സഫർ 22/1447 ആഗസ്റ്റ് 6/2026 ലക്കം: 271
സഫർ 22/1447
ആഗസ്റ്റ് 6/2026
ലക്കം: 272
ഉള്ളടക്കം
▪️മുഖലിഖിതം
അനുഭൂതി സത്യമാണെന്നതിന്റെ തെളിവല്ല!
▪️ജുമുഅ സന്ദേശം
ആരോഗ്യം അല്ലാഹുവിന്റെ അനുഗ്രഹം
✍️ മൗലാനാ ഡോ. സഊദ് ആലം ഖാസിമി
▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
ആയത്ത് 142 - 150
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനം
മതപ്രഭാഷണ പരിപാടികളിലെ ജീർണ്ണതകൾ
✍️ മൗലാനാ മുഹമ്മദ് സൽമാൻ മൻസൂർപൂരി
അനുഭൂതിയുണ്ടാകൽ സത്യമാണെന്നതിന്റെ തെളിവല്ല!!!
മൗലാനാ അബ്ദുൽഖാദിർ റായ്‌പൂരി (റഹ്) വിവരിക്കുന്നു: ഒരിക്കൽ ഞാൻ ശൈഖ് അബ്ദുർറഹീം റായ്‌പൂരി (റഹ്) യോട് ചോദിച്ചു: ഖാദിയാനികൾ അവരുടെ ഇബാദത്തുകളിൽ വലിയ അനുഭൂതി ഉണ്ടാകുന്നതായി വാദിക്കുന്നുണ്ടല്ലോ! നമസ്കാരത്തിലും മറ്റും വലിയ ആത്മീയ അനുഭൂതിയും മറ്റു പല അവസ്ഥകളും അനുഭവപ്പെടുന്നതായി അവർ അവകാശപ്പെടുന്നു. ഇതിന്റെ യാഥാർഥ്യം എന്താണ്? അദ്ദേഹം പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: "തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂൽ (സ) നോട് എതിര് പ്രവർത്തിക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതാണ്. (നിസാഅ് 115) ശേഷം അദ്ദേഹം ഈ ആയത്തിനെ വിവരിക്കാൻ തുനിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: ഹസ്രത്ത്, എനിക്ക് കാര്യം മനസ്സിലായി. പിന്നീട് ഒരിക്കലും എനിക്ക് ആ വിഷയത്തിൽ ഒരു ഉൽക്കണ്ഠയും അനുഭവപ്പെട്ടിട്ടില്ല.
ഉപരിസൂചിത ആയത്തിനെ വിവരിച്ചുകൊണ്ട് മൗലാന അബുൽ ഹസൻ അലി നദ്‌വി (റഹ്) പറയുന്നു: വഴികേടുകളുടെയും തിന്മകളുടെയും മാർഗ്ഗത്തിലാണെങ്കിലും അതിനുവേണ്ടി കഷ്ടപ്പെടുകയും ത്യാഗം സഹിക്കുകയും ചെയ്യുന്നവർക്ക്, അവരുടെ ആ വിശ്വാസത്തിന് പിന്തുണ നൽകുകയും സംതൃപ്തി പകരുകയും അതിൽ കൂടുതൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന അടയാളങ്ങളും അനുഭവങ്ങളും ഉണ്ടാകുമെന്നാണ് ഈ ആയത്തിന്റെ ആശയം. വിശുദ്ധ ഖുർആനിന്റെ ഭാഷയിൽ ഇതിന് "ഇസ്തിദ്‌റാജ്" എന്നാണ് പറയുന്നത്. അതിനാൽ, വെറും വെളിപാടുകളും അനുഭൂതികളും അടയാളങ്ങളും പടച്ചവന്റെ അടുക്കൽ സ്വീകാര്യതയുടെയും സത്യമാണെന്നതിന്റെയും അടിസ്ഥാന മാനദണ്ഡമല്ല. യഥാർത്ഥ മാനദണ്ഡം ഖുർആനുമായും സുന്നത്തുമായും മുൻഗാമികളുടെ മാർഗ്ഗവുമായും പൊരുത്തപ്പെടലാണ്.
ജുമുഅ സന്ദേശം
ALL INDIA MUSLIM PERSONAL LAW BOARD
ആരോഗ്യം അല്ലാഹുവിന്റെ അനുഗ്രഹം
✍️ പ്രൊഫ. മൗലാനാ സഊദ് ആലം ഖാസിമി
(എക്സിക്യൂട്ടീവ് മെമ്പർ, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്)
أَلَمْ نَجْعَلْ لَهُ عَيْنَيْنِ (8) وَلِسَانًا وَشَفَتَيْنِ (9) وَهَدَيْنَاهُ النَّجْدَيْنِ (10
നാം അവന് രണ്ട് കണ്ണുകൾ നൽകിയില്ലേ! ഒരു നാവും രണ്ട് ചുണ്ടുകളും നൽകിയില്ലേ! രണ്ട് വഴികൾ കാട്ടിക്കൊടുത്തില്ലേ! (ബലദ് 8-10)
റസൂലുല്ലാഹി ﷺ അരുളി:
الْمُؤْمِنُ الْقَوِىُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ
ശക്തിമാനായ വിശ്വാസി അല്ലാഹുവിങ്കൽ ബലഹീനനായ വിശ്വാസിയേക്കാൾ ഉത്തമനും പ്രിയങ്കരനുമാണ്. (മുസ്‌ലിം)
പൊതുവിൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരോഗ്യം വ്യക്തിപരവും സാമൂഹികവുമായ ഒരു വിഷയമാണ്. പക്ഷേ ഒരു മുസ്‌ലിമിനെ സംബന്ധിച്ചടുത്തോളം ആരോഗ്യം വ്യക്തിപരമായ കാര്യം മാത്രമല്ല. പ്രത്യുത മതവും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കാരണം ആരോഗ്യമുള്ള വ്യക്തിക്ക് മാത്രമേ സമ്പൂർണ്ണമായി ആരാധന നടത്താനും പടച്ചവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്താനും സാധിക്കുകയുള്ളൂ. ആരോഗ്യമുള്ള ആത്മാവിന് ആരോഗ്യമുള്ള ശരീരവും അത്യാവശ്യമാണ്. അല്ലാഹു മനുഷ്യന് കനിഞ്ഞരുളിയ അനുഗ്രഹങ്ങളിൽ സുപ്രധാനമാണ് ആത്മാവും ശരീരവും അവയവങ്ങളും ആരോഗ്യം വലിയൊരു അനുഗ്രഹവും സമുന്നത സമ്പത്തുമാണ്. പുണ്യ റസൂൽ ﷺ അരുളി:
والصحةُ لمنِ اتَّقى خيرٌ منَ الغِنى
പടച്ചവനോട് ഭയഭക്തി പുലർത്തുന്നവന് ആരോഗ്യം സമ്പത്തിനേക്കാൾ ഉത്തമമാണ്. (ഇബ്നു മാജ) പുണ്യ റസൂൽ ﷺ ആരോഗ്യത്തെ വിലമതിക്കാനും സംരക്ഷിക്കാനും എല്ലാവരെയും ഉപദേശിച്ചു. റസൂലുല്ലാഹി ﷺ അരുളി:
اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ
അഞ്ച് കാര്യങ്ങൾക്ക് മുമ്പായി അഞ്ച് കാര്യങ്ങളെ അസുലഭമായി കാണുക. 1. വാർദ്ധക്യത്തിന് മുമ്പ് യുവത്വത്തെ, 2. രോഗത്തിന് മുമ്പ് ആരോഗ്യത്തെ , 3. ദാരിദ്രത്തിന് മുമ്പ് സമ്പന്നതയെ, 4. തിരക്കിന് മുമ്പ് ഒഴിവിനെ , 5. മരണത്തിന് മുമ്പ് ജീവിതത്തെ. (മിഷ്കാത്തുൽ മസാബീഹ്)
ഖിയാമത് ദിനം അല്ലാഹു ഓരോ അനുഗ്രഹങ്ങളെ കുറിച്ചും ദാസന്മാരോട് ചോദിക്കും. അതിൽ പ്രധാനപ്പെട്ടൊരു ചോദ്യം ശരീര സുഖത്തെ കുറിച്ചായിരിക്കും. അല്ലാഹു അറിയിക്കുന്നു :
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ
ശേഷം അന്നേദിവസം നിങ്ങളോട് അനുഗ്രഹങ്ങളെക്കുറിച്ച് തീർച്ചയായും ചോദിക്കപ്പെടുന്നതാണ്. (തകാസുർ 8) ഇബ്നു അബ്ബാസ് (റ) ഈ ആയത്ത് വിശദീകരിച്ച് കൊണ്ട് പ്രസ്താവിച്ചു: ശരീരത്തിന്റെയും കേൾവിയുടെയും കാഴ്ചയുടെയും ആരോഗ്യത്തെ കുറിച്ച് ചോദിക്കപ്പെടുന്നതാണ്! ഇബ്നു അബ്ബാസ് (റ) ഈ ആയത്തിന് നൽകിയ വ്യാഖ്യാനം പരിശുദ്ധ ഖുർആനിലെ മറ്റൊരു ആയത്തിൽ നിന്നും കണ്ടെടുത്തതാണ്. അല്ലാഹു അറിയിക്കുന്നു :
إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا
തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം ഇവയെക്കുറിച്ചെല്ലാം ചോദിക്കപ്പെടുന്നതാണ്. (ബനീ ഇസ്റാഈൽ 36)
ഈ അനുഗ്രഹങ്ങളോട് രണ്ട് കടമകളുണ്ട്. 1. ഇവയെ രോഗങ്ങളിൽ നിന്നും അപകടകങ്ങളിൽ നിന്നും സംരക്ഷിക്കുക. 2. അല്ലാഹു ഈ അനുഗ്രഹം കൊണ്ട് ലക്ഷ്യമിട്ട നന്മകളിൽ ചിലവഴിക്കുക, തിന്മകളിൽ ചിലവഴിക്കാതിരിക്കുക.
റസൂലുല്ലാഹി ﷺ അരുളി:
نِعمَتانِ مغبونٌ فيهما كثيرٌ من الناسِ: الصَّحَّةُ والفَّراغُ
രണ്ട് വലിയ അനുഗ്രഹങ്ങളുണ്ട്. അവയുടെ വിഷയത്തിൽ അധികം ജനങ്ങളും അശ്രദ്ധരാണ്. ആരോഗ്യവും ഒഴിവും.(ബുഖാരി) അതായത് അധികം ജനങ്ങളും ആരോഗ്യത്തെയും ഒഴിവിനെയും വില ശ്രദ്ധിക്കുകയും കൽപ്പിക്കുയും ചെയ്യാറില്ല. അവയുടെ പ്രേരണ പൂർത്തിയാക്കാറുമില്ല. എന്നാൽ അവ രണ്ടും നഷ്ടപ്പെടുമ്പോൾ സങ്കടത്തോടെ കൈ കടിക്കുന്നതാണ്.
റസൂലുല്ലാഹി ﷺ ഒരിക്കൽ ശക്തമായി ഉണർത്തി:
إن لربك عليك حقا، وإن لنفسك عليك حقا، ولأهلك عليك حقا، فأعط كل ذي حق حقه
നിങ്ങളുടെ ജീവനിലും ശരീരത്തിലും കണ്ണിലും നിങ്ങൾക്ക് കടമകളുണ്ട്. കടമകളുള്ളവയോടുള്ള കടമകൾ നിർവ്വഹിക്കുക. (ബുഖാരി) ശരീരത്തോടുള്ള കടമ അതിന്റെ ഗൗരവം ഉണരുകയും അതിനെക്കുറിച്ച് ന്യായമായ നിലയിൽ ചിന്തിക്കുകയും ആരോഗ്യം മോശമാകുന്ന കാര്യങ്ങൾ തിരിച്ചറിയുകയും, ആരോഗ്യം മോശമായാൽ അത് വീണ്ടെടുക്കാൻ ശരിയായ നിലയിൽ പരിശ്രമിക്കുകയും ചെയ്യലാണ്. ദാരിദ്രവും തൊഴിലില്ലായ്മയും രോഗത്തെ കൊണ്ട് വരുന്നതിനേക്കാൾ കൂടുതൽ രോഗത്തെ കുറിച്ച് ശ്രദ്ധയില്ലായ്മയും സൂക്ഷ്മതയോടുള്ള അവഗണനയും മോശമായ പതിവുകളും മ്ലേച്ഛതകളും മനുഷ്യനെ രോഗിയാക്കുന്നതാണ്. ലഹരി പദാർത്ഥങ്ങൾ ബുദ്ധിയെയും മസ്തിഷ്കത്തെയും മാത്രമല്ല ശരീരത്തെയും അവയവങ്ങളെയും തകർക്കുന്നതും ക്യാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതുമാണ്. ദുഷിച്ച പതിവുകളിലും തിന്മകളിലും കുടുങ്ങുന്ന മനുഷ്യൻ പടച്ചവന്റെ കാരുണ്യത്തെ മാത്രമല്ല. ആത്മീയ സുഖ സന്തോഷങ്ങളെ കൂടിയാണ് ദൂരെയ്ക്ക് തള്ളി മാറ്റുന്നത്. മനുഷ്യൻ ആരോഗ്യത്തെ സംരക്ഷിക്കുകയും ആരോഗ്യത്തിനാവശ്യമായ നിയമ മര്യാദകൾക്ക് ജീവിതത്തിന്റെ ആവശ്യ വസ്തുക്കളുടെ സ്ഥാനം നൽകുകയും ചെയ്താൽ നിരവധി രോഗങ്ങളിൽ നിന്നും സുരക്ഷിതനാകാൻ കഴിയുന്നതാണ്. അനുയോജ്യമായ ആഹാരത്തിലുളള ശ്രദ്ധ ജോലിക്കും വിശ്രമത്തിനുമുള്ള ന്യായമായ ടൈം ടേബിൾ പ്രയോജനപ്രദവും ഉപദ്രവകരവുമായ വസ്തുക്കളെ കുറിച്ചുള്ള തിരിച്ചറിവ് എന്നിവ ആരോഗ്യത്തെ കൂടുതൽ ഉറപ്പിക്കുന്നതാണ്. പടച്ചവന്റെ അനുഗ്രഹത്താൽ അപകടകരമായ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഇന്ന് എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. അവ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അവയോട് അശ്രദ്ധയും അവഗണനയും പുലർത്തുന്നത് ജീവന്റെയും ശരീരത്തിന്റെയും അനുഗ്രഹത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഉദാഹരണത്തിന്, എയ്ഡ്സ് രോഗത്തിന്റെ വലിയൊരു കാരണം വികാര പൂർത്തീകരണത്തിന്റെ നിഷിദ്ധമായ വഴികൾ തിരഞ്ഞെടുക്കലാണ്. അതിന് പകരം പ്രകൃതി നിശ്ചയിച്ച് തന്ന മാർഗം സ്വീകരിച്ചാൽ അപകടകരമായ ഈ രോഗത്തിൽ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്. ഇത് പോലെ പല രോഗങ്ങൾക്കും മുൻ കരുതലുകൾ നടത്തിയാൽ അതിൽ നിന്നും രക്ഷപെടാൻ സാധിക്കുന്നതാണ്. കൂടാതെ നിരവധി മാരക രോഗങ്ങളിൽ നിന്നും സുരക്ഷിതത്വത്തിനുള്ള മരുന്നുകളും ഇഞ്ചക്ഷനുകളും ഇന്ന് സുലഭമാണ്. വൈദ്യ ശാസ്ത്രത്തിന്റെ ദിനം പ്രതിയുള്ള പുരോഗതി മനുഷ്യന് രോഗങ്ങളിൽ നിന്നും സുരക്ഷിതനാകാനും രോഗങ്ങളെ നേരിടാനുമുള്ള പൂർണ്ണമായ മനക്കരുത്ത് പകർന്ന് തരുന്നുണ്ട്. പടച്ചവന്റെ അനുഗ്രഹം കൂടിയായ വൈദ്യന്മാരെയും മരുന്നുകളെയും ചികിത്സകളെയും പ്രയോജനപ്പെടുത്താതിരിക്കുന്നത് വലിയ ഭാഗ്യക്കേടും പടച്ചവന്റെ അനുഗ്രഹത്തോടുമുള്ള നന്ദികേടുമാണ്. നമ്മുടെ അശ്രദ്ധയും അവഗണനയും കാരണമായി ഏതെങ്കിലും കുട്ടിക്ക് തളർവാദമുണ്ടാവുകയാേ ആരുടെയെങ്കിലും ശരീര ശേഷി നഷ്ടപ്പെടുകയും ചെയ്താൽ അവരുടെ ജീവിതം നരകതുല്യമായി തീരുന്നതും അവർ മറ്റുള്ളവർക്ക് ഭാരമായി മാറുന്നതുമാണ്.
സമ്പാദ്യത്തിന്റെയും മത്സരത്തിന്റെയും ഈ കാലഘട്ടത്തിൽ ഓരോരുത്തരും ജീവിതം കഴിച്ചു കൂട്ടാൻ ഓരോ സമ്പാദ്യ മാർഗ്ഗം തിരഞ്ഞെടുക്കുന്നു. കൂട്ടത്തിൽ മറ്റുള്ളവർക്ക് ഭാരമാകരുതെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇസ്‌ലാമും ഇതിനെ കൂടുതൽ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഉയർന്ന മനക്കരുത്തിനെയും ത്യാഗ മനസ്ഥിതിയെയും കൂട്ടാളിയാക്കാനും മറ്റുള്ളവരിലേക്ക് ആവശ്യക്കാരനാകാതെ മറ്റുള്ളവർക്ക് സഹായിയാകാനും ഇസ്‌ലാം പ്രേരിപ്പിക്കുന്നു. പുണ്യ റസൂൽ ﷺ അരുളി:
الْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى
ദാനം ചെയ്യുന്ന ഉയർന്ന കരം ദാനം വാങ്ങുന്ന താഴ്ന്ന കരത്തേക്കാൾ ഉത്തമമാണ്. (ബുഖാരി) ശഖീഖ് ബൽഖിയെന്ന പ്രസിദ്ധനായൊരു മഹാനുണ്ടായിരുന്നു. അദ്ദേഹമാെരിക്കൽ ഒരു കച്ചവട യാത്രയ്ക്ക് വേണ്ടി ഒരുങ്ങി. യാത്രയ്ക്ക് മുമ്പ് ആത്മ സുഹൃത്തായ ഇബ്റാഹീം ഇബ്നു അദ്ഹമിന്റെ അരികിലെത്തി. അനുവാദം ചോദിച്ച് പുറപ്പെട്ടെങ്കിലും പതിവിന് വിരുദ്ധമായി പെട്ടെന്ന് തന്നെ മടങ്ങി വന്നു. ഇബ്റാഹീം ഇബ്നു അദ്ഹം അത്ഭുതത്തോടെ കാരണം തിരക്കിയപ്പോൾ ശഖീഖ് പറഞ്ഞു: യാത്രക്കിടയിൽ വിശ്രമിക്കാൻ വേണ്ടി വിജനമായൊരു സ്ഥലത്ത് തമ്പടിച്ചു. അവിടെയൊരു ശേഷിയില്ലാത്ത പറവയിരിക്കുന്നത് കണ്ടു. അതിന് ആഹാരം എവിടെ നിന്ന് കിട്ടുമെന്ന് ചിന്തിച്ചിരുന്നപ്പോൾ മറ്റൊരു പറവ ചുണ്ടിൽ ആഹാരമെടുത്ത് വരികയും അതിനെ കഴിപ്പിച്ച് മടങ്ങുകയും ചെയ്തു. ഇത് കണ്ടപ്പോൾ അത്ഭുതത്തോടെ ഞാൻ ചിന്തിച്ചു. വിജനമായ ഈ സ്ഥലത്ത് ഈ പറവയ്ക്ക് ആഹാരമെത്തിക്കാൻ കഴിവുള്ള അല്ലാഹു പട്ടണത്തിൽ കഴിയുന്ന എനിക്കും ആഹാരം നൽകാൻ കഴിവുള്ളവനാണ്. ഇതിന് വേണ്ടി വിവിധ നാടുകളിൽ യാത്ര ചെയ്യേണ്ട യാതൊരാവശ്യവുമില്ല എന്ന് വിചാരിച്ച് ഞാൻ മടങ്ങിവന്നതാണ്. ഭൗതിക വിരക്തനായ ഇബ്റാഹീം ഇബ്നു അദ്ഹം പറഞ്ഞു: കഷ്ടം നിങ്ങൾ ബലഹീനത നിറഞ്ഞ പറവയുടെ അവസ്ഥ സ്വീകരിച്ചല്ലോ ! അല്ലാഹു നൽകിയ ആരോഗ്യമുപയോഗിച്ച് സ്വന്തം കഴിക്കുകയും സാധുക്കളെ കഴിപ്പിക്കുകയും ചെയ്ത പറവയുടെ മാർഗം സ്വീകരിച്ചില്ലല്ലോ. ഉയർന്ന കൈ താഴ്ന്ന കൈയ്യിനേക്കാൾ ഉത്തമമാണെന്ന് റസൂലുല്ലാഹി ﷺ അരുളിയത് താങ്കൾ മറന്ന് പോയോ ? സഹാേദരങ്ങളെ ആരോഗ്യം അല്ലാഹുവിന്റെ അനുഗ്രഹമാണ്. രോഗവും ജോലിയില്ലായ്മയും യാചനയും അടുത്ത് പോലും വരാതെ സൂക്ഷിക്കുക. അലിയ്യ് (റ) പ്രസ്താവിച്ചു: അറിയുക; സാമ്പത്തിക വിശാലത അല്ലാഹുവിന്റെ അനുഗ്രഹമാണ്. അതിനേക്കാൾ ശ്രേഷ്ടമാണ് ശരീരത്തിന്റെ ആരോഗ്യം . അതിനേക്കാൾ ശ്രേഷ്ടമാണ് മനസ്സിന്റെ ഭയഭക്തി. (നഹ്ജുൽ ബലാഗ) നാം ശക്തരായിരുന്നാൽ ഇസ്‌ലാമിന്റെ ശക്തിക്ക് വർദ്ധനവുണ്ടാകും ബലഹീനരായാൽ നമ്മുടെ ബലഹീനത ഇസ്‌ലാമിലേക്ക് ചേർക്കപ്പെടുമെന്ന് ഓർക്കുക. റസൂലുല്ലാഹി ﷺ യുടെ മുമ്പിൽ വന്ന റുകാന എന്ന ഗുസ്തിക്കാരൻ താങ്കൾ ഗുസ്തിയിൽ ജയിച്ചാൽ ഞാൻ ഇസ്‌ലാം സ്വീകരിക്കാമെന്ന് പറഞ്ഞു. റസൂലുല്ലാഹി ﷺ മൽപ്പിടുത്തതിന് തയ്യാറാവുകയും ഞൊടിയിടയിൽ അദ്ദേഹത്തെ മലർത്തിയടിക്കുകയും ചെയ്തു. ഇത് ശരീരത്തിന്റെ വിജയമായിരുനെങ്കിലും ഇസ്ലാമിന്റെ വിജയമായി കാരണം അതിലൂടെ റുകാന ഇസ്ലാം സ്വീകരിച്ചു. നാം ഓരോരുത്തരും ഇത്തരമൊരു ആരോഗ്യവും ശക്തിയും ഉന്മേഷവുമുണ്ടാക്കാൻ പരിശ്രമിക്കേണ്ടതാണ്. നമ്മുടെ വിശ്വാസ കർമ്മങ്ങളുടെ സംരക്ഷണത്തിനോടൊപ്പം സമയത്തിന്റെയും ആരോഗ്യത്തിന്റെയും സംരക്ഷണവും നമ്മുടെ സാമൂഹ്യ അജണ്ടയിൽ ഉൾപ്പെടുത്തുക. ആത്മീയം, സ്വഭാവം, വിദ്യാഭ്യാസം, ശാരീരികം മുതലായ വിഷയങ്ങളിൽ നാം ആരോഗ്യം നിറഞ്ഞാെരു സമൂഹമാകുക. രോഗികളുടെയും ബലഹീനരുടെയും യാചകരുടെയും സമൂഹമാകരുത്. നന്മകളിൽ കൂടുതൽ ആരോഗ്യമുള്ളവരാകാൻ പരിശ്രമിക്കുക. അല്ലാഹു നമുക്ക് ആരോഗ്യവും അനുഗ്രഹവും വർദ്ധിപ്പിച്ച് തരട്ടെ.
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 142 - 150
۞سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمۡ عَن قِبۡلَتِهِمُ ٱلَّتِي كَانُواْ عَلَيۡهَاۚ قُل لِّلَّهِ ٱلۡمَشۡرِقُ وَٱلۡمَغۡرِبُۚ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ١٤٢ وَكَذَٰلِكَ جَعَلۡنَٰكُمۡ أُمَّةٗ وَسَطٗا لِّتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيۡكُمۡ شَهِيدٗاۗ وَمَا جَعَلۡنَا ٱلۡقِبۡلَةَ ٱلَّتِي كُنتَ عَلَيۡهَآ إِلَّا لِنَعۡلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيۡهِۚ وَإِن كَانَتۡ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَٰنَكُمۡۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ ١٤٣ قَدۡ نَرَىٰ تَقَلُّبَ وَجۡهِكَ فِي ٱلسَّمَآءِۖ فَلَنُوَلِّيَنَّكَ قِبۡلَةٗ تَرۡضَىٰهَاۚ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۚ وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُۥۗ وَإِنَّ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ لَيَعۡلَمُونَ أَنَّهُ ٱلۡحَقُّ مِن رَّبِّهِمۡۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا يَعۡمَلُونَ ١٤٤ وَلَئِنۡ أَتَيۡتَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ بِكُلِّ ءَايَةٖ مَّا تَبِعُواْ قِبۡلَتَكَۚ وَمَآ أَنتَ بِتَابِعٖ قِبۡلَتَهُمۡۚ وَمَا بَعۡضُهُم بِتَابِعٖ قِبۡلَةَ بَعۡضٖۚ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم مِّنۢ بَعۡدِ مَا جَآءَكَ مِنَ ٱلۡعِلۡمِ إِنَّكَ إِذٗا لَّمِنَ ٱلظَّٰلِمِينَ ١٤٥ ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمۡۖ وَإِنَّ فَرِيقٗا مِّنۡهُمۡ لَيَكۡتُمُونَ ٱلۡحَقَّ وَهُمۡ يَعۡلَمُونَ ١٤٦ ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ ١٤٧ وَلِكُلّٖ وِجۡهَةٌ هُوَ مُوَلِّيهَاۖ فَٱسۡتَبِقُواْ ٱلۡخَيۡرَٰتِۚ أَيۡنَ مَا تَكُونُواْ يَأۡتِ بِكُمُ ٱللَّهُ جَمِيعًاۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ١٤٨ وَمِنۡ حَيۡثُ خَرَجۡتَ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۖ وَإِنَّهُۥ لَلۡحَقُّ مِن رَّبِّكَۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ١٤٩ وَمِنۡ حَيۡثُ خَرَجۡتَ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۚ وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيۡكُمۡ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُواْ مِنۡهُمۡ فَلَا تَخۡشَوۡهُمۡ وَٱخۡشَوۡنِي وَلِأُتِمَّ نِعۡمَتِي عَلَيۡكُمۡ وَلَعَلَّكُمۡ تَهۡتَدُونَ ١٥٠
വിവരമില്ലാത്ത വിഡ്ഢികള്‍ ചോദിക്കും: മുസ്‌ലിംകള്‍ അഭിമുഖീകരിച്ചിരുന്ന അവരുടെ ഖിബ്‌ലയില്‍ നിന്നും അവര്‍ പിന്തിരിഞ്ഞു കളഞ്ഞത് എന്തിനാണ്? പറയുക: കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് നേര്‍മാര്‍ഗ്ഗം കാണിച്ചു കൊടുക്കുന്നു.(142) ഇപ്രകാരം നിങ്ങളെ നാം ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകുന്നതിനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയാകുന്നതിനും വേണ്ടിയാണ് (ഈ സ്ഥാനം) കനിഞ്ഞരുളിയത്. താങ്കള്‍ ഏതാനും നാളുകള്‍ അഭിമുഖീകരിച്ചു നമസ്‌കാരം നിര്‍വ്വഹിച്ച ഖിബ്‌ലയെ നാം താങ്കളുടെ യഥാര്‍ത്ഥ ഖിബ്‌ല ആക്കിയിട്ടില്ലായിരുന്നു. റസൂലിനെ പിന്‍പറ്റുന്നവര്‍ ആരാണ്, പിന്തിരിഞ്ഞ് പോകുന്നതാരാണ് എന്നു നാം അറിയുന്നതിനു വേണ്ടി മാത്രമാണ് (ഏതാനും നാളുകള്‍) അതിനെ അഭിമുഖീകരിക്കാന്‍ നാം കല്‍പ്പിച്ചത്. അത് (ഖുറൈശികള്‍ക്കും അറബികള്‍ക്കും) വലിയ ഭാരമായിരുന്നു. എന്നാല്‍ അല്ലാഹു സന്മാര്‍ഗ്ഗ സൗഭാഗ്യങ്ങള്‍ കനിഞ്ഞരുളിയവര്‍ക്ക് അത് പ്രയാസമല്ല. അല്ലാഹു നിങ്ങളുടെ വിശ്വാസം പാഴാക്കുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മുഴുവന്‍ മനുഷ്യരോടും വളരെയധികം കൃപയും കരുണയുമുള്ളവനുമാണ്.(143) നബിയെ, താങ്കള്‍ പലപ്രാവശ്യം മുഖം ആകാശത്തേക്ക് ഉയര്‍ത്തുന്നത് നാം കാണുന്നുണ്ട്. താങ്കള്‍ ഇഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് താങ്കളെ നാം തിരിക്കുന്നതാണ്. അതിനാല്‍ മസ്ജിദുല്‍ ഹറാമിന്റെ ഭാഗത്തേക്ക് താങ്കള്‍ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖം അവിടേക്ക് തിരിക്കുക. ഈ ഖിബ്‌ല സത്യമാണെന്നും ഇത് അവരുടെ രക്ഷിതാവിന്റെ ഭാഗത്തുനിന്നുമുള്ള നിര്‍ദ്ദേശമാണെന്നും വേദക്കാര്‍ക്ക് നന്നായിട്ടറിയാം. അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അല്ലാഹു അശ്രദ്ധനല്ല.(144) എല്ലാത്തരം തെളിവുകളും താങ്കള്‍ വേദക്കാര്‍ക്ക് മുന്നില്‍ കൊണ്ടുവന്നാലും അവര്‍ താങ്കളുടെ ഖിബ്‌ല സ്വീകരിക്കുന്നതല്ല. താങ്കളും അവരുടെ ഖിബ്‌ല പിന്‍പറ്റുന്നതല്ല. അവരില്‍ തന്നെ ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരുടെ ഖിബ്‌ല പിന്‍പറ്റുന്നില്ല. ശരിയായ അറിവ് താങ്കള്‍ക്ക് വന്നെത്തിയതിന് ശേഷം അവരുടെ ഇച്ഛയെ താങ്കള്‍ പിന്‍പറ്റിയാല്‍ തീര്‍ച്ചയായും താങ്കള്‍ അക്രമികളില്‍ പെട്ടവനാകുന്നതാണ്.(145) നാം വേദം നല്‍കിയവര്‍ക്ക് അവരുടെ മക്കളെ അറിയാവുന്നതു പോലെ അദ്ദേഹത്തെ (റസൂലിനെ) നന്നായി അറിയാം. അവരില്‍ ഒരു കൂട്ടം ആളുകള്‍ നന്നായി അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുന്നവരാണ്.(146)ഇത് തന്നെയാണ് സത്യം. ഇത് താങ്കളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. ആകയാൽ താങ്കൾ സംശയാലുവാകരുത്.(147) എല്ലാവർക്കും അഭിമുഖീകരിക്കാൻ ഓരോ ഭാഗമുണ്ട്. അവർ അതിനു നേരെ തിരിയുന്നു.അതുകൊണ്ട് നന്മയിലേക്ക് മുന്നേറുക. നിങ്ങൾ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെ (ഖിയാമത്ത് നാളിൽ) ഒരുമിച്ച് കൂട്ടുന്നതാണ്. തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്.(148) താങ്കൾ എവിടെനിന്നു പുറപ്പെട്ടാലും താങ്കളുടെ മുഖം മസ്ജിദുൽ ഹറാമിലേക്ക് തിരിക്കുക. ഇതു തന്നെയാണ് താങ്കളുടെ രക്ഷിതാവിന്റെ ഭാഗത്തുനിന്നുമുള്ള സത്യ കൽപന. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നും ഒട്ടും അശ്രദ്ധനല്ല.(149) താങ്കൾ എവിടെ നിന്നു പുറപ്പെട്ടാലും താങ്കളുടെ മുഖം മസ്ജിദുൽ ഹറാമിലേക്ക് തിരിക്കുക. നിങ്ങൾ എവിടെയായിരുന്നാലും അതിന്റെ ഭാഗത്തേക്ക് മുഖം തിരിക്കുക. ജനങ്ങൾ നിങ്ങളുടെ മേൽ ആരോപണം ഉന്നയിക്കാതിരിക്കാനാണ് (ഈ കൽപന). (എന്നാൽ) അവരിലെ അക്രമികൾ (കാര്യം ഗ്രഹിച്ചാലും ആരോപണങ്ങൾ നടത്തുന്നതാണ്) അപ്പോൾ അവരെ നിങ്ങൾ ഭയപ്പെടരുത്. എന്നെ മാത്രം ഭയക്കുക. കൂടാതെ നിങ്ങൾക്ക് എന്റെ അനുഗ്രഹത്തെ പൂർത്തീകരിക്കാനും നിങ്ങൾ സന്മാർഗ്ഗം പ്രാപിക്കാനുമാണ് (ഈ കൽപന നൽകിയത്)(150)
142. വിവരക്കേടിന് മറുപടി വിവരത്തിലൂടെ നൽകുക. ഇസ്ലാം എന്നത് അല്ലാഹുവിന്റെ കൽപ്പനകളെല്ലാം സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്റെ പേരാണ്. * ലോകത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന മക്കയിലെ കേന്ദ്രസ്ഥാനമാണ് കഅ്ബ. ലോകാരംഭത്തിൽ തന്നെ ഇത് സ്ഥാപിക്കപ്പെട്ടു.ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ബൈത്തുൽ മുഖദ്ദസിലെ മസ്ജിദുൽ അഖ്‌സ സ്ഥാപിക്കപ്പെട്ടു. റസൂലുല്ലഹി (സ) മക്കയിലായിരുന്നപ്പോൾ കഅ്ബയിലേക്കും മസ്ജിദുൽ അഖ്‌സയിലേക്കും തിരിഞ്ഞ് നിന്ന് നമസ്‌കരിച്ചിരുന്നു. മദീനയിലേക്ക് പലായനം ചെയ്ത് വന്നപ്പോൾ പടച്ചവന്റെ കൽപ്പനപ്രകാരം ആദ്യം ബൈത്തുൽ മുഖദ്ദിസിനെ അഭിമുഖീകരിച്ച് നമസ്‌കരിച്ചു. 16 മാസം കഴിഞ്ഞപ്പോൾ കഅ്ബയിലേക്ക് തന്നെ തിരിഞ്ഞ് നിന്ന് നമസ്‌കരിക്കാൻ കൽപ്പിക്കപ്പെട്ടു. ഇതിനെത്തുടർന്ന് വേദക്കാർ വലിയ പ്രചാരണങ്ങൾ ഉണ്ടാക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇവിടെ മുതൽ ഏതാനും ആയത്തുകൾ ഇതിനെക്കുറിച്ചുള്ള വിശദീകരണമാണ്. കൂട്ടത്തിൽ വിവിധ വിഷയങ്ങളും പരാമർശിക്കുന്നു. * അവരുടെ ഏറ്റവും വലിയ വിമർശനം കുറേനാൾ അവിടേക്കും ഇപ്പോൾ ഇവിടേക്കും തിരിഞ്ഞ് നിന്ന് നമസ്‌കരിക്കുന്നത് ഒരു അടിസ്ഥാനവുമില്ലാതെ ദുഷിച്ച ലക്ഷ്യങ്ങൾക്ക് വേണ്ടി ചെയ്യുന്നു എന്നതാണ്. അല്ലാഹു പറയുന്നു: ഇസ്‌ലാം എന്നത് സ്വന്തം ഇഷ്ടപ്രകാരം എന്തങ്കിലും ചെയ്യലല്ല. ഇസ്‌ലാം എന്നത് പടച്ചവന്റെ കൽപ്പന തൃപ്തിപ്പെടലും അനുസരിക്കലുമാണ്. മുസ്‌ലിംകൾ ആരാധിക്കുന്നത് കഅ്ബയേയോ ബൈത്തുൽ മുഖദ്ദസിനേയോ അല്ല. ഏകനായ പടച്ചവനെയാണ്. പടച്ചവൻ കൽപ്പിച്ചപ്പോൾ ബൈത്തുൽ മുഖദ്ദിസിലേക്കും പിന്നീട് കഅ്ബയിലേക്കും തിരിഞ്ഞ് നിന്നു. പടച്ചവന് കിഴക്കും പടിഞ്ഞാറും ഒരുപോലയാണ്. പടച്ചവൻ സർവ്വ ഭാഗങ്ങളുടേയും ഉടമസ്ഥനാണ്. ഒരു ഭാഗത്തേക്ക് തിരിയാൻ പറഞ്ഞത് അച്ചടക്കത്തിനും ഏകാഗ്രതക്കും വേണ്ടിയാണ്. ആരാധനയുടെ ആത്മാവ് പടച്ചവന്റെ കൽപ്പന അനുസരിക്കലാണ്. ഇതുതന്നെയാണ് സന്മാർഗ്ഗം. പടച്ചവൻ സന്മാർഗ്ഗം കനിഞ്ഞരുളിയവർ ദിശകളുടെ കുടുസായ വീക്ഷണങ്ങളിൽ നിന്ന് അകന്ന് മാറി ആഗോള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ്. റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ എളുപ്പമുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഞെരുക്കമുണ്ടാക്കാൻ വന്നവരല്ല.(ഹദീസ്)
143. ഉന്നത ഖിബ്ല ഉത്തമ സമുദായത്തിന് നൽകപ്പെട്ടു. പ്രവാചകൻ പഠിപ്പിക്കുന്ന കാര്യങ്ങൾ ജനങ്ങൾക്ക് പഠിപ്പിച്ച് കൊടുക്കുക. *അതെ, ലോകാരംഭം മുതൽ കേന്ദ്രസ്ഥാനമാക്കപ്പെട്ട കഅ്ബാ ശരീഫ് ഞങ്ങളുടെ കേന്ദ്രസ്ഥാനമാക്കപ്പെട്ടത് പോലെ നിങ്ങൾ നീതിയും ന്യായവും മധ്യമ രീതിയും മുറുകെ പിടിക്കുന്ന ഉത്തമ സമുദായമാണ്. നിങ്ങളുടെ വിശ്വാസങ്ങളും കർമ്മങ്ങളും സ്വഭാവങ്ങളും പ്രവർത്തനങ്ങളും സർവ്വ കാര്യങ്ങളും നീതിയുക്തവും മധ്യമവും സന്തുലിതവുമായിരിക്കണം. കാരണം നിങ്ങളിലൂടെ മുഴുവൻ ലോകത്തും നീതിയും മധ്യമ രീതിയും പ്രചരിക്കേണ്ടതായിട്ടുണ്ട്. നിങ്ങൾ ലോകത്തിന്റെ അധ്യാപകരും മാതൃകാ പുരുഷൻമാരും ആകേണ്ടവരാണ്. അതിന് അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലഹി (സ) നിങ്ങളെ പഠിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ നന്നായി പഠിക്കുകയും പകർത്തുകയും ചെയ്യേണ്ടതാണ്. ചുരുക്കത്തിൽ നിങ്ങൾ ഉന്നത സ്ഥാനീയരായതിനോടൊപ്പം സത്യസാക്ഷ്യത്തിന്റെ വലിയ ഉത്തരവാദിത്വം ഉള്ളവനാണ്. ഈ ഒരു കാര്യം നിങ്ങളെ പരിശീലിപ്പിക്കാനും, പരിശോധിക്കാൻ കൂടിയാണ് ഖിബ്‌ല കുറേനാളുകൾ ബൈത്തുൽ മുഖദ്ദിസിലേക്കും ശേഷം കഅ്ബാ ശരീഫയിലേക്കും മാറ്റപ്പെട്ടത്. പടച്ചവനെ ആരാധിക്കാനും പ്രവാചകനെ പിൻപറ്റാനും തീരുമാനിച്ച സന്മാർഗ്ഗികൾക്ക് ഇത് വളറെ എളുപ്പമായി. ദുർമാർഗ്ഗികൾക്കും ആടിക്കളിക്കുന്നവർക്കും ഇത് പ്രയാസകരമായി. അറിയുക, പടച്ചവനിൽ പരിപൂർണ്ണമായി വിശ്വസിക്കുകയും ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരുടെ ഒരു നന്മയും പടച്ചവൻ പാഴാക്കുന്നതല്ല. കാരണം പടച്ചവൻ ജനങ്ങളോട് അങ്ങേയറ്റം കരുണയും ഔദാര്യവുമുള്ളവനുമാണ്.റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ ഭൂമുഖത്ത് അല്ലാഹുവിന്റെ സാക്ഷികളാണ് (ബുഖാരി)
144. കഅ്ബാ ശരീഫാ നിങ്ങളുടെ ഖിബ്‌ലയാണ്. * മദീനയിൽ വന്ന ശേഷം അല്ലാഹുവിന്റ കൽപ്പനപ്രകാരം റസൂലുല്ലാഹി (സ)യും സ്വഹാബത്തും ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് നിന്ന് നമസ്‌കരിച്ചെങ്കിലും യഥാർഥ്ഥ ഖിബ്‌ല കഅ്ബയാണെന്ന് മനസ്സിലാക്കിയതിനാലും അവിടേക്ക് തിരിയാൻ കൽപ്പന വരാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചതിനാലും റസൂലുല്ലാഹി (സ)അതിനെക്കുറിച്ചുള്ള കൽപ്പന പ്രതീക്ഷിച്ചുരുന്നു. ഏതാനും നാളുകൾക്ക് ശേഷം പ്രസ്തുത കൽപ്പന ഇപ്രകാരം സ്‌നേഹത്തോടെ അറിയിച്ച് കൊണ്ട് അവതരിച്ചു. കൽപ്പന പ്രതീക്ഷിച്ച് കൊണ്ട് താങ്കൾ ആകാശഭാഗത്തേക്ക് കൂടെക്കൂടെ നോക്കുന്നത് നാം കാണുന്നുണ്ട്. ആകയാൽ താങ്കളുടെ പ്രതീക്ഷയും പ്രാർത്ഥനയും പോലെ കഅ്ബാശരീഫയെ ഖിബ്‌ലയാക്കി നിശ്ചയിച്ചിരിക്കുന്നു. അതിനു ചുറ്റുഭാഗത്തുമുള്ള മസ്ജിദുൽ ഹറാമിലേക്ക് തിരിഞ്ഞ് നിന്ന് നമസ്‌കരിക്കുക. നിങ്ങൾ എവിടെയായിരുന്നാല്ലും നമസ്‌കാരത്തിൽ അവിടേക്കു തന്നെ തിരിയുക. അന്ത്യപ്രവാചകന്റെ ഖിബ്‌ല കഅ്ബതന്നെയാണന്ന് വേദക്കാർക്ക് നന്നായിട്ടറിയാം. എന്നിട്ടും അവർ വിമർശനങ്ങൾ ഉന്നയിക്കുന്നത് സംശയങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കാനാണ്. അവരുടെ പ്രവർത്തനങ്ങൾ പടച്ചവൻ നന്നായി അറിയുന്നുണ്ട്.
145. തർക്കവിതർക്കങ്ങളിൽ കുടുങ്ങാതെ കർത്തവ്യ നിർവഹണത്തിൽ മുഴുകുക. * ഖിബ്ലയുടെ വിഷയത്തിൽ എതിരാളികൾ തർക്കവിതർക്കങ്ങൾ നടത്തുന്നത് സംതൃപ്തമായ തെളിവുകൾ ഇല്ലാത്തതിന്റെ പേരിലല്ല.അവരുടെ മുമ്പാക്കെ തെളുവുകളുടെ കൂമ്പാരം ഇട്ടുകൊടുത്താലും അവർ അംഗീകരിക്കുകയില്ല. കാരണം അവർ ദുർവാശികളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ എത്ര തെളിവുകൾ കണ്ടാലും താങ്കളയോ താങ്കളുടെ കേന്ദ്രത്തെയോ പിൻപറ്റുകയില്ല. താങ്കളുടെ കേന്ദ്രം കഅ്ബായണന്ന് ഉറപ്പായതിനാൽ താങ്കളും അവരുടെ കേന്ദ്രത്തെ പിൻപറ്റുന്നതല്ല. അവരുടെ കേന്ദ്രങ്ങളുടെ വിഷയത്തിൽ അവർക്കിടയിൽ തന്നെ ഭിന്നതകളുണ്ട്. അത്‌കൊണ്ട് അനാവശ്യ തർക്കവിതർക്കങ്ങളിൽ മുഴുകിക്കിടക്കാതെ ശരിയായ വിജ്ഞാന പ്രചാരണമാകുന്ന ദൗത്യനിർവഹണത്തിൽ മുഴുകിക്കഴിയുക. അതിൽ നിന്നും താങ്കളെ തെറ്റിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇത്തരുണത്തിൽ അവരുടെ ആഗ്രഹത്തിന് അനുരിച്ച് താങ്കൾ കഴിയുന്നത് താങ്കളുടെ കർത്തവ്യനിർവഹണത്തനിനോടുള്ള ഒരു തരം അക്രമമായിരിക്കും.
146.സത്യം അറിഞ്ഞുകൊണ്ട് നിഷേധിക്കുന്നത് മഹാപാപം.* കഅ്ബാ ശരീഫയെ അന്തിമ ഖിബ്‌ലയാക്കിക്കൊണ്ടുള്ള കൽപ്പന സത്യമാണന്ന കാര്യം വേദക്കാർക്ക് നന്നായി അറിയാം. കാരണം അന്ത്യപ്രവാചകൻ കഅ്ബയിലേക്ക് തിരിഞ്ഞ് നിന്നാണ് നമസ്‌കരിക്കുന്നതെന്ന് അവരുടെ വേദങ്ങളിൽ പറയപ്പെട്ടിട്ടുണ്ട്. പക്ഷെ സ്വാർത്ഥ താത്പര്യങ്ങളും ദുർവാശിയും വർഗ്ഗീയതയും കാരണം അവർ ഇത് അംഗീകരിക്കുന്നില്ല. കൂടാതെ അവരിൽ അറിവുള്ള ഒരു വിഭാഗം ഈ കാര്യത്തെ മറച്ച് വെക്കുകയും ചെയ്യുന്നു.
147. സത്യം അല്ലാഹു അവതരിപ്പിച്ചതാണ്. * സത്യം പടച്ചവന്റെ ഭാഗത്ത് നിന്നും അന്ത്യപ്രവാചകനിലൂടെ നിങ്ങളിലേക്ക് എത്തിയ സന്ദേശങ്ങളാണ്. അല്ലാതെ ചിലർ സ്വയം വഴികെട്ട ശേഷം നിങ്ങളെ വഴികെടുത്താൻ വേണ്ടി പടച്ചുണ്ടാക്കിയ കാര്യങ്ങൾ. ആകയാൽ പരിപൂർണ്ണ ഉറപ്പോടെ പടച്ചവന്റെ സത്യസന്ദേശം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
148. യഥാർത്ഥ മഹത്വം അടിസ്ഥാന നൻമകൾക്കാണ്. അതിൽ മുന്നേറാൻ പരിശ്രമിക്കുക. * സത്യവിശ്വാസവും സത്കർമ്മവും സത്‌സ്വഭാവും സത് ഉദ്ദേശവുമാണ് അടിസ്ഥാന നന്മകൾ അവ കരസ്ഥമാക്കാനും അവയിൽ മുന്നേറാനും നിങ്ങൾ പരിശ്രമിക്കുക. പടച്ചവൻ എല്ലാവരെയും ഒരുമിച്ച് കൂട്ടി വിചാരണ നടത്തുന്നവനാണ്. നിങ്ങളുടെ ജീവതിവും മരണവും എല്ലാ കാര്യങ്ങളും പടച്ചവന്റെ നിയന്ത്രണത്തിലും കഴിവിലുമാണ്. 149. നമസ്‌ക്കാരത്തിൽ മസ്ജിദുൽ ഹറാമിനെ അഭിമുഖീകരിക്കുക. * നിങ്ങൾ എവിടെയായിരുന്നാലും നമസ്‌കാരങ്ങളിൽ മസ്ജിദുൽ ഹാറാമിനെ അഭിമുഖീകരിക്കാൻ ശ്രദ്ധിക്കുക. ഇത് സത്യസന്ധമായ കൽപ്പനയാണ്. പടച്ചവൻ നിങ്ങളുടെ എല്ലാ കർമ്മങ്ങളും അറിയുന്നവനാണ്.
150. യാത്രയിലും നാട്ടിലും നമസ്‌കാരത്തിൽ മസ്ജിദുൽ ഹറാമിനെ അഭിമുഖീകരിക്കുക. * നമസ്‌കാരത്തിൽ ഖിബ്‌ലയെ അഭിമുഖീകരിക്കുക എന്ന കൽപ്പന ഏതെവസ്ഥയിലും നിങ്ങൾ പാലിക്കേണ്ടതാണ്. അപ്രകാരം നിങ്ങൾ ചെയ്തില്ലങ്കിൽ നിങ്ങളെക്കുറിച്ച് വേദക്കാർ ഇപ്രകാരം ആരോപണം ഉന്നയിക്കും.: അന്ത്യപ്രവാചകനെക്കുറിച്ച് ഞങ്ങടെ ഗ്രന്ഥത്തിലുള്ളത് അദ്ദേഹം കഅ്ബയിലേക്ക് തിരിഞ്ഞ് നിന്ന് നമസ്‌കരിക്കും എന്നാണ്. ഇത്തരുണത്തിൽ അവിടേക്ക് തിരിഞ്ഞ് നിന്ന് നമസ്‌കരിക്കാത്തത് എന്ത്‌കൊണ്ടാണ്. ? ആകയാൽ നിങ്ങൾ കഅ്ബയെ അഭിമുഖീകരിച്ചാൽ അവരിൽ നിക്ഷ്പക്ഷരായ ആളുകൾ നിങ്ങളെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നതല്ല. എന്നാൽ ഏതവസ്ഥയിലും സത്യത്തിനെ എതിർക്കുമെന്ന് വാശിപിടിക്കുന്ന അക്രമികൾ നിങ്ങളെക്കുറിച്ച് വിമർശനങ്ങൾ പറയുന്നതാണ്. നിങ്ങൾ അത്തരക്കാരെ ശ്രദ്ധിക്കുകയോ ഭയക്കുകയോ വേണ്ട എന്നോട് ഭയഭക്തി പുലർത്തിക്കൊണ്ട് നിങ്ങളുടെ കർത്തവ്യമായ നന്മപഠിക്കലും പകർത്തലും പ്രചരിപ്പിക്കലും തുടരുക. ഇതിലൂടെ എന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് പൂർത്തീകരിച്ച് തരികയും നിങ്ങളെ ഇരുലോക വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്.
മആരിഫുല്‍ ഹദീസ്
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
അലിയ്യുൽ മുർതളാ (റ) യുടെ മഹത്വങ്ങൾ
195- സുഹൈബ് (റ) ഉദ്ധരിക്കുന്നു: അലിയ്യ് (റ) നോട് ഒരു ദിവസം റസൂലുല്ലാഹി ﷺ ചോദിച്ചു: "കഴിഞ്ഞ സമുദായങ്ങളിൽ ഏറ്റവും വലിയ ഭാഗ്യഹീനൻ ആരാണ്?" അലി (റ) പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ, സ്വാലിഹ് നബി (അ) വഴിയായി വന്ന ഒട്ടകത്തെ വധിച്ച സമൂദ് ഗോത്രത്തിലെ ഭാഗ്യഹീനനായ വ്യക്തി." റസൂലുല്ലാഹി ﷺ അരുളി: "താങ്കൾ സത്യം പറഞ്ഞിരിക്കുന്നു." തുടർന്ന് ചോദിച്ചു: "വരും കാലഘട്ടത്തിൽ ഏറ്റവും വലിയ ഭാഗ്യഹീനൻ ആരായിരിക്കും?" അലി (റ) പറഞ്ഞു: "എനിക്ക് അതിനെക്കുറിച്ച് അറിവില്ല." റസൂലുല്ലാഹി ﷺ അലി (റ) യുടെ ശിരസ്സിന്റെ മുൻഭാഗത്തേക്ക് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു: "വാളുകൊണ്ട് താങ്കളുടെ ഈ സ്ഥലത്ത് വെട്ടുന്നവനാണ് അങ്ങേയറ്റം ഭാഗ്യഹീനനായ വ്യക്തി." അപ്പോൾ അലി (റ) റസൂലുല്ലാഹി ﷺ യുടെ ഈ വചനത്തിന്റെ വെളിച്ചത്തിൽ പ്രസ്താവിച്ചുകൊണ്ട് പറയുമായിരുന്നു: "ഇറാഖുകാരേ... നിങ്ങളിൽ ഏതെങ്കിലും ഭാഗ്യഹീനനായ വ്യക്തി എഴുന്നേറ്റുവന്ന് എന്റെ ഈ ശിരസ്സും താടിയും രക്തപങ്കിലമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." (മുഅ്ജമുൽ കബീർ)
വിവരണം: പരിശുദ്ധ ഖുർആനിലെ അവസാന ഭാഗത്തുള്ള 'വശ്ശംസി' സൂറത്തിൽ സ്വാലിഹ് നബി (അ) യുടെ സമുദായമായ സമൂദിനെ അനുസ്മരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
സമൂദ് ഗോത്രം അവരുടെ വഴികേട് കാരണം സത്യത്തെ കളവാക്കി, പ്രത്യേകിച്ചും അവരിലെ ഏറ്റവും വലിയ ഭാഗ്യഹീനൻ എഴുന്നേറ്റ് ഒട്ടകത്തെ അറുക്കാൻ ഉദ്ദേശിച്ച സന്ദർഭം.
ഈ ആയത്തിൽ അല്ലാഹു ആ വ്യക്തിയെ 'ഏറ്റവും വലിയ ഭാഗ്യഹീനൻ' എന്ന് അറിയിച്ചിരിക്കുന്നു.
റസൂലുല്ലാഹി ﷺ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അലി (റ) ഈ ആയത്തിന്റെ വെളിച്ചത്തിൽ കഴിഞ്ഞ കാലഘട്ടത്തിലെ ഏറ്റവും വലിയ ഭാഗ്യഹീനൻ ഈ മനുഷ്യനാണെന്ന് പറഞ്ഞു.
യഥാർത്ഥത്തിൽ റസൂലുല്ലാഹി ﷺ യുടെ ഈ ചോദ്യം, അടുത്ത ചോദ്യത്തിൽ അദ്ദേഹത്തെക്കുറിച്ച് റസൂലുല്ലാഹി ﷺ ചോദിച്ച ചോദ്യത്തിനുള്ള ആമുഖമായിരുന്നു.
അതെ, വരും കാലഘട്ടത്തിലുള്ളവരിൽ ഏറ്റവും വലിയ ഭാഗ്യഹീനനെക്കുറിച്ച് റസൂലുല്ലാഹി ﷺ അറിയിച്ചു: താങ്കളുടെ ശിരസ്സിന്റെ മുൻഭാഗത്ത് വെട്ടുകയും, അതിലൂടെ താങ്കളുടെ താടി രക്തപങ്കിലമാക്കുകയും ചെയ്യുന്ന വ്യക്തി വരും കാലഘട്ടത്തിലെ ഏറ്റവും വലിയ നിന്ദ്യനും നീചനുമായിരിക്കും. എന്നാൽ അലി (റ) തന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള റസൂലുല്ലാഹി ﷺ യുടെ ഈ പ്രവചനത്തെ ഏറ്റവും വലിയ സന്തോഷവാർത്തയായി മനസ്സിലാക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ, മഹാനവർകളുടെ ഭരണകേന്ദ്രമായ ഇറാഖിലെ കൂഫ പട്ടണത്തിൽ വെച്ച് അദ്ദേഹം അവിടുള്ളവരോട് പറഞ്ഞു: "ഞാൻ ഒരു അവസ്ഥയെ ആകാംക്ഷയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്; അന്ന് നിങ്ങളിൽ ഏറ്റവും ഭാഗ്യഹീനനായ വ്യക്തി എന്റെ തലയും താടിയും രക്തപങ്കിലമാക്കും. "റസൂലുല്ലാഹി ﷺ യുടെ ഈ പ്രവചനം പ്രവാചക വിയോഗത്തിനുശേഷം ഏതാണ്ട് 30 വർഷം കഴിഞ്ഞപ്പോൾ അതേരീതിയിൽ തന്നെ പുലരുകയുണ്ടായി.
ഈ പ്രവചനം തീർച്ചയായും റസൂലുല്ലാഹി ﷺ യുടെ അമാനുഷികത വെളിപ്പെടുത്തുന്ന കാര്യം തന്നെയാണ്. അല്ലാഹുവിന്റെ ആയിരമായിരം സ്വലാത്തുകൾ റസൂലുല്ലാഹി ﷺ യുടെ മേൽ വർഷിക്കട്ടെ! മഹാന്മാരായ സ്വഹാബികളിൽ, വിശിഷ്യാ അലിയ്യ് (റ) ൽ അല്ലാഹു സംപ്രീതനാകട്ടെ..!
ഉത്ബോബോധനം
മതപ്രഭാഷണ പരിപാടികളിലെ ജീർണ്ണതകൾ
✍️ മൗലാനാ മുഫ്തി മുഹമ്മദ് സൽമാൻ മൻസൂർപൂരി
നമ്മുടെ സമൂഹത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജീർണ്ണത വന്നതുപോലെ, മതപ്രഭാഷണ പരിപാടികളും ഈ ബാഹ്യവും ആന്തരികവുമായ തകർച്ചയിൽ നിന്ന് മുക്തമല്ല. പ്രസംഗകരിലും ശ്രോതാക്കളിലും, എന്തിനേറെ ഭൂരിഭാഗം സംഘാടകരിൽ പോലും ഈ ജീർണ്ണത പ്രകടമാണ്.
ശ്രോതാക്കളുടെയും സംഘാടകരുടെയും ജീർണ്ണത എന്തെന്നാൽ, അവർ മതപ്രഭാഷണങ്ങളെ കവിയരങ്ങുകളുടെ നിരയിലേക്ക് താഴ്ത്തിയിരിക്കുന്നു. ഒരു കവിയരങ്ങിന്റെ വിജയം ജനക്കൂട്ടത്തിന്റെ വലുപ്പത്തെയും കവികൾക്ക് ലഭിക്കുന്ന കൈയടികളെയും പ്രശംസകളെയും ആശ്രയിച്ചിരിക്കുന്നതുപോലെ, മതസദസ്സുകളുടെ വിജയവും ജനത്തിരക്കിലും പ്രശംസയിലുമാണെന്ന് അവർ കരുതുന്നു. ഈ കാഴ്ചപ്പാട് കാരണം മതപ്രഭാഷണ പരിപാടികൾക്കായി ആയിരക്കണക്കിനും ലക്ഷക്കണക്കിനും രൂപ വെറും അലങ്കാരങ്ങൾക്കും ലൈറ്റിംഗിനുമായി ചെലവഴിക്കുന്നു. ആ വാക്കുകൾക്ക് ആന്തരികമായി എന്തെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുമോ എന്ന് നോക്കാതെ, ആവേശകരവും ആകർഷകവുമായ വാചാടോപങ്ങൾ കൊണ്ട് ജനങ്ങളെ കൈയിലെടുക്കുന്ന പ്രസംഗകരെയാണ് അവർ ക്ഷണിക്കുന്നതും കേൾക്കുന്നതും.
ഇക്കാരണത്താൽ, ഏതെങ്കിലും ഒരു പ്രസംഗകൻ ലളിതവും ഗൗരവമുള്ളതുമായ വിഷയം സംസാരിച്ചു തുടങ്ങിയാൽ ജനങ്ങൾ പതുക്കെ സദസ്സ് വിട്ടുപോകാൻ തുടങ്ങുന്നു. അതുപോലെ, സംഘാടകർക്ക് വലിയ ആഡംബര ക്രമീകരണങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആളുകൾ ഒത്തുകൂടാൻ മടിക്കുകയും, പരിപാടിക്ക് ശേഷം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ശ്രോതാക്കൾക്ക് കേൾക്കുന്നതിന്റെ പുണ്യമോ, സംഘാടകർക്ക് അത് നടത്തുന്നതിന്റെ പുണ്യമോ ലഭിക്കുകയില്ല എന്നത് വ്യക്തമാണ്. പ്രതിഫലം ലഭിക്കണമെങ്കിൽ, "ഞങ്ങൾ മതപരമായ കാര്യങ്ങൾ കേൾക്കാനാണ് പോകുന്നത്", അല്ലെങ്കിൽ "മതപരമായ കാര്യങ്ങൾ കേൾപ്പിക്കാനാണ് ഇത് സംഘടിപ്പിക്കുന്നത്" എന്ന ശുദ്ധമായ നീയത്ത് (ഉദ്ദേശം) അത്യാവശ്യമാണ്. എങ്കിൽ മാത്രമേ നാം അല്ലാഹുവിന്റെ പക്കൽ പ്രതിഫലത്തിന് അർഹരാകൂ.
ഇതിനേക്കാൾ വലിയ ജീർണ്ണതയാണ് പ്രഭാഷകർക്ക് ബാധിച്ചിരിക്കുന്നത്. ഇന്ന് പ്രസംഗങ്ങൾ ബാഹ്യമായി ഉപദേശങ്ങൾക്കും പരിഷ്കരണങ്ങൾക്കും വേണ്ടിയാണെന്ന് തോന്നുമെങ്കിലും, അതിന് പിന്നിൽ വിലകുറഞ്ഞ പ്രശസ്തി മാത്രമാണ് പലരും ലക്ഷ്യമാക്കുന്നത്. പ്രസംഗിക്കുന്ന സമയത്ത് പ്രസംഗകന് അല്ലാഹുവിന്റെ തൃപ്തിയേക്കാൾ പ്രധാനം സദസ്യരുടെ പ്രീതിയാണ്. ആളുകൾ അതൃപ്തരായി സദസ്സ് വിട്ടുപോകുമോ, തന്റെ അന്തസ്സ് ഇടിയുമോ എന്ന് അവൻ ഭയക്കുന്നു. പ്രസംഗം നന്നായി നടന്നു കഴിഞ്ഞാൽ മനസ്സ് സന്തോഷിക്കുകയും, ശബ്ദം അടഞ്ഞുപോവുകയോ ആളുകൾ വേണ്ടത്ര പുകഴ്ത്താതിരിക്കുകയോ ചെയ്താൽ മനംമടുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.
അതുപോലെ ചില ആളുകൾ പ്രസംഗത്തെ ഒരു തൊഴിലായി കൊണ്ടുനടക്കുന്നു. അവരുടെ കണ്ണിൽ ശ്രോതാക്കളേക്കാൾ പ്രധാനം സംഘാടകരുടെ സന്തോഷമാണ്; അതിലൂടെ കൂടുതൽ സംഭാവനയും പണവും ലഭിക്കുമല്ലോ! പലരും മുൻകൂട്ടി തുക ഉറപ്പിച്ച ശേഷം മാത്രമാണ് പ്രസംഗത്തിന് സമ്മതം മൂളുന്നത്. സംഘാടകർ അവരുടെ താല്പര്യത്തിനനുസരിച്ച് പെരുമാറിയില്ലെങ്കിൽ പിന്നീട് ആ സ്ഥലത്തേക്ക് വരാൻ പോലും അവർ ഇഷ്ടപ്പെടുന്നില്ല.
ഈ തകരാറുകൾ കാരണമാണ് ഇന്ന് ആയിരക്കണക്കിന് പ്രഭാഷണങ്ങൾ നടന്നിട്ടും, ഉണ്ടാവേണ്ട രീതിയിലുള്ള തിരുത്തലുകളോ മാറ്റങ്ങളോ സമൂഹത്തിൽ ദൃശ്യമാകാത്തത്. പ്രസംഗരംഗത്തുള്ള വ്യക്തികൾ സ്വയം ശരീഅത്ത് കൃത്യമായി പാലിക്കുന്നവരാവുകയും, ഇഖ്‌ലാസോടെയും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കിയും പ്രവർത്തിക്കുകയും ചെയ്താൽ സമൂഹത്തിന്റെ നിറം തന്നെ മാറും; പരിഷ്കരണത്തിന്റെ ശാഖകൾ ഫലവൃക്ഷങ്ങളായി മാറും.
പ്രവൃത്തിയില്ലാത്തവരും സ്വാർത്ഥരുമായ പ്രസംഗകരെക്കുറിച്ച് ഹദീസുകളിൽ കടുത്ത മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. നബി കരീം ﷺ അരുളി: "വാക്ചാതുരിയും അനാവശ്യമായ കൃത്രിമത്വവും കാണിച്ച് സംസാരം ഭംഗിയാക്കുന്ന വ്യക്തിയോട് അല്ലാഹുവിന് വെറുപ്പാണ്."
മറ്റൊരു നിവേദനത്തിൽ കാണാം, മിഅ്റാജിന്റെ രാവിൽ നബി ﷺ ചില ആളുകളെ കണ്ടു; അവരുടെ ചുണ്ടുകൾ നരകത്തിലെ കത്രികകൾ കൊണ്ട് മുറിക്കപ്പെടുകയായിരുന്നു. നബി ﷺ ജിബ്‌രീൽ (അ) നോട് ചോദിച്ചു: *"ഇവർ ആരാണ്?"* ജിബ്‌രീൽ (അ) മറുപടി നൽകി: *"ഇവർ അങ്ങയുടെ ഉമ്മത്തിലെ പ്രസംഗകരാണ്. അവർ മറ്റുള്ളവർക്ക് ഉപദേശം നൽകിയിരുന്നു, എന്നാൽ സ്വയം ആ ഉപദേശങ്ങൾ അനുസരിച്ച് ജീവിച്ചിരുന്നില്ല."
അതുപോലെ നബി ﷺ അരുളി: "ജനങ്ങളുടെ ഹൃദയങ്ങളെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയും പ്രസംഗിക്കാൻ വേണ്ടിയും മാത്രം ആരെങ്കിലും മതജ്ഞാനം നേടുകയാണെങ്കിൽ, അന്ത്യനാളിൽ അവന്റെ ഫർദോ നഫ്‌ലോ ആയ ഒരു ആരാധനയും സ്വീകരിക്കപ്പെടുകയില്ല." (മിശ്കാത്തുൽ മസാബീഹ്, വാല്യം 1, പേജ് 102)
അതുകൊണ്ട് നാം ഏത് വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും സ്വന്തം ആത്മാവിനെ തിരുത്താൻ ശ്രമിക്കേണ്ടതുണ്ട്. നാം ഒരു പ്രസംഗകനാണെങ്കിൽ, പ്രത്യേകിച്ച് ഇഖ്‌ലാസോടെയും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയും മാത്രം പ്രസംഗപീഠത്തിൽ ഇരിക്കുക. എങ്കിൽ മാത്രമേ ഈ ശ്രമങ്ങൾ ഫലവത്താകുകയും, കേൾവിക്കാരിൽ കേൾക്കുന്നതിനോടൊപ്പം അത് പ്രവർത്തിക്കാനുമുള്ള ആവേശം ഉണരുകയും ചെയ്യുകയുള്ളൂ.
അല്ലാഹു തആലാ നമുക്ക് ഇഖ്‌ലാസും അമലും, അവൻ്റെ തൃപ്തിക്കനുസരിച്ച് ദീനിനെ സേവിക്കാനുള്ള തൗഫീഖും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
(നിദായെ ശാഹി, ഡിസംബർ 1994)
ഗ്രന്ഥ പരിചയം
📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.
1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ - 75
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും - 45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40
50. ഇസ്‌ലാമിലെ വിവാഹം - 20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40
61. ബുഖാറയിലൂടെ - 15
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് - 450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ - 40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90
കാറ്റലോഗിനായി ക്ലിക്ക് ചെയ്യുക: https://wa.me/c/918577858031
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

