജനിച്ചവരും സച്ചരിത ഭരണാധികാരിയുമായിരുന്ന ഉമർ ബിൻ അബ്ദിൽ അസീസ് (റ) ന്റെ സദസ്സിൽ വെച്ച് ഒരാൾ യസീദിനെ 'അമീറുൽ മുഅ്മിനീൻ' എന്ന് വിളിച്ചപ്പോൾ, അദ്ദേഹം അങ്ങേയറ്റം കോപിക്കുകയും ആ വ്യക്തിക്ക് ഇരുപത് ചാട്ടവാറടി നൽകാൻ ഉത്തരവിടുകയും ചെയ്തു. (സിയറു അഅ്‌ലാമിന്നുബലാഅ്: 4/41).

യസീദിന്റെ ക്രൂരതകൾ എത്രത്തോളമുണ്ടായിരുന്നുവെന്ന് അയാളുടെ സ്വന്തം മകന് പോലും അറിയാമായിരുന്നു. അതുകൊണ്ടാണ് യസീദിന് ശേഷം ഭരണമേറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ പിതാവിന്റെ ദുഷ്പ്രവൃത്തികൾ കാരണം ആ പദവി സ്വീകരിക്കാൻ മകൻ വിസമ്മതിച്ചത്. (അസ്സ്വവാഇഖുൽ മുഹ്‌രിഖ: 134). അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) അക്കാലത്തെ ആഭ്യന്തര കുഴപ്പങ്ങൾ ഭയന്ന് അബ്ദുല്ലാഹിബ്നു സുബൈർ (റ) ന് ബൈഅത്ത് ചെയ്യാതെ മൗനം പാലിച്ചിരുന്നു. ഇബ്നു അബ്ബാസ് (റ) തന്നോട് ആഭിമുഖ്യമുള്ളതുകൊണ്ടാണ് മൗനം പാലിച്ചതെന്ന് യസീദ് തെറ്റിദ്ധരിക്കുകയും അദ്ദേഹത്തിന് കത്തയക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇബ്നു അബ്ബാസ് (റ) അയച്ച വിശദമായ കത്തിൽ യസീദിന്റെ തിന്മകൾ എണ്ണിയെണ്ണി പറയുകയും ഇപ്രകാരം എഴുതുകയും ചെയ്തു: "നീ ഹുസൈന്റെയും അബ്ദുൽ മുത്വലിബിന്റെ കുടുംബത്തിലെ സൻമാർഗ്ഗത്തിന്റെ വിളക്കുകളായിരുന്ന യുവാക്കളുടെയും കൊലയാളിയാണ്. എനിക്ക് നിന്നോട് എങ്ങനെയാണ് സഹതാപമുണ്ടാകുക?" (അൽ-കാമിൽ ലിബ്നിൽ അസീർ: 3/466).

പ്രശസ്ത ശാഫിഈ ഫഖീഹ് ഇമാദുദ്ദീൻ കിയാഹറാസി യസീദിനെ സംബന്ധിച്ച് എഴുതുന്നു: ഇമാം അബൂഹനീഫ (റഹ്), ഇമാം മാലിക് (റഹ്), ഇമാം അഹ്മദ് (റഹ്) എന്നിവരിൽ നിന്ന് രണ്ട് തരം അഭിപ്രായങ്ങൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്; ഒന്ന് യസീദിനെ ശപിക്കാം എന്നും, രണ്ട് ഈ വിഷയത്തിൽ മൗനം പാലിക്കണം എന്നുമാണ്. എന്നാൽ എന്റെ വ്യക്തിപരമായ അഭിപ്രായം അവനെ ശപിക്കാം എന്നത് തന്നെയാണ്. (വഫയാത്തുൽ അഅ്‌യാൻ: 3/288) പ്രമുഖ മുഹദ്ദിസും ഫഖീഹുമായ അല്ലാമാ ഇബ്നുൽ ജൗസി (റഹ്) ഈ വിഷയത്തിൽ "അർറദ്ദു അലൽ മുതഅസ്സിബിൽ അനീദ്..." എന്ന പേരിൽ ഒരു സ്വതന്ത്ര ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം യസീദിനെ നിന്ദിക്കുന്നതും ശപിക്കുന്നതും അനുവദനീയമാണെന്ന് സമർത്ഥിക്കുന്നു. അയാളുടെ കുറ്റം ഹുസൈൻ (റ) ന്റെ കൊലപാതകത്തിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് മദീനയിൽ മൂന്ന് ദിവസത്തേക്ക് കൊള്ളയടിക്കാനും സ്ത്രീകളുടെ പാതിവൃത്യം തകർക്കാനും സൈന്യത്തിന് പരസ്യമായി അനുവാദം നൽകിയതിലൂടെ ഹറമൈൻ ശരീഫൈനിന്റെ പവിത്രത തകർത്തവൻ കൂടിയാണയാൾ. (ഫതാവ ഇബ്നു തൈമിയ്യ: 3/452). പ്രമുഖ ഹദീസ് പണ്ഡിതനും നിരൂപകനുമായ അല്ലാമാ ദഹബി (റഹ്) എഴുതുന്നു: "ഈ വ്യക്തി തന്റെ ഭരണം ആരംഭിച്ചത് ഹുസൈൻ (റ) ന്റെ രക്തസാക്ഷിത്വത്തോടെയാണ്, അയാൾ മരണപ്പെടുമ്പോൾ തന്റെ സൈന്യം മക്കയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അയാൾ മദ്യപാനിയും തിന്മകൾ പ്രവർത്തിക്കുന്നവനുമായിരുന്നു." (സിയറു അഅ്‌ലാമിന്നുബലാഅ്: 4/38).

പ്രശസ്ത ചരിത്രകാരൻ ഇബ്നു ഇമാദ് ഹൻബലി രേഖപ്പെടുത്തുന്നു: അലി (റ) തന്റെ എതിരാളികളുമായി നടത്തിയ പോരാട്ടങ്ങളിൽ അദ്ദേഹം തന്നെയായിരുന്നു സത്യത്തിന്റെ പക്ഷത്ത് എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. അതുപോലെ ഹുസൈൻ (റ) യസീദിനെതിരെ രംഗത്തുവന്നതും, ഇബ്നു സുബൈർ (റ) ഉം ഹറമൈനിലുള്ളവരും ബനൂ ഉമയ്യ ഭരണത്തിനെതിരെ വിപ്ലവം നയിച്ചതും ശരിയായ നിലപാടായിരുന്നു എന്ന കാര്യത്തിലും പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. (ശദറാത്തുദ്ദഹബ്: 1/276). പ്രശസ്ത മുഫസ്സിർ അല്ലാമാ ആലൂസി യസീദിനെക്കുറിച്ച് ഇപ്രകാരം പോലും എഴുതിയിട്ടുണ്ട്: "എന്റെ ശക്തമായ ധാരണ, യസീദ് റസൂലുല്ലാഹി ﷺ യുടെ പ്രവാചകത്വത്തിൽ വിശ്വസിച്ചിരുന്നില്ല എന്നാണ്. പ്രവാചക കുടുംബത്തോടും മക്കയോടും മദീനയോടും അയാൾ ചെയ്ത ക്രൂരതകൾ വ്യക്തമാക്കുന്നത് അയാൾക്ക് ഖുർആനിലും വിശ്വാസമില്ലായിരുന്നു എന്നാണ്. ഈ ദുഷ്ടനെ ഒരു മുസ്‌ലിമായി അംഗീകരിച്ചാൽ തന്നെയും, അവനിൽ ഒത്തുചേർന്ന വൻപാപങ്ങൾ വിവരണാതീതമാണ്. അതിനാൽ അവന്റെ പേരെടുത്ത് പറഞ്ഞ് ശപിക്കുന്നത് അനുവദനീയമാണെന്നാണ് എന്റെ അഭിപ്രായം." (തഫ്സീർ റൂഹുൽ മആനി: 26/73). ഹസ്രത്ത് മുജദ്ദിദ് അൽഫഥാനി (റഹ്) യസീദിനെക്കുറിച്ച് പറയുന്നു: "യസീദ് ഒരു ഭാഗ്യംകെട്ടവനാണ്, 
അവൻ സ്വഹാബിയല്ല. അവന്റെ ഭാഗ്യംകെട്ടവനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. യൂറോപ്യൻമാരായ കാഫിറുകൾ പോലും ചെയ്യാത്ത ക്രൂരതകളാണ് ആ ദുഷ്ടൻ ചെയ്തുകൂട്ടിയത്." (മക്തൂബാത്തെ റബ്ബാനി).

പ്രശസ്ത മുഫസ്സിർ ഖാളി സനാഉല്ലാഹ് പാനിപ്പത്തി യസീദിനെ ഇസ്‌ലാം മതത്തെ നിരാകരിച്ചവനായിട്ടാണ് കണക്കാക്കിയത്. (തഫ്സീർ മദ്ഹരി) മൗലാനാ അബ്ദുൽ ഹയ്യ് ഫറംഗിമഹല്ലി പറയുന്നു: "യസീദിന്റെ കാര്യത്തിൽ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം ആ ദുഷ്ടന് വേണ്ടി മഗ്ഫിറത്ത് തേടുകയോ 'റഹ്മത്തുല്ലാഹി അലൈഹി' എന്ന് പറയുകയോ ചെയ്യാതിരിക്കലും, അയാൾക്ക് ശാപം ചൊരിഞ്ഞ് സ്വന്തം നാവിനെ അശുദ്ധമാക്കാതിരിക്കലുമാണ്." (ഫതാവ അബ്ദുൽ ഹയ്യ്: 3/8-9). ചരിത്രകാരനായ മസ്ഊദി യസീദിന്റെ അതിക്രമങ്ങളെക്കുറിച്ച് പറയുമ്പോൾ അവൻ ഫിർഔനേക്കാൾ മോശക്കാരനായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് (മുറൂജുദ്ദഹബ്: 3/82).

യസീദിനെയും അയാളുടെ കൂട്ടാളികളെയും ശപിക്കൽ അനുവദനീയമാണെന്ന് പറയുന്ന മുൻഗാമികളായ പണ്ഡിതന്മാരുടെ തെളിവ് ഈ ഹദീസാണ്. നബി ﷺ അരുളി: "ആരെങ്കിലും അതിക്രമം പ്രവർത്തിച്ചുകൊണ്ട് മദീനക്കാരെ ഭയപ്പെടുത്തിയാൽ, അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവൻ മനുഷ്യരുടെയും ശാപമുണ്ടായിരിക്കും. അവന്റെ യാതൊരുവിധ സുന്നത്തോ ഫർളോ ആയ കർമ്മങ്ങളും സ്വീകരിക്കപ്പെടുകയില്ല." (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 32427). യസീദിന്റെ കൽപ്പനപ്രകാരം അയാളുടെ ഗവർണ്ണറായ മുസ്‌ലിം ബിൻ ഉഖ്ബ മദീനയിൽ ചെയ്തുകൂട്ടിയ അതിക്രമങ്ങൾ പോലെ മദീനയുടെ പവിത്രത തകർത്ത മറ്റൊരു സംഭവം ചരിത്രത്തിലുണ്ടായിട്ടില്ല. അല്ലാമാ സർഖാനി (റഹ്) മുവത്വ ഇമാം മാലികിന്റെ ശറഹിൽ എഴുതുന്നു: "അയാൾ മൂന്ന് ദിവസം മദീനയിൽ കൊള്ളയടിക്കാനും സ്ത്രീകളെ പീഡിപ്പിക്കാനും സൈന്യത്തിന് അനുവാദം നൽകി. പതിനായിരത്തോളം സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ആയിരത്തിലധികം കന്യകമാർ ഗർഭിണികളാകേണ്ടി വന്നു. എഴുന്നൂറോളം ഖുർആൻ പണ്ഡിതന്മാർ രക്തസാക്ഷികളായി. തുടർന്ന്, നിങ്ങളെല്ലാവരും യസീദിന്റെ അടിമകളാണ്; അദ്ദേഹം വിചാരിച്ചാൽ നിങ്ങളെ മോചിപ്പിക്കാം അല്ലെങ്കിൽ വധിക്കാം എന്ന് നിർബന്ധ പൂർവ്വം ജനങ്ങളെക്കൊണ്ട് ബൈഅത്ത് ചെയ്യിപ്പിച്ചു." (ശറഹു സർഖാനി അലാ മുവത്വ ഇമാം മാലിക്: 3/118). ഈ ക്രൂരതകളെക്കുറിച്ച് അല്ലാമാ ഇബ്നു കസീർ, അല്ലാമാ സുയൂത്വി, ഹാഫിള് ഇബ്നു ഹജർ, ഹാഫിള് ദഹബി, അല്ലാമാ ഇബ്നു തൈമിയ്യ തുടങ്ങിയ ഒട്ടുമിക്ക പ്രമുഖ ഇസ്‌ലാമിക ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. മദീനക്കാരെ ഭയപ്പെടുത്തുക എന്ന് നബി ﷺ പറഞ്ഞതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇതല്ലാതെ മറ്റെന്താണ്!?
മറ്റൊരു സന്ദർഭത്തിൽ റസൂലുല്ലാഹി ﷺ അരുളുകയുണ്ടായി: "ഖുറൈശികളിലെ ചില വിവരമില്ലാത്ത ചെറുപ്പക്കാരുടെ കൈകളാൽ എന്റെ ഉമ്മത്ത് നശിക്കും." (ബുഖാരി: 3605). അബൂഹുറൈറ (റ) ഈ ഹദീസിന്റെ ഉദ്ദേശം യസീദാണെന്ന് മനസ്സിലാക്കിയിരുന്നു. അദ്ദേഹം എപ്പോഴും പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഹിജ്റ അറുപതാം ആണ്ടിന്റെ തുടക്കത്തിൽ നിന്നും കുട്ടികളുടെ ഭരണത്തിൽ നിന്നും ഞാൻ അല്ലാഹുവോട് കാവൽ ചോദിക്കുന്നു." യസീദിന്റെ ഭരണത്തിലേക്കാണ് അദ്ദേഹം ഇതിലൂടെ വിരൽ ചൂണ്ടിയത്. (ഫത്ഹുൽ ബാരി: 1/126, ഉംദത്തുൽ ഖാരി: 2/185). നശിക്കും എന്നതിന്റെ വിവരണം അബൂഹുറൈറ (റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ഈ അക്രമികളെ അനുസരിച്ചാൽ ജനങ്ങളുടെ ദീൻ നശിക്കും, അനുസരിച്ചില്ലെങ്കിൽ ഭരണാധികാരികൾ ജനങ്ങളുടെ ദുൻയാവ് നശിപ്പിക്കും. (ഇർഷാദുസ്സാരി: 10/170).

ചുരുക്കത്തിൽ, സ്വഹാബികളെയോ ആദ്യ മൂന്ന് ഖലീഫമാരെയോ ഉമ്മഹാത്തുൽ മുഅ്മിനീങ്ങളെയോ ഭർത്സിക്കുന്നതും, മുആവിയ (റ), അംറ് ബിൻ ആസ് (റ) തുടങ്ങിയവരെ ആക്ഷേപിക്കുന്നതും ഒട്ടും ശരിയല്ല. അതോടൊപ്പം, ഹൃദയങ്ങളിൽ നിന്ന് അഹ്‌ലുബൈത്തിനോടുള്ള ആദരവ് നഷ്ടപ്പെടുന്നതും, ഹുസൈൻ (റ) നെയും കൂട്ടരെയും വിമതരായി ചിത്രീകരിക്കുന്നതും, യസീദിനെയും അവന്റെ കൂട്ടാളികളെയും ന്യായീകരിച്ച് അവർക്ക് "റദിയല്ലാഹു അൻഹു", "റഹ്മത്തുല്ലാഹി അലൈഹി" തുടങ്ങിയ പദവികൾ നൽകുന്നതും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം ആളുകൾ അഹ്‌ലുസ്സുന്നത്തിന്റെ വഴിയിലുള്ളവരല്ല, മറിച്ച് അവർ 'നാസ്വിബി'കളാണ്. സ്വഹാബികളെ അപമാനിക്കുന്നതും അഹ്‌ലുബൈത്തിനെ നിന്ദിക്കുന്നതുമായ ഫിത്‌നയിൽ നിന്നും ഉമ്മത്ത് എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതാണ് നീതിയുക്തവും സന്തുലിതവുമായ നിലപാട്.

(അവസാനിച്ചു)

🔹🔹🔹🔹🔹🔹🔹

പരിശുദ്ധ ഖുർആൻ പ്രകാശം

സൂറത്തുല്‍ ബഖറ

✍️ മൗലാനാ മുഫ്‌തി ഹിലാൽ ഉസ്മാനി

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

ആയത്ത് 75 - 91

۞ أَفَتَطۡمَعُونَ أَن يُؤۡمِنُواْ لَكُمۡ وَقَدۡ كَانَ فَرِيقٞ مِّنۡهُمۡ يَسۡمَعُونَ كَلَٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعۡدِ مَا عَقَلُوهُ وَهُمۡ يَعۡلَمُونَ ۝ وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَا بَعۡضُهُمۡ إِلَىٰ بَعۡضٖ قَالُوٓاْ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيۡكُمۡ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمۡۚ أَفَلَا تَعۡقِلُونَ ۝ أَوَلَا يَعۡلَمُونَ أَنَّ ٱللَّهَ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَ ۝٧٧ وَمِنۡهُمۡ أُمِّيُّونَ لَا يَعۡلَمُونَ ٱلۡكِتَٰبَ إِلَّآ أَمَانِيَّ وَإِنۡ هُمۡ إِلَّا يَظُنُّونَ ۝ فَوَيۡلٞ لِّلَّذِينَ يَكۡتُبُونَ ٱلۡكِتَٰبَ بِأَيۡدِيهِمۡ ثُمَّ يَقُولُونَ هَٰذَا مِنۡ عِندِ ٱللَّهِ لِيَشۡتَرُواْ بِهِۦ ثَمَنٗا قَلِيلٗاۖ فَوَيۡلٞ لَّهُم مِّمَّا كَتَبَتۡ أَيۡدِيهِمۡ وَوَيۡلٞ لَّهُم مِّمَّا يَكۡسِبُونَ ۝ وَقَالُواْ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامٗا مَّعۡدُودَةٗۚ قُلۡ أَتَّخَذۡتُمۡ عِندَ ٱللَّهِ عَهۡدٗا فَلَن يُخۡلِفَ ٱللَّهُ عَهۡدَهُۥٓۖ أَمۡ تَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ۝ بَلَىٰۚ مَن كَسَبَ سَيِّئَةٗ وَأَحَٰطَتۡ بِهِۦ خَطِيٓـَٔتُهُۥ فَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ۝ وَإِذۡ أَخَذۡنَا مِيثَٰقَ بَنِيٓ إِسۡرَٰٓءِيلَ لَا تَعۡبُدُونَ إِلَّا ٱللَّهَ وَبِٱلۡوَٰلِدَيۡنِ إِحۡسَانٗا وَذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَقُولُواْ لِلنَّاسِ حُسۡنٗا وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ ثُمَّ تَوَلَّيۡتُمۡ إِلَّا قَلِيلٗا مِّنكُمۡ وَأَنتُم مُّعۡرِضُونَ ۝ وَإِذۡ أَخَذۡنَا مِيثَٰقَكُمۡ لَا تَسۡفِكُونَ دِمَآءَكُمۡ وَلَا تُخۡرِجُونَ أَنفُسَكُم مِّن دِيَٰرِكُمۡ ثُمَّ أَقۡرَرۡتُمۡ وَأَنتُمۡ تَشۡهَدُونَ ۝ ثُمَّ أَنتُمۡ هَٰٓؤُلَآءِ تَقۡتُلُونَ أَنفُسَكُمۡ وَتُخۡرِجُونَ فَرِيقٗا مِّنكُم مِّن دِيَٰرِهِمۡ تَظَٰهَرُونَ عَلَيۡهِم بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَإِن يَأۡتُوكُمۡ أُسَٰرَىٰ تُفَٰدُوهُمۡ وَهُوَ مُحَرَّمٌ عَلَيۡكُمۡ إِخۡرَاجُهُمۡۚ أَفَتُؤۡمِنُونَ بِبَعۡضِ ٱلۡكِتَٰبِ وَتَكۡفُرُونَ بِبَعۡضٖۚ فَمَا جَزَآءُ مَن يَفۡعَلُ ذَٰلِكَ مِنكُمۡ إِلَّا خِزۡيٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَيَوۡمَ ٱلۡقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلۡعَذَابِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ۝ أُوْلَٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلۡحَيَوٰةَ ٱلدُّنۡيَا بِٱلۡأٓخِرَةِۖ فَلَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنصَرُونَ ۝ وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَقَفَّيۡنَا مِنۢ بَعۡدِهِۦ بِٱلرُّسُلِۖ وَءَاتَيۡنَا عِيسَى ٱبۡنَ مَرۡيَمَ ٱلۡبَيِّنَٰتِ وَأَيَّدۡنَٰهُ بِرُوحِ ٱلۡقُدُسِۗ أَفَكُلَّمَا جَآءَكُمۡ رَسُولُۢ بِمَا لَا تَهۡوَىٰٓ أَنفُسُكُمُ ٱسۡتَكۡبَرۡتُمۡ فَفَرِيقٗا كَذَّبۡتُمۡ وَفَرِيقٗا تَقۡتُلُونَ ۝٨٧ وَقَالُواْ قُلُوبُنَا غُلۡفُۢۚ بَل لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَقَلِيلٗا مَّا يُؤۡمِنُونَ ۝ وَلَمَّا جَآءَهُمۡ كِتَٰبٞ مِّنۡ عِندِ ٱللَّهِ مُصَدِّقٞ لِّمَا مَعَهُمۡ وَكَانُواْ مِن قَبۡلُ يَسۡتَفۡتِحُونَ عَلَى ٱلَّذِينَ كَفَرُواْ فَلَمَّا جَآءَهُم مَّا عَرَفُواْ كَفَرُواْ بِهِۦۚ فَلَعۡنَةُ ٱللَّهِ عَلَى ٱلۡكَٰفِرِينَ ۝ بِئۡسَمَا ٱشۡتَرَوۡاْ بِهِۦٓ أَنفُسَهُمۡ أَن يَكۡفُرُواْ بِمَآ أَنزَلَ ٱللَّهُ بَغۡيًا أَن يُنَزِّلَ ٱللَّهُ مِن فَضۡلِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٖۚ وَلِلۡكَٰفِرِينَ عَذَابٞ مُّهِينٞ ۝ وَإِذَا قِيلَ لَهُمۡ ءَامِنُواْ بِمَآ أَنزَلَ ٱللَّهُ قَالُواْ نُؤۡمِنُ بِمَآ أُنزِلَ عَلَيۡنَا وَيَكۡفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلۡحَقُّ مُصَدِّقٗا لِّمَا مَعَهُمۡۗ قُلۡ فَلِمَ تَقۡتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبۡلُ إِن كُنتُم مُّؤۡمِنِينَ ۝

നിങ്ങളുടെ വാക്കുകൾ കേട്ട് അവർ സത്യവിശ്വാസം സ്വീകരിക്കുമെന്നാണോ നിങ്ങൾ ആശിക്കുന്നത്? അവരിൽ ചിലർ അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുകയും പിന്നീട് അവ നന്നായി ഗ്രഹിച്ചതിനു ശേഷം അവർ അറിഞ്ഞുകൊണ്ട് തന്നെ അതിൽ തിരിമറി നടത്തുകയും ചെയ്തിരുന്നു.(75) മുസ്‌ലിംകളുമായി കണ്ടുമുട്ടുമ്പോൾ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് അവർ പറയുന്നു. എന്നാൽ, അവരിൽ ചിലർ മറ്റുചിലരുമായി തനിച്ചാകുമ്പോൾ അവർ ഇങ്ങനെ ചോദിക്കും: അല്ലാഹു നിങ്ങൾക്ക് വെളിപ്പെടുത്തി തന്നിട്ടുള്ള കാര്യങ്ങൾ അല്ലാഹുവിങ്കൽ നിങ്ങൾക്ക് എതിരായി വാദിച്ചു ജയിക്കാൻ മുസ്‌ലിംകൾക്ക് നിങ്ങൾ പറഞ്ഞു കൊടുക്കുകയാണോ? നിങ്ങൾ ചിന്തിക്കുന്നില്ലേ?(76)അവർ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമായ സർവ്വകാര്യങ്ങളും അല്ലാഹുവിന് അറിയാമെന്ന് അവർ അറിയുന്നില്ലേ?(77) അവരിൽ ചിലർ നിരക്ഷരരാണ്. കുറേ വ്യാമോഹങ്ങളല്ലാതെ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ച് ഒന്നും അവർക്ക് അറിയുകയില്ല. അവർ ഊഹാപോഹത്തെ മാത്രമാണ് പിന്തുടരുന്നത്.(78) സ്വകരങ്ങൾ കൊണ്ട് ഗ്രന്ഥം രചിക്കുകയും ഇത് അല്ലാഹുവിന്റെ ഭാഗത്തു നിന്നുമുള്ളതാണെന്ന് വാദിക്കുകയും ചെയ്യുന്നവർക്ക് മഹാ നാശം. അതുമൂലം തുച്ഛമായ വില കരസ്ഥമാക്കാനാണ് അവർ ഇപ്രകാരം ചെയ്യുന്നത്. അവരുടെ കൈകൾ കൊണ്ട് തെറ്റായ കാര്യങ്ങൾ എഴുതിയ കാരണത്താൽ അവർക്ക് മഹാ നാശം. അതിലൂടെ സമ്പാദിച്ചതിനാലും അവർക്ക് മഹാ നാശം.(79) ഏതാനും ദിവസങ്ങളല്ലാതെ ഞങ്ങളെ നരകാഗ്‌നി ബാധിക്കുന്നതല്ല എന്ന് അവർ പറയുന്നു. താങ്കൾ അവരോടു ചോദിക്കുക: നിങ്ങൾ ഈ കാര്യത്തിൽ അല്ലാഹുവിങ്കൽ നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ? എന്നാൽ, അല്ലാഹു ഒരിക്കലും ആ കരാർ ലംഘിക്കുകയില്ല. അതല്ല, നിങ്ങൾ അറിയാത്ത കാര്യങ്ങൾ അല്ലാഹുവിന്റെ മേൽ ആരോപിക്കുകയാണോ?(80) അതെ, ആരെങ്കിലും ദുഷ്‌കൃത്യം തന്നെ ചെയ്യുകയും തന്റെ പാപങ്ങൾ അവനെ പൊതിയുകയും ചെയ്താൽ അത്തരം ആളുകൾ നരകവാസികളാകുന്നു. നിത്യമായി അവർ അതിൽ വസിക്കുന്നതുമാണ്.(81) സത്യവിശ്വാസം കൈക്കൊള്ളുകയും സുകൃതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ സ്വർഗ്ഗവാസികളാകുന്നു. അവർ കാലാകാലം അതിൽ കഴിയുന്നതുമാണ്.(82) ഇസ്‌റാഈൽ സന്തതികളിൽ നിന്നും ഏതാനും കാര്യങ്ങളെ കുറിച്ച് ശക്തമായ കരാർ നാം വാങ്ങിയ സന്ദർഭം ഓർക്കുക. അഥവാ അല്ലാഹുവല്ലാത്ത മറ്റാരെയും നിങ്ങൾ ആരാധിക്കരുത്. മാതാപിതാക്കൾക്ക് പ്രത്യേകം ഗുണം ചെയ്യുക. ബന്ധുക്കൾ, അനാഥർ, പട്ടിണിപ്പാവങ്ങൾ ഇവർക്കും ഗുണം ചെയ്യുക. ജനങ്ങളോട് നല്ലത് സംസാരിക്കുക. നമസ്‌കാരം നിലനിർത്തുക. സകാത്ത് നിർവ്വഹിച്ചുകൊണ്ടിരിക്കുക. (എന്നീ കാര്യങ്ങൾ നിങ്ങളോട് ശക്തമായി കൽപ്പിച്ചു) എന്നാൽ നിങ്ങളിൽ വളരെ കുറച്ചു പേരൊഴികെ മറ്റെല്ലാവരും ആ കരാറിൽ നിന്ന് അവഗണനയോടെ പിന്തിരിഞ്ഞു.(83)നിങ്ങൾ പരസ്പരം രക്തം ചിന്തുകയില്ലെന്നും പരസ്പരം വീടുകളിൽ നിന്നും പുറത്താക്കുകയില്ലെന്നും നാം നിങ്ങളിൽ നിന്നും ഗൗരവമായ കരാർ വാങ്ങിയതും ഓർക്കുക. തുടർന്ന്, നിങ്ങൾ അത് സമ്മതിച്ചു പറയുകയും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്തു.(84) പക്ഷെ, അതിനു ശേഷം നിങ്ങൾ പരസ്പരം കൊല്ലുകയും നിങ്ങളിൽ പെട്ട ഒരു കൂട്ടരെ നാടു കടത്തുകയും ചെയ്യുന്നു. പാപകരമായും അക്രമപരമായും അവർക്കെതിരിൽ നിങ്ങൾ സഹായിക്കുന്നു. അവരിൽ ആരെങ്കിലും തടവുകാരായി നിങ്ങളുടെ അടുത്തു വന്നാൽ മോചനദ്രവ്യം നൽകി അവരെ നിങ്ങൾ മോചിപ്പിക്കുന്നു. അവരെ നാടു കടത്തുന്നതും നിങ്ങൾക്ക് നിഷിദ്ധമായിരുന്നു. വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങളിൽ നിങ്ങൾ വിശ്വസിക്കുകയും മറ്റു ചിലതിനെ നിഷേധിക്കുകയുമാണോ? നിങ്ങളിൽ നിന്ന് ഇപ്രകാരം ചെയ്യുന്നവർക്കുള്ള ഫലം ഭൗതിക ജീവിതത്തിൽ നിന്ദ്യത മാത്രമാണ്. ഖിയാമത്ത് നാളിൽ അവരെ അതി കഠിനമായ ശിക്ഷയിൽ തള്ളപ്പെടുന്നതുമാണ്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല.(85) പരലോകത്തിനു പകരമായി ഇഹലോകത്തെ തിരഞ്ഞെടുത്തവരാണവർ. അവർക്ക് പരലോക ശിക്ഷ ലഘൂകരിക്കപ്പെടുന്നതല്ല. അവർ അൽപവും സഹായിക്കപ്പെടുന്നതുമല്ല.(86) മൂസാ നബിക്ക് നാം വേദഗ്രന്ഥം നൽകി. അദ്ദേഹത്തിന്റെ വിയോഗാനന്തരം നാം തുടർച്ചയായി ദൂതൻമാരെ അയച്ചു. ഈസബ്‌നു മർയമിന് വ്യക്തമായ രേഖകളും നൽകി നാം അയച്ചു. റൂഹുൽ ഖുദ്‌സ് (ജിബ്‌രീൽ)നെ കൊണ്ട് നാം അദ്ദേഹത്തിന് ശക്തി പകർന്നു. എന്നാൽ, നിങ്ങളുടെ മനസ്സ് ഇഷ്ടപ്പെടാത്ത കാര്യവുമായി വല്ല ദൂതരും നിങ്ങളുടെ അരികിൽ വരുമ്പോഴെല്ലാം നിങ്ങൾ അഹങ്കരിച്ചു. അവരിൽ ചിലരെ നിങ്ങൾ കളവാക്കി. മറ്റുചിലരെ വധിക്കുകയുണ്ടായി.(87) അവർ പറയുന്നു: ഞങ്ങളുടെ മനസ്സുകൾ മൂടപ്പെട്ടതാണ്. (അതുകൊണ്ട് നിങ്ങൾ പറയുന്നതൊന്നും ഞങ്ങളുടെ മനസ്സിൽ കയറുന്നില്ല) കാര്യം അതല്ല. മറിച്ച്, അവരുടെ നിഷേധം കാരണമായി അവരെ അല്ലാഹു തന്റെ കാരുണ്യത്തിൽ നിന്ന് വിദൂരമാക്കിയിരിക്കുന്നു. അതിനാൽ, അവരിൽ വളരെ കുറച്ചുപേർ മാത്രമേ സത്യവിശ്വാസം സ്വീകരിക്കുകയുള്ളൂ.(88)അവരുടെ പക്കൽ ഉണ്ടായിരുന്ന വേദഗ്രന്ഥത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം അല്ലാഹുവിന്റെ ഭാഗത്തു നിന്നും അവരുടെ അരികിൽ വന്നെത്തിയപ്പോൾ അവർ അത് നിഷേധിച്ചു. എന്നാൽ, നിഷേധികൾക്കെതിരിൽ അല്ലാഹുവിനോട് അവർ സഹായം ചോദിക്കുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ, അവർക്ക് നന്നായി അറിയാവുന്ന കാര്യം അവർക്കരികിലെത്തിയപ്പോൾ അവർ അതിനെ നിഷേധിച്ചു. ആകയാൽ, നിഷേധികളുടെ മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകുമാറാകട്ടെ.(89) സ്വന്തം ആത്മാവുകളെ വിറ്റ് അവർ വാങ്ങിയ വില എത്ര മോശമായിരുന്നു. അതായത്, അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവർ നിഷേധിച്ചു. അല്ലാഹുവിന്റെ അടിമകളിൽ നിന്നും അവൻ ഉദ്ദേശിക്കുന്നവർക്ക് അവന്റെ ഔദാര്യത്തിൽ നിന്നും നൽകിയതിലുള്ള അസൂയ കാരണത്താലാണ് അവർ അത് ചെയ്തത്. അങ്ങനെ കോപത്തിന്റെ മേൽ കോപം അവർ സമ്പാദിച്ചു. സത്യ നിഷേധികൾക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.(90) അല്ലാഹു അവതരിപ്പിച്ച സർവ്വ സന്ദേശങ്ങളിലും വിശ്വസിക്കുക എന്ന് അവരോടു പറയപ്പെട്ടാൽ ഞങ്ങൾക്ക് അവതീർണ്ണമായതിൽ മാത്രം ഞങ്ങൾ വിശ്വസിക്കുന്നു എന്ന് അവർ പറയും. അതിനു ശേഷമുള്ളത് വാസ്തവവും അവരുടെ പക്കലുള്ളതിനെ ശരി വെക്കുന്നതുമായതിനോടു കൂടി അതിനെ നിഷേധിക്കുകയും ചെയ്യുന്നു. താങ്കൾ അവരോടു ചോദിക്കുക: നിങ്ങൾ (തൗറാത്തിൽ) വിശ്വസിക്കുന്നവർ തന്നെയാണെങ്കിൽ എന്തുകൊണ്ടാണ് മുമ്പ് (അതനുസരിച്ച് വിധിച്ചിരുന്ന) പ്രവാചകൻമാരെ നിങ്ങൾ കൊന്നുകളഞ്ഞത്?(91)

75. 75. നിഷേധത്തിൽ ഉറച്ചു നിൽക്കുന്നവർ സത്യവിശ്വാസം സ്വീകരിക്കുകയില്ല. 

യഹൂദികളുടെ മേൽ പറയപ്പെട്ട അവസ്ഥകളിൽ നിന്നും അവർ നിഷേധത്തിൽ ഉറച്ചു നിൽക്കുന്നവരാണെന്ന് വ്യക്തമായി. എന്നിട്ടും നിങ്ങൾ അവർ സത്യവിശ്വാസം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണോ? പ്രത്യേകിച്ചും അവരുടെ മത നേതാക്കളും പണ്ഡിതരും പടച്ചവന്റെ വചനം കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടും മനപ്പൂർവ്വം അതിൽ തിരുമറി നടത്തുകയാണ്. വാചകത്തിലും ആശയത്തിലും സർവ്വ നിലയിലും തിരുമറികൾ നടത്തി അവരുടെ താൽപര്യത്തിന് അനുസൃതമാക്കിയിരിക്കുന്നു.  * തൗറാത്തിലും ഇഞ്ചീലിലും വാചകത്തിലും ആശയത്തിലും തിരിമറി നടത്തപ്പെട്ടിട്ടുണ്ടെന്നത് വളരെ വ്യക്തമായ കാര്യമാണ്. ഇന്നത്തെ യഹൂദികളും ക്രൈസ്തവരും അത് സമ്മതിക്കുന്നുണ്ട്. ഇതുപോലെ മറ്റ് മതഗ്രന്ഥങ്ങളിലും ധാരാളം തിരിമറികള്‍ നടത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ തിരിമറികളില്‍ നിന്നും സുരക്ഷിതമാണ്.  (വിവരണത്തിന് ഇസാലത്തുൽ ഷുക്കൂക്ക് നോക്കുക.)

76. കാപട്യം മഹാമോശമാണ്. * ഇത്തരം സാധുക്കളായ യഹൂദികളും അവരോട് അടുത്ത മുനാഫിഖുകളും തൗറാത്തില്‍ റസൂലുല്ലാഹി (സ)യെക്കുറിച്ച് പ്രവചനങ്ങള്‍ വന്നിട്ടുണ്ടെന്നും മുന്‍ഗാമികളായ ആളുകളെക്കുറിച്ച് ഖുര്‍ആന്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്നും മുസ്‌ലിംകളോട് പറയുമായിരുന്നു. ഇതിന്റെ പേരില്‍ യഹൂദ പണ്ഡിതരും നേതാക്കളും അവരോട് ദേഷ്യപ്പെടുകയും നിങ്ങള്‍ മുസ്‌ലിംകളുടെ കൈയ്യില്‍ രേഖകളാകുന്ന വടികള്‍ കൊടുത്ത് അടി വാങ്ങുകയാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.  
77. അല്ലാഹു രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവനാണ്. 
 നിഷേധവും കാപട്യവും ജനങ്ങളെ പലപ്പോഴും വഞ്ചിതരാക്കുകയും കുറ്റവാളികളുടെ കുറ്റങ്ങൾ മറച്ചുവെക്കുകയും ചെയ്യുന്നതാണ്. എന്നാൽ അറിയുക! രഹസ്യവും പരസ്യവും എല്ലാം അറിയുന്ന അല്ലാഹുവിൽ നിന്നും ഈ കുതന്ത്രങ്ങൾ അവർക്ക് മറച്ചുവെക്കാൻ സാധിക്കുമോ?

 78. ഊഹാപോഹങ്ങളിലും വ്യാമോഹങ്ങളിലും കുടുങ്ങി കിടക്കരുത്. * സ്വര്‍ഗ്ഗത്തില്‍ നാം മാത്രമേ കടക്കുകയുള്ളൂ എന്നും നമ്മുടെ മുന്‍ഗാമികള്‍ മഹാത്മാക്കളായതിനാല്‍ നമുക്ക് വേണ്ടി പാപമോചനം നേടിത്തരുമെന്നും ചില പണ്ഡിതർ പൊതുജനങ്ങളോട് പറയുകയും അതുവഴി ജനങ്ങളെ ധാർമ്മിക വിധിവിലക്കുകള്‍ പാലിക്കുന്നതില്‍ നിന്നും തടയുകയും ചെയ്തിരുന്നു. പരിശുദ്ധ ഖുര്‍ആനിലെ ഈ ആയത്ത് അവരുടെ ഈ ആത്മ വഞ്ചനയെ ഖണ്ഡിക്കുന്നു.  
79. കളവുകള്‍ എഴുതുന്നവര്‍ക്ക് മഹാപാപം. * കഴിഞ്ഞ ആയത്തില്‍ വേദക്കാരിലെ പൊതുജനങ്ങളുടെ കാര്യങ്ങളാണ് പറയപ്പെട്ടത്. ഈ ആയത്തില്‍ അവരുടെ പണ്ഡിതരെക്കുറിച്ച് പറയുന്നു: അവര്‍ നിസാര ലാഭത്തിന് വേദഗ്രന്ഥത്തിന്റെ വിധിവിലക്കുകള്‍ മാറ്റിമറിച്ച് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുത്തിരുന്നു.  ഇതിലൂടെ അവരുടെ ലക്ഷ്യം ഭൗതിക നേട്ടങ്ങൾ സമ്പാദിക്കൽ ആയിരുന്നു. പക്ഷേ, നിന്ദ്യമായ ഭൗതിക നേട്ടങ്ങൾ പരലോകത്തിന് മുന്നിൽ ഒന്നുമല്ല. അവരുടെ എഴുതിക്കൂട്ടിയതിനും സമ്പാദിച്ച ശേഖരിച്ചതിനും മഹാനാശങ്ങൾ ഉണ്ടാവുന്നതാണ്. 

80. വിവരമില്ലാതെ ഒന്നും പറയരുത്. * ഇബ്‌റാഹീം നബി (അ)യും മറ്റ് പൂര്‍വ്വികരും ഞങ്ങളെ നരകത്തില്‍ നിന്നും രക്ഷിക്കുന്നതാണെന്നും ഇനി നരകത്തിലേക്ക് പോകേണ്ടിവന്നാല്‍ തന്നെ പശുക്കുട്ടിയെ ആരാധിക്കപ്പെട്ട ദിനങ്ങളായ നല്‍പ്പത് ദിവസമോ, അതില്‍ അല്‍പ്പം കൂടുതലോ കുറവോ മാത്രം കഴിഞ്ഞാല്‍ മതിയെന്നും അവര്‍ വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നു. അല്ലാഹു ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് ചോദിക്കുന്നു:  ഈ വിഷയത്തിൽ പടച്ചവൻ നിങ്ങൾക്ക് എന്തെങ്കിലും കരാർ നൽകിയിട്ടുണ്ടോ? അതുകൊണ്ടാണോ നിങ്ങൾ സമാധാനപ്പെട്ടിരിക്കുന്നത്? കരാർ നൽകിയിട്ടുണ്ടെങ്കിൽ പടച്ചവൻ അത് ലംഘിക്കുന്നതല്ല. പക്ഷേ, പടച്ചവൻ യാതൊരു കരാറും നൽകിയിട്ടില്ലെന്ന് മാത്രമല്ല, പടച്ചവന്റെ അന്നും ഇന്നും എന്നുമുള്ള ഉറച്ച പ്രഖ്യാപനം താഴെപ്പറയുന്നതാണ്. 

81. പാപങ്ങള്‍ അധികരിപ്പിക്കുകയും നിഷേധത്തില്‍ എത്തിച്ചേരുകയും ചെയ്തവര്‍ കാലാകാലം നരകവാസികളാണ്. * ഈ ആയത്തിലെ പാപം വലയം ചെയ്യുക എന്നതുകൊണ്ടുള്ള ഉദ്ദേശം നന്മകളൊന്നും അവശേഷിക്കാത്ത നിലയില്‍ പാപങ്ങള്‍ മാത്രം കൂട്ടത്തിലുണ്ടാവുക എന്നതാണ്. ഇത് നിഷേധികളുടെ അവസ്ഥയാണ്. നിഷേധം കാരണമായി സത്യവിശ്വാസം തന്നെ നഷ്ടപ്പെട്ട് പോകുന്നതാണ്. എന്നാല്‍ സത്യവിശ്വാസി എത്രവലിയ പാപിയായിരുന്നാലും മനസ്സില്‍ സത്യവിശ്വാസം അവശേഷിക്കുന്നതും അത് നരകത്തില്‍ അവനെ രക്ഷിക്കുന്നതും അവസാനം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതുമാണ്.

82. സത്യവിശ്വാസവും സൽകർമ്മങ്ങളും ഉള്ളവര്‍ സ്വര്‍ഗ്ഗവാസികളാണ്. * അല്ലാഹു പൊതുതത്വം അറിയിക്കുന്നു: സ്വര്‍ഗ്ഗത്തിലും നരകത്തിലും കടക്കുക എന്നത് വര്‍ഗ്ഗ, വര്‍ണ്ണങ്ങളുമായി ബന്ധപ്പെട്ട കാര്യമല്ല. ഏതെങ്കിലും മഹാത്മാക്കളുടെ മക്കളാകുന്നത് കൊണ്ട് മാത്രം നരകത്തില്‍ കടക്കാതിരിക്കുകയോ, സ്വര്‍ഗ്ഗത്തില്‍ കടക്കുകയോ ചെയ്യുന്നതല്ല. മറിച്ച് അതിന്റെ ബന്ധം സത്യവിശ്വാസ സല്‍കര്‍മ്മങ്ങളുമായിട്ടാണ്. ആര്‍ക്കെങ്കിലും സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും ഉണ്ടെങ്കില്‍ അവന്‍ സ്വര്‍ഗ്ഗവാസിയാണ്. നിഷേധവും ധിക്കാരവും മാത്രമുള്ളവര്‍ നരകാവകാശികളായിരിക്കും.

83. പടച്ചവൻ ഗൗരവത്തോടെ കല്‍പ്പിച്ച കാര്യങ്ങള്‍ പാലിക്കുക. * ബൈബിളില്‍ ധാരാളം സ്ഥലങ്ങളില്‍ ഏകദൈവ വിശ്വാസത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കൂടാതെ, ജനങ്ങളോടുള്ള കടമകള്‍ പാലിക്കണമെന്നും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. * ഉത്തമ സംസാരം എന്നതുകൊണ്ടുള്ള ഉദ്ദേശം നല്ല കാര്യങ്ങള്‍ മയത്തോടെയും സല്‍സ്വഭാവത്തോടെയും സംസാരിക്കുക എന്നതാണ്. ജനങ്ങളോട് സംസാരിക്കുക എന്ന് പറഞ്ഞതിലൂടെ ഈ നിയമം സ്വന്തം സമുദായക്കാരോട് മാത്രമല്ല, എല്ലാ മനുഷ്യരോടും സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുകയും നല്ലനിലയില്‍ സംസാരിക്കുകയും ചെയ്യണം എന്ന് മനസ്സിലാകുന്നു. ഈ കാര്യം ഹദീസുകളിലും ധാരാളമായി വന്നിട്ടുണ്ട്. * ഈ ആയത്തില്‍ പറയപ്പെട്ട നമസ്‌കാരവും സകാത്തും കൊണ്ടുള്ള ഉദ്ദേശം ഒന്നുങ്കില്‍ മുസ്‌ലിംകള്‍ നിര്‍വ്വഹിക്കുന്ന നമസ്‌കാര, സകാത്തുകള്‍ തന്നെയാകാം. അല്ലെങ്കില്‍ നമസ്‌കാരം പോലെ ശാരീരിക ആരാധനകളും സകാത്ത് പോലെ സാമ്പത്തിക ആരാധനകളുമാകാം.  

84. പരസ്പരം സാഹോദര്യം നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുക. ഭിന്നിപ്പിച്ച് ഭരിക്കുന്നത് വളരെ നിന്ദ്യമാണ്. * പരസ്പരം സാഹോദര്യത്തോടെ കഴിയാമെന്ന് മുന്‍ഗാമികള്‍ കരാര്‍ ചെയ്തിരുന്നു. ഇന്നും ഇപ്രകാരമുള്ള കല്‍പ്പനകള്‍ ബൈബിളിലുണ്ട്. (നോക്കുക പുറപ്പാട് 24/7) 

85. ഇലാഹീ കല്‍പ്പനകള്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണെങ്കില്‍ പാലിക്കുകയും അല്ലാത്ത പക്ഷം പാലിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഇരുലോകത്തും ശിക്ഷയുണ്ട്. * മദീനാ മുനവ്വറയില്‍ യഹൂദികളുടെ ബനൂഖുറൈളാ, ബനൂ നളീര്‍ എന്നീ രണ്ട് പ്രബല ഗോത്രങ്ങളുണ്ടായിരുന്നു. അവര്‍ക്കിടയില്‍ ഔസ്-ഖസ്‌റജ് എന്നീ മുശ്‌രിഖ് കളുടെ ഗോത്രങ്ങളും വസിച്ചിരുന്നു. ഔസ് ഖസ്‌റജിനിടയില്‍ നിരന്തരം യുദ്ധങ്ങള്‍ നടന്നിരുന്നു. ബനൂ  ഖുറൈളയും ബനൂ നളീറും ഖസ്‌റജ് ഗോത്രത്തിന്റെ സഖ്യ കക്ഷികളായിരുന്നു. ഇവര്‍ക്കിടയില്‍ യുദ്ധം നടക്കുമ്പോള്‍ യഹൂദികളുടെ ഇരു ഗോത്രങ്ങളും സഖ്യകക്ഷികളോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യുകയും ചിലപ്പോള്‍ എതിരാളികളോടൊപ്പം കൂടി സ്വന്തം മതക്കാരെ കൊല്ലുകയുംനാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവരില്‍ ആരെങ്കിലും തടവുകാരായി വന്നാല്‍ നഷ്ടപരിഹാരം കൊടുത്ത് അവരെ മോചിപ്പിക്കുകയും ഇപ്രകാരം സഹോദരങ്ങളെ മോചിപ്പിക്കേണ്ടത് നമ്മുടെ മതപരമായ ബാധ്യതയാണെന്ന് പറയുകയും ചെയ്തിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ അവരുടെ ഈ ശൈലിയെ വിമര്‍ശിക്കുന്നു: അതെ, നിങ്ങളോട് മൂന്ന് കാര്യങ്ങളാണ് കല്‍പ്പിക്കപ്പെട്ടത്. 1, പരസ്പരം രക്തം ചിന്തരുത്. 2, സഹോദരങ്ങളെ വീട്ടില്‍ നിന്നും പുറത്താക്കരുത്. 3, അവരില്‍ ആരെങ്കിലും തടവില്‍ പിടിക്കപ്പെട്ടാല്‍ അവരെ മോചിപ്പിക്കണം ഇതില്‍ ആദ്യത്തെ രണ്ട് കാര്യങ്ങള്‍ അവഗണിക്കുന്നു. മൂന്നാമത്തെ കാര്യം നിങ്ങള്‍ നിര്‍വ്വഹിക്കുന്നു. അതായത്, ഇഷ്ടമുള്ള കാര്യം പാലിക്കുകയും ഇഷ്ടമില്ലാത്ത കല്‍പ്പന ഉപേക്ഷിക്കുകയും ചെയ്യുന്നു. അവരുടെ ഈ സമീപനം ഈ വിധിവിലക്കുകളില്‍ മാത്രമല്ലായിരുന്നു. വേദഗ്രന്ഥത്തില്‍ നിന്നും ഇഷ്ടമുള്ളത് എടുക്കുകയും ഇഷ്ടമില്ലാത്തത് തള്ളുകയും ചെയ്യുന്ന പ്രവണത അവരില്‍ വ്യാപകമായിരുന്നു. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യെ അംഗീകരിക്കാതിരുന്നതും ഇതില്‍ പെട്ടതാണ്. അവരുടെ വേദങ്ങളില്‍ റസൂലുല്ലാഹി (സ)യെക്കുറിച്ച് ധാരാളം പ്രവചനങ്ങളുണ്ടായിരുന്നു.  *അവര്‍ക്ക് എതിരില്‍ സഹായിക്കുക എന്നത് കൊണ്ടുള്ള ഉദ്ദേശം ശത്രുക്കളെ സഹായിക്കലാണ്. ഫുര്‍ഖാന്‍ 55,തഹ്‌രീം 4 എന്നീ സൂറത്തുകളിലും ഇപ്രകാരമുള്ള പരാമര്‍ശങ്ങളുണ്ട്. * ഇഹലോകത്തുള്ള നിന്ദ്യത ചരിത്രത്തില്‍ പല പ്രാവശ്യം സംഭവിച്ചു. അവര്‍ വിവിധ നാടുകളില്‍ കറങ്ങിനടക്കുന്നവരായി. ഇന്നും പാശ്ചാത്യ ലോകത്ത് ഭൂരിഭാഗം ജനങ്ങളും യഹൂദികളെ വെറുക്കുന്നവരാണ്. ഇതും അവരുടെ നിന്ദ്യതയുടെ ഒരു രൂപമാണ്.   

86. ഭൗതിക ലോകത്തിന് മുന്‍ഗണന കൊടുക്കുന്നവര്‍ക്ക് മഹാനാശം 
യഥാർത്ഥത്തിൽ അവരുടെ കുഴപ്പങ്ങളുടെ എല്ലാം അടിസ്ഥാനം പരലോകത്തിന് പകരം ഇഹലോകത്തെ തിരഞ്ഞെടുത്തതാണ്. ഇത്തരം ആളുകൾക്ക് തീർച്ചയായും ശിക്ഷ നൽകപ്പെടുന്നതാണ്.

87. പ്രവാചകന്മാരെ ആദരിക്കുക.
അല്ലാഹു മൂസാ നബി (അ)യെ വിശുദ്ധ വേദവും ആയിട്ട് അയച്ചു. തുടർന്ന് ധാരാളം നബിമാർ നിയുക്തരായി. ശേഷം ഈസാ നബി (അ) അത്ഭുതങ്ങളുമായി നിയോഗിക്കപ്പെട്ടു. പക്ഷേ യഹൂദികൾ എല്ലാ നബിമാരോടും സ്വീകരിച്ച സമീപനം ഇപ്രകാരമാണ്: ഇഷ്ടത്തിന് എതിരായി പറയപ്പെടുന്ന കാര്യങ്ങൾ അംഗീകരിക്കുന്നതല്ല. അങ്ങനെ പറഞ്ഞവരെ വധിക്കാൻ പോലും അവർ മടിച്ചിട്ടില്ല. 

 * ഈ ആയത്തിലെ ദൃഷ്ടാന്തങ്ങള്‍ കൊണ്ടുള്ള വിവക്ഷ ഈസാ നബി (അ)യ്ക്ക് നല്‍കപ്പെട്ട വ്യക്തമായ അമാനുഷികതകളാണ്. * റൂഹുല്‍ ഖുദുസ് (പരിശുദ്ധ ആത്മാവ്) എന്നതുകൊണ്ടുള്ള ഉദ്ദേശം ജിബ്‌രീല്‍ (അ) ആണ്. ജിബ്‌രീല്‍ (അ) എല്ലാ നബിമാര്‍ക്കും ശക്തി പകര്‍ന്നിട്ടുള്ള മലക്കാണ്. കാരണം ജിബ്‌രീല്‍ (അ) ആണ് അവരിലേക്ക് അല്ലാഹുവിന്റെ സന്ദേശം എത്തിച്ച് കൊടുത്തിരുന്നത്. എന്നാല്‍ ഈസാ നബി (അ)യ്ക്ക് ജിബ്‌രീല്‍ (അ)ന്റെ സേവന സഹായങ്ങള്‍ പ്രത്യേകം ലഭിച്ചിരുന്നു. മര്‍യം (അ)യുടെ മേല്‍ ജിബ്‌രീല്‍ (അ) ഊതുകയും അവര്‍ ഈസാ നബി (അ)യെ ഗര്‍ഭം ധരിക്കുകയും ചെയ്തു. ഈസാ നബി (അ) ജനിച്ചപ്പോള്‍ പിശാച് സ്പര്‍ശിക്കുന്നതില്‍ നിന്നും ജിബ്‌രീല്‍ (അ) കാത്ത് സൂക്ഷിച്ചു. യഹൂദികള്‍ വധിക്കാന്‍ പരിശ്രമിച്ചപ്പോള്‍ ജിബ്‌രീല്‍ (അ) ഈസാ നബി (അ)യെ ആകാശ ഭാഗത്തേക്ക് എടുത്തുകൊണ്ടുപോയി. എന്നാല്‍ ക്രൈസ്തവരുടെ ത്രിയേകത്വ വിശ്വാസത്തില്‍ പരാമര്‍ശിക്കുന്ന പരിശുദ്ധ ആത്മാവുമായി ജിബ്‌രീല്‍ (അ)ന് യാതൊരു ബന്ധവുമില്ല. * 

88. ദുര്‍വാശി മഹാമോശമാണ്. * വേദക്കാര്‍ അവരെക്കുറിച്ച് അവര്‍ സര്‍വ്വ സമ്പൂര്‍ണ്ണരാണെന്നും അവരുടെ മനസ്സുകള്‍ വിശ്വാസം കൊണ്ട് ഭദ്രമാണെന്നും വിശ്വാസത്തില്‍ ഉറച്ചവരായതുകൊണ്ട് മറ്റൊന്നും സ്വീകരിക്കുകയില്ലായെന്നും അഹങ്കാരത്തോടെ പറഞ്ഞിരുന്നു. പടച്ചവന്‍ പറയുന്നു: ഇത് വിശ്വാസത്തിലുള്ള അടിയുറപ്പല്ല. വ്യക്തമായ രേഖകളോടെ സത്യം മുന്നില്‍ വന്നിട്ടും സ്വീകരിക്കാതിരിക്കുന്നത് വലിയ ന്യൂനതയും ദുര്‍വാശിയുമാണ്.    അഹങ്കാരം എല്ലാ പാപങ്ങളുടെയും ധിക്കാരങ്ങളുടെയും പ്രത്യേകിച്ചും അല്ലാഹുവിന്റെ ഉത്തമ ദാസന്മാരോടുള്ള അക്രമങ്ങളുടെയും അടിസ്ഥാനമാണ്. അഹങ്കാരത്തില്‍ നിന്നും വളരെയധികം സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്.

89. വര്‍ഗ്ഗീയത കാരണം സത്യം നിഷേധിച്ചവര്‍ നഷ്ടവാളികളാണ്. * വേദക്കാര്‍ അവരുടെ വേദ ഗ്രന്ഥങ്ങളിലുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അന്ത്യപ്രവാചകന്റെ ആഗമനത്തെ പ്രതീക്ഷിക്കുകയും പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് ആ പ്രവാചകനെ അയക്കണേ എന്ന് പ്രാര്‍ത്ഥിക്കുകയും പ്രസ്തുത പ്രവാചകന്‍ വന്നാല്‍ ഞങ്ങള്‍ നിങ്ങളെ പരാജയപ്പെടുത്തുമെന്ന് ശത്രുക്കളോട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പ്രധാനമായും മദീനയിലെ യഹൂദികള്‍ മദീനാ നിവാസികളോട് ഈ കാര്യം പറഞ്ഞിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ അന്ത്യപ്രവാചകന്‍ റസൂലുല്ലാഹി (സ) പ്രബോധനം ആരംഭിക്കുകയും മദീനയിലേക്ക് പലായനം ചെയ്ത് വരുകയും ചെയ്തു. ഇതുകണ്ട് മദീനാ നിവാസികള്‍ റസൂലുല്ലാഹി (സ)യില്‍ വിശ്വാസം അര്‍പ്പിച്ചെങ്കിലും വേദക്കാര്‍ വെറും വര്‍ഗ്ഗീയതയുടെ പേരില്‍ റസൂലുല്ലാഹി (സ)യില്‍ വിശ്വസിച്ചില്ല.  ഉമ്മുല്‍ മുഅ്മിനീന്‍ സഫിയ്യ (റ)യുടെ പിതാവ് ഹുയയ്ന്‍ യഹൂദികളുടെ വലിയ പണ്ഡിതനും നേതാവുമായിരുന്നു. അദ്ദേഹത്തിന്റെ അനിയനും പണ്ഡിതനായിരുന്നു. സഫിയ്യ (റ) പറയുന്നു: റസൂലുല്ലാഹി (സ) മദീനയില്‍ വന്നപ്പോള്‍ എന്റെ പിതൃവ്യന്‍ പിതാവിനെ കാണാന്‍ വന്നു. പിതൃവ്യന്‍ പറഞ്ഞു: ഇദ്ദേഹം നമ്മുടെ വേദങ്ങളില്‍ പറയപ്പെട്ട പ്രവാചകന്‍ തന്നെയല്ലേ? പിതാവ് പറഞ്ഞു: പടച്ചവനില്‍ സത്യം പ്രവാചകന്‍ തന്നെയാണ്. പിതൃവ്യന്‍ ചോദിച്ചു: താങ്കള്‍ക്ക് ഉറപ്പുണ്ടോ? പിതാവ് പറഞ്ഞു: പരിപൂര്‍ണ്ണ ഉറപ്പുണ്ട്. പിതൃവ്യന്‍ ചോദിച്ചു: പിന്നെ എന്താണ് ഉദ്ദേശം? പിതാവ് പറഞ്ഞു: നമ്മില്‍ പെട്ട ആള്‍ അല്ലാത്തതുകൊണ്ട് ജീവനുള്ള കാലത്തോളം എതിര്‍ക്കുന്നതാണ്. 

90. ശത്രുത നിഷേധത്തിലേക്ക് നയിക്കുന്നു. * വര്‍ഗ്ഗീയതയും അന്ധമായ ശത്രുതയും അസൂയയും വലിയ നാശമാണ്. അത് സത്യം സ്വീകരിക്കുന്നതില്‍ നിന്നും തടസ്സം സൃഷ്ടിക്കുന്നതാണ്. പടച്ചവന്‍ പോലും അവരോട് കൂടിയാലോചിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ എന്ന വിഡ്ഢിത്തരവും ഇത്തരം ആളുകള്‍ പറയുന്നതാണ്.  

91. മനോച്ഛയെ പിന്‍പറ്റരുത്. * ദുര്‍വാശിക്കാരെ സത്യത്തിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ഞങ്ങളുടേത് മാത്രമേ ഞങ്ങള്‍ വിശ്വസിക്കുകയുള്ളൂ എന്ന് പറയുന്നതാണ്. യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് അവരുടെ ഗ്രന്ഥങ്ങളിലുള്ള കാര്യങ്ങള്‍ തന്നെയാണ്. അവരുടെ പ്രശ്‌നം സത്യം ഏതാണെന്നതല്ല. മറിച്ച് അവരുടെ മനോച്ഛയെ പിന്‍പറ്റണമെന്ന വാശിയുടെ പേരിലാണ് അവര്‍ ഇങ്ങനെ പറയുന്നത്. അവരുടെ മഹാത്മാക്കളുടെ സന്ദേശത്തെ അവര്‍ പിന്‍പറ്റുമെന്ന വാദം ശരിയായിരുന്നെങ്കില്‍ അവര്‍ ആ മഹത്തുക്കളെ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുമായിരുന്നു. എന്നാല്‍ അവര്‍ അവരെ ദ്രോഹിക്കുകയും വധിക്കുകയുമാണ് ഉണ്ടായത്. 

🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

സ്വഹാബത്തിന്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

    സ്വഹാബാ മഹത്തുക്കളുടെ ഗുണവിശേഷണങ്ങളും മഹിത മഹത്വങ്ങളെ വിവരിക്കുന്ന ധാരാളം ആയത്തുകൾ പരിശുദ്ധ ഖുർആനിലുണ്ട്. അതിൽ ഏതാനും ആയത്തുകൾ മാത്രമാണ് ഇവിടെ വിവരിക്കപ്പെട്ടത്. ദൈർഘ്യം ഭയന്ന് ഈ ആയത്തുകൾ കൊണ്ട് തന്നെ മതിയാക്കുകയാണ്. ശേഷം ഇതുമായി ബന്ധപ്പെട്ട ഏതാനും ഹദീസുകൾ അനുസ്മരിക്കുന്നു.

1. ആയിഷ (റ) വിവരിക്കുന്നു: ഒരു വ്യക്തി റസൂലുല്ലാഹി ﷺയോട് ചോദിച്ചു: ഏറ്റവും നല്ല ആളുകൾ ഏത് കാലക്കാരാണ്? റസൂലുല്ലാഹി ﷺ അരുളി: എന്റെ കാലഘട്ടത്തിലുള്ളവരാണ്. ശേഷം അതിനോട് ചേർന്ന കാലഘട്ടത്തിലുള്ളവരാണ് ശേഷം അതിനോട് ചേർന്ന കാലഘട്ടത്തിലുള്ളവരാണ്. (മുസ്ലിം)

വിവരണം: സഹീഹുൽ ബുഖാരിയിലും ഇതിനോട് ചേർന്നതായ നിവേദനങ്ങൾ ഉണ്ട്. ഇത്തരം നിവേദനങ്ങളുടെ ആശയം സ്വഹാബത്തിന്റെ സംഘം ഏറ്റവും ഉത്തമ വിഭാഗം എന്നാണ്. അതെ, സ്വഹാബാ മഹത്തുക്കളുടെ മഹത്തുക്കൾ ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠരാണ് എന്ന വിഷയത്തിൽ മുസ്ലിം ഉമ്മത്ത് ഏകോപിച്ചിരിക്കുന്നു. 
    ഇബ്നു മസ്ഊദ് (റ) പറയുന്നു: അല്ലാഹു ദാസന്മാരുടെ മനസ്സുകളിലേക്ക് നോക്കി. അവരിൽ നിന്നും അല്ലാഹുവിന്റെ അറിവിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി ﷺയെ തിരഞ്ഞെടുക്കുകയും പ്രവാചകനായി നിയോഗിക്കുകയും ചെയ്തു. ശേഷം അല്ലാഹു ജനങ്ങളിലേക്ക് നോക്കി അവരിൽ നിന്നും ഒരു കൂട്ട അവരിൽ നിന്നും ഒരു വിഭാഗത്തെ റസൂലുല്ലാഹി ﷺ യുടെ സ്വഹാബികളും ദീനിന്റെ സഹായികളും റസൂലുല്ലാഹി ﷺ യുടെ അനന്തരാഗാമികളുമായി തിരഞ്ഞെടുത്തു. ഹില്യത്തുൽ ഔലിയാ. അതായത് സ്വഹാബാ മഹത്തുക്കൾ അല്ലാഹുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. റസൂലുല്ലാഹി ﷺ ക്ക് ശേഷം അവരെക്കാളും ഉത്തമമായ ഒരു സംഘമില്ല. ഇവർ അല്ലാഹുവിന്റെ ദീനിന്റെ സഹായികളും റസൂലുല്ലാഹി ﷺ യുടെ പ്രതിനിധികളുമാണ്.
    ഇബ്നു ഉമർ (റ) പ്രസ്താവിക്കുന്നു മുൻ കടന്നവരിൽ ഏറ്റവും ഉത്തമർ റസൂലുല്ലാഹി ﷺ യുടെ സ്വഹാബികളാണ്. അവരുടെ മനസ്സുകൾ ഏറ്റവും കൂടുതൽ നന്മ നിറഞ്ഞതും അറിവ് ആഴമേറിയതും പ്രകടനങ്ങൾ അങ്ങേയറ്റം കുറഞ്ഞവരുമായിരുന്നു. അല്ലാഹു ആ മഹാന്മാരെ റസൂലുല്ലാഹി ﷺ യുടെ സഹവാസത്തിനും അല്ലാഹുവിന്റെ ദീനിന്റെ പ്രബോധനത്തിനും തിരഞ്ഞെടുത്തു. (ഹില്യത്തുൽ ഔലിയാ)

2. അബൂ സഈദ് (റ) നിവേദനം റസൂലുല്ലാഹി ﷺ അരുളി ഒരു കാലഘട്ടത്തിൽ മുസ്ലിംകളുടെ ഒരു സൈന്യം ജിഹാദിനു വേണ്ടി യാത്ര അയക്കപ്പെടുന്നതാണ്. ജിഹാദിന്റെ സമയത്ത് അവർ സൈന്യത്തിൽ ഏതെങ്കിലും സ്വഹാബി ഉണ്ടോ എന്ന് അന്വേഷിക്കുന്നതും ഒരു സ്വഹാബിയെ കണ്ടെത്തുന്നതും അദ്ദേഹത്തിന്റെ ഐശ്വര്യം കാരണം അല്ലാഹു മുസ്ലിംകളുടെ ഈ സൈന്യത്തിന് വിജയം നൽകുന്നതുമാണ്. (ഹയാത്തുസ്സഹാബ)

വിവരണം:  ഈ ഹദീസ് മുസ്ലിമിലും ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ളതാണ്. ഈ ഹദീസ് മുസ്ലിമിൽ വന്നിട്ടുള്ളതാണ്. വചനങ്ങളിൽ ചെറിയ വ്യത്യാസത്തോടെ സഹീഹുൽ ബുഖാരിയിലും ഇതേ ഹദീസ് വന്നിട്ടുണ്ട്. ഈ ഹദീസ് സ്വഹാബത്തിന്റെ മഹത്വവും അവരുടെ ഐശ്വര്യവും പ്രഖ്യാപിക്കുന്നു.

3. അബൂ മൂസാ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: ഞാൻ ജീവിച്ചിരിക്കുന്നത് എന്റെ സ്വഹാബത്തിന് സംരക്ഷണവും സമാധാനവുമാണ്. എന്റെ സ്വഹാബത്ത് ജീവിച്ചിരിക്കുന്നത് എന്റെ സമുദായത്തിന് സമാധാനവും സംരക്ഷണവുമാണ്. ഞാൻ ഈ ലോകത്ത് നിന്ന് യാത്രയായതിനു ശേഷം ഞാൻ മുൻകൂട്ടി അറിയിച്ച ദുരന്തങ്ങൾ സ്വഹാബത്തിൽ സംഭവിക്കുന്നതാണ്. സ്വഹാബത്ത് ഈ ലോകത്തു നിന്നും യാത്രയായ ശേഷം സമുദായത്തിന് ഞാൻ മുന്നറിയിപ്പ് നൽകിയ നാശനഷ്ടങ്ങൾ സംഭവിക്കുന്നതുമാണ്. (മുസ്ലിം)

വിവരണം: ഈ ഹദീസിന് വിവരിച്ചുകൊണ്ട് ഇമാം നവവി (റ) കുറിക്കുന്നു: റസൂലുല്ലാഹി ﷺ യാത്രയായ ശേഷം മുൻകൂട്ടി മുന്നറിയിപ്പ് നൽകപ്പെട്ട അപകടങ്ങൾ സ്വഹാബാക്കളിൽ സംഭവിക്കുകയുണ്ടായി. അതായത് അവർക്കിടയിൽ ഭിന്നത വരികയും പ്രശ്നങ്ങൾ തലപൊക്കുകയും പോരാട്ടങ്ങൾ നടക്കുകയും ചെയ്തു. ഇപ്രകാരം സ്വഹാബികൾ ഈ ലോകത്തു നിന്നും യാത്രയായതിനു ശേഷം അനാചാരങ്ങളും മതപരമായ കുഴപ്പങ്ങളും ദുരന്തങ്ങളും സംഭവിക്കുന്നതാണെന്ന് റസൂലുല്ലാഹി ﷺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അതും സംഭവിക്കുകയുണ്ടായി.

4. അബൂ സഈദ് (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: എന്റെ സ്വഹാബികളിൽ ആരെയും നിങ്ങൾ അധിക്ഷേപിക്കരുത്. അവരുടെ സ്ഥാനം സമുന്നതവും അവർ അല്ലാഹുവിന്റെ പ്രിയങ്കരരുമാണ്. നിങ്ങളിൽ ആരെങ്കിലും ഉഹ്ദ് മലയത്രയും സ്വർണ്ണം ചെലവഴിച്ചാലും അവർ ഒരു പിടിയോ അരപ്പിടിയോ ദാനം ചെയ്തതിന്റെ തുല്യം പോലും ആകുന്നതല്ല. (മുസ്ലിം)

വിവരണം: ഖാലിദ് (റ) എന്തോ വിഷയത്തിൽ അബ്ദുറഹ്മാൻ ഇബ്നു ഔഫ് (റ) വിനെ കുറച്ച് അനുയോജ്യമല്ലാത്ത ചില വാക്കുകൾ പറയുകയുണ്ടായി അതിനെ തുടർന്നാണ് റസൂലുല്ലാഹി ﷺ ഈ വചനം അരുളിയത്. അബ്ദുറഹ്മാൻ ഇബ്നു ഔഫ് (റ) സമുന്നത സ്വഹാബിയും സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരുമാണ്. ഖാലിദ് (റ) ഉത്തമ സ്വഹാബിയാണെങ്കിലും അബ്ദുറഹ്മാൻ (റ) വിന്റെ സ്ഥാനം സ്ഥാപിച്ചവരല്ല. അതെ അവർ ഇരുവർക്കും ഇടയിൽ ഇത്രമാത്രം അന്തരമുണ്ടെങ്കിൽ സ്വഹാബത്തിന് ശേഷമുള്ളവരുടെയും സ്വഹാബത്തിന്റെയും ഇടയിൽ ഇതിനേക്കാൾ എല്ലാം അന്തരം കാണുന്നതാണ്. ഉഹ്ദ് മല മദീനാ മുനവ്വറയിലെ വലിയൊരു പർവ്വതമാണ് ഹദീസിൽ പറയപ്പെട്ട മുദ്ദ് എന്നതുകൊണ്ടുള്ള ഉദ്ദേശം ഒരു കോരൽ ആണ് അതായത് ഒരു കിലോ ഭാരമാണ്. സ്വഹാബത്തിന്റെ ഈ സ്ഥാന സമുന്നതി അവർ സ്വഹാബിയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്.

5. അബ്ദുല്ലാഹിബ്നു മുഗഫ്ഫൽ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: എന്റെ സ്വഹാബത്തിനോടുള്ള കടമകൾ നിർവ്വഹിക്കുന്ന വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. എനിക്ക് ശേഷം നിങ്ങൾ അവരെ ആക്ഷേപ അധിക്ഷേപ വിമർശനങ്ങളുടെ ഉന്നമാക്കരുത്. അറിയുക, അവരെ സ്നേഹിക്കുന്നവർ എന്നോടുള്ള സ്നേഹം കാരണമായിട്ടാണ് അവരെ സ്നേഹിക്കുന്നത്. അവരോട് കോപിക്കുന്നവർ എന്നോടുള്ള കോപത്തിന്റെ പേരിലാണ് അവരോട് കോപിക്കുന്നത്. അവരെ ദ്രോഹിക്കുന്നവർ എന്നെ ദ്രോഹിച്ചിരിക്കുന്നു. എന്നെ ദ്രോഹിക്കുന്നവർ അല്ലാഹുവിനെ ദ്രോഹിക്കുന്നവരാണ്. അത്തരം ആളുകൾക്ക് ഇഹത്തിലും പരത്തിലും അല്ലാഹു ശിക്ഷ നൽകാൻ സാധ്യതയുണ്ട്. (തിർമിദി)

വിവരണം:  സ്വഹാബത്തിന് ശേഷമുള്ള ഓരോ തലമുറയും സ്വഹാബത്തിന്റെ വിഷയത്തിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തണമെന്നും അവരെ സ്നേഹിച്ച് ആദരിക്കുന്നതിലും അവരോടുള്ള കടമകൾ നിർവ്വഹിക്കുന്നതിലും വളരെയധികം ശ്രദ്ധിക്കണമെന്നും ഒരു തരത്തിലുമുള്ള അനാദരവ് അവരോട് പുലർത്തരുതെന്നും പുലർത്തിയാൽ ഇഹത്തിലും പരത്തിലും ശിക്ഷയ്ക്ക് സാധ്യതയുണ്ടെന്നുമാണ് ഹദീസ് അറിയിക്കുന്നത്.
    ഇവിടെ ഒരു കാര്യം ഓർക്കുക സ്വഹാബികൾ സ്വഹാബികളുമായി ബന്ധപ്പെട്ട ഈ മഹത്വത്തിൽ എല്ലാ സ്വഹാബികളും ഉൾപ്പെടുന്നതാണ്. നിഷേധത്തിന്റെ കാലഘട്ടത്തിൽ അവർ ഇസ്ലാമിനെയും റസൂലുല്ലാഹി ﷺ യെയും എത്രമാത്രം എതിർത്തിരുന്നാലും മുസ്ലിംകളെ ദ്രോഹിച്ചിരുന്നാലും അവർ ഇസ്ലാം ആയതോടെ ആ തെറ്റുകുറ്റങ്ങളെല്ലാം മാപ്പാക്കപ്പെടുന്നതും അവർ ആദരണീയരായി മാറുന്നതുമാണ്.
    
6. അബൂ ഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് ഇസ്ലാമിനോട് കടുത്ത വിരോധം പുലർത്തിയവരാണ് ഇസ്ലാമിന് ശേഷം ഇസ്ലാമിന്റെ വിഷയത്തിൽ ഏറ്റവും കൂടുതൽ നന്മ പ്രവർത്തിക്കുന്നവർ. (മുസ്ലിം)

വിവരണം: റസൂലുല്ലാഹി ﷺ യുടെ ഈ വചനം നിരവധി സ്വഹാബികളിൽ പുലരുകയുണ്ടായി. ഉമറുൽ ഫാറൂഖ് (റ) ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അംറുബ്നുൽ ആസ് (റ), സുമാമത്തുബ്നു ഉസാൽ (റ) തുടങ്ങി വേറെയും ധാരാളം സ്വഹാബികൾ ഈ വിഭാഗത്തിലുണ്ട്. അവർ നിഷേധത്തിന്റെ കാലഘട്ടത്തിൽ ഇസ്ലാമിനോടും ഇസ്ലാമിനോടും റസൂലുല്ലാഹി ﷺ യോടും കഠിനമായ ശത്രുത പുലർത്തി. എന്നാൽ, ഇസ്ലാം സ്വീകരിച്ച ശേഷം അവരുടെ അവസ്ഥയ്ക്ക് അടിമുടി മാറ്റം സംഭവിച്ചു. ഉമർ (റ)വിന്റെ സംഭവങ്ങൾ പ്രസിദ്ധമാണ്.         അംറുബ്നുൽ ആസ് (റ) സ്വന്തം അവസ്ഥ ഇപ്രകാരം വിവരിക്കുന്നു: നിഷേധത്തിന്റെ കാലഘട്ടത്തിൽ ഇസ്ലാമിനോട് എന്നെക്കാൾ ശത്രുത പുലർത്തിയ ആരുമില്ലായിരുന്നു. ഒരു അവസരം കിട്ടിയാൽ റസൂലുല്ലാഹി ﷺയെ വധിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നാൽ ഇസ്ലാമിന് ശേഷം എന്റെ അവസ്ഥ മാറുകയും റസൂലുല്ലാഹി ﷺ യെക്കാളും സ്നേഹമുള്ള ആരും എന്റെ കണ്മുൻപിൽ ഇല്ലാതാവുകയും ചെയ്തു. റസൂലുല്ലാഹി ﷺയോടുള്ള സ്നേഹാദരവുകളുടെ ആധിക്യത്താൽ എനിക്ക് റസൂലുല്ലാഹി ﷺയെ പരിപൂർണ്ണമായി നോക്കാൻ പോലും സാധിക്കുമായിരുന്നില്ല (മുസ്ലിം)
        സുമാമത്തുബ്നു ഉസാൽ (റ) ഇസ്ലാം സ്വീകരിച്ച ശേഷം ഇപ്രകാരം പ്രസ്താവിച്ചു: അല്ലാഹുവിന്റെ ദൂതരെ, സത്യവിശ്വാസം സ്വീകരിക്കുന്നതിനു മുമ്പ് എനിക്ക് ഏറ്റവും വെറുപ്പ് അങ്ങയോടായിരുന്നു. എന്നാൽ, ഇപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അങ്ങയോടായിരിക്കുന്നു. ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് എനിക്ക് ഏറ്റവും വെറുപ്പുള്ള മതം ഇസ്ലാം ആയിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാ മതങ്ങളെക്കാളും പ്രിയങ്കരം അങ്ങയുടെ മതമായിരിക്കുന്നു. മുമ്പ് താങ്കളുടെ നാടായ മദീന എനിക്ക് അങ്ങേയറ്റം വെറുപ്പായിരുന്നു. പക്ഷേ, ഇപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നഗരി മദീനയായി മാറിയിരിക്കുന്നു. (മുസ്ലിം)
    ഇതുപോലെ മഹാന്മാരായ സ്വഹാബികളുടെ മഹത്വങ്ങൾ വിവരിക്കുന്ന ധാരാളം ഹദീസുകൾ ഉണ്ട് ദൈർഘ്യം ഭയന്ന് അത് ഇവിടെ ഇവിടെ ഇത്രയും കൊണ്ട് അവസാനിപ്പിക്കുകയാണ്. അടുത്തതായി പ്രധാനപ്പെട്ട ചില സ്വഹാബികളെ കുറിച്ചുള്ള പ്രത്യേക മഹത്വങ്ങൾ കൊടുക്കുന്നു.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

അറിവും അഹങ്കാരവും

✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
       (നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)

       അറിവ് കൂടുമ്പോൾ അഹങ്കാരവും കൂടാറുണ്ട്. അതിനുള്ള പരിഹാരം അല്ലാഹുവിനോടുള്ള സ്നേഹമാണ്. ഒരു പണ്ഡിതൻ അക്കാലത്ത് ജീവിച്ചിരുന്ന ഒരു മഹാനെ കാണാൻ പോയി. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മടങ്ങിയപ്പോൾ, അദ്ദേഹം തന്നെ സംബന്ധിച്ച് എന്താണ് പറയുന്നതെന്ന് അറിയാൻ തന്റെ ശിഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ തന്നെ നിർത്തി. പണ്ഡിതൻ പോയതിന് ശേഷം അദ്ദേഹം പറഞ്ഞു: വലിയ പണ്ഡിതനാണ്. പക്ഷേ സൽസ്വഭാവമില്ല. ശിഷ്യൻ വന്ന് ഇത് തന്റെ ഗുരുവിനോട് പറഞ്ഞു. അദ്ദേഹം ഉടനെ തന്നെ സ്വഭാവത്തെ പറ്റി ഒരു ഗ്രന്ഥം രചിക്കുകയും അതുമായി ആ മഹാന്റെ അടുക്കൽ ചെല്ലുകയും ചെയ്തു. അപ്പോൾ ആ മഹാൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് സൽസ്വഭാവത്തെ കുറിച്ച് അറിയില്ല എന്നല്ല പറഞ്ഞത്. നിങ്ങൾക്ക് സൽസ്വഭാവമില്ലെന്നാണ്. സൽസ്വഭാവത്തെ കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാമെന്നതിന്റെ തെളിവാണ് നിങ്ങളുടെ ഈ പുസ്തകം. അതിനാൽ സ്വഭാവ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുക. അല്ലാഹുവിനോട് സ്നേഹമുണ്ടാകാനുള്ള ഒരേയൊരു മാർഗം ദിക്റും സജ്ജനങ്ങളോടുള്ള സഹവാസവുമാണ്. 

        രണ്ട് കാര്യങ്ങൾ മനുഷ്യന്റെ ഉന്നതിക്ക് നിദാനമാണ്. ഒന്ന് കഠിന പരിശ്രമവും, രണ്ട് ശരിയായ രീതിയിലുള്ള പരിശ്രമവുമാണ്. ഒരാൾ കഠിന പ്രയത്നം ചെയ്യുന്നു എന്നാൽ അത് ശരിയായ മാർഗ്ഗത്തിൽ അല്ലായെങ്കിൽ യാതൊരു പ്രയോജനവും ലഭിക്കില്ല. എന്നാൽ ശരിയായ മാർഗ്ഗത്തിലുള്ള കഠിന പ്രയത്നത്തിലൂടെ യഥാർഥ പ്രയോജനം ലഭിക്കുന്നതാണ്. ഇതിന്റെ ഉദാഹരണം ഒരു കർഷകനെ പോലെയാണ്. അയാൾ കൃഷിസ്ഥലം നന്നായി തയ്യാറാക്കി. നന്നായി വളവും വെള്ളവും നൽകി പരിപാലിച്ചാൽ നല്ല വിളവ് ലഭിക്കുന്നതാണ്. എന്നാൽ അയാൾ ഇതൊന്നും ചെയ്യാതെ വിളവെടുക്കാനായി കാത്തിരുന്നാൽ യാതൊരു പ്രയോജനവും ലഭിക്കുന്നതല്ല.
      
🔹🔹🔹🔹🔹
ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ

ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ 34-മത് ഫിഖ്ഹി സെമിനാർ തീരുമാനങ്ങൾ 

         *മുപ്പത്തിനാലാമത് ഫിഖ്ഹി സെമിനാർ*

ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ 34-ാമത് ഫിഖ്ഹി സെമിനാർ രാജ്യത്തെ വ്യാവസായിക നഗരമായ ജാർഖണ്ഡിലെ ജംഷഡ്പൂരിൽ 1447 ജുമാദുൽ അവ്വൽ 16 മുതൽ 18 വരെ (2025 നവംബർ 8-10) നടന്നു. ഈ സെമിനാറിൽ രാജ്യത്തിനകത്തു നിന്നുള്ള മുന്നൂറോളം പണ്ഡിതന്മാരും മുഫ്തിമാരും വിദഗ്ധരും പങ്കെടുത്തതിന് പുറമെ, വിദേശത്ത് നിന്നുള്ള നിരവധി പണ്ഡിതന്മാരും പങ്കെടുത്തു. ഈ സെമിനാറിൽ നാല് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുകയും, ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം താഴെ പറയുന്ന ഐകകണ്‌ഠ്യേനയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു:

*1. മൈക്രോ ഫിനാൻസിന്റെ ഇസ്ലാമിക നിയമങ്ങൾ*

 1. പലിശരഹിത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ സ്ഥാപിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യവും ശറഇയ്യായി പ്രശംസനീയവുമായ കാൽവെപ്പുമാണ്; എന്നാൽ ശറഇയ്യായ വിധികൾ അറിയുന്ന പണ്ഡിതന്മാരുടെയും മുഫ്തിമാരുടെയും മേൽനോട്ടത്തിൽ അവ പ്രവർത്തിക്കേണ്ടത് നിർബന്ധമാണ്.
 2. കടം വാങ്ങിയ വ്യക്തിയെ കടം വീട്ടാൻ പ്രേരിപ്പിക്കുന്നതിനായി ഒരു ഗ്രൂപ്പ് രൂപീകരിക്കുന്നതിൽ മതപരമായി ഒരു തെറ്റുമില്ല; എന്നാൽ, കടം വാങ്ങിയ ആളുടെ സാഹചര്യം പരിഗണിച്ച്, അയാൾക്ക് മാനസിക സമ്മർദ്ദവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒരു രീതിയും ആ ഗ്രൂപ്പ് സ്വീകരിക്കരുത്.
 3. ഫണ്ട് ശേഖരിക്കുന്നവരുടെ സമ്മതത്തോടെ കടം അന്വേഷിക്കുന്നവർക്ക് വായ്പ നൽകാൻ അനുവാദമുണ്ട്; അവർ സ്ഥാപനത്തിലെ അംഗങ്ങളായാലും അല്ലെങ്കിലും ശരി. എന്നാൽ നിയമപരമായി അവരെ അംഗമാക്കേണ്ടത് നിർബന്ധമാണെങ്കിൽ, അവരെ അംഗമാക്കിയ ശേഷം വായ്പ നൽകാവുന്നതാണ്.
 4. A: മൈക്രോ ഫിനാൻസ് സ്ഥാപനത്തിന് വായ്പാ രജിസ്ട്രേഷനും തിരിച്ചുപിടിക്കുന്നതിനും അനുയോജ്യമായ ഒരു ഫീസ് നിശ്ചയിക്കാവുന്നതാണ്, ബന്ധമില്ലാത്ത മറ്റ് ചെലവുകൾ ഈടാക്കാൻ പാടില്ല. B: മറ്റ് ചെലവുകൾക്കായി മൈക്രോ ഫിനാൻസ് സ്ഥാപനം സുമനസ്സുകളിൽ നിന്നുള്ള സംഭാവനകളും അനുവദനീയമായ നിക്ഷേപങ്ങളും പോലുള്ള അനുവദനീയമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം.
 5. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് മുദാറബ, മുശാരക, ഇജാറ, മുറാബഹ തുടങ്ങിയ ഇസ്ലാമിക നിക്ഷേപ രീതികളും ഉപയോഗിക്കാവുന്നതാണ്.
 6. വക്കാലത്ത് അടിസ്ഥാനമാക്കിയുള്ള നിക്ഷേപം ഇസ്‌ലാമികമായി അനുവദനീയമാണ്.
 7. സ്ത്രീകളുടെ ഗ്രൂപ്പുകൾ ഉണ്ടാക്കി വായ്പ നൽകുന്ന നിരവധി ചെറിയ പലിശ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങൾ ഇന്നത്തെ കാലത്തുണ്ട്. ഇതിൽ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ പേരിൽ ചൂഷണവും നടക്കുന്നുണ്ട്; അതിനാൽ ഇത്തരം പലിശ അടിസ്ഥാനത്തിലുള്ള വായ്പകൾ ഒഴിവാക്കേണ്ടതാണ്.

*2. കണ്ണിന്റെ കോർണിയ (നേത്രപടലം)*

1. മൈക്രോ ഫിനാൻസിന്റെ ഇസ്ലാമിക നിയമങ്ങൾ
2. കണ്ണിന്റെ കോർണിയ
3. മെഡിക്കൽ ഇൻഷുറൻസിനെക്കുറിച്ചുള്ള മുൻ തീരുമാനത്തിന്റെ പുനരവലോകനം
4. എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള ഓൺലൈൻ പഠനവും അധ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

ഇന്നത്തെ കാലത്ത്, മെഡിക്കൽ സയൻസിന്റെ പുരോഗതിയുടെ ഫലമായി, കണ്ണിന്റെ കോർണിയയും കോർണിയോസ്ക്ലെറൽ ബട്ടണും ആവശ്യമുള്ള മറ്റൊരു വ്യക്തിക്ക് സുരക്ഷിതമായി മാറ്റിവെക്കാൻ സാധിക്കുന്നുണ്ട്. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയോട് യാതൊരു അനാദരവും കാണിക്കുന്നതായി കണക്കാക്കപ്പെടുന്നില്ല, മാത്രമല്ല ഇത് രൂപത്തിൽ യാതൊരു വൈകൃതവും ഉണ്ടാക്കുന്നുമില്ല. അതിനാൽ ഈ വിഷയത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ പാസാക്കുന്നു:
 1. ജീവിച്ചിരിക്കെ ഒരു വ്യക്തി തന്റെ കണ്ണിന്റെ കോർണിയ ആവശ്യമുള്ള മറ്റൊരാൾക്ക് നൽകുന്നത് ദാതാവിന് വലിയ ഹാനികരമാകുന്നതിനാലും, ഇത് മെഡിക്കൽ എത്തിക്സിനും നിയമങ്ങൾക്കും വിരുദ്ധമായതിനാലും, ഇതിന് ഇസ്ലാമികമായി അനുവാദമില്ല.
 2. മരണശേഷം തന്റെ കണ്ണിന്റെ കോർണിയ ആവശ്യമുള്ള ഒരാൾക്ക് നൽകണമെന്ന് ഒരാൾ ജീവിച്ചിരിക്കുമ്പോൾ വസ്വിയ്യത്ത് (വിൽപത്രം) ചെയ്യുകയും, അനന്തരാവകാശികൾ അതിന് സമ്മതിക്കുകയും ചെയ്താൽ, അയാളുടെ കണ്ണിന്റെ കോർണിയ ആവശ്യമുള്ള മറ്റൊരാൾക്ക് നൽകുന്നത് ശരിയാണ്. അതുപോലെ തന്നെ, മരണപ്പെട്ട വ്യക്തി വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കിലും, അനന്തരാവകാശികൾ അയാളുടെ കണ്ണിന്റെ കോർണിയ ആവശ്യമുള്ള ഒരാൾക്ക് മാറ്റിവെക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും ഇസ്ലാമികമായി അനുവാദമുണ്ട്.
 3. ഏതെങ്കിലും വ്യക്തി ഒരു അപകടത്തിനോ ദുരന്തത്തിനോ ഇരയാവുകയും, കണ്ണ് നീക്കം ചെയ്യേണ്ടി വരുന്ന രീതിയിൽ കണ്ണിന് പരിക്കേൽക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും ഗുരുതരമായ അസുഖം കാരണം കണ്ണ് നീക്കം ചെയ്യേണ്ടത് അത്യാവശ്യമായി വരികയോ ചെയ്താൽ, അയാളുടെ കോർണിയ വൈദ്യശാസ്ത്രപരമായി ഉപയോഗപ്രദമാണെങ്കിൽ, അത് ആവശ്യമുള്ള മറ്റൊരാൾക്ക് മാറ്റിവെക്കാവുന്നതാണ്.

*കുറിപ്പ്:* പ്രമേയം 2-ലെ രണ്ട് വ്യവസ്ഥകളോടും മൗലാന അസ്മത്തുള്ള മിർ കശ്മീരി യോജിക്കുന്നില്ല.

*3. മെഡിക്കൽ ഇൻഷുറൻസിനെക്കുറിച്ചുള്ള മുൻ തീരുമാനത്തിന്റെ പുനരവലോകനം*

ഇന്ന് 2025 നവംബർ 9-ന് നടന്ന യോഗത്തിൽ, ഹെൽത്ത് ഇൻഷുറൻസ് വിഷയത്തിൽ നടന്ന ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം, 2006 മാർച്ചിൽ അക്കാദമി മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് പാസാക്കിയ പ്രമേയങ്ങളോട് യോജിച്ചുകൊണ്ട്, നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സമിതി താഴെ പറയുന്ന തീരുമാനങ്ങൾ അംഗീകരിക്കുന്നു:
 1. നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് അതിന്റെ പരിണിതഫലത്തിൽ വഞ്ചന (ഗറർ), ചൂതാട്ടം, പലിശ തുടങ്ങിയ നിരോധിക്കപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്; അതിനാൽ സാധാരണ സാഹചര്യങ്ങളിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് അനുവദനീയമല്ല.
 2. ഒരു കമ്പനിയോ സ്ഥാപനമോ തങ്ങളുടെ ജീവനക്കാരുടെ ഹെൽത്ത് ഇൻഷുറൻസ് സ്വന്തം നിലയ്ക്ക് ഒരു സംഭാവനയായോ അല്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കുറച്ചോ അടയ്ക്കുകയാണെങ്കിൽ, ജീവനക്കാർക്ക് അതിൽ നിന്ന് പ്രയോജനം നേടാൻ അനുവാദമുണ്ട്.
 3. മെഡിക്കൽ ഇൻഷുറൻസ് കമ്പനി പോളിസിയുടമകൾക്ക് പണത്തിന് പകരം ചികിത്സാ സേവനങ്ങൾ നൽകുകയും, വർഷത്തിൽ ഒരിക്കലെങ്കിലും ചെക്കപ്പ് തുടങ്ങിയ സേവനങ്ങൾ നൽകുകയും ചെയ്താൽ അതിനും അനുവാദമുണ്ട്.
 4. കമ്പനി ചെക്കപ്പ് മുതലായ സേവനങ്ങൾ നൽകുന്നില്ലെങ്കിലും, ചികിത്സയുടെ ഉയർന്ന ചെലവ് കാരണം വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്നോ ഭയമുണ്ടെന്നോ കരുതുകയും, രോഗിക്ക് അത് താങ്ങാൻ കഴിയില്ലെന്നുമുള്ള നിലവിലെ സാഹചര്യത്തിൽ, ചികിത്സാ സേവനങ്ങൾ നൽകുന്ന പോളിസി എടുക്കാൻ അനുവാദമുണ്ട്.

*കുറിപ്പ്:* ചികിത്സാ സേവനങ്ങൾ നൽകുന്ന സാഹചര്യത്തിൽ പോലും, ചികിത്സാ സമയത്ത് രോഗിയുടെ സാമ്പത്തിക സ്ഥിതി നല്ലതാണെങ്കിൽ, അയാൾ അടച്ച യഥാർത്ഥ തുകയേക്കാൾ കൂടുതൽ കമ്പനി ചെലവാക്കിയ തുക എത്രയാണെന്ന് കണ്ടെത്തി അത് ദാനം ചെയ്യൽ നിർബന്ധമാണ് (മൗലാന മുഫ്തി മുഹമ്മദ് ഷാജഹാൻ നദ്‌വി).

*4. എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള ഓൺലൈൻ പഠനവും അധ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ*

ആധുനിക സാങ്കേതികവിദ്യ, പ്രത്യേകിച്ചും ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നുള്ള വിദ്യാഭ്യാസ പ്രയോജനങ്ങളും ഉപയോഗങ്ങളും അടിസ്ഥാനപരമായി ഇസ്ലാമികമായി അനുവദനീയമാണ്; എന്നിരുന്നാലും, എതിർലിംഗത്തിൽപ്പെട്ടവരിൽ നിന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇസ്ലാമിക തത്വങ്ങൾ പാലിക്കേണ്ടതും തിന്മകളെ തടയുന്നത് ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. തിന്മകളെ തടയുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്:
 1. അദ്ധ്യാപികയായാലും വിദ്യാർത്ഥിനിയായാലും, എതിർലിംഗത്തിൽപ്പെട്ടവരുമായി പഠന-അധ്യാപന സമയത്ത്, ആവശ്യമില്ലാതെ വിദ്യാഭ്യാസപരമല്ലാത്ത ഏത് തരത്തിലുള്ള സമ്പർക്കങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
 2. പരസ്പരം പ്രലോഭനത്തിന് (ഫിത്ന) കാരണമാകുന്ന എല്ലാ കാര്യങ്ങളിൽ നിന്നും എതിർലിംഗത്തിൽപ്പെട്ടവർ വിട്ടുനിൽക്കേണ്ടത് നിർബന്ധമാണ്. ഉദാഹരണത്തിന്: സംസാരത്തിൽ അനാവശ്യ മൃദുത്വം വരുത്തുന്നതും അലങ്കാരങ്ങൾ സ്വീകരിക്കുന്നതും.
 3. എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള ഓൺലൈൻ പഠനത്തിലും അധ്യാപനത്തിലും വിദ്യാഭ്യാസേതര സമ്പർക്കങ്ങൾക്കുള്ള ഓപ്ഷനുകൾ ഒഴിവാക്കാൻ സാധിക്കുമെങ്കിൽ, അതും സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
 4. ഓൺലൈൻ വിദ്യാഭ്യാസം നേടുന്ന വ്യക്തികളെ വീട്ടിലെ ഉത്തരവാദിത്തമുള്ളവർ കഴിയുന്നത്ര മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുക.
 5. ഉപദേശങ്ങളിലൂടെയും നിർദ്ദേശങ്ങളിലൂടെയും സദാചാരം, ലജ്ജ, ചാരിത്ര്യശുദ്ധി എന്നിവയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.
 6. ഏതൊരു സ്ത്രീയും തന്റെ ശബ്ദത്തിൽ മൃദുത്വം വരുത്തുന്നതിനും മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കുന്നതിനും വളരെ കർശനമായ താക്കീതുകൾ വന്നിട്ടുണ്ട്. അതിനാൽ ഈ കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് ഒരു അധ്യാപികയ്ക്ക് ഓൺലൈൻ ഓഡിയോ വഴി പ്രായപൂർത്തിയായ എതിർലിംഗത്തിൽപ്പെട്ടവരെ പഠിപ്പിക്കാവുന്നതാണ്.
 7. ഒരു പുരുഷ അധ്യാപകനും ഓൺലൈൻ വിദ്യാഭ്യാസത്തിൽ കഴിയുന്നത്ര ഓഡിയോ രീതി സ്വീകരിക്കുന്നതാണ് അഭികാമ്യവും മുൻകരുതലിന്റെ അടിസ്ഥാനത്തിലുള്ളതും; എന്നാൽ ശരിയായതും ഉപയോഗപ്രദവുമായ ആവശ്യത്തിനായി സമയത്ത് വീഡിയോ രീതി സ്വീകരിക്കുന്നുവെങ്കിൽ അതിനും അനുവാദമുണ്ട്.
 8. പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്ക് ഒരു അധ്യാപിക വീഡിയോ വഴി ക്ലാസ് നൽകുന്നത്, മുൻകരുതലിനും ഹിജാബിന്റെ താല്പര്യങ്ങൾക്കും വിരുദ്ധമായതിനാൽ അത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്; എന്നിരുന്നാലും, അടിയന്തിര ആവശ്യമുണ്ടെങ്കിൽ, ഇസ്ലാമികമായ ഹിജാബ് ധരിച്ചുകൊണ്ടോ അല്ലെങ്കിൽ ചിത്രം അവ്യക്തമാക്കിക്കൊണ്ടോ (ബ്ലർ ചെയ്ത്) പഠിപ്പിക്കാൻ അനുവാദമുണ്ട്.
 9. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ഒരുമിച്ച് ഒരു ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നത് കോ-എജ്യുക്കേഷന്റെ (സമ്മിശ്ര വിദ്യാഭ്യാസം) പരിധിയിൽ വരുന്നതല്ല; എന്നിരുന്നാലും, അവർ തമ്മിലുള്ള പരസ്പര സമ്പർക്കത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ, ഉദാഹരണത്തിന് വീഡിയോ, ചാറ്റിംഗ് സൗകര്യങ്ങൾ നൽകാതിരിക്കുക തുടങ്ങിയവ സ്വീകരിക്കേണ്ടത് നിർബന്ധമാണ്.
 10. ആവശ്യമായ സമയത്ത്, എതിർലിംഗത്തിൽപ്പെട്ടവരുമായി ബന്ധപ്പെട്ട് ലജ്ജയും നാണവും അടിസ്ഥാനമാക്കിയുള്ള പ്രശ്നങ്ങളെക്കുറിച്ച് സഭ്യവും മാന്യവുമായ രീതിയിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല.
                                     🔹🔹🔹🔹🔹
വാർത്തകൾ


ഗ്രന്ഥശാലകൾ നന്മയുടെയും സന്ദേശ പ്രചാരണത്തിന്റെയും കേന്ദ്രങ്ങളാവണം: മൗലാനാ മുഫ്‌തി സബീൽ ഖാസിമി

ഓച്ചിറ: ജനങ്ങളെ തന്ത്രപരമായ രീതിയിൽ നന്മയിലേക്ക് ചേർത്തുനിർത്താനും ഉദാത്തമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കാനുമുള്ള മഹത്തായ പദ്ധതികളാണ് ഗ്രന്ഥശാലകളെന്ന് ജംഇയ്യത് ഉലമായെ ഹിന്ദ് തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് മൗലാനാ മുഫ്‌തി സബീൽ ഖാസിമി പ്രസ്താവിച്ചു. ജംഇയ്യത് ഉലമായെ ഹിന്ദിന്റെ തുടക്കകാലത്ത് തന്നെ ഇത്തരം ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിനായി വലിയ ആഹ്വാനം നൽകിയിരുന്നു. അതിന്റെ ഫലമായാണ് രാജ്യത്തെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വായനശാലകൾ സജീവമായി ഉയർന്നുവന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജംഇയ്യത് ഉലമായെ ഹിന്ദ് ഓച്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, ഓച്ചിറ ദാറുൽ ഉലൂമിന്റെ പ്രവേശന കവാടത്തിൽ പ്രവർത്തിക്കുന്ന 'ശൈഖുൽ ഹിന്ദ് വായനശാല' സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
     നമ്മുടെ വീടുകളിലും മദ്റസകളിലും പൊതുസ്ഥാപനങ്ങളിലും ആളുകൾ ഒത്തുകൂടുന്ന സ്വീകരണ മുറികളിൽ തന്നെ ഇത്തരം ലൈബ്രറി  ഒരുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന പല തെറ്റിദ്ധാരണകളും ദൂരീകരിക്കാൻ വായനയിലൂടെ സാധിക്കും. എന്നാൽ, ഇത്തരം ലൈബ്രറികൾ കേവലം പുസ്തകശേഖരമായി മാറാതെ, ഏറെ ആദരവോടെയും ഉത്തരവാദിത്തത്തോടെയും സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം."
     ചടങ്ങിൽ മൗലാനാ സയ്യിദ് അർഷദ് മദനിയുടെ പ്രശസ്തമായ രചനകളുടെ പുസ്തക വിതരണോദ്ഘാടനവും മൗലാനാ നിർവ്വഹിച്ചു.


ഗ്രന്ഥ പരിചയം

📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ

പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.

1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30 
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ -   75 
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും -  45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220 
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20 
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40 
50. ഇസ്‌ലാമിലെ വിവാഹം -  20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20 
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20 
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15 
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15 
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40 
61. ബുഖാറയിലൂടെ - 15 
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25 
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30 
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50 
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50 
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് -  450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ -  40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90

കാറ്റലോഗിനായി ക്ലിക്ക് ചെയ്യുക: https://wa.me/c/918577858031

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌